10
'ഇതു മനുഷ്യര് കൊണ്ടുപോണതാ. ജന്തുവായിരുന്നെ പപ്പും പൂടയുമൊക്കെ ഈ പരിസരത്തുതന്നെ കാണില്ലേ.''
കോഴികളെയും തേടി കുന്നേക്കാരുടെ തോപ്പിലൂടെ നടക്കുമ്പോൾ മോനിച്ചേടുത്തിക്ക് സംശയം. അച്ചമ്മയപ്പോഴും പ്രതീക്ഷയോടെ കുറ്റിക്കാട്ടിലും പൊന്തയിലുമൊക്കെ അവറ്റകളെ തിരഞ്ഞുകൊണ്ടിരുന്നു. കൂനിക്കൂടിയുള്ള അവരുടെ അലച്ചിലിൽ വിഷമം തോന്നിയെങ്കിലും നടന്നതൊന്നും പറയാനാവാതെ കുഞ്ഞാപ്പി രണ്ടാളുടെയും പിന്നാലെ നടന്നു.
അന്തിയുറങ്ങാൻ അയലത്തു പോയിത്തുടങ്ങിയതോടെയാണ് അച്ചമ്മയുടെ കോഴികളെ കാണാതാവുന്നത് പതിവായത്. ആത്തക്കൊമ്പിൽ ചേക്കേറിയവയുടെ എണ്ണം ദിവസവും കുറഞ്ഞുകൊണ്ടിരുന്നു. നേരം വെളുക്കുമ്പോഴേക്കും അവറ്റകൾ എങ്ങനെയാണ് നഷ്ടപ്പെടുന്നതെന്ന് അറിയാത്തതിന്റെ ആകുലത അച്ചമ്മയുടെ മുഖത്തെ കരുവാളിപ്പു കൂട്ടി.
ഒന്നു രണ്ടാഴ്ച കഴിഞ്ഞതോടെ അവർ തിരയൽ അവസാനിപ്പിച്ചു. അവശേഷിച്ച രണ്ടെണ്ണത്തെ സഞ്ചിയിലാക്കി വീട്ടിൽനിന്നിറങ്ങി. പിന്നാലെ ചെന്ന കുഞ്ഞാപ്പിയോട് പള്ളിനടവരെ അച്ചമ്മയൊന്നും മിണ്ടിയില്ല. രൂപക്കൂടിലെ അരുളിക്കയിൽ തൊട്ടുമുത്തിയതോടെ അവർ കരയാൻ തുടങ്ങി. പുണ്യാളനുവേണ്ടി ചാവുബലിയാകാൻ പോകുന്നതിന്റെ പേടിക്കൊപ്പം ഉടയവളുടെ കരച്ചിലുകൂടി കേട്ടതും കോഴികളൊന്നു കുതറി.
''എന്റെ അന്നം മുടക്കിയവന്റെ കുതികാലേ വെട്ടണേ. പുണ്യാളാ.''
സഹദായോട് ഇരന്നാൽ സംഗതി അച്ചിട്ടാണെന്ന് അവനറിയാമായിരുന്നു. അച്ചമ്മയുടെ പ്രാക്ക് അറംപറ്റുമോ. രൂപം മുത്തുമ്പോഴുള്ള അവരുടെ തേട്ടം കേട്ടതും കുഞ്ഞാപ്പി പേടിയോടെ ഗീവർഗീസു പുണ്യാളനെ നോക്കി.
മുട്ടില്ലാതെ അന്നംതരുന്ന പുണ്യാളന് അച്ചമ്മ ആണ്ടുതോറും കോഴിനേർച്ചയാണ് കൊടുത്തിരുന്നത്. ചേനച്ചോടു ചികയുന്ന കോഴികളിൽനിന്ന് അമ്പുതിരുനാളിനൊരു പൂവനെ സഞ്ചിയിലാക്കും. കുഞ്ഞാപ്പിയെയും കൂടെക്കൂട്ടും. റേന്ത പിടിപ്പിച്ച കവുണി ആ ദിവസത്തേക്ക് മാത്രമായി അവർ കരുതിയിരുന്നു. വെള്ളക്കവുണിയും പുതച്ചു പള്ളിയിലേക്ക് പോകുന്ന വഴിയാണ് പുണ്യാളന്റെ കഥകൾ പറയുക. സഞ്ചിക്കു പുറത്തേക്ക് തലയെത്തിക്കുന്ന കോഴികളും അവനൊപ്പം അതെല്ലാം കേൾക്കും.
ഞാറക്കടവു പള്ളിയിൽ വാഴിക്കാനുള്ള ഗീവർഗീസ് സഹദായുടെ രൂപം കൊണ്ടുവരുന്നത് മൊന്തേരോയച്ചന്റെ കാലത്താണ്. ഇടവത്തിലെ പെരുമഴയിൽ പുഴ കവിഞ്ഞൊഴുകുന്ന നേരം. മുത്തുക്കുട ചൂടി കുരുത്തോലത്തോരണങ്ങളാൽ അലങ്കരിച്ച ഓടിവള്ളത്തിലെ ജീവൻ തുടിക്കുന്ന രൂപം കാണാൻ ഇരു കരകളിലും ആളുകൾ കാത്തുനിന്നിരുന്നു.
"പഞ്ഞം പട വസന്തയിൽനിന്ന് ഞങ്ങളെ കാക്കണേ."
പുഴയറ്റത്ത് അണിയം കണ്ടതോടെ ആളുകളുടെ ഇരമ്പൽ ഉയർന്നു. ഓടിവള്ളത്തിന്റെ നെടിപ്പലകയിൽനിന്ന് പുണ്യാളനെ അമ്പലക്കടവിലേക്ക് എടുത്തതോടെ മഴ കനത്തു. ജനം വാരിയെറിഞ്ഞ മലരും വെറ്റിലയും പുഴയിലൂടെ കലങ്ങിയൊഴുകിക്കൊണ്ടിരുന്നു. വീശിയടിച്ച കാറ്റിൽ ചുറ്റുവിളക്കിലെ തിരികളെല്ലാം അണഞ്ഞു. ഒടിഞ്ഞുവീണ ആൽമരക്കൊമ്പ് എടുത്തു മാറ്റാനെത്തിയവർ, ആൽത്തറയിലെ പുണ്യാളനെ കണ്ട് പിന്നാക്കം മാറി. ദീപാരാധന തൊഴുതിറങ്ങിയ നാടുവാഴി അതൊന്നും ഗൗനിക്കാതെ പതിവുനാട്യങ്ങളുമായി വെൺകൊറ്റക്കുട ചൂടി പരിവാരങ്ങൾക്കൊപ്പം വളവര വള്ളത്തിലേക്ക് കയറി.
11
ആൽത്തറയിൽ പുണ്യാളനെ വെച്ചത് ഭഗവാന്റെ ചൈതന്യം നഷ്ടപ്പെടാൻ കാരണമായെന്നും പറഞ്ഞാണ് എതിർപ്പു തുടങ്ങിയത്. ക്ഷേത്രവും പരിസരവും ശുദ്ധിവരുത്തിയെങ്കിലും ദേവകോപത്തിനു കാരണമായ സഹദായെ ഊരുകടത്തണമെന്ന നിലപാടിൽ നാടുവാഴിക്കൂട്ടം ഉറച്ചുനിന്നു. കടൽകടന്നെത്തിയ പുണ്യാളനെ മലമുകളിലെ പള്ളിയിലേക്ക് കൊടുത്തുവിടാനും പകരമൊന്ന് ഞാറക്കടവിലെ ആശാരിയെക്കൊണ്ടു പണിയിക്കാനും മൊേന്തരോയച്ചൻ നിർബന്ധിതനായി. രൂപത്തിന്റെ ചെറിയ പതിപ്പ് മെഴുകിൽ തയാറാക്കി കൊടുത്തെങ്കിലും കരപ്രമാണിമാർ നൽകിയ പട്ടും വളയും വാങ്ങി, തനിക്കു തോന്നിയതുപോലൊരു രൂപമാണ് കാപ്പുമുക്കിലെ ആശാരി പണിതത്. ശിൽപം പള്ളിയിലെത്തുന്നതിനു മുന്നേ അയാൾക്കു വിഷം തീണ്ടിയിരുന്നു.
