ഭയരഹിതരുടെ രാത്രി
ചതിച്ച ആയുധം ചതിയനായ ഒരു ചങ്ങാതിയേക്കാൾ അപകടകാരിയാണ്. അതു കൈവശം വെച്ചാൽ തിരിഞ്ഞു പൊട്ടും. ഇനി എന്ത് ചെയ്യും?
.38 റിവോൾവർ മൃതിയടയാത്ത ഒരു ഓർമയായി ഗോപാൽ ഗോഡ്സെയെ വേട്ടയാടിക്കൊണ്ടിരുന്നു. ഡൽഹിയിൽ വധശ്രമം പരാജയപ്പെട്ടതിന്റെ ദുഃഖഭാരത്തിനൊപ്പം പിടിക്കപ്പെടുമോ എന്ന ആശങ്കയും മടക്കയാത്രയിൽ അയാളുടെ തൂക്കം കുറച്ചിരുന്നു. മുതുകിടിഞ്ഞ നിലയിൽ, അയാളണിഞ്ഞ കുപ്പായം ആ മാനസികനിലക്കു നന്നേ ചേരുകയുണ്ടായി. റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസുകാർ ബാഗ് പരിശോധിക്കാതെ വിട്ടതിനാൽ, ദൈവം കൂടെ ഉണ്ടെന്നു സ്വയം ആശ്വസിച്ചാണ് അയാൾ വീടെത്തിയത്. അവിടെ ചെന്നുകയറിയതും ആരോടും ഒന്നും മിണ്ടാതെ .38 റിവോൾവർ, പഴയ തുണിശീലയിൽ പൊതിഞ്ഞു, അടുക്കളയിൽ ഉപേക്ഷിച്ച ഓട്ടവീണ ചെപ്പുകുടത്തിൽ ഇറക്കിവെച്ചു. വേട്ടയാടുന്ന ഓർമയെ കുടത്തിൽ അടച്ചുവെച്ചപ്പോൾ അയാൾക്ക് പെരുത്ത് ആശ്വാസമായി. ചേട്ടനും ആപ്തെയും ബോംെബയിൽ എത്തിക്കാണുമോ എന്ന വിചാരമൊക്കെ, തോക്കു സുരക്ഷിതമായി ഒളിപ്പിച്ചപ്പോഴാണ് അയാൾക്ക് ഉണ്ടായത്. തൊണ്ണൂറ്റിരണ്ടു വയസ്സുവരെ ജീവിതായുസ്സ് ഉണ്ട് എന്ന് കുടുംബജ്യോതിഷി പ്രവചിച്ചതിനാൽ അയാൾക്ക് മരണഭയം ഒട്ടും ഉണ്ടായിരുന്നില്ല. പക്ഷേ .38 റിവോൾവർ കൈവശംവെച്ചത് മുതൽ ആധി ശ്വസിച്ചാണ് ഗോപാൽ ഗോഡ്സെ കഴിയുന്നത്.
ഉറക്കം വരാതെ കിടന്ന രാത്രി ഗർഭിണിയായ ഭാര്യ സിന്ധു തായിയോട് ഡൽഹി സംഭവത്തെ പറ്റി പറയാൻ തുനിഞ്ഞെങ്കിലും, ആ ആലോചന പലവട്ടം മാറ്റിവെച്ചു.
''എന്താണ് പ്രശ്നം, ഉറക്കം വരുന്നില്ലേ?'' സിന്ധു തായി ചോദിച്ചു.
''ആപ്തെഭാവുവിന്റെ പ്ലാൻ പൊളിഞ്ഞു. തലനാരിഴക്കാണ് എല്ലാവരും രക്ഷപ്പെട്ടത്. അയാളെ ഈ തവണയും വകവരുത്താൻ ഞങ്ങൾക്കായില്ല.''
നരച്ച ചുമരിലേക്ക് നോക്കി ഗോപാലിന്റെ ഭാര്യ മൂത്ത കുട്ടിയെ തലോടി തിരിഞ്ഞുകിടന്നു.
''മോന് ഒന്നരവയസ്സേ ആയിട്ടുള്ളൂ'', അവർ കുഞ്ഞിനെ ചേർത്തുപിടിച്ചു.
''ജയിലിൽ പോകാൻ എനിക്ക് പേടിയില്ല, പക്ഷേ അതയാളെ വധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ആവരുത്. അയാളെ കൊന്നതിനു കൂട്ടുനിന്നതിനാവണം.''
''അത് നിങ്ങളുടെ സ്വപ്നം മാത്രമല്ല, പൂനയിലെ ബ്രാഹ്മണരുടെ സ്വപ്നംകൂടിയാണ്. നിങ്ങൾ ജയിലിൽ പോയാൽ ഞാൻ കുട്ടികളെ നന്നായി വളർത്തും. അച്ഛൻ രാജ്യത്തിനുവേണ്ടി പോരാടിയവനാണെന്നു കുട്ടികൾ അഭിമാനിച്ചുകൊള്ളും.''
ഗോപാൽ ഭാര്യയോട് ഒട്ടിക്കിടന്നു. കൈ അവളുടെ നിറവയറിൽ വെച്ചു. മുറിയിലെ അരണ്ട വെളിച്ചത്തിൽ ആ കുടുംബം ഉറക്കംപിടിച്ചു.
ooo
ആയുധനിർമാണശാലയിൽ ആയിരുന്നു ഗോപാൽ ഗോഡ്സെക്ക് ജോലി. ഒരു വര്ഷമായതേ ഉള്ളൂ ഓർഡിനൻസ് ഫാക്ടറിയുടെ സ്റ്റോറിലേക്ക് മാറ്റം കിട്ടിയിട്ട്. ആയുധനിർമാണ ശാലയിൽ ആയിരുന്നപ്പോൾ ഏറെ സന്തോഷിച്ചിരുന്നു. അവിടെ ആയുധങ്ങൾ തൊടുകയും പിടിക്കുകയും ചെയ്യാം. സ്റ്റോറിൽ നിൽക്കുമ്പോൾ അത്ര ഹരമില്ല. ഏക ആശ്വാസം ആയുധങ്ങൾ ചുറ്റിലും ഉണ്ടെന്നുള്ളതാണ്. വധശ്രമം പരാജയപ്പെട്ടതാണ് ഉറക്കത്തിലും അയാളെ അലട്ടുന്നത്...സ്വപ്നം പൊളിയുമോ?
അടുക്കളയിൽ ചെപ്പുകുടം പൂച്ച തട്ടിയിട്ടതിന്റെ ഒച്ച കേട്ടാണ് ഗോപാൽ ഞെട്ടിയത്. അയാൾ വെപ്രാളപ്പെട്ട് അടുക്കളയിൽ ചെന്ന് നോക്കി. ചെപ്പുകുടം സ്ഥാനം തെറ്റാതെ കിടപ്പുണ്ട്. താൻ ദുഃസ്വപ്നം കണ്ടതാണ്, അയാൾക്കൊരു സമാധാനവും ഉണ്ടായില്ല. ചെപ്പുകുടം അയാള് വീടിനുപിറകിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ടതിന്റെ ഇടയിൽ ഒളിപ്പിച്ചുവെച്ചു.
''ഈ തോക്കു കേടായതുമുതൽ അപശകുനങ്ങളാണ്. ഒന്നും കൃത്യമായി ചെയ്തുതീർക്കാനാവുന്നില്ല.'' ഗോപാൽ കൈത്തണ്ടയിലെ ചരടിൽ പിടിച്ചു തിരിച്ചു. നിലാവിൽനിന്ന് വിയർത്തു.
പകർച്ചവ്യാധിപോലെയുള്ള ഭയം ഗോപാലിനെ പിടികൂടിയതുമുതൽ വെളിച്ചത്തു നില്ക്കുമ്പോഴെല്ലാം അയാൾക്കു ഇരട്ടനിഴലാണ്. അവ പരസ്പരം വഴക്കടിച്ചു അയാളിൽ വിഭ്രാന്തിയുണ്ടാക്കുന്നു. ഗോപാല് കട്ടിലിൽ ചെന്നുകിടന്നു. ഉറക്കം വരാത്തതില് രാത്രിയോട് ദേഷ്യമൊന്നും തോന്നിയില്ല. നേരം വെളുക്കാൻ അനേകം വിനാഴികകൾ ഉണ്ടായിരുന്നു.
''നാളെ ബാഡ്ജെയെ പോയി കാണണം, തോക്കു ഏൽപ്പിക്കണം.''
മനസ്സ് ശാന്തമായപ്പോൾ അയാൾ ഉറക്കംപിടിച്ചു. എത്രയോ ദിവസങ്ങൾക്കു ശേഷം കുടുംബത്തോടൊപ്പം ഉറങ്ങുകയാണ്. സ്വപ്നം കാണുകയാണ്...ഠോ ഠോ...
ഒച്ചകേട്ടാണ് ഭാര്യ, ഉറക്കപ്പിച്ചിൽ അയാളെ ശ്രദ്ധിച്ചത്.
ഭർത്താവ് പിറുപിറുക്കുകയാണ്. വെറുക്കപ്പെട്ട ബനിയയെ വെടിയുതിർക്കുകയാണ്. ഠോ ഠോ...
വയറ്റിലെ അനക്കം വകവെക്കാതെ അവർ ഗോപാലിനെ കെട്ടിപ്പിടിച്ചു കിടന്നു. നേരം വെളുത്തപ്പോൾ കാലിനു നല്ല നീരുണ്ടായിരുന്നു. ഗോപാൽ ഭാര്യയുടെ കാലിനു തൈലം പുരട്ടി കൊടുത്തു. അവൾക്കു കുളിക്കാനുള്ള വെള്ളം അയാൾ തന്നെയാണ് തിളപ്പിച്ചത്.
ഡൽഹിയിൽനിന്ന് മടങ്ങി വന്നശേഷം അയാൾക്ക് വീടിനോടു മുമ്പത്തേക്കാൾ സ്നേഹം തോന്നി. നല്ലതു വരാനായി ജഗന്നാഥ ക്ഷേത്രത്തിൽനിന്ന് ജപിച്ചു കൊണ്ടുവന്ന ഏലസ്സും ചരടും ഭാര്യ അയാളുടെ അരയിൽ കെട്ടിക്കൊടുത്തു. വെയിലിനു ചൂടുപിടിക്കും മുമ്പേ പഴയ സൈക്കിൾ എടുത്തുകൊണ്ടു ബാഡ്ജയെ കാണാൻ പോയി. സൈക്കിളിന്റെ കരിയറിൽ ഓട്ടവീണ ഒരു ചെപ്പുകുടം കെട്ടിവെച്ചിരുന്നു.
ശനിവാർപേട്ടിൽ അന്ന് നല്ല ജനത്തിരക്കുണ്ടായിരുന്നു. ദിവസങ്ങളായി അടച്ചിട്ടിരുന്ന, ബാഡ്ജെയുടെ ആയുധവിൽപനശാല, ശാസ്ത്രഭണ്ഡാർ അന്ന് രാവിലെ തുറന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. കത്തി, കഠാര, പിച്ചാത്തി, കൊടുവാൾ, കുന്തപാര തുടങ്ങിയ ആയുധങ്ങൾ ആണ് ശാസ്ത്രഭണ്ഡാറിൽ വിൽക്കുന്നത്. ഗോപാൽ ചെല്ലുമ്പോൾ ബാഡ്ജെ പിച്ചാത്തികള് ഒതുക്കിവെക്കുകയായിരുന്നു. അയാളുടെ മുഖത്തു പഴയ ചൈതന്യമൊന്നും ഗോപാൽ കണ്ടില്ല. മരണമുഖത്തുനിന്ന് രക്ഷപ്പെട്ടവന്റെ പകച്ച നോട്ടമായിരുന്നു സ്ഥായീഭാവം.
അയാൾ ഗോപാലിനെ മനഃപൂർവം ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകി. ഗോപാൽ കുറച്ചു നേരം അവിടെ വീർപ്പുമുട്ടിനിന്നു.
''ഞാൻ വന്നത് കഴിഞ്ഞ കാര്യത്തെ പറ്റി സംസാരിക്കാനല്ല, തോക്കു തിരിച്ചേൽപ്പിക്കാനാണ്. എന്റെ കൈവശം വെച്ചാൽ പലതാണ് പ്രശ്നം. നിങ്ങളുടെ മറ്റായുധങ്ങളുടെ കൂടെ വെക്കുന്നതാണ് സുരക്ഷിതം.''
''കഴിഞ്ഞ കാര്യവും പുതിയ കാര്യവും സംസാരിക്കാൻ എനിക്ക് നേരമില്ല. നിങ്ങൾ വന്നവഴിക്കുതന്നെ മടങ്ങിപോകുന്നതാണ് നല്ലത്. എനിക്ക് ഇത്തിരിയെങ്കിലും സ്വൈര്യം തരൂ.'' കീറിപ്പറിഞ്ഞ മനുഷ്യനെപോലെയാണ് ബാഡ്ജെ ഒച്ചയില്ലാത്ത ഒച്ചയിൽ സംസാരിച്ചത്.
''എല്ലാവരുടെയും നന്മ കരുതിയാണ് ഞാനിതു കൈമാറാൻ വന്നത്.''
''കൂടെ നിന്നവനെ മരണത്തിനു എറിഞ്ഞുകൊടുക്കുന്നതാണോ നന്മ? അവന്മാരെ കുറിച്ച് ഇനിയൊരക്ഷരം മിണ്ടരുത്.''
ഗ്രനേഡ് എറിയാൻ ജനലഴിക്കു പിറകിൽ നിന്നപ്പോഴുണ്ടായ അതേ ഉൾവിളി ബാഡ്ജെയെ പിടികൂടി. അയാൾ വിറക്കാൻ തുടങ്ങി. പല്ലിറുമ്മിക്കൊണ്ട് ഗോപാലിനെ നോക്കി, കൈകൂപ്പി കണ്ണടച്ച് നിന്നു. എന്നിട്ടു നീട്ടിയൊരു വളിവിട്ടു. സമ്മർദം സഹിക്കാൻ കഴിയാതെ വരുമ്പോൾ അതയാളുടെ ശീലമാണ്. വളിവിടും.
''ഉണ്ട ചോറിനു നന്ദിയില്ലാത്തവൻ.''
ഗോപാൽ ഗോഡ്സെ അയാളെ കാണാൻ തീരുമാനിച്ച നിമിഷത്തെ ശപിച്ചുകൊണ്ട് സൈക്കിൾ തിരിച്ചു. ചെപ്പുകുടം കുലുങ്ങി. രക്തസമ്മർദം വകവെക്കാതെ അയാൾ സൈക്കിൾ ആഞ്ഞുചവിട്ടി.
ഉടൻ ശ്വാസം നിലച്ചുപോകുമെന്നു ഉറപ്പുള്ള നവജാത ശിശുവിനെ കൈയിലെടുത്ത അച്ഛന്റെ മാനസികാവസ്ഥയായിരുന്നു .38 റിവോൾവറുമായി വീട്ടിലേക്കു മടങ്ങുമ്പോൾ ഗോപാൽ ഗോഡ്സെക്ക് ഉണ്ടായിരുന്നത്. ലീവ് തീരും മുമ്പേ കൂട്ടാളികളെ കാണാൻ പറ്റിയാൽ മതിയായിരുന്നു. അതുവരെ തോക്കു വീട്ടിൽ തന്നെ സൂക്ഷിക്കാനേ നിവൃത്തിയുള്ളൂ. എവിടെയെങ്കിലും കൊണ്ടുപോയി കളയുന്നതും ബുദ്ധിയല്ല. അത് യോദ്ധാവിനു ചേർന്ന പണിയുമല്ല. വീടെത്തും മുമ്പുതന്നെ അയാളുടെ ഷർട്ടും പൂണുലും വിയർത്തു നനഞ്ഞു.
അന്ന് വൈകുന്നേരംവരെ ഗോപാല് വീട്ടിൽതന്നെ കഴിഞ്ഞു. ഒരു മയക്കം കഴിഞ്ഞു കാര്യാലയത്തിൽ ചെന്നപ്പോൾ ചേട്ടന്റെ ഫോൺസന്ദേശം വന്നു.
''ഞാനും ആപ്തെയും ബോംെബയിൽ എത്തിയിട്ടുണ്ട്. കാർക്കറെയുടെ വിവരം വല്ലതും ഉണ്ടോ? ഞങ്ങൾ ജോഷിയുടെ വീട്ടിൽ പോയിരുന്നു. വ്യാസ് അവിടെയും എത്തിയിട്ടില്ല.''
ഗോപാൽ ഒന്ന് മൂളിയതിന് ശേഷം അടക്കിപ്പിടിച്ചുകൊണ്ടു ചോദിച്ചു: ''ഏട്ടന് സുഖമാണോ?''
''അങ്ങനെയല്ലേ പാടുള്ളൂ.''
ഗോഡ്സെ ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു.
ഏട്ടനോട് സംസാരിച്ചപ്പോൾ ഗോപാലിന് വലിയ ആശ്വാസം തോന്നി. പൊടുന്നനെ ആത്മവിശ്വാസം കൈവന്നു. .38 റിവോൾവർ പിന്നെയൊരു ബാധ്യതയായി തോന്നിയതേയില്ല. ആപ്തെയും ചേട്ടനും സുരക്ഷിതരാണെന്നുള്ള കാര്യം, പൊലീസിന് യാതൊരു തുമ്പും കിട്ടിയിട്ടില്ലെന്നതിനു തെളിവാണ്. ഗോപാൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. നാളെ പുലര്കാലത്ത് ആപ്തെയുടെ വീട്ടിൽ പോകണം, ചമ്പത്തായിക്ക് എന്തെങ്കിലും വിവരം കിട്ടിക്കാണും.
ooo
ഗോപാൽ അവിടത്തെ പതിവ് സന്ദർശകനായിരുന്നു. ആപ്തെയുടെ വീട്ടുകാരുമായി അയാൾക്കു ആപ്തെയേക്കാൾ ആത്മബന്ധമുണ്ട്. ഗൂഢസംഘത്തിന്റെ രഹസ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഇടംകൂടിയായിരുന്നു ആപ്തെയുടെ വീട്. ഗോപാൽ ആയിരുന്നു എന്നും സന്ദേശവാഹകൻ.
അടുത്തദിവസം ചാറ്റൽമഴ നിലച്ചപ്പോൾ, പൊടിപടലങ്ങൾ അടങ്ങിയ ഇടുങ്ങിയ വഴിയിലൂടെ, ഒരു ടോംഗയില് ഗോപാൽ ഗോഡ്സെ, ആപ്തെയുടെ വീട്ടിലെത്തി. ചമ്പത്തായി പുഞ്ചിരിയോടെയാണ് ഗോപാലിനെ സ്വീകരിച്ചത്. സ്വന്തം അനിയനെപോലെയായിരുന്നു അവർക്കു ഗോപാൽ. ഒരു ചെറിയ തുണിസഞ്ചി നിറയെ ഞാവല്പഴങ്ങൾ ഗോപാൽ അവർക്കു നൽകി. ഞാവല്പഴം അവർക്കു വലിയ ഇഷ്ടമായിരുന്നു. മരത്തിന് ചോട്ടിൽ തുണികെട്ടി ശേഖരിച്ച ഞാവല്പഴങ്ങള് ഗോപാലിന്റെ ഭാര്യയാണ് കൊടുത്തുവിട്ടത്. അവ ഒന്നുംതന്നെ ഉടഞ്ഞിരുന്നില്ല. മരം കനിഞ്ഞു നൽകിയ നീലപ്പഴങ്ങളിൽ അപ്പോഴും ജീവനുണ്ടായിരുന്നു.
''ഭാര്യക്ക് വയ്യായ ഒന്നുമില്ലല്ലോ?''
''ഇല്ല. സുഖമായിരിക്കുന്നു... കാലിനു ചെറിയ നീരുണ്ട്, മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.''
ചമ്പത്തായി അയാൾക്കു ജീരകവെള്ളം കുടിക്കാൻ കൊടുത്തു.
''അവരാരെങ്കിലും വിളിച്ചിരുന്നോ?''
''ഞാവല്പഴങ്ങൾ കിട്ടിയപ്പോൾ ആ കാര്യം ഞാൻ പാടെ മറന്നു. ഒരു ടെലിഗ്രാം വന്നിരുന്നു.'' അവർ അകത്തേക്ക് പോയി ഒരു ചീട്ടുമായി വന്നു. ഗോപാൽ അത് വാങ്ങി വായിച്ചു.
