പ്രണയജീവികളുടെ കല്ലറ
1948 ജനുവരി 26 തിങ്കളാഴ്ച. അസാധാരണമായ ഒരു ദിവസമായിരുന്നു. ഉറക്കം മുറിഞ്ഞ നേരം മുതൽ മനോരമ സാല്‍വിക്ക് അത് മനസ്സിലായി. അവളുടെ മുറിയിൽ, എത്രയോ കാലമായി ആ മുറിയുടെ ഹൃദയംപോലെ ഒരു ചെറിയ മരമേശ സ്ഥിതിചെയ്യുന്നു. മുറി അടിച്ചുവാരുമ്പോൾപോലും അത് നീക്കിയിടാറില്ല. അവൾ ആ മേശക്കു മുന്നിൽ മുട്ടുകുത്തിനിന്നു. അപ്പോൾ ആ മുറിയുടെ പുറത്ത് ലോകം തമ്മിലടിക്കുകയും തലോടുകയും കൊലചെയ്യുകയും സ്നേഹിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ഉറങ്ങുകയും വിശപ്പ് പങ്കുവെക്കുകയും കാമിക്കുകയും ആത്മഹത്യ ചെയ്യുകയും പുസ്തകം വായിക്കുകയും വെറുക്കുകയും വേദനിക്കുകയും വേദം ഉരുവിടുകയും വ്യഭിചരിക്കുകയും വേവലാതിപിടിക്കുകയും പ്രസവിക്കുകയും പേൻ നോക്കുകയും ഗൂഢാലോചന നടത്തുകയും പ്രാർഥിക്കുകയും ചെയ്യുകയായിരുന്നു.
ഇതൊന്നും അറിയാതെ മനോരമ സാല്‍വി തന്റെ പ്രിയപ്പെട്ട മേശവലിപ്പു തുറന്നു, അതിൽനിന്ന് തുരുമ്പെടുത്തുതുടങ്ങിയ ഒരു ചെറിയ തകരപ്പെട്ടി പുറത്തെടുത്തു. സ്നേഹപൂർവം അത് തുറന്നു. അതിൽനിന്നും നാരായൺ ആപ്തെയുടെ ഓർമകളും ശരീരഗന്ധവും പുറത്തേക്കു ചാടി.
ഒന്നിച്ചു കുളിച്ചപ്പോൾ അയാളുടെ അരക്കെട്ടിൽനിന്ന് പൊട്ടിച്ചെടുത്ത ഏലസ്സ്, കുപ്പായക്കുടുക്കുകൾ, അയാളുടെ തലമുടി, തുപ്പൽ നനഞ്ഞ ഏതാനും സിഗരറ്റ് കുറ്റികള്‍, പൂണൂലിന്റെ ഒരു കഷ്ണം, ഒരു തീപ്പെട്ടിക്കൂട്, പെരുവിരൽ നഖകീറ്, ഒരു ചെറു കുപ്പിയിൽ അടച്ച അയാളുടെ നെഞ്ച് രോമങ്ങൾ, വ്യാജപേരിൽ തനിക്കെഴുതിയ അവസാനത്തെ കത്ത്. തേഞ്ഞു നാവുപോലെയായ സോപ്പിന്റെ അവശിഷ്ടം, ഇതെല്ലാംകൊണ്ട് സമ്പന്നമായിരുന്നു ആ കുഞ്ഞു തകരപ്പെട്ടി.
അവൾ അതെല്ലാം മേശപ്പുറത്തു നിരത്തിവെച്ചു. എന്നിട്ട് കത്തെടുത്തു വായിക്കാൻ തുടങ്ങി.
ഞാൻ നിന്റെ ആരെന്നു നിനക്കും, നീയെന്റെ ആരാണെന്നു എനിക്കും നന്നായറിയാം. എന്റെ കൊച്ചുപെണ്ണേ... സാൽവി.
ഞാനൊരു ബ്രിട്ടീഷ് ഏജന്റ് ആണെന്നാണ് ചിലർ പറയുന്നത്. ഞാനൊരു ഹിന്ദു മൗലികവാദിയാണെന്ന് പറയുന്നവരുമുണ്ട്. നല്ല ഭർത്താവോ ഗൃഹനാഥനോ അല്ലെന്നു പറയുന്ന ബന്ധുക്കളും ഉണ്ട്. സ്ത്രീലമ്പടനാണെന്നു പറയുന്നവരും ഇല്ലാതില്ല. ഈ കാര്യത്തിലൊന്നും എനിക്കൊരു തീർച്ചയും ഇല്ല. എന്റെ പെണ്ണെ... ഒറ്റ കാര്യമേ എനിക്ക് അറിയുകയുള്ളൂ... നീയെന്റെ കാമുകിയാണ്, ഞാൻ നിന്റെ കാമുകനാണ്.
ഞാനില്ലാതെ നിനക്കും, നീയില്ലാതെ എനിക്കും പറ്റില്ല. എന്റെ ശവത്തോടു ചോദിച്ചാൽപോലും പറയും നീ എന്റേതാണെന്ന്..!
മനോരമ സാൽവിയുടെ കണ്ണ് നിറഞ്ഞു. അവൾ കത്ത് മടക്കി പെട്ടിയിൽ വെച്ചു. മറ്റു സ്നേഹശേഷിപ്പുകളും തിരികെ വെക്കുമ്പോൾ കൈവിറച്ചു. മേശമേൽ തലചായ്ച്ചു എത്രനേരമാണ് അങ്ങനെ കിടന്നതെന്നു അവൾക്കുപോലും നിശ്ചയമില്ലായിരുന്നു. ജനലഴികളിലൂടെ വെയിൽനാളം ഒരു കുഴലുപോലെ അകത്തേക്ക് വന്നു.
അവൾ തന്റെ കാല്പാദം ആ വെയിൽവെട്ടത്തിലേക്കു നീട്ടിവെച്ചു. കാൽനഖങ്ങളിൽ അയാൾ തേച്ചുകൊടുത്ത ചായം നരച്ചുതുടങ്ങിയിരുന്നു. അവൾക്കു സങ്കടംവന്നു. വീട്ടുകാർ ഉണരും മുമ്പ് കുളിക്കാൻ കേറി. ശരീരം നനഞ്ഞപ്പോൾ ഒരു കല്യാണപെണ്ണിന്റെ ആഹ്ലാദം അവൾക്കുണ്ടായി.
ഠഠഠ
മനോരമ സാൽവിക്കു ഉറക്കം മുറിഞ്ഞ അതേ നേരത്തുതന്നെയാണ് ഹോട്ടൽ മുറിയിൽ നാരായൺ ആപ്തെക്കു ഉറക്കം പോയത്. അയാൾ രണ്ടു മൂന്ന് സിഗരറ്റ് ഒന്നിന് പിറകെ ഒന്നായി വലിച്ചു. ഒരു ഗ്ലാസ് വെള്ളം കുടിച്ചു. പിന്നെ ഉറക്കത്തെ പറ്റി വേവലാതിപ്പെട്ടതേയില്ല. ഷേവ് ചെയ്തു മുഖം മിനുക്കിയശേഷം അയാൾ ഹോട്ടലിന്റെ ബാൽക്കണിയിൽ ചെന്നുനിന്ന് വീണ്ടും പുകവലിച്ചു. ലോകത്തെ ഞെട്ടിക്കാൻ പോകുന്ന സംഗതി ചെയ്യാൻ പോകുന്ന മനുഷ്യനെ പ്രകൃതി പുലര്കാലങ്ങളിൽ ഒറ്റക്ക് ചിന്തിക്കാൻ നിർത്തും. അതിനാൽ മാത്രം ആ പുലരിയിൽ നാരായൺ ആപ്തെക്കു ഒരു വല്ലായ്മ ഉണ്ടായി. പാതി പുകച്ച സിഗരറ്റ് കുത്തിക്കെടുത്തി അയാൾ വെളിച്ചം കീറുന്ന പ്രതിഭാസം കണ്ടുനിന്നു. വെട്ടം പൂർണമായി പരന്നതും അയാൾ കുളിമുറിയിൽ കയറി. കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ, മുറിയിൽ ഗോഡ്സെ യോഗ ചെയ്യുന്നതാണ് കണ്ടത്.
മനോരമയെ കാണണം.
കാർക്കറെയെ കാണണം.
ഫണ്ടിന് വേണ്ടി ദാദ മഹാരാജിനെ കാണണം, അദ്ദേഹത്തോട് വേറെയും ചിലതു ചോദിക്കാനുണ്ട്. ആപ്തെ നനഞ്ഞ ശരീരം നല്ലതുപോലെ തുടയ്ക്കാനായി വീണ്ടും ബാൽക്കണിയിൽ ചെന്ന് നിന്നു. തലയിൽ നൂറുകൂട്ടം കാര്യങ്ങളാണ്, തല തോർത്തുന്നതുപോലും നേരെയാവുന്നില്ല, അയാളുടെ ഉൾവിളിക്കു എതിരായി പ്രവർത്തിക്കാൻ ആരോ സമ്മർദം ചെലുത്തുന്നതുപോലെ...
''നമുക്ക് നേരത്തെ ഇറങ്ങണം.''
ഗോഡ്സെ യോഗ ചെയ്തുകഴിഞ്ഞു എഴുന്നേൽക്കുന്നതിനിടയിൽ പറഞ്ഞു.
''ഞാനും അത് പറയാൻ ഇരിക്കുകയായിരുന്നു.''
ആപ്തെ മുടി ചീകിക്കൊണ്ടു പറഞ്ഞു.
അവർ ഹോട്ടലിൽനിന്ന് കാപ്പി കുടിച്ചശേഷം നേർത്ത വെയിലിലേക്കിറങ്ങി. അതുവഴി വന്ന ആദ്യത്തെ ടോങ്ക വിളിച്ചു ദാദാ മഹാരാജിനെ കാണാൻ പുറപ്പെട്ടു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഗോഡ്സെ കുതിരക്കാരനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.
''നമുക്കിനി ടാക്സിയിൽ പോകാം.''
നേതൃത്വം മാറിയതിനാൽ ആപ്തെ മറുത്തൊന്നും പറഞ്ഞില്ല. ആജ്ഞാനുവര്ത്തിയാവുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ്, ആപ്തെ ടാക്സിയിൽ കയറിയ ഉടനെ കണ്ണടച്ചിരുന്നു.
''ഹോട്ടൽമുറിയിലും ടാക്സിയിലും ഒളിവിടങ്ങളിലും തന്റെ ജീവിതം തടവുകാലംപോലെ ആയിത്തീരുമോ?''
കാറിൽ ഇരിക്കുമ്പോഴും ഗോഡ്സെ ഉന്മേഷവാനായിരുന്നു. അയാൾ പതുക്കെ കുനിഞ്ഞു ഷൂ ഒന്നഴിച്ചു നോക്കി പുഞ്ചിരിച്ചു. നാരായൺ ആപ്തെ അയാളുടെ സന്തോഷത്തിന്റെ ഏഴു അയലത്തേക്കുപോലും വന്നില്ല. ഷൂ കാലിൽ അണിഞ്ഞ ശേഷം അയാൾ ഒന്നമർത്തി ചവിട്ടി. ഡ്രൈവർ അയാളെ ഒളികണ്ണിട്ട് നോക്കി.
നഗരം അന്ന് നേരത്തേ ഉണർന്നിരുന്നു. റോഡിൽ നിറയെ വാഹനങ്ങൾ ഉണ്ട്. ഗോഡ്സെ തെരുവ് കാഴ്ചകളിലേക്ക് നോക്കിയിരുന്നു. ആപ്തെയുടെ മനസ്സിൽ മനോരമയെ കുറിച്ചുള്ള ചിന്തകൾ നിറയാൻ തുടങ്ങിയിരുന്നു. അയാൾ കണ്ണ് തുറന്നതേയില്ല, അവളെ കുറിച്ചോർക്കുമ്പോൾ മനഃപ്രയാസങ്ങൾ വറ്റിപ്പോകുന്നു...
മോഠാ മന്ദിറിന്റെ മുന്നിലൂടെയാണ് ടാക്സി കടന്നുപോയത്. അവിടെ തൊഴാൻ വന്നവരുടെ തിരക്കുണ്ടായിരുന്നു. ദാദാ മഹാരാജ്, മോഠാ മന്ദിറിലെ മുഖ്യ തന്ത്രിയാണ്. മഹന്ദ് ശ്രീകൃഷ്ണാജി ജീവൻ ജി മഹാരാജ് എന്നാണ് മുഴുവൻ പേര്. ആളുകൾ സ്നേഹത്തോടെ ദാദാ മഹാരാജ് എന്ന് വിളിക്കും. അമ്പലത്തിൽ കയറി തൊഴണമെന്നു ഗോഡ്സെക്ക് ഉണ്ടായിരുന്നു. കാർ, മോഠാ മന്ദിർ കടന്നു കുറച്ചു മുന്നോട്ടു നീങ്ങിയതും ഗോഡ്സെ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.
''എന്താണ് സാബ്ബ്?''
''ഞാനൊന്നു തൊഴുതിട്ടു വരാം.''
ആപ്തെക്കു അങ്ങനെ ഒരാഗ്രഹം ഉണ്ടായില്ല. അയാൾ കാറിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. ''നീ വരുന്നില്ലേ?'' ഗോഡ്സെ ഒരിക്കൽ കൂടി ചോദിച്ചു.
''ഇല്ല.'' കാർ ബേക്കടിച്ചു മന്ദിറിന്റെ കുറച്ചടുത്തായി നിർത്തി. ഗോഡ്സെ കാറിറങ്ങി, മോഠാ മന്ദിറിന്റെ അകത്തേക്ക് കയറിപ്പോയി.
ജനുവരി മാസത്തിന്റെ തുടക്കത്തിൽ ഗോഡ്സെ, മോഠാ മന്ദിറിൽ ദാദാ മഹാരാജിനെ കാണാൻ ചെന്നിരുന്നു. ജയ്സാല്മിര് പ്രശ്നത്തെക്കുറിച്ചു ഒരു കൂടിയാലോചനായോഗം മോഠാ മന്ദിറിൽ ആയിരുന്നു നടന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ദീക്ഷിത് മഹാരാജിനെ ഒരു കസേരയിൽ ഇരുത്തിയാണ് അന്ന് കൊണ്ടുവന്നത്. ആ സമയം ഗോഡ്സെ അദ്ദേഹത്തെ സമീപിച്ചിരുന്നു.
''മഹാരാജ് അന്ന് പറഞ്ഞ കൈത്തോക്ക് കിട്ടിയിരുന്നോ?''
''ഇല്ല, എന്റെ അടുത്ത് ഇനി ഈ ആവശ്യം പറഞ്ഞുവരരുത്.''
കണ്ണടച്ച് പ്രാർഥിക്കുമ്പോഴും, മന്ദിരത്തിലെ മണിയൊച്ചകൾക്കിടയിൽനിന്ന് ദീക്ഷിത് മഹാരാജിന്റെ നിഷേധസ്വരം ഗോഡ്സെയുടെ പ്രാർഥന വിശുദ്ധിക്ക് വേണ്ട ഏകാഗ്രതയെ തകർത്തുകളഞ്ഞു.
അയാൾ മൂന്നുവട്ടം വലംവെച്ച് വേഗം പുറത്തിറങ്ങി.
ദാദ മഹാരാജിനെ കാണാൻ ചെല്ലുമ്പോൾ അവിടെ അദ്ദേഹത്തിന്റെ അനിയൻ ഗോസ്വാമി ദീക്ഷിത് മഹാരാജ് ഉണ്ടാവാതിരുന്നാൽ മതി എന്ന് ഗോഡ്സെ മനസ്സിൽ പറഞ്ഞ് മന്ദിറിന് പുറത്തിറങ്ങി. കാർ അടുത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. വേഗം അതിൽ പോയി കയറി. കൈയിൽ കരുതിയ സിന്ദൂരം ഗോഡ്സെ ഭക്തിപൂർവം നാരായൺ ആപ്തെക്കു തൊട്ടുകൊടുത്തു.
''എല്ലാവര്ക്കും നല്ലതു വരട്ടെ.''
ആനന്ദം നിറഞ്ഞുനിന്ന ലഹരിയിൽ ആപ്തെ ആരോടെന്നില്ലാതെ പറഞ്ഞു. കാർ സ്റ്റാർട്ട് ചെയ്യുന്ന ഒച്ചക്കിടയിൽ അയാളല്ലാതെ മറ്റാരും അത് കേട്ടില്ല.
ദാദാ മഹാരാജിനെ അവർക്കു അധികനേരം കാത്തുനിൽക്കേണ്ടി വന്നില്ല. രാവിലത്തെ പൂജയെല്ലാം കഴിഞ്ഞ് അദ്ദേഹം ഭഗവദ് ഗീത വായിച്ചിരിക്കുകയായിരുന്നു.
നമസ്തേ...
''ഇരിക്കൂ... എന്താണ് അതിരാവിലെ... എന്തോ പ്രത്യേക വിഷയം ഉണ്ടെന്നു തോന്നുന്നു.''
ശാന്തസ്വരത്തിൽ ദാദാ മഹാരാജ് ചോദിച്ചു.
ആപ്തെ ഇരിക്കാതെ തന്നെ മറുപടിപറയാൻ തുടങ്ങി.
''വിഷയം പഴയതുതന്നെ, ഹിന്ദുക്കൾ അപകടത്തിലാണ്.''
''വിഭജനത്തിനു ശേഷവും അതൊരു പുതിയ കാര്യമല്ലല്ലോ?''
ഗോഡ്സെ ഇരുന്നു. ആപ്തെയും ഇരുന്നു. ആ വലിയ മുറിയിൽ ചന്ദനത്തിരിയുടെയും നറുനെയ്യിന്റെയും ഗന്ധം നിറഞ്ഞുനിന്നിരുന്നു.
''വളച്ചുകെട്ടേണ്ട, വന്ന കാര്യം പറയൂ.''
നീരസം ഒട്ടും പ്രകടിപ്പിക്കാതെ ദാദാ മഹാരാജ് വേദപുസ്തകം അടച്ചുവെച്ചു.
''ഞങ്ങൾക്ക് കുറച്ചുകൂടി ഫണ്ട് വേണം, കഴിയുന്ന സഹായം തരണം.'' ആപ്തെ മടികൂടാതെ പറഞ്ഞു.
''ഇനിയും പണമോ, ഞാൻ നിങ്ങള്‍ക്ക് ഒരുപാടു തന്നുകഴിഞ്ഞു. ഹൈദരാബാദിൽ മുഹമ്മദീയരെ അടിച്ചമർത്താനായി എത്ര മാത്രം കാശാണ് വാങ്ങിയത്. എന്നിട്ടോ, അവിടെയൊന്നും സംഭവിച്ചതായി ഞാൻ കേട്ടില്ല. അതുപോലെ കാശ്മീരിലേക്ക് ഒരു ലോഡ് ആയുധങ്ങൾ എത്തിക്കാൻ പോകുന്നു എന്ന് പറഞ്ഞിരുന്നു. അവിടെ ഹിന്ദുക്കൾ ഒരു മുഹമ്മദീയനെപോലും അതിർത്തി കടത്തുകയോ, അവരെ വകവരുത്തുകയോ ചെയ്തതായി ഞാൻ ഒരു പത്രത്തിലും കണ്ടില്ല. നിങ്ങൾ കള്ളം പറഞ്ഞു കാശ് വാങ്ങുകയായിരുന്നു. അല്ലെങ്കിൽ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ നിങ്ങൾക്കായില്ല. ഇതിൽ ഏതാണ് ശരി?''
ദാദാ മഹാരാജിന് പറയാനുള്ളത് മുഴുവൻ കേട്ടശേഷം മറുപടി പറയാമെന്ന മട്ടിൽ ആപ്തെ ഇരുന്നു.
''ഡൽഹിയിൽവെച്ച് നടക്കുന്ന പാകിസ്താൻ അസംബ്ലി ബോംബ് വെച്ച് തകർക്കാൻ പദ്ധതിയിടുന്ന ആപ്തെയെയാണ് ഞാൻ ആദ്യം പരിചയപ്പെടുന്നത്. അന്ന് ഞാൻ പന്താർപുർ തീർഥാടനത്തിന് പോകുംവഴിയാണ് നിങ്ങളെ പൂനയിൽ വന്നു കണ്ടത്. ഹിന്ദുക്കൾക്ക് വേണ്ടി നിലകൊള്ളുന്ന ചെറുപ്പക്കാരോട് എനിക്ക് ബഹുമാനം തോന്നിയിരുന്നു. ഗോവയിൽ രണ്ടു മോേട്ടാർ ലോഞ്ചറുകൾ നാലായിരം രൂപക്കു കിട്ടാനുണ്ടെന്നാണ് നിങ്ങൾ പറഞ്ഞത്. അന്ന് അത്രയും കാശു തരാൻ എനിക്കില്ലായിരുന്നു. പക്ഷേ നിങ്ങൾ ജിന്നയെയും അലി ഖാനെയും വധിക്കണമെന്നു ഞാൻ ആഗ്രഹിച്ചു. പക്ഷേ അത്തരം നല്ല വാർത്തകൾ ഒന്നും കേട്ടില്ല. ഇനി കാശില്ല. വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.''
''മഹാരാജ് ഞങ്ങളെ അവിശ്വസിക്കരുത്. കാശ്മീരിലേക്ക് കൊണ്ടുപോകാനുള്ള ഒരു ട്രക്ക് നിറയെ ആയുധങ്ങൾ റെഡിയാക്കിവെച്ചിട്ടുണ്ട്. പക്ഷേ ഡൽഹി വഴി പോകുന്നത് അപകടമാണ്. കാരണം ആത്മരക്ഷക്കായി ഞങ്ങളുടെ കൈയിൽ തോക്കില്ല. ഒരു തോക്കിനു വേണ്ടിയാണ് ഞങ്ങളിപ്പോൾ വന്നിരിക്കുന്നത്.''
''ആത്മരക്ഷക്കായി ഞാൻ ലൈസൻസുള്ള തോക്കു ഉപയോഗിക്കുന്നുണ്ട്. ഇതല്ലാതെ വേറെ തോക്കൊന്നും എന്റെ കൈയിലില്ല.''
ഇവരുടെ സംസാരം കേട്ടുകൊണ്ടാണ് ഗോസ്വാമി ദീക്ഷിത് മഹാരാജ് അവിടേക്കു വന്നത്.
''തോക്കു ചോദിച്ചുകൊണ്ട് വരരുതെന്ന് ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണല്ലോ.'' ദീക്ഷിത് മഹാരാജ് വിളറിയിരിക്കുന്ന ഗോഡ്സെയെ നോക്കി പറഞ്ഞു.
''എന്റെ തോക്കു കൊണ്ടുപോയി നിങ്ങൾ വല്ല അവിവേകവും കാണിച്ചാൽ പൊലീസ് മണം പിടിച്ചു ഇവിടെയെത്തും. പൊല്ലാപ്പ് പിടിക്കാൻ ഞാനില്ല.'' ദാദാ മഹാരാജ് വീണ്ടും ഗീത തുറന്നു വായിക്കാൻ തുടങ്ങി.
ഇനിയിവിടെ ഇരുന്നിട്ട് കാര്യമില്ലെന്ന് ആപ്തെക്കു മനസ്സിലായി. അയാൾ വിടപറയാൻ തുടങ്ങിയപ്പോൾ ഗോഡ്സെ എന്തോ പറഞ്ഞു ഉടക്കാനുള്ള ഭാവത്തിലായിരുന്നു.
''ഞങ്ങൾ ജീവൻവെച്ച് കളിക്കുന്നത് ഹിന്ദുക്കൾക്ക് വേണ്ടിയാണ്. ഹിന്ദുരാജ്യം പുലരാൻ വേണ്ടിയാണ്. അല്ലാതെ നേരംപോക്കിനല്ല ഞങ്ങൾ നിലകൊള്ളുന്നത്.'' ഉറച്ചതെങ്കിലും പതിഞ്ഞ സ്വരത്തിൽ ഗോഡ്സെ പറഞ്ഞു.
''ശരിയാണ്. നിങ്ങളുടെ ചിന്തകൾ മഹനീയമാണ്. ഞങ്ങൾക്കതിൽ എതിരഭിപ്രായമൊന്നുമില്ല. കഴിഞ്ഞ ഒരു മാസത്തിനിടക്ക് മതം മാറി മുഹമ്മദീയരായ നാലായിരം ഹിന്ദുക്കളെയാണ് ഞാൻ പുണ്യാഹം തലയിൽ തളിച്ച് ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പക്ഷേ നിങ്ങൾ വാഗ്ദാനംചെയ്ത വിപ്ലവ പ്രവർത്തനം നടക്കുന്നില്ല. അതിനുവേണ്ടി സംഭാവനയായി നൽകുന്ന കാശു വ്യർഥമായി പോകുന്നതിൽ ആശങ്കയുണ്ട്. ഇതല്ല നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്.''
''ഇന്നേക്ക് നാലാം ദിവസം സന്തോഷമുണ്ടാക്കുന്ന ഒരു വാർത്ത കേൾക്കാൻ നിങ്ങള്‍ക്ക് ഇടവരും.''
ഗോഡ്സെ എഴുന്നേറ്റുകൊണ്ട് കൈകൂപ്പി.
ദാദാ മഹാരാജും ദീക്ഷിത് മഹാരാജും അവരെ യാത്രയാക്കുകയോ അനുഗ്രഹിക്കുകയോ ചെയ്തില്ല. ഇതുപോലുള്ള വീരവാദങ്ങൾ അവർ എത്രവട്ടം കേട്ടിരിക്കുന്നു!
അവിടെനിന്ന് ഗോഡ്സെയുടെ പിന്നാലെ പുറത്തേക്കിറങ്ങുമ്പോൾ മഹാരാജിന്റെ വീട്ടിലെ പരിചാരകയുടെ പാദസ്വര കിലുക്കം മാത്രം ആപ്തെയെ സന്തോഷിപ്പിച്ചു. ഗോഡ്സെ പിരിമുറുക്കത്തോടെ, തങ്ങളെ കാത്തുനിന്ന ടാക്സിഡ്രൈവറുടെ അരികിലേക്ക് ചെന്നു. ഇരുവരും കാറിൽ കയറി.
''ഇനി നമുക്ക് പരാഞ്ച്പെയെ കാണാം'' -ഗോഡ്സെ പറഞ്ഞു.
''വണ്ടി സിൽവർ ബാങ്ക് കമ്പനിക്ക് മുന്നിൽ നിർത്തിയാൽ മതി.'' ആപ്തെ ഡ്രൈവറോട് പറഞ്ഞു.
നഗരത്തിൽ അധികം ചൂട് ഉണ്ടായിരുന്നില്ലെങ്കിലും ഗോഡ്സെ വിയർക്കാൻ തുടങ്ങിയിരുന്നു. മോഠാ മന്ദിറിൽനിന്ന് അണിഞ്ഞ സിന്ദൂരകുറിയില് വിയർപ്പു നനഞ്ഞു കൂടുതൽ രക്തവർണമായിത്തീർന്നു. അധികം വൈകാതെ ടാക്സി ബാങ്കിന് മുന്നിൽ ചെന്ന് നിന്നു.
''സാബ്ബ്, ഞാനിനി കാത്തുനിൽക്കണോ?''
''കാശു കൊടുത്തേക്കൂ'' -ഗോഡ്സെ പറഞ്ഞു.
ആപ്തെയെ കാത്തുനിൽക്കാതെ ഗോഡ്സെ ബാങ്കിന് അകത്തേക്ക് കയറി പോയി.
''നല്ല നമസ്കാരം, എന്താണ് വീണ്ടും വന്നത്?'' പരാഞ്ച് പെ ചോദിച്ചു.
''ഞങ്ങൾ നാളെ ഡൽഹിക്കു പോകും. കാശു തന്നതിന് ഒരിക്കൽകൂടി നന്ദി പറയാൻ വന്നതാണ്.'' ആപ്തെ എന്തെങ്കിലും പറയും മുമ്പേ ഗോഡ്സെ അദ്ദേഹത്തോട് കൈകൂപ്പി.
''ശരി. നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ, എനിക്കൽപം തിരക്കുണ്ട്.'' പരാഞ്ച് പെ കുഴഞ്ഞ ശബ്ദത്തിൽ അവരെ ഒഴിവാക്കാൻ പറഞ്ഞു.
ആപ്തെ ഒന്നും മിണ്ടാതെ ഗോഡ്സെയുടെ പിറകിൽ നിന്നതേയുള്ളൂ.
''കാണാം.'' അവർ യാത്ര പറഞ്ഞിറങ്ങി. ബാങ്കിന്റെ മുന്നിലുള്ള ഒരു കടയിൽ കയറി സിഗരറ്റ് വാങ്ങുന്നതിനിടയിൽ ആപ്തെ ചോദിച്ചു: ''ഇനി എന്താണ് പരിപാടി?''
''രാത്രി ഒമ്പതുമണിക്കല്ലേ വ്യാസ് കാണാമെന്നു പറഞ്ഞത്, അതുവരെ ഇനി മറ്റൊന്നും ചെയ്യാനില്ല.''
നാരായൺ ആപ്തെയുടെയും മനോരമ സാൽവിയുടെയും അവസാനത്തെ കൂടിക്കാഴ്ച ഈ നട്ടുച്ചക്കായിരിക്കുമെന്നു കാലം നിശ്ചയിച്ചിരുന്നു. സിഗരറ്റിനു തീ കൊളുത്താതെ നാരായൺ ആപ്തെ ഒരു നിമിഷം ശങ്കിച്ച് നിന്നു.
''നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അത് കഴിഞ്ഞിട്ട് കാണാം, ഞാൻ ഇരുട്ടും വരെ സിനിമ കണ്ടു നേരം പോക്കാമെന്നു കരുതുന്നു.'' ഗോഡ്സെ പറഞ്ഞു.
''എങ്കിൽ വൈകീട്ട് കാണാം.'' ഇരുവരും തോളിൽ തട്ടി പിരിഞ്ഞു.
ഫോൺ ചെയ്തത് പ്രകാരം ആപ്തെ ഹോട്ടലിൽ എത്തുന്നതിനു മുമ്പേ മനോരമ സാൽവി അവിടെയെത്തിയിരുന്നു. കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മുഖഭാവമായിരുന്നു.
''എന്ത് പറ്റിയെന്റെ രാജകുമാരിക്ക്?'' കണ്ട മാത്രയിൽ ആപ്തെ അവളുടെ അരയിൽ ചുറ്റിപ്പിടിച്ചുകൊണ്ടു, അവൾക്കു മാത്രം കേൾക്കാവുന്ന ഉച്ചത്തിൽ ചോദിച്ചു.
''നേരെ ചൊവ്വേ കാണാൻപോലും കിട്ടുന്നില്ല.'' അയാളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ പരിഭവിച്ചു.
ഹോട്ടൽമുറിയിൽ കയറുന്നതുവരെ അവൾ ആ പിടിവിട്ടില്ല. അയാൾ അവൾക്കു വാങ്ങിയ മാതളനാരങ്ങ മേശപ്പുറത്തു വെച്ചു. അത് അവൾക്കു വലിയ ഇഷ്ടമായിരുന്നു. സ്നേഹത്തിന്റെ ചോപ്പുള്ള ഹൃദയമണികൾ എന്നാണ് മാതളത്തിന്റെ മധുരം നുണയുമ്പോൾ അവൾ പറയാറുള്ളത്.
അത്തരം കാൽപനികതകള് അയാളെയും സന്തോഷിപ്പിക്കാറുണ്ട്.
''എനിക്കെന്തോ വല്ലാത്ത പേടിതോന്നുന്നു. ഇന്നലെ ശരിക്കും ഉറങ്ങാൻ തന്നെ പറ്റിയില്ല.''
അയാൾ ഷർട്ട് അഴിക്കുന്നതിനിടയിൽ, മനോരമ പറഞ്ഞു.
ആപ്തെ ഷർട്ട് അവളുടെ മേലേക്ക് വലിച്ചെറിഞ്ഞ്, ഇമവെട്ടാതെ നോക്കിനിന്നു. നാല്പതിനോടടുത്ത ഒരാളുടെ നോട്ടം, ഇരുപതുകാരിയെ കൊളുത്തിവലിക്കുന്നതായിരുന്നു. അവളും വാശിപോലെ അയാളുടെ കണ്ണുകളിലേക്കു നോക്കി. കണ്ണുകളുടെ പ്രണയനേരം ഏറെ നീണ്ടു. അവളുടെ മൂക്കിന് തുമ്പത്ത് വിയർപ്പു പൊടിഞ്ഞു. മനോരമയുടെ ശ്വാസഗതി അയാളറിഞ്ഞു. എന്നിട്ടും ഇരുവരും നോട്ടം പിൻവലിക്കാൻ തുനിഞ്ഞില്ല.
''നീയെന്നെ നോക്കി ദഹിപ്പിക്കുകയാണോ?''
അയാൾ നോട്ടം വിടാതെ അടുത്തേക്ക് വന്നു. അവൾ കണ്ണെടുക്കാതെ അയാളുടെ വയറിൽ നുള്ളി. വേദനിച്ചെങ്കിലും അയാൾ സഹിച്ചുനിന്നു. കരയിപ്പിക്കാനെന്നോണം അവൾ നഖം ഒന്നുകൂടി ആഴ്ത്തി. അയാൾ പിടിച്ചുനിൽക്കാനാവാതെ നേർത്ത ശബ്ദം പുറപ്പെടുവിച്ചപ്പോൾ അവൾ പിടിവിട്ടു. അയാളുടെ കണ്ണ് കലങ്ങി.
''നീയെന്റെ കഴുത്തറുത്താലും എന്റെ ഹൃദയം വേദനിക്കില്ല.'' അയാൾ കുറേക്കൂടി അവളിലേക്ക് ചേർന്ന് നിന്നു.
''അതിനു മുമ്പ് നിങ്ങൾ എന്നെ കൊന്നേക്കണം, എനിക്കിനി ഒറ്റക്ക് ഓർമകൾ മാത്രം പേറി ജീവിക്കാനാവില്ല. ഡൽഹിയിലേക്ക് ഞാനും വരും. ഡൽഹിയിൽ മാത്രമല്ല നിങ്ങൾ പോകുന്നിടത്തെല്ലാം.'' അവൾ വിതുമ്പാതിരിക്കാനായി അയാളുടെ കഴുത്തിൽ കേറിപ്പിടിച്ചു.
''നാളത്തെ ഡൽഹിയാത്രക്ക് ശേഷം, പിന്നെ എന്നും ഞാൻ നിനക്കൊപ്പം ഉണ്ടാവും. കപ്പലിൽ കയറി നമുക്ക് ലോകം ചുറ്റണം.'' ആപ്തെ അവളെ കിടക്കയിലേക്ക് കോരിയിട്ടു. അവർ പരസ്പരം നോക്കി കിടന്നു. ആലോചനപ്പെരുക്കത്തിൽ അവൾക്കു ആപ്തെയോടൊന്നും മിണ്ടാൻ സാധിച്ചില്ല. അയാൾ മനോരമയുടെ വിയർപ്പുപൊടിയുന്ന മൂക്കിൽ തൊട്ടു.
''ഞാൻ നിന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട് അല്ലേ?''
അവൾ തിരിഞ്ഞു കിടന്നു വിതുമ്പി.
അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന ഒരു തോന്നൽ ഇരുവർക്കുമുണ്ടായി. കഴുമരത്തിൽ ഒരു കഴുകൻ വന്നിരിക്കുന്നത് സ്വപ്നം കണ്ട കാര്യം അവളുടെ കണ്ണീരിലൂടെ ഒഴുകി. ഇതു കേട്ടിട്ടും അയാൾ അവളെ ചേർത്ത് പിടിക്കുകയോ തലോടുകയോ ചെയ്തില്ല. കട്ടിലിൽനിന്ന് എഴുന്നേറ്റുപോയി നീർമാതളം പൊളിക്കാൻ തുടങ്ങി. അയാളുടെ വിരലുകൾ രക്തവർണമായി. ''എഴുന്നേല്ക്കൂ.'' അയാൾ മനോരമയുടെ അരക്കെട്ടിൽ തൊട്ടു. അവള് കണ്ണ് തുടച്ചു. അയാൾ സ്നേഹപൂർവം അവളെ ചുവന്ന മധുരം ഊട്ടി. അവൾ തലകുമ്പിട്ടു ചവച്ചുകൊണ്ടിരുന്നു. ബാക്കിവന്ന അല്ലികൾകൂടി അയാള്‍ വായിലേക്കിട്ടുകൊടുത്തു. എന്നിട്ടു വിരൽ ചോപ്പ് അവളുടെ കവിളിൽ പുരട്ടി. അവള് തന്റെ മുഖം അയാളുടെ മുഖത്തുരസി. ഇരുവരും കിടക്കയിൽ ഒന്നായി അമർന്നു.
''എന്റെ സ്നേഹം ഉപേക്ഷിച്ചു നിങ്ങൾ കൊല്ലാൻ പോകുന്നതെന്തിനാണ്?''
''കൊല നടക്കും, രാജ്യം കത്തും... പക്ഷേ എന്റെ സ്നേഹം നിന്നെ വിട്ടുപോവുകയില്ല.''
''അദ്ദേഹത്തെ നിങ്ങൾ കൊല്ലുന്നതെന്തിനാണ്?''
ഭ്രാന്തമായ ആവേശത്തോടെ അവൾ ആ ചോദ്യം ആവർത്തിച്ചു.
''അദ്ദേഹത്തെ കൊല്ലുന്നതെന്തിനാണ്?''
''രാജ്യത്തിനു വേണ്ടിയുള്ള കൊലപാതകം പ്രണയംപോലെ പവിത്രമായിരിക്കും!''
അയാൾ പറഞ്ഞത് ഒരു മുരൾച്ചയോടെയാണ് അവൾ കേട്ടത്.
''എനിക്കിനി നിങ്ങളെ നഷ്ടപ്പെടാൻ വയ്യ.'' മനോരമ ആത്മവിശുദ്ധിയോടെ അയാളെ വരിഞ്ഞുമുറുക്കി. കുതറിമാറിക്കൊണ്ട് അയാൾ തുരുതുരാ ഉമ്മവെച്ചു. അയാളൊന്നും പറഞ്ഞില്ല. അവളൊന്നും കേട്ടില്ല.
എന്നിട്ട് അയാളുടെ കൈയെടുത്തു തന്റെ വയറിൽ വെച്ചു.
''ഞാൻ ഗർഭിണിയാണ്.'' അവൾ ഇരുകൈകള്‍കൊണ്ട് അയാളുടെ കൈചേർത്തു വയർ പൊത്തിപ്പിടിച്ചു.
അതുകേട്ടപ്പോൾ അയാൾക്ക് വല്ലാത്തൊരു ആനന്ദമുണ്ടായി. ആപ്തെ സാല്‍വിയെ ചേർത്തുപിടിച്ചു. മുടിയിൽ തലോടി.
''നാളെ ഞാൻ ഗോഡ്സേക്കൊപ്പം ഡല്‍ഹിക്കുപോകും. സത്യത്തിൽ എന്നെ ഞാനിവിടെ ഉപേക്ഷിച്ചാണ് പോകുന്നത്. ആ എന്നെ നീ നന്നായി നോക്കണം.''
കിരീടം നഷ്ടപ്പെട്ട പക ഉള്ളിൽവെച്ചുകൊണ്ട് ആപ്തെ സംസാരിക്കാൻ തുടങ്ങി.
മനോരമ സാൽവിക്കു അയാൾ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയില്ല.
അവളെ ചുവരിനോട് ചേർത്ത് നിർത്തി അയാള്‍ ഒരിക്കൽക്കൂടി ചുംബിച്ചു. മനോരമ സാൽവി തുറിച്ചുനോക്കിയപ്പോൾ, അവളുടെ ചുരുണ്ട മുടി കൈയിലെടുത്തു മണപ്പിക്കുകയും മുത്തുകയും ചെയ്തു.
''ആ ഫക്കീർ കൊല്ലപ്പെട്ട വാർത്ത കേട്ടയുടൻ നീ എന്റെ പേരിൽ ഡൽഹി ഹിന്ദുമഹാ സഭയിലേക്കു ഒരു ഫാക്സ് സന്ദേശം അയക്കണം.''
''ഞാൻ എന്താണ് അയക്കേണ്ടത്?'' മനോരമ സാൽവി ചോദിച്ചു.
Arriving in Delhi to arrange Godse defence -Narayan D Apte
മനോരമ സാൽവിക്കു കാര്യം മനസ്സിലായി. ഡൽഹി ദൗത്യത്തിനുശേഷം അദ്ദേഹത്തിന്റെ സ്നേഹം തന്റെ ജീവിതത്തിൽ സ്ഥിരപ്പെടാൻ പോവുകയാണ്.
അവൾ രണ്ടു വിരലുകൾ അയാൾക്ക് നേരെ നീട്ടി.
''ഇതിൽ ഏതെങ്കിലും ഒന്ന് തൊടൂ.''
അയാൾ മുന്‍വിധിയില്ലാതെ ഒരു വിരൽ തൊട്ടു. അവൾ പുഞ്ചിരിച്ചു.
''എന്താ മനസ്സിൽ വിചാരിച്ചത്?'' ആപ്തെ വിരൽ അമർത്തിപ്പിടിച്ചു.
''യഹോവ നിന്റെ കളപ്പുരകളിലും
നീ തൊടുന്ന എല്ലാറ്റിലും
നിനക്ക് അനുഗ്രഹം കല്‍പ്പിക്കും.''
മനോരമ സാൽവി കണ്ണുകളടച്ചു. അയാളുടെ എല്ലാമെല്ലാമായി നിന്നു.
അയാൾക്ക് അന്നേരം ഒന്നിനും മറുപടിയുണ്ടായില്ല. ഈ ജീവിതം എന്തിനുള്ളതാണെന്ന ചോദ്യം അന്നാദ്യമായി അയാളെ അലട്ടാൻ തുടങ്ങി. ഭൂതകാലവും വർത്തമാനവും ഉള്ളിൽക്കിടന്നു കലഹിച്ചുതുടങ്ങിയപ്പോൾ ഭാവിയെപ്പറ്റി തീർച്ചപ്പെടുത്താനാവാതെ ഒരേ പുതപ്പിനുള്ളിൽ കിടന്നു രണ്ടു ശരീരങ്ങൾ ഉറങ്ങിപ്പോയി.
സന്ധ്യ മയങ്ങിയപ്പോഴാണ് അയാൾ ഉണർന്നത്. സാൽവിയപ്പോൾ നന്നായി വസ്ത്രം ധരിച്ചു, മുടി മനോഹരമായി കെട്ടിവെച്ച്, ജനലിനു പുറത്തുള്ള അനന്തതയിലേക്ക് നോക്കിനിൽപ്പായിരുന്നു. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ലിംഗത്തിൽ കുരിശുമാല ചുറ്റിയിട്ടത് കണ്ടു. നാരായൺ ആപ്തെ മാലയെടുത്ത് അവളുടെ കഴുത്തില്‍ കെട്ടിക്കൊടുത്തു. അവൾ ഒന്നും മിണ്ടാതെ കട്ടിലിൽ ചെന്നിരുന്നു.
''ഇരുട്ടും മുമ്പ് നമുക്കിറങ്ങാം.''
അയാൾ ദേഹം കഴുകി വന്ന്, വേഗം വസ്ത്രം മാറി.
''നിങ്ങൾ എത്ര അകലെ പോയാലും ഒരു കാര്യം ഓർമ വേണം, ഇനി നിങ്ങളെ കാത്തിരിക്കുന്നത് ഒരാളല്ല. എന്റെ ഉദരത്തിൽ നാരായൺ ആപ്തെയുടെ പ്രാണൻ തുടിക്കുന്നുണ്ട്.''
മറുപടിയെന്നോണം അവളുടെ കാൽനഖങ്ങളിലെ നരച്ച നിറത്തിലേക്ക് നോക്കിനിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ. ആ സന്ധ്യ സമ്മാനിച്ചതെന്നു തോന്നിയ വിഷാദം അയാളെ പിടികൂടി.
അവർ മുറിപൂട്ടിയിറങ്ങി.
ഇനിയിവിടെ ഒരു സമാഗമം ഉണ്ടാവുമോ?
സ്നേഹത്തിന്റെ വർത്തമാനങ്ങളും ശീൽക്കാരങ്ങളുംകൊണ്ട് മുറി മുഖരിതമാകുമോ? പ്രണയം പാർക്കാത്ത മുറി എന്തിനു കൊള്ളാം!
നാരായൺ ആപ്തെയും മനോരമ സാൽവിയും ഉപേക്ഷിച്ചിട്ട് പോയ മുറി പ്രണയജീവികളുടെ കല്ലറയായിത്തീർന്നു.
ഠഠഠ
താനെ റെയിൽവേ സ്റ്റേഷനിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. അത്താഴപട്ടിണിക്കാരായ ചില മനുഷ്യരും തെരുവുനായകളും പ്ലാറ്റ്ഫോമില്‍ പലയിടങ്ങളിൽ സ്ഥാനംപിടിച്ചിരുന്നു. പറഞ്ഞ സമയത്തിനും വളരെ മുമ്പേ കാർക്കറെ എത്തി. ഒഴിഞ്ഞ മരബെഞ്ചിൽ ഒമ്പതു മണിയാവാൻ അയാൾ കാത്തിരുന്നു. മുഹമ്മദീയരെന്നു തോന്നിക്കുന്ന ആരും തന്നെ റെയിൽവേ പരിസരങ്ങളിൽ ഉണ്ടായിരുന്നില്ല. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കാർക്കറെക്കു ആഹ്ലാദം തോന്നി. ജോഷിയുടെ വീട്ടില്‍ നിന്ന് താനെ സ്റ്റേഷൻ വരെ കാർക്കറെ നടന്നാണ് വന്നത്. നടക്കാൻ വലിയ ഇഷ്ടമായിരുന്നു. ജനറൽ കമ്പാർട്മെന്റുകളിൽ, തെരുവുകളിൽ, ക്യാമ്പുകളിൽ വിയര്‍പ്പ് മണക്കുന്ന മനുഷ്യർക്കിടയിലൂടെ നടക്കുമ്പോൾ ഹിന്ദു അഭയാർഥികളെ അയാൾ കണ്ടെത്താറുണ്ട്. അവരുടെ വേവലാതികൾ പങ്കിടാറുണ്ട്. ഈ ജീവിതായുസ്സു മുഴുവൻ, രാജ്യം പകുത്തപ്പോൾ അനാഥമായി പോയവർക്കു വേണ്ടി ജീവിക്കാൻ അയാൾ എന്നേ നിശ്ചയിച്ചിരുന്നു. കാർക്കറെ വാച്ചിലേക്ക് നോക്കി. സമയം ഒമ്പതായിരിക്കുന്നു. അയാൾ വന്നതിൽ പിന്നെ വണ്ടി വരികയോ അറിയിപ്പുകൾ വിളിച്ചു പറയുകയോ ചെയ്തിട്ടില്ല. അയാൾ എഴുന്നേറ്റുനിന്ന് കോട്ടുവായിട്ടു. വിനായക് ഗോഡ്സെയും നാരായൺ ആപ്തെയും ദൂരെ നിന്ന് നടന്നുവരുന്നത് കാർക്കറെ കണ്ടു. അവർ പരസ്പരം ചിരിക്കുകയോ കൈവീശി കാണിക്കുകയോ ചെയ്തില്ല. തന്നെ കണ്ടെന്നു മനസ്സിലാക്കിയപ്പോൾ കാർക്കറെ കുറച്ചു മാറിനിന്നു. കാർക്കറെയുടെ അടുത്തെത്തിയതും ഗോഡ്സെയും ആപ്തെയും പ്ലാറ്റ്ഫോമിൽനിന്നും ചാടി റെയിൽപാളങ്ങൾ മുറിച്ചുകടന്ന് യാർഡിന്റെ അടുത്തേക്ക് നടന്നു. കാര്‍ക്കറെ അവരെ അനുഗമിച്ചു. യാർഡിന്റെ അടുത്ത് രണ്ടുമൂന്നു വിളക്കുമരങ്ങൾ ഉണ്ടായിരുന്നു. നാരായൺ ആപ്തെ റെയിൽപാളത്തിൽനിന്ന് ഒരു കല്ലെടുത്തു വിളക്ക് എറിഞ്ഞുടച്ചു. അത് പ്രദാനം ചെയ്ത ഇരുട്ടിൽ അവർ ഒത്തുകൂടി.
''വ്യാസ് വന്നിട്ട് ഏറെ നേരമായിരുന്നോ?''
''ഇല്ല.''
''നാളെ ഞങ്ങൾ ഡൽഹിക്കു പോകും. വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടുന്ന് ഗ്വോളിയോറിൽ പോകണം.'' ഗോഡ്സെ പറഞ്ഞു.
''ഗ്വോളിയോറിൽ എന്താണ് കാര്യം?''
''ഭാരതത്തിൽ ഏറ്റവും കൂടുതൽ അനധികൃത തോക്കു കച്ചവടം നടക്കുന്നതവിടെയാണ്. ഒരു തോക്കു സംഘടിപ്പിക്കണം. ബോംബെയിൽ ഞങ്ങൾ കുറെ അലഞ്ഞു. എവിടെനിന്നും കിട്ടിയില്ല'', ഗോഡ്സെ പറഞ്ഞു.
''നാടൻ തോക്കും വിദേശനിർമിത തോക്കുകളും അവിടെ ധാരാളം ലഭിക്കും. എന്റെ ഒരു പരിചയക്കാരനുണ്ടവിടെ...അയാളെ കണ്ടു സംഗതി തരപ്പെടുത്താം.''
''ഞാൻ എന്താണ് ചെയ്യേണ്ടത്?''
''തോക്കുമായി ഞങ്ങൾ 29നു രാവിലെ ഡൽഹിയിലേക്ക് തിരിക്കും. ഞങ്ങൾ എത്തുമ്പോഴേക്കും വ്യാസ് അവിടെ ഉണ്ടാവണം.''
''ശരി അങ്ങനെ ചെയ്യാം.''
''ഇരുപത്തി ഏഴാം തീയതി വൈകുന്നേരം പുറപ്പെടുന്ന വണ്ടിയിൽ കയറിയാൽ മാത്രമേ ഇരുപത്തി ഒമ്പതിന് രാത്രിയെങ്കിലും ഡൽഹി എത്തുകയുള്ളൂ.''
''അതായതു നാളെ വൈകുന്നേരം തിരിക്കേണ്ടിവരും.''
''അതെ, എവിടെവെച്ചു കാണും?''
''അതൊരു വിഷയമല്ല, ഞാൻ ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പുറത്തുള്ള ക്യുൻസ് ഗാർഡനിലെ സ്റ്റോൺ ഫൗണ്ടൈന്റെ അടുത്ത് കാത്തുനിൽക്കാം.''
''ഓരോ നിമിഷവും നിർണായകമാണ്, നിങ്ങളെ തിരഞ്ഞു നടക്കാൻ ഞങ്ങൾക്ക് ഇടവരരുത്.''
''ഇല്ല, ഇനി നേരം വെളുക്കാൻ രണ്ടു ദിവസം എടുത്താലും ഞാൻ അവിടെ തന്നെ കാണും'', കാർക്കറെ ആത്മവിശ്വാസത്തോടെ പറഞ്ഞു.
അയാൾക്ക് കാത്തുനിൽപ്പ് പുതിയ കാര്യമല്ല. തെരുവിലും റെയിൽവേ സ്റ്റേഷനിലും ജീവിതത്തിന്റെ വിലപ്പെട്ട എത്ര സമയങ്ങൾ അയാൾ പാഴാക്കിയിട്ടുണ്ട്. പക്ഷേ അതൊരു നഷ്ടമായി അയാൾക്ക് തോന്നിയിട്ടില്ല. കാത്തുനിൽപ്പും ജീവിതമാണ്. പ്രതീക്ഷ നശിക്കാത്തിടത്തോളം അതൊരു പാഴ് വേലയല്ല.
''എങ്കിൽ പറഞ്ഞതുപോലെ ചെയ്യാം, കാര്യങ്ങൾക്കിനി യാതൊരു മാറ്റവും ഉണ്ടാവില്ല.'' ഗോഡ്സെ സർവശക്തനായ നേതാവിനെപോലെ നിവർന്നുനിന്നു.
''എന്റെ കൈയിൽ കാശൊന്നും ഇല്ല. യാത്രക്കും ഭക്ഷണത്തിനുള്ളതും വേണം.''
''അത് തരാം.'' ആപ്തെ തന്റെ പോക്കറ്റിൽനിന്നും മുന്നൂറു രൂപയെടുത്തു കാർക്കറെക്കു നൽകി. അയാൾ അത് വാങ്ങി ജുബ്ബയുടെ കീശയിൽ തിരുകി. അവർ പിരിയുന്നതിനു മുമ്പേ ഒരു തെരുവുപട്ടി യാർഡിന്റെ പിറകിലേക്ക് വന്നു. ആപ്തെ കല്ലെടുത്തു എറിഞ്ഞു. മോങ്ങിക്കൊണ്ട് അത് ഇരുട്ടിലേക്ക് ഓടിപ്പോയി. മൂന്ന് പേരും തിരിച്ചു നടന്നു. വിനായക് ഗോഡ്സെയാണ് മുന്നിൽ നടന്നത്. അയാൾ റെയിൽപാളം മുറിച്ചുകടന്ന് പ്ലാറ്റ് ഫോമിലേക്ക് ചാടിക്കയറി. പിന്നാലെ ആപ്തെയും. അവർ ഇരുവരും പ്ലാറ്റ്ഫോമില്‍ കയറിയശേഷമാണ് കാർക്കറെ, വണ്ടിയൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തി പാളം കടന്നത്. ഗോഡ്സെയും ആപ്തെയും ഒരു ടീ സ്റ്റാളിൽ കയറിയത് അയാൾ കണ്ടു.
''രണ്ടു കാപ്പി...''
വൃദ്ധനായിരുന്നു ജോലിക്കാരൻ. അയാൾ കാപ്പിയിടുന്നതിനിടയിൽ കാർക്കറെ അങ്ങോട്ട് വന്നു.
''എനിക്കൊരു ചായ.''
ടീ സ്റ്റാളിൽനിന്ന് അവർ അപരിചിതരെപോലെ സംസാരിച്ചു. അധികം വൈകാതെ തീവണ്ടിയുടെ വരവറിയിച്ചുകൊണ്ടുള്ള ചൂളം വിളി കേട്ടു. വിക്ടോറിയ ടെര്‍മിനസിലേക്കുള്ള അവസാനത്തെ ലോക്കല്‍ ആയിരുന്നു. വണ്ടിക്കുള്ളിലും ആൾക്കാർ കുറവാണ്. നാഥുറാം വിനായക് ഗോഡ്സെയും നാരായൺ ആപ്തെയും കയറി. പ്ലാറ്റ്ഫോമിലെ വെളിച്ചത്തിൽനിന്ന് വണ്ടി ഇരുളിലേക്ക് മറഞ്ഞുതുടങ്ങിയപ്പോൾ വിഷ്ണു കാർക്കറെ ചായയുടെ കാശു കൊടുത്തശേഷം സ്റ്റേഷന്റെ പുറത്തു കടന്ന് ജോഷിയുടെ വീട്ടിലേക്കു നടന്നു. വെളിച്ചം കെട്ട വിളക്കിൻകാലിനു ചോട്ടിൽ ഏറുകൊണ്ട നായ അപ്പോഴും കിതച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.
അർധരാത്രിയോടടുത്താണ് നാരായൺ ആപ്തെയും നാഥുറാം ഗോഡ്സെയും ഹോട്ടൽമുറിയിൽ എത്തിയത്. കിടക്കയിലേക്ക് ചാഞ്ഞ ഉടനെ ഗോഡ്സെ ഉറങ്ങിപ്പോയി. അയാൾ തലവെച്ച ഭാഗത്തെ ചുവരിലെ ഈർപ്പം പടർന്ന ഇടം വിഭജിക്കപ്പെട്ട ഒരു രാജ്യത്തിന്റെ ഭൂപടംപോലെ തോന്നിയിരുന്നു.
മുറിയിൽ മനോരമ സാൽവിയുടെ അസാന്നിധ്യംമൂലമുണ്ടായ സാമീപ്യം നാരായൺ ആപ്തെയുടെ നിദ്രാസുഖത്തെ ഇല്ലാതാക്കിയപ്പോൾ അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. പ്രണയിനികളുടെ കല്ലറയിൽ ഉപേക്ഷിക്കപ്പെട്ട നീര്‍മാതളത്തിന്റെ നേര്‍പകുതിയിൽ ഉറുമ്പുകൾ വന്നുപൊതിഞ്ഞിരുന്നു. അതിന്റെ ഒരു തൊലി കഷണത്തിന് മനോരമ സാൽവിയുടെ ചെറു ചതുരപ്പെട്ടിയിൽ അന്ത്യനിദ്ര കൊള്ളാനായിരുന്നു വിധി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.