ശരീരവടിവിന് ആനുപാതികമല്ലാത്ത അവയവ പെരുക്കത്തിൽ തെള്ളിനിന്ന കുള്ളൻ പുണ്യാളനെ കണ്ട് വെഞ്ചരിപ്പിനെത്തിയ ജനം പിറുപിറുത്തു.
''അച്ചാ... എന്തൊരു നെറികേടാണിത്.''
ആളുകൾ വീണ്ടുമൊരു വഴക്കിനു മുതിരുമെന്നായപ്പോൾ അച്ചൻ സമാധാനിപ്പിച്ചു.
''രൂപം ഉറപ്പിച്ചുനിർത്താനുള്ള മണ്ണായില്ലേ നമുക്ക്. ബാക്കിയൊക്കെ പുണ്യാളൻ നോക്കിക്കോളും.''
വലുപ്പവും ഭംഗിയുമില്ലെങ്കിലും അശ്വാരൂഢനായ പുണ്യാളൻ കരക്കാർക്ക് കാവലാകുമെന്ന അച്ചന്റെ വാക്കും കേട്ട് ജനം പിരിഞ്ഞുപോയി.
രാത്രി അച്ചന് ഉറങ്ങാനായില്ല. പാതിരാക്ക് പള്ളിനട തുറന്ന് അച്ചൻ തിരുസ്വരൂപത്തിലേക്ക് നോക്കി. തൊട്ടുമുത്തുമ്പോൾ ജീവനുണ്ടോയെന്ന് തോന്നുന്ന അത്ഭുതരൂപത്തിനു പകരം നെറിവില്ലാതെ കാപ്പുമുക്കിലെ ആശാരി പണിത കുള്ളൻപുണ്യാളൻ. കുമ്പിട്ടു വണങ്ങി നൊവേന ചൊല്ലിത്തുടങ്ങുമ്പോൾ അച്ചന്റെ സ്വരമിടറി. മരവാതിലുകൾ മലർക്കെ തുറന്നൊരു ഉഷ്ണക്കാറ്റ് അകത്തേക്ക് വീശി. അൾത്താരയിലെ തിരികൾ അണഞ്ഞതും ഉലയിൽ പഴുപ്പിച്ചതുപോലെ പുണ്യാളന്റെ മുഖം ഇരുട്ടിൽ ചോന്നു തുടുത്തു. മുറിഞ്ഞുപോയ നൊവേന പൂർത്തിയാക്കാൻ കഴിയാതെ മൊന്തേരോയച്ചൻ വിയർത്തു.
''ന്റെ പുണ്യാളാ.''
അച്ചന്റെ നിലവിളി കേട്ട് പാമ്പിന്റെ വായിലേക്ക് താഴ്ത്തിയ കുന്തവും ഊരിയെടുത്ത് പുണ്യാളൻ ധൃതിയിൽ കുതിരപ്പുറത്തേറി. പള്ളിനടയിറങ്ങി വെള്ളക്കെട്ടിലൂടെ പാഞ്ഞുപോകുന്ന കുളമ്പടിയൊച്ച പാതിരി കേട്ടു.
വീഴാതിരിക്കാൻ ഊന്നുവടിയിൽ അദ്ദേഹം ദേഹം താങ്ങി.
12
ദേവദാരുവിൽ കടഞ്ഞെടുത്തതായിരുന്നു മൊന്തേരോയച്ചന്റെ ഊന്നുവടി. ഗാഗുൽത്തായിലെ കുരിശിന്റെ അടര് വടിയുടെ അറ്റത്ത് പിടിപ്പിച്ചിട്ടുണ്ട്. ട്രാൻസൽവാനിയായിലെ പാതിരിയാണ് കപ്പൽമാർഗം അച്ചനത് എത്തിച്ചുകൊടുത്തത്. ആത്മക്കാരുടെ വെള്ളിയാഴ്ചകളിൽ പാതിരാത്രിയോടെ മൊന്തേരോയച്ചൻ സെമിത്തേരിയിലേക്ക് ചെല്ലും. പായക്കപ്പലേറി വന്ന വടി കുഴിമാടങ്ങളിൽ കുത്തിമരിച്ചവരുടെ പ്രാർഥന ചൊല്ലും. കുഴിക്കൽനിന്നൊരു വിറ പാതിരിയുടെ ഉള്ളംകൈയിലെത്തും. അഴുകാതെ കിടക്കുന്നവരുടെ കുഴിമാടത്തിൽനിന്നുയരുന്ന കരച്ചിലപ്പോൾ അച്ചനു കേൾക്കാനാവുമായിരുന്നു.
ചിലരെ കുഴിച്ചിട്ടാൽ മണ്ണോടു ചേരില്ല. ദുഷ്ടരാണെങ്കിൽ മുടിക്കൊപ്പം കോമ്പല്ലും നഖവും വളരും. പുണ്യാത്മാക്കൾക്ക് കുന്തിരിക്കത്തിന്റെ മണമാണ്. വടി കുത്തുമ്പോൾ അഴുകാതെ കിടക്കുന്നത് തണ്യരാണോ പുണ്യരാണോയെന്നു അച്ചന് കൃത്യമായി അറിയാൻ കഴിയും.
അശുദ്ധാത്മാക്കളുടെ കുഴിമാടം തിരിച്ചറിഞ്ഞാലുടനെ ഒമ്പതുനാൾ നീളുന്ന ഉപവാസം തുടങ്ങും. കുരുത്തോലക്കുരിശിട്ട് ആശീർവദിച്ച വെള്ളം മാത്രമേ അച്ചൻ നവനാളുകളിൽ കുടിക്കുകയുള്ളു. കറുത്ത ളോവയുമണിഞ്ഞ് ത്രോണോസിനു മുന്നിൽ കമിഴ്ന്നുകിടന്നുള്ള ഉച്ചാടനദിവസത്തെ പ്രാർഥന പാതിരാവരെ നീളും. പള്ളിമുറ്റത്തെ കാറ്റുപോലും അപ്പോൾ അനക്കമറ്റു നിൽക്കും. അച്ചനെ വഹിക്കാനുള്ള പല്ലക്കുമായി എത്തുന്നവർ 'ആകാശങ്ങളിലിരിക്കുന്ന' ജപം ചൊല്ലിക്കൊണ്ടിരിക്കും. വെഞ്ചരിച്ചു കൊടുത്ത കൊന്ത അവരുടെ പേശീബലമുള്ള നെഞ്ചോട് ഒട്ടിക്കിടക്കും.
കായൽച്ചിറയിൽനിന്നും മാർഗംകൂടിയ കക്കാവാരലുകാരായിരുന്നു ഉച്ചാടന സഹായികൾ. രാത്രിയുടെ മൂന്നാംയാമത്തിലാണ് കുഴിമാടം തുറക്കുക. സെമിത്തേരിയപ്പോൾ വിറങ്ങലിച്ചു കിടക്കും. കുഴിമാടത്തിൽ മൺവെട്ടി താഴുമ്പോഴേ മണ്ണിനടിയിൽനിന്നൊരു മുഴക്കം കേട്ടുതുടങ്ങും. കുഴിത്തലക്കൽ അച്ചൻ നിൽക്കുന്നതിന്റെ ധൈര്യത്തിൽ കക്കാവാരുന്നവർ ധൃതിയിൽ മണ്ണു മാറ്റും. പെട്ടിയുടെ മൂടി തെളിഞ്ഞുതുടങ്ങുന്നതോടെ ഞാറമരങ്ങളിലെ കലമ്പലുകൾ നിലയ്ക്കും. നായ്ക്കളുടെ ഓരിയിടൽ ഉയരും. പുത്തൻവെള്ളം തളിച്ച് പുറത്തേക്കെടുക്കുന്ന ശവപ്പെട്ടി ധൂപമുഴിഞ്ഞാണ് തുറക്കുക. വെഞ്ചരിച്ച കുരിശും മുഴുത്ത പാറക്കല്ലും കെട്ടിവെച്ച ശവം കായലിലേക്ക് കൊണ്ടുപോകുന്നതോടെ വഞ്ചിയുലച്ച് സാത്താനെത്തും.
തെമ്മാടിക്കുഴിയിൽ അടക്കിയ കുന്നേക്കാരന്റെ ശവമാണ് മൊന്തേരോയച്ചൻ ഒടുക്കം അങ്ങനെ കായലിൽ കൊണ്ടുപോയി താഴ്ത്തിയത്.
13
ചെറുപ്പത്തിലേ വീടുവിട്ടിറങ്ങിയ കുന്നേക്കാരൻ പത്തുനാൽപത് വയസ്സുള്ളപ്പോഴാണ് ഞാറക്കടവിലേക്ക് തിരിച്ചെത്തുന്നത്. ആരോടും മിണ്ടാതെ തനിച്ചു കഴിയുന്നൊരു പ്രകൃതം. തിരിച്ചെത്തിയ ദിവസംതന്നെ കുന്നേലെ കാരണവരുമായി വഴക്കുണ്ടാക്കി. തറവാട്ടിൽനിന്നിറങ്ങിയ അയാൾ തോപ്പിനു നടുവിലെ തേങ്ങാപ്പുരയിലാണ് പൊറുതി തുടങ്ങിയത്. കാരണവരോടുള്ള വാശി തീർക്കാൻ ഓലയും കൊതുമ്പുമുൾപ്പെടെ തേങ്ങാപ്പുരയിലെ സകലതും കായൽത്തീരത്തിട്ട് കത്തിച്ചു. ആകാശത്തോളം ഉയർന്ന ആഴിയിൽ ആ ദേശത്തെ പറവകളെല്ലാം കൂടുവിട്ടു പറന്നു. ചുറ്റുവട്ടത്തെ മരങ്ങളെല്ലാം കരിഞ്ഞുപോയിരുന്നു.
അമ്മമാരോടൊപ്പം പാടത്തു പണിക്കെത്തുന്ന ചെറിയ പെൺകുട്ടികളെ വശീകരിച്ച് അയാൾ തേങ്ങാപ്പുരയിലേക്ക് കൂട്ടിക്കൊണ്ടുവരും. രാത്രിയാകുന്നതോടെ ദൂരദേശത്തുനിന്നും ആളുകൾ വഞ്ചിയിലെത്തും. അലർച്ചകളും മറുജപങ്ങളുമായി രാവേറെ അവരുടെ സാത്താൻസേവ. ഞാറക്കടവിലെ കപ്യാരെ സ്വാധീനിച്ചാണ് കർമങ്ങൾക്കുള്ള സാധനങ്ങൾ കവർന്നിരുന്നത്. പെൺകുട്ടികളെ ഉടുതുണിയില്ലാതെ ബലിപീഠത്തിൽ കിടത്തി അവരുടെ ദേഹത്ത് പൂജാവസ്തുക്കൾ പ്രതിഷ്ഠിച്ചാണ് ആരാധന. ഉറഞ്ഞുതുള്ളിയുള്ള ബലിയുടെ ഒടുക്കം അതുങ്ങളുടെ മാറിൽ പല്ലാഴ്ത്തിയുള്ള സാത്താൻവിളി തെങ്ങിൻതോപ്പും കടന്നു പള്ളിമുറ്റംവരെ എത്തിയിരുന്നു.
രാത്രിസേവക്കായി തോപ്പിലെത്തുന്നവരുടെ കൈയിൽ കറുത്തൊരു പുസ്തകം കാണും. തലയോട്ടിയുടെ പടമാണ് പുറംചട്ടയിൽ. അവരുടെ വിശ്വാസത്തിൽ ഭൂമിയുടെ അവകാശം മുഴുവൻ സാത്താനാണ്. നീയെന്നെ കുമ്പിട്ടു ആരാധിച്ചാൽ ഇക്കാണുന്ന സകല സ്വത്തും നിനക്കു തരാമെന്നാണ് ദൈവപുത്രനെ പരീക്ഷിക്കാനെത്തുന്ന സാത്താന്റെ അരുളപ്പാട്. ലോകസുഖങ്ങളും സമ്പത്തും സാത്താന്റേതാണ്. കുമ്പിട്ടു വണങ്ങുന്നവർക്ക് അവനത് നൽകും. ''സാത്താനേ നീ പറയുന്നത് കള്ളമാണെന്നും, ഇതെല്ലാം എന്റെ പിതാവിന്റേതാണെന്നും'' ദൈവപുത്രൻ പറയുന്നുമില്ല.
ലോകസുഖങ്ങൾ ത്യജിച്ചു മരിക്കുന്നവരാണ് സ്വർഗത്തിലെ ആനന്ദങ്ങൾക്ക് അവകാശികൾ. ഇവിടെയുള്ളതെല്ലാം അനുഭവിച്ച് മരിക്കുന്നവർക്ക് പറുദീസ കിട്ടുകയുമില്ല. എന്തായാലും ഒരു സ്ഥലത്തെ സുഖം മാത്രമേ മനുഷ്യന് വിധിച്ചിട്ടുള്ളൂ. കൺമുന്നിൽ കിട്ടുന്നത് ആസ്വദിച്ചു മരിക്കണോ അതോ കാണപ്പെടാത്ത പറുദീസയിലെ സൗഭാഗ്യം സ്വീകരിക്കണോ. കുന്നേക്കാരന്റെ കറുത്ത സുവിശേഷം അങ്ങനെയായിരുന്നു. ആ ചോദ്യത്തിൽ വീണുപോയവരാണ് തേങ്ങാപ്പുരയിലെ സേവക്ക് എത്തിയത്. വന്നവർക്കൊക്കെ അളവില്ലാത്ത സമ്പത്ത് കിട്ടിയെങ്കിലും പെടുമരണത്തിലാണ് പലരുടെയും ജീവിതം അവസാനിച്ചത്.
തേങ്ങാപ്പുരയിലെ സാത്താൻസേവക്കെതിരെ പള്ളിയിൽനിന്നും അറിയിപ്പുണ്ടായെങ്കിലും അവിടെ പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഒടുക്കം പുണ്യാളൻതന്നെ ഇരുട്ടിലേക്ക് കുന്തവുമായിറങ്ങി. പേടിച്ചോടിയ കുന്നേക്കാരൻ തൊണ്ടു ചീയുന്ന കുളത്തിലാണ് ചത്തുപൊങ്ങിയത്. കുതിരപ്പുറത്തുവന്ന പുണ്യാളൻ കുന്തമെറിഞ്ഞു വീഴ്ത്തിയതാണെന്നും, അതല്ല അവിടെ സേവക്ക് വന്നവർ തമ്മിലുള്ള വഴക്കിൽ ആരോ അയാളെ കട്ടപ്പാരക്ക് കുത്തിയതാണെന്നും ഞാറക്കടവിലുള്ളവർ പറഞ്ഞുപരത്തി. കുളത്തിൽനിന്നെടുക്കുമ്പോൾ പിണത്തിന്റെ വയറുപിളർന്ന് കുടൽമാല പുറത്തേക്ക് ചാടിയിരുന്നു. കുന്നേക്കാർ ഇടപെട്ടെങ്കിലും ചണനൂലിനു തുന്നിക്കെട്ടിയ ശവം തെമ്മാടിക്കുഴിയിലാണ് അടക്കിയത്.
പത്താണ്ടു കഴിഞ്ഞിട്ടും ശവം അലിയാതെ കിടന്നു. വടി കുത്തി ഉറപ്പിച്ചതോടെ ഉച്ചാടനത്തിനുള്ള വ്രതം മൊന്തേരോയച്ചൻ തുടങ്ങി. മഹറോൻചൊല്ലി തെമ്മാടിക്കുഴിയിൽ അടക്കിയവരെ ഉച്ചാടനം ചെയ്യുന്നത് പതിവില്ലാത്തതാണ്. പള്ളിമുറ്റത്തുകൂടി പോകുന്നവരെയും ദുഷ്ടാരൂപി ഉപദ്രവിച്ചു തുടങ്ങിയ തോടെയാണ് താടിയും മുടിയും നഖവുമൊക്കെ നീണ്ടു വളർന്ന കുന്നേക്കാരന്റെ ശവം കായലിൽ താഴ്ത്താൻ മൊന്തേരോയച്ചൻ തീരുമാനിച്ചത്.
കക്കാവാരുന്നവരെ രാത്രി വിളിച്ചുവരുത്തി കുഴിമാടം തുറക്കുമ്പോൾ അച്ചനു പതിവില്ലാതെ ഒരു അസ്വസ്ഥത തോന്നിയെങ്കിലും വടിയുമായി കുഴിയുടെ തലയ്ക്കൽ നിന്നു. ശവം പുറത്തേക്കെടുത്ത് വാഴ് വിടുമ്പോഴും ഒരു തളർച്ച. കപ്യാരുടെ കൈപിടിച്ച് അച്ചൻ പല്ലക്കിലേക്ക് കയറി. തിരിഞ്ഞുനോക്കിയതിന് കുരിശുവാഹകനെ മരമണി മുഴക്കുന്നവർ വഴക്കുപറഞ്ഞു. ശവപ്പെട്ടി ചുമക്കുന്നവർക്കും ചില അനർഥങ്ങളുടെ അടയാളങ്ങൾ.
നാട്ടുവഴിയിലൂടെ ചൂട്ടും പിടിച്ചുള്ള ശവയാത്ര കണ്ട് പതിവു രാത്രിയൊച്ചകളൊക്കെ മറന്ന് പറവകളും ചെറുജീവികളും ഞാറമണ്ടകളിലേക്ക് വലിഞ്ഞു. മാലാഖയുടെ വീശുമുറംപോലെ കാറ്റ് മാത്രം ഒരു മൂളക്കത്തോടെ വീശിക്കൊണ്ടിരുന്നു. തലക്കുമീതെയൊരു കൂറ്റൻ പറവയുടെ ചിറകടി. പക്ഷിരൂപം പൂണ്ടവൻ പിശാചാണെന്ന് പാതിരി പറഞ്ഞിട്ടുള്ളതിനാൽ പല്ലക്കു ചുമക്കുന്നവർ അതിനെ അവഗണിച്ച് മുന്നോട്ടുനടന്നു.
കായൽക്കടവിലെത്തുമ്പോൾ അക്കരത്തുരുത്തിലെ തെങ്ങിൻതലപ്പുകളുടെ ഇരുളിനുമീതെ നിലാവ് വെളിച്ചത്തിന്റെ വെഞ്ചരിപ്പ് ഒരുക്കി. വഞ്ചിയിലേക്ക് ശവം കയറ്റിയതും അത്രയും നേരം അനക്കമറ്റു കിടന്ന കായലിൽ ഓളങ്ങൾ ഉയരാൻ തുടങ്ങി. വള്ളം ഇളകിയാടി. ആയാസപ്പെട്ടു മുന്നോട്ടു തുഴയുമ്പോൾ കപ്യാരാണ് അതു കണ്ടത്. അർപ്പൂസിളകിയ വള്ളത്തിന്റെ അടിപ്പലക നൊത്ത് വെള്ളം കയറുന്നു.
തേവു പാട്ടയെടുത്ത തുഴച്ചിൽക്കാരെ വിലക്കി അച്ചന്റെ കൈ ഉയർന്നു. വില്ലുവരെ വെള്ളമെത്തിയെങ്കിലും ആരോ താങ്ങുന്നതുപോലെ വഞ്ചി ജലത്തിനുമീതെ ഒഴുകിക്കൊണ്ടിരുന്നു. കായലിന്റെ നടുക്കെത്തിയതോടെ അച്ചൻ ആയാസപ്പെട്ട് എഴുന്നേറ്റു. അമരത്തുനിന്ന് നാലതിരിനും പുത്തൻവെള്ളം തളിച്ചു. നങ്കൂരമിട്ട വഞ്ചിക്കു ചുറ്റും ഒരു വലയംപോലെ കാറ്റും കോളും അനക്കമറ്റു. അച്ചന്റെ പ്രാർഥന ഉയർന്നു. വടംകെട്ടി ശവം താഴ്ത്തിയതും തിരകൾ വീണ്ടും വഞ്ചിയെ ഉലച്ചുതുടങ്ങി. താണുപറന്നിറങ്ങിയ പിശാച് വെള്ളത്തിനുമീതെ അതിന്റെ ചിതമ്പലു നിറഞ്ഞ വാലു ചുഴറ്റി. ചുഴിയിൽപെടുത്തി കരയെത്താൻ കഴിയാത്തവിധം വഞ്ചിയെ അവൻ വട്ടംകറക്കിയെങ്കിലും കക്കാ വാരുന്നവരുടെ പ്രാർഥനമുറിയാതെയുള്ള തുഴച്ചിലും അമരത്ത് വടി ഉയർത്തിയുള്ള പാതിരിയുടെ ജപങ്ങളും അവരെ കരയെത്തിച്ചു.
കായലിൽ ശവം താഴ്ത്തി തിരിച്ചെത്തിയ ഉടനെ ഹന്നാൻവെള്ളത്തിലെ കുളിയും കഴിഞ്ഞ് പതിവുപോലെ നിലത്താണ് അച്ചൻ പായ വിരിച്ചത്. വെളുപ്പിനെയുള്ള കുർബാനക്കു പാതിരി എഴുന്നേൽക്കാൻ വൈകിയതോടെ കപ്യാർ വാതിലിൽ മുട്ടി. അകത്തുനിന്നും അനക്കമൊന്നുമില്ല. പള്ളിമുറ്റത്തെ ആളു കളെ കൂട്ടി അയാൾ വാതിൽ ചവിട്ടിത്തുറന്നു. നിലത്തെ തഴപ്പായയിൽ മലർന്നുകിടന്നിരുന്ന പാതിരിയുടെ മൂക്കീന്നും വായീന്നും അപ്പോഴും ചോര ഒഴുകുന്നുണ്ടായിരുന്നു.
മൊന്തേരോയച്ചൻ സെമിത്തേരിയിൽ കുത്തിനടന്നിരുന്ന അത്ഭുതവടി പിന്നീടാരും കണ്ടിട്ടില്ല. ചില രാത്രികളിൽ നക്ഷത്രങ്ങൾ താഴെയിറങ്ങിയപോലെ കുന്നേക്കാരുടെ തെങ്ങിൻതോപ്പിൽ മിന്നാമിന്നികൾ നിറയും. വായുവിൽ വീശുന്ന വടിയുടെ മൂളക്കവും ചെറിയ പെൺകൊച്ചുങ്ങളുടെ കരച്ചിലും എളുപ്പവഴി നോക്കി തോപ്പിലൂടെ പോകുന്നവർ ഇപ്പോഴും കേൾക്കാറുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.