2 ശാന്തിനഗർ പിറവി കൊള്ളുന്നു
അന്ന് സ്കൂളിന്റെ സ്ഥാപകദിനം. നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം തുടങ്ങാൻ മുന്നോട്ടുവന്ന സാക്ഷാൽ ലാലാജിയുടെ ജന്മദിനം.
പതിവുപോലെ അത്തവണയും സൗമിനി ടീച്ചർ പോയില്ല. കൃത്യം പത്തുമണിക്ക് ഹാളിലെ ലാലാജിയുടെ ചിത്രത്തിൽ ഹെഡ് മാസ്റ്റർ മാലയിടുമ്പോഴും, അതുകഴിഞ്ഞു മുറ്റത്ത് കൊടി ഉയർത്തുമ്പോഴും എല്ലാ അധ്യാപകരും കുട്ടികളും ഉണ്ടാവണമെന്നത് പണ്ടേയുള്ള ചട്ടമാണ്. ലാലാജി കുടുംബത്തിലെ പ്രമുഖരെല്ലാം ആ ചടങ്ങിന് എത്താറുമുണ്ട്. പക്ഷേ, ഇത്തവണയും സൗമിനിക്ക് പകരം പോയത് മകൾ പാർവതിയായിരുന്നു. അമ്മക്ക് മുട്ടുവേദന. കഴിഞ്ഞകൊല്ലം നടുവേദനയായിരുന്നുവെന്ന് പലരും ഓർത്തു.
‘‘മുമ്പൊരിക്കൽ തലവേദന.’’ ഒരു ടീച്ചർ പിറുപിറുത്തു. ‘‘അടുത്തതവണ എന്തു വേദനയായിരിക്കുമെന്ന് ആർക്കറിയാം?’’
‘‘വേദനകളുടെ കൂടായ ടീച്ചറെ ഇവരെന്തിനാ ഇത്രക്ക് ലാളിക്കുന്നത്?’’
‘‘ഈ പരിഗണന വേറാർക്കും കിട്ടുന്നില്ലല്ലോ.’’
‘‘അതെങ്ങനാ. കണക്ക് കണ്ടുപിടിച്ചത് സൗമിനി ടീച്ചറല്ലേ?’’
തുടർന്ന് കൂട്ടച്ചിരി.
ചില രക്ഷാകർത്താക്കൾക്കും പരാതിയുണ്ട്. ചിലർ അത് എഴുതിക്കൊടുത്തിട്ടുമുണ്ട്. ടീച്ചർക്ക് ഓർമ കുറവ്. മറവി കൂടുതൽ. മിക്കപ്പോഴും തങ്ങളുടെ പേരുകൾ ഓർമയില്ലാത്തതുപോലെ തല ചൊറിയുന്നു. തെറ്റിച്ചുവിളിക്കുന്നു. പേര് തെറ്റുന്നത് മനസ്സിലാക്കാം. പക്ഷേ, ജാതിയും മതവും മാറിയാലോ? സിഖുകാരൻ ബ്രാഹ്മണനാകുന്നു. ബ്രാഹ്മണൻ രാജ്പുട്. രാജ്പുട് ദലിത്. യാദവൻ കായസ്ത. അങ്ങനെയങ്ങനെ… ഇതൊക്കെ മനപ്പൂർവം തെറ്റിച്ചു പറയുന്നതാണോ എന്നുപോലും സംശയമുണ്ട് ചിലർക്ക്.
പരാതികൾ കൂടിവന്നപ്പോൾ ഹെഡ് മാസ്റ്റർ സൗമിനി ടീച്ചറെ മുറിയിലേക്ക് വിളിപ്പിച്ചു തന്റെ പേര് ചോദിച്ചു. പേരും ഇരട്ടിപ്പേരും എല്ലാം കിറുകൃത്യം. ആശ്വാസമായി അദ്ദേഹത്തിന്. ഒന്നുമില്ലെങ്കിൽ തന്റെ പേരെങ്കിലും ഓർമയുണ്ടല്ലോ കണക്കു ടീച്ചർക്ക്.
അടുത്ത തവണത്തെ പേരന്റ്സ് ടീച്ചേഴ്സ് യോഗത്തിൽ ഈ വിഷയം വീണ്ടും പൊങ്ങിവന്നപ്പോൾ ഹെഡ് മാസ്റ്റർ ഒരു ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.
‘‘ഈ സ്കൂളിൽ ഇവരെപ്പോലെ അസ്സലായി കണക്ക് പഠിപ്പിക്കുന്ന ആരെങ്കിലുമുണ്ടോ?’’
