92
തൂക്കുമേട്ടിൽ ബസിറങ്ങുമ്പോൾ വഴി മറന്നതിന്റെ അന്ധാളിപ്പിലായിരുന്നു മേബിൾ സിസ്റ്റർ.
മലഞ്ചരക്കു കടയുടെ മുന്നിൽ നിൽക്കുന്നവരോട് വഴി ചോദിക്കാമെന്ന് അമല സിസ്റ്റർ പറഞ്ഞെങ്കിലും മേബിൾ ബാഗുമെടുത്ത് നടന്നു. കടക്കാരനുമായി സംസാരിച്ചു നിന്ന മെലിഞ്ഞ പൊലീസുകാരൻ അവരെ തിരിഞ്ഞുനോക്കിയെങ്കിലും കേറ്റത്തേക്ക് വണ്ടിയെടുത്തു.
വഴിനീളെ സാമ്പ്രാണിയും പുകച്ചു വന്ന വൃദ്ധനോട് അമല വഴി ചോദിച്ചു. അയാളൊന്നും പറയാതെ മാളികവീട്ടിലേക്ക് കയറി.
തിരക്കിനിടയിലും ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് മലഞ്ചരക്കു കടയിലിരുന്ന ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി നിരപ്പിൽ ഒതുക്കിയിട്ടിരുന്ന ജീപ്പ് സ്റ്റാർട്ട് ചെയ്തു.
‘‘ഞാനും മഠത്തിലേക്കാ. കേറിക്കോ സിസ്റ്ററേ.”
“വഴി പറഞ്ഞുതന്നാൽ മതി.”
“ഇവിടുന്ന് കുറച്ച് ദൂരമുണ്ട്. മഠത്തിലെ ഓട്ടത്തിന് എന്നെയാണ് എപ്പോഴും വിളിക്കുന്നത്.”
നിർബന്ധിച്ചതോടെ ജീപ്പിൽ കയറി. ഉരുൾപൊട്ടിയതിനുശേഷം ആദ്യമായാണ് തൂക്കുമേട്ടിലേക്കൊരു യാത്ര. രണ്ടാളും ചുറ്റുവട്ടത്തെ കാഴ്ചകൾ നോക്കിയിരുന്നു. വളവു തിരിഞ്ഞെത്തിയ ലോറിയെ ഇടിക്കാതിരിക്കാൻ ജീപ്പ് വെട്ടിച്ചതും അമല പേടിച്ചു.
“പതുക്കെ പോയാ മതി.”
“അച്ചാച്ചീടെ കടയിൽനിന്ന് കുറച്ചു പൈസ മോഷണം പോയി. അന്വേഷണമെന്നും പറഞ്ഞ് പൊലീസ് ഇടക്കിടെ വരും. അതിന്റൊരു ടെൻഷനിലാ.”
പുണ്യാളനൊരു നേർച്ച നേരെന്ന് പറയണമെന്നുണ്ടായിരുന്നു. ഊരും പേരും അറിയാത്ത ആളോട് സംസാരിക്കേണ്ടെന്ന് മേബിൾ ആംഗ്യം കാട്ടിയതോടെ അമല കൊന്തയെടുത്തു.
പള്ളിയുടെ എതിർവശത്തായിരുന്നു മഠം. ജീപ്പിന്റെ സ്വരം കേട്ട് മുറ്റത്തേക്ക് ഇറങ്ങിയ എലീഷാമ്മ ചെറിയ കുപ്പിയിൽനിന്ന് നാലഞ്ചു പഞ്ചസാര ഗുളിക വന്നവരുടെ ഉള്ളം കൈയിലേക്ക് കുടഞ്ഞിട്ടു.
“നിനക്കു വേണ്ടായോ...”
“ഓ എനിക്ക് എന്നാത്തിനാ ചൊരുക്കിന്റെ ഗുളിക.”
അങ്ങനെ പറഞ്ഞെങ്കിലും അവനും കൈ നീട്ടി.
“നമ്മുടെ കൊച്ചനാ. ഇവനെ കണ്ടത് നന്നായി. നീ ഊണു കഴിച്ചോ. ഇല്ലേ കഴിച്ചിട്ട് പോകാം.”
“വേണ്ട എലീഷാമ്മേ കടയിൽ ചെന്നിട്ട് നല്ല പണീണ്ട്.”
ബബ്ലൂസ് നാരങ്ങ കായ്ച്ചു നിൽക്കുന്ന മഠത്തിന്റെ മുറ്റത്തുകൂടി എലീഷാമ്മയുടെ പിന്നാലെ മേബിളും അമലയും പള്ളിയിലേക്ക് നടന്നു. സെമിത്തേരി മതിലിനോടു ചേർന്നുനിന്ന ചാമ്പയിൽനിന്ന് മേബിൾ ചാമ്പക്ക പൊട്ടിക്കുന്നത് കണ്ട് അമല വിലക്കി.
“ആബേലമ്മയെ ഇവിടെയാണ് അടക്കിയത്.”
എലീഷാമ്മ കാണിച്ചുകൊടുത്ത പുല്ലുപടർന്ന കുഴിമാടത്തിനരികെ അവർ നിന്നു.
“ആരെങ്കിലും അന്വേഷിച്ചെത്തുന്നതുവരെ മരിച്ചവരുടെ കുഴിമാടങ്ങളെല്ലാം ഇങ്ങനെ തന്നയാവും.”
അതു പറയുമ്പോൾ ശവക്കുഴിവരെ എത്തിനിൽക്കുന്ന വാർധക്യത്തിന്റെ ക്ഷീണം എലീഷാമ്മയുടെ മുഖത്ത് തെളിഞ്ഞു.
തിരിച്ച് പാർലറിൽ എത്തുംവരെ അവരൊന്നും മിണ്ടിയില്ല.
ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന സുവനീറും പുസ്തകങ്ങളും പാർലറിൽ എടുത്തുവെച്ചിട്ടുണ്ടായിരുന്നു. അതിലെഴുതിയിരുന്നത് മദർ ക്ലാരൻസ് വിശദീകരിച്ചു. പല്ലിനിടയിൽ കുരുങ്ങിപ്പോയ പേരക്കക്കുരു നാവുകൊണ്ട് ഇളക്കി മടുത്ത എലീഷാമ്മ അവരുടെ സംസാരത്തിലൊന്നും താൽപര്യമില്ലാതെ കസേരയിലിരുന്ന് ഉറങ്ങാൻ തുടങ്ങി. മദർ സംസാരം തുടർന്നു.
‘‘ഞാനിതെല്ലാം വായിച്ചിരുന്നു. ആശുപത്രിയിലെ രോഗികൾക്കൊപ്പം ‘സിസ്റ്റർ ഉഷ’ ഒത്തിരി സഹിച്ചിട്ടുണ്ട്. എന്നാലും “വിശുദ്ധയായ ഉഷേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കേണമെന്നു” ചൊല്ലേണ്ടിവന്നാൽ അതിലൊരു ഭക്തിക്കുറവുണ്ട്. അതുമല്ല, വല്ലാനം കടപ്പുറത്തെ സിസ്റ്ററിന്റെ ജീവിതസാഹചര്യങ്ങൾ എഴുതുമ്പോൾ കള്ളുകുടിയനും തെറിപറയുന്നവനുമായിരുന്ന അവരുടെ അപ്പനെ എങ്ങനെ ഒഴിവാക്കും. പുണ്യവതിയിലേക്കുള്ള വഴിയിൽ കടപ്പുറം അവർക്ക് അനുകൂലമാവില്ല.’’
ശിപാർശക്കത്തും രേഖകളുമെടുത്ത് അവർ മേബിളിനു കൊടുത്തു.
‘‘നിങ്ങളിത് ദീനാമ്മയെ ഏൽപിച്ചാൽ മാത്രം പോരാ. ഞാൻ പറഞ്ഞതെല്ലാം അവിടെ പറയുകയും വേണം.’’
93
മലമുകളിൽനിന്നുള്ള മടക്കയാത്രയിൽ അമല സിസ്റ്റർ വിലക്കിയിട്ടും മദർ ക്ലാരൻസിന്റെ കത്ത് മേബിൾ തുറന്നു.
സിസ്റ്റർ ഉഷയോടൊപ്പം ആബേലമ്മയുടെ ജീവിതംകൂടി ഞാറക്കടവിലുള്ളവർ പഠിക്കണമെന്നും പറഞ്ഞായിരുന്നു കത്തിന്റെ തുടക്കം.
പകലോമറ്റം കുടുംബത്തിലാണ് ആബേലമ്മയുടെ ജനനം. എട്ടു മക്കളിൽ നാലാമത്തെയാൾ. അവരുടെ കുടുംബത്തിൽനിന്നു മൂന്നു വൈദികരും രണ്ടു കന്യാസ്ത്രീകളും സഭയിൽ സേവനം ചെയ്തവരാണ്. പാദുവാപുരത്തെ പാതിരി നടത്തിയിരുന്ന ഓർഫനേജിലെ സഹായിയായിരുന്നു. അനാഥാലയത്തിലെ അച്ചനെ അങ്ങേരുടെ സഭക്കാര് ദൈവദാസൻ ആക്കിയിട്ടുണ്ട്. സിസ്റ്റർ ഉഷയെ ഒഴിവാക്കി ആബേലമ്മയെ ദൈവദാസിയാക്കുന്നതാവും നമ്മുടെ കോൺഗ്രിഗേഷന് നല്ലത്. എന്നാലും, ഞാനൊരു അവസാന വാക്ക് പറയില്ല. എല്ലാം ദൈവം തീരുമാനിക്കട്ടെ.
കത്തിനു താഴെ ദൈവം തീരുമാനിക്കട്ടെയെന്ന വാചകം കണ്ടതോടെ മേബിൾ ഉറപ്പിച്ചു. ആബേലമ്മതന്നെയാവും ദൈവദാസി.
ഞാറക്കടവിലെത്തുമ്പോൾ രണ്ടു സന്യസ്തരുടെ ജീവിതങ്ങൾ മേബിളിന്റെ ബാഗിൽ വീർപ്പുമുട്ടി കിടന്നു. രണ്ടുപേരും വിശുദ്ധരെപ്പോലെ ജീവിച്ചവർ. എന്നാലും ഒരാൾക്കേ ഞാറക്കടവിൽ ദൈവദാസിയായി ഇരിക്കാനാവൂ. യൂദാസ് തൂങ്ങിമരിച്ചപ്പോഴുണ്ടായ യേശുശിഷ്യരുടെ വേക്കൻസിയിലേക്ക് ഇതുപോലെ രണ്ടു പേരുകൾ വന്നിരുന്നു. നറുക്കിട്ടാണ് ആദിമസഭ അതിനൊരു പരിഹാരം കണ്ടെത്തിയത്.
ഞാറക്കടവിലും ഒരു നറുക്കെടുപ്പ് വേണ്ടിവരുമോ?
തൂക്കുമേട്ടിലെ കോൺവെന്റിൽനിന്നും കൊടുത്തുവിട്ട കത്തും രേഖകളും മേബിൾ സിസ്റ്റർ ദീനാമ്മ മദറിന്റെ മേശപ്പുറത്തുവെച്ചു.
‘‘ക്ലാരൻസിന്റെ ചിറ്റമ്മയാണ് ആബേലമ്മ. അതാ അവർക്കിത്ര ഉത്സാഹം.’’
കത്തും ഫോട്ടോയും മേശവലിപ്പിലേക്ക് വെച്ചിട്ട് ദീനാമ്മ മദർ ദേഷ്യത്തോടെ ഡ്രോയർ അടച്ചു.
വൈകുന്നേരത്തെ ദിവ്യബലി മധ്യേ ക്ഷയരോഗികളെ പരിചരിച്ച് അതേ അസുഖം പിടിപെട്ടു മരിച്ച വല്ലാനം കടപ്പുറത്തെ സിസ്റ്റർ ഉഷക്കുപകരം അനാഥാലയത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച പകലോമറ്റത്തെ ആബേലമ്മയെ ദൈവദാസി ആക്കുന്നതിനുള്ള തീരുമാനം മാമ്പള്ളിയച്ചൻ സിസ്റ്റേഴ്സിനെ അറിയിച്ചു.
മഠത്തിലെ കുർബാന കഴിഞ്ഞുള്ള വിരുന്നിൽ, കുരുമുളകു തൂവിയ ബുൾസൈ മാമ്പള്ളിയച്ചൻ നാലായി മുറിച്ചു.
‘‘വിശുദ്ധ ഉഷയേക്കാളും കേൾക്കാനൊരു സുഖം വിശുദ്ധ ആബേലിനാണ്.’’
ചുണ്ടിൽ പറ്റിയ മഞ്ഞക്കരു ടിഷ്യൂപേപ്പറിനു തുടച്ച് നാമകരണ നടപടികളുടെ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. ‘‘കുറച്ച് വൈകിയെങ്കിലും മഠത്തിനിപ്പോൾ ദൈവദാസിപദവിയിലേക്ക് ഉയർത്താൻ ഒരാളായി. ആബേലമ്മയുടെ പേരിൽ പുസ്തകങ്ങൾ വേണം. ജീവചരിത്രം മേബിൾ എഴുതട്ടെ. ഒരു കാവ്യാഞ്ജലി ലൂസിയും. എനിക്ക് പരിചയമുള്ള സാഹിത്യകാരൻമാരോടു പറഞ്ഞ് ആബേലമ്മയെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതി വാങ്ങാം. സഭാ പ്രസിദ്ധീകരണങ്ങളിലും പറ്റുമെങ്കിൽ പൊതുവായ ആനുകാലികങ്ങളിലും ആബേലമ്മയെക്കുറിച്ചുള്ള ലേഖനങ്ങളും വാർത്തകളും വരണം. ഒരു ഡോക്യുമെന്ററി ചെയ്യാൻ സാധിച്ചാൽ നല്ലതാണ്. ‘അഗാപ്പെ’ മാസികയുടെ എഡിറ്ററായ ജോസഫൈനോടു ഞാനിതെല്ലാം പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ച സിസ്റ്റർ ഞാറക്കടവിലെത്തും.
ഏറ്റവും അത്യാവശ്യം നമുക്കൊരു കല്ലറയാണ്. തൂക്കുമേട്ടിലെ സെമിത്തേരിയിൽനിന്നത് ഉടനെ ഇങ്ങോട്ടു കൊണ്ടുവരുക എളുപ്പമല്ല. പകരം നമ്മളതിന്റെ ഒരു റിപ്ലിക്ക ഉണ്ടാക്കിയാൽ മതി.’’
“രണ്ടു കല്ലറ എങ്ങനെ ശരിയാകും.”
“അക്കാര്യത്തിൽ മേബിളിന് തർക്കം വേണ്ട. പല വിശുദ്ധർക്കും രണ്ടു കല്ലറകളുണ്ട്. വരുന്നവർക്ക് തൊട്ടുമുത്താനും പ്രാർഥിക്കാനും കല്ലറ അൾത്താരയുടെ മുന്നിലാവുന്നതാണ് നല്ലത്. കപ്പേളയോടു ചേർന്നുള്ള മ്യൂസിയത്തിൽ വെക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഞാൻ പിന്നീട് തരാം.’’
ജോസഫൈന് താമസിക്കാൻ നല്ലൊരു മുറികൂടി കൊടുക്കണമെന്ന് ഓർമപ്പെടുത്തിയിട്ട് അച്ചൻ മീറ്റിങ് അവസാനിപ്പിച്ചു.
പാതിരി ഇറങ്ങാൻ നേരം ചാമ്പക്കാ അച്ചാറുമെടുത്ത് ലൂസി പിന്നാലെ ചെന്നു.
‘‘അച്ചാ എനിക്ക് ചെറിയ കുട്ടികൾക്കുള്ള പാട്ടെഴുതിയേ ശീലമുള്ളൂ.’’
‘‘അവരും കുട്ടികളാണ്. നമ്മളല്ലേ അവരെ വളർത്തി വലുതാക്കുക.’’
അച്ചനതും പറഞ്ഞ് ചിരിച്ചു.
94
ഞാറക്കടവു മഠത്തിലെത്തിയ ജോസഫൈന് മുറി വിട്ടുകൊടുക്കാൻ മേബിളിന് താൽപര്യമില്ലായിരുന്നു.
‘‘നമ്മളെ സഹായിക്കാൻ എത്തിയതല്ലേ. പോരാത്തതിനു മാമ്പള്ളിയച്ചന്റെ ആളും.”
ദീനാമ്മ മദർ നിർബന്ധിച്ചതോടെ മുറി വിട്ടുകൊടുത്തെങ്കിലും ജോസഫൈനെ സ്വീകരിക്കാൻ പാർലറിലേക്ക് പോകാതെ മേബിൾ തനിച്ചിരുന്നു.
മഠവും ചാപ്പലും ജോസൈഫന് ഇഷ്ടപ്പെട്ടു. പ്രാർഥിച്ചിട്ടു കിടന്നാലും രാത്രിയാകുമ്പോഴുള്ള ആധികൾ തുടർന്നു.
ഒരു കുറിയ മനുഷ്യൻ മുറിയിലൂടെ നടക്കുന്നതാണ് ജോസഫൈൻ ആദ്യം കണ്ടത്. പിന്നീട് അയാൾ നിലത്ത് കുമ്പിട്ടിരിക്കാൻ തുടങ്ങിയതോടെ അവർ ഞെട്ടിയുണർന്നു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.
മഴ പെയ്യുന്ന ദിവസങ്ങളിലാണ് കൂടെ പഠിച്ചിരുന്നവന്റെ ആത്മാവ് സിസ്റ്ററിനെ തേടിയെത്തുക.
നസ്രത്തെ ഫാത്തിമാ സ്കൂളിന്റെ പിന്നിലൊരു ആറ്റുകടവുണ്ട്. ഉച്ചഭക്ഷണത്തിന് അവനെന്നും അടുത്ത് വന്നിരിക്കും. വാഴയിലയിലാണ് അവന് ഊണ്. പൊരിച്ച മീൻ ചോറിനു മീതെ വെക്കാതെ പ്രത്യേകം ഇലയിൽ പൊതിയും. ഒരു വലിയ കഷണം ആരും കാണാതെ അവൻ പാത്രത്തിലേക്ക് വെച്ചുതരും.
ആറ്റുകടവിൽനിന്ന് പാത്രം കഴുകി കേറുമ്പോൾ കൈയിൽ പിടിച്ചൊരു സംസാരമുണ്ട്. കണ്ണുകളങ്ങനെ കൂട്ടിമുട്ടി തുളുമ്പും. അലസമായി നെറ്റിയിലേക്ക് കിടക്കുന്ന ചീകിയൊതുക്കാത്ത അവന്റെ മുടി. നെഞ്ചിനു മീതെ ഭംഗിയുള്ള കൊന്ത. ചങ്കിനെ തുടുപ്പിക്കുന്ന വിരൽതുമ്പ്.
‘‘കൈയീന്ന് വിട്. ആരെങ്കിലും കാണും.’’
കോൺവെന്റിലെത്തിയിട്ടും ഒഴുക്കിൽപെട്ട് മരിച്ചവന്റെ ഓർമകൾ മഴക്കൊപ്പം ഇടിച്ചു തുള്ളിയെത്തും. മുട്ടുമ്മേനിന്ന് ജപം ചൊല്ലിയാലും നനഞ്ഞൊട്ടുന്ന വിചാരങ്ങളിൽ പ്രാർഥനയുടെ താളം പോകും. ആറ്റിലെ കുളിര് നെഞ്ചിനെ വട്ടം പൂട്ടും. അപ്പോഴേക്കും ജനാലവിരി പകുത്ത് ഒരു നിഴലായി അവൻ മുറിയിലെത്തും. കാറ്റിലിളകുന്നതുപോലെ കട്ടിലിന് അരികെ ഇരിക്കും. വെള്ളത്തിൽ താഴുമ്പോഴുള്ള വെപ്രാളം കണ്ണിലപ്പോഴും കാണാം.
അവൻ എത്തിയെന്ന പേടിയോടെ ജോസഫൈൻ നിഴലിനെ നോക്കി. പതിവുപോലെ കട്ടിലിന്റെ ചാരെയിരിക്കാതെ അതു ചുമരിലേക്ക് ഇഴഞ്ഞു. ദേഹം മുഴുവൻ ശൽക്കങ്ങൾ. പേടിച്ചു നോക്കുമ്പോൾ വെന്റിലേഷനിൽ തൂങ്ങിയൊരു പെണ്ണ്.
നിലവിളി കേട്ടെത്തിയ ദീനാമ്മ മദറിനോടു കാര്യം പറഞ്ഞു. മദറിന്റെ മനസ്സിലേക്ക് വീണ്ടും കറുത്തു കുറുകിയ ചെതുമ്പൽ നിറഞ്ഞ ദേഹമെത്തി.
“തനിച്ച് കിടക്കണ്ട. ഞാൻ ആരെയെങ്കിലും കൂട്ടുകിടത്താം.”
“വേണ്ട മദറേ.”
95
മാമ്പള്ളിയച്ചൻ വന്ന് വെഞ്ചരിച്ചതോടെ ജോസഫൈന്റെ പിരിമുറുക്കങ്ങൾക്കെല്ലാം ഒരു അയവു വന്നു. രാത്രി ആബേലമ്മയെക്കുറിച്ചുള്ള കുറിപ്പുകൾ വായിച്ചിരിക്കുമ്പോൾ, കൃത്യമായി ചാർട്ട് ചെയ്തൊരു ജീവിതമുണ്ടെങ്കിൽ ആർക്കും പുണ്യപ്പെടാമെന്ന് ജോസഫൈന് തോന്നി. പേനയെടുത്ത് അവർ കൗതുകത്തോടെ എഴുതി.
വിശുദ്ധ ജോസഫൈൻ.
വിശുദ്ധയായാൽ പ്രസിദ്ധീകരണങ്ങളുടെ മധ്യസ്ഥയാക്കുമോ. സാധ്യത കുറവാണ്. പ്രസിദ്ധീകരണങ്ങളുടെ മധ്യസ്ഥനായി മാക്സിമില്യൻ കോൾബയുണ്ട്. ഒട്ടുമിക്ക കാര്യങ്ങൾക്കും മധ്യസ്ഥരായിക്കഴിഞ്ഞു. ഗർഭിണികൾക്ക്, കാൻസർ രോഗികൾക്ക്. പരീക്ഷയെഴുതുന്ന കുട്ടികൾക്ക്. ദമ്പതികൾക്ക്, തൊഴിലാളികൾക്ക്, വിധവകൾക്ക്, യുവജനങ്ങൾക്ക്, അങ്ങനെ സകലതിനും മധ്യസ്ഥൻമാരായ വിശുദ്ധരുണ്ട്. ആകെ ഒരു വേക്കൻസി മുതലാളിമാരുടെ മധ്യസ്ഥയായ വിശുദ്ധക്കാണ്. അങ്ങനെ ഒരു ചിന്ത മനസ്സിലേക്ക് വന്നതോടെ ജോസഫൈന് ചിരി വന്നു.
മുതലാളിമാരുടെ മധ്യസ്ഥയായ വിശുദ്ധ ജോസഫൈൻ.
ലോകത്തിലെ ഏറ്റവും വലിയ പള്ളി. മുകളിലതിന് ഹെലിപാഡുകളുണ്ടാവും. തൊട്ടടുത്തുതന്നെ ഒരു ഇന്റർനാഷനൽ എയർപോർട്ട്. പള്ളി പണിയുന്നതോടെ ആ നഗരം ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമായി മാറും. ഒരു വലിയ തുക എൻട്രി ഫീസ് ഉള്ളതുകൊണ്ട് കാശില്ലാത്തവനൊന്നും ഇടിച്ചു തള്ളിക്കേറില്ല. കുമ്പസാരക്കൂടുകളെല്ലാം ഫുൾ എ.സി. തണുത്തുറഞ്ഞ അനുതാപക്കൂട്ടിലിരുന്ന് സമ്പന്നർ അവരുടെ കനത്ത പാപങ്ങൾ ഇറക്കിവെച്ച് പുണ്യവതിയുടെ പാദങ്ങളിൽ തൊടും. എന്താവും നേർച്ചകൾ. ഡയമണ്ട് മതി. പുണ്യവതിക്കുള്ള നേർച്ച നിറവേറ്റാൻ മുതലാളിമാർ ചാർട്ടേഡ് ഫ്ലൈറ്റിൽ എത്തും.
ഉറക്കം വന്നതോടെ പണക്കാരിപ്പുണ്യവതിയെ കുറിച്ചുള്ള സ്വപ്നങ്ങൾ ജോസഫൈൻ അവസാനിപ്പിച്ചു. തണുപ്പേറുന്ന ആറ്റുകടവിലെ ഓർമകളിലേക്ക് ഒരു ത്രീത്വസ്തുതിയും ചൊല്ലി അവർ തലവഴി പുതപ്പു മൂടി.
96
ജീവിതത്തിലെ പ്രധാന കാര്യങ്ങൾ കുറിച്ചുവെക്കാൻ മഠത്തിൽ ചേരുന്നവർക്കെല്ലാം ഒരു പുസ്തകം കൊടുക്കും. സുകൃതജപങ്ങൾ ഒഴികെ കാര്യമായതൊന്നും ആബേലമ്മയുടെ പുസ്തകത്തിൽ ഇല്ലായിരുന്നു. അവരുടെ കൈപ്പടയുടെ ചരിവും നീട്ടും അനുകരിച്ച് എഴുതുമ്പോൾ വിരൽതുമ്പിലേക്ക് ആത്മാവിന്റെ ചൂട് പടരുന്നത് ജോസഫൈൻ അറിഞ്ഞു.
വിശുദ്ധയുടെ ജീവിതമാണ് ആബേലമ്മ നയിച്ചിരുന്നതെന്ന് വായനക്കാർക്ക് ബോധ്യമാവണം. ഇത്തിരി സാഹിത്യം കൈയിലുള്ളതുകൊണ്ട് അതെഴുതാനാവും. കുട്ടിക്കാലത്ത് ആബേലമ്മയുടെ പാദങ്ങൾക്കേറ്റ ഒരു മുറിവിൽനിന്നു തുടങ്ങുന്നതാവും നല്ലത്. തുടർന്നൊരു അസുഖം. രോഗം വന്നുള്ള സഹനവും പ്രാർഥനയും വിശുദ്ധവഴിയിലേക്കുള്ള മറ്റൊരു സാധ്യതയാണ്.
ആബേലമ്മയുടെ കൗമാരം എഴുതിക്കഴിഞ്ഞതോടെ കറന്റു പോയി. മെഴുതിരി കത്തിച്ചുവെച്ച് ജോസഫൈൻ ജനാല അടച്ചു.
മരിച്ചുകിടക്കുമ്പോഴുള്ള അവരുടെ ചുളിവുവീണ മുഖം ജോസഫൈൻ ഓർത്തു. വിശുദ്ധരുടെ മുഖം ഫോട്ടോഷോപ് ചെയ്ത് സുന്ദരമാക്കുന്ന ഡിജിറ്റൽ പ്രസിൽ കൊടുത്ത് ആബേലമ്മയെയും ചെറുപ്പമാക്കണം.
ജോസഫൈൻ ഉറങ്ങിയെന്ന് കണ്ടതോടെ കപ്പളങ്ങാമരത്തിൽ ഇരുന്ന ആബേലമ്മയുടെ ആത്മാവു ജനൽപാളിയുടെ വിടവിലൂടെ അകത്തേക്ക് കയറി.
മാറ്റിയെഴുതപ്പെട്ട തന്റെ ജീവിതക്കുറിപ്പുകൾ കണ്ട് അവർ കരഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.