മണിമുഴക്കം
കുറച്ചു ദിവസമായി ഊർമിള കപൂറിന് ഉറങ്ങാൻ കഴിയുന്നില്ല. സോഷ്യൽ മീഡിയയിൽ ട്രോൾ ആർമിയുടെ ആക്രമണം അവർ വിചാരിച്ചതിനേക്കാൾ ഭീകരമായിരുന്നു. ദോലാക്കിയയുടെ മരണത്തെപ്പറ്റി ട്വീറ്റ് ചെയ്തത് മുതൽ മാനസികപീഡനമാണ്.
Hi@ഉൗർമിളകപൂർ, i understand your pain. seems you didnt have sex for many days. Dont be so frustrated.
ഇതുപോലെ നൂറുകണക്കിന് സൈബർ ഗുണ്ടകളുടെ ആക്രമണമാണ് ഒറ്റ ദിവസംകൊണ്ട് ഉണ്ടായത്. പോസ്റ്റ് പിൻവലിച്ചു ഓടിയൊളിക്കേണ്ടിവന്നു. അതുണ്ടാക്കിയ വിഷാദം ഊർമിളയുടെ ആരോഗ്യത്തെയും ബാധിച്ചു. ഫോൺ എടുക്കാൻപോലും അവർക്കിപ്പോൾ പേടിയാണ്. തന്റെ കരിയർ അവസാനിക്കുമെന്ന് തന്നെ തോന്നി. നിർമാതാക്കൾ പുതിയ റിലീസ് മാറ്റിവെക്കുകവരെ ചെയ്തു. അതിന്റെ പഴിയും ഒറ്റപ്പെടുത്തലുംകൂടിയായപ്പോഴാണ് യു.എസിൽ പോയി കുറച്ചുകാലം കഴിയാം എന്നു തീരുമാനിച്ചത്.
''അനീതിക്കെതിരെ പ്രതികരിക്കാനുള്ള എന്റെ ഉത്സാഹം കെട്ടു. ഇനി ഞാൻ ഒന്നിനും ഇല്ല സുമി.''
കാലിഫോർണിയയിൽ കഴിയുന്ന ചേച്ചിയുടെ അടുത്തേക്ക് പോകുന്നതിന്റെ തലേനാൾ, കാണാൻ വന്ന കൂട്ടുകാരിയോട്, ഊർമിള സങ്കടം അടക്കാനാവാതെ പറഞ്ഞു.
''ഒറ്റ ട്വീറ്റ് കൊണ്ട് സ്വപ്നങ്ങളെല്ലാം കരിഞ്ഞുപോയി.''
''എന്തിനാണെല്ലാം ഇട്ടെറിഞ്ഞുപോകുന്നത്?''
''അനേകം കോൺട്രാക്റ്റുകൾ ഒഴിഞ്ഞുപോയി, അപമാനം വേറെയും. ഇനി ഞാൻ എന്തിനു ഇവിടെ കഴിയണം?''
പിന്തിരിപ്പിക്കാൻ ശ്രമിച്ച കൂട്ടുകാരിയോട് ഊർമിള പറഞ്ഞു. ആറ്റുനോറ്റു വളർത്തിയ കുഞ്ഞു മരിച്ചതുപോലെയായിരുന്നു ഊർമിളയുടെ മാനസികാവസ്ഥ.
''ഞാൻ മോഡലായ പരസ്യങ്ങൾപോലും പിൻവലിക്കപ്പെട്ടു.'' ഊർമിള നിർത്താതെ തേങ്ങി. സുമിക്ക് അവളെ നിയന്ത്രിക്കാനായില്ല.
''നിന്റെ മനസ്സ് പറയുന്നതാണിപ്പോൾ നിന്റെ ശരി. ഉൾവിളി പിന്തുടരുക.''
''ഞാൻ എത്രയോ ദിവസമായി നന്നായി ഭക്ഷണം കഴിച്ചിട്ട്. വ്യായാമം ചെയ്തിട്ട്, ഇനിയെനിക്ക് പഴയ ഊർമിളയാവാൻ കഴിയില്ല സുമി.''
സുമി സോഫയിൽ ഇരുന്ന് ഊർമിളയുടെ വിരലുകൾ തലോടിക്കൊണ്ടിരുന്നു.
''സുമി...നിനക്കിന്നു ഇവിടെ കഴിയാമോ. ഒരുപക്ഷേ ഒറ്റക്കാവുന്ന നേരത്ത് സോഷ്യൽ മീഡിയ നോക്കിയാൽ ഞാൻ ആത്മഹത്യ ചെയ്തുപോകും.''
''ഹേയ്...'' സുമി അവളെ ഒതുക്കിപ്പിടിച്ചു.
''ഞാൻ രാവിലെ നിന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടിട്ടേ മടങ്ങുന്നുള്ളൂ.''
തനിക്കുകിട്ടിയ ദേശീയ പുരസ്‌കാരം അന്ന് അത്താഴത്തിനു മുമ്പ് ഊർമിള സ്നേഹത്തോടെ സുമിക്ക് എടുത്തുകൊടുത്തു.
''എന്റെ ഓർമക്കായി നീയിതു സൂക്ഷിച്ചോ...''
സുമി മറുത്തൊന്നും പറഞ്ഞില്ല.
പുലർച്ചക്കു ഓൺലൈൻ ടാക്സിയിലാണവർ എയർപോർട്ടിലേക്കു പോയത്. വഴിനീളെ പൊലീസുകാർ ഉണ്ടായിരുന്നു.
''എന്തെങ്കിലും പ്രശ്നം ഉണ്ടോ?''
പതിവില്ലാത്തതുകണ്ടപ്പോൾ സുമി ഡ്രൈവറോട് ചോദിച്ചു.
''കുഴപ്പമൊന്നുമില്ല മാഡം. ഇന്ന് പത്തുമണിക്ക് ശേഷം ക്ഷേത്രമണിഘോഷയാത്ര ഇതുവഴി കടന്നുപോകും. അതിന്റെ ഒരുക്കങ്ങളാണ്.''
സുമി പിന്നെയൊന്നും ചോദിച്ചില്ല.
ഊർമിള പുറംകാഴ്ചകളിലേക്കു തന്നെ നോക്കിയിരുന്നു. സംസാരപ്രിയനല്ലാത്തതുകൊണ്ട് ഡ്രൈവറും പിന്നെയൊന്നും സംസാരിച്ചില്ല.
ആനയോളം വലുപ്പമുള്ള ക്ഷേത്രമണിയായിരുന്നു ഘോഷയാത്രയുടെ ആകർഷണം. പുഷ്പാലങ്കൃതമായ ട്രക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ മണി എഴുന്നള്ളിച്ചിരുന്നത്. കർണാടകയിൽ നിർമിച്ച മണി ഭഗവാൻ ജന്മഭൂമിയിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ പുതുതായി നിർമിച്ച ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ളതാണ്. ക്ഷേത്രമണി ഘോഷയാത്ര മൂന്ന് സംസ്ഥാനങ്ങൾ പിന്നിട്ടുകൊണ്ട് മഹാരാഷ്ട്രയിൽ എത്തിയപ്പോൾ സ്വാമി ശിവാനന്ദയുടെ നേതൃത്വത്തിലാണ് സ്വീകരണം. അലങ്കരിച്ച വാഹനത്തിൽ സന്യാസിമാരും പൂജാരികളുമുണ്ട്.
''പ്രിയ ഭക്തജനങ്ങളെ, ഈ മണി മുഴങ്ങുമ്പോൾ ഓംകാരശബ്ദമാണ് പുറത്തുവരിക. എല്ലാ തിന്മകൾക്കും എതിരെയുള്ള ശബ്ദമാണിത്.'' യോഗത്തിൽ പ്രസംഗിക്കുമ്പോൾ സ്വാമി ശിവാനന്ദ പറഞ്ഞു. നിറഞ്ഞ കരഘോഷത്തോടെയും ശംഖനാദത്തോടെയുമാണ് ഭക്തജനങ്ങൾ സ്വാമിയുടെ വാക്കുകൾ സ്വീകരിച്ചത്.
പൊലീസ് വാഹനങ്ങൾ, ആംബുലൻസ്, ഫയർഫോഴ്‌സ്, മെഡിക്കൽ സംഘം എന്നിവയും ഘോഷയാത്രക്ക് അകമ്പടിയുണ്ടായിരുന്നു. കുറച്ചുദൂരം സ്വാമി ശിവാനന്ദയും അലങ്കരിച്ച വാഹനത്തിൽ അനുഗമിച്ചു.
കഴിഞ്ഞ മാസം വിമൽ വൻസാെരയോടും ശിവറാം ഗോദ്രയോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ ഭംഗിയായി നടപ്പിലാവുന്നുണ്ടെന്നുള്ള സന്തോഷം ജനങ്ങളോട് കൈവീശുമ്പോൾ സ്വാമി ശിവാനന്ദക്കുണ്ടായി.
ഘോഷയാത്രക്ക് ഏറ്റവും പിന്നിലായി വരുന്ന പൊലീസ് ഇടിവണ്ടിക്കുള്ളിൽ, രാഷ്ട്രസ്വപ്നത്തിനു എതിര് നിൽക്കുന്നവർക്കുള്ള മരണമണി മുഴങ്ങുന്നത് സ്വാമി ശിവാനന്ദ ദീർഘ ദൃഷ്ടിയിൽ കണ്ടു.
''ഭഗവാൻ ജന്മഭൂമി കി ജയ്.''
''ക്ഷേത്രമണിഘോഷയാത്രാ കി ജയ്''
ഇടിവണ്ടിക്കുള്ളിൽ കിടന്നു ഒച്ചവെച്ച പെൺകുട്ടിയുടെ നിസ്സഹായത ചെറുശൂലം ഉയർത്തിയുള്ള ഭക്തരുടെ ജയ് വിളിയുടെ ആരവങ്ങളിൽ കുടുങ്ങി ശ്വാസംമുട്ടി. വണ്ടിക്കകത്തുനിന്നുള്ള അവളുടെ കാഴ്ച ഭയാനകമായിരുന്നു. ക്ഷേത്രമണിക്കു പിറകെ ഒച്ചിഴയുന്നതുപോലെ നീങ്ങുന്ന വിശ്വാസികളുടെ മുഴക്കങ്ങൾ ആബിയ മഖ്ധൂമിയുടെ ഇന്ദ്രിയങ്ങളെ തളർത്തിക്കളഞ്ഞു. വണ്ടിക്കുള്ളിൽ പതിനായിരക്കണക്കിന് മണിയനീച്ചകൾ മൂളിപ്പറക്കുന്നതിന്റെ ഇരമ്പൽ അവളെ കാതുപൊത്താൻ പ്രേരിപ്പിച്ചു. അത് സഹിക്കാനാവാതെ അവൾ വണ്ടിക്കുള്ളിൽ തലകറങ്ങി. കലാപകാരികളുടേതുപോലുള്ള പെരുമാറ്റമായിരുന്നു ചില മനുഷ്യർക്ക്. അവർ ഇടിവണ്ടിയിൽ ഇടിക്കുകയും പ്രാകൃതമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഭയന്നുപോയ ആബിയ മഖ്ധൂമി വണ്ടിക്കുള്ളിൽ തളർന്നുവീണു.
വാഹനം നീങ്ങുംതോറും ജനം പെരുകിവരുകയും ആർപ്പുവിളികളും പുഷ്പവൃഷ്ടികളും തെരുവിലെ സാധാരണ ജീവിതത്തെ മുമ്പൊന്നുമില്ലാത്തവിധം വ്യാകുലപ്പെടുത്തുകയുമുണ്ടായി. പലരും കടകൾ പൂട്ടി നിശ്ശബ്ദരായി ഘോഷയാത്രയുടെ ഭാഗമെന്നോണം വിചാരങ്ങൾ അടക്കിനിന്നു.
''ജനകോടികളാണ് ക്ഷേത്രമണിഘോഷയാത്രയിൽ പങ്കെടുക്കുന്നത്, ഇതാണ് ഭാരതത്തിന്റെ ഹൃദയം.''
ജനം തെരുവിൽ ഇറങ്ങിയതിന്റെ ചിത്രങ്ങൾ സഹിതം ട്വീറ്റുകൾ നിറഞ്ഞു.
ഹോട്ടലിലെ നേർത്ത പ്രകാശത്തിലിരുന്നു സ്വാമി ശിവാനന്ദ സംസാരിച്ചത്, ട്വിറ്ററിലെ ട്രെൻഡിങ് കണ്ടപ്പോൾ ശിവറാം ഗോദ്ര ഓർത്തു.
''പ്രതിഷേധത്തിന്റെ ചെറിയ നാമ്പുപോലും മുളയിലേ നുള്ളിക്കളയണം. ഇല്ലെങ്കിൽ അത് പടർന്നു പന്തലിച്ചു കാടുപിടിക്കും, വിദ്യാർഥി പ്രക്ഷോഭം ആവുമ്പോൾ പ്രത്യേകിച്ചും, തിളയ്ക്കുന്ന യുവത്വം നാടിനാപത്താണ്.''
ആബിയ മഖ്ധൂമി!
അവളുടെ പ്രസംഗങ്ങൾ, നിലപാടുകൾ, ഒടുക്കത്തെ ആത്മവിശ്വാസം...ഇതെല്ലാം സമൂഹത്തിലുണ്ടാക്കിയ സ്വീകാര്യത സ്വാമിയുടെ ജ്ഞാനത്തെ അലട്ടിയിരുന്നു.
''പ്രതിപക്ഷവും ന്യൂനപക്ഷവും ഇതെല്ലാം മുതലെടുക്കും. നാം ഇതനുവദിക്കാൻ പാടില്ല. ഇലക്ഷൻ നിർണായകമാണ്, എല്ലാ വേരുകളും അറുക്കണം.''
''ഹിന്ദു ജാഗേ, ക്രിസ്റ്റി ഭാഗേ.
ഹിന്ദു ജാഗേ മുസ്‍ലിം ഭാഗേ.
ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇതൊരവസരമാണ് ഒന്നിനെയും വെറുതെ വിടരുത്.''
ജ്ഞാനേശ്വരനെപോലെയാണന്ന് സ്വാമി ശിവാനന്ദ സംസാരിച്ചത്. നടപ്പാക്കാനുള്ള കാര്യങ്ങൾ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ മറ്റൊരു അവതാരം ഉണരുന്നതായി ശിവറാം ഗോദ്രക്കു തോന്നിയിരുന്നു.
''ഞാനിതെല്ലാം പറയുമ്പോൾ നിങ്ങൾക്ക് ഭയം തോന്നുന്നുണ്ടോ? ഞാൻ ഭയമില്ലാത്തവനാണ്. അതുകൊണ്ടാണ് ഞാൻ ജയിലിൽ പോയത്. അവിടെനിന്ന് പൂർവാധികം ശക്തിയോടെ പുറത്തേക്കിറങ്ങിയതും ഭയരഹിതനായതുകൊണ്ടാണ്, പള്ളികളിൽ മൂന്ന് സ്‌ഫോടനങ്ങൾ നടന്നിട്ടും എന്നെയാരും തിരഞ്ഞുവന്നിരുന്നില്ല. എന്റെ പ്രിയശിഷ്യ പ്രകൃതി ഠാക്കൂറിന്റെ സ്കൂട്ടർ സ്‌ഫോടനസ്ഥലത്തുനിന്ന് കണ്ടുകിട്ടി എന്ന കാരണം പറഞ്ഞാണ് അന്വേഷണസംഘം എന്നെ കുടുക്കിയത്. സ്കൂട്ടർ പ്രകൃതിയുടെ പേരിലുള്ളതായിരുന്നില്ല. അവർ മാസങ്ങൾക്കു മുമ്പ് മറ്റൊരാൾക്ക് വിറ്റിരുന്നു. പക്ഷേ അതൊന്നും ആരും ചെവിക്കൊണ്ടില്ല. ഇനിയെനിക്ക് നേരിട്ട് പോയി ബോംബ് വെക്കാനും ഭയമില്ല. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ് കൈകാര്യം ചെയ്യാനും ഇപ്പോൾ എനിക്കറിയാം. ഭയമാണ് മനുഷ്യനെ അശക്തനാക്കുന്നത്. ഭയം ദൗർബല്യമാണ്, അതിൽനിന്ന് മുക്തി നേടിയാൽ പിന്നെ, ആത്മാവിന്റെ ഭാരമോ മനഃസാക്ഷികുത്തോ ഇല്ലാതെ നമുക്ക് പ്രവർത്തിക്കാനാകും. പ്രകൃതിയെ ഞാനിതു പഠിപ്പിച്ചിട്ടുണ്ട്.''
രാം ചമർ പിന്തുടരുന്നത്, ഭയത്തിൽനിന്നുണ്ടായ തോന്നലാണെന്നു ശിവറാം ഗോദ്ര ഉരുവിട്ടുറപ്പിക്കാൻ നോക്കി. സ്വാമി ശിവാനന്ദയുടെ ദർശനം അയാളിൽ ആത്മവിശ്വാസം നിറച്ചു.
ക്ഷേത്രമണിഘോഷയാത്ര നഗരം വിടുമ്പോൾ കൂടുതൽ ഉത്തരവാദിത്തം തന്നിൽ നിഷിപ്തമാകും. ഇനിയുള്ള നാളുകൾ കൃത്യമായ കണക്കുകൂട്ടലുകളുടേതാകണം. ഒരു കാരണവശാലും പിഴവ് സംഭവിക്കാൻ പാടില്ല. ഭയം എല്ലാറ്റിനും ഒരു തടസ്സമാണ്.
''ഗാന്ധി കള്ളനാണയമാണ്. ജീവിതത്തിൽ ഉപ്പു വർജിച്ച ആൾ തന്നെയാണ് ഉപ്പു സത്യഗ്രഹവും നടത്തിയത്. നിങ്ങൾ നോക്കിക്കോ, ക്ഷേത്രമണിയാത്രയിൽ ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്തതിനേക്കാൾ കൂടുതൽ ആൾക്കാർ പങ്കെടുക്കും.''
അന്ന് മുറിയിൽനിന്ന് ഇറങ്ങാൻ നേരം സ്വാമി ശിവാനന്ദ പറഞ്ഞ കാര്യം, ടി.വിയിൽ ലൈവ് കണ്ടുകൊണ്ടിരിക്കെ ശിവറാം ഗോദ്ര ഓർത്തു.
''പ്രകൃതിയുമായി ഒരു മീറ്റിങ് ഞാൻ ഉടനെ തരപ്പെടുത്താം. നിങ്ങൾ അവരെ പോയി കാണണം. അടുത്ത മാസം അവൾ പൂനയിൽ ഉണ്ടാവും.''
എത്ര സംസാരിച്ചിട്ടും അദ്ദേഹത്തിന് മതിയാവുന്നില്ലെന്നു തോന്നി. കാർപാർക്കിങ് ലോട്ടിലേക്കുപോലും സ്വാമി കൂടെ വന്നു.
ഞങ്ങൾ കാറിൽ കയറി ഇരുന്നപ്പോഴും അദ്ദേഹം ചില്ലിൽ കൈപിടിച്ചുകൊണ്ടു പറഞ്ഞു: ''ജിന്ന ഡയറക്റ്റ് ആക്ഷൻ നടപ്പാക്കിയതുപോലെയാണിനി നമുക്കും പ്രവർത്തിക്കേണ്ടത്. എവിടെ കണ്ടാലും അവന്മാരെ അവിടെയിട്ടു തീർത്തേക്കണം.''
ഇതുപറയുമ്പോൾ സ്വാമി ശിവാനന്ദയുടെ നടുവിരൽ മോതിരത്തിലെ ചുവന്ന രത്നക്കല്ലു തിളങ്ങി...ആ വെളിച്ചം അദ്ദേഹത്തിന്റെ കണ്ണിലും ചുവപ്പു പടർത്തിയിരുന്നു.
നേരമിരുട്ടാൻ ഇനിയും എത്രയോ നേരമുണ്ട്. അതുവരെ എന്തിലെങ്കിലും മുഴുകിയിരുന്നില്ലെങ്കിൽ ഭ്രാന്തുപിടിക്കുമെന്ന് ശിവറാം ഗോദ്രക്കു തോന്നി. ടി.വി ഓഫ് ചെയ്തു അയാൾ അൽപം വിസ്കി കഴിച്ചു. എന്നിട്ട് വിമൽ വൻസാെരയുടെ ഫോൺ വരുന്നതും കാത്തു, ഇൻ ഗ്ലോറിയസ് ബാസ്റ്റഡ്സ് കണ്ടിരുന്നു.
ക്ഷേത്രമണിയാത്ര ഒഴിഞ്ഞുപോയ നഗരവീഥിയിലൂടെ മനുവർ മേഘ് വൻഷി നടന്നു. റോഡിൽ ചവിട്ടി മെതിച്ച പൂക്കളും വള്ളിപൊട്ടിയ ചെരുപ്പുകളും തോരണാവശിഷ്ടങ്ങളും ഉണ്ട്. അയാൾ അതൊന്നും വകവെക്കാതെ നടന്നു.
മേഘ് വൻഷിയുടെ ഉള്ളിൽ വേറെ വിചാരമാണ്. സ്വീകരണ കമ്മിറ്റിയിൽ അയാളുണ്ടായിരുന്നു. ഘോഷയാത്രയിൽ പങ്കെടുക്കുന്ന അമ്പതു പേർക്ക് ഉച്ചഭക്ഷണം നൽകാൻ കമ്മിറ്റി തീരുമാനിച്ചപ്പോൾ ആ ദൗത്യം മനുവർ ഏറ്റെടുത്തു. അതൊരു പുണ്യമായി അയാൾ കരുതി. ഒരു ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ഭക്ഷണം വിളമ്പിയത്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ കോർട്ടേഴ്സിന്റെ പിറകിലുള്ള കോളനിയിലാണ് മനുവർ മേഘ് വൻഷി താമസിക്കുന്നത്. അയാളുടെ വീടിന്റെ പിറകിൽ വിശാലമായ പറമ്പായിരുന്നു. അവിടെ പന്തൽ കെട്ടിയാണ് അൻപതുപേർക്കുള്ള ഭക്ഷണം പാകം ചെയ്തത്. കമ്മിറ്റിയിലെ ചിലരും സഹായത്തിനുണ്ടായിരുന്നു. ഉച്ചക്ക് രണ്ടുമണിക്കുശേഷമാണ് മണിയാത്രയിലെ പ്രധാന സംഘം കഴിക്കാൻ എത്തിയത്. ഓഡിറ്റോറിയത്തിൽ ഒരുക്കങ്ങൾ എല്ലാം പൂർണമായിരുന്നു. മനുവർ ഭക്ഷണം കഴിക്കാൻ വന്നവരുടെ തലയെണ്ണി. പറഞ്ഞതിനേക്കാൾ എട്ടുപേർ കൂടുതലുണ്ട്, കുഴപ്പമില്ല. തികയാതെവരില്ല. മനുവർ ഓടിനടന്നു എല്ലാം ചെയ്തു. നാൽപത്തിയാറു വയസ്സിന്റെ ക്ഷീണമൊന്നും അയാൾക്കുണ്ടായില്ല. 36 വർഷമായി സംഘത്തിന്റെ സജീവ പ്രവർത്തകനാണ്. സംഘടനയെ സേവിക്കാൻ കിട്ടുന്ന ഒരവസരവും അയാൾ പാഴാക്കാറില്ല. കുറച്ചുപേർ മാറിനിന്നു സംസാരിക്കുന്നത് അയാൾ കണ്ടു. അവരിൽ ഒരാൾ പുഞ്ചിരിച്ചുകൊണ്ട് അടുത്ത് വന്നു.
''ഞങ്ങൾ പത്തുപേർക്കുള്ള ഭക്ഷണം പൊതിഞ്ഞു തന്നാൽ മതി, വഴിയിൽ കഴിച്ചോളാം.''
മനുവർ സ്നേഹപൂർവം പൊതിഭക്ഷണം എടുത്തുകൊടുത്തു. അവർ അതും വാങ്ങി ഇറങ്ങിപ്പോയി. ബാക്കിയുള്ളവർ കഴിച്ചു തീരും വരെ മനുവർ മേഘ് വൻഷി ഓഡിറ്റോറിയത്തിൽ ഓടിനടന്നു. ആർക്കും ഒരു കുറവും വരരുതെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.
''ദലിതർ ഉണ്ടാക്കുന്ന ഭക്ഷണം അവർ കഴിക്കില്ല.'' വൈകുന്നേരം ഒരു സഹപ്രവർത്തകനാണ് അയാളോട് കാര്യം പറഞ്ഞത്. എല്ലാ ഹിന്ദുക്കളും ഒരുപോലെയെന്നാണ് സംഘടന പഠിപ്പിച്ചത്. ഇതു കേട്ടപ്പോൾ അയാൾ തകർന്നുപോയി. പാഴ്സികളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും ഹിന്ദുക്കളാണെന്നു പറയുന്നവർ ദലിതരെ അങ്ങനെ കാണുന്നില്ല.
ക്ഷേത്രമണിവാഹനം മുമ്പ് നിർത്തിയിട്ടിരുന്ന ഇടത്ത് മനുവർ നടന്നെത്തി. അവിടെയും പൂക്കളുടെ ചീഞ്ഞുതുടങ്ങിയ ഭാഗങ്ങൾ ഉണ്ടായിരുന്നു. കൂട്ടത്തിൽ അനാഥമായികിടക്കുന്ന ഭക്ഷണപ്പൊതികളും അയാൾ കണ്ടു. ഉപേക്ഷിക്കപ്പെട്ട പൊതിഭക്ഷണം പട്ടികൾ ആർത്തിയോടെ തിന്നുന്നു. കാക്കകൾ കൂട്ടമായി വന്നു വിശപ്പകറ്റുന്നുണ്ട്.
'' ഭക്ഷണത്തെ വെറുക്കുന്നവർ മനുഷ്യരല്ല.''
മനുവർ മേഘ് വൻഷിയുടെ ഉള്ളുപിടഞ്ഞു. അവിടെ നിന്ന് കെട്ടുപൊട്ടാത്ത ഒരു പൊതിഭക്ഷണം എടുത്തു അയാൾ വീട്ടിലേക്കു നടന്നു. റെയിൽപാളം മുറിച്ചുകടന്ന് ഫുട്പാത്തിലൂടെ ഗലിയിലേക്കിറങ്ങി. അവിടെ ദാബ്കെ ടൈലറിങ്ങിൽ തയ്ക്കാൻ കൊടുത്ത യൂനിഫോം വാങ്ങി.
''ഘോഷയാത്രയൊക്കെ ഗംഭീരമായിരുന്നില്ലേ?'' ദാബ്കെ ചോദിച്ചതിനൊന്നും മനുവർ മേഘ് വൻഷി മറുപടി പറഞ്ഞില്ല. അയാൾ വീണ്ടും ഫുട്പാത്തിലെത്തി വീടിനു പിറകിലുള്ള ഒഴിഞ്ഞ പറമ്പിലേക്ക് നടന്നു. അവിടെ വെപ്പുപ്പന്തൽ അഴിച്ചിരുന്നു. അടുപ്പിലെ ചാരം ഒരു കമ്പെടുത്തു അയാൾ കുത്തിയിളക്കി. അടിയിൽ കനൽ എരിയുന്നുണ്ട്. അതിൽ കുറച്ചുകൂടി കൽക്കരി എടുത്തിട്ടു, വിയർക്കും വരെ ഊതി. തീ ആളിക്കത്തിയപ്പോൾ മനുവർ മേഘ് വൻഷി യൂനിഫോം അതിലേക്കെറിഞ്ഞു. തീച്ചൂട് ഏൽക്കാൻ നിൽക്കാതെ, പൊതിഭക്ഷണം നെഞ്ചിൽ കൂട്ടിപ്പിടിച്ചു അയാൾ വീട്ടിലേക്കു നടന്നു. ഗലിയിലെ വിശക്കുന്ന കുട്ടികളുടെ കരച്ചിൽ മുമ്പെങ്ങുമില്ലാത്തവിധം അയാളെ സങ്കടപ്പെടുത്തി.
ആബിയ...നിനക്ക് വിശക്കുന്നുണ്ടോ?
വിമൽ വൻസാെര അവളുടെ കവിളിൽ തലോടികൊണ്ടു ചോദിച്ചു. മയക്കത്തിൽനിന്ന് ആബിയ മഖ്ധൂമി കണ്ണുതുറന്നു. അപരിചിതമായൊരു മുറിയിലാണ് താനിപ്പോൾ ഉള്ളതെന്ന അറിവിൽ അവൾ പിടച്ചു. രണ്ടു അപരിചിതർ തന്റെ കട്ടിലിന്റെ അരികിൽ നിൽക്കുന്നു. ഇരുവരെയും മാറി മാറി നോക്കിയശേഷം അവൾ അലറി. ആ അലർച്ചക്ക് ആബിയ കരുതിയപോലെ ഒച്ചയൊന്നും ഉണ്ടായിരുന്നില്ല.
''നീ പുലികുട്ടിയാണെന്നറിയാം. കൂടുതൽ ഒച്ചപ്പാടൊന്നും വേണ്ട.'' ശിവറാം സാവധാനം പറഞ്ഞു.
അവൾ കട്ടിലിൽനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിനായില്ല. പൊലീസ് വണ്ടിയിൽ എത്തിപ്പെട്ടതുവരെയുള്ള കാര്യങ്ങളെ ഓർമയിലുള്ളൂ. അതിനുശേഷമുള്ളതൊന്നും തലയിൽ ഇല്ല. ആബിയ കട്ടിലിൽ തന്നെ ഒതുങ്ങി. അരക്കുകീഴെ തളർന്നുപോയ ഒരാളെപ്പോലെ. അവൾ നിസ്സഹായയായി...വിമൽ ഭക്ഷണം മേശപ്പുറത്തു അടച്ചുവെച്ചു. വിശക്കുമ്പോൾ അവൾ എടുത്തു കഴിച്ചോളും. അയാൾ അവിടെനിന്നിറങ്ങി. ശിവറാം ആബിയ കിടക്കുന്നതും നോക്കിയിരുന്നു. കരിനീല ചുരിദാറിൽ ചുളിവുകൾ വീണിട്ടുണ്ട്. ചുവന്ന പൂക്കളുള്ള ഹിജാബ് തെന്നിക്കിടക്കുന്നതിനാൽ അവളുടെ സിൽക്കി ഹെയർ കുറച്ചൊക്കെ കാണാം. ഇവളുടെ ചോരത്തിളപ്പ് അവസാനിക്കാൻ പോവുകയല്ലേ. ശിവറാം ഗോദ്ര നോട്ടം പിൻവലിച്ചുകൊണ്ടു മുറിക്കു പുറത്തേക്കു വന്നു.
ശരീരത്തിന്റെ തളർച്ചക്കു അയവുവന്നപ്പോൾ ആബിയ കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. വല്ലാതെ ദാഹിക്കുന്നുണ്ട്. കാലിൽ നീരുവന്ന ഒരാളെപ്പോലെ നടന്നുചെന്നു അവൾ മേശപ്പുറത്തുവെച്ച കുപ്പിവെള്ളം എടുത്തു കുടിച്ചു. മുറിയിലെ സോഫയിൽ തളർന്നിരുന്നു. തന്റെ ശരീരം മരുന്ന് മണക്കുന്നതായി അനുഭവപ്പെട്ടു. ഈ മണം തുടർന്നാൽ താൻ ഓക്കാനിക്കുമെന്നു അവൾ ഭയന്നു.
മൂന്ന് പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് മുംൈബയിൽ വന്നത്. രണ്ടു ക്യാമ്പസുകളിൽ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്ത ആത്മവിശ്വാസത്തോടെയാണ് ഷണ്മുഖാനന്ദ ഓഡിറ്റോറിയത്തിലെ സെമിനാറിൽ പങ്കെടുത്തത്. ആ പരിപാടികഴിഞ്ഞു അടുത്ത ദിവസമായിരുന്നു മടക്കടിക്കറ്റ്. കിട്ടിയ ഇടവേളയിൽ മുംബൈ കാണാമെന്നു വെച്ചു. ഹോർണിമാൻ സർക്കിളും സെൻട്രൽ ലൈബ്രറിയും മറൈൻഡ്രൈവും താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യയും കാണാൻ വേണ്ടിയാണ് സ്നേഹിതക്കൊപ്പം ഛത്രപതി ശിവജി ടെർമിനസിൽ ചെന്നിറങ്ങിയത്.
ആൾത്തിരക്കിൽ അവളെ മിസ്സായി. അതോ താൻ മിസ്സായതാണോ? ഫോൺചെയ്യാൻ നോക്കിയപ്പോഴാണ് പോക്കറ്റിൽനിന്ന് ഫോൺ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്.
ആകെ വെപ്രാളമായിപോയി. ഒരിടത്തിരുന്നു മനസ്സ് ശാന്തമാക്കി തീരുമാനം എടുക്കാം എന്ന് വിചാരിച്ചപ്പോഴാണ് രണ്ടു പൊലീസുകാർ അടുത്തേക്ക് വന്നത്. റെയിൽവേ പൊലീസ് ആണെന്നാണ് കരുതിയത്. ടിക്കറ്റ് ചോദിച്ചു. ടിക്കറ്റ്...അതും സ്നേഹിതയുടെ കൈയിൽ ആയിരുന്നു. എനിക്ക് പൊലീസുകാരെ അനുഗമിക്കേണ്ടി വന്നു. അവർ എന്നെ എയ്ഡ്പോസ്റ്റിൽകൊണ്ടിരുത്തി. ഏറെ നേരം ആരും തന്റെ അടുത്തേക്ക് വരികയോ, താനവിടെ ഇരിക്കുന്നതു ഗൗനിക്കുകയോ ചെയ്തില്ല. സി.എസ്.ടി സ്റ്റേഷനിലെ പുരുഷാരത്തിന്റെ ശബ്ദം മാത്രം കാതുകളിൽ അലച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പൊലീസ് ഓഫീസർ വന്നു. നക്ഷത്രം പതിച്ച യൂനിഫോമിൽ റാണാ എന്ന് വായിച്ചതു ഞാൻ ഓർക്കുന്നു. വളരെ ശാന്തമായാണയാൾ എന്നോട് സംസാരിച്ചത്.
പേരെന്താണ്?
ആബിയ മഖ്ധൂമി.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാണ് കേസ്, അത് ഫൈൻ അടച്ചാൽ തീരാവുന്നതേ ഉള്ളൂ.
പിന്നെ എന്താണ് സർ ഞാൻ ചെയ്ത കുറ്റം?
''രാജ്യദ്രോഹ പ്രസംഗം.''
അയാളെ തന്നെ നോക്കിയിരുന്ന ഞാൻ അറിയാതെ കസേരയിൽനിന്ന് എഴുന്നേറ്റുപോയി.
''സെക്ഷൻ 124 A''
പൊലീസ് ഓഫീസർ ചിരിച്ചു. എനിക്കൊന്നും പെെട്ടന്ന് പറയാൻ സാധിച്ചില്ല. അവിടെ നിന്ന് ഒരു പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ ഞാൻ പറഞ്ഞു:
''എനിക്കൊന്നു ഫോൺ ചെയ്യണം.''
ആരും അത് കേട്ടതായി ഭാവിച്ചതേയില്ല.
''വ്യക്തിയുടെ പ്രവർത്തനങ്ങൾ ആസന്നമായ നിയമവിരുദ്ധ പ്രവൃത്തിക്കു കാരണമാകുമ്പോഴോ, വ്യക്തി ഹിംസയിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ആളുകളെ ഹിംസക്കു പ്രേരിപ്പിക്കും വിധം പ്രവർത്തിക്കുമ്പോഴോ ആണ് വ്യക്തിയുടെ പ്രവർത്തനങ്ങൾ കുറ്റകരമാവുക.'' എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു.
''എന്നെ നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?''
ഇതിനും ആരും ഒന്നും പ്രതികരിച്ചില്ല. എനിക്ക് ക്ഷോഭം അടക്കാനായില്ല.
''ഞാൻ ആരെയും കൊന്നിട്ടില്ല, എവിടെയും ബോംബ് വെച്ചിട്ടില്ല.''
എന്റെ മനോനില മാറ്റാനെന്നോണം, ആദ്യ ദിവസം സ്‌കൂളിൽ വന്ന കുട്ടിയോടെന്നപോലെ റാണ എന്നോട് പെരുമാറി.
''നിങ്ങളുടെ വാക്കുകൾ പാർലമെന്റിനു ബോംബ് വെക്കുന്നതിനു തുല്യമാണ്.''
ആ ദീർഘദൂര യാത്രയിൽ എപ്പോഴോ ഞാൻ മയങ്ങിപ്പോയിരുന്നു. ഉണർന്നത് ഒരു ഇടിവണ്ടിയിലാണ്. അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നീങ്ങുന്ന വണ്ടിക്കുള്ളിൽ ഞാൻ തനിച്ചായിരുന്നു. വിശക്കുമ്പോൾ കഴിക്കാൻ ഭക്ഷണം വെച്ചിട്ടുണ്ടായിരുന്നു. എനിക്ക് വിശപ്പുണ്ടായിരുന്നില്ല, മൂത്രമൊഴിക്കാതെ ഏറെ നേരം പിടിച്ചുനിന്നതിനാൽ എനിക്ക് നാഭി വേദനിക്കുന്നുണ്ടായിരുന്നു. അവസാനം സഹികെട്ടു, കുലുങ്ങുന്ന വണ്ടിക്കുള്ളിലെ ഒരു മൂലയിൽ പിടിച്ചിരുന്നു ഞാൻ കാര്യം സാധിച്ചു.
പ്രിയപ്പെട്ട വിദ്യാർഥി സഖാക്കളെ...
എന്നെ കേൾക്കാൻ എത്തിയ നിങ്ങളോരോരുത്തരോടുമുള്ള സ്നേഹം ഞാൻ ആദ്യമേ അറിയിക്കട്ടെ. കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാർഥികൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. ക്യാമ്പസ് ഹോസ്റ്റലുകളിൽപോലും അവർ സുരക്ഷിതരല്ല. കാരണം എന്താണ്? അവർ ശബ്‌ദിക്കുന്നു...അനീതിക്കെതിരെ, കരിനിയമങ്ങൾക്കെതിരെ, കാട്ടുകള്ളന്മാർക്കെതിരെ ശബ്‌ദിക്കുന്നു. ഈ ശബ്ദമില്ലാതാക്കാൻ ആർക്കും കഴിയുകയില്ല. വിദ്യാർഥികളുടേതു രാജ്യത്തിന്റെ ശബ്ദമാണ്.
ത്രിവർണ പതാക കത്തിച്ചത് അവരാണ്. ബ്രിട്ടീഷുകാരോടു മാപ്പിരന്നു വാങ്ങിയ സവർക്കറുടെ അനുയായികളാണിവർ. അവരാണ് ഹരിയാനയിലെ വിമാനത്താവളത്തിന്റെ പേരു മാറ്റുന്നത്. െറയിൽവേസ്റ്റേഷന്റെ പേരു മാറ്റുന്നത്. ഭഗത് സിങ്ങിന്റെ പേരിൽ ഒരു എയർപോർട്ട് ഉണ്ടായിരുന്നു. അതവർ മാറ്റി. ഒരു കാട്ടുകള്ളന്റെ പേരാണിപ്പോൾ ഇട്ടിരിക്കുന്നത്. അവരാണ് പേര് മാറ്റുന്നത്, ചരിത്രം മാറ്റുന്നത്, രാജ്യത്തെ നാശമാക്കി മാറ്റുന്നത്. എന്നിട്ടു പറയുന്നു നമ്മളാണ് രാജ്യദ്രോഹികളെന്ന്...നമുക്ക് അവരുടെ പക്കൽനിന്ന് രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പൗരത്വ സർട്ടിഫിക്കറ്റ് തരാൻ ഇവരാരാണ്. നമ്മൾ ഈ രാജ്യത്തിന്റെ സമ്പത്താണ്. ഈ രാജ്യത്തിന്റെ 80 ശതമാനം ജനങ്ങൾക്ക് വേണ്ടി പോരാടുന്നവരാണ്. നമ്മളെ സംബന്ധിച്ച് ഇതാണ് രാജ്യസ്നേഹം. ഈ പോരാട്ടമാണ് രാജ്യസ്നേഹം.
നാം ഗാന്ധിജിയിൽ വിശ്വസിക്കുന്നു. അഹിംസയിൽ വിശ്വസിക്കുന്നു. അംബേദ്കറിൽ വിശ്വസിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വസിക്കുന്നു. ഭരണഘടനയെ പൊളിക്കാൻ നടക്കുന്നവർ അവരാണ്. ഇതു നമ്മൾ വകവെച്ചുകൊടുക്കില്ല. അവരാണ് രാജ്യദ്രോഹികൾ. നമുക്ക് ഭരണഘടനയിൽ വിശ്വാസമുണ്ട്. പക്ഷേ കാൺപൂരിൽനിന്നും ഡൽഹിയിലെ ഹെഡ് ക്വാർട്ടേഴ്സിൽനിന്നും പഠിപ്പിക്കുന്ന ഭരണഘടനയിൽ നമുക്ക് വിശ്വാസമില്ല. കാരണം നാം മനുസ്മൃതിയിൽ വിശ്വസിക്കുന്നില്ല. ജാതിവ്യവസ്ഥയിൽ വിശ്വസിക്കുന്നില്ല. നമുക്ക് ഭരണഘടനയെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. നമ്മുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അവർ നമ്മൾക്കെതിരെ തിരിയുന്നു. കേസെടുക്കുന്നു. കൊല ചെയ്യുന്നു. അവരാണ് രാജ്യദ്രോഹികൾ. നമ്മളല്ല.
മുറിയിൽ ആയിരങ്ങളുടെ നിലയ്ക്കാത്ത കരഘോഷം മുഴങ്ങിയപ്പോൾ ആബിയ മഖ്ധൂമിയുടെ ശരീരം പൂർവസ്ഥിതി പ്രാപിച്ചു. അവളുടെ മനസ്സുണർന്നു. കുപ്പ് വാരയിലെ പെൺകുട്ടിയുടെ ധീരത അവളെ പൊതിഞ്ഞു. വിശക്കുന്നുണ്ട്. അവൾ പാത്രത്തിന്റെ മൂടിതുറന്നു. ചപ്പാത്തിയും കറിയും കഴിക്കാൻ തുടങ്ങി.
''ഇടിവണ്ടിയിൽനിന്നും താൻ എങ്ങനെയാണ് ഇവിടെ എത്തിയത്?''
ക്ഷേത്രമണി ഘോഷയാത്ര നഗരപരിധി വിട്ടപ്പോഴേക്കും ഇരുട്ടു വീണുതുടങ്ങിയിരുന്നു. ആളുകൾ പിരിഞ്ഞുപോയി തുടങ്ങുമ്പോൾ ഇടിവണ്ടിയിൽ തളർന്നുറങ്ങുകയായിരുന്ന ആബിയയെ രണ്ടുപേർ ചേർന്ന് ആംബുലൻസിലേക്കു മാറ്റി. ഇരുട്ടിൽ, ഫ്ലാറ്റിന്റെ താഴെ സന്നദ്ധ സേവാ സംഘത്തിന്റെ ആംബുലൻസ് വന്നുനിന്നപ്പോൾ വിമൽ വൻസാെര ഫോൺ എടുത്തു ശിവറാമിനെ വിളിച്ചു. അയാൾ അപ്പോഴേക്കും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ആംബുലൻസിൽ നിന്നും ഒരു വലിയ പെട്ടിയാണിറക്കിയത്. സർവീസ് ലിഫ്റ്റ് വഴി പെട്ടി മുകൾനിലയിൽ എത്തിച്ചു. കൂടെ വന്നവർ സർവീസ് ലിഫ്റ്റ് വഴി തന്നെ തിരിച്ചുപോയി. വിമലും ശിവറാമും ശ്രദ്ധാപൂർവം പെട്ടി ഹാളിലേക്കു നിരക്കിവെച്ചു. വിമൽ ആണ് പെട്ടിതുറന്നത്. ആബിയ മഖ്ധൂമി മയങ്ങികിടപ്പുണ്ടായിരുന്നു.
''മാലാഖയുടെ മുഖമാണിവൾക്ക്'', ശിവറാം ഗോദ്ര പറഞ്ഞു.''എന്നിട്ടും ചെകുത്താന്റെ പണിചെയ്യുന്നു.''
അവർ രണ്ടുപേരും അവളെ താങ്ങിയെടുത്തു കട്ടിലിൽ കിടത്തി.
''സർവറിൽനിന്ന് ഇന്നലെ രാത്രിയിലെ എല്ലാ ഫുട്ടേജസും ഞാൻ കളഞ്ഞിട്ടുണ്ട്.'' ശിവറാം ഗോദ്ര ലാപ് ടോപ് അടച്ചുവെച്ചുകൊണ്ട് വിമലിനോട് പറഞ്ഞു.
''അധികംനാൾ ഇവളെ ഇവിടെ പാർപ്പിക്കാൻ കഴിയില്ല, ജോലിക്കാരി വരുമ്പോൾ ഇനി എന്ത് ചെയ്യും?''
''ആ വക കാര്യങ്ങൾ ഓർത്തു നീ വിഷമിക്കേണ്ട. അതെല്ലാം ഞാൻ ഡീൽ ചെയ്തോളാം'', ശിവറാം ഗോദ്ര പറഞ്ഞു.
മുറിയിൽ ആബിയ മഖ്ധൂമി ശാന്തയായിരുന്നു. ബാക്കിയായ ഒരു ചപ്പാത്തി കഷണം വായയിലിട്ടു ചവച്ചുകൊണ്ടു അവൾ മുറിയിലെ സി.സി.ടി.വി ക്യാമറയെ നോക്കി. വായയിൽ ഉള്ളതെടുത്തു ക്യാമറയുടെ ലെൻസിൽ പൊത്തി. നന്നായി ശ്വാസമെടുത്തശേഷം കുപ്പ് വാരയിലെ അതിശൈത്യം അതിജീവിച്ച കരുത്തോടെ വാതിലിൽ ശക്തമായി തൊഴിക്കാൻ തുടങ്ങി. നിമിഷങ്ങൾ കടന്നുപോയിട്ടും ആരും അവളുടെ പ്രതിഷേധം വകവെച്ചില്ല. ഒരിക്കൽ കൂടി വാതിലിനു ആഞ്ഞുചവിട്ടി.
''എന്നെ തുറന്നു വിടുന്നതാണ് നിങ്ങൾക്ക് നല്ലത്. ഈ അന്യായത്തിനു മാപ്പില്ല.''
ശിവറാം ഗോദ്ര വാതിലിനു അടുത്ത് വന്നു നിന്നു. യാതൊരു പ്രകോപനവും കാണിക്കാതെ പറഞ്ഞു.
''അടങ്ങികിടക്കുന്നതാണ് നിനക്ക് നല്ലത്, നിന്റെ മോചനം നീ തന്നെ ഇല്ലാതാക്കരുത്.''
''സ്ത്രീകളോട് പെരുമാറാൻ പഠിക്കൂ'', ആബിയ ഒരിക്കൽകൂടി അലറി. മുറിയിലെ വെളിച്ചംപോലും അവൾക്കു സഹികെട്ടുതുടങ്ങി. വെള്ളത്തിന്റെ കുപ്പിയെടുത്തു അവൾ ട്യൂബ് ലൈറ്റ് എറിഞ്ഞുടച്ചു. എന്നിട്ടു സെല്ലിലെ അരണ്ട വെളിച്ചത്തിൽ ഇരിക്കുന്ന പ്രതിയെപോലെ മുറിയിലെ നിലത്തു കൂനിക്കൂടിയിരുന്നു.
ചൊല്ലുപ്രാർഥനകൾക്കു ശേഷം ശാന്തമാകുന്ന മനസ്സിലേക്ക് വീടിന്റെ ഓർമകൾ വന്നുകൂടും. ഇനി എന്തുചെയ്യും. എല്ലാ പ്രതിരോധങ്ങളും അവസാനിക്കുകയാണോ? മഗ് രിബിന് ശേഷം അതുതന്നെ സംഭവിച്ചു. കുപ്പ്‌വാരയിലെ വീട് അവളെ വേട്ടയാടി. വർഷങ്ങളുടെ ഇടവേളയിലൊരിക്കൽ ഉമ്മി കിടക്കയുടെ തുന്നു പൊട്ടിക്കാറുണ്ട്. അതിൽ മുമ്പ് അണിഞ്ഞു സന്തോഷിച്ച കുപ്പായങ്ങൾ ആണുണ്ടാവുക. ഭായിജാന്റെയും തന്റെയും ഉമ്മിയുടെയും അബ്ബാജാനിന്റെയും പഴയ കുപ്പായങ്ങൾ. സ്നേഹത്തോടെ അണിഞ്ഞ കുപ്പായങ്ങൾ ഉപേക്ഷിക്കുന്നത്, മനുഷ്യന്റെ ഹൃദയം ഉപേക്ഷിക്കുന്നതിനു തുല്യമാണെന്നാണ് ഉമ്മി പറയാറ്. അതിനാൽ അവയെല്ലാം കിടക്കയുടെ വയറു നിറയ്ക്കാൻ എടുക്കും. രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ അതെല്ലാം എടുത്തലക്കും.
കിടക്കയുടെ തുന്നഴിക്കുമ്പോൾ ഞാൻ കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട്. നിധിപോലെ ചിലതു കണ്ടുകിട്ടും. നമ്മൾ വളർന്നിട്ടും നമുക്കൊപ്പം വളരാതെ ബാല്യം സൂക്ഷിക്കുന്ന ഉടുപ്പുകൾ. ഉമ്മി അതെല്ലാം അലക്കിവിരിച്ചിടും. ആ പഴയ ഉടയാടകൾക്കെല്ലാം അനേകം കഥകൾ പറയാനുണ്ട്. അതിൽ അബ്ബാജന്റെ ചോരപടർന്ന ഒരു ഷാളും ഞാൻ കണ്ടെത്തിയിരുന്നു. തോട്ടത്തിൽ പണിയെടുക്കുമ്പോൾ കൈമുറിഞ്ഞതിന്റെ ഓർമയാണ് ആ ഷാളിന് പറയാനുള്ളത്.
അബ്ബയുടെ ചോരയൊലിക്കുന്ന വിരലുകൾ ഞാൻ ഷാളുകൊണ്ടു കൂട്ടിപ്പിടിച്ചത്...മനുഷ്യർ ഉപേക്ഷിക്കുന്ന വസ്തുക്കളെല്ലാം അവരുടെ അനുഭവങ്ങളെ കൂടി സൂക്ഷിക്കുന്നു. അത് ലോകമറിയാത്ത സ്മാരകങ്ങളാണ്.
ഉമ്മി തുന്നഴിച്ചുവിട്ട കിടക്കയിലെ കുപ്പായങ്ങൾ ആരാണിപ്പോൾ തന്റെ മുറിയിൽ ഇൗറൻ മാറാനായി ചിക്കിയിട്ടിരിക്കുന്നത്? ഇരുട്ടിൽ ആബിയ മഖ്ധൂമി ചുമരിനോട് കൂടുതൽ ചേർന്നിരുന്നു. കാലിൽ കൈപിണച്ചുകൊണ്ടു താടി കാൽമുട്ടിൽ കുത്തി. അടുപ്പിന്റെ മുന്നിൽ ഉമ്മിയിരിക്കുന്നതവൾക്കു കാണാൻ പറ്റി. കുപ്പ്‌വാരയിലെ വീടിപ്പോൾ ശൂന്യമായിരിക്കും. അവിടത്തെ ഏകാന്തതയിൽ ഉമ്മി തുന്നിക്കൂട്ടിയ കിടക്ക കുത്തനെ ചുരുട്ടികെട്ടി വെച്ചിട്ടുണ്ടാകും. അതിൽ ഞങ്ങളുടെ എല്ലാവരുടെയും കുപ്പായം സ്നേഹത്തോടെ തൊട്ടു കിടക്കുന്നുണ്ടാവും!
വെടി തുളവീഴാത്ത ഏതെങ്കിലും വീടുകൾ ഉണ്ടോ എന്റെ നാട്ടിൽ!
ഇരുട്ടുമുറിയിൽ ആബിയ ചെറിയ പ്രകാശം കണ്ടു.
ഇനി യാതൊന്നിനോടും സന്ധിചെയ്യേണ്ടതില്ലെന്നു അവൾക്കു തോന്നി. അപ്പോൾ വാതിലിൽ ശക്തമായ മുട്ടുകേട്ടു. ആബിയ മഖ്ധൂമി അത് ഗൗനിച്ചതേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.