അതൃപ്തരായ ആത്മാക്കൾ -8

ഡെൽഫിയുടെ ജീവിതത്തെ അടിമുടി മാറ്റിത്തീർത്ത ഒരു സംഭവമായിരുന്നു ജെർസന്റെ ബൈക്കപകടം. അതുകൊണ്ടുതന്നെ അതിനെപ്പറ്റി അവർ വിശദമായിട്ടു പറഞ്ഞു. അപകടത്തിന് ഒരു മണിക്കൂർ മുമ്പുവരെ ജെർസൻ ഡെൽഫിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ചര​ൽ വാരൽ കഴിഞ്ഞ് ഉച്ചഭക്ഷണത്തിനുശേഷം ഒരു മയക്കവും കഴിഞ്ഞ് വൈകുന്നേരമാണ് അയാൾ പ്രാർഥനാസ്ഥലത്തേക്ക് പോയത്. അവിടെ പ്രാർഥനക്കുശേഷം ഹാൾ വൃത്തിയാക്കാനും പൂന്തോട്ടം നനക്കാനും ഒപ്പംകൂടി. തിരിച്ച് വീട്ടിലേക്ക് വരുമ്പോളാണ് ചെട്ടിഭാഗത്തുവെച്ച് ബൈക്ക് അപകടത്തിൽപെട്ടത്. സന്ധ്യക്ക് ഡെൽഫി കട്ടിലിൽ ബിനോയിയോട് വർത്തമാനം പറഞ്ഞ് കിടക്കുകയായിരുന്നു, പുറത്ത് മഴ ചാറുന്നുണ്ട്....

ഡെൽഫിയുടെ ജീവിതത്തെ അടിമുടി മാറ്റിത്തീർത്ത ഒരു സംഭവമായിരുന്നു ജെർസന്റെ ബൈക്കപകടം. അതുകൊണ്ടുതന്നെ അതിനെപ്പറ്റി അവർ വിശദമായിട്ടു പറഞ്ഞു.

അപകടത്തിന് ഒരു മണിക്കൂർ മുമ്പുവരെ ജെർസൻ ഡെൽഫിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ചര​ൽ വാരൽ കഴിഞ്ഞ് ഉച്ചഭക്ഷണത്തിനുശേഷം ഒരു മയക്കവും കഴിഞ്ഞ് വൈകുന്നേരമാണ് അയാൾ പ്രാർഥനാസ്ഥലത്തേക്ക് പോയത്. അവിടെ പ്രാർഥനക്കുശേഷം ഹാൾ വൃത്തിയാക്കാനും പൂന്തോട്ടം നനക്കാനും ഒപ്പംകൂടി. തിരിച്ച് വീട്ടിലേക്ക് വരുമ്പോളാണ് ചെട്ടിഭാഗത്തുവെച്ച് ബൈക്ക് അപകടത്തിൽപെട്ടത്.

സന്ധ്യക്ക് ഡെൽഫി കട്ടിലിൽ ബിനോയിയോട് വർത്തമാനം പറഞ്ഞ് കിടക്കുകയായിരുന്നു, പുറത്ത് മഴ ചാറുന്നുണ്ട്. സിനിമകളിലും സാഹിത്യ കൃതികളിലും ഇ​തുപോലുള്ള സംഭവങ്ങൾ നടക്കുന്ന സീനുകളിൽ ചാറ്റൽമഴ പതിവാണല്ലോ. അതുകൊണ്ട് ഒരുപക്ഷേ എന്നോടാ കഥ പറഞ്ഞപ്പോൾ ഇല്ലാത്ത മഴ കയറിവന്നതാണോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. മഴ തോരുന്നില്ലല്ലോ, ബൈക്കോടിച്ചുവരുന്ന ജെർസൻ റെയിൻകോട്ടിട്ടിട്ടുണ്ടാകുമോ എന്നൊക്കെ ഡെൽഫി ആശങ്കപ്പെട്ടത്രേ!


ജെർസന്റെ ബൈക്ക് രാത്രി മെയിൻ റോഡിൽനിന്ന് ശബ്ദമുണ്ടാക്കി വീടിന് മുന്നിൽ സ്ഥിരമായി വന്നുനിൽക്കുന്നിടത്ത് നിർത്തുന്ന ഒച്ച ഡെൽഫി കേട്ടു. ജെർസനപ്പൻ വന്നു, ജെർസനപ്പൻ വന്നു എന്നുപറഞ്ഞുകൊണ്ട് ബിനോയി എഴുന്നേറ്റു പുറത്തേക്കോടി. ഡെൽഫി അവനൊപ്പം ചെന്നു. വാതിൽപടിയിൽനിന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവിടെ ബൈക്കുമില്ല ആളുമില്ല എന്ന് ഡെൽഫി കണ്ടു. ഉള്ളത് ഇരുട്ടുമാത്രം. വണ്ടി വന്നുനിൽക്കുന്ന ഒച്ച ശരിക്കും കേട്ടതാണല്ലോ എന്നവർ ഓർത്തു. പിന്നെ എപ്പോഴോ അവർ ഉറങ്ങിപ്പോയി. കോളിങ് ബെൽ അടിക്കുന്നതു കേട്ട് ഡെൽഫി ഉണർന്നതും ജെർസൻ വന്നെന്ന് കരുതിയാണ്. ചെന്നുനോക്കിയപ്പോൾ സാംസണും മിനിയുമാണ്. അനിയനും കെട്ടിയവളും. നിസ്സാര പരിക്കുകളേ ഉള്ളൂ എന്നാണവർ പറഞ്ഞത്. എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചെന്നപ്പോളാണ് അറിഞ്ഞത് ജെർസൻ വെന്റിലേറ്ററിലാണെന്ന്. രണ്ടാഴ്ച കഴിഞ്ഞു ജെർസനെ വാർഡിലേക്ക് കൊണ്ടുവരാൻ. മരിക്കാൻ എന്നമട്ട് കിടക്കുന്ന ജെർസന്റെയടുത്ത് രാവും പകലും ഉറക്കമൊഴിച്ച് അയാളുടെ കൈയിൽ പിടിച്ചുകൊണ്ടിരുന്നു. ജെർസന്റെ മൂക്കിലും മൂത്രമൊഴിക്കുന്നിടത്തും കൈയിൽ ഡ്രിപ്പിടാനും ഓരോ കുഴലുകളിട്ടിട്ടുണ്ട്. ബോധം ഇടക്ക് തെളിയുമ്പോൾ അയാൾ അസ്വസ്ഥതയും ഈർഷ്യയും കാട്ടി ട്യൂബുകൾ വലിച്ചുകളയാൻ നോക്കും. പലതവണ അങ്ങനെ വലിച്ചുകളയുകയും ചെയ്തു. അങ്ങനെയുണ്ടാകാതിരിക്കാനാണ് എപ്പോളും ഡെൽഫി ജെർസന്റെ കൈകളിൽ പിടിച്ചുകൊണ്ടിരുന്നത്. കരുതലിനുവേണ്ടി കൈകൾ കട്ടിലിൽ കെട്ടിയിടാമെന്ന് നഴ്സ് പറഞ്ഞപ്പോൾ ഡെൽഫി അതു വേണ്ടെന്ന് പറയുകയായിരുന്നു. മാത്രമല്ല, ഒടിഞ്ഞതിനാൽ ഒരു കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു.

അടുത്ത ബെഡിൽ കിടക്കുന്നത് അപകടം സംഭവിച്ചുവന്ന ഒരു ചെറുപ്പക്കാരനാണ്. ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു കുഴിയിലേക്ക് തലയും കുത്തി വീണതാണ്. പുറമെ അയാൾക്ക് പരിക്കുകളൊന്നുമില്ലായിരുന്നു. പക്ഷേ, ഭയങ്കര അലർച്ചയായിരുന്നു അയാൾ. ബഹളവും അക്രമവും കാരണം അയാളെ ബെഡിൽ ചേർത്ത് കയറുകൊണ്ട് കെട്ടിയിട്ടിരുന്നു. അയാളെങ്ങാനും കയറുപൊട്ടിച്ച് വരുമോ എന്ന ഭയം അന്ന് മറ്റു പ്രയാസങ്ങൾക്കൊപ്പം വേറെയുണ്ടായിരുന്നു.

പലരും ജെർസന്റെ വിവരമറിയാൻ അന്വേഷിച്ചുവരുമെങ്കിലും മിക്കപ്പോളും ഡെൽഫി ആശുപത്രിയിൽ ഒറ്റക്കായിരുന്നു. പീരിയഡ് ആയ സമയത്ത് പാഡ് മാറാൻ പോകാൻ കൂടി ബുദ്ധിമുട്ടി. അങ്ങനെയാണ് നല്ല ബന്ധത്തിലല്ലെങ്കിലും ജെർസന്റെ അമ്മ ജൊസ്ഫീന ഡെൽഫിയെ സഹായിക്കാൻ ആശുപത്രിയിൽ വന്നത്. തോമസ് അളിയൻ കൊണ്ടുവന്നുവിടുകയായിരുന്നു. ജെർസന്റെ കൈപിടിച്ചിരിക്കാൻ ഒരാളായല്ലോ എന്നോർത്ത് ഡെൽഫി ആശ്വസിച്ചു. അമ്മ ഉടുത്തുകൊണ്ടുവന്ന വെള്ള ചട്ടയും മുണ്ടും മാറ്റി കൈലിമുണ്ടും പഴയ ചട്ടയും എടുത്തുടുത്തു. എന്നിട്ട് ഡെൽഫിയുമായി വർത്തമാനം പറയാൻ തുടങ്ങുമ്പോളാണ് ജെർസന്റെ മൊബൈൽ ഫോണിലേക്ക് ഒരു കോൾ വന്നത്.

കൂട്ടുകാരൻ ടോമിയാണ്. ഡെൽഫീ, അമ്മ അടുത്തുണ്ടെങ്കിൽ ഒന്നുമാറിനിൽക്കൂ എന്നാണ് ടോമി ആദ്യം പറഞ്ഞത്. ഡെൽഫി മുറിക്ക് പുറത്തിറങ്ങിനിന്നു. ചേച്ചീ, നിങ്ങടെ സാംസണ് പെട്ടെന്നൊരു നെഞ്ചുവേദനയും ശ്വാസംമുട്ടലും. അമ്മയെ വേഗം വീട്ടിലേക്ക് പറഞ്ഞുവിടൂ എന്ന് ടോമി പറഞ്ഞു.

നെഞ്ചുവേദന വന്നതിന് അമ്മയെ പറഞ്ഞുവിടുന്നതെന്തിനാണ് ടോമീ എന്ന് ഡെൽഫി സംശയമുന്നയിച്ചു. ചേച്ചി, അങ്ങനെ പറയല്ലേ, അമ്മയെ പറഞ്ഞുവിട്. ഞാൻ ആശുപത്രിയിലേക്ക് പോകുകയാണ് എന്നുപറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.

അപ്പോൾതന്നെ ഡെൽഫിയുടെ കൈയും കാലും ഭയംമൂലം വിറക്കാൻ തുടങ്ങി. അവർ ജൊസ്ഫീനയുടെ അടുത്തുചെന്ന് സാംസണ് എന്തോ പറ്റി എന്നുപറഞ്ഞതും എടുത്തവായ്ക്കും അവർ പറയുകയാണ്, എന്നാലവൻ തൂങ്ങിച്ചത്തിട്ടുണ്ടാകും എന്ന്. ഡെൽഫി ഉടനെ ചോദിച്ചു. അതെന്താണമ്മേ അങ്ങനെ പറഞ്ഞത് എന്ന്. അമ്മ പറഞ്ഞു: മോളേ, അവനും അവന്റെ കെട്ടിയവൾ മിനിയും തമ്മിൽ കുറെ ദിവസമായിട്ട് കലഹമാണ്. ജെർസന് അപകടം പറ്റിയതുമുതൽ സാംസൺ പണിക്കൊന്നും പോകാതെ കുടിയാണ്. ജെർസന് അയ്യായിരം രൂപ കൊണ്ടുവന്നു തരാൻ വേണ്ടി പണയം വെക്കാനായി അവളുടെ താലിമാല അവൻ ചോദിച്ചു നടക്കുകയാണ്. മിനിയാകട്ടെ മാല കൊടുക്കില്ലെന്ന ഒറ്റ വാശിയിലും. അവളത് എവിടെയോ കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചു. കാരണം മാല പണയംവെച്ച് പൈസ കിട്ടിയാൽ അതു മുഴുവനും കൊണ്ടുപോയവൻ കുടിച്ചുതീർക്കുമെന്ന പേടിയാണവൾക്ക്. മാല പണയംവെക്കാൻ കൊടുത്തില്ലെങ്കിൽ തൂങ്ങിച്ചാകുമെന്ന് സാംസൺ മിനിയെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. സാംസൺ മിനിയോട് പറയുന്നുണ്ടായിരുന്നു, എടീ, നിന്റെ അനിയത്തീടെ കൊച്ചിന്റെ മാമോദീസക്ക് ഞാൻ സ്വർണത്തിന്റെ പാദസരം ഇട്ടുതന്നതല്ലേ... പിന്നെ എന്റെ ചേട്ടന് അയ്യായിരം രൂപ കൊടുത്താൽ എന്താണ് എന്ന്.

എന്തുവന്നാലും മാല കൊടുക്കാൻ പറ്റില്ലെന്ന് മിനി തറപ്പിച്ചുപറഞ്ഞു. സാംസൺ അലമാരയിലും അടുക്കളയിലും വീടിന്റെ മച്ചിൻപുറത്തും ഒക്കെ അന്വേഷിച്ചെങ്കിലും മാല കിട്ടിയില്ല. അപ്പോളയാൾ ഭ്രാന്തെടുത്തവനെപ്പോലെ വയലന്റായി. മിനിക്കിട്ട് നല്ല ഇടികൊടുത്തിട്ട് എവിടേക്കെങ്കിലും പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇത്രയും കാര്യങ്ങൾ അപ്പോൾ ജൊസ്ഫീന പറഞ്ഞാണ് ഡെൽഫി അറിഞ്ഞത്. ബാക്കി പിന്നീടും.

അഞ്ചും മൂന്നും വയസ്സായ പെൺമക്കളുമായി മിനി മൂന്നാലു വീടുകൾക്കപ്പുറത്തുള്ള ഒരു കൂട്ടുകാരത്തിയുടെ വീട്ടിൽ പോയിരുന്നു. വൈകുന്നേരമായപ്പോൾ മിനി മൂത്ത മകളോട് പറഞ്ഞു: അപ്പന്റെ അരിശമൊക്കെ മാറി അപ്പൻ കിടന്നുറങ്ങിയോ എന്ന് നോക്കിയിട്ടു വാ മോ​ളെ എന്ന്. സാംസൺ വഴക്കുണ്ടാക്കുമ്പോൾ മിനി ഇടക്കിതുപോലെ വേറെ വീടുകളിലൊക്കെ മക്കളുമായിട്ട് പോയി ഒളിച്ചിരിക്കുക പതിവായിരുന്നു. കൊച്ച് ചെന്നുനോക്കിയപ്പോൾ വീടിന്റെ ജനലും വാതിലുമൊക്കെ അടഞ്ഞുകിടക്കുന്നു. ജനലിന്റെ ഒരു പാളി അൽപം തുറന്നുകിടന്നിരുന്നത് വലിച്ചുതുറന്ന് അതിലൂടെ കൊച്ച് അകത്തേക്ക് നോക്കിയപ്പോൾ സാംസൺ ഫാനിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു. മിനി കുടുംബശ്രീയിലുടുക്കുന്ന റോസ് നിറത്തിലുള്ള സാരിയാണ് തൂങ്ങാൻ എടുത്തിരുന്നത്. കൊച്ച് ഉറക്കെ കരഞ്ഞുകൊണ്ട് ഓടി മിനിയുടെ അടുത്തുവന്ന് കണ്ട കാര്യം പറഞ്ഞു.

ഡെൽഫിയും ജൊസ്ഫീനയും ആശുപത്രിയിൽവെച്ച് കാര്യങ്ങൾ മുഴുവൻ അറിഞ്ഞില്ലെങ്കിലും അവർ ഉറക്കെ കരയാൻ തുടങ്ങി. അമ്മയെ വേഗം മൂലമ്പിള്ളിയിലേക്ക് ബസ് കയറ്റിവിട്ടു. ഡെൽഫിക്ക് സാംസണിന്റെ മൃതദേഹം ഒന്നു കാണുവാൻ കൂടി കഴിഞ്ഞില്ല അന്ന്.


മൂലമ്പിള്ളിയിൽ എല്ലാവരും കരുതിയത് ജെർസൻ മരിച്ചുപോയെന്നാണ്. അയാളാണല്ലോ അപകടം പറ്റി അങ്ങോ​ട്ടോ ഇങ്ങോട്ടോ എന്നുപറഞ്ഞിരുന്നത്. എന്നിട്ട് പോയതോ നല്ലവണ്ണമിരുന്നയാളും. സാംസണ് ജെർസനെ വലിയ ഇഷ്ടമായിരുന്നു.

നല്ല സ്മാർട്ടായ ചെറുപ്പക്കാരനായിരുന്നു സാംസൺ. ലിറ്റിൽഫ്ലവർ ഐ.ടി.ഐയിൽ പഠിച്ച് അവൻ നല്ല വെൽഡറായി ഭഗീരഥ എൻജിനീയറിങ് കമ്പനിയിൽ ജോലി കിട്ടി. അങ്ങനെയാണ് സാംസൺ കശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൊക്കെ ജോലിക്ക് പോയത്. ഹിന്ദിയും ഇംഗ്ലീഷുമൊക്കെ പച്ചവെള്ളംപോലെ പറയും സാംസൺ. അക്കാലത്തേ അവൻ കോട്ടും ടൈയുമൊക്കെയിട്ടാണ് നടന്നിരുന്നത്. നാട്ടിൽനിന്ന് ഗൾഫിൽ ജോലിക്ക് പോയിരുന്നവരും കൂടി അത്രക്ക് ഗെറ്റപ്പിൽ നടക്കില്ലായിരുന്നു. കൂളിങ് ഗ്ലാസൊക്കെ വെച്ച് എപ്പോളും ചെത്തിനടക്കും. വിവാഹത്തിന് മുമ്പേ സാംസൺ പണമയച്ചിരുന്നത് ജൊസ്ഫീനയുടെ അക്കൗണ്ടിലേക്കായിരുന്നു. അമ്മ ആരുമറിയാതെ അതെടുത്ത് ചെലവാക്കുമായിരുന്നു. അക്കൗണ്ടിലുള്ള പണത്തെക്കുറിച്ച് ആരുമറിയാതിരിക്കാൻ പാസ്ബുക്ക് അവർ വീടിന്റെ മച്ചിൻപുറത്താണ് ഒളിപ്പിച്ചുവെച്ചിരുന്നത്. ജെർസൻ ആ പാസ്ബുക്കും ചെക്ക്ബുക്കുമൊക്കെ കണ്ടുപിടിച്ച് കള്ള ഒപ്പിട്ട് അയാൾക്കാവശ്യമുള്ള പണമെടുക്കുമായിരുന്നു. അമ്മ ഒരിക്കലും ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു.

ജെർസന്റെ ചികിത്സക്ക് ധാരാളം പണം വേണ്ടിവന്നു. വീട്ടുകാരും നാട്ടുകാരുമൊക്കെ കൈയയച്ചു സഹായിച്ചു. സ്വർണം വിറ്റും വീടു പണയപ്പെടുത്തിയും ഡെൽഫി കുറെ കടങ്ങൾ വീട്ടി.

പ്രീഡിഗ്രി കഴിഞ്ഞ് പഠിച്ച തയ്യൽപ്പണി രാവും പകലും വിശ്രമമില്ലാതെ ചെയ്താണ് ഡെൽഫി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അപകടം നടന്ന് മൂന്നു വർഷത്തിനുശേഷം ഇൻഷുറൻസ് തുകയായി കിട്ടിയ ഒമ്പതു ലക്ഷം രൂപകൊണ്ട് ഡെൽഫി കടങ്ങൾ വീട്ടി. വീട് പണയത്തിൽ നിന്നെടുപ്പിച്ചു. മകനെ പഠിപ്പിച്ചു. ഇപ്പോൾ ചെറിയ സമ്പാദ്യം പോലുമുണ്ട്.

ജെർസന് ഡെൽഫിയെ മാത്രമേ തിരിച്ചറിയൂ. സ്വന്തം ഭാര്യയായല്ല. ദിവസവും പല്ലു തേപ്പിക്കുന്ന, ഷേവ് ചെയ്തുകൊടുക്കുന്ന, കുളിപ്പിക്കുന്ന, പലപ്പോളും കട്ടിലിലും തറയിലും വീഴുന്ന മലമൂത്ര വിസർജ്യങ്ങൾ തുടച്ചു വൃത്തിയാക്കുന്ന, മൂന്നുനേരവും ചായയും ഭക്ഷണവുമൊക്കെ കൊടുക്കുന്ന നിത്യപരിചയക്കാരി എന്ന നിലയിൽ മാത്രം.

എന്നെ മനസ്സിലായോ എന്ന് ജെർസൻ ഇടക്ക് ഡെൽഫിയോട് ​േചാദിക്കും. അതു കേൾക്കുമ്പോൾ ഡെൽഫിക്ക് ചിരിവരും. ജെർസനിപ്പോൾ ഒരു കുഞ്ഞിന്റെ ബുദ്ധിയേ ഉള്ളൂ. ഇടക്ക് അയാൾക്ക് ഫിറ്റ്സ് വരും. Eptoin എന്ന ഒരു മരുന്ന് തന്നിട്ടുണ്ട്. അതുകൊടുത്താൽ ആശ്വാസം കിട്ടും. ഇടക്ക് ജെർസൻ അക്രമാസക്തനാകും. ശ്രദ്ധിച്ചില്ലെങ്കിൽ ഡെൽഫിയുടെ കഴുത്തിന് ഞെക്കിപ്പിടിക്കും. ജെർസന് ഇപ്പോഴും നല്ല ശക്തിയാണ്. മരുന്നും ഭക്ഷണവും ശുശ്രൂഷയും കൊടുത്ത് എപ്പോഴും അയാളുടെ കൂടെ വേണം. രാത്രി പത്തുമണിയൊക്കെ ആകുന്ന നേരത്തായിരിക്കും ജെർസൻ ഡെൽഫിയുടെ മുഖത്തിട്ട് ഒരൊറ്റ ഇടികൊടുക്കുന്നത്. അത് പതിവായപ്പോൾ ഡെൽഫി ജെർസന്റെ അടുത്തുനിന്ന് മാറിക്കിടക്കാൻ തുടങ്ങി. അയാൾ കാണാത്തവിധത്തിൽ മൂലക്കോ അലമാരയുടെ മറയിലോ ഒക്കെ. ഇടി പേടിച്ച് ഡെൽഫി അഞ്ചാറ് തലയിണകൾ ദേഹത്ത് മൂടിവെച്ചാണ് ഉറക്കം. മര്യാദക്ക് ഉറങ്ങിയിട്ട് കാലമെത്രയായെന്ന് ഡെൽഫി ദുഃഖത്തോടെ ഓർക്കുന്നു. എപ്പോഴും വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ജെർസൻ മയങ്ങിക്കിടക്കാനുള്ള ഒരു മരുന്ന് ഡോക്ടർ കൊടുത്തിട്ടുണ്ട്. Oleanz+. പക്ഷേ, ഡെൽഫി അത് ജെർസന് കൊടുക്കാറില്ല. നിവൃത്തികേടുകൊണ്ട് ഒരുതവണപോലും കൊടുത്തിട്ടില്ല. സ്ഥിരമായി ആ മരുന്ന് കൊടുത്താൽ ജെർസന്റെ ആരോഗ്യം നശിക്കുമെന്ന് ഡെൽഫിക്കറിയാം. ധാരാളം തയ്ക്കാനുള്ളപ്പോൾ ശല്യം കുറയാൻ ആ മരുന്നു കൊടുത്താലോ എന്ന് ഡെൽഫി ആലോചിച്ചിട്ടുണ്ട്. മന്ദിച്ച് എവിടെയെങ്കിലും കിടന്നോളും; പച്ചക്കറി ഫ്രിഡ്ജിൽ വെച്ചതുപോലെ. ജൊസ്ഫീനയായിരുന്നെങ്കിൽ ദിവസേന സ്വന്തം മകന് ആ മരുന്ന് കൊടുത്തേനെയെന്ന് ഡെൽഫിക്കുറപ്പായിരുന്നു.

ജെർസന് എന്തെങ്കിലുമൊരു മാറ്റമുണ്ടാകുകയാണെങ്കിൽ അതു രണ്ടു കൊല്ലത്തിനുള്ളിൽ ഉണ്ടായേനെ. ട്രീസ ഇപ്പോഴും ഇടക്ക് ഡെൽഫിയോട് ചോദിക്കും, ജെർസൻ രക്ഷപ്പെടണമെന്ന് ഡെൽഫിക്ക് ആഗ്രഹമുണ്ടോയെന്ന്. എങ്കിൽ അവരുടെ പ്രാർഥനാഹാളിൽ ചെല്ലണമെന്ന്.

മാതാവിനെ തള്ളിപ്പറഞ്ഞ് എന്റെ കെട്ടിയവൻ രക്ഷപ്പെടേണ്ട എന്ന് ഡെൽഫി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ജെർസനെ രക്ഷിക്കാനെന്ന് പറഞ്ഞ് ഈ അവസ്ഥയിലാക്കിയത് മറന്നുകൊണ്ട് ഇനിയും ഇതു പറഞ്ഞുവരാൻ നാത്തൂന് നാണമില്ലേ എന്ന് ഡെൽഫി വിചാരിക്കും.

എന്റെ കെട്ടിയവൻ ഏതായാലും ഒരുദിവസം മരിക്കും. അപ്പോൾ അയാളെ കൊണ്ടുപോകാനായി മാതാവാണ് ആദ്യം വരിക. അത്രയും ഉറപ്പുണ്ടെനിക്ക് എന്ന് പറഞ്ഞപ്പോൾ ട്രീസ തിരിച്ചൊന്നും പറയാതെ പോയ​ത്രേ!

തോമസളിയന് ചെമ്മീൻകെട്ട് ബിസിനസാണ്. ഓരോ വർഷത്തേക്കാണ് ചെമ്മീൻകെട്ട് മുതലാളിമാരിൽനിന്ന് പാട്ടത്തിനെടുക്കുന്നത്. കടമക്കുടിയിലാണ് കെട്ട്. വീരൻ പുഴയിൽ. രണ്ടു പലക മൂന്നു പലക പൊക്കത്തിന് വെള്ളം പൊങ്ങുമ്പോൾ വട്ട പലക തൂമ്പ് പതുക്കെ പുഴയിലിറങ്ങി തുറന്നുകൊടുക്കും. പുഴയിൽനിന്ന് കെട്ടിലേക്ക് വെള്ളം ഇരച്ചുകയറും. അതിനൊപ്പം ഒരുപാട് മീനുകളും.

കെട്ടിന്റെ ചില ഭാഗങ്ങളിൽനിന്ന് നോക്കിയാൽ ആ ചുറ്റുപാടുമുള്ള എല്ലാ ദ്വീപുകളും കാണാമത്രേ. ചേരാനല്ലൂർ, പിഴല, കടമക്കുടി, ചാത്തനാട്, കോട്ടുവള്ളി, എടവനക്കാട്, ഞാറയ്ക്കൽ, ദേവസ്വം പാടം, തുണ്ടത്തുംകടവ്... പിന്നെ അമൃത ഹോസ്പിറ്റൽ. അവരുടെ കെട്ടിൽനിന്നും നോക്കിയാൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ഒരേ സ്ഥലത്തുനിന്ന് കാണാം. കടമക്കുടിയുടെ വടക്കേയറ്റത്ത് ചാത്തനാടിന്റെ ​ഫെറിഭാഗം ഇറങ്ങുന്നതിന്റെ നേരെ കിഴക്കുവശത്താണ് അവരുടെ കെട്ടുള്ളത്.

കാര ചെമ്മീനും ഞണ്ടും കെട്ടിൽ വിത്തിട്ട് വളർത്തുകയാണ്. ബാക്കി മീനുകളൊക്കെ പുഴയിൽനിന്നും കെട്ടിലേക്കു കയറും. തെള്ളി, നാരൻ, ചൂടൻ ചെമ്മീനുകൾ, കരിമീൻ, കണമ്പ്, പൂളാൻ, പ്രാഞ്ഞിൻ, നങ്ക്...

കെട്ടിൽ താമസിക്കുന്നതിന് തോമസൊക്കെ ഒരു മാടം കെട്ടിയിട്ടുണ്ട്. ഒരിക്കൽ ട്രീസയുമായി ഡെൽഫി ആ മാടത്തിൽ പോയിട്ടുണ്ട്. അവിടെ പാചകം ചെയ്യാൻ സ്റ്റൗവും പാത്രങ്ങളും ഉണ്ട്. സോളാർ പാനൽ വെച്ചിരിക്കുന്നത് കാരണം രാത്രിയിലും നല്ല വെളിച്ചമുണ്ട്. വലവെക്കുന്ന സമയത്ത് വെളിച്ചം കണ്ട് നാരൻ ചെമ്മീനും ചൂടൻ ചെമ്മീനുമൊക്കെ ചാടിച്ചാടി വരുന്ന കാഴ്ച ഒന്നു കാണേണ്ടതുതന്നെയാണെന്ന് ഡെൽഫി എന്നെ കൊതിപ്പിച്ചുകൊണ്ടു പറഞ്ഞു. ബൾബിന്റെ വെട്ടത്തിൽ ചെമ്മീനുകൾ തിളങ്ങുമ്പോൾ വെളിച്ചം തുള്ളിതുള്ളി കളിക്കുന്നതുപോലെയാണത്രെ തോന്നുക!

നിലാവെട്ടത്ത് അറ്റം കാണാത്ത ആകാശം നിറയെ നക്ഷത്രങ്ങൾ മിന്നുന്നുണ്ടാകും. ചുറ്റുപാടുമുള്ള ഏതെങ്കിലും ദ്വീപുകളിൽ ഉത്സവങ്ങളോ പെരുന്നാളുകളോ ഉണ്ടെങ്കിൽ അവിടത്തെ ദീപാലങ്കാരങ്ങളും വെടിക്കെട്ടും മാടത്തിലിരുന്നു കാണാം.

എല്ലാ കൊല്ലവും സ്വർണംകൊണ്ടുണ്ടാക്കിയ ഒരു വലിയ ചെമ്മീൻ ഇടപ്പള്ളി പള്ളിയിലെ ഗീവർഗീസ് പുണ്യാളന്റെ നേർച്ചപ്പെട്ടിയിൽ കൊണ്ടുപോയി ഇടുമായിരുന്നു തോമസ്. യഹോവാ സാക്ഷിയായി മാറിയപ്പോൾ ആ പതിവ് അങ്ങേർ നിർത്തിക്കളഞ്ഞു.

അപകടം പറ്റി വീട്ടിലിരിക്കാൻ തുടങ്ങിയ കാലത്ത് ഒരുദിവസം വികാരിയച്ചൻ ജെർസന് തിരുവോസ്തി കൊടുക്കാൻ വീട്ടിൽ വന്നു. യഹോവാ സാക്ഷിയായ ജെർസന് തിരുവോസ്തി കൊടുക്കില്ലെന്ന് അച്ചനും കപ്യാരുമൊക്കെ വാശിപിടിച്ചെങ്കിലും ഡെൽഫി കരഞ്ഞു കാലുപിടിച്ചാണ് അവരുടെ മനസ്സ് മാറ്റിയത്. വീട്ടിൽവന്ന അച്ചനെ ജെർസൻ പുളിച്ച തെറി പറഞ്ഞു. ഓസ്തി നാവിൽ സ്വീകരിച്ച അയാൾ അത് കടിച്ചു ചവച്ചാണ് വിഴുങ്ങിയത്. ഉടനെ വെള്ളവും ചോദിച്ചു വാങ്ങിക്കുടിച്ചു. ജെർസൻ വിചാരിച്ചത് അതു തിന്നാനുള്ള എന്തോ ആണെന്നാണ്. ഈശോയുടെ തിരുശരീരമായ ഓസ്തി ചവക്കാതെ ഇറക്കണമെന്ന് ജെർസനപ്പോൾ അറിയില്ലായിരുന്നല്ലോ. സാക്ഷിയായതുകൊണ്ടല്ല ജെർസൻ വികാരിയച്ചനോടും തിരുവോസ്തിയോടും അനാദരവ് കാട്ടിയതെന്ന് ഡെൽഫിക്ക് അച്ചനോട് വിശദീകരിക്കേണ്ടിവന്നു. അപകടത്തിന് മുന്നേയുള്ള മറ്റെല്ലാ കാര്യങ്ങളുമെന്നതുപോലെ താൻ ഒരു യഹോവാ സാക്ഷിയാണെന്ന കാര്യവും ജെർസൻ മറന്നുപോയിരുന്നു. അയാളുടെ ആത്മാവ് ഇപ്പോൾ ഉറപ്പായും സഭയുടേത് മാത്രമാണെന്ന് ഡെൽഫി ജെർസന് വേണ്ടി ഏറ്റുപറഞ്ഞു.


ഒരു പൂച്ചക്കുഞ്ഞിന് പോലുമിപ്പോൾ ഈ വീടിനകത്ത് കയറാൻ പറ്റില്ല. ജെർസന്റെ കാലിന്റെ തൊഴിയേറ്റ് അവ തെറിച്ചുപോകും. വീടിനകത്തുനിന്ന് ആരെങ്കിലും ഫോൺ ചെയ്താൽപോലും അയാൾക്ക് ഭയങ്കര അസ്വസ്ഥതയാണ്. ഉടനെ എഴുന്നേറ്റ് ഉറക്കെ തെറി പറഞ്ഞുതുടങ്ങും.

ജെർസൻ നല്ലവണ്ണമിരിക്കുന്ന സമയത്തുള്ള അയാളുടെ ഇടി പലതവണ കൊണ്ടിട്ടാണ് തലക്ക് കേടുപറ്റി ഡെൽഫിയുടെ ചില പല്ലുകൾ കൊഴിഞ്ഞുപോയതെന്നവർ പറയുന്നു. ഒരുതവണ ഇടതു തോളെല്ല് തല്ലി ഒടിച്ചതു കാരണം അവർക്ക് എന്നും തോൾവേദനയാണ്. കട്ടിലിൽ കയറിനിന്ന് ജെർസൻ തോളിലിട്ട് ചവിട്ടിയപ്പോൾ കിടും എന്നൊരു ഒച്ച കേട്ടത്രേ!

കല്യാണം കഴിഞ്ഞിടക്ക് ഒരുദിവസം ജെർസൻ ഡെൽഫിയോട് ചോദിച്ചു, എടീ, നീയൊരു പെണ്ണാണോയെന്ന്. നിനക്ക് ഒരു പെണ്ണിന്റേതായി എന്താണെടീ ഉള്ളത്?

ബിനോയി കുഞ്ഞായിരിക്കുമ്പോൾ ഒരിക്കൽ ഡെൽഫി എവിടെയോ പോയിട്ട് വീട്ടിൽ വന്നുകയറിയപ്പോൾ ജെർസൻ മകനോട് പറയുകയാണ്. എടാ, നിന്റമ്മ വന്നല്ലോ, നിനക്ക് അമ്മിഞ്ഞ തരാൻ രണ്ടു കുഞ്ഞി കണ്ണിമാങ്ങകളുമായിട്ട് എന്ന്. ഡെൽഫിയുടെ വലുപ്പം തീരെ കുറഞ്ഞ മുലകളെക്കുറിച്ച് പറഞ്ഞ് അവരെ വേദനിപ്പിക്കുകയാണ്. അപ്പോഴൊക്കെ ഡെൽഫി ഓർക്കാറുള്ള ഒരു കാര്യമുണ്ട്. കല്യാണത്തിന് മുമ്പേ എത്രയോ സുന്ദരൻമാരായ ആണുങ്ങളാണ് ഡെൽഫിയുടെ കാലിന്റെ നിഴലെങ്കിലും കണ്ടാൽ മതിയെന്ന് പറഞ്ഞുനടന്നിരുന്നത് എന്ന്.

കല്യാണം കഴിഞ്ഞതിൽ പിന്നെയാണ് ഡെൽഫി ഇങ്ങനെ കോലം കെട്ടുപോയതെന്നവർ പറയുന്നു. ​ഡെൽഫിയുടെ ശരീരത്തിന്റെ തുടിപ്പും ഷെയ്പും മുടിയുടെ നീളവും ഭംഗിയുമൊക്കെ ആറുമാസത്തിനുള്ളിൽ ഇല്ലാതായി, അവർ വേളൂരിയും കൊഴുവയും ഒ​ക്കെപോലെയായി. ദേഹത്ത് ഒരുതുള്ളി രക്തമുള്ളതിന്റെ ലക്ഷണമില്ല.

എപ്പോളും ഒരു പേടിയാണ്, ജെർസന്റെ ഇടി എപ്പോളാണ് ദേഹത്ത് വീഴുന്നതെന്നോർത്ത്. വെളുപ്പാൻ കാലത്തേ ചരൽവാരാൻ കൊട്ടയുമായിറങ്ങുന്നതിനു മുമ്പ് ചോറും കറികളുമൊക്കെ മേശപ്പുറത്ത് റെഡിയായിട്ടുണ്ടാകണം. ഏഴുമണിക്ക് പോകണമെങ്കിൽതന്നെ അഞ്ചുമണിക്ക് അരി കഴുകി അടുപ്പത്തിടണം. കുത്തരിയായിരുന്നു ഇവിടെയുള്ളവർക്ക് ഇഷ്ടം. വിറകടുപ്പിലാണ് പാചകമെല്ലാം. ഒരടുപ്പേ ഉള്ളൂ. നല്ല വിറകും ഇല്ല. തീ പിടിപ്പിക്കാൻ ഒരു തുള്ളി മണ്ണെണ്ണ ജൊസ്ഫീന കൊടുക്കില്ലായിരുന്നു. വിറകിന്റെ പുക ആത്മാവിനെ വരെ നീറ്റിക്കും. രാവിലത്തെ കാര്യങ്ങൾ ഓർത്തുകിടക്കുന്നതിനാൽ ഡെൽഫിക്ക് രാത്രി ഉറക്കമേ വരില്ലായിരുന്നു.

ഒരുദിവസം ജെർസൻ ഉച്ചമയക്കത്തിന് കിടന്നപ്പോൾ ഡെൽഫിയോട് പറഞ്ഞു, വൈകീട്ട് നാലുമണിക്ക് എവിടേക്കോ പോകണം, മൂന്നര കഴിയുമ്പോൾ വിളിച്ചേക്കണം എന്ന്. മൂന്നരയാകാറായപ്പോൾ ടോമി വീടിന് മുന്നിൽ അയാളെ അന്വേഷിച്ചുവന്നു. ടോമി ഭയങ്കര കുടിയനാണ്. ജെർസനെയും കൂട്ടി പുറത്തുപോയാൽ രാത്രിയാകുമ്പോൾ അടിച്ചു പൂക്കുറ്റിയായേ വരൂ എന്ന് ഉറപ്പാണ് ഡെൽഫിക്ക്. അതുകൊണ്ട് ടോമിയോട് അവർ ഒരു നുണ പറഞ്ഞു; ജെർസൻ ഇവിടെയില്ല പുറത്തുപോയിരിക്കുകയാണ് എന്ന്. ടോമി അതുകേട്ട് പോകുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് ജെർസൻ എഴുന്നേറ്റപ്പോൾ ചോദിച്ചു, ടോമി വന്നോടീ എന്ന്. അപ്പോൾതന്നെ ഡെൽഫിയുടെ ഉള്ളിൽ തീയാളി. എന്നാലും ഡെൽഫി, ടോമിയെ തിരിച്ചയച്ച കാര്യം പറഞ്ഞു. അതു കേട്ടതും പിഴച്ചവളെ എന്നും പറഞ്ഞ് ജെർസൻ തെറി തുടങ്ങി; പിന്നെ കൈവീശി അടിക്കാനും. പല അടികളിലൊന്ന് കൈകൊണ്ടു തടുത്തപ്പോൾ ഡെൽഫിയുടെ നടുവിരലിന്റെ എല്ല് ഒടിഞ്ഞു. വേദനകൊണ്ടുള്ള അവരുടെ കരച്ചിൽ വകവെക്കാതെ ജെർസൻ പുറത്തേക്കിറങ്ങിപ്പോയി. ഒരു ഞായറാഴ്ച ദിവസമായിരുന്നു അത്. സന്ധ്യക്ക് മുമ്പേ ഡെൽഫിയുടെ കൈ നീരുവന്നു വീർത്തു. വേദനകൊണ്ട് അവരുടെ നെറുകംതലവരെ പുകയുകയായിരുന്നത്രേ! അങ്ങനെ എത്ര സംഭവങ്ങൾ. എല്ലൊടിഞ്ഞതുകൊണ്ടാണ് ഈ സംഭവം ഡെൽഫി എടുത്തുപറഞ്ഞത്. ഒരിക്കൽ ജെർസന്റെ അടി മുഖത്തിന് കൊണ്ടിട്ട് ഡെൽഫിയുടെ ചുണ്ട് മുറിഞ്ഞ് പല്ലിൽ കയറിയിട്ടുണ്ട്. അന്ന് വായിൽ നാലു സ്റ്റിച്ചിടേണ്ടിവന്നു. പലതവണ അവരുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചിട്ടുണ്ടയാൾ.

അന്നൊക്കെ ഡെൽഫിയുടെ രണ്ടാങ്ങളമാരും പറഞ്ഞതാണ് ജെർസനെ ഉപേക്ഷിച്ചു വന്നാൽ അവർ സംരക്ഷിച്ചുകൊള്ളാമെന്ന്. പക്ഷേ, അവർ ഒരുപാധിവെച്ചിരുന്നു. ജെർസന്റെ രക്തത്തിൽ പിറന്ന മകനെ കൂടെ അവരുടെ വീട്ടിലേക്ക് കൊണ്ടുചെല്ലരുതെന്ന്. അത് സ്വീകാര്യമല്ലാത്തതുകൊണ്ട് ഡെൽഫി ആങ്ങളമാരുടെ കൂടെ പോയില്ല. ആ മനുഷ്യനെയാണ് ഡെൽഫി ഇപ്പോൾ തയ്യൽപ്പണിയെടുത്തു തീറ്റിപ്പോറ്റുന്നത്.

മൂലമ്പിള്ളിക്കാർക്ക് വേറൊരു ദുരിതംകൂടി സഹിക്കണം ഇപ്പോളും. ശുദ്ധജലത്തിന്റെ ദൗർലഭ്യം. രാവും പകലും ഇരുന്നുള്ള തയ്യൽ മെഷീൻ ചവിട്ട്, ആശുപത്രിയിൽ പോക്ക്, മകന്റെ കാര്യങ്ങൾ, പിന്നെ വെള്ളം കൊണ്ടുവരാൻ പൈപ്പിൻ ചുവട്ടിലും പോകണം. മുപ്പത് വീട്ടുകാർക്കുകൂടി ആകെ ആ ഭാഗത്തുള്ളത് ഒരു പൊതു പൈപ്പാണ്. പൈപ്പിൻ ചുവട്ടിൽ കുടം പടുതിവെക്കുന്ന ഒരേർപ്പാടുണ്ടായിരുന്നു. എല്ലാവരും പൈപ്പിൻചുവട്ടിൽ വരിവരിയായി കുടം പടുതിവെക്കും. രണ്ടോ നാലോ കുടം വെള്ളമാണ് ഓരോ തവണയും കിട്ടുക. പി​ന്നെ അടുത്ത ഊഴം വരണം വെള്ളം കിട്ടാൻ. ഊഴം വരുമ്പോൾ കുടത്തിന്റെ ഉടമ പൈപ്പിൻ ചുവട്ടിലില്ലെങ്കിൽ അടുത്ത ആള് വെള്ളമെടുക്കും. വെള്ളം പമ്പുചെയ്യുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രികളിൽ മാത്രമായിരുന്നു. എന്തിന് പറയണം, എല്ലാ പെണ്ണുങ്ങളുടെയും മുഴുവൻ ശ്രദ്ധയും മനസ്സും കിടക്കുന്നത് ​ൈപപ്പിൻ ചുവട്ടിലായിരുന്നു. വെള്ളമില്ലാതെ ഒന്നും കഴിയില്ലല്ലോ. ആണുങ്ങൾക്ക് ഇങ്ങനെയുള്ള ചിന്തകളൊന്നുമുണ്ടായിരുന്നില്ല ഒരിക്കലും. അവർ വൈകുന്നേരമായാൽ വെള്ളമടിച്ച് ആരെയെങ്കിലും തെറിപറഞ്ഞോ, മെക്കിട്ടുകയറി അടിയുണ്ടാക്കിയോ തളർന്ന് എവിടെയെങ്കിലുമൊക്കെ ഈറയും ഒലിപ്പിച്ച് കിടന്നുറങ്ങുന്നുണ്ടാകും.

ജെർസനാണെങ്കിൽ കണ്ണുതെറ്റിയാൽ ഗേറ്റുകടന്ന് പുഴത്തീരത്തേക്കോ വണ്ടികൾ നിറഞ്ഞുപോകുന്ന കണ്ടെയ്നർ റോഡിലേക്കോ പൊയ്ക്കളയും. ജനലിന്റെയും അലമാരയുടെയുമൊക്കെ ചില്ലുകൾ ഇടിച്ചുപൊട്ടിക്കും. പലതവണ ചില്ലു കുത്തിക്കയറിയതിനാൽ സ്റ്റിച്ചിടേണ്ടിവന്നിട്ടുണ്ട്. അലമാരക്കും ജനലിനുമൊന്നും ചില്ലുകളുമില്ല. ടി.വിപോലും വീട്ടിൽ വാങ്ങിവെക്കാൻ പറ്റാതായി.

ജോൺസന്റെ ഭാര്യ വിൻസി പ്രസവിച്ചു കിടന്നപ്പോൾ ജൊസ്ഫീന വിൻസിയെ പെണ്ണിനെ പെറ്റവളെ, പെണ്ണിനെ പെറ്റവളെ എന്നു വിളിച്ചു കളിയാക്കുമായിരുന്നു. പ്രസവം കാണാൻ ചെന്ന​പ്പോൾ ജൊസ്ഫീന അവരോട് നേരിട്ട് ചോദിച്ചു, അയ്യേ പെണ്ണിനെയാണോ പെറ്റതെന്ന്. അതുകൊണ്ട് ബിനോയിയെ വയറ്റിലായിരുന്ന സമയത്ത്, പെൺകുഞ്ഞാണെങ്കിൽ ജൊസ്ഫീനയുടെ ഇത്തരം അധിക്ഷേപങ്ങൾകൂടി കേൾക്കേണ്ടിവരുമല്ലോ എന്നോർത്ത് ആധി പിടിച്ചിട്ടുണ്ട് ഡെൽഫി.

ജെർസന്റെ ഭാര്യയായിട്ട് വീട്ടിൽ വന്നുകയറിയപ്പോൾ മുതൽ ചെകുത്താൻ കുരിശു കാണുന്നതുപോലെയാണ് ജൊസ്ഫീന ഡെൽഫിയോട് പെരുമാറിയിരുന്നത്. എന്നാൽ, അവർ സ്നേഹവും പിന്തുണയും തരുകയായിരുന്നു വേണ്ടത്. അവരുടെ കല്യാണം കഴിഞ്ഞ​പ്പോൾ ദീർഘനിശ്വാസം വിട്ടുകൊണ്ട് ജൊസ്ഫീന പറഞ്ഞ ഒരു ഡയലോഗുണ്ട്, ഓ... ഇനി സമാധാനമായി. ജെർസൻ നാടുവിട്ട് ഇനിയെങ്ങും പോകില്ലല്ലോ. അവനിവിടെ ഒരു കുറി കൂടിയിട്ടുണ്ട്, ഇ​പ്പോളൊരു കല്യാണവും കഴിച്ചു!

പണ്ട് വീട്ടിൽ കളർ ടി.വി വാങ്ങിയില്ലെന്ന് പറഞ്ഞ് നാട്ടിൽനിന്ന് ഒളിച്ചോടിയ ആളായിരുന്നു ജെർസൻ എന്നുപറഞ്ഞ് അപ്പോളും ഡെൽഫി കുറെ ചിരിച്ചു.

ജൊസ്ഫീനയുടെ ഉപദ്രവം കൂടിയായപ്പോൾ ഡെൽഫിക്ക് നിൽക്കക്കള്ളിയില്ലാതായി. ദുർമരണം സംഭവിച്ച ആത്മാക്കളും പ്രേതങ്ങളുമുള്ള ആ വീട്ടിൽ ഇനി താമസിക്കേണ്ട എന്ന് എല്ലാവരും ഡെൽഫിയെ ഉപദേശിച്ചു. സെന്റ് ആന്റണീസ് പൂവിന്റെ ചെടികൾ ഉയരത്തിൽ ചുറ്റും വളർന്നുനിൽക്കുന്നതിനാൽ പുറമെനിന്ന് നോക്കിയാൽ ആ വീട് ആളുകൾക്ക് കാണാൻ പറ്റില്ലായിരുന്നു. പകലും ഇരുട്ടുമൂടി കിടക്കുന്ന അത് ഒരു ഡ്രാക്കുള കൊട്ടാരം പോലെയാണെന്ന് ഡെൽഫി പറയുന്നു. അപകടത്തിന് മുമ്പ് ജെർസൻ ഇടക്കവിടെ പോകുമായിരുന്നു, ആഞ്ചിക്കും ജൊസ്ഫീനക്കും എന്തെങ്കിലും കൊടുക്കാൻ ഡെൽഫി പോകാറേയില്ലവിടേക്ക്.

ഈ പ്രായത്തിൽ തറവാട്ടുവീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ജൊസ്ഫീനയുടെ ധൈര്യത്തെയും ചങ്കുറപ്പിനെയും സമ്മതിച്ചുകൊടുക്കണം. കാരണം, ഡെൽഫിക്ക് ആ വീടിനെക്കുറിച്ച് ഓർക്കുമ്പോളേ ഭയമാണ്. ഉള്ളുലയ്ക്കുന്ന ഭയം.

(തുടരും)

Tags:    
News Summary - madhyamam weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT