അതൃപ്തരായ ആത്മാക്കൾ -ജോണി മിറാൻഡ എഴുതുന്ന പുതിയ നോവൽ തുടങ്ങുന്നു

ജനുവരി മാസത്തിലെ ആലസ്യം കലർന്ന ഒരവധിദിവസത്തിലെ ഉച്ചനേരത്ത് ഞാൻ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. വെളുപ്പാൻകാലത്തും രാത്രിയിലുമുള്ള മഞ്ഞിന്റെ തണുപ്പ് ആ ഉച്ചനേരത്തും വീടിനകത്ത് നേർമയോടെ പതുങ്ങിനിന്നിരുന്നു. വീടിനു പുറത്ത് കടുത്ത വെയിലും ചൂടുമായിരുന്നു. അപ്പോളായിരുന്നു ​ഡെൽഫിയുടെ ഫോൺവിളി ആദ്യമായെനിക്കു വന്നത്. ഒടുവിൽ ഞാനെഴുതിയ എന്റെ നോവൽ വായനശാലയിൽനിന്നെടുത്തു വായിച്ചിട്ട് പ്രസാധകനെ വിളിച്ച് ഫോൺനമ്പർ വാങ്ങി എന്നെ വിളിക്കുകയായിരുന്നു. നോവൽ ഇഷ്ടമായി, രസിച്ചു വായിച്ചു എന്നുപറഞ്ഞു, നിഷ്‍കളങ്കത തോന്നിക്കുന്ന ശബ്ദവും സത്യസന്ധമായ സംസാരരീതിയുമായിരുന്നു ഡെൽഫിയുടേത്....

ജനുവരി മാസത്തിലെ ആലസ്യം കലർന്ന ഒരവധിദിവസത്തിലെ ഉച്ചനേരത്ത് ഞാൻ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. വെളുപ്പാൻകാലത്തും രാത്രിയിലുമുള്ള മഞ്ഞിന്റെ തണുപ്പ് ആ ഉച്ചനേരത്തും വീടിനകത്ത് നേർമയോടെ പതുങ്ങിനിന്നിരുന്നു. വീടിനു പുറത്ത് കടുത്ത വെയിലും ചൂടുമായിരുന്നു. അപ്പോളായിരുന്നു ​ഡെൽഫിയുടെ ഫോൺവിളി ആദ്യമായെനിക്കു വന്നത്. ഒടുവിൽ ഞാനെഴുതിയ എന്റെ നോവൽ വായനശാലയിൽനിന്നെടുത്തു വായിച്ചിട്ട് പ്രസാധകനെ വിളിച്ച് ഫോൺനമ്പർ വാങ്ങി എന്നെ വിളിക്കുകയായിരുന്നു. നോവൽ ഇഷ്ടമായി, രസിച്ചു വായിച്ചു എന്നുപറഞ്ഞു, നിഷ്‍കളങ്കത തോന്നിക്കുന്ന ശബ്ദവും സത്യസന്ധമായ സംസാരരീതിയുമായിരുന്നു ഡെൽഫിയുടേത്. അഭിനന്ദിക്കാൻ വിളിക്കുന്നവരോട് ഞാൻ താൽപര്യത്തോടെ വർത്തമാനം പറയുകയും മടുപ്പില്ലാതെ മറുപടി പറയുകയും ​ചെയ്യാറുണ്ട്. ഇതൊരു സ്ത്രീ കൂടിയായപ്പോൾ സ്വാഭാവികമായും സംഭാഷണത്തിൽ എനിക്കു താൽപര്യമുണ്ടായി.

പല വായനക്കാരും വിളിച്ചു സംസാരിക്കുന്ന കൂട്ടത്തിൽ, അടുത്ത നോവലിൽ തങ്ങളെക്കൂടി കഥാപാത്രങ്ങളാക്കണമെന്ന് പാതി തമാശയും പാതി കാര്യവുമായും പറയാറുണ്ട്. ഡെൽഫിയും അങ്ങനെ പറഞ്ഞു. അവർക്ക് അവരുടേതും അല്ലാതെയും ഒരുപാട് കഥകൾ പറയാനുണ്ട്, വേണമെങ്കിൽ ഫോണിലൂടെ എനിക്കവ പറഞ്ഞുതരാമത്രെ. അടുത്ത നോവലിൽ അവയെല്ലാം ചേർക്കുകയും ചെയ്യാം. ഞാൻ വേണ്ടെന്നു പറഞ്ഞില്ല. പിന്നീടുള്ള പല ദിവസങ്ങളിലായി പല സമയങ്ങളിൽ ഡെൽഫി അവരുടെ കഥ എന്നോടു ഫോണിൽ പറഞ്ഞുതുടങ്ങി.

ഞാനും ഡെൽഫിയും ഒരേ വർഷം ജനിച്ചവരായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയെട്ടിൽ. എന്നേക്കാൾ ഒരു മാസം ഇളയതായിരുന്നു ഡെൽഫി.

മുളവുകാട് ദ്വീപിന്റെ തൊട്ടു വടക്കുവശത്തു കിടക്കുന്ന മൂലമ്പിള്ളി എന്ന ഗ്രാമത്തിലാണ് അവരുടെ താമസം. ഒരു ബൈക്കപകടത്തിൽ തലച്ചോറിനു പരിക്കുപറ്റി സ്ഥിരബുദ്ധിയും ഓർമയും നഷ്ടപ്പെട്ട് വീട്ടിൽതന്നെ കഴിയുന്ന ഭർത്താവ് ജെർസനും ഇരുപതു വയസ്സായ മകൻ ബിനോയിക്കുമൊപ്പം, ഓടുമേഞ്ഞ ഒരു കൊച്ചുവീട്ടിൽ.


എന്നോട് ഡെൽഫി അവരുടെ ജീവിതം പറയുന്നതിനു മുമ്പേ മറ്റു പലരോടും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത്ര വിശദമായിട്ടില്ല. കുറെ കേട്ടുകഴിയുമ്പോൾ മടുത്തിട്ടാണെന്നു തോന്നുന്നു ചിലർ പിന്നെ ഫോണെടുക്കാതെയാകും. മറ്റൊരു പ്രധാന കാര്യം ഒരു കുമ്പസാരംപോലെ ഡെൽഫി എന്നോടു പറഞ്ഞു. യാദൃച്ഛികമോ എന്തോ ഡെൽഫിയുടെ കഥ മുഴുവനായി കേട്ട ചിലരൊക്കെ അപകടത്തിലോ രോഗംവന്നോ ഒക്കെ അകാലത്തിൽ മരിച്ചുപോകുന്നത് അവരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട​േത്ര. അതുകൊണ്ട് അവരുടെ കഥ എന്നോട് മുഴുവനായി പറയാൻ തീരുമാനിച്ചിട്ടില്ല​േത്ര. എന്തിനാണ് ഒരാളുടെ ജീവിതംകൂടി വെറുതെ പാഴാക്കിക്കളയുന്നത്. എന്നിട്ടവർ ക്ലിന്റ് എന്ന ആറാം വയസ്സിലേ മരിച്ചുപോയ കുട്ടി ചിത്രകാരൻ തെയ്യത്തിന്റെ പടം പൂർണമായി വരച്ച കഥ എന്നെ ഓർമപ്പെടുത്തി. ആയിരത്തൊന്നു രാവുകളുടെ കഥയും ഇതുപോലെയ​ല്ലേ എന്നു ഞാനോർത്തു.

എനിക്കതിലൊന്നും ഒരു വിശ്വാസവുമില്ല ഡെൽഫീ, അതൊക്കെ കഥകളിലേ നടക്കൂ. ജീവിതത്തിൽ അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് വിശ്വാസമില്ല. അതുകൊണ്ട് ഡെൽഫി ധൈര്യമായി കഥ മുഴുവൻ പറഞ്ഞോ.

അതുകേട്ട ഡെൽഫി ചിരിച്ചുകൊണ്ടു പറഞ്ഞു. കുറച്ച് അനുഭവങ്ങൾ ആദ്യം പറയാം. അതുകേട്ടിട്ട് വേണമെങ്കിൽ നമുക്കു തീരുമാനിക്കാം കഥ മുഴുവനാക്കണോ വേണ്ടേ എന്ന്. ഒരു കഥ പറയുകയോ കേൾക്കുകയോ ചെയ്യണമെന്ന് പറയുന്നവനും കേൾക്കുന്നവനും മാത്രമല്ലല്ലോ തീരുമാനിക്കുന്നത്.

പല പ്രലോഭനങ്ങ​ളെയും അതിജീവിച്ച് സ്വന്തം കഥ കഴിയുന്നത്ര കാലക്രമം പാലിച്ച് പൊടിപ്പും തൊങ്ങലും വെച്ചുകൊണ്ട് പറയാനുള്ള ശ്രമം ഡെൽഫി തുടക്കം മുതലേ നടത്തിയിരുന്നു.

ഡെൽഫിയുടെയും ഭർത്താവ് ജെർസന്റെയും കഥക്കൊപ്പം അവരുടെ പൂർവികരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും കഥകൾ അവർ മേമ്പൊടിയായി പറയാറുണ്ട്.

ജെർസന്റെ അപ്പൂപ്പന്റെ പേര് കൊച്ചാപ്പൂ എന്നായിരുന്നു. ഒരു വേനൽക്കാലത്ത് ദ്വീപുകളിൽ വസൂരിദീനം പടർന്നുപിടിച്ചപ്പോൾ കൊച്ചാപ്പൂ ഭാര്യ വെളമക്കുട്ടിയുമൊത്ത് മുളവുകാട് വടക്കേയറ്റത്തുള്ള ഒരു സമ്പന്ന കുടുംബത്തിലെ വസൂരിദീനം വന്ന വല്യപ്പനെയും വല്യമ്മയെയും ശുശ്രൂഷിക്കാൻ പോയി. അപ്പനെയും അമ്മയെയും ശുശ്രൂഷിക്കാൻ മക്കൾക്ക് ഭയങ്കര പേടി. അതുകൊണ്ടാണ് കൊച്ചാപ്പൂനേയും വെളമക്കുട്ടിയെയും വിളിച്ചുവരുത്തിയത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ കൊച്ചാപ്പൂനും വെളമക്കുട്ടിക്കും മടുത്തതുകൊണ്ടോ മരിച്ചെന്നു തെറ്റിദ്ധരിച്ചോ രണ്ട് രോഗികളെയും പായയിൽ പൊതിഞ്ഞ് അവരുടെ മുറ്റത്ത് കുഴിമാന്തി കുഴിച്ചിട്ടു. കുഴി മൂടുമ്പോഴാണ് അവർക്കു മനസ്സിലായത് രണ്ടുപേർക്കും ജീവനുണ്ടെന്ന്. അവരുടെ മുറിയിലുണ്ടായിരുന്ന ഒരു പെട്ടിയുമായി രാത്രിക്കു രാത്രി കൊച്ചാപ്പൂ വെളമക്കുട്ടിയുമായി മൂലമ്പിള്ളിക്കു പോന്നു. ആ പെട്ടിയിൽ നിറയെ പണവും സ്വർണവുമായിരുന്ന​േത്ര! ആയിടക്കവർ മുറ്റത്തൊരു കൈതപ്പായ വിരിച്ചിട്ട് നോട്ടുകൾ അതിലിട്ട് ഉണക്കുന്നതു കണ്ടവരുണ്ട്.

ആ സ്വർണവും പണവുംകൊണ്ട് കൊച്ചാപ്പൂവും കുടുംബവും സുഭിക്ഷമായി ജീവിച്ചിരുന്ന കാലത്ത് അവർ ജീവനൊടെ കുഴിച്ചിട്ടവരെന്നു കരുതുന്ന ഒരു സ്ത്രീയും പുരുഷനും രാത്രികാലങ്ങളിൽ വീട്ടുമുറ്റത്ത് ഇരുട്ടിൽ വന്നുനിന്ന് എല്ലാവരെയും ഭയപ്പെടുത്തുമായിരുന്നു.

കൊച്ചാപ്പൂന് മൂന്നു പെണ്ണും ഒരാണുമായിരുന്നു മക്കൾ. ജെമ്മ, റെജീന, ട്രീസ, ആഞ്ചി. ജെമ്മയെ ചേരാനല്ലൂരും റെജീനയെ വടുതലയിലും നല്ലനിലയിൽ കെട്ടിച്ചയച്ചു. ട്രീസയെ കെട്ടിക്കാൻ കൊച്ചാപ്പൂന് കഴിഞ്ഞില്ല. പൊന്നിനും പണത്തി​നും കുറവില്ലാഞ്ഞിട്ടുകൂടി.

കൊച്ചാപ്പൂ ഒര​ുപാട് ചെക്കന്മാരെ ട്രീസക്കു വേണ്ടി നോക്കിയതാണ്. എല്ലാവരും ഓരോ തടസ്സം പറഞ്ഞ് ഒഴിഞ്ഞുപോയി. ഒടുക്കം ട്രീസക്കു കല്യാണപ്രായം കഴിഞ്ഞപ്പോൾ കൊച്ചാപ്പൂ ആ പരിശ്രമം നിർത്തിക്കളഞ്ഞു. അതിനുശേഷം ട്രീസ തന്റെ മനോനിലയാകെ തെറ്റിയതുപോലെയൊക്കെ കാണിക്കാൻ തുടങ്ങി. അവളിൽ ഏതോ പെണ്ണിന്റെ പ്രേതം ബാധയായി കയറിയിട്ടുണ്ടെന്ന് ആളുകൾ പറഞ്ഞുപരത്തി. ട്രീസയെ കാണുമ്പോൾ മൂലമ്പിള്ളിയിലെ ആണുങ്ങൾ പേടിച്ച് ഓടിമാറാൻ തുടങ്ങി. ആണുങ്ങളെ റോഡിൽ കണ്ടാൽ ഞാൻ തന്നെ കല്യാണം കഴിച്ചോളാമെന്നു പറഞ്ഞുകൊണ്ട് ട്രീസ ഓടിച്ചെന്ന് അവരെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ഉമ്മവെക്കുമായിരുന്നു. ഒടുക്കം ആരോടും പറയാതെ ആരോരുമറിയാതെ ട്രീസ മൂലമ്പിള്ളിയിൽനിന്ന് പുറപ്പെട്ടുപോകുകയായിരുന്നു. തമിഴ്നാട്ടിൽ ഏതോ തമിഴനുമൊത്ത് കല്യാണം കഴിച്ച് ട്രീസ സുഖമായി ജീവിക്കുന്നുണ്ടെന്നു പറഞ്ഞുകേൾക്കുന്നു. സത്യമാണോ എന്ന് ആർക്കും കൃത്യമായി അറിയില്ല. കാലക്രമേണ കൊച്ചാപ്പൂന്റെ കൈയിൽ ബാക്കിയുണ്ടായിരുന്ന സ്വർണവും പണവുമൊക്കെ തീർന്നു.

കൊച്ചാപ്പൂ ആഞ്ചിയെ പുന്നാരിച്ചാണു വളർത്തിയത്, ഇളയതല്ലേ, ഒ​രേയൊരു ആൺതരിയല്ലേ എന്നോർത്ത്. ആഞ്ചി നേരാംവണ്ണം സ്കൂളിൽ പോയി പഠിച്ചില്ല. ബുദ്ധിയും കുറവായിരുന്നു. ആഞ്ചി ​ജൊസ്ഫീനയെ കല്യാണം കഴിച്ച് മക്കൾ അഞ്ച് ജനിച്ചപ്പോൾ ജീവിക്കണമെങ്കിൽ നന്നായി അധ്വാനിച്ചേ പറ്റൂ എന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് ആഞ്ചി പുഴയിൽ ചരൽ വാരാൻ പോയി തുടങ്ങിയത്. വള്ളവും മറ്റും വാങ്ങിക്കൊടുത്തത് കൊച്ചാപ്പൂ തന്നെയാണ്.

പണിക്കു പോകാൻ തുടങ്ങിയ കാലത്താണ് പ്രേതങ്ങളുടെ ശല്യം ആഞ്ചിക്ക് ഒരു പ്രശ്നമായിത്തീർന്നത്. വെള്ളത്തിലിറങ്ങാൻ പ്രേതങ്ങൾ ചൊട്ടയ്ക്കു സമ്മതിക്കുന്നില്ല. പുഴയുടെ അടിത്തട്ടോളം വന്ന് പ്രേതങ്ങളയാളെ ഭയപ്പെടുത്തുന്നു. വെള്ളത്തിൽ മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചുതന്നെ പ്രേതങ്ങൾ കൊന്നുകളയുമെന്നു പേടിച്ച് ആഞ്ചി ചിലപ്പോളെല്ലാം പണിക്കു പോകാതിരുന്നിട്ടുപോലുമുണ്ട്.

കുരിശുമാലയിട്ടും വിശുദ്ധവചനങ്ങൾ ഉറക്കെ പറഞ്ഞും കൊന്ത ചൊല്ലിയുമൊക്കെയാണ് ആഞ്ചി പലപ്പോഴും പ്രേതങ്ങളെ അകറ്റിനിർത്തിക്കൊണ്ടിരുന്നത്. ​കൊച്ചാപ്പൂ പറഞ്ഞുകൊടുത്ത ഉപായങ്ങളായിരുന്നവ. ദേഹത്തു പലയിടത്തും ക്രൂശിതരൂപം പച്ചകുത്തിയശേഷം പ്രേതങ്ങളുടെ ശല്യത്തിന് നല്ല കുറവുണ്ടായെന്ന് ആഞ്ചിക്കു തോന്നിയിട്ടുണ്ട്. പള്ളിയിൽ പോയി വിശുദ്ധ കുർബാന കൂടി തിരുവോസ്തി സ്വീകരിക്കാത്ത ഒരു ദിവസംപോലും ജീവിതത്തിൽ ഉണ്ടാകരുതെന്ന് ആഞ്ചിയോട് കൊച്ചാപ്പൂ പറഞ്ഞുകൊടുത്തിട്ടുണ്ട്. ആഞ്ചി അതു ​പാലിച്ചും പോരുന്നു. ഒരുപാടു പള്ളികളിൽനിന്ന് വെഞ്ചരിച്ചു കൊണ്ടുവന്ന ചരടുകൾ, ഏലസ്സുകൾ, കൊന്ത, വെന്തീഞ്ഞ എന്നിവ ദേഹത്തണിയുന്നതും ആഞ്ചിക്കും കുടുംബത്തിനും രക്ഷയായി. ഏ​തായാലും പ്രേതങ്ങളുമൊത്തുള്ള ജീവിതം ആ കുടുംബത്തിനുതന്നെ ശീലമായി.

വീട്ടിൽ വെറുതെയിരിക്കുന്ന ചില സമയങ്ങളിൽ പിറകിൽ വന്നുനിന്ന് പ്രേതങ്ങൾ വീട്ടിലെ പലരുടെയും തലയിൽ ചൊറിഞ്ഞുകൊണ്ട് പല്ലിളിച്ചിരിക്കുന്നത് ഒരുപാടുപേർ കണ്ടിട്ടുണ്ട്.

കൊച്ചാപ്പൂനും വെളമക്കുട്ടിക്കും ദുർമരണമായിരുന്നു വിധി. തന്നെയും അപ്പനെയും അമ്മയെയും ബുദ്ധിമുട്ടിച്ചതുപോലെ തന്റെ മക്കളെ ​പ്രേതങ്ങൾ ഉപദ്രവിക്കരുതെന്ന് ആഞ്ചി ആശിക്കുകയും പ്രാർഥിക്കുകയും ചെയ്തെങ്കിലും എല്ലാവരെയും അവർ പലരീതികളിൽ വേട്ടയാടുകതന്നെ ചെയ്തു.

ആഞ്ചിയുടെ വീടിനു മുന്നിൽ ഒരു അരണമരമുണ്ടായിരുന്നു. അതിന്മേലായിരുന്നു കുറെക്കാലം പ്രേതങ്ങളുടെ വാസം. ആ മരത്തിനടുത്തുകൂടെ ഒരാൾക്കും നടന്നുപോകാൻ പറ്റില്ലായിരുന്നു. അതിന്മേലിരുന്ന് എവിടെനിന്നോ വാരിക്കൊണ്ടുവന്ന വെളുത്ത മണലും കല്ലുകളും പ്രേതങ്ങൾ വീടിനു മേൽക്ക് വാരി എറിഞ്ഞുകൊണ്ടിരിക്കും. ഇടക്ക് വലിയ ശബ്ദത്തോടെ അരണമരം പിടിച്ചുകുലുക്കും. അതിലേ അത്യാവശ്യത്തിനു നടന്നുപോകേണ്ടവർ കണ്ണടച്ചുപിടിച്ച് ഒരൊറ്റ ഓട്ടമാണ്.


ജൊസ്ഫീന എന്നായിരുന്നു ആഞ്ചിയുടെ ഭാര്യയുടെ പേര്. വരാപ്പുഴക്കാരി. മക്കൾക്ക് ചോറു വിളമ്പി കഴിയുമ്പോൾ ചില​പ്പോഴെല്ലാം പാത്രത്തിൽ പച്ചമണ്ണ് എവിടെനിന്നെന്നറിയാതെ വന്നുവീഴാറുണ്ടെന്ന് ജൊസ്ഫീന ഡെൽഫിയോടു പറയാറുണ്ട്. കിടക്കാനോ പ്രാർഥന ചൊല്ലാനോ പായ വിരിച്ചാലും അതിലും മണ്ണുവന്നുവീഴും.

ഡെൽഫി ആ വീട്ടിൽ മരുമകളായി വന്നു താമസിച്ചിരുന്ന കാലത്ത് ജൊസ്ഫീനയുടെ പ്രധാന വിനോദംതന്നെ പഴയകാലത്തെ പ്രേതകഥകൾ വിശദമായി പിന്നെയും പിന്നെയും പറഞ്ഞ് മരുമക്കളെ പേടിപ്പിക്കുക എന്നതായിരുന്നു. ജെർസന്റെ പെങ്ങൾ ട്രീസയെയും പ്രേതം വന്നു വിളിക്കുമായിരുന്നു. മൂന്നു വയസ്സു കഴിഞ്ഞും ട്രീസ അമ്മയുടെ മുലകുടിക്കുമായിരുന്നു. ശല്യംമൂത്ത് ജൊസ്ഫീന അവളെ ഓടിക്കും. അപ്പോളവൾ മുലപ്പാലിനുവേണ്ടി അടുത്ത വീട്ടിലെ സ്ത്രീയുടെ അടുത്തേക്കു പോകും. അവിടെ ഒരു പെറ്റ പെണ്ണുണ്ടായിരുന്നു. അവരുടെ മുലപ്പാല് ചോദിച്ചുവാങ്ങി വലിച്ചുകുടിക്കും. അതിനടുത്ത പ്രസവത്തിൽ അയൽവാസിയായ ആ സ്ത്രീ മരിച്ചു. അവരുടെ മൃതദേഹം ആശുപത്രിയിൽനിന്ന് കൊണ്ടുവന്നു പെട്ടിയിലാക്കി കിടത്തിയ നേരത്ത് മരിച്ച അവരുടെ കണ്ണിൽനിന്നുപോലും വിരകൾ നുരച്ചു വന്നുകൊണ്ടിരുന്നു. ആ സ്ത്രീയുടെ വയറ്റിൽ നിറയെ വിരകളായിരുന്നത്രേ! ഹിന്ദുക്കളായതിനാൽ ശവം തെക്കേ മുറ്റത്ത് ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു. ചാരം വാരുന്ന ചടങ്ങു നടന്ന ദിവസം ജൊസ്ഫീ ന അവരെ സ്വപ്നം കണ്ടു. സ്വപ്നത്തിലവർ പറഞ്ഞു, അവർ മരിച്ചിട്ടില്ലെന്നും വേണമെങ്കിൽ വീട്ടുമുറ്റത്തു വന്നു​ നോക്കിക്കോളൂവെന്നും. വീട്ടിലന്ന് കറന്റ് കണക്ഷൻ എടുത്തിട്ടില്ല. ജൊസ്ഫീന കിടക്കപ്പായയിൽനിന്ന് എഴുന്നേറ്റ് ഒരു പാട്ടവിളക്കു കത്തിച്ചുപിടിച്ച് അവിടേക്കു ചെന്നു. പാതിരാത്രിക്ക് അവരുടെ ചിതയ്ക്കരികിൽ അർധബോധാവസ്ഥയിൽ ചെന്ന നേരത്തേ് ജൊസ്ഫീ​േന ട്രീസയെവിടെ, ട്രീസയെവിടെ എന്നുള്ള ആ സ്ത്രീയുടെ ചോദ്യം എവിടെനിന്നോ കേട്ടപ്പോളാണ് ജൊസ്ഫീനക്ക് ബോധം വീണത്. പിന്നെ പല ദിവസങ്ങളിലും ട്രീസേ, ട്രീസേ എന്ന വിളി പലരും കേട്ടിട്ടുണ്ട്.

ആഞ്ചിയുടെ മൂന്നു പെങ്ങന്മാരുടെ തലയിലും നിറയെ പേനായിരുന്നു. സ്കൂളിൽനിന്ന് വന്നുകഴിഞ്ഞ് പണിയും കുളിയുമൊക്കെ കഴിയുമ്പോൾ നേരം രാത്രിയാകും. പാട്ടവിളക്കും കത്തിച്ചുവെച്ച് നിലാവിൽ ജനലും തുറന്നിട്ട് വെളമക്കുട്ടി മക്കളുടെ പേൻ നോക്കിക്കൊടുക്കുമായിരുന്നു. ആ വെളിച്ചത്തിൽ അവർക്കന്ന് കണ്ണുകാണുമായിരുന്നോ എന്ന് ഡെൽഫി എന്നോട് അത് പറയുമ്പോൾ തമാശയായി ചോദിച്ചു.

ആ നേരത്ത് പുറത്തുനിന്ന് ആരോ വെളമക്കുട്ടീ വെളമക്കുട്ടീ എന്ന് വിളിച്ചുകൊണ്ടിരുന്നു. വസൂരിദീനം വന്ന് മരിച്ചുപോയ ആ തള്ളയുടെ ശബ്ദമാണതെന്ന് വെളമക്കുട്ടി പറയും. തൊട്ടപ്പുറത്ത് ഗോപാലക്കണക്കനും കുടുംബവുമാണ് താമസിക്കുന്നത്. അയാൾ വെറ്റില മുറുക്കി ചുവപ്പിച്ച് ചിരട്ടയിൽ തുപ്പിവെക്കുന്നത് രാത്രിയിലാണ് തെങ്ങിൻകടക്കൽ കൊണ്ടുവന്ന് കൊട്ടിക്കളയുന്നത്. ആ സമയത്ത് കണക്കനും കേൾക്കാറുണ്ട് പ്രേതങ്ങളുടെ വിളികൾ. പക്ഷേ, വെളമക്കുട്ടി ചെവികൊടുക്കാനേ നിൽക്കാറില്ലായിരുന്നു. ജനലുകളടച്ചുകളഞ്ഞിട്ട് പിന്നെയും പേൻ നോക്കാനിരിക്കും. ഒടുക്കം ദേഷ്യം കയറി എന്തൊക്കെയോ വിളിച്ചുപറഞ്ഞിട്ട് പ്രേതങ്ങൾ പോകും.

ഒരു സന്ധ്യക്ക് എല്ലാവരുംകൂടി പ്രാർഥന ചൊല്ലുമ്പോൾ ജൊസ്ഫീന മാത്രം അടുക്കളപ്പുറത്തിട്ട അരക്കല്ലിൽ കറിക്ക് തേങ്ങാ അരക്കുകയായിരുന്നു. പ്രേതങ്ങൾ വീടിന് മുന്നിൽ വന്നുനിന്ന് വിളിച്ചപ്പോൾ ജെർസന്റെ ചേട്ടൻ ജോൺസൻ എഴുന്നേറ്റ് അവിടേക്ക് ചെല്ലാൻ തയാറായി. അപ്പോൾ ആഞ്ചി പറഞ്ഞു, അവിടെയിരിക്കെടാ എന്ന്. എന്നിട്ടവർ പ്രാർഥന തുടർന്നു. തേങ്ങ അരച്ചുകൊണ്ടിരുന്ന ജൊസ്ഫീനയുടെ അടുത്തേക്ക് പ്രേതം ചെല്ലുമോ എന്ന് ആഞ്ചി പേടിച്ചു. പക്ഷേ, വേലിക്കരികിൽനിന്നിരുന്ന വലിയ പൈൻമരം ഭയങ്കരമായി പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്തു. അരക്കുന്നതവിടെയിട്ട് ജൊസ്ഫീന വേഗം ഓടി അകത്തു കയറി.

ജെർസന്റെ കുർബാന കൈക്കൊള്ളപ്പാട് നടന്ന സമയത്ത് വീടിനോട് ചേർന്ന് ഒരു മുറിയെടുക്കാൻ തീരുമാനിച്ചു. പണിക്കൻ വന്ന് സ്ഥാനം കണ്ടുകഴിഞ്ഞപ്പോഴാണ് ജൊസ്ഫീന പള്ളിയിൽനിന്നും വീട്ടുമുറ്റത്തേക്ക് വന്നത്. വൃത്തിയോടെ നല്ല വെള്ള ചട്ടയും മുണ്ടും ഉടുത്തുനിൽക്കുന്ന അവരെ കണ്ടപ്പോൾ പണിക്കൻ പറഞ്ഞു. ജൊസ്ഫീനയെ കൊണ്ട് വാരം കോരാനുള്ള കുറ്റി അടിപ്പിക്കാമെന്ന്. ജൊസ്ഫീന അത് സമ്മതിച്ചു. വലിയ കൊട്ടുവടികൊണ്ട് മുന കൂർപ്പിച്ച പരുത്തി പത്തൽ അടിച്ചുകയറ്റിയതും ഒരു വലിയ അലർച്ച മണ്ണിനടിയിൽനിന്നും കേട്ടു. വസൂരിദീനം വന്നു മരിച്ച ഒരു പ്രേതത്തിന്റെ മേലാണ് ജൊസ്ഫീന അടിച്ച കുറ്റി ചെന്നുകൊണ്ടതെന്ന് പണിക്കൻ ഉറപ്പിച്ചുപറഞ്ഞു. ആ പ്രേതാത്മാവാണ് അലറിക്കരഞ്ഞത്.

മൂലമ്പിള്ളിയിൽ വിവാഹം കഴിച്ചുവന്നു ജീവിക്കുന്ന ഒരുവളെന്ന നിലക്ക് സ്വാഭാവികമായും ഡെൽഫി ഇടവക മധ്യസ്ഥനായ അഗസ്തീനോസ് പുണ്യാളന്റെ കഥകളും അത്ഭുതങ്ങളും ധാരാളമായി പറയാറുണ്ട്.

വിശുദ്ധന്മാരിലെ പണ്ഡിതനും പണ്ഡിതന്മാരിലെ വിശുദ്ധനുമാണ് സെന്റ് അഗസ്റ്റിൻ. സ്വന്തം അമ്മയായിരുന്ന വിശുദ്ധ മോനിക്കയുടെ വിശുദ്ധിയാണ് മകനെയും ആ പദവിയിലേക്ക് നയിച്ചത്. വിശുദ്ധ അംബ്രോസിന്റെ പ്രസംഗങ്ങളും അഗസ്തീനോസിന് പ്രചോദനം നൽകി. സ്വന്തം അമ്മ മോനിക്കയുടെ കൈവിട്ട് ചീത്തവഴിക്ക് കുറെ സഞ്ചരിച്ചയാളാണ് പുണ്യാളൻ. മകനെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആ അമ്മ കരഞ്ഞുകരഞ്ഞ് കണ്ണുനീർ ചാലായി ഒഴുകിയെന്നാണ് പറയുന്നത്.

അഗസ്തീനോസ് പുണ്യാളന്റെ നടയിലെത്തിയാൽ പ്രേതം കൂടിയവർ, പൈശാചികതയുള്ളവർ ഒക്കെ അറിയാതെ തുള്ളിപ്പോകുന്ന ഒരു കാലമുണ്ടായിരുന്ന​േത്ര. ആ അത്ഭുതപ്രവൃത്തിയിൽനിന്ന് പുണ്യാളനെ അരമന മെത്രാൻ വിലക്കിയെന്നാണ് പറയുന്നത്. കാരണം, പുണ്യാളന്റെ ഈ അത്ഭുതശക്തിമൂലം മൂലമ്പിള്ളി പള്ളിയിൽ മറ്റു പള്ളികളിലേതിനേക്കാൾ അധികം വരുമാനം വന്നുതുടങ്ങിയത് മറ്റു പള്ളിക്കാർക്ക് ഇഷ്ടപ്പെട്ടില്ല​േത്ര.

പള്ളിയിലെ സെന്റ് അഗസ്റ്റിന്റെ തിരുസ്വരൂപത്തിന്റെ കൈയിൽ മരത്തിന്റെ ഒരു വടിയാണ് പിടിച്ചിരിക്കുന്നത്. ആ മരവടിക്ക് പകരം വെള്ളികൊണ്ടുണ്ടാക്കിയ വടി പിടിപ്പിക്കാൻ ഒരു ഭക്തൻ ഒരിക്കൽ ശ്രമിച്ചു. എത്ര പരിശ്രമിച്ചിട്ടും അയാൾക്കത് സാധിച്ചില്ല.

രാത്രികാലങ്ങളിൽ പുണ്യാളൻ ഇടവകയിൽ എല്ലായിടത്തും ഇറങ്ങിനടക്കാറുണ്ട്. ശരിക്കും മെത്രാൻ വേഷത്തിലാണ് നടപ്പ്. ഒരിക്കൽ അവിവാഹിതനായ ഒരു വൃദ്ധൻ പള്ളിക്കു മുന്നിലുള്ള വട്ടക്കല്ലിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. പാതിരാത്രിയാണ്. പെട്ടെന്ന് ഉണർച്ചവീണ് കണ്ണുതുറന്നു നോക്കിയപ്പോൾ മെത്രാൻവേഷത്തിൽ ആരോ പള്ളിയിലേക്ക് കയറിപ്പോകുന്നത് അയാൾ കണ്ടു. ഈ നേരത്ത് ഏതു മെത്രാനാണ് പള്ളിയിൽ വന്നിരിക്കുന്നതെന്നയാൾ ഓർത്തു. സാധാരണഗതിയിൽ മെത്രാന്മാർ ഇടവകയിൽ വരുമ്പോൾ വലിയ ആൾക്കൂട്ടവും ആഘോഷവുമായിട്ടൊക്കെയല്ലേ. ഇത് വെറുതെ ഒറ്റക്ക്.

പിറ്റേന്ന് അയാളീക്കാര്യം മറ്റുള്ളവരോട് പറഞ്ഞപ്പോളല്ലേ അയാളറിയുന്നത് പുണ്യാളൻ ഇടവക സന്ദർശനത്തിനിറങ്ങിയതാണെന്ന്. പുണ്യാളന്റെ മണ്ണല്ലേയിത്. പുണ്യാളന് കൊടുത്തേക്കുകയല്ലേ ഈ മണ്ണ്.

പണ്ട് ഈ പള്ളി മൂലമ്പിള്ളിയിൽതന്നെ സ്ഥാപിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. പറങ്കികൾ പായ്‍വഞ്ചിയിൽ പുണ്യാളന്റെ രൂപവുമായി പോകുകയായിരുന്നു. അവർക്കൊരു ലക്ഷ്യമുണ്ടായിരുന്നു. പുണ്യാളൻ സ്വപ്നത്തിൽ ഒരു ദ്വീപ് അവരെ കാണിച്ചിട്ട് അവിടെ തന്നെ പ്രതിഷ്ഠിക്കണമെന്ന് ആ നാവികരോട് ആവശ്യപ്പെട്ടിരുന്നു. ആ കര അന്വേഷിച്ചാണ് അവരുടെ യാത്ര. മൂലമ്പിള്ളിയുടെ തീരങ്ങളിലൂടെ പായ്‍വഞ്ചി സഞ്ചരിച്ചപ്പോൾ അത് ദർശനത്തിലൂടെ തങ്ങൾക്ക് വെളിപ്പെട്ട കരയായി അവർക്ക് തോന്നി. അങ്ങനെയാണ് പായ്‍വഞ്ചി അടുപ്പിച്ച് പോർച്ചുഗീസ് നാവികർ അവിടെ പള്ളി പണിത് പുണ്യാളനെ കുടിയിരുത്തുന്നത്.


പള്ളിമുറ്റം ചൂലുകൊണ്ട് അടിച്ച് വൃത്തിയാക്കുന്ന നേർച്ച മൂലമ്പിള്ളിയിലുമുണ്ട്. അതിന് പിന്നിലൊരു കഥയുണ്ട്. വിജാതീയയായ ഒരമ്മച്ചി സുഖമില്ലാതെ വീട്ടിൽ കിടക്കയിൽതന്നെ കഴിഞ്ഞിരുന്നു. ആശുപത്രിയിൽനിന്ന് ഡോക്ടർമാർ കൈയൊഴിഞ്ഞ കേസാണ്. ഒരു രാത്രി പതിവുപോലെ ഇടവക സന്ദർശനത്തിനിറങ്ങിയ പുണ്യാളൻ അമ്മച്ചിയുടെ കൈ പിടിച്ചിട്ട് പറഞ്ഞു; വേഗം എഴുന്നേറ്റ് നടന്നോ എന്ന്. അമ്മച്ചിയുടെ മരണം പ്രതീക്ഷിച്ചിരുന്ന മക്കൾ കാണുന്നത് എഴുന്നേറ്റ് നടക്കുന്ന അമ്മച്ചിയെയാണ്. അന്ന് പുണ്യാളനോടുള്ള നന്ദി കാണിക്കാൻ, ജീവിതകാലം മുഴുവൻ പള്ളിമുറ്റമടിച്ചു കഴിഞ്ഞുകൊള്ളാമെന്ന് അമ്മച്ചി നേർച്ച നേർന്നു. അതങ്ങനെയൊരു ആചാരമാകുകയായിരുന്നു.

മൂലമ്പിള്ളി പള്ളിയിലെ കപ്യാർക്ക് ഒരുദിവസം അൾത്താരയിൽ കയറി കുർബാന ചൊല്ലണമെന്ന് ആഗ്രഹമുണ്ടായി. പള്ളിയിൽ ആരുമില്ലാതിരുന്ന സമയത്ത് കപ്യാർ അച്ചന്മാർ കുർബാനസമയത്തണിയുന്ന വസ്ത്രങ്ങളൊക്കെ എടുത്തണിഞ്ഞ് കുർബാന ചൊല്ലി. അച്ചന്മാർക്ക് പട്ടം കിട്ടിയിട്ട് ചെയ്യുന്ന കാര്യങ്ങളല്ലേ കുർബാനപോലുള്ള കർമങ്ങൾ. അവർക്ക് പൗരോഹിത്യം എന്ന കൂദാശ കിട്ടിയിട്ടുണ്ട്. കൂദാശ കിട്ടാത്ത കപ്യാർ കുർബാന ചൊല്ലിയാൽ അത് പാപമല്ലേ. കപ്യാർ അൾത്താരയിൽ അനങ്ങാതെ പ്രതിമപോലെ നിന്നുപോയി. പിന്നെ വികാരിയച്ചൻ വന്ന് മറുത്ത് വേറെ എന്തൊക്കെയോ ചൊല്ലി ആനാൻ വെള്ളം തളിച്ചപ്പോളാണ് കപ്യാർക്ക് അൾത്താരയിൽനിന്ന് ഇറങ്ങിപ്പോരാൻ കഴിഞ്ഞത്.

അഗസ്തീനോസ് പുണ്യാളൻ മൂലമ്പിള്ളിക്കാർക്ക് അഗസ്തീനോസ് മുത്തപ്പനാണ്. മുത്തപ്പന്റെ രൂപത്തെ അനുകരിച്ചുകൊണ്ട് ഒരു പെരുന്നാളിനും ആരും ടാബ്ലോ ചെയ്യാറില്ല. അതിനൊരു കാരണമുണ്ട്. പണ്ട് ഒരു പെരുന്നാളിന് ഒരാൾ പുണ്യാളനെപ്പോലെ താടിയും മുടിയുമൊക്കെ വെച്ച് അതേ ഡ്രസുകളൊക്കെയിട്ട് കൈയിൽ വടിയും പിടിച്ച് മുറ്റത്ത് നിന്നു. അത് കണ്ട് എല്ലാവരും അയാളെ അഭിനന്ദിച്ചു. പക്ഷേ, അയാൾക്കെന്തുപറ്റിയെ​േന്നാ, അവിടെനിന്ന് പിന്നെ ഒരടി നടക്കാനോ അനങ്ങാനോ കഴിയാതെ വന്നു. അവിടെയും വികാരിയച്ചൻ വരേണ്ടിവന്നു; അയാളെ പൂർവാവസ്ഥയിലെത്തിക്കാൻ.

(തുടരും)

Tags:    
News Summary - madhyamam weekly novel -Johny Miranda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT