98
വെരോണി സാവകാശം മുറിയിലേക്കു കയറി. വാതിൽപാളിയിൽ അവരുടെ വിളറിയ വിരലുകളാണ് ജോസഫൈൻ ആദ്യം കണ്ടത്. എഴുതിക്കൊണ്ടിരുന്ന ഡയറി വേഗം മേശക്കുള്ളിലേക്കു വെച്ചു. എന്തിനാണ് വന്നതെന്ന് ചോദിച്ചിട്ടും ഒന്നും മിണ്ടാതെ നിന്ന വെരോണിയോട് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു. ഉറക്കെയുള്ള സംസാരം കേട്ട് ആഗ്നസ് എത്തുമ്പോൾ കരഞ്ഞുകൊണ്ട് മുറിയിൽനിന്നിറങ്ങുന്ന വെരോണിയെയാണ് കണ്ടത്.
“എന്തിനാ സിസ്റ്ററേ അവരെ കരയിച്ചത്. സുഖമില്ലാത്ത ആളാ.”
മുറിവേറ്റ ശലഭത്തിന്റെ പിടച്ചിൽപോലെ ഭിത്തിയിൽ പിടിച്ച് നടക്കുന്ന വെരോണിയുടെ പിന്നാലെ ജോസഫൈൻ ചെന്നു.
“സോറി. എനിക്കറിയില്ലായിരുന്നു.”
സങ്കടം മായ്ച്ചൊരു ചിരി തിരികെ ജോസഫൈന് കൊടുക്കാൻ കഴിയാതെ വെരോണി മുറിയിലേക്ക് കയറി.
കാൽമുട്ടുകൾ നെഞ്ചോടു ചേർത്ത് രാത്രി വൈകിയും വെരോണി കിടക്കയിൽ കുത്തിയിരുന്നു. കുഴപ്പംപിടിച്ച ചിലതെല്ലാം മഠത്തിൽ നടക്കുന്നതുപോലെ. ഭയപ്പെടേണ്ട, കർത്താവ് കൂടെയുണ്ട് എന്നൊക്കെ തനിക്കുമാത്രം കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞുതുടങ്ങി.
ഏങ്ങലടി കേട്ട് ആഗ്നസ് എഴുന്നേറ്റു.
“കരയല്ലേ.”
നര കയറിയ വെരോണിയുടെ മുടിയൊതുക്കി ആഗ്നസ് ഒരു റിബണിന് കെട്ടി, നെറ്റിയിൽ പതുക്കെ തടവി.
കുട്ടിക്കാലത്ത് നെറുകയിൽ തടവുമ്പോൾ അമ്മാമ്മ നിറയെ കഥകൾ പറയുമായിരുന്നു. മിക്ക കഥകളിലും നായകൻ നസ്രായനാണ്. ഭയപ്പെടേണ്ട എന്നൊരു വാക്ക് അവൻ ആവർത്തിക്കും.
മുന്നൂറ്റിയറുപത്തിയഞ്ച് പ്രാവശ്യം തുടർച്ചയായി ‘ഭയപ്പെടേണ്ട’ എന്നെഴുതുകയോ പറയുകയോ ചെയ്താൽ ഏതു പേടിയും മാറുമെന്നും പറഞ്ഞ് അമ്മാമ്മ വേദപുസ്തകം എടുത്തുതരും.
“ശരിയാണോ അമ്മാമ്മേ?”
“കുഞ്ഞ് എണ്ണിനോക്ക്.”
ചുവപ്പ് മഷിക്ക് ‘ഭയപ്പെടേണ്ട’ എന്ന വാക്കുകളുടെ അടിയിൽ വരച്ചു. ചോരനിറത്താൽ വേറിട്ട തിരുവെഴുത്തുകൾ എണ്ണി. അമ്മാമ്മ പറഞ്ഞതിനേക്കാൾ നാലെണ്ണം കുറവ്.
‘‘തെറ്റിയതാവും. ഒന്നുകൂടി എണ്ണ്.’’
വെരോണി വീണ്ടും എണ്ണി. അപ്പോൾ മൂന്നെണ്ണം കൂടുതൽ. എണ്ണലിന്റെ ആവർത്തനങ്ങളിൽ തലമുടി പിടിച്ചുവലിക്കാൻ തുടങ്ങി. പിഴുതുപോകുന്ന മുടിയിഴകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കറുത്ത കുന്നുപോലെ പുസ്തകത്തിൽനിന്ന് വാക്കുകൾ അവളുടെ കണ്ണിലേക്ക് ഉയർന്നു. അതൊരു ചുഴിപോലെ മുറിക്ക് ചുറ്റും കറങ്ങി. നോക്കിനിൽക്കെ വാലും കൊമ്പും രൂപപ്പെട്ടു. പൊത്തിപ്പിടിച്ചിട്ടും ഒരു വാൾ കടക്കുന്ന വേദനയോടെ അടിയുടുപ്പിലേക്കത് കയറി.
പേടി നിറഞ്ഞ കഥകളൊന്നും അവളോട് പറയരുതെന്നും പറഞ്ഞ് വെരോണിയുടെ അപ്പൻ അമ്മാമ്മയെ വിലക്കി. എന്നിട്ടും ഇരുട്ടു തിങ്ങുന്ന രാത്രികളിൽ വെരോണി അവരുടെ കഥകളോർത്തു കിടന്നു.
മുതിർന്നതോടെ കോൺവെന്റിൽ പോകണമെന്ന് വാശിപിടിച്ചു. സുഖമില്ലാത്തവൾ മഠത്തിൽ പോയാൽ ആരു നോക്കുമെന്നും പറഞ്ഞ് വീട്ടിലുള്ളവർക്ക് എതിർപ്പ്. അവളുടെ ആഗ്രഹം അതാണെങ്കിൽ പൊയ്ക്കോട്ടെയെന്ന് അപ്പൻ.
മഠത്തിലെത്തിയിട്ടും വീട്ടിലെ ശീലങ്ങൾ മാറ്റാനായില്ല. പ്രലോഭകൻ അതിലൂടെ കയറുമെന്ന പേടിയിൽ ഒന്നിനു മീതെ ഒന്നുകൂടി ഉടുത്തു. ഇപ്പോഴതില്ലാതെ ഉറങ്ങാൻ കഴിയില്ല. അടിവസ്ത്രം മാറാത്തതിന്റെ പേരിൽ മദർ വഴക്കു പറയും. ചൊറിഞ്ഞു പൊട്ടിത്തുടങ്ങുമ്പോൾ തൂങ്ങപ്പെട്ട രൂപത്തിന്റെ തുടയിടുക്കിലാണ് കണ്ണെത്തുക. അവനെ ആദ്യം നാലാണിയിൽ തറക്കാനാണ് തീരുമാനിച്ചത്. നോക്കിനിന്നവരുടെ കളിയാക്കൽ കണ്ടാണ് ഒറ്റക്കണ്ണനായ റോമൻ പടയാളി രണ്ടു കാലും ചേർത്ത് തറച്ചത്. ലോഞ്ചിനോസ് എന്നായിരുന്നു അയാളുടെ പേര്. ആളുകൾ പരിഹാസം തുടരുന്നത് കണ്ട് അവൻ കുന്തംകൊണ്ടു വിലാപ്പുറത്ത് കുത്തി അവിടത്തെ പീഡകൾ അവസാനിപ്പിച്ചു.
ക്രൂശിതരൂപം കാണുമ്പോഴെല്ലാം ഓർക്കാറുള്ള അമ്മാമ്മയുടെ കഥകളിൽ മുഴുകി വെരോണി ആഗ്നസിനോട് ചോദിച്ചു:
‘‘ജീവൻ പോകാതെ വിഷമിക്കുന്നവരെ മരണത്തിനു സഹായിക്കുന്നതും ഒരു പുണ്യപ്രവൃത്തിയല്ലേ...”
“ഇങ്ങനെയൊന്നും പറയല്ലേ... വെരോണി സിസ്റ്ററേ.”
ആഗ്നസ് നെറ്റിയിൽ തടവുന്നത് നിർത്തി. കാൽമുട്ടുകളിലേക്ക് തലചേർത്ത് വെരോണി തനിക്കുള്ള ഭൂമിയിലെ ഇടം ഒന്നുകൂടി ചെറുതാക്കി.
‘‘ആർക്കും എന്നെ ഇഷ്ടമല്ല.’’
“ഇഷ്ടമുള്ളതുകൊണ്ടല്ലേ ഞാനിങ്ങനെ കൂട്ടുകിടക്കുന്നത്.”
“രാത്രി ഇറങ്ങിനടക്കുമെന്ന് പേടിച്ചിട്ടല്ലേ...”
“അല്ല. ശരിക്കും ഇഷ്ടമുള്ളതുകൊണ്ട്.”
“ആഗ്നസേ, ഇവിടെ എന്തൊക്കെയോ രഹസ്യമായി നടക്കുന്നുണ്ട്. അല്ലെങ്കിൽ എന്തിനാണ് പുതിയ സിസ്റ്റർ എന്നെ വഴക്കു പറഞ്ഞത്.”
വെരോണിയോട് പറയരുതെന്ന് മദറിന്റെ വിലക്കുണ്ടായിരുന്നിട്ടും, മലമുകളിലെ മഠത്തിൽ മേബിളും അമലയുംകൂടി പോയതും, ആബേലമ്മയെ ദൈവദാസിയാക്കാൻ തീരുമാനിച്ചതും ആഗ്നസ് പറഞ്ഞു.
“കഴിഞ്ഞദിവസം മാമ്പള്ളിയച്ചനാണ് തീരുമാനം അറിയിച്ചത്. കടപ്പുറത്തുനിന്നുള്ള ആളായതുകൊണ്ട് സിസ്റ്റർ ഉഷയെ ഒഴിവാക്കി. സുഖമില്ലാതെ കിടപ്പായതുകൊണ്ടാണ് വെരോണി അതൊന്നും അറിയാതെ പോയത്.”
‘‘എനിക്ക് ആബേലമ്മയെ അറിയാം. മഠത്തിൽ ചേരാനെത്തിയ ഞങ്ങളുടെ കാര്യങ്ങളെല്ലാം അമ്മയാണ് നോക്കിയിരുന്നത്.”
വെരോണി ആബേലമ്മയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതോടെ തൊട്ടടുത്ത മുറിയിലെ മേബിളിനെ ആഗ്നസ് വിളിച്ചുകൊണ്ടു വന്നു.
“വെരോണിക്ക് ആബേലമ്മയെക്കുറിച്ച് അറിയാം.”
അവരുടെ ബുദ്ധിമുട്ട് കണ്ട് ചാരിയിരിക്കാൻ ഭിത്തിയോടു ചേർത്തൊരു തലയിണ മേബിൾ വെച്ചുകൊടുത്തു.
മഠത്തിൽ ചേർന്നതു മുതലുള്ള കാര്യങ്ങൾ വെരോണി പറഞ്ഞുതുടങ്ങി.
തൂക്കുമേട്ടിൽവെച്ചാണ് ഞാൻ ആബേലമ്മയെ കാണുന്നത്. സഭ പഠിപ്പിക്കുന്നതു കൂടാതെ ചില പ്രമാണങ്ങളും ചട്ടങ്ങളും ആബേലമ്മ പരിശീലിപ്പിക്കുമായിരുന്നു. നൊവിസുകൾക്ക് വേദോപദേശം നൽകുമ്പോൾ ഒച്ച താഴ്ത്തി അമ്മ അതെല്ലാം പറയും.
ക്ലാസ് തുടങ്ങുമ്പോൾ മുതൽ അവർക്കൊരു വെപ്രാളമാണ്. മഠത്തിലുള്ളവർ കേൾക്കാതിരിക്കാൻ അടുത്തേക്ക് വന്നാണ് സംസാരം. കേട്ടതൊന്നും പറഞ്ഞുനടക്കരുതെന്ന് ആവർത്തിക്കും. ആകെ ഇഷ്ടക്കേട് പാതിരിമാരോടായിരുന്നു.
“കുമ്പസാരത്തിന്റെ മഹത്ത്വം എത്ര വൈദികർക്ക് അറിയാമെന്ന് എനിക്കറിയില്ല. അനുതാപക്കൂട്ടിൽ കയറുന്ന പള്ളീലച്ചൻ ക്രിസ്തുവായി മാറണം. അങ്ങനെയൊരു ട്രാൻസ്ഫോർമേഷൻ ക്ലേശകരമാണ്. കയം കണ്ട കന്നിനെപ്പോലെ തിരക്കിട്ട് കുമ്പസാരക്കൂട്ടിലേക്ക് കേറുന്ന പാതിരിക്ക് അതെങ്ങനെ ഉണ്ടാവാനാണ്. എങ്ങനെ അവർ ദൈവത്തെപ്പോലെ മനുഷ്യരെ കേൾക്കും.”
അച്ചൻമാരെക്കുറിച്ചാണ് സംസാരമെങ്കിൽ ആബേലമ്മയുടെ ചെന്നി പിടയും. പതറുന്ന ഒച്ച ശരിയാക്കാൻ ചൂടുവെള്ളം കുടിക്കും. ഇടനാഴിയിലേക്ക് ചെന്ന് ആരുമില്ലെന്ന് ഉറപ്പിച്ചിട്ട് അവർ തുടരും.
“നിങ്ങളൊരു ചീത്തവാക്ക് പറഞ്ഞുവെന്നു വിചാരിക്കുക. കുമ്പസാരക്കൂട്ടിൽ ചെന്ന് അതങ്ങനെതന്നെ പറയരുത്. പകരം ദൈവത്തിന് ഇഷ്ടമില്ലാത്തൊരു വാക്ക് പറഞ്ഞിട്ടുണ്ടെന്ന് മതി. ചീത്ത കാര്യമാണെങ്കിൽ, ദൈവത്തിന് ഇഷ്ടമില്ലാത്ത പ്രവൃത്തി എന്നും മതിയാകും.
നിങ്ങളങ്ങനെ പറയുമ്പോൾ ദൈവത്തിന് ഇഷ്ടമില്ലാത്ത ഏത് വാക്കാണെന്നോ, അല്ലെങ്കിൽ ഏത് പ്രവൃത്തിയാണ് ചെയ്തതെേന്നാ കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതൻ വിശദീകരണം ചോദിച്ചാൽ ഉറപ്പിക്കാം. അതിനുള്ളിലിരിക്കുന്നയാൾ വെറും പള്ളീലച്ചനാണെന്ന്. അങ്ങനെയുള്ള ചോദ്യങ്ങൾക്ക് കൃത്യമായി ഒന്നും വെളിപ്പെടുത്തരുത്.
ദൈവത്തിനോട് നേരിട്ടെല്ലാം പറഞ്ഞുകൂടെ എന്ന് നിങ്ങൾ ചോദിക്കുമായിരിക്കും. കുഞ്ഞിലേ കളവുചെയ്യുമ്പോൾ അമ്മമാർ നമ്മളോടു പറയാറില്ലേ സത്യം പറ നീ എന്താ ചെയ്തതെന്ന്. തെറ്റ് ഏറ്റുപറയുമ്പോൾ തല്ലുകിട്ടിയാലും നമുക്കൊരു സമാധാനം കിട്ടും. ലോകത്തിലുള്ള എല്ലാവരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ കുമ്പസാരിക്കുന്നവരാണ്. എല്ലാം ഏറ്റുപറയാൻ അമ്മയെപ്പോലെ അല്ലെങ്കിൽ ദൈവത്തെപ്പോലെ ഒരാളെ കിട്ടുക ഭാഗ്യം. അങ്ങനെയാവാൻ ഒരു പാതിരിക്ക് കഴിയുമോ...”
ആബേലമ്മയുടെ ക്ലാസുകൾ കേട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല. പഠനം കഴിഞ്ഞ് ഞങ്ങളെ അവർ ചാപ്പലിലേക്ക് പ്രാർഥനക്കു കൊണ്ടുപോകും. എന്റെ പേടിയെക്കുറിച്ചെല്ലാം പറയണമെന്നുണ്ടായിരുന്നു. അന്നതിന് കഴിഞ്ഞില്ല.
“ആബേലമ്മയെക്കുറിച്ച് മറ്റെന്തെങ്കിലും...”
കുറച്ചുനേരം മിണ്ടാതിരുന്നിട്ട് വെരോണി തുടർന്നു.
വയ്യാതെ കുറച്ചുനാൾ കിടന്നിട്ടാണ് ആബേലമ്മ മരിച്ചത്. നൊവിസുകളുടെ ഡോർമെറ്ററിയിൽ ആബേലമ്മയുടെ ചിത്രമുണ്ട്. അവർ സേവനം ചെയ്തിരുന്ന അനാഥാലയത്തിലെ പയ്യൻ വരച്ചതാണ്. പേടി വരുമ്പോഴൊക്കെ ഞാൻ അതിനു മുന്നിൽ പോയി പ്രാർഥിക്കും. ആബേലമ്മയായിരുന്നു നൊവിസുകൾക്കുള്ള പ്രയറുകൾ എഴുതിയിരുന്നത്. അവരുടെ കൈപ്പടയിലുള്ള പലതും പിന്നീടെത്തിയ മദർ കത്തിച്ചു കളഞ്ഞു. എന്നാലും നിത്യാരാധനയെക്കുറിച്ച് അവരെഴുതിയതാണ് ഇപ്പോഴും മഠത്തിലും വായിക്കുന്നത്.
വെരോണി പറയുന്നതെല്ലാം മേബിൾ ശ്രദ്ധയോടെ കേട്ടിരുന്നു.
“പുണ്യവതിയാവുമെങ്കിൽ അവർ നമ്മളെപ്പോലുള്ള അബലകളുടെ മധ്യസ്ഥയാവും.”
അബലകളുടെ മധ്യസ്ഥയായ ആബേലമ്മ. വെരോണിയുടെ ക്യാപ്ഷൻ കൊള്ളാമെന്ന് മേബിളിന് തോന്നി. അവർ ഉടനെ അത് ഡയറിയിൽ എഴുതി.
രാത്രി വൈകിയും സംസാരം തുടർന്നു. കപ്പളങ്ങാമരത്തിന്റെ തണ്ടിലിരുന്ന ആബേലമ്മയുടെ ആത്മാവ് അതെല്ലാം കേട്ടുകൊണ്ടിരുന്നു.
തന്റെ ജീവചരിത്രം എഴുതപ്പെടാൻ പോകുന്നു.
“അർഹതയില്ലാത്ത ദൈവദാസിയുടെ ‘മുടി’ എന്നെ ധരിപ്പിക്കല്ലേ ഈശോയേ.”
ആത്മാവ് കരഞ്ഞു.
99
കുഴിവെട്ടിനൊപ്പം മഠത്തിനുവേണ്ടി നിർമിക്കുന്ന പുത്തൻ കപ്പേളയിലെ പണികളും കിട്ടിയതോടെ കുഞ്ഞാപ്പിയുടെ വരുമാനം കൂടി. കല്യാണക്കാര്യം പറയുമ്പോഴെല്ലാം കർമലി ഒഴിഞ്ഞുമാറി. ആദ്യമൊക്കെ അവനോട് ദേഷ്യമായിരുന്നു. അതു മാറാൻ കുറച്ചു കാലമെടുത്തു. ഒരു അടുപ്പം തോന്നിത്തുടങ്ങിയപ്പോഴേക്കും വീണ്ടും അകൽച്ച. അവന്റെ ദേഹത്തെ വേർപ്പുമണമായിരുന്നു കാരണം.
“അതൊക്കെ ഇത്തിരി കഴിയുമ്പോ ശരിയാകും കൊച്ചേ.”
ദുമ്മിനി മകളെ സമാധാനപ്പെടുത്തി. കുഞ്ഞാപ്പിയെ വേണ്ടെന്നുവെക്കാൻ കർമലിക്കും കഴിഞ്ഞില്ല. അപ്പൻ പറയുന്നതുപോലെ അതെല്ലാം മാറുമെന്ന് അവളും കരുതി. ഇടക്ക് ശവവണ്ടിപ്പുരയിലേക്ക് ചെല്ലും. തിരിച്ചെത്തിയാലുടനെ കടവിലിറങ്ങി കുളിക്കും. എന്നാലും അവന്റെ ദേഹത്തെ ശവച്ചൂര് അവളെ ഒട്ടിനിന്നു.
ഒരുദിവസം കുമ്പസാരക്കൂട്ടിൽവെച്ച് മാമ്പള്ളിയച്ചനോട് അവളെല്ലാം തുറന്നുപറഞ്ഞു.
“പെട്ടെന്ന് അകറ്റണ്ട. അവന് സങ്കടമാവും. ”
ഉള്ളിൽ നിറയെ സ്നേഹമുണ്ടെങ്കിലും നിസ്സാര കാര്യങ്ങളിൽ പിണക്കം നടിച്ച് കർമലി പതുക്കെ കുഞ്ഞാപ്പിയിൽനിന്നും അകന്നു. അന്തിക്ക് കള്ളും വാങ്ങി അവളുടെ അപ്പനെ കാണാൻ ചെല്ലുമ്പോഴെല്ലാം അകൽച്ചയുടെ ഭാരം അവനെ അലട്ടി.
“നിനക്ക് തോന്നുന്നതാ. പള്ളിക്കാരോടു ചോദിച്ച് വടക്കേ പറമ്പിലെ സ്ഥലം വാങ്ങ്. വീടുപണി തീർന്നാലുടനെ നിങ്ങളുടെ കല്യാണം.”
കുഴിവെട്ടി കിട്ടുന്ന പണമൊക്കെ പള്ളിട്രസ്റ്റിന്റെ ചിട്ടിയിലാണിടുന്നത്. പള്ളീലച്ചൻ അനുവദിച്ചാൽ വീടിനും സ്ഥലത്തിനുമുള്ള തുക ലോണായി തരാമെന്ന് സെക്രട്ടറി.
ഒന്നിലും ഒരു തീരുമാനമാകാത്തതിന്റെ വിഷമത്തോടെ കുഞ്ഞാപ്പി പുറത്തേക്ക് ഇറങ്ങാതെ ശവവണ്ടിപ്പുരയിൽ കഴിഞ്ഞു. ഒരുദിവസം സന്ധ്യ കഴിഞ്ഞ് വണ്ടിപ്പുരയുടെ വാതിലിൽ ആരോ മുട്ടി. സാധാരണ ആ നേരത്ത് ആരും വരാറില്ല. മാമ്പള്ളിയച്ചൻ മലയിലെ പള്ളിയിൽ പോയെന്നാണ് കപ്യാര് പറഞ്ഞത്. കർമലിയാവും.
പ്രതീക്ഷയോടെ വാതിൽ തുറന്നു. അച്ചനെ കണ്ടതും അവന്റെ മുഖത്തെ ചിരി മാഞ്ഞു.
“നീ ഇതിനകത്ത് എന്നായെടുക്കുവാ..?”
എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയുമ്പോഴാണ് മാമ്പള്ളിയച്ചനങ്ങനെ മുഖവുരയായി ഓരോന്നു ചോദിച്ചു തുടങ്ങുന്നത്. സംഗതി എന്തോ കുഴപ്പം പിടിച്ചതാണ്. രായനുണ്ടായിരുന്നെങ്കിൽ എന്തും ചെയ്യാനൊരു ധൈര്യമായിരുന്നു.
“നീ ഗേറ്റിലേക്ക് ഒന്നു നോക്കൂ.”
സെമിത്തേരിയുടെ ഗേറ്റിനു മുന്നിൽ ആരോ നിൽപുണ്ട്. ചുറ്റുമതിലിന്റെ നിഴൽ വീണതുകൊണ്ടു കുഞ്ഞാപ്പിക്ക് ആളെ മനസ്സിലായില്ല. അച്ചൻ കൈകാട്ടി വിളിച്ചപ്പോൾ മതിലിനരികിൽനിന്നവൻ അടുത്തേക്കു വന്നു. ഒരു നിമിഷം പതറി നിന്നിട്ട് കുഞ്ഞാപ്പി ഓടിച്ചെന്നു.
‘‘പണ്ടാരടങ്ങാൻ നീ എവിടാരുന്നു. രായാ...’’
‘‘നിന്റെ തള്ളയെ കെട്ടിക്കാൻ പോയി.’’
ചീത്തവിളി കേട്ടുനിൽക്കാനാവാതെ അച്ചൻ സെമിത്തേരിയിൽനിന്നിറങ്ങി. ഗേറ്റുവരെ എത്തിയപ്പോഴേക്കും എന്തോ ഓർത്തിട്ടെന്നപോലെ കുഞ്ഞാപ്പിയെ അടുത്തേക്ക് വിളിച്ചു.
‘‘ഇന്നവൻ നിന്റൊപ്പം കിടന്നോട്ടെ.’’
ശവവണ്ടിയുടെ താഴെ കുഞ്ഞാപ്പി പായ വിരിച്ചു.
“വണ്ടീലാ, നിന്റെ കിടപ്പ്.”
ആത്മാക്കൾ ചേക്കേറുന്ന വലിയ വീലുള്ള വണ്ടിയുടെ അകത്തേക്ക് രായൻ സംശയത്തോടെ നോക്കി.
‘‘എനിക്കിപ്പ പേടിയില്ല രായാ. മരിച്ചവരുടെ കൂടെയല്ലെ പൊറുതി. നീ വല്ലതും കഴിച്ചാ...’’
വരുന്ന വഴി അച്ചൻ ആഹാരം വാങ്ങി തന്നെന്നു പറയുമ്പോൾ കുഞ്ഞാപ്പി ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു.
ട്രങ്ക് തുറന്ന് അവൻ പുത്തനെല്ലാം എടുത്തു.
‘‘ഇതെല്ലാം അച്ചൻ തന്നതാ. നീയെടുത്തോ.’’
രായനതൊന്നും ഗൗനിക്കാതെ മടിയിൽനിന്നു കുപ്പിയെടുത്ത് വെള്ളംതൊടാതെ വിഴുങ്ങി.
‘‘നിന്നെ കണ്ടാൽ ഇപ്പോൾ മലയിലെ ഒരു അച്ചായനെപ്പോലെയുണ്ട്. പറ വിശേഷം.’’
രായൻ ഭിത്തിയിൽ ചാരിയിരുന്നു. കുഴിമാടത്തിൽനിന്നു കുഞ്ഞാപ്പിയെടുത്തുകൊണ്ടു വന്ന തിരിവെട്ടത്തിൽ അവന്റെ നിഴലിളകി.
‘‘നീയാ മിഖായേലച്ചേടെ കത്തി എവിടാ വെച്ചിരിക്കുന്നത്?’’
കത്തിച്ചുവെച്ച തിരികൾ കാറ്റത്ത് ഉലഞ്ഞു. ട്രങ്കിലെ തുണികൾക്ക് താഴെ സാധനമുണ്ടെങ്കിലും കളഞ്ഞുപോയെന്ന് കുഞ്ഞാപ്പി കളവുപറഞ്ഞു.
‘‘വല്ലോ കുഴപ്പവുമുണ്ടോ രായാ.’’
തൂക്കുമേട്ടിലെ പാഴൂർക്കാരന്റെ വീട്ടിലെത്തിയതും അവിടെനിന്നും ഒളിച്ചോടി കുരുത്തിമലയിലെ പാതിരിയോടൊപ്പം ആശ്രമത്തിൽ കഴിഞ്ഞിരുന്ന കാര്യമെല്ലാം രായൻ പറഞ്ഞു. മുറിവേറ്റ കൂട്ടുകാരന്റെ കാലിലേക്ക് കുഞ്ഞാപ്പി നോക്കി. വെച്ചുകെട്ടിയ തുണിയുടെ മീതെ ചോര പൊടിയുന്നു.
‘‘നിനക്കാ റോസപ്പെണ്ണിനേം കെട്ടി അവിടങ്ങ് കൂടിയാ പോരായിരുന്നോ.’’
‘‘ഞാൻ തിരിച്ചുപോന്നത് നിനക്ക് പിടിച്ചില്ല അല്ലേടാ.’’
ചീത്ത വിളിച്ചുകൊണ്ട് രായൻ സെമിത്തേരിയുടെ ഗേറ്റും കടന്ന് ഇരുട്ടിലേക്ക് ഇറങ്ങി. കുറച്ചുദൂരം പിന്നാലെ ചെന്നെങ്കിലും അവന്റെ തല്ല് പേടിച്ച് കുഞ്ഞാപ്പി തിരിച്ചുപോന്നു.
തനിച്ചു കിടക്കുമ്പോഴൊരു ആധി. ഒരു കരയെത്തിയതിന്റെ സമാധാനം മിഖായേലച്ചയുടെ കത്തിയും ചോദിച്ചുള്ള രായന്റെ വരവിൽ തീർന്നതുപോലെ.
എഴുന്നേറ്റ് കുഴിമാടങ്ങൾക്കിടയിലൂടെ നടന്നു.
കാടുപിടിച്ചൊരു കുഴിയുടെ തലയ്ക്കൽ കത്തി കുഴിച്ചിടുമ്പോൾ രായനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയായിരുന്നു അവന്റെ മനസ്സിൽ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.