10
വീടിന് പുറത്തേക്കിറങ്ങുമ്പോളെല്ലാം, പ്രത്യേകിച്ച് സന്ധ്യാസമയങ്ങളിൽ ആളുകൾ ഡെൽഫിയോട് ചോദിക്കും, അവർ എവിടേക്കാണ് പോകുന്നതെന്ന്. ഈ നേരത്ത് ഒറ്റക്കിങ്ങനെ കറങ്ങിനടന്നാൽ മറ്റുള്ളവർ എന്തുവിചാരിക്കുമെന്ന് ഡെൽഫി ആലോചിക്കാറുണ്ടോ എന്നും ചിലർ ചോദിക്കും. എല്ലാവർക്കും അവരെക്കുറിച്ച് നൂറുനൂറു സംശയങ്ങളാണ്. ഡെൽഫി ഒരിക്കൽപോലും അതൊന്നും വകവെക്കാറില്ല. അവർ തോന്നുമ്പോഴൊക്കെ പുറത്തിറങ്ങിനടക്കുകതന്നെ ചെയ്യും. എവിടെ പോയാലും ഏതെങ്കിലും പീടികകളിൽ കുട്ടിക്കാലത്ത് കിട്ടിയിരുന്ന മിഠായികൾ കണ്ടാൽ ഡെൽഫി കുറേ മേടിച്ച് തിന്നുമായിരുന്നു. പ്രത്യേകിച്ച്, ശർക്കരകൊണ്ടുണ്ടാക്കിയ ചൗ മിഠായി. പഴയകാലത്തെ രുചിയും മണവുമൊന്നും പക്ഷേ, ഡെൽഫിക്ക് ആ മിഠായിയിൽനിന്ന് കിട്ടാറില്ലായിരുന്നു. പച്ചശർക്കര പൊടിയുന്നപോലെ വായിൽ അവ പെട്ടെന്ന് അലിഞ്ഞുതീർന്നുപോകുന്നു. ശരിക്കുമുള്ള ചൗ മിഠായി അത്ര പെട്ടെന്ന് പൊടിഞ്ഞുപോകില്ലായിരുന്നു. വായിലങ്ങനെ അലുത്തുപോകാതെ ഏറെനേരം കിടക്കും. ച്യൂയിംഗംപോലെ ഏറെനേരം ചവച്ചുകൊണ്ടിരിക്കുകയും ചെയ്യാം.
കുട്ടിക്കാലത്ത് അപ്പച്ചനുണ്ടായിരുന്നപ്പോൾ ഡെൽഫിക്കുമേൽ കുറേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വീടിന്റെ ഉമ്മറപ്പടിയിൽ വന്നിരുന്ന് മുടി ചീകരുത്. വഴിയെ നടന്ന് മിഠായി ചവക്കരുത്, കണ്ണെഴുതരുത്, പൊട്ടു തൊടരുത്, പാദസരം ഇടരുത്, ക്യൂട്ടക്സ് പുരട്ടരുത് എന്നൊക്കെ.
ഡെൽഫി വരാപ്പുഴ സ്കൂളിൽ പഠിക്കാൻ പോയിരുന്ന സമയത്ത് പോകുന്ന വഴിക്ക് ഏതെങ്കിലും കടയിൽനിന്ന് സ്റ്റിക്കർപൊട്ട് വാങ്ങി നെറ്റിയിൽ തൊടുമായിരുന്നു. തിരിച്ച് വീട്ടിലെത്തുന്നതിനുമുമ്പ് പൊട്ട് എടുത്ത് വഴിയിൽ കളയുകയും ചെയ്യും. അതുപോലെ അടുത്ത കൂട്ടുകാരികളുടെ പാദസരം വാങ്ങി കാലിലിട്ടുകൊണ്ട് നടക്കും; പോരുന്ന വഴിക്ക് അഴിച്ച് തിരികെ കൊടുക്കുകയും ചെയ്യും.
ഡെൽഫിക്ക് സാധാരണയായി ചുരിദാർ ഇടുന്ന ശീലമുണ്ടായിരുന്നില്ല. ഒരിക്കൽ ധിറുതിപിടിച്ച് എവിടേക്കോ പോകേണ്ടിവന്നപ്പോൾ ചുരിദാർ ഇടേണ്ടിവന്നു ഡെൽഫിക്ക്. അന്നേരം അത് കണ്ട ബിനോയി സ്വരം കടുപ്പിച്ച് അവരോട് ചോദിച്ചത്രെ; അമ്മ ചുരിദാറിന് മേലെ ഷാളിടാതെ പുറത്തേക്ക് പോകുന്നതെന്താണ്. ആളുകൾ കണ്ടാൽ അമ്മയെക്കുറിച്ച് മോശമായിട്ട് പറയില്ലേ. ഷാളിട്ട് പുറത്തേക്ക് പൊയ്ക്കൂേട അമ്മേയെന്ന്.
ബിനോയിയുടെ ചോദ്യം ഒട്ടും രസിച്ചില്ല ഡെൽഫിക്ക്. അവർ അപ്പോൾതന്നെ അവന് മറുപടി കൊടുത്തു. ആളുകൾ പറയട്ടേടാ. എനിക്കെന്താണ് നഷ്ടം. അവരുടെ ചെലവിലല്ലല്ലോ ഞാൻ കഴിഞ്ഞുകൂടുന്നത്.
ഡെൽഫി ആദ്യമായി സ്വന്തം മൊബൈൽ ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോൾ ബിനോയി അവരോട് പറഞ്ഞത്രെ, അമ്മേ, അമ്മ ഫോണിൽ വാട്സാപ്പൊന്നും എടുക്കേണ്ട. അമ്മ ഒരു പാവമാണ്. ആളുകൾ അമ്മയെ പറ്റിക്കും. അതങ്ങ് അൺഇൻസ്റ്റാൾ ചെയ്തേക്ക് എന്ന്.
മിക്ക ദിവസങ്ങളിലും സന്ധ്യക്ക് ഡെൽഫി കണ്ടെയ്നർ റോഡിലേക്ക് കായൽകാറ്റേറ്റ് നടക്കാൻ പോകുമായിരുന്നു. ഡെൽഫി ആണുങ്ങളെ കാണാനാണ് അവിടേക്ക് പോകുന്നതെന്ന് ചിലർ പറഞ്ഞുനടന്നു.
നമ്മൾ എല്ലാവരും ഏതു പ്രായത്തിലാണോ മരിക്കുന്നത് ആ രൂപത്തിലും പ്രായത്തിലുമാണ് സ്വർഗത്തിലേക്കോ നരകത്തിലേക്കോ ഒക്കെ പോകുന്നതെന്ന് ഡെൽഫി കേട്ടിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോൾതന്നെ മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു കുട്ടിയായിത്തന്നെ സ്വർഗത്തിൽ ഓടിക്കളിച്ച് നടക്കാമായിരുന്നുവെന്ന് ഡെൽഫി വിചാരിക്കാറുണ്ടായിരുന്നു.
ഒരിക്കലും കല്യാണം കഴിക്കില്ലെന്ന് ഡെൽഫി ഉറച്ച തീരുമാനമെടുത്തിരുന്നതാണ്. ഇപ്പോളാവട്ടെ കല്യാണം കഴിച്ചത് അബദ്ധമായിപ്പോയി എന്ന് തോന്നാത്ത ഒരൊറ്റ ദിവസംപോലും ഡെൽഫിയുടെ ജീവിതത്തിലുണ്ടാകാറില്ല.
നിലാവുള്ള രാത്രികളിൽ വീടിന് പുറത്തേക്കിറങ്ങുമ്പോൾ, മുറ്റത്ത് നിറയെ വളർന്നുനിൽക്കുന്ന മരങ്ങളുടെയും പാരിജാത ചെടികളുടെയും ഇലകളിൽ നിലാവ് വീണ് തിളങ്ങുന്നത് കാണുമ്പോളെല്ലാം ഡെൽഫിക്ക് താൻ മരിച്ച് ഒരു പ്രേതമായി തീർന്നെങ്കിൽ എന്ന് തോന്നും. മരങ്ങൾക്കിടയിലൂടെ നിലാവിൽ കുളിച്ച് കുളിർകാറ്റേറ്റുകൊണ്ട് എല്ലാ രാത്രികളിലും സ്വതന്ത്രയായി കറങ്ങിനടക്കാമല്ലോ. ഇഷ്ടമുള്ളിടത്തൊക്കെ പോകാമല്ലോ. പ്രേതങ്ങളോട് എവിടേക്ക് പോകുന്നുവെന്ന് ആരും ചോദിക്കാറില്ലല്ലോ.
ഡെൽഫിയുടെ വിചിത്രമായ ആഗ്രഹം പറഞ്ഞുകേട്ടപ്പോൾ ഞാൻ വല്ലാതെ ഞെട്ടിപ്പോയി. ഈ പ്രായത്തിലുള്ള ഒരു സ്ത്രീ പ്രേതമാകാൻ ആഗ്രഹിക്കുന്നത് പുതുമയുള്ള കാര്യംതന്നെ. അവർ അത്രയേറെ സങ്കടങ്ങൾ അനുഭവിക്കുന്നുണ്ട്. എല്ലാവരും എല്ലായിടത്തും അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അതുകൊണ്ടാകാം ഡെൽഫിക്ക് ഇങ്ങനെ വിചിത്രമായ ഒരാഗ്രഹമുണ്ടായത്.
ഒരു പ്രേതാത്മാവായി അലഞ്ഞുതിരിയാനുള്ള തീവ്രമായ ആഗ്രഹം ഉള്ളിലുള്ളതുകൊണ്ടായിരിക്കാം പ്രേതങ്ങളോടും ആത്മാക്കളോടുമൊക്കെ ഡെൽഫിക്ക് ഇഷ്ടമുണ്ടായതും അവരുടെ കഥകൾ ഓർത്തുവെച്ച് വിശദമായി എന്നോട് പറയാൻ ഡെൽഫിക്ക് കഴിഞ്ഞതും. എന്റെ മുൻകാല രചനകളിൽ അത്തരം കഥകളുള്ളതിനാലാണ് ഡെൽഫി എന്നോട് അതൊക്കെ പറഞ്ഞതെന്ന് മുൻ അധ്യായങ്ങളിലൊന്നിൽ ഞാനെഴുതിയിരുന്നു. എന്നാൽ, ഡെൽഫിക്ക് പ്രേതാത്മാക്കളോടുള്ള കടുത്ത അഭിനിവേശമായിരുന്നു അതിനുള്ള കാരണമെന്ന് അപ്പോൾ ഞാൻ മനസ്സിലാക്കി.
ഡെൽഫി മറ്റു പല കാര്യങ്ങളും പറഞ്ഞുപറഞ്ഞ് പ്രധാന കഥയിൽനിന്ന് ഒരുപാട് മാറിപ്പോകുന്നുവെന്ന് ഞാൻ ഓർമിപ്പിച്ചു. അതുകൊണ്ടാകാം അടുത്തതവണ വിളിച്ചപ്പോൾ ഡെൽഫി നേരെ കഥയിലേക്ക് കടന്നത്.
ജെർസന് അപകടം സംഭവിച്ച് കൃത്യം ഏഴു കൊല്ലങ്ങൾ കഴിഞ്ഞാണ് ഒരുദിവസം വൈകീട്ട് ഡെൽഫിക്ക് പീറ്റപ്പന്റെ ഉറ്റസുഹൃത്തായ റോയിയുടെ ഫോൺവിളി വരുന്നത്. അറിയാത്ത നമ്പറിൽനിന്നാണെങ്കിലും അവർ ഫോണെടുത്തു. റോയി എന്ന് പരിചയപ്പെടുത്തിയപ്പോൾതന്നെ ഡെൽഫിക്ക് പീറ്റപ്പന്റെ സുഹൃത്തായ റോയിയെ ഓർമവന്നിരുന്നു. അന്നുതന്നെ കർശനമായി താക്കീത് കൊടുത്ത് തുടർന്നുള്ള വിളികൾ അവസാനിപ്പിക്കേണ്ടതാണെന്ന് ഡെൽഫിക്കറിയാഞ്ഞിട്ടല്ല. തന്റെ ചൂണ്ടയിൽ കൊത്തിയിരിക്കുന്നത് അവർക്കാവശ്യമുള്ള ഒരു വലിയ മീനാണെന്ന് ബോധ്യംവന്നതിനാൽ വിട്ടുകളയാതെ ഡെൽഫി ചൂണ്ടയിൽ മുറുകെ പിടിച്ചതാണത്രെ.
ഫോണിൽകൂടിയാണെങ്കിലും റോയിയുമായുള്ള ഒരു ബന്ധത്തെക്കുറിച്ച് ആരെങ്കിലും അറിയാനിടയായാൽ എല്ലാവർക്കും അത് കടുത്ത വേദനയുണ്ടാക്കുമെന്ന് ഡെൽഫിക്കുറപ്പാണ്. പീറ്റപ്പനെപ്പോലെ റോയിയും അവരുടെ ശത്രുതന്നെയാണ്. ഡെൽഫിയുടെ ഫോൺനമ്പർ എവിടെനിന്ന് കിട്ടിയെന്ന് അവർ റോയിയോട് ചോദിച്ചില്ല. ഡെൽഫിക്ക് അക്കാര്യം അറിയുകയും വേണ്ടായിരുന്നു.
വിവാഹം കഴിക്കേണ്ട പ്രായം കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുകയാണ് റോയി. ആദ്യം വിളിച്ചപ്പോൾതന്നെ ഡെൽഫിക്ക് റോയിയുടെ വിളി എന്തിനുവേണ്ടിയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
ഡെൽഫി ഈ പ്രായത്തിലും അതിസുന്ദരിയാണ്. അവരുടെ ശരീരം ഇപ്പോളും ഒട്ടും ഉടഞ്ഞ് ആകാരഭംഗി നഷ്ടപ്പെട്ടിട്ടില്ല. യഥാർഥത്തിൽ അവർക്ക് ഇപ്പോളുള്ളതിലും കുറവ് പ്രായമേ ആർക്കും അവരെ കണ്ടാൽ തോന്നുകയുള്ളൂ എന്നൊക്കെ റോയി ഡെൽഫിയോട് ഉളുപ്പില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
റോയിയുടെ വർത്തമാനം ഡെൽഫിക്ക് തുടക്കംമുതലേ ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും അവർ സംഭാഷണം അവസാനിപ്പിക്കുകയോ അയാൾ പിന്നീട് വിളിച്ചാൽ കിട്ടാത്തവണ്ണം ബ്ലോക്ക് ചെയ്യുകയോ ചെയ്തില്ല. ഡെൽഫി ഇതൊക്കെ എത്രയോ തവണ കേട്ടുകഴിഞ്ഞിരിക്കുന്നു.
അടുത്തതവണ വിളിച്ചപ്പോൾ റോയി ഡെൽഫിയുടെ ഇപ്പോളത്തെ അവസ്ഥയിൽ അവരോട് ഒരുപാട് സഹതാപം പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചു. ഡെൽഫി അപ്പോൾ ഓർക്കുകയായിരുന്നു; മുമ്പൊരിക്കൽ ജെർസന് അപകടം പറ്റി അധികകാലമായിട്ടില്ല. ജെർസന്റെ ഒരു ഉറ്റസുഹൃത്ത് വീട്ടിൽവന്ന് അഞ്ഞൂറു രൂപയുടെ ഒരു നോട്ട് കൈയിൽ വെച്ചുതന്നു. എന്നിട്ട് ഡെൽഫിയെ ആശ്വസിപ്പിക്കാനെന്ന മട്ട് ചേർത്തുപിടിച്ച് സൂത്രത്തിൽ കിടക്കയിലേക്ക് നടത്തുകയും കിടത്താൻ ശ്രമിക്കുകയും ചെയ്ത കാര്യം.
റോയിയുടെ വർത്തമാനംകേട്ട് ഒരുദിവസം ഡെൽഫി അയാളോട് പറഞ്ഞു, റോയീ, നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം; നല്ല സുഹൃത്തുക്കളെപ്പോലെ. അപ്പോൾ റോയി പറഞ്ഞത്രെ, ഡെൽഫീ, നമുക്ക് രണ്ടുപേർക്കുംകൂടി ആരുമറിയാതെ ദൂരെ എവിടേക്കെങ്കിലും ഒളിച്ചുപോയി ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചാലോ എന്ന്. ഉടനെ ഡെൽഫി ചോദിച്ചു, അപ്പോൾ സുഖമില്ലാതെയിരിക്കുന്ന എന്റെയീ കെട്ടിയവനെ ഞാനെന്തുചെയ്യും റോയീ എന്ന്. എന്റെ മകന് പിന്നെ വേറെ ആരാണുള്ളത്; ഞാൻ റോയിയുടെ കൂടെ ഒളിച്ചോടിയിട്ട്.
ബിനോയ് ഒരു പെണ്ണിനെ കെട്ടിക്കൊണ്ടുവന്ന് അവർ രണ്ടുപേരുംകൂടി ഇനിയുള്ള കാലം ജെർസനെ ശുശ്രൂഷിക്കട്ടെ. ഇത്രയും കാലം ഡെൽഫി ജെർസനെ നോക്കിയില്ലേ. ഇനിയങ്ങോട്ടുള്ള ജീവിതത്തിലെങ്കിലും ഡെൽഫിക്കൊരു സുഖവും സന്തോഷവുമൊക്കെ വേണ്ടേ എന്ന് റോയി ചോദിച്ചു.
റോയീ, എന്റെ സന്തോഷമെന്താണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം. ഞാൻ പറയട്ടെ, എനിക്ക് സന്തോഷം കിട്ടുന്നത് ഞാനിഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകളിൽനിന്നാണ്, ചെറുതും വലുതുമായ ഒറ്റക്കുള്ള യാത്രകളിൽനിന്ന്. പിന്നെ കറകളഞ്ഞ ദൈവവിശ്വാസം എനിക്ക് കൂട്ടായുണ്ട് റോയീ.
ഡെൽഫി നല്ല സാരിയൊക്കെ ഉടുത്ത് അണിഞ്ഞൊരുങ്ങി പള്ളിയിലോ മറ്റെവിടെയെങ്കിലുമോ പോയാൽ റോയി എവിടെയെങ്കിലും വെച്ച് അവരെ കണ്ടെന്ന് കരുതുക. ഡെൽഫി വീട്ടിൽ തിരിച്ചെത്തുമ്പോളേക്ക് അയാളുടെ ഫോൺ അവർക്ക് വരും. ഡെൽഫി എവിടെ പോയിരുന്നതാണ്, അവർ ഉടുത്തിരുന്ന സാരി നന്നായി ചേരുന്നുണ്ടായിരുന്നു, മുടി അങ്ങനെ കെട്ടിയാൽ നല്ല ഇണക്കമുണ്ട് എന്നൊക്കെ പറയും. എന്നിട്ട് ചോദിക്കും, ആണുങ്ങളെ ആകർഷിക്കാനല്ലെങ്കിൽ പിന്നെയെന്ത് കാര്യത്തിനാണ് പുറത്തേക്കിറങ്ങുമ്പോളൊക്കെ ഡെൽഫി ഇത്രക്ക് നന്നായിട്ട് അണിഞ്ഞൊരുങ്ങുന്നതെന്ന്.
അതെന്റെ വ്യക്തിത്വത്തിന്റെ ഭാഗമല്ലേ റോയീ. സ്ത്രീകളൊക്കെ അണിഞ്ഞൊരുങ്ങി നടക്കുന്നത് പുരുഷന്മാരെ ആകർഷിക്കാൻ വേണ്ടി മാത്രമാണെന്ന് കരുതുന്നത് വിവരക്കേടല്ലേ എന്ന് ഡെൽഫി അയാളോട് തിരിച്ചു ചോദിച്ചു.
ഇത്രയുമായപ്പോൾ റോയിക്ക് ഡെൽഫിയോടുള്ള ഇഷ്ടം ആരാധനയായിത്തീർന്നു. എന്നോട് ഒരു സത്യം തുറന്നുപറയണം ഡെൽഫീ. നിനക്ക് പുരുഷന്മാരുമായുള്ള സെക്സിൽ യാതൊരു താൽപര്യവുമില്ലെന്നാണോ. കെട്ടിയവന് ആവതില്ലാതെയിരിക്കുന്ന നിനക്ക് സ്വന്തമായിട്ട് സുഖം നേടാനുള്ള എന്തെങ്കിലും സൂത്രം കൈയിലുണ്ടോ. എന്നോെടങ്കിലും പറയണം ഡെൽഫീ.
റോയിയുടെ ആ വൃത്തികെട്ട ചോദ്യം കേട്ടപ്പോൾ ഡെൽഫിക്ക് കോപം ഇരച്ചുകയറിവന്നതാണ്. മുമ്പൊക്കെയാണ് ഇതുപോലെ ആരെങ്കിലും ചോദിച്ചിരുന്നതെങ്കിൽ ഡെൽഫി അപ്പോളേ ബോധംകെട്ട് വിറച്ചുവീണുപോയേനെ. പക്ഷേ, ഇപ്പോളവർ അങ്ങനെയല്ല. എല്ലാം കേട്ടും മറുപടി കൊടുത്തും നല്ല തഴക്കം വന്നിരിക്കുന്നു. അവർ ഉടനെതന്നെ അയാൾക്ക് ചുട്ട മറുപടി കൊടുത്തു. അങ്ങനെയൊരു മെഷീൻ വാങ്ങി ഉപയോഗിക്കേണ്ടത്ര ബുദ്ധിമുട്ട് എനിക്കുണ്ടായിരുന്നെങ്കിൽ എന്റെ പരിചയത്തിൽ നെല്ലിക്കാകൊട്ട മറിഞ്ഞത്രയും അധികം ആണുങ്ങളെ കിട്ടുമായിരുന്നല്ലോ റോയീ എന്ന്. അതിനുശേഷം ഡെൽഫി ഒരു പ്രഭാഷണംതന്നെ നടത്തിക്കളഞ്ഞു അയാളോട്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം റോയീ. എല്ലാ കാര്യങ്ങളും ആവശ്യത്തിലുമധികം കിട്ടിയാലേ നമുക്കതിനോട് മടുപ്പുണ്ടാകൂ. എനിക്കീ ജീവിതത്തിൽ സഹനങ്ങളല്ലാതെ മറ്റൊന്നും മടുത്തിട്ടില്ല റോയീ. ഒരു സ്ത്രീയെന്ന നിലക്കുള്ള എല്ലാ ആഗ്രഹങ്ങളും എനിക്കുണ്ട്. എന്നാൽ, ഒരു സന്തോഷവും കൃത്രിമമായിട്ടുണ്ടാക്കി അനുഭവിക്കുന്നത് എനിക്കിഷ്ടമല്ല. ഞാനൊരു കാര്യം പറയട്ടെ. നമുക്ക് സ്വന്തം അമ്മയില്ലെന്ന് കരുതി ആരെങ്കിലും പുതിയൊരു അമ്മയെ ഉണ്ടാക്കാൻ ശ്രമിക്കുമോ? ഒരമ്മയെ എവിടെനിന്നെങ്കിലും വാങ്ങിയാൽതന്നെ അത് യഥാർഥ അമ്മയെപ്പോലെയാകുമോ? എനിക്ക് എന്റെ ഭർത്താവിൽനിന്ന് സ്നേഹവും സന്തോഷവും കിട്ടുന്നില്ലെന്നുവെച്ച് പകരം അത് നിങ്ങളിൽനിന്ന് കിട്ടണമെന്നില്ല റോയി. എനിക്കതിൽ ദുഃഖമോ നിരാശയോ ഉണ്ടെന്ന് നിങ്ങൾ കരുതരുത്. ദയവായി എന്നെ നിങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ ശ്രമിക്കരുത്.
ഡെൽഫി റോയിയോട് പറഞ്ഞതൊക്കെ കേട്ടപ്പോൾ ഞാനോർക്കുകയായിരുന്നു. എത്ര പക്വതയോടെയും വ്യക്തമായുമാണ് ഡെൽഫി അവരുടെ ഭാഗം വിശദീകരിച്ചുപറഞ്ഞത്. ശരിക്കും ഞാൻ അത്ഭുതപ്പെട്ടു പോയി. യാതൊരു ചമ്മലുമില്ലാതെയാണ് ഡെൽഫി ഇത്തരം കാര്യങ്ങൾ എന്നോട് പറയുന്നത്. ഡെൽഫി അവരുടെ കഥ പറഞ്ഞുതുടങ്ങിയ നാൾ മുതൽ ഒരു പുരുഷനെന്ന നിലക്ക് എന്റെയുള്ളിൽ തികട്ടിവന്നുകൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് അന്ന് ഉത്തരം കിട്ടി എനിക്ക്. ജെർസൻ ഡെൽഫിയുമായി ബന്ധപ്പെടാൻ താൽപര്യമുള്ള ഒരാളായിരുന്നോ എന്ന് ഞാൻ മടിയോടെയാണ് ചോദിച്ചത്. ഉടനെ ഒരു ചളിപ്പുമില്ലാതെ ഡെൽഫി എനിക്കതിനുള്ള ഉത്തരം തന്നു. നല്ല താൽപര്യമുള്ള ആളുതന്നെയായിരുന്നു ജെർസൻ. ഒട്ടുമിക്ക ദിവസങ്ങളിലും അയാൾക്കത് ചെയ്യുകയും വേണമായിരുന്നു. നമ്മളോടൊരു സ്നേഹവും അനുകമ്പയുമൊക്കെ ഉണ്ടായിക്കൊള്ളട്ടെ എന്നുകരുതി ഡെൽഫി ജെർസനുമായി കഴിയുന്നത്ര സഹകരിക്കുകയും ചെയ്തിരുന്നു. പക്ഷേ, എല്ലാം കഴിഞ്ഞ് നേരം വെളുത്ത് ഉറക്കമുണർന്നുകഴിയുമ്പോളേക്കും അതെല്ലാം മറന്നുകൊണ്ട് ചെറിയ കാര്യങ്ങൾക്കുപോലും ജെർസൻ വഴക്കുപറയുകയും തല്ലുകയും ചെയ്യുമായിരുന്നു.
അത് പറഞ്ഞപ്പോൾ ഡെൽഫി ജെർസനെക്കുറിച്ച് രസകരമായ ഒരു കാര്യം ഓർത്തുപറഞ്ഞു. വീട്ടിലിരുന്ന് ടെലിവിഷനിൽ ജെർസൻ സിനിമകൾ കാണാറുണ്ടായിരുന്നു. യഹോവ സാക്ഷിയിൽ ചേരുന്നതിനു മുമ്പുള്ള കാര്യമാണ്. ചില സിനിമകൾ കാണുമ്പോൾ ജെർസൻ ഭയങ്കരമായിട്ട് ഇരുന്ന് കരയാൻ തുടങ്ങും. സങ്കടം സഹിക്കാൻ കഴിയാതെ ഉടുത്ത മുണ്ടുകൊണ്ട് മൂക്കുചീറ്റുകയും കണ്ണീര് തുടക്കുകയും ചെയ്യും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആകാശദൂത് എന്നിങ്ങനെയുള്ള സിനിമകളൊക്കെ കണ്ടുകൊണ്ടിരുന്നപ്പോൾ ജെർസന്റെ തോളിൽ ഒരു തോർത്തുണ്ടായിരുന്നത്രെ. കരയുന്നതിനിടക്ക് അയാൾ കണ്ണും മൂക്കും തുടച്ചുകൊണ്ടിരുന്നു. സിനിമ കണ്ടുതീർന്നു കഴിഞ്ഞപ്പോൾ ജെർസൻ കണ്ണീരിൽ കുതിർന്ന തോർത്ത് പിഴിഞ്ഞുകളഞ്ഞത്രെ! അത് കാണുമ്പോൾ ഡെൽഫിക്ക് നാണം തോന്നും. ഇങ്ങനെ സിനിമ കണ്ടിരുന്ന് കരയുന്ന ജെർസനെ കണ്ടാൽ അയാൾ എത്ര ലോലമനസ്കനാണെന്ന് ആളുകൾ വിചാരിച്ചുപോകും. പക്ഷേ, ഈ ലോലമനസ്സൊക്കെ സിനിമയിലെ കഥാപാത്രങ്ങളോടേയുള്ളൂ. സ്വന്തം ഭാര്യയുടെ കണ്ണീര് കാണുമ്പോൾ ഉണ്ടാകാറില്ല എന്ന് ഡെൽഫി ചിരിച്ചുകൊണ്ടു പറഞ്ഞു.
അങ്ങനെയിരിക്കെ ഡെൽഫിയെ എങ്ങനെയും തന്റെ വരുതിയിലാക്കാൻ രണ്ടും കൽപിച്ചിറങ്ങിയ റോയി ഒടുവിൽ അയാളുടെ അവസാനത്തെ അടവ് പുറത്തെടുത്തു. ഡെൽഫി അയാൾക്ക് വഴങ്ങുകയാണെങ്കിൽ അതിനുള്ള പ്രത്യുപകാരമായി വളരെ പ്രധാനപ്പെട്ട ഒരു രഹസ്യം അവർക്ക് പറഞ്ഞുകൊടുക്കാമെന്നയാൾ അറിയിച്ചു.
ആദ്യം ആ രഹസ്യമെന്താണെന്ന് റോയ് എന്നോട് പറയൂ. തന്നെ സംബന്ധിച്ച് വിലപ്പെട്ട ഒന്നാണെങ്കിൽ മാത്രം മറ്റു കാര്യങ്ങൾ ആലോചിക്കാമെന്ന് ഡെൽഫി പറഞ്ഞു. റോയിക്ക് അതിന് സമ്മതമായിരുന്നു. അയാൾ ആ രഹസ്യം ഡെൽഫിയോട് വെളിപ്പെടുത്തി.
ജെർസൻ ബൈക്കപകടത്തിൽപെട്ട് പരിക്കേറ്റത് ഒരു യാദൃച്ഛിക സംഭവമായിരുന്നില്ല. പീറ്റപ്പനും സഹോദരങ്ങളും ചേർന്ന് ആസൂത്രണംചെയ്ത് വിജയകരമായി നടപ്പാക്കിയ ഒന്നായിരുന്നത്രെ! ചെട്ടിഭാഗം മാർക്കറ്റിലേക്ക് അരിയും കൊണ്ടുവന്നിരുന്ന ഒരു തമിഴൻ ലോറിഡ്രൈവർക്ക് പണംകൊടുത്ത് കൃത്രിമമായി അപകടമുണ്ടാക്കി ജെർസനെ കൊന്നുകളയാനാണ് അവർ പദ്ധതിയിട്ടിരുന്നത്. പ്രാർഥനയും കഴിഞ്ഞ് രാജ്യഹാളിൽനിന്ന് വീട്ടിലേക്ക് തിരിച്ചുപോകുംവഴി എന്നും ജെർസൻ ചെട്ടിഭാഗം മാർക്കറ്റിൽ കയറുന്നത് പീറ്റപ്പനും കൂട്ടരും ശ്രദ്ധിച്ചിരുന്നു. ക്രിസ്റ്റഫറിന്റെ ചരമവാർഷികദിനത്തിലോ അതിനടുത്ത ഏതെങ്കിലും ദിവസമോ തന്നെ ജെർസനെ കൊല്ലണമെന്നായിരുന്നു അവരുടെ ആഗ്രഹം.
റോയിയാണ് ഈ രഹസ്യം ഡെൽഫിയോട് പറഞ്ഞതെന്ന് മറ്റൊരാളും അറിയരുതെന്ന് അയാൾ പ്രത്യേകം പറഞ്ഞു അന്ന്. ക്രൂരന്മാരായ പീറ്റപ്പന്റെ കുടുംബക്കാരിൽനിന്നുണ്ടാകാനിടയുള്ള പ്രതികരണം റോയിയെ ഭയപ്പെടുത്തുന്നുണ്ടത്രെ.
അതിനുമുമ്പും ഒരുതവണ അവർ ജെർസനെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് ജെർസൻ അതിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ജെർസനെ തല്ലാനായി വളഞ്ഞവരുടെ കൂട്ടത്തിൽ അന്ന് റോയിയും ഉണ്ടായിരുന്നെന്ന് അയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു.
റോയിയുടെ വെളിപ്പെടുത്തൽ ഡെൽഫിയിൽനിന്ന് കേട്ടുകഴിഞ്ഞപ്പോളാണ് എന്നെ പിടികൂടിയിരുന്ന ഒരു അസ്വസ്ഥത ഒഴിഞ്ഞുപോയത്. ഡെൽഫി റോയിയുമായി ഫോൺസംഭാഷണം തുടങ്ങിയത് മുതൽക്ക് ഞാൻ അസ്വസ്ഥനും അക്ഷമനുമായിരുന്നു. വേറൊന്നുമല്ല അതിനുള്ള കാരണം. എന്തു കാര്യത്തിനുവേണ്ടിയാണ് എല്ലാം അറിഞ്ഞുകൊണ്ട് ഫോണിലൂടെയാണെങ്കിലും ഡെൽഫി റോയിയുമായി ബന്ധം സ്ഥാപിക്കുകയും ഒരു മറയുമില്ലാതെ സെക്സിനെക്കുറിച്ചുപോലും ഇത്ര കടന്ന് സംസാരിക്കുകയും ചെയ്യുന്നത്; എന്തുകൊണ്ടാണ് ഡെൽഫി റോയിയെ ബ്ലോക്ക് ചെയ്യാതെ പിന്നെയും പിന്നെയും അയാളുടെ കോളുകൾ അറ്റൻഡ് ചെയ്യുന്നത്? ഇത്രയും കാലം എനിക്കീ ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നില്ല.
റോയിയുടെ വെളിപ്പെടുത്തൽ ഡെൽഫിയിൽ വലിയ ഞെട്ടലുണ്ടാക്കി എന്നത് നേരാണ്. എന്നാൽ, അപകടം സംഭവിച്ച ആ കാലത്തുതന്നെ ഡെൽഫിയടക്കം പലർക്കും അതിൽ പീറ്റപ്പന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ടായിരുന്നു. പ്രേത്യകിച്ച് അപകടം നടന്ന ദിവസത്തിന്റെ പ്രത്യേകതയുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ.
അസ്വാഭാവികമായ അപകടത്തിന് വധശ്രമമാരോപിച്ച് ഒരു കേസ് കൊടുക്കണമെന്ന് അന്ന് പലരും ഡെൽഫിയെ ഉപദേശിച്ചിരുന്നു. അവർ അന്നത് ചെയ്യാതിരുന്നത് സംശയമല്ലാതെ വ്യക്തമായ ഒരു തെളിവ് അവരുടെ പക്കൽ ഇല്ലാതിരുന്നതുകൊണ്ടാണ്. പിന്നെ പീറ്റപ്പനെങ്ങാനും ഈ സംഭവത്തിൽ നിരപരാധിയാണെങ്കിൽ ആ കുടുംബത്തിന് ഡെൽഫിയുടെ വീട്ടുകാരോട് ഇപ്പോളുള്ള വൈരാഗ്യം വർധിക്കാൻ അതൊരു കാരണമായിത്തീർന്നേക്കും എന്ന് ഡെൽഫിക്ക് തോന്നി. ഒരു കേസിന്റെ പിന്നാലെ പോകാനുള്ള സാമ്പത്തികശേഷി ഡെൽഫിക്ക് അന്നുണ്ടായിരുന്നുമില്ലല്ലോ. പാണ്ടിലോറിക്കാരൻ ഡ്രൈവർക്ക് ജെർസനുമായി പ്രത്യക്ഷത്തിലൊരു ശത്രുത ഉണ്ടായിരുന്നില്ല എന്നത് സത്യവുമാണ്.
എന്നെങ്കിലുമൊരിക്കൽ ആരെങ്കിലുംവഴി യഥാർഥ സത്യം തന്റെ കാതുകളിലെത്തുമെന്ന് ഡെൽഫി ആത്മാർഥമായി വിശ്വസിച്ചിരുന്നു.
ഡെൽഫി എന്നോട് ഒരു ചോദ്യം ചോദിച്ചു! സ്വാഭാവികമായി, യാദൃച്ഛികമായി ആ സത്യം ഡെൽഫിയെ തേടിവന്നതാണെന്നാണോ ഞാൻ കരുതുന്നതെന്ന്. എന്നാൽ, അതങ്ങനെയല്ലത്രേ! ആ രഹസ്യം കണ്ടെത്തുന്നതിനുവേണ്ടി ഡെൽഫി ഇക്കാലംവരെ നടത്തിയ ആസൂത്രണങ്ങൾ, ചെലവഴിച്ച മണിക്കൂറുകൾ, എണ്ണമറ്റ ഫോൺകോളുകൾ അതൊക്കെ ഞാൻ വിചാരിക്കുന്നതിലും ഒരുപാടധികമാണത്രെ.
ഇഷ്ടപ്പെടാത്തവരുമായുള്ള ഫോൺവിളിയുടെ കാര്യം പറഞ്ഞപ്പോൾ ഡെൽഫി ഒരു കാര്യം ഓർത്തുപറഞ്ഞു. അന്ന് ടീച്ചറിനെ കെട്ടാൻവേണ്ടി തേച്ചിട്ടുപോയ അവരുടെ ആദ്യകാമുകൻ പവിയാനോസ്, ജെർസന് അപകടം പറ്റിയതിനുശേഷം എവിടെനിന്നോ നമ്പർ സംഘടിപ്പിച്ച് ഡെൽഫിയെ വിളിച്ചിരുന്നു. ഫോണെടുത്ത് സംസാരിച്ചുതുടങ്ങിയപ്പോൾതന്നെ പവിയാനോസാണെന്നറിഞ്ഞ് ഫോൺ കട്ട് ചെയ്താലോ എന്ന് ഡെൽഫി ഓർത്തെങ്കിലും ഒരു പൊലീസുകാരനല്ലേ, ജെർസന്റെ അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം തരാൻ അയാൾക്ക് കഴിഞ്ഞെങ്കിലോ എന്നോർത്ത് മാത്രമാണ് ഡെൽഫി സംഭാഷണം തുടർന്നത്.
ആദ്യ കോളുകൾ ജെർസന്റെയും ഡെൽഫിയുടെയും അവസ്ഥയിൽ സഹതപിച്ചുള്ളവയായിരുന്നു. പിെന്നയത് കുറ്റബോധവും മാപ്പുപറച്ചിലുമായി. ഒടുവിൽ അയാൾക്ക് നേരിട്ട് കാണണം, മനഃസ്താപം തീർക്കാനായി ഡെൽഫിക്ക് ഒരു സാരി വാങ്ങിക്കൊടുക്കണം എന്നൊക്കെയായി. ഒരുപാട് നാളായുള്ള പവിയാനോസിന്റെ ആഗ്രഹമായിരുന്നത്രെ അത്.
ആയിടക്കാണ് ഡെൽഫിക്ക് ഭയങ്കരമായ ഒരു ഡിപ്രഷനുണ്ടായത്. വിറച്ചുതുള്ളുന്ന പനിയായിട്ടാണ് അത് തുടങ്ങിയത്. എപ്പോളും മരണത്തെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നു. പത്രത്തിലെ ചരമക്കോളത്തിൽ ഏറെനേരം നോക്കിയിരിക്കുന്നു. ഇതൊന്നും കൂടാതെയാണ് പ്രിയപ്പെട്ട മൂന്നാലുപേരുടെ ആകസ്മികമായ മരണങ്ങളുണ്ടായതും. ബിനോയിയെ പഠിപ്പിക്കുന്ന ഒരു ടീച്ചർ, ജെർസന്റെ ഉറ്റസുഹൃത്ത് ടോമി... അങ്ങനെ ഡെൽഫിയുടെ ഡിപ്രഷൻ കടുത്തു. പവിയാനോസിനോട് ക്ഷമിക്കണമെന്ന് ഡെൽഫിക്ക് മാനസാന്തരമുണ്ടായി അന്ന്. അയാളെ വെറുക്കാതെ അയാൾക്ക് മാപ്പുകൊടുക്കാനുള്ള വിട്ടുവീഴ്ചാ മനോഭാവമുണ്ടായി. തനിക്ക് സാരി വാങ്ങിത്തരാനുള്ള അയാളുടെ ആഗ്രഹത്തിന് അവർ സമ്മതമറിയിച്ചു. അവരൊരുമിച്ച് ആലുവയിലുള്ള സീമാസിൽ പോയി. ആടിമാസ കിഴിവിന്റെ സമയമായിരുന്നത്. സാരി വാങ്ങിക്കഴിഞ്ഞ് അവർ പിരിഞ്ഞു.
ജെർസനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടാനില്ലെന്നു മനസ്സിലാക്കി ഡെൽഫി പിന്നെ അയാൾ വിളിച്ചാൽ ഫോണെടുക്കാറേയില്ല. എന്നാൽ, ആ സാരി ഉപയോഗിച്ച് ഡെൽഫി ചെറിയൊരു പ്രതികാരം വീട്ടി.
പവിയാനോസ് അച്ചടക്കമില്ലാത്ത ഒരാളായിരുന്നല്ലോ. പള്ളിയിൽ വന്നാൽ അയാൾ ഡെൽഫിയെത്തന്നെ തുറിച്ചുനോക്കുമായിരുന്നു എന്ന് നേരത്തേ എന്നോട് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അയാളുടെ പേരിൽ ഡെൽഫിയുടെ വീട്ടുകാർ അവരെ ഒരുപാട് ശകാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആങ്ങളമാർ പവിയാനോസിന്റെ കാര്യം പറഞ്ഞ് ഡെൽഫിയുടെ കരണത്തൊക്കെ അടിച്ചിട്ടുണ്ട്.
പവിയാനോസ് സാരി വാങ്ങിക്കൊടുത്തു കഴിഞ്ഞ് ഒരുദിവസമായിരുന്നു തറവാടു വീട് പൊളിക്കുന്നതിന്റെ ഭാഗമായി ക്രിസ്മസിന് ഡെൽഫിയുടെ വീട്ടുകാരെല്ലാവരും അവിടെ ഒത്തുചേർന്നത്. അന്ന് ഡെൽഫി അവിടേക്ക് ഉടുത്തുകൊണ്ടുചെന്നത് പവിയാനോസ് വാങ്ങിക്കൊടുത്ത സാരിയായിരുന്നു. അതുടുത്തുകൊണ്ട് ഡെൽഫി ആങ്ങളമാരുടെ മുന്നിലൂടെ നിഗൂഢമായ ഒരാനന്ദമനുഭവിച്ചുകൊണ്ട് കുറെനേരം നടന്നത്രേ! അതിനുശേഷം ഒരിക്കൽപോലും ഡെൽഫി ആ സാരി ഉടുത്തിട്ടില്ല.
ഡെൽഫി പറഞ്ഞുവന്നത് അവർ ഇതുവരെ വിളിച്ച ഫോൺകോളുകളെല്ലാം ഒരു കുറ്റാന്വേഷണത്തിന്റെ ഭാഗമായിരുന്നു എന്നാണ്. ഡെൽഫി തുടക്കത്തിലേ അത് സൂചിപ്പിച്ചിരുന്നത് ഞാനോർത്തു. വർഷങ്ങൾകൊണ്ട് ഡെൽഫി ഈ നാട്ടിൽ ഉണ്ടാക്കിയെടുത്ത ഒരു ചീത്തപ്പേരുണ്ട്. അവരെ ആർക്കും ഫോണിൽ വിളിക്കാം. ചങ്ങാത്തം കൂടി എത്രനേരം വേണമെങ്കിലും അവരോട് ഫോണിൽ സംസാരിക്കാം എന്നൊക്കെ. ഡെൽഫിക്കുറപ്പായിരുന്നു വളരെ മോശപ്പെട്ട കാര്യങ്ങൾ അവരെക്കുറിച്ച് നാട്ടിൽ പ്രചരിക്കുന്നുണ്ടായിരുന്നെന്ന്. പക്ഷേ, ഡെൽഫി അത് വകവെച്ചില്ല.
ഞാൻ വിചാരിക്കുകയായിരുന്നു. ഇതിപ്പോൾ ഞാനറിയാതെ ഈ നോവൽ ഒരു കുറ്റാന്വേഷണകൃതിയുടെ രൂപം കൈവരിച്ചിരിക്കുകയാണല്ലോ എന്ന്; അത്തരത്തിലൊന്ന് എഴുതണമെന്ന് ഞാനൊട്ടും വിചാരിച്ചിരുന്നില്ല എങ്കിൽപോലും. ഞാനെന്തെഴുതണമെന്നത് ഞാൻ മാത്രമല്ലല്ലോ വിചാരിക്കുന്നത്. അല്ലെങ്കിലും ഒരാൾ എഴുതുന്നത് അയാൾ മുന്നേ ചിന്തിച്ചുറച്ച്, ആസൂത്രണം ചെയ്തുവെച്ച സംഗതികളല്ലല്ലോ. എങ്ങനെ എഴുതണമെന്നതും നമ്മുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല. എല്ലാം അതതിന്റെ വഴിക്ക് സംഭവിക്കുന്നതാണ്.
ഒരേസമയം ആഹ്ലാദവും ഭയവുമുണ്ടാക്കുന്ന ഒരു കാര്യം, കഥ പറയുന്നതിന്റെ രസത്തിലും ആവേശത്തിലും ഡെൽഫി കഥയുടെ ക്ലൈമാക്സ് ഇതാ എന്നോട് പറഞ്ഞുകഴിഞ്ഞിരിക്കുന്നു എന്ന് അന്ന് ഞാൻ കരുതി. ഇത് അത്ര അപകടം പിടിച്ച ഒരു ക്ലൈമാക്സ് ഒന്നുമല്ലല്ലോ. വെറും വഴിത്തിരിവ് മാത്രമല്ലല്ലോ. കഥയുടെ പര്യവസാനം ഇതാണെങ്കിൽ ഇനിയങ്ങോട്ട് ഒന്ന് കരുതിയിരിക്കേണ്ടതല്ലേ എന്ന് വിചാരിക്കുമ്പോളേക്കും ഡെൽഫി പറഞ്ഞു; യഥാർഥ ക്ലൈമാക്സ് ഇനിയും എന്നോട് പറഞ്ഞുകഴിഞ്ഞിട്ടില്ലെന്ന്. അതിലേക്കെത്താൻ ദൂരം ഇനിയുമേറെയുണ്ട്. അടുത്തതവണ വിളിക്കുമ്പോൾ ബാക്കി പറഞ്ഞുതുടങ്ങാം ഗുഡ്നൈറ്റ് എന്ന്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.