85
“രാത്രിയാത്ര ഒഴിവാക്കുന്നതാണ് അനക്ക് നല്ലത്.”
ഹാജിയാര് പറഞ്ഞത് ഗൗനിക്കാതെ രായൻ മാളികയുടെ പടികളിറങ്ങി. അടിവാരത്തേക്കുള്ള ലോറിയിൽ കയറിയെങ്കിലും മൂന്നാം മൈലിൽവെച്ച് വണ്ടി നിന്നുപോയതോടെ തൂക്കുമേട്ടിലേക്കുതന്നെ മടങ്ങി. നിരപ്പിലേക്ക് പോകാതെ റോസയുടെ വീട്ടിലേക്കുള്ള കേറ്റംകയറുമ്പോൾ ആരോ തൊടിയിറങ്ങി വരുന്നതുപോലെ തോന്നി. കാപ്പിച്ചെടികളുടെ മറവിലേക്ക് ഒതുങ്ങിനിന്നു. ചില്ല വകഞ്ഞുനോക്കുമ്പോൾ കേറ്റത്തെ പുരാതന വീട്ടിലേക്ക് തലയെടുപ്പുള്ള ഒരാൾ കയറിപ്പോകുന്ന കാഴ്ച. കൂടെ കൊമ്പുള്ളൊരു ജീവിയും.
പതിവില്ലാതൊരു പേടി. തിരിച്ചുപോകാൻ തുടങ്ങുമ്പോഴാണ് കാലിന് മുറിവേറ്റത്. അപ്പോഴേക്കും പിന്നിൽനിന്നൊരു പിടുത്തം. രായന്റെ അരക്കെട്ട് മിന്നി.
‘‘പേടിച്ചോ.’’
പരിഭ്രമിച്ചെങ്കിലും വട്ടംപിടിച്ചിരുന്ന റോസയുടെ കൈ വിടുവിച്ച് അവൻ അവളുടെ പിന്നാലെ ഏലപ്പുരയിലേക്ക് ചെന്നു. ചാക്കിനിടയിൽ സൂക്ഷിച്ചിരുന്ന കുപ്പിയെടുക്കുമ്പോൾ റോസക്ക് ആവേശം.
‘‘അച്ചാച്ചിക്ക് വാങ്ങിയതാണ്. കൊള്ളിശാന്തേടെ വീര്യമുണ്ടാവില്ല.’’
അവനൊന്നും മിണ്ടാതെ, ഗ്ലാസിലേക്ക് അവൾ ചാരായം ഒഴിക്കുന്നതും നോക്കിയിരുന്നു.
“നിങ്ങള് വരുമെന്ന് എനിക്കറിയാമായിരുന്നു.’’
രായൻ അവളുടെ അടുത്തേക്ക് ചെന്നു.
“അന്നയ്ക്ക് എന്നാ പറ്റിയതെന്ന് അറിയണം, എന്നിട്ടു മതി.”
“നിനക്ക് ആരെയാ സംശയം...”
റോസയുടെ ചെന്നി പിടഞ്ഞു. അട്ടിയിട്ട ചാക്കിൽ ചേർത്തുനിർത്തുമ്പോൾ വിയർപ്പു പൊടിയുന്ന അവളുടെ മേൽചുണ്ട് വിറച്ചു.
“അറിയുന്ന നിമിഷം ഞാനവനെ കൊല്ലും.”
രായന്റെ കാലിൽനിന്നും ചോരയൊഴുകുന്നത് അപ്പോഴാണ് അവൾ കണ്ടത്. ചണച്ചാക്കിലേക്ക് കാലുയർത്തിവെച്ചു.
“യ്യോ... ഇതെന്നാ പറ്റി..?”
“അയ്യമിറങ്ങുമ്പോൾ എന്തോ കൊണ്ടതാ.”
“എന്നിട്ടെന്തേ പറയാതിരുന്നത്...”
മുറിവായുടെ ചുറ്റും അവൾ വിരലമർത്തി.
“ഇതാരോ വെട്ടിയതാ.”
റോസ മുറിവ് വെച്ചുകെട്ടാൻ തുടങ്ങി. അവളുടെ സ്വർണമാലയിലായിരുന്നു അവന്റെ കണ്ണ്. വിയർപ്പൊഴുകുന്ന കഴുത്തിൽ കത്തി ചേർത്ത് ഒറ്റവലി. പിടച്ചിൽ തീരുംവരെ വായും മൂക്കും പൊത്തിപ്പിടിക്കണം. അരക്കെട്ടിൽ അവൻ വട്ടംപിടിച്ചു. അപ്പോഴേക്കും പുറത്ത് എന്തോ വീഴുന്ന ഒച്ച. വിളക്കുമെടുത്ത് വെളിയിലേക്ക് ഇറങ്ങിയ റോസയുടെ പിന്നാലെ അവനും ചെന്നു. മറപ്പുരയിലേക്കുള്ള മുളപ്പാലം ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നു. താഴെ പന്നിക്കുഴിയിൽനിന്നൊരു ഞരക്കം.
‘‘ആരോ വീണിട്ടുണ്ട്.’’
“അയ്യോ. അച്ചാച്ചിയാ.”
പെണ്ണ് വെപ്രാളപ്പെട്ട് കുഴിയിലേക്കിറങ്ങി. ഏണി ചാരിവെച്ച് രണ്ടാളും കൂടി പാഴൂരിനെ എടുത്തുകൊണ്ടുവന്ന് ഇളംതിണ്ണയിൽ കിടത്തി. അയാളുടെ ചലനമറ്റ കിടപ്പു കണ്ട് ചിഞ്ചു ഉറക്കെ കരയാൻ തുടങ്ങി.
‘‘ജീപ്പ് ഞാനെടുക്കാം. അച്ചായിയെ വേഗം ഉടുപ്പിച്ചോ.’’
താക്കോലുമായി രായൻ ഇരുട്ടിലേക്ക് ഇറങ്ങി.
86
ഒരു മാസത്തോളം പാഴൂര് ആശുപത്രിയിൽ കിടന്നു. വീട്ടിലേക്ക് കൊണ്ടുവന്ന ദിവസം റോസ നിർബന്ധിച്ച് ഊരിലെ വൈദ്യനെ കൂട്ടിക്കൊണ്ടു വന്നു. നട്ടെല്ലിനേറ്റ പരിക്ക് മാറാൻ സമയമെടുക്കുമെന്നും പറഞ്ഞ് അയാൾ എണ്ണയും കഷായവും കൊടുത്തു.
എഴുന്നേറ്റ് നടക്കാനാവുമെന്ന പ്രതീക്ഷ കൈവിട്ടതോടെ നിരപ്പിലെ കച്ചവടം പാഴൂര് രായനെ ഏൽപിച്ചു. എല്ലാറ്റിന്റേയും മേൽ ഒരു കണ്ണ് വേണമെന്ന് ഡിവൈൻ ചെല്ലുമ്പോഴെല്ലാം അയാൾ ഓർമപ്പെടുത്തും. എന്നും രാവിലെ രായൻ കടമുറി തുറക്കും. സന്ധ്യയോടെ അടക്കും. ഏന്തിയുള്ള അവന്റെ നടപ്പു കാണുമ്പോൾ മുറിവിൽ വിഷം തീണ്ടിയിട്ടുണ്ടെന്ന് ഹാജിയാര് പറയും.
ഊരിലെ മരുന്ന് കഴിച്ചിട്ടും മുറിവ് ഉണങ്ങാതെ വന്നതോടെ രായനും ചില സംശയങ്ങൾ തോന്നി. ഒരുദിവസം ഹാജിയാർക്ക് സാമ്പ്രാണി വാങ്ങിക്കൊടുത്തിട്ട് അവൻ അയാളുടെ അടുത്തിരുന്നു.
‘‘വിഷം പുരട്ടിയ ആയുധത്തിനാ വെട്ട്. അന്നം ആരു തന്നാലും സൂക്ഷിക്കണം.’’
ഇത്തവണ അവൻ എതിർപ്പൊന്നും പറയാതെ അയാളുടെ കണ്ണിലേക്ക് നോക്കി.
“ആരാ എന്നെ കൊല്ലാൻ നോക്കുന്നത്...”
ഹാജിയാർ മറുപടി പറയാതെ നിസ്കാരപ്പായ വിരിച്ചു. അയാളുടെ പ്രാർഥന നീണ്ടതോടെ കൈവരിയിൽ പിടിച്ച് അവൻ മാളികമുറിയുടെ പടികൾ സാവധാനം ഇറങ്ങി. എതിരെ വന്ന പയ്യൻ മരുന്നു വെച്ചുകെട്ടിയ കാലിലേക്ക് നോക്കിയെങ്കിലും ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി.
87
നിരപ്പിലെ കച്ചവടത്തിന്റെ കാര്യങ്ങളെല്ലാം രായൻ പെട്ടെന്ന് പഠിച്ചെടുത്തു. പുത്തൻഷർട്ടും റിസ്റ്റുവാച്ചും കറൻസി നിറയുന്ന തുകൽപേഴ്സുമൊക്കെ ആയതോടെ വരത്തനെന്ന നിലയിൽ ആളുകൾക്കുണ്ടായിരുന്ന എതിർപ്പൊക്കെ കുറഞ്ഞു തുടങ്ങി. ഹാജിയാരുടെ മുന്നറിയിപ്പ് കിട്ടിയതിൽ പിന്നെ അവൻ കൊള്ളിശാന്തയുടെ വീട്ടിലേക്കുള്ള രാത്രിസഞ്ചാരം കുറച്ചു. ഒരുദിവസം അവൾ ആളെ അയച്ച് അവനെ ലായത്തിലേക്ക് വിളിപ്പിച്ചു. പോകാൻ തിടുക്കപ്പെട്ട അവനെ അത്താഴത്തിനു പിടിച്ചിരുത്തി.
“ഇന്നെന്റെ പിറന്നാളാ.”
“എന്നാ പിറന്നാളാണേലും. നീയാദ്യം കഴിയ്ക്ക്, എന്നിട്ട് മതിയെനിക്ക്.”
“പാഴൂരിന്റെ മൂത്തമോള് വിളമ്പി തന്നാലും നിങ്ങളിങ്ങനെ തന്നെ പറയുമോ...”
രായൻ മുറ്റത്തേക്കിറങ്ങി ബീഡി കത്തിച്ചു. കയ്യാലക്കപ്പുറം മിന്നാമിന്നികൾ നിറയുന്ന കാഴ്ച. ദൂരെനിന്നും കാടിറങ്ങുന്ന ചിന്നംവിളികൾ. കിടക്കയിൽനിന്നെഴുന്നേറ്റ് ശാന്ത അവനൊപ്പം ഇളംതിണ്ണയിൽ വന്നിരുന്നു. അവളുടെ മുടിയിൽനിന്ന് ചതഞ്ഞ കനകാംബരത്തിന്റെ മണം.
“റോസയെക്കുറിച്ച് പറഞ്ഞപ്പോ നിങ്ങക്ക് സങ്കടായോ...”
“ഓ എനിക്കെന്നാ സങ്കടം. അന്നം ആരു തന്നാലും ശ്രദ്ധിക്കണമെന്ന് ഹാജിയാരു പറഞ്ഞിട്ടുണ്ട്.”
“അങ്ങേരങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. സത്യമുള്ള ആളാണ്. ഞാനും അമ്മയുംകൂടി തൂക്കുമേട്ടിൽ താമസം തുടങ്ങുമ്പോഴേ അങ്ങേരുണ്ട്. ഇടനാട്ടിലായിരുന്നു വീട്. ഓത്തു പഠിപ്പിക്കാനാണ് ഇവിടെ എത്തിയത്. അന്നിവിടെ മുസ്ലിംകൾ ഉണ്ടായിരുന്നു. ഉരുളുപൊട്ടിയതോടെ അവരെല്ലാം ഇവിടം വിട്ടുപോയി. ഒരുദിവസം നിരപ്പിൽവെച്ച് കണ്ടപ്പോൾ, അമ്മയെ ഒന്നു ശ്രദ്ധിച്ചോണേന്നു പറഞ്ഞു. അങ്ങേരത് പറഞ്ഞതിന്റെ പിറ്റേ ആഴ്ച അമ്മ വിഷം കഴിച്ചു മരിച്ചു.”
“കിളവൻ കൊന്നതാവും.”
“അയ്യോ അങ്ങനെയൊന്നും പറയരുത്. നല്ല മനുഷ്യനാണ്. ആളുകളുടെ ഭൂതവും ഭാവിയുമൊക്കെ അറിയാം.
അമ്മ മരിച്ചുപോയതിന്റെ പിറ്റേ ആണ്ടിൽ ഇവിടെയൊരു ഉരുളുപൊട്ടലുണ്ടായി. ഞങ്ങളുടെ ലായംവരെ മണ്ണിടിഞ്ഞെത്തിയിരുന്നു. ഹാജിയാരുടെ മദ്രസ മണ്ണിനടിയിൽ പെട്ടുപോയി. അടിവാരത്ത് സാമ്പ്രാണി വാങ്ങാൻ പോയതുകൊണ്ട് അങ്ങേര് മാത്രം രക്ഷപ്പെട്ടു. നാലിന്റന്നാണ് മദ്രസയിലെ മറ്റു കുട്ടികളോടൊപ്പം അയാളുടെ മകന്റെ ശവം കിട്ടിയത്.
കൂട്ടിക്കൊണ്ടുപോകാൻ ഹാജിയാരുടെ ആൾക്കാര് വന്നെങ്കിലും തിരിച്ചുപോയില്ല. മകൻ കൂടെയുള്ളതുപോലെ കുന്നും മലയും താണ്ടി നടക്കും. കൈയിലെപ്പോഴും പുകയുന്നൊരു സാമ്പ്രാണിച്ചട്ടിയുണ്ടാകും.
ഒരു മഴക്കാലത്ത് നിരപ്പിലെ കടത്തിണ്ണയിൽ ജ്വരം മൂത്തുകിടന്ന അയാൾക്ക് റോസയുടെ അപ്പനാണ് മാളികമുറിയിൽ ഒരിടം കൊടുത്തത്. ആരെക്കണ്ടാലും മരിച്ചവരുടെ നിലവിളിയെക്കുറിച്ച് പറയും. മറ്റുള്ളവരുടെ ഭാവി പറയുന്നയാൾക്ക് എന്തുകൊണ്ടാണ് സ്വന്തം മകന്റെ മരണം അറിയാൻ കഴിയാതെപോയതെന്ന് ഞാനെപ്പോഴും ആലോചിക്കും.”
മണ്ണിനടിയിൽപെട്ടു മരിച്ചുപോയ പയ്യനെയാണ് ഇടക്കെല്ലാം കാണാറുള്ളതെന്ന് അറിഞ്ഞതോടെ രായന് മാളികമുറിയിലേക്ക് പോകാനൊരു പേടി. ശാന്ത എഴുന്നേറ്റ് മുടി വാരിക്കെട്ടി അയയിൽനിന്നും ഷർട്ടെടുത്തു കൊടുത്തു.
“അന്നയുടെ മരണത്തെക്കുറിച്ചും ഹാജിയാർക്ക് അറിയാനാകുമോ...”
“ആ കൊച്ച് ആത്മഹത്യ ചെയ്തതല്ലേ.”
“അനിയത്തി മരിച്ച ദിവസം മലമുകളിലെ ധ്യാനത്തിന് ഡിവൈൻ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കാൻ റോസ പോയിരുന്നു.’’
“പള്ളീന്ന് മാറാതെ നടക്കുന്ന കൊച്ചനാ അവൻ. അവളു പറയുന്നതൊന്നും നിങ്ങള് കാര്യമാക്കണ്ട. ഇടയ്ക്കാ പെണ്ണിന് തലയ്ക്ക് വെളിവില്ലാതെ വരും. ഊരിലെ വൈദ്യന്റെ അടുത്തായിരുന്നു തളംവെപ്പ്. സുഖമില്ലാണ്ടാവുമ്പോൾ കത്തിയെടുത്ത് കണ്ണീകാണുന്നതൊക്കെ വെട്ടും. സൂക്ഷിക്കണേ.”
88
രായനെയും കാത്ത് ഏലപ്പുരയിൽ കിടന്ന് ഉറങ്ങിപ്പോയ റോസ, മരിച്ചുപോയ അന്നയുടെ നിലവിളി കേട്ടാണ് ഞെട്ടിയുണർന്നത്. നേരം പാതിരാ കഴിഞ്ഞിരുന്നു. പട്ടിക്കൂട് അടച്ച് വീട്ടിലേക്ക് കയറുമ്പോൾ അകത്തെ മുറിയിൽനിന്ന് പതിഞ്ഞ സംസാരം. ഒച്ചയുണ്ടാക്കാതെ അവൾ വാതിലിന്റെ മറവിൽ നിന്നു. വിളക്കുവെട്ടത്തിൽ മച്ചിലേക്കു കണ്ണുംനട്ടു കിടക്കുന്ന അപ്പന്റെ കൈയിൽ ചിഞ്ചു അമർത്തിപ്പിടിച്ചിട്ടുണ്ട്.
‘‘അച്ചാച്ചിക്ക് ഉറങ്ങാൻ പറ്റുന്നില്ലേ..?’’
‘‘ചിഞ്ചുമോളെ. കയറു മുറിച്ച് അച്ചാച്ചിയെ ആരോ വീഴ്ത്തിയതാടി.’’
‘‘അച്ചാച്ചിക്ക് തോന്നുന്നതാ.’’
‘‘റോസ കിടന്നോ. എനിക്കവളെ ഓർത്തിട്ടാ ആധി.’’
‘‘ചേച്ചി കിടന്നു.’’
അയാളെന്തോ സ്വരംതാഴ്ത്തി പറഞ്ഞു. ചിഞ്ചുവിന്റെ ഏങ്ങലടി കേൾക്കാം. വിളക്ക് തെളിക്കാതെ റോസ അടുക്കള ചായ്പിൽ പായ വിരിച്ചു. അരയിലെ കത്തിയെടുത്ത് തലയിണയുടെ അടിയിൽ വെക്കുമ്പോൾ മുറ്റത്താരോ നടക്കുന്നപോലെ. എഴുന്നേറ്റ് ജനലിലൂടെ നോക്കി. നിലാവിൽ കാപ്പിച്ചെടികൾ അനക്കമറ്റു നിന്നു.
ഇരുട്ടിൽ എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചതുപോലെ ഏലപ്പുര.
89
‘‘ഇത് നടുവിനു വെച്ച് പ്രാർഥിക്ക്. അച്ചാച്ചി എണീറ്റ് നടക്കും.’’
ഒടിഞ്ഞ എല്ലുപോലും കൂട്ടിച്ചേർക്കുന്ന അരീക്കുഴി ധ്യാനകേന്ദ്രത്തിലെ അത്ഭുതപത്രം ഡിവൈൻ ചിഞ്ചുവിനെ ഏൽപിച്ചു.
‘‘കലക്കി അണ്ണാക്കിലൊഴിക്കാൻ പറയാഞ്ഞതു ഭാഗ്യം.’’
ചായകുടിയും കഴിഞ്ഞ് ഡിവൈൻ പോയപ്പോൾ റോസ ചിഞ്ചുവിനോടു കയർത്തു. രായൻ ഏലപ്പുരയിലേക്ക് രാത്രി വരാതിരുന്നതിന്റെ ദേഷ്യവും ചിഞ്ചുവിനോടുള്ള ഡിവൈന്റെ സ്നേഹവും കണ്ടതോടെ റോസയുടെ നിലതെറ്റി. ഡിവൈൻ കൊണ്ടുവന്ന പത്രത്തിന്റെ കാര്യം പറഞ്ഞ് ചേച്ചിയും അനിയത്തിയും തമ്മിൽ വഴക്കായി.
“അപ്പന്റെ നടുവിനു പത്രം വെച്ചൂന്ന് വെച്ച് വേറെ കുഴപ്പമൊന്നുമില്ലല്ലോ.”
“അതപ്പന്റെ മലം തുടക്കാനെ ഒതകൂ.”
“എന്തായാലും ഡിവൈനിച്ചായൻ വിശ്വാസത്തോടെ കൊണ്ടുവന്നതല്ലേ. കുറച്ചുദിവസം അതവിടെ ഇരിക്കട്ടെ.”
പത്രം നടുവിനു വെക്കാൻ തുടങ്ങിയതിന്റെ മൂന്നിന്റന്നു മുതൽ പാഴൂക്കാരന്റെ കാൽവിരലുകൾ ചലിച്ചുതുടങ്ങി.
വീട്ടിലെ കാര്യങ്ങൾ ഊരിലെ വൈദ്യനോടു പറയുമ്പോൾ റോസ കരഞ്ഞു. മരുന്നരച്ച് കൊടുത്തിട്ട് വൈദ്യൻ അവളെ സമാധാനപ്പെടുത്തി.
‘‘ചേച്ചിയും അനിയത്തിയും തേടുന്നത് അപ്പന്റെ രോഗശാന്തിയാണ്. രണ്ടാളും രണ്ടുവഴി തേടുന്നു. അതിലേതാണ് ശരിയെന്ന് ഭഗോതിയ്ക്ക് മാത്രമേ അറിയൂ. മോളു വിഷമിക്കണ്ട. അപ്പൻ എഴുന്നേറ്റു നടക്കും. ഞങ്ങളുടെ മുത്തച്ഛൻമാര് പണിത മരുന്നു കട്ടിലിലാണ് അയാൾ കിടക്കുന്നത്. പള്ളീലച്ചന്റെ പത്രമെടുത്തു മാറ്റണ്ട. അതവിടിരുന്നോട്ടെ. ധ്യാനത്തിനു അപ്പനെ കൊണ്ടുപോകുന്നതിലും തെറ്റൊന്നുമില്ല. വിശ്വാസങ്ങളെല്ലാം മനുഷ്യരുടെ നന്മയ്ക്കായാൽ മതി.’’
വെച്ചുനീട്ടിയ പുകയിലയും ദക്ഷിണയും വാങ്ങുമ്പോൾ, അവളെ സമാധാനിപ്പിക്കാനായി പാഴൂരിന്റെ വീട്ടിൽ മരുന്നുകട്ടിൽ എത്തിയതിന്റെ ചരിത്രം വൈദ്യൻ ആവർത്തിച്ചു.
“മേനച്ചായന്റെ കാരണവൻമാരാണ് ഇവിടെ ആദ്യമായി കുടിയേറുന്നത്. അന്നും ഞങ്ങളുടെ പൂർവികർ ഇവിടെയുണ്ട്. കുടിയേറിയവർക്ക് എന്തെങ്കിലുമൊക്കെ ദീനം വന്നാൽ ഊരിലെ മരുന്നായിരുന്നു കൊടുത്തിരുന്നത്. ഒരിക്കൽ മേനച്ചായന്റെ കാർന്നോരിൽ ഒരാൾ കുന്നിൻചരിവിൽനിന്നു കാലുതെന്നി വീണു. വീഴ്ചയിൽ നട്ടെല്ലിലാണ് മുളങ്കമ്പു തറഞ്ഞുകയറിയത്. അരക്കു കീഴ്പ്പോട്ടു തളർന്നയാളെ മഞ്ചലിൽ ഇവിടെ കൊണ്ടുവന്നു. അന്നെന്റെ മുത്തച്ഛനായിരുന്നു വൈദ്യൻ. നൂറ്റൊന്നു മരുന്നു ചെടികളുടെ മരക്കഷണം കൂട്ടിയോജിപ്പിച്ച് അദ്ദേഹം ഒരു കട്ടിൽ തയാറാക്കി. രോഗിയെ അതിൽ കിടത്തിയായിരുന്നു പിന്നീടുള്ള ചികിത്സ.
നാൽപത്തിയൊന്നാം പക്കം രോഗി എഴുന്നേറ്റു നടന്നു. മേനച്ചായന്റെ പൂർവികർ, മൂപ്പരുടെ അനുവാദമില്ലാതെ കട്ടിൽ ബലമായി ഇവിടെനിന്നും എടുത്തുകൊണ്ടുപോയി. പിന്നീട് കുറെക്കാലം കഴിഞ്ഞ് അതെങ്ങനെയോ മാളികവീട്ടിലെത്തി. അവിടെ നിന്നാണ് നിന്റെ വീട്ടിലേക്ക് അത് എത്തുന്നത്.
കട്ടിൽ നീ ശുദ്ധിയായി സൂക്ഷിച്ചോ. എത്ര വലിയ ദീനക്കാരനും അതിൽ കിടന്നാൽ എഴുന്നേറ്റു നടക്കും.”
90
ഊരിലെ മരുന്നും വാങ്ങി വരുന്ന വഴി, രായനെ അന്വേഷിച്ച് റോസ നിരപ്പിലെ കടമുറിയിൽ എത്തി. ഉയർത്തിവെച്ചിരുന്ന കാലിലെ ഈച്ചയെയും ആട്ടിയിരുന്ന അവനെ കണ്ടതോടെ അവളുടെ ദേഷ്യമെല്ലാം അടങ്ങി.
‘‘നിങ്ങൾക്കെന്റെയൊപ്പം ഒരു സ്ഥലംവരെ വരാൻ പറ്റുമോ?''
“ഈ വയ്യാത്ത കാലും വെച്ചോ?’’
‘‘അപ്പനെ കൊണ്ടുപോകാനാ. ജീപ്പ് ഡിവൈനെടുക്കും. എനിക്ക് തനിച്ചവനോടൊപ്പം പോകാൻ വയ്യ. നിങ്ങള് വെറുതെ വണ്ടിയിലിരുന്നാ മതി.’’
എതിര് പറയാനുള്ള സാവകാശം കിട്ടിയില്ല.
പിറ്റേന്ന് വെട്ടം വീണതോടെ ഡിവൈൻ ജീപ്പുമായി എത്തി. പാഴൂരിനെ വണ്ടിയുടെ പിന്നിൽ കിടത്തി. അപ്പന്റെ തല മടിയിലേക്ക് റോസ ചേർത്തുപിടിച്ചിരുന്നു.
‘‘കരയല്ലേ അച്ചായീ.’’
ബാഗിൽനിന്ന് സോക്സെടുത്ത് അപ്പന്റെ കാലിൽ ഇട്ടുകൊടുക്കാൻ റോസ രായനോടു പറഞ്ഞു. അയാളുടെ കാല് രണ്ടും തണുത്തിരുന്നു. കയറ്റം കയറാൻ തുടങ്ങിയപ്പോഴേക്കും പാഴൂരിനൊരു വെപ്രാളം. റോസയെ കാണിക്കാനെന്നോണം രായൻ സോക്സിട്ട കാലിൽ തടവി. അടിവാരത്ത് എത്തിയതും വലിക്കണമെന്നു പറഞ്ഞ രായൻ ഇറങ്ങി. തിരിച്ചുകയറുമ്പോൾ റോസ അവനെ സംശയത്തോടെ നോക്കി. കുടിച്ചിട്ടില്ലെന്ന് അവൻ ആംഗ്യം കാട്ടി.
‘‘അച്ചന്റെ പത്രം നടുവിനു വെച്ചപ്പോഴേ കാലനങ്ങിത്തുടങ്ങി. അവിടെയൊന്നു എത്തിച്ചാ, ഉറപ്പായിട്ടും അച്ചാച്ചി എണീറ്റു നടക്കും.”
ഡിവൈൻ ആത്മവിശ്വാസത്തോടെ ജീപ്പ് എടുത്തു. അടിവാരത്തുനിന്നും മൂന്നാലു മണിക്കൂർ യാത്ര. മലയും കുന്നുമിറങ്ങി ജീപ്പ് നിരപ്പുള്ള റോഡിലെത്തി. ഹൈവേയോടു ചേർന്നായിരുന്നു ധ്യാനകേന്ദ്രം. പാർക്കിങ് ഏരിയ നിറഞ്ഞ് വണ്ടികൾ. നടുവ് തളർന്ന ആളാണെന്ന് കണ്ടതോടെ ഗേറ്റിനകത്തേക്ക് ജീപ്പ് കയറ്റാൻ അനുവദിച്ചു. രജിസ്ട്രേഷൻ കൗണ്ടറിലിരുന്ന മെലിഞ്ഞ സിസ്റ്റർ നിർദേശങ്ങൾ ആവർത്തിച്ചു.
‘‘കിടപ്പുരോഗി ആയതുകൊണ്ടു റൂമെടുക്കണം. ടി.വിയിൽ ലൈവായി ശുശ്രൂഷകൾ കാണാം. രോഗശാന്തി ശുശ്രൂഷ നടക്കുമ്പോൾ രോഗിയെ മെയിൻ ഹാളിലേക്ക് കൊണ്ടുവരണം. അതിനുള്ള സ്ട്രെച്ചർ ഇവിടെനിന്നു പ്രൊവൈഡ് ചെയ്യും. അപ്പന്റെ കൂടെ മകൾക്ക് നിൽക്കാം. ആണുങ്ങൾ ഡോർമെറ്ററിയിൽ തങ്ങണം.’’
വരുന്നവഴി മാടക്കടയുടെ മുന്നിൽ ജീപ്പ് നിർത്തി രണ്ടെണ്ണം അടിച്ചതു നന്നായെന്നു രായനു തോന്നി. ധ്യാനകേന്ദ്രത്തിന്റെ ജയിലുപോലെ ഉയർന്ന മതിലിനരികിലൂടെ അവൻ നടന്നു. പുറകുവശത്തെ മതിലിനോടു ചേർന്ന് നിറയെ തീപ്പെട്ടിമരങ്ങൾ. മരച്ചോട്ടിൽ കുത്തിയിരുന്നു മൂത്രമൊഴിച്ചിട്ട് എഴുന്നേൽക്കുമ്പോൾ തൊട്ടപ്പുറത്തിരുന്നു ഒരുത്തൻ വലിക്കുന്നു.
‘‘ഇതിനകത്താണോടാ കഞ്ചാവു വലി.’’
വലിച്ചുകൊണ്ടിരുന്നവൻ പേടിച്ചു. മടിയിൽ ചേടിവെച്ചിരുന്ന പൊതി കുത്തിനു പിടിച്ചു വാങ്ങി.
കുറച്ചുനേരം രായനെ ചുറ്റിപ്പറ്റി നിന്നിട്ട് ചെറുപ്പക്കാരൻ ധ്യാനപ്രസംഗം നടക്കുന്ന ഹാളിലേക്ക് കയറി. രാവിലെ മുതൽ വൈകുന്നേരം വരെ തുടർച്ചയായുള്ള പ്രാർഥനകൾ. മുഷിപ്പു തുടങ്ങിയപ്പോൾ മതിലു ചാടാനൊരു ശ്രമം നടത്തി. രണ്ടു വട്ടവും സെക്യൂരിറ്റി പിടിച്ചു. കൈ ഉയർത്തി ആളുകൾ സ്തോത്രം പറയുമ്പോൾ രായൻ ഇടതുവശത്തിരിക്കുന്ന പെണ്ണിനോട് അവളുടെ ഊരും പേരുമൊക്കെ ചോദിച്ചുതുടങ്ങി.
ധ്യാനത്തിന്റെ രണ്ടാം ദിവസം ഉച്ച കഴിഞ്ഞുള്ള വിടുതൽ ശുശ്രൂഷയിൽ നട്ടെല്ലിനു പരിക്കുപറ്റിയ ഒരാളെ കർത്താവു സ്പർശിക്കുന്നെന്ന് പാതിരി വിളിച്ചുപറഞ്ഞു. പാഴൂരിനെ സ്ട്രെച്ചറിൽ സ്റ്റേജിനു മുന്നിലേക്കു കൊണ്ടുവന്നു.
‘‘കൂട്ടുവന്നവരിൽ രായനെന്നു പറയുന്ന ഒരാളെയും കർത്താവു സൗഖ്യമാക്കുന്നു. അയാളും മുന്നോട്ടു വരിക.’’
അങ്ങനെയൊരാൾ കൂടെ വന്നിട്ടില്ലെന്ന് റോസ അച്ചനോടു പറഞ്ഞു. അച്ചൻ മൈക്ക് പൊത്തിപ്പിടിച്ചു. ഹാളിൽ നിശ്ശബ്ദത.
ആളുകളുടെ ഇടയിലൂടെ മുന്നോട്ടു വന്ന രായൻ സ്റ്റേജിലേക്കു കയറി. സ്തോത്രം പറച്ചിലിൽ ഓഡിറ്റോറിയം മുങ്ങി.
റോസ രായനെ നോക്കി.
അവൻ തല കുമ്പിട്ടു.
91
പാഴൂരുമായി ധ്യാനകേന്ദ്രത്തിൽനിന്നു തിരിച്ചെത്തി, രണ്ടു ദിവസം കഴിഞ്ഞ് തനിച്ചു കിട്ടിയപ്പോൾ ചിഞ്ചു അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് ഡിവൈനോടു തിരക്കി.
‘‘കുഞ്ഞാപ്പിയെന്നല്ല. രായനെന്നാ അവന്റെ പേര്. പെരുംകള്ളനാ. പേടിക്കണ്ട, ഇനിയവൻ തിരിച്ചുവരില്ല.’’
‘‘ഇച്ചായനെന്താ ഉറപ്പ്...’’
‘‘കടയിലുണ്ടായിരുന്ന കാശ് മുഴുവനും എടുത്തോണ്ടാ പന്ന പോയത്.’’
അരയിൽ ചേടാറുള്ള കത്തിയുമായി റോസ മുറ്റത്തേക്കിറങ്ങുന്നതു കണ്ട് ഡിവൈൻ വേഗം ജീപ്പുമെടുത്ത് ചരിവിറങ്ങി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.