‘‘അതില്ല.’’
ഈ ശാന്തിനഗറിൽ ഉണ്ടോ?
‘‘കാണില്ല.’’
‘‘ടീച്ചറെ വലിയ ശമ്പളത്തിന് കൊത്തിക്കൊണ്ട് പോകാൻ മറ്റു സ്കൂളുകാർ ശ്രമിക്കുന്നുണ്ടെന്ന് അറിയാമോ?’’
‘‘കേട്ടിട്ടുണ്ട്.’’
‘‘അവരോടൊക്കെ ടീച്ചർ എന്താ പറഞ്ഞതെന്നറിയോ, പുണ്യവാനായ ലാലാജിയുടെ പേരിലുള്ള ഈ മാതൃകാസ്ഥാപനം വിട്ട് അവർ എവിടെയും പോകില്ലെന്ന്. ശമ്പളം എത്ര കൂട്ടിക്കൊടുത്താലും. പിന്നെ, കുട്ടികൾക്കും വളരെ ഇഷ്ടമാണ് അവരെ.’’
ലാലാജിയുടെ പേര് കേട്ടതോടെ ആ പുക തൽക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും അടിയിലെ അസൂയയുടെ കനൽ അണയാതെ കിടന്നു.
‘‘എന്തായാലും, ഞാൻ ഒരിക്കൽകൂടി പറയാം.’’ ഹെഡ് മാസ്റ്റർ ഉറപ്പു കൊടുത്തു.
അങ്ങനെ സൗമിനി ടീച്ചർ ‘അക്കറാണി’യായ ശകുന്തളാ ദേവിയായി വാഴുന്ന കാലം. ഒടുവായപ്പോഴേക്കും ഹെഡ് മാസ്റ്റർക്കും മടുത്തു. ഒരിക്കൽ യോഗത്തിന്റെ പിറ്റേന്ന് അദ്ദേഹം ടീച്ചറെ വീണ്ടും വിളിപ്പിച്ചു.
‘‘ടീച്ചറേ, കുട്ടികളെ എന്തുവേണമെങ്കിലും വിളിച്ചോളൂ, കുഴപ്പമില്ല. പക്ഷേ രക്ഷാകർത്താക്കളുടെ ജാതി മാറാതെ നോക്കണം. പേരിനേക്കാൾ ഇവിടെ പൊള്ളുന്നത് ജാതി മതങ്ങളാണ്. പൂജനീയ ലാലാജിയുടെ പേരിലുള്ള ഈ സ്ഥാപനത്തിൽ ടീച്ചർ കാരണം ഒരു ജാതിലഹള ഉണ്ടാകരുത്…’’ അദ്ദേഹം തൊഴുതുകൊണ്ട് അപേക്ഷിച്ചു.
ടീച്ചർ തലകുലുക്കിയതോടെ തൽക്കാലത്തേക്ക് ആശ്വാസമായി ഹെഡ് മാസ്റ്റർക്ക്.
പക്ഷേ, അധികം നാൾ കഴിഞ്ഞില്ല, വീണ്ടും വിളിപ്പിക്കേണ്ടിവന്നു ടീച്ചറെ. പരാതികൾ ഇപ്പോൾ ലാലാജിയുടെ ഇളയ മകൻ കേണലിലും എത്തിയിരിക്കുന്നു. അദ്ദേഹമാണത്രെ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ നോക്കുന്നത്. ആ കുടുംബത്തിൽനിന്ന് ആദ്യമായി പട്ടാളത്തിൽ ചേർന്നയാൾ. ഇത്തവണത്തെ പരാതികൾ വിചിത്രമാണ്. ടീച്ചർ ഇടക്കൊക്കെ താടിക്ക് കൈയും കൊടുത്തു സ്വപ്നം കാണുന്നു. അതും കസേരയിലിരുന്നുകൊണ്ട് തന്നെ. ടീച്ചർമാർ ക്ലാസിൽ ഇരിക്കാൻ പാടില്ലെന്നാണ് ചട്ടം. പിന്നെ സ്വപ്നം കാണുന്നതിനെപ്പറ്റി കേണലിനു ആലോചിക്കാൻ കൂടി വയ്യ. പട്ടാളത്തിൽ നിഷിദ്ധമാണ് സ്വപ്നം.
‘‘ഇനി ഞാൻ എന്താ ചെയ്യുക ടീച്ചറെ? ടീച്ചർ എനിക്കിത്തിരി സ്വസ്ഥത തരുന്നില്ലല്ലോ.’’
അദ്ദേഹത്തിന്റെ ഇടങ്ങേറ് സൗമിനിക്ക് അസ്സലായി മനസ്സിലാകും. അച്ഛടക്കത്തിന്റെ വാളോങ്ങി നിൽക്കുന്ന പട്ടാളക്കാരനെ പിണക്കാൻ വയ്യ, സൗമിനിയെ കൈവിടാനും വയ്യ.
‘‘സാർ എന്തു ആക്ഷൻ വേണമെങ്കിലും എടുത്തോളൂ. ഞാൻ റെഡി.’’ സൗമിനി തലതാഴ്ത്തി നിന്നു. ഇത്തവണ താടിക്ക് കൈയും കൊടുത്തിരുന്നത് അങ്ങേരായിരുന്നു.
അൽപം കഴിഞ്ഞു ആ മുറിയിൽനിന്നിറങ്ങുമ്പോൾ ഒരു കാര്യത്തിൽ സൗമിനിക്ക് ആശ്വാസമുണ്ടായിരുന്നു. ഇടക്കൊക്കെ താൻ മേശപ്പുറത്തും ഇരിക്കാറുണ്ടെന്ന് അവർ അറിഞ്ഞില്ലല്ലോ. കണക്ക് പഠിപ്പിച്ചു ബോറടിക്കുമ്പോഴാണ് അവർ ഷേക്സ്പിയറിനെയും ഷെല്ലിയെയും പറ്റി പറയുന്നത്. ഷെല്ലിയുടെയും വേർഡ്സ്വർത്തിന്റെയും കവിതകൾ ഈണത്തിൽ ചൊല്ലുമെന്ന് മാത്രമല്ല, വേണ്ടിവന്നാൽ ‘മാക്ബത്തി’ലെയും ‘ജൂലിയസ് സീസറി’ലെയും ചില വരികൾ കൈയും കലാശവും കാട്ടി അവതരിപ്പിക്കുകയും ചെയ്യും. അവരുടെ പ്രിയപ്പെട്ട ഐറ്റം ജൂലിയസ് സീസറിലെ മാർക്ക് ആന്റണിയുടെ പ്രസംഗമാണ്. കണക്കിനേക്കാൾ പല കുട്ടികൾക്കും കേൾക്കാൻ താൽപര്യം ഇതൊക്കെയാണ്.
ഒരു നാൾ ക്ലാസെല്ലാം കഴിഞ്ഞശേഷം ഒരു പെൺകുട്ടി തെല്ലൊരു പരുങ്ങലോടെ സൗമിനിയുടെ അടുക്കലെത്തുന്നു. അവൾക്ക് കവിതയിൽ വലിയ താൽപര്യമാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് കവിതകളിൽ. അതിനെ ടീച്ചർ ഒന്ന് വഴികാട്ടി കൊടുക്കണം.
‘‘ആയിക്കോട്ടെ.’’ അവളുടെ തോളത്തു കൈെവച്ചു പറഞ്ഞു. ‘‘ആട്ടെ, കുട്ടി സ്വപ്നം കാണാറുണ്ടോ, നല്ലതും ചീത്തയും ആയ സ്വപ്നങ്ങൾ.’’
‘‘കുറവാണ് ടീച്ചർ.’’ കുട്ടി ഖേദിച്ചു. “അതിനൊക്കെ എവിടെയാ സമയം? അമ്മയാണെങ്കിൽ എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞുകൊണ്ടിരിക്കും.’’
സ്വപ്നം കാണാനും ദിനചര്യയിൽ സമയം കണ്ടെത്തണം. സൗമിനിക്ക് കഷ്ടം തോന്നി.
‘‘ആദ്യമായി വേണ്ടത് നല്ല വായനയാണ് കുട്ടീ. നന്നായി പഠിക്കണ നിനക്ക് അതിനൊക്കെ ലേശം സമയം കണ്ടെത്താൻ കഴിഞ്ഞേക്കും. എന്തായാലും, കുറച്ചുസമയം തനിച്ചിരിക്കാനും ഓരോന്ന് ആലോചിച്ചു കിനാവ് കാണാനും കഴിയണം. അങ്ങനെ പതുക്കെപ്പതുക്കെ മനസ്സിനെ പാകപ്പെടുത്തിയാൽ ചിലപ്പോൾ രാത്രിയിലും സ്വപ്നം കണ്ടെന്നു വരാം. ഇതൊക്കെ അങ്ങനെതന്നെ ആവണമെന്നില്ല. എന്തായാലും ഉള്ളിലൊരു സ്പാർക് വേണം… ചുരുക്കത്തിൽ നല്ല വായനക്കാരനേ നല്ലൊരു കവിയാകാൻ കഴിയൂ. പിന്നെ ഇതൊക്കെ ടീച്ചറുടെ തോന്നലുകളാണെന്ന് കൂട്ടിക്കോളൂ. അന്തിമ വാക്കല്ല.’’
‘‘അമ്മ സമ്മതിക്കില്ല. ക്ലാസ് പുസ്തകങ്ങൾക്കപ്പുറം ഒന്നും വായിക്കേണ്ടാന്നു എപ്പോഴും പറയും.’’
‘‘ഈ കുട്ടി നന്നായിട്ട് തബല വായിക്കും, ടീച്ചർ.’’ ഒപ്പമുള്ള കൂട്ടുകാരി ഇടയിൽ കയറി പറഞ്ഞു.
‘‘അതുവ്വോ. അതൊരു വലിയ കഴിവല്ലേ മോളേ. തബല വായനയിൽ നാദമുണ്ട്, താളമുണ്ട്, എണ്ണമുണ്ട്. അതും കവിതതന്നെയാണ്. കവിതയിലും താളമുണ്ട്, നാദമുണ്ട്. പ്രശസ്തരായ തബലവാദകരായ ഉസ്താദ് അല്ലാ രാഖയും സക്കീർ ഹുസൈനും തബലയിൽ കവിത എഴുതുന്നവരല്ലേ?’’ വാ പൊളിച്ചു കേട്ടുനിൽക്കുകയാണ് കുട്ടികൾ.
‘‘ശരി ടീച്ചർ.’’ ചില പുതിയ കാര്യങ്ങൾ കേട്ടതുപോലെ അവളുടെ കണ്ണുകൾ വിടർന്നു.
‘‘ശരി, കുട്ടീ. ഓൾ ദ ബെസ്റ്റ്.’’ സൗമിനി അവളുടെ പുറത്തു തട്ടി.
സ്റ്റാഫ് റൂമിൽ കുമുദം ടീച്ചർ കാത്തിരിക്കുകയായിരുന്നു. സൗമിനിയുടെ അടുത്ത കൂട്ടുകാരിയാണ് തമിഴത്തിയായ കുമുദം.
‘‘എന്തു പറഞ്ഞു മൂത്താശാൻ? ദേഷ്യപ്പെട്ടോ?’’
‘‘എന്തു പറയാൻ? ദേഷ്യപ്പെടാനും സങ്കടപ്പെടാനും വയ്യാത്ത അവസ്ഥ. കഷ്ടം തോന്നി.’’
‘‘എന്താ പുതിയ പരാതി?’’
‘‘അച്ചടക്കലംഘനം തന്നെ. കസേരയിൽ ഇരുന്നതിന്.’’
‘‘കാലു കഴച്ചാൽ പിന്നെയെന്തു ചെയ്യും?’’
‘‘ആവോ. എന്തായാലും ഒരുദിവസം എന്റെ പണി പോകുമെന്ന് ഉറപ്പ്.’’
‘‘ഓ, പിന്നെ. ടീച്ചറെപ്പോലെ ഒരാളെ അവർക്ക് എവിടന്നു കിട്ടാനാണ്?’’
‘‘കണ്ടുപിടിച്ചോട്ടെ. ഇതിന്റെ ഇരട്ടി കാശ് വീട്ടിലിരുന്നു ട്യൂഷൻ എടുത്താൽ കിട്ടുമെന്നറിയാം. പിന്നെ കാലത്തേ ഓടിപ്പാഞ്ഞു വരികേം വേണ്ട. വീട്ടുകാര്യങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കാനും പറ്റും. മോള് വലുതായി വരികയല്ലേ?’’
‘‘ശരിയാ. എന്നെപ്പോലത്തെ പാവം ഹിസ്റ്ററി ടീച്ചർ എന്തുചെയ്യാനാ? അല്ലെങ്കിലും ഇവരൊക്കെ സൗത്ത് ഇന്ത്യൻസിന് എതിരാണല്ലോ.’’
‘‘അങ്ങനെയൊന്നുമല്ല, ഇത് ആ കേണലിന്റെ പട്ടാളച്ചിട്ട.’’
‘‘ഒടുവിൽ ഇതൊരു ആർമി ക്യാമ്പാക്കി മാറ്റാതിരുന്നാൽ മതിയായിരുന്നു. പിന്നെ കാലത്തെ പരേഡും ലെഫ്റ്റ് റൈറ്റ് അടിക്കലും ഒക്കെ വേണ്ടിവന്നേക്കും.’’
‘‘അനുസരണക്കേടിന് സ്കൂൾ ഗ്രൗണ്ട് മുഴുവൻ പത്തു റൗണ്ട് ഓട്ടമായിരിക്കും ശിക്ഷ.’’
പട്ടാള യൂനിഫോമും തൊപ്പിയുമായുള്ള ടീച്ചർമാരുടെ പരേഡിനെപ്പറ്റി ഓർക്കുന്തോറും അവർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല...
ഏറെ നിറപ്പകിട്ടുള്ളതാണ് ലാലാജിയുടെ ചരിതം. വാർധയിൽ െവച്ച് മഹാത്മജിയുടെ കാലുകൾ തൊട്ട് വന്ദിക്കാനുള്ള അവസരം കിട്ടിയ മഹാൻ.
‘‘നോക്കൂ ചമൻലാൽ, നിങ്ങൾക്ക് ഇതെല്ലാം കനിഞ്ഞുനൽകിയ സമൂഹത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കണമെന്ന് തോന്നുന്നില്ലേ? പ്രത്യേകിച്ചും നമ്മെ വളർത്തി വലുതാക്കുന്ന അമ്മമാർക്ക്.’’
‘‘ശരിയാണ് ബാപ്പു, അങ്ങ് പറഞ്ഞാലും.’’
ബാപ്പു പലതും പറയാൻ തുടങ്ങിയപ്പോൾ അനുസരണമുള്ള കുട്ടിയെപോലെ ലാലാജി കേട്ടുകൊണ്ടിരുന്നു.
ഒടുവിൽ മഹാത്മജിയുടെ ഇരു കൈകളും കണ്ണിലണച്ചു അവിടെ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ലാലാജിയുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
വാർധയിൽനിന്ന് മടങ്ങിയതിന് ശേഷം അദ്ദേഹം മുന്തിയ വസ്ത്രങ്ങൾക്ക് പകരം ഖാദി ഉപയോഗിക്കാൻ തുടങ്ങി. വീട്ടിലും ആർഭാടം ഒഴിവാക്കി. സ്ത്രീകളുടെ തൊഴിൽ പരിശീലന കേന്ദ്രം, നെയ്ത്തുപുര, വസ്ത്രനിർമാണശാല, ഒരു ആതുരാലയം, ധർമാശുപത്രി എന്നിവക്ക് പുറമെ ഒരു മാതൃകാ വിദ്യാലയവും തുടങ്ങി. അവിടെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായ ഉച്ചഭക്ഷണം കൊടുക്കാനും ഏർപ്പാട് ചെയ്തു.
അങ്ങനെ പലതും… എല്ലാം അമ്മയുടെ പേരിൽതന്നെ. അവിടങ്ങളിലെ ചുവരുകളിൽ രണ്ടു ചിത്രങ്ങൾ മാത്രം. മഹാത്മജിയും ലാലാജിയുടെ അമ്മ ശാന്താബായിയും…
ബിലാത്തിയിൽ പഠിക്കാനയച്ച മകൻ ഒരു വെള്ളക്കാരിയെ കല്യാണം കഴിച്ചതു കുടുംബത്തിൽ വലിയ കോലാഹലമുണ്ടാക്കി. അവൾക്കും കുട്ടിക്കും പ്രവേശനമില്ലെന്ന് വന്നതോടെ അയാളും ആ വീട്ടിൽ കേറാതായി…
വെള്ളക്കാർ പോയതോടെയാണ് മുമ്പ് അവരുടെ ഒരു ബ്രിഗേഡിയറുടെ പേരുള്ള നഗരം സർക്കാർ ‘ശാന്തിനഗർ’ എന്നാക്കി മാറ്റിയത്.
അതൊരു നഗരത്തിന്റെ പിറവിയായിരുന്നു. ഒരു ഗാന്ധിജയന്തി ദിവസമായിരുന്നു അന്ന്.
പഴയ ശാന്തിനഗർ അതിവേഗം വലുതാകാൻ തുടങ്ങുകയായിരുന്നു. എന്നുെവച്ചാൽ കാലത്തെ വെല്ലുന്ന വളർച്ച. പഞ്ചായത്തിൽനിന്ന് മുനിസിപ്പാലിറ്റിയിലേക്ക്. അവിടന്ന് കോർപറേഷനെ സ്വപ്നം കാണാൻ കഴിയുന്ന അവസ്ഥയിലേക്ക്. അങ്ങനെ പൊടി പരത്തിയിരുന്ന ചെമ്മൺ പാതയുടെ മുഖം ടാർ വീണു കറുത്തു. പിന്നീടത് താനേ സിമന്റിന് വഴിമാറി. സൈക്കിൾ റിക്ഷകൾ ഇഴഞ്ഞിരുന്ന നിരത്തിൽ കുതിരവണ്ടികളെത്തി. സൈക്കിൾ ചവിട്ടിയിരുന്നവർ കുതിരവണ്ടി ഓടിക്കാൻ ശീലിച്ചു. റോഡിലൂടെ മുന്തിയ ബൈക്കുകളും മോട്ടോർ കാറുകളും പായാൻ തുടങ്ങി.
അതൊരു പട്ടണത്തിന്റെ മറുപിറവിയായിരുന്നു.
‘‘ഈ പോക്ക് ശരിയാണോ, ഇഷ്ടാ’’ ഒന്നാം പൗരൻ ചോദിച്ചു.
‘‘എന്തോ ഒരു പന്തിയില്ലായ്മ പോലെ.” രണ്ടാം പൗരൻ തലയാട്ടി.
‘‘എന്തിനും ഒരു ഓർഗാനിക് ഗ്രോത്ത് അല്ലേ നല്ലത്? പ്രകൃതിയെ നിഷേധിച്ചുള്ള ഈ വളർച്ച എന്നെ പേടിപ്പിക്കുന്നു. പഴമനസ്സിന്റെ തോന്നലാകാം.’’ മൂന്നാമനും യോജിച്ചു.
“നമുക്കൊക്കെ വയസ്സായില്ലേ? ഇനി ചെറുപ്പക്കാരുടെ കാലം. സ്പീഡിന്റെ കാലം.”
“അതെയതെ. തട്ടിത്തടഞ്ഞു വീഴാതിരുന്നാൽ മതിയായിരുന്നു.”
വീർത്തു തുടങ്ങിയ പട്ടണം കൂടുതൽ വികസനത്തിനായി കൈകാലുകളിട്ടടിച്ചു. വാ പിളർന്നു കരഞ്ഞു. എത്ര തിന്നാലും നിറയാത്ത പെരുവയർ. ഓരോ റോഡിനും ഉപ റോഡുകൾ വേണം. കുടിയേറ്റങ്ങൾ കൂടിയതോടെ നിരത്തുകളിൽ തിരക്കായി. ഓവർബ്രിഡ്ജുകൾ പിറന്നു. ട്രാഫിക് വിളക്കുകൾ തെളിഞ്ഞു. താളമൊപ്പിച്ചു മാറുന്ന പച്ച, മഞ്ഞ, ചുവപ്പ് കണ്ണുകൾ വണ്ടിയോട്ടങ്ങളെ നിയന്ത്രിക്കുന്നതു നാട്ടുകാർ വിസ്മയത്തോടെ നോക്കിനിന്നു.
ജനസംഖ്യ കൂടിയപ്പോൾ ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളിൽ കെട്ടിടങ്ങൾ പൊങ്ങി. മാലിന്യങ്ങൾ കുന്നുകൂടി. ഓടകളിലൂടെ അഴുക്കുവെള്ളം ഒഴുകാൻ തുടങ്ങി. കൊതുകുകൾ മുട്ടയിട്ടു വളർന്നു. അതോടെ പലതരം രോഗങ്ങളും പടർന്നു. പേടിക്കേണ്ടാ, പുതിയ രോഗങ്ങൾ വരട്ടെ, എന്നാലല്ലേ ഗവേഷണങ്ങൾ നടക്കൂ. മെഡിക്കൽ സയൻസും പുരോഗമിക്കൂ. ഡോക്ടർമാർ പറഞ്ഞു. എന്തായാലും, കാര്യമായി പണിയില്ലാതെ സൊറ പറഞ്ഞിരുന്ന ഡോക്ടർമാർക്കും സഹായികൾക്കും സന്തോഷമായി. പുതിയ സ്വകാര്യ ആശുപത്രികളും സൂപ്പർ സ്പെഷലിസ്റ്റുകളും ഉണ്ടായി. വലതു കാലിന് ചികിത്സിക്കുന്ന ഡോക്ടർ ഇടതു കാൽ നോക്കില്ലെന്ന് ചിലർ കുശുമ്പ് പറഞ്ഞു.
ശരിയാ. ഒടുവിൽ ഇതൊരു നഗരമാകാൻ പോകുകയാണല്ലോ. നമ്മളൊക്കെ എത്ര മോഹിച്ചതാ. ചിലർ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ കടൽ കടന്നെത്തുന്ന പുതിയ രോഗങ്ങൾക്കായി കാത്തിരുന്നു.
മറ്റു പട്ടണങ്ങൾക്കൊന്നും സ്വപ്നം കാണാനാവാത്ത വളർച്ച. തുടക്കമിട്ടത് ലാലാജിയായിരുന്നെങ്കിലും അതിന് ആക്കംകൂട്ടാൻ ഭരണത്തിന്റെ തലപ്പത്ത് ഒരു നിയോഗംപോലെ ഒരു സ്ത്രീയെത്തി. പുതിയ ഭരണസമിതി ചുമതല ഏൽപിച്ച ഒരു വീട്ടമ്മ.
പിന്നീടത് പ്രതീക്ഷിക്കാത്ത മാറ്റമായി. നീണ്ടകാലം കോളേജ് അധ്യാപികയായിരുന്ന സുഷമ എന്ന വീട്ടമ്മ. മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണത്രെ അവർ കോളേജ് വിട്ടത്. അതും ഒരു വിദ്യാർഥിനിയോട് അതിക്രമം കാട്ടിയ അധ്യാപകന്റെ നേർക്ക് നടപടിയെടുക്കാത്തതിന്റെ പേരിൽ. അയാൾക്ക് ശക്തമായ രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നത്രെ. വനിതാദിനവും മാതൃദിനവുമൊക്കെ ഗംഭീരമായി ആചരിക്കുന്നവർ സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേർക്കുള്ള അതിക്രമങ്ങളുടെ നേരെ കണ്ണടക്കുന്നത് അവർക്ക് സഹിക്കാനായില്ല. അതോടെയാണ് അവർ രാഷ്ട്രീയത്തിൽ ഇറങ്ങാനും തെരഞ്ഞെടുപ്പിൽ നിൽക്കാനും തീരുമാനിച്ചത്. നല്ല ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു.
കോളേജ് ജോലി വിട്ടശേഷം അവർ കുറേക്കാലം ഒരു എൻ.ജി.ഒയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. അനാഥ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടന. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
ആദ്യത്തെ പത്രസമ്മേളനത്തിൽ തന്നെ അവർ മനസ്സ് തുറന്നു.
‘‘എന്റെ പേര് നിങ്ങൾക്കറിയാം -സുഷമ. സുഷമാജി എന്ന് വേണമെങ്കിൽ വിളിക്കാം. അല്ലാതെ ജാതിപ്പേര് കൂട്ടിക്കെട്ടാൻ എനിക്ക് താൽപര്യമില്ല. അതിന്റെ പേരിൽ വോട്ടും പിടിച്ചിട്ടില്ല. നോമിനേഷൻ കടലാസുകളിലും ആ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. അക്കാര്യം ആരെങ്കിലും ചോദ്യംചെയ്താൽ നേരിടാൻ ഞാൻ തയാറാണ്… പിന്നെ എനിക്ക് പ്രസംഗിക്കാൻ അറിയില്ല. കാരണം, ഞാനൊരു രാഷ്ട്രീയ നേതാവല്ല. പക്ഷേ, സാമാന്യജനങ്ങളുടെ പ്രശ്നങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ട്. അതിന് എല്ലാവരുടെയും സഹകരണം വേണം.” പെട്ടെന്ന് എന്തോ മറന്നതുപോലെ അവർ കൂട്ടിച്ചേർത്തു. “എന്റെ പടം ആരെങ്കിലും എടുക്കണമെന്നോ നാളത്തെ പത്രങ്ങളിൽ വരണമെന്നോ എനിക്കൊരു നിർബന്ധവുമില്ല. പിന്നെ ചെയർപേഴ്സൻ എന്നു മതി. ഓർക്കുക ചെയർപേഴ്സൻ, ചെയർമാനല്ല. ആ കസേരയിൽ പുരുഷൻതന്നെ ഇരിക്കണമെന്ന് ആർക്കാണിത്ര നിർബന്ധം? സ്ത്രീകൾ അതിലേക്ക് വരേണ്ടത് സംവരണത്തിലൂടെയല്ല. അർഹതയിലൂടെ മാത്രം. ഓർക്കുക സംസ്ഥാനത്ത് അനുപാത കണക്കിൽ പെണ്ണുങ്ങൾ കൂടിവരികയാണ്. പുരുഷന്മാർക്കും സംവരണം വേണ്ടിവരുന്ന കാലം വരും… പിന്നെ അധികം താമസിയാതെ ഇതൊരു നഗരമാകും. എനിക്ക് പകരം ഒരു പുതിയ മേയർ വരും. പുതിയ നിയമങ്ങൾ വരും.’’
‘‘വലിയ വലിയ വാഗ്ദാനങ്ങൾ നിരത്താൻ ഞാനാളല്ല. മനുഷ്യപ്പറ്റുള്ള ഒരു ഭരണസംവിധാനമാണ് എന്റെ മോഹം. ഉദ്യോഗസ്ഥന്മാർക്കും സാമാന്യജനങ്ങൾക്കും ഇടയിലുള്ള അകലം ആവുന്നത്ര കുറക്കുക, അതാണെന്റെ ലക്ഷ്യം. എളുപ്പമല്ലെന്നറിയാം, എന്നാലും ഞാൻ ശ്രമിക്കും. എന്തായാലും, ഇനിയൊരു അങ്കത്തിനു ഞാനില്ല. ഈ ടേമിൽ എന്തെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ ഈ കസേരയിൽ എന്തിനിരിക്കണം? ഞാനൊരു പരാജയമാകുമെങ്കിൽ സ്വയം ഒഴിഞ്ഞുപോകാൻ തയാറാണ്. അല്ലെങ്കിൽ നിങ്ങൾ തന്നെ കഴുത്തിനു പിടിച്ചു പുറത്താക്കണം.’’
അഴിമതിക്കാരായ മുൻ ഭരണാധികാരികളുടെ അട്ടഹാസങ്ങൾ കേട്ടു മടുത്ത ജനം നിലക്കാത്ത കയ്യടികളോടെയാണ് അത് കേട്ടത്.
ഇതിനിടയിൽ പിൻവരിയിൽ നിന്നിരുന്ന ചിലർ തമ്മിൽ അടക്കംപറയുന്നുണ്ടായിരുന്നു.
‘‘ഇതൊക്കെ ഇപ്പോൾ പറയും. അധികാരത്തിന്റെ ലഹരി മണ്ടയിൽ കേറിയാൽ ആള് മാറുന്നത് ഞാൻ കാട്ടിത്തരാം.” അതിനോട് യോജിക്കാനും ആളുകളുണ്ടായിരുന്നു.
എന്തായാലും, ഒരു മാറ്റത്തിനായി ദാഹിക്കുന്ന നഗരത്തിനു അതൊരു കുളിർകാറ്റായി…
വീർപ്പുമുട്ടുന്ന നഗരങ്ങൾ കോളണികളെ പെറ്റു വയറൊഴിക്കുന്നു. കോളണികൾക്ക് പ്രായമാകുമ്പോൾ ഇണ ചേർന്ന് അവയും പെറ്റുകൂട്ടുന്നു. അങ്ങനെ വിശാൽനഗർ രണ്ട് മൂന്ന് എന്നീ കുഞ്ഞുങ്ങൾ പിറവിയെടുക്കുന്നു.
ശാന്തിനഗർ എന്ന പേര് പുറത്തുള്ളവരെ ആകർഷിക്കാൻ പറ്റുമെന്ന് ചെയർപേഴ്സൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. പ്രത്യേകിച്ചും സ്ത്രീകളെ. പല കാരണങ്ങൾകൊണ്ടും അകന്നു നിന്നിരുന്നവരെ ആകർഷിക്കാനായി കുറെ പ്ലാനുകൾക്ക് രൂപം കൊടുത്തപ്പോൾ മാറ്റങ്ങളുടെ കാറ്റ് വീശുന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. സംഗതി എളുപ്പമല്ലെന്ന് നേതാവിനും അണികൾക്കും അറിയാമെങ്കിലും ചെറിയൊരു മാറ്റമെങ്കിലും… പുതിയ വ്യവസായങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ. ലാലാജിയുടെ സ്വപ്നം പുതിയ ജനനേതാവിലൂടെ സാധിക്കുന്നത് നാട്ടുകാരും നോക്കിനിന്നു. അത്രകണ്ട് ഐശ്വര്യമുള്ള സ്ത്രീയായിരുന്നു ശാന്താ ബായി എന്നതിൽ സംശയമില്ല നാട്ടാർക്ക്. കാരണം ലാലാജി തന്റെ മിക്ക സ്ഥാപനങ്ങളും തുടങ്ങിയത് അമ്മയുടെ പേരിൽതന്നെ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.