അതൃപ്തരായ ആത്മാക്കൾ -6

എന്റെ മനസ്സ് വായിച്ചിട്ടോ എന്തോ ഡെൽഫി മറ്റു കഥകൾ അവസാനിപ്പിച്ച് അവരുടെ സ്വന്തം ജീവിതാനുഭവങ്ങൾ കൂടുതലായി പറയാൻ തുടങ്ങി. മിക്കവാറും എല്ലാ ദമ്പതിമാരിലും പുരുഷന്മാർ അവരുടെ വിവാഹത്തിന് മുമ്പുണ്ടായ പ്രണയങ്ങളെക്കുറിച്ചും ശാരീരിക ബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചുമൊക്കെ അവരുടെ ഭാര്യമാരോട് വിശദമായി പറഞ്ഞു വീമ്പിളക്കുന്ന ഒരു രീതിയുണ്ട്. പ്രണയലേഖനങ്ങളുണ്ടെങ്കിൽ സൂക്ഷിച്ചുവെച്ച് അവ ഭാര്യക്ക് വായിക്കാനായി കൊടുക്കും. ഭാര്യമാരാകട്ടെ ഒട്ടും ഇഷ്ടമല്ലെങ്കിലും ഇതൊക്കെ വായിക്കുകയും എല്ലാം ക്ഷമയോടെ കേൾക്കുകയും ചെയ്യും. എന്നാൽ ഭാര്യമാർ, പ്രത്യേകിച്ച് പഴയ തലമുറയിലെ, ഒരാൾപോലും തങ്ങളുടെ...

എന്റെ മനസ്സ് വായിച്ചിട്ടോ എന്തോ ഡെൽഫി മറ്റു കഥകൾ അവസാനിപ്പിച്ച് അവരുടെ സ്വന്തം ജീവിതാനുഭവങ്ങൾ കൂടുതലായി പറയാൻ തുടങ്ങി.

മിക്കവാറും എല്ലാ ദമ്പതിമാരിലും പുരുഷന്മാർ അവരുടെ വിവാഹത്തിന് മുമ്പുണ്ടായ പ്രണയങ്ങളെക്കുറിച്ചും ശാരീരിക ബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചുമൊക്കെ അവരുടെ ഭാര്യമാരോട് വിശദമായി പറഞ്ഞു വീമ്പിളക്കുന്ന ഒരു രീതിയുണ്ട്. പ്രണയലേഖനങ്ങളുണ്ടെങ്കിൽ സൂക്ഷിച്ചുവെച്ച് അവ ഭാര്യക്ക് വായിക്കാനായി കൊടുക്കും. ഭാര്യമാരാകട്ടെ ഒട്ടും ഇഷ്ടമല്ലെങ്കിലും ഇതൊക്കെ വായിക്കുകയും എല്ലാം ക്ഷമയോടെ കേൾക്കുകയും ചെയ്യും. എന്നാൽ ഭാര്യമാർ, പ്രത്യേകിച്ച് പഴയ തലമുറയിലെ, ഒരാൾപോലും തങ്ങളുടെ പഴയകാല ബന്ധങ്ങളെക്കുറിച്ച് ഒരു സൂചനപോലും തങ്ങളുടെ ഭർത്താക്കന്മാർക്ക് കൊടുക്കാറില്ല. ഭാവിയിൽ അവർക്കുണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് നല്ല ബോധവും അറിവുമുണ്ട്. സ്ത്രീകളുടെ ആയിരത്തിലൊരംശം മഹാമനസ്കത ഇക്കാര്യത്തിൽ പുരുഷന്മാർക്കില്ല.

ജെർസനും സ്ഥിരമായി ഡെൽഫിയോട് വിവാഹത്തിന് മുമ്പുള്ള അയാളുടെ കഥകൾ പറയുമായിരുന്നു. ചെറിയ കടമക്കുടിയിലെ സെന്റ് സെബാസ്റ്റിൻ പള്ളിയിലെത്താനായി പിഴലപ്പാലം കയറിയതിനുശേഷം താഴേക്ക് ഒരു സ്റ്റെപ്പുണ്ടത്രെ. അതിറങ്ങി നടന്നാൽ മതി. ആ പള്ളിയുടെ അടുത്ത് ജെർസന് ഒരു കാമുകിയുണ്ടായിരുന്നു. തോട്ടിക്കോലുപോലൊരു പെണ്ണ്. അവളുടെ പേരും ഡെൽഫി എന്നുതന്നെയായിരുന്നു. അവളിപ്പോൾ വേറെയൊരാളെ കല്യാണം കഴിച്ചു ജീവിക്കുന്നു. ആ ഡെൽഫിയെ കാണാൻ ജെർസൻ ചെറിയ കടമക്കുടി പോസ്റ്റോഫീസിൽ താൽക്കാലിക ഒഴിവിൽ പോസ്റ്റ്മാനായി പോയിരുന്നു. ഡെൽഫിക്കുവേണ്ടി എഴുതുന്ന പ്രേമലേഖനങ്ങൾ അവളുടെ വീട്ടുകാരെ കബളിപ്പിച്ച് നേരിട്ട് കൈയിൽ കൊടുക്കാമല്ലോ. ഡെൽഫിക്ക് അപ്പനും ഒരു ചേട്ടനും ചേച്ചിയുമാണുണ്ടായിരുന്നത്. ഡെൽഫി ഏറ്റവും ഇളയവളായിരുന്നു. ചേച്ചിയെ കെട്ടിച്ചുവിട്ടതിനുശേഷം ആങ്ങള ചെക്കൻ വയനാട്ടിലേക്ക് പോയി. പിന്നെ ഇതുവരെ തിരിച്ചുവന്നിട്ടില്ല. പെണ്ണുകെട്ടി അവിടെത്തന്നെ കൂടി. ഡെൽഫിയും അപ്പനും മാത്രം. ഒരുദിവസം ജെർസൻ എഴുത്തുമായി ഡെൽഫിയുടെ വീട്ടിൽ ചെല്ലുമ്പോൾ അവൾ ഒറ്റക്കായിരുന്നു. അന്ന് അവളെ അസ്വാഭാവികവും സംശയകരവുമായ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുവെന്നാണ് ജെർസൻ ഡെൽഫിയോടു പറഞ്ഞത്. അന്നുമുതൽ ജെർസൻ ആ ബന്ധം തീർത്തും ഉപേക്ഷിച്ച് അവിടെനിന്നു പോന്നു. അതിനുശേഷം പലതവണ അവളുടെ അപ്പനും ബന്ധുക്കളും ജെർസന്റെ വീട്ടിൽ കല്യാണാലോചനയുമായി വന്നു. ഒടുവിൽ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നായപ്പോൾ ജെർസൻ നാട്ടിൽനിന്ന് ഈറോഡുള്ള ഒരു കൂട്ടുകാരന്റെയടുത്തേക്ക് ഒളിച്ചുപൊയ്ക്കളഞ്ഞു. ആള് ജീവിച്ചിരിപ്പുണ്ടെന്നറിയിക്കാൻ വല്ലപ്പോഴും വീട്ടുകാർക്ക് ഒരു കത്തെഴുതും. ജെർസന്റെ ഒരു വിവരവുമില്ലെന്നറിഞ്ഞപ്പോൾ ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് കരുതി അവൾ വേറെ കല്യാണം കഴിച്ചു. കൊല്ലം മൂലമ്പിള്ളി പള്ളിയിൽ പെരുന്നാളിന് വന്നപ്പോൾ അവൾ കെട്ടിയവന് ജെർസനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മുൻ കാമുകനെന്ന് പറഞ്ഞുകൊണ്ടല്ല. മറ്റെന്തോ പറഞ്ഞുകൊണ്ട്.


ജെർസന് ഇടക്ക് നാട്ടിൽനിന്നും എങ്ങോട്ടെങ്കിലും ഒളിച്ചുപോകുന്ന സ്വഭാവമുണ്ടായിരുന്നു. ജൊസ്ഫീനക്ക് അതിൽ വലിയ മനോവിഷമമുണ്ടായിരുന്നു. അവർ പള്ളിയിലെ ഭക്തസംഘങ്ങളിലൊക്കെ സജീവ അംഗമായിരുന്നു. അവിടെയെല്ലാം ചെന്ന് ജൊസ്ഫീന കരഞ്ഞുകൊണ്ടു പറയും. എന്റെ മകൻ ജെർസനെ കാണാനില്ല. അവനെ കുറിച്ച് ഒരറിവുമില്ല. നിങ്ങളെല്ലാവരും അവൻ തിരിച്ചുവരാൻ വേണ്ടി പ്രാർഥിക്കണമെന്ന്. ഒരു പ്രാർഥന സ്ഥലത്ത് ജൊസ്ഫീന ഇതു പറയുന്നതു കേട്ടാണ് ഡാലി എന്ന പെൺകുട്ടിക്ക് ജെർസനോട് ആരാധനയും പ്രേമവും തോന്നിത്തുടങ്ങിയത്. ഒളിച്ചുപോകുന്നത് പ്രേമം തോന്നാനുള്ള കാരണമാണോ എന്ന് ഞാൻ ചിരിയോടെ ഓർത്തു.

കൈതവേലിക്കാർന്ന് അറിയപ്പെടുന്ന, അത്യാവശ്യം സാമ്പത്തികശേഷിയുള്ള കുടുംബക്കാരായ അവിടത്തെ നാലു ആങ്ങളമാരുടെ ഒരേയൊരു ഇളയ പെങ്ങളായിരുന്നു ഡാലി.

ഡാലിയുടെ അപ്പൻ ക്രിസ്റ്റഫറിന് മൂലമ്പിള്ളിയിൽ ധാരാളം പന്നികളെ വളർത്തി വിൽക്കുന്ന ഫാമും ഏക്കറുകണക്കിന് സ്ഥലവും വലിയ ഒരു പലചരക്കുകടയുമുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അപ്പനെയും ആങ്ങളമാരെയും സഹായിക്കാനായി ചിലപ്പോളൊക്കെ ഡാലി ആ കടയിൽ വന്നുനിൽക്കാറുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങാനായി ജെർസനും ഇടക്കൊക്കെ ആ കടയിൽ ചെല്ലും. ആ സമയത്ത് അപ്പനും ആങ്ങളമാരും അവിടെ ഇല്ലെങ്കിൽ ജെർസൻ കുറെ അധികം നേരം ആ കടയിൽ ഡാലിയുമായി വർത്തമാനം പറഞ്ഞു നിൽക്കും. അങ്ങനെയാണ് അവർ തമ്മിലുള്ള പ്രേമം വളർന്ന് ദൃഢമായത്. ഒരുദിവസം ഡാലിയു​ടെ മൂത്ത ആങ്ങളയായ പീറ്റപ്പൻ കടയിലേക്ക് വന്നപ്പോൾ ജെർസനുമായി ഡാലി വർത്തമാനം പറഞ്ഞു നിൽക്കുന്നത് കണ്ടു. അപ്പോൾതന്നെ അയാൾ ജെർസനെ താക്കീത് ചെയ്തു. ജെർസാ നിർത്തിക്കോ എന്റെ പെങ്ങളോട് വേണ്ടാ നിന്റെ വിളച്ചിൽ.

ജെർസൻ വിട്ടുകൊടുക്കാൻ പോയില്ല. ഒരു കടയാകുമ്പോൾ സാധനം വാങ്ങാൻ വരുന്നവർ എടുത്തുകൊടുക്കുന്നവരുമായി മിണ്ടീന്നും പറഞ്ഞെന്നുമിരിക്കും. അതിനിത്ര ചൂടാകുന്നതെന്തിനാണ് പീറ്റപ്പാ എന്ന് ജെർസൻ. പിന്നെ ഒന്നും രണ്ടും പറഞ്ഞ് രണ്ടുപേരും ഉന്തും തള്ളും ഇടിയുമായി. കണ്ടുനിന്നവർ ഇരുവരെയും പിടിച്ചുമാറ്റി. അതോടെ ഡാലി ആ കടയിൽ വരുന്നത് അപ്പനും ആങ്ങളമാരും പൂർണമായും വിലക്കി എന്നുമാത്രമല്ല ഒറ്റക്ക് വീട്ടിൽനിന്ന് പുറത്തുപോലും വിടാതായി. അവർക്ക് തമ്മിൽ കാണാൻ നിവൃത്തിയില്ലാതായി. അതിനുശേഷം അവർ ഡാലിയുടെ അടുത്ത കൂട്ടുകാരി ഗ്രേസിയുടെ സഹായത്തോടെ ആശയവിനിമയം നടത്തി. ധാരാളം കത്തുകളും ഫോട്ടോകളും കൈമാറി. (ഡാലി കൊടുത്ത എല്ലാ കത്തുകളും സൂക്ഷിച്ചുവെച്ച് ജെർസൻ പിന്നീട് ഡെൽഫിക്ക് വായിക്കാൻ കൊടുത്തിരുന്നു). ഒടുക്കം ഡാലി ഗ്രേസിയോട് പറഞ്ഞുവിട്ടു –ജെർസനില്ലാതെ അവൾക്ക് ജീവിക്കാൻ കഴിയില്ല; ഉടനെ അവളെ കല്യാണം കഴിക്കണമെന്ന്. പക്ഷേ, ജെർസന് അപ്പോഴേക്കും മനംമാറ്റം വന്നുകഴിഞ്ഞിരുന്നു. അവൾക്ക് വേറെയും ആണുങ്ങളോട് ഇഷ്ടമുണ്ടായിരുന്നത് അറിഞ്ഞതുകൊണ്ടാണെന്നാണ് ഡെൽഫിയോട് ജെർസൻ പിന്നീട് പറഞ്ഞത്. ഡാലിയുമായി വിവാഹം നടന്നിരുന്നെങ്കിൽ ജെർസനത് ലോട്ടറി അടിച്ചതുപോലെയായിരുന്നേനെ. കൈതവേലിക്കാർ അതിന് സമ്മതിക്കുമായിരുന്നോ എന്നാണ് സംശയം. വേണ്ടിവന്നാൽ രണ്ടുപേരെയും കൊന്നുകളയാനും മതി.

അങ്ങനെ ജെർസൻ ഡാലിയെ വിട്ട് വേറെ പെണ്ണുകെട്ടാനുള്ള അന്വേഷണം തുടങ്ങി. അയാൾ ഏതെങ്കിലുമൊരു പെണ്ണിനെ എത്രയും വേഗം കെട്ടിക്കൊണ്ടുവരാൻ ഏറ്റവും കൂടുതൽ ധൃതിപിടിച്ചത് ജൊസ്ഫീനയായിരുന്നു. അതവർ ജെർസനോട് ശരണ​േക്കടായിട്ട് പറഞ്ഞുകൊണ്ടിരുന്നു. അതിനുള്ള യഥാർഥ കാരണമായി ഡെൽഫി പറയുന്നത് അമ്മക്ക് ജെർസൻ ഒരു ഭീഷണിയാണെന്നാണ്. കുടിച്ചുവന്നാൽ അയാൾ അമ്മയെയാണ് തെറിവിളിക്കുകയും ​ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യുന്നത്. ഒരു പെണ്ണു കെട്ടിച്ചു കൊടുത്തുകഴിഞ്ഞാൽ പിന്നെ ഈ ഉപദ്രവങ്ങളൊക്കെ ആ പെണ്ണിന്റെ മേത്തേക്ക് ആയിക്കൊള്ളുമെന്ന് ജൊസ്ഫീനക്ക് ഉറപ്പായിരുന്നു. അവരുടെ കണക്കുകൂട്ടൽ തെറ്റിപ്പോയില്ലല്ലോ.

ജെർസൻ നാടുനീളെ പെണ്ണുകാണാൻ നടക്കുന്ന വിവരം എങ്ങനെയോ അറിഞ്ഞ ഡാലി ഗ്രേസിയെ ജെർസന്റെയടുക്കൽ പറഞ്ഞുവിട്ടിട്ട്, ക്രിസ്മസിന്റെ തലേന്നു രാത്രി പാതിരാ കുർബാന കഴിയുമ്പോൾ എവിടേക്കെങ്കിലും ഒരുമിച്ച് ഒളിച്ചോടാമെന്നറിയിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം നടക്കില്ലെന്ന് ഡാലിക്കും ഉറപ്പായിരുന്നു.

പറഞ്ഞതുപ്രകാരം ഡാലി ഒരു ബാഗിൽ അത്യാവശ്യം വസ്ത്രങ്ങളും ഇരുപത്തിയഞ്ചു പവനോളം സ്വർണാഭരണങ്ങളും കുറച്ചു പണവുമായി പാതിരാത്രി പള്ളിക്കടവിൽ കാത്തുനിന്നു. ക്രിസ്മസ് തലേന്നുള്ള തിരുകർമങ്ങൾ കൂടാനെന്ന് പറഞ്ഞാണ് ഡാലി വീട്ടിൽനിന്ന് പോന്നത്. പക്ഷേ, ജെർസൻ അന്ന് പള്ളിയിൽ പോയതേയില്ല. വീട്ടിൽ കിടന്ന് സുഖമായുറങ്ങി. കുറെനേരം ജെർസനെ ഗ്രേസിയുമൊന്നിച്ച് കടവിൽ കാത്തുനിന്നിട്ട് ഡാലി നിരാശയോടെ വീട്ടിലേക്ക് തിരിച്ചുപോയി.

ജെർസൻ തന്റെ പെണ്ണുകാണൽ തുടരുകയും ഒടുവിൽ ഡെൽഫിയെ വിവാഹം കഴിക്കുകയും ചെയ്തു.

ജെർസൻ തന്നോട് ചെയ്ത ചതിയോർത്ത് അയാളോട് തീർത്താൽ തീരാത്ത പകയുണ്ടായി ഡാലിക്ക്. എന്നാൽ, എങ്ങനെയോ പിന്നീട് എല്ലാമറിഞ്ഞപ്പോൾ അവളുടെ അപ്പനും ആങ്ങളമാരും ഒരുപാട് സന്തോഷിച്ചു. അവർ ഡാലിയെ മട്ടാഞ്ചേരിയിലെ ഒരു പണക്കാരനായ ബിസിനസുകാരനെക്കൊണ്ടു കെട്ടിച്ചു. സിറിൾ എന്നായിരുന്നു അയാളുടെ പേര്. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളായ സമയത്താണ് സിറിൾ ജെർസനുമൊത്തുള്ള ഡാലിയുടെ പഴയ കഥകൾ അറിയുന്നത്. പിന്നെ അയാളവൾക്ക് സമാധാനം കൊടുത്തിട്ടില്ല. കുടിച്ചു വന്ന് ജെർസന്റെ പേരും പറഞ്ഞ് എപ്പോഴും തല്ലും വഴക്കുമായിരുന്നു. ഇതെല്ലാം ഡാലി വീട്ടിൽവന്ന് അപ്പനോടും ആങ്ങളമാരോടും കരഞ്ഞുകൊണ്ട് പറയുമായിരുന്നു. അപ്പോഴെല്ലാം അവർക്ക് സിറിളിനോടെന്നതിനേക്കാൾ ജെർസനോട് അരിശവും പ്രതികാരവും ഉണ്ടായിക്കൊണ്ടിരുന്നു.

ജെർസന് അപകടം സംഭവിച്ച് കുറെനാൾ കഴിഞ്ഞ് ഒരുദിവസം ഡെൽഫിക്കും ഡാലിക്കും മട്ടാഞ്ചേരിയിലേക്ക് ഒരുമിച്ച് ബസിൽ യാത്ര ചെയ്യേണ്ടിവന്നു. അന്ന് ഡെൽഫിയോട് ഒരു ശത്രുവിനോടെന്നതുപോലെയാണ് ഡാലി വർത്തമാനം പറഞ്ഞത്. ഡെൽഫിയെ വിവാഹം കഴിച്ചതുകൊണ്ടാണ് ജെർസന് ഈ അവസ്ഥ വന്നതെന്ന് ഡാലി ഡെൽഫിയുടെ മുഖത്തുനോക്കിപ്പറഞ്ഞു. അപ്പോൾ ഡാലിക്ക് ജെർസനോടുള്ള അരിശമൊക്കെ തീർ​േന്നാ എന്ന് ഡെൽഫി ഓർത്തു.


ഡെൽഫിയുടെ വീടിനടുത്ത് സെബസ്ത്യാനോസു പുണ്യവാളന്റെ നാമധേയത്തിലുള്ള ഒരു കപ്പേളയുണ്ട്. എല്ലാ കൊല്ലവും അവിടെ അമ്പ് എഴുന്നള്ളിപ്പും ഉറക്കമൊഴിച്ചിലും നടത്താറുണ്ട്. കപ്പേളക്കടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ പന്തൽ കെട്ടിയാണ് പെരുന്നാള് നടത്തുന്നത്.

സെബസ്ത്യാനോസ് പുണ്യാളന്റെ അമ്പ് എഴുന്നള്ളിക്കുന്നതിനെ കുറിച്ച് വിശ്വാസികളുടെയിടയിൽ പ്രചരിച്ച ഒരു ഐതിഹ്യമുണ്ട്.

കൊടുങ്ങല്ലൂർ ഭഗവതിയും സെബസ്ത്യാനോസ് പുണ്യവാളനും ആങ്ങളയും പെങ്ങളുമാണ്. വസൂരിദീനം പൊട്ടിപ്പുറപ്പെടുന്ന കാലത്ത് രോഗത്തിന്റെ വിത്ത് നാട്ടിലെമ്പാടും വാരിവിതക്കാനായി രാത്രി നേരത്ത് കാളിയിറങ്ങും. കാളിയുടെ കൂടെ ആങ്ങളയായ പുണ്യാളനും ഉണ്ടാകും. റോഡിലൂടെ വസൂരിയുടെ വിത്തുവിതറിക്കൊണ്ട് പോകുന്ന പോക്കിൽ കാളി പുണ്യാളനോട് വിളിച്ചു ചോദിക്കും; ആൾത്താമസം കൂടുതലുള്ളത് റോഡിന്റെ ഏതു ഭാഗത്താണെന്ന്. അതു കൃത്യമായി പറഞ്ഞുകൊടുക്കേണ്ട ചുമതല പുണ്യാളന്റേതാണ്. കണ്ടാ? കാളി ചോദിക്കും. കണ്ടില്ല! പുണ്യാളൻ പറയും. വസൂരിവിത്ത് ജനങ്ങൾ കൂടുതലായി താമസിക്കുന്നിടത്ത് വീഴാതിരിക്കാൻ പുണ്യാളൻ മിക്കപ്പോളും കാളിയോട് കളവുപറയും. ഇതിനുള്ള നന്ദിയായിട്ടാണ് ആണ്ടിലൊരിക്കൽ അമ്പ് പെരുന്നാളും ഉറക്കമൊഴിച്ചിലും നടത്തുന്നത്.

വസൂരിയുടെയും ചിക്കൻ പോക്സിന്റെയും അസ്വസ്ഥതകളുമായി രോഗശയ്യയിൽ കിടക്കുന്ന പല രോഗികളും കണ്ടിട്ടുണ്ട്, സെബസ്ത്യാനോസ് പുണ്യവാളൻ വീടിന് പുറത്തുവന്ന് ജനലിലൂടെ അകത്തേക്ക് അവരെ നോക്കിനിൽക്കുന്നത്.

ശനിയാഴ്ചയാണ് ഉറക്കമൊഴിച്ചിൽ. വൈകുന്നേരമായപ്പോഴേക്കും ആ​ണുങ്ങളെല്ലാവരും കണക്കിൽകവിഞ്ഞ് മദ്യപിച്ച് നല്ല പറ്റായിട്ടുണ്ടായിരുന്നു. ജെർസന്റെ അനിയൻ റാൻസന്റെ പിഴലയിലുള്ള ബന്ധുവീട്ടിൽനിന്നും അക്കൊല്ലത്തെ ഉറക്കമൊഴിച്ചിലിൽ പങ്കുകൊള്ളാൻ കുറച്ചുപേർ വന്നിട്ടുണ്ടായിരുന്നു. സന്ധ്യയോടടുപ്പിച്ച് കപ്പേളക്കടുത്തുവെച്ച് അയാളുടെ ദേഹത്ത് തട്ടിയെന്നോ മുട്ടിയെന്നോ പറഞ്ഞ് പീറ്റപ്പൻ റാൻസന്റെ അളിയനെ പിടലിക്ക് പിടിച്ച് ഒന്നുതള്ളി. ആ കാഴ്ച കണ്ടുകൊണ്ട് യാദൃച്ഛികമായി അവിടേക്കുവന്ന റാൻസൻ പീറ്റപ്പനോട് ഉറക്കെ വിളിച്ചുപറഞ്ഞു; അതെന്റെ അളിയനാണ്. അവനെ ഒന്നും ചെയ്യരുതേ എന്ന്. റാൻസന്റെ വാക്കുകൾ കേട്ടതായി നടിക്കാതെ പീറ്റപ്പൻ അവനെയും നെഞ്ചിൽ പിടിച്ച് തള്ളി. എന്നിട്ട് ചോദിച്ചു; ചെയ്താൽ നീ എന്നെ എന്തു ചെയ്യുമെടാ എന്ന്. റാൻസൻ ആ സമയത്ത് സംയമനം പാലിച്ചു. പീറ്റപ്പനോട് എതിർക്കാൻ നിൽക്കാതെ അളിയനെയും മറ്റും വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. റാൻസന് ശരിക്കും വലിയ സങ്കടവും നാണക്കേടും ഉണ്ടായിരുന്നു. കാരണം, ഭാര്യയുടെ ആങ്ങളയുടെ മുന്നിൽവെച്ച് ഇങ്ങനെയൊരപമാനം ആർക്കും സഹിക്കാനാകില്ലല്ലോ. പീറ്റപ്പനെ പോലൊരാളോട് ഏറ്റുമുട്ടുന്നതിനേക്കാൾ ബുദ്ധി പൊറുക്കുന്നതാണെന്ന് കുറഞ്ഞപക്ഷം മൂലമ്പിള്ളിക്കാർക്കെങ്കിലും നന്നായറിയാം.

പക്ഷേ, ഈ സംഭവം കണ്ടുനിന്നവരിലാരോ ഒരാൾ ഒന്നിക്കിരട്ടിയായിട്ട് അന്നുതന്നെ ജെർസന്റെ ചെവിയിലെത്തിച്ചു. അതുകേട്ടപ്പോൾ ജെർസന് അപ്പോൾതന്നെ പീറ്റപ്പനെ കൊല്ലാനുള്ള ദേഷ്യമുണ്ടായി. ഡെൽഫി ബിനോയിയെ പ്രസവിച്ചിട്ട് അപ്പോൾ മാസം രണ്ടേ ആയിരുന്നുള്ളൂ. കപ്പേളയിലെ ഉറക്കമൊഴിച്ചിൽ കൂടാനായി അവർ വീട്ടിൽനിന്നും വന്നതാണ്. ബിനോയിയെ ഒക്കത്തെടുത്തുവെച്ചുകൊണ്ടാണ് ഡെൽഫി കഴുന്ന് എടുക്കാൻ പോയത്. ഒപ്പം ജൊസ്ഫീനയും ആഞ്ചിയും ഉണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ നേരത്താണ് പ്രദക്ഷിണം ആരംഭിച്ചത്. അതിനിടയിൽ ജെർസൻ റാൻസനോട് പറയുന്നത് ഡെൽഫി കേട്ടു; എടാ നിന്നെ തല്ലിയവനെ തിരിച്ചുതല്ലാതെ നമുക്കിന്ന് പായയിൽ കിടന്നുറങ്ങാൻ പറ്റുമോ? ശരി ചേട്ടാ. നമുക്കതിന് പകരം ചോദിക്കണമെന്ന് റാൻസൻ മറുപടിയും കൊടുത്തു. പിന്നെ ​ജെർസൻ ഡെൽഫിയെയും ആഞ്ചിയെയും ജൊസ്ഫീനയെയും നോക്കിക്കൊണ്ട് പ്രദക്ഷിണത്തിനുവന്ന മുഴുവൻ ആളുകളും കേൾക്കേ പറഞ്ഞു. നിങ്ങൾ വേഗം വീട്ടിലേക്ക് പൊയ്ക്കോ. എന്നിട്ട് ഡെൽഫിയോടു മാത്രമായി തുടർന്നു, എന്താടീ മൂധേവീ ഈ വെയിലത്ത് കൊച്ചിനെയുംകൊണ്ട് പ്രദക്ഷിണത്തിന് വന്നേക്കണത്. വേഗം പോയില്ലെങ്കിൽ നീ മേടിക്കും എന്റെ കൈയിൽനിന്ന്.

അന്ന് ഡെൽഫി എത്രമാത്രം വിഷമിച്ചെന്നോ... സന്തോഷത്തോടെ പുണ്യാള​ന്റെ അമ്പെടുത്തുവെക്കാൻ കുഞ്ഞുമായി ചെന്നത് പേറ്റുകട്ടിലിൽ കിടന്നു നേർന്ന നേർച്ച കഴിക്കാനായിരുന്നു. അല്ലാതെ ആനന്ദിക്കാനായിരുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോരുമ്പോൾ ഉള്ളിൽ കൊക്കും കാക്കയും പറക്കുന്ന അനുഭവമായിരുന്നു മൂന്നുപേർക്കും. ഏതോ വലിയ ആപത്തുവരാൻ പോകുന്നതുപോലെ ആഞ്ചി കിലുകിലാ വിറക്കുന്നുണ്ടായിരുന്നു. ആഞ്ചിയും ജൊസ്ഫീനയും തറവാട്ടിലേക്കും ഡെൽഫി അവരുടെ വീട്ടിലേക്കും പോന്നു.

രാത്രിയായപ്പോൾ ജെർസൻ വിയർത്തു കുളിച്ച് വീട്ടിലേക്ക് വന്നിട്ട് കിതച്ചുകൊണ്ട് ഡെൽഫിയോടു പറഞ്ഞു, നീ ആ വായ്ക്കത്തിയും തേങ്ങാപൊതിക്കുന്ന പാരയുമൊക്കെ എടുത്തുവെച്ചോ, പീറ്റപ്പനെ കിട്ടാതെ വന്നപ്പോൾ ഞാൻ അവന്റെ അപ്പൻ ക്രിസ്റ്റഫറിനിട്ട് റോഡിൽവെച്ച് കൊടുത്തിട്ടാണ് വരുന്നത്. അതുകേട്ട് ഡെൽഫിക്ക് കൈയും കാലും തളരുന്നതുപോലെ തോന്നി. ഇതിനിടയിൽ സുഖമില്ലാത്തതുകൊണ്ടോ എന്തോ ബിനോയിയുടെ കരച്ചിലും. അന്നുരാത്രി ഒരു പോള കണ്ണടച്ചില്ല ഡെൽഫിയും ജെർസനും.

പക്ഷേ, കൈയിൽ ​പൈസയൊന്നുമില്ലെന്ന് പറഞ്ഞ് വെളുപ്പിനെ ജെർസൻ ചരൽ വാരാൻ പോകുന്നതിന് വീട്ടിൽനിന്നിറങ്ങുമ്പോൾ ഒരു വലിയ കത്തിയെടുത്ത് അരയിൽ തിരുകുന്നത് കണ്ട് ഡെൽഫി അയാളോട് കരഞ്ഞുപറഞ്ഞതാണ്, ദൈവത്തെയോർത്ത് ഇന്ന് പുറത്തെങ്ങും ഇറങ്ങാതിരിക്കുന്നതാണ് ബുദ്ധിയെന്ന്. പ്രസവം കഴിഞ്ഞ് മാസം രണ്ടാകുന്നതേയുള്ളല്ലോ. ആ സമയങ്ങളിൽ പെണ്ണുങ്ങൾക്കാണെങ്കിൽ മനസ്സിന് ബലം തീരെ കുറവുമാണ്. ശരീരവും ദുർബലമാണ്.


ഡെൽഫി പറഞ്ഞതു വകവെക്കാതെ ജെർസൻ പുഴക്കടവിലേക്ക് നടക്കുമ്പോൾ റോഡിൽവെച്ച് പീറ്റപ്പനും കൂട്ടരും ജെർസനെ തടഞ്ഞുനിർത്തി. ആ നേരത്ത് വെളിച്ചം വീണുതുടങ്ങുന്നതേയുള്ളൂ –ജെർസൻ അവരെ ഒട്ടും പ്രതീക്ഷിച്ചതല്ല. ജെർസനെ ലക്ഷ്യംവെച്ചുതന്നെയാണ് പീറ്റപ്പനും കൂട്ടരും ആ നേരത്ത് ഒരുമിച്ച് വന്നതെന്നുറപ്പ്. ചോദിക്കാനും പറയാനുമൊനും വന്നവർ സമയം കളഞ്ഞില്ല. സൈക്കിൾ ചെയിനും ഇടിക്കട്ടയുമൊക്കെ കൊണ്ട് അവർ ജെർസനെ മർദിക്കാൻ തുടങ്ങി. ജെർസൻ അരയിൽനിന്നെടുത്ത കത്തി നിമിഷങ്ങൾക്കകം പീറ്റപ്പൻ സൈക്കിൾ ചെയിൻ വീശി ജെർസന്റെ കൈയിൽനിന്ന് തെറിപ്പിച്ചുകളഞ്ഞു. ശരിക്കും അവർ ജെർസനെ ചവിട്ടിക്കൂട്ടുകയായിരുന്നു. ആ നേരത്താണ് അറി​േഞ്ഞാ അറിയാതെയോ റാൻസൻ അവിടേക്ക് വന്നത്. അവന്റെ കൈയിൽ പണി ആയുധങ്ങളായ ഉളിയും ചുറ്റികയുമൊക്കെ അടങ്ങിയ ബാഗുണ്ടായിരുന്നു. റാൻസന്റെ നേരെയും പീറ്റപ്പൻ പാഞ്ഞടുത്തു. റാൻസൻ അവന്റെ ബാഗുതുറന്ന് വീതുളി വലിച്ചെടുത്ത് ശരവേഗത്തിൽ പീറ്റപ്പന്റെ പള്ളക്ക് കുത്തിക്കയറ്റി. പീറ്റപ്പന് ഒട്ടും പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ചുടുചോരക്കൊപ്പം പീറ്റപ്പന്റെ കുടലും പണ്ടവും പുറത്തേക്ക് ചാടിവരുന്നത് തല്ലുകൊണ്ടു കിടക്കുന്ന ജെർസനും കണ്ടു. റാൻസനും ജെർസനും വേഗം അവിടെനിന്ന് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടാനായത് കൂടെയുള്ളവർ പീറ്റപ്പനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ ശ്രദ്ധ കൊടുത്തതുകൊണ്ട് മാത്രമാണ്.

പീറ്റപ്പൻ തീർന്നെന്ന് തന്നെയാണ് എല്ലാവരും കരുതിയത്. എന്നാൽ, അയാൾ തലനാരിഴക്ക് മരണത്തിൽനിന്ന് തിരിച്ചുവന്നു. പക്ഷേ, കുറെ നാളുകൾ ആശുപത്രിയിലും വീട്ടിലും കിടന്ന് വേദനയും കഷ്ടപ്പാടു​മൊക്കെ സഹിക്കേണ്ടിവന്നു. ഒരുപാട് പണം ചെലവഴിക്കേണ്ടതായി വന്നു.

പൊലീസുകാർ അന്നുതന്നെ ജെർസനെയും റാൻസനെയും പൊക്കി അകത്തിട്ടു. പൊലീസുകാരുടെ കൈയിൽനിന് രണ്ടുപേർക്കും കുറേ തല്ലുമേടിക്കേണ്ടിവന്നു. എന്നാൽ, ആ ഒരു സംഭവത്തിന്റെ അലയൊലിപോലെ എത്രയെത്ര വലിയ സംഭവങ്ങളാണ് തുടരെത്തുടരെയുണ്ടായത്.

പീറ്റപ്പൻ കുത്തുകൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോൾ അയാൾ മരിച്ചുപോയെന്നു തന്നെയാണ് മൂലമ്പിള്ളി മുഴുവൻ വാർത്ത കൊടുങ്കാറ്റുപോലെ പടർന്നത്. ആ വാർത്ത കേട്ടതും ക്രിസ്റ്റഫർ ആധി കയറി മലർന്നടിച്ചുവീണു. അന്നുതന്നെ ആശുപത്രിയിൽവെച്ച് മരിച്ചു. പീറ്റപ്പൻ മരിച്ചുപോയെന്നും അക്കാരണത്താൽ റാൻസനെ ഒന്നാം പ്രതിയും ജെർസനെ രണ്ടാം പ്രതിയുമാക്കിയാണ് അറസ്റ്റ് ചെയ്തു കേസാക്കിയതെന്നും ആരോ പറഞ്ഞറിഞ്ഞപ്പോൾ ആഞ്ചിയും ജൊസ്ഫീനയും ഡെൽഫിയുമടക്കമുള്ളവർ അമ്പരന്ന് തലയിൽ കൈവെച്ചിരിക്കുമ്പോഴാണ് അവർ ക്രിസ്റ്റഫറിന്റെ മരണവാർത്തകൂടി കേൾക്കുന്നത്.

ആഞ്ചിയുടെ മനക്കരുത്തും സ്വസ്ഥതയും ആകെ തകർന്നു. ക്രിസ്റ്റഫറിന്റെ ശവം കല്ലറയിൽ വെക്കുന്ന സമയത്ത് ആഞ്ചി വീട്ടിലെ സീലിങ് ഫാനിൽ കൈലിമുണ്ടുകൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിച്ചത്തു കളഞ്ഞു. പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ പുറത്തിറങ്ങി വീട്ടിൽ കയറിവന്ന ജെർസനും റാൻസനും കണ്ടത് ഫാനിൽ തൂങ്ങിനിൽക്കുന്ന അപ്പന്റെ മൃതദേഹമായിരുന്നു. എല്ലാം കൂടിയായപ്പോൾ റാൻസനും ഷോക്കായി. ആകെ സമനില തെറ്റിയ റാൻസൻ വല്ലാതെ പേടിച്ചു വിളറിയ മട്ടായി. ആരെക്കണ്ടാലും ഭയങ്കര പേടിയാണ്. ഡെൽഫിയെയും ജെർസനെയും കണ്ടിട്ടുപോലും റാൻസൻ പേടിച്ചു നിലവിളിച്ചു. ഉറക്കം ഒട്ടും തന്നെയില്ലാതായി. ഒന്നുകിൽ മുറിയിൽതന്നെ കയറിയിരിക്കും. അല്ലെങ്കിൽ, വീടിന്റെ ഹാളിലും കോലായയിലും അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നടക്കും. അങ്ങനെ നടന്നു നടന്നാണ് ഒടുക്കം റാൻസനും തൂങ്ങിമരിച്ചത്.

ആഞ്ചിയും റാൻസനുമൊക്കെ തൂങ്ങിമരിക്കാൻ എന്തെങ്കിലുമൊരു കാരണം കിട്ടാൻ കാത്തിരുന്നതുപോലെയാണ് ഡെൽഫിക്ക് തോന്നിയത്. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ കൈക്കുഞ്ഞായ ബിനോയിയെയും ഒക്കത്തെടുത്ത് മുറ്റത്തു മുഴുവൻ ആധിപിടിച്ച് ഓടുകയായിരുന്നു ഡെൽഫി. ജൊസ്ഫീനക്ക് അത്രക്ക് ആധിയും ടെൻഷനുമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡെൽഫി പറയുന്നു. അവർ എക്കാലത്തും നല്ല ധൈര്യവും ത​ന്റേടവുമുള്ള സ്ത്രീയായിരുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നമട്ട്. തിരമാലകൾപോലെ ഒന്നിനൊന്നു പിറകെ വന്ന് ഞെട്ടിക്കുന്ന വാർത്തകൾ. കുറെ പേർ പൊലീസ് സ്റ്റേഷനിലേക്കോടുന്നു, പിന്നെ അവിടെനിന്ന് ആശുപത്രിയിലേക്കോടുന്നു. ആകെ ബഹളം, ടെൻഷൻ. ആരായാലും തകർന്നുപോകും. ആഞ്ചിയുടെ കുടുംബത്തെ പണ്ടുകാലം മുതലേ അലട്ടിയിരുന്ന പിശാചുക്കളുടെയും ആത്മാക്കളുടെയും വേലത്തരങ്ങളാണിവയെല്ലാമെന്ന് ഡെൽഫിക്ക് ഉറപ്പായിരുന്നു. ജൊസ്ഫീനയും അതുതന്നെ പറയുമായിരുന്നു. അതിനൊരു നിമിത്തമാകുകയായിരുന്നു കൈതവേലിക്കാർ.

ക്രിസ്റ്റഫർ മരിച്ച അന്ന് പീറ്റപ്പന്റെ അനിയൻ ക്ലീറ്റസ് എല്ലാവരും കേൾക്കേ ഒരു ശപഥ​മെടുത്തിരുന്നു. അവരുടെ അപ്പനെ കുഴിയിൽ വെച്ചതുപോലെ ജെർസന്റെ വീട്ടുകാരെ, അതും ആണുങ്ങളെ ഓരോരുത്തരെയായി കുഴിയിൽ വെക്കുമെന്ന്.

അല്ലെങ്കിൽതന്നെ ആ കുടുംബത്തിന് മേലെ ഒരു വലിയ ശാപവും അതിനോട് ബന്ധപ്പെട്ട പ്രേതശല്യവും ഉള്ളതാണ്. ഇപ്പോഴിതാ അതിന് മീതെ ഒരെണ്ണം കൂടിയായി. കൈതവേലിക്കാർ കുടുംബത്തോടെ അറിയ​െപ്പടുന്ന കൂടോത്രക്കാരാണ്. എത്രയോ ശത്രുക്കളെ അവർ ആഭിചാര ക്രിയ നടത്തി ഇല്ലായ്മ ചെയ്യുകയോ കഷ്ടപ്പെടുത്തുകയോ ചെയ്തിരിക്കുന്നു.

വീട്ടിൽ വന്നുകയറിയ ഡെൽഫിയടക്കമുള്ള പെണ്ണുങ്ങളുടെ ഭക്തിയും ഈശ്വരാനുഗ്രഹവും കാരണമാകാം ആഞ്ചിയും മക്കളും ഇത്രയുംകാലം ആപത്തൊന്നും കൂടാതെ ജീവിച്ചത്. ഏതായാലും ക്ലീറ്റസിന്റെയും കൂട്ടരുടെയും ഭാഗത്തുനിന്നുള്ള പരിശ്രമങ്ങളൊന്നും ഇല്ലാതെ ജെർസന്റെ കുടുംബത്തി​ലെ രണ്ടാണുങ്ങൾ സെമിത്തേരിയിലെ കല്ലറയിലായി. ബാക്കി രണ്ടുപേരാണ് ഉണ്ടായിരുന്നത്, സാംസണും ജെർസനും. അവരുടെ കാര്യവും കഷ്ടമായിരുന്നു പിന്നീട്.

(തുടരും)

Tags:    
News Summary - madhyamam weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT