114
രാത്രി ഉറക്കമിളച്ചിരുന്നാണ് എഴുത്ത്. അപ്പോഴെല്ലാം ചില സംശയങ്ങൾ ചോദിച്ചുകൊണ്ട് ആബേലമ്മ എത്തും. സഭാവസ്ത്രത്തിനു പകരം പിഞ്ഞിത്തുടങ്ങിയ കോട്ടൺ സാരിയാണ് അവർ ഉടുത്തിരുന്നത്. വിട്ടുപോകാനിടയുള്ള പലതും ഓർമപ്പെടുത്തി പുലരുംവരെ കൂട്ടിരിക്കും. മരിച്ചുപോയവരാണല്ലോ തൊട്ടടുത്തിരുന്ന് സംസാരിക്കുന്നത്. അങ്ങനെയൊരു വിചാരം വരുമ്പോഴെല്ലാം മേബിളിന് അസ്വസ്ഥത കൂടും.
മലമുകളിലേക്ക് പുറപ്പെട്ടവരെ നീ കാണുന്നില്ലേയെന്നും ചോദിച്ച് ഇത്തവണ പതിവില്ലാതെ ദേഷ്യം. ആരെക്കുറിച്ചാവും ആബേലമ്മ പറയുന്നത്. മഠത്തിൽനിന്ന് ആരും ഈ ദിവസങ്ങളിൽ മലമുകളിലേക്ക് പോയിട്ടില്ല. പേടിച്ചിരിക്കുമ്പോഴാണ് ചുള്ളിക്കമ്പുപോലെ ഉണങ്ങിപ്പോയ വിരലിന് അവർ താടി പിടിച്ചുയർത്തിയത്.
‘‘എന്നെ വിശുദ്ധയാക്കിയിട്ടേ അടങ്ങൂവെന്ന വാശിയിലാണല്ലോ നീയും.”
അവരുടെ കണ്ണ് ചുവന്നിരുന്നു. ഒരു നിലവിളിയോടെ മേബിളിന്റെ ബോധം മറഞ്ഞു.
രാത്രിയിൽ നടന്ന കാര്യങ്ങൾ ദീനാമ്മ മദറിനോട് വിവരിക്കുമ്പോഴും മേബിളിന്റെ മുഖത്തുനിന്ന് പേടി വിട്ടുമാറിയിരുന്നില്ല.
‘‘പനിച്ചിട്ട് ഓരോന്നു കാണുന്നതാവും. കുഞ്ഞ് വിഷമിക്കണ്ട.”
കുശിനിയിലെ തിരക്കിനിടയിൽ മദർ സമാധാനപ്പെടുത്തിയെങ്കിലും, ആബേലമ്മ കൂടെയുണ്ട് എന്ന തോന്നൽ ആഴപ്പെട്ടുകൊണ്ടിരുന്നു. ഒടുക്കം പനി വിട്ടുമാറാതെ വന്നതോടെ മലമുകളിൽനിന്നെത്തിയ ബാർബരാമ്മ നാരങ്ങാനം ആശ്രമത്തിലെ പ്രൊവിൻഷ്യാളച്ചന്റെ കാര്യം മദറിനോടു സൂചിപ്പിച്ചു.
“മരുന്നുകൊടുത്തിട്ടും ആ കുഞ്ഞിന് കുറവൊന്നുമില്ലല്ലോ. പ്രൊവിൻഷ്യാളച്ചനെ കാണിക്ക്. ഉറക്കമില്ലാത്തതിന്റെ കുഴപ്പമാണ് അതിന്.”
സാത്താനെ ഒഴിപ്പിക്കുന്ന ആളായിരുന്നു പ്രൊവിൻഷ്യാൾ.
“ഇതിപ്പോ ദുരാത്മാവൊന്നുമല്ലല്ലോ.”
“ആത്മാവായാലും സാത്താനായാലും പ്രൊവിൻഷ്യാളച്ചൻ ബെനഡിക്റ്റൻ ക്രോസ് എടുക്കുന്നതോടെ അതൊഴിയും.”
കൂടെ വരാമെന്നു പറഞ്ഞ് അമല സിസ്റ്ററും മേബിളിനെ ധൈര്യപ്പെടുത്തി.
അതിരാവിലെതന്നെ രണ്ടുപേരും ആശ്രമത്തിലെത്തി. പ്രൊവിൻഷ്യാളെ കാണാനിരിക്കുമ്പോഴും മേബിളിന് പനിക്കുന്നുണ്ടായിരുന്നു. ചാരുെബഞ്ചിലിരുന്നവരോട് അവിടെയുണ്ടായിരുന്ന സ്ത്രീ ആശ്രമത്തിലെ അത്ഭുതങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
‘‘കഴിഞ്ഞ ആണ്ടിലാണ്, താടിയും മുടിയും നീട്ടിവളർത്തി, ചെരുപ്പിടാതെ നടക്കാറുള്ള ഒരു പാതിരിയെ അവരുടെ സഭക്കാര് ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത്. എഴുത്തും പ്രസംഗവുമൊക്കെയായി നാടുനീളെ നടന്നിരുന്ന ആള് പെട്ടെന്നൊരു ദിവസമാണ് മൗനിയായത്. ആരെന്ത് ചോദിച്ചാലും മിണ്ടില്ല. ആൾക്കൂട്ടത്തെ കാണുന്നതുതന്നെ പേടി. എപ്പോഴും മുറിയിൽ തനിച്ചിരിക്കും. വല്ലാതെ തണുക്കുന്നെന്ന് പറയും. ദേഹം വെട്ടിവിയർത്ത് ഒരു മരണഭീതി മുഖത്ത് തെളിയും. ഓട്ടോയിലാണ് ഇവിടേക്ക് കൊണ്ടുവന്നത്.”
കേട്ടിരിക്കുന്നവരുടെ കണ്ണിൽ ഒരു പേടി നിറയുന്നത് കണ്ടതോടെ അവരുടെ പറച്ചിലിനൊരു ഉശിരുകൂടി.
“പ്രൊവിൻഷ്യാള് കുരിശെടുത്താ ഒഴിയാത്ത ബാധയുണ്ടോ...”
കൺസൽട്ടിങ് റൂമിൽനിന്നും ഒരു അമ്മയും മകനും ഇറങ്ങിയതിന്റെ പിന്നാലെ മേബിളിനെയും കൂട്ടി അമല സിസ്റ്റർ അകത്തേക്ക് കയറി. മെലിഞ്ഞൊരു മനുഷ്യനായിരുന്നു പ്രൊവിൻഷ്യാൾ. എവിടെയോ കണ്ടുമറന്നതുപോലെ അമലക്കു തോന്നി. മേശപ്പുറത്തിരുന്ന കുരിശെടുത്ത് അച്ചൻ നെഞ്ചോടുചേർത്തു.
എന്തു പറയണമെന്ന് അറിയാതെ പരിഭ്രമിച്ചു നിന്ന രണ്ടു പേരോടും ഇരിക്കാൻ പ്രൊവിൻഷ്യാൾ ആംഗ്യം കാട്ടി.
“എപ്പോഴും അവരെക്കുറിച്ച് ഓർക്കുകയും എഴുതുകയും ചെയ്യുന്നതുകൊണ്ടാണ് സിസ്റ്ററിന് അങ്ങനെ തോന്നുന്നത്. എത്രയും പെട്ടെന്ന് ആ പുസ്തകം എഴുതി തീർക്കാൻ നോക്ക്.”
ആശ്രമത്തിൽനിന്നും മടങ്ങുമ്പോൾ പ്രൊവിൻഷ്യാളച്ചൻ വെഞ്ചരിച്ചുകൊടുത്ത കാശുരൂപം മേബിളിന്റെ കൈക്കുള്ളിലിരുന്നു വിയർത്തു. വിഷാദത്തിന്റെ ആഴങ്ങളിലേക്ക് വീണുപോകുമോ. ഒന്നു താളംതെറ്റിയാൽ പിന്നെയൊരു തിരിച്ചുവരവുണ്ടാവില്ല. ഇരുട്ടിലേക്ക് വീണുപോയ മഠത്തിലെ ചില ജീവിതങ്ങളെക്കുറിച്ച് ഓർത്തതും പനി വിട്ടതുപോലെ മേബിൾ വെട്ടിവിയർക്കാൻ തുടങ്ങി.
രാത്രി ജനാലയുടെ കൊളുത്തെല്ലാം ഇട്ടെന്ന് ഉറപ്പുവരുത്തിയിട്ട് മേബിൾ എഴുതാനിരുന്നു. സാധാരണ എഴുതുന്നപോലെയല്ല ആബേലമ്മയെക്കുറിച്ച് എഴുതാനിരിക്കുമ്പോൾ. അതുവരെ ഇല്ലാതിരുന്ന ഒരു ചരിവ് അക്ഷരങ്ങൾക്കുണ്ടാവും. വിരലുകൾക്ക് അസാധാരണമായ വേഗവും.
ഓർഫനേജിലെ ജീവിതമെഴുതിയ ഭാഗം ഒരാവർത്തികൂടി വായിച്ചുനോക്കുന്നതിനിടയിൽ മേബിൾ വീണ്ടും ആ സ്വരം കേട്ടു.
“എന്റെ ജീവിതം ഇങ്ങനെയൊന്നുമല്ലെന്ന് ഞാനെത്ര തവണ കുഞ്ഞിനോട് പറഞ്ഞിട്ടുണ്ട്.”
ദേഷ്യത്തോടെ ആബേലമ്മ കട്ടിലിൽ ഇരുന്നു. വിളറിയ നഖങ്ങളുടെ അറ്റത്തുനിന്ന് രക്തം പൊടിഞ്ഞിരുന്നു. വെള്ളയിൽ ചെറിയ വയലറ്റു പൂക്കൾ നിറഞ്ഞ മുന്താണി ഉയർത്തി ശിരസ്സിലേക്ക് ഇടുമ്പോൾ അവരുടെ തള്ളവിരൽ ഒടിഞ്ഞുതൂങ്ങി കിടക്കുന്നത് മേബിൾ കണ്ടു.
“ദൈവദാസിയാകാനുള്ള യോഗ്യതയൊന്നും എനിക്കില്ല കുഞ്ഞേ. ഞാനൊരു കൊലപാതകിയാണ്.”
സാരിത്തുമ്പിൽ മുഖം അമർത്തി കരയാൻ തുടങ്ങിയതോടെ അവരെയൊന്ന് ചേർത്തുപിടിക്കണമെന്ന് മേബിളിനു തോന്നി. എന്നാലും പേടി കാരണം അനങ്ങാൻപോലും കഴിഞ്ഞില്ല.
“അനാഥാലയത്തിലെ അച്ചനെ സഹായിക്കാനാണ് മഠത്തിൽനിന്ന് എന്നെ അയച്ചത്. അച്ചന്റെ ഓഫീസിലെ ജോലി ചെയ്താൽ മതിയെന്നായിരുന്നു മദർ ജനറലിന്റെ നിർദേശം. പാതിരിയുടെ മുറിയിലൊരു പഴയ ടൈപ്റൈറ്റർ ഉണ്ട്. വിദേശത്തേക്ക് സഹായം ചോദിച്ചുകൊണ്ടുള്ള കത്തുകളൊക്കെ ഞാനാണ് ടൈപ് ചെയ്തിരുന്നത്.
അനാഥാലയത്തിലെ കുട്ടികൾ ശരിക്കും അനാഥർ ആയിരുന്നില്ല. മിക്കവർക്കും അപ്പനും അമ്മയുമുണ്ട്. ദാരിദ്ര്യത്തിന്റെ പേരിൽ അവർക്കിങ്ങനെ ഷെൽട്ടർ ഒരുക്കുന്നതിനേക്കാൾ മാതാപിതാക്കളോടൊപ്പം കഴിയാനുള്ള സാഹചര്യമാണ് സഭ നൽകേണ്ടതെന്ന് പറയുമ്പോഴെല്ലാം അച്ചനതൊരു ചിരിയോടെ തള്ളിക്കളയും. പേരെടുത്ത ചില പ്രമാണിമാർ രാത്രിദോഷങ്ങളുടെ ഫലങ്ങളും അച്ചനെയാണ് ഏൽപിച്ചിരുന്നത്. ആ വകയിലും അച്ചന് നല്ലൊരു തുക കിട്ടിയിരുന്നു.
തീരെ ചെറിയ പിള്ളാരെ ഞങ്ങളുടെ ചൈൽഡ്ഹോമിൽ ഏൽപിക്കും. പെൺകുഞ്ഞുങ്ങൾ അവിടെതന്നെ വളരും. സ്കൂളിൽ ചേർക്കേണ്ട പ്രായമാകുമ്പോൾ ആൺകുട്ടികളെ അനാഥാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.
ഞാനവിടെ ജോലിക്കു പോയിരുന്ന സമയത്ത് സെറാഫ് എന്നുപേരുള്ള ഒരു മുതിർന്ന ചെക്കനുണ്ടായിരുന്നു. മാലാഖയുടെ പേരാണെങ്കിലും കറുത്തിരുണ്ട് പേടിവരുന്ന രൂപമായിരുന്നു അവന്. വളർന്നു മുറ്റിയ ചുരുളൻ മുടി. അവന്റെ കോമ്പല്ല് കണ്ടാൽ ആരുടെയും ഉള്ളൊന്ന് കാളും. കാട്ടുമാക്കാനെന്നാണ് വിളിപ്പേര്. കൊച്ചുപിള്ളാരെ ചീത്തയാക്കൽ അവനൊരു ഹരമാണ്. അനാഥാലയത്തിന്റെ പിന്നിലുള്ള മതിലിനോട് ചേർത്തുനിർത്തി കുഞ്ഞുങ്ങളുടെ വാ പൊത്തിപ്പിടിക്കും. രാത്രിയെന്നോ പകലെന്നോ ഭേദമൊന്നുമില്ല.
കുട്ടികളെ കുളിപ്പിക്കുമ്പോൾ നീറുന്നു മദറേന്നും പറഞ്ഞ് അതുങ്ങള് കരയും. ഞാനാദ്യമൊക്കെ വിചാരിച്ചിരുന്നത് കുളിക്കാനുള്ള മടിയായിരിക്കുമെന്നാണ്.
ഓഫീസിലെ കാര്യങ്ങൾ മാത്രം സിസ്റ്റർ നോക്കിയാൽ മതിയെന്ന് അച്ചൻ പറയുമെങ്കിലും കുശിനിയിലെ പാചകം ഉൾപ്പെടെ അനാഥാലയത്തിലെ മിക്ക പണികളിലും ഞാൻ സഹായിച്ചിരുന്നു. ഒരുദിവസം കഞ്ഞികുടിയെല്ലാം കഴിഞ്ഞ് പിള്ളാരു മരത്തണലിൽ കിടന്നുറങ്ങുന്ന സമയം. വേസ്റ്റുവന്നതെല്ലാം കൂടി തൂത്തെടുത്ത് പന്നികൾക്ക് കൊടുക്കാൻ ചെല്ലുമ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. ഒരു വലിയ കറുമ്പൻ പട്ടി മതിലിൽ കാലുയർത്തി നിൽക്കുന്നതുപോലെ.
‘‘ശ്ശേ. വൃത്തികെട്ടവനെ, കൊച്ചിനെ വിടെടാ.’’
ഞാനലറി. ചിരിച്ചുകൊണ്ടു അരക്കെട്ടോടു ചേർത്തുപിടിച്ചിരുന്ന കുഞ്ഞിനെ കാട്ടുമാക്കാൻ നിലത്തേക്ക് തള്ളിയിട്ടു. അഴിഞ്ഞ മുണ്ടും വാരിച്ചുറ്റി അവൻ മതിലു ചാടി. ചിറകുവിരിച്ചൊരു പിശാച് പറന്നുപോയതുപോലെ. കൊച്ചിന്റെ തുടയിലൂടെ ഒലിച്ചതെല്ലാം കഴുകിക്കളഞ്ഞിട്ടു ഞാൻ അതിനെയും കൂട്ടി അച്ചന്റെ അടുത്തു ചെന്നു.
അച്ചനത് വലിയ കാര്യമായി എടുത്തില്ല. ഇതൊക്കെ അനാഥാലയങ്ങളിൽ പതിവാണെന്ന ലാഘവത്തോടെ എന്നോട് മദാമ്മക്ക് അയക്കാനുള്ള പ്രോജക്ട് ടൈപ് ചെയ്യാൻ പറഞ്ഞു.
മഠത്തിൽ വന്നിട്ടും മനസ്സിലത് കല്ലിച്ചുകിടന്നു. എല്ലാവരും ഉറക്കമായപ്പോൾ പച്ചക്കറിക്ക് അടിക്കാൻ വെച്ചിരുന്ന വിഷത്തിൽനിന്ന് കുറച്ചു കുപ്പിയിലെടുത്ത് ബാഗിൽ കരുതി. പിറ്റേന്നു അനാഥാലയത്തിൽ ചെല്ലുമ്പോൾ ഞാനെന്റെ മനസ്സിനെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. അന്ന് ഞായറാഴ്ചയായിരുന്നില്ല, എന്നിട്ടും പിള്ളാർക്കുവേണ്ടി പോത്തിറച്ചി വാങ്ങിപ്പിച്ചു.
‘‘ഇറച്ചിക്കറി വിളമ്പി തികയ്ക്കാൻ പാടാണ്.’’
അച്ചനെന്നെ ഓർമപ്പെടുത്തി.
ഇറച്ചിക്കാശ് എന്റെ ഓണറേറിയത്തിൽനിന്നും പിടിച്ചോയെന്നു പറഞ്ഞതോടെ അച്ചനും സന്തോഷമായി. കുശിനിയിലെ പണിക്കാരിക്കൊപ്പം ഞാനും കൂടി. പിള്ളാർക്കു വിളമ്പിയിട്ട് നെഞ്ചിടിപ്പോടെ കാത്തിരുന്നു. എനിക്കറിയാമായിരുന്നു തിന്നുകഴിഞ്ഞ് കാട്ടുമാക്കാൻ വീണ്ടും ചോദിക്കുമെന്ന്. സാധാരണ രണ്ടാമത് ചോദിച്ചാൽ കൊടുക്കില്ല. അപ്പോഴവൻ അടുത്തിരിക്കുന്ന ചെറിയ പിള്ളാരുടെ പാത്രത്തിൽ കൈയിട്ടുവാരുകയാണ് പതിവ്.
ഇത്തവണ പ്രത്യേകം പാത്രത്തിൽ കുറച്ച് കരുതിയിരുന്നു. ചോദിക്കേണ്ട താമസം ഞാനത് വിളമ്പി. വിശ്വാസം വരാതെ എന്നെയൊന്നു നോക്കിയിട്ട് ആർത്തിമൂത്തപോലെ അവൻ വാരിത്തിന്നാൻ തുടങ്ങി. അടുത്തിരിക്കുന്ന ആർക്കെങ്കിലും പങ്കിടുമോ എന്ന പേടിയോടെ ഞാനവനെ നോക്കിനിന്നു.
കൺമുന്നിൽ ഒരാളെ മരണത്തിനു വിധിക്കുകയാണ്. എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി. നുരയും പതയും വന്ന് അവൻ കഞ്ഞിപ്പാത്രത്തിലേക്ക് വീഴുന്നത് കാണാൻ വയ്യാതെ ഞാൻ അൾത്താരയിലേക്ക് ഓടി. കുരിശുരൂപത്തിനു മുന്നിൽ കൈവിരിച്ചു നിൽക്കുമ്പോൾ ഈശോയെന്നെ നോക്കി. ‘നീയെനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടപ്പെടുത്തിയില്ല.’ ഒരു കുറ്റബോധം എന്റെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടി.
ഒന്നുമറിയാത്തപോലെ കുട്ടികളുടെ പാത്രമൊക്കെ വെടിപ്പാക്കിയിട്ട് കുശിനി അടച്ചു. വിഷം കൊണ്ടുവന്ന കുപ്പി പിന്നിലെ ചാരക്കുഴിയിലേക്ക് എറിഞ്ഞു.
‘‘സെറാഫിനെ ആശുപത്രിയിൽ കൊണ്ടുപോയി സിസ്റ്ററേ.’’
പേടിച്ചു നിന്ന കുട്ടികളെയും കൂട്ടി ഞാൻ പുണ്യാളന്റെ നടയിലേക്ക് ചെന്നു.
മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന ചൊല്ലുമ്പോൾ കൂട്ടത്തിൽ മുതിർന്നവൻ ചോദിച്ചു.
‘‘അവൻ ചത്തോ സിസ്റ്ററേ.’’ ചാവുമരത്തിന്റെ കായ തിന്ന് അനാഥാലയത്തിലെ ഒരു പയ്യൻ മരിച്ചെന്ന വാർത്ത പിറ്റേന്നത്തെ പത്രത്തിൽ വന്നതല്ലാതെ വേറെ കുഴപ്പമൊന്നും ഉണ്ടായില്ല.
വെട്ടം വീഴുന്നതുവരെ മേബിൾ സിസ്റ്റർ ആബേലമ്മയെ കേട്ടുകൊണ്ടിരുന്നു.
‘‘നോ വൺ ഈസ് ഗുഡ് എക്സെപ്റ്റ് ഗോഡ്. മനുഷ്യർക്ക് ഒരിക്കലും വിശുദ്ധരാവാൻ പറ്റില്ല കുഞ്ഞേ. അവരെപ്പോഴും മനുഷ്യർ മാത്രമാണ്.’’
‘‘ആബേലമ്മയും ദൈവദാസി ആകാൻ പോകുവല്ലേ.’’
അതുകേട്ടപ്പോൾ അവരുടെ കണ്ണുനിറഞ്ഞു. ജനാല തുറന്ന് അവർ പുറത്തേക്ക് മറഞ്ഞതോടെ മേബിൾ എഴുന്നേറ്റു. പുറത്തുനിന്നും വീശിയെത്തുന്ന കാറ്റ് മേശപ്പുറത്തിരുന്ന നോട്ടുബുക്കിന്റെ താളുകളെ ഒട്ടും ദയയില്ലാതെ അപ്പോഴും ഉലച്ചുകൊണ്ടിരുന്നു.
115
തണുത്ത കാറ്റേറ്റ് കുഞ്ഞാപ്പി അവശനായി.
“വയ്യെങ്കിൽ വണ്ടിയിവിടെ ഒതുക്കിയിട്ട് രാവിലെ ചുരം കേറാം.”
“കുഴപ്പില്ല രായാ. ഒരു ആശ്വാസമുണ്ട്. പോകാം.”
നാലാമത്തെ ഹെയർപിൻ കയറിക്കൊണ്ടിരിക്കുമ്പോൾ അടിവാരത്തുനിന്നും കഴിച്ച ദോശയും ചായയും കുഞ്ഞാപ്പി കൊക്കി. രായൻ വണ്ടി നിർത്തി.
“ഒരു ബീഡി താ രായാ.”
“ഒരെണ്ണം വലിച്ചു കേറ്റിയതിന്റെ കേടാ. കുറച്ചുനേരം നീണ്ടുനിവർന്നു കിടക്ക്.”
വഴിയരികിലെ വാകമരച്ചോടിനോടു ചേർത്താണ് വണ്ടി നിർത്തിയതെന്ന് രായനപ്പോഴാണ് കണ്ടത്. പണ്ട് മഴ നനഞ്ഞവിടെ കിടന്നതും, ജോസു പാഴൂർക്കാരന്റെ വണ്ടിക്ക് കൈകാണിച്ചതുമൊക്കെ ഓർത്തുകൊണ്ട് അവൻ മുന്നോട്ടു നടന്ന് ഒരു പാറപ്പുറത്ത് കയറി. ദൂരെ മഞ്ഞുമൂടിയ മലകളുടെ അരക്കെട്ടിനെ ചുറ്റി കൂടോത്രച്ചരടുപോലെ മലമ്പാതകൾ. തണുത്ത കാറ്റ്.
അവനൊരു ബീഡി കത്തിച്ചു.
ഏഴു മലകളാണ് തൂക്കുമേട്ടിന് മുകളിലുള്ളത്. ഓരോ മലയിലും ഓരോ ജന്മം. ഏഴാം മലയിലെ വാസം കഴിയുമ്പോഴേക്കും മോക്ഷം. ആത്മാവിനു കൂട്ടായി ഒരു ജന്തുവിനെക്കൂടി സ്വർഗത്തിലേക്ക് കൊണ്ടുപോകാം. അങ്ങനെയൊരു വിശ്വാസമുള്ളതുകൊണ്ടാണ് മലയിലുള്ളവർ പട്ടികളെയും പൂച്ചകളെയും വളർത്തിയിരുന്നതെന്ന് പാഴൂർക്കാരൻ പറയുമായിരുന്നു.
ചുരം കയറി മുകളിലെത്തിയതോടെ രായൻ കാട്ടുപാതയിലേക്ക് വണ്ടി തിരിച്ചു.
കഷ്ടിച്ചൊരു വണ്ടിക്കു പോകാവുന്ന വഴി. കുറച്ചുദൂരം ഓടിക്കഴിഞ്ഞപ്പോഴേക്കും വളവുകളും കുത്തനെയുള്ള കേറ്റങ്ങളും. ഉയർന്ന പാറക്കെട്ടുകൾ ഇരുട്ടു പുതച്ചുനിന്നു. വണ്ടിയുടെ വശങ്ങളിൽ കുറ്റിച്ചെടികൾ തട്ടുന്ന സ്വരം. ഞെട്ടിയെഴുന്നേറ്റ കുഞ്ഞാപ്പി ഇരുട്ടിലേക്ക് നോക്കിയിരുന്നു. ഉരുളൻകല്ലുകൾ നിറഞ്ഞൊരു വളവ് തിരിയാൻ മടിച്ച വണ്ടി റിവേഴ്സെടുത്തപ്പോൾ എടുപ്പിടിഞ്ഞു. ചരിവിലൂടെ കല്ലുകൾ താഴേക്ക് പതിക്കുന്ന ഒച്ച.
കുഞ്ഞാപ്പി പേടിച്ചുപോയി.
‘‘വെളുക്കും മുന്നേ എത്തുമോ. രായാ...’’
മുൻ സീറ്റിൽ ചാരിയിരുന്ന് കുഞ്ഞാപ്പി വീണ്ടും ഉറക്കമായി. നിരപ്പിലെത്തിയതോടെ രായൻ അവനെ വിളിച്ചുണർത്തി. എതിർവശത്ത് മൂന്നാലു കടമുറികൾ. ഒരെണ്ണം ഓടിട്ട ഇരുനിലയാണ്. ഇടതുവശം ചേർന്ന് ലോറികൾ പാർക്ക് ചെയ്തിട്ടുണ്ട്. തണുപ്പേറ്റിട്ട് കുഞ്ഞാപ്പിയുടെ താടി കൂട്ടിയിടിക്കാൻ തുടങ്ങി. അവനൊരു ബീഡിയെടുത്തു വലിച്ചു.
വണ്ടിയിൽനിന്നിറങ്ങിയ കുഞ്ഞാപ്പി കൈകൾ വീശി മുന്നോട്ടു നടന്നു.
‘‘രായാ, ഞാൻ പറക്കാൻ തുടങ്ങിയെടാ.’’
‘‘മിണ്ടാതെ നടക്ക്.’’
‘‘തീണ്ടാത്തുരുത്തീന്ന് പൊക പൊങ്ങുന്നത് കാണാം രായാ. തുരുത്തിന്റെ നെറം പച്ചയാ. അല്ലെടാ ചെങ്കല്ലിന്റെ ചോപ്പ്. രായാ ഞാൻ താഴേക്ക് വീഴുന്നെടാ.’’
കുഞ്ഞാപ്പി വീണ്ടും ഛർദിച്ചു. രായൻ അവനെയും തോളിലെടുത്ത് ഇരുനില മാളിക കെട്ടിടത്തിന്റെ പടികൾ കയറി. തോളിൽ കിടന്ന് കുഞ്ഞാപ്പി അപ്പോഴും പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു.
‘‘മുടിഞ്ഞ കനമാണല്ലോ നിനക്ക്.’’
രായൻ പറഞ്ഞതൊന്നും കേൾക്കാതെ കുഴഞ്ഞ ചിറകുമായി കുഞ്ഞാപ്പി താഴേക്കു പറന്നിറങ്ങി. ഇരുട്ടിലൂടെ ഓടുമ്പോൾ കൂടുതുറന്നു വിട്ടതുപോലെ അപ്പന്റെ പറവകൾ പിന്നാലെ. മരത്തിൽ ഞാന്നുകിടന്ന കുട്ടിത്തേവാങ്ക് അവന്റെ തോളിലേക്ക് കയറി. ഇരുട്ടിന്റെ മറവിലിരുന്നു ആരോ ഇരട്ടപ്പേരുകൾ വിളിക്കുന്നു.
ദേഷ്യത്തോടെ കുഞ്ഞാപ്പി തുണിപൊക്കി.
കൈലിയും പൊക്കിപ്പിടിച്ച് മലർന്നു കിടന്നവനെ കാലു മടക്കി തൊഴിച്ചിട്ട് രായൻ കോവണിയിറങ്ങി.
116
കെട്ടുകഴിഞ്ഞു മേടയിൽ ചെന്നു രജിസ്റ്ററിൽ ഒപ്പിടുമ്പോൾ മാമ്പള്ളിയച്ചനൊരു മോതിരം കുഞ്ഞാപ്പിയുടെ വിരലിൽ അണിയിച്ചു.
“നിനക്കെന്നും നല്ലതു വരട്ടെ.”
പുതുപ്പെണ്ണുമായി വീട്ടിലേക്ക് കയറുമ്പോൾ കുട്ടികൾ പനിനീര് തളിച്ചു. പൂക്കൾ വിതറി. പന്തലിൽ സദ്യ വിളമ്പുന്നതിന്റെ തിരക്ക്. രായനെ മാത്രം കണ്ടില്ല. തലേന്നേ വരാമെന്നു പറഞ്ഞിരുന്നതാണ്.
ആളുകളെല്ലാം പിരിഞ്ഞു. മണിയറയിലേക്ക് കയറുമ്പോൾ കർമലി ചോദിച്ചു.
“എന്താ മുഖത്തൊരു വാട്ടം.”
“ഏയ് ഒന്നൂല്ല. ഞാനൊന്നു മേലു കഴുകിയേച്ച് വരാം.”
മുറ്റത്തെ ചരുവത്തിൽനിന്ന് തലയിലേക്ക് വെള്ളം ഒഴിക്കുമ്പോഴാണ് അകത്തുനിന്ന് കർമലിയുടെ നിലവിളി. ഓടിച്ചെല്ലുമ്പോൾ അവളെ വട്ടംപിടിച്ച് രായൻ.
“ഞാനുടുത്ത് പഴകിയതല്ലേ കുഞ്ഞാ നീയെപ്പോഴും ഉടുക്കാറുള്ളത്.”
“രായാ തമാശ വേണ്ട. ഇതു ഞങ്ങടെ ജീവിതമാണ്.”
കർമലിയുടെ സാരിക്കുത്ത് അഴിക്കുന്നത് കണ്ട് കുഞ്ഞാപ്പി മിഖായേലച്ചയുടെ കത്തിയെടുത്തു. ആദ്യത്തെ കുത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും രണ്ടാമത്തേത് രായന്റെ അടിവയറു തുളച്ചു. മണിയറക്കട്ടിലിലേക്ക് വീണുള്ള പിടച്ചിൽ. പുറത്ത് പൊലീസുകാരുടെ വിസിലിന്റെ ഒച്ച. കതകു തുറന്ന് കുഞ്ഞാപ്പി പുറത്തേക്ക് ഓടി. പാലത്തിന്റെ വളവിലെത്തുമ്പോഴായിരുന്നു വെടിയേറ്റത്.
നെഞ്ചും പൊത്തിപ്പിടിച്ച് എഴുന്നേറ്റു. കണ്ടതൊക്കെ സ്വപ്നമാണെന്ന് തിരിച്ചറിയാൻ കുറച്ചുനേരമെടുത്തു. പുറത്തപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു.
ഏലച്ചാക്കുകൾ അട്ടിയിട്ടുവെച്ചിരുന്ന മുറിയുടെ കോണിൽ ആരോ കിടപ്പുണ്ടെന്നു തോന്നി. കത്തിച്ചുവെച്ചിരുന്ന റാന്തലിന്റെ തിരി അവൻ ഉയർത്തി. നരച്ച നീണ്ട താടിയുള്ളൊരു കിളവൻ. തലേക്കെട്ടു കണ്ടപ്പോൾ പള്ളിയിലെ മുക്രിയാണെന്ന് തോന്നി. പായയിൽനിന്നും കിളവൻ എഴുന്നേൽക്കുന്നത് കണ്ട് അവനൊരു മൂലയിലേക്ക് ഒതുങ്ങിയിരുന്നു.
‘‘സ്വപ്നത്തിൽ കണ്ടതൊക്കെ നേരാ. ഓൻ നിന്റെ ജീവിതം നശിപ്പിക്കും.’’
അയാൾ അവന്റെ അടുത്തേക്ക് ചെന്നു. അയാളുടെ കുപ്പായത്തിൽനിന്നു റഹിയാം പച്ചയുടെ മണം.
“ദജ്ജാലിന്റെ പാളയത്തിലേക്കാണ് ഓന്റെ യാത്ര.’’
വെള്ളം നിറഞ്ഞ കൂജയെടുത്തു കുഞ്ഞാപ്പിയുടെ അരികിൽ വെച്ചിട്ട് ഉയർത്തിവെച്ചിരുന്ന റാന്തലിന്റെ തിരി അയാൾ താഴ്ത്തി.
‘‘യാ റസൂലേ. അന്റെ മക്കളോട് കരുണ തോന്നണമെ.’’
കിളവന്റെ പ്രാർഥന. വെട്ടിവിയർത്തുപോയ കുഞ്ഞാപ്പി കൂജ ഉയർത്തി. താടിയിലൂടെ നെഞ്ചു നനച്ചൊരു തണുപ്പ് അവന്റെ ഹൃദയം തൊട്ടു.
കിളവനും, പ്രേതാലയംപോലുള്ള ഈ മാളികയും നേരുള്ളതാണോ. അതോ സ്വപ്നം കാണുന്നതാണോ. കുഞ്ഞാപ്പി ഒരു ബീഡി കൂടി കത്തിച്ചു.
ആരാവും ഈ കിളവൻ. ഇയാൾക്കെങ്ങനെ രായനെ അറിയാം. രായനെന്തിനാണ് തന്നെ കൊല്ലുന്നത്. അവന്റെ കൈക്കരുത്തിൽ ഒരു കോഴിക്കുഞ്ഞിനെപ്പോലെ ചാവാനേ ഉള്ളൂ. കൊല്ലാനാണെങ്കിൽ കഷ്ടപ്പെട്ട് മലമുകളിലേക്ക് എന്തിനാണ് കൂട്ടിക്കൊണ്ടുവന്നത്.
ഓരോന്ന് ആലോചിച്ച് കുഞ്ഞാപ്പിക്ക് തല പെരുത്തു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും രായൻ മടങ്ങിയെത്തി. കിളവന്റെ കണ്ണിൽപ്പെടാതെ അവൻ മാളികവീടിനു പിന്നിലേക്ക് ഇറങ്ങി. കൂടെ വരാൻ കുഞ്ഞാപ്പിയോട് ആംഗ്യം കാട്ടി. കാട്ടുവഴിയിലൂടെ രായനൊപ്പം കുറച്ചു ദൂരമെത്തിയപ്പോഴേക്കും കുഞ്ഞാപ്പി തളർന്നൊരു പാറപ്പുറത്തിരുന്നു. രായൻ അരുവിയിലേക്ക് ഇറങ്ങി.
‘‘രായാ നിനക്ക് ഇവിടം മുന്നേ പരിചയമുണ്ടോ.’’
‘‘എനിക്കറിയാത്ത ഏതു നാടാ ഈ മലനിരകളിലുള്ളത്.’’
എന്തെങ്കിലും പറയുന്നതിനു മുന്നേ കുഞ്ഞാപ്പിയുടെ അടുത്തേക്ക് നീന്തിയെത്തിയ രായൻ അവനേയും വലിച്ചിറക്കി അരുവിയുടെ ആഴങ്ങളിലേക്ക് മുങ്ങി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.