108
അച്ചന്റെ മുറിയിലേക്ക് കയറിയതും സഞ്ചിയിൽനിന്നും ഫിലിപ്പു മുതലാളിയുടെ മാർബിൾതല രായൻ പുറത്തെടുത്തു. പ്രതിമയാണെങ്കിലും ചത്തവന്റെ തുറിച്ചുനോട്ടം മറയ്ക്കാൻ അച്ചനതൊരു തുണിയിട്ട് മൂടി.
നിലത്തു കിടന്നിരുന്ന കാർപ്പെറ്റ് നീക്കി തറയോടു ചേർന്നുള്ള വാതിൽ മുകളിലേക്ക് തുറന്നു.
‘‘നീയിതുമായി പിന്നാലെ വാ.’’
താഴേക്കുള്ള പടികൾ അച്ചൻ സാവധാനം ഇറങ്ങി. മാളത്തിലേക്ക് നൂളുന്ന ഒരു ഭീകരജീവിയുടെ നിഴൽപറ്റിയെന്നോണം രായൻ പിന്നാലെ ചെന്നു. താഴെ നിലവറപോലൊരു നീണ്ടമുറി. ഭിത്തിയോട് ചേർന്നുള്ള വിളക്കുകാലിലെ തിരി അച്ചൻ തെളിച്ചു. ചില്ലലമാരയിൽ പൊടിപിടിച്ച രൂപങ്ങൾ. ഈട്ടിത്തടിയിൽ തീർത്ത നീളൻപെട്ടിയിൽ പൊന്നും പണവുമായിരിക്കും. കിഴവനച്ചനെ അവിടെയിട്ട് തീർത്ത് നാടുവിടുന്നതും ആലോചിച്ച് നിൽക്കുമ്പോഴാണ് പെട്ടി തുറക്കാൻ പറഞ്ഞത്.
“ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് പണ്ടുകാലത്ത് പണിത ഒളിത്താവളമാ. ഞാൻ വന്നതിനു ശേഷമാണ് എല്ലാമൊന്ന് അടുക്കിപ്പെറുക്കി വെപ്പിച്ചത്.”
തുറന്നിട്ട പെട്ടിയിൽനിന്നൊരു പിച്ചളദണ്ഡ് അച്ചൻ പുറത്തേക്കെടുത്തു. സാത്താനെ ഒഴിപ്പിക്കുന്ന വടിയായിരിക്കുമെന്ന് കരുതി രായൻ പിന്നിലേക്ക് മാറി. അതിന്റെ ഒരറ്റം കൈപോലെയും മറ്റേയറ്റം കാലുപോലെയും ആയിരുന്നു.
“പണ്ട് രാജകുടുംബത്തിലുള്ളവരുടെ കൈയുംകാലും തൊട്ടുവണങ്ങുന്ന ഒരു നാട്ടുനടപ്പുണ്ടായിരുന്നു. അയിത്തക്കാരിൽനിന്നും തീണ്ടൽ കിട്ടാതിരിക്കാൻ സ്വന്തം കൈകാലുകൾക്ക് പകരം രാജാക്കന്മാർ ഇതാണ് തിരിച്ചും മറിച്ചും ജനത്തിനു നേരെ നീട്ടിയിരുന്നത്. വടക്കേ മലബാറിലെ ഒരുപാതിരി തന്നതാണ്. പഴയ സാധനങ്ങൾ എവിടെ കണ്ടാലും ഞാൻ വാങ്ങും.’’
വടി തിരികെ വെച്ചിട്ട് അച്ചൻ മറ്റൊരു പെട്ടി തുറന്നു. അതിൽ നിറയെ പൊടിഞ്ഞുതുടങ്ങിയ പുസ്തകങ്ങൾ.
“ഇവിടെ കിടന്ന് നശിക്കത്തേയുള്ളൂ. അടുത്ത തവണ പോകുമ്പോൾ ഇതെല്ലാം വീട്ടിലേക്ക് എടുക്കണം.”
പഴയ സാധനങ്ങളുമായി മാമ്പള്ളിയച്ചന്റെ വീട്ടിലൊരു ദിവസം പോയത് രായനോർത്തു. അച്ചന്റെ മൂത്ത ചേട്ടനും കുടുംബവുമാണ് അവിടെ താമസിക്കുന്നത്. കിഴക്കുവശത്തുള്ള മുറി അവർ അച്ചനായി ഒഴിച്ചിട്ടിരുന്നു. അതിലാണ് പുസ്തകങ്ങളും പഴയ സാധനങ്ങളും സൂക്ഷിച്ചിരുന്നത്.
വിയർപ്പ് അച്ചന്റെ ളോവയെ നനച്ചു തുടങ്ങി.
“വായുസഞ്ചാരം കുറവാ. നീ കേറിപ്പോര്.”
അച്ചനതും പറഞ്ഞ് മുകളിലേക്കുള്ള പടികയറാൻ തുടങ്ങുമ്പോഴാണ് അലമാരയുടെ അടിയിൽനിന്നൊരു പാമ്പിഴഞ്ഞു വന്നത്. രായനതിനെ വാലിൽ തൂക്കി നിലത്തടിച്ചു. അവന്റെ കൈക്കരുത്തും പെട്ടെന്നുള്ള ഇടപെടലും അച്ചനു ബോധിച്ചു.
നിലവറയുടെ വാതിൽ അടച്ച്, കാർപ്പെറ്റ് വിരിക്കുമ്പോഴേക്കും പാമ്പിനെ കുഴിച്ചിടാൻ പോയ രായൻ ബീഡിവലിയും കഴിഞ്ഞ് തിരിച്ചെത്തി.
“നിനക്ക് വിശക്കുന്നുണ്ടോ.’’
കുശിനിയിലേക്ക് കയറിയ അച്ചൻ പ്ലേറ്റിലിരുന്ന ആപ്പിൾ രായന്റെ മുന്നിലേക്ക് നീക്കിവെച്ചു.
‘‘കർമലി ഇന്ന് വന്നില്ല. നീയിത് കഴിക്ക്.’’
‘‘ഓ, എനിക്കിതൊന്നും എറങ്ങത്തില്ല.’’
“എന്നാ പിന്നെ വൈനെടുക്കാം.”
വൈനൊഴിച്ചു കൊടുത്തിട്ട് അച്ചൻ പതിവുപോലെ സംസാരം തുടർന്നു.
‘‘രണ്ടു ശക്തികളാണ് ലോകത്തിലുള്ളത്. ദൈവവും പിശാചും. ഒന്ന് മറ്റൊന്നിനെക്കാൾ മെച്ചമെന്നു പറയാനാവാത്ത വിധം സങ്കീർണമായ രണ്ടു പൂർണതകൾ. ഒരുകാലത്ത് രണ്ടുപേരും ഒന്നിച്ചു കഴിഞ്ഞവരാ. പിന്നീടാണ് അകന്നത്. എന്നാലും, സ്ഥിരമായി രണ്ടാൾക്കും അങ്ങനെ അകന്നുമാറി നിൽക്കാൻ പറ്റില്ല. സാത്താന് എപ്പോൾ വേണമെങ്കിലും ചെല്ലാവുന്ന ഒരിടമാണ് സ്വർഗം. പിശാച് ഇടക്കൊക്കെ അവിടെ ചെന്ന് ദൈവവുമായി സംസാരിക്കുന്നത് ജോബിന്റെ പുസ്തകത്തിലുണ്ട്.
ഇരുട്ടാണോ വെളിച്ചമാണോ നല്ലതെന്നു ചോദിച്ചാൽ വെളിച്ചമാണെന്ന് നമ്മൾ പറയും. എങ്ങനെയാണ് ഇരുട്ട് ചീത്തയാകുന്നതെന്ന് ചിന്തിച്ചാൽ ഒരു അന്തവും കിട്ടില്ല. ഇരുട്ടുള്ളതുകൊണ്ടല്ലേ വെളിച്ചമുണ്ടാകുന്നത്. ചിലപ്പോൾ തോന്നും ഇരുട്ടാണ് സ്ഥായിയായ ഒന്നെന്ന്. കാരണം അത് സ്വയംഭൂ ആണ്. വെളിച്ചത്തിന് നിലനിൽക്കണമെങ്കിൽ പുറമേനിന്നുള്ള ഒരു വസ്തുവിന്റെ സഹായം വേണം. ഇരുട്ടിനങ്ങനെ ആരും വേണ്ട. അതെപ്പോഴും തനിച്ചാണ്.”
അച്ചനതു പറഞ്ഞതും കരണ്ടു പോയി.
രായൻ ഇരുട്ടിലേക്ക് നോക്കിയിരുന്നു. മെഴുകുതിരിയുമെടുത്ത് അച്ചൻ അവനെയും കൂട്ടി മേടയിൽ നിന്നിറങ്ങി. വെളിച്ചത്തിനു പിന്നാലെ ഇരുട്ടെന്നപോലെ രായൻ നടന്നു. ഗേറ്റടക്കുമ്പോൾ ളോവയുടെ പോക്കറ്റിൽനിന്നും അച്ചനൊരു കവറെടുത്ത് നീട്ടി. രായനത് തുറന്നു.
‘‘എന്തിനാണ് ഇത്രയും.’’
‘‘അതൊക്കെ പറയാം. നീ ചെല്ല്.’’
109
രാത്രിയാകുമ്പോൾ പതിവു കറക്കത്തിന് രായൻ ഇറങ്ങും. കുഞ്ഞാപ്പിയുടെ അടുത്ത് വല്ലപ്പോഴുമേ പോകാറുള്ളൂ. സെമിത്തേരിയിലെ വണ്ടിപ്പുരയിൽ ചെല്ലുമ്പോഴുള്ള അവന്റെ സംസാരം രായന് മടുത്തിരുന്നു. പള്ളിക്കാര്യങ്ങളാണ് എപ്പോഴും പറയുക. കപ്പേളയിൽ വെക്കാനുള്ള രൂപവുമായി രാത്രി അച്ചനോടൊപ്പം പോയത് ആവർത്തിക്കും.
“പുണ്യാളനെ നീ വെട്ടിയില്ലേ. അതിന്റെ ശാപമാ കാലുണങ്ങാത്തത്.”
കേൾക്കുമ്പോൾ രായന് കലിവരും.
കുഞ്ഞാപ്പിയെ കൂടെക്കൂട്ടുന്ന കാര്യത്തിൽ ഈയിടെയായി അച്ചനും താൽപര്യമില്ല. പണ്ടേ അവനൊരു പേടിക്കാരൻ. പള്ളിയുമായി അടുത്തപ്പോഴേക്കും പാപബോധവും കൂടി. വീടും സ്ഥലവും വാങ്ങിയാലുടൻ കർമലീടപ്പൻ കല്യാണത്തിനു സമ്മതിക്കുമെന്ന ഉറപ്പിലാണ് പാവം.
“രായാ, ഞങ്ങട കല്യാണം കഴിഞ്ഞാ നീയാ മലയിലെ റോസപ്പെണ്ണിനെ വിളിച്ചോണ്ടു പോരണം.”
പണ്ട് സർക്കാർ കോളനിയിൽ കഴിഞ്ഞതുപോലെ നല്ല അയൽക്കാരായി തൊട്ടടുത്ത വീടുകളിൽ താമസിക്കണമെന്നു പറയുമ്പോൾ രായനു വെറയും.
“എനിക്കെന്തായാലും സ്ഥിരമൊരു പെണ്ണ് േവണ്ട. വേണോന്ന് തോന്നിയാ നിന്റെ വീട്ടിലേക്ക് നൂണ്ടോളാം.”
പള്ളിയുമായി അടുത്തതോടെ രായന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഒരു ദിവസം പതിവില്ലാതെ മേടയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ കപ്യാർ എത്തി. കൂടെക്കിടന്നിരുന്ന പെണ്ണിനെ കുളിമുറിയിൽ ഒളിപ്പിച്ചിട്ട് രായൻ ഇറങ്ങി.
മേടയുടെ വാതിൽ തുറന്നിട്ടിരുന്നു. കാത്തുനിന്നതുപോലെ മേശവലിപ്പിൽനിന്നൊരു കടലാസെടുത്ത് അച്ചൻ രായനു കൊടുത്തു.
‘‘കാവനാട്ടു നോക്ക്. കിട്ടിയില്ലെങ്കിൽ മറ്റെവിടുന്നെങ്കിലും വാങ്ങണം. ഇങ്ങോട്ടിപ്പോൾ കൊണ്ടുവരേണ്ട. ഞാൻ പറയാം.’’
തനിച്ചു പോകാനുള്ള മടി രായൻ സൂചിപ്പിച്ചു.
‘‘ഈ ഇടപാടിൽ കുഞ്ഞാപ്പി വേണ്ട. നിനക്കൊപ്പം ഞാനൊരാളെ ഏർപ്പാടാക്കാം.’’
രായൻ കുറച്ചുനേരം മിണ്ടാതെയിരുന്നു. കുഞ്ഞാപ്പിയില്ലാതെ ഇന്നുവരെ ഒരു ഇടപാടിനും പോയിട്ടില്ല. അവൻകൂടി ഉണ്ടായിരുന്നെങ്കിൽ പാഴൂർക്കാരന്റെ മൂത്തപെണ്ണിനെയും കെട്ടി തോട്ടം മുതലാളിയായി മലയിൽ കഴിയാമായിരുന്നു. പുതിയൊരാൾ വരുന്നതിനെക്കാൾ, കുഞ്ഞാപ്പിതന്നെയാണ് നല്ലതെന്ന് രായനു തോന്നി.
“അച്ചനൊരു കാര്യം ചെയ്യ്. അവനെ എങ്ങനെയെങ്കിലും പുറത്താക്ക്. പിന്നീടുള്ള കാര്യം ഞാനേറ്റു.’’
110
കുത്തുവിട്ട് പഞ്ഞി പുറത്തുചാടിയ, ലോഡ്ജിലെ കിടക്കയിൽ രായനൊപ്പം തുള്ളിയതിന്റെ അണപ്പ് മാറുന്നതിനിടെ പെണ്ണ് മേശപ്പുറത്തിരിക്കുന്ന പഴയ ടൈപ്പ്റൈറ്ററിലേക്ക് നോക്കി.
‘‘'അണ്ണാ ഞാനിതേലൊന്ന് അടിച്ചോട്ടെ.’’
‘‘നീ എവിടെയെങ്കിലും അടിക്ക്.’’
കട്ടിൽക്രാസിയിൽ ഊരിയിട്ടിരുന്നത് അവളുടുക്കാൻ തുടങ്ങുമ്പോൾ രായൻ റോസയെ ഓർത്തു. ഏലച്ചാക്കിനു മീതെ റോസ കയറുന്നത് അവന്റെ കണ്ണിൽ തെളിഞ്ഞു.
‘‘നീയത് ഉടുക്കാണ്ടിരുന്ന് അടിക്ക്.’’
പെണ്ണ് നാണത്തോടെ സ്റ്റൂളിലിരുന്നു. പുറത്തെ ചീവീടിന്റെ കരച്ചിലിനൊപ്പം അവളുടെ വിരലുകൾ ടൈപ്പ്റൈറ്ററിന്റെ കീയിൽ അമരുന്നതിന്റെ ഒച്ച. രായൻ എഴുന്നേറ്റ് പിന്നിൽനിന്നും കൈയിട്ട് അവളെ ദേഹത്തോട് ചേർത്തു.
‘‘നീയെന്താ അടിക്കുന്നത്.’’
‘‘എ ബി സി ഡിയാ. കുറച്ചുനാളിതു പഠിച്ചിട്ടുണ്ട്. ഫീസു കൊടുക്കാൻ തള്ളക്ക് നിവൃത്തിയില്ലാതെ വന്നപ്പോൾ നിർത്തിയതാ.’’
കുറച്ചുനേരം അവൾ അടിക്കുന്നതും നോക്കിനിന്നിട്ട് രായനവളെ എടുത്ത് വീണ്ടും കട്ടിലിൽ കിടത്തി. ഇളംചൂടിലേക്ക് നെഞ്ച് അമരുമ്പോൾ റോസയെക്കുറിച്ചുള്ള ഓർമ.
“അണ്ണനെന്താ ആലോചിക്കുന്നത്.’’
‘‘ഏതാ നിന്റെ ജാതി.’’
അവൾ അവന്റെ നെഞ്ചിനുമീതെ കയറി.
‘‘ഇതിപ്പോ രണ്ടാമത്തേതല്ലേ. ഊഹിച്ചു പറ.’’
‘‘എന്തായാലും നസ്രാണിക്കൊച്ചല്ല. അതുങ്ങള് ഒരെണ്ണം കഴിയുമ്പോഴേ കൊഴയും.’’
അവൾ ആവേശത്തോടെ അവന്റെ വയറിൽ കൈകുത്തി പിന്നെയും ഉയർന്നു.
“അണ്ണാ ത്രിലോകം ഒന്നൂടി ചുറ്റി വന്നാലോ.”
നീണ്ടമുടി അവൾ അഴിച്ചിട്ടു. അച്ചുതണ്ടിൽ ഭൂമിയെ ഉറപ്പിച്ച് ചന്ദ്രനെയും നക്ഷത്രങ്ങളെയും രായന് കാട്ടിക്കൊടുത്ത് ലോകമായ ലോകമെല്ലാം അവനെ ചുറ്റിച്ചു. പിന്നെ മെല്ലെ ചിറക് വിരിച്ച് ചാഞ്ഞിറങ്ങി.
‘‘ഹോ. എന്നാതാടീ ഇത്.’’
പാഴൂർക്കാരന്റെ വിരലീന്ന് അടിച്ചുമാറ്റിയ മോതിരമെടുത്ത് രായനവളുടെ വിരലിലിട്ടു കൊടുത്തു.
‘‘ഈ അണ്ണന്റെയൊരു കാര്യം.’’
111
രാത്രിക്കൂട്ടിനു വന്നവളെ ലാസ്റ്റ് ബസിന് കയറ്റിവിട്ടിട്ട് തിരിച്ചെത്തുമ്പോൾ ലോഡ്ജ് വരാന്തയിലെ ഇരുട്ടിലൊരാൾ കൂനിക്കൂടി ഇരിക്കുന്നു. രായൻ അരയിൽനിന്നും കത്തിയെടുത്തു.
‘‘നീയായിരുന്നോ.’’
‘‘അച്ചൻമാരെ നമ്പാൻ കൊള്ളില്ലെന്ന് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല രായാ.’’
‘‘അങ്ങേരെന്തിനാ നിന്നെ പറഞ്ഞുവിട്ടത്.’’
‘‘അതവളെ കേറി പിടിച്ചതിനാ.’’
‘‘നീ ശരിക്കും പിടിച്ചാ.’’
‘‘പിടിച്ചു. അതിടയ്ക്കുള്ളതാ. അവളു സമ്മതിച്ചിട്ടാ. ഇന്നലെ അച്ചൻ കൈയോടെ പൊക്കി. അപ്പോ ഞാനായി കുറ്റക്കാരൻ.’’
‘‘അച്ചനെന്നാ പറഞ്ഞു.’’
‘‘നീ തൽക്കാലം രായന്റൊപ്പം കൂട്, ഇതൊക്കെയൊന്ന് ആറിത്തണുത്തിട്ട് പണിക്ക് തിരിച്ചെടുക്കാമെന്ന്. ചുമ്മാതാ. അങ്ങേരെന്നെ പറഞ്ഞുവിടും മുന്നേ കുഴിവെട്ടാൻ വേറെയാളെ ഏർപ്പാടാക്കിയിരുന്നു.’’
രായൻ ടൈപ്പ്റൈറ്ററിന്റെ കീയിൽ വെറുതെ തട്ടിക്കൊണ്ടിരുന്നു. അതിന്റെ കാര്യേജ് അറ്റത്തു ചെന്നു മുട്ടുമ്പോഴുള്ള മണിയൊച്ച.
‘‘എടാ കുഞ്ഞാപ്പി. ശരിക്കുമുള്ള കാരണം നിനക്കറിയാമോ.’’
പെട്ടെന്നുള്ള ചോദ്യം കേട്ടു കുഞ്ഞാപ്പി രായനെ നോക്കി.
‘‘നീയെല്ലാവരെയും ഒരുപാട് സ്നേഹിച്ചു. ഈ ലോകത്തിലെ കുഴപ്പങ്ങളെല്ലാം തുടങ്ങുന്നത് നമ്മൾ ഒരാളെ സ്നേഹിച്ചു തുടങ്ങുമ്പോഴാണ്. ആരെയും സ്നേഹിക്കരുത്. സ്നേഹിക്കുന്നതോടെ ആണുങ്ങളുടെ മനക്കരുത്ത് പോവും. നിനക്ക് പള്ളീലച്ചന്റെ സ്നേഹം വേണോ അതോ അങ്ങേരുടെ പണം മതിയോ.’’
കുഞ്ഞാപ്പി നിലത്തുവെച്ചിരുന്ന ട്രങ്ക് തുറന്നു. ന്യൂസ് പേപ്പറിനു താഴെ ആരും കാണാതെ വെച്ചിരുന്ന മിഖായേലച്ചയുടെ കത്തിയെടുത്തു.
‘‘കൊല്ലും ഞാനവളെ.’’
രായൻ എഴുന്നേറ്റ് കുഞ്ഞാപ്പിയുടെ കൈ പുറകോട്ടു തിരിച്ചു കത്തി വാങ്ങി.
“ഒളിപ്പിച്ചു വെച്ചിരിക്കുവായിരുന്നല്ലേടാ.”
കരച്ചിലടക്കിയ കുഞ്ഞാപ്പി പ്രതിമപോലെ ഇരുന്നു. കുപ്പിയിൽനിന്നൊരെണ്ണം ഒഴിച്ചിട്ട് രായൻ അവന്റെ അടുത്തേക്ക് ചെന്നു.
‘‘നീയിതൊരെണ്ണം പിടിപ്പിക്ക്. എല്ലാം ശരിയാകും.’’
112
രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞതോടെ ലോഡ്ജിലെ ജീവിതവുമായി കുഞ്ഞാപ്പി പൊരുത്തപ്പെട്ടു. വെളുക്കും മുന്നേ ഉണരും. കേറ്റത്തുപോയി വെള്ളമെടുത്തുകൊണ്ടുവരും. മുറിയും ഇടനാഴിയും തൂത്ത് ചവറു താഴെക്കൊണ്ടുപോയി കത്തിക്കും. ലോഡ്ജിലെ മുറികളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ എടുക്കാൻ ആഴ്ചയിലൊരിക്കൽ ഫിലിപ്പിന്റെ കമ്പനിയിൽനിന്നും ആളുകളെത്തും. അവനും അവരോടൊപ്പം കൂടും. മിക്കവാറും വൈകുന്നേരങ്ങളിൽ വെള്ളമടിയുണ്ടാകും. ചാരായം അകത്തുചെല്ലുമ്പോഴെല്ലാം കർമലിയെ ഓർക്കും.
“രായാ അവളെന്റെ കാശ് കുറേ പിടിങ്ങിയിട്ടുണ്ട്. ഒരുരാത്രിയെങ്കിൽ ഒരുരാത്രി നമുക്കവളെ പൊക്കണം.”
“എടാ കോപ്പേ കൈയോടെ പിടിക്കുമ്പോ പിന്നെ അവളെന്താ പറയുക. നേര് പറഞ്ഞാ അവളുടെ പണി പോവില്ലേ. അവളെങ്ങനെയെങ്കിലും കഴിഞ്ഞോട്ടെ, നീ അതൊക്കെ മറന്നേര്.”
അവളെ പൊക്കാമെന്നും പറഞ്ഞ് രായൻ ഒപ്പം വരുമെന്നാണ് കരുതിയിരുന്നത്. ഗ്ലാസിലൊഴിച്ചു വെച്ചിരുന്നത് കുഞ്ഞാപ്പി അണ്ണാക്കിലേക്ക് കമഴ്ത്തി. പിന്നെ നിരാശയോടെ വെള്ളമെടുക്കാനുള്ള ബക്കറ്റുമായി കേറ്റത്തേക്ക് നടന്നു.
ഒരു ദിവസം ഉച്ച കഴിഞ്ഞ് കുഞ്ഞാപ്പിയെയും കൂട്ടി രായൻ തീണ്ടാത്തുരുത്തിനു വടക്കുള്ള ചതുപ്പിലേക്ക് ചെന്നു. അവരവിടെ എത്തുമ്പോഴേക്കും തെക്കേച്ചിറയിലെ കക്കവാരുന്നവർ തോടിന്റെ മാടികളൊക്കെ വെട്ടിക്കേറ്റിയിട്ട് തേവുപാട്ടക്കു വെള്ളം കോരാൻ തുടങ്ങിയിരുന്നു.
‘‘മുതലാളി, കുറച്ചു വരാലുണ്ട്.”
“നിങ്ങളത് എടുത്തോ.”
മുതലാളിയെന്ന് അവർ വിളിക്കുന്നതു കേട്ട് കുഞ്ഞാപ്പി അത്ഭുതത്തോടെ രായനെ നോക്കി. കൈയിൽ കെട്ടിയിരുന്ന ഗോൾഡൻ റിസ്റ്റുവാച്ചിൽ രായൻ ഇടക്കിടെ നോക്കി. തൂമ്പുറപ്പിക്കുന്നവരോടു മഴയ്ക്കു മുന്നേ പണി തീർക്കണമെന്ന് പറഞ്ഞിട്ട് രായൻ കുഞ്ഞാപ്പിയെയും കൂട്ടി ലോഡ്ജിലേക്ക് മടങ്ങി.
“വറുത്തു തിന്നാൻ പറ്റിയ മുഴുത്ത വരാലായിരുന്നു.”
“എന്തിനാടാ കുഞ്ഞാ വറുത്ത് കഷ്ടപ്പെടുന്നത്. നിനക്കെന്തോരം വേണം ഞാൻ വാങ്ങിത്തരാം.”
തീണ്ടാത്തുരുത്ത് മുഴുവൻ മാമ്പള്ളിയച്ചൻ വിലയ്ക്കു വാങ്ങിയെന്നും അതല്ല പാട്ടത്തിനെടുത്തതാണെന്നും ആളുകളുടെ ഇടയിലൊരു സംസാരമുണ്ടായിരുന്നു. ചോദിച്ചവരോടൊക്കെ നിലം വാങ്ങിയത് താനാണെന്ന് രായൻ പറഞ്ഞു. ചതുപ്പിലെ തോടുകളൊക്കെ തെളിച്ചെടുത്ത് രായൻ മത്സ്യകൃഷി തുടങ്ങിയതോടെ ആളുകൾ അവൻ പറഞ്ഞതെല്ലാം വിശ്വസിച്ചു. തീണ്ടാത്തുരുത്തിലേക്ക് പാലം വരാൻ കാത്തുനിന്നതുപോലെ അവൻ അവിടെയൊരു പന്നിഫാം കൂടി തുടങ്ങി. സാധനങ്ങൾ കൊണ്ടുവരാനും പന്നികളെ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കാനുമുള്ള വണ്ടി അച്ചനാണ് ഏർപ്പാടാക്കി കൊടുത്തത്.
പന്നിക്കുള്ള വേസ്റ്റുമായെത്തിയ വണ്ടിയിൽനിന്നും ചാക്കിറക്കാൻ തുടങ്ങിയ കുഞ്ഞാപ്പിയെ രായൻ വിലക്കി.
“പണിക്കാരെ നിർത്തിയിരിക്കുന്നത് മൂഞ്ചാനാണോടാ. നീയവരെക്കൊണ്ടു ചെയ്യിച്ചാ മതി.”
രാത്രി പതിവു വെള്ളമടിക്ക് ഇരിക്കുമ്പോൾ രായനൊരു തുണിക്കിറ്റെടുത്ത് കുഞ്ഞാപ്പിക്ക് കൊടുത്തു. അവന്റെ തുളവീണ വള്ളിച്ചെരിപ്പ് പുറത്തേക്ക് വലിച്ചെറിഞ്ഞു. മുറ്റത്തു കിടന്ന പട്ടിയൊന്നു പേടിച്ചെങ്കിലും തിരിച്ചെത്തി ചെരിപ്പും കടിച്ചെടുത്ത് മരച്ചോട്ടിലേക്ക് പോയി. ദാരിദ്ര്യം പിടിച്ചൊരു കാലത്തെ അടയാളങ്ങൾ പട്ടി കടിച്ചുകീറുന്നതും നോക്കി കുഞ്ഞാപ്പി വരാന്തയിൽ കുത്തിയിരുന്നു.
“കൂറ കൈലിയും ബനിയനുമൊക്കെ നാളെത്തന്നെ കത്തിച്ചോണം.”
രായൻ നിർബന്ധിച്ച് അവനെ പുത്തൻ ഷർട്ടും മുണ്ടും ഉടുപ്പിച്ചു. പോക്കറ്റിൽ ഒരു പേനകൂടി കുത്തിക്കൊടുത്തു.
‘‘രാവിലെ എണീറ്റിങ്ങനെ റെഡിയായി നിന്നോ. നമുക്കൊരിടം വരെ പോകണം.”
113
മേടയിലേക്ക് ഇറങ്ങുന്നതിനു മുന്നേ രായനും കുഞ്ഞാപ്പിയും കൂടി ഒരു പൈന്റുകുപ്പി തീർത്തു.
“എടാ കുഞ്ഞാ. നീയാ പെട്രോൾബങ്കിന്റെ മുന്നിൽ നിന്നാമതി. ഞാൻ പള്ളീലച്ചനെ കണ്ടിട്ടു വരാം.”
ഒരുപാടു സന്തോഷം വരുന്ന ദിവസമാണ് രായൻ കുഞ്ഞായെന്ന് വിളിക്കുക. ഞാറക്കടവു വിട്ട് ദൂരേക്കൊരു യാത്ര കുഞ്ഞാപ്പിയും ആഗ്രഹിച്ചിരുന്നു. പുത്തൻ ഷർട്ടുമിട്ട് രായനെ കാത്തുനിൽക്കുമ്പോൾ പതിവു സങ്കടങ്ങളെല്ലാം കുഞ്ഞാപ്പി മറന്നു.
താലൂക്കാശുപത്രിയുടെ മുന്നിലെ പുതിയ പെട്രോൾ ബങ്കിൽനിന്നും ഫുൾടാങ്കടിച്ച് ഇറങ്ങുന്ന വഴി സ്റ്റേഷനറിക്കടയുടെ മുന്നിൽ രായൻ വണ്ടി നിർത്തി. കടക്കാരൻ അടുത്തേക്കു വന്ന് ഒരു പൊതിയെടുത്ത് രായന് കൊടുത്തു.
‘‘വേഗം കേറെടാ.’’
ആശുപത്രിക്കു മുന്നിലെ ഓട്ടോക്കാര് നോക്കുന്നതു കണ്ട് രായൻ പെട്ടെന്ന് വണ്ടിയെടുത്തു.
“രായാ പള്ളീലച്ചന്റെ വണ്ടിയുമായിട്ട് നമ്മള് മുങ്ങുവാണോ?”
രായൻ ഒന്നും പറയാതെ ചിരിച്ചു. പള്ളിയുടെയും മഠത്തിന്റെയും പുത്തൻകപ്പേളകൾ കഴിഞ്ഞു ഞാറക്കടവുപാലം കയറുമ്പോൾ കുഞ്ഞാപ്പി തിരിഞ്ഞുനോക്കി. പിന്നാലെ ആരുമില്ല. മുന്നിൽ വിജനമായ റോഡ്.
സന്ധ്യയോടെ അടിവാരത്ത് എത്തി. ചായകുടിയും കഴിഞ്ഞ് മലമുകളിലേക്കുള്ള കേറ്റം കേറാൻ തുടങ്ങിയതോടെ രായന്റെ പൊതിയിൽനിന്ന് കുഞ്ഞാപ്പി ഒരു ബീഡിയെടുത്തു.
‘‘കഞ്ചാവാ. നീ താങ്ങുമോ.’’
രണ്ടു വിരലുകൾക്കിടയിൽ ബീഡിവെച്ച് കൈ മുഴുവൻ കവിളിനോടു ചേർത്ത് കുഞ്ഞാപ്പിയൊരു പുക എടുത്തു. തണുപ്പിൽ അവനൊരു സുഖം.
‘‘രായാ എനിക്ക് ചിറകു മുളയ്ക്കുന്നപോലെ...’’
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.