06 പാർവതി കണ്ട
കിനാപ്പാറ
അകലെയുള്ള തീവണ്ടിയാപ്പീസിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു അച്ചുവേട്ടൻ.
‘‘എന്താ മോളേ, വണ്ടി കൊറെ വൈകീല്ലോ. മണിയടിച്ചിട്ട് ഒരുപാട് നേരായി’’
‘‘ഒന്നും പറയണ്ടാന്റെ അച്ചുവേട്ടാ. ഇരുന്നിരുന്നു മത്യായി. മുമ്പത്തെ സ്റ്റേഷൻ കഴിഞ്ഞിട്ട് എവിടെയോ പിടിച്ചിട്ടിരുന്നു കൊറെ നേരം. ക്ഷീണായിട്ടുണ്ടാവും വണ്ടിക്ക്.’’
‘‘ശര്യാ. നമ്മളെപ്പോലെയല്ലല്ലൊ രാജ്യം മുഴുവൻ ഓടിനടക്കണ മനുഷ്യജീവ്യല്ലേ?’’
ഏതാണ്ട് ഒന്നര ദിവസത്തെ യാത്ര. ചൂടറിയാത്ത മുറിയായതുകൊണ്ട് ക്ഷീണമറിഞ്ഞില്ല. ഓടിയോടി കുറെ കഴിഞ്ഞപ്പോൾ ജനാലയിൽ പച്ചപ്പ് കണ്ടപ്പോൾ നാടെത്തിയതിന്റെ കുളിർമ അറിഞ്ഞു. വിശാൽനഗർ ഇപ്പോൾ വെന്തുരുകുകയാണല്ലോ.
അച്ചുവേട്ടൻ ടാക്സിക്ക് കൈകാട്ടുന്നത് കണ്ടപ്പോൾ അതിശയമായി പാർവതിക്ക്.
‘‘അയ്യോ, ടാക്സിയോ? അത്രേം ദൂരം പോവാൻ ഓട്ടോ പോരെ?’’ അവൾ ചോദിച്ചു.
‘‘അമ്മാമ്മേടെ ഓർഡറാ. തലപോണ കേസാ!’’ അച്ചുവേട്ടൻ ചിരിച്ചു.
ടാക്സിയിലിരിക്കുമ്പോൾ അവൾക്കതിന്റെ കാരണം മനസ്സിലായി. ഓട്ടോവിലാകുമ്പോൾ അച്ചുവേട്ടൻ അവളുടെ അടുത്തിരിക്കേണ്ടിവരും. അത്രക്ക് സ്വാതന്ത്ര്യം വേണ്ട സിൽബന്തിക്ക്. ടാക്സിക്കൂലി കൂടുതലാണെങ്കിലും ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചക്കില്ല മഹാറാണി!
‘‘മോൾടെ വരവ് പ്രമാണിച്ച് അവടെ ഒരൂട്ടൊക്കെ കാട്ടിക്കൂട്ടണുണ്ട് അമ്മാമ്മ.’’
‘‘അടുക്കളേലായിരിക്കും.’’
‘‘ഹേയ്, വീടാകെ വെടിപ്പാക്കലന്നെ. തൂത്തിട്ടും തൊടച്ചിട്ടും മത്യാവണില്ല മൂപ്പത്തിക്ക്. പല്ലി, പാറ്റ തുടങ്ങിയവയെ കണ്ടാലുടനെ കൊല്ലണംന്നാ ഓർഡറ്. ഒരാഴ്ച മുമ്പന്നെ മരുന്നടിച്ചു കൊറെയെണ്ണത്തിനെ കശാപ്പാക്കി.’’
‘‘കഷ്ടല്ലേ?’’
‘‘ശര്യാ, നമ്മളെപ്പോലെള്ള ജീവ്യല്ലേ? എന്താ ചെയ്യാ, മോൾക്ക് ഇഷ്ടമില്ലാന്നാ പറഞ്ഞത്.’’
പണ്ടൊരിക്കൽ പലതും പറഞ്ഞുപോകുന്നതിനിടയിൽ, നാട്ടിൽ വരുമ്പോൾ സകലമാന ജീവികളെയും കാണാം, വിശാൽനഗറിൽ ഒന്നൂല്ല്യാല്ലോ എന്ന് വെറുതെ പറഞ്ഞതിനാ ഈ കോലാഹലമൊക്കെ. പാർവതി മൂക്കത്തു വിരൽ വെച്ചു. ഈ അമ്മാമ്മ സ്നേഹിച്ചു കൊല്ലണ മട്ടാ. ഇതിന്റെ പാതി സ്നേഹം സ്വന്തം മകൾക്ക് കൊടുത്തിരുന്നെങ്കിൽ...
‘‘അതുപോട്ടെ, അച്ചുവേട്ടനു ഇപ്പോൾ പൂരോം ഉത്സവൊന്നൂല്ല്യേ?’’
‘‘ഹേയ്, അതിനു മകരം-കുംഭം ആവണ്ടെ? പക്ഷെന്താ ഇഷ്ടം തോനെ പണീള്ളതോണ്ട് നേരം പോണതറിയില്യാ...’’
പിന്നെ അയാൾ അതൊക്കെ വിസ്തരിക്കാൻ തുടങ്ങിയതോടെ പാർവതി കണ്ണടച്ചിരുന്നു. അത്രക്കുണ്ട് യാത്രാക്ഷീണം. വീടെത്തിയത് അറിഞ്ഞില്ല.
അമ്മാമ്മ ഉമ്മറത്തുതന്നെ നിൽപ്പുണ്ടായിരുന്നു.
‘‘അയ്യോ... എന്റെ മോള് വല്ലാണ്ട് ക്ഷീണിച്ചുപോയല്ലോ. എന്താ അവടെ തീറ്റെം കുടിം ഒന്നൂല്യാന്നുണ്ടോ?’’
പതിവ് ഡയലോഗ് കേട്ടപ്പോൾ അവൾ ചിരിയമർത്തി.
‘‘പാർവതി തടിച്ചൂന്നാ അമ്മ പറയണേ. അതോണ്ട് ജിമ്മിൽ പോണംന്ന് തീരുമാനിച്ചിരിക്ക്യാ.’’
‘‘നിന്റമ്മ അങ്ങനെ ഓരോന്ന് പറയും. അതവളുടെ ശീലാ. ഇനി മെലിഞ്ഞു കോലം കെടണ്ട കുട്ട്യേ.’’
കുറെ കഴിഞ്ഞു ആ പറമ്പാകെ ചുറ്റി നടക്കുമ്പോൾ പണ്ടത്തെ ഓർമകൾ അവളെ തേടിയെത്തി. അവൾ വന്നയന്നുതന്നെ അച്ചുവേട്ടൻ ആ തടിയൻ മാവിൽ പൊത്തിപ്പിടിച്ചു കയറുന്നത് കാണാം. ഉറപ്പുള്ള ഒരു കൊമ്പിൽ ഊഞ്ഞാലിട്ടു താഴോട്ടിറങ്ങുമ്പോൾ കാലുകൾ നിറയെ പുളിയൻ ഉറുമ്പുകൾ കടിച്ചുപിടിച്ചിട്ടുണ്ടാകും.
“അയ്യോ അച്ചുവേട്ടാ, കാലില് നെറയെ ഉറുമ്പ്.’’
“ഏയ്, സാരല്ല്യാ. അതൊക്കെ ഒരു രസല്ലേ, മോളെ. മാവിൽ കേറീന്ന് നാലാള് അറിയണ്ടേ?”
തെങ്ങിൻപട്ട ചെത്തിമിനുസമാക്കിയാണ് ഊഞ്ഞാലിലെ ഇരിപ്പിടം ശരിയാക്കുന്നത്. ഊഞ്ഞാലാട്ടി കൊടുക്കുന്നതും അയാൾതന്നെ. അതു കാണുമ്പോൾ സൂക്ഷിക്കണേ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അമ്മാമ്മ അകത്തുനിന്ന് ഓടിവരും. കുഴപ്പമില്ലെന്ന് പാർവതി ഉറപ്പിച്ചുപറഞ്ഞാലും ഒരു ഡോസ് ശകാരം ഉറപ്പാണ് അയാൾക്ക്.
തെക്കുവശത്തെ പഞ്ഞിമരവും ഒരുപാട് ഓർമകൾ കൊണ്ടുവന്നു. വേനൽക്കാലമാകുമ്പോൾ പഞ്ഞിക്കായകൾ വിളഞ്ഞുപൊട്ടി തൂവെള്ള പഞ്ഞിത്തുണ്ടുകൾ പറമ്പാകെ പറന്നുനടക്കുന്നുണ്ടാവും. ആ അപ്പൂപ്പൻതാടികളൊക്ക പെറുക്കിയെടുത്തു വീണ്ടും മുകളിലേക്ക് ഊതിവിടുമ്പോൾ അവൾ ചോദിക്കും:
‘‘ഇതൊക്കെ എവിടന്നാ വരണേ അച്ചുവേട്ടാ.’’
“സ്വർഗത്തീന്നു. അല്ലാണ്ട് എവിടന്നാ ഇത്ര മിനുസായിട്ടു കിട്ടണേ.”
“സ്വർഗത്തിലും പഞ്ഞിമരംണ്ടാവോ?”
“പിന്നില്ലാണ്ട്? അവടത്തെ ദേവതകള് അതൊക്കെ ഭൂമീലേക്ക് പറത്തിവിടും, കുട്ട്യോൾക്ക് കളിക്കാൻ. അല്ലാണ്ട് ഇത് പലോരും പറയണപോലെ ഇത് വെറും അപ്പൂപ്പൻ താട്യല്ല.”
മനസ്സിലായപോലെ അവൾ തലയാട്ടും. ശരിയാണ്, കുട്ടികൾക്കായി അതൊക്കെ ദൈവം പ്രത്യേകം ഏർപ്പാട് ചെയ്തിട്ടുണ്ടാകും.
അച്ചുവേട്ടൻ ആ കായകളൊക്കെ പൊളിച്ചു പായയിൽ നിരത്തി കുരുകളഞ്ഞു പതംവരുത്തുന്നത് കാണാൻ അടുത്തിരിക്കും പാർവതി. അമ്മാമ്മ കാണാതെ ഇടക്കൊക്കെ സഹായിക്കാനും കൂടും. പിന്നീടാണ് അത് മുഴുവൻ ഒരു നീളൻ ശീലക്കുപ്പായത്തിനകത്തു നിറക്കുന്നത്. പതുക്കെപ്പതുക്കെ അതിന്റെ വയറുവീർക്കുമ്പോൾ എല്ലാ വശവും അടിച്ചൊതുക്കി ഒരേ ലെവൽ ആക്കുന്നത്... അതൊക്കെ അത്ഭുതത്തോടെയാണ് അവൾ നോക്കിയിരിക്കുക. അത് അമ്മാമ്മക്ക് കിടക്കാനുള്ള കിടക്കയാണത്രെ. റബർ കിടക്കയിൽ കിടന്നാൽ അവർക്ക് നടു വേദനിക്കും. എത്രയായാലും ദേവതകൾ പറത്തിവിടുന്ന പഞ്ഞിത്തുണ്ടുകളല്ലേ?
ആ പഞ്ഞിമരത്തിന്റെ ഉടൽ നിറയെ പല വലുപ്പത്തിലുള്ള മുള്ളുകളാണ്. മുൻജന്മത്തിലെ രാക്ഷസൻ ഏതോ മഹർഷിയുടെ ശാപം കാരണം അടുത്ത ജന്മത്തിൽ ശരീരം നിറയെ മുള്ളുകളുമായാണത്രെ പിറന്നുവീണത്. പക്ഷേ അതുകൊണ്ടൊരു ജാലവിദ്യ കാട്ടിക്കൊടുത്തത് അച്ചുവേട്ടനായിരുന്നു. മുള്ളിന്റെ അറ്റം ചെത്തി നിരപ്പാക്കി സീൽ ഉണ്ടാക്കാമത്രേ. പാർവതി ആദ്യമായി കാണുന്ന സീൽ എന്ന മഹാത്ഭുതം.
ആ സീലിൽ പേനാക്കത്തികൊണ്ട് അവളുടെ പേരിന്റെ രണ്ടു ചുരുക്ക അക്ഷരങ്ങളും അയാൾ കൊത്തിക്കൊടുത്തു. എന്തൊക്കെ വേണമെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു -ആദ്യം പി, പിന്നെ എസ്. പാർവതി സൗമിനി. അതാണ് സ്കൂളിൽ ചേർത്ത പേര്. അതു കേട്ടപ്പോൾ അച്ചുവേട്ടന്റെ മുഖം പെട്ടെന്ന് മങ്ങുന്നത് അവൾ ശ്രദ്ധിച്ചില്ല.
പെട്ടെന്ന് എന്തോ ഓർത്തതുപോലെ അവൾ പറഞ്ഞു.
‘‘ആ പഴയ കൊളംകൂടി കാണണായിരുന്നു അച്ചുവേട്ടാ.’’
‘‘അയ്യയ്യോ. അതൊന്നും വേണ്ടാ. അമ്മാമ്മ വഴക്ക് പറയും.’’
‘‘അതെന്തിനാ? എല്ലാ തവണയും കാണാറുണ്ടല്ലോ.’’
‘‘ഇപ്പൊ അവടൊക്കെ കാട് കേറി കിടക്കുവാണ്. ഞങ്ങളാരും ആ വഴി പോകാറൂല്യാ.’’
‘‘ആ കൊളത്തില് മീനുകൾ നീന്തി നടക്കണത് കാണാൻ നല്ല രസാണ്.’’
‘‘അതൊക്കെ പണ്ട്. ഇപ്പൊ അതില് നെറയെ പായലാ. വെള്ളം കൂടി കാണാൻ പറ്റില്ല.’’
‘‘എന്നാലും അതൊന്ന് കാണണം പാർവതിക്ക്.’’
‘‘മോള് വെറുതെ വാശി പിടിക്കണ്ടാ. അവടൊക്കെ ഇഴജന്തുക്കള് കാണും. അച്ചുവേട്ടൻ കൊണ്ടോവില്ല.’’
ആദ്യമായിട്ടാണ് അയാൾ ഇങ്ങനെ കടുപ്പിച്ചു പറയുന്നത്. ആ ഉറച്ച ശബ്ദം കേട്ടപ്പോൾ പാർവതി പതിയെ പിന്മാറി.
നേരം കുറെ കഴിഞ്ഞപ്പോൾ അവൾ തഞ്ചത്തിൽ അമ്മാമ്മയുടെ പുറകെ കൂടി.
‘‘അപ്പഴേ അമ്മാമ്മേ, ചെലതൊക്കെ അറിയണല്ലോ പാർവതിക്ക്.’’
“ചോയ്ച്ചോളൂ.”
“എങ്ങന്യാ അച്ഛൻ സൗമിനിയമ്മെ തട്ടിക്കൊണ്ടു പോയേ?” അതറിയാൻ തിടുക്കമായിരുന്നു അവൾക്ക്.
‘‘വന്നു കേറിയതേള്ളൂ, അപ്പഴേക്കും തൊടങ്ങി കുട്ടീടെ കൊഞ്ചല്.’’ അമ്മാമ്മക്ക് ചിരിവന്നു. ‘‘തട്ടിക്കൊണ്ടു പോവ്വെ? നട്ടപ്പാതിരക്ക് എറങ്ങിപ്പോവായിരുന്നില്ലേ ഒരുമ്പെട്ടോള്? അല്ലെങ്കിലും അയാളാരാ രാവണനാ തട്ടിക്കൊണ്ടു പൂവ്വാൻ? പുഷ്പകവിമാനം പോയിട്ട് ഒരു സൈക്കിൾ പോലൂല്ല്യായിരുന്നല്ലോ കൈയില്. വണ്ടിക്കൂലിക്ക് കാശില്ലാത്തതോണ്ട് രണ്ടും കൂടി കള്ളവണ്ടി കേറീന്നാ കേട്ടേക്കണേ.’’
‘‘അത്യോ?’’
‘‘പിന്നല്ലാണ്ട്? പാതിരാത്രീല് ഈ മതിൽക്കെട്ടിനു മുമ്പില് വന്നു വിളിക്കാൻ ധൈര്യണ്ടാവോ അയാക്ക്? അവൾടെ വല്ല്യമ്മാമന്റെ നായ്ക്കുട്ട്യോളെ കെട്ടീട്ടിരിക്കയായിരുന്നു. അല്ലെങ്കിൽ കാണായിരുന്നു.’’ കാലം ഇത്രയായിട്ടും കലിയടങ്ങുന്നുണ്ടായിരുന്നില്ല അമ്മാമ്മക്ക്.
‘‘അപ്പൊ ഈ സൗമിനിയമ്മ ഒരു കാഞ്ഞപുള്ളിയായിരുന്നു അല്ലേ?’’
‘‘അങ്ങനൊന്നും പറയല്ലേ മോളെ. അവള് തനി പൊട്ട്യായിരുന്നു. പഠിത്തം കഴിയണേന് മുമ്പന്നെ എത്ര വല്യ ആലോചനകള് വന്നതാ. അതിനെടയില് ഏതോ ഒരുത്തൻ കണ്ണും കൈയും കാട്ടി വിളിച്ചപ്പോ മതിലും ചാടിപ്പോവായിരുന്നില്ലേ അവള്? ഞങ്ങളാണെങ്കിൽ കണ്ടിട്ടൂല്ല്യാ അയാളെ. മനുഷ്യപ്രകൃതാന്നെങ്കിലും അറിയണ്ടേ?’’
താടിക്ക് കൈയും കൊടുത്തു കേട്ടിരിക്കുകയാണ് പാർവതി.
‘‘കാലത്തെ വീട്ടീന്നു വേഷോംകെട്ടി എറങ്ങി കോളേജിപ്പോണ കുട്ട്യോളൊക്കെ പഠിക്കാനാ പോണെന്നല്ലേ നമ്മടെയൊക്കെ വിചാരം? ആർക്കറിയാം അവര് എവടെയൊക്കെ, ആരുടെ കൂട്യാ ചുറ്റിക്കറങ്ങണെന്നു. കലികാലംന്നല്ലേ പറയണേ?’’
എന്തൊക്കെയോ ഓർത്തു നെടുവീർപ്പിടുകയാണ് അമ്മാമ്മ.
‘‘ആ, അതൊക്കെ പോട്ടെ. എന്തിനാ ഈ പഴയ കടലാസു കെട്ടൊക്കെ അഴീച്ചുനോക്കണേ കുട്ടീ?’’
പെട്ടെന്ന് ഒരു കുസൃതി തോന്നി പാർവതിക്ക്.
“സൗമിനീടെ സ്ഥാനത്തു പാർവത്യാ എറങ്ങിപ്പോയതെങ്കിലോ?”
വിശ്വസിക്കാനാകാതെ അമ്മാമ്മ മിഴിച്ചുനോക്കി. അത്രക്ക് ചൊല്ലൂളിയില്ലാത്തവളാണോ എന്റെ കൊച്ചുമോള്?
“അമ്മാമ്മ പേടിക്കണ്ടാട്ടോ” കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു. “പക്ഷേ ഈ പൊറത്തുകാണണ മുഖം മാത്രല്ലാ പാർവതിക്ക്. ഉള്ളില് വേറൊരു മുഖം കൂടീണ്ട്ന്നു വിശാൽനഗറുകാർക്ക് അസ്സലായറിയാം.”
ഒന്നും മനസ്സിലാക്കാനാകാതെ മിഴിച്ചുനോക്കുകയായിരുന്നു അമ്മാമ്മ.
“ആട്ടെ അമ്മാമ്മേ, ഒരു കാര്യം ചോയ്ച്ചാൽ നേര് പറയുവോ?”
“ഞാനെന്തിനാ മോളോട് നൊണ പറയണേ?”
“അമ്മേടെ കൈയീന്നു കിട്ടാത്തതോണ്ടാ ചോയ്ക്കണെ.”
അവളുടെ നേർക്ക് സൂക്ഷിച്ചുനോക്കുമ്പോൾ അമ്മാമ്മയുടെ പാടകെട്ടിയ കണ്ണുകളിൽ സംശയം പതഞ്ഞു.
“എന്നാ പറയൂ, ആരാ പാർവതീടെ അച്ഛൻ?”
“ഇതെന്തു ചോദ്യം?”
“ജയചന്ദ്രനോ ബാലചന്ദ്രനോ?”
“മണ്ണാങ്കട്ട! ആർക്കറിയാം, പെങ്കുട്ട്യോളെ മയക്കണ ഏതു ദേവേന്ദ്രനാന്നു”, തീരെ താൽപര്യമില്ലാതെ ചുമൽ വെട്ടിക്കുകയാണ് അമ്മാമ്മ. “ഞങ്ങളാരും തെരക്കാൻ പോയില്ല. പൊകഞ്ഞ ..............കള്ളി........ പൊറത്തു, അത്രന്നെ. കർക്കടകത്തില് നമ്മള് മൂശേട്ടയെ പൊറത്താക്കില്ലേ, അതുപോലെ. അവള് പിന്നീട് ഈ പടികടന്നത് വല്യമ്മാന്റെ മരണശേഷം. അല്ലാണ്ട് അങ്ങോരുടെ മുമ്പിൽ നിവർന്നു നിൽക്കാൻ ധൈര്യംണ്ടാവോ കുട്ടിക്ക്?”
ഏതാണ്ടൊക്കെ മനസ്സിലായത് പോലെ പാർവതി തലയാട്ടി. താൻ കരുതിയതിനേക്കാൾ കുഴഞ്ഞുമറിഞ്ഞാണ് കാര്യങ്ങളുടെ കിടപ്പ്. പക്ഷേ അച്ഛൻ എവിടെയാണ് മാഞ്ഞുപോയതെന്ന് ചോദിച്ചാൽ കൊള്ളാമെന്ന് അവൾക്ക് പെട്ടെന്ന് തോന്നി. സൗമിനിയമ്മ തന്നോട് സത്യമേ പറയൂ എന്ന വിശാസത്തിന് ഇപ്പോൾ പഴയ ബലമില്ല.
“അല്ലാ, ഞാൻ ആലോചിക്ക്യാ, ജയചന്ദ്രനോ ബാലചന്ദ്രനോന്നു”, അവൾ ഒരു കൊളുത്തിടാൻ നോക്കി.
“കൃഷ്ണചന്ദ്രന്നുകൂടി ചേർത്തോ. അങ്ങനെ കൊറെ ചന്ദ്രമ്മാരുണ്ടല്ലോ. അതിലൊന്ന്!’’
വീണ്ടും താളം ചവിട്ടിനിൽക്കുകയാണ് അമ്മാമ്മ. പിന്നീട് ഒരു ദീർഘനിശ്വാസം വിട്ടു അവർ കൂട്ടിച്ചേർത്തു:
“ആർക്കറിയാം എന്റെ മോളേ? വല്ലോം വിട്ടുപറയോ നിന്റമ്മ? അയാളുടെ കാര്യം വരുമ്പോ അവളുടെ ഒളിച്ചുകളി കണ്ടു മടുത്തു. അതോണ്ട് വേണ്ടാത്തതൊന്നും ചോയ്ക്കാറില്ല അമ്മാമ്മ. വല്ല കാലത്തും കേറിവരണ കുട്ട്യെ വെറുതെ പെണക്കണ്ടാണ് കരുതും.”
താൻ കരുതിയപോലെ കാര്യമായൊന്നും കിട്ടാൻപോണില്ല അമ്മാമ്മയിൽനിന്നെന്ന് ഉറപ്പായിട്ടും, പാർവതി വിടാതെ പുറകെ കൂടി.
അടുക്കളയിലെ പാത്രത്തിൽ എന്തോ ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു അമ്മാമ്മ.
“പിന്നേണ്ടല്ലോ അമ്മാമ്മേ” അവൾ കൊഞ്ചി. “എന്താ അടുപ്പത്തു? പാർവതിക്ക് സ്പെഷ്യൽ ആയിട്ടു...”
“മോൾടെ പ്രിയപ്പെട്ട അവിയൽ!” അമ്മാമ്മ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
“ഇപ്പോൾ അതൊന്ന്വല്ല പാർവതീടെ ഫേവറിറ്റ്. വല്ല ഇറച്ചിയോ മീനോറ്റെ കിട്ടിയെങ്കിൽ...”
“അയ്യേ!, അതൊന്നും ഈ വീട്ടിലേ കേറ്റില്ല. പിന്ന്യല്ലേ അടുക്കളേല്...”
“അമ്മക്ക് അതൊക്കെ വേണം ഇടക്ക്.”
“ശിവ ശിവ, എങ്ങനേരുന്ന കുട്ട്യാണ് ആ ദുഷ്ടന്റെ കൂടെ കൂടി ഇപ്പൊ ഇങ്ങന്യായി അല്ലെ?”
“പിന്നേണ്ടല്ലോ അമ്മാമ്മേ’’ അവൾ വിട്ടില്ല. ‘‘അച്ഛനെ കാണാതായതേ...”
“ഞാൻ അപ്പഴേ പറഞ്ഞില്ലേ എനിക്കൊന്നും അറിയില്ലാന്നു.’’
“ഏതോ ഹിമാലയൻ യാത്രയിൽ കാണാതെപോയതാന്നും അവടെ ഒരു ഹിമക്കരടിയെ കണ്ടെന്നുമൊക്കെ...”
“ഹിമാലയോമില്ല കരടീല്യ, അല്ലെങ്കിലും അയാളെ കണ്ടാൽ കരടിതന്നെ പേടിച്ചോടില്ലേ? ആര് പറഞ്ഞു ഈ നൊണയൊക്കെ?”
“ആരെങ്കിലും ആയ്ക്കോട്ടെ.”
“പച്ചക്കള്ളം... അല്ലെങ്കിലും അയാളുടെ വായീന്നു വീഴണതൊക്കെ സത്യാന്നു വിശ്വസിക്കാൻ ഇത് നിന്റെ അമ്മയല്ല.”
പാർവതി ഞെട്ടി. എന്തൊക്കെയാണ് ഈ അമ്മാമ്മ പറയണത്?
ചുരുക്കത്തിൽ അച്ഛൻ പറയുന്നത് മുഴുവനും അമ്മ വിശ്വസിക്കുന്നില്ല. അമ്മയെ വിശ്വാസമില്ല അമ്മാമ്മക്കും... എന്തൊരു കുടുംബം! വെറുതെ ഈ കടന്നൽക്കൂട് ഇളക്കേണ്ടായിരുന്നെന്ന് അവൾക്ക് തോന്നി.
പതുക്കെ പഴയ സംശയം വീണ്ടും ബലപ്പെടുകയാണ്. സത്യത്തിൽ ആരാണ് തന്റെ അച്ഛൻ? എത്രയായാലും ഒരു അച്ഛനില്ലാതെ താൻ ഉണ്ടാവില്ലല്ലോ.
നീലിമ പറയാറുണ്ട്. പൊട്ടിപ്പെണ്ണേ, ഭൂമിയിലെ ഒരേയൊരു സത്യം നമ്മെ പെറ്റിട്ട അമ്മ മാത്രം. അച്ഛൻ ആരാണെന്നു അമ്മ പറഞ്ഞല്ലേ നമ്മളൊക്കെ അറിയണത്. അത് നമ്മളൊക്കെ കണ്ണടച്ചു വിശ്വസിക്കുകയും ചെയ്യും.
ഇതൊക്കെ അവളുടെ അച്ഛൻ ആ ഹവിൽദാർ മേജർ പറയാറുള്ളത്. അതും മിലിറ്ററി ക്യാന്റീനിൽനിന്ന് കിട്ടുന്ന കുതിരമാർക്ക് റം ശരിക്കും തലക്ക് പിടിച്ചുകഴിയുമ്പോൾ! ഒരു തനി പട്ടാള കുടുംബമാണെങ്കിലും അവൾക്ക് കൂടുതൽ ബഹുമാനം മുത്തച്ഛനോടാണ്. നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ടിട്ടുണ്ട് സുബേദാർ മേജർ ഉദ്ധം സിങ്ങിനെപ്പറ്റി. കൂടാതെ, രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ ചുവരിൽ തൂങ്ങിക്കിടക്കുന്ന ചിത്രത്തിൽനിന്ന് അവളോട് സംസാരിക്കാറുണ്ട്. മുമ്പാരും പറയാത്ത കാര്യങ്ങൾ. ഒരു മുത്തച്ഛൻ പേരക്കുട്ടിയോട് മാത്രം പറയുന്ന കാര്യങ്ങൾ.
ചിത്രീകരണം: സതീഷ് ചളിപ്പാടം
അങ്ങനെയെങ്കിൽ സൗമിനിയമ്മ പറയുന്നത് വിശ്വസിക്കുകയേ വഴിയുള്ളൂ. ഒരു ജയചന്ദ്രൻ അല്ലെങ്കിൽ ബാലചന്ദ്രൻ. അമ്മാമ്മ പറയാറുള്ളതുപോലെ ഒരു പേരിൽ എന്തിരിക്കുന്നു...
പട്ടണത്തിൽ പിറന്നു, നഗരത്തിൽ വളർന്ന പാർവതി. അവൾക്ക് ആ നാട്ടിൻപുറം അമ്മാമ്മയുടെ വീടും ആ വളപ്പിന്റെ അതിരുകളും മാത്രം. വല്ലപ്പോഴും അമ്മാമ്മയോട് കിന്നാരം പറയാൻ തോന്നുമ്പോൾ മാത്രം കയറിവരാൻ തോന്നുന്ന ആ നാടിനോട് അല്ലാതെ വലിയ കമ്പമൊന്നും ഇല്ലവൾക്ക്. പക്ഷേ ഒന്നുമാത്രം. നാട്ടിൽ വരുമ്പോൾ അവൾക്ക് ആ കുന്നും പുഴയും കാണണമെന്ന് തോന്നും. ഇവക്കൊന്നും അതിരുകളില്ലല്ലോ. അതിരുകളില്ലാത്ത ആകാശം. അതിരുകളില്ലാത്ത ഭൂമി. ബിശ്വജിത് കിനാവു കണ്ടത് പോലെ അതിരുകളില്ലാത്ത ലോകം. അതിലൂടെ കൈവീശി നടക്കാൻ കഴിയണം.
പിന്നെ വീടിനു ചുറ്റുമുള്ള മരക്കൊമ്പുകളിൽനിന്ന് പുലർച്ചക്ക് കേൾക്കാറുള്ള പലതരം കിളിയൊച്ചകൾ. കിന്നാരങ്ങൾ, പരിഭവങ്ങൾ, വഴക്കുകൾ. അന്തിക്ക് വില്ലുകൾപോലെ പറന്നെത്തുന്ന ഒട്ടേറെ കിളികൾ. വീണ്ടും കിളിയൊച്ചകൾ. ഇതൊന്നുമില്ലല്ലോ നഗരത്തിൽ. അട്ടിയിട്ട കോൺക്രീറ്റ് കൂടുകൾക്കിടയിൽ എവിടെ മരങ്ങൾ? എവിടെ കിളികൾ? പ്രത്യേകിച്ചും വിശാൽനഗർ എന്ന ഒട്ടും വിശാലമല്ലാത്ത കോളനിയിൽ. വൃക്ഷങ്ങൾ കാണണമെങ്കിൽ കുറച്ചു ദൂരെയുള്ള പാർക്കിൽ പോകണം. ആ കോളനിയുടെ പേര് തന്നെ മാറ്റണമെന്ന് അവൾക്ക് തോന്നിയത് അന്നാണ്. പുതുതായി വന്ന സെക്ടർ രണ്ട് കുറച്ചു ഭേദമാണെന്ന് മാത്രം.
പക്ഷേ, ഇതേവരെ നാട്ടിലെ കുന്നും പുഴയും കാണാനായിട്ടില്ല. തനിച്ചുവിടാൻ മടിയാണ് അമ്മാമ്മക്ക്. ആരെയും കൂട്ടിപ്പോകാൻ അവൾക്കൊട്ടു താൽപര്യവുമില്ല. ഒടുവിൽ ഒരുപാട് നിർബന്ധിച്ചശേഷമാണ് അത്തവണ അവർ മടിയോടെ തലയാട്ടിയത്. വല്യമ്മാൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും വിടില്ലായിരുന്നുവെന്ന താക്കീതോടെ.
അങ്ങനെ ഒരു വൈകുന്നേരം അവൾ കുന്നും പുഴയും കാണാനിറങ്ങി. അമ്മയും വിലാസിനിയും സെറ്റുകൂടാറുള്ള കുന്നുംപുറം. അവരെപ്പോലെ സ്വപ്നം കാണാനുള്ള കഴിവില്ലെങ്കിലും അമ്മയുടെ കഥകളിലൂടെ ആ പ്രദേശം അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്നു.
“തനിച്ചോ?” അപ്പോഴും വിശ്വാസമാകുന്നില്ല അമ്മാമ്മക്ക്.
“പിന്നെന്താ” അവൾക്ക് ചിരിവന്നു. “ഈ സിറ്റീലൊക്കെ ആരാ കൂടെ വരാൻ? ഞങ്ങളൊക്കെ തനിച്ചല്ലേ പോണതും വരണതും.”
“പക്ഷേ ഇത് പരിചയല്ല്യാത്ത സ്ഥലല്ലേ? വേണെങ്കിൽ അച്ചൂനെ കൂടെ വിടായിരുന്നു.”
“ഹേയ്, അതൊന്നും വേണ്ട. തനിച്ചു നടക്കണതാ പാർവതിക്ക് ഇഷ്ടം.”
പിന്നെ ഒന്നും പറയാൻ നിന്നില്ല അമ്മാമ്മ.
പിന്നീട് വെയിൽ ചായാൻ തുടങ്ങിയിട്ടും അവൾ ഇറങ്ങാൻ വൈകുന്നത് കണ്ടപ്പോൾ അമ്മാമ്മ ചോദിച്ചു:
“നേരം വൈകണല്ലോ മോളെ?”
“ഹേയ്.”
‘‘ഇരുട്ടണെന് മുമ്പ് മടങ്ങണ്ടേ?”
“അതെന്തിനാ?”
“നിങ്ങടെ ടൗൺ പോല്യല്ല ഇവിടെ. നോക്കിനിക്കുമ്പോഴേക്കും വെളിച്ചം പോവും.”
‘‘അതിനെന്താ?’’
“ഇരുട്ടിനെ പേടിക്കരുതെന്നാ അച്ഛൻ അമ്മക്ക് പറഞ്ഞു കൊടുത്തിരിക്കണത്.”
“അല്ലെങ്കിലും രാത്രീലല്ലേ ചെകുത്താന്മാരുടെ സഞ്ചാരം. ചൂളം വിളിച്ചു പെങ്കുട്ട്യോളെ മയക്കാൻ.”
“സാരല്ല്യാ അമ്മാമ്മേ. പാർവതി പൊക്കോളാം.”
“ഈ കുട്ടീടെ ഒരു കാര്യം!’’ അമ്മാമ്മ മൂക്കത്തു വിരൽ വെച്ചു. “നിനക്ക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.