80
മേനച്ചായന്റേതായിരുന്നു നിരപ്പിലെ മാളികവീട്. ഓർമകളുടെ അടുക്കുപോലെ മുകളിലേക്കുള്ള മരക്കോവണി. പടികൾ കയറുമ്പോഴെല്ലാം അച്ചായനോടൊപ്പമുള്ള കാലം പാഴൂരിനെ തേടിയെത്തും. ഇടനാഴിയോടു ചേർന്ന മുറിയിലായിരുന്നു തീറ്റയും കുടിയും. പാതിരാക്ക് ബംഗ്ലാവിലേക്ക് മടങ്ങുമ്പോൾ, അന്തിക്കൂട്ടിനു വന്നവളുടെ തോളിൽ അമർത്തിപ്പിടിച്ചാണ് മേനച്ചായൻ കോവണി ഇറങ്ങുക.
അസുഖമായതോടെ മാളികമുറിയിലേക്ക് വരാതെയായി. ചികിത്സ കഴിഞ്ഞ് എത്തുമെന്ന പ്രതീക്ഷയിൽ മുറിയെല്ലാം തൂത്തും തുടച്ചും സൂക്ഷിച്ചിരുന്നു.
ഒരുദിവസം ബംഗ്ലാവിലേക്ക് വിളിപ്പിച്ചു. അന്ന് കുറേ സംസാരിച്ചു. പഴയ കാര്യങ്ങളൊക്കെ പറയുന്നതിനിടയിൽ ഒരു എക്കിട്ടത്തോടെ പെട്ടെന്നാണ് ആള് പോയത്. വിവരമറിഞ്ഞ് തൂക്കുമേട്ടിൽ എത്തിയ മക്കളെല്ലാം ചടങ്ങുകൾ കഴിഞ്ഞതും വിദേശത്തേക്ക് മടങ്ങി. പിന്നീടാരും അതുവഴി വന്നിട്ടില്ല.
പടികളിൽ പതിഞ്ഞുപോയ ഇടർച്ചകളുടെ മീതെ കയറുമ്പോൾ പാഴൂർ അതെല്ലാം വീണ്ടും ഓർത്തു. അയാളെ കണ്ടതോടെ ഹാജിയാര് നിസ്കാരപ്പായയിൽനിന്നും എഴുന്നേറ്റു.
“ഓനോടു പറ. ദേഷ്യം വന്നാ സാധനങ്ങൾ എറിഞ്ഞുടയ്ക്കരുതെന്ന്.”
പാഴൂര് ഒന്നും മിണ്ടാതെ മുറുക്കാൻപൊതി എടുത്തു.
“ങ്ങള് തോട്ടത്തീ പോയില്ലേ.”
“കെട്ടിയോളുടെ ആണ്ടായിരുന്നു. പള്ളീന്ന് ഇറങ്ങിയതു മുതൽ മനസ്സിനൊരു ഭാരം. അതാ ഇങ്ങോട്ട് പോന്നത്.”
‘‘സൂക്ഷിക്കണം. വരത്തന്റെ രീതികളൊന്നും ശരിയല്ല. ഈ ജിന്ന് എങ്ങനെ ഒപ്പം കൂടി...”
“ഒന്നും പറയണ്ട, അടിവാരത്തു വെച്ച് സഹായം ചോദിച്ച് എത്തിയതാ. തോട്ടത്തിലെ പണിക്ക് വരുന്നോയെന്ന് ചോദിച്ചതും ആള് ജീപ്പിലേക്ക് കയറി. കിടക്കാനൊരിടം വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്. ഹാജിയാർക്ക് ബുദ്ധിമുട്ടായല്ലേ.”
കിളവൻ കണ്ണടച്ച് അതെല്ലാം കേട്ടിരുന്നു. പിന്നെ ചെല്ലത്തിൽനിന്നൊരു വെറ്റിലയെടുത്ത് കുറച്ചുനേരം പ്രാർഥിച്ചു.
‘‘ഓൻ ക്രിസ്ത്യാനിയല്ല, സൂക്ഷിക്കണം.”
തിരിച്ചെന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ നിസ്കാരത്തിനുള്ള പായ വിരിച്ചു. ഇനി കാത്തുനിന്നിട്ട് കാര്യമില്ല.
പ്രാർഥന കഴിഞ്ഞാലും ഇന്നിനി ഒന്നും പറയുമെന്ന് തോന്നുന്നില്ല.
പാഴൂര് കോവണിയിറങ്ങി.
81
തോട്ടത്തിലെ പണിയും കഴിഞ്ഞ് കൈത്തോട്ടിൽ കുളിക്കുമ്പോഴാണ് രായാന്നൊരു വിളി. രായൻ വേഗം കുളിച്ചുകയറി. കരക്കുവെച്ചിരുന്ന മുണ്ടും ഷർട്ടുമുടുത്ത് ഊടുവഴിയിലൂടെ നിരപ്പിലെത്തി. തൂക്കുമേട്ടിലുള്ളവരെല്ലാം കുഞ്ഞാപ്പിയെന്നാണ് വിളിക്കുന്നത്. ആരോ അന്വേഷിച്ചെത്തിയിട്ടുണ്ട്. നിരപ്പിൽ പരിചിതമല്ലാത്ത ഒരു ജീപ്പ്. ഒച്ച കേൾപ്പിക്കാതെ മാളികമുറിയുടെ കോവണി കയറി. ഹാജിയാര് ഉറക്കമാണ്. തുണിക്കെട്ടിനു മീതെ തല ഉയർത്തിവെച്ചുള്ള കിടപ്പ്. രായൻ അയാളെ വിളിച്ചുണർത്തി.
“എന്നെ തിരക്കി ആരെങ്കിലും വന്നിരുന്നോ..?”
അവനെ തുറിച്ച് നോക്കിയിട്ട് അയാൾ എഴുന്നേറ്റ് ധൂപച്ചട്ടിയുടെ മുന്നിലിരുന്നു. ചിരട്ടക്കരി നിറച്ച് തീയൂതുമ്പോൾ കണ്ണ് ചുവന്നു.
“ചോദിച്ചത് കേട്ടില്ലേ..?”
“തൊള്ള തുറക്കണ്ട. മരിച്ചവരുടെ നിലവിളിയിൽനിന്ന് അനക്ക് ഒളിച്ചോടാൻ പറ്റുമോ...”
കിളവനതും പറഞ്ഞ് കനലിലേക്ക് സാമ്പ്രാണി വിതറി. മുറി മുഴുവൻ പുക നിറഞ്ഞു. രായൻ വേഗം താഴേക്കിറങ്ങി. നിരപ്പിൽ കിടന്നിരുന്ന വണ്ടിയിൽ ആളെ തിരഞ്ഞു. പിന്നെ കയറ്റത്തേക്ക് നടന്നു. മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളികളോട് അന്വേഷിച്ചു.
തൂക്കുമേട്ടിൽ വരത്തൻമാരാരും വന്നിട്ടില്ല.
സന്ധ്യയോടെ പാറമടയിൽ ചെന്നു. വടക്കേയറ്റത്തെ ചരിവിലാണ് ചാരായം വിൽക്കുന്നവരുടെ ലായങ്ങൾ. കൂട്ടത്തിലൊരു പെണ്ണ് തനിച്ച് വാറ്റും. കൊള്ളിശാന്തയെന്ന് വിളിപ്പേര്. ചെല്ലുന്നവനൊക്കെ മിണ്ടാതിരുന്ന് കുടിച്ചിട്ടു പോകും. ചുറ്റിക്കളിക്ക് ചെന്നാൽ വിറകിനാണ് കീറ്. രായന് അവിടെ പതിവുള്ളതാണ്. ശാന്തയുടെ നാവു പേടിച്ച് ലായങ്ങളിൽ താമസിച്ചിരുന്നവർ അവനോട് എതിർപ്പൊന്നും പറഞ്ഞിരുന്നില്ല.
“എന്നെ തിരക്കി ആരോ എത്തിയിട്ടുണ്ട്.”
ഞാറക്കടവിൽനിന്ന് മല കയറി തൂക്കുമേട്ടിലെത്തിയതും കുഞ്ഞാപ്പിയെന്ന കള്ളപ്പേരിൽ പാഴൂരിന്റെ ഏലത്തോട്ടത്തിലെ പണിക്ക് കൂടിയതുമൊക്കെ രായൻ വെളിവില്ലാതെ ശാന്തയോട് ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു.
“പൊലീസുകാരാവുമോ..?”
“കൊന്നേച്ചാണോ വന്നതെന്ന് ഹാജിയാര് ചോദിച്ചു. അതാ സംശയം.”
ആരോ കയ്യാല ചാടി. ശാന്ത വാക്കത്തിയുമായി മുറ്റത്തേക്കിറങ്ങി. പുറത്തുനിന്ന് വാതിൽ കുറ്റിയിടുന്ന സ്വരം. ജനാല വിരി മാറ്റി. കയ്യാലയുടെ അടുത്തായി രണ്ടുപേർ നിൽപുണ്ട്. ശാന്തയുടെ സംസാരം കേൾക്കാം. അവൾ അകത്തേക്ക് കേറി രണ്ടു കുപ്പി ചാരായമെടുത്തു. രായൻ എന്തോ ചോദിക്കാൻ തുടങ്ങിയതും ഒച്ചയുണ്ടാക്കല്ലേയെന്ന് ആംഗ്യം കാട്ടി.
തിരിച്ചെത്തിയ ഉടനെ മൺകലത്തിൽനിന്നും വെള്ളമെടുത്തു കുടിച്ചു.
“മുതലാളിയുടെ ആൾക്കാരാ.”
“ഞാൻ വിചാരിച്ചു പൊലീസാണെന്ന്.”
“പേടിക്കണ്ട. ഈ തൂക്കുമേട്ടിൽ ആരെത്തിയാലും ശാന്ത അറിയും. ഞാൻ അന്വേഷിക്കാം.”
അവൾ അവനെ കട്ടിലിലേക്ക് പിടിച്ചിരുത്തി.
“ഇവിടം വിട്ടുപോകുവാണോ.”
രായനൊന്നും പറയാതെ കട്ടിലിന്റെ തലക്കലിരുന്ന വിളക്ക് ഊതി.
82
തോട്ടത്തിലെ പണികൾ രായനു മടുത്തു. പാഴൂരിന്റെ പണിക്കാർ എപ്പോഴും ഒപ്പമുണ്ടാകും. ഇടക്ക് തൂക്കുപാത്രത്തിൽ ആഹാരവുമായി റോസയെത്തും. അവളുടെ ഉറപ്പീരൊക്കെ കഴിഞ്ഞതാണെന്നു പറയുമ്പോൾ പാഴൂരിന്റെ മുഖത്തൊരു തെളിച്ചം വരും.
മനസ്സമ്മതത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിയിരുന്നു. തോട്ടത്തിലേക്ക് അയാൾ വല്ലപ്പോഴുമേ വരാറുള്ളൂ. മരുന്നടിയും കള പറിക്കലുമെല്ലാം നന്നായി നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ഹാജിയാര് പറഞ്ഞതൊക്കെ പാഴൂര് മറന്നു. മതം ഏതായാലും ആള് കുഴപ്പക്കാരനല്ല.
അക്കൊല്ലത്തെ അമ്പുപെരുന്നാളിന് അയാൾ രായനൊരു മുണ്ടും ഷർട്ടും വാങ്ങി. നാടകം കാണാൻ പെൺപിള്ളാരോടൊപ്പം ഇറങ്ങുമ്പോൾ അവനെയും കൂട്ടി. ടോർച്ചുമായി രായൻ മുന്നേ നടന്നു. ചിഞ്ചുവും അന്നയും ഡിവൈനോട് ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു. വോയിൽ സാരിയാണ് റോസ ഉടുത്തിരുന്നത്. താഴ്ത്തിക്കുത്തിയ സാരിക്കു മീതെ അവളുടെ ഭംഗിയുള്ള പൊക്കിൾക്കുഴി. സംശയം തീർക്കാൻ രായൻ ഒന്നുകൂടി തിരിഞ്ഞു. ഇത്തവണ അവനത് വ്യക്തമായി കണ്ടു. സാരിക്കുത്തിനോടു ചേർന്നൊരു കത്തിപ്പിടി.
ഡിവൈനൊപ്പം പാഴൂരും പെൺമക്കളും നാടകം കാണാനിരുന്നു. രായൻ പള്ളിപ്പരിസരത്ത് കറങ്ങിനടന്നു. പറോട്ടിയിലെപ്പോലെ മുച്ചീട്ടും പന്നിമലത്തുമില്ല. നാടകം കാണാനിരിക്കുന്നവരുടെ കൂട്ടത്തിൽ പൂവും ചൂടി ശാന്തയുമുണ്ട്. ഉറക്കംവന്നതോടെ തലേക്കെട്ടിയിരുന്ന തോർത്ത് അഴിച്ച് അവൻ പള്ളിയുടെ തിണ്ണയിൽ വിരിച്ചു.
നാടകം കഴിഞ്ഞതോടെ പാഴൂര് അവനെ വിളിച്ചുണർത്തി.
“ഡിവൈനേ, നീയിവനെ മാളികമുറിയിൽ കൊണ്ടുവിട്.”
തനിച്ചു പൊയ്ക്കോളാമെന്നു പറഞ്ഞ് രായൻ ഇറങ്ങി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും പിന്നാലെ ആരോ ഉണ്ടെന്നൊരു തോന്നൽ. അവൻ വേഗം നടന്നു.
ടോർച്ചുവെട്ടം വഴിയുടെ അറ്റംവരെ എത്തുന്നുണ്ട്. ഇരുട്ടിലോരോ തീക്കണ്ണുകൾ. വെളിച്ചം അടുത്തെത്താൻ കാത്തുനിന്നപോലെ കാട്ടുജന്തുക്കൾ പൊന്തയിലേക്ക് ചാടി. തണുപ്പു കൂടിവന്നു. രായൻ തോർത്തെടുത്ത് കാതടക്കം ചുറ്റി.
83
പെൺമക്കളുമായി പാഴൂർ അടിവാരത്തേക്ക് പോയ രാത്രി അടുക്കളവാതിൽ തുറന്ന് രായൻ അവരുടെ വീട്ടിൽ കയറി. മുറ്റത്തുനിന്ന് സംസാരിക്കുന്നതല്ലാതെ അകത്തേക്ക് ഇതുവരെ കയറിയിട്ടില്ല. പഴക്കം ചെന്ന വീട്ടിൽ കൊത്തുപണികളുള്ള കട്ടിലും അലമാരയും മറ്റ് ഉരുപ്പടികളും കണ്ടപ്പോൾ അവനു സന്തോഷമായി. തടിയലമാരയിൽ കുറച്ച് രൂപയുണ്ടായിരുന്നെങ്കിലും എടുത്തില്ല. സ്വർണം വീടിനുള്ളിൽ എവിടെയെങ്കിലും കാണും. നിലത്തുകിടന്ന ചവിട്ടികൾ മാറ്റിനോക്കി, കുഴിച്ചതിന്റെ ലക്ഷണമൊന്നുമില്ല. അടുക്കളയിലെ അരിച്ചെമ്പിനുള്ളിൽ തിരയുമ്പോഴാണ് താഴെ തറ വെട്ടിപ്പൊളിച്ച് സിമന്റു തേച്ചിരിക്കുന്നത് കണ്ടത്. കമ്പിപ്പാരയെടുത്ത് കുത്തി. ഉള്ളിലൊരു മുഴക്കം.
കേറ്റം കയറിവരുന്ന ജീപ്പിന്റെ ഒച്ച കേട്ടതും മഴയത്തേക്കിറങ്ങി രായൻ കയ്യാല ചാടി.
രണ്ടു ദിവസം കഴിഞ്ഞ് തോട്ടത്തിലെ പണിക്കാരൻ ചെക്കൻ വിളിക്കാൻ എത്തിയെങ്കിലും പനിയും മേലുവേദനയുമാണെന്ന് പറഞ്ഞ് രായനൊഴിഞ്ഞു. പകൽ മാളികമുറിയിൽതന്നെ തങ്ങി. രാത്രി കൊള്ളിശാന്തയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ വഴിയിൽ വെള്ളക്കെട്ട്. മുണ്ടു പൊക്കിപ്പിടിച്ചു നീന്തി. ഒന്നു രണ്ടു മുഴുത്ത മീനുകൾ ഒഴുക്കിലൂടെ ചാടി. ഡാം തുറന്നിട്ടുണ്ടാവും. കുറച്ചുകൂടി മുന്നോട്ടു ചെന്നതും അരപ്പൊക്കം വെള്ളമായി.
‘‘നല്ല ഒഴുക്കുണ്ട്. അങ്ങോട്ടധികം പോവണ്ട,’’ എതിരെ വന്നയാൾ വിളിച്ചു പറഞ്ഞു. അവനത് കാര്യമാക്കാതെ മുന്നോട്ടു നീന്തിയെങ്കിലും ഇരുട്ടിൽ വഴിയറിയാതെ വന്നതോടെ തിരിച്ചുപോന്നു.
പാതിരാക്ക് നനഞ്ഞൊലിച്ച് കോവണി കയറുമ്പോൾ മുകളറ്റത്തെ പടിയിൽ രായനു കാൽ തെറ്റി. കോണിപ്പടിയിൽ ഇടിച്ച മുട്ടിനു നല്ല വേദന. കിളവൻ ഇറങ്ങിവരുന്നതു കണ്ട് രായൻ അയാളുടെ കൈ തട്ടിമാറ്റി മുകളിലേക്ക് കയറി.
‘‘നീ ചെയ്യുന്നതെല്ലാം പടച്ചോൻ കാണുന്നുണ്ട്.’’
അവൻ ദേഷ്യത്തോടെ അയാളുടെ അടുത്തേക്ക് ചെന്നു.
“ബാപ്പിച്ചിക്ക് സുഖമില്ലാത്തതുകൊണ്ട് പറയുന്നതല്ലേ. ങ്ങള് ക്ഷമിക്ക്.”
ഇടനാഴിയിൽ നിന്നിരുന്ന പയ്യന്റെ സ്വരം കേട്ട് കിളവന്റെ കഴുത്തിൽനിന്നും അവൻ കൈ എടുത്തു.
84
‘‘ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.’’ കിളവന്റെ പ്രാർഥന.
കുറച്ചു കഴിഞ്ഞതും മലമുകളിലെ പള്ളിയിൽനിന്നും ഒറ്റയും പെട്ടയും മുഴങ്ങി. രായൻ മൂടിപ്പുതച്ചു കിടന്നു. നല്ല തണുപ്പ്. പുറത്തേക്ക് ഇറങ്ങാനൊരു മടി. കുറച്ചുകഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാൻ തോട്ടത്തിലെ പണിക്കാരൻ ജീപ്പുമായെത്തി. പോകുന്നവഴി ശവപ്പെട്ടിക്കടയുടെ മുന്നിൽ വണ്ടി നിർത്തി. പെട്ടി കയറ്റുമ്പോൾ രായനും താങ്ങിക്കൊടുത്തു. വണ്ടിയോടിക്കുന്നവൻ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.
മരിച്ച ആളുമായി അടുപ്പമില്ലാതിരുന്നിട്ടും അവൻ കരയുന്നത് കണ്ടതോടെ രായനൊരു ബീഡി കത്തിച്ച് കൊടുത്തു.
“നീ മര്യാദയ്ക്ക് ഓടിക്ക്. ചത്തുപോയവളുടെ ആത്മാവ് ഭൂമിയിലതിന്റെ രണ്ടാം ജന്മം എടുത്തിട്ടുണ്ടാവും. മടുത്തുതുടങ്ങിയാ അതങ്ങ് തീർക്കുന്നതാ നല്ലത്.”
“ആ പെണ്ണ് വിഷം കഴിച്ചു മരിച്ചതിന്, ഇങ്ങനെയൊന്നും പറയല്ലേ അണ്ണാ.”
പള്ളിയിൽനിന്നെത്തിയ ആളുകൾ പാഴൂരിന്റെ വീട്ടിലേക്ക് കയറി. പായലുപിടിച്ച ഭിത്തിയിൽ ശവപ്പെട്ടിയുടെ മൂടി ചാരിവെച്ചിട്ട് രായൻ അവർക്കൊപ്പമിരുന്ന് ബീഡി കത്തിച്ചു. അകത്ത് മരിപ്പിന്റെ പ്രാർഥന കേൾക്കാം. കൂട്ടിലടച്ച പട്ടി നിർത്താതെ കുരച്ചുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞതോടെ അന്നയുടെ ശവം പന്തലിലേക്ക് എടുത്തു. രണ്ടുപേർ ചേർന്ന് പാഴൂരിനെ താങ്ങിപ്പിടിച്ച് ശവമഞ്ചത്തിനരികിലെ െബഞ്ചിലിരുത്തി. രായനെ അയാൾ അടുത്തേക്ക് വിളിച്ചു.
‘‘നീയിതുവെച്ചോ. ഓരോ ആവശ്യങ്ങള് കാണും.’’
കുഴഞ്ഞു വീഴാൻ തുടങ്ങിയ പാഴൂരിനെ റോസ ചേർത്തുപിടിച്ചു.
രായൻ വീടിന്റെ പിന്നിലേക്ക് ചെന്നു. അവനെ കണ്ടതും ചിഞ്ചു കരഞ്ഞു. ജീവിതത്തിൽ ഇന്നുവരെ ആരെയും ആശ്വസിപ്പിച്ച് ശീലമില്ല. എന്നാലും അവളുടെ അടുത്തേക്ക് ചെന്ന് വിഷമിക്കല്ലേയെന്ന് അവനൊരുവിധം പറഞ്ഞൊപ്പിച്ചു. പണിക്കാരൻ ചെക്കൻ ഇടക്കിടെ വന്ന് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു.
‘‘അണ്ണാ. കുറച്ച് കുന്തിരിക്കം വാങ്ങണമല്ലോ.’’
പാഴൂർ ഏൽപിച്ച പൈസയിൽനിന്നു കുന്തിരിക്കത്തിനുള്ളത് കൊടുത്തു. ആദ്യമായിട്ടാണ് മരണവീടിന്റെ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. ശവമെടുക്കാനുള്ള നേരമായപ്പോൾ മലമുകളിലെ ധ്യാനത്തിനു പോയിരുന്ന ഡിവൈനെത്തി. അവനെക്കണ്ടതും ചിഞ്ചുവിന്റെ കരച്ചിൽ ഉച്ചത്തിലായി. അടക്കം കഴിഞ്ഞ്, മിച്ചം വന്ന തുകയുമായി രായൻ വേഗം മാളികമുറിയിലേക്ക് മടങ്ങി.
അന്നയുടെ മരണം നടന്ന് ആഴ്ച ഒന്നു കഴിഞ്ഞിട്ടും അവൾ എന്തിനാണ് വിഷം കഴിച്ചതെന്ന് ആർക്കുമൊരു സൂചന കിട്ടിയില്ല.
റോസയുടെ മനസ്സമ്മതത്തിനുള്ള ഡ്രസെടുക്കാൻ പോകാനായില്ലെങ്കിലും അവർക്കുള്ള ജീപ്പ് ഏർപ്പാടാക്കിയിട്ടാണ് ഡിവൈൻ അന്ന് ധ്യാനത്തിനു പോയത്. ഉടുപ്പെടുക്കാൻ തീരുമാനിച്ച ദിവസം രാവി ലെ അന്നക്ക് പനി. പോകുന്ന വഴി ഏതെങ്കിലും ആശുപത്രിയിൽ കാണിക്കാമെന്ന് പാഴൂര് പറഞ്ഞെങ്കിലും ചുരം കയറി ഛർദിക്കാൻ വയ്യെന്നും പറഞ്ഞ് അന്ന പോയില്ല. ഇളയവളെ തനിച്ചാക്കി പോകാൻ റോസക്ക് മടി. എന്നാലും എല്ലാവരും നിർബന്ധിച്ചപ്പോൾ ഉരിഞ്ഞിട്ട സാരി അവൾ വീണ്ടുമുടുത്തു.
“ഉടുപ്പും വാങ്ങി ഞങ്ങളു തിരിച്ചുവരുമ്പോഴും അന്ന കട്ടിലിലുണ്ട്. ഉറങ്ങുവാണെന്നാണ് കരുതിയത്. റോസച്ചേച്ചി കഞ്ഞിയുമായി വിളിച്ചുണർത്താൻ നോക്കുമ്പോൾ അവള് മരിച്ചു കിടക്കുവാ.”
ഏഴടിയന്തിരത്തിനു വന്നവരോട് നടന്നതെല്ലാം വീണ്ടും പറഞ്ഞു ചിഞ്ചുവിന്റെ ഒച്ചയടഞ്ഞു.
ഇളയവൾ ആത്മഹത്യ ചെയ്തതോടെ മൂത്തതിന്റെ കല്യാണം മുടങ്ങി. പാഴൂരിന്റെ കച്ചവടത്തിലെ ശ്രദ്ധ കുറഞ്ഞു. അയാൾ വീടിനു പുറത്തേക്കിറങ്ങാതായി. അന്നയോട് അടുപ്പമുണ്ടായിരുന്ന പള്ളി ക്വയറിലെ പയ്യനെ പൊലീസുകാർ വിളിച്ചുകൊണ്ടുപോയി ചോദ്യംചെയ്തെങ്കിലും വീട്ടുകാർ ഇടപെട്ട് അവനെ ഇറക്കിക്കൊണ്ടു പോന്നു. ഇടക്കിടെയുള്ള പൊലീസുകാരുടെ വരവും അന്വേഷണവും തോട്ടത്തിലെ ജോലിയും കൂടിയായപ്പോൾ രായനു മടുത്തു.
‘‘ഇവിടെ ശരിയാവില്ല. എനിക്കു പോണം.’’
പാഴൂര് ഒന്നും കേൾക്കാത്തപോലെ കുമ്പിട്ടിരുന്നു. കരിപ്പെട്ടിക്കാപ്പി കൊണ്ടുവെച്ചിട്ട് റോസ പതിവുതെറ്റിച്ച് വാതിൽപ്പടിയിൽ നിന്നു.
‘‘നീയിപ്പോ പോയാലെങ്ങനാ കുഞ്ഞാപ്പി...’’
പാഴൂരിന്റെ സ്വരം ഇടറി.
‘‘അയാളു പോട്ടെ അച്ചായീ. ഇഷ്ടമില്ലാത്തവരെ എന്തിനാണ് പിടിച്ചുനിർത്തുന്നത്.’’
അതിരുവരെ കൂട്ടുചെന്ന പട്ടിയുടെ കഴുത്തിൽ അവൻ തടവുന്നതു കണ്ട് റോസ അയ്യമിറങ്ങി അടുത്തേക്ക് ചെന്നു.
“രാത്രി ഏലപ്പുരയിലേക്കൊന്നു വന്നിട്ട് പൊയ്ക്കോളൂ.”
അവനൊന്നും മിണ്ടാതെ സഞ്ചിയുമായി ചരിവിറങ്ങി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.