''ആപ്തെ, ആനന്ദാശ്രമം പൂനാ, BOTH come IMMIDIATLY , VYAS''
ഇതു വായിച്ചപ്പോൾ സന്തോഷംകൊണ്ട് ഗോപാലിന്റെ കൈ വിറച്ചു. കവിള് ചുവന്നു.
വിഷ്ണു കാർക്കറെ ബോംബെയിൽ എത്തിയിരിക്കുന്നു. കാർക്കറെ സേട്ട് അയച്ച സന്ദേശമാണിത്. അയാൾക്ക് ബോംബെയിൽ പറന്നെത്തണമെന്നു തോന്നി.
''ആരാണ് വ്യാസ്? തപാൽക്കാരൻ പറഞ്ഞത് ഒരു വ്യാസ് അയച്ചതാണെന്നാണ്. ഉടനെ ബോംബെയിൽ എത്തണം, അല്ലെ'' -ചമ്പത്തായി ചോദിച്ചു.
''ആപ്തെ ഭാവുവിന്റെ കൂടെ ജോലിചെയ്യുന്ന ആളാണ്. ഞങ്ങൾ ഡൽഹിയിൽ ഒന്നിച്ചുണ്ടായിരുന്നു. അഭയാർഥികൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യനാണ്.'' ഗോപാൽ ഒഴുക്കൻമട്ടിൽ പറഞ്ഞു.
ഭാവുവിന്റെ യാതൊരു വിവരവും ഇല്ലേ. അദ്ദേഹം ബോംബെയിൽ എത്തിയിട്ടുണ്ടോ?'' ചമ്പത്തായി ചോദിച്ചു.
''അവർ ബോംബെയിൽ ചില പ്രധാന കാര്യങ്ങളുമായി തിരക്കിലാണ്. നാഥു ഭാവു എന്നെ വിളിച്ചിരുന്നു.''
ചമ്പത്തായി ചുമര് ചാരിനിന്നു നെടുവീർപ്പിട്ടു.
''രാജ്യത്തിനുവേണ്ടി പണിചെയ്യുന്നവരുടെ വീടുകൾ അതിർത്തിപ്രദേശങ്ങൾപോലെ ശൂന്യസ്ഥലങ്ങളാണ്.''
ഗോപാലിന്റെ കൈയിൽനിന്ന് അവർ ഗ്ലാസ് വാങ്ങി പുഞ്ചിരിക്കാൻ ശ്രമിച്ചു. ''കഴിച്ചിട്ട് പോയാൽ മതി. ഞാൻ പൂരിയും മധുരപലഹാരങ്ങളും ഉണ്ടാക്കിവെച്ചിട്ടുണ്ട്.''
''വേണ്ട വഹിനി...ഇനിയൊന്നിനും സമയമില്ല. എനിക്കുടനെ ബോംബെയിൽ ചെന്ന് അവരെ കാണണം. ഒരുപാടു ജോലി ബാക്കിയുണ്ട്. ഞാൻ ആപ്തെ ഭാവുവിനോട് എന്തെങ്കിലും പറയേണ്ടതുണ്ടോ?''
''ഒന്നുമില്ല. ഇവിടെ എല്ലാവര്ക്കും സുഖമാണെന്ന് പറയൂ.'' ചമ്പത്തായി കണ്ണ് നിറയാതിരിക്കാൻ പാടുപെട്ടുകൊണ്ടു പറഞ്ഞു.
''എങ്കിൽ ഞാനിറങ്ങട്ടെ.''
ഗോപാലും അവരുടെ മുഖത്തേക്ക് നോക്കാതെ ഇറങ്ങി. അയാൾ കണ്വെട്ടത്തുനിന്നു മായുന്നതുവരെ നോക്കിനിൽക്കാതെ ചമ്പത്തായി അടുക്കളയിലേക്കു നടന്നു... ജോലിക്കാരിയുടെ കൈയില്നിന്ന് പിച്ചളപാത്രം വീണതിന്റെ ഒച്ച അകം നിറഞ്ഞു.
പ്ലാറ്റ്ഫോമില് അധികം ആളുകൾ ഉണ്ടായിരുന്നില്ല, ചാറ്റൽമഴ നനഞ്ഞ റെയില്പാളത്തിലേക്കു നോക്കി ഗോപാൽ ഗോഡ്സെ വണ്ടിവരുന്നതും കാത്തുനിന്നു. ഇടക്ക് അയാൾ പോക്കറ്റിൽ തപ്പിനോക്കുന്നുണ്ടായിരുന്നു. ഇത്രയും ദിവസം തന്റെ ഉറക്കം കെടുത്തിയ തോക്ക് ഒരു തുണിയിൽ പൊതിഞ്ഞ് അയാൾ കീശയിൽ കരുതിയിരുന്നു. ഈ റിവോൾവറാണിപ്പോൾ അയാളുടെ ധൈര്യം.
ooo
മദൻലാൽ പഹ് വയോടു ഗോപാൽ ഗോഡ്സെക്ക് വല്ലാത്ത സ്നേഹം തോന്നി. അവൻ ആരുടേയും പേര് പറഞ്ഞിട്ടുണ്ടാവില്ല. കരളുറപ്പുള്ള ഒരു രാജ്യസ്നേഹിക്കു കൂട്ടുകാരെ ഒറ്റികൊടുക്കാൻ കഴിയുകയില്ല. വീർ സവർക്കറിന്റെ പ്രസംഗങ്ങൾ കേട്ടതുമുതൽ പുതിയ മനുഷ്യനായാണ് ജീവിക്കുന്നത്. രാജ്യം ഇപ്പോൾ തോറ്റവരുടെ ൈകയിലാണെന്നുള്ള ഉറച്ച ബോധ്യം ഉള്ളതിനാലാണ് നാഥുഭാവുവിനൊപ്പം ഈയൊരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.
ഓരോന്ന് ആലോചിച്ചുനിന്നപ്പോൾ അയാൾക്ക് ആനന്ദകരമായ ഒരു വിറയൽ അനുഭവപ്പെട്ടു. ചൂളംവിളിച്ചുകൊണ്ട്, തീവണ്ടി വൃത്തികെട്ട മണവുംപേറി പ്ലാറ്റ്ഫോമിലേക്കു വന്നു... തോക്കു കീശയിൽ ഉണ്ടെന്നു ഉറപ്പുവരുത്തിയശേഷം ഗോപാൽ ഗോഡ്സെ ആൾത്തിരക്കില്ലാത്ത ഒരു ബോഗിയിൽ കയറി.
''എവിടെയും പിടിച്ചിടാതെ സഞ്ചരിക്കുകയാണെങ്കിൽ വണ്ടി ഉച്ചക്കുമുമ്പു ദാദറില് എത്തും.''
ഒരിടത്തിരുന്നു അയാൾ സമാധാനത്തോടെ കൂട്ടുകാരുടെ സൗഖ്യത്തെപ്പറ്റി ഓർത്തു. യാത്രക്കിടയിൽ കഴിക്കാനായി ഭാര്യ കൊടുത്തുവിട്ട ഭക്ഷണത്തിന്റെ ചൂട് ആറിയിരുന്നില്ല. അഞ്ചാറു സ്റ്റേഷൻ കഴിഞ്ഞപ്പോൾ അയാൾ പൊതി അഴിച്ചു മസാലബാത് കഴിക്കാൻ തുടങ്ങി.
ഡൽഹിയിൽനിന്നു വന്നത് മുതൽ കുടുംബത്തോടൊപ്പം കഴിയണമെന്ന മോഹം അയാളിൽ കലശലാണ്. വിനായകപൂജക്ക് കുടുംബസമേതം സമയം ചെലവഴിച്ചതുപോലെ ലീവു തീരുന്നതിനുമുമ്പ് ഏതാനും ദിവസങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്ന്, മസാലബാത്തിലെ അവസാന വറ്റു നുള്ളി തിന്നുമ്പോൾ അയാള്ക്ക് മോഹമുണ്ടായി.
തീവണ്ടി അതിന്റെ പതിവുതാളം വീണ്ടെടുത്തപ്പോഴേക്കും വെയിൽ മങ്ങി തുടങ്ങിയിരുന്നു. മഴ പെയ്യുമോ? കൽക്കരി എൻജിൻ കരിമേഘങ്ങളോട് ലോഹ്യം പറയാനെന്നോണം പൂനാ നഗരത്തെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടു കുതിച്ചു.
ബോഗിയിൽ പുതുയാത്രികർ കയറി, ഗോപാൽ ആരെയും ശ്രദ്ധിച്ചില്ല. തന്റെ മനോഹരമായ നീണ്ടവിരൽ, കാഞ്ചിവലിക്കുന്നതുപോലെ തുടർച്ചയായി ഇളക്കിക്കൊണ്ടു അയാൾ നേരം പോക്കി.
ശനിവാര്പേട്ടിലുള്ള തന്റെ വീട്ടിൽനിന്ന് താനെ റെയിൽവേ സ്റ്റേഷൻ വരെയുള്ള വഴിദൂരമത്രയും ഗോപാൽ ഗോഡ്സെയുടെ ഉള്ളിൽ മുറിഞ്ഞുപോയ ഒരു പ്രാർഥനയുണ്ടായിരുന്നു.
ഭാവുവിന് ആപത്തൊന്നും വരുത്തരുതേ...ജനുവരി ഇരുപതിന് ശേഷം ഭയവും നിരാശയും ആത്മവിശ്വാസവും അശുഭചിന്തയും അയാളിൽ പ്രവചനാതീതമായ കാലാവസ്ഥപോലെ മാറിമറിഞ്ഞുകൊണ്ടിരുന്നു. പരാജയം ഉണ്ടാക്കാനിടയുള്ള ശൂന്യതയെ കുറിച്ച് അയാൾ ആധിപിടിക്കാൻ തുടങ്ങിയപ്പോഴാണ് വ്യാസിന്റെ സന്ദേശം വന്നത്. ഭാവു വിളിച്ചത്!
പുനഃസമാഗമം ആനന്ദം ആണ്. അതുതരുന്ന ഊർജം ചെറുതല്ല. രാജ്യത്തിന്റെ ഭാവി ഒരു കൊലകൊണ്ടു നിർണയിക്കപ്പെടുന്ന ദിവസം വിനായകമൂർത്തിക്കു നൂറു തേങ്ങാ ഉടയ്ക്കാൻ അയാൾ വണ്ടികയറുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു.
അഴുക്കുപിടിച്ച ബോഗികളെയും വഹിച്ചെത്തിയ കൽക്കരി എൻജിൻ തളർന്നതുപോലെ പ്ലാറ്റ്ഫോമില് നിർത്തിയപ്പോൾ ആദ്യം ഇറങ്ങിയത് ഗോപാലായിരുന്നു. കുറെ ദിവസങ്ങൾക്കു ശേഷം അയാൾ ആ നഗരത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുകയാണ്. ബോംബെ ജീവിതകമാനങ്ങൾ പിന്തുടരുന്നവരുടെ നഗരമാണ്. മുംബ്രദേവിയുടെ കടാക്ഷമുള്ള മണ്ണാണ്. കീശ തപ്പിനോക്കിയശേഷം ഗോപാൽ ഗോഡ്സെ പുറത്തേക്കിറങ്ങി. ആദ്യം ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കഴിക്കാനാണ് അയാൾക്ക് തോന്നിയത്. ദാഹം ശമിച്ചപ്പോൾ അയാളുടെ മനോനിലയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടായി. ഉടനെ തന്നെ ഗോപാൽ നോർത്ത് കോർട്ട് പൊലീസ് ഹോസ്പിറ്റൽ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു. അഞ്ചാറു ശ്രമങ്ങൾക്ക് ശേഷമാണ് ലൈനിൽ മനോരമയെ കിട്ടിയത്.
''ഗോപാലാണ്. ഞാനിപ്പോൾ താനെയിൽ നിന്നാണ് വിളിക്കുന്നത്. വ്യാസ് ബോംബെയിൽ എത്തിയിട്ടുണ്ട്. ആപ്തെ ഭാവുവിനെ കണ്ടു ഈ സന്ദേശം കൈമാറുമല്ലോ. ഞാൻ ഇപ്പോൾതന്നെ ജോഷി ഭായിയുടെ വീട്ടിലേക്കു വ്യാസിനെ കാണാൻ പോകും.'' കൂടുതൽ സംസാരിച്ചാൽ കാശു പോകും എന്നതിലുപരി മറ്റാരെങ്കിലും കേട്ടാൽ രഹസ്യം പുറത്താകുമെന്ന കാര്യമാണ് ഗോപാലിനെ ഒറ്റശ്വാസത്തിൽ കാര്യം മാത്രം പറയാൻ പ്രേരിപ്പിച്ചത്. അവളോട് കുശലം ചോദിക്കാതെ പോയതിൽ അയാൾക്ക് ഹ്രസ്വനേരത്തേക്ക് കുറ്റബോധവും ഉണ്ടായി.
മനോരമ സാൽവി ബുദ്ധിമതിയാണ്. അവൾക്കു സന്ദേശം ലഭിച്ചയുടനെ കാര്യം പിടികിട്ടികാണും. ജോഷിയുടെ വീട്ടിലേക്കു ടോംഗ വിളിക്കാനാണ് അയാൾ ആദ്യം തീരുമാനിച്ചത്, പിന്നെ മനസ്സ് മാറി, അവിടേക്കു നടക്കാമെന്നു നിശ്ചയിച്ചു. പണ്ട് ശാഖയിൽ പോയി ശരീരം വഴക്കിയെടുത്തതിന്റെ ഓർമ വഴിദൂരമത്രയും അയാളുടെ നടത്തത്തെ സുഗമമാക്കിയിരുന്നു. ആൾക്കൂട്ടത്തെ വകവെക്കാതെ അയാൾ വെയിലത്ത് നടന്നു. ഇരട്ടനിഴലുകൾ കലഹിക്കാതെ അയാളെ പിന്തുടരുന്നുണ്ടായിരുന്നു.
നാഥുറാം ഗോഡ്സെയുടെ നിഴലുപോലെ നാരായൺ ആപ്തെയും തെരുവിലൂടെ നടക്കുകയാണ്. എൽഫിൻസ്റ്റൺ ഹോട്ടലിൽനിന്ന് ഇറങ്ങിയപ്പോൾ മുതൽ പുകവലിക്കണമെന്നു അയാൾക്കുണ്ടായിരുന്നു. ഒരു ഡബിൾ ഡക്കർ ബസ് കടന്നുപോയപ്പോഴാണ്, അതിന്റെ മുകളിലെ വിൽസ് & കമ്പനിയുടെ പരസ്യം അയാളെ ഉന്മേഷവാനാക്കിയത്. ഇനി വലിച്ചിട്ടുതന്നെ കാര്യം. പോക്കറ്റിൽ സിഗരറ്റ് സ്റ്റോക്കില്ല. അതാണ് വലിക്കാൻ മുട്ടിയിട്ടും നീണ്ടുപോയത്. അടുത്തുകണ്ട കടയിൽ കയറി നാരായൺ ആപ്തെ ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി. ഒന്ന് അവിടെ വെച്ച് തന്നെ കത്തിച്ചു. പുകവിട്ടുകൊണ്ടു ഗോഡ്സെയുടെ പിറകേ ധൃതിയിൽ നടന്നെത്തി.
''നിനക്കിതില്ലാതെ പറ്റില്ല അല്ലെ?''
ആപ്തെ ഒപ്പം നടക്കാൻ തുടങ്ങിയപ്പോൾ ഗോഡ്സെ ചോദിച്ചു.
''ഇതു മാത്രമല്ല, ശീലമാക്കിയ പലതും എനിക്ക് ഒഴിവാക്കാനാവില്ല.''
ബോംബെയുടെ തെരുവുകളിൽ വെള്ള ധോത്തിയും ജുബ്ബയും നെഹ്റു തൊപ്പിയും അണിഞ്ഞ ധാരാളം ആളുകൾ കൂട്ടിമുട്ടാതെ നടക്കുന്ന കാഴ്ച ആനന്ദകരമായിരുന്നു. പല ജാതിക്കാർ...ഭാഷക്കാർ...വേഷക്കാർ...അവർക്കിടയിലൂടെ ആപ്തെ നിർത്താതെ പുകവലിച്ചു നടക്കുന്നത് ഗോഡ്സെക്ക് അത്ര പിടിച്ചില്ല. എവിടെയെങ്കിലും നിന്ന് ഇവനിതു പുകച്ചുതീർത്തൂടെ...പുക...ഗോഡ്സെയെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. മുമ്പൊന്നും താൻ പുകവലിക്കുന്നതിൽ എതിർപ്പ് കാണിക്കാതിരുന്ന ഗോഡ്സെ ഇപ്പോൾ എന്തിനാണ് ദേഷ്യം കാണിക്കുന്നതെന്ന് ആപ്തെക്കു മനസ്സിലായില്ല. മനസ്സുകൾ തമ്മിൽ അകലുമ്പോൾ ഇഷ്ടക്കേടുകൾ പച്ചപൂപ്പൽ പോലെ ഉള്ളിൽ പടരാൻ തുടങ്ങുമെന്ന് അയാൾ കൂട്ടുകാരന്റെ മാനസികാവസ്ഥയെ നിർവചിക്കാൻ ശ്രമിച്ചു. സിഗരറ്റ് പകുതി എരിഞ്ഞുതീർന്നിരുന്നു. ആപ്തെ ഒരു കവിള് പുകയെടുത്ത ശേഷം സിഗരറ്റ് നിലത്തിട്ടു ഷൂസ് കൊണ്ട് ചവിട്ടി കെടുത്തി. ഒരു സിഗരറ്റ് പൂർണമായും വലിച്ചുതീർക്കുന്ന സ്വഭാവം അയാൾക്കില്ല. എപ്പോഴും പകുതിയാവുമ്പോൾ ഉപേക്ഷിക്കും. ശേഷം ജീരകമിഠായി നുണയും.
നടക്കുമ്പോൾ കുറച്ചു ജീരകമിഠായി ആപ്തെ ഗോഡ്സേക്കും നൽകി. അത് വായയിലേക്കിടാൻ നോക്കിയതും ജീരകമണികൾ വെടിയുണ്ടപോലെ വലുപ്പം വെക്കുന്നതായി അയാൾക്ക് തോന്നി. ചെറുപുഞ്ചിരിയോടെ ഗോഡ്സെ ജീരകമിഠായി വായയിലിട്ടു. ആ മധുരം മറ്റൊരു സ്വപ്നത്തിനൊപ്പം അയവിറക്കി.
''നമുക്കൊരു കാപ്പി കുടിച്ചാലോ'' -നാഥുറാം ഗോഡ്സെ ചോദിച്ചു.
''എനിക്ക് നല്ല വിശപ്പുണ്ട്, ഒരു കാപ്പിയിൽ ഒതുങ്ങുമെന്നു തോന്നുന്നില്ല.''
ഒരു വളവു തിരിഞ്ഞശേഷം ഇരുവരും പൂരിവാലാ എന്നെഴുതിയ ഇടത്തരം റെസ്റ്റോറന്റിൽ കയറി.
ഗോഡ്സെ ഇംഗ്ലീഷ് കോഫി ഓർഡർ ചെയ്തു. നാരായൺ ആപ്തെ ഒരു സെറ്റ് പൂരി പറഞ്ഞു. വളരെ സാവധാനമാണ് ഗോഡ്സെ കോഫി നുണഞ്ഞുകൊണ്ടിരുന്നത്.
''ഫണ്ടിന്റെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം ഉണ്ടാക്കണം.''
''പേടിക്കേണ്ട, എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്.'' ആപ്തെ പൂരി ബാജിയിൽ മുക്കി കഴിക്കുന്നതിനിടയിൽ പറഞ്ഞു. ഗോഡ്സെ ആപ്തെയുടെ കണ്ണുകളിലേക്കു നോക്കി ചൂടുള്ള കാപ്പിക്കപ്പ് ഇരുകൈകളും ചേർത്ത് പിടിച്ചു. ഉള്ളംകൈ പൊള്ളുന്നത് അയാൾ അതിയായി ആസ്വദിക്കുന്നതുപോലെ തോന്നി.
''നമുക്കിനി നേരെ പരാന്ജ്പെയുടെ അടുത്തേക്ക് പോകാം, അദ്ദേഹം ഇപ്പോൾ ബാങ്കിൽ കാണും.''
തീവ്ര ഹിന്ദു പ്രവർത്തകരെ അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് പരാൻജ്പെ. സിൽവർ ബാങ്കിന്റെ ഉടമസ്ഥരിൽ ഒരാൾ. ആപ്തെ മുമ്പും പത്രത്തിന്റെ ആവശ്യത്തിനായി പരാൻജ്പെയുടെ സഹായം കൈപ്പറ്റിയിട്ടുണ്ട്.
പശുക്കളും ജനങ്ങളും കുതിരവണ്ടികളും കാറുകളും ബസുകളും സൈക്കിളുകളും സിംഫണി തീർക്കുന്ന ബോംബെ തെരുവിന്റെ അച്ചടക്കമുള്ള തിരക്കുകളിൽനിന്നും വിടുതൽ നേടാനെന്നോണം അവർ രണ്ടുപേരും, നഗരഹൃദയത്തിന്റെ കിഴക്കു ഭാഗത്തേക്ക് നടന്നു. സിൽവർ ബാങ്ക് ആയിരുന്നു അവരുടെ ലക്ഷ്യം. ദുരഭിമാനം അടക്കിപ്പിടിച്ചു ഗോഡ്സെ മുൻനേതാവ് ആപ്തെയെ അനുഗമിച്ചു. വിക്ടോറിയൻ നിർമിതിയുടെ മനോഹാരിത പേറുന്ന വലിയ കരിങ്കല് കെട്ടിടത്തിലായിരുന്നു സിൽവർ ബാങ്ക് പ്രവർത്തിച്ചിരുന്നത്. അരമണിക്കൂർ കാത്തുനിന്ന ശേഷം, പരാൻജ്പെ അവരെ തന്റെ മുറിയിലേക്ക് വിളിപ്പിച്ചു. അറിയിപ്പില്ലാതെ തന്നെ കാണാൻ വന്നതിന്റെ നീരസമൊന്നും അദ്ദേഹം ആ യുവാക്കളോട് പ്രകടിപ്പിച്ചില്ല. അവരുടെ പത്രത്തിന്റെ നിലപാടുകൾ പരാൻജ്പേക്ക് ഏറെ ഇഷ്ടമായിരുന്നു. പല എഡിറ്റോറിയലുകളും ഈ ധനികനെ കോരിത്തരിപ്പിച്ചിട്ടുമുണ്ട്.
''നമസ്തേ'' -പരാൻജ്പെയാണ് ആദ്യം അഭിവാദ്യം ചെയ്തത്.
''നമസ്തെ ജി'' -ഇരുവരും കൈകൂപ്പി. അദ്ദേഹത്തിന്റെ വിശാലമായ മുറിയിൽ ഒരു വലിയ ഗണപതിവിഗ്രഹം ഉണ്ടായിരുന്നു. റോസ് വാട്ടറിന്റെ മണമായിരുന്നു മുറിയിൽ. ഒരു ദിവാന്റെ വേഷവിധാനമായിരുന്നു പരാൻജ്പേയുടേത്. അയാളുടെ മുഖത്തു ആജ്ഞാപിക്കാൻ മാത്രം ഭൂമിയിൽ ജനിച്ചവന്റെ ഭാവമായിരുന്നു.
''പറയൂ, നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം എന്താണ്?''
മുന്നിലിരിക്കുന്നവരുടെ മനസ്സ് വായിച്ചിട്ടെന്നോണം അയാൾ ചോദിച്ചു.
ഗോഡ്സെ മിണ്ടാതെ മിഴിച്ചിരുന്നു. ''പത്രം നടത്തിക്കൊണ്ടുപോകാൻ ചില സാമ്പത്തികപ്രയാസങ്ങൾ ഉണ്ട്. ഒരു കൈസഹായം വേണം. ആ കാര്യം അഭ്യർഥിക്കാനാണ് ഞങ്ങൾ വന്നത്.'' ആപ്തെ വളരെ സൗമ്യമായി, പരാൻജ്പേയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.
ഇതുകേട്ട് പരാൻജ്പേ തന്റെ തടിച്ച ശരീരം കുഷ്യനിട്ട വലിയ കസേരയിലേക്ക് ചാരിനിർത്തി. അയാളുടെ ശരീരഭാഷ മാറുന്നതിന്റെ ലക്ഷണം പിടികിട്ടിയ ആപ്തെ എന്തോ പറയാൻ ആഞ്ഞതും പരാൻജ്പേ പറഞ്ഞു:
''നിങ്ങൾ ചെയ്യുന്നത് പുണ്യപ്രവർത്തനമാണ്. ഹിന്ദുക്കളുടെ മാനം കാക്കുന്ന കാര്യമാണ് പത്രം നിർവഹിക്കുന്നത്. യൗവനം നിങ്ങള് പാഴാക്കുന്നില്ല, എനിക്കതിൽ അഭിമാനമുണ്ട്.''
''ഇവിടെ ഹിന്ദുക്കളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നവർക്കു വേണ്ടി വാദിക്കാനും നിരാഹാരമിരിക്കാനും ആൾക്കാരുണ്ട്. സ്വന്തം രാജ്യത്തു ഹിന്ദുക്കൾ അന്യരെപ്പോലെയാണ്'', ആപ്തെ പറഞ്ഞു.
അഭയാര്ഥികള്ക്കിടയിൽ ഹിന്ദുവികാരം ശക്തമായുണ്ട്. അതൊരു നല്ല സൂചനയാണ്. അഹിംസയും മതേതരത്വവും പ്രസംഗിച്ചതുകൊണ്ടൊന്നും ഇനി കാര്യങ്ങൾ നടക്കില്ല. ഹിന്ദു ഉണർന്നുകഴിഞ്ഞു. പരാൻജ്പേ കാലിന്മേൽ കാലുകയറ്റിവെച്ചു. ഇടത്തെ കൈകൊണ്ടു വലത്തേ കാൽപാദത്തിലെ അപ്പൻവിരൽ പിടിച്ചുതിരിച്ചു. അപ്പോഴുണ്ടായ ഒരു നേർത്ത ശബ്ദം എല്ലാവരും ആസ്വദിച്ചപോലെ തോന്നി.
ഗോഡ്സെ പുഞ്ചിരിച്ചുകൊണ്ട് സമ്മതഭാവത്തിൽ ഇരുന്നു.
''ഞങ്ങൾ ബുദ്ധിമുട്ടിക്കുകയാണെന്നു കരുതരുത്'' -ആപ്തെ കസേരയിൽനിന്ന് ഇളകിയിരുന്നു.
പരാൻജ്പേ അതിനു മറുപടിയൊന്നും പറഞ്ഞില്ല. കാൽപാദം ഷൂസിനുള്ളിൽ തിരുകിയ ശേഷം അയാൾ എഴുന്നേറ്റു.
''നിങ്ങൾക്കിപ്പോൾ എത്രയാണാവശ്യം?''
''ഒരു...ഇരുപത്തിയയ്യായിരം രൂപ കിട്ടിയാൽ ഉപകാരം.''
ആപ്തെ ഒട്ടും ശങ്കയില്ലാതെ പറഞ്ഞു.
തൈര് കഴിച്ചു ചീർത്ത തന്റെ വെളുത്ത ശരീരം കുലുക്കിക്കൊണ്ടു പരാൻജ്പേ, ഒന്ന് മൂളുകപോലും ചെയ്യാതെ മുറിയിൽനിന്നും ഇറങ്ങിപ്പോയി. കാര്യങ്ങൾ കൈവിട്ട് പോയി എന്ന മട്ടിൽ ഗോഡ്സെ കൂട്ടുകാരനെ നോക്കി. യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതെ ആപ്തെ തന്റെ കസേരയിൽ രാജാവിനെ പോലെ ഇരുന്നു.
അവിടത്തെ ചില്ലലമാരയിലെ പളുങ്കുപാത്രങ്ങളിൽ വെള്ളിനാണയങ്ങളും സ്വർണനാണയങ്ങളും ബ്രിട്ടീഷ് രാജ്ഞിയുടെ തലപതിപ്പിച്ച പതക്കങ്ങളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഗോഡ്സെ അതിലേക്കു കണ്ണോടിച്ചിരുന്നു. പ്രതാപികളുടെ പറുദീസയിൽ ഇതുപോലുള്ള അനേകം അത്ഭുതങ്ങൾ ഉണ്ടാവുമെന്നമട്ടിൽ!
അൽപനേരത്തിനുശേഷം പരാൻജ്പേ മുറിയിലേക്ക് റോസാസുഗന്ധത്തിനൊപ്പം കടന്നുവന്നു.
ഗോഡ്സെ അറിയാതെ എഴുന്നേറ്റുപോയി.
''ഇതാ...പതിനായിരം ഉണ്ട്, ബാക്കി നമുക്ക് പിന്നീട് ആലോചിക്കാം.'' പരാൻജ്പേ നോട്ടുകെട്ട് ആപ്തെക്കു നീട്ടി. മഹാത്ഭുതം സംഭവിക്കുന്ന മട്ടിൽ ആപ്തെ അദ്ദേഹത്തെ നോക്കി. അയ്യായിരമെങ്കിലും കിട്ടുമല്ലോ എന്ന് കരുതിയാണ് കുറച്ചധികം ചോദിച്ചത്. ഇത് പ്രതീക്ഷക്കു മുകളിലുള്ള ഒരു തുകയാണ്. ആപ്തെ രണ്ടു കൈയും നീട്ടി കാശു വാങ്ങിയശേഷം, അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിക്കാനായി കുനിഞ്ഞതും പരാൻജ്പേ സ്നേഹപൂർവം വിലക്കി.
''ഞാൻ ദൈവമോ ഗുരുനാഥനോ അല്ല. നിങ്ങളെപ്പോലെ ഒരു ഹിന്ദു പോരാളിയാണ്. മംഗളം ഭവന്തു.''
രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ സന്തോഷിച്ച മനുഷ്യരെപോലെ ആഹ്ലാദിച്ചാണ് ആപ്തെയും ഗോഡ്സെയും, നഗരത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന വാസ്തുകലാചാതുരിയാർന്ന ആ സൗധത്തിൽനിന്നും പുറത്തിറങ്ങിയത്. സമയം തെളിഞ്ഞു തുടങ്ങിയെന്നു ഗോഡ്സെ ജ്വലിക്കുന്ന സൂര്യനെ നോക്കി കണ്ണടച്ചു. ആപ്തെ ഇരുകൈകളും അസാമാന്യവലുപ്പമുള്ള കീശയിൽ തിരുകി നെഞ്ച് വിരിച്ചു നടന്നു. ഫണ്ടു കിട്ടിയതു ഇരുവരെയും സ്വയം ധൈര്യപ്പെടുത്തി. അൽപം മുന്നോട്ടു നടന്നതും ആൾക്കൂട്ടം കണ്ടു. വട്ടംകൂടിനിന്നു ആൾക്കാർ എന്തോ കാഴ്ച കാണുകയാണ്. അവിടെ എന്താണ് നടക്കുന്നതെന്ന് കാണാനുള്ള ആകാംക്ഷ ആപ്തെക്കുണ്ടായിരുന്നുവെങ്കിലും, ആൾക്കൂട്ടത്തെ ഗോഡ്സെ വെറുത്തു. അതൊന്നും കണക്കിലെടുക്കാതെ ആപ്തെ ആൾക്കൂട്ടത്തിൽ ചെന്നു തലയിട്ടുനോക്കി. താടി നീട്ടിവളർത്തിയ ഒരു തെരുവ് മാന്ത്രികൻ, താൻ പരിശീലിപ്പിച്ച കുരുവിയെകൊണ്ട് അത്ഭുതങ്ങൾ കാണിക്കുകയാണ്. തോളിലിരിക്കുന്ന കുരുവിയോട് അയാൾ ഒരു വിചിത്ര ഭാഷയിൽ എന്തോ പറഞ്ഞപ്പോൾ, കുരുവി അയാളുടെ വലത്തേ ഉള്ളംകൈയിലുള്ള ബീഡിയെടുത്തു യജമാനന്റെ ചുണ്ടില് വെച്ച് കൊടുക്കുന്നു. കണ്ടുനിന്ന ജനം കൈയടിച്ചു. ആപ്തെ കൈകൾ കീശയിൽനിന്ന് പിൻവലിച്ചതേയില്ല. കീശയിലുള്ള പണത്തെപ്പറ്റി അയാൾ ജാഗ്രത്തായിരുന്നു.
തെരുവ് മാന്ത്രികൻ താടി ഉഴിഞ്ഞശേഷം മറ്റൊരു ചെപ്പടിവിദ്യ കാണിക്കാനൊരുങ്ങി. ആ മെലിഞ്ഞ മനുഷ്യൻ നിലത്തൊരു പച്ച ടവ്വൽ വിരിച്ചു. ജനം ആകാംക്ഷയോടെ തിക്കിത്തിരക്കി. അയാൾ ടവ്വലില് കുറെ വർണമുത്തുകൾ വിതറി, എന്നിട്ടു നൂലിൽ കോർത്ത ഒരു തയ്യൽസൂചി വാനിലേക്കുയർത്തി പിടിച്ചു പതിയെ ചൂളം വിളിച്ചു. അയാളുടെ തോളിലിരുന്ന കുരുവി പൊടുന്നനെ പറന്നുചെന്നു സൂചി കൊത്തിയെടുത്തു നിലത്തുവിരിച്ച പച്ച ടൗവലിൽ വന്നിറങ്ങി. ആളുകൾ കണ്ണുമിഴിച്ചു, കുരുവി ആൾക്കാരെയോ ആരവങ്ങളോ ശ്രദ്ധിക്കാതെ സൂചിനൂലിൽ മുത്തുകൾ കോർക്കാൻ തുടങ്ങി. ആൾക്കൂട്ടം കൈയടിച്ചു. ഏതാനും നിമിഷങ്ങൾകൊണ്ട് കുരുവി മുത്തുമാല തീർത്തു. മാന്ത്രികൻ കുരുവിയിൽനിന്നും മാല വാങ്ങി, അടുത്ത് നിന്ന ഒരു കുട്ടിയുടെ കഴുത്തിൽ അണിയിച്ചുകൊടുത്തു. കൈയടികൾ ഉയർന്നു, നാണയത്തുട്ടുകൾ പച്ച ടൗവലിലേക്കു വീണുകൊണ്ടിരുന്നു...എന്നിട്ടും മാന്ത്രികന്റെ മുഖത്തു യാതൊരു പ്രസാദവും ഉണ്ടായില്ല. കുരുവിയെ തലയിലിരുത്തി അയാൾ മറ്റൊരു ചെപ്പടിവിദ്യ കാണിക്കാൻ ഒരുങ്ങിയപ്പോൾ, ഗോഡ്സെ വന്നു ആപ്തെയുടെ തോളിൽ തട്ടി.
''സമയം പോകുന്നു.''
ആപ്തെ കൂട്ടുകാരൻ പറഞ്ഞത് കൂട്ടാക്കാതെ, അയാളെ ആൾക്കൂട്ടത്തിലേക്കു ചേർത്ത് നിർത്തി. അവിടെ ചില പൊലീസുകാർ ആരെയോ തിരയുന്നതായി ആപ്തെ നേരത്തേ കണ്ടിരുന്നു. അതുകൊണ്ടാണ് അയാൾ ആൾക്കൂട്ടത്തിൽ തലപൂഴ്ത്തിയത്. ഈ മാന്ത്രികവിദ്യ ഗോഡ്സെക്ക് ഇപ്പോഴാണ് പിടികിട്ടിയതെന്നു മാത്രം. ആൾക്കൂട്ടം പിരിയാൻതുടങ്ങുകയും പൊലീസുകാർ നടന്നു നീങ്ങുകയും ചെയ്യുന്നതിനിടയിൽ ഇരുവരും ധൃതിയിൽ റോഡ് മുറിച്ചുകടന്നു ട്രാം കയറി.
''ഡൽഹിക്കു നമുക്ക് വിമാനത്തിൽ പോകാം.''
ആപ്തെ പറഞ്ഞത് അവിശ്വാസത്തോടെയാണ് ഗോഡ്സെ ശ്രദ്ധിച്ചത്.
''കൈയിൽ യഥേഷ്ടം പണമുണ്ട്, പിന്നെ ആ ഒരു സാധ്യത തേടുന്നതിൽ കുഴപ്പമുണ്ടോ?''
''ഇല്ല, അതുതന്നെയാണ് സുരക്ഷിതം.''
കുറച്ചുദൂരം പിന്നിട്ടപ്പോൾ അവർ ട്രാമിൽ നിന്ന് ചാടിയിറങ്ങി. കുതിരവണ്ടികൾ കേടുപാടുകൾ തീർക്കാനായി നിർത്തിയിട്ടിരിക്കുന്ന ഗലിയിലെ നടപ്പാതയിലൂടെ അവർ മൗനം പേറി നടന്നു. ടിക്കറ്റ് ബുക്കിങ് ഓഫിസ് അധികം ദൂരത്തല്ലായിരുന്നു. ആപ്തെ രണ്ടു ടിക്കറ്റുകൾ പറഞ്ഞു.
''വിനായക് റാവു...''
''നാരായൺ റാവു...''
വ്യാജപേരിൽ ടിക്കറ്റ് അടിച്ചുകിട്ടി. ജനുവരി 27നു അവർ ഡൽഹിക്കു പറക്കും. ആത്മാഭിമാനത്തോടെ ഗോഡ്സെ ടിക്കറ്റ് വാങ്ങി പോക്കറ്റിലിട്ടു.
എൽഫിൻസ്റ്റൺ അനെക്സ് ഹോട്ടലിലെ നീന്തൽകുളത്തിൽ നന്നായൊന്നു നീരാടണമെന്നു ആപ്തെ നിശ്ചയിച്ചു. ബുക്കിങ് ഓഫീസിന്റെ പടിയിറങ്ങി താഴെ എത്തിയപ്പോൾ ഗോഡ്സെ ചോദിച്ചു: ''നിനക്ക് പുകവലിക്കാൻ തോന്നുന്നുണ്ടോ?''
ആപ്തെ പുഞ്ചിരിച്ചുകൊണ്ട് മുരടനക്കി.
''ഇല്ല, ഇപ്പോൾ എന്റെ വിചാരം വേറെയാണ്.''
എൽഫിൻസ്റ്റൺ ഹോട്ടലിൽ എത്താൻ ടാക്സി അധികസമയം എടുത്തില്ല. ഒരു ദേവദൂതയെപോലെ, നാരായൺ ആപ്തെയെ കാത്ത് മനോരമ സാൽവി ഹോട്ടൽ ലോഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. ആപ്തെയെ കണ്ടതും അവൾ അരികിലേക്ക് ഓടിവന്നു.
''കൊച്ചുകുഞ്ഞിനേക്കാൾ നിഷ്കളങ്കതയാണ് ഇവളുടെ മുഖത്ത്.''
സാല്വിയുടെ മുഖം കൈകുമ്പിളിൽ കോരിയെടുക്കാൻ ആപ്തെ വെമ്പി.
''കുറെ നേരമായോ വന്നിട്ട്, മുഷിഞ്ഞുകാണും.''
ആഹ്ലാദം മറച്ചുവെക്കാതെ ആപ്തെ അവളെ തൊട്ടു.
''ടാക്സിക്ക് കാശു കൊടുക്കൂ, എന്നിട്ടു സംസാരിക്കാം'' -ഗോഡ്സെ ഇടക്ക് കയറി പറഞ്ഞു.
''വ്യാസ് ബോംെബയിൽ എത്തിയിട്ടുണ്ട്. ഗോപാൽ ഭാവു എന്നെ വിളിച്ചിരുന്നു. അത് പറയാനാണ് ഞാൻ വന്നത്'' -അവൾ പെെട്ടന്ന് ഉത്സാഹം കെട്ടവളെപോലെ പറഞ്ഞു.
ഇതുകേട്ടതും ഗോഡ്സെ ഉത്സാഹത്തിലായി. സാല്വിയോട് നീരസം പ്രകടിപ്പിച്ചതിൽ അയാൾക്ക് തന്നോട് തന്നെ ഈർഷ്യ തോന്നി. മനോരമ സാൽവി കൃത്രിമമായി അയാളോട് ചിരിച്ചു. എന്നിട്ടു ആപ്തെയുടെ കൈപിടിച്ചുകൊണ്ടു പുല്ത്തകിടിയിലേക്കു മാറിനിന്നു.
''നീ കാത്തുനിന്നു വാടിപ്പോയി എന്റെ പൊന്നെ.''
''അഞ്ചുനിമിഷത്തിലധികം കാത്തുനിൽക്കുന്നത് മുഷിപ്പാണ്. പക്ഷേ അത് നിങ്ങളെയാകുമ്പോൾ മണിക്കൂറുകൾ ആയാലും സാരമില്ല. എനിക്ക് ഒന്ന് കണ്ടാൽ മതി.''
''നമുക്ക് ഇതേ ടാക്സിയിൽതന്നെ താനെക്കു പോകാമായിരുന്നു'' -ഗോഡ്സെ വിളിച്ചു പറഞ്ഞു. അയാൾക്കു നിക്കപ്പൊറുതിയുണ്ടായിരുന്നില്ല.
''ഇയാളെ ഞാനിന്നു കൊല്ലും'' -മനോരമ പറഞ്ഞു.
''സമാധാനപ്പെടൂ. എന്റെ കൊച്ചുപെണ്ണേ.''
''ഹോ...'' അവൾ പുരികം ചുളിച്ചു. ഒരു കൈകൊണ്ടു അടിവയർ പൊത്തിപ്പിടിച്ചു.
''നമുക്ക് ഇരുട്ടും മുമ്പ് വ്യാസിനെ കാണണം.'' ഗോഡ്സെ ധൃതി കൂട്ടി.
''മുറിയിൽ ചെന്ന് ഒന്ന് ഫ്രഷായിട്ടു പോയാൽ പോരെ?''
''വേണ്ട, നമുക്കിപ്പോൾതന്നെ ടാക്സി വിളിക്കാം.''
ഇത് കേട്ടതും മനോരമ സാൽവിയുടെ മുഖം വാടി. കിരീടം നഷ്ടപ്പെട്ടതിനാൽ തീരുമാനം എടുക്കാനും തർക്കിക്കാനും കഴിയാത്ത ധർമസങ്കടത്തിലായിരുന്നു ആപ്തെ.
ഹോട്ടൽ പാറാവുകാരനോട് ഒരു ടാക്സി വിളിക്കാൻ ഗോഡ്സെ ആവശ്യപ്പെട്ടു. ഈസമയത്തിനകം മനോരമ സാൽവി, ആപ്തെയോട് നന്നായി ചേർന്നുനിന്നു. ഹോട്ടൽ മുറ്റമാണ്, ചുറ്റിലും ആൾക്കാരുണ്ട് എന്നൊന്നും ഗൗനിക്കാതെ ആപ്തെ അവളുടെ ചുരുണ്ട മുടി കൈയിലെടുത്തു മണപ്പിച്ചു.
ടാക്സിയുടെ ഹോൺ മുഴങ്ങി.
ഗോഡ്സെ വണ്ടിയിൽ കയറിക്കഴിഞ്ഞിരുന്നു. ആപ്തെ സാൽവിയിൽനിന്ന് രണ്ടടി പിന്നോട്ടുവെച്ചു.
''നമുക്ക് നാളെ തീർച്ചയായും കൂടാം.''
അവളുടെ കണ്ണ് നിറയുന്നതും മുഖം ചുവക്കുന്നതും കാണാൻ നിൽക്കാതെ, ആപ്തെ ഓടി കാറിൽ കയറി. കൈയുയർത്തി യാത്ര പറയാൻ അവരുടെ മനസ്സനുവദിച്ചില്ല. അപകടം പിടിച്ച ഈ കളി അവസാനിക്കാറായെന്നു സാൽവിക്കു തോന്നി.
ടാക്സിയിലിരുന്നു ആപ്തെ സ്വയം ശപിക്കുകയോ കൂട്ടുകാരനോട് നീരസം പ്രകടിപ്പിക്കുകയോ ചെയ്തില്ല. അയാൾ ശുഭാപ്തിവിശ്വാസിയാണ്. ഡ്രൈവറുടെ തൊട്ടടുത്തിരുന്ന് സാൽവി തന്നെ പ്രണയപൂർവം നോക്കുന്നതായി ആപ്തെ സങ്കൽപിച്ചു.
''നാം പ്രണയം തുടങ്ങിയത് മുറിക്കുള്ളിലാണ്, വരാന്തകളുടെ ചുമരുകൾക്കിടയിലാണ്, കൊട്ടകയിലെ ഇരുട്ടിലും കടപ്പുറത്തെ കാറ്റിലുമാണ്. നമ്മുടെ പ്രണയം അരൂപിയുടെ ഹൃദയമാണ്. അതിനാൽ ലോകത്തിനു നമ്മുടെ പേരറിയില്ല, വിരഹവേദനയറിയില്ല!''
ആപ്തെ താനെ വരെയും ഗോഡ്സെയെ തൊട്ടുരുമ്മാതിരിക്കാൻ ശ്രമിച്ചു. ഈ ലോകത്തോട് വല്ലാത്ത സ്നേഹത്തിലാവാൻ പഠിപ്പിച്ച മനോരമയെ ഏകാന്തമായി ധ്യാനിച്ചുകൊണ്ട് അയാൾ ആ സായാഹ്നയാത്ര അവസാനിപ്പിച്ചു.
അവർ ജോഷിയുടെ വീടെത്തുമ്പോൾ ആകാശത്ത് അധികം നക്ഷത്രങ്ങൾ ഉണ്ടായിരുന്നില്ല. മധുരപ്പതിനേഴുകാരനായ ജോഷിയുടെ മകനാണ് ഗേറ്റ് തുറന്നത്. കാർക്കറെയും ഗോപാലും ജോഷിയും ആരതി ഉഴിയുകയായിരുന്നു. പൂജാമുറിയിൽനിന്ന് മണി നിലക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു. ഗോഡ്സെയും ആപ്തെയും കോലായിയിലേക്ക് കയറിവരുന്നത് കണ്ടതും, കാർക്കറെ ഓടിവന്നു അവരെ സ്വാഗതം ചെയ്തു. അവരെ കണ്ടതും അയാൾക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി.
ജോഷി അതിഥിമുറിയിൽ ഗോപാലിനൊപ്പം ഇരിക്കുകയായിരുന്നു, കുന്തിരിക്കത്തിന്റെ മണം മുറിയിൽ നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.
''നമസ്കാരം...''
ഗോഡ്സെയും ആപ്തെയും രാവിലത്തെ സംഭവം മറന്നുകൊണ്ട് ജോഷിയെ അഭിവാദ്യം ചെയ്തു. ജോഷി ഇരുകൈയും നീട്ടി അവരെ സ്വീകരിച്ചു. തിരിച്ചറിവുകൾ മനുഷ്യന്റെ സ്വഭാവത്തെ മിനുസപ്പെടുത്തും. കാർക്കറെ കാര്യങ്ങൾ നേരത്തേ വിശദീകരിച്ചതിനാൽ ജോഷി കാരുണ്യവാനെപ്പോലെ പെരുമാറി. ഗോപാൽ ഗോഡ്സെ പുഞ്ചിരിതൂകി എല്ലാത്തിനും സാക്ഷ്യം നിന്നു. മണി ഒച്ച നിലച്ചതും ജോഷി അകത്തേക്കുപോയി ഒരു താലത്തിൽ പ്രസാദവുമായി വന്നു.
ചെറിയ ജിലേബിപോലുള്ള പ്രസാദം അയാൾ ആദ്യം നൽകിയത് ആപ്തെക്കാണ്. തന്റെ വീട്ടിലുള്ള സംഘംചേരൽ ഭാവിയിൽ തലവേദനയാകുമോ എന്ന ആശങ്ക ജോഷിയുടെ ഉള്ളിൽ ഉരുണ്ടുകൂടുന്നുണ്ടോ എന്ന് ആപ്തെ സംശയിക്കാതിരുന്നില്ല. കാർക്കറെയും ജോഷിയും തമ്മിലുള്ള ഹൃദയടുപ്പംകൊണ്ടുമാത്രമാണ് ഈ രാത്രിയിൽ ഇങ്ങനെ ഒരവസരം ഉണ്ടായത്. പുറത്തെവിടെയെങ്കിലും ഇരുന്നു സംസാരിക്കുന്നതിനേക്കാൾ സുരക്ഷിതം ഈ ബംഗ്ലാവിൽ കൂടുന്നതാണ്. അതെല്ലാവർക്കും അറിയാമായിരുന്നു.
''എന്താണിനി നിങ്ങളുടെ പരിപാടി'' -ജോഷി കാർക്കറെയോടു ചോദിച്ചു.
''പാതിവഴിയിൽ ഉപേക്ഷിച്ചത് പൂർത്തിയാക്കണം.'' നാഥുറാം ഗോഡ്സെയാണ് മറുപടി പറഞ്ഞത്.
ജോഷി ഒന്നിരുത്തി മൂളിയശേഷം, എഴുന്നേറ്റുകൊണ്ടു പറഞ്ഞു: ''രാത്രിഭക്ഷണം തയാറാക്കട്ടെ?''
എല്ലാവരും ഒരുപാടുനേരം അവിടെ സമയം ചെലവഴിക്കുന്നതിൽ കാർക്കറെക്കു ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. പക്ഷേ ആരും കൃത്യമായ ഒരു തീരുമാനം പറഞ്ഞില്ല.
''എല്ലാവരും അത്താഴം കഴിച്ചിട്ടു പോയാൽ മതി'' -ജോഷി പറഞ്ഞു.
''ഞങ്ങൾക്കൊരു രഹസ്യയോഗം കൂടണമെന്നുണ്ട്, അതിനു സൗകര്യം ചെയ്തു തന്നാൽ ഉപകാരം.'' ആപ്തെ ജോഷിയോടു അഭ്യര്ഥിച്ചു.
''നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം തന്നെ അതാണല്ലോ, ഞാനക്കാര്യം മറന്നു.'' ജോഷി എല്ലാവരോടുമായി ചിരിച്ചു.
''നിങ്ങള്ക്ക് മട്ടുപ്പാവിലിരിക്കാം, അവിടെ ആരുടേയും ശല്യം ഉണ്ടാവില്ല.''
വൃദ്ധനായ ജോലിക്കാരനും ജോഷിയുടെ മകനും ചേർന്ന് മട്ടുപ്പാവിൽ കസേരകൾ നിരത്തിയിട്ടു. ആപ്തെ ഗോപാലിന്റെ തോളിൽ കൈയിട്ടു അത് നോക്കിനിന്നു.
ക്ഷേത്ര ഉത്സവത്തിന്റെ ദീപാലങ്കാരംപോലെ, രാത്രി നഗരം പ്രകാശപൂരിതമായിരുന്നു. മട്ടുപ്പാവിൽനിന്നുള്ള രാത്രി ദൃശ്യം മനോഹരമായിരുന്നു.
''കുറച്ചു ദിവസം നീ വിഷമിച്ചുപോയി അല്ലെ'' -നാഥുറാം ഗോഡ്സെ അടുത്തേക്ക് വന്നു ഗോപാലിനോട് ചോദിച്ചു.
''ശരിക്കും ഒറ്റപ്പെട്ടുപോയി.'' അയാൾ ചേട്ടന്റെ കൈയിൽ കേറി മുറുകെ പിടിച്ചു.
ജോഷിയുടെ മകൻ വസന്തും ജോലിക്കാരനും താഴേക്ക് ഇറങ്ങിപ്പോയി. മട്ടുപ്പാവിൽ നേർത്ത കുളിര്കാറ്റുണ്ടായിരുന്നു. ഗോപാൽ ചെറുതായി തുമ്മി.
''എല്ലാവരും വന്നിരിക്കൂ.'' കാർക്കറെ പറഞ്ഞു.
കാർക്കറെയും ആപ്തെയും മുഖാമുഖം ഇരുന്നു. എല്ലാവരും വട്ടമിട്ടിരുന്നപ്പോള് ഏഴുപേരുണ്ടായിരുന്ന ഗൂഢസംഘം നാലുപേരായി ചുരുങ്ങിയതിന്റെ സ്മാരകമായി മൂന്ന് കസേരകൾ ഒഴിഞ്ഞുകിടന്നു.
''വ്യാസ് ഇവിടെ എത്തിയ വിവരം ഗോപാൽ എങ്ങനെ അറിഞ്ഞു?''
''ടെലിഗ്രാം കിട്ടി.''
അവിശ്വസനീയതയോടെ ആപ്തെ കാർക്കറെയെ നോക്കിയപ്പോൾ, അയാൾ വിശദീകരിച്ചു.
''പേടിക്കേണ്ടാ, താനെയിൽ നിന്നല്ല ഞാൻ കമ്പിയടിച്ചത്. നമുക്കിടയിലെ വിളിപ്പേരിലാണ് താനും.'' ''വ്യാസ് നിങ്ങൾ മിടുക്കനാണ്.'' ഗോഡ്സെ കാർക്കറെയെ നോക്കി ചിരിച്ചു.
കുറെ നാളുകൾക്കു ശേഷം എല്ലാവരും ഇതുകേട്ട് മതിമറന്നു ചിരിച്ചു.
''ജോഷി ഭാവുവിന്റെ മകൻ വസന്തിനെ, ഇവിടുന്ന് 200 മെയിൽ അകലെയുള്ള സെൻട്രൽ ടെലിഗ്രാം ഓഫീസിലേക്ക് വിട്ടാണ് ഞാൻ ടെലിഗ്രാം അയപ്പിച്ചത്. താനെയിൽനിന്ന് ചെയ്യുകയാണെങ്കിൽ പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കാനും സാധ്യതയുണ്ട്, അതൊഴിവാക്കാനാണ് ദൂരെ പോയി ചെയ്തത്'' -കാർക്കറെ പറഞ്ഞു.
ഡൽഹിയിൽനിന്നും ബോംബെ വരെയുള്ള ദുരന്തയാത്രയിൽ മദൻലാലിനെ ഓർത്ത് വ്യാസ് കൂടുതൽ ജാഗ്രത്തായി എന്ന് ആപ്തെക്കു മനസ്സിലായി.
നഗരത്തിലേക്ക് വഴിതെറ്റി വന്ന ഒരു രാപ്പക്ഷി, ചിലച്ചുകൊണ്ടു ഗൂഢസംഘത്തിന്റെ തലക്കു മുകളിലൂടെ പറന്നുപോയി. അപ്പോൾ വല്ലാത്തൊരു ഊർജത്തോടെ നാഥുറാം ഗോഡ്സെ തന്റെ പ്ലാൻ പറഞ്ഞു. ഡൽഹിയിൽ നടപ്പാക്കാനുള്ള വിശദമായ പദ്ധതിയായിരുന്നു അത്. അതെ സ്ഥലം അതെ മനുഷ്യൻ!
ഏഴുപേർക്ക് പകരം മൂന്നുപേരുടെ പടപ്പുറപ്പാട്.
ഗോപാൽ ഗോഡ്സെയും കാർക്കറെയും പദ്ധതിയുടെ അനുമതിക്കായി നേതാവായ ആപ്തെയെ നോക്കി. ആപ്തെ ഒന്നും മിണ്ടാതെ സമ്മതഭാവത്തിൽ ഇരുന്നതേ ഉള്ളൂ.
ഗോഡ്സെയാണ് ആവേശത്തോടെ കാര്യങ്ങൾ വിശദീകരിക്കുന്നത്. ''അയാൾ ഡൽഹിയിൽ നിരാഹാരം അവസാനിപ്പിക്കും മുമ്പ് കാര്യം നടത്തണം.''
ഏതാനും ദിവസത്തെ ഒളിവ് ജീവിതത്തിനിടയിൽ കാര്യങ്ങൾ തകിടംമറിഞ്ഞതായി ഗോപാലിനും കാര്ക്കറെക്കും ബോധ്യമായി. ഗ്യാങ് ലീഡർ മാറിയിരിക്കുന്നു. പുതിയ നേതാവിന്റെ ആജ്ഞാനുവർത്തിയാണിപ്പോൾ നാരായൺ ആപ്തെ.
''ഇനി മൂന്ന് പേര് മതി, ഗോപാൽ വരേണ്ടതില്ല'' -ഗോഡ്സെ പറഞ്ഞു.
പുതിയ നേതാവിനെ അംഗീകരിക്കാൻ എന്നോണം ഗോപാൽ തന്റെ പോക്കറ്റിൽനിന്നും .38 സർവീസ് റിവോൾവർ എടുത്തു ചേട്ടന് നൽകി. ലോകം ആരാധിക്കുന്ന അഹിംസാവാദിയെ കൊല്ലാനുള്ള ദൗത്യത്തിൽനിന്നും ഗോപാൽ ഗോഡ്സെയെ കാലം ഒഴിവാക്കിയിരിക്കുന്നു. മഹാന്റെ പ്രാണൻ പിടയുന്നതും ചോര ചിന്തുന്നതും കാണാനുള്ള യോഗം അയാൾക്കില്ല.
നാഥുറാം വിനായക് ഗോഡ്സെ തന്റെ നയം ഒന്നുകൂടി വ്യക്തമാക്കി. ''വരും ദിവസങ്ങളിൽ നിർണായകമാണ്. ലോകത്തിന്റെ കണ്ണുകൾ നമ്മളിലേക്ക് എത്തുന്നതിനു മുമ്പ് കാര്യം നടത്തണം. ബാഡ്ജെയെ പോലെ ഒരു തന്തക്കു പിറക്കാത്തവനെ വിശ്വസിച്ചതാണ് നമുക്ക് പറ്റിയ തെറ്റ്.''
എല്ലാവരും ആവേശപൂർവം ഗോഡ്സെയെ കേട്ടിരുന്നു. ആകാശത്തു കൂടുതൽ നക്ഷത്രങ്ങൾ പ്രത്യക്ഷമായി.
ഗൂഢസംഘത്തിന്റെ ഒന്നിച്ചിരുന്നുള്ള അവസാനത്തെ അത്താഴമായിരുന്നു. ചൂട് ചപ്പാത്തിയും ദാൽ കറിയും കട്ടിത്തൈരും നല്ല എരിവുള്ള മാങ്ങാ അച്ചാറും ജോഷി തന്നെ അതിഥികൾക്ക് വിളമ്പിക്കൊടുത്തു.
മട്ടുപ്പാവിലെ കാർപെറ്റിൽ വട്ടമിട്ടിരുന്നു എല്ലാവരും വയറു നിറയെ കഴിച്ചു.
''പൂനക്കു ഇനി എപ്പോഴാണ് വണ്ടി?'' ഗോപാൽ ചോദിച്ചു.
''പത്തുമണിക്കു ശേഷം ഉണ്ട്'' -ജോഷി പറഞ്ഞു.
ചേട്ടന്റെ കാൽ തൊട്ടു വണങ്ങിയശേഷം, ഗോപാൽ എല്ലാവരോടും യാത്രപറഞ്ഞിറങ്ങി. സാന്താസദന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആപ്തെ അയാളുടെ അരികിൽ വന്നു ചോദിച്ചു:
''ചമ്പത്തായി വല്ലതും പറഞ്ഞുവിട്ടിരുന്നോ?''
''ഇല്ല, നിങ്ങള്ക്ക് വേണ്ടി അവർ എന്നും പ്രാർഥിക്കാറുണ്ട്. അത് ഓർമയുണ്ടായാൽ മതി.''
ഗോപാൽ ഗേറ്റ് കടന്നു ഇരുട്ടിലേക്കിറങ്ങി. റെയിൽവേ സ്റ്റേഷൻവരെ അയാളെ ഒരു പട്ടി പിന്തുടർന്നു.
ആയുധം കൈവശം ഇല്ലാത്തവന്റെ ഭാരമില്ലായ്മയോടെ നിൽക്കുമ്പോൾ വീട്ടിലേക്കു പോകാനുള്ള വണ്ടി വരുന്നതിന്റെ വെളിച്ചം അയാൾ അകലെനിന്ന് കണ്ടു. അധികം വൈകാതെ, മഹാത്മാവിന്റെ ചിതാഭസ്മവുമായി ഭാരതം ചുറ്റുന്ന ഒരു തീവണ്ടി ഇതുപോലെ ചൂളം വിളിക്കുമെന്ന് ഗോപാൽ ഗോഡ്സെ നെഞ്ചിൽ കൈവെച്ചു.
പൂനയിലേക്കു ഇനി അധികം ദൂരമില്ല!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.