135
മേനച്ചായന്റെ കൈയും പിടിച്ച് പാഴൂര് മുറ്റത്തേക്കിറങ്ങി. രണ്ടാളും ചേർന്നുള്ള നടത്തം ചായമട്ടിന്റെ മണമുള്ള കല്ലുവെട്ടുവഴിയും കടന്ന് നിരപ്പിലെ മാളികമുറിയുടെ മുന്നിലെത്തി. കോണിപ്പടികൾ കയറുമ്പോൾ ഹാജിയാരുടെ ധൂപക്കുറ്റിയിൽനിന്നുയരാറുള്ള സാമ്പ്രാണിയുടെ മണം പാഴൂരിന് അനുഭവപ്പെട്ടു തുടങ്ങി.
“നീയെന്താ പാതിവഴി നിന്നത്, കേറി വാ.”
“എനിക്ക് വയ്യ മേനച്ചായാ. ഒരു തളർച്ച.”
മെഴുക്കു നിറഞ്ഞ മരപ്പടിയിൽ തട്ടി താഴേക്കുള്ള വീഴ്ചയിൽ പാഴൂരൊന്ന് ഞരങ്ങി. അയാളുടെ പിച്ചും പേയും കേട്ടതോടെ അടിവാരത്തുനിന്നു വാങ്ങിയ കരിമ്പടം പാഴൂരിനെ പുതപ്പിച്ചിട്ട് ഡിവൈൻ ചിരട്ടക്കനലിന്റെ നെരിപ്പോട് കട്ടിലിന് കീഴെ വെച്ചു. ചൂടുതട്ടിയ ആശ്വാസത്തിൽ പാഴൂര് വീണ്ടും ഉറക്കമായി. തണുത്തുപോയ ചായക്കപ്പുമായി ഡിവൈൻ എഴുന്നേറ്റു.
‘‘അച്ചാച്ചിക്ക് തീരെ വയ്യെന്നാണ് തോന്നുന്നത്.”
“മരിച്ചുപോയ മേനച്ചായനും കൂട്ടരും കാണാനെത്തിയെന്നും പറഞ്ഞ് ഇന്നലെയും ഉറങ്ങിയിട്ടില്ല.”
“റോസയെപ്പോലെ അച്ചാച്ചിക്കും തുടങ്ങിയോ. നീ അലമാരയിൽനിന്ന് ചീട്ടെടുക്ക്.’’
തൊട്ടിലിൽ കിടന്ന കുഞ്ഞിനെ ലാളിച്ചിട്ട് ജീപ്പിറക്കാൻ ഡിവൈൻ ഷെഡ്ഡിലേക്ക് കയറി. ചിഞ്ചു അലമാര തുറന്നു. മുകളിലെ തട്ടിലായിരുന്നു രണ്ടാളുടെയും ചീട്ട് വെച്ചിരുന്നത്. അതു കാണാതായതോടെ അലമാര മുഴുവൻ തിരഞ്ഞു. കുട്ടിക്കാലം മുതൽ റോസക്ക് പ്രിയപ്പെട്ട സാധനങ്ങളെല്ലാം അവൾ താഴത്തെ തട്ടിലാണ് സൂക്ഷിച്ചിരുന്നത്. ‘ചിഞ്ചു അന്ന റോസ’ മൂവരുടെയും പേരുകൾ എല്ലാറ്റിലും എഴുതിയിരുന്നു. പേരുകൾക്കുതാഴെ ഒരു കുഞ്ഞുപ്രാവിനെ വരച്ചുചേർക്കും. വീടിന്റെ കട്ടിളപ്പടിയിലും ഊണുമേശയിലും കടയുടെ നിരപ്പലകയിലുമെല്ലാം അവളങ്ങനെ വരച്ചിട്ടിരുന്നു. തുരുമ്പിച്ച ചായപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചുവെച്ച മരുന്നിന്റെ കുറിപ്പടി കിട്ടിയതോടെ ചിഞ്ചു അതുമെടുത്ത് പുറത്തേക്കിറങ്ങി.
റോസ അപ്പോഴേക്കും അയ്യമിറങ്ങി താഴേക്കുപോയിരുന്നു.
“നീയൊന്നു ചേച്ചിയുടെ കൂടെ ചെല്ല്. ഞാൻ മരുന്നും വാങ്ങി ഉടനെ എത്താം.”
‘‘ഏലപ്പുര വരെ ചെന്നിട്ട് തിരിച്ചു വന്നോളും. നിങ്ങള് പോയിട്ട് വാ.’’
ചിഞ്ചു ഡിവൈനെ സമാധാനപ്പെടുത്തി.
ചരിവിലേക്കിറങ്ങിയ ജീപ്പിന്റെ വെട്ടം അകന്നു പോകുന്നതും നോക്കി റോസ ഏലപ്പുരയുടെ പിന്നിലേക്ക് ഒതുങ്ങിനിന്നു.
ഏലപ്പുരയിലേക്ക് ചെല്ലുമ്പോഴെല്ലാം അച്ചാച്ചീടെ മരുന്നുകട്ടിലുമായി മലയിറങ്ങിയവനെ റോസ ഓർക്കും. കട്ടിലിനൊപ്പം കാണാതായ അവളുടെ പട്ടി മൂന്നിന്റന്നാണ് കയത്തിൽ പൊങ്ങിയത്. അതിനെ കുഴിച്ചിടാനെത്തിയ ലായത്തിലെ പെണ്ണാണ് കട്ടിൽ എടുത്തുകൊണ്ടുപോയവരിൽ ഒരുവൻ അച്ചാച്ചീടൊപ്പം മല കേറി വന്നവനാണെന്ന് റോസയോടു പറഞ്ഞത്. അന്ന് രാത്രി മരുന്നുകട്ടിലിൽ അവനോടൊപ്പം കിടന്നതും കൂസലില്ലാതെ അവൾ പറയുമായിരുന്നു.
മുറിവേറ്റ കാലുമായി വരത്തൻ ദൂരേക്കൊന്നും പോയിട്ടുണ്ടാവില്ലെന്നാണ് റോസ കരുതിയിരുന്നത്. ഇരുട്ടു വീഴും മുന്നേ അവനെയും പ്രതീക്ഷിച്ച് അവൾ അയ്യമിറങ്ങി താഴേക്ക് ചെല്ലും. കുന്നിൻചരിവിലെ വീടുകളിൽ വിളക്കുകൾ അണയാൻ കാത്തുനിന്നിട്ട് ഏലപ്പുരയുടെ വാതിൽ തുറക്കും. ചണച്ചാക്കിനു മീതെ മലർന്നുകിടക്കുമ്പോഴാണ് മുറ്റത്തെ കാൽപ്പെരുമാറ്റം കേൾക്കുക. വാക്കത്തിയുമെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അനക്കമറ്റു നിൽക്കുന്ന കാപ്പിച്ചെടികൾക്കിടയിലൂടെ ഒരു നിഴൽ ചരിവിറങ്ങി പോകുന്നത് അവൾ എന്നും കാണുമായിരുന്നു.
ഇത്തവണ ഇടംകാലും വലിച്ചുള്ള അവന്റെ നടപ്പ് നിലാവെട്ടത്ത് കണ്ടതും അവൾ പിന്നാലെ ഓടിച്ചെന്നു. ആദ്യത്തെ വെട്ടിന് ഷർട്ടുൾപ്പെടെ പുറം പിളർന്നു. അടുത്തത് അവൻ തടഞ്ഞെങ്കിലും ഇടൈങ്ക അറ്റുതൂങ്ങി.
വെട്ടേറ്റു വീഴുന്ന മരച്ചില്ലകളുടെ ഒച്ച കേട്ട് ചിഞ്ചു ടോർച്ചുമെടുത്ത് പുറത്തേക്ക് ഇറങ്ങി.
“അച്ചാച്ചീ ഞാനിപ്പോ വരാം. ചേച്ചിക്ക് പിന്നേം തുടങ്ങീട്ടുണ്ട്.”
മുറ്റത്തുനിന്നും കേൾക്കുന്ന ബഹളങ്ങൾക്ക് അയാൾ ചെവിവട്ടം പിടിച്ചു കിടക്കുമ്പോഴാണ് അകത്തേക്ക് കയറിവന്ന പട്ടി പാഴൂരിന്റെ അടുത്ത് അണപ്പോടെ ഇരുന്നത്. കയത്തിൽ വീണു ചത്തുപോയതിനെ കണ്ടതും അയാളുടെ ഉള്ളൊന്നു നടുങ്ങി.
136
റോസക്ക് ഉറങ്ങാനുള്ള മരുന്നും വാങ്ങി തിരിച്ചുവരുന്നവഴി കുരിശടിയിലേക്ക് ഡിവൈൻ ജീപ്പ് ഒതുക്കി. മഴ നനയാതിരിക്കാൻ അകത്തേക്ക് കയറിയ പട്ടി അവനെ കണ്ട് വാലാട്ടി. കൈ ഉയർത്തി അതിനെ ഓടിച്ചിട്ട് കാറ്റിലണയാൻ തുടങ്ങിയ തിരികളെല്ലാം അവൻ ഒന്നിച്ചു ചേർത്തുവെച്ചു. മലഞ്ചരക്കുമായി അച്ചാച്ചിക്കൊപ്പം കാട്ടുവഴി ഇറങ്ങിയിരുന്നകാലത്ത് അവിടെ കയറി പ്രാർഥിക്കാറുള്ളത് ഓർത്തു. നേർച്ചക്കുറ്റിയിൽ തിങ്ങി നിറഞ്ഞാണ് പൈസ വീണിരുന്നത്. പിന്നീട് എപ്പോഴാണ് ആളുകൾ അതിനെ മറന്നു തുടങ്ങിയതെന്ന് ആർക്കും അറിയില്ലായിരുന്നു.
കരി പിടിച്ച രൂപത്തിനു മുന്നിൽ ആരോ മറന്നുവെച്ച മാസികയും എടുത്ത് ഡിവൈൻ കുരിശടിയിൽനിന്നിറങ്ങി. ജീപ്പിന്റെ വെളിച്ചത്തിനു കടന്നുപോകാൻ കഴിയാത്തവിധം മഞ്ഞും മഴയും ചേർന്നു വഴിയാകെ മൂടിക്കിടന്നിരുന്നു. കേറ്റത്തേക്കുള്ള റോഡിൽ മരം വീണുകിടക്കുന്നത് കണ്ട് ഡിവൈൻ തോട്ടത്തിലൂടെയുള്ള വഴിയിലേക്ക് ജീപ്പ് തിരിച്ചു.
വീട്ടിലെത്തി, വണ്ടി ഷെഡിൽ കേറ്റിയിടുമ്പോഴും നല്ല മഴ. ഷർട്ടിനുള്ളിലേക്ക് മാസിക ചേർത്തുപിടിച്ച് അവൻ ഇളംതിണ്ണയിലേക്ക് ഓടിക്കയറി.
“വൈകിയപ്പോ ഞാൻ പേടിച്ചു.”
“കുരിശടിയിലൊന്ന് കേറി. ഇതവിടുന്നു കിട്ടിയതാണ്.”
മാസികയിൽ എഴുതിയിരുന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള വാർത്ത അവൻ കാണിച്ചുകൊടുത്തു.
“കുറച്ചു ദൂരെയാ. നമുക്ക് അച്ചാച്ചിയെ കൊണ്ടുപോകാം.”
‘‘ചേച്ചിയെക്കൂടി കൊണ്ടുപോയാൽ നന്നായിരുന്നു.’’
“വരുമോ.”
“ഞാൻ പറഞ്ഞുനോക്കാം.”
“അച്ചാച്ചിക്ക് കൂട്ടിനാണെന്നും പറഞ്ഞ് നീ വിളിച്ചാ മതി.”
കുന്നിൻമുകളിലെ തിരുനാൾ കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച തോട്ടത്തിലെ പണിക്കെത്തിയ തമിഴന്റെ സഹായത്തോടെ ഡിവൈൻ പാഴൂരിനെ താങ്ങിയെടുത്ത് ജീപ്പിൽ കയറ്റി. പോകാൻ മടിച്ചുനിന്ന റോസയെ സാരിയുടുക്കാൻ ചിഞ്ചു സഹായിച്ചു. ദേഷ്യപ്പെട്ട് വണ്ടിയിലേക്ക് കയറിയെങ്കിലും മലയിറങ്ങാൻ തുടങ്ങിയതോടെ അവൾ നിശ്ശബ്ദയായി.
അച്ചാച്ചീടെ മൂന്നു മക്കളിൽ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു റോസയുടേത്. സ്കൂളിൽ പഠിക്കുന്ന സമയത്താണ് അവൾക്ക് സമനില തെറ്റുന്നത്. ഏലത്തോട്ടത്തിൽവെച്ച് അവളെ ഒരുത്തൻ കേറിപ്പിടിച്ചെന്നും പറഞ്ഞ് വീടിനു പുറത്തേക്കിറങ്ങാൻ പേടി. മൂന്നാലുമാസമങ്ങനെ വാതിലടച്ച് അകത്തിരിക്കാൻ തുടങ്ങിയതോടെ വെട്ടം കാണുമ്പോഴെല്ലാം ഒരു ബുദ്ധിമുട്ട് കാണിച്ചുതുടങ്ങി.
ഊരിലെ വൈദ്യന്റെയടുത്ത് താമസിച്ചായിരുന്നു ചികിത്സ. അവിടെയുള്ള പയ്യനാണ് ആയുധങ്ങളിൽ വിഷം പുരട്ടുന്ന രീതി അവൾക്ക് പഠിപ്പിച്ചുകൊടുത്തത്.
സഞ്ചിയിലൊളിപ്പിച്ച കത്തിയുമായി രണ്ടാളും കൂടി ഏലത്തോട്ടത്തിൽ കാത്തിരുന്നു. കേറിപിടിച്ചവന്റെ കുതികാലിന് വെട്ടണമെന്ന് പയ്യൻ പറഞ്ഞെങ്കിലും അങ്ങനെ ഒരാൾ ആ വഴി ഒരിക്കലും വന്നില്ല.
വണ്ടിയോടിക്കുമ്പോൾ ഡിവൈൻ പഴയ കാര്യങ്ങൾ ഓർത്തു.
റോസ പുറംകാഴ്ചകളിലേക്ക് നോക്കിയിരുന്നു. വല്ലപ്പോഴുമാണ് മലയിറങ്ങിയുള്ള യാത്രകൾ. മിക്കപ്പോഴും അച്ചാച്ചി കൂടെയുണ്ടാവും. റോഡരികിലെ കുരിശടികളിലെല്ലാം നേർച്ചയിട്ടോണ്ടാണ് സഞ്ചാരം. നേർച്ചപ്പണം നടയിലേക്ക് വലിച്ചെറിഞ്ഞ് ചുരമിറങ്ങിപ്പോയ വാഹനങ്ങൾ താഴെയൊരു തീപ്പെട്ടി വലുപ്പത്തിൽ നീങ്ങുന്നത് കാണാം. അപകടം നിറഞ്ഞ ഏഴാം വളവ് ഇറങ്ങിയതും പാഴൂര് ഞരങ്ങാൻ തുടങ്ങി.
“തണുത്തിട്ടാവും. ചൂടുസഞ്ചിയെടുത്ത് അച്ചാച്ചീടെ വയറ്റിൽ വെച്ചു കൊടുക്ക്.”
റോസ പാഴൂരിന്റെ വയറിനു മീതെ ചൂട് വെച്ചു. അയാൾ മയങ്ങാൻ തുടങ്ങിയതിന്റെ ആശ്വാസത്തിൽ അവൾ പുറത്തെ തണുപ്പിലേക്ക് കൈ നീട്ടി.
137
‘‘ഇനിയങ്ങോട്ട് പുത്തൻ റോഡാ.’’
ബൈപാസിലേക്ക് കയറിയതു മുതൽ ആബേൽപുരത്തേക്കുള്ള സൈൻ ബോർഡുകൾ കണ്ടുതുടങ്ങി. ബോർഡിലെഴുതിയിരുന്ന ദൂരം കുറഞ്ഞുകൊണ്ടിരുന്നു. വഴിനീളെ ആബേലമ്മയുടെ ഊട്ടുതിരുനാളിന്റെ പോസ്റ്ററും ബാനറുകളും. കൃഷിയിടങ്ങളോടു ചേർന്നുള്ള ഷെഡ്ഡുകളിൽ പന്നിയുടേയും പോത്തിന്റേയും ചോരവാർന്ന തുടകൾ ഇരുമ്പുകൊളുത്തിൽ തൂങ്ങിനിന്നു. ഇറച്ചി വാങ്ങാനുള്ള തിരക്ക് എല്ലായിടത്തുമുണ്ട്.
പാലം കഴിഞ്ഞുള്ള വളവിൽ എത്തിയതും ജീപ്പിനു കുറുകെ ഒരാൾ ചാടി. ഡിവൈൻ ബ്രേക്ക് ചവിട്ടിയെങ്കിലും വണ്ടി ചരിവിലേക്ക് തെന്നിയിറങ്ങി.
“നാശം പിടിച്ചവൻ.”
“കഞ്ചാവാ സാറേ. വിട്ടുകള.”
റോഡരികിൽ നിന്നവർ ഡിവൈനെ സമാധാനപ്പെടുത്തി. ജീപ്പിന് വട്ടം ചാടിയവൻ എതിർവശത്തെ മരത്തിലേക്ക് കയറുന്നതും നോക്കി റോസ വണ്ടിയിൽ നിന്നിറങ്ങി. ചില്ലകളിലിരുന്ന പക്ഷികളും ചെറുജീവികളും അവൾക്കൊപ്പം ആ കാഴ്ച കണ്ടു. വൃക്ഷത്തിന്റെ ഇരുട്ടു നിറയുന്ന പൊത്തിൽനിന്ന് കെണിയിൽ കുടുങ്ങിയ കിളിയുമായി കവരയിലേക്ക് കയറിയവൻ അവളെ തുറിച്ചുനോക്കി. നീളൻ തൂവലുകൾ പറന്നിറങ്ങുന്നതിനൊപ്പം കിളിയെപ്പോലെ ചിലക്കുന്നവന്റെ മുഖത്തേക്ക് ചോര തെറിച്ചു. അവൻ കിളിയെ കൊന്നതാണോ, കിളി അവനെ കൊത്തിപ്പറിച്ചതാണോ എന്ന് തിരിച്ചറിയാനാവാതെ നിന്ന റോസയെ ഡിവൈൻ നിർബന്ധിച്ച് ജീപ്പിലേക്ക് കയറ്റി.
138
അത്ഭുത കപ്പേളയുടെ മുന്നിൽ വണ്ടി ഒതുക്കിയിട്ട് ഡിവൈനിറങ്ങി. പിൻസീറ്റിൽ കിടന്നിരുന്ന പാഴൂരിനെ കണ്ടതും സെക്യൂരിറ്റിക്കാരൻ വീൽചെയർ എടുത്തുകൊണ്ടു വന്നു. ഡിവൈനും റോസയും കൂടി അച്ചാച്ചിയെ താങ്ങിയെടുത്ത് അതിലേക്കിരുത്തി.
‘‘ഞാനൊന്ന് വണ്ടിയൊതുക്കിയിട്ടേച്ച് വരാം.’’
ഡിവൈനതും പറഞ്ഞ് പാർക്കിങ് ഏരിയയിലേക്ക് വണ്ടിയെടുത്തു. റോസയും സെക്യൂരിറ്റിക്കാരനും കൂടി വീൽച്ചെയറും തള്ളി കപ്പേളയിലേക്ക് കയറി. കുന്തിരിക്കത്തിന്റെ മണം നിറയുന്ന ഖബറിടത്തിലെ തിരക്ക് കുറയാൻ കാത്തുനിൽക്കുന്നതിനിടയിൽ പാഴൂര് ഉടുമുണ്ടിൽ മുള്ളി. അയാളുടെ അടുത്തായി മുട്ടിൻമേൽ നിന്നിരുന്നവർ എഴുന്നേറ്റ് മാറുന്നത് കണ്ട് കട്ടിക്കണ്ണടയുള്ള സിസ്റ്റർ മോപ്പ് എടുത്തുകൊണ്ടുവന്നു.
“ഞാൻ തുടച്ചോളാം സിസ്റ്ററേ.”
‘‘ഏയ് സാരമില്ല.’’
റോസ നിർബന്ധിച്ചെങ്കിലും അവർതന്നെ തറ തുടച്ചു.
വണ്ടിയിൽനിന്ന് ഡിവൈൻ എടുത്തുകൊണ്ടുവന്ന മുണ്ടുടുപ്പിക്കാൻ അവരും സഹായിച്ചു. വീൽചെയറിലേക്ക് പാഴൂരിനെ വീണ്ടുമിരുത്തി. അയാളുടെ വയ്യാത്ത കാൽ പതുക്കെ ഉയർത്തി ആബേലമ്മയുടെ കല്ലറയുടെ മീതെ സിസ്റ്റർ മുട്ടിച്ചു.
“വിശ്വസിച്ച് പ്രാർഥിക്കൂ. സൗഖ്യമാവും.’’
തൊട്ടടുത്ത് മുട്ടിൻമേൽ നിന്നിരുന്ന ഡിവൈനിന്റെ തോളിൽ പിടിച്ച് എഴുന്നേൽക്കാൻ പാഴൂർ ഒരു ശ്രമം നടത്തി. വീഴുമെന്നും പറഞ്ഞ് അവൻ തടയുന്നതു കണ്ട് സെക്യൂരിറ്റിക്കാരനും സിസ്റ്ററുംകൂടി അയാളെ താങ്ങി എഴുന്നേൽപിച്ചു. ആളുകൾ ചുറ്റിനും കൂടി. ചിലർ ഡിവൈനോട് വിവരം തിരക്കുന്നുണ്ടായിരുന്നു. നൊവേനയുടെ സമാപനപ്രാർഥന വേഗം ചൊല്ലിത്തീർത്ത് അൾത്താരയിൽനിന്ന് അച്ചൻ വെപ്രാളപ്പെട്ട് ഇറങ്ങി.
‘‘ഫോട്ടോയെടുത്തോ സിസ്റ്ററേ.’’
മിറക്കിൾ പകർത്താനായില്ലെങ്കിൽ പിന്നെന്തിനാ വിലകൂടിയ കാമറ വാങ്ങി കഴുത്തിൽ തൂക്കിയിട്ടു നടക്കുന്നതെന്നും പറഞ്ഞ് അച്ചൻ അവരെ വഴക്കു പറഞ്ഞു. ആളുകൾ ശ്രദ്ധിക്കുന്നുവെന്ന് സിസ്റ്റർ ഓർമപ്പെടുത്തിയതോടെ കൂനിക്കൂടി ഇരുന്ന ആളുടെ അടുത്ത് പാതിരി മുട്ടുകുത്തി. കാമറയും തൂക്കിപ്പിടിച്ചു നിന്ന സിസ്റ്ററിനോട് ഒന്നു രണ്ട് സ്റ്റിൽസ് എടുക്കാൻ പറഞ്ഞു.
ഏറെനാൾ കാത്തിരുന്നൊരു അത്ഭുതമാണ് കൺമുന്നിൽ നടന്നത്. അതൊന്നു പകർത്താൻ കഴിയാതിരുന്നതിന്റെ വിഷമത്തിൽ ആബേലമ്മയുടെ ഖബറിടത്തിലേക്ക് നോക്കി സിസ്റ്റർ കൈകൂപ്പി.
“ഈ മനുഷ്യനെ ഒന്നൂടി നടത്തണേ.”
റോസയുടെ കൈയിലിരുന്ന കുപ്പിവെള്ളം വാങ്ങി വാഴ്വിട്ട് അച്ചൻ പാഴൂരിന് കൊടുത്തു. ചുളുക്കുവീണ കിളവന്റെ കൈയിലെ ഞരമ്പുകളിൽ പതുക്കെ തടവി.
‘‘അപ്പച്ചന് ഒന്നുകൂടി നടക്കാൻ പറ്റുമോ.’’
ഭയന്നെങ്കിലും എഴുന്നേൽക്കാനുള്ള ത്വരയുടെ വിയർപ്പുചാലുകൾ പാഴൂരിന്റെ ചെന്നിയിൽനിന്നും പൊട്ടിത്തുടങ്ങി. എന്നിട്ടും അയാൾ ആ ഇരിപ്പിൽനിന്ന് അനങ്ങിയില്ല. ഒരു ഭീതി അയാളുടെ കണ്ണിൽ നിറയുന്നത് പാതിരി കണ്ടു.
‘‘ആബേലമ്മ കൂടെയുണ്ട്. ദൈവനാമത്തിൽ നടക്കുക.’’
അച്ചനങ്ങനെ ആവർത്തിച്ചുകൊണ്ടിരുന്നു. ക്വയറിലെ പെൺകുട്ടികളെ നോക്കി അച്ചൻ കൈകാണിച്ചു. പാട്ടിനൊപ്പം ആളുകളുടെ സ്തുതിപ്പുകൾ ഉയർന്നു.
പാഴൂരിന്റെ വലതുകൈ വീൽചെയറിന്റെ കൈപ്പിടിയിൽ മുറുകാൻ തുടങ്ങി. കാമറയുമായി നിന്ന സിസ്റ്ററിനോടു റെഡിയാകാൻ അച്ചൻ ആംഗ്യം കാണിച്ചു. കിളവൻ വിറയോടെ എഴുന്നേറ്റതും കപ്പേളയിൽനിന്നവരുടെ സ്തുതിപ്പ് ഒച്ചത്തിലായി. ഫ്ലാഷ് ലൈറ്റുകൾ തുടർച്ചയായി മിന്നിക്കൊണ്ടിരുന്നു. ഒരു ചുവടു മുന്നോട്ട് വെച്ചിട്ട് വീണുപോകാൻ തുടങ്ങിയ പാഴൂരിനെ വീൽചെയറിലേക്ക് തന്നെ സിസ്റ്റേഴ്സ് പിടിച്ചിരുത്തി.
139
നാലഞ്ചു പ്രാവശ്യം കേട്ടു കഴിഞ്ഞെങ്കിലും മദർ വീണ്ടും ചോദിച്ചു.
‘‘റോസേടപ്പൻ തളർന്നു കിടക്കാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായില്ലേ. ഇന്നല്ലേ ആദ്യമായി നടന്നത്. ട്രീറ്റ്മെന്റിന്റെ റിക്കാർഡുകളൊക്കെ കൈയിലുണ്ടല്ലോ അല്ലേ.’’
റോസ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് പന്നിക്കുഴിയിൽ അച്ചാച്ചി വീണതു മുതലുള്ള കാര്യങ്ങൾ ഡിവൈൻ ആവർത്തിച്ചു. സിസ്റ്റേഴ്സ് അതെല്ലാം റെക്കോഡ് ചെയ്തു. ഒരാവർത്തികൂടി കേട്ട് തൃപ്തി വന്നതോടെ മദർ അവരോടൊപ്പം കപ്പേളയുടെ മുറ്റംവരെ ചെന്നു.
‘‘അടുത്ത തവണ വരുമ്പോൾ ഭാര്യയും കുഞ്ഞുമായി വരണം.’’ ഡിവൈനുമായി മദർ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ ചിറക് നനഞ്ഞൊരു പറവയെപ്പോലെ റോസ മ്യൂസിയത്തിലേക്ക് കയറി. അവളുടെ പിന്നാലെ ചെന്ന സിസ്റ്റർ അവിടെ പ്രദർശിപ്പിച്ചിരുന്ന സാധനങ്ങളുടെ പഴക്കവും ചരിത്രവും പറഞ്ഞുതുടങ്ങി. മഷിയിൽ മുക്കി എഴുതുന്ന ആബേലമ്മയുടെ പേന, പ്രാർഥനപ്പുസ്തകങ്ങൾ, ചീപ്പ്, സോപ്പുപെട്ടി, ചിമ്മിനി വിളക്ക്, പിഞ്ഞിത്തുടങ്ങിയ ശിരോവസ്ത്രം. അനുദിന ജീവിതത്തിൽ ആബേലമ്മ ഉപയോഗിച്ചിരുന്നവയെല്ലാം ചില്ലലമാരകളിൽ നിരത്തിവെച്ചിരുന്നു. ആ മുറിയിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം രണ്ടുപേരും ഇടനാഴിയിലൂടെ തൊട്ടടുത്ത ഹാളിലേക്ക് കയറി.
‘‘ഇത് അമ്മയുടെ ടൈപ്പ് റൈറ്റർ. അനാഥാലയത്തിലായിരുന്നപ്പോൾ അമ്മയിതാണ് ഉപയോഗിച്ചിരുന്നത്.’’
റോസ അതു കേൾക്കാതെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന കട്ടിലിനരികിലേക്ക് നീങ്ങി.
‘‘ആബേലമ്മയുടെ കട്ടിൽ. ഇതിൽ കിടന്ന ഒരുപാടുപേർക്ക് രോഗശാന്തി കിട്ടിയിട്ടുണ്ട്. ആളുകൾ കൂടിയതോടെയാണ് ചില്ലുകൂട്ടിലാക്കിയത്. തൊട്ടുമുത്തിക്കോ.’’
ക്രാസിയിൽ വരഞ്ഞിട്ടിരുന്ന ചിത്രങ്ങൾ പരിചിതഭാവത്തോടെ റോസയെ നോക്കി. കട്ടിലിന് ചുറ്റും അവൾ നടന്നു. വലതുവശത്തെ മരയാണിക്ക് താഴെ മറഞ്ഞു കിടന്ന പേരുകൾ വായിച്ചെടുത്തു. വരഞ്ഞിട്ട വാക്കുകളുടെ പൊരുൾ വെളിപ്പെടുത്തിക്കൊണ്ട് അതിനു താഴെ വരച്ചുചേർത്തിരുന്ന പറവ ചിറകടിച്ചുയരുന്നത് അവൾ കണ്ടു.
‘‘അപ്പച്ചനെക്കൊണ്ടു കട്ടിലിൽ മുത്തിക്കണോ..?’’
സിസ്റ്ററിന്റെ ചോദ്യം കേട്ടെങ്കിലും റോസയൊന്നും പറയാതെ മ്യൂസിയത്തിന്റെ പടിയിറങ്ങി.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.