40
“ഗുരുവേ ഞാനെന്നു ഗുരുവാകും..?”
ഗുരു മറുപടിയൊന്നും പറഞ്ഞില്ല. ഒരിക്കൽ അവർ നടന്നുപോകുമ്പോൾ ശിഷ്യന്റെ കാലിലൊരു മുള്ളു കൊണ്ടു.
ഗുരു ചോദിച്ചു:
“ഇതെങ്ങനെ വഴിയിൽ വന്നു..?”
അപ്പോൾ ശിഷ്യൻ പറഞ്ഞു:
“എന്നോടു വിരോധമുള്ള ആരോ ഇട്ടതാവണം...”
വീണ്ടും വഴിയിലെ മുള്ള് കണ്ട് ഗുരു ചോദിച്ചു:
“ഇതെങ്ങനെ വഴിയിൽ വന്നു..?”
“അങ്ങയോടു വിരോധമുള്ള ആരെങ്കിലും കൊണ്ടുവന്ന് ഇട്ടതാവും.”
ഗുരു പറഞ്ഞു.
“മുള്ളുകൾ ശേഖരിച്ചു നശിപ്പിക്കുന്ന ഏതോ നല്ല മനുഷ്യൻ കൊണ്ടുപോകും വഴി വീണതാവാൻ വഴിയില്ലെ..?’’
“അങ്ങനെയൊരു സാധ്യത ഞാൻ കാണുന്നില്ല...”
“അങ്ങനെയൊരു സാധ്യതയുണ്ടെന്ന് ചിന്തിക്കുമ്പോൾ നീയുമൊരു ഗുരുവാകും...”
മാമ്പള്ളിയച്ചൻ കഥ അവസാനിപ്പിച്ച് ആളുകളോട് എന്തോ ചോദിച്ചു.
പള്ളി നിറയുന്ന നിശ്ശബ്ദത...
കേൾക്കുന്നതൊന്നും മനസ്സിലാകാതെ കുഞ്ഞാപ്പി കുർബാന കൂടുന്നവരോടൊപ്പം കാർപ്പറ്റു വിരിച്ച തറയിലിരുന്നു. ഇടയ്ക്കവൻ ഒന്നുറങ്ങിപ്പോയി. വെള്ളിത്താലവുമായി കർമലി നടയിറങ്ങി... തലയിൽ അണിഞ്ഞിരുന്ന കിരീടത്തിലെ കല്ലുകൾ തിളങ്ങി...നീളനുടുപ്പിന്റെ തൊങ്ങലുകൾ കാർപ്പറ്റിലൂടെ ഇഴഞ്ഞു... താലത്തിലെ ചോരയിറ്റുന്ന ശിരസ്സ് കണ്ടതും അവൻ ഞെട്ടിയുണർന്നു.
അന്ധാളിപ്പോടെ ഇരിക്കുമ്പോഴാണ് പുണ്യാളന്റെ രൂപം മുത്തിയിട്ട് കർമലി അടുത്തേക്ക് വന്നത്. തൊട്ടടുത്ത് അവൾ മുട്ടുകുത്തി. പുത്തനുടുപ്പിന്റെ മണത്തിനൊപ്പം പ്രാർഥനപോലെ അവളുടെ പതിഞ്ഞയൊച്ച...
“ഞാനച്ചനോടെല്ലാം പറഞ്ഞിട്ടുണ്ട്.”
മുട്ടിൻമേൽനിന്ന് അവൾ എഴുന്നേറ്റു പോയിട്ടും വിയർത്തൊലിച്ച് കുറച്ചുനേരം കൂടി അവൻ പള്ളിയിലിരുന്നു...
രായനൊപ്പം നാടുവിട്ടു പോകുമ്പോൾ ദേഹം നിറയെ വെള്ളപ്പാണ്ടുള്ള ഒരാളായിരുന്നു വികാരി. പേരൊന്നും ഓർമയില്ല. നരച്ച കാലൻകുടയും പിടിച്ച് കാറ്റിനു തീപിടിച്ചപോലെയാണ് നടപ്പ്. നേർച്ചക്കോഴികളുമായി ചെല്ലുമ്പോഴെല്ലാം ഞായറാഴ്ച പള്ളിയിൽ വരാത്തതിന് വഴക്കു പറയും.
പള്ളിച്ചുമരിൽ മാതാവിന്റെ ചിത്രങ്ങളായിരുന്നു കൂടുതലും. ചെറുതിലേ അതൊക്കെ കാണുമ്പോൾ പേടിയും അത്ഭുതങ്ങളും നിറഞ്ഞൊരു ലോകം ചുറ്റിനും നിറയും. മുൾക്കിരീടം അണിഞ്ഞ്, രക്തമൊഴുകുന്ന രൂപത്തിലേക്ക് കണ്ണുയർത്താനാവാതെ തല കുമ്പിടും. കാലിത്തൊഴുത്തിലെ പിറവിച്ചിത്രമായിരുന്നു കൂടുതൽ ഇഷ്ടം. നോക്കിയിരിക്കെ ആടും പൈക്കളും മാലാഖമാരുമൊക്കെയുള്ള നാട്ടിലെത്തും.
പള്ളിയിലെ ചിത്രങ്ങളെല്ലാം വരച്ചത് കുന്നേക്കുടുംബത്തിലെ എസ്തേർ എന്നു പേരുള്ള വെളുത്ത പെൺകുട്ടിയായിരുന്നു. കുഞ്ഞാപ്പി എസ്തേറിനെ കണ്ടിട്ടില്ല. അപ്പനും അച്ചമ്മയുമൊക്കെ ജനിക്കുന്നതിനുമുന്നേ പടം വരച്ചിരുന്ന കൊച്ച് മരിച്ചുപോയിരുന്നു. മരിക്കുമ്പോൾ പതിനാലു വയസ്സുപോലും തികഞ്ഞിരുന്നില്ല. കുമ്പസാരക്കൂടിന് ഇടതുവശത്തെ ഗ്രില്ലിട്ട മുറിയിലാണ് എസ്തേറിന്റെ കല്ലറ.
നേർച്ച കൊടുക്കാൻ വരുമ്പോഴെല്ലാം അച്ചമ്മ അവനെയും കൂട്ടി കല്ലറയുടെ അടുത്തു ചെല്ലും. ആരും കേൾക്കാത്ത ഉറുമ്പൊച്ചപോലെ ചില സങ്കടങ്ങൾ മരിച്ചുപോയ മാലാഖക്കുഞ്ഞിനോടും പറയും. കറിക്കത്തിപ്പാടു നിറഞ്ഞ വിരലറ്റം കല്ലറയിൽ തൊടുമ്പോൾ അവരുടെ ഉള്ളൊന്നു തണുക്കും.
കല്ലറയിലെ പ്രാർഥന കാണുമ്പോൾ എസ്തേർ പുണ്യവതിയല്ലെന്ന് ചിലർ ഓർമപ്പെടുത്തും. ഇക്കണ്ട പടങ്ങളൊക്കെ വരച്ചിട്ട് പതിനാലാം വയസ്സിൽ അവിടത്തെ പക്കലേക്ക് മടങ്ങിപ്പോയവൾ വിശുദ്ധയായില്ലെങ്കിൽ, മറ്റാർക്കാണ് അതിനുള്ള യോഗ്യത? അച്ചമ്മ തർക്കിക്കും. മറുപടി പറയാതെ ആളുകൾ അവരുടെ പാട്ടിനുപോകും.
കുഞ്ഞുന്നാളിൽ കണ്ടിരുന്നവക്കെല്ലാം വലുപ്പം കുറഞ്ഞതുപോലെ... രൂപങ്ങളെ തൊട്ടുമുത്തി അവൻ നടയിറങ്ങി.
ഓലപ്പടക്കങ്ങളുടെ ചീളുകൾ പള്ളിമുറ്റത്ത് ചിതറിക്കിടന്നിരുന്നു... ചാവൂഴം കാത്തുള്ള നേർച്ചക്കോഴികളുടെ കണ്ണുചിമ്മൽ... പണ്ട് അവറ്റകളെ കമ്പിക്കൂട്ടിലിടാറില്ല. നേർച്ചയരിയും കൊത്തിപ്പെറുക്കി, തരിമ്പും പേടിയില്ലാതെ പള്ളിമുറ്റത്ത് ചികഞ്ഞു നടക്കും.
മാമ്പള്ളിയച്ചൻ സങ്കീർത്തിയിൽനിന്നിറങ്ങുന്നതു കണ്ട് കുഞ്ഞാപ്പി കൂട്ടുകാരനെ വിളിച്ചു. വലിച്ചുകൊണ്ടിരുന്ന ബീഡി കുത്തിക്കെടുത്തി രായനും മേടയിലേക്ക് ചെന്നു.
അനദയ്ക്ക് പൈസ അടയ്ക്കാൻ വന്ന ആളുകൾ പോയതോടെ കുഞ്ഞാപ്പി അകത്തേക്ക് കയറി. കൂടിന്റെ താഴറുത്ത് നേർച്ചക്കോഴികളെ കട്ടതിന്റെ ചളിപ്പ് ഉള്ളിലുള്ളതിനാൽ, രായൻ മുറിയുടെ വാതിൽക്കൽ നിന്നതേയുള്ളൂ.
സംസാരിക്കുന്നതിനോടൊപ്പം അച്ചനൊരു തടിച്ച ബുക്കിൽ എഴുതിക്കൊണ്ടിരുന്നു.
‘‘താനപ്പോൾ ഈ ഇടവകക്കാരനാണ്...’’
‘‘വർഗ്ഗീസ്സീശോന്നാ പള്ളീലെ പേര്...’’
വീടുവിറ്റ കാശ് മഠത്തിനാണ് അച്ചമ്മ കൊടുത്തതെന്നും പണിതേടി മലയിൽ പോയിട്ട് തിരിച്ചെത്തിയതോടെ കോളനിയിലെ വീടും പുരയിടവും നഷ്ടപ്പെട്ടെന്നും കുഞ്ഞാപ്പി പറഞ്ഞു. അച്ചനതൊന്നും വിശ്വാസം വരാത്തപോലെ എഴുത്തു നിർത്തിഅകത്തേക്കു പോയി. കുറച്ചു കഴിഞ്ഞ് ആശീർവദിച്ച കൊന്തയുമായി തിരിച്ചെത്തി.
‘‘കമ്മിറ്റി കൂടി തീരുമാനിക്കേണ്ട കാര്യമാ... എന്നാലും കർമലീടെ ബന്ധുവായതുകൊണ്ടാ ഞാൻ സമ്മതിക്കുന്നത്. കുടുംബക്കാരുടെ പേര് മായിച്ചിട്ട് മൂന്നാലെണ്ണം എടുത്തോ...’’
ഇറങ്ങാൻ നേരം അച്ചൻ അവന്റെ തലയിൽ കൈ വെച്ചു...
‘‘ഇത്തിരി വെട്ടോം വെളിച്ചോം ഉള്ളിടത്ത് നിങ്ങൾക്ക് കട തുടങ്ങാമായിരുന്നു...’’
41
ബന്ധുവാണെന്ന് കർമലി അച്ചനോടു പറഞ്ഞതിന്റെ സന്തോഷത്തോടെ കുഞ്ഞാപ്പി പാലത്തിനടിയിലെ എടുപ്പിലേക്ക് നടന്നു.
ഒറ്റപ്പെട്ടവന്റെ മനസ്സിലേക്ക് തണുപ്പായി എത്തിയ പെണ്ണിന്റെ വാക്കുകളുടെ ആഴം ഞാറമരത്തിൽ ചേക്കേറിയ ആത്മാക്കൾ തിരിച്ചറിഞ്ഞു. കർമലിയുടെ മനസ്സിൽ കുഞ്ഞാപ്പിക്കൊരു ഇടമുണ്ടാകുന്നതിന്റെ സന്തോഷത്തോടെ അതുങ്ങൾ ചിറകുവിരിച്ചു തുടങ്ങി. കൂട്ടത്തിൽ അവനോട് അടുപ്പം കൂടുതലുണ്ടായിരുന്ന മിഖായേലിന്റെ കൊച്ചുമോളുടെ ആത്മാവു മാത്രം ചത്തുപോയ കുട്ടിത്തേവാങ്കിനേയും തോളിലെടുത്ത് ഞാറമരത്തിന്റെ മുകൾചില്ലയിലിരുന്ന് കരഞ്ഞു.
അന്നു രാത്രി പള്ളിയിലെ പഴയ െബഞ്ചുകൾ ആരും കാണാതെ രായനും കുഞ്ഞാപ്പിയും കൂടി എടുത്തുകൊണ്ടു വന്നു.
റോഡിൽനിന്നും കുറച്ചു പൊക്കത്തിലായിരുന്നു ചായക്കട. മഴ കാരണം കടയുടെ പണി രണ്ടുമൂന്നു ദിവസംകൂടി നീണ്ടു. ഉടനെ വരാമെന്നും പറഞ്ഞ് പോയ രായനെ കാത്തു മടുത്തതോടെ മുകളിലേക്കുള്ള ചെങ്കല്ലു പടവുകൾ കുഞ്ഞാപ്പി തനിച്ച് ചെത്തിയൊരുക്കി. പണിയെല്ലാം തീർന്ന ദിവസം രായനെത്തി. അക്കരക്ക് നീന്താൻ നിർബന്ധിച്ചെങ്കിലും കുഞ്ഞാപ്പി കടവിൽ തന്നെയിരുന്നു.
ഒരു കവിൾ വെള്ളമെടുത്ത് നീട്ടിത്തുപ്പിയിട്ട് രായൻ പുഴയിലേക്ക് മുങ്ങി. അവൻ നിന്നിരുന്നിടത്ത് നുരയും പതയും. കുഞ്ഞാപ്പി ആധിപിടിച്ചു നിൽക്കുമ്പോൾ ചാരായക്കുപ്പിയുമായി രായൻ പൊന്തിവന്നു. പാലത്തിനടിയിലെ എടുപ്പിലേക്ക് കയറി, കോർക്കിട്ടടച്ച ചില്ലുകുപ്പി കടിച്ചു തുറന്ന് ഒരിറക്കു കുടിച്ചു. റാക്കിന്റെ വീര്യം മൂത്തു തുടങ്ങിയതോടെ കുഞ്ഞാപ്പിയെ അടുത്തേക്ക് വിളിച്ചു.
‘‘വാടാ... കേറിയിരിക്ക്.’’
എടുപ്പിലേക്ക് കയറിയെങ്കിലും രായനെ ഗൗനിക്കാതെ അവൻ പുഴയിലൂടെ ഒഴുകുന്ന പോളക്കൂട്ടങ്ങളിലേക്ക് നോക്കിയിരുന്നു. ഒരു നീർകാക്ക കരഞ്ഞുകൊണ്ട് ഓളങ്ങൾക്കു മീതെ പറന്ന്, വീണ്ടും വെള്ളത്തിലേക്ക് ഊളിയിട്ടു.
‘‘ദൊരൈയണ്ണനും ഇതുപോലൊരു ചായക്കടയാ തുടങ്ങിയത്... ഇന്നയാള് വണ്ടിത്താവളത്തിന്റെ ഉടയോനാണ്...’’
അണഞ്ഞുപോയ ബീഡി കത്തിച്ചിട്ട് രായൻ തുടർന്നു.
‘‘അങ്ങേരതൊക്കെ ചായയും ബോണ്ടയും വിറ്റുണ്ടാക്കിയതല്ലെന്ന് നിനക്കറിയാല്ലോ...’’
കുപ്പിയിൽനിന്ന് ഒരെണ്ണം ഒഴിച്ച് അവൻ കുഞ്ഞാപ്പിക്ക് നീട്ടി.
‘‘കുടിക്കെടാ...’’
‘‘എനിക്ക് വേണ്ട രായാ...’’
കുടിപ്പിച്ചേ അടങ്ങൂവെന്ന് രായനു വാശി. കുഞ്ഞാപ്പി ഒഴിഞ്ഞു.
തവളപിടിത്തക്കാരുടെ വഞ്ചികളിലെ കുഞ്ഞുവെട്ടങ്ങൾ തെളിഞ്ഞു തുടങ്ങി. കുഞ്ഞാപ്പിയുടെ സ്വപ്നങ്ങളിലെന്നപോലെ നിഴലും നിലാവും ചേർന്നു കെട്ടിയ രാത്രിതൊട്ടിലിൽ കിടന്ന് ഉറങ്ങുന്ന കർമലിയുടെ ഓലപ്പുര. അതിന്റെ ഇറയത്ത് പാട്ടവിളക്കിന്റെ തെളിച്ചം കണ്ടതോടെ അവന് വീണ്ടും ആധിയായി.
പതിവില്ലാതെ രായന്റെ സംസാരം നീണ്ടു. പിന്നെയത് നാവു കുഴഞ്ഞുള്ള ഞരക്കവും മൂളലുമായി.
പ്രതീക്ഷയോടെ തുടങ്ങാൻ പോകുന്നവയെല്ലാം ഒരു ദുരന്തത്തിലാണ് അവസാനിക്കുന്നതെന്ന് അറിയാതെ, മടിയിലേക്ക് കയറിയ നായ്ക്കുട്ടികളുടെ കഴുത്തിൽ അവൻ വാത്സല്യത്തോടെ തടവിക്കൊണ്ടിരുന്നു.
42
പണി തീർന്നെങ്കിലും ചായക്കട തുടങ്ങാൻ പിന്നെയും മൂന്നാലു ദിവസം കൂടിയെടുത്തു. ഉടനെ വരാമെന്നും പറഞ്ഞിറങ്ങിയ രായൻ മൂന്നിന്റന്നാണ് തിരിച്ചെത്തിയത്. ഞാറക്കടവു മാർക്കറ്റിൽനിന്നും കടയിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങുമ്പോൾ പള്ളീലച്ചനെക്കൊണ്ടു വെഞ്ചരിപ്പിക്കാമെന്ന് കുഞ്ഞാപ്പി പറഞ്ഞുനോക്കി. രായൻ സമ്മതിച്ചില്ല.
പടുത അഴിച്ച് അകത്തേക്ക് കയറുമ്പോൾ ബെഞ്ചിലൊരു പൂച്ച കിടക്കുന്നു. രായൻ കത്തിയെടുത്തു. വെട്ടാനായുന്നത് കണ്ട് കുഞ്ഞാപ്പി കൊള്ളിവിറകെടുത്ത് അതിനെ ഓടിച്ചു.
പൂച്ചക്കുരുതി മുടങ്ങിയതിന്റെ ഇച്ഛാഭംഗത്തോടെ രായൻ കുറച്ചുനേരം വെറുതെയിരുന്നു. കുഞ്ഞാപ്പി മാവു കുഴച്ചുതുടങ്ങിയതോടെ സവോള അരിയുന്ന കത്തിയെടുത്തു... രായന്റെ കണ്ണ് ചോന്നു. കുഴച്ച പൊറോട്ടാമാവ് നനഞ്ഞ തോർത്തിനു മൂടിയിട്ട് കുഞ്ഞാപ്പി കറിക്കുള്ളത് അടുപ്പത്തു കേറ്റി. കടുകു പൊട്ടിച്ചു താളിച്ച കടലക്കറിയുടെ മണം കട മുഴുവൻ നിറഞ്ഞു.
തിരക്കിട്ടുള്ള വെപ്പു കഴിഞ്ഞതോടെ അച്ചൻ കൊടുത്ത പുണ്യാളന്റെ ചിത്രത്തിനു മുന്നിൽ കുഞ്ഞാപ്പി തിരി കത്തിച്ചു.
‘‘നല്ല കച്ചവടം കിട്ടണേ...’’
ആദ്യത്തെ ചായ ഔതോയ്ക്കു കൊടുത്തു...
ചെരിപ്പു ഫാക്ടറിയിലെ ലാസ്റ്റ്ഷിഫ്റ്റു കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ആളുകളെത്തിയില്ല. ഉറക്കം തൂങ്ങിയിരുന്ന കുഞ്ഞാപ്പിയെഴുന്നേറ്റ് എച്ചിൽപാത്രം കഴുകാൻ തുടങ്ങി. രായൻ പെട്ടിയിലുണ്ടായിരുന്ന പൈസയെല്ലാം നുള്ളിപ്പെറുക്കിയെടുത്തു.
‘‘കുറച്ച് ചില്ലറ അതിലിട്ടേര് രായാ...’’
ഉള്ളതു മുഴുവൻ മടിയിൽ ചേടി രായൻ പുറത്തേക്കിറങ്ങി. പടുതകൊണ്ടു ചായക്കട മറച്ച് ചക്കരകയറിന് വട്ടംകെട്ടി കുഞ്ഞാപ്പി പുറകെ ചെന്നു. അത്രയും നേരം ചൂടിലും വിയർപ്പിലും നിന്ന അവന്റെ ദേഹത്തേക്ക് ഒരു ശീതക്കാറ്റു വീശി... ഞാറച്ചോട്ടിലെത്തിയപ്പോൾ അറിയാതെ മുകളിലേക്ക് നോക്കിപ്പോയി. വീശുമുറംപോലുള്ള ചിറകും വിരിച്ച് ആത്മാക്കൾ ഞാറച്ചില്ലയിൽനിന്നും പറന്നുയരുന്ന കാഴ്ച. അവൻ വേഗം കടവിലേക്ക് സൈക്കിൾ ചവിട്ടി.
43
മെച്ചമൊന്നുമില്ലാതെ ചായക്കടക്കച്ചവടം മുന്നോട്ടു നീങ്ങി. ഇരുട്ടാവുമ്പോഴേ റോഡിലെ തിരക്ക് തീരും. എന്നും കുറേ മിച്ചം വരും. വേസ്റ്റ് എടുപ്പിലെ പട്ടികൾക്കു കൊടുക്കും.
‘‘നഷ്ടക്കച്ചവടമാണല്ലോ രായാ... നമുക്കിത് നിർത്തിയാലോ.’’
രായനൊന്നും മിണ്ടാതെ ലോഡുസൈക്കിളുമെടുത്ത് ഇറക്കമിറങ്ങി.
മൂന്നാലാഴ്ച അങ്ങനെ തുടർന്നു. ഒരുദിവസം കടയടക്കുമ്പോൾ പതിവില്ലാത്ത ഗൗരവത്തോടെ രായൻ റോഡിലേക്ക് ഇറങ്ങി. കുറച്ചു കഴിഞ്ഞതും വണ്ടി മറിയുന്നൊരു ഒച്ച. കുഞ്ഞാപ്പി ചെല്ലുമ്പോൾ വീണു കിടക്കുന്നവന് അനക്കമുണ്ട്. മറിഞ്ഞുവീണ സ്കൂട്ടറിൽനിന്നും തൂളുന്ന പെട്രോളിന്റെ മണം. പിന്നാലെ വന്ന വണ്ടിയിൽ പരിക്കു പറ്റിയവനെ കുഞ്ഞാപ്പിയെടുത്തു കേറ്റുന്നതു കണ്ട് രായൻ ഇറക്കത്തിലേക്ക് നടന്നു.
കുറച്ചു കഴിഞ്ഞ് ചന്തക്കടവ് പോലീസ് സ്റ്റേഷനിലെ ജീപ്പ് പാഞ്ഞെത്തി. വണ്ടിയിൽനിന്നും പോലീസുകാർക്കൊപ്പം ഇറങ്ങുന്ന രായനെ കണ്ട് കുഞ്ഞാപ്പി വേഗം ജീപ്പിനടുത്തേക്ക് ചെന്നു. രായനും അവരുമായുള്ള സംസാരം കേട്ടതോടെ, കട തുറന്ന് അവൻ കട്ടനിട്ടു.
പോലീസുകാരുടെ ചോദ്യങ്ങളും കുത്തിക്കുറിക്കലുമെല്ലാം കഴിഞ്ഞതോടെ മറിഞ്ഞു കിടന്ന സ്കൂട്ടർ രണ്ടുപേരും കൂടി റോഡരികിലേക്ക് ഒതുക്കിവെച്ചു. ചോരക്കു മീതെ മണ്ണു വാരിയിട്ടു. വണ്ടിയിടിച്ചവന്റെ ബാഗ് എസ്.ഐയെ ഏൽപിച്ചിട്ട് കുഞ്ഞാപ്പി അയാളുടെ കടുപ്പം ഒഴിയാത്ത മുഖത്തേക്ക് നോക്കി.
‘‘ഞങ്ങള് പൊയ്ക്കോട്ടെ സാറേ...’’
‘‘രാവിലെ സ്റ്റേഷനിലേക്ക് വന്നോണം.’’
രായൻ ലോഡു സൈക്കിളെടുത്തു. പാലത്തിനടിയിലേക്കുള്ള പൂഴിവഴിയിലേക്ക് കയറുമ്പോൾ കുഞ്ഞാപ്പി സൈക്കിളിന്റെ പിന്നിൽനിന്നുമിറങ്ങി.
‘‘രായാ അവൻ ചത്തുപോകുമോ..?’’
സ്ട്രീറ്റ്ലൈറ്റിനു താഴെ സൈക്കിൾ നിർത്തി രായനൊന്നും പറയാതെ പോക്കറ്റിൽനിന്നും കടലാസുപൊതി എടുത്തു.
അതിലെ വാച്ചും മോതിരവും ചോരയിൽ കുഴഞ്ഞ് കിടന്നിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.