3 വിശാൽനഗർ സെക്ടർ രണ്ടിലേക്ക്
പാർവതി കോളേജിൽ രണ്ടാം കൊല്ലമായപ്പോഴേക്കും കുറച്ചുകൂടി നല്ലൊരു ഫ്ലാറ്റിലേക്ക് മാറാതെ വയ്യെന്ന് സൗമിനിക്ക് തോന്നിത്തുടങ്ങി. വാടകവീട്ടിൽനിന്നും സ്വന്തമായൊരു ഫ്ലാറ്റ്.
അങ്ങനെ വിശാൽനഗർ രണ്ടിൽ അവർ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തു. ഒന്നാം സെക്ടറിൽനിന്ന് ഒന്നൊന്നര കിലോമീറ്റർ ദൂരം. പേരുകേട്ട അഗർവാൾ ബിൽഡേർസ്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും അവർക്ക് കോംപ്ലക്സുകളുണ്ട്. പേക്ഷ, ഇതൊരു പുതിയ ഡിസൈൻ. രണ്ടു ടവറുകൾക്ക് പുറമെ വിശാലമായ കുറെ വില്ലകളും. സാധാരണയായി അവർ പരസ്യം ചെയ്യാറില്ലത്രെ. ബ്രാൻഡ് അംബാസഡറോ പരസ്യ മോഡലുകളോ ഇല്ല. വേണ്ടവർ കേട്ടറിഞ്ഞു വരുകയാണ് പതിവ്. ഇത്തവണ പുതിയ മാതൃകയായതുകൊണ്ട് അവർ ആദ്യമായി നഗരത്തിന്റെ പ്രധാന ഭാഗത്ത് ഒരു ഹോർഡിങ് െവച്ചുവെന്ന് മാത്രം.
അവരുടെ ഓഫീസിൽ പോയ ദിവസംതന്നെ ആ കമ്പനിയെയും അവരുടെ ഇടപാടുകാരെയും പറ്റി കുറച്ചൊക്കെ മനസ്സിലാക്കാനായി സൗമിനിക്ക്. മിക്കവരും മിക്ക ഇടപാടുകാരും സ്വന്തം വണ്ടികളിൽ വന്ന മുന്തിയ വേഷമണിഞ്ഞവർ… നന്നായി തണുപ്പിച്ച നീണ്ട മുറിയായിരുന്നു ഓഫീസ്. ഒരുവശത്തെ കൗണ്ടറിൽ ഭംഗിയായി മേക്കപ്പ് ചെയ്ത രണ്ടു പെൺകുട്ടികൾ ഇരിക്കുന്നു. അവരുടെ എതിരെ ആവശ്യക്കാരായ ചില കുടുംബങ്ങളുമുണ്ട്. അവരുടെ മുഖത്തു പുതിയൊരു പാർപ്പിടം തേടുന്നവരുടെ ആകാംക്ഷ.
കൗണ്ടറിലെ ചുണ്ടുകൾ ചുവപ്പിച്ച മെലിഞ്ഞ പെൺകുട്ടി മനോഹരമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
‘‘ഗുഡ് മോർണിങ് മാഡം. ഞാൻ ശീതൾ. അവിടെ ഇരുന്നോളൂ.‘‘
ബ്രോഷർ നീട്ടിക്കൊണ്ട് അവൾ പുറകിലുള്ള സോഫകൾ ചൂണ്ടിക്കാട്ടി.
അവളുടെ മുമ്പിൽ ഇരിക്കുന്ന കുടുംബം പുതുതായി വന്നവരുടെ ഉലഞ്ഞ വേഷത്തിലേക്ക് കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
വേറെയും ഒരു പാർട്ടി ഉണ്ടായിരുന്നതുകൊണ്ട് സൗമിനിയുടെ ഊഴം വരാൻ കുറച്ചു വൈകി. ഇതിനിടയിൽ വശങ്ങളിലെ ചുമരുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന അവരുടെ സൈറ്റുകളുടെ പടങ്ങൾ കണ്ടതോടെ അഗർവാൾ ബിൽഡേർസിനെ പറ്റി ഏതാണ്ടൊരു ധാരണ കിട്ടി. സംസ്ഥാനത്തിന് പുറത്തും അവർക്ക് സൈറ്റുകളുണ്ട്. മൊത്തത്തിൽ അവിടത്തെ കെട്ടിടക്കാഴ്ചകൾ കണ്ടപ്പോൾ ഇത് തങ്ങൾക്ക് ചേർന്നതാണോയെന്ന സംശയമായി സൗമിനിക്ക്. പാർവതിക്ക് മാത്രം യാതൊരു കൂസലുമുണ്ടായിരുന്നില്ല.
ഒടുവിൽ ശീതളിന്റെ വിളി വന്നു.
‘‘സോറി മാഡം. ഒരുപാട് വൈകിയോ? ആട്ടെ, യാത്രയൊക്കെ സുഖമായിരുന്നോ?’’ ഇത്തവണ ചിരിയുടെ ചുവപ്പ് കൂടിയത് പോലെ.
‘‘ഞങ്ങൾ പുതിയ ആളുകളല്ലാട്ടോ. ശാന്തിനഗറിലെ മറ്റൊരു കോംപ്ലക്സിൽ…’’
‘‘ഏതാത്?’’
‘‘വിശാൽനഗർ സെക്ടർ ഒന്നിൽ.’’
‘‘ഓ, അതോ? അത് വർഷങ്ങൾക്കുമുമ്പ് മിഡിൽക്ലാസിന് വേണ്ടി ചീപ്പായി പണിതതല്ലേ. ആരുമറിയാത്ത പുതിയ ബിൽഡേഴ്സ്. അവർക്കൊരു വെബ്സൈറ്റ് പോലുമില്ല. കൺസ്ട്രക്ഷനും മോശമാണെന്നാ കേട്ടത്. പിന്നെ അഗർവാൾസിനെപ്പറ്റി മാഡം കേട്ടുകാണും. ഞങ്ങൾ പരസ്യം ചെയ്യാറില്ല. ബ്രാൻഡ് അംബാസഡറും വേണ്ട. മറ്റു സിറ്റീസിലും സൈറ്റുകൾ ഉള്ളതുകൊണ്ട് എല്ലാവർക്കും ഞങ്ങളെ അറിയാം.’’
അവളുടെ ജാട കണ്ടപ്പോൾ അമ്മയും മകളും മുഖത്തോടു മുഖം നോക്കി. ഞങ്ങളും മിഡിൽക്ലാസ് തന്നെയെന്ന് പറയാൻ പാർവതിയുടെ നാവ് ചൊറിയുന്നുണ്ടായിരുന്നു. പേക്ഷ, വേണ്ടെന്ന് സൗമിനി ആംഗ്യം കാട്ടി.
‘‘പിന്നെ അതു വേറൊരു ലോകമാണ്. പ്രകൃതിയെ നശിപ്പിക്കാതെ എല്ലാം അതേപടി നിലനിർത്തണമെന്ന് ആർക്കിടെക്ടിനോട് കമ്പനി പ്രത്യേകം പറഞ്ഞിരുന്നു. അവിടെ പോകുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും.’’ അവൾ തുടരുകയാണ്.
‘‘അവിടെ മരങ്ങളുണ്ടോ?’’ പെട്ടെന്ന് എന്തോ ഓർത്തതുപോലെ സൗമിനി പെട്ടെന്ന് ചോദിച്ചു.
‘‘ഇഷ്ടംപോലെ.’’
‘‘കിളികളോ?’’
‘‘തീർച്ചയായും. ഞങ്ങളുടെ വെബ്സൈറ്റ് നോക്കിയോ മാഡം? രാജ്യത്തുള്ള എല്ലാ സൈറ്റുകളുടെയും വിവരങ്ങൾ അതിലുണ്ട്.’’
‘‘അറിയില്ലായിരുന്നു.’’ മറുപടി പറഞ്ഞത് പാർവതിയായിരുന്നു.
‘‘ബ്രോഷറോ?’’
‘‘നോക്കി…’’
‘‘ഇഷ്ടമായല്ലോ?’’
‘‘തരക്കേടില്ല.’’
‘‘ഗുഡ്. എന്നാൽ നമുക്കിനി വ്യവസ്ഥകൾ സംസാരിക്കാം.’’
‘‘ആയിക്കോട്ടെ.’’
‘‘മാഡത്തിന് ഫ്ലാറ്റ് വേണോ, വില്ല വേണോ? വില്ല വേണമെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ പറയണം കേട്ടോ. മിക്കതും പോയിക്കഴിഞ്ഞു. ഇനി ചിലതേ ബാക്കിയുള്ളൂ.’’
‘‘ഫ്ലാറ്റ് മതി.’’ സൗമിനി പറഞ്ഞു.
‘‘ഗുഡ്. രണ്ടു ദിവസത്തിൽ പറഞ്ഞാൽ ഏർളി ബേർഡ്സ് ഡിസ്കൗണ്ട് കിട്ടും. കേട്ടിട്ടില്ലേ ഏർളി ബേർഡ് കാച്ചസ് ദ വേംസ് എന്ന് ’’ വീണ്ടും അനാവശ്യമായ ചിരി.
‘‘എത്ര കിട്ടും?’’
തുക കേട്ടപ്പോൾ സൗമിനിക്ക് ചിരിവന്നു.
‘‘അത്രേ ഉള്ളൂ? എന്നാൽ എനിക്ക് ആ പുഴുക്കളെ വേണ്ട.’’
‘‘ഓക്കേ മാഡം. സാധാരണ ഇതൊന്നും പതിവില്ല ഞങ്ങൾക്ക്. അതിന്റെ ആവശ്യം വരാറുമില്ല. ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ. പുതിയ ഡിസൈൻ ആയതുകൊണ്ട് ചെറിയൊരു ഇൻസെന്റിവ്.’’ അവൾ വീണ്ടും ചുവന്ന ചിരി ചിരിച്ചു.
അവളുടെ വർത്തമാനവും അനാവശ്യമായ ചിരിയും തീരെ പിടിക്കുന്നുണ്ടായിരുന്നില്ല പാർവതിക്ക്. ഇനി എല്ലാറ്റിനും താൻതന്നെ മറുപടി പറഞ്ഞോളാമെന്ന് അവൾ ആംഗ്യം കാട്ടി.
‘‘പിന്നെ ഞങ്ങളുടെ വിശദമായ വ്യവസ്ഥകളൊക്കെ ബ്രോഷറിലുണ്ട്.’’
‘‘കണ്ടു.’’
‘‘ആദ്യം ടോക്കൺ അഡ്വാൻസ് തന്ന് ബുക്ക് ചെയ്യണം. പിന്നീടുള്ള അടവുകളിൽ മുടക്കംവരാൻ പാടില്ലെന്ന് മാഡത്തിന് അറിയാമല്ലോ. പണി തുടങ്ങുമ്പോഴേ പണമടച്ചു കാത്തിരിക്കുന്നവരാണ് മിക്കവരും. അതാണ് അഗർവാൾ കമ്പനിയുടെ റെപ്യൂട്ടേഷൻ.’’
‘‘ഓ, അറിയാം.’’ പാർവതിയുടെ ക്ഷമ നഷ്ടപ്പെടുകയായിരുന്നു. സൗമിനിയാകട്ടെ ചിരി അമർത്താൻ പണിപ്പെടുന്നു.
‘‘ആട്ടെ, മാഡത്തിന്റെ പ്രൊഫഷൻ?’’
‘‘സ്കൂൾ ടീച്ചർ.’’
‘‘ഓ…’’ അവളുടെ ചുണ്ടുകൾ കോടുന്നത് തീരെ പിടിച്ചില്ല പാർവതിക്ക്.
‘‘എന്താ പോരാന്നുണ്ടോ?’’
‘‘അയ്യോ, അതുകൊണ്ടല്ലാ, ഞങ്ങളുടെ ഇടപാടുകാർ മിക്കവരും എച്ച്.എൻ.ഐസും ഗൾഫുകാരും ഒക്കെ ആയതുകൊണ്ട് ചോദിച്ചതാ. സോറി. ആട്ടെ, ബാങ്ക് ലോണൊക്കെ ഏർപ്പാട് ചെയ്തു കാണുമല്ലോ.’’
‘‘ബാങ്കിൽ പറഞ്ഞിട്ടുണ്ട്.’’
‘‘അല്ലാ. ഒരുപാട് ഇൻസ്റ്റാൾമെന്റ്സ് വേണ്ടിവരും. ജോലി തീർന്നാലും… ഗഡുക്കളിൽ മുടക്കംവന്നാൽ…’’
‘‘അറിയാം. അറിയാം. ടൗണിലെ അറിയപ്പെടുന്ന കണക്കു ടീച്ചറാ.’’ പാർവതി ചൊടിച്ചു.
‘‘ഓക്കേ, സോറി.’’ അവൾ വിഷയം മാറ്റി. ‘‘ഞങ്ങളുടെ ബ്രോഷറിൽ വിശദമായ ഫ്ലോർ പ്ലാൻ കാണാം. അതിൽനിന്ന് നിങ്ങൾക്കുവേണ്ട ഫ്ലാറ്റ് തെരഞ്ഞെടുക്കാം. ഓരോരുത്തർക്ക് ഓരോ ചോയ്സ് അല്ലേ? ചിലർക്ക് ഈസ്റ്റ് ഫേസിങ് വേണെങ്കിൽ മറ്റു ചിലർക്ക് വെസ്റ്റ്. ഇവിടെ കടലൊന്നും ഇല്ലെങ്കിലും പടിഞ്ഞാറേ വിൻഡോയിലൂടെ കടൽക്കാറ്റ് കിട്ടുമെന്നാണ് അവരുടെ വിശ്വാസം. വേറെ ചിലർക്ക് വാസ്തു നോക്കണം. നമ്മൾ പറഞ്ഞാലും വിശ്വാസം പോരാ. അതുകൊണ്ട് ഒരു കോമ്പസുമായി സൈറ്റിൽ പോകുന്നു…’’
കാത്തിരിക്കാൻ വേറെ ആരുമില്ലാത്തതുകൊണ്ട് അവൾ തുടരുകയായിരുന്നു.
അവിടന്ന് വല്ലവിധവും രക്ഷപ്പെട്ടാൽ മതിയെന്നായി പാർവതിക്ക്.
മടക്കത്തിൽ ഓട്ടോ കിട്ടാൻ വൈകിയപ്പോൾ കലികയറി അവൾക്ക്.
‘‘ഈ മുടിഞ്ഞ വേനൽ. ഒരു ബൈക്കില്ലാതെ പറ്റില്ല.’’
‘‘ഒക്കെ വാങ്ങാന്നെ.’’ സൗമിനി ചിരിച്ചു. ‘‘ഏ.സി മുറീന്ന് വെയിലത്തേക്ക് ഇറങ്ങിയതുകൊണ്ടാ.’’ സാരികൊണ്ടു തലമൂടി ഒരു മരത്തണലിലേക്ക് അവർ മാറിക്കഴിഞ്ഞിരുന്നു.
ഓട്ടോവിലിരിക്കുമ്പോൾ പാർവതിയുടെ കലി അടങ്ങുന്നുണ്ടായിരുന്നില്ല.
‘‘അവളുടെയൊരു അഗർവാൾ കമ്പനി! ആരും കാണാത്തൊരു കമ്പനി. നമ്മള് ചെന്നു കേറിയപ്പോ തൊട്ട് തൊടങ്ങിയതാ അവൾടെയൊരു ചൊറിച്ചില്.’’
‘‘സാരല്ല്യാ മോളേ, മോളിലുള്ളോര് പഠിപ്പിച്ച പാട്ട് അതേപടി പാടുകയാണ് പാവം. ഇതവളുടെ വയറ്റുപിഴപ്പല്ലേ? പിന്നെ വലിയ ടാർഗറ്റും കാണും. അപ്പൊ ഇടപാടുകാരുടെ ചുറ്റുപാടുകൾ നോക്കേണ്ടത് അവൾടെ ചുമതലയല്ലേ? അത്രന്നെ. എന്തായാലും, അവള് പറയണത് കേക്കാൻ രസണ്ട്. അതോണ്ടാ അവടെ വാടകക്കാന്ന് ഞാൻ പറയാഞ്ഞത്.’’
‘‘ടീച്ചർമാർക്ക് ബാങ്ക് ലോൺ കിട്ടുമോന്ന സംശയം കേട്ടപ്പൊ...’’
‘‘അതിന്റെ കാരണവും മനസ്സിലാവും അമ്മക്ക്. നമ്മള് ഗഡുക്കള് മുടക്കിയാൽ ആ ഫ്ലാറ്റിന്റെ ഗതിയോ? കഴിയുന്നതും വേഗം ഇതൊക്കെ വിറ്റുതീർത്ത് അടുത്ത േപ്രാജക്റ്റ് തൊടങ്ങാനുള്ള തിടുക്കായിരിക്കും മുതലാളിക്ക്. വല്യ കൂട്ടരായതോണ്ട് ഇപ്പൊത്തന്നെ പലേടത്തും പണി നടക്കണുണ്ടാവും. അന്ന് ആ മാമിതന്നെ പറഞ്ഞത് പണിതൊടങ്ങിയപ്പൊൾ തന്നെ മകൻ അഡ്വാൻസ് കൊടുത്തു ബുക്ക് ചെയ്തെന്നാണ്. അയാൾക്ക് ഇതിന്റെ ഉടമസ്ഥൻ അഗർവാളിനെ അറിയാത്രെ.’’
‘‘പിന്നെ ഈ എച്ച്.എൻ.ഐസെന്ന് പറയണത് ആരാ?’’
‘‘ഹൈ നെറ്റ് വർത്തു പാർട്ടികള്!’’
‘‘അപ്പൊ നമ്മളൊക്കെ വെറും മിഡിൽ ക്ലാസ്സ്, അല്ലെ?’’
‘‘ശരിയല്ലേ? എനിക്കതിൽ അഭിമാനമേയുള്ളൂ. ഓരോ ഇഷ്ടികയും ചേർത്തുെവച്ചു ഇടത്തരക്കാർ കെട്ടിയുണ്ടാക്കുന്ന സ്വപ്നക്കൂടല്ലേ ഇത്. അവളുടെ സംശയങ്ങളിൽ എനിക്കൊരു പരാതിയുമില്ല. സത്യമല്ലേ അവൾ പറഞ്ഞത്? ഈ മേക്കപ്പൊക്കെ അഴിച്ചാൽ അവൾ ചെന്നുകയറുന്നത് ചെലപ്പോ വല്ല ചാളിലുമായിരിക്കും. ആവോ ആർക്കറിയാം? സത്യത്തിൽ എനിക്കവളോട് സഹതാപമേയുള്ളൂ.’’
പുതിയ പാർപ്പിടം നന്നെ ഇഷ്ടമായി പാർവതിക്ക്. പത്താം നിലയിൽ ഒരുപാട് കാറ്റും വെളിച്ചവും. ബാൽക്കണിയിൽ ഇറങ്ങിനിന്നാൽ ശാന്തിനഗറിന്റെ നല്ല പാതി കാണാം. രാത്രിയായാൽ മുകളിൽ നക്ഷത്രങ്ങൾ വിരിച്ച നീല പരവതാനിയും. ഏറ്റവും മുകളിലത്തെ ഓപൺ ടെറസിൽ കയറിയാൽ… ഇത്രയും ഉയരമുള്ള ടവർ ശാന്തിനഗറിൽ വേറെയില്ലെന്നാണ് കേട്ടത്. സ്വന്തം വീട്ടിൽ അവൾക്കായി ഒരുപാട് പുതിയ കാഴ്ചകൾ.
പേക്ഷ, വില കേട്ടപ്പോൾ പാർവതി ഞെട്ടിപ്പോയി.
‘‘എന്തിനാമ്മേ, തിടുക്കംപിടിച്ചു അവിടന്ന് മാറണേ? അതും ഇത്രേം വിലയ്ക്ക്..?’’
‘‘ഇനി നിന്റെ ചില വല്ല്യ കൂട്ടുകാരികളൊക്കെ കയറിവന്നൂന്നിരിക്കും. അപ്പൊ പോക്കണംകേടു ആർക്കാ?’’
‘‘അതിനു പാകത്തിന് വല്ല്യ കൂട്ടുകാരികളൊന്നും പാർവതിക്കില്ല. ഉള്ളവരെല്ലാം നമ്മളെപ്പോലെ ഇടത്തരക്കാർതന്നെ.’’ അല്ലെങ്കിലും പോക്കണംകേടുകളെ കുറിച്ച് ആലോചിക്കാതിരിക്കാൻ പാർവതി എന്നേ പഠിച്ചുകഴിഞ്ഞു.
‘‘പോട്ടെ. പിന്നെ ഓരോ കോളനിക്കും ഓരോ ആയുസ്സുണ്ട്, മോളേ. അങ്ങനെ നോക്കുമ്പൊ വില എന്റെ മനസ്സിൽ കടന്നുവരാറില്ല. ഒരിക്കൽ മോഹം തോന്നിയാൽ പിന്നെ മുന്നോട്ടുെവച്ച കാല് പുറകോട്ട് എടുക്കാറില്ല. അത് പോരായ്മയാണെന്ന് ചെലപ്പൊ തോന്നാറുണ്ട്. എന്തുചെയ്യാം. അമ്മ അങ്ങനെ ആയിപ്പോയി. പിന്നെ പണ്ടൊരിക്കൽ മോള് തന്നെ ചോദിച്ചില്ലേ, എന്നാ നമുക്കൊരു നല്ല ഫ്ലാറ്റിലേക്ക് മാറാനാവുക എന്ന്. ചെലവ് ചുരുക്കി വരുമാനം കൂട്ടി…’’
പേക്ഷ, എങ്ങനെയെന്നു പാർവതി ചോദിച്ചില്ല.
അല്ലെങ്കിലും ആ പഴയ വാടക ഫ്ലാറ്റ് വല്ലാതെ മടുത്തിരുന്നു സൗമിനിക്ക്. സൂര്യൻ വല്ലപ്പോഴും എത്തിനോക്കുന്നതുതന്നെ പരുങ്ങലോടെ. ശൈത്യകാലമായാൽ ഇരുട്ടിന്റെ വരവ് നേരത്തെയാകും. പതുങ്ങിവരാറുള്ള ഇരുട്ടിന് അപ്പോൾ വലിയ മുഷ്ക്കാണ്. പഴയ നിർമിതിയിൽ ജനലുകൾ കുറവായതുകൊണ്ട് കാറ്റും കേറിനോക്കാറില്ല. കൂടാതെ, ഇടക്കൊക്കെ വേണ്ടിവരുന്ന മരാമത്തു പണികൾ. പലയിടത്തുമുള്ള ചോർച്ചകൾ കൂടിയതോടൊപ്പം പ്ലമ്പർക്കായുള്ള ചിലവും കൂടിവന്നപ്പോൾ ഉടമസ്ഥനോട് പരാതിപറഞ്ഞു. പഴയ കൺസ്ട്രക്ഷൻ ആണ്. ഇവിടെയിരുന്ന് ഞാനെന്ത് ചെയ്യാനാണ്, മറ്റൊരു നഗരത്തിലുള്ള അയാൾ കൈമലർത്തി. എന്തു പണികൾ വേണമെങ്കിലും ചെയ്യിച്ചോളൂ. വാടകയിൽ അഡ്ജസ്റ്റ് ചെയ്താൽ മതി... എല്ലാം സമ്മതിച്ച് ഇത്രയും കാലം കഴിഞ്ഞുകൂടി. അന്നത്തെ ചുറ്റുപാടിൽ ഈ വാടക തന്നെ കൂടുതലായിരുന്നു. അന്നുതൊട്ടേ മോഹിച്ചുതുടങ്ങിയതാണ് കാറ്റും വെളിച്ചവുമുള്ള പുതിയൊരു ഫ്ലാറ്റിനുവേണ്ടി.
‘‘മോൾക്ക് ഈ ഫ്ലാറ്റ് ഇഷ്ടായില്ലേ?’’ -സൗമിനി ചോദിച്ചു.
‘‘പിന്നില്ലാതെ. ഒന്നാന്തരം ഫ്ലാറ്റ്. ഒരുപാട് സൗകര്യങ്ങളുള്ള പുതിയ കോളനി. നിറയെ മരങ്ങളും പൂച്ചെടികളും. ആ പെൺകൊച്ചു പറഞ്ഞതൊക്കെ ശര്യന്നെ. ഇറ്റ്സ് റിയലി അമേസിങ്. പ്രകൃതിക്ക് ഒരു കുഴപ്പവും വരുത്താതെ ഒറ്റ മരംപോലും വെട്ടാതെയാണ് അവർ ഈ കോംപ്ലക്സ് ഒരുക്കിയിരിക്കുന്നത്. ശരിക്കും ഇക്കോ ഫ്രണ്ട്ലി. ചുറ്റും നടക്കാൻ പറ്റിയ പുൽത്തകിടി. വല്ല്യ ഇഷ്ടായി പാർവതിക്ക്.’’
‘‘മോളുടെ ഇഷ്ടല്ലേ അമ്മേടെ സന്തോഷോം?’’
‘‘കുറെ കഴിഞ്ഞാൽ ആ മരങ്ങളിൽ കിളികൾ കൂടുകൂട്ടാൻ തുടങ്ങും. പച്ചപ്പുള്ള ഇടങ്ങളും മരങ്ങളും തേടിവരുന്ന പലതരം പക്ഷികൾ. നാട്ടിലെ തറവാട്ട് വീട്ടിൽ എനിക്കേറ്റവും ഇഷ്ടം വെളുപ്പിന് കേൾക്കാറുള്ള ആ കിളിയൊച്ചകളാണ്. വഴക്കുകൾ, പരിഭവങ്ങൾ, കൊഞ്ചലുകൾ.’’
സ്വപ്നത്തിലെന്നോണം പറയുകയായിരുന്നു സൗമിനി.
‘‘ചെലപ്പൊ തോന്നും ആ കിളികൾ സംസാരിക്കുന്നത് എന്നോടാണെന്ന്. അവക്ക് എന്നോട് മാത്രമായി ചെലതൊക്കെ പറയാനുണ്ടെന്ന്. അവർക്ക് സ്വന്തമായൊരു ഭാഷയുണ്ടെന്ന്. പോയകാലം കണ്ടു വരുംകാലത്തേക്ക് പറന്നുപോകുന്ന കിളികൾ. നമുക്കറിയാത്ത പലതും കാണുന്ന, അറിയുന്ന പക്ഷികൾ… അങ്ങനെ നോക്കുമ്പോൾ അവരുടെ മുമ്പിൽ നമ്മളൊക്കെ വെറും കൃമികൾ…’’
ധ്യാനത്തിലെന്നോണം കണ്ണടച്ച് ഇരിക്കുകയാണ് അമ്മ. അവരുടെ കവിമനസ്സ് ഉണരുന്ന, വെളിപാടിന്റെ നിമിഷങ്ങൾ. അമ്മയുടെ മനസ്സിന്റെ സ്വച്ഛന്ദസഞ്ചാരത്തിന് തടസ്സമാകാതെ നിശ്ശബ്ദയായിരുന്നു പാർവതി.
പിന്നീട് അമ്മയെ കെട്ടിപ്പിടിച്ചു, കവിളുകളിൽ മാറിമാറി ഉമ്മ െവക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.
‘‘വീടൊക്കെ ഇഷ്ടായെങ്കിലും ഈ വില കേട്ടപ്പോൾ എന്തോ പോലെ. എങ്ങനെ ഇതൊക്കെ?’’ പെട്ടെന്ന് ഓർമ വന്നതുപോലെ അവൾ ചോദിച്ചു.
‘‘ലോൺ അല്ലാതെന്താ?’’
‘‘വല്ല്യ പലിശയാവില്ലേ?’’
‘‘മുടിഞ്ഞ പലിശന്നെ. പിന്നെ അതൊക്കെ ഇൻസ്റ്റാൾമെന്റായി അടഞ്ഞുപൊക്കോളുംന്നേ.’’
‘‘എന്നാലും വേണ്ടായിരുന്നു. എന്റെ കോളേജിലെ ചിലവുകൾ… എല്ലാം കൂടി വലിയ തിക്കമാവും അമ്മക്ക്.’’ അവളുടെ മുഖം മങ്ങി.
‘‘സാരല്ല്യാ മോളേ. എന്തായാലും നിന്റമ്മേടെ ബി.പി കൂടാൻ പോണില്ലാട്ടോ. അടങ്ങിക്കിടക്കാൻ എന്നേ ശീലിച്ചുകഴിഞ്ഞു അമ്മയുടെ ചോര.’’ അമ്മ ചിരിച്ചു. ‘‘എന്തായാലും ഇനി വാടക കൊടുക്കണ്ടല്ലോ. അല്ലെങ്കിലും, ഈയിടെയായി ഞാനൊന്നും കണക്ക് കൂട്ടാറില്ല. കൂട്ടിയ കണക്കുകളൊന്നും ഒരിക്കലും ശരിയാവാറൂല്ല്യാ.’’
‘‘ചുമ്മാ. വല്ല്യ കണക്ക് ടീച്ചറാ ഈ പറേണത്. ആട്ടെ എന്നാ ഇങ്ങട്ട് മാറണെ?’’
‘‘ആ തടിയൻ കെയർടേക്കർ നല്ലൊരു പാക്കേഴ്സിനെ ഏർപ്പാട് ചെയ്യാന്നു പറഞ്ഞിട്ടുണ്ട്. ഫ്ലാറ്റ് ഒഴിയാൻ ധൃതി കൂട്ടേണ്ട, ടീച്ചർ എത്ര ദിവസം വേണെങ്കിലും താമസിച്ചോളൂ, സൗകര്യംപോലെ ഒഴിഞ്ഞാൽ മതീന്നൊക്കെ ഉടമസ്ഥൻ പറഞ്ഞെങ്കിലും അതൊന്നും വേണ്ട നമുക്ക്. വാടകക്കരാർ തീരണതു മറ്റന്നാളാ. പിന്നെ അവിടെ നിക്കണത് സുഖല്ലല്ലോ. ആരുടേം സൗജന്യല്ല്യാതെ കഴിഞ്ഞൂടി ഇത്രേം നാൾ. ഇനീപ്പൊ എന്തിനാ അതൊക്കെ?’’
‘‘ഓ…’’
‘‘പ്രായമായൊരു മലയാളി സ്ത്രീയുടെ വക കുറെ ഫ്രീ ഉപദേശ ങ്ങളും കിട്ടി. ഓരോ വീടുമാറ്റവും പുതിയൊരു തുടക്കമാണ്. പലരും കരുതുന്നതിനേക്കാൾ പ്രാധാന്യം അതിനുണ്ട്. അതുകൊണ്ട് എല്ലാം ഐശ്വര്യമായിട്ട് തുടങ്ങുക. ദിവസോം സമയോം തീർച്ചയായും നോക്കണം, അടുക്കളേല് ആദ്യം പാല് കാച്ചണതും മുഹൂർത്തം നോക്കി തന്നെ. ഒരു ഗണപതിഹോമംകൂടി തരപ്പെടുത്തിയാൽ നന്ന്… എല്ലാം കേട്ട് വെറുതെ തലയാട്ടി നിന്നു. അല്ലെങ്കിലും, സൗമിനി ടീച്ചർക്ക് എന്തിനാ നല്ല ദിവസം? സമയോം? ഒരു ശനിയാഴ്ച രാഹുകാലത്തിലാ ആ സ്കൂളിൽ കയറിച്ചെന്നത്. സൗമിനിക്ക് അതുതന്നെ നല്ല സമയം.’’ ചിരിക്കുകയാണ് അമ്മ.
‘‘കൊറേ കാലായില്ലേ? മാറ്റാൻ ഒരുപാട് സാധനങ്ങളുണ്ടാവില്ലേ…’’ പാർവതി വിഷയം മാറ്റാൻ നോക്കി.
‘‘ഏതു കൂടുമാറ്റോം എളുപ്പല്ലല്ലോ കുട്ടീ, സകല ജീവജാലങ്ങൾക്കും. കൊടും തണുപ്പു കാലങ്ങളിൽ സൈബീരിയൻ പക്ഷികൾ വിരുന്നുവരാറില്ലേ, ദൂരങ്ങൾ താണ്ടി?.. ഇത്രേം കാലം കഴിഞ്ഞ് ആദിപൂതി തൊടങ്ങണതുപോലെ. എന്തായാലും, കൊറെ പഴയ സാധനങ്ങളൊക്കെ കളഞ്ഞിട്ട് പോരാന്ന ആശ്വാസംണ്ടു. ശരിയായ ക്ലീനിങ് നടക്കണത് വീട് മാറുമ്പോഴല്ലേ? ചില പുതിയ സാധനങ്ങൾ സംഘടിപ്പിക്കേം വേണം.’’
‘‘ഇനി അതും…’’
‘‘മോള് പറയാറുള്ള ഡബിൾഡോർ ഫ്രിഡ്ജ്. പിന്നെ എനിക്ക് പുതിയൊരു വാഷിങ്മെഷീനും...’’
‘‘എല്ലാംകൂടി താങ്ങാൻ പറ്റുവോ അമ്മേ?’’
‘‘ഇതൊക്കെ ആയ പ്രായത്തിൽ ചെയ്തില്ലെങ്കി പിന്നെ എപ്പഴാ?’’
പാർവതിയുടെ മനസ്സ് അലഞ്ഞു നടക്കുകയായിരുന്നു. ഒരാളുടെ വരുമാനംകൊണ്ട് വണ്ടി ഓടിക്കുന്നതെങ്ങനെ? തനിക്ക് എന്തെങ്കിലും പാർട്ട്ടൈം പണി കിട്ടിയിരുന്നെങ്കിൽ? വിദേശത്തൊക്കെ കുട്ടികൾ പണി എടുത്താണു പഠിക്കാറെന്ന് കേട്ടിട്ടുണ്ട്. അച്ഛനമ്മമാർക്ക് ഒരു ഭാരമാകാതെ അവർ പഠിക്കുന്നു.
അതേ ഫ്ലോറിൽതന്നെയുള്ള ശിവകാമി ഒരു സ്റ്റീൽ തട്ടത്തിൽ കുറെ മുറുക്കും ലഡുവുമായി കടന്നുവന്നു. സൗമിനിയുടെ നെറ്റിയിൽ കുങ്കുമം ചാർത്തിക്കൊണ്ട് അവർ പറഞ്ഞു.
‘‘ഐശ്വര്യമായിരിക്കട്ടെ അമ്മാ.’’ കോയമ്പത്തൂർകാരിയായ അവർക്ക് മലയാളവും കുറച്ചൊക്കെ അറിയാം. ‘‘നാൻ ശിവകാമി. മാമീന്ന് വിളിച്ചാൽ മതി. ഇന്ത ഫ്ലോറില് കോർണർ ഫ്ലാറ്റ്. ടെൻ ഫോർട്ടി. ലക്കി നമ്പർ നോക്കി മകൻ എടുത്തത്.’’
സൗമിനി തലയാട്ടി. പിന്നെ മകന്റെ വിശേഷങ്ങളായി. എൻജിനീയറിങ് ഫസ്റ്റ് ക്ലാസ്. കോളേജിലും ഫസ്റ്റ്. ഒരു കമ്പനിയിൽ പെരിയ മാനേജർ. എന്തു സഹായം വേണമെങ്കിലും അവനോട് പറഞ്ഞാൽ മതി. പോലീസ്, കറണ്ട്, റെയിൽവേ ടിക്കറ്റ് ബുക്കിങ് അങ്ങനെ എന്തും… താഴെ ഒരു മകളുണ്ട്. കാവേരി. കോളേജിൽ പഠിക്കുന്നു. അവളും പഠിക്കാൻ മിടുക്കത്തി. ഡോക്ടറാകണമത്രേ. കണക്കുമാത്രം കൊഞ്ചം ടഫ്.
സൗമിനി വെറുതെ തലയാട്ടി.
താമസത്തിനു ഒട്ടും കൊള്ളാത്ത ഈ ദിവസം ആരു പറഞ്ഞു കൊടുത്തുവെന്ന് അറിയണം മാമിക്ക്.
‘‘ആരും പറഞ്ഞതല്ല. അവിടത്തെ വാടകക്കരാർ തീർന്നതോണ്ട് പോന്നൂന്നു മാത്രം.’’
‘‘ഫസ്റ്റ് വീടാണല്ലേ, നന്നായി. മകനും നിർബന്ധമായിരുന്നു ഇവിടെത്തന്നെ വേണമെന്ന്. വല്ല്യ പാർട്ടികളാ. എല്ലാമെ ഫസ്റ്റ് ക്ലാസ് വർക്ക്. അതുകൊണ്ട് പയ്യൻ ആദ്യമേ ബുക്ക് ചെയ്തു… എന്തായാലും ഈ പുതിയ വീട്ടിലെ താമസം ഈ കെട്ടദിവസം തന്നെ വേണമായിരുന്നോ?’’
കെട്ടവരും കെട്ട ദിവസവും എളുപ്പം ചേരും. സൗമിനി ഉള്ളിൽ ചിരിച്ചു.
‘‘എന്ത ഊര്?’’
‘‘ദൂരെ ഒരു വില്ലേജ്. പറഞ്ഞാ അറിയില്ല.’’
നാടിനെ ഓർക്കാത്തവർക്ക് ഏതു ഊരും സ്വന്തം ഊര് തന്നെ. സൗമിനി ഓർത്തു. പോയ കാലം മറന്നവർക്ക് വരും കാലത്തെക്കുറിച്ച് വേവലാതിയില്ല.
കോയമ്പത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തിലെ വാഴ്വിനെപ്പറ്റി ഏറെ പറയാനുണ്ടായിരുന്നു മാമിക്ക്. നല്ല പ്രായത്തിൽ ഉടയവൻ പോകുമ്പോൾ കാവേരിക്ക് ഒരു വയസ്സ്. തൂത്തുക്കുടിക്കടുത്ത് ഒരു ബസ് അപകടം. മരിച്ചത് ഒരാൾ മാത്രം. ശേഷിച്ച വസ്തുവകകൾ കൂടപ്പിറപ്പുകൾ കൈയടക്കിയതോടെ കുടുംബത്തിലെ പെണ്ണുങ്ങൾ തമ്മിലുള്ള പോരുകളും വക്കാണവും പെരുകി. കുടിവെള്ളത്തിന് വരെ വഴക്കായി. അതോടെ, ഒരു കൊച്ചു കുടിലിലേക്ക് താമസം മാറ്റി. പിന്നീടങ്ങോട്ട് ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു, ആദ്യം വീട് തോറും നടന്നുള്ള പാൽക്കച്ചവടം. പിന്നെ ചെറിയൊരു ചായക്കട. പലഹാരക്കട. അച്ചാർ വിൽപന. എല്ലാം കാവേരിയുടെ പേരിൽതന്നെ. രാശിയുള്ള പേര്.
ഒരു നീണ്ട പോരാട്ടത്തിന്റെ കഥ അവരങ്ങനെ പറഞ്ഞുപോയപ്പോൾ അതിൽ പുതുമ കാണാനായില്ല സൗമിനിക്ക്. ഊര് ഏതായാലും തനിച്ചാകുന്ന പെണ്ണിന്റെ പോരുകൾക്ക് ഒരേ ചുവടുകൾ. ഒരേ താളം. താൻ നടന്ന വഴിയിലൂടെ മുമ്പേ നടന്നവർ. സൗമിനി നെടുവീർപ്പിട്ടു. അവർക്ക് മടുക്കുന്നുവെന്ന് തോന്നിയിട്ടാകണം മാമി പോകാനായി എണീറ്റു. നട്ടെല്ല് നിവർത്തി, കൈവീശി നടക്കുമ്പോൾ എഴുപത്തഞ്ചിന്റെ തളർച്ചയില്ല അവർക്ക്. ജീവിതം കൊടുത്ത താൻപോരിമ.
‘‘ഏതാവത് ഹെൽപ് വേണെങ്കിൽ... പോലീസ്, കറണ്ട്, വെള്ളം, ഗ്യാസ്… ഇന്ത ഫ്ലോറില് കോർണർ ഫ്ലാറ്റ്. ടെൻ ഫോർട്ടി. ലക്കി നമ്പർ. ഡോറില് നോക്ക് ചെയ്താൽ പോതും.’’
കതക് ചാരുമ്പോൾ അവർ ആവർത്തിച്ചു. കൂടെ ഒരു മുന്നറിയിപ്പ് കൂടി. ‘‘ഡോർ എപ്പോഴും കുറ്റിയിട്ടുെവക്കണം. ആരെയും നമ്പാതെ. ടൈം റൊമ്പ മോശം. പെൺകുളന്ത ഉള്ള വീടാണ്. ജാഗ്രതൈ...’’
നല്ല സ്ത്രീ. എന്തു ചുറുചുറുക്ക്.
മാമി പോയിക്കഴിഞ്ഞപ്പോൾ പാർവതി പറഞ്ഞു.
സൗമിനി മൂളി. അവർക്ക് പിടിപ്പത് പണിയുണ്ട്. ഉൾമുറികളിൽ കാർഡ്ബോർഡ് പെട്ടികൾ അട്ടിയിട്ടിരിക്കുന്നു. അതിൽ ഉള്ളതെല്ലാം അടുക്കിവെക്കണം. ദിവസങ്ങളുടെ ജോലിയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.