അതൊരു തുടക്കമായിരുന്നു. ആ കൂട്ടുകൊമ്പൻ പലയിടത്തും പതുങ്ങിയിരുന്ന് ആനവേട്ടക്കാരെയും അവരുടെ പിൻമുറക്കാരെയും നിർദയം കൊന്നൊടുക്കിക്കൊണ്ടിരുന്നു. അങ്ങനെ ദീർഘനാളുകളായി ആ ഗ്രാമത്തിലുള്ളവർ നടത്തിയ ആനവേട്ട അവസാനിക്കുകയും ആനകളുടെ മനുഷ്യവേട്ട ആരംഭിക്കുകയും ചെയ്തു. വീടുകളെല്ലാം വളരെ വേഗമാണ് ശ്മശാനങ്ങൾപോലെ മൂകവും വിരസവുമായത്. അവിടെയുള്ളവർ വെടിവെച്ചു കൊന്ന ആനകളുടെ ആത്മാക്കളെല്ലാം ആ കൊലയാനയിൽ ആവേശിച്ചിട്ടുണ്ടെന്നാണ് ഗ്രാമീണർ പറയുന്നത്. അവൻ ഒരേസമയം എല്ലായിടത്തും കറങ്ങിനടക്കുമത്രേ. എന്തായാലും അവന് രണ്ടു ജോടി കൊമ്പും വലിയ ചിറകുകളുമുണ്ടെന്ന് പലരും വാദിച്ചു. ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വന്നു. അങ്ങനെയാണ് ഗ്രാമീണരുടെ പരാതിയെത്തുടർന്ന് പതിമൂന്നു വർഷങ്ങൾക്കുശേഷം ഞാനും അഴകനും അവിടേക്ക് ചെല്ലുന്നത്. ഞങ്ങൾ എത്തുമ്പോൾ കാട് വല്ലാതെ മെലിഞ്ഞിരുന്നു. പണ്ട് ചെട്ടിയാർ മാത്രമേ വനം കൈയേറിയിരുന്നുള്ളൂവെങ്കിൽ പിന്നീട് ഗ്രാമീണർ അവർക്കാകുംപോലെ കൈയേറിയും വെട്ടിത്തെളിച്ചും നാടിന്റെ അധികാരവിസ്തൃതി കൂട്ടിയിരുന്നു. മൃഗങ്ങളുടെ ആവാസസ്ഥലത്തിന്റെ അസ്തിവാരം വരെ ഇളക്കിയിട്ട് അവർ നാട്ടിലേക്കിറങ്ങി എന്നു പറയുന്നതിൽ അർഥമില്ലല്ലോ. എന്തായാലും അവിടെ എന്നെയാരും തിരിച്ചറിഞ്ഞില്ല. ഞാൻ പരിചയപ്പെടുത്തിയതുമില്ല. ഗ്രാമത്തിലെ കാര്യങ്ങളെല്ലാം നല്ലതുപോലെ അറിയാവുന്നതുകൊണ്ട് വനപാലകരുമായി അതെല്ലാം വിശദമായിത്തന്നെ ഞാൻ സംസാരിച്ചിരുന്നു. പലരും അവനെ ഒതുക്കാൻ പോയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഞങ്ങളുടെ ദൗത്യം വിജയിക്കുകയാണെങ്കിൽ അറുകൊലവീരനെ ജി.പി.എസ് ഘടിപ്പിച്ച് ജവലഗിരിക്കാട്ടിൽത്തന്നെ വിടണമെന്ന് മുകളിലുള്ളവരോട് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു.
അതല്ലാതെ അവനെ മറ്റൊരിടത്തിലേക്ക് മാറ്റുന്നപക്ഷം ഗ്രാമീണരുടെ ഭയം മാറുകയും അവർ ആനവേട്ട നിർബാധം തുടരുകയും ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അതംഗീകരിക്കാൻ അവർ തയാറായി. ദൗത്യത്തിന് അഴകനെക്കൂടാതെ വേറെ മൂന്നു കുങ്കിയാനകൾ കൂടിയുണ്ടായിരുന്നു. പക്ഷേ, അറുകൊലവീരനോട് പിടിച്ചുനിൽക്കാൻ അവക്കൊന്നിനും പറ്റിയില്ല. മണിക്കൂറുകൾ ശ്രമപ്പെട്ടാണ് അഴകനും ഞാനും കൂടി അവനെ ശാന്തനാക്കിയത്. അതൊരു യുദ്ധമായിരുന്നില്ല. യുദ്ധമായിരുന്നെങ്കിൽ അഴകൻ അറുകൊലവീരനോട് തോറ്റുപോകുമായിരുന്നു. കാരണം, അവന്റെ ഭാഗത്തായിരുന്നു എല്ലാ ശരികളും. ആ ശരികളും ശൗര്യവും മാനിച്ചുകൊണ്ടും ശല്യമുണ്ടാക്കാതെ ഒഴിഞ്ഞുപോകണമെന്ന് യാചിച്ചുമാണ് ഞങ്ങൾ അവനു മുന്നിൽ നിന്നത്. എന്റെ പ്രാർഥനയും യാചനയും അവൻ കേട്ടു. അങ്ങനെയവൻ കീഴടങ്ങുകയായിരുന്നു. ഇതൊന്നുമറിയാത്ത ജനം അഴകനും ഞാനും അവനെ അടക്കിയെന്നു കരുതി ആർപ്പുവിളിച്ച് ഞങ്ങളെ ഹീറോകളാക്കി. അറുകൊലവീരന്റെ ശല്യം തീർന്നതോടെ ഗ്രാമീണർക്ക് പുത്തനുണർവ് കിട്ടി. അവരെന്നെ ആവേശത്തോടെ ഗജലക്ഷ്മിയെന്ന് വിളിച്ച് വണങ്ങാനും സ്തുതിക്കാനും തുടങ്ങി. ആ അവസ്ഥ മുതലെടുത്ത് ചിലതൊക്കെ ചെയ്യാൻ ഞാൻ തീരുമാനിച്ചു. അതിനുവേണ്ടി ഗ്രാമസഭ വിളിച്ചുകൂട്ടാൻ ഗ്രാമത്തലവനായ ചെട്ടിയാരോട് ആവശ്യപ്പെട്ടു. അക്കാലമായപ്പോഴേക്കും അയാളൊരു പല്ലു കൊഴിഞ്ഞ സിംഹമായി മാറിയിരുന്നു. ഗ്രാമസഭ കൂടിയപ്പോൾ, അവരുടെ തലക്കുമീതെ തൂങ്ങിനിൽക്കുന്ന ഗണേശശാപം മാറാൻ കൈയേറ്റങ്ങളെല്ലാം പൂർണമായും ഒഴിഞ്ഞ് ഗണേശപൂജ നടത്തണമെന്നും തോക്കുകളെല്ലാം വനം വകുപ്പിന് മുന്നിൽ സറണ്ടർ ചെയ്യണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ ഇനിയും കഷ്ടത്തിലേക്കു പോകുമെന്നും ഞാൻ പറഞ്ഞു. പലപ്പോഴും ചുറ്റുമുള്ള പലതിനെയും സംരക്ഷിക്കാൻ നമുക്ക് വിശ്വാസങ്ങളെ കൂട്ടുപിടിക്കേണ്ടി വരാറുണ്ടല്ലോ. എന്നാൽ, പാമ്പിന്റെ വായിലേക്കു കയറുന്ന തവള നാക്കു വെളിയിലിട്ട് ഇര തേടുന്നതുപോലെ ചുറ്റിലും മരണമണി മുഴങ്ങുമ്പോഴും പലർക്കും കൈയേറിയതൊന്നും വിട്ടുകൊടുക്കാൻ മനസ്സുണ്ടായില്ല. ഞാനാരെയും നിർബന്ധിക്കാനും നിന്നില്ല. ഒടുവിൽ ചെട്ടിയാർതന്നെ സമ്മതം പറഞ്ഞ് എഴുന്നേറ്റു. പുറകെ ജീവനിൽ കൊതിയുള്ള ഗ്രാമീണരും! കൈയേറ്റം ഒഴിയാൻ മടിച്ചവരിൽ ഭൂമിയില്ലാത്ത ചിലരുണ്ടായിരുന്നു. അവർക്ക് വീടുവെക്കാനായി ഗ്രാമത്തിലുള്ള തന്റെ സ്ഥലം പങ്കുവെച്ചുകൊടുക്കാമെന്ന് ചെട്ടിയാർ സമ്മതിച്ചു. അനുഭവിക്കാൻ ആളില്ലാത്ത ഭൂമിയും സ്വത്തുമൊക്കെ എത്രമാത്രം നിരർഥകമാണെന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അതുപോലെ എല്ലാവരും കൈവശം വെച്ചിരുന്ന തോക്കുകൾ വനം വകുപ്പിനെ ഏൽപിക്കാൻ തയാറായി. ഞാനവിടത്തെ പുതിയ കുറേ പിള്ളേരെ സംഘടിപ്പിച്ചു. ഒരിക്കലും തോക്കുകൾകൊണ്ട് സന്തോഷം വിലയ്ക്കു വാങ്ങാൻ ആകില്ലെന്ന് ഞാനവരെ ഓർമിപ്പിച്ചു. അവർക്കത് ബോധ്യപ്പെട്ടിരുന്നു. അങ്ങനെ അവരുടെ നേതൃത്വത്തിൽ
‘‘തുപ്പാക്കികളൈ ഒഴിപ്പോം
യാനൈകളെ കാപ്പോം’’ എന്നുള്ള മുദ്രാവാക്യത്തോടെ ചെട്ടിയാരടക്കമുള്ള സകലരും തോക്കുകൾ വനം വകുപ്പിന് കൈമാറി. ഇപ്പോഴവിടെ ഗണേശപൂജയും മറ്റുമായി എല്ലാവരും സുഖമായിരിക്കുന്നു. അവർ തിരിച്ചേൽപിച്ച ഇടങ്ങളിലൂടെ ആനകളും മാനുകളും മയിലും മേയുന്നു, ഇതാണ് ജവലഗിരിയിലെ പോരാട്ടത്തിന്റെ കഥ, അവൾ പുഞ്ചിരിയോടെ തുണികളും സോപ്പുമെടുത്ത് നടന്നു. ഒരു സിനിമ കണ്ട സുഖത്തോടെ അവളുടെ പോക്കും നോക്കി ഞാൻ നിന്നു. ഓടിപ്പോയി ആ കൊമ്പത്തിയോടൊപ്പം നിന്ന് ഒരു സെൽഫിയെടുക്കണമെന്ന് എല്ലാവരെയുംപോലെ ഞാനും ആഗ്രഹിച്ചു.
03
പിറ്റേന്ന് അപ്രതീക്ഷിതമായി ദൗത്യം വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നു. ദിവസങ്ങളായി നടത്തിയ ഒരുക്കങ്ങളെല്ലാം വെള്ളത്തിലായി. കാലത്തുതന്നെ സേവ്യറേട്ടൻ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു: ‘‘സാറേ, കർത്താവ് കാത്തു. കാട്ടിലുള്ളതുങ്ങളെ മുഴുവൻ ഇങ്ങനെ വല്ലിടത്തേക്കും മാറ്റാൻ തുടങ്ങിയാ ഇതെവടെ ചെന്നുനിക്കും?’’, കൊച്ചുകുട്ടികളെപ്പോലുള്ള അയാളുടെ ആഹ്ലാദപ്രകടനങ്ങൾ കണ്ട് എനിക്ക് ചിരി വന്നു.
‘‘ഇത് എന്റെ പ്രാർഥന മാത്രല്ല സാറേ, കുഞ്ഞാപ്പീനെ സ്നേഹിക്കണ ഒരുപാടു പേര്ടെ പ്രാർഥനകൊണ്ടാ’’, അയാൾ എന്റെ മേലുള്ള പിടി അയച്ചുകൊണ്ട് പറഞ്ഞു.
‘‘നന്നായി’’, എന്നും പറഞ്ഞ് ഞാൻ മറ്റു തിരക്കുകളിലേക്ക് പോയി. കുഞ്ഞാപ്പിയെക്കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആ നടപടി കടുത്ത നിരാശയും ദേഷ്യവുമായി.
‘‘ഞങ്ങൾടെ ജീവിതത്തിന് ഒരു വിലയുമില്ലേ?’’, അവർ ഒച്ചപ്പാടും ബഹളവും തുടങ്ങി. അടുത്തൊരു കോടതിയുത്തരവ് വരുന്നതുവരെ എല്ലാം നിർത്തിവെക്കാൻ നിർബന്ധിതരായതോടെ കുങ്കിയാനകളെ തിരിച്ചയക്കാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചതാണ് നാട്ടുകാരെ കൂടുതൽ ചൊടിപ്പിച്ചത്.
‘‘കുങ്കിയാനകൾ ഇവിടെ നിക്കട്ടെ. അവരുണ്ടെങ്കി കരികാലൻ ആനക്കയത്തിന് ഇപ്പുറം കടക്കില്ല. അവരെ കൊണ്ടുപോകാൻ ഞങ്ങൾ സമ്മതിക്കില്ല’’, എന്നുപറഞ്ഞ് അവർ റോഡിനു കുറുകെ നിരാഹാരം ഇരുന്നു. ഒടുവിൽ കുങ്കിയാനകളെ അവിടെ നിർത്തുകയല്ലാതെ വേറെ വഴിയില്ലാതായി.
കുറച്ചുദിവസം കൂടി വിനായകിയെ കാണാമല്ലോ എന്നോർത്തപ്പോൾ എന്റെയുള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം നുരഞ്ഞുപൊന്തി. ഒന്നിനുമല്ലാത്ത ഒരു സന്തോഷം. സേവ്യറേട്ടനാണ് ആകെ അക്കിടിയിൽപ്പെട്ടത്. വിനായകിയെക്കുറിച്ച് ആദ്യം മോശമായി സംസാരിച്ചെങ്കിലും പരിചയപ്പെട്ടപ്പോൾ അയാൾക്ക് വലിയ കാര്യമായി.
‘‘അതൊരു വമ്പത്തിയല്ല കൊമ്പത്തിയാ!’’, ഇപ്പോഴിടക്കിടെ പറയും. എങ്കിലും അഴകൻ കരികാലനെ പൂട്ടുന്നത് പുള്ളിക്ക് സഹിക്കില്ല.
‘‘അവനെ കുങ്കിയാക്കാനല്ലല്ലോ പിടിക്കുന്നത്. വേറെ ഒരു കാട്ടിൽ കൊണ്ടുപോയി സ്വതന്ത്രമായി വിടാനല്ലേ?’’, ഞാൻ ചോദിക്കും. അത് കേൾക്കുമ്പോൾ പുള്ളിക്ക് ദേഷ്യം വരും: ‘‘സാറിനെ സാറിന്റെ വീട്ടിൽനിന്നും പിടിച്ച് ബലമായിട്ട് വേറെ ഒരിടത്ത് കൊണ്ടുപോയി വിട്ടാ എങ്ങനെയിരിക്കും?’’ അയാളെ ശുണ്ഠിപിടിപ്പിക്കാൻ വേണ്ടി ഞാൻ തർക്കിച്ചുകൊണ്ടേയിരിക്കും. ഒടുവിൽ അവനെ അവിടെനിന്നും കൊണ്ടുപോകാതെ വഴിയില്ല എന്നിടത്ത് ചർച്ച എത്തുമ്പോൾ മനസ്സിനെ ഒതുക്കാനെന്നോണം
‘‘മോളേ, കുഞ്ഞാപ്പിയെ ചോരപൊടിയാതെ ഒതുക്കാൻ അഴകനോട് പറയണേ’’ എന്ന് പറയും. അപ്പോൾ,
‘‘ഇത് ഡബിൾ ഗെയിമാണ് സേവ്യറേട്ടാ. വടീം ഒടിയരുത് പാമ്പും ചാവണംലെ?’’, എന്ന് ഞാനയാളെ കളിയാക്കും. അപ്പോഴയാൾ കരികാലനെക്കുറിച്ച് പറയും: ‘‘ഈ മിണ്ടാപ്രാണികളെയൊക്കെ ഇങ്ങനെയാക്കിയത് മനുഷ്യരുതന്നെയാ സാറേ. ഇരുപത്തഞ്ചുവർഷം മുമ്പത്തെ ഒരു വെള്ളപ്പൊക്കത്തില് ഒലിച്ചു വന്നതാ എന്റെ കുഞ്ഞാപ്പി. ഒരു യമണ്ടൻ തടീമ്മേ പിടിച്ച് കെടക്കുവായിരുന്നു. ഞാനാ ആദ്യം കണ്ടേ. പിന്നെ ആളെക്കൂട്ടി പിടിച്ചുകേറ്റി. കൂടിയാ രണ്ടു വയസ്സ് കാണുമായിരിക്കും. ഞാൻ വീട്ടീ കൊണ്ടോയി. കത്രീനയ്ക്ക് നാലു വയസ്സ്. അന്നെന്റെ കെട്ട്യോൾ ജീവനോടെയുണ്ട്. രണ്ടാമത്തെ പ്രസവം കഴിഞ്ഞു കിടക്കുവാ. ആ കൊച്ച് മരിച്ചുപോയി. അവക്കാണെങ്കി എന്തോരം മുലപ്പാലായിരുന്നെന്ന് അറിയാവോ? ചുമ്മാ കറന്നു കളയുവാരുന്നു. അപ്പഴാ അവന്റെ വരവ്. അങ്ങനെ ആടിന്റെയും പശുവിന്റെയും എരുമേടേം ഒക്കെ പാല് വലിയ കുപ്പിയിലാക്കി നിപ്പിളുമിട്ട് അവനു കൊടുത്തിട്ടുണ്ട്. പാവം! എന്നാ വിശപ്പും ദാഹവുമായിരുന്നെന്ന് അറിയാമോ? എന്തു കൊടുത്താലും ആനവായേൽ അമ്പഴങ്ങ! വിശപ്പുതന്നെ വിശപ്പ്! ഒരു ആട്ടിൻകുഞ്ഞിനെ പോലെ പുറകീന്ന് മാറാതെ നടക്കും. ഒന്നുരണ്ടാഴ്ച അങ്ങനെ തീറ്റേം കൊടുത്ത് നിർത്തി. പിന്നെ ആനക്കയത്തിനപ്പുറത്ത് പിടിയാനക്കൂട്ടത്തിലോട്ട് കയറ്റിവിട്ടു. ഹോ! അന്ന് കത്രീന എന്തൊരു കരച്ചിലായിരുന്നെന്ന് അറിയാവോ? ആ പിടിയാനക്കൂട്ടമാണെങ്കില് സ്വന്തം കുഞ്ഞല്ലെങ്കിലും അവനെ നല്ലോണം നോക്കി. കുറച്ചുകാലം കഴിഞ്ഞപ്പോ കുറച്ചുപേര് ആനത്താരയ്ക്കടുത്ത് കഞ്ചാവ് കൃഷി തുടങ്ങി. ആനകൾ വെള്ളം കുടിക്കാൻ അതുവഴി വരുമ്പോ അവന്മാര് ഉപദ്രവിക്കും. ഒരുദിവസം ഗുണ്ട് പൊട്ടി അവന്റെ വളർത്തമ്മ ചെരിഞ്ഞു. ആ മരണം അവനെ ആകെ തളർത്തി. അന്നവന് പ്രായപൂർത്തിയായിട്ടില്ല. അതിനുശേഷം മൂന്നുവർഷം കഴിഞ്ഞു കാണും കഞ്ചാവുകൃഷി ചെയ്തവരിൽ രണ്ടുപേരെ അവൻ കുത്തിമലർത്തി. പിന്നെ പല കാലങ്ങളിലായി ആ കൂട്ടത്തിലുണ്ടായിരുന്നവരെയൊക്കെ അവൻ കൊന്നു. അങ്ങനെയാ അവന് കരികാലൻ എന്ന പേരു വന്നത്. പിന്നെ കുറെക്കാലത്തേക്ക് വളരെ ശാന്തനായിരുന്നു. അന്നൊക്കെ പിടികൾക്കും മറ്റ് കൊമ്പൻമാർക്കുമൊപ്പം വെള്ളം കുടിക്കാൻ കയത്തിലോട്ട് വന്നാ, കുറച്ചുനേരം നീന്തിത്തുടിച്ചിട്ട് അങ്ങോട്ടു തന്നെ തിരിച്ചുപോകും. ഇങ്ങോട്ടു കടക്കില്ലായിരുന്നു. ഉൾക്കാട്ടിൽ അതുങ്ങൾക്കു വേണ്ട പുല്ലും കാരീറ്റേം വെള്ളീറ്റേം അമയീറ്റേം ഒക്കെ ഒണ്ടാരുന്നു. പിന്നീട് അവിടെ പലയിടത്തും മനുഷ്യര് താമസം തുടങ്ങി. എല്ലാം വെട്ടിത്തെളിച്ച് വാഴയും ഏലവുമൊക്കെ നട്ടതോടെ അവനും കൂട്ടരും വിശപ്പ് തീർക്കാൻ ഇങ്ങോട്ടിറങ്ങിത്തുടങ്ങി. അതോടെ, ആളുകളുമായി കശപിശ പതിവായി. നല്ലോണം ഇരിക്കുമ്പോ അവനേംകൊണ്ട് ഒരു കുഴപ്പോമില്ല. ആരേലും എന്തെങ്കിലും െചയ്താലും കാര്യമാക്കാതെ ക്ഷമിച്ചുപൊക്കോളും. എന്നാ മദപ്പാടിന്റെ സമയത്ത് എന്തേലും ചെയ്താ അവൻ ചുമ്മാ ഇരിക്കില്ല. കിട്ടുന്നോരെയൊക്കെ ഉപദ്രവിക്കും. അന്നും അവനെ ആരാണ്ടൊക്കെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു. അതുകൊണ്ടാ അവൻ എന്റെ കത്രീനേടെ കെട്ടിയോനേം കൊച്ചിനേം കൊല്ലുന്നത്. മനുഷ്യർക്കും അങ്ങനെയല്ലേ സാറെ ഭ്രാന്തുകേറിയാ കണ്ണു കാണുമോ?’’, സേവ്യറേട്ടൻ ചോദിച്ചു. എനിക്കത് പുതിയൊരു അറിവായിരുന്നു.
‘‘അപ്പോ അവനാണോ അവരെ..?’’,
‘‘ആ... എന്തു പറയാനാ. മോന് മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. നല്ല വെള്ളരിപ്പഴംപോലൊരു കുഞ്ഞ്! അവൾടെ കെട്ടിയോനാണെങ്കിലും എന്നാ സിംപ്ലനായിരുന്നെന്നറിയാമോ! തങ്കപ്പെട്ട സ്വഭാവവും. എന്റെ പെമ്പറന്നോത്തി മരിക്കാൻ കിടക്കുന്ന കാലമായിരുന്നു. കത്രീനയാണെങ്കി അവളെ നോക്കാനായിട്ട് കൊച്ചിനേം കെട്ട്യോനേം വിട്ട് ഇവിടെ വന്നുനിൽക്കുന്നു. അല്ലെങ്കിലും കെട്ടുകഴിഞ്ഞ് കുറച്ചു നാളേ അവൾ അവിടെ നിന്നുള്ളൂ. ഏതുനേരവും കെട്ട്യോനുമായിട്ട് പിണക്കത്തിലായിരുന്നു. എങ്ങനെയോ ഒരു കൊച്ചും ഉണ്ടായി. അങ്ങനെ ഇരിക്കുമ്പോഴാ ഒരുദിവസം കൊച്ചിന് പനി തുടങ്ങുന്നത്. അതിനെയുംകൊണ്ട് അവളെ കാണിക്കാനുള്ള വരവിനിടയ്ക്കാ അവനേം കൊച്ചിനേം… അതിനുശേഷം കത്രീനയ്ക്ക് കൊച്ചാപ്പിയെ കണ്ണിനു കാണാൻ പറ്റാതായി. അവളെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? അന്ന് ഞാനവനെ ഒത്തിരി വഴക്കുപറഞ്ഞു, ശപിച്ചു... പക്ഷേ, മദപ്പാട് മാറിയപ്പോ ആ പഴയ കുഞ്ഞാപ്പിയായി അവൻ വീണ്ടും എന്നെ കാണാൻ വന്നു. എന്തോ എനിക്കവനെ വെറുക്കാൻ പറ്റുന്നില്ല’’, സേവ്യറേട്ടൻ നിറഞ്ഞ കണ്ണുകൾ തുടച്ചു.
കുങ്കികളെ അവിടെ നിർത്താനുള്ള ഉത്തരവ് വന്നത് നാട്ടുകാരെപ്പോലെ എന്നെയും സേവ്യറേട്ടനെയും സന്തോഷിപ്പിച്ചു. ഞങ്ങൾ വിനായകിയുമായി ഒഴിവുസമയങ്ങളിലെല്ലാം എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കും. മറ്റു രണ്ടു പാപ്പാന്മാരും വല്ലപ്പോഴും മാത്രമേ ഞങ്ങളുടെയടുത്തേക്ക് വന്നുള്ളൂ, ഒരു സ്ത്രീ കൂടെയുണ്ടെന്നുള്ളതിന്റെ യാതൊരു ആകർഷണവും ഉന്മേഷവും അവർക്കിടയിൽ ഉള്ളതായി ഞാൻ കണ്ടില്ല. അവർ, ‘‘മച്ചാനേ’’, എന്ന് അവളെ സംബോധന ചെയ്യുന്നതു കേൾക്കുമ്പോൾ ആദ്യമൊക്കെ എനിക്ക് ദേഷ്യം തോന്നിയിരുന്നു. പിന്നീട് അത് കൗതുകമായി മാറി. കൂടുതലടുക്കുന്തോറും ലിംഗവ്യത്യാസങ്ങൾക്കപ്പുറത്തേക്ക് വിനിമയം സാധ്യമാക്കുന്ന എന്തോ ഒരു സിദ്ധി അവളിലുണ്ടെന്ന് എനിക്കും തോന്നിത്തുടങ്ങിയിരുന്നു.
04
കുങ്കിയാനകൾ വന്നതോടെ കരികാലനും സംഘവും ആ വഴി മറന്നതുപോലെയായി.
ദിവസവും സേവ്യറേട്ടൻ ദൂരദർശിനിയിലൂടെ കയത്തിൽ തിമിർക്കുന്ന കരികാലനെയും കൂട്ടുകാരെയും ഞങ്ങൾക്ക് കാണിച്ചുതരും.
‘‘കുഞ്ഞാപ്പീടെ കൂടെയുള്ള രണ്ടുപേർ പിടിയാനകളാ. കുറച്ചുനാൾ മുമ്പുവരെ ഒരു മോഴയും കൂടെയുണ്ടായിരുന്നു. അവൻ മഹാപ്രശ്നക്കാരനാ. കുറച്ചുനാൾ ഇവിടെ ഉണ്ടാവാറില്ല. എങ്ങോട്ടോ പോകും. എന്നിട്ട് കുറച്ചുകാലം കഴിയുമ്പോ തിരിച്ചു വരും. വന്നാപ്പിന്നെ കുഞ്ഞാപ്പീടെ ബോഡിഗാർഡായിട്ട് നിക്കും. ഒരിക്കെ കുഞ്ഞാപ്പീനെ പൂട്ടാൻ വന്ന ഒരു കുങ്കിയാനയുടെ പാപ്പാനെ അവൻ ചവിട്ടി കൊന്നുകളഞ്ഞു’’, ചുറ്റുവട്ടത്തുള്ള ഈറ്റത്തൈകൾ പറിച്ചെടുത്തുകൊണ്ട് സേവ്യറേട്ടൻ പറഞ്ഞു. കുറച്ചുകാലമായി അയാളടക്കം മൂന്നു വാച്ചർമാര് ചേർന്ന് കിട്ടാവുന്നിടത്തോളം ഈറ്റത്തൈകളും, പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളും തീറ്റപ്പുല്ലുമൊക്കെ കയത്തിനപ്പുറം ഉൾക്കാട്ടിൽ കൊണ്ടുപോയി നടാറുണ്ട്.
‘‘അവിടെ ആവശ്യത്തിന് തീറ്റ കിട്ടിയിരുന്നെങ്കി വേനക്കുള്ള അതുങ്ങളുടെ പട്ടിണി മാറിയേനെ. നമ്മടെ അധികാരികള് എന്തുകൊണ്ടാ ഈ മൃഗങ്ങളുടെ വിശപ്പിനെപ്പറ്റിയും ദാഹത്തെപ്പറ്റിയുമൊക്കെ ചിന്തിക്കാത്തതെന്ന് ഞാനോർക്കാറുണ്ട്. ആദ്യമേ ഈ യൂക്കാലീം അക്വേഷ്യയും കോപ്പുമൊക്കെ വെട്ടിനിരത്തണം. എന്നിട്ട് മൃഗങ്ങൾക്ക് ഗുണമുള്ളത് നടണം.
ഒരു മഴയൊക്കെ പെയ്തു കഴിയുമ്പോ ഇതുപോലെ കൊറേ തൈകളും വിത്തുകളുമൊക്കെ ഹെലികോപ്ടറിൽ കൊണ്ടുച്ചെന്ന് ഉൾക്കാട്ടിലൊക്കെ വിതറുവാണേൽ അതിൽ കുറെയൊക്കെ മുളയ്ക്കും. ആ... ആരോടു പറയാനാ? കാടെന്നുവെച്ചാ കട്ടെടുക്കാനുള്ള ഇടം എന്നാ മനുഷ്യരുടെ ചിന്ത. എല്ലാം ഇങ്ങോട്ട് പോരട്ടെ എന്ന സ്വാർഥത. എന്തേലും എന്നേലും അങ്ങോട്ട് കൊടുത്തിട്ടുണ്ടോ?’’, സേവ്യറേട്ടൻ ചോദിച്ചു. വിനായകി അതുകേട്ടതായി തോന്നിയില്ല. അവളുടെ ചിന്ത ആ മോഴയെക്കുറിച്ചായിരുന്നു.
അതറിയാതെ സേവ്യറേട്ടൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു:
‘‘പണ്ട് വീരപ്പൻ ഉണ്ടായിരുന്ന കാലത്ത് മിക്കപ്പോഴും ഇതിലെ വരത്തുപോക്കുണ്ടായിരുന്നു. തമിഴ്നാട്ടില് തെരച്ചില് മുറുകുമ്പോ ഇങ്ങോട്ടു കടക്കും. കൊറേനാള് ഈ കാക്കത്തോടിന്റെ പരിസരത്ത് കൂടും. അന്നൊന്നും ഈ പ്രദേശത്തെങ്ങും ആൾത്താമസമില്ല. അന്നൊക്കെ പുള്ളി കാട്ടീക്കൂടെ വെറ്തെ വെടിയും വെച്ച് നടക്കണകൊണ്ട് ഒറ്റ മൃഗവും പൊറങ്കാട്ടിലിക്ക് വരില്ലായിരുന്നു. എന്നാ കുഞ്ഞാപ്പിയ്ക്ക് അതൊന്നും ഒരു വിഷയമല്ലായിരുന്നു. ഒരിക്കെ അങ്ങേരും ചങ്ങാതിമാരും കൂടി തോട്ടിൽ കുളിക്കാൻ വന്നു. ഞാനും കുളിക്കുന്നുണ്ടായിരുന്നു. എല്ലാവരും നീന്തിക്കുളിച്ചോണ്ടിരിക്കുമ്പോഴാ കുഞ്ഞാപ്പി വന്ന് കരയിൽ വെച്ചിരുന്ന തോക്കും തുണികളും എടുത്തോണ്ടു പോകുന്നത്. അന്നൊരു അഞ്ചാറു വയസ്സേ കാണത്തുള്ളൂ. മഹാ കുറുമ്പനായിരുന്നു! വീരപ്പനാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ ചെന്നു ചോദിച്ചാ അവൻ കൊടുക്കണ്ടേ? കൊമ്പൻമീശയൊക്കെ ഉണ്ടെന്നേയുള്ളൂ പുള്ളിയ്ക്ക് പിള്ളേരുടെ മനസ്സായിരുന്നു. പുറകെ ചെന്ന് ‘‘താ താ...’’, എന്ന് അങ്ങേര് ചോദിച്ചു. അവൻ കൊടുത്തില്ല. പിന്നെ ഞാൻ ചെന്ന് താണുകേണ് ചോദിച്ചപ്പഴാ തന്നത്. അന്ന് കുളിച്ചുകേറി പോകുമ്പോ വീരപ്പൻ എനിക്ക് ഒരു പെട്ടി നെറയെ മെഡിമിക്സ് സോപ്പ്തന്നു. ഹോ..! അന്നൊക്കെ അങ്ങേര് വന്നുപോയിക്കഴിഞ്ഞാ കാട്ടിലുള്ളവർക്ക് കോളായിരുന്നു. കൊേറക്കാലത്തേക്കുള്ള തീറ്റസാധനങ്ങള് കിട്ടും. കാടിന്റെ പലയിടത്തും വലിയ കുഴികളെടുത്ത് സാധനങ്ങൾ വീപ്പകളിലാക്കി അടച്ചുമൂടിവെച്ചിരിക്കും. എത്ര മഴപെയ്താലും ഒരു കുഴപ്പോം ഉണ്ടാകില്ല’’, സേവ്യറേട്ടൻ ഒരു വീരപ്പനോർമ പങ്കിട്ടുകൊണ്ട് ശേഖരിച്ച തൈകളുമായി ഉൾക്കാട്ടിലേക്ക് പോയി. കുഞ്ഞാപ്പിയും വീരപ്പനും മോഴയും കൂടിക്കുഴഞ്ഞ ചിന്തകളോടെ ഞാനും വിനായകിയുമിരുന്നു. ഞങ്ങളെ ചുറ്റി ഒരു കാറ്റ് കടന്നുപോയി. അത് കൊമ്പൻമലയിലെ പൂമരങ്ങളെ ഭ്രാന്തമായി കുലുക്കുന്നതു കണ്ട് ഞാനവളെ ചിന്തകളിൽനിന്നുണർത്തി:
‘‘ദാ നോക്ക്, അവിടെ ആ കൊമ്പൻമലയുടെ തുഞ്ചത്ത് ഒരു ഗണപതിക്ഷേത്രമുണ്ട്. അവിടെ പറക്കുന്ന ആനകളുണ്ടത്രെ! ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷേ നിന്നെ കണ്ടതിനുശേഷം അതു സത്യമാണെന്ന് ബോധ്യമായി. അതിനെ എനിക്കുമൊന്നു കാണണമെന്നുണ്ട്. പക്ഷേ എന്തുചെയ്യാം അങ്ങോട്ട് കയറാൻ പറ്റില്ല’’, ഞാനവളോട് സേവ്യറേട്ടനിൽനിന്നും കേട്ടറിഞ്ഞ വിവരങ്ങൾ പറഞ്ഞു.
‘‘മലമുകളിൽ കയറണമെന്നാണോ, പറക്കുന്ന ആനകളെ കാണണമെന്നാണോ ആഗ്രഹം?’’, അവൾ ചോദിച്ചു.
‘‘മലമുകളിലെത്തണം, പറക്കുന്ന ആനയെ കാണണം, കിഴക്കൻ കാറ്റുപിടിക്കുമ്പോഴുള്ള ആ പൂമരങ്ങളുടെ ഉന്മാദം കാണണം’’, ഞാൻ പറഞ്ഞു. അവളതുകേട്ട് ഒന്നമർത്തി ചിരിക്കുക മാത്രം ചെയ്തു.
05
വിനായകിയും അഴകനും ആനക്കാട്ടിൽ എത്തിയതിന്റെ അഞ്ചാം ദിവസം. ഞാനും സേവ്യറേട്ടനും പതിവു കറക്കമൊക്കെ കഴിഞ്ഞ് കാക്കത്തോടിൽ വന്ന് കൈയും കാലും കഴുകുകയായിരുന്നു. തോടിന്റെ പരിസരത്തെ അധിനിവേശച്ചെടികളുടെ കൂട്ടായ്മയിൽ പിറന്ന കാടുകളിൽ കുറെയൊക്കെ സേവ്യറേട്ടനും കൂട്ടരും ചേർന്ന് പലപ്പോഴായി വെട്ടിവെളുപ്പിച്ചിരുന്നു. മരം മൂടിനിന്ന ധൃതരാഷ്ട്രപ്പച്ച വെട്ടിക്കളഞ്ഞതോടെ അതുവരെയൊളിച്ചുനിന്ന മരങ്ങളുടെ നഗ്നതയിലേക്ക് കാറ്റും വെളിച്ചവും കൊണ്ടു. വിനായകി കുളിച്ചുപോയിട്ട് അധികനേരമായില്ലെന്ന് തോന്നി. കുളിക്കടവിലാകെ അവളുടെ സോപ്പിന്റെയും ഷാംപൂവിന്റെയും സുഗന്ധം നിറഞ്ഞിരുന്നു; കൂടെ കത്രീനയുടെയും.
ഇടക്കിപ്പോൾ വിനായകിയോട് കൂട്ടുകൂടാൻ സേവ്യറേട്ടന്റെ മകൾ കത്രീന വരാറുണ്ട്. ഭർത്താവിന്റെയും കുഞ്ഞിന്റെയും മരണശേഷം വീടിനുള്ളിൽ ഏകാന്തത പുതച്ചിരുന്ന അവളെ വിനായകിയാണ് വീണ്ടും പുറംലോകത്തേക്ക് കൊണ്ടുവന്നത്. ഒരുദിവസം ഞാനും വിനായകിയും കൂടി കത്രീനയെ കാണാൻ സേവ്യറേട്ടന്റെ വീട്ടിൽ പോയിരുന്നു. ഞാൻ ഇടക്കൊക്കെ അവിടെ പോകാറുണ്ടെങ്കിലും കത്രീന പുറത്തേക്കു വരാറില്ല. വന്നയിടക്ക് കാണാനുള്ള കൗതുകംകൊണ്ട് എന്നും പോകും. ചെന്നുകഴിഞ്ഞാൽ കുറെനേരം ഓരോന്നും പറഞ്ഞ് നേരം ചെലവഴിക്കുമായിരുന്നു. അപ്പോൾ നിവൃത്തിയില്ലാതെ അവൾക്ക് ചായയും ചോറുമൊക്കെ തരേണ്ടി വന്നിട്ടുണ്ട്. സുന്ദരിയാണ് കത്രീന. പക്ഷേ എന്നെ കാണുമ്പോൾ ശത്രുവിനെ കാണുന്നപോലെ മുഖം ചുളിക്കും.
എത്ര സുന്ദരിയാണെന്നു പറഞ്ഞാലും ഉപ്പിലിട്ട മാങ്ങ കണക്കെ എപ്പോഴും മുഖം ചുളിച്ചുവെച്ചിരുന്നാൽ കാണുന്നവർക്കു മടുക്കും. എനിക്കും മടുത്തു. പിന്നെ അവിടെ ചെന്നാൽ കൂടുതൽ നിന്നു താളം ചവിട്ടാതെ വേഗം പോരും.
‘‘അവൾക്ക് സാറിനോട് മാത്രമല്ല, സകല പുരുഷൻമാരോടും കട്ടക്കലിപ്പാ. ആകെ അവൾ സ്നേഹിച്ച രണ്ട് ആണുങ്ങളേ ഉണ്ടായിരുന്നുള്ളൂ, ഞാനും പിന്നെ അവളുടെ മോനും…’’, സേവ്യറേട്ടൻ പറഞ്ഞു. അതിൽപ്പിന്നെ ഞാൻ തീരെ പോകാതായി. അതുകൊണ്ടാണ് വിനായകി വിളിച്ചിട്ടും മടിച്ചത്.
സേവ്യറേട്ടനാണ് കത്രീനയെക്കുറിച്ച് വിനായകിയോട് പറഞ്ഞത്. കേട്ടു കഴിഞ്ഞപ്പോൾ അവൾക്ക് കത്രീനയെ കാണണമെന്നു പറയുകയായിരുന്നു. അങ്ങനെ അന്ന് ഞങ്ങൾ ചെന്നപ്പോൾ സേവ്യറേട്ടനും കത്രീനയും കട്ടനും കപ്പപ്പുഴുക്കുമൊക്കെ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. എന്നെ കണ്ടതും അവൾ അകത്തേക്കോടി. ഞാനെന്തോ പോക്രിത്തരം ചെയ്ത മട്ടിലുള്ള ആ പോക്ക് കണ്ട് എനിക്ക് ദേഷ്യം വന്നു. പിന്നെ ആകെ മൊത്തത്തിലുള്ള അവളുടെ അവസ്ഥ കണക്കിലെടുത്ത് ഒന്നും മിണ്ടാതെ സേവ്യറേട്ടനൊപ്പം പുഴുക്കുണ്ടാക്കാൻ കൂടി.ആ നേരത്ത് അവളും കത്രീനയും കൂടി മുറിക്കകത്തിരുന്ന് കുറേ സംസാരിച്ചു. പിറ്റേന്ന് മുറ്റത്തും ഏലത്തോട്ടത്തിലുമൊക്കെ ചുറ്റിനടന്നായി
സംസാരം. വിനായകി എന്തു മാജിക്കാണോ കാണിച്ചതെന്നറിയില്ല മൂന്നാം ദിവസം മുതൽ കത്രീന ഒരു വാലുപോലെ അവളുടെ പുറകെ നടക്കാൻ തുടങ്ങി. എന്തായാലും അതോടെ, എനിക്ക് വിനായകിയെ കാണാൻപോലും കിട്ടാതെയുമായി. ഇനി കത്രീന എന്നെക്കുറിച്ച് വല്ല കുന്തവും പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല ഇപ്പോൾ ഒന്നു രണ്ടു ദിവസമായിട്ട് വിനായകിയെന്നോട് പണ്ടത്തെപ്പോലെയങ്ങനെ കൂടുതൽ മിണ്ടാനൊന്നും നിക്കാറില്ല. എനിക്കതിൽ ചെറിയ വിഷമമൊക്കെയുണ്ട്. അതുപക്ഷേ, അവളോടുള്ള പ്രണയംകൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്, ശുദ്ധമായ ആരാധന ഒന്നുകൊണ്ടു മാത്രമാണ്.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുങ്കിയാനകൾ മൂന്നും പതിവുപോലെ ആനക്കയത്തിനിപ്പുറം കാട്ടിൽ പലയിടങ്ങളിലൂടെ അവരുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് ചങ്ങലയും കിലുക്കി നടക്കുകയായിരുന്നു. അപ്പോഴാണ് കരികാലൻ കയം കയറിവന്നത്. കയത്തിന്റെ കരയിൽ മേഞ്ഞുകൊണ്ടിരുന്ന മുത്തങ്ങയിൽനിന്നുള്ള കുങ്കിയാന അതുകണ്ട് അവന്റെയടുത്തേക്ക് ഓടിച്ചെന്ന് ഒരു കുത്ത്. അഴകനും മറ്റേ കുങ്കിയാനയും അൽപം ദൂരെയായിരുന്നു. അപ്രതീക്ഷിതമായി വന്ന കുത്തിൽനിന്നും കരികാലൻ ഒഴിഞ്ഞു. ഉടനെ വരാനിരുന്ന കുത്തിനു മുമ്പേ കരികാലൻ തുമ്പി കൊണ്ടതിനെ ആഞ്ഞടിച്ചു. അടിയിൽ കുങ്കി വീണുപോയി. പെട്ടെന്നുതന്നെ കുങ്കി പ്രത്യാക്രമണം തുടങ്ങിയെങ്കിലും അതുകൊണ്ടു കാര്യമുണ്ടായില്ല. ആനകളുടെ അലർച്ച കേട്ട് അഴകനും മറ്റേ കുങ്കിയും ഓടിയടുത്തപ്പോഴേക്കും കരികാലൻ കയം നീന്തിക്കടന്ന് മറുകരയിലേക്ക് പോയിരുന്നു. കരികാലന്റെ ആക്രമണത്തിൽ കുങ്കിക്ക് കാര്യമായി പരിക്ക് പറ്റിയിരുന്നു. അതിനെ അപ്പോൾത്തന്നെ അവിടെനിന്നും കൊണ്ടുപോയി അന്നു വൈകുന്നേരംതന്നെ പകരമൊന്നിനെ എത്തിച്ചു. അതിന്റെ പാപ്പാനായ സേനനെ കണ്ട് വിനായകിയുടെ കണ്ണുകൾ എരിഞ്ഞു കത്തി.
06
സേനനെന്ന പാപ്പാനെ കണ്ടതും വിനായകിയുടെ ഭാവം മാറിയത് ഞാൻ ശ്രദ്ധിച്ചു. സേനൻ അത്ര നല്ല പുള്ളിയല്ലെന്ന് ആദ്യ കാഴ്ചയിലേ എനിക്ക് മനസ്സിലായി. മദ്യപിച്ചെന്നോണം ചുവന്ന കണ്ണുകളും വലിയ ശരീരവും പരുക്കൻ ഭാവങ്ങളുമുള്ള അയാൾ ആരോടും പ്രത്യേകിച്ച് ഒരു ഇണക്കവും ഭാവിച്ചില്ല.
‘‘ഇവൻ മഹാപെഴയാണ്. കള്ളും കഞ്ചാവും ഉള്ളീച്ചെന്നാ ഒരു ജാതി പ്രകൃതം. ആർക്കും നല്ല അഭിപ്രായമൊന്നുമില്ല. പക്ഷേ വലിയ ധൈര്യക്കാരനാണ്. തകർക്കൽ എന്നു കേട്ടിട്ടുണ്ടോ? പണ്ട് അതിന്റെ ആശാനായിരുന്നു. കാട്ടീന്ന് കെണിവെച്ചു പിടിക്കുന്ന ആനകളെ പരിശീലനസ്ഥലത്തു കൊണ്ടുവന്ന് യാതൊരു കരുണയുമില്ലാതെ തോട്ടികൊണ്ട് കുത്തിയും അടിച്ചും അടിമയാക്കുന്നതിനാണ് തകർക്കൽ എന്നു പറയുന്നത്. അത് എല്ലാ രീതിയിലുമുള്ള തകർക്കൽ ആയിരിക്കും. ഭീകരമായ ആ ഓർമകളുടെ പുറത്തായിരിക്കും പിന്നീടുള്ള അതിന്റെ ജീവിതം. ഒന്നാലോചിച്ചു നോക്കിയേ, ഇഷ്ടംപോലെ തിന്നും കുടിച്ചും നടക്കുന്ന നമ്മളെപ്പിടിച്ച് ആരെങ്കിലും ഒരു ചങ്ങലയിൽ കെട്ടിയിട്ട് ഇതുപോലെ ‘തകർത്തുടച്ച്’ അടിമകളാക്കുന്നത്…’’, സേവ്യറേട്ടന് അതോർത്തപ്പോൾ പെട്ടെന്നൊരു വിഷമം കയറി. അൽപനേരം ഞങ്ങൾ ഒന്നും മിണ്ടാതിരുന്നു. ഞങ്ങളുടെ അരികിലൂടെ ഒരു ആൺമയിൽ അവന്റെ ഇണയെ കാണിക്കാൻ പീലിയും വിരിച്ച് നടന്നുപോയി.
‘‘മനുഷ്യന് തടിപിടിക്കാനും ഉത്സവത്തിന് എഴുന്നെള്ളിക്കാനുമൊന്നും ഉള്ളതല്ല ആന. സാറിനറിയോ ഒരിക്കൽ പിടിക്കപ്പെട്ടു കഴിഞ്ഞാ തീർന്നു അതുങ്ങളുടെ ജീവിതം. പിന്നെ ജീവിക്കുന്നത് അതിലെ അടിമമാത്രമാണ്. പറഞ്ഞാൽ ഒരുപാടുണ്ട്, ആ... അതുപോട്ടെ, ഈ സേനൻ എന്നുപറയുന്ന പരനാറിയെ മേലാവിൽ ഉള്ളോർക്കെല്ലാം വലിയ കാര്യമാ. അവൻ ഒന്നു രണ്ടു ദൗത്യത്തിന്റെയൊക്കെ ഭാഗമായിട്ടുണ്ട്. അതൊക്കെ ഓക്കെ ആയതുകൊണ്ട് എന്തു തോന്ന്യവാസം ചെയ്താലും അവരൊക്കെ കണ്ണടയ്ക്കും. എവിടെ ചെന്നാലും അവനായിരിക്കണം രാജാവ്. ഇവിടെ എന്തായാലും വിനായകിയുമായിട്ട് അവൻ അടിയുണ്ടാക്കും’’, സേവ്യറേട്ടൻ
അയാളെക്കുറിച്ച് വ്യക്തമായ ചിത്രം തന്നു.
വിനായകിയുടെയും അഴകന്റെയും നിഴലായി ദൗത്യത്തിൽ പങ്കെടുക്കാൻ തന്നെ കിട്ടില്ലെന്ന് സേനൻ അധികാരികളോട് പറഞ്ഞു. എല്ലാം അയാളുടെ മേൽനോട്ടത്തിൽ ആയിരിക്കണമെന്ന് വാശിപിടിച്ചു.
‘‘അതിപ്പോ വിനായകിയ്ക്കും അഴകനും ജനങ്ങളുടെ ഇടയിൽ നല്ല പേരുണ്ട്, പിന്നെ വേറൊരു സംസ്ഥാനത്തുനിന്ന് വിളിച്ചു കൊണ്ടുവരുമ്പോ അതിന്റെ മുൻഗണന കൊടുക്കണം. രണ്ടുപേരും സഹകരിച്ചു മുന്നോട്ടുപോകുന്നതല്ലേ നല്ലത്?’’, അധികാരികൾ ചോദിച്ചു. നിവൃത്തിയില്ലാതെ അയാൾക്ക് സമ്മതിക്കേണ്ടി വന്നു. പക്ഷേ ആ ചൊരുക്കുവെച്ച് നാട്ടുകാർക്കിടയിൽ വിനായകിയെ മോശക്കാരിയാക്കാൻ അയാൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. സന്ധ്യകളിൽ അടിവാരത്ത് വെച്ചുനടക്കുന്ന മദ്യപാന സദസ്സുകളിലിരുന്ന് തെപ്പക്കാട്ട് ക്യാമ്പിലും മറ്റും വിനായകി ചെയ്തുകൂട്ടിയ കാര്യങ്ങൾ എന്നപേരിൽ നുണകൾ പറഞ്ഞു പരത്തി. അതൊക്കെ കേട്ട് വിശ്വസിച്ച ആളുകളുടെ ഉള്ളിൽ പരിഹാസം നിറഞ്ഞു. വന്നദിവസം ‘വിനായകീ…’, എന്ന് ആർത്തുവിളിച്ചവർ ഇപ്പോൾ അവളെ കാണുമ്പോൾ പുച്ഛിച്ചു തുടങ്ങി.
‘‘സേനനെ നേരത്തേ അറിയുമോ?’’, നുണകളെല്ലാം കേട്ടുമടുത്തപ്പോൾ ഞാൻ വിനായകിയോട് ചോദിച്ചു.
‘‘അറിയാം. കുറേ വർഷം മുമ്പ് അയാൾ തെപ്പക്കാട് വന്നിരുന്നു. അന്ന് ഞാനുമായി കുറേ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.’’
‘‘എന്തിന്?’’
‘‘അഴകനെ ഉപദ്രവിച്ചതിന്. ഞാനവന്റെ നോട്ടക്കാരിയാകുന്നതിനുമുമ്പ് കുറച്ചുനാൾ അയാളായിരുന്നു അവന്റെ പാപ്പാൻ. ഇവിടെ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടാക്കി പണിയൊന്നും കിട്ടാതെ അവിടേയ്ക്കു വന്നതാണ്. പാപ്പാൻ ആണെന്നു പറഞ്ഞപ്പോൾ പണി കൊടുത്തു. പക്ഷേ അയാൾ കള്ളും കഞ്ചാവും കഴിച്ച് അഴകനെ ഒരുപാട് കഷ്ടപ്പെടുത്തി. അപ്പോഴാണ് അവിടെ കുങ്കിപരിശീലനത്തിനുവന്ന ഒരു മലയാളിപാപ്പാൻ ഇയാളെപ്പറ്റി എന്നോട് പറയുന്നത്. പണ്ട് തകർക്കലിനിടെ ഒന്നുരണ്ടാനകളെ കൊന്നതുകൊണ്ട് ഇയാളെ ആനക്കളരിയിൽനിന്നും പറഞ്ഞുവിട്ടതാണ്. അതിനുശേഷം നാട്ടാനയുടെ പാപ്പാനായി. യജമാനനും പാപ്പാന്മാരും പൊന്നുപോലെ നോക്കിയിരുന്ന, വളരെ നല്ലൊരു ആനയായിരുന്നു അത്. നല്ല തലയെടുപ്പും ലക്ഷണവുമൊക്കെയുള്ളതുകൊണ്ട് ഉത്സവങ്ങൾക്കും മറ്റ് എഴുന്നള്ളത്തുകൾക്കൊക്കെ കൊണ്ടുപോകുമായിരുന്നു. അതുകഴിഞ്ഞു വന്നാൽ സുഖചികിത്സയും പൂർണ വിശ്രമവുമൊക്കെയാണ്. മദപ്പാട് തീരുംവരെ ഒരു കാര്യത്തിനും അവനെയാരും ബുദ്ധിമുട്ടിക്കാൻ പോകാറില്ല.
അങ്ങനെയിരിക്കെ അവന്റെ പാപ്പാൻ പ്രമേഹം കൂടി മരിച്ചു. പുതിയൊരു പാപ്പാനെ നോക്കിയിരിക്കുമ്പോഴാണ് സേനൻ പണിയന്വേഷിച്ചു ചെല്ലുന്നത്. ആനകളെക്കുറിച്ചുള്ള അയാളുടെ അറിവ് ഉടമസ്ഥരെ തൃപ്തിപ്പെടുത്തി. പാപ്പാനായി നിയമിക്കുകയും ചെയ്തു. കുറച്ചുകാലം വലിയ കുഴപ്പമൊന്നുമില്ലാതെ ആനയെ കൊണ്ടുനടന്നു. പിന്നീട് ഉടമസ്ഥർ അറിയാതെ അതിനെ ദ്രോഹിക്കാൻ തുടങ്ങി. ഉത്സവത്തിന്റെ പേരിൽ കൊണ്ടുപോകുന്ന ആനയെക്കൊണ്ട് അയാൾ കൂപ്പുകളിലും മറ്റും കഠിനമായി പണിയെടുപ്പിക്കുമായിരുന്നു. കിട്ടുന്ന പണംകൊണ്ട് കള്ളും കഞ്ചാവും വാങ്ങി ഉപയോഗിക്കും. പണിചെയ്യാൻ വിസമ്മതിച്ചാൽ ക്രൂരമായി ഉപദ്രവിക്കും. ഒരുദിവസം സഹികെട്ട ആന കൂപ്പിൽവെച്ച് തടിപിടിക്കുന്നതിനിടെ ഇടഞ്ഞു. വേറെ ആരെയും ഉപദ്രവിച്ചില്ല. ഇയാളെ മാത്രം കല്ലും കമ്പുമൊക്കെ എടുത്തെറിഞ്ഞു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അടുത്ത് കിട്ടിയിരുന്നെങ്കിൽ അടിച്ചു കൊന്നേനെ. ആനയിടഞ്ഞതും ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയതും ഉടമസ്ഥർ അറിഞ്ഞതോടെ ആ പണിയും പോയി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.