120
“പാതി കരിഞ്ഞൊരു പറവക്കാലും പിടിച്ച് നീ അമ്മയുടെ മടിയിലിരുന്ന് കരഞ്ഞത് ഓർക്കുന്നുണ്ടോ?”
“അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാനന്ന് കൈക്കുഞ്ഞാ.”
കുഞ്ഞാപ്പിയുടെ മറുപടി കേട്ട് പറവ കുറച്ചുനേരം മിണ്ടാതെ അവന്റെ കണ്ണിലേക്ക് നോക്കിയിരുന്നു. പിന്നെയത് സംസാരം തുടർന്നു.
“ആകാശമാണ് പറവകളുടെ കൂട്. അതിന്റെ കണ്ണിൽനിന്ന് ഭൂമിയിലെ ഒരു ഇടംപോലും മറഞ്ഞിരിക്കുന്നില്ല. നിസ്സാരമെന്നു കരുതുന്ന ഒരു വിത്തിനുള്ളിൽപോലും വരുംകാലം അടയാളപ്പെട്ടുകിടക്കുന്നത് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. വളരുമ്പോഴുള്ള ശാഖകളുടെ എണ്ണം, എത്ര ഇലകളും ഫലങ്ങളും, അതിൽ നിന്നുള്ള തുടർച്ചകൾ.
നനവു തട്ടി, മുളപൊട്ടുന്ന നാൾമുതൽ ജീർണിച്ച് മണ്ണോടു ചേരുന്നതുവരെ സംഭവിക്കേണ്ടതെല്ലാം ഒരു വിത്തിനുള്ളിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. മരങ്ങളിൽ എഴുതപ്പെട്ട ഈ ഭാഷ അറിയാവുന്നതുകൊണ്ടാണ് ഫലം ഭക്ഷിക്കുമ്പോഴെല്ലാം ഞങ്ങൾ വിത്തിനെ കരുതലോടെ പുറംതള്ളുന്നത്.
എല്ലാ ചെടികളും മരങ്ങളും ഈ ഗൂഢഭാഷയെ ഉള്ളിലൊളിപ്പിച്ചാണ് വളരുന്നത്. മുറിച്ചെടുക്കുന്ന മരക്കൊമ്പിൽപോലും അതിന്റെ അടയാളങ്ങൾ കൃത്യം. നീ ചുമന്നുകൊണ്ടു പോകുന്ന കട്ടിലിന്റെ ക്രാസിപ്പടിയിലും അതിന്റെ ചിഹ്നങ്ങളുണ്ട്.”
തലചരിച്ച് എതിരെ പാഞ്ഞുപോയ ലോറിയിലേക്കൊന്നു നോക്കിയിട്ട് പറവ തുടർന്നു.
“കട്ടിലിനെക്കുറിച്ചും എനിക്ക് ചിലത് പറയാനുണ്ട്. എല്ലാത്തരം സ്നേഹങ്ങൾക്കും ചതികൾക്കും അത് സാക്ഷിയാവുന്നു. കട്ടിലിനോടു ചേരുന്ന മനുഷ്യന് അതിന്റെ മുന്നിൽ മറച്ചുവെക്കാൻ ഒന്നുമില്ല. വിയർപ്പും വികാരങ്ങളും ഒരുപോലെ ഏറ്റുവാങ്ങുന്ന കട്ടിലിൽ കിടന്നാണ് അവന്റെ ഒടുക്കവും. അതിലേക്ക് തളർന്നുവീഴുന്നതോടെ തിരിച്ചുപോക്കിനുവേണ്ടി മനുഷ്യരൊന്നു കുതറും, അപ്പോഴേക്കും നെടിപ്പലകയിലേക്ക് അത് ശരീരത്തെ ചേർത്തുപിടിച്ചിട്ടുണ്ടാവും. പടുതയിട്ടു മൂടിയ കട്ടിലിനു മീതെയും ഒരു മരണം പതിഞ്ഞു കിടപ്പുണ്ട്.”
എതിരെ ഒരു വണ്ടി പാഞ്ഞുപോയതും പറവ ചിറകടിച്ചുയർന്നു. ഉറക്കത്തിലേക്കുള്ള വഴുതലിൽ കൈവിട്ടുപോയ സ്റ്റിയറിങ്ങിന്റെ താളം വീണ്ടെടുത്ത് രായൻ ദേഷ്യപ്പെട്ടു.
“വലിച്ചു കേറ്റി വെളിവില്ലാണ്ടിരിക്കാതെ, എന്തെങ്കിലും പറയെടാ. എന്റെ കണ്ണ് മാടുന്നു.”
ഒരു അപകടം അകന്നുപോയതിന്റെ ആശ്വാസത്തോടെ കുഞ്ഞാപ്പി വീണ്ടുമൊരു ബീഡി കത്തിച്ചു.
“ചെവിക്കരികെ വന്ന് ആരോ സംസാരിക്കുന്നതുപോലെ.”
“വലിച്ച് കേറ്റീട്ട് തോന്നുന്നതാ.”
രായൻ വഴക്കു പറഞ്ഞിട്ടും കുഞ്ഞാപ്പി ബീഡിവലി തുടർന്നു. ഒന്നു തീരുമ്പോഴേക്കും അടുത്തത് കത്തിക്കാനായി അവന്റെ വിരലും മനസ്സും തിടുക്കം കാട്ടി. പുക വലിച്ചും ഇടത്തേ കവിളിലെ തിണർപ്പ് തടവിയുമുള്ള കൂട്ടുകാരന്റെ ഇരിപ്പ് കണ്ട് രായൻ ദേഷ്യപ്പെട്ടു.
“ചുമ്മാതല്ല അവള് നിന്നെ തല്ലിയത്.”
നെഞ്ചോടു ചേർക്കുമ്പോഴുള്ള അവളുടെ ചിരി കുഞ്ഞാപ്പി ഓർത്തു. എന്തിനാണ് എതിർത്തതെന്ന് അവനുപോലും അറിയില്ലായിരുന്നു. ഉള്ളിൽ അമർന്നു കിടന്നതൊക്കെ പുറത്തേക്കെടുത്ത് അനുഭവിക്കാൻ ഇനിയൊരിക്കലും കഴിയില്ലെന്ന് കുഞ്ഞാപ്പിക്ക് തോന്നി. കർമലി ഉൾപ്പെടെ എല്ലാ പെണ്ണുങ്ങളുടെയും കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. തൊട്ടടുത്ത് വരുമ്പോൾ ശരീരമൊന്നു വിറക്കും, സർവാംഗം തളരും. പിന്നീട് തനിച്ചിരിക്കുമ്പോഴാണ് കൈവിട്ടുപോയതിനെക്കുറിച്ചുള്ള നിരാശ. അടുത്ത തവണയാകട്ടെ എല്ലാം ശരിയാകുമെന്ന് കരുതും. അപ്പോഴും ഇതൊക്കെതന്നെ ആവർത്തിക്കും.
ഞാറക്കടവുപാലം ഇറങ്ങുമ്പോഴാണ് പറവ വീണ്ടുമെത്തിയത്. അത് സംസാരിച്ചുതുടങ്ങി. കൺമുന്നിൽ എന്തോ കണ്ടിട്ടെന്നപോലെ രായൻ വണ്ടി ഇടതുവശത്തേക്ക് വെട്ടിച്ചു. കിഴക്കുവശത്തെ ചരിവിലിടിച്ച് വണ്ടി ഉലഞ്ഞുനിന്നു.
“എന്തുപറ്റി രായാ?”
“ഇറങ്ങി നോക്കെടാ.”
റോഡിൽ ആരുമില്ല. ഇടവഴിയിൽനിന്നൊരു സ്കൂട്ടർ റോഡിലേക്ക് കയറിയെന്ന് രായൻ പറയുമ്പോൾ കുഞ്ഞാപ്പി പേടിയോടെ അവനെ നോക്കി.
“നിനക്ക് തോന്നിയതാണോ?”
“ഇല്ലെടാ. ആള് തീർന്നെന്നാ കരുതിയത്.”
121
രാത്രി ലോഡ്ജിനു മുന്നിലെ മങ്ങിയ വെളിച്ചത്തിലേക്ക് വണ്ടി ഒതുക്കി രായൻ മുറിയിലേക്ക് കയറി. കുഞ്ഞാപ്പി സാവകാശം പടുത അഴിച്ചു. പുറത്തേക്ക് തള്ളിനിന്ന കട്ടിൽക്കാലിൽ പിടിച്ച് അവനത് താഴേക്ക് ഇറക്കി. ക്രാസിയിൽ കത്തിക്കു വരഞ്ഞതുപോലെ ചില കുത്തിവരകൾ. മരക്കഷണങ്ങൾ ചേർത്തു തറച്ച നെടിപ്പലകയിൽ രായന്റേയും പെണ്ണിന്റേയും വിയർപ്പു പാടുകൾ മായാതെ കിടക്കുന്നുണ്ടെന്ന് അവനു തോന്നി. കട്ടിലിലേക്ക് മലർന്ന് കുഞ്ഞാപ്പി ഒരു പുക കൂടിയെടുത്തു.
വാകമരങ്ങളുടെ തലപ്പുകൾക്കിടയിലൂടെ അവൻ ആകാശം കണ്ടു. മുകളിലെ ചില്ലകളിൽനിന്നും നിലാവ് നൂണ്ടിറങ്ങാൻ തുടങ്ങി. ആകാശത്തുനിന്നും എത്തുന്ന പറവയെയും കാത്ത് അവൻ കണ്ണടച്ചു. കട്ടിലിൽനിന്ന് ഒരായിരം ഗന്ധങ്ങൾ അവന്റെ മൂക്കിലേക്ക് ഇരച്ചു. പാമ്പു ചുറ്റിയതുപോലെ കാൽവെള്ളയിലൊരു മിന്നൽ. അന്നുവരെ മോഹിച്ചിട്ടുള്ള എല്ലാ പെണ്ണുങ്ങളും കട്ടിലിനു ചുറ്റും വന്നുനിൽക്കുന്നതായി കുഞ്ഞാപ്പിക്ക് തോന്നി. വട്ടംചുറ്റി പറക്കാൻ തുടങ്ങിയവയുടെ കൂട്ടത്തിൽനിന്നൊരുത്തി സാരി കേറ്റിക്കുത്തി താണിറങ്ങി വരുന്നതുകണ്ട് കുഞ്ഞാപ്പിക്ക് നാണം. പിച്ചിപ്പൂ മണത്തോടെ അവൾ അവനെ വട്ടംപിടിച്ചു. നെഞ്ചോടു ചേർക്കുമ്പോൾ അവന് ശ്വാസം മുട്ടി.
“തല്ലിയപ്പോ... സങ്കടായോ?”
അടികൊണ്ട കവിളിൽ അവൾ ഉമ്മവെച്ചു. കുഞ്ഞാപ്പിയൊന്നു ഉലഞ്ഞു. ധൃതിയിൽ അവൾ ഓരോന്നും അഴിച്ചു. വിയർത്തൊഴുകിയ അവന്റെ നെഞ്ചിലേക്ക് അവൾ മുഖം അടുപ്പിച്ചു.
“നോക്കിനിൽക്കാതെ പെട്ടെന്നാവട്ടെ. കുളികഴിഞ്ഞ് രായനിപ്പോ വരും.”
അവൾ തിരക്കുകൂട്ടി.
കുഞ്ഞാപ്പി ആവുന്നത്ര വേഗത്തിൽ പാഞ്ഞുതുടങ്ങി. ചെന്നികളിലൂടെ അവന്റെ വിയർപ്പുചാലുകൾ പൊട്ടിയൊഴുകി. ഒടുക്കം കട്ടിലിന്റെ ക്രാസിപ്പടിയിൽ ചവിട്ടിപ്പിടിച്ച് അവനൊന്നു വലിഞ്ഞു മുറുകി.
കുളി കഴിഞ്ഞ് രായൻ വരുമ്പോൾ കുഞ്ഞാപ്പി പിറന്നപടി കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. ചവിട്ടേറ്റ് താഴേക്കു വീണുപോയെങ്കിലും അവൻ എഴുന്നേറ്റ് അഴിഞ്ഞുകിടന്ന കൈലിമുണ്ടെടുത്ത് കട്ടിലിന്റെ മേൽപ്പലക തുടച്ചു. നനവു പറ്റിയ കളമുണ്ട് വീണ്ടും ഉടുത്തിട്ട് രായന്റെ മുഖത്തേക്ക് നോക്കാതെ മുറിയിലേക്ക് നടന്നു.
“ഇതിറക്കാൻ നിന്നോടാരെങ്കിലും കൽപിച്ചോ.”
കട്ടിൽ തിരികെ കയറ്റുമ്പോഴും രായൻ ചീത്ത വിളിച്ചുകൊണ്ടിരുന്നു. മുറിയിലിരുന്ന ടൈപ്പ്റൈറ്ററും പഴയ സാധനങ്ങളുമെല്ലാം കുഞ്ഞാപ്പിയുടെ തലയിൽ വെച്ചുകൊടുത്തു. പടിയിറങ്ങുമ്പോൾ അവന്റെ കൈയിൽനിന്ന് എന്തോ താഴെവീണു.
“സോപ്പു പെട്ടിയാ.”
“കോപ്പേ പൊട്ടിച്ചാ. അതിന്റെ പഴക്കം നിനക്കറിയോ.’’
രായന്റെ വഴക്കും കേട്ട് സാധനങ്ങളെല്ലാം കയറ്റി, പടുത വീണ്ടും ഇട്ടു കഴിഞ്ഞതോടെ കുഞ്ഞാപ്പി തളർന്ന് ലോഡ്ജിന്റെ പടിയിലിരുന്നു.
“ഇപ്പ തന്നെ പോണോ?”
“നീ കേറ്.”
“ തല ചുറ്റുന്നെടാ. രാവിലെ പോകാം.”
കുഞ്ഞാപ്പി എഴുന്നേറ്റ് മുറിയിലേക്ക് വേച്ചു പോകുന്നത് കണ്ട് രായൻ ദേഷ്യത്തോടെ വണ്ടിയെടുത്തു.
കേറ്റം കേറിയതും വണ്ടിയുടെ മുന്നിലേക്ക് സ്കൂട്ടർ വീണ്ടുമെത്തി.
122
പാലയ്ക്കലുള്ള റെസ്റ്റാറന്റിനു മുന്നിലെത്തിയപ്പോൾ രായൻ വണ്ടിയൊതുക്കി. പാലയ്ക്കൽ വരാനാണ് മാമ്പള്ളിയച്ചൻ പറഞ്ഞിരുന്നത്. എത്തേണ്ട സമയം കഴിഞ്ഞിട്ടും കൂടെ വിടാമെന്ന് പറഞ്ഞ ആളെ കാണാതായതോടെ വണ്ടിയുമായി അച്ചന്റെ വീട്ടിലേക്ക് പോകാൻ അവൻ തീരുമാനിച്ചു. ഞാറക്കടവിൽനിന്നും പത്തറുപത് കിലോമീറ്റർ ദൂരമുണ്ട് പാതിരിയുടെ വീട്ടിലേക്ക്. കട്ടിൽ ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം അവിടെ എത്തിക്കാനുള്ള പൈസ അച്ചൻ മുൻകൂർ തന്നിരുന്നു. ഇനി വേണ്ടതൊരു ശവപ്പെട്ടിയാണ്. അതും കുഴിമാടത്തിൽ കിടന്ന് ജീർണിച്ചത്.
എന്തിനാവും അച്ചനൊരു ശവപ്പെട്ടി. അതും പഴക്കംചെന്നത്. രായനങ്ങനെ ഓരോന്ന് ആലോചിച്ച് വണ്ടിയോടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കവൻ ഒരു സിഗരറ്റ് എടുത്തു വലിച്ചു. അച്ചന്റെ വീട് അടുക്കാറായതും മുന്നിലേക്ക് വീണ്ടും സ്കൂട്ടർ കയറിവന്നു. ഓവർടേക്ക് ചെയ്ത് തെറിപറയാൻ പുറത്തേക്ക് തല നീട്ടിയതേ ഓർമയുള്ളൂ. മലക്കം മറിയുമ്പോൾ എന്തോ ഒന്ന് അവന്റെ വലംകണ്ണിൽ തറഞ്ഞു. വെളിച്ചങ്ങളുടെ ഒരു ഘോഷയാത്ര. പള്ളിപ്പെരുന്നാളിന്റെ ബാൻഡ് മുഴക്കം. പതുക്കെ ആ ഒച്ചയും നേർത്തുവന്നു.
“രായക്കണ്ണാ.”
വള്ളിക്കൊട്ടയിൽ പലഹാരങ്ങളുമായി അമ്മ വിളിക്കുന്നു.
“നെയ്ത്തേങ്ങ കത്തിക്കല്ലേ മോനെ അയ്യപ്പന്റെ ശാപമുണ്ടാകും.”
ഇരുമുടിക്കെട്ടും തലയിലേന്തി മുന്നേ പോകുന്ന അച്ചന്റെ നിലവിളി. വായും മൂക്കും പൊത്തിപ്പിടിക്കുമ്പോഴുള്ള അന്നയുടെ പിടച്ചിലാണ് അവനൊടുക്കം കണ്ടത്.
“കുഞ്ഞാ.”
പാതി മുറിഞ്ഞുപോയ അവന്റെ നിലവിളി കേൾക്കാൻ ആരുമില്ലാതെ റോഡ് മരവിച്ചു കിടന്നു.
123
ആക്രിസാധനങ്ങളുമായി പോയ രായന്റെ വണ്ടി മുറിഞ്ഞ പുഴ പാലത്തിന്റെ വളവിൽവെച്ച് അപകടത്തിൽപെട്ട വിവരം നേരം വെളുത്തിട്ടാണ് കുഞ്ഞാപ്പി അറിഞ്ഞത്. ബസിന് അവിടെ എത്തുമ്പോൾ റോഡിൽ ആൾക്കൂട്ടം. മൂടിയിട്ടിരുന്ന ശവത്തിന്റെ മുറിവുള്ള കാലിൽ ഈച്ച പൊതിഞ്ഞിരുന്നു. ഓലക്കീറിനടിയിൽനിന്നും പുറത്തേക്ക് ഇഴഞ്ഞ അരണ ശവത്തിനരികിലേക്ക് തന്നെ തിരിച്ചു കയറുന്നതും നോക്കി കുഞ്ഞാപ്പി ആൾക്കൂട്ടത്തിനൊപ്പം നിന്നു.
മുൻവശം തകർന്നു കിടന്നിരുന്ന വണ്ടിയിൽ സാധനങ്ങളൊന്നുമില്ലായിരുന്നു. ചരക്ക് ഇറക്കിയിട്ടുള്ള വരവിലാവും വണ്ടി ഇടിച്ചിട്ടുള്ളതെന്ന് കുഞ്ഞാപ്പി കരുതി. ഒപ്പം പോയിരുന്നെങ്കിൽ രായന് ഈ ഗതി ഉണ്ടാവില്ലെന്ന് ഓർത്തതോടെ അവന്റെ കണ്ണ് നിറഞ്ഞു. ശവം എടുക്കാൻ വന്ന വണ്ടിയിൽ അവനും കയറി.
രാത്രി മുഴുവൻ മോർച്ചറിക്കു മുന്നിൽ കുഞ്ഞാപ്പി കുത്തിയിരുന്നു. കുട്ടിക്കാലം മുതലുള്ള ഒരുകൂട്ട് തന്നെ വിട്ടുപോയിരിക്കുന്നു. കരിക്കച്ചിറ സ്കൂളും പാട്ടിപ്പറമ്പും തീണ്ടാത്തുരുത്തും, അങ്ങനെ രായനൊപ്പം നടന്ന വഴികളെല്ലാം അവന്റെ മുന്നിൽ തെളിഞ്ഞു. ആദ്യം താനാവും വീണുപോവുക എന്നാണ് കുഞ്ഞാപ്പി കരുതിയിരുന്നത്. കുത്തും കിട്ടി രായന്റെ മടിയിൽ കിടന്ന് മരിക്കുന്നത് പലവട്ടം സ്വപ്നം കണ്ടിട്ടുണ്ട്.
“ഞാൻ ജീവനോടെയിരിക്കുമ്പോ നിന്നെയൊരുത്തനും തൊടില്ലെടാ കുഞ്ഞാ.”
കുഞ്ഞാപ്പി എഴുന്നേറ്റ് ജനാലച്ചില്ലിലൂടെ നോക്കി. നാക്കു കടിച്ചാണ് രായൻ കിടക്കുന്നത്. അവന്റെ ഇടംകൈ ഇരുമ്പുമേശയിൽനിന്ന് താഴേക്ക് തൂങ്ങിക്കിടന്നിരുന്നു. വായിൽനിന്ന് ഒലിച്ചിറങ്ങിയ ഈളയും രക്തവും തറയിൽ തളംകെട്ടി കിടക്കുന്നു. മരിച്ചാലും കുറേ നേരത്തേക്ക് ആത്മാവ് ഒരു കാന്തംപോലെ ദേഹത്തെ വലയംചെയ്തു നിൽക്കുമെന്നാണ് ഹാജിയാര് പറയാറുള്ളത്. ചുറ്റുമുള്ളവരെ കാണാനും അവർ പറയുന്നത് കേൾക്കാനും അതിനു കഴിയും. ചിതയിലോ കുഴിയിലോ വെക്കുന്ന വരെ ആത്മാവിനു വിശപ്പും ദാഹവും ഉണ്ടാവും.
“രായാ നിനക്ക് വിശക്കുന്നുണ്ടോ. ഒരു ബീഡി കത്തിച്ചു തരട്ടെ.”
മരച്ചില്ലകളെ ഉലച്ചുകൊണ്ടു വീശിയ തണുത്ത കാറ്റിനൊപ്പം മഴയെത്തി. നനയാതെ പുറംഭിത്തിയോടു ചേർന്നുനിൽക്കുമ്പോഴും കുഞ്ഞാപ്പിയുടെ മനസ്സ് നിറയെ ചത്തു കിടക്കുന്നവനെക്കുറിച്ചുള്ള ആധിയായിരുന്നു. വിശന്നു തുടങ്ങിയാൽ ആഹാരം കിട്ടുന്നതുവരെ രായനു കലിയാണ്. ചാവുന്നതിനു മുന്നേ അവൻ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ. വിശന്നാവുമോ ചത്തിട്ടുള്ളത്.
ഓരോന്നോർത്ത് മോർച്ചറിയുടെ പടിയിലിരുന്ന് അവൻ ഉറങ്ങിപ്പോയി. ആൽമരത്തിൽ ചേക്കേറിയ കിളികളുടെ ചിലയ്ക്കൽ കേട്ടാണ് ഉണർന്നത്. മഴ നനയാതെ അവനോടു ചേർന്നുകിടന്നിരുന്ന പട്ടി എഴുന്നേറ്റ് ആശുപത്രി വളപ്പിലേക്ക് കയറി.
രാത്രി നടന്ന സംഭവങ്ങളെല്ലാം വീണ്ടും ഓർമയിലേക്ക് എത്തിയതോടെ കുഞ്ഞാപ്പി ഒരു ബീഡിക്കുവേണ്ടി പരതി. എഴുന്നേറ്റ് ജനാലച്ചില്ലിലൂടെ അകത്തേക്ക് നോക്കി. രാത്രി അവസാനിച്ചതും പകൽ ഉണർന്നതും അറിയാതെ രായനപ്പോഴും വാ മലർക്കെ തുറന്ന് ഈളയും ഒലിപ്പിച്ച് ഇരുമ്പുമേശയുടെ മീതെ കിടക്കുന്നു.
പിറ്റേന്ന് ശവദാഹം കഴിഞ്ഞ് പൊതുശ്മശാനത്തിൽനിന്ന് ഇറങ്ങുമ്പോൾ അത്രയും നേരം മനസ്സിനെ അലട്ടിയിരുന്നതൊക്കെ പെട്ടെന്ന് ഇല്ലാതായതുപോലെ കുഞ്ഞാപ്പിക്ക് തോന്നി. അവൻ ആയാസപ്പെട്ട് കേറ്റം കയറി ലോഡ്ജിലേക്ക് ചെന്നു.
തെക്കേച്ചിറയിലെ പഴയ സെക്യൂരിറ്റിക്കാരൻ ഗേറ്റിൽ വെച്ചു തന്നെ അവനെ മടക്കി അയച്ചു. മുറിയിൽ സൂക്ഷിച്ചിരുന്ന നീല ട്രങ്കെടുത്ത് അയാൾ ഗേറ്റിനു പുറത്ത് വെച്ചിട്ടുണ്ടായിരുന്നു.
“ഇവിടെ കിടന്ന് ഒച്ച വെയ്ക്കണ്ട. മേടയിലേക്ക് ചെല്ല്.”
പോകാനൊരു ഇടമില്ലാതെ കുഞ്ഞാപ്പി വീണ്ടും പള്ളിമേടയിലെത്തി. അച്ചനെ കാത്തുനിൽക്കുമ്പോൾ കുശിനിയിലേക്ക് അവൻ വെറുതെ നോക്കി. വെളുത്ത ചട്ടയുമണിഞ്ഞ് കർമലി പുറത്തേക്ക് വന്നെങ്കിലും അവനെ കണ്ട് അവൾ വേഗം അകത്തേക്ക് കയറി.
മാമ്പള്ളിയച്ചൻ ധ്യാനിപ്പിക്കാൻ പോയിരിക്കുകയാണെന്ന് കപ്യാർ പറഞ്ഞു. നീലട്രങ്ക് അയാളെ ഏൽപിച്ചിട്ട് കുഞ്ഞാപ്പി അവിടെ നിന്നിറങ്ങി.
ഞാറക്കടവു പാലത്തിലെത്തിയപ്പോൾ അവൻ താഴേക്കു നോക്കി. പുഴക്ക് നല്ല ഒഴുക്കുണ്ട്. പൊങ്ങുതടിയിൽ ഇരുന്ന് ഒഴുക്കിനൊപ്പം നീങ്ങുന്ന പറവകൾ അവനെ കണ്ടിട്ടെന്നപോലെ പറന്നുയർന്നു. മഴവെള്ളപ്പാച്ചിലിൽ ഒഴുകിവരുന്ന തേങ്ങയും മടലുമൊക്കെ നീന്തിച്ചെന്ന് പെറുക്കിക്കൂട്ടാറുണ്ടായിരുന്ന കൗമാ രം അവനോർത്തു.
ബീഡി കത്തിക്കുമ്പോൾ കുഞ്ഞാപ്പിയുടെ കൈ വിറച്ചു. രണ്ടു കൈയും ചേർത്തുപിടിച്ച് പുക എടുത്തതോടെ തലയിലേക്ക് ചൂടുകാറ്റിന്റെ ഇരമ്പം. ചെവിക്കകത്ത് ഒരു മൂളക്കം. വീണ്ടും ഭാരമില്ലായ്മ. അവന്റെ മുതുകെല്ലുകൾ വളർന്നു ചിറകുകളായി. പാലത്തിന്റെ കൈവരിയിലേക്ക് കയറി കുഞ്ഞാപ്പി ചിറകുവിരിച്ചു നിന്നു. ചുരമിറങ്ങിയ തണുത്ത കാറ്റിനൊപ്പം വലംകാൽ ഊന്നി അവൻ മുകളിലേക്ക് കുതിച്ചു. ഞാറക്കടവിന്റെ ആകാശത്തിനു മീതെ ഒന്ന് വട്ടംചുറ്റി. കല്ലുപെൻസിലിനോളം വലുപ്പത്തിൽ ചെറുതാകുന്ന പാലം. കുറച്ചുകൂടി മുകളിലേക്ക് എത്തുമ്പോൾ മേഘങ്ങൾ അവന്റെ കാഴ്ചകളെ മറച്ചു. മേഘത്തുണ്ടു വകഞ്ഞ് രായനും അവനൊപ്പം ചിറകു വിരിച്ചെത്തി.
‘‘അത്രേം പൊക്കത്തിൽ പറന്നാൽ നീ കരിഞ്ഞുപോകും.’’
രായനൊപ്പം പറക്കുന്ന പെണ്ണ് അവനെ നോക്കി ചിരിച്ചു. കാലിലെ മുറിവിൽനിന്ന് അപ്പോഴും ചോരയൊലിക്കുന്നുണ്ടായിരുന്നു.
‘‘ഇത് കരിഞ്ഞില്ലേ രായാ?’’
‘‘അതൊരിക്കലും കരിയില്ലെടാ...’’
വട്ടം ചുറ്റി പറന്നുകൊണ്ടിരുന്ന പെണ്ണ് താഴേക്കു കൂപ്പുകുത്തി വന്നു രായനെയും തോളിലേറ്റി മേഘക്കൂടാരത്തിലേക്ക് നൂണ്ടു.
‘‘ഞാനും വരുന്നു.’’
ഒപ്പമെത്താൻ അവൻ ചിറകുകൾ ആഞ്ഞുവീശി. വെള്ളിവെട്ടത്തിൽ കറുത്ത പൊട്ടുപോലെ രണ്ടുപേരെയും മുന്നിൽ കാണാം. കുറച്ചുകൂടി ഉയരത്തിലെത്തുമ്പോൾ അതും മറഞ്ഞു. കൺമുന്നിൽ പഞ്ഞിമേഘങ്ങൾ തീർത്ത വെള്ളിക്കടൽ.
കുഞ്ഞാപ്പി തനിച്ചായി.
മുകളിലേക്ക് പറക്കുന്തോറും എന്തോ കരിയുന്ന മണം. വലത്തേ ചിറകിനാണ് തീപിടിച്ചത്. വെട്ടിയിട്ട ഓലമടലുപോലെ അവൻ താഴേക്ക് വന്നുകൊണ്ടിരുന്നു.
പാട്ടിപ്പറമ്പിലെ കുട്ടികളുടെ ആരവം അവൻ കേട്ടു. തീണ്ടാത്തുരുത്തിലെ ചുടലയിൽനിന്നും ശവം കരിയുന്ന മണം. മാലിപ്പുറം കടപ്പുറവും അടിവാരവും മലമുകളിലെ മാളികവീടും അവൻ കണ്ടു. ഒരുവട്ടംകൂടി ഞാറക്കടവിനെ വലംവെച്ച് താഴേക്കിറങ്ങുമ്പോഴാണ് പള്ളി സെമിത്തേരിയിൽ ഒരു കുഴിയെടുത്തിട്ടിരിക്കുന്നത് അവൻ കണ്ടത്.
“ദൈവമേ ആരാവും മരിച്ചിട്ടുള്ളത്.”
പാലമിറങ്ങി പക്ഷിയെപ്പോലെ കൈവീശി വരുന്ന കുഞ്ഞാപ്പിയെ കണ്ടു കടവിൽനിന്നവർ ചിരിച്ചു.
“വട്ടായെന്നാ തോന്നുന്നത്.”
“കഞ്ചാവാ.”
പിടിച്ചുനിർത്താൻ തുടങ്ങിയ ആളുകളെ തള്ളിമാറ്റി അവൻ മുന്നോട്ടു കുതിച്ചു. കമഴ്ന്നടിച്ചു വീഴുമ്പോൾ അവന്റെ തേഞ്ഞ പിൻഭാഗം വെളിപ്പെട്ടു കിടക്കുന്നതു കണ്ട് ചന്തക്കടവിലുള്ളവരുടെ ചിരി ഉയർന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.