9mm ബെരേറ്റ -27

ഡല്‍ഹി സെന്‍ട്രലില്‍നിന്ന്‍ നാസിക്കിലേക്കുള്ള രാജധാനി എക്സ്പ്രസില്‍ കയറി ഇരുന്നത് മാത്രമേ രാംചമറിന് ഓർമയുള്ളൂ. ഓണ്‍ലൈന്‍ ടിക്കറ്റിന്‍റെ കോപ്പി ഫോണിലേക്ക് വന്നത് അജ്മല്‍ റാസയുടെ പേരിലാണ്. ട്രെയിനില്‍ തനിക്ക് എന്താണ് സംഭവിച്ചത്? നാസിക്കിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഹിജഡവേഷക്കാരനൊപ്പം പുകവലിച്ചിരിക്കുമ്പോള്‍ രാംചമര്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഈ ജോലി തുടങ്ങിയതില്‍ പിന്നെ ഒരുപാട് യാത്ര ചെയ്തിരിക്കുന്നു. അനേകം ഹോട്ടലുകളില്‍ താമസിച്ചിരിക്കുന്നു. പലപ്പോഴും ഹരംപിടിപ്പിക്കുന്ന കാര്യങ്ങളാണ് ചെയ്യേണ്ടിവരുന്നത്. രാജധാനി എക്സ്‌പ്രസിലെ എ.സി കമ്പാർട്മെന്റില്‍ തന്നെ ഇരുത്തിയ ശേഷം 'ഭായ്' എങ്ങോട്ടാണ്...

ല്‍ഹി സെന്‍ട്രലില്‍നിന്ന്‍ നാസിക്കിലേക്കുള്ള രാജധാനി എക്സ്പ്രസില്‍ കയറി ഇരുന്നത് മാത്രമേ രാംചമറിന് ഓർമയുള്ളൂ. ഓണ്‍ലൈന്‍ ടിക്കറ്റിന്‍റെ കോപ്പി ഫോണിലേക്ക് വന്നത് അജ്മല്‍ റാസയുടെ പേരിലാണ്. ട്രെയിനില്‍ തനിക്ക് എന്താണ് സംഭവിച്ചത്? നാസിക്കിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഹിജഡവേഷക്കാരനൊപ്പം പുകവലിച്ചിരിക്കുമ്പോള്‍ രാംചമര്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.

ഈ ജോലി തുടങ്ങിയതില്‍ പിന്നെ ഒരുപാട് യാത്ര ചെയ്തിരിക്കുന്നു. അനേകം ഹോട്ടലുകളില്‍ താമസിച്ചിരിക്കുന്നു. പലപ്പോഴും ഹരംപിടിപ്പിക്കുന്ന കാര്യങ്ങളാണ് ചെയ്യേണ്ടിവരുന്നത്. രാജധാനി എക്സ്‌പ്രസിലെ എ.സി കമ്പാർട്മെന്റില്‍ തന്നെ ഇരുത്തിയ ശേഷം 'ഭായ്' എങ്ങോട്ടാണ് പോയത്. ഈയിടെയായി ഹിജഡവേഷക്കാരനെ അവന്‍ അങ്ങനെയാണ് വിളിക്കുന്നത്‌. ''എന്‍റെ സീറ്റ് നമ്പര്‍ അടുത്ത ബോഗിയിലാണ്. ഞാന്‍ ടി.ടിയെ കണ്ട് മാറ്റം വാങ്ങിയ ശേഷം നിന്‍റെ അടുത്ത് വന്നിരിക്കാം.'' ഇതും പറഞ്ഞ് പോയതാണ്. പിന്നെ രണ്ട് മൂന്ന്‍ സ്റ്റേഷനുകള്‍ പിന്നിട്ടപ്പോഴാണ് ടി.ടി വന്നത്. അജ്മല്‍ റാസയുടെ ഐഡി കാണിച്ചുകൊടുത്തു. ഇത്രയും കാര്യങ്ങളേ ഓർമയിലുള്ളൂ.

''ഭായ്, എന്താണ് പിന്നീടെനിക്ക് സംഭവിച്ചത്?''

രാംചമര്‍ പുകവലി നിര്‍ത്തിക്കൊണ്ട് ചോദിച്ചു.

''ഞാന്‍ നിന്‍റെ അടുത്തേക്ക് വന്നപ്പോള്‍ നീ നല്ല ഉറക്കത്തിലായിരുന്നു. ഉണര്‍ത്താന്‍ തോന്നിയില്ല.'' അവന്‍റെ മുഖത്ത് ക്ലോറോഫോം നനച്ച തുണി പൊത്തിപ്പിടിച്ച ശേഷം തന്‍റെ ബര്‍ത്തില്‍ വന്നിരുന്നത് ഹിജഡവേഷക്കാരന്‍ അവനോടപ്പോള്‍ പറഞ്ഞില്ല.

''ഭായ് എനിക്കിപ്പോള്‍ ചെറിയ പേടി തോന്നുന്നുണ്ട്. ഞാന്‍ കത്തിയെടുക്കാന്‍ ചെന്നപ്പോള്‍ ഒരു പെണ്ണ് എന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഞാനന്ന് പറഞ്ഞില്ലേ... ആ പര്‍ദ്ദയിട്ട പെണ്ണ് തന്നെ. അവളത് പൊലീസിനു കൊടുക്കും. എനിക്ക് പേടിയുണ്ട് ഭായ്.'' രാംചമര്‍ ഹിജഡവേഷക്കാരനോട് പറഞ്ഞു.

''അജ്മല്‍ എന്തിനാണ് ഭയക്കുന്നത്? നീ സര്‍ക്കാറിന്‍റെ രഹസ്യ ജോലിക്കാരനാണ്. നിന്നെ സര്‍ക്കാര്‍ സംരക്ഷിക്കും. നീ രാജ്യത്തിന്‌ വേണ്ടിയാണ് പണിയെടുക്കുന്നത്. പൊലീസുകാരും പട്ടാളക്കാരും ആള്‍ക്കാരെ വെടിെവച്ചുകൊല്ലുന്നത്‌ കേട്ടിട്ടില്ലേ. അതുപോലെ നിന്റേതും സര്‍ക്കാറിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ്.'' ഹിജഡവേഷക്കാരന്‍ അവനെ ആശ്വസിപ്പിക്കാനായി മാറോട് ചേര്‍ത്തു. അവന്‍ അയാളുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി. അയാള്‍ അവന്‍റെ മുഖത്ത് നെഞ്ചുരസി.

''നിനക്ക് പേടിയാകുന്നെങ്കില്‍ കുറച്ച് മുല കുടിച്ചോ.'' രാംചമര്‍ നിസ്സഹായതയോടെ അയാളുടെ കണ്ണുകളിലേക്ക് എത്തിനോക്കി.

ഹിജഡവേഷക്കാരന്‍ രാംചമറിനെ ചേര്‍ത്തുപിടിച്ചു.

''തീവണ്ടിയില്‍ നിന്നെ മയക്കി കിടത്തിയത് ഞാനാണ്. നാസിക് വരെ നിന്നെ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു.'' അയാള്‍ അവനെ കമിഴ്ത്തി കിടത്തിക്കൊണ്ട് ആധിപത്യം സ്ഥാപിച്ചു.

''നിന്‍റെ ബാഗിലുള്ള ചോര പടര്‍ന്ന കുപ്പായവും കത്തിയും ഞാന്‍ എടുത്തു ട്രാക്കില്‍ കളഞ്ഞു. ആ വീഡിയോ ഇനി ഒരിക്കലും വെളിച്ചം കാണില്ല. നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട. എന്‍റെ പുന്നാരേ...''

''എന്തിനാണെന്നെ മയക്കി കിടത്തിയത്‌ ദുഷ്ടേ?'' അവന്‍ സ്നേഹപൂർവം അയാളുടെ കഴുത്തില്‍ കടിച്ചു.

തീവണ്ടിയില്‍ നീ ഇറങ്ങി നടക്കുന്നതാരെങ്കിലും കണ്ടാല്‍ അപകടമാണ്. രഹസ്യം ചോരും. പിന്നെ നിന്നെ ഈ പണിക്ക് കൊള്ളാതെ വരും. എന്‍റെ സ്നേഹത്തെ ഞാനല്ലാതെ പിന്നെയാരാണ് രക്ഷിക്കുക.'' അയാള്‍ അവനെ തലോടിക്കൊണ്ട് കിതച്ചു.

''നാളെ രാവിലെ നമ്മള്‍ ഇവിടുന്നു സ്ഥലം വിടും.''

''എവിടേക്ക്?'' അവന്‍ അയാളുടെ കഴുത്തില്‍ വിരലോടിച്ചു.

''ദംഗ് വരെ പോകാം. നിനക്ക് ആ സ്ഥലം ഇഷ്ടപ്പെടും.''

''അവിടെ എന്താണ് പരിപാടി?''

''നഗ്നരായിരിക്കുമ്പോള്‍ രഹസ്യം പറയാന്‍ പാടില്ല. പോയി കുപ്പായമിട് ചെക്കാ...'' ഹിജഡ വേഷക്കാരന്‍ രാംചമറില്‍നിന്ന്‍ അടര്‍ന്നു മാറി കിടന്നു.

ഏകനായിപ്പോയ വ്യസനത്തോടെ രാംചമര്‍ പറഞ്ഞു:

''ആദ്യമായാണ്‌ ഞാനൊരു പെണ്ണിനെ കൊല്ലുന്നത്!''

''എങ്കില്‍ അടുത്ത ജന്മത്തില്‍ അവള്‍ നിന്‍റെ ഭാര്യയാകും.''

ഹിജഡവേഷക്കാരന്‍ വീണ്ടും അവന്‍റെ മുകളില്‍ കയറി കിടന്നു. തന്‍റെ ശരീരത്തില്‍ ആരോ മണ്ണിടുന്നതുപോലുള്ളോരു ഭാരം രാംചമറിനു അനുഭവപ്പെട്ടു.

* * * *

വിമല്‍ വന്‍സാെരയുടെ ഓഫീസിലെ കാര്യങ്ങള്‍ മിക്കതും തന്നെ മേധ കൊഹ് ലെ ഏതാനും ദിവസങ്ങള്‍കൊണ്ട് മനസ്സിലാക്കി കഴിഞ്ഞിരുന്നു. തന്ത്രപരമായ കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് മേധക്ക് ബോധ്യപ്പെട്ടു. പുതിയ ആളുകളെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യുക, വൈറല്‍ ആക്കേണ്ട ട്വീറ്റുകള്‍ നിർമിച്ചുകൊടുക്കുക, കണ്‍ടന്റ് നിർദേശിക്കുക എന്നിവ കൂടാതെ അഡ്മിനിസ്ട്രേഷന്‍റെ ചുമതലയും വിമല്‍ വന്‍സാെര നല്‍കിയിരുന്നു. മേധ അതെല്ലാം കൃത്യമായി ചെയ്തുകൊണ്ടിരുന്നു.

ലാപ്പില്‍ ഒരു ഡോക്റെഡ്... വീഡിയോ ക്ലിപ്പ് കാണിച്ചു വിമല്‍ വന്‍സാെര മേധയോട് രഹസ്യം പറയുന്നതുപോലെ പറഞ്ഞു. ''സ്വാമി ശിവാനന്ദയെ മുഹമ്മദീയര്‍ ആക്രമിക്കുന്ന ക്ലിപ്പിങ് ആണിത്. വാട്സാപ്പ് ഗ്രൂപ്പുകളിലും ട്വീറ്ററിലും ഇന്ന് ഉച്ചക്കു മുമ്പ് ഇത് വൈറല്‍ ആക്കണം. ഇനിയുള്ള രണ്ടാഴ്ച മേധയുടെ പണി ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതായിരിക്കും.''

ഇതിനകംതന്നെ ട്രോള്‍ ആര്‍മി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മേധ മനസ്സിലാക്കിയിരുന്നു. ഈ പുതിയ ലോകത്തെ നീതികള്‍ വേറെയാണെന്ന് അവള്‍ അറിഞ്ഞു. മേധ ആ വീഡിയോ കുറെ വട്ടം കണ്ടു. അതിനു വേണ്ടി വിദ്വേഷം ജനിപ്പിക്കുന്ന കാപ്ഷനുകള്‍ കുറെയധികം എഴുതി. വിമല്‍ അതില്‍നിന്ന് അഞ്ചെണ്ണം തിരഞ്ഞെടുത്ത് പല ഭാഷകളിലാക്കി പുറത്തുവിട്ടു. നിരന്തരം ഫോണ്‍ കോളുകള്‍ വന്നപ്പോള്‍ വിമല്‍ വന്‍സാെര ഓഫീസില്‍നിന്ന്‍ ഇറങ്ങിപ്പോയി. സംഗതി ഏറ്റെന്ന് മേധക്കും മനസ്സിലായി. ''നമ്മുടെ ബിസിനസില്‍ ക്ലൈന്റ്സിന്‍റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍‌തൂക്കം. അവര്‍ പറയുന്നത് ഭംഗിയായി നടപ്പിലാക്കികൊടുക്കുക. അതിനപ്പുറത്തേക്ക് ആലോചിച്ചാല്‍ നമുക്ക് പണിചെയ്യാനാവില്ല.'' ആദ്യദിനം വിമല്‍ വന്‍സാെര പറഞ്ഞ കാര്യം മേധ ഓര്‍ത്തു.

''ഓര്‍ഗനൈസ്ഡ് ട്രോളിങ് വലിയ ഇംപാക്ട് ഉണ്ടാക്കുന്ന സംഗതിയാണ്. നിലവില്‍ നമ്മള്‍ ചെയ്യുന്നത് അതാണ്‌.''

ഇന്ന് വിമല്‍ ധൃതിയില്‍ പുറത്തേക്ക് ഇറങ്ങിപോയപ്പോഴാണ് മേധയുടെ ശ്രദ്ധയില്‍ ആ കാര്യം പതിഞ്ഞത്. വിമല്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ മാത്രമേ ആപ്പിള്‍ വാച്ച് കൈയില്‍ കെട്ടാറുള്ളൂ. ഓഫീസില്‍ അയാള്‍ വേറെയൊരു മനുഷ്യനാണ്. എല്ലാം കൃത്യമായി ചെയ്യുകയും, മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരാള്‍. ഹേറ്റ് കാംപെയിനിങ്ങും വലിയ ബിസിനസ് ആണെന്ന് അന്നത്തോടെ മേധക്ക് ബോധ്യപ്പെട്ടു.

* * * *


നാസിക്കില്‍നിന്ന് ദംഗ് വരെയുള്ള രണ്ടര മണിക്കൂര്‍ ബസ് യാത്ര വിരസമായിരിക്കുമെന്ന് ഹിജഡവേഷക്കാരന് അറിയാമായിരുന്നു. ബസ് മഹാരാഷ്ട്ര ബോര്‍ഡര്‍ കടന്നതും അയാള്‍ക്ക് സ്വാമി ശിവാനന്ദയെ മർദിക്കുന്ന ഫോര്‍വേഡ് മെസേജ് കിട്ടി. അയാള്‍ അത് രണ്ടുവട്ടം കണ്ട ശേഷം കുറച്ചധികം പേര്‍ക്ക് അയച്ചുകൊടുത്തു. രാംചമറിനു കാണിച്ചുകൊടുക്കണമെന്നുണ്ടായിരുന്നെങ്കിലും കാറ്റ് തട്ടി ഉറങ്ങിപ്പോയ അവനെ ഉണര്‍ത്താന്‍ അയാള്‍ക്ക് തോന്നിയില്ല. അവന്‍റെ ബാഗ് മാത്രമേ പോരുമ്പോള്‍ അവരെടുത്തിട്ടുണ്ടായിരുന്നുള്ളൂ. അതില്‍ അവനറിയാതെ ഒരു മൊബൈല്‍ അയാള്‍ എടുത്തുെവച്ചിരുന്നു. സാരിത്തലപ്പുകൊണ്ട് മുഖം മറച്ച ശേഷം അയാള്‍ പുറത്തേക്ക് നോക്കിയിരുന്നു.

ദംഗില്‍ മതസമ്മേളനം നടക്കുന്നുണ്ട്. നാടിന്‍റെ പല ഭാഗത്ത് നിന്നുള്ള ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ടാകും. അവിടെയുള്ള പൊലീസ് ചെക്ക് പോസ്റ്റില്‍ കാശിനാഥ്‌ മെഹ്റയെ കണ്ട് സംസാരിക്കാനാണ് നിർദേശം. മൂടിക്കെട്ടിയ അന്തരീക്ഷത്തിലേക്ക് ബസ് പ്രവേശിച്ചതോടെ താൽക്കാലികമായ വിഷാദം ഹിജഡവേഷക്കരനെയും പിടികൂടി. അയാള്‍ രാംചമറിനെ തട്ടി വിളിച്ചു. അവന്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിയപ്പോള്‍ അയാള്‍ അവന്‍റെ തുടക്ക് നുള്ളി.

''സ്ഥലം എത്തിയോ?'' രാംചമര്‍ ചോദിച്ചു.

''ഇല്ല, ഇനിയും അരമണിക്കൂര്‍ കൂടിയുണ്ട്.''

''അരമണിക്കൂര്‍പോലും വേണ്ട ഇത്തരമൊരു സ്ഫോടനം നടത്താന്‍. ഒരു മൊബൈല്‍ മതി. അജ്മീറിലും ഹൈദരാബാദിലും ഞങ്ങള്‍ അതാണ്‌ പരീക്ഷിച്ചത്. മൊബൈലില്‍ സ്പാര്‍ക്ക് ഉണ്ടാവും. അതില്‍ ടൈമര്‍ ഉണ്ട്. ബാറ്ററി ഉണ്ട്. സ്ഫോടനം ഉണ്ടാക്കാന്‍ അത് രണ്ടും മതി.''

തലപ്പാവ് ഊരിെവച്ചുകൊണ്ട് സ്വാമി ശിവാനന്ദ പറഞ്ഞ കാര്യം ശിവറാം ഗോദ്ര ഓര്‍ത്തു. ദംഗില്‍നിന്നുള്ള വാര്‍ത്തകള്‍ക്കായി ശിവറാമും വിമലും കാത്തിരിക്കുകയായിരുന്നു. കുംഭമേളക്ക് തൊട്ടുമുമ്പുള്ള ഒരു പരീക്ഷണമാണിത്. ഈ സ്ഫോടനത്തോടെ എല്ലാം നമുക്ക് അനുകൂലമായി തീരും. സ്വാമി പറഞ്ഞ കാര്യങ്ങള്‍ ചെവിയില്‍ വന്നലക്കുന്നതായി ശിവറാം ഗോദ്രക്ക് തോന്നി. ഫ്ലാറ്റില്‍ അക്ഷമനായിരിക്കുന്ന കൂട്ടുകാരനോട് വിമല്‍ വന്‍സാെര കൂടുതലൊന്നും സംസാരിക്കാന്‍ നിന്നില്ല. അടുത്ത ദിവസം പൂനയിലെ ഓഫീസില്‍ ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതില്‍ അയാള്‍ മുഴുകി.

ശിവറാം ഗോദ്ര വെബ്ലി സ്കോട്ട് ഗണ്‍ സ്വന്തമാക്കിയത് മുതല്‍ ഭയം സമ്പാദിക്കുകയായിരുന്നു. ആദ്യ കൊലക്ക് ശേഷം തോക്ക് പൂജിക്കാതിരുന്നതിന്‍റെ അനർഥമാണ് തന്നെ അലട്ടുന്നതെന്ന് അയാള്‍ വിചാരിച്ചു. രാംചമറിന്‍റെ മുഖം അയാളെ അന്നും അസ്വസ്ഥനാക്കി. രണ്ടു പെഗ് കഴിച്ച ശേഷം അൽപനേരം കിടന്നുറങ്ങാം എന്ന് െവച്ചു. ആയുധ കച്ചവടക്കാരനായ അതുല്‍ അനേജ കൊടുത്തുവിട്ട സാധനങ്ങള്‍ നേരാംവണ്ണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആദ്യ ദൗത്യംതന്നെ പാളും. അനേജയെ വിളിക്കണോ? വേണ്ട... മനസ്സ് ശരിയല്ലാതിരിക്കുമ്പോള്‍ ആരോടും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ശിവറാം ഗോദ്ര മൂന്നാമത്തെ പെഗ് കുടിച്ച ശേഷം കട്ടിലില്‍ പോയി കിടന്നു.

ദംഗിലെ ബസ് സ്റ്റാൻഡ് ഭക്തരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പല ഭാഗങ്ങളില്‍നിന്ന് വന്നിറങ്ങിയവര്‍ ഹോട്ടലിലും തെരുവുകളിലും തീര്‍ഥ പരിസരത്തും ഭയപ്പെടുത്തുന്ന ആത്മീയ അന്തരീക്ഷം നിറച്ചിരുന്നു. പലരുടെ കൈയിലും ചെറുശൂലങ്ങള്‍ ഉണ്ടായിരുന്നു. ഹിജഡവേഷക്കാരനും രാംചമറും ബസിറങ്ങി തീര്‍ഥസ്ഥലത്തിനടുത്തുള്ള സമ്മേളനസ്ഥലത്തേക്ക് നടന്നു. രാംചമറിനെ ഒരിടത്ത് മാറ്റിനിര്‍ത്തിയ ശേഷം ഹിജഡ വേഷക്കാരന്‍ പൊലീസ് ചെക്ക് പോസ്റ്റിന്‍റെ അടുത്ത് ചെന്ന് കാശിനാഥ്‌ മെഹ്റയെ അന്വേഷിച്ചു. ഒരു കോണ്‍സ്റ്റബിള്‍ അയാളെ ജീപ്പിന്‍റെ അരികിലേക്ക് കൊണ്ടുപോയി. അവര്‍ എന്തൊക്കെയോ സംസാരിക്കുന്നത് രാംചമര്‍ ദൂരെ നിന്ന്‍ കണ്ടു. ഭക്തര്‍ മുഖരിതമാക്കിയ അന്തരീക്ഷത്തില്‍ മരങ്ങള്‍ പേടിച്ചു നില്‍ക്കുന്നതുപോലെയുണ്ടായിരുന്നു.

''വരൂ നമുക്ക് സമ്മേളനസ്ഥലത്തേക്ക് പോകാം.''

രാംചമര്‍ ഹിജഡവേഷക്കാരനൊപ്പം നടന്നു. വേദിയില്‍ മതപ്രഭാഷണം നടക്കുന്നുണ്ടായിരുന്നു. വലിയ പന്തലില്‍ ഭക്തരുടെ കടലാണ്.

''നീ ബാഗ് വേദിക്കരികില്‍ െവച്ചിട്ട് വാ.'' ഹിജഡവേഷക്കാരന്‍ പറഞ്ഞു. ഭക്തര്‍ക്കിടയിലൂടെ രാംചമര്‍ ബാഗുമായി വേദിക്ക് അരികിലെത്തി. വളന്റിയര്‍മാര്‍ അവനെ ഗൗനിച്ചതേയില്ല. വേദിയില്‍ സന്യാസിമാരും ചില ഭക്തിസംഘടനാ നേതാക്കളും സന്നിഹിതരായിരുന്നു. രാംചമര്‍ അവരെയാരെയും ശ്രദ്ധിക്കാതെ തന്നെ ഏല്‍പ്പിച്ച കാര്യം നിര്‍വഹിച്ചു തിരിച്ചുവന്നു.

''ഇനി നീ ക്ഷേത്രത്തിന്‍റെ കവാടത്തിനു മുമ്പില്‍ പോയി നിന്നോ. ഞാനൊരാളെ കണ്ടിട്ട് അങ്ങോട്ട്‌ വരാം.''

ഉച്ചപൂജക്ക്‌ ശേഷം അടച്ചിട്ട ക്ഷേത്രത്തിനു മുമ്പില്‍ അധികമാരും ഉണ്ടായിരുന്നില്ല. പടികളില്‍ ചില ഭിക്ഷാടകരും കൊഴിഞ്ഞ ആലിലകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാംചമര്‍ പടികള്‍ കയറി കവാടത്തിനരികിലുള്ള ഭണ്ഡാരപ്പെട്ടിക്കു മുമ്പില്‍ നിന്നു. ക്ഷേത്ര മകുടത്തിനു മുകളില്‍ കൊടി പറക്കുന്നുണ്ടായിരുന്നു. മരങ്ങളില്‍നിന്ന്‍ കാറ്റ് വരുന്നതിനാല്‍ വെയില്‍ചൂട് അനുഭവപ്പെട്ടില്ല. അൽപസമയത്തിനു ശേഷം ഒരു പൊലീസുകാരന്‍ രാംചമറിന്‍റെ അരികിലേക്ക് വന്നു. അവനു ചെറിയ ഭയം തോന്നി.

''എന്താടാ ഇവിടെ നില്‍ക്കുന്നത്?''

അവന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്ന്‍ കത്തി വലിച്ചെടുക്കുന്നത് ഒരു നിമിഷം ഓര്‍ത്തു. മറുപടി പറയാതെ ഓടാനാണപ്പോള്‍ അവനു തോന്നിയത്. രാംചമര്‍ പണ്ട് പാടത്ത് എരുമയെ ഓടിച്ചു കളിച്ച അതേ കുട്ടിയുടെ ചുറുചുറുക്കോടെ ഓടി. പൊലീസ് വിസിലൂതി പിന്നാലെ പാഞ്ഞു. അവന്‍റെ ഓട്ടത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. പല ഭാഗങ്ങളില്‍നിന്ന്‍ വന്ന പൊലീസുകാര്‍ അവനെ നിഷ്പ്രയാസം വളഞ്ഞു. അപ്പോള്‍ വേദിക്കരികില്‍ െവച്ച ബാഗില്‍ കിടന്ന ബോംബ്‌ പൊട്ടി. ഭക്തര്‍ ചിതറിയോടി. പ്രാസംഗികനും രണ്ടു സന്യാസിമാരും ചിതറിപോയിരുന്നു.

കാശിനാഥ്‌ മെഹ്റ രാംചമറിനെ അമ്പലത്തിനുള്ളിലേക്ക് നയിച്ചു. കൈ പിന്നില്‍ കെട്ടിയതിനാല്‍ രാംചമറിന് കുതറാന്‍പോലും പറ്റിയിരുന്നില്ല. അവന്‍റെ ചുറ്റിലും മൂന്നു പൊലീസുകാര്‍ നിന്നു. ഒരാള്‍ അവന്‍റെ കൈ സ്വതന്ത്രമാക്കി. അവനു ഓടാന്‍ തോന്നിയില്ല. ക്ഷേത്രം അവന്‍റെ കുടിലായും അത് കത്തുന്നതായും രാംചമറിന് തോന്നി. അപ്പോള്‍ ദൂരെ നിന്ന്‍ കാശിനാഥ്‌ അവനു നേരെ നിറയൊഴിച്ചു. നെറ്റിയിലും നെഞ്ചിലും കൃത്യമായത് കൊണ്ടു. അറ്റം മുറിഞ്ഞതിന്‍റെ ചോരപ്പാടുമായി ആശുപത്രിക്കിടക്കയില്‍ അനുഭവിച്ച വേദനപോലും അനുഭവിക്കാനുള്ള യോഗം വെടി കൊണ്ടപ്പോള്‍ അവന്‍റെ ശരീരത്തിന് ഉണ്ടായില്ല. എല്ലാം ഞൊടിയിടകൊണ്ട് അവസാനിച്ചു. കാശിനാഥ്‌ തോക്ക് തിരികെ െവച്ചതും മറ്റു പൊലീസുകാര്‍ ക്ഷേത്രത്തിന്‍റെ ചുമരിലും തൂണിലും നിറയൊഴിച്ചു. ഓട്ട വീണ ഭിത്തിയില്‍നിന്നും തൂണില്‍നിന്നും കുമ്മായം അടര്‍ന്നു വീണു.

രാംചമറിന്‍റെ ചിത്രം പതിച്ച അജ്മല്‍ റാസയുടെ പേരിലുള്ള ആധാര്‍ കാര്‍ഡ്‌ ശവശരീരത്തിന്‍റെ കീശയില്‍ കാശിനാഥ്‌ തിരുകി െവച്ചു. ഭക്തര്‍ പരിസരം പൂർണമായി ഒഴിഞ്ഞു പോകുന്നതുവരെ രാംചമറിന്‍റെ തുറിച്ച കണ്ണുകള്‍ കാറ്റില്‍ വിറയ്ക്കുന്ന ആലിലകളെ നോക്കി കിടന്നു.

സന്ധ്യയോടടുപ്പിച്ചാണ് ശിവറാം ഗോദ്ര ഉറക്കമുണര്‍ന്നത്‌. അയാളുടെ ഫോണ്‍ മുഴുവനും സന്ദേശങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. ശിവറാം വാട്സാപ്പ് തുറന്നുനോക്കി.

''മതസമ്മേളന വേദിയില്‍ സ്ഫോടനം നടത്തിയ മുസ്‍ലിം തീവ്രവാദി അജ്മല്‍ റാസയെ ക്ഷേത്രത്തിലേക്ക് ഓടിയൊളിക്കുന്നതിനിടയില്‍ പൊലീസ് വെടിെവച്ചു കൊന്നു.''

ആഹ്ലാദംകൊണ്ട് മുഴുവനും വായിക്കാനുള്ള ക്ഷമ ശിവറാമിന് ഉണ്ടായില്ല. അയാള്‍ മുറിയില്‍നിന്നിറങ്ങി. വിമല്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. ഓഫീസിലേക്ക് പോയി കാണും. ശിവറാം ബാല്‍ക്കണിയില്‍ ചെന്ന് എല്ലാ ആധികളും ഒഴിഞ്ഞുപോയ ധീരതയോടെ തെരുവിലേക്ക് നോക്കി നിന്നു. അലീസിയ ഗര്‍സ കൂടെയുണ്ടായിരുന്നെങ്കില്‍ ദീര്‍ഘരതിയില്‍ ഏര്‍പ്പെടാമായിരുന്നുവെന്ന് അയാള്‍ ചുണ്ട് കടിച്ചു... അമിതമായ സന്തോഷവും പിരിമുറുക്കമുണ്ടാക്കുമെന്ന് ശിവറാം ഗോദ്രക്ക് മനസ്സിലായി. അലീസിയയെ ആദ്യമായി പുല്‍കിയത് ഓര്‍ത്തുകൊണ്ട് അയാള്‍ കുളിമുറിയില്‍ കയറി വാതിലടച്ചു.


ഹിജഡവേഷക്കാരന്‍ കാട്ടിലൂടെ ഓടി. മരങ്ങളുടെ മേലാപ്പിനിടയിലൂടെ ഇറ്റിറ്റ് വീഴുന്ന വെളിച്ചം കെട്ടുതുടങ്ങിയിരുന്നു. പൊലീസുകാര്‍ പിന്നാലെയുണ്ട്. കാലില്‍ ആരോ കല്ല്‌ കെട്ടിയതുപോലെ ഭാരം അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. വിചാരിച്ചതുപോലെ വേഗത കിട്ടുന്നില്ല. അടുത്തു കണ്ട ഒരു മരപൊത്തില്‍ കയറിനിന്നു. ശ്വാസമെടുക്കുന്നതിന്‍റെ ഒച്ച നിയന്ത്രിക്കാനായില്ല. പിടിക്കപ്പെടാന്‍ ഈ കിതപ്പൊച്ച മതി. അയാള്‍ അസ്വസ്ഥനായി വീണ്ടും കാടിന്‍റെ ഇരുളിലൂടെ ഓടി. കല്ലും മുള്ളും വേദനിപ്പിക്കുന്നത് അയാള്‍ അറിഞ്ഞതേയില്ല. പ്രാണഭയം വരുമ്പോള്‍ മറ്റു വേദനകളൊക്കെ അറിയുമോ? വള്ളികളില്‍ തട്ടി തലയടിച്ചു വീഴുമെന്നായപ്പോള്‍ അയാള്‍ ഓട്ടം നിര്‍ത്തി. അകലെ ചെറിയൊരു വെളിച്ചമുണ്ട്. ഒരു തടാകമാണ്. അയാള്‍ തിരിഞ്ഞു നോക്കിക്കൊണ്ട്‌ കുറച്ചു നേരം ഒരു വലിയ കല്ലില്‍ ഇരുന്നു. ''ദൈവമേ എന്തിനാണവര്‍ എന്‍റെ ചെക്കന്‍റെ തല തകര്‍ത്തത്.'' ഹിജഡവേഷക്കാരന് ഇരിക്കപൊറുതി ഇല്ലാതായി. അയാള്‍ അവിടെനിന്നും എഴുന്നേറ്റോടി. തടാകത്തില്‍ പോയി മുങ്ങി. വെള്ളത്തിനു നല്ല തണുപ്പുണ്ടായിരുന്നു. കൂടുതല്‍ ഇരുട്ടി തുടങ്ങി... അയാള്‍ തടാകത്തിലെ ആഴം കുറഞ്ഞ കുളിരില്‍ ഏറെ നേരം നിന്നു. എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവും കിട്ടിയിരുന്നില്ല. അരക്ക് താഴെ പുരുഷനും അരക്ക് മേലെ സ്ത്രീയുമായി ജീവിക്കുന്നതിന്‍റെ ദുഃഖഭാരം അൽപമെങ്കിലും മറക്കാന്‍ കഴിഞ്ഞത് രാംചമറിനെ പ്രണയിക്കാന്‍ തുടങ്ങിയതോടെയാണ്. അവന്‍റെ മരണം തന്‍റെ മരണംകൂടിയാണ്. അയാള്‍ നീന്തി അക്കരെ കടന്നു. അവിടെയും കൊടും കാടാണ്. പൊക്കമുള്ള പുല്ലുകള്‍ ചികഞ്ഞുമാറ്റി അകത്തേക്ക് കടന്നപ്പോള്‍ ഒരു വന്‍ മരത്തിനു താഴെ ആദിവാസികളുടെ ദേവശില കണ്ടു. ഇനി കാടാണ് തന്‍റെ വഴി. അയാള്‍ പൂർണനഗ്നനായി ശിലക്ക് മുമ്പില്‍ മുട്ട് കുത്തിനിന്നു. അക്കരെ നിന്ന് വെടി പൊട്ടിയപ്പോള്‍ പക്ഷികള്‍ കൂട്ടത്തോടെ ഇക്കരെ കാട്ടിലേക്ക് വന്നു. കാറ്റ് വീശി. മരം പൊഴിച്ച ഒരു വിഷക്കായ അയാൾ കണ്ടു. സ്നേഹത്തോടെ രാം ചമറിനെ ഓർത്തുകൊണ്ട് വിഷക്കായയെടുത്തു ആർത്തിയോടെ കടിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT