മാധ്യമം ആഴ്ചപ്പതിപ്പിൽ വിനോദ് കൃഷ്ണയെഴുതുന്ന 9MM െബരേറ്റ എന്ന നോവൽ - ഭാഗം 4.ചിത്രീകരണം: തോലിൽ സുരേഷ്
സംഘമിത്രങ്ങള്‍
പെണ്‍കുട്ടികളുടെ വസ്ത്രം കാണുമ്പോള്‍ നാഥുറാം ഗോഡ്സെ അപകര്‍ഷബോധംകൊണ്ട് അധീരനായി പോകാറാണ് പതിവ്. ചെറുപ്പത്തില്‍ വീട്ടുകാര്‍ മനസ്സിന് അണിയിച്ച ഭാരം മുപ്പത്തിയേഴാം വയസ്സിലും അയാള്‍ക്ക് ഇറക്കിവെക്കാനായിട്ടില്ല. അടിക്കടിയുള്ള പരാജയങ്ങള്‍ ദിനചര്യയുടെ ഭാഗമായപ്പോഴും, ഇരുളിെൻറ രണ്ടറ്റങ്ങള്‍ക്കിടയില്‍ പ്രകാശപൂർണമായി ഗോഡ്സെ ജീവിക്കുകയായിരുന്നു. ജീവിതദൗത്യത്തിന് വയസ്സ് പ്രശ്നമല്ല. അടുത്ത ദിവസം മിത്രങ്ങളെ കാണുന്നതോടെ ജീവിതഗതിക്ക് ഒരു തീരുമാനം ആകുമെന്ന് അയാള്‍ നിനച്ചു. ആ സമാഗമം വരേക്കും, അതുവരെയുള്ള ജീവിതം അയാളെ പിടികൂടി.
"ഒരു ഇടത്തരം ചിറ്റ്പവന്‍ ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ മൈനര്‍ ജീവനക്കാരനായിരുന്നു.1892ല്‍ പത്താം വയസ്സിലാണ് അമ്മയുടെ വിവാഹം നടന്നത്. ഇത് പറയുമ്പോൾ അമ്മക്ക് എന്ത് നാണമാണെന്നോ! ഈ പ്രായത്തിലും സ്ത്രീകളെ പറ്റി ഓര്‍ക്കാന്‍ എനിക്ക് അമ്മയുടെ കാര്യങ്ങളെ ഉള്ളൂ. പെണ്ണുടുപ്പില് കഴിയേണ്ടി വന്ന ബാല്യം എന്നെ മറ്റു കുട്ടികളില്‍നിന്നും അറപ്പുളവാക്കുംവിധം അകറ്റിയിരുന്നു."
"അമ്മേ ചിറ്റ്പവന്‍ എന്നാല്‍ എന്താണർഥം?"
"അതോ...ദേവാഗ്നികൊണ്ട് പരിശുദ്ധമാക്കപ്പെട്ടത് എന്നാണ് ചിറ്റ്പവെൻറ അർഥം. നീ ജന്മത്താല് അഗ്നികൊണ്ട് പരിശുദ്ധമാക്കപ്പെട്ടവനാണ്."
ഇന്ന് അമ്മയെ വല്ലാതെ ഓർമവരുന്നത് എന്താണ്? അമ്മയെ ഓര്‍ക്കാന്‍ അങ്ങിനെ പ്രത്യേകിച്ച് ഒരു കാരണവും വേണ്ടല്ലോ!
"ചിറ്റ്പവന്‍ ആര്യ രക്തമാണ്. ഈ വിശ്വാസം എെൻറ വിശ്വാസ പ്രമാണങ്ങളെ ഊട്ടി ഉറപ്പിക്കുന്ന തരത്തില്‍ വീട്ടില്‍നിന്ന് തന്നെ കിട്ടിയതാണ്. ജൂതന്മാരുടെ എതിരാളികളായിരുന്ന ഈജിപ്തിലെ നഷ്ട ഗോത്രമാണ് ചിറ്റ്പവന്‍."
എെൻറ ഇരുപതാം വയസ്സിലെപ്പോഴോ മുതിര്‍ന്നവര്‍ തമ്മില്‍ രാഷ്ട്രീയം പറഞ്ഞ് തര്‍ക്കിച്ചപ്പോള്‍ കേട്ടതും എനിക്ക് പൊടുന്നനെ ഓർമ വരുന്നു...
"ബാല്‍ഗംഗാധര തിലക്
ഗോപാല്‍ കൃഷ്ണ ഗോഖലെ"
"ഇവരൊക്കെ ചിറ്റ്പവന്‍ ബ്രാഹ്മണരാണ്. ഗോഖലെ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു അല്ലേ, അദ്ദേഹത്തെ എന്തിനാണ് ചിറ്റ്പവെൻറ വാലില്‍ കെട്ടുന്നത്."
"ഒരാളുടെ ജാതിവേരുകള്‍ അയാളുടെ മരണത്തോടെ അവസാനിക്കില്ലേ?"
"ഇല്ല... ചിറ്റ്പവേൻറത് ദഹിപ്പിച്ചാലും മായില്ല."
മുറിമൂലക്ക് പാകമായ രീതിയില്‍ നിർമിച്ച ചെറിയ മരമേശ. അതിെൻറ വലിപ്പില്‍നിന്ന് ഡയറി എടുത്ത് ഗോഡ്സെ വെറുതെ കണ്ണോടിച്ചു. കാര്യമായൊന്നും ചെയ്യാനില്ലാത്ത ഉത്സാഹം കെട്ട ദിവസങ്ങളില്‍ മുമ്പ് എഴുതിയതോ, കടലാസില്‍ കുറിച്ചതോ എടുത്തു വായിക്കുന്നത് ശീലമായിരുന്നു. അച്ഛനെ കാണാന്‍ വന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരു ബന്ധുവുമായി തര്ക്കിച്ചതിെൻറ ഓർമകളാണ് ആ ഡയറിയിലെ അവസാന പേജില്‍ ഉണ്ടായിരുന്നത്. ബോംബെ പൂന െറയില്‍വേ ലൈനിലുള്ള റെയില്‍വേ സ്റ്റേഷന് ആണ് കാംശത്ത്. തീർഥാടനം കഴിഞ്ഞ് സമയം തെറ്റി എത്തുന്ന മനുഷ്യരെപോലെ വരുന്ന തീവണ്ടികളായിരുന്നു ആ സ്റ്റേഷെൻറ ആത്മാവ്. അവിടെ നിന്ന് പത്തു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ഉക്സെന്. ഈ ഗ്രാമത്തില്‍നിന്നും ഉത്ഭവിച്ച പേരാണ് ഗോഡ്സെ. അച്ഛന് വിനായക് ഗോഡ്സെ കുടുംബ പാരമ്പര്യം പറയുമ്പോഴൊക്കെ ഈ കാര്യം നാട്ടുകാരോടും വീട്ടുകാരോടും ഓർമിപ്പിക്കുമായിരുന്നു. ഈ വസ്തുത അഭിമാനമായാണ് അയാള്‍ കൊണ്ടുനടന്നിരുന്നത്. തുടര്‍ച്ചയായി ജനിച്ച മൂന്നു ആൺമക്കളും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മരിച്ചത് വിനായക് ഗോഡ്സെയെ ഉലച്ചിരുന്നു. അതിനാല്‍ ഭാര്യ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരു ജ്യോത്സ്യനെ കണ്ട് പരിഹാരം തേടാന്‍ അയാള്‍ നിര്‍ബന്ധിതനായി.
"പെണ്‍കുട്ടികള്‍ മാത്രമേ നിങ്ങളുടെ കുടുംബത്തില്‍ വാഴുകയുള്ളൂ!"
വിധിയെ തോല്‍പ്പിക്കാന്‍, മകെൻറ ഇടത്തെ മൂക്കില്‍ ഒരു മൂക്കുത്തിയിടാം എന്ന നേര്‍ച്ച നേര്‍ന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ഒരു ജീവിതമാണ് ഇനി തെൻറ ജനിക്കാനിരിക്കുന്ന കുട്ടിക്ക് നല്ലത് വരാനുള്ള ഏക മാർഗം എന്ന് അമ്മ ലക്ഷ്മി വിശ്വസിച്ചു. അങ്ങിനെ 1910 മേയ് 19ന് നാഥുറാം പിറന്നു. ഒരു പെണ്‍കുഞ്ഞിനു ശേഷം നാഥുറാം ജനിച്ചപ്പോള്‍ പെണ്‍കുട്ടികളെ പോലെയാണ് വളര്‍ത്തിയത്. നവജാത പെണ്‍കുട്ടികള്‍ക്ക് മൂക്കുത്തി അണിയിക്കുന്നത് ആ കാലത്തെ വിശ്വാസമായിരുന്നു.
"അതിനാല്‍ നിനക്കും മൂക്ക് കുത്തി!"
"രാമചന്ദ്ര'' എന്നായിരുന്നു ആദ്യമിട്ട പേര്. പിന്നെ അത് റാം ആയി ചുരുക്കി.
"മൂക്കുത്തി അണിയിച്ചതോടെ നീ നാഥ് ആയി."
"അങ്ങിനെ മൂക്കുത്തിയും റാമും ചേര്‍ത്തു ഞങ്ങള്‍ നിന്നെ നാഥുറാം എന്ന് വിളിച്ചു."
അന്നൊക്കെ അച്ഛനും അമ്മയും സന്ധ്യാപ്രാർഥന കഴിഞ്ഞാല്‍ ഒന്നിച്ചിരുന്നു ഏറെ നേരം സംസാരിക്കും. ഞങ്ങള്‍ കുട്ടികള്‍ ചുറ്റിലും അത് കേട്ടിരിക്കും. അങ്ങിനെ കേട്ട കാര്യങ്ങള്‍ ആണ് ഇതൊക്കെ.
ഗോഡ്സെക്ക് തല വേദനിക്കാന്‍ തുടങ്ങി. ഡയറി അടച്ചുവെച്ച് അയാള്‍ പുറത്തേക്കിറങ്ങി. ഓർമകള്‍ കുമിഞ്ഞുകൂടുമ്പോഴാണ് ഒരു മനുഷ്യന് പ്രായമാകുന്നതെന്ന് അയാള്‍ക്കപ്പോള്‍ തോന്നി. മുറ്റത്തിറങ്ങി ഉലാത്തിയപ്പോള്‍ തലവേദനക്ക് കുറച്ചു ആശ്വാസമായി. മൈഗ്രേന് ചെറുപ്പം മുതലുള്ള അസുഖമാണ്.
"എന്തെങ്കിലും പ്രയാസമുണ്ടോ ഏട്ടാ... മുഖം വല്ലാതിരിക്കുന്നു..."
മുറ്റത്തേക്ക് ഇറങ്ങി വന്നുകൊണ്ട് ഗോപാല്‍ ചോദിച്ചു. ഒന്നും ഇല്ലെന്ന് നാഥുറാം ആംഗ്യം കാട്ടി. മൈഗ്രേന് കലശലാകുന്ന സമയത്ത് സംസാരിച്ചാല്‍ ദേഷ്യപ്പെടേണ്ടിവരുമെന്ന് അയാള്‍ക്കറിയാം. അതിനാല്‍ ഇത്തരം കഠിനവേദന ഉള്ളപ്പോള്‍ വായ തുറക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്.
ഗ്രാമത്തിലെ ഏറ്റവും നല്ല നീന്തല്‍ക്കാരനായിരുന്നു നാഥുറാം. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കിടയിലും ഈ കാര്യം പാട്ടായിരുന്നു. പക്ഷേ, നാഥുറാം പ്രത്യേകിച്ച് അതിൽ അഭിമാനംകൊണ്ടൊന്നുമില്ല. പെണ്‍കുട്ടിയുടെ വേഷവും ഭാവവും പേറി ജീവിക്കേണ്ടി വരുന്നതിെൻറ അപമാനം സഹപാഠികള്‍ക്കിടയിലും, പങ്കെടുക്കേണ്ടി വരുന്ന ചടങ്ങുകളിലും നാഥുവിനു സഹിക്കേണ്ടി വന്നിട്ടുണ്ട്.
"വലിയ കുടുംബത്തെ പോറ്റാനായി അഹോരാത്രം കഷ്ടപ്പെട്ടിരുന്ന അച്ഛന് പിന്നീട് വല്ലപ്പോഴുമേ വീട്ടില്‍ വന്നിരുന്നുള്ളൂ. അതിനാല്‍ അച്ഛെൻറ ലാളനയും സംരക്ഷണവും എനിക്ക് അധികം ലഭിച്ചിരുന്നില്ല. വീട്ടിലെ ഇരുട്ടിനെ പ്രണയിച്ചുതുടങ്ങിയത് അങ്ങിനെയാണ്."
പെണ്‍കുട്ടിയുടെ വേഷവും ആണ്‍കുട്ടിയുടെ മനസ്സും തമ്മിലുള്ള സംഘര്‍ഷം നാഥുവിനെ ഏകാകിയാക്കി. ക്രമേണ ആരോടും അധികം സംസാരിക്കാതെയുമായി. ഉത്സാഹം കെട്ട മുഖത്തോടെ മാത്രമേ പിന്നെ അവനെ എല്ലാവരും കണ്ടിട്ടുള്ളൂ. കാര്യശേഷിപ്പില്ലാത്തവനായി പലരും തെറ്റിദ്ധരിക്കുകയും ചെയ്തു.
"നാഥു വിഡ്ഢിയാണെന്നാണ് തോന്നുന്നത്."
"കുടുംബം നോക്കാന്‍ ആ ചെക്കനെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല."
കുത്തുവാക്കുകള്‍ക്ക് മറുപടി പറയാനോ പ്രതിരോധിക്കാനോ അവന് മനസ്സ്കൊണ്ട് പോലും ആഗ്രഹിച്ചില്ല. ഏകാന്തതയിലെ ഇരുപ്പും മൗനവും വീട്ടുകാര്‍ വളരെ ആനന്ദത്തോടെയാണ് കണ്ടത്. നാഥുവിന് ദൈവികശക്തിയുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അമ്മ ലക്ഷ്മിയാണ്.
"കരി തേച്ച ചെമ്പ് താലത്തില്‍ വിളക്ക് െവച്ച ശേഷം അമ്മ എന്നെ അതിെൻറ മുന്നില്‍ ഇരുത്തും. ആ പ്രഭാവലയത്തില്‍ ഇരുന്നു ആത്മാക്കളോട് സംസാരിക്കാനുള്ള കഴിവുണ്ടെന്നു വീട്ടുകാര്‍ കരുതി. എനിക്ക് കുടുംബദേവതയോട് സംസാരിക്കാനും കാര്യങ്ങള്‍ പ്രവചിക്കാനും ഉള്ള അമാനുഷിക ശക്തി ഉണ്ടെന്ന് അയല്‍ക്കാരും വിശ്വസിച്ചിരുന്നു. ചിലപ്പോള്‍ എെൻറ വാക്കുകള്‍ കുലദേവതയുടേത് തന്നെയായി പുറത്തുവന്നു. ഇളയ പെങ്ങള് മതുരക്ക് എത്ര ചികിത്സിച്ചിട്ടും മാറാത്ത രോഗം ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ വിളക്ക് െവച്ചു അവളെ തൊട്ടതേയുള്ളൂ പിന്നെ അവള്‍ക്ക് ആ രോഗം വന്നിട്ടേ ഇല്ല. കെടാവിളക്കിനു മുന്നിൽ ഇരിക്കുമ്പോൾ ഞാൻ വേറൊരാൾ ആയിരുന്നു. മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ആദിപരാശക്തി."
മൈഗ്രേന് വന്നു പുളഞ്ഞപ്പോള്‍ അമ്മ മടിയിലിരുത്തി തൈലം പുരട്ടി തന്ന നിമിഷങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ നാഥുറാം നെറ്റി തടവിക്കൊണ്ട് ഓര്‍ത്തെടുത്തു. ഇനിയും വേദന കൂടി വരികയാണെങ്കില്‍ കുളത്തില്‍ പോയി ഏതാനും മണിക്കൂര്‍ നീന്താമെന്നയാള് ഉറപ്പിച്ചിരുന്നു. തലവേദന കലശലായ സമയത്തുള്ള പിച്ചും പേയും പറച്ചിലാണ് കുലദേവതയുമായുള്ള കൂട്ടംപറച്ചിലായി വീട്ടുകാര്‍ തെറ്റിദ്ധരിച്ചിരുന്നത്.
പതിനാറാം വയസ്സ് മുതല്‍ മൈഗ്രേന് പണ്ടത്തേതുപോലെ നാഥുറാമിനെ അലട്ടിയില്ല. പക്ഷേ മറ്റു ചില സംഗതികളാണ് വീട്ടുകാരെ ആധി പിടിപ്പിച്ചത്. നാഥുറാം മെട്രിക്കുലേഷന്‍ ജയിച്ചപ്പോള്‍ പോസ്റ്റല്‍ ഡിപ്പാർട്മെൻറില് ഒരു ചെറിയ ജോലി തരപ്പെടുത്താനാവുമെന്ന് അച്ഛന് വിനായക് ഗോഡ്സെ കരുതിയിരുന്നു. ആ സ്വപ്നം പക്ഷേ നടന്നില്ല. കാരണം ഇംഗ്ലീഷില്‍ നാഥുറാം വളരെ മോശമായിരുന്നു. അതിനാല്‍ മെട്രിക്കുലേഷന്‍ തോറ്റു. താന്‍ റിട്ടയര്‍ ആവുന്നതിനു മുമ്പ് മൂത്ത മകന് ജോലി എന്ന സ്വപ്നം അവസാനിച്ചതും ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തു.
"19ാമത്തെ വയസ്സില്‍ ഒരു മരപണിക്കാരെൻറ ജോലിയാണ് ഞാന്‍ ആദ്യം ചെയ്തത്. അതിലും അധികം നാള് പിടിച്ചുനില്‍ക്കാനായില്ല. കണക്കായിരുന്നു വില്ലന്‍. ഇങ്ങിനെ കൈ തൊടുന്നതെല്ലാം പിഴച്ച നേരത്താണ് കുടുംബം രത്നഗിരിയിലേക്ക് താമസം മാറുന്നത്. അച്ഛന് അവിടേക്കായിരുന്നു സ്ഥലമാറ്റം. എന്നെ സംബന്ധിച്ച് വീടുമാറ്റം ജീവിതത്തിെൻറ മാറ്റംകൂടിയായിരുന്നു."
ആൻഡമാനിലെ സെല്ലുലാര്‍ ജയിലില്‍നിന്നു മോചിതനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ താമസിക്കാനായി എത്തിയത് രത്നഗിരിയിലാണ്. അദ്ദേഹത്തിനു അവിടെ സഞ്ചാര വിലക്ക് ഉണ്ടായിരുന്നു.
"താത്യാറാവു സവര്‍ക്കറുടെ ധീരോദാത്ത കഥകള്‍ എന്നെ സ്വാധീനിച്ചിരുന്നു. ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. ചെറുപ്പക്കാരനായ എെൻറ ഉത്സാഹവും വരേണ്യ ബോധവും അദ്ദേഹത്തിനിഷ്ടമായി. ആ കൂടിക്കാഴ്ച ഒരു വഴിത്തിരിവായിരുന്നു. അന്ന് മുതല്‍ താത്യറാവു എെൻറ ഗുരുവായി തീര്‍ന്നു. അച്ഛെൻറ സ്നേഹവും ലാളനയും പരിരക്ഷയും ലഭിക്കാതെ വളര്‍ന്ന ഇരുപത് വര്‍ഷക്കാലം ഞാന്‍ മറക്കാന്‍ തുടങ്ങി. മനസ്സ് കൊണ്ട് ഗുരുവിനു അച്ഛെൻറ സ്ഥാനവും നല്കി. ആ മാർഗദര്‍ശിയെ കണ്ടെത്തിയതായിരുന്നു എെൻറ ജീവിതത്തിലെ ആദ്യ വിജയം. പ്രകൃതിയോ ദൈവമോ അല്ല ഒരാളെ മാറ്റി മറിക്കുന്നത്, നാം കണ്ടെത്തുന്ന മഹാത്മാവാണ്."
"മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?"
എക്കാലത്തേയും കുട്ടികള്‍ക്കിടയിലുള്ള പുരാതന കുസൃതിചോദ്യമായിരുന്നു ഇത്. കളിയാക്കാനായി കൂട്ടുകാര്‍ നാഥുവിനോട് ഈ ചോദ്യം ആവര്‍ത്തിക്കുമായിരുന്നു. സഹികെട്ട് അവന് പറയും: മുട്ട. കുട്ടികള്‍ ചിരിക്കും. അപ്പോള്‍ അവന് മാറ്റി പറയും: കോഴി! കുട്ടികള്‍ വീണ്ടും അവനെ പരിഹസിക്കും.
ഹിന്ദു രാഷ്ട്രയുടെ ഓഫീസിലിരുന്നു ഒരിക്കല്‍ ഇതോര്‍ത്ത് ചിരിച്ചപ്പോള്‍ നാരായണ്‍ ആപ്തെ ചോദിച്ചു, എന്താണ് കാര്യം. അപ്പോള്‍ ഗോഡ്സെക്ക് മറ്റൊരു കാര്യമാണ് പറയാന്‍ തോന്നിയത്.
"ഹേയ് ഒന്നുമില്ല, ഒരു കുസൃതി ഓര്‍ത്തതായിരുന്നു."
"എന്താണ്, ഞാനുംകൂടി കേള്‍ക്കട്ടെ?"
"തോക്കാണോ ആദ്യം ഉണ്ടായത്, അതോ ഉണ്ടയോ?"
"ഇത് രണ്ടുമല്ല. ഒരാളെ കൊല്ലണമെന്ന ചിന്തയാണ്."
ഏര്‍ളി സ്റ്റാന്‍ലി ഗാര്‍ഡനര്‍ എഴുതിയ പെറിമസണ് പുസ്തകത്തില്‍നിന്ന് തല ഉയര്‍ത്തി നാരായൺ ആപ്തെ ഗൗരവത്തോടെ പറഞ്ഞു.
ഇത്രയും ബുദ്ധിമാനായ ഒരാളുടെ കീഴില്‍ രാഷ്ട്രനിർമിതിക്കായി പണിയെടുക്കുന്നതില്‍ ഗോഡ്സെക്ക് അഭിമാനം തോന്നി. പ്രഷര്‍ പോയൻറില്‍ പിടിച്ചു വേദന അകറ്റാനുള്ള വിദ്യ ആപ്തെയാണ് പറഞ്ഞുകൊടുത്തത്. നാളെ അവനെ കാണാന്‍ അവസരം ലഭിക്കുമല്ലോ എന്നോർത്ത് നാഥുറാം വിനായക് ഗോഡ്സെ വീടിനുള്ളിലേക്ക് കയറാന്‍ തീരുമാനിച്ചു. "ഇനി നീന്താന്‍ പോകേണ്ടതില്ല. തലവേദന ശമിച്ചുതുടങ്ങിയിരിക്കുന്നു."
സവര്‍ക്കറിെൻറ വീട് ബ്രിട്ടീഷ് വിരുദ്ധമായിരുന്നില്ല. ആ വീട് കോൺഗ്രസ് വിരുദ്ധവും മുസ്ലിം വിരുദ്ധവുമായിരുന്നു. എല്ലാത്തിലും പിറകിലായിപോയ ഒരാളെ സംബന്ധിച്ച് ഇതൊരു വലിയ അവസരമാണ്. നീന്താന്‍ മാത്രമല്ല, ഒരു രാഷ്ട്രത്തിെൻറ വിധി മാറ്റി എഴുതാനുള്ള കരുത്തും തന്നിലുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള തട്ടകമായിരുന്നു നാഥുറാമിന് സവര്‍ക്കറുടെ വീട്. പയ്യെൻറ ആത്മാർഥത കണ്ട് തൃപ്തി തോന്നിയ സവര്‍ക്കര്‍ നാഥുറാമിനെ സഹായിയായി നിയമിച്ചു. ഗുരുവിനെ അനുകരിച്ച് സംസാരിക്കാന്‍ അവന് കണ്ണാടി നോക്കി പരിശീലിച്ചിരുന്നു. "ഞാന്‍ താത്യ റാവുവിെൻറ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. അദ്ദേഹം പല വിഷയങ്ങളെ പറ്റിയും ദീര്‍ഘനേരം ക്ലാസെടുക്കും. പിന്നെ ചര്‍ച്ചയാണ്. അങ്ങിനെയുള്ള സെഷെൻറ ഇടയില്‍ വായിക്കാനായി പുസ്തകങ്ങള്‍ എടുത്തു തരും. താത്യാറാവു തന്നെ രചിച്ച പുസ്തകങ്ങളാവും വായിക്കാന്‍ തരിക. വായന കഴിഞ്ഞാല്‍ അതിലുള്ള കാര്യങ്ങള്‍ പകര്‍ത്തിയെഴുതണം. അതായിരുന്നു രീതി. മെട്രിക്കുലേഷന്‍ പാസാവാൻ തടസ്സം നിന്ന ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും ഞാന്‍ പ്രാവീണ്യം നേടിയതങ്ങിനെയാണ്.
ഒരുദിവസം ഞാന്‍ വീട്ടിലേക്ക് താത്യാറാവു എഴുതിയ പുസ്തകത്തിെൻറ കോപ്പി കൊണ്ട് വന്നു. War of Independence of 1857. രാത്രികാലങ്ങളില്‍ ഞാനത് ഉറക്കെ വായിക്കും. അമ്മയും അച്ഛനും അനിയന് ദത്താത്രയും കേട്ടിരിക്കും. അന്ന് ഗോപാലിന് അതൊന്നും മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല. ഞാന്‍ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പരിശീലിച്ചതില്‍ അച്ഛനായിരുന്നു കൂടുതല്‍ അഭിമാനം."
അന്ന് രാത്രി ഭക്ഷണം കഴിക്കാതെയാണ് വിനായക് നാഥുറാം ഗോഡ്സെ ഉറങ്ങാന്‍ കിടന്നത്. ജനുവരി പത്താം തീയതി ആപ്തെയെ പൂനയിലുള്ള ഹിന്ദു രാഷ്ട്രയുടെ ഓഫീസില്‍ െവച്ചു കാണാമെന്നും ഭാവി കാര്യങ്ങള്‍ എത്രയും പെെട്ടന്ന് തീര്‍പ്പ് കല്പ്പിക്കാമെന്നും അവര്‍ നേരത്തേ നിശ്ചയിച്ചിരുന്നു. ആയുധങ്ങള്‍ സ്റ്റോക്ക് ഉണ്ടോ എന്ന് ആപ്തെ നേരത്തേ ദിഗംബര്‍ ബാഡ്ജയോട് അന്വേഷിച്ചിരുന്നു. കാര്‍ക്കറെ വന്ന് സാധനങ്ങള്‍ എടുത്തുകൊള്ളും എന്നാണ് അറിയിച്ചിരുന്നത്. ജനുവരി ഒമ്പതാം തീയതി മദന്ലാലുമൊന്നിച്ചാണ് കാര്‍ക്കറെ ശാസ്ത്ര ഭണ്ഡാറില്‍ എത്തിയത്. ഈ കാര്യങ്ങള്‍ ഒക്കെതന്നെ ഗോഡ്സെ കൃത്യമായി അറിഞ്ഞിരുന്നു. അയാള്‍ സമാധാനമായി കിടന്നുറങ്ങാന്‍ ശ്രമിച്ചു. പക്ഷേ, ഒരു പഴയ കൗമാരക്കാരന് ഉള്ളില്‍ തിക്കും മുട്ടും ഉണ്ടാക്കിക്കൊണ്ടിരുന്നു. വേദന തിരിച്ചുവരുകയാണോ എന്നുപോലും അയാള്‍ക്ക് തോന്നി.
"കോളജും സ്കൂളും ബഹിഷ്കരിക്കാന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ ആഹ്വാനം ചെയ്തിരുന്ന കാലം. ഇതില്‍ ആകൃഷ്ടനായി ഞാന്‍ പരീക്ഷ വീണ്ടും എഴുതാനുള്ള ശ്രമം ഉപേക്ഷിച്ചു. പക്ഷേ താത്യാറാവു ഈ തീരുമാനത്തിന് എതിരായിരുന്നു. വിദ്യാഭ്യാസം ഒരു കാരണവശാലും മുടക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ എന്തുകൊണ്ടോ പഠിപ്പ് തുടരാന്‍ എനിക്കായില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തില്‍നിന്ന് എന്നെ പിന്തിരിപ്പിക്കാനുള്ള താത്യാറാവുവിെൻറ ആദ്യശ്രമം ആയിരുന്നു അത്. അച്ഛനും എെൻറ ചെയ്തികളോട് താൽപര്യം ഉണ്ടായിരുന്നില്ല. എെൻറ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ പോസ്റ്റല്‍ സര്‍വീസിലെ ജോലിയെ ബാധിക്കുമെന്ന് അച്ഛന് ഭയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രസ്ഥാനത്തിലൊന്നും ചെന്നു ചാടരുത്, എന്തിനാണ് വെറുതെ നിയമം ലംഘിക്കുന്നതെന്ന് അച്ഛന് വേവലാതിപ്പെടും.
1931ലാണ് അച്ഛന് ജോലിയില്‍നിന്ന് പിരിഞ്ഞത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി എന്തു വഴി എന്ന ചോദ്യം കുടുംബത്തെ മുഴുവന്‍ അലട്ടിയിരുന്നു. അതുകൊണ്ട് രത്നഗിരിയില്‍നിന്ന് മറ്റൊരു ചെറിയ പട്ടണത്തിലേക്ക് മാറാമെന്ന് അച്ഛന് തീരുമാനിച്ചു. ഗുരുവിനെ കാണാനുള്ള സൗകര്യം നഷ്ടപ്പെടുമെന്നുള്ള ചിന്തയായിരുന്നു എന്നെ ഏറെ അലട്ടിയത്.
തോല്‍വിയുടെ കൂട്ടുകാരനായിരുന്നു ഞാന്‍. എെൻറ ഉള്ളിലെ ആത്മാഭിമാനം ഉണര്‍ത്തിയത് താത്യാറാവു വീര്‍ സവര്‍ക്കറാണ്. ചിറ്റ്പവന്‍ ബ്രാഹ്മണര്‍ക്കിടയില്‍ അദ്ദേഹത്തിനു വലിയ സ്വാധീനമായിരുന്നു. മറാത്ത സാമ്രാജ്യം ഭരിച്ച പെഷ്വ രാജാക്കന്മാര് ചിറ്റ്പവന്‍ ബ്രാഹ്മണരാണ്. താത്യാറാവുവിെൻറ പ്രത്യയശാസ്ത്രം പെഷ്വമാരുടേതിനു സമാനമാണെന്നാണ് സമുദായം വിശ്വസിച്ചിരുന്നത്. എെൻറ സമുദായത്തിെൻറ വിഗ്രഹമായി മാറിയ താത്യാറാവുവിനോട് അടുപ്പം കൂടാന്‍ സാധിച്ചതില്‍ ഞാനേറെ അഭിമാനിച്ചിരുന്നു. ഗുരുവിനെ കണ്ടെത്തിയത് എെൻറ ജീവിതത്തിലെ മഹാഭാഗ്യമാണ്. ആ സാമീപ്യം ഇല്ലാതാകുന്നത് ഓര്‍ക്കാനേ കഴിയില്ല."
മഞ്ഞളിെൻറ ഗ്രാമമാണ് സാഗ്ലി. അവിടേക്ക് ഗോഡ്സെ കുടുംബം താമസം മാറി. അനിവാര്യമായൊരു വിധിയായിരുന്നു അത്. കുടുംബത്തിെൻറ ആവശ്യങ്ങള്‍ നിറവേറ്റാനായി നാഥുറാം തയ്യല്‍ പഠിച്ചു. ഗ്രാമത്തില്‍ 'ചാരിതാർഥ്യ ഉദ്യോഗ്' എന്ന തയ്യല്‍ കട തുടങ്ങി. ആ ജോലിയിലെ വരുമാനംകൊണ്ടൊന്നും കാര്യങ്ങള്‍ നേരെയായില്ല. അതിനാല്‍ പഴങ്ങള്‍ വിൽപന നടത്തി കൂടുതല്‍ വരുമാനം നേടാനും നാഥുറാം നിര്‍ബന്ധിതനായി. മൂക്ക് കുത്തിയ പാട് പൂർണമായും മാഞ്ഞു പോയ ഒരു ഇരുപതുകാരനായിരുന്നു നാഥുറാം അപ്പോള്‍. യുവരക്തം!
"ഞാൻ സാഗ്ലിയിൽ താമസം തുടങ്ങിയപ്പോൾ, മഹാരാഷ്ട്രയിൽ സംഘം പുതിയതായിരുന്നു. സാഗ്ലിയിലെ നേതാവ് ബ്രാഹ്മണനായ കാശിനാഥ് ഭാസ്കർ ലിമായേയാണ്. മുസ്ലിംകൾക്ക് എതിരെയുള്ള കടുത്ത പോരാട്ടത്തിന് തങ്ങളുടെ അംഗങ്ങളെ ലിമായെജി സജ്ജമാക്കിയിരുന്നു. ഹിന്ദു സമൂഹത്തിനു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് ഞാൻ സംഘത്തിൽ ചേർന്നത്. താത്യാറാവു എന്നിൽ വിതച്ച ആശയങ്ങൾ ആയിരുന്നു അവരുടേതും. 1932ൽ സംഘത്തിൽ ചേർന്ന ലിമായെ രണ്ടു വർഷത്തിനു ശേഷം മഹാരാഷ്ട്രയിലെ നേതാവായി നിയമിതനായി. അന്നദ്ദേഹത്തിനു 40 വയസ്സുകാണും. ഹെഡ്ഗേവാർജിയുടെയും താത്യാറാവുവിെൻറയും അടുത്ത ആളാണ്. അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു. സംഘത്തിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കാൻ എനിക്ക് പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹം പറയും. സംഘടനാപ്രവർത്തനം തലക്കുപിടിച്ചതിനാൽ സാഗ്ലിയിൽ തുടങ്ങിയ തയ്യൽ കട വേണ്ടരീതിയിൽ നടത്തിക്കൊണ്ടുപോകാൻ എനിക്ക് സാധിച്ചിരുന്നില്ല. ആ കാലത്ത് ഞാൻ വീട്ടിൽ കഴിഞ്ഞതിനേക്കാൾ കൂടുതൽ സംഘത്തിലാണ് ജീവിച്ചത്. കച്ചവടം ഗതി പിടിക്കാത്തതു കാരണം സംഘടനാ പ്രവർത്തനം മതിയാക്കി കുടുംബത്തിന് വേണ്ടി പണമുണ്ടാക്കാൻ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അപ്പോഴേക്കും എെൻറ പൊതുപ്രവർത്തനം സാഗ്ലി മുഴുവനും വ്യാപിച്ചതിനാല്‍ പെെട്ടന്നു ഒഴിയാൻ പറ്റാത്ത സ്ഥിതിയായി. കച്ചവടത്തിലേക്കു തിരിച്ചു വരാൻ അത് തടസ്സമായപ്പോൾ ഞാൻ പൂനക്കു താമസം മാറാൻ ആലോചിച്ചു.
"1937ല്‍ ആണെന്നാണ് ഓർമ. ഞാനവിടെ ഒരു ബിസിനസ് പങ്കാളിയെ കണ്ടെത്തി. വിഷ്ണു പന്ത് അനഘല്. അദ്ദേഹം നല്ല മനുഷ്യനായിരുന്നു. കറ കളഞ്ഞ സംഘക്കാരൻ. പൂനയിലെ അദ്ദേഹത്തിെൻറ തയ്യല്‍ക്കട ഞങ്ങള്‍ വിപുലമാക്കി. കടയില്‍ നല്ല തിരക്കായിരുന്നു. യൂനിഫോം തയ്ക്കാന്‍ കൊണ്ടുവരും. ജോലിക്ക് യാതൊരു മുട്ടും ഉണ്ടായിരുന്നില്ല. ആ കാലത്ത് മാസം 70 രൂപ വീട്ടിലേക്കു അയക്കാന്‍ എനിക്ക് സാധിച്ചിരുന്നു."
"ഗാന്ധിയോട് വിയോജിപ്പുള്ള ഒരു സംഘം ബ്രാഹ്മണര്‍ നാഗ്പൂരില്‍ ഒരു ഹിന്ദു സംഘടന രൂപീകരിക്കാനുള്ള ആലോചന നടക്കുന്ന കാലംകൂടിയായിരുന്നു അത്. എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന ഗാന്ധിയുടെ ആശയത്തിനവര് എതിരായിരുന്നു. മുഹമ്മദീയര്‍ക്കും തുല്യത എന്ന ഗാന്ധിയന്‍ ആശയം ഒരിക്കലും അവര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങിനെ പുതിയ സംഘടന നിലവില്‍ വന്നു. ഹിന്ദു സംഘാതന്‍. മറാത്തി ബ്രാഹ്മണരായിരുന്നു സ്ഥാപകര്‍. ഈ സായുധ സംഘടനക്കു താത്യാറാവുവിെൻറ അനുഗ്രഹാശിസ്സുകള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഉന്മത്തനായി. സംഘടനയുടെ അലകും പിടിയും നിശ്ചയിച്ചിരുന്നത് താത്യാറാവു തന്നെയായിരുന്നു. സംഘടനയുടെ ബ്രാഞ്ച് സാഗ്ലിയില്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഹിന്ദു സംഘാതെൻറ സെക്രട്ടറിയായി."
''നാഥുവിന് വയസ്സ് ഇരുപത് ആയി. വിവാഹം നോക്കണ്ടേ?"
"നമ്മുടെ സമുദായത്തില്‍നിന്ന് നല്ലൊരു ആലോചന വരട്ടെ. നോക്കാം."
"എങ്കില്‍ അങ്ങിനെയൊന്നു കണ്ടുപിടിച്ച് വേഗം തന്നെ നടത്തൂ."
രക്ഷിതാക്കള്‍ക്ക് നാഥുവിനെ വിവാഹം കഴിപ്പിക്കാന്‍ വലിയ ഉത്സാഹം ആയിരുന്നു. പക്ഷേ, പെണ്‍കുട്ടിയുടെ ബാല്യം ജീവിച്ച ആയാള്‍ക്ക് സ്ത്രീകളോട് വല്ലാത്ത വൈരാഗ്യമായിരുന്നു. പുച്ഛമായിരുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ട സ്വത്വം കടംകൊണ്ട് ജീവിക്കേണ്ടി വന്ന അയാള്‍ സ്ത്രീ ജനങ്ങളെ വെറുത്തു. ജീവനൊടുക്കാന്‍ വിഴുങ്ങിയ വജ്രമോതിരം ശോധനയിലൂടെ പുറത്തു വന്നാല്‍, പിന്നെ അത് എടുത്ത് ആരെങ്കിലും സ്വന്തം വിരലില്‍ സ്നേഹത്തോടെ അണിയുമോ?
''എനിക്ക് വിവാഹം വേണ്ട.''
ഒരു ധീരോദാത്ത യുവാവിെൻറ ഉറച്ച മനസ്സില്‍നിന്നുള്ള മാരകമായ തീരുമാനമായിരുന്നു അത്. രത്നഗിരി മകെൻറ ഉള്ളില്‍ അണയാത്ത തീയാണ് നിറച്ചിരിക്കുന്നതെന്ന് വീട്ടുകാര്‍ക്ക് ബോധ്യമായി. "നാഥുറാം നേതാവായി കഴിഞ്ഞിരിക്കുന്നു. തീരുമാനമെടുക്കാന്‍ തുടങ്ങിയിരിക്കുന്നു." ഈ അറിവ് അമ്മയെ ആഹ്ലാദിപ്പിച്ചതിനേക്കാള് സങ്കടപ്പെടുത്തുകയാണുണ്ടായത്.
"നിനക്കറിയാമോ ചിറ്റ്പവന്‍ ബ്രാഹ്മണര്‍ പ്രത്യേക ജനുസ്സാണ്. പൂജാരികള്‍ എന്നതിലുപരി യുദ്ധമുഖത്ത് വീരോതിഹാസം രചിച്ച ബ്രാഹ്മണര്‍ ആണ്. അവര്‍ക്ക് പൂജ ചെയ്യാന്‍ മാത്രമല്ല, യുദ്ധം ചെയ്യാനുമറിയാം. നീ ചിറ്റ്പവെൻറ രക്തമാണ്. അത് എപ്പോഴും ഓർമ വേണം. മുസ്ലിം ഭരണാധികാരികളെ ദീര്‍ഘകാലം നേരിട്ട പെഷ്വാമാരുടെ രക്തമാണ് നിെൻറ സിരകളില്‍ ഒഴുകുന്നത്. മുഗളന്മാരെയും പത്താന്മാരെയും ചെറുത്തുനിന്ന പാരമ്പര്യമാണ് പെഷ്വാമാരുടേത്. മുസ്ലിം അധിനിവേശം ചെറുത്ത പെഷ്വാമാരുടെ സ്വപ്നമാണ് ഹിന്ദുരാജ്യം. നീ ചിറ്റ്പവനാണ്. ഹിന്ദു ദേശീയവാദിയാണ്. ഹിന്ദുക്കളുടെ ഹിന്ദു."
താനിരിക്കുന്ന അന്തരീക്ഷത്തില്‍ താത്യാറാവുവിെൻറ ശബ്ദസാമീപ്യം നാഥുറാം ഗോഡ്സെക്ക് അനുഭവപ്പെട്ടു.
ആ രാത്രിക്ക് നല്ല നിലാവുണ്ടായിരുന്നു. ഗോഡ്സെ ജനാലകള്‍ മുഴുവനും തുറന്നിട്ടു. മുറിയിലേക്ക് കാറ്റും നിലാവെളിച്ചവും കടന്നെത്തി. ഓർമകളില്‍നിന്ന് പെണ്‍വസ്ത്രം അഴിച്ചെടുക്കുന്ന ലാഘവത്തോടെ അയാള്‍ വിവസ്ത്രനായി. എന്നിട്ട് കട്ടിലില്‍ പൂർണ നഗ്നനായി കമിഴ്ന്നു കിടന്നു. ദേഹരോമങ്ങളില്ലാത്ത അഴകളവുള്ളോരു ആണ്ശരീരം സ്വപ്നം കാണുന്നതിനിടയില്‍ പലതവണ നാവ് കൊണ്ട് ചുണ്ട് നനച്ചു. അയാള്‍ സ്വപ്നത്തില്‍ കണ്ട ആണ്ശരീരത്തിനു കടുത്ത മഞ്ഞനിറമായിരുന്നു. സാഗ്ലി മഞ്ഞളിെൻറ ഭൂമികയാണ്. കൃഷ്ണ നദി ഒഴുകുന്ന സാഗ്ലിയില്‍ മഞ്ഞള്കൃഷിക്കാരാണധികവും.
സവര്‍ക്കറുടെ സഞ്ചാരവിലക്ക് അധികൃതര്‍ നീക്കിയത് ആയിടെയാണ്. അതോടെ രത്നഗിരിക്ക് പുറത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ താത്യാറാവുവിന് ആയി. ഹിന്ദു സംഘാതെൻറ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സാഗ്ലിയിലേക്ക് അദ്ദേഹം വരാമെന്നേറ്റു. ഈ വാര്‍ത്ത പ്രാദേശിക ഘടകത്തിെൻറ സെക്രട്ടറി എന്ന നിലയില്‍ എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചിരുന്നു. പരിപാടിയുടെ വിജയത്തിനു വേണ്ടി ഞാന്‍ അഹോരാത്രം പണിയെടുത്തു. എെൻറ മിടുക്ക് ബോധ്യപ്പെട്ട ഗുരു സ്റ്റാഫ് അംഗമാവാന്‍ ക്ഷണിച്ചു. "കോലാപൂര്‍, മീരജ്, സാഗ്ലി, പൂന തുടങ്ങിയ സ്ഥലങ്ങളിലെ പൊതുയോഗങ്ങളില്‍ താത്യാറാവു പ്രസംഗിച്ചു. ആ പരിപാടികളില്‍ ഞാനും പങ്കെടുത്തിരുന്നു. പൂനയില്‍ ഞാന്‍ സ്ഥിരതാമസമാക്കിയത് അങ്ങിനെയാണ്. ഹിന്ദു സംഘാതന്‍ ഇന്ത്യയില്‍ രണ്ടു ശത്രുക്കളാണ് ഉണ്ടായിരുന്നത്.
പ്രഥമശത്രു -ഗാന്ധി.
രണ്ടാമത്തെ ശത്രു -ഇന്ത്യന്‍ മുസ്ലിം!"
സ്വപ്നത്തില്‍ നാഥുറാം തിരിഞ്ഞു കിടന്നു. ആ ഒറ്റമുറി വെളിച്ചത്തില്‍ അയാളുടെ മുഖത്ത് പുഞ്ചിരി പടരുന്നപോലെ തോന്നി. പരാജിതെൻറ ജാതകം കുടഞ്ഞുകളയുന്ന രാത്രിയായിരുന്നു അത്. സ്വപ്നത്തില്‍ അയാള്‍ ഒരു കുളത്തിലേക്ക് എടുത്തു ചാടി. കൂടെ മറ്റൊരാളും അയാള്‍ക്കരികിലേക്ക് ഊളിയിട്ടു. കുളത്തില്‍ അവെൻറ സാന്നിധ്യം ഉണ്ടായതും ജലം മഞ്ഞനിറമായി തീര്‍ന്നു. ഗോഡ്സെ ഉറക്കം ഞെട്ടി. കട്ടിലില്‍ അയാള്‍ രണ്ടു കൈയും കുത്തിയിരുന്നു.
"താത്യാറാവു എെൻറ ജീവിതത്തില്‍ വന്നില്ലായിരുന്നു എങ്കില്‍ ഞാന്‍ ആരാകുമായിരുന്നു... വെറും ഒരു തുന്നല്ക്കാരന്! അദ്ദേഹത്തിെൻറ നേതൃത്വത്തില്‍ ഹിന്ദു സംഘാതന്‍ പേര് മാറി ഹിന്ദു മഹാസഭയായി. അതാണ് സംഘടനാ പ്രവർത്തനത്തിലെ വഴിത്തിരിവായത്. പൂന സമാനഹൃദയരുടെ പുണ്യ ഭൂമിയാണ്. നാളെ കൂട്ടുകാരെ കാണും." ഗോഡ്സെ നേരം വെളുക്കാന്‍ ക്ഷമയോടെ കാത്തിരുന്നു.
1948 ജനുവരി 10, ശനിയാഴ്ച.
പൂനയിലുള്ള ഹിന്ദു രാഷ്ട്രയുടെ ഓഫീസിലേക്ക് ആദ്യം എത്തിയത് നാഥുറാം വിനായക് ഗോഡ്സെ ആയിരുന്നു. കൈക്കോലിെൻറ ഇടയില്‍ ഒളിപ്പിച്ചുെവച്ച താക്കോലെടുത്ത് വാതില്‍ തുറന്നു അകത്തു കയറിയതും ഏറെ നാളായി അടച്ചിട്ടതിെൻറ ചൊടിപ്പിക്കുന്ന പൊടിമണം പുറത്തേക്ക് വന്നു. എന്നിട്ടും മുഴുവന്‍ ജനലും തുറന്നിടാന്‍ അയാള്‍ക്ക് തോന്നിയില്ല. മേശക്കരികിലുള്ള മൺകൂജയിലെ വെള്ളം മുഴുവനും വറ്റിപ്പോയിരുന്നു. അയാള്‍ ആ മണ്‍പാത്രമെടുത്ത് മറ്റൊരിടത്തേക്ക് മാറ്റിെവച്ചു. എന്നിട്ട് ഒരു ജനല്‍പാളി മാത്രം തുറന്നിട്ടു. കസേരയില്‍ പറ്റി പിടിച്ച പൊടി കാര്യമാക്കാതെ അതില്‍ ഇരുന്നു. ഇന്നലെ രാത്രി ഉറക്കം നഷ്ടപ്പെട്ടതിെൻറ ക്ഷീണമൊന്നും അയാള്‍ക്കുണ്ടായില്ല. മുറിയില്‍ വെളിച്ചം പോരെന്ന് കരുതി അയാള്‍ എഴുന്നേറ്റ് ചെന്ന് മറ്റൊരു ജനല്‍ പാളി കൂടി മലര്‍ക്കെ തുറന്നിട്ടു. അപ്പോള്‍, മേശമേല്‍ വാരി വലിച്ചിട്ട ഫയലുകളിലേക്കും പഴയ പത്രക്കെട്ടുകളിലേക്കും കൂടുതല്‍ വെളിച്ചം വന്നു വീണു. ആ പ്രഭയില്‍ പൊടിയുടെ കണികകള്‍ പിടഞ്ഞുകൊണ്ടിരുന്നു.
''നമസ്കാരം...''
പഴയ ഒരു എഡിറ്റോറിയല്‍ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവരെത്തിയത്. ദിഗംബര്‍ ബാഡ്ജെയേയും കൂട്ടിക്കൊണ്ടാണ് നാരായണ്‍ ആപ്തെ വന്നത്. ഷേവ് ചെയ്തു മിനുക്കിയ അയാളുടെ മുഖത്ത് വല്ലാത്തൊരു ചൈതന്യം ഉണ്ടായിരുന്നു.
''ഇരിക്കൂ.''
ഒരു കസേര വലിച്ചിട്ടുകൊണ്ട് ആപ്തെ ബാഡ്ജെയെ നോക്കി. ഗോഡ്സെയോട് കൈ കൂപ്പി ബാഡ്ജെ കസേരയില്‍ ഇരുന്നു. അയാളുടെ എണ്ണമയമുള്ള കറുത്ത നീണ്ട മുടി ചെവി മൂടി കഴുത്തറ്റം വളര്‍ന്നുകിടപ്പുണ്ടായിരുന്നു. കട്ടിയുള്ള താടി ഉണ്ടായിട്ടും ഉടന്‍ പുഞ്ചിരിക്കാന്‍ പോകുന്ന ഭാവം പ്രകടമാണ്. വട്ട കണ്ണട അയാളുടെ മുഖത്തിന് നന്നായി ചേരുന്നുണ്ട്. വൃത്തിയായി വേഷം ധരിച്ച അയാളുടെ മട്ടും ഭാവവും കണ്ടാല്‍ ധ്യാനത്തിലിരിക്കുന്ന സാധുവിനെപോലെയെ തോന്നൂ. ഗോഡ്സെ ദയാരഹിതമായി ബാഡ്ജെയോടു പുഞ്ചിരിച്ചു.
''കാര്യങ്ങള്‍ എവിടെവരെയായി?''
ഗോഡ്സെ ഇരുവരോടുമായി ചോദിച്ചു.
"ഇന്നലെ ഞാന്‍ പറഞ്ഞിട്ട് കാര്‍ക്കറെ സേട്ടും മദന്‍ ലാലും ശാസ്ത്രഭണ്ഡാറില് പോയിരുന്നു. ആയുധങ്ങള്‍ എല്ലാം അവര്‍ പരിശോധിച്ചു. അവിടെ കണ്ട സ്ഫോടക വസ്തുക്കള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് മദന്‍ലാല്‍ പറഞ്ഞത്. അത്തരം സാധനങ്ങള്‍ മുമ്പ് ഉപയോഗിച്ച് അവനു ശീലമുണ്ട്." നാരായണ്‍ ആപ്തെ പറഞ്ഞു.
"എല്ലാം ഒന്നാംതരം ആയുധങ്ങളാണ്, ആവശ്യത്തിനു അനുസരിച്ച് കൂടുതല്‍ സംഘടിപ്പിക്കാം", ബാഡ്ജെ സൗമ്യമായി പറഞ്ഞു.
"ഞങ്ങള്‍ക്ക് രണ്ടു റിവോള്‍വര്‍ എന്തായാലും വേണം", ആപ്തെ പറഞ്ഞു.
"റിവോള്‍വര്‍ ഇപ്പോള്‍ എെൻറ കൈയില്‍ സ്റ്റോക്കില്ല."
''ഗണ്‍ കോട്ടന്‍ സ്ലാബും ഹാന്‍ഡ് ഗ്രനേഡും ഉടനെ വേണ്ടി വരും'', ഗോഡ്സെ ഇടക്ക് കേറി പറഞ്ഞു.
"ഗണ്‍ കോട്ടണ്‍ സ്ലാബും നാടന്‍ ബോംബുകളും അതിെൻറ പ്രിമിയറും ഫ്യൂസും എല്ലാം ഉടനെ തന്നെ തന്നേക്കാം. ഹാന്‍ഡ് ഗ്രനേഡ് 5 എണ്ണം സ്റ്റോക്കുണ്ട്. അത് പ്രശ്നമുള്ള കാര്യമല്ല'', ബാഡ്ജെ വളരെ പതുക്കെയും സാവധാനത്തിലുമാണ് സംസാരിക്കുന്നത്.
"റിവോള്‍വര്‍ എന്നത്തേക്ക് എത്തിക്കാന്‍ പറ്റും?" ഗോഡ്സെ ചോദിച്ചു.
"പതിനാലാം തീയതിക്ക് മുമ്പായി നോക്കാം."
"എങ്കില്‍ എല്ലാം കൂടി ഒന്നിച്ചു സപ്ലേ ചെയ്താല്‍ മതി."
"സാധനം എവിടെയാണ് എത്തിക്കേണ്ടത്?"
"ദാദറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലെത്തിച്ചാല്‍ മതി."
"പക്ഷേ, പതിനാലാം തീയതി വൈകുന്നേരത്തിനു മുമ്പ് വേണം."
അത് പ്രയാസമുള്ള കാര്യമല്ല. എനിക്കിത്രയും സാവകാശം മതി."
നാരായണ്‍ ആപ്തെ പോക്കറ്റില്‍ തപ്പി. അയാള്‍ക്കൊന്നു പുകക്കണമെന്നുണ്ടായി.
"ശനിവാര്‍ പേട്ടിലെ ഹിന്ദു രാഷ്ട്രയുടെ ഓഫീസ് തുടങ്ങിയിട്ട് എത്ര വര്‍ഷമായി? പൊടുന്നനെ ബാഡ്ജെ ചോദിച്ചു.
ഇത് കേട്ടതും ഗോഡ്സെക്ക് ആവേശം കയറി. "നാല് വര്‍ഷമായി 1944ല്‍ ഈ സ്ഥാപനം തുടങ്ങാനായി സവര്‍ക്കര്‍ജി ആണ് പതിനായിരം രൂപ ഞങ്ങള്‍ക്ക് നല്‍കിയത്."
"ഹിന്ദുക്കളുടെ ആശയപ്രചാരണത്തിനായി ഒരു പത്രം വേണം എന്നത് ഗോഡ്സെയുടെ ആശയമായിരുന്നു. ഞാന്‍ പബ്ലിഷറും ഗോഡ്സെ എഡിറ്ററുമായി അഗ്രാണി തുടങ്ങി", ആപ്തെ പുഞ്ചിരിച്ചു പറഞ്ഞു.
"ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആദ്യ പ്രതിയില്‍ സവര്‍ക്കറുടെ വലിയ ചിത്രത്തോട് കൂടിയ ലേഖനമുണ്ടായിരുന്നു. അഗ്രാണിയുടെ ആ കോപ്പി ഇപ്പോഴും എെൻറ ലൈബ്രറിയില്‍ ഉണ്ട്." ബാഡ്ജെ താടി ഉഴിഞ്ഞു.
"അഗ്രാണിക്ക് മൂന്നു വര്‍ഷമേ ആയുസ്സുണ്ടായുള്ളൂ. നിയമപ്രശ്നത്തില്‍ കുടുങ്ങി പേര് ഹിന്ദുരാഷ്ട്ര എന്നാക്കേണ്ടിവന്നു."
നാരായണ്‍ ആപ്തെ പറഞ്ഞത് കേട്ടു ദിഗംബര്‍ ബാഡ്ജെ ഒന്നിരുത്തി മൂളി.
പോക്കറ്റില്‍നിന്ന് കുറച്ചു തുക എടുത്തുകൊണ്ട് നാരായണ്‍ ആപ്തെ അയാള്‍ക്ക് നീട്ടി. കിഴക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ട് ബാഡ്ജെ അത് വാങ്ങി ജുബ്ബയുടെ കീശയിലിട്ടു. ഒന്ന് പുഞ്ചിരിക്കുകപോലും ചെയ്യാതെ അയാള്‍ ശനിവാര്പേട്ടിലെ തെരുവിലേക്കിറങ്ങി.
"ഡല്‍ഹിയിലേക്കും അയാളെ കൂട്ടാമെന്ന് തോന്നുന്നു."
ദിഗംബര്‍ ബാഡ്ജെ നടന്നകന്നതും ആപ്തെ പറഞ്ഞു. ഗോഡ്സെ കൃത്യമായ മറുപടിയൊന്നും പറയാതെ മൂളുക മാത്രം ചെയ്തു.
ഓഫീസ് തുറന്നുകിടക്കുന്നത് കണ്ട് അടുത്തുള്ള ഹോട്ടലിലെ പയ്യന് വാതിലില്‍ വന്നു എത്തിനോക്കി. "ചായ വേണോ സാബ്ബ്?" ബ്രാഹ്മിണ്‍ ഹോട്ടലിലെ പയ്യന് ആയതുകൊണ്ട് ഗോഡ്സെ രണ്ടു കാപ്പി പറഞ്ഞു. ഇംഗ്ലീഷ് കോഫിയുടെ ആരാധകനായ ഗോഡ്സെക്ക് ആ ഹോട്ടലിലെ കാപ്പിയും ഇഷ്ടമായിരുന്നു. കാപ്പി വരുമ്പോഴേക്കും നാരായണ്‍ ആപ്തെ രണ്ടു സിഗരറ്റ് പുകച്ചു തീര്‍ത്തു.
"ബാഡ്ജെയെ വിശ്വസിക്കാം എന്ന് തോന്നുന്നു."
കാപ്പി ആറ്റി കുടിച്ചുകൊണ്ട് ഗോഡ്സെ പറഞ്ഞു.
"നമുക്ക് എന്തായാലും ഒരു ഷൂട്ടറെ വേണം, ആയുധം വേണം. അയാളെ കൂട്ട് പിടിച്ചാല്‍ രണ്ടും എളുപ്പത്തില്‍ നടക്കും." നാരായണ്‍ ആപ്തെക്ക് ആയുധവിൽപനക്കാരനായ ബാഡ്ജെയെ വിശ്വാസമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദീക്ഷിത് മഹാരാജിെൻറ വീട്ടില്െവച്ചു നാരായണ്‍ ആപ്തെ ആദ്യമായി ദിഗംബര്‍ ബാഡ്ജെയെ കാണുന്നത്. പച്ചമരുന്നിട്ടു കാച്ചിയ കടുകെണ്ണയുടെ നറുമണം നീണ്ട മുടിയുടെ പ്രത്യേകതയായിരുന്നു. വേഷഭൂഷാദികള്‍കൊണ്ട് ഏതു ആള്‍ക്കൂട്ടത്തിലും അയാള്‍ വേറിട്ട് നