117
ഹാജിയാരുടെ കൂടെ ആരോ ഉള്ളതായി കുഞ്ഞാപ്പിക്ക് തോന്നി. സാമ്പ്രാണിയുടെ മണത്തോടൊപ്പം തടിക്കോവണി കയറി എത്തുന്നവരുടെ കാലൊച്ച മിക്ക രാത്രികളിലും അവൻ കേട്ടിരുന്നു. മുകളിലെ മുറിയിലേക്ക് വന്നവരോട് സ്വരംതാഴ്ത്തി ഹാജിയാർ സംസാരിക്കും. കുഞ്ഞാപ്പിക്ക് അവരെ കാണാൻ കഴിഞ്ഞിരുന്നില്ല. ജിന്നോ മലക്കോ ആയിരിക്കുമെന്ന വിചാരം കേറി മൂത്തതും, അവന്റെ സ്വസ്ഥത പോയി.
ഉടനെ വരാമെന്നും പറഞ്ഞ് ഇറങ്ങിപ്പോയ രായൻ നാലഞ്ചുദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. കയറിവന്നതു മുതൽ ഹാജിയാരോട് വഴക്കിടാൻ തുടങ്ങിയതോടെ കുഞ്ഞാപ്പി തുണിയെല്ലാം എടുത്ത് ബാഗിൽ വെച്ചു.
“രായാ ഇവിടെ നിന്നാൽ ശരിയാവില്ല, നമുക്ക് തിരിച്ചു പോകാം.”
ഒരു ജീപ്പു വന്നുനിൽക്കുന്ന സ്വരംകേട്ട് രായൻ മറുപടിയൊന്നും പറയാതെ പുറകുവശത്തെ ജനലിലൂടെ താഴേക്ക് പിടിച്ചിറങ്ങി. പിന്നാലെ ഇറങ്ങാൻ തുടങ്ങിയ കുഞ്ഞാപ്പിയെ അവൻ വിലക്കി.
“നീയിവിടെ നിന്നാ മതി.”
കരിങ്കല്ലിനു കെട്ടിയ എടുപ്പ് ചാടി, മരങ്ങൾക്കിടയിലൂടെ അവൻ ഓടിമറയുന്നത് നോക്കിനിന്നിട്ട് കുഞ്ഞാപ്പി ജനാല ചാരി. ചുറ്റും നടക്കുന്നതൊന്നും അറിയാത്തതുപോലെ നിസ്കാരപ്പായ വിരിച്ച് ഹാജിയാർ പ്രാർഥന തുടങ്ങി. കുഞ്ഞാപ്പി വേഗം കോവണി ഇറങ്ങി താഴേക്ക് ചെന്നു.
ജീപ്പിൽ വന്നിറങ്ങിയ പെണ്ണും, കൂടെ വന്നവനും കൂടി താഴത്തെ കടമുറിയുടെ ഷട്ടർ തുറന്നു. നിറവയറാണെങ്കിലും പെണ്ണ് ആയാസപ്പെട്ട്, ‘മലഞ്ചരക്കുകൾ എടുക്കപ്പെടും’ എന്നെഴുതിയ ബോർഡെടുത്ത് പുറത്തുവെച്ചു. രണ്ടാളുംകൂടി കടക്കുള്ളിലെ പൊടിയും മാറാലയും തുടച്ച്, രൂപത്തട്ടിൽ വിളക്കു വെച്ചു. വണ്ടിയിലുണ്ടായിരുന്ന സാധനങ്ങൾ കടയിലേക്ക് ഇറക്കിവെച്ചിട്ട് കൂടെ വന്നവൻ ജീപ്പുമായി തിരിച്ചുപോയി. കടയിലിരുന്ന പെണ്ണ് നോക്കുന്നത് കണ്ട് കുഞ്ഞാപ്പി മുകളിലെ മുറിയിലേക്ക് മടങ്ങി.
ഉച്ച കഴിഞ്ഞാണ് രായൻ തിരിച്ചെത്തിയത്.
“പൊലീസല്ലായിരുന്നെടാ. അതൊരു ചെക്കനും പെണ്ണും കൂടി താഴത്തെ കടമുറി തുറക്കാൻ വന്നതാണ്.”
രായനൊന്നും പറയാതെ കൊണ്ടുവന്ന പൊതി തുറന്നു.
‘‘പെട്ടെന്ന് കഴിക്ക്, നമുക്ക് ഒരിടം വരെ പോണം.’’
‘‘എന്തെങ്കിലും പ്രശ്നമുണ്ടോ?’’
‘‘ഒന്നുമില്ല. നീ കഴിക്ക്.’’
പൊതിച്ചോറ് കഴിച്ചിട്ട് താഴേക്കിറങ്ങുമ്പോൾ രായൻ തോർത്തിനു മുഖംമറച്ചു നടന്നു. കടയിലിരുന്ന പെണ്ണ് പുറത്തേക്കിറങ്ങുന്നത് കണ്ട് നിരപ്പിൽ ഒതുക്കിയിട്ടിരുന്ന വണ്ടി അവൻ വേഗമെടുത്തു. കേറ്റമിറങ്ങി കുറച്ചുദൂരം കഴിഞ്ഞ്, ചെങ്കൽവഴിയിലേക്ക് തിരിഞ്ഞു.
‘‘ആ പെണ്ണിനെ നിനക്കറിയുമോ?’’
കുഞ്ഞാപ്പിയെ ശ്രദ്ധിക്കാതെ രായൻ വണ്ടിയോടിച്ചുകൊണ്ടിരുന്നു. എവിടേക്കാ എന്തിനാ പോകുന്നതെന്ന് വീണ്ടും ചോദിച്ചതും അവൻ ദേഷ്യപ്പെട്ടു.
“മിണ്ടാതിരുന്നോ. നീയെന്റെ ചവിട്ടു മേടിക്കും.”
അടക്കാത്തോട്ടത്തിന്റെ ഓരംചേർന്നുള്ള റോഡിലൂടെ കേറ്റത്തേക്ക് എത്തിയതും രായൻ വണ്ടിയൊതുക്കി. വഴിയുടെ ഇരുവശവും കാപ്പിച്ചെടികൾ കായ്ച്ചു കിടന്നിരുന്നു.
“ഞാനൊന്നു നോക്കിയിട്ട് വരാം.”
രായൻ കേറ്റത്തേക്ക് നടന്നു.
അവനൊരു ഓടിട്ട വീട്ടിലേക്ക് കയറുന്നതു കണ്ട് കുഞ്ഞാപ്പി വണ്ടിയിൽനിന്നിറങ്ങി. വീടിന്റെ കിഴക്കേ അതിരിലെ മറപ്പുരയിലേക്കുള്ള മുളപ്പാലം ഒടിഞ്ഞുതൂങ്ങി കിടന്നിരുന്നു. അതിന്റെ താഴെനിന്നും പന്നികളുടെ മുരൾച്ച കേൾക്കാം. മുറ്റത്ത് കിടന്നിരുന്ന പട്ടി എഴുന്നേറ്റ് കുരച്ചെങ്കിലും രായൻ അടുത്തുചെന്നതോടെ അതു വാലാട്ടി. രായനു പരിചയമുള്ള വീടാണെന്ന് മനസ്സിലായതും കുഞ്ഞാപ്പി ഒരു ബീഡിയെടുത്തു.
ആരോ ഒച്ചയെടുത്തതുപോലെ കുഞ്ഞാപ്പിക്ക് തോന്നി. വീടിനുള്ളിലേക്ക് കയറിപ്പോയ രായൻ അഴിഞ്ഞുതുടങ്ങിയ മുണ്ടും ചേർത്തുപിടിച്ച് ധൃതിയിൽ ഓടിവന്നു.
‘‘പെട്ടെന്ന് കേറെടാ.’’
അവൻ അണയ്ക്കുന്നുണ്ടായിരുന്നു. അടക്കാത്തോട്ടത്തിനു നടുവിലൂടെയുള്ള വഴി കഴിഞ്ഞതോടെ അതുവരെ ഉണ്ടായിരുന്ന പിരിമുറുക്കമെല്ലാം മാറി രായനൊരു സിഗരറ്റ് കത്തിച്ചു.
‘‘എന്തു പറ്റി രായാ?’’
‘‘ഒന്നുമില്ലെടാ.’’
രാത്രി മാളികമുറിയിൽ കിടക്കുമ്പോൾ രായന്റെ ബാഗിൽനിന്നും കുഞ്ഞാപ്പി ഒരു ബീഡികൂടി എടുത്തു.
‘‘ഇതിപ്പ മൂന്നാമത്തേതാ.’’
ഒപ്പമിരുന്ന് രായനും ഒരു പുകയെടുത്തു. അപ്പോഴേക്കും ആരോ കോവണി കയറിവരുന്ന ഒച്ച. കുഞ്ഞാപ്പി പേടിയോടെ രായനെ നോക്കി. ധൂപക്കുറ്റിയുമായി എത്തിയ ഹാജിയാരെ കണ്ട് രായൻ വീണ്ടും പായയിലേക്ക് മലർന്നു.
കിളവന്റെ പിന്നാലെ വന്ന ചെക്കൻ ഇടനാഴിയുടെ അടുത്തായി പായ വിരിച്ചിട്ട് കുഞ്ഞാപ്പിയെ നോക്കി. കരിക്കച്ചിറ സ്കൂളിൽ അഞ്ചാം ക്ലാസുവരെ ഒപ്പം പഠിച്ചിരുന്നവന്റെ ഛായ അവനുണ്ടെന്ന് കുഞ്ഞാപ്പിക്ക് തോന്നി. തെക്കേച്ചിറയിലായിരുന്നു വീട്. രായനാണ് അവനെ കൊണ്ടുനടന്നിരുന്നത്. പത്തിലെത്തുന്നതിനുമുന്നേ മഞ്ഞപ്പിത്തം വന്ന് മരിച്ചുപോയവന്റെ കാര്യങ്ങളെല്ലാം ഓർമയിൽ വന്നതും എരിഞ്ഞു തീരാറായ ബീഡി ചുണ്ടോടു ചേർത്തുപിടിച്ച് കുഞ്ഞാപ്പി ഒരു പുകകൂടി എടുത്തു.
രാത്രി എല്ലാവരും ഉറക്കമായപ്പോൾ കുഞ്ഞാപ്പി ചെക്കന്റെ അടുത്തുചെന്ന് അവനെ വിളിച്ചുണർത്തി.
‘‘എന്റെ കൂടെയുള്ളവനെ നീ സൂക്ഷിക്കണേ.’’
ഒച്ച കേട്ട് കിളവൻ ഉണർന്നു.
ഇടനാഴിയോടു ചേർന്നുള്ള മൂലയിൽ കുത്തിയിരുന്ന് വരത്തരിൽ ഒരുവൻ ഇരുട്ടിലേക്ക് നോക്കി സംസാരിക്കുന്നതു കണ്ട്, അയാൾ തസ്ബിയെടുത്തു.
118
‘‘നീയാരെയാ പേടിക്കുന്നത്. കുത്തിമലത്തീട്ട് എന്നതാന്ന് വെച്ചാ എടുത്തൊണ്ടു വാടാ.’’
മാളികമുറിയിൽനിന്നിറങ്ങുമ്പോൾ മിഖായേലച്ചയുടെ കത്തിയെടുത്തു കുഞ്ഞാപ്പി രായനു കൊടുത്തു. കഞ്ചാവു വലിച്ച് കുഞ്ഞാപ്പിയുടെ കണ്ണ് കലങ്ങിക്കിടന്നിരുന്നു.
തോട്ടത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് ഓടിട്ട വീടിനു മുന്നിലേക്ക് രായൻ വണ്ടി കയറ്റി. കുഞ്ഞാപ്പി അവന്റെ പുറകേ ചെന്നു. മുറ്റത്തു കിടന്നിരുന്ന പട്ടിയുടെ കഴുത്തിൽ രായൻ തടവി. അതു വാലാട്ടി. അകത്തേക്കു കയറി ഇരുട്ടു നിറഞ്ഞ മുറിയിലെ ലൈറ്റിട്ടു. മൂത്രത്തിന്റെ എരിപ്പുമണം. മുഖത്തു വെട്ടം വീണതും കട്ടിലിൽ കിടന്നിരുന്ന കിളവനൊന്നു ഞരങ്ങി. പുതപ്പുൾപ്പെടെ രായൻ അയാളുടെ തലയ്ക്കൽ പിടിച്ചു. കാലിൽ പിടിക്കാൻ കുഞ്ഞാപ്പിയോടു ആംഗ്യം കാണിച്ചു. താഴെ വിരിച്ച പായയിലേക്ക് കിളവനെ കിടത്തുമ്പോൾ അവൻ അയാളോടു പറഞ്ഞു.
‘‘അച്ചായീ ഞാനാ ഡിവൈൻ. മേലൊന്നു തുടച്ചിട്ട് ഇപ്പതന്നെ കട്ടിലിലേക്ക് കിടത്താം.’’
കിളവന്റെ മുഖത്തൊരു ആശ്വാസം. കട്ടിൽ പുറത്തേക്കെടുക്കാമെന്നു രായൻ വീണ്ടും ആംഗ്യം കാട്ടി. കിളവൻ എന്തോ ചോദിച്ചു. കുഞ്ഞാപ്പിക്ക് അത് മനസ്സിലായില്ല.
‘‘മൂത്രത്തിന്റെ നാറ്റമുണ്ട് അച്ചായീ. കഴുകിയേച്ച് ഇപ്പ കൊണ്ടുവരാം.’’
പുറത്തേക്ക് കട്ടിലെടുക്കുമ്പോൾ അയാളാരാണെന്ന് കുഞ്ഞാപ്പി ചോദിച്ചു.
“നിന്റെ തന്ത.”
രായൻ വെറുതെ ദേഷ്യപ്പെട്ടു. ചീത്ത കേട്ടെങ്കിലും കട്ടിൽ കയറ്റാൻ കുഞ്ഞാപ്പി സഹായിച്ചു. രായൻ അകത്തേക്ക് കയറി അലമാര കുത്തിത്തുറക്കുമ്പോഴാണ് ജീപ്പ് കേറ്റം കയറി വരുന്ന ഒച്ച കേട്ടത്.
“രായാ ആരോ വരുന്നുണ്ട്.”
രായൻ വണ്ടിയെടുത്തു. ചരിവിറങ്ങുമ്പോൾ രണ്ടുമൂന്നിടത്ത് പാളി. പിന്നാലെ ആരുമില്ലെന്ന് കണ്ട് അവൻ തോർത്തെടുത്ത് വിയർപ്പ് തുടച്ചു.
‘‘മഴക്കോളുണ്ട്.’’
കുഞ്ഞാപ്പി പടുതയുമായി ഇറങ്ങി. ചേർത്തുകെട്ടുമ്പോൾ ഞാറക്കടവിലെ പഴയ ചായക്കട അവൻ ഓർത്തു. വിറകുകീറൽ മുതൽ കുഴിവെട്ടുവരെ എന്തെല്ലാം ജോലികളാണ് ഈ പ്രായത്തിൽ ചെയ്തിരിക്കുന്നത്. മെയ്യനങ്ങിയുള്ള പണിയെല്ലാം രായനു മടിയായിരുന്നു. എന്നിട്ടും അവനൊരു പഴയ കട്ടിലിനു വേണ്ടി ഇത്രയും കഷ്ടപ്പെട്ടത് എന്തിനാണെന്ന് കുഞ്ഞാപ്പിക്ക് മനസ്സിലായില്ല.
‘‘ഇതിനാണോ നീ ഇത്രേം പാടുപെട്ടത്, ഞാറക്കടവീന്ന് ഞാനൊരെണ്ണം ഒപ്പിച്ചു തന്നേനെ.’’
രായൻ ഡോറു വലിച്ചടച്ചിട്ട് വണ്ടിയെടുത്തു.
‘‘നീ കുറേ ഉണ്ടാക്കും.’’
“അതല്ല രായാ ഇതുപോലൊരെണ്ണം മഠത്തിലുണ്ടായിരുന്നു.”
പോച്ച വെട്ടിത്തെളിക്കാൻ ഞാറക്കടവു മഠത്തിൽ ചെന്നതും മഠത്തിന്റെ പിന്നിലെ ഷെഡിലുണ്ടായിരുന്ന പഴയ സാധനങ്ങളുടെ കൂട്ടത്തിലൊരു കട്ടിൽ കണ്ടതുമെല്ലാം കുഞ്ഞാപ്പി പറഞ്ഞു. രായനൊരു ബീഡികൂടി കത്തിച്ചു.
“അതെടുത്തോയെന്ന് മദർ പറഞ്ഞതാ.”
‘‘അതിനെന്തു പഴക്കം കാണുമെടാ.”
പാളത്തൊപ്പിയും വെച്ച് ഒരു കിളവൻ കന്നുകളെ തെളിച്ച് എതിരെ വരുന്നതു കണ്ട് രായൻ വണ്ടിയൊതുക്കി. കുറച്ചുനേരം അയാളുമായി സംസാരിച്ചു നിന്നു.
ഇറക്കത്തെ ലായങ്ങളിൽനിന്നും പുക ഉയരുന്നതും നോക്കി കുഞ്ഞാപ്പി അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നു. കേറ്റം കയറിപ്പോകുന്ന പശുക്കളുടെ ചൂര്. തണുത്തുവിറച്ച് അവൻ രായനോട് ഒരു ബീഡികൂടി ചോദിച്ചു.
‘‘തീർന്നെടാ. ഞാൻ വാങ്ങിക്കൊണ്ടു വരാം.’’
ടോർച്ചുമായി രായൻ ഇരുട്ടിലേക്ക് ഇറങ്ങി.
119
ചരിവിറങ്ങി പോകുന്ന രായനെയും നോക്കി കുഞ്ഞാപ്പി വണ്ടിയിൽ ഇരുന്നു. വളവു കഴിഞ്ഞ് കൂട്ടുകാരൻ മറഞ്ഞതും, അവനൊരു പേടി. ആനയും പുലിയുമൊക്കെ ഇറങ്ങുന്ന സ്ഥലമാണെന്ന് കന്നിനെ തെളിച്ചുകൊണ്ടുവന്നവൻ പറഞ്ഞത് ഓർത്തു. ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ ദൂരെ നിന്നും ഒരു വെട്ടം അടുത്തേക്ക് വരുന്നത് അവൻ കണ്ടു. ഭയന്നു വിറച്ചുള്ള ഇരിപ്പ് കണ്ട് രായനു ചിരിവന്നു.
‘‘ഞാനാടാ. ഡോറ് തുറക്ക്.’’
രായൻ അവനെ പുറകിലേക്ക് ഇരുത്തി. കൂടെ വന്നവൾ മുൻസീറ്റിലേക്ക് കയറി രായനോടൊപ്പം മുട്ടിയുരുമ്മി ഇരുന്നു.
“അണ്ണാ ഇതാരാ?”
‘‘എന്റെ മാമനാടീ.’’
പെണ്ണ് തിരിഞ്ഞ് കുഞ്ഞാപ്പിയെ നോക്കി.
“ഒന്നു പോ അണ്ണാ. പറ്റിക്കാതെ.’’
രായനവളുടെ തുടയിൽ നുള്ളി.
‘‘നിനക്കവനെ പിടിച്ചോ?’’
തേയിലത്തോട്ടത്തിലേക്കുള്ള കേറ്റവും കഴിഞ്ഞ് നിരപ്പിലെത്തിയപ്പോൾ തൊട്ടടുത്ത തൊടിയിലേക്ക് രായൻ വണ്ടിയിറക്കി.
‘‘വീടു പൂട്ടി ആ തള്ള പോയല്ലോ അണ്ണാ.’’
‘‘വീടെന്തിനാടീ. നിലാവെട്ടത്ത് നമുക്ക് കൂടാം.’’
രായൻ പടുതയുടെ കെട്ടഴിച്ചു. നോക്കിനിന്ന കുഞ്ഞാപ്പിയോടു കട്ടിൽ ഇറക്കാൻ പറഞ്ഞു. രണ്ടു പേരും കൂടി കട്ടിൽ ചുമന്ന് വീടിന്റെ മുറ്റത്തിട്ടു.
‘‘നിനക്ക് വേണോടാ?’’
കുഞ്ഞാപ്പി തിരിച്ചുനടക്കുന്നത് കണ്ട് രായൻ നിർബന്ധിച്ചു.
‘‘ഇങ്ങോട്ടാരും വരില്ലെടാ.’’
രായന്റെ ഒച്ച കേട്ട് വീടിനു പിന്നിലേക്ക് പോയ പെണ്ണ് തിരിച്ചെത്തി.
‘‘നിങ്ങട മാമന് നാണമാണോ?’’
“അവൻ മോളിലിരുന്ന് കണ്ട് പഠിക്കട്ടെ.”
രായൻ കട്ടിലിലേക്ക് മലർന്നു. പെണ്ണവന്റെ വിയർപ്പിലൊട്ടിയ ഷർട്ട് ഊരി. താഴെനിന്നും രണ്ടാളുടെയും ചിരിയും കൊഞ്ചലും. കുഞ്ഞാപ്പി വണ്ടിയിൽ ചാരിനിന്നു.
‘‘അയാൾ ശരിക്കും നിങ്ങളുടെ ആരാണ്?’’
‘‘അവനെന്റെ കൂട്ടുകാരനാ. ഇതവനുള്ള കല്യാണക്കട്ടിലാ.’’
‘‘നിങ്ങളു നുണയനാ.’’
മുടിയിൽ ചൂടിയ പിച്ചിപ്പൂ എടുത്ത് അവൾ കട്ടിലിൽ വിതറി.
‘‘ഇതെന്നാത്തിനാടീ ഡെക്കറേഷൻ.’’
‘‘കല്യാണക്കട്ടിലല്ലേ.’’
അവൾ ചിരിച്ചോണ്ടു സാരിയഴിച്ചു. നിലാവെട്ടത്ത് നെഞ്ചിനു മീതെ കൈ മറച്ചുപിടിച്ചുള്ള അവളുടെ നിൽപ് കണ്ട് രായൻ ഒരു സിഗരറ്റുകൂടി കത്തിച്ചു. അവന്റെ ചൂണ്ടുവിരൽ അവളുടെ അരയിലെ ചരടിൽ കോർത്തു.
‘‘പൊട്ടിക്കല്ലേ അണ്ണാ. പൂജിച്ചതാ.’’
‘‘നീ കുളിക്കാറില്ലേ?’’
രായൻ അവളുടെ അടിവയറ്റിൽനിന്നു തല ഉയർത്തി. പെണ്ണിന് നാണം.
‘‘മരുന്നു കട്ടിലാ. ഇതീ കിടന്നു അറുമാദിച്ചാ നീ പെറും.’’
‘‘അയ്യോ എനിക്ക് പെറണ്ട.’’
രായന്റെ പല്ല് അവളുടെ നെഞ്ചിലമർന്നു. കൈയിലൊതുങ്ങാതെ അതു രണ്ടും ഇളകിയാടുന്നതിന്റെ രസത്തിൽ അവൻ വീണ്ടും വേദനിപ്പിച്ചു.
‘‘ദുഷ്ടനാ നിങ്ങള്.’’
‘‘എല്ലാറ്റിനും കൂടി കാശ് തരുന്നില്ലേടി?’’
‘‘എന്നാലും എനിക്ക് ശരിക്കും നൊന്തു.’’
‘‘ഓ പിന്നേ.’’
രായനെയും കാത്ത്, കുഞ്ഞാപ്പി വണ്ടിയിലിരുന്ന് ഉറങ്ങിപ്പോയി. ഇടക്കൊരു വെട്ടം കണ്ണിലടിച്ചപ്പോൾ അവനെഴുന്നേറ്റു. കൊളുന്ത് നിറച്ച ട്രാക്ടർ കടന്നുപോയതോടെ അവന്റെ നെഞ്ചിടിപ്പിന്റെ താളം പഴയതുപോലെയായി. മയക്കത്തിലേക്ക് വീണ്ടും വഴുതുമ്പോഴായിരുന്നു രായന്റെ വിളി.
‘‘താഴേക്ക് ഇറങ്ങി വാടാ.’’
‘‘എനിക്ക് വേണ്ട.’’
“അതിനല്ലെടാ. കട്ടിലു കേറ്റേണ്ടേ.”
കമിഴ്ന്നു കിടന്ന പെണ്ണെഴുന്നേറ്റ് തുണി ഉടുക്കാൻ തുടങ്ങി. അധ്വാനിച്ചൊഴുകിയ അവളുടെ വിയർപ്പുചാലുകളെ ഒപ്പിയെടുത്ത നനവ് ഒരു കുരിശടയാളംപോലെ കട്ടിലിന്റെ നെടിപ്പലകയോടു ചേർന്നുകിടന്നു. പരസ്പരം വേർതിരിക്കാനാവാതെ നിലാവെട്ടത്ത് പിണഞ്ഞുപോയ കട്ടിലിലെ പാടുകളിലേക്ക് കുഞ്ഞാപ്പിയുടെ വിരലുകൾ ചലിച്ചു. ഞൊറിവിട്ട് സാരിയുടുക്കുന്ന അവളുടെ അടിവയറ്റിലേക്ക് അവന്റെ കണ്ണ് പാളി.
രായന്റെ കൈയിൽനിന്ന് സിഗരറ്റും വാങ്ങി പെണ്ണ് കുഞ്ഞാപ്പിയുടെ അടുത്തേക്ക് ചെന്നു. അവന്റെ നെഞ്ചിലൂടെ വിരലോടിച്ച് അവൾ അവനെ ദേഹത്തേക്ക് അടുപ്പിച്ചു. പേടിച്ചുപോയ കുഞ്ഞാപ്പി അവളെ തള്ളിമാറ്റി.
ഒരു പുക ആഞ്ഞെടുത്ത് കുഞ്ഞാപ്പിയുടെ മുഖത്തേക്ക് ഊതിക്കൊണ്ട് പെണ്ണ് അവന്റെ കരണം തീർത്തൊന്നു പൊട്ടിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.