അതൃപ്തരായ ആത്മാക്കൾ -7

ജെർസന്റെ മേലുള്ള ഈശ്വരാനുഗ്രഹവും രക്ഷയും ഒഴിഞ്ഞുപോയതിന് കാരണമായ കുറെ അതിപ്രധാനമായ സംഭവങ്ങളാണ് ഇനി എഴുതാൻ പോകുന്നത്. ഡെൽഫിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ വ്യത്യസ്തമായ സംഭവങ്ങൾ. ഇങ്ങനെയും ചിലത് അനുഭവിക്കാനുള്ള വിധിയുണ്ടായിരിക്കാമെന്ന് ഡെൽഫി അതിനെ കുറിച്ചോർത്ത് ആശ്വസിക്കുന്നു. ജെർസന്റെ പെങ്ങൾ ട്രീസയും ഭർത്താവ് തോമസും ഇക്കാലത്താണ് ലത്തീൻ സഭയിൽനിന്നു മാറി യഹോവാ സാക്ഷിയായി മാറുന്നത്. അതോടെ അവർക്ക് ഇത്രയും കാലമായി വിശ്വസിച്ചുപോന്ന സഭയോടും അവിടത്തെ ആചാരങ്ങളോടും പുച്ഛമായി. തോമസ് എന്തോ ആവശ്യത്തിന് ട്രെയിനിൽ യാത്രചെയ്തു. ആ കമ്പാർട്ടുമെന്റിൽ ഒപ്പം യാത്രചെയ്ത മൂന്നു...

ജെർസന്റെ മേലുള്ള ഈശ്വരാനുഗ്രഹവും രക്ഷയും ഒഴിഞ്ഞുപോയതിന് കാരണമായ കുറെ അതിപ്രധാനമായ സംഭവങ്ങളാണ് ഇനി എഴുതാൻ പോകുന്നത്. ഡെൽഫിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ വ്യത്യസ്തമായ സംഭവങ്ങൾ. ഇങ്ങനെയും ചിലത് അനുഭവിക്കാനുള്ള വിധിയുണ്ടായിരിക്കാമെന്ന് ഡെൽഫി അതിനെ കുറിച്ചോർത്ത് ആശ്വസിക്കുന്നു.

ജെർസന്റെ പെങ്ങൾ ട്രീസയും ഭർത്താവ് തോമസും ഇക്കാലത്താണ് ലത്തീൻ സഭയിൽനിന്നു മാറി യഹോവാ സാക്ഷിയായി മാറുന്നത്. അതോടെ അവർക്ക് ഇത്രയും കാലമായി വിശ്വസിച്ചുപോന്ന സഭയോടും അവിടത്തെ ആചാരങ്ങളോടും പുച്ഛമായി.

തോമസ് എന്തോ ആവശ്യത്തിന് ട്രെയിനിൽ യാത്രചെയ്തു. ആ കമ്പാർട്ടുമെന്റിൽ ഒപ്പം യാത്രചെയ്ത മൂന്നു മധ്യവയസ്കരാണ് മണിക്കൂറുകൾകൊണ്ട് അയാളെ അവരുടെ വലയിലാക്കിയത്.

നന്നായി ഷേവ് ചെയ്ത മുഖത്തോടെ, വൃത്തിയുള്ള ഫുൾകൈയൻ ഷർട്ടും പാന്റുമിട്ട്, പോളീഷ് ചെയ്തു മിനുക്കിയ ഷൂസൊക്കെയിട്ട് പ്രസന്നചിത്തരായി അവർ അതിനുശേഷം പലതവണ തോമസിന്റെ വീട്ടിലേക്ക് വന്നു. അങ്ങനെയാണ് ട്രീസയും തോമസിനൊപ്പം യഹോവാസാക്ഷിയായി മാറിയത്. സമയം കിട്ടുമ്പോഴൊക്കെ ട്രീസയും തോമസും ജെർസനെ അവരുടെ വീട്ടിലേക്ക് വിളിക്കും. ഉപദേശിച്ചും സുവിശേഷം പഠിപ്പിച്ചും ഒടുവിൽ ജെർസനും വഴിതെറ്റി. അക്കാലത്തെ ജെർസന്റെ മാനസികാവസ്ഥ ഒരുപക്ഷേ, അതിനൊരു കാരണമായിത്തീർന്നിരിക്കാം. എന്തെല്ലാമാണ് കുറഞ്ഞ സമയത്തിനുള്ളിൽ അയാൾക്ക് നേരിടേണ്ടിവന്നത്. ഏതായാലും ഇത്രയും വേഗം ജെർസൻ അളിയനും പെങ്ങളുമൊരുക്കിയ വലയിൽ വീഴുമെന്ന് ഡെൽഫി കരുതിയില്ല.


ഭൂമിയിൽ എന്നേക്കും ജീവിക്കാനാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. യേശുക്രിസ്തു രാജാവായുള്ള ഒരു സ്വർഗീയ ഗവൺമെന്റാണ് ദൈവരാജ്യമെന്നത്. അവരോടൊപ്പം ചേർന്നു ഭരിക്കാൻ മനുഷ്യവർഗത്തിൽനിന്നും 1,44,000 പേർ തെരഞ്ഞെടുക്കപ്പെടും. ദൈവരാജ്യം 1916ൽ ഭരണം തുടങ്ങിക്കഴിഞ്ഞു. അതിനെതുടർന്ന് സാത്താനെ ദൈവം സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് തള്ളിയിട്ടു. ദൈവരാജ്യം പെട്ടെന്നുതന്നെ മാനുഷിക ഗവൺമെന്റുകളെ നശിപ്പിച്ചുകളയും. അതോടെ, ഈ ഭൂമി ഒരു പറുദീസയായി തീരും എന്നൊക്കെ ജെർസൻ പറയാൻ തുടങ്ങിയപ്പോൾ ഡെൽഫി ഭയങ്കരമായ അമ്പരപ്പോടെയാണത് കേട്ടത്. ഒട്ടുമിക്ക ഞായറാഴ്ചകളിലും ജെർസൻ മുടങ്ങാതെ പള്ളിയിൽ പോയിരുന്നതാണ്. ഇപ്പോൾ അത് ഇല്ലാതായി. പകരം യഹോവാ സാക്ഷികളുടെ പ്രാർഥനാ സ്ഥലമായ രാജ്യഹാളിൽ പോകാൻ തുടങ്ങി. അവരുടെ മൂപ്പന്റെ നിർദേശപ്രകാരം ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വീടുകൾ തോറും കയറിയിറങ്ങിയുള്ള സുവിശേഷ വേലക്ക് പോകും. വയൽവിള എന്നാണ് അവർ അതിന് പറയുക.

യഹോവയുടെ സത്യവിശ്വാസം സ്വീകരിച്ചാൽ നമ്മളൊക്കെ ഒരിക്കലും മരിക്കില്ല. ലോകമുള്ളിടത്തോളം നിത്യജീവനോടെയുണ്ടാകും എന്ന വചനമുൾക്കൊണ്ട് അത് പ്രചരിപ്പിക്കാൻ ജെർസൻ തന്റെ ഒഴിവുസമയങ്ങൾ മാറ്റിവെച്ചു.

ആദ്യത്തെ തവണ ജെർസൻ സഹോദരങ്ങളെ വീട്ടിൽ വിളിച്ചുകൊണ്ടുവന്ന സമയത്ത് ഡെൽഫി വീട്ടിലുണ്ടായിരുന്നില്ല. ഡെൽഫി അതുപറഞ്ഞപ്പോൾ ഞാൻ കരുതിയത് അയാളുടെ സ്വന്തം സഹോദരന്മാരെന്നാണ്. അവരാണെങ്കിൽ സഹോദരനെന്നു പറഞ്ഞാൽ പോരെ. ഒരാളല്ലേയിനി ബാക്കിയുള്ളൂ സഹോദരന്മാരിൽ ജീവിച്ചിരിക്കുന്നതായിട്ട്. അപ്പോൾ ഡെൽഫി പറഞ്ഞു: യഹോവാ സാക്ഷികൾ അവരുടെ കൂട്ടത്തിലുള്ളവരെ വിളിക്കുന്നത് സഹോദരന്മാർ എന്നാണെന്ന്.

അവർ വീട്ടിൽ വരുന്ന നേരത്ത് ഡെൽഫി അവിടെയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, അതിനുശേഷമുള്ള അവരുടെ വരവ് തടയാൻ ഡെൽഫിക്കപ്പോൾ കഴിഞ്ഞേനെ. ജെർസൻ കാണാതെയാണെങ്കിൽപോലും മുഖം കറുപ്പിച്ച് നാലു വർത്തമാനം പറഞ്ഞിരുന്നെങ്കിൽതന്നെ ചിലപ്പോൾ ഫലമുണ്ടായേനെ. ചിലപ്പോൾ സഹോദരന്മാരുടെ മുന്നിൽവെച്ച് ജെർസന്റെ തല്ലുകൊള്ളാനും ആ പ്രവൃത്തി മതിയാകും. ഇങ്ങനെയൊരു കാര്യത്തിനുവേണ്ടി സ്വന്തം ജീവൻ വെടിയാനും ഡെൽഫി തയാറാണ്. അതിനെയാണല്ലോ രക്തസാക്ഷിയാകുക എന്നുപറയുന്നത്. ഒരു രക്തസാക്ഷിയാകാൻ ഇഷ്ടമില്ലാത്തവർ നല്ല സത്യവിശ്വാസികളിൽ ആരാണുള്ളത്. പത്രോസിന്റെ പ്രതിപുരുഷനായ മാർപാപ്പയെ സാത്താനെന്നും ക്രിസ്ത്യാനികളെ മുഴുവൻ അന്ധവിശ്വാസവും അനാചാരങ്ങളും പിന്തുടരുന്നവരെന്നും ആക്ഷേപിക്കുന്ന കൂട്ടരെ വീടിനകത്ത് കയറ്റാൻ കൊള്ളാമോ എന്നാണ് ഡെൽഫി ചോദിക്കുന്നത്.

യഹോവാ സാക്ഷികളെ അകറ്റിനിർത്തണം, അവർ തരുന്ന പുസ്തകങ്ങൾ, അത് അവരുടെ ചെറിയ ബൈബിളാണെങ്കിൽ പോലും നേരം പോക്കായിട്ടുകൂടി വായിച്ചുനോക്കരുത്; അവരുമായി എതിർവാദം പറഞ്ഞ് തർക്കത്തിൽ ഏർപ്പെടരുത് എന്നൊക്കെ വികാരിയച്ചൻ എല്ലായ്​േപാഴും വിശ്വാസികൾക്ക് കർശന മുന്നറിയിപ്പ് കൊടുക്കാറുണ്ട്. അതുകൊണ്ടാണ് പുസ്തകങ്ങളും ലഘുലേഖകളുമായി നടക്കുന്ന യഹോവാ സാക്ഷികളെ എല്ലാവരെയും ഡെൽഫി ആട്ടിയോടിച്ചിരുന്നത്.

രാജ്യഹാളിലെ വിശേഷങ്ങൾ കേൾക്കാൻ ഡെൽഫി ഒട്ടും താൽപര്യം കാണിച്ചില്ലെങ്കിലും ജെർസൻ അതെല്ലാം ഡെൽഫിയോട് വിശദമായിട്ട് പറയുമായിരുന്നു. അവിടെ ശുശ്രൂഷാ ദാസന്മാരുമായി ചേർന്നുള്ള പ്രാർഥനകളിൽ പ്രധാനമായത് നല്ല ഈണത്തിലും താളത്തിലുമുള്ള അർഥവത്തായ പാട്ടുകളാണ്. ജീവിതത്തിലിന്നുവരെ ഒരു മൂളിപ്പാട്ടുപോലും പാടാത്ത ജെർസൻ രാജ്യഹാളിലിരുന്നു പാട്ടു പാടുമെന്നത് ഡെൽഫിക്ക് വിശ്വസിക്കാനാകുമായിരുന്നില്ല.

ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് സഹോദരീ സഹോദരന്മാരുമായി ചേർന്ന് മൂലമ്പിള്ളി, പിഴല, കടമക്കുടി, കോതാട്, ചേന്നൂർ, ചിറ്റൂർ, വരാപ്പുഴ, മുളവുകാട് ദ്വീപുകളിലൊക്കെയുള്ള വീടുകളിൽ ലഘുലേഖകളും ബൈബിളും വീക് ഷാ ഗോപുരം ഉണരുകപോലുള്ള പുസ്തകങ്ങളും വിതരണംചെയ്ത്, വീട്ടുകാരെ ഉപദേശിച്ച് കയറിയിറങ്ങും. പല വീടുകളിൽനിന്നും അവർക്ക് അപമാനങ്ങളും ആക്ഷേപങ്ങളും ഏൽക്കേണ്ടിവരാറുണ്ട് എന്നറിഞ്ഞപ്പോൾ ഡെൽഫിക്ക് ശരിക്കും സന്തോഷമാണ് തോന്നിയത്.

ജെർസന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് പലതവണ ഡെൽഫി അയാളോട് ചോദിച്ചു. ജെർസന്റെ സ്വഭാവം വെച്ചുനോക്കിയാൽ നിർബന്ധിച്ചും പിണങ്ങിയും വേണമെങ്കിൽ മർദിച്ചും ഡെൽഫിയെ അവരുടെ സഭയിലേക്ക് ചേർക്കാൻ ശ്രമിക്കേണ്ടതാണ്. എന്നാൽ, അത് സാധിക്കില്ലെന്ന് അയാൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നതുകൊണ്ടാകാം അനുനയത്തിൽ അയാൾ കാര്യം സാധിക്കാൻ നോക്കിയിരുന്നത്.

രാജ്യഹാളിൽ ജെർസനോടൊപ്പം വെറുതെയെങ്കിലും ചെല്ലാൻ ഡെൽഫിയെ അയാൾ വിളിക്കുമായിരുന്നു. എപ്പോളും യഹോവാ സാക്ഷികളുടെ ചരിത്രവും മഹത്ത്വവും വചനങ്ങളും പറഞ്ഞുകൊടുക്കും. ഒരു സാധാരണ ചെരുപ്പും അരക്കയ്യൻ ഷർട്ടും പാന്റും മാത്രം ഇട്ടിരുന്ന ജെർസൻ സാക്ഷികളുടെ ഒപ്പം കൂടിയതിൽ പിന്നെ ഫുൾക്കൈയൻ ഷർട്ടിട്ടു. പോളീഷ് ചെയ്ത ഷൂസിട്ടു. വള്ളത്തിൽ പുഴയിൽനിന്ന് ചരൽവാരുന്ന പണിക്കാരനാണെന്ന് ആ പോക്കുകണ്ടാൽ തോന്നുമായിരുന്നില്ല. ജെർസന് ചേർന്ന വേഷമല്ലെങ്കിലും അയാൾ അങ്ങനെ ഗെറ്റപ്പിൽ പോകുന്നത് നല്ല രസമായിട്ട് ഡെൽഫിക്ക് തോന്നിയിരുന്നു.

യഹോവയെ സേവിക്കുവാൻ ആഗ്രഹിക്കുന്നവർ ആത്മവിദ്യയുമായി ബന്ധപ്പെട്ട സകലവസ്തുക്കളും തങ്ങളുടെ പക്കൽനിന്നും നീക്കം ചെയ്യേണ്ടതുണ്ട്. പുസ്തകങ്ങൾ, മാസികകൾ, സിനിമകൾ, പോസ്റ്ററുകൾ, സംഗീത റെക്കോഡുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ദോഷത്തിൽനിന്നും സംരക്ഷണത്തിനായി ശരീരത്തിൽ അണിയുന്ന മന്ത്രത്തകിടുകളോ ഏല​േസ്സാ പോലുള്ള മറ്റു വസ്തുക്കളോ ഒക്കെയും ഉൾപ്പെടും. കൊറിന്ത്യക്കാർക്കുള്ള ലേഖനം ഒന്നാം അധ്യായം 10 മുതൽ 21 വരെയുള്ള വാക്യങ്ങളിൽ ഇക്കാര്യം പ്രത്യേകം പറയുന്നുണ്ടത്രെ. അക്കാര്യങ്ങൾ അനുസരിക്കാനെന്നമട്ട് ജെർസൻ വീട്ടിലുണ്ടായിരുന്ന ചില പുസ്തകങ്ങളും മാസികകളും സീഡിപ്ലയറും സീഡികളും ഒക്കെ ആക്രിക്കാർക്ക് എടുത്തുകൊടുത്തു. ചുമരിൽ ലാമിനേറ്റ് ചെയ്ത് തൂക്കിയിരുന്ന ആഞ്ചിയുടെയും ജോൺസന്റെയും റാൻസന്റെയുമൊക്കെ ഫോട്ടോകൾ ജെർസൻ എടുത്തുമാറ്റാൻ തുടങ്ങിയപ്പോൾ ഡെൽഫി അയാളോട് ചോദിച്ചു, സ്വന്തം അപ്പന്റെയും സഹോദരങ്ങളുടെയും ഫോട്ടോകൾ ചുമരിൽ തൂക്കിയെന്നുവെച്ച് ഏതു ദൈവമാണിപ്പോൾ പരിഭവിക്കാനും ശിക്ഷിക്കാനും പോകുന്നത്. അതൊക്കെ അവിടെ കിടന്നോട്ടേടോ എന്ന്. ജെർസൻ ആ വാക്കുകൾ ചെവിക്കൊണ്ടില്ല. ജെർസന്റെ അമ്മ കുറച്ചുദിവസം കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ഡെൽഫി ജെർസന്റെ ഈ പ്രവൃത്തി ശ്രദ്ധയിൽപെടുത്തി. പക്ഷേ, ആ തള്ളയുടെ – അങ്ങനെയാണ് ഡെൽഫി ജൊസ്ഫീനയെ സംബോധന ചെയ്യുന്നത് – പ്രതികരണം ഡെൽഫിയെ അത്ഭുതപ്പെടുത്തി. ഓ... അവന്റെ വിശ്വാസത്തിൽ ഫോട്ടോകളൊന്നും പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. അതിലിപ്പോൾ എന്താണ് തെറ്റ്. ഫോട്ടോ വെച്ചില്ലെന്ന് വെച്ച് അപ്പനോടും സഹോദരങ്ങളോടും സ്നേഹമില്ലെന്നു വരില്ലല്ലോ.


കാർന്നവന്മാർ മുതൽ പകർന്നുകിട്ടിയ, ജനിച്ച​പ്പോൾ മുതൽ അനുഷ്ഠിക്കുന്ന വിശ്വാസങ്ങളെയും ശീലങ്ങളെയും എങ്ങനെയാണ് ഇവർക്കൊക്കെ ഇത്ര നിഷ്പ്രയാസം തള്ളിക്കളയാൻ കഴിയുന്നതെന്നോർത്ത് ഡെൽഫിക്ക് ഭയം തോന്നി. ജെർസൻ തന്നെ കൊന്നാലും ശരി, താനും മകനും കത്തോലിക്കാസഭയിൽ തന്നെ നിൽക്കുമെന്ന് ഡെൽഫി അയാളോട് തീർത്തുപറഞ്ഞു.

സാക്ഷിയായി മാറിയിട്ടും ജെർസന്റെ മുൻകോപത്തിന് കുറവൊന്നുമുണ്ടായില്ല. മദ്യപാനം മാത്രമാണ് ഇല്ലാതായത്. ഞായറാഴ്ചകളിൽ വയൽവിളക്ക് പോകുമ്പോൾ സഹോദരന്മാരുടെ കൈയിൽ പൊതിച്ചോറു കരുതുന്ന പതിവുണ്ട്. ചോറുപൊതിഞ്ഞ് കൊടുക്കണമെന്ന് ജെർസനും ഡെൽഫിയോടാവശ്യപ്പെട്ടു. ഈയൊരു കാര്യത്തിന് പോകുമ്പോൾ ചോറുകെട്ടിത്തരാൻ തന്നോട് പറയരുതെന്ന് ഡെൽഫി ജെർസനോട് തുറന്നുപറഞ്ഞു. ക്രിസ്തീയ സഭയോട് കൊടിയ പാപം ചെയ്യുന്നതുപോലെയാണതെന്ന് ഡെൽഫിക്കറിയാം. അതുകൊണ്ടാണ് ഇല്ലാത്ത ധൈര്യമുണ്ടാക്കി അതുപറയാൻ ഡെൽഫിക്ക് കഴിഞ്ഞതും.

ഡെൽഫിയെ വചനം പഠിപ്പിക്കാൻ ചില സഹോദരിമാരെ വീട്ടിലേക്ക് കൊണ്ടുവരട്ടേയെന്ന് ഒരുദിവസം ജെർസൻ അവരോട് ചോദിച്ചു. താൻ വീട്ടിലുള്ള​പ്പോഴെല്ലാം എന്നോട് വചനം പറയുകയും ഉപദേശിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇനി പ്രത്യേകിച്ച് ഈ സഹോദരിമാർ വീട്ടിൽവന്ന് എന്നെ എന്തു പഠിപ്പിക്കാനാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ വിശ്വാസം പാറപോലെ ഉറച്ചതാണെന്ന് ഡെൽഫി പറഞ്ഞു.

കൈതവേലിക്കാരുമായുള്ള പ്രശ്നങ്ങൾ അന്നത്തെ സംഭവങ്ങളോടെ ഏതാണ്ട് തീർന്നെന്ന് ഡെൽഫി ആശ്വസിച്ചു. തിരിച്ചങ്ങോട്ട് പ്രതികാരം ചെയ്യണമെന്ന ആഗ്രഹം ജെർസനും ഇല്ലാതായതായി തോന്നി അവർക്ക്. യഹോവാ സാക്ഷിയായതിന്റെ മറ്റൊരു ഗുണം.

പക്ഷേ, ഡെൽഫിയെ സംബന്ധിച്ചിടത്തോളം മദ്യപാനത്തേക്കാളും വഴക്കു കൂടുന്നതിനേക്കാളും ഒക്കെ ദോഷമുള്ള കാര്യമാണ് സത്യവിശ്വാസത്തിൽനിന്നുള്ള ഈ മാറിപ്പോകൽ.

മാസങ്ങൾക്കുശേഷം ഒരുദിവസം ജെർസൻ ഡെൽഫിയോട് പറഞ്ഞു, അയാൾ അന്ന് സ്നാനം മുങ്ങുകയാണെന്ന്. ജെർസന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാവുന്ന ഒരു ദിവസം. അന്നെങ്കിലും തന്റെയൊപ്പം ഡെൽഫിയും ബിനോയിയും ഉണ്ടാകണമെന്നയാൾ അവരോട് തുറന്നുപറഞ്ഞു. ഡെൽഫി അന്നും വഴങ്ങിയില്ല. പരിഭവവും ദേഷ്യവുംകൊണ്ട് ജെർസന് ഡെൽഫിയെ കൊന്നുകളയാൻ വരെ തോന്നിയിട്ടുണ്ടാകുമെന്ന് ഡെൽഫി പറയുന്നു. ജെർസന്റെ പെങ്ങളും അളിയനും അവരുടെ മക്കളുമൊക്കെ കൂടെയുണ്ടായത് ആ ദിവസം ഏതായാലും അയാൾക്ക് ആശ്വാസമായി.

സാക്ഷിയായി സ്നാനം മുങ്ങിയതിനെ തുടർന്ന് ജെർസൻ മറ്റൊരു പ്രതിജ്ഞയെടുത്തു. എത്ര വലിയ ആവശ്യം വന്നാലും മറ്റൊരാളുടെ രക്തം സ്വീകരിക്കുന്നത് പാപമായതുകൊണ്ട് അയാളത് ചെയ്യില്ലത്രെ. വിശുദ്ധ വേദപുസ്തകം അതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

സ്നാനം മുങ്ങിയ അന്ന് ജെർസൻ വീട്ടിൽ വന്നുകയറിയ പാടേ വീട്ടിലെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ചുവെച്ച് ഡെൽഫി എന്നും മെഴുകുതിരി കത്തിച്ചുവെച്ചു പ്രാർഥിച്ചിരുന്ന തിരുഹൃദയത്തിന്റെയും മാതാവിന്റെയും പുണ്യാളന്മാരുടെയും രൂപങ്ങൾ യാതൊരു കുറ്റബോധവും തോന്നാതെ എടുത്തുമാറ്റി. ആ പ്രവൃത്തി ഡെൽഫിയിലുണ്ടാക്കിയ ദേഷ്യവും സങ്കടവും ചെറുതല്ല. അവർ കുറെ പ്രതിഷേധിച്ചു, കരഞ്ഞു. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. സഹിക്കാതെ ഡെൽഫിക്ക് വേറെ വഴിയുമുണ്ടായിരുന്നില്ല.

യ​​ഹോവാ സാക്ഷിയായ ഒരാൾ നൂറു ശതമാനം ഉറപ്പോടെ വിശ്വസിക്കുന്നത് അവർ ഒരിക്കലും മരിക്കില്ലെന്നും എന്നും ജീവനോടെയിരിക്കുമെന്നുമാണ്. രാജ്യഹാളിൽ കേട്ട ഒരു കാര്യം പറഞ്ഞു അയാൾ. എം.ബി.ബി.എസ് പഠിച്ച ഒരു ഡോക്ടർ അതിനുവേണ്ടി ചെലവാക്കുന്ന പണം, പഠിക്കാനും പ്രാക്ടീസ് ചെയ്യാനും വിനിയോഗിക്കുന്ന സമയം വളരെയധികമാണ്. എന്നാൽ, അവർക്കും സമൂഹത്തിനും അതുകൊണ്ട് ലഭിക്കുന്ന പ്രയോജനമെന്നത് ആയുസ്സ് കുറെ നീട്ടിക്കിട്ടും എന്നതാണ്. എന്നാൽ, ഒരാൾ സ്നാനം മുങ്ങുന്നതിലൂടെ അയാൾ നിത്യം ജീവിക്കാനുള്ള യോഗ്യത നേടുകയാണ്. ഒരാളെ സാക്ഷിയിലേക്ക് കൊണ്ടുവരുന്നതിലൂടെ അയാളെ നിത്യജീവനിലേക്ക് കൊണ്ടുവരികയാണ്. മരണമില്ലാത്ത കാലം ഇങ്ങെത്തിക്കഴിഞ്ഞു.

അക്കൊല്ലം ഓശാന പെരുന്നാളിന് ഡെൽഫി വീട്ടിലുണ്ടാക്കിയ കൊഴുക്കോട്ട ജെർസൻ കഴിച്ചില്ല. അയാളുടെ അനുവാദത്തിന് നോക്കിനിന്നിരുന്നെങ്കിൽ അതുണ്ടാക്കാൻ തന്നെ ജെർസൻ സമ്മതിക്കുമായിരു

ന്നോ എന്ന് ഡെൽഫിക്ക് സംശയമാണ്. എന്നാൽ, ഇതുവരെയുണ്ടായതിനേക്കാൾ വലുത് സംഭവിക്കാനിരിക്കുകയായിരുന്നു.

പെസഹാ വ്യാഴാഴ്ചകളിൽ വളരെ നിഷ്ഠയോടെയും വിശുദ്ധിയോടെയും ഡെൽഫിയുണ്ടാക്കിയ അപ്പവും പാലും ജെർസൻ കഴിച്ചില്ല. അപ്പവും മുറിച്ചുനൽകിയില്ല.

യഹോവയുടെ സാക്ഷികളിൽ അംഗമായി സംരക്ഷിക്കപ്പെട്ടതിനാൽ ഇനിമുതൽ യഹോവയുടെയും ഭരണസംഘത്തിന്റെയും മാർഗനിർദേശങ്ങൾ അനുസരിക്കേണ്ടതിന് ഞാൻ ​ലത്തീൻ കത്തോലിക്കാ സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ് എന്നുകാണിച്ച് വിശദമായ ഒരു കത്തെഴുതി ജെർസൻ ഇടവക പള്ളിയിലെ വികാരിയച്ചന് രജിസ്ട്രേഡായി അയച്ചു. കത്തുകിട്ടിയതിന്റെ പിറ്റേ ഞായറാഴ്ച പള്ളിയിൽ കുർബാന കഴിഞ്ഞുപോരാൻ നിൽക്കുമ്പോൾ ​ഡെൽഫിയെ വിളിച്ച് അച്ചൻ പറഞ്ഞപ്പോഴാണ് ഡെൽഫി ഈ കാര്യം അറിയുന്നത്.

പട്ടാളം, പൊലീസ്, സർക്കാർ എന്നിങ്ങനെയുള്ള ഒരു സ്ഥാപനങ്ങളിലും യഹോവാ സാക്ഷികൾക്ക് വിശ്വാസമോ കൂറോ ഇല്ല. അത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളും ഒരിക്കൽ ഇല്ലാതാകും. വരാൻ പോകുന്ന ​ദൈവരാജ്യത്തിന് വേണ്ടിയാണ് അവരുടെ എല്ലാ പ്രവർത്തനങ്ങളും

 



ജെർസൻ ഡെൽഫിയോട് സ്ഥിരമായി വചനം പറയുന്നതുപോലെ ഡെൽഫി അയാളെ പുതിയ വിശ്വാസത്തിൽനിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുമായിരുന്നു.

ജെർസനോട് ഒരുപാടു മല്ലടിച്ചും ഏറെ ത്യാഗങ്ങൾ സഹിച്ചുമാണ് ഡെൽഫിയും ബിനോയിയും കത്തോലിക്കാ സഭയിൽ തുടർന്നുപോരുന്നത്. ഭാര്യയെയും മകനെയും ഏതുവിധേനയും സാക്ഷികളുടെ കൂട്ടത്തിൽ ചേർത്ത് മൂപ്പൻമാരുടെയും സഹോദരീ സഹോദരന്മാരുടെയും മുന്നിൽ തലയുയർത്തി രാജ്യഹാളിൽ ഞായറാഴ്ച പ്രാർഥനക്ക് ചെല്ലുന്ന അഭിമാനമുഹൂർത്തത്തെ ജെർസൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അവരെ തങ്ങളുടെ കൂട്ടത്തിലേക്ക് ചേർക്കാൻ കഴിഞ്ഞില്ലെങ്കിലും എഴുപതു വയസ്സായ ജൊസ്ഫീനയെ ജെർസന് മാറ്റിയെടുക്കാൻ കഴിഞ്ഞു. അയാളുടെ പെങ്ങളുടെയും അളിയന്റെയും സ്വാധീനവും പരിശ്രമവുംകൊണ്ടു കൂടിയാണെങ്കിലും ഒരാളെയെങ്കിലും രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ചേർക്കാൻ കഴിഞ്ഞതിൽ ജെർസൻ ആശ്വസിച്ചു.

ജെർസനില്ലാത്തപ്പോൾ ജൊസ്ഫീന വീട്ടിൽ വന്നാൽ, അവരിൽ സ്വാധീനമില്ലെങ്കിലും ഡെൽഫി അവരെ ഉപദേശിച്ച് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും. നാട്ടുകാർക്ക് ഇത് പക്ഷേ, വിശ്വസിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. എന്നും പള്ളിയിൽ പോയി കുർബാന കൂടി തിരുവോസ്തി സ്വീകരിക്കുന്ന ജൊസ്ഫീന കുടുംബ പ്രാർഥനക്കും ധ്യാനങ്ങൾക്കും പോകുമായിരുന്നു. കൃപാസനത്തിലെ പതിവുസന്ദർശകയായിരുന്നു. വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ മൂന്നാം സഭയിൽ അംഗമായിരുന്നു അവർ. തോൾ നാടൻ പുതക്കുന്നതുപോലുള്ള കാപ്പിനിറത്തിലെ ഉടുപ്പുമണിഞ്ഞ് ചടങ്ങുകൾക്ക് പ​ങ്കെടുക്കും. ദർശന സമൂഹത്തിൽ അംഗമായ ജൊസ്ഫീന ഓപ്പയും മൂഷയും അണിയാറുണ്ട്. ദിവസവും രണ്ടുനേരവും മാതാവി​െന്റ കൊന്ത ചൊല്ലുകയും ചെയ്യുമായിരുന്നു.

മരിച്ചുകഴിഞ്ഞാൽ തന്റെ മരണാനന്തര കർമങ്ങൾ ഏതു രീതിയിൽ വേണമെന്നും എവിടെ അടക്കം ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം ജെർസനാണെന്നും ജൊസ്ഫീന എല്ലാവരോടും പറഞ്ഞുനടന്നു. യഹോവാ സാക്ഷികളുടെ ആചാര പ്രകാരമുള്ള ശവസംസ്കാര രീതിയെപ്പറ്റി കേട്ടിടത്തോളം ഡെൽഫിക്കത് ക്രൂരവും അപരിഷ്കൃതവുമായാണ് തോന്നിയത്. മരണശേഷം അവർ മൃതദേഹത്തിന് വലിയ വിലയൊന്നും കൽപിക്കുന്നില്ല​േത്ര. ദൂരെയെങ്ങോ ഉള്ള കാടുപിടിച്ചു കിടക്കുന്നതും സെമിത്തേരി എന്നുപോലും പറയാനാകാത്തതുമായ ഒരു പറമ്പിൽ പട്ടിയെ കുഴിച്ചിടുന്നതുപോലെ അടക്കിയിട്ട് പോരുമത്രെ. പിന്നെ അവിടേക്ക് ഒരാളും തിരിഞ്ഞുനോക്കുകപോലും ചെയ്യാറില്ലത്രെ!

ഡെൽഫി വളരെ അഭിമാനത്തോടെ പറയുകയാണ്, നമ്മൾ എത്ര ശ്രദ്ധയോടും ആദരവോടെയുമാണ് മൃതദേഹം കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും മറ്റും അണിയിച്ച് വിലകൂടിയ ശവപ്പെട്ടിയിൽ കിടത്തി ആചാരപൂർവം അടക്കുന്നത്. അതുകഴിഞ്ഞ് കുഴിമാടം പണിത് അലങ്കരിക്കും, എന്നും കുഴിമാടത്തിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിക്കും, ഏഴിനും മുപ്പതിനും ആറാം മാസവും ആണ്ടിനും അടിയന്തിരം കഴിച്ച് ആളുകളെ വിളിച്ചു നല്ല ഭക്ഷണം കൊടുക്കും.

ഡെൽഫി ഒരിക്കൽ ജൊസ്ഫീനയെ പറഞ്ഞുപറ്റിച്ച് വല്ലാർപാടം പള്ളിയിൽ കൊണ്ടുപോയി. എറണാകുളത്ത് മരുന്നിന് പോകാമെന്ന് പറഞ്ഞ് അവരെ ഓട്ടോറിക്ഷയിൽ കയറ്റി. പോഞ്ഞിക്കര ജങ്ഷനിലെത്തിയപ്പോൾ ഓട്ടോക്കാരനോട് വലതുവശത്തേക്ക് പോകട്ടെയെന്ന് ഡെൽഫി പറഞ്ഞു. ഡെൽഫിയുടെ ഭാഗ്യത്തിന് ജൊസ്ഫീന അതു കേട്ടില്ല. ഓട്ടോറിക്ഷ വല്ലാർപാടം പള്ളിക്ക് മുന്നിൽ നിർത്തിയപ്പോൾ ഡെൽഫി ജൊസ്ഫീനയോട് ഇറങ്ങാൻ പറഞ്ഞു. പുറത്തിറങ്ങി തലയുയർത്തി നോക്കിയ അവർ ഉയരമുള്ള പള്ളിയുടെ മുഖപ്പും ആകാശത്തിന്റെ അതിര് തൊടാൻ പാകത്തിൽ ഉയർന്നുനിൽക്കുന്ന രണ്ടു ഗോപുരങ്ങളും കണ്ടു. താനൊരു യഹോവാ സാക്ഷിയാണെന്നത് മറന്നുകൊണ്ട് അറിയാതെ ജൊസ്ഫീന ഇരുകൈകളും പള്ളിക്ക് നേരെ ഉയർത്തി. പിന്നെ സ്വന്തം നെഞ്ചിലേക്ക് കൈകൾ അടിച്ചുകൊണ്ട് എന്റെ മാതാവേ എന്ന് കരയും മട്ടിൽ വിളിച്ചു. ആ കാഴ്ച ഡെൽഫിയിൽ ഒരു പ്രതീക്ഷ നിറച്ചിരുന്നു. അടിമനേർച്ച കഴിക്കാൻ പള്ളിക്കകത്ത് കയറുമ്പോൾ വയസ്സായ അമ്മയെ എങ്ങനെ പള്ളിമുറ്റത്ത് ഒറ്റക്ക് നിർത്തിയിട്ടുപോകും എന്നുപറഞ്ഞ് ഡെൽഫി ജൊസ്ഫീനയെ വിളിച്ച് കൈപിടിച്ചുകൊണ്ടുപോയി അടിമ കഴിക്കുന്നിടത്ത് മുട്ടുകുത്തി നിർത്തിച്ചു. അച്ചൻ വന്ന് തലയിൽ കൈവെച്ചു പ്രാർഥിച്ച് തലയിൽ പുത്തൻവെള്ളം തളിച്ചപ്പോൾ ജൊസ്ഫീന നിശ്ശബ്ദയായി ഭക്തിയോടെ ഇരുന്നുകൊടുത്തു. പിന്നെ ചൂലെടുത്ത് പള്ളിമുറ്റമടിക്കാനും രൂപം തൊട്ടു മൊത്തി നേർച്ചയിടാനും ഡെൽഫിക്കൊപ്പം കൂടി. ഇതൊക്കെ കണ്ട് ഡെൽഫിക്ക് ഉള്ളിൽ ചിരിപൊട്ടി. ജെർസൻ അറിയാതെ ഇതൊക്കെ അവരെ കൊണ്ട് ചെയ്യിക്കാൻ കഴിഞ്ഞതിൽ അവർക്ക് നിഗൂഢമായ ഒരാനന്ദം ഉണ്ടായി. ജെർസനെങ്ങാനും ഇതറിഞ്ഞാൽ ഡെൽഫിയുടെ നാഭിക്കിട്ട് ചവിട്ടുകിട്ടാൻപോലും മതിയായ കാരണമാണിതെന്നവർക്കറിയാം. ജെർസനോട് ഇതിനെക്കുറിച്ച് ഒന്നും പറയേണ്ടെന്ന് ഡെൽഫി ജൊസ്ഫീനയോട് പറഞ്ഞില്ല. അവരത് അയാളോട് പറയില്ലെന്ന് ഡെൽഫിക്കുറപ്പായിരുന്നു. കാരണം, അക്കാരണത്താൽ ആദ്യം അടികിട്ടുന്നത് ജൊസ്ഫീനക്ക് തന്നെയായിരിക്കും. പിന്നെ ഡെൽഫിക്കതുകൊണ്ട് ദോഷമുണ്ടാകുമെന്ന് മനസ്സിലാക്കിയാൽ അവർക്കിട്ട് രണ്ടെണ്ണം കിട്ടിയാലും കുഴപ്പമില്ല ഡെൽഫിക്ക് നാലെണ്ണം കിട്ടുമല്ലോ എന്ന് വിചാരിക്കുന്നവരാണ് ജൊസ്ഫീനയെന്ന് ഡെൽഫി പറയുന്നു.

ബിനോയിയുടെ മാമോദീസ ചെറുപ്രായത്തിലേ നടത്തിയത് എത്ര ഭാഗ്യമായെന്ന് ഡെൽഫി ദീർഘനിശ്വാസത്തോടെ ഓർക്കും. അതല്ല ഇപ്പോളാണെങ്കിൽ ജെർസൻ അതിന് സമ്മതിക്കില്ലായിരുന്നു. കുർബാന കൈക്കൊള്ളപ്പാട് നടത്താതെ വന്നാൽ ഭാവിയിൽ മറ്റു കുട്ടികൾ കുർബാന മധ്യേ തിരുവോസ്തി സ്വീകരിക്കുമ്പോൾ ബിനോയിക്കത് കൊതിയോടെ മാറി നോക്കിനിൽക്കേണ്ടിവരുമായിരുന്നു.

ഓസ്തി എന്നാൽ വെറും നേർത്ത ഗോതമ്പപ്പം മാത്രമാണെന്ന് ജെർസൻ കളിയാക്കി പറയാറുണ്ട്. ഹൃദയവേദനയോടെയാണ് ഡെൽഫി അത് കേട്ടിരുന്നത്. അറിവില്ലാത്ത പ്രായത്തിൽ മാമോദീസ മുക്കുന്നതു തെറ്റാണെന്നാണ് ജെർസൻ പറയുന്നത്. ദൈവത്തെക്കുറിച്ചും ബൈബിളിനെ കുറിച്ചും എല്ലാം പഠിച്ചതിനുശേഷം മാത്രം സ്വമനസ്സാലേ സ്വീകരിക്കേണ്ട കർമമാണ് ജ്ഞാനസ്നാനവും മറ്റും.

വല്ലാർപാടം പള്ളിയിൽ പോയി അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ അന്നുതന്നെ ജൊസ്ഫീന മലക്കംമറിഞ്ഞ് ജെർസന് മുന്നിൽ വീണ്ടും യഹോവാ സാക്ഷിയായി മാറി. ജെർസനെ ആ തള്ളക്ക് അത്രക്ക് പേടിയാണെന്ന് ഡെൽഫി ചിരിച്ചുകൊണ്ടു പറയുന്നു.

ജെർസനൊപ്പമുള്ള മറ്റു സാക്ഷി സഹോദരന്മാർ അവരുടെ ഭാര്യയെയും മക്കളെയും കൂട്ടി രാജ്യഹാളിൽ വരുന്നത് കാണുമ്പോൾ ജെർസന് അത് സഹിക്കാൻ കഴിയുന്നില്ല.

അങ്ങനെയിരിക്കെ ആ വർഷത്തെ മഴക്കാലത്ത് ശക്തമായ കാറ്റും മഴയുമുള്ള ഒരു രാത്രിയിൽ പറമ്പിൽനിന്നിരുന്ന ഒരു വലിയ തെങ്ങ് ഡെൽഫിയുടെ വീടിന് മുകളിലേക്ക് മറിഞ്ഞുവീണു. അവർ മൂന്നുപേരും വീടിനകത്തുണ്ടായിരുന്നെങ്കിലും ആപത്തൊന്നും കൂടാതെ രക്ഷപ്പെട്ടു. വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയും ഭിത്തിയും തകർന്നു. വീടിനകത്ത് മഴവെള്ളം നിറഞ്ഞ് എല്ലാം നശിച്ചു. ജീവൻ തിരിച്ചുകിട്ടിയത് യഹോവയുടെ അനുഗ്രഹമായി ജെർസൻ പറഞ്ഞപ്പോൾ മാതാവിനെയും വിശുദ്ധ കുർബാനയെയും പരിഹസിച്ചതിന് ഈശോ തന്ന ശിക്ഷയായിട്ടാണ് ഡെൽഫിക്ക് തോന്നിയത്. സാംസണും അമ്മയും പെങ്ങളുമൊക്കെ മൂന്നുപേരെയും അവരവരുടെ വീടുകളിലേക്ക് ക്ഷണിച്ചിട്ടും ജെർസൻ അതെല്ലാം നിരസിച്ചുകൊണ്ട് കുടുംബത്തെയും കൂട്ടിപ്പോയത് ബന്ധമൊന്നുമില്ലാത്ത ഒരു യഹോവാ സാക്ഷിയുടെ വീട്ടിലേക്കാണ്. അത്യാഹിതം അറിഞ്ഞയുടൻ സ്വന്തം കാറുമായി ആദ്യം ഓടിയെത്തി അവരെ കൊണ്ടുപോകാൻ തയാറായ ജെറോം എന്ന ​സഹോദരന്റെ വീട്ടിലേക്ക്.

അത്യാവശ്യ സാധനങ്ങളും വിലപ്പെട്ട രേഖകളുമെടുത്ത് ആ സഹോദരന്റെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന വീട്ടിലേക്ക് താമസം മാറ്റാൻ ജെർസന് വല്ലാത്ത തിടുക്കമായിരുന്നു.

ഒരാഴ്ചകൊണ്ട് ജെർസന്റെ മേൽക്കൂര തകർന്ന വീട് യഹോവാ സാക്ഷികളിലെ സഹോദരീ സഹോദരന്മാർ ചേർന്ന് പഴയപടിയാക്കി നന്നാക്കിയെടുത്തു. മുഴുവൻ മേൽനോട്ടവും പണം ചെലവഴിക്കലും അവർതന്നെയായിരുന്നു. ജെറോം സഹോദരന്റെ വീട്ടിൽ അഭയാർഥികളെപ്പോലെ കഴിയേണ്ടിവരുമ്പോൾ അവരുടെ കാരുണ്യവും സ്നേഹവും കണ്ടിട്ട് അവരോട് മതിപ്പുണ്ടായി ഡെൽഫിയുടെ മനസ്സു മാറുമെന്ന് കരുതിയാണ് ജെർസൻ ബന്ധുക്കളുടെയൊന്നും വീടുകളിലേക്ക് പോകാതിരുന്നതെന്ന് ആദ്യം ഡെൽഫിക്ക് മനസ്സിലായിരുന്നില്ല.

തെങ്ങ് വീണതിന്റെ അഞ്ചാം പക്കം കോയമ്പത്തൂർനിന്ന് മേൽ വിചാരക സംഘവും സഹോദരന്മാരും വീട്ടിലെത്തി ആകെയുണ്ടായ നഷ്ടങ്ങളുടെ കണക്കെടുത്തുകൊണ്ടുപോയി. പിന്നെ അഞ്ചും ആറും പേരുടെ സംഘം വന്ന് വീട് വൃത്തിയാക്കി. ആകെ പെയിന്റടിച്ച് പുത്തനാക്കി. പണി പൂർത്തിയായി കഴിഞ്ഞപ്പോൾ ഒരു മിനിലോറിയിൽ പുതിയ വസ്ത്രങ്ങൾ, ബെഡുകൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, കർട്ടനുകൾ ഒക്കെ എത്തിച്ചേർന്നു. എല്ലാം അവർതന്നെ വേണ്ടിടത്ത് എടുത്തുവെച്ചു. ഇതെല്ലാം കണ്ട് ഡെൽഫി വല്ലാത്ത ആശയക്കുഴപ്പത്തിലായി.


സഹോദരീ സഹോദരന്മാരെല്ലാവരും ചേർന്ന് വീടുപണിയിൽ മുഴുകിയ ദിവസങ്ങളിൽ അവർക്കെല്ലാവർക്കും മൂന്നുനേരത്തേക്കുമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കേണ്ടതുണ്ടായിരുന്നു. ഓരോ തവണയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന് മുമ്പായി തീൻമേശക്ക് ചുറ്റുമിരുന്ന് യഹോവക്ക് നന്ദി പറഞ്ഞുകൊണ്ടവർ പ്രാർഥിക്കുമായിരുന്നു. ആ സമയങ്ങളിൽ വിളമ്പിക്കൊടുക്കാനും മറ്റുമായി ഡെൽഫിക്ക് അവിടെത്തന്നെ നിൽക്കേണ്ടതുണ്ടായിരുന്നു. അന്നൊക്കെ ജെർസൻ ഏതാണ്ട് ഉറപ്പിച്ചമട്ടായിരുന്നു ഡെൽഫി അയാൾക്കൊപ്പം യഹോവാ സാക്ഷിയിലേക്ക് ചേരുമെന്ന്. അവർ ഇത്രയും സഹായങ്ങൾ ചെയ്തിട്ട് പ്രത്യുപകാരമെന്ന നിലക്കെങ്കിലും മനസ്സുമാറി രക്ഷിക്കപ്പെട്ടില്ലെങ്കിൽ പിന്നെ ഒരുകാലത്തും അത് പ്രതീക്ഷിക്കേണ്ടെന്ന് ജെർസൻ വിചാരിച്ചുകാണും.

നന്നാക്കിയ വീട്ടിൽ താമസം തുടങ്ങിയതിന്റെ പിറ്റേ ഞായറാഴ്ച ഡെൽഫിയോടും ബിനോയിയോടും രാജ്യഹാളിൽ കൂടെ ചെല്ലാൻ ജെർസൻ ആവശ്യപ്പെട്ടു. അവരതിന് വഴങ്ങിയില്ല. നിങ്ങൾ എന്തു നന്ദികേടാണ് കാണിക്കുന്നതെന്ന് ജെർസൻ ആക്രോശിച്ചു. ഇതിനെയാണ് ബ്ലാക്ക് മെയിലിങ് എന്നുപറയുന്നതെന്ന് ഡെൽഫി തിരിച്ചടിച്ചു. നീ സാക്ഷിയാകാൻ വേണ്ടിയല്ല അവർ ഈ സഹായങ്ങളൊക്കെ ചെയ്തുതന്നതെന്ന് പറഞ്ഞ് മുഖം കറുപ്പിച്ചുകൊണ്ട് ജെർസൻ അന്ന് വീട്ടിൽ നിന്നിറങ്ങിപ്പോയി. അതിനുശേഷമുള്ള ദിവസങ്ങളിൽ ഡെൽഫിയോടും ബിനോയിയോടുമുള്ള ജെർസന്റെ മിണ്ടാട്ടമൊക്കെ തീരെ കുറവായിരുന്നു. നിസ്സാര കാര്യങ്ങൾക്കുപോലും വലിയ ദേഷ്യം. ചരൽ വാരാൻ പോകുന്നതുതന്നെ കുറഞ്ഞു. കൂടെ പണിക്ക് പോകുന്നവർ പലരും മറ്റാളുകളുടെ കൂടെ പോകാൻ തുടങ്ങി. മിക്കപ്പോളും മുറിയിൽ കയറിയിരുന്ന് ശ്രദ്ധയോടെ ബൈബിൾ വായിക്കും. ആയിടക്ക് വീട്ടിലെ ടെലിവിഷൻ കേടായി. ജെർസനത് നന്നാക്കിയുമില്ല. പുതിയത് വാങ്ങിയുമില്ല. കപ്പേളയിലെ പെരുന്നാളിന് അമ്പെഴുന്നള്ളിച്ചുവെക്കാൻ കൂടി പോയില്ല ഡെൽഫി; ജെർസന്റെ എതിർപ്പ് ഭയന്ന്.

ക്രിസ്റ്റഫറിന്റെ ഒന്നാം ചരമവാർഷികത്തിന്റെയന്നാണ് രാജ്യഹാളിലെ പ്രാർഥനക്കുശേഷം മടങ്ങിവരുമ്പോൾ ചെട്ടിഭാഗത്തുവെച്ച് ജെർസന്റെ ബൈക്ക് അപകടത്തിൽപെടുന്നത്. അപകടത്തിനുശേഷവും യഹോവാ സാക്ഷികൾ അവർക്ക് കുറെ സഹായങ്ങൾ ചെയ്തു. പണം ചെലവാക്കി. പക്ഷേ, ജെർസൻ പഴയ അവസ്ഥയിലേക്ക് വരില്ലെന്നുറപ്പായപ്പോൾ അവരെല്ലാം ക്രമേണ വരാതെയായി.

(തുടരും)

Tags:    
News Summary - madhyamam weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT