04 നീലിമ എന്ന ആൺകുട്ടി
കോളേജ് കാലത്ത് പാർവതിക്ക് കിട്ടിയ ഒരു വിലപ്പെട്ട കൂട്ടുകാരിയായിരുന്നു നീലിമ. ഹരിയാനയിലെ വയലുകളിൽ വിളഞ്ഞ മുന്തിയ ഗോതമ്പിന്റെ തുടുപ്പുള്ള പെണ്ണ്. അമ്മക്ക് പണ്ടേ ഇഷ്ടമല്ല ഗോതമ്പ്. ആൺകുരലും തലയെടുപ്പുമുള്ള നീലിമയെയും പിടിച്ചിട്ടില്ല അവർക്ക്.
വിളഞ്ഞ പാടങ്ങളിലെ ഏറുമാടങ്ങളിലിരുന്നു കിളികളെ വിരട്ടിയോടിക്കാൻ അവളുടെ കൈയിലുണ്ടായിരുന്നത് ഫൗജിയായിരുന്ന ഇളയച്ഛൻ ഹവീൽദാർ ബൽബീർസിങ്ങിൽനിന്ന് കിട്ടിയ ഉണ്ടയില്ലാത്ത തോക്കും മൂർച്ചയുള്ള ഒച്ചയുമായിരുന്നു. മകളോടൊപ്പം അവൾ ഇടക്കൊക്കെ കേറിവരുമ്പോൾ കാണാത്ത മട്ടിൽ സൗമിനി എവിടെയെങ്കിലും നോക്കിയിരിക്കും. കാരണം, അവളുടെ നീണ്ടുനിവർന്നുള്ള നടപ്പാണോ, ചുണ്ടുകൾക്ക് മീതെ കുരുത്തുവരുന്ന നീലരോമങ്ങളാണോ അതോ ആ ആൺകുരലാണോ എന്നൊക്കെ ആർക്കറിയാം?
സൗമിനിയമ്മക്ക് തന്നെ തീരെ കണ്ടുകൂടെന്ന് നീലിമക്കുമറിയാം. അതുകൊണ്ട് കഴിയുന്നത്ര അവൾ ആ പടിക്കകത്തു കാല് കുത്താറില്ല. അവളുടെ ബുള്ളറ്റിന്റെ ആണൊച്ച കേൾക്കുമ്പോഴേ പാർവതി പുറത്തേക്ക് ഓടിച്ചെല്ലും. ആണുങ്ങളുടെ ബൈക്കിനും വല്ലാത്തൊരു ആൺചൂരാണ്. അതിന്റെ ഒച്ച കേൾക്കുമ്പോഴേ അമ്മ പിറുപിറുക്കുകയായി.
“ദാ വരണുണ്ട് നിന്റെ ബോയ്ഫ്രണ്ട്. ആണായി പെറക്കേണ്ടതാ. ബ്രഹ്മാവിന്റെ കൈപ്പിഴ.’’
തന്റെ പഞ്ചാബി വീറിന്റെ പാതിയെങ്കിലും കൂട്ടുകാരിയിലേക്ക് പകർന്നുകൊടുക്കാൻ ആവുന്നത്ര ശ്രമിക്കാറുണ്ട് നീലിമ. അങ്ങനെയാണല്ലോ പാർവതി കരാട്ടെ പഠിക്കാൻ തുടങ്ങിയത്. ആദ്യം കുറെ എതിർത്തു നോക്കിയെങ്കിലും ഒടുവിൽ മകളുടെ വാശിക്ക് മുമ്പിൽ കീഴടങ്ങാതെ വയ്യെന്നായി അമ്മക്ക്. പ്രായമാകുമ്പോൾ ആരുടെയെങ്കിലും കൈയിൽ ഏൽപിക്കേണ്ട പെൺകുട്ടിയാണ് കണ്ണീക്കണ്ട മേൽമീശക്കാരിയുടെ കൂട്ടുകൂടി വഷളാവണത്. അതിന് മറുപടിയുണ്ടായിരുന്നു പാർവതിക്ക്. ഇന്നത്തെ നഗരജീവിതത്തിൽ പല തരക്കാരുമായി ഇടപെടേണ്ടി വരുമ്പോൾ സ്വന്തം രക്ഷക്കായി ചില അടിതടവുകൾ പഠിച്ചേ പറ്റൂ. അവൾ പറഞ്ഞു... ഒരുപക്ഷേ നീലിമ ഓതിക്കൊടുത്തത്.
ഉത്തരം മുട്ടിയപ്പോൾ സൗമിനി പതിവുപോലെ ചുമൽ വെട്ടിച്ചു, സ്വയം ആശ്വസിപ്പിച്ചു.
“ഇത് പഴയ കാലമല്ലല്ലോ. ഈ കെട്ടകാലത്തു ഒരാൾ എന്തെടാന്നു ചോദിച്ചാൽ എന്തെടാ എന്ന് ചോദിക്കാനുള്ള തന്റേടമുണ്ടാവണം പെങ്കുട്ട്യോൾക്ക്.” കാണാമറയത്തുനിന്ന് ആരോ പറയുന്നതുപോലെ അവർക്ക് തോന്നി.
ആ കരുത്തു കുറെയൊക്കെ സാധ്യമായപ്പോൾ തന്റെ അരങ്ങേറ്റത്തിനുള്ള സമയമായെന്ന് പാർവതിക്ക് തോന്നിയതിൽ തെറ്റില്ല. അവൾക്ക് വേണ്ടതിലേറെ ഉശിര് പകർന്നുകൊടുക്കാൻ ഹരിയാനക്കാരി നീലിമയും ഉണ്ടായിരുന്നു. ഗുസ്തിക്കാരുടെയും പോരാളികളുടെയും നാടായ ഹരിയാന.
ഒടുവിൽ ഒരു വിജയദശമി നാളിൽ അതിനുള്ള അവസരം ഒത്തുവന്നത് വിശാൽനഗറിന് തൊട്ടു പുറത്തുള്ള ഒരു ബാറിന് മുമ്പിൽ െവച്ചായിരുന്നു. ബാറിനകത്തു തുടങ്ങിയ വഴക്ക് തീർക്കാനാവാതെ നിരത്തിലിറങ്ങിയ രണ്ടു ചെറുപ്പക്കാർ പിന്നീട് തങ്ങളുടെ പ്രകടനം വെളിയിലേക്ക് മാറ്റിയപ്പോൾ മൂച്ചു കൂടി. അന്നേരമാണല്ലോ കളിയും ചിരിയുമായി ഒരുകൂട്ടം പെൺകുട്ടികൾ ആ വഴിക്ക് വന്നത്. ഒളിച്ചുെവച്ചിരുന്ന തങ്ങളുടെ ഉശിരൻ ഉപകരണങ്ങൾ പെൺകുട്ടികളെ കാണിക്കാൻ പറ്റിയ സമയമാണെന്ന് ആ തിളക്കുന്ന പ്രായത്തിൽ പയ്യന്മാർക്ക് തോന്നിയതിൽ തെറ്റില്ല. ഇടപെടാൻ തുടങ്ങിയ പാർവതിക്ക് കിട്ടിയ മുട്ടൻ പഞ്ചാബി തെറികളുടെ തത്സമയ മൊഴിമാറ്റത്തിന് നീലിമ ഉണ്ടായിരുന്നതുകൊണ്ട് തന്റെ അരങ്ങേറ്റത്തിന് സമയമായെന്ന് പാർവതി തിരിച്ചറിഞ്ഞു. വെറും ചീള് കേസായ ഇതൊക്കെ നീ തന്നെ കൈകാര്യം ചെയ്താൽ മതിയെന്ന് പറഞ്ഞ് നീലിമ മാറിക്കൊടുക്കുകയും ചെയ്ത
തുലാമിന്നൽപോലെ ചെക്കന്റെ കഴുത്തിൽ ആദ്യത്തെ അടി വീണു. പിന്നത്തെ ചവിട്ട് കിട്ടിയത് അവന്റെ നാഭിക്ക്. വേണ്ടതെല്ലാം വേണ്ട സമയത്തു കിട്ടിയപ്പോൾ ശരിക്കും ഫിറ്റായിരുന്ന അവൻ റോഡിൽ കുഴഞ്ഞുവീണു. രണ്ടാമത്തവൻ ഇത്തിരിനേരം പിടിച്ചുനിൽക്കാൻ നോക്കിയപ്പോൾ പാർവതിയുടെ അരിശം കൂടി. പിന്നെ കരാട്ടെ മാസ്റ്റർ പഠിപ്പിച്ച മുറകളിൽ ചിലതൊക്കെ അവന്റെ ഉടലിലും, അതേ താളത്തിലും ഈണത്തിലും. അതോടെ അവളെയും പിടിച്ചുവലിച്ചുകൊണ്ട് നീലിമ കോളനിയുടെ സുരക്ഷിതത്വത്തിലേക്ക് പിൻവാങ്ങുകയായി…
“നീയാണെടീ വിശാൽനഗറിലെ ശേർണി!” നീലിമ അവളെ കെട്ടിപ്പിടിച്ചു കവിളത്തു ഉമ്മെവച്ചു. “പക്ഷേ മെയിൻറോഡിലൊക്കെ അത്രക്ക് വേണ്ടായിരുന്നു. അവരുടെ കൈയിൽ വല്ല കത്തിയും ഉണ്ടായിരുന്നെങ്കിലോ?”
“എന്നിട്ടെന്തു കാര്യം? എടുക്കാൻ പാർവതി സമ്മതിക്കണ്ടേ?”
“എന്നാലും.”
“ഒരു എന്നാലൂല്യ. നേരെ ചൊവ്വേ റോഡിക്കൂടി പോവായിരുന്നില്ലേ ആ കുട്ട്യോള്? ആണാണോന്ന് അവര് ചോയ്ച്ചില്ലല്ലോ. പിന്നെന്തിനാ അവൻ ജീൻസിന്റെ സിപ്പ് തുറന്നു വേണ്ടാത്തതൊക്കെ പൊക്കിക്കാണിക്കണേ?”
“പരിചയമില്ലാത്തവരാ.”
“ആരെങ്കിലും ആയിക്കോട്ടെ. ഇവന്മാരുടെയൊക്കെ പത്തി അപ്പൊത്തന്നെ ചവിട്ടിത്താഴ്ത്തിയില്ലെങ്കിൽ നാളെ ഇതൊക്കെ കാട്ടണത് നമ്മടെ നേരെയായിരിക്കും.”
“ഓക്കേ, വാദിച്ചു ജയിക്കാൻ എന്നെക്കൊണ്ടാവില്ല. പിന്നൊരു കാര്യം മാത്രം. നീയൊരിക്കലും ഒരു മല്ലുവിനെ കെട്ടാൻ നോക്കരുത്. നിനക്ക് ചേരണതു നല്ല ചൊങ്കൻ പഞ്ചാബി പയ്യനായിരിക്കും. പറ്റുമെങ്കിൽ ഒരു പട്ടാളക്കാരൻ. എന്റെ ദാദാജി ഉദ്ധം സിങ്ങിനെ പോലൊരു ഉശിരൻ. മുടിയുണ്ടെങ്കിൽ അതൊക്കെ നമുക്ക് വെട്ടിക്കാമെന്നേ!”
അതു കേട്ടപ്പോൾ പാർവതിക്ക് ചൊറിഞ്ഞുവന്നു.
“അതെന്താ ഞങ്ങടെ പിള്ളേരെ കൊള്ളില്ലേ?”
“മിടുക്കന്മാരാ. അവരുടെ മീശ എനിക്കിഷ്ടമാണ്. പക്ഷേ മിടുക്ക് ഇത്തിരി കൂടുതലാന്ന് മാത്രം. ഉള്ളിലുള്ളത് പിടികിട്ടാൻ പാടാ. അത്രക്ക് കുറുക്കന്മാരാ...”
“അതിന് പാർവതി പെണ്ണ് കെട്ടാൻ പോണില്ലെങ്കിലോ?” അവൾ പിറുപിറുത്തു.
“പോടീ പെണ്ണെ, ഉണ്ടയില്ലാത്ത വെടി പൊട്ടിക്കാതെ.”
“ശരിയാടീ.”
“നിന്നെപ്പോലത്തെ ഒരു ചന്തക്കാരി പെണ്ണിന്റെ പുറകെ നടക്കാൻ ആരെയും കിട്ടിയില്ലെന്നോ?”
വിശ്വാസമാകാത്തപോലെ നീലിമ കണ്ണ് മിഴിച്ചപ്പോൾ അവൾ നോട്ടം മാറ്റി. ഇത്തിരി കഴിഞ്ഞ് അവൾ പതിയെ പറയാൻ തുടങ്ങി.
“ശരിയാ, ഉണ്ടായിരുന്നു ഒരു കാലത്തു എനിക്കൊരു കൂട്ട്. ബിശ്വജിത് എന്ന ബംഗാളിപ്പയ്യൻ.”
“അങ്ങനെയൊരു ബംഗാളിപ്പയ്യൻ ഇല്ലായിരുന്നല്ലോ നമ്മടെ കോളേജിൽ. അല്ലെങ്കിലും ഇന്നത്തെ ക്യാമ്പസുകളിൽ എവിടെയാ മോളെ ആഴത്തിലുള്ള പ്രണയം? ഒക്കെയൊരു തരം ഏർപ്പാടല്ലേ?”
“പിന്നെ?”
“ഇയാൾ നമ്മളെക്കാൾ സീനിയർ. രണ്ടുകൊല്ലം മുമ്പ് പഠിച്ചിറങ്ങി.” “എന്നിട്ട് നീയെങ്ങനെ അയാളെ പരിചയപ്പെട്ടു?”
“ഒരു യോഗത്തിനു ചെന്നപ്പോൾ… നിന്നെയൊക്കെ കാണുന്നതിന് മുമ്പ്.”
“എന്നിട്ട്?”
“ആദ്യത്തെ കാഴ്ചയിൽതന്നെ വേറൊരു ടൈപ്പായി തോന്നി. എരിയുന്ന കണ്ണുകൾ. പുക വലിച്ച് ഇരുണ്ട ചുണ്ടുകൾ. മുഴങ്ങുന്ന ശബ്ദം. ആ ഉശിരുള്ള, വീറുള്ള വാക്കുകൾ കേട്ടിരിക്കാൻ തോന്നും.”
“എന്നിട്ട്?”
“പിന്നെ അവന്റെ മീറ്റിങ്ങുകൾ തേടിപ്പിടിക്കുക കമ്പമായി. അങ്ങനെയങ്ങനെ തമ്മിൽ കണ്ടു, കോഫീ ഷോപ്പിലും തോട്ടത്തിലും പോയി.”
“രസമാകുന്നുണ്ട് നിന്റെ ലവ്സ്റ്റോറി.” നീലിമ നിവർന്നിരുന്നു.
“എനിക്കവനെ ഇഷ്ടായിരുന്നു. അവന് എന്നെയും. അറിയാത്ത ഏതോ ഒരു കാന്തം അവനിലേക്ക് വലിച്ചടുപ്പിക്കുന്നതുപോലെ…” പാർവതി പെട്ടെന്ന് നിറുത്തി. അരിച്ചിറങ്ങുന്ന ഓർമകളിലേക്ക് മടങ്ങാൻ മടിക്കുന്നതുപോലെ.
അവൾ തുടരാനായി കാത്തിരിക്കുകയായിരുന്നു നീലിമ. പക്ഷേ മടങ്ങിയെത്താൻ കുറച്ചു നേരമെടുത്തു പാർവതി.
“ഏതോ ഉൾനാടൻ ഗ്രാമത്തിലാണത്രെ അവൻ പിറന്നത്. വല്ലാത്തൊരു ജന്മം. കുട്ടിക്കാലത്തെ ഒരു റോഡപകടത്തിൽ അച്ഛൻ മരിച്ചു. ജന്മിയുടെ വീട്ടിൽ ജോലിചെയ്തു പാടുപെട്ട് അവനെ വളർത്തിയ അമ്മ. തനിച്ചു താമസിക്കുന്ന വിധവയുടെ വീട്ടിലേക്ക് ഉളിഞ്ഞുനോക്കാൻ തയ്യാറായ ചെന്നായ്ക്കൾ. പോരാതെ ജന്മിയുടെ ശല്യവും. ഒടുവിൽ ഗതികെട്ട് അയാൾക്ക്…”
“മതി, മതി” നീലിമ തടഞ്ഞു. “ഒരു ടിപ്പിക്കൽ നാട്ടിൻപുറ കഥ. ബംഗാളായാലും, പഞ്ചാബായാലും ഒന്ന് തന്നെ…”
“അങ്ങനെ ഒരുപാട് ചുറ്റിക്കറങ്ങി ഒരു അകന്ന ബന്ധുവഴി ഇവിടെയെത്തി.”
ഓർക്കുകയായിരുന്നു പാർവതി. കാത്തിരിക്കുകയായിരുന്നു നീലിമ.
“ചെറുപ്പത്തിൽ അണഞ്ഞുകിടന്നിരുന്ന കനലുകൾ ഇവിടത്തെ ഫാക്ടറി തൊഴിലാളികൾ ആളിക്കത്തിച്ചു. ഒപ്പമുള്ള താമസം അവനെ മാറ്റിമറിച്ചു. ഒരുപക്ഷേ അവർക്കും ഉള്ളിൽ നെരിപ്പോടുള്ള ഒരു ചെറുപ്പക്കാരനെ വേണമായിരുന്നിരിക്കാം. ആരൊക്കെയോ ചേർന്ന് അവനെ പഠിപ്പിച്ചു. ആരൊക്കെയോ അവന്റെ ഉള്ളിൽ പുതിയ കനലുകൾ കോരിയിട്ടു… കൃഷിക്കാരെയല്ലാതെ ഫാക്ടറി തൊഴിലാളികളെ വിശ്വസിക്കരുതെന്ന കനു സന്യാലിന്റെ കേട്ടു പരിചയമുള്ള ചൊല്ലുകൾ മറന്നു.”
“വാ, നമുക്കൊരു ചായ കുടിക്കാം.” നീലിമ ക്ഷണിച്ചു. ‘‘അൽപം ഉശിര് കിട്ടട്ടെ.’’
അടുത്തുള്ള ചെറിയ ചായക്കടയിലേക്ക് നടക്കുമ്പോൾ തന്റെ ഉള്ളിൽ എന്തൊക്കെയോ തിരയടിക്കുന്നത് പാർവതി അറിഞ്ഞു. തങ്ങളുടെ ലോകങ്ങൾ വേറെയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും എങ്ങനെയോ വല്ലാതെ അടുത്തത്… ഒരു മഞ്ഞുകാല രാത്രിയിൽ പതിവില്ലാതെ കണ്ണടച്ച വിളക്കുകാലിൽ ചാരിനിറുത്തി ചുണ്ടിൽ ആർത്തിയോടെ ചുംബിച്ചത്. അവൻ എന്നെയോ, അതോ ഞാനവനെയോ? ഓർമയില്ല. പിന്നീട് തൂവാലകൊണ്ട് അമർത്തി തുടച്ചിട്ടും സിഗരറ്റ് കറ പതിഞ്ഞ ചുണ്ടിൽ ബാക്കിയായ കയ്പ്. ഒടുവിൽ ഓർമകളുടെ നിലവറയിൽ അതും വലിച്ചെറിഞ്ഞു. എന്തും കള്ളത്താക്കോലിട്ട് തുറക്കാൻ മിടുക്കിയായ നീലിമക്കുപോലും പറ്റാത്ത ആമത്താഴ്.
അറിയാതെ ഒരു നെടുവീർപ്പുയർന്നു. എല്ലാ വേർപിരിയലുകളും ഒടുവിൽ ചില നെടുവീർപ്പുകളിൽ ഒടുങ്ങുന്നു.
“ഒടുവിൽ നിങ്ങളെങ്ങനെയാ തെറ്റിയത്?” നീലിമയുടെ ചോദ്യം കേട്ടപ്പോൾ പാർവതി ഞെട്ടി.
“അയാളുടെ മനസ്സിലെ കുരുക്കുകൾ അഴിക്കാൻ കഴിയാഞ്ഞപ്പോൾ… ഫോണിൽ കിട്ടാതായപ്പോൾ… പോലീസ് തേടിനടക്കുന്നുണ്ടെന്ന് കേട്ടപ്പോൾ…”
ചായ ഊതിക്കുടിച്ചു, ദീർഘനിശ്വാസം വിട്ടുകൊണ്ട് അവൾ തുടർന്നു.
“അക്കാലത്ത് ബംഗാളിൽ പുകഞ്ഞിരുന്ന വിപ്ലവത്തീ മാത്രമാണ് നാട്ടിൻപുറത്തെ പാവങ്ങളുടെ ഒരേയൊരു വഴിയെന്ന് ആവർത്തിക്കുമ്പോൾ അതൊന്നും ഞാൻ ഗൗരവത്തിൽ എടുത്തിരുന്നില്ല… ഒടുവിൽ…”
“നോൺസെൻസ്!” നീലിമ ചീറി. “ഈ കപടബുദ്ധിജീവികളുടെ വിപ്ലവ വായാടിത്തം! പാടങ്ങളിൽ അന്നം വിളയിക്കാൻ ഞങ്ങൾ വേണം. രാജ്യത്തിന്റെ അതിർത്തിയിൽ വെടിയേറ്റ് ചാവാൻ ഞങ്ങൾ വേണം…”
നീലിമ കത്തിക്കയറിയപ്പോൾ പാർവതി ഇടപെട്ടു.
“അങ്ങനെ പറയരുത് നീലിമാ. എന്തിലും ചില ഉറച്ച നിലപാടുകൾ വേണെന്നു സൗമിനിയമ്മ പറയാറുണ്ട്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടുകൾ. ഒരുപക്ഷേ അയാൾക്കും അങ്ങനെ തോന്നിയിരിക്കാം. ആ കാലഘട്ടത്തിൽ അതുപോലെ പലരും എടുത്തു ചാടിയിട്ടുണ്ടല്ലോ. അവരെ കുറ്റം പറയാൻ പാർവതിക്കാവില്ല. ഇങ്ങനെ സ്വന്തം മനസ്സിന്റെ വിളികളനുസരിച്ചു നീങ്ങിയവരാണല്ലോ ലോകചരിത്രംതന്നെ മാറ്റിയെഴുതിയത്. അവരൊക്കെ വെറും കുറ്റവാളികളാണോ?..”
ഇത്തരം കാര്യങ്ങൾ തന്റെ കൊച്ചുബുദ്ധിയിൽ ഒതുങ്ങുന്നതല്ലെന്നു കാട്ടി നീലിമ ചുമൽ വെട്ടിച്ചു.
“അത് പോട്ടെ. പിന്നീട്?”
“അവനെ ശരിക്ക് മനസ്സിലാക്കാൻ വൈകി. ഒരുപക്ഷേ അവൻ പറഞ്ഞതൊക്കെ ശരിയായിരുന്നിരിക്കാം. ജീവിതം പഠിപ്പിച്ചതായിരുന്നിരിക്കാം. പക്ഷേ, അതൊക്കെ ഈ പാർവതീടെ ലോകത്തോട് ചേരാത്തവ…’’
“പിന്നീട്?”
“അവനെപ്പറ്റി ഒന്നും കേട്ടില്ല. തെരഞ്ഞു പോണംന്ന് തോന്നിയതുമില്ല. അവന്റെ ചില കൂട്ടരുടെ ഫോൺ നമ്പറുകൾ കൈയിലുണ്ടായിരുന്നെങ്കിലും വിളിച്ചുനോക്കിയില്ല.”
“നന്നായി, വല്ലാതെ പിണഞ്ഞു കൂടുന്നതിനുമുമ്പ് മുറിച്ചു കളയുന്നത് തന്നെയാണ് നല്ലത്. അമ്മക്ക് അറിയാമായിരുന്നോ?”
“ഇല്ല. കോളേജീന്ന് വൈകി വരുമ്പോഴൊക്കെ ഓരോരോ നുണകൾ പറഞ്ഞൊഴിഞ്ഞു. ആ ഇടത്തരക്കാരി ടീച്ചറുടെ മനസ്സിന് താങ്ങാനാവുന്നതായിരുന്നില്ല അതൊക്കെ… സ്വാഭാവികമായും അവർക്ക് പാർവതിയെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകളു ണ്ടാവും.”
‘‘മറ്റൊരു ശകുന്തളാ ദേവി!’’
‘‘മൈ ഫുട്ട്!’’ പാർവതി ചീറി. “എനിക്ക് എന്റെ ലോകവും വേറെ സ്വപ്നങ്ങളുമുണ്ട്.”
“അപ്പോൾ സയൻസും വേണ്ടാ നിനക്ക്?”
“തികച്ചും വ്യത്യസ്തമായ വേറൊരു ലൈൻ…”
“എന്നോട് പറയ്.”
“ഉറപ്പായിട്ടില്ലെന്നേ. മാത്രമല്ല, അവിടെ അഡ്മിഷൻ കിട്ടുമോയെന്നും ഉറപ്പില്ല. അതോണ്ട് ഒക്കെ സമയം വരുമ്പോൾ പറയാം.”
“ആട്ടെ, ചോരത്തിളപ്പുള്ള നിനക്കും കാണാതിരിക്കില്ലല്ലോ വല്ല ചുറ്റിക്കളീം?”
നീലിമ ഒന്ന് പരുങ്ങി.
“നാണിക്കണ്ട, പറഞ്ഞോ.”
“ആ, ഉണ്ടായിരുന്നു ഒരു ചെക്കൻ സർദാർ. അതും ഹൈസ്കൂൾ പ്രായത്തിൽ. വിഭജനകാലത്തു ലാഹോറിൽനിന്ന് രക്ഷപ്പെടാൻ മുടി പറ്റെ വെട്ടി താടിയും നീട്ടി വളർത്തിയിരുന്നു. ഉള്ളതെല്ലാം കെട്ടിപ്പെറുക്കി രാത്രിയുടെ മറവിലുള്ള ഒളിച്ചോട്ടം… എന്നിട്ട് ഞങ്ങളുടെ നാട്ടിലെത്തി കൈയിലുള്ള പൊൻപണ്ടങ്ങൾ വിറ്റു കുറെ വയൽ വാങ്ങി. പരമ്പരയായി ബ്രിട്ടീഷ് പട്ടാളത്തിൽ തോക്കേന്തിയിരുന്നവർ അങ്ങനെ മണ്ണ് തൊടാത്ത കൃഷിക്കാരായി…”
“ഉശിരൻ കഥ. എന്നിട്ട്?”
“സ്കൂളിൽ െവച്ചാണ് അവന്റെ ഉള്ളിൽ ഫൗജി ജീൻ ഇല്ലെന്നു മനസ്സിലായത്. ഏതോ റൊമാന്റിക് വണ്ട് കുത്തിയതുപോലെ അവൻ എന്റെ ചുറ്റും മണപ്പിച്ചുകൊണ്ട് നടന്നു. ഞാൻ അകലാൻ നോക്കിയിട്ടും വിട്ടില്ല ചെക്കൻ. ഞാൻ അത്ര വലിയ സുന്ദരിയൊന്നും അല്ലെന്ന് എനിക്ക് തന്നെ നന്നായിട്ടറിയാം. ഞങ്ങളുടെ ക്ലാസിലാണെങ്കിൽ കുറെ ചന്തക്കാരികൾ ഉണ്ടായിരുന്നു താനും. എന്നിട്ടും എന്തിന്? ഒരിക്കൽ അവനോട് തുറന്നു ചോദിക്കാനും ഞാൻ മടിച്ചില്ല. അവൻ പരുങ്ങി നിന്നെങ്കിലും എനിക്കെല്ലാം മനസ്സിലായി. എന്റെ ചുണ. വിപരീതങ്ങളുടെ ആകർഷണം. തനിക്കില്ലാത്ത എന്തിനോടും തോന്നിയേക്കാവുന്ന കമ്പം. ഇറക്കം കുറഞ്ഞ നിക്കറുമിട്ട് ഞാൻ കബഡി കളിക്കുമ്പോൾ അവൻ കളിക്കളത്തിന് പുറത്ത് ആർത്തിയോടെ നോക്കിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ ഞാൻ കളി കഴിഞ്ഞിറങ്ങുമ്പോൾ അവൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവൻ ചോദിച്ചത് എന്തായിരുന്നെന്ന് അറിയാമോ?’’
‘‘എന്താ?’’ പാർവതി ആവേശത്തോടെ ചോദിച്ചു.
‘‘എന്റെ വിയർപ്പിൽ കുതിർന്ന തുടയിൽ അവനൊന്നു തലോടണം. പറ്റുമെങ്കിൽ അവിടെയൊന്ന് ചുംബിക്കണം.’’
‘‘മൈ ഗോഡ്, എന്തൊക്കെ പ്രാന്ത്?’’
“ചുണ്ടുകളേക്കാൾ നോട്ടം എന്റെ തുടകളിലായിരിക്കണം.”
“ഛീ!”
ചിരിയടക്കാനാവുന്നില്ല പാർവതിക്ക്.
“പിന്നെ?”
“ആളൊരു ശൃംഗാരക്കുഴമ്പനായിരുന്നു. അവന്റെ ഹീറോ ഫൗജികളേയല്ല, സാക്ഷാൽ ദേവാനന്ദ്. ദേവാനന്ദിന്റെ നടപ്പ്, ഹെയർ സ്റ്റൈൽ, സംസാരരീതി. ദേവാനന്ദ് ആകാൻ അവൻ മീശ കൂടി വടിച്ചിരുന്നു. എനിക്കാണെങ്കിൽ ഈ മീശയില്ലാത്ത ആൺ പിള്ളേരെ തീരെ കണ്ടുകൂടാ. പൊതുവെ വടക്കേ ഇന്ത്യൻ ചെറുപ്പക്കാർ മിക്കവരും ക്ലീൻ ഷേവാണെന്നാണ് വയ്പ്. പ്രത്യേകിച്ചും സിനിമ ഹീറോകൾ... നമ്മുടെ ദേവാനന്ദ് ഒരിക്കൽ അതേ സ്റ്റൈലിൽ ചരിച്ചുെവച്ച തൊപ്പിയുമായി ക്ലാസിലെത്തിയപ്പോൾ പിള്ളേർ കൂവി. എന്നിട്ടും എളുപ്പത്തിലൊന്നും ഇറങ്ങിപ്പോകാൻ കൂട്ടാക്കിയില്ല ദേവാനന്ദ് അവന്റെ ഉള്ളിൽനിന്ന്. പിന്നെ പടങ്ങളിൽ ദേവാനന്ദ് പാടിയ പാട്ടുകളായി, അതും അസ്സൽ കഴുതരാഗത്തിൽ. കേട്ടു വന്ന മാസ്റ്റർ അവനെ ക്ലാസിൽനിന്ന് പുറത്താക്കി…”
“പക്ഷേ നീയെങ്ങനെ അവനുമായി സെറ്റുകൂടി?’’
‘‘ഞാനല്ലല്ലോ പോയത്. അവൻ എന്റെ പുറകെയല്ലേ വന്നത്? ബോറടിച്ചു തുടങ്ങിയപ്പോൾ ദേവാനന്ദ് ശോക നായകനായി. സ്കൂൾ വാർഷികത്തിൽ ആൺകുട്ടികൾ ഉശിരൻ ഭാങ്ഡാ കളിച്ചപ്പോൾ അവൻ പാടിയത് ഒരു ശോകഗാനമായിരുന്നു.”
“ഒടുവിൽ കാര്യങ്ങൾ എവിടെയെത്തി?”
“എവിടെയെത്താനാ? ലേശം ചുണ കിട്ടാനായി അച്ഛനമ്മമാർ അവനെ വാഗ്ദത്ത ഭൂമിയിലേക്ക് കേറ്റിവിട്ടു.”
“എന്നുവെച്ചാൽ?”
“കാനഡയിലെ വാൻകൂവറിലേക്ക്. അവിടെ അവരുടെ ബന്ധുക്കൾക്ക് പലവിധ ബിസിനസുകളുണ്ടത്രെ. അല്ലെങ്കിലും പഞ്ചാബികളുടെ സ്വപ്നഭൂമിയാണല്ലോ കാനഡ. ‘കനേഡാ’ എന്നാണ് ഞങ്ങൾ പറയുക.”
“പിന്നീട് അവൻ വിളിച്ചോ അവിടന്ന്?”
“വിളിക്കാൻ നോക്കി. പക്ഷേ അവന്റെ സമയം വീട്ടിൽ എല്ലാവരും ഉള്ള സമയം. ഞാൻ കട്ട് ചെയ്തപ്പോൾ അഴകൊഴമ്പൻ മെസേജുകളായി. ഞാൻ മറുപടി ഇമോട്ടിക്കോണിൽ നിറുത്തിയപ്പോൾ ചെക്കന്റെ ആവേശം കുറഞ്ഞുവന്നു. ഒടുവിൽ താനേ നിൽക്കുകയും ചെയ്തു. അവിടത്തെ വല്ല പഞ്ചാബി കച്ചവടക്കാരന്റെ മോളെ കെട്ടിക്കാണും.”
“കഷ്ടമായി. നനഞ്ഞ പടക്കംപോലെ ചീറ്റിപ്പോയി. ഹീർ റാഞ്ച മോഡൽ നല്ലൊരു റൊമാന്റിക് കഥ കേൾക്കാന്ന് കരുതിയത് വെറുതെ.” പാർവതി പറഞ്ഞു.
“പോടീ. എന്റെ ചിലവിൽ അങ്ങനെ രസിക്കേണ്ട.”
“അതു പോട്ടെ, കോളേജിലോ?”
“എവിടെ? ഇഷ്ടംപോലെ വേറെ കൊച്ചുങ്ങള് ഉള്ളതുകൊണ്ട് ആരെങ്കിലുമൊന്ന് തിരിഞ്ഞു നോക്കണ്ടേ?”
നീലിമ നെടുവീർപ്പിട്ടു.
“കഷ്ടമായിപ്പോയി. നല്ലൊരു പുരുഷസൗന്ദര്യം വേസ്റ്റായിപ്പോയി!” പാർവതി പരിതപിച്ചു.
ഇതൊക്കെ പഴയ കഥകൾ. വെയിലും മഞ്ഞും മഴയും മാറിമാറി വന്നു. വളരുന്തോറും പാർവതിയുടെ അളവുകൾ മാറി. ചുണ്ടുകൾ ചുവന്നു. കവിളുകൾ തുടുത്തു. മാറിടം കൂമ്പി. കൺതടങ്ങൾ കറുത്തു. ഉടുപ്പിന്റെ സൈസും രീതികളും മാറി മാറി വന്നു. ഒടുവിൽ നിറമില്ലാത്ത, ഡിസൈനില്ലാത്ത സാദാ ടോപ്പിലേക്കും തുളവീഴാത്ത ജീൻസിലേക്കും അവൾ ഒതുങ്ങി. വിശാൽനഗറാകട്ടെ കുറേക്കൂടി നീണ്ടുപരന്നു. പുതിയതായി പിറന്ന സെക്ടറുകളിലെ കെട്ടിടങ്ങൾ മാനത്തെ വെല്ലുവിളിച്ചു പൊങ്ങിയപ്പോൾ പഴയവ തലതാഴ്ത്തി. കൂട്ടത്തിൽ ചിലവ കൊഴിഞ്ഞു വീഴുകയും ചെയ്തു. ശാന്തിനഗറാണെങ്കിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാലമായിരുന്നു. പുതുതായി വന്ന ഭരണകൂടം കൊണ്ടുവന്ന വലിയ മാറ്റങ്ങൾ…
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.