ചാന്ദ്നി ചൗക്ക്
മഴപെയ്യാൻ പോകുകയാണെന്ന് തവളക്കു മുൻകൂട്ടി അറിവുകിട്ടുന്നതുപോലെ, ഒരാൾക്ക് താൻ മരിക്കാൻ പോകുന്നതിന്റെ എത്ര നിമിഷം മുമ്പാവും സൂചന ലഭിക്കുക?
ജനുവരി 29ാം തീയതി പുലർച്ചക്കു മൂന്നിനാണ് ഗാന്ധി ഉണർന്നത്. ബിർള ഹൗസിൽ എല്ലാവരും ഗാഢനിദ്രയിലായിരുന്നു. പുറത്തു മരംകോച്ചുന്ന തണുപ്പാണ്. ചെവി തുളക്കുന്ന കാറ്റ് നിർത്താതെ വീശിക്കൊണ്ടിരുന്നു. തണുപ്പ് സഹിക്കാനാവാതെ സകലജീവികളും മാളങ്ങളിൽ അഭയം പ്രാപിച്ചിരുന്നു. പുലർകാല പ്രാണികളെയൊന്നും കാണാനില്ലായിരുന്നു. ബിർള ഹൗസിലെ നിശ്ശബ്ദതയിൽ ഗാന്ധിയുടെ മനസ്സുമാത്രം സംസാരിച്ചുകൊണ്ടിരുന്നു. ശുദ്ധിസ്നാനം വരുത്തിയശേഷം അദ്ദേഹം പ്രാർഥനക്കായി ഇരുന്നു. കണ്ണടക്കാൻ തുടങ്ങിയതും ഒരു തവള കരയുന്നതായി തോന്നി. ഗാന്ധി കഴിഞ്ഞ മുറിയെ നിശ്ശബ്ദമാക്കിയിരുന്നത് അദ്ദേഹം കിടന്ന ചെറുമെത്തയും ഇരുന്ന് എഴുതാൻ ഉപയോഗിക്കുന്ന ഉയരംകുറഞ്ഞ ചെറുമേശയും ഊന്നുവടിയും രണ്ടു കണ്ണടകളും ചെയിൻ വാച്ചും കുഞ്ഞു തലയിണകളുമായിരുന്നു. വാച്ചിന്റെ മിടുപ്പുമാത്രം വെള്ള കീറുംതോറും കേട്ടുതുടങ്ങി. പ്രാർഥനക്കു ശേഷം, ഗാന്ധി ചർക്കയെടുത്തു കാലുമടക്കി കിടക്കയിലിരുന്നു. ഏകാഗ്രതയോടെ നൂല് നൂല്ക്കാൻ തുടങ്ങി. ലോകത്തിന്റെ സങ്കടങ്ങൾ കറക്കിക്കളയുന്നതുപോലെ ആ പ്രക്രിയ തുടർന്നു. തെരുവോരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും കിടന്നുറങ്ങിയ അനേകം അഭയാര്ഥികളിൽ ചിലർ തണുപ്പ് സഹിക്കാനാവാതെ മരണത്തിനു കീഴടങ്ങിയിരുന്നു. സ്നേഹത്തിൽനിന്നും വെറുപ്പിൽനിന്നും, വെറുപ്പുണ്ടാക്കിയ വിഭജനത്തിൽനിന്നും അവർ എന്നെന്നേക്കുമായി മോചിതരായി. തണുപ്പ് ഒരഭയസ്ഥാനമാണ്. മരിച്ചാൽ പിന്നെ നാം ഒന്നും അറിയുകയില്ല!
ചര്ക്കയുടെ നേരിയ ശബ്ദത്തിലേക്കു ആബ ഉണർന്നുവന്നു. ''ബാപ്പു ഇന്ന് പതിവിലും നേരത്തേ ഉണർന്നോ?''
''എന്റെ സുഹൃത്ത് ശങ്കരന് ഒരു കത്ത് എഴുതണം'', ഗാന്ധി തണുപ്പിനെ വകവെക്കാതെ പറഞ്ഞു. ആയിടെയായിരുന്നു ശങ്കരന്റെ മകൾ മരിച്ചത്. ആഭ പേനയും കടലാസുമെടുത്തു ബാപ്പുവിന് അരികിലിരുന്നു. ചർക്ക തിരിച്ചുകൊണ്ട് അദ്ദേഹം എഴുതേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ തുടങ്ങി.
''എങ്ങനെയാണ് ഞാൻ നിങ്ങളെ ആശ്വസിപ്പിക്കേണ്ടത്? മരണം അനിവാര്യനായ സുഹൃത്താണ്. സത്യമാണ്. നമ്മുടെ അജ്ഞതയാണ് സങ്കടങ്ങൾ ഉണ്ടാക്കുന്നത്. സുലോചനയുടെ ആത്മാവ് ഇന്നലെകളിലും ഇന്നും നാളെയും നിലനിൽക്കും. ശരീരം മരിക്കും. അത് അനശ്വരമല്ല. സുലോചനയുടെ ശരീരം മാത്രമേ നമ്മെ വിട്ടുപോയിട്ടുള്ളൂ. പരാജയങ്ങളെ മാത്രമേ ശരീരം കൊണ്ടുപോകൂ. നന്മകൾ എല്ലാം ഇവിടെ അവശേഷിച്ചിരിക്കുകയാണ്. നമ്മളത് മറക്കരുത്. സുലോചനയെയും. ഇനി കൂടുതൽ സത്യസന്ധമായി ഉത്തരവാദിത്തങ്ങൾ നിർവഹിക്കാം.''
ഗാന്ധി ഒട്ടും തപ്പിത്തടയാതെയാണ് ഇത്രയും പറഞ്ഞത്. യാതൊരു സംശയവും കൂടാതെ ആഭ അതെല്ലാം കുറിച്ചെടുത്തു. ചര്ക്കയുടെ കറക്കം അവസാനിച്ചപ്പോൾ, തവള വീണ്ടും കരയുന്നതായി ഗാന്ധിക്ക് തോന്നി.
ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ അഭയാർഥികളുടെ പ്രഭാതം തുടങ്ങിയിരുന്നില്ല. അവർക്കിടയിൽ ചുരുണ്ടുകൂടി കിടന്ന വിഷ്ണു കാർക്കറെ പുതപ്പുമാറ്റി എഴുന്നേറ്റു. തണുപ്പ് സഹിക്കാനാവാതെ പുതപ്പു മേലാസകലം ചുറ്റി. രണ്ടു മൂന്ന് പൊലീസുകാർ, പ്ലാറ്റ്ഫോമിൽനിന്ന് തണുത്തുറഞ്ഞു മരിച്ച ഒരാളുടെ ശവശരീരം മാറ്റുന്നതാണ് കാർക്കറെ കണ്ടത്. മരണം കണികാണുന്നത് ആഗ്രഹസാഫല്യത്തിന്റെ സൂചനയാണെന്ന് അയാൾ മനസ്സിൽ കരുതി. പൊലീസുകാർ മൃതദേഹം എങ്ങോട്ടാണ് എടുത്തുകൊണ്ടുപോകുന്നത്? അയാളുടെ വിശ്വാസപ്രകാരമുള്ള ശവസംസ്കാരം ലഭിക്കുമോ? കാർക്കറെ വീണ്ടും അവിടെ ചുരുണ്ടുകൂടി കിടന്നു. നേരം നന്നായി വെളുത്തശേഷം സ്ഥലം വിടാം. അതാണ് നല്ലത്. ഗ്വാളിയോറിൽനിന്നുള്ള വണ്ടിവരുന്നതും സങ്കൽപിച്ച് അയാൾ കണ്ണ് തുറന്നുകിടന്നു. പുതപ്പിനുള്ളിൽ അയാൾ സ്വസ്ഥമായി ഉറങ്ങുകയാണെന്നു ലോകം കരുതി.
ചെങ്കോട്ടയുടെ മാതൃകയിൽ നിർമിച്ച ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ കെട്ടിടം പ്രഭാതവെളിച്ചത്തിൽ തെളിഞ്ഞപ്പോൾ അതിന്റെ മുകളിൽ കഴിഞ്ഞുകൂടുന്ന പ്രാവുകൾ നാലുദിക്കിലേക്കും പറന്നുപോയി. ചിലതു വാട്ടർടാങ്കിൽവന്നിരുന്നു വിപത്സന്ദേശംപോലെ കൂട്ടത്തോടെ കുറുകാൻ തുടങ്ങി. റെയിൽവേ സ്റ്റേഷന്റെ മുന്നിലുള്ള റോഡ് മുറിച്ചുകടന്നാൽ എത്താവുന്ന ദൂരത്തായിരുന്നു ക്വീൻസ് ഗാർഡൻ. അവിടവും അഭയാർഥികളുടെയും പ്രാവുകളുടെയും ആകാശക്കൂരയായിരുന്നു. ശക്തവും നിയന്ത്രണാതീതവുമായ കുത്തൊഴുക്കുപോലെ ജനങ്ങൾ നേരം വെളുത്തു തുടങ്ങിയപ്പോൾ റെയിൽവേ സ്റ്റേഷന്റെ പരിസരത്തു പരക്കാൻ തുടങ്ങി. മിക്കവരുടെയും മുഖഭാവം ഒരേപോലെയായിരുന്നു. സങ്കടങ്ങൾക്കു ലോകമെങ്ങും ഒരേ ദയനീയ ഛായയാണല്ലോ.
പൊതു ശൗചാലയത്തിൽ കയറി ദേഹശുദ്ധി വരുത്തിയശേഷം കാർക്കറെ ടീസ്റ്റാളിൽ കയറി ബിസ്കറ്റും ചായയും കഴിച്ചു. തലേന്ന് രാത്രി നേരാംവണ്ണം ഭക്ഷണം കഴിക്കാത്തതിനാൽ അയാൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. ക്വീൻസ് ഗാർഡനിലെ ഫൗണ്ടന്റെ അരികിൽവെച്ച് കാണാമെന്നാണ് നാരായൺ ആപ്തെ പറഞ്ഞത്. ചൂടുചായ ഊതികുടിച്ചശേഷം വിഷ്ണു കാർക്കറെ ക്വീൻസ് ഗാർഡനിലേക്കു വെച്ചുപിടിച്ചു. അനേകം ചരിത്രസംഭവങ്ങൾക്കു സാക്ഷ്യംവഹിച്ച പാർക്കിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മനുഷ്യരെ കണ്ടപ്പോൾ വിഷ്ണു കാർക്കറെക്ക് മനഃപ്രയാസമായി. ഹിന്ദുരാജ്യത്തിൽ ഹിന്ദുക്കളുടെ ഗതിയിതാണ്. ഇതിനു പരിഹാരം ഉണ്ടായേ പറ്റൂ. അയാൾ ഫൗണ്ടന്റെ അരികിൽ ഇരുന്നു. 1930ൽ ദണ്ഡിയാത്രക്കുശേഷം ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കപ്പെട്ട പൊതുപരിപാടിയിൽ ക്വീൻസ് ഗാർഡനിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്. ആ റാലിയിൽവെച്ചാണ് കസ്തൂർബാ ഗാന്ധി ജനങ്ങളോട് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ ആഹ്വാനം നൽകിയത്. കോൺഗ്രസ് സ്വപ്നം കണ്ട സ്വാതന്ത്ര്യമാണ് ക്വീൻസ് ഗാർഡനിലെ നിലവിളിയായി താനിപ്പോൾ സാക്ഷ്യംവഹിക്കുന്നത്. വിഷ്ണു കാർക്കറെ തോൾബാഗ് തുറന്നു ബീഡിയും തീപ്പെട്ടിയും എടുത്തു ജാക്കറ്റിന്റെ പോക്കറ്റിൽവെച്ചു. ആ സ്ഥലവും അവിടെ കൂടിയിരുന്നവരുടെ ആത്മഭാഷണങ്ങളും അയാളുടെ പിരിമുറുക്കം കൂട്ടി. അയാളുടെ സങ്കൽപരാജ്യം ഇങ്ങനെയല്ല.
''ചരിത്രത്തിനു അക്രമാസക്തരായ വ്യക്തികളെയാണ് ആവശ്യം. ഹിന്ദുരാജ്യത്തെ മെരുക്കിയെടുക്കാൻ രക്തച്ചൊരിച്ചിലിലൂടെ മാത്രമേ സാധിക്കൂ.'' കാർക്കറെ കൂട്ടുകാർ വരുന്നതും നോക്കി വെയിൽ വരുംവരെ ഇരുന്നിടത്തുതന്നെ ഇരുന്നു. പാർക്കിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കണമെന്ന് അയാൾക്കുണ്ടായിരുന്നെങ്കിലും, ആപ്തെയും ഗോഡ്സെയും തന്നെ കാണാതെ പോയാൽ എല്ലാ കണക്കുകൂട്ടലുകളും പിഴക്കുമെന്നയാൾ ഭയന്നു. വെയിൽ പരന്നുതുടങ്ങിയപ്പോൾ മനുഷ്യരുടെ നിഴലുകൾ കെട്ടുപിണഞ്ഞു കിടക്കുകയും അടർന്നുമാറിപ്പോവുകയും ചെയ്തു. ഇതിനിടയിൽ കാത്തിരിപ്പിന്റെ മുഷിച്ചിൽ മാറ്റാനെന്നോണം വിഷ്ണു കാർക്കറെ ബീഡികൾ തുടരെ വലിച്ചു. ഏറെസമയം കഴിഞ്ഞും കൂട്ടുകാരെ കാണാതായപ്പോൾ ദിവ്യമായ ഭീതി അയാളുടെ മുഖത്തു പ്രത്യക്ഷമായി. മദൻലാലിനെ പൊലീസുകാർ മൂന്നാംമുറക്ക് വിധേയമാക്കിക്കാണുമെന്നും, അവൻ തന്റെ പേര് പറഞ്ഞുകാണുമോ എന്നും അലട്ടലുണ്ടായി. ഇതിൽനിന്നെല്ലാം മോചനം നേടാനായി അടുത്തുകണ്ട ചെറുപ്പക്കാരന്റെ അരികിൽച്ചെന്ന് ലോഗ്യം പറഞ്ഞു. നേരം പന്ത്രണ്ടായതും വിഷ്ണു കാർക്കറെയുടെ മുട്ട് വേദനിക്കാൻ തുടങ്ങി. ജീവിതത്തിൽ ഇന്നേവരെ ഇല്ലാത്ത സംഗതിയാണ്. അയാൾ ചെറുപ്പക്കാരനോട് വിടപറഞ്ഞു, ഫൗണ്ടന് ചുറ്റും നടന്നപ്പോൾ വേദന ശമിച്ചു. രണ്ടു പൊലീസുകാർ അതുവഴി ഉലാത്തുന്നതു കണ്ടപ്പോൾ അയാൾ അഭയാർഥികൾ കൂട്ടമായി ഇരിക്കുന്ന ഒരിടത്തേക്കു മാറി.
''ആപ്തെക്കും ഗോഡ്സെക്കും എന്തുപറ്റി? തീവണ്ടി എത്തിക്കാണില്ലേ?'' അയാൾ വീണ്ടും ഫൗണ്ടനു മുന്നിൽ വന്നിരുന്നു. നേരം തീരെ പോകുന്നുണ്ടായിരുന്നില്ല.
ഫൗണ്ടനരികിൽ ചായ വിൽക്കുന്ന ചെറുപ്പക്കാരന് അരികിൽ ചെന്ന് ചായ വാങ്ങി. അവന്റെ ദയനീയമുഖം കണ്ടപ്പോൾ വിഷ്ണു കാർക്കറെക്ക് സഹതാപം തോന്നി. അവൻ റാവൽപിണ്ടിയിൽനിന്നും ഓടിവന്ന അഭയാര്ഥിയായിരുന്നു.
''നിന്റെ പേരെന്താണ്?''
''എനിക്ക് പേരില്ല സാബ്, ഇപ്പോൾ ചായ വിൽക്കുന്നതുകൊണ്ട് എല്ലാവരും ചായാവാല എന്ന് വിളിക്കുന്നു.''
നിരന്തരം സങ്കടങ്ങൾ മാത്രമുണ്ടാവുമ്പോൾ മനുഷ്യർ അത് ആസ്വദിക്കാൻ പഠിക്കും. കാർക്കറെ ചായ മൊത്തി.
''ഓടിപ്പോരുമ്പോൾ കൂടെ ഭാര്യയും മകളും ഉണ്ടായിരുന്നു. ഭാര്യയെ മുഹമ്മദീയർ കൊല്ലുകയും മകളെ ഹിന്ദുക്കൾ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഭ്രാന്തുപിടിച്ചവനെ പോലെയാണ് പിന്നെ ഒളിച്ചും പാത്തും ഞാൻ ഡൽഹിയിൽ എത്തിയത്.''
''എല്ലാത്തിനും ആ ഗാന്ധിയാണ് കാരണം'', കാർക്കറെ പറഞ്ഞു.
''ഒരിടത്തെത്തിയപ്പോൾ കൊലയും കൊള്ളിവെപ്പും. കുട്ടിയെ രക്ഷിക്കാനുള്ള തത്രപ്പാടിൽ ഭാര്യയെ നഷ്ടമായി. രക്ഷപ്പെടാനുള്ള അവസാനശ്രമമെന്ന നിലക്ക് തെരുവിൽ കണ്ട മുസൽമാന്റെ ശവശരീരത്തിൽനിന്നും തൊപ്പിയും കുപ്പായവും അഴിച്ചെടുത്ത് അണിഞ്ഞു. കുറച്ചുദൂരം ചെന്നപ്പോഴേക്കും കാലാവസ്ഥ മാറി. ആ വേഷം അപകടമായി. കുട്ടിയെ നഷ്ടപ്പെട്ടത് ആ പ്രദേശത്തുവെച്ചായിരുന്നു. ദുഃഖം താങ്ങാനാവാതെ സ്വയം ഒടുങ്ങാമെന്നുവെച്ചു. ഭാര്യയും കുട്ടിയും നഷ്ടപ്പെട്ട ജീവിതം പിന്നെ എന്തിനാണ്. പക്ഷേ, ഞാനും എന്റെ ട്രങ്ക്പെട്ടിയും ബാക്കിയായി.'' ''നിന്റെ നാട് എവിടെയായിരുന്നു?''
''റാവല്പിണ്ടി. എന്റെ വീടും കുടിയും ഇപ്പോൾ ഈ ട്രങ്ക് പെട്ടിയാണ്. അതിൽ അമൂല്യമായ രണ്ടു സാധനങ്ങളുണ്ട്. കുഞ്ഞുമോളുടെ ചെരുപ്പും ഭാര്യയുടെ ഒരു ജോടി വളയും. കലാപകാരികൾ വന്നപ്പോൾ അവൾ ഊരിത്തന്നതായിരുന്നു. ഈ ട്രങ്ക് പെട്ടി എന്റെ ശവകുടീരമാണ്.''
കാർക്കറെ അവന്റെ കൈയിൽനിന്ന് രണ്ടു ചായകൂടി വാങ്ങി കുടിച്ചു.
ഠഠഠ
ഗ്വാളിയോറിൽനിന്ന് പുലര്ക്കാലത്ത് ഓൾഡ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരേണ്ടിയിരുന്ന വണ്ടി നട്ടുച്ചക്കാണ് വന്നത്. അനേകം മണിക്കൂറുകൾ വൈകിയതിനാൽ നാരായൺ ആപ്തെയും ഗോഡ്സെയും മുഷിഞ്ഞുപോയിരുന്നു. ദേഹശുദ്ധിവരുത്താൻ കഴിയാത്തതിലുള്ള മനശ്ശല്യമായിരുന്നു അവരെ അവശരാക്കിയത്.
''നമുക്ക് സ്റ്റേഷനിൽതന്നെയുള്ള റിട്ടയറിങ് റൂം എടുക്കാം'', ഇറങ്ങാൻ കാത്തുനിൽക്കുമ്പോൾ ഗോഡ്സെ പറഞ്ഞു.
ഇത് ഇന്നലെ വണ്ടികയറുമ്പോൾ പറഞ്ഞുറപ്പിച്ച കാര്യമല്ലേ. പിന്നെ എന്തിനാണ് ആവർത്തിക്കുന്നതെന്ന് ആപ്തെക്കു നീരസമുണ്ടായി. അവർ ലഗേജ് എടുത്ത് ബുക്കിങ് ഓഫിസിലേക്ക് ചെന്നു. വിശപ്പും ദാഹവും കാരണം ഗോഡ്സെക്ക് ചെറുതായി തലവേദനിച്ചുതുടങ്ങിയിരുന്നു.
ബുക്കിങ് ക്ലർക്ക് സുന്ദരിലാൽ റിസപ്ഷനിൽ ഇരിക്കുകയാണ്. രണ്ടു ചെറുപ്പക്കാർ വന്നതൊന്നും അയാൾ അത്ര ഗൗനിച്ചില്ല. പത്രത്തിൽ കണ്ണും നട്ടിരിക്കുകയായിരുന്നു.
''ഒരു റൂം വേണം'', ഗോഡ്സെ പറഞ്ഞു.
''ഇപ്പോൾ ഒഴിവില്ല. കുറച്ചുകഴിഞ്ഞു ഒന്ന് വന്നുനോക്കൂ, ഒരു കൂട്ടർ ഒഴിയാനുണ്ട്.''
സുന്ദരിലാൽ പത്രത്തിൽനിന്ന് കണ്ണെടുത്തുകൊണ്ട് ഇരുവരെയും നോക്കി. ഗോഡ്സെ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല, ആപ്തെ മനോഹരമായി ചിരിച്ചു. സുന്ദരിലാലിനു അയാളോട് അടുപ്പം തോന്നി.
''ഒരു മണിക്കൂർ കഴിഞ്ഞുവന്നാൽ റൂം തരാം.''
ആപ്തെ കൈകൂപ്പി. സുന്ദരിലാൽ ചിരിച്ചു.
അവർ ആൾക്കൂട്ടത്തിൽ ഇരുന്നു നേരം പോക്കാമെന്നുവെച്ചു. ആയുധവുമായി അലഞ്ഞുനടക്കുന്നത് സുരക്ഷിതമല്ല. അതിനാൽ ഭക്ഷണം കഴിക്കാൻപോലും ഗോഡ്സെ കൂട്ടാക്കിയില്ല.
''ഞാനൊരു ചായകുടിച്ചു വരാം.'' ആപ്തെ ആൾക്കൂട്ടത്തിൽ ലയിച്ചു. അയാളുടെ ലഗേജ് നോക്കേണ്ട ബാധ്യത ഗോഡ്സെയുടേതായി. പത്തു ചായ കുടിച്ചുവരേണ്ട സമയമായി. ആപ്തെയെ കണ്ടില്ല. ഗോഡ്സെക്ക് വിയര്ക്കാനും വയറ്റിൽനിന്ന് ഒലിച്ചുകൂടാനും തുടങ്ങി. ഓട്ടോമാറ്റിക് പിസ്റ്റൾ ആണ്. അതിന്റെ സേഫ്റ്റി ക്യാപ് ഓഫാക്കിയിരുന്നോ എന്ന് അയാൾക്ക് സംശയമായി. ഇല്ലെങ്കിൽ ട്രിഗറിൽ ഒന്ന് തൊട്ടാൽ മതി, വെടിപൊട്ടും. അരയിൽ സൂക്ഷിച്ച തോക്ക്, ബാഗിൽ വെച്ചാൽ മതിയായിരുന്നു. അയാൾ സ്വയം പഴിച്ചു. ആൾക്കൂട്ടത്തിൽ തനിയെ ഇരുന്ന നേരമത്രയും വിഷ്ണു കാർക്കറെയെപ്പറ്റി ഗോഡ്സെ ഓർത്തതേയില്ല. റെയിൽവേ ഗാർഡുകളും പൊലീസും നിരീക്ഷണത്തിനുണ്ട്. അവരുടെ കണ്ണിൽപെട്ടാൽ എല്ലാം തീരും. ആപ്തെ എങ്ങോട്ടാണ് പോയത്. അയാൾക്ക് ശരിക്കും കലിവന്നു. പ്രാവുകളും ജനങ്ങളും ഉണ്ടാക്കുന്ന ശബ്ദമലിനീകരണം അയാളുടെ വെറി കൂട്ടി. ഗോഡ്സെ പ്രതീക്ഷിക്കാത്ത ഇടത്തുനിന്നാണ് ആപ്തെ പ്രത്യക്ഷപ്പെട്ടത്. ആശ്വാസമാണ് അയാൾക്കുണ്ടായത്, അതിനാൽ വഴക്കുപറയാൻ തോന്നിയില്ല.
''റൂം ശരിയായിക്കാണും വരൂ'', ആപ്തെ പറഞ്ഞു.
പറഞ്ഞ സമയത്തിനുംമുമ്പ് അവർ സുന്ദരിലാലിനെ ചെന്നുകണ്ടു. 6ാം നമ്പർ മുറിയാണ് അനുവദിച്ചുകിട്ടിയത്. ഗോഡ്സെക്ക് വലിയ ആശ്വാസം തോന്നി. ഹൃദയം നിലച്ചുപോകുമെന്ന സ്ഥിതിയിൽനിന്നും അയാൾ മോചിതനായി. വൃത്തിയുള്ള മുറിയായിരുന്നു. ഗോഡ്സെ തോക്കെടുത്തു ബാഗിൽ വെച്ചു. കട്ടിലിന്റെ അടിയിലുള്ള വലിപ്പ് തുറന്നു ബാഗ് അതിൽവെച്ചു പൂട്ടി. വേഗംതന്നെ കുളിമുറിയിൽ കയറി ഒരുപാടു വെള്ളത്തിൽ കുളിച്ചു. ആപ്തെ ശാന്തനായിരുന്നു.
സമയം ഒന്നര കഴിഞ്ഞു. ഇരുവരും ഉച്ചഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. റെയിൽവേ റസ്റ്റാറന്റിൽ കയറി ഓർഡർ പറഞ്ഞു. പരിചയക്കാർ ആരെങ്കിലും ഉണ്ടാകുമോ എന്ന് ഗോഡ്സെക്ക് മനശ്ശല്യമുണ്ടായി. ഭക്ഷണം മുഴുവനും കഴിക്കാൻ അയാൾക്കായില്ല.
''നീ ആധി പിടിക്കുന്നതെന്തിനാണ്? ഭാര്യയെക്കുറിച്ചോ മക്കളെക്കുറിച്ചോ കാമുകിയെക്കുറിച്ചോ നിനക്ക് ചിന്തിക്കാനില്ലല്ലോ. ഒറ്റത്തടി. മുമ്പും പിമ്പും നോക്കാനില്ല. ആയുധം കിട്ടിയല്ലോ. ഇനിയെങ്കിലും ആണിനെപ്പോലെ പെരുമാറ്'', മുറിയിലെത്തിയതും നാരായൺ ആപ്തെ പൊട്ടിത്തെറിച്ചു.
ഗോഡ്സെക്ക് ബോധോദയമുണ്ടായി. പെണ്ണുടുപ്പിട്ട ആത്മാവിനെ പൂർണമായും മനസ്സിൽനിന്ന് കുടഞ്ഞുകളയാൻ, നാരായൺ ആപ്തെയുടെ വാക്കുകൾ അയാൾക്ക് ശക്തി നൽകി.
ഗോഡ്സെ ഷൂ അഴിച്ചുവെച്ചു. അതിൽ ഗാന്ധിയുടെ മുഷിഞ്ഞ ചിത്രം ചുളിവുവീണു വികൃതമായിരുന്നു.
''വ്യാസിനെ പോയി നോക്കണ്ടേ?''
''അൽപം വിശ്രമിച്ചിട്ടു പോകാം'', ആപ്തെ വെള്ളവിരിയിട്ട കിടക്കയിലേക്ക് ചാഞ്ഞു.
ഭാര്യ, മകൻ, കാമുകി... ഇവരുടെ അസാന്നിധ്യം നാരായൺ ആപ്തെയെ ബാധിച്ചതേയില്ല.
''പൂവിന്റെ അടുത്തിരിക്കുമ്പോൾ പൂവായിരിക്കുക, മലയുടെ അടുത്തു നിൽക്കുമ്പോൾ മലയായിരിക്കുക, പുഴയുടെ അടുത്തു നിൽക്കുമ്പോൾ പുഴയായിത്തീരുക.''
അതുകൊണ്ട് അയാൾക്ക് കൂട്ടുകാരനേക്കാൾ നല്ല നിദ്ര കിട്ടി. മനസ്സമാധാനം പണയം വെക്കാനുള്ളതല്ലെന്നു അയാൾക്ക് നന്നായി അറിയാമായിരുന്നു.
'എൻ. വിനായക് റാവ്.' താൻ മുറിയെടുക്കുമ്പോൾ എഴുതിക്കൊടുത്ത പേര് വ്യാജമാണെന്ന് മനസ്സിലാവുമോ? ഉറക്കം ഞെട്ടിയുണർന്നപ്പോൾ ഗോഡ്സെക്ക് നിൽക്കപ്പൊറുതിയില്ലാതായി. മുഖം കഴുകിവന്നു കട്ടിലിൽ ഏറെനേരം ഇരുന്നു. സമയം ആറുമണിയായിരുന്നു. എന്നിട്ടും വെളിച്ചം മങ്ങിയിട്ടില്ല.
''വ്യാസിനെ കാണാൻ പോവാം'', അയാൾ ആപ്തെയെ തട്ടിവിളിച്ചു. നാരായൺ ആപ്തെ കുളിക്കാൻ കയറിയപ്പോൾ, ഗോഡ്സെ റൂം ബോയിയെ വിളിച്ചുവരുത്തി. ഹരികിഷൻ മുറിയിലേക്ക് വന്നു. നാഥുറാം ഗോഡ്സെ തന്റെ വസ്ത്രങ്ങൾ അലക്കാനായി അവനെ ഏൽപിച്ചു. ഷർട്ടിന്റെ കോളറിൽ NVG എന്ന് എഴുതിയിരുന്നു. വസ്ത്രം നൽകുമ്പോൾ അയാൾ ആ കാര്യം ഓർത്തതേയില്ല. ഷർട്ട് വിനായക് റാവുവിന്റേതല്ല!
''എല്ലാം നാളെ രാവിലെ കിട്ടണം'', ഗോഡ്സെ പറഞ്ഞു.
''ഷൂ പോളിഷ് ചെയ്യുന്ന പയ്യനുണ്ട്, ഒരു ജാനു. എല്ലാം നന്നായി അലക്കിത്തേച്ച് അവൻ നാളെതന്നെ എത്തിക്കും സാബ്'', ഹരികിഷൻ പറഞ്ഞു.
''ശരി.'' ഗോഡ്സെ അവനോടു ചിരിച്ചതേയില്ല.
കൂട്ടുകാരെ കാത്തിരുന്ന്, എത്ര ചായകുടിച്ചെന്നോ, എത്ര ബീഡി വലിച്ചെന്നോ കാർക്കറെക്കു നിശ്ചയമില്ലായിരുന്നു. നേരം മങ്ങിത്തുടങ്ങി. അയാൾ പ്രതീക്ഷ കൈവിടാതെ അവിടെ നിന്നു. പ്രസന്നവദനനായി നാരായൺ ആപ്തെയും പതിവ് നിസ്സംഗതയോടെ നാഥുറാം ഗോഡ്സെയും നടന്നുവരുന്നത് കാർക്കറെ കണ്ടു. വൈകിയതിനെപ്പറ്റി അവരോ, കാത്തുനിന്നു മുഷിഞ്ഞതിനെപ്പറ്റി വ്യാസോ ഒന്നും പറഞ്ഞില്ല.
''ക്വീൻസ് പാർക്ക് അഭയാർഥികളുടെ പൂന്തോട്ടമാണ്'', ആപ്തെ ആരെയും തൊട്ടുരുമ്മാതെ നടന്നു.
''ചരിത്രം അനേകം മനുഷ്യരെ വഴിതെറ്റിച്ച പൂന്തോട്ടം!''
റെയിൽവേ സ്റ്റേഷനിൽ അഭയാർഥികൾ വർധിച്ചിരുന്നു. പൊലീസുകാർ ശവം കണ്ടെത്തിയ അതേ ഇടത്തെത്തിയപ്പോൾ കാർക്കറെക്കു നെഞ്ച് എരിയാൻ തുടങ്ങി. അനേകം ബീഡികൾ പുകച്ചതിന്റെ പ്രശ്നമാകുമെന്നാണയാൾ കരുതിയത്. ബാഗും കിടക്കയും കാർക്കറെ മുറുകെപ്പിടിച്ചു നടന്നു. മുറിയിലെത്തുംവരെ അപരിചിതരെപ്പോലെയാണ് മൂവരും പെരുമാറിയത്. ആറാം നമ്പർ മുറിയിൽ കയറിയതും, കൊല്ലപ്പെടാൻ പോകുന്ന ആത്മാവിന്റെ പ്രതിനിധി ഗൂഢാലോചനക്കു സാക്ഷ്യം വഹിക്കാൻ വന്നതുപോലെ, ഒരു നാലാമന്റെ സാന്നിധ്യം ഗോഡ്സെക്ക് അനുഭവപ്പെട്ടു.
''തോക്കു കിട്ടിയോ?'', കണ്ട ഉടനെ ചോദിക്കാൻ വന്ന കാര്യം വിഷ്ണു കാർക്കറെ, അടക്കിപ്പിടിച്ചുകൊണ്ടു ചോദിച്ചു. ആരും ഇന്നേവരെ കാണാത്ത ഗോഡ്സെയുടെ പ്രസന്നഭാവമാണ് മറുപടിയായി കണ്ടത്. വലിപ്പുതുറന്നു അയാൾ ബാഗ് എടുത്തു. അതിൽനിന്നു തുണിയിൽ പൊതിഞ്ഞുവെച്ച തോക്കു പുറത്തെടുത്തു.
''9 എം.എം ബെരേറ്റ.''
കറുപ്പും നീലയും കലർന്ന എണ്ണമിനുപ്പുള്ള പിസ്റ്റൾ. കാർക്കറെ ഇതുപോലെയൊന്നു മുമ്പ് കണ്ടിട്ടേയില്ല. അയാൾ തോക്ക് കൈയിലെടുത്തു. അതിന്റെ കുഴലിലും പിടിയിലും എഴുതിയത് വായിച്ചു.
''ഇറ്റാലിയൻ ആണ്, ചതിക്കില്ല'', നാരായൺ ആപ്തെ പറഞ്ഞു. "മുസോളിനിയുടെ ബന്ധു!"
''ഇതിന്റെ തിരകളെവിടെ?''
ഗോഡ്സെ ബാഗില്നിന്നു തൂവാലയിൽ പൊതിഞ്ഞ ഉണ്ടകൾ എടുത്തു കാണിച്ചുകൊടുത്തു.
''ഏഴെണ്ണം ഉണ്ട്.''
''ഇതിൽ എങ്ങനെയാണ് ലോഡ് ചെയ്യുന്നത്?''
ഗോഡ്സെ വിശദമായി എല്ലാം കാർക്കറെക്കു കാണിച്ചുകൊടുത്തു.
''ഓ, അതിനകത്തു ഉണ്ടകൾ ഉണ്ടല്ലോ.'' കാർക്കറെ കണ്ണുമിഴിച്ചു.
ഗോഡ്സെ മാഗസിൻ അടച്ചുവെച്ചു പുഞ്ചിരിച്ചു.
''ഓട്ടോമാറ്റിക് ആണ്. സേഫ്റ്റി ക്യാപ് ഇട്ടില്ലെങ്കിൽ ട്രിഗറിൽ അറിയാതെ വിരൽകൊണ്ടാലും വെടിപൊട്ടും'', ആപ്തെ പറഞ്ഞു.
''ഇതുപോലെ ഒരെണ്ണത്തിൽനിന്നുള്ള ഉണ്ടകളാണ് അയാൾ അർഹിക്കുന്നത്.''
വിഷ്ണു കാർക്കറെ ഗോഡ്സെയെ കെട്ടിപ്പിടിച്ചു.
''ഇനി നമ്മൾ തോൽക്കുകയില്ല.''
വ്യാസ് അമിതമായി ഗോഡ്സെയെ അഭിനന്ദിക്കുന്നതിൽ ആപ്തെക്കു നീരസം തോന്നി.
''ഈ തോക്കിനു എന്ത് വിലകൊടുത്തു?'', വിഷ്ണു കാർക്കറെ ചോദിച്ചു.
''ഗാന്ധിയുടെ ജീവന്റെ വില'', നാരായൺ ആപ്തെ, രഹസ്യസംഭാഷണത്തിന് ഒട്ടും ചേരാത്ത ഉറച്ചശബ്ദത്തിൽ പറഞ്ഞു. ഗോഡ്സെ വേഗം തോക്കെടുത്തു ബാഗിൽ വെച്ചു.
ജീവിതത്തിന്റെ രഹസ്യ ആനന്ദങ്ങൾ ആവിഷ്കരിക്കാൻ ആളുകളെത്തുന്ന ചാന്ദിനി ചൗക്കിലേക്കാണവർ പിന്നീട് പോയത്. ഷാജഹാന്റെ മകൾ ജഹനാര രൂപകൽപന ചെയ്ത നഗരം. കച്ചവടക്കാരും തൊഴിലാളികളും അഭയാര്ഥികളും കലാകാരന്മാരും രാഷ്ട്രീയക്കാരും ചാന്ദിനി ചൗക്കിലെ രാത്രിനേരങ്ങളിൽ നിറം മാറുന്നത് ആപ്തെ പലവട്ടം കണ്ടിരിക്കുന്നു. കൂട്ടുകാർക്കൊപ്പം കൂട്ടംതെറ്റി, മുനിസിപ്പൽ ടൗൺഹാളിന്റെ മുന്നിലൂടെ നടക്കുമ്പോൾ രാത്രി മുതലാക്കാൻ അയാൾ നിശ്ചയിച്ചിരുന്നു. നഗരത്തിന്റെ പകലൊച്ചയേക്കാൾ നിശ്ശബ്ദമായിരുന്നു ഇരുട്ടുവീണ് തുടങ്ങിയ ചാന്ദിനി ചൗക്ക്. ഒരു ഫോട്ടോ സ്റ്റുഡിയോ കണ്ടപ്പോൾ ഗോഡ്സെ നിന്നു.
''എനിക്കൊരു പടം എടുക്കണം'', അയാൾ പറഞ്ഞു. ആപ്തെക്കു അതിലൊന്നും താൽപര്യമില്ലായിരുന്നു.
''നിങ്ങൾ പടം എടുത്തുവരൂ, ഞാൻ പുറത്തുനിൽക്കാം'', ആപ്തെ പറഞ്ഞു.
വിഷ്ണു കാർക്കറെ അത്ഭുതപ്പെട്ടുപോയി. എന്തിനാണിപ്പോൾ പടമെടുക്കുന്നത്. എങ്കിലും കൂട്ടുകാരന്റെ ആഗ്രഹത്തിനു വഴങ്ങി അയാളും ഗോഡ്സെക്കൊപ്പം സ്റ്റുഡിയോയിലേക്ക് കയറി.
ഗോഡ്സെ ഫോട്ടോ എടുക്കാനായി ഒരുങ്ങുന്നത് കർട്ടന്റെ അരികിൽനിന്നു വിഷ്ണു കാർക്കറെ നോക്കിനിന്നു.
മുടി ചീകി. പൗഡറിട്ടു മുഖം മിനുക്കിയ ശേഷം ഗോഡ്സെ ഉയരംകൂടിയ സ്റ്റൂളിൽ പോയിരുന്നു.
ലൈറ്റ് തെളിഞ്ഞു... ഫോട്ടോഗ്രാഫർ താടി ഉയർത്താനും താഴ്ത്താനും പറഞ്ഞു. അനുസരിക്കാൻ മടിയുള്ളതുപോലെയാണ് ഗോഡ്സെ അതെല്ലാം ചെയ്തത്.
''കുറച്ചുകൂടി സന്തോഷമായിരിക്കൂ'', ഫോട്ടോഗ്രാഫർ പറഞ്ഞു.
ഗോഡ്സെ പുഞ്ചിരിക്കുന്നത് കാണാൻ കാർക്കറെ ആകാംക്ഷാപൂർവം നിന്നു. പേക്ഷ, ആ അത്ഭുതം സംഭവിച്ചില്ല. ഫ്ലാഷ് മൂന്നുവട്ടം മിന്നി. മൂന്ന് ചിത്രങ്ങൾ!
''ഒരു മണിക്കൂർ കഴിഞ്ഞു വന്നാൽ തരാം'', ഫോട്ടോഗ്രാഫർ പറഞ്ഞു.
കാശുകൊടുത്തിറങ്ങുമ്പോൾ വിഷ്ണു കാർക്കറെ ചോദിച്ചു: ''എന്തിനാണിപ്പോൾ പടം എടുത്തത്?''
''നാളെ ലോകം എന്നെ തിരിച്ചറിയുക ഈ ചിത്രത്തിലൂടെയാവും.''
ഗോഡ്സെ എന്തെല്ലാമോ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ടെന്നു കാർക്കറെക്കു മനസ്സിലായി. അവർ സ്റ്റുഡിയോയിൽനിന്നു പുറത്തുകടന്നപ്പോൾ കണ്ടത് നാരായൺ ആപ്തെ ഒരു തെരുവുവേശ്യയോട് സംസാരിച്ചു നിൽക്കുന്നതാണ്. ഗോഡ്സെ സ്റ്റുഡിയോചീട്ട് പോക്കറ്റിൽ ഇട്ടുകൊണ്ട് നടന്നു. നാരായൺ ആപ്തെ അവരുടെ പിന്നാലെ ഓടിവന്നു. നേരിയ കുളിര്കാറ്റു വീശിയപ്പോൾ മൂവർക്കും തണുത്തു.
''നമുക്ക് ഒരു സിനിമക്കു കയറിയാലോ?'' ആപ്തെ ചോദിച്ചു.
''ഞാനില്ല നിങ്ങൾ പോയി കണ്ടോളൂ'', ഗോഡ്സെ ഒഴിഞ്ഞു.
''എങ്കിൽ അത്താഴം കഴിച്ചു പിരിയാം'', കാർക്കറെ പറഞ്ഞു.
അവർ നല്ല ഭക്ഷണശാല നോക്കി ചാന്ദിനി ചൗക്കിലൂടെ ഒരുവട്ടംകൂടി നടന്നു.
ഠഠഠ
ഗാന്ധി ക്ഷീണിതനായിരുന്നു. രണ്ടുദിവസമായുള്ള കഫക്കെട്ട് അദ്ദേഹത്തെ അലട്ടുന്നുണ്ട്. വൈകുന്നേരത്തെ പ്രാർഥനായോഗത്തിലും ഉന്മേഷം തോന്നിയില്ല. ഉച്ചക്ക്, ഇന്ത്യ-പാകിസ്താൻ അതിർത്തി ഗ്രാമമായ ബസുവിൽനിന്നുള്ള അഭയാർഥികൾ ഗാന്ധിയെ കാണാൻ വന്നിരുന്നു. ഗുജറാത്ത് ട്രെയിൻ കൂട്ടക്കൊലയിൽനിന്നും രക്ഷപ്പെട്ടവരായിരുന്നു അവർ. തങ്ങളുടെ സങ്കടവും രോഷവും പ്രകടിപ്പിക്കാനാണ് അവർ എത്തിയിരുന്നത്.
''നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് ദ്രോഹംചെയ്തു. ഞങ്ങളെ പൂർണമായും നശിപ്പിച്ചു. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടിട്ടു ഹിമാലയത്തിൽപോയി വിശ്രമജീവിതം നയിച്ചുകൂടെ?''
അഭയാർഥികളുടെ വിലാപങ്ങളെപ്പറ്റി ഗാന്ധിജി പ്രാർഥനായോഗത്തിലും വാചാലനായിരുന്നു. അത്താഴം കഴിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽനിന്നും അത് മാഞ്ഞുപോയില്ല. എങ്കിലും ഉറങ്ങുന്നതിനുമുമ്പ് എല്ലാവരുമായി സംസാരിക്കുന്ന പതിവ് തെറ്റിക്കാൻ അദ്ദേഹത്തിനായില്ല. കഫക്കെട്ടിൽനിന്നും ആശ്വാസം ലഭിക്കാൻ പെൻസിലിൻ ലോസഞ്ചർ നുണയാൻ കൊടുത്തെങ്കിലും കഴിക്കാൻ കൂട്ടാക്കിയില്ല.
ദൈവികമായ വിഷാദം പിടികൂടിയപ്പോൾ, ഓർമയിൽനിന്നു അലഹബാദിലെ ഉർദു കവിയായ നാസറിന്റെ വരികൾ ചൊല്ലി.
ലോകനന്ദനത്തിൽ വന്നുചേരുന്ന
വാസനപ്പൂവിടർത്തും വസന്തത്തിൽ
ശോഭയാത്രക്ക് ദീർഘമില്ലെങ്കിലും
നിര്ഭയമാം അതിന്റെ പ്രകടനം
എത്രകണ്ടു നിലനിൽക്കുമത്രക്കു
ശ്രദ്ധയോടെ നിരീക്ഷിച്ചുകൊള്ളുക.
കവിത ചൊല്ലി തീർന്നതും അദ്ദേഹം ചുമയ്ക്കാൻ തുടങ്ങി.
''ബാപ്പു... ലോസഞ്ചർ കഴിച്ചുകൂടെ?''
''വേണ്ട, സർവശക്തനായ എന്റെ ശ്രീരാമൻ ഇതെല്ലാം മാറ്റിത്തരും.''
മനു ബഹൻ പിന്നെ അദ്ദേഹത്തെ നിർബന്ധിക്കാൻ പോയില്ല.
കഴിഞ്ഞ രണ്ടുദിവസമായി ഗാന്ധി കോൺഗ്രസിന്റെ ഭരണഘടന എഴുതുകയായിരുന്നു. അതിന്റെ ആദ്യ ഡ്രാഫ്റ്റ് തീർക്കണമെന്ന് പറഞ്ഞിരുന്നു. വൈകീട്ട് അതെഴുതാൻ ഇരുന്നപ്പോളും തലവേദന കലശലായി.
''ഉറങ്ങാൻ വൈകുമോ?'' ആഭക്ക് പേടിതോന്നി. ബാക്കി നാളെയാവാം എന്ന് പറയണമെന്നുണ്ടായിരുന്നു. പൊടുന്നനെ എന്തോ ഓർത്തിട്ടെന്നപോലെ ഗാന്ധി ചുറ്റിലും ഇരിക്കുന്നവരെ നോക്കി. ഇരുപ്പു ശരിയാക്കിക്കൊണ്ടു മനുവിനോട് പറഞ്ഞു:
''നീണ്ടുനിൽക്കുന്ന അസുഖം മൂലമോ പൊള്ളലേറ്റോ വ്രണം കാരണമോ ഞാൻ മരണപ്പെടുകയാണെങ്കിൽ, ഞാന് അവകാശപ്പെട്ട ദൈവത്തിന്റെ ആളല്ല എന്ന് ലോകത്തോട് പറയാനുള്ള ബാധ്യത നിനക്കാണ്. അത് ജനങ്ങളെ രോഷാകുലരാക്കിയേക്കാം, എങ്കിലും നീയങ്ങനെ ചെയ്താൽ എന്റെ ആത്മാവിന് ശാന്തി ലഭിക്കും. ഒരുകാര്യം കൂടി, ബോംബ് വെച്ചുകൊല്ലാൻ ശ്രമിച്ചതുപോലെ ഇനിയാരെങ്കിലും എന്റെ നേരെ തോക്കുമായി ജീവനെടുക്കാൻ വന്നാൽ ഞാൻ സധൈര്യം വെടിയുണ്ടയെ നേരിടും. എന്നിട്ടു ദൈവനാമം ജപിച്ച് അവസാന ശ്വാസമെടുക്കും. അപ്പോൾ മാത്രമേ എന്റെ അവകാശവാദം നിലനിൽക്കൂ.''
രാത്രി 9.15നു ഗാന്ധി ഉറങ്ങാൻ കിടന്നു. മുറി നിശ്ശബ്ദമായി. കിടന്ന ഉടനെ ഗാന്ധി ഉറങ്ങിപ്പോയി. ജീവിതത്തിലെ അവസാനത്തെ ഉറക്കം ഉറങ്ങിത്തീർക്കുന്നതുപോലെ ഗാന്ധി കിടക്കുന്നതു കണ്ടു അദ്ദേഹത്തിന്റെ ഊന്നുവടിയും മേശയും പേനയും വാച്ചും മുരടയും വസിയും വിലപിക്കാൻ തുടങ്ങി. നാളെ മുതൽ അവയെല്ലാം ഉപയോഗശൂന്യമാവും!
ഠഠഠ
കൂട്ടുകാർ ഒന്നിച്ചുള്ള അവസാനത്തെ അത്താഴമായിരുന്നു. ഗോഡ്സെ പതിവിലധികം ഭക്ഷണം കഴിച്ചു. ''ഞാൻ നേരെ വിശ്രമമുറിയിലേക്കു പോകും. എനിക്ക് നന്നായി ഉറങ്ങണം.'' ഗോഡ്സെ കൂട്ടുകാരോട് പറഞ്ഞു. ഭക്ഷണം കഴിച്ചശേഷം അവർ രണ്ടുവഴിക്കു പിരിഞ്ഞു. നാരായൺ ആപ്തെയും വിഷ്ണു കാർക്കറെയും സിനിമക്കു പോയി. ഗോഡ്സെ പോകുന്നവഴിയിൽ സ്റ്റുഡിയോയിൽ കയറി. മുറിയിലെത്തി വസ്ത്രം മാറിയ ശേഷം കട്ടിലില് തന്റെ ചിത്രങ്ങള് നിരത്തിവെച്ചു. ഒരേ മുഖഭാവമുള്ള മൂന്ന് ചിത്രങ്ങൾ. അതിന്റെ ഇടയിൽ അയാൾ ഷൂസിന്റെ ഉള്ളിൽനിന്നു ഇത്രയും കാലം ചവിട്ടിമെതിച്ച ഗാന്ധിയുടെ ഫോട്ടോ എടുത്തുവെച്ചു. എത്ര ചവിട്ടിക്കൂട്ടിയിട്ടും അയാളുടെ പുഞ്ചിരിക്ക് മാറ്റമൊന്നുമില്ല!
നോവൽറ്റി സിനിമ ഹാളിൽനിന്നു ഉല്ലാസത്തോടെയാണ് നാരായൺ ആപ്തെ പുറത്തേക്കിറങ്ങിയത്. അയാൾക്ക് യാതൊരുവിധ ഹൃദയഭാരവും ഉണ്ടായിരുന്നില്ല. കാർക്കറെക്ക് ഉറങ്ങാനുള്ള തിടുക്കമുണ്ടായി. കിടക്കും മുമ്പ് വലിക്കാനുള്ള ബീഡി പോക്കറ്റിലുണ്ടെന്ന് അയാൾ ഉറപ്പുവരുത്തി. ഇനി ക്ലോക്ക് റൂമിൽ ചെന്ന് ബാഗും കിടക്കയും എടുക്കണം. റെയിൽവേ സ്റ്റേഷനിൽ ഇന്നലെ കിടന്ന ഇടത്തുനിന്നു മാറിക്കിടക്കണം. ഇത്രയുമേ അയാള് ആഗ്രഹിച്ചുള്ളൂ. ചാന്ദിനി ചൗക്കിൽനിന്നു റെഡ്ഫോർട്ടിന്റെ മുന്നിലൂടെ അവർ നടന്നു. ആപ്തെയുടെ ചുണ്ടിൽ ഒരു പാട്ടുണ്ടായിരുന്നു.
''വ്യാസ് പോയിക്കൊള്ളൂ. ഞാൻ അൽപനേരം കൂടി നിലാവിൽ ഉലാത്തട്ടെ.''
അർധരാത്രി അവർ വഴിപിരിഞ്ഞു.
വിഷ്ണു കാർക്കറെ റെയിൽവേ സ്റ്റേഷനിലേക്കും നാരായൺ ആപ്തെ 'നാച്' നർത്തകിയുടെ ഹവേലിയിലേക്കും പോയി. നാരായൺ ആപ്തെ ഇരുട്ടിന്റെയും കാമുകനാണ്!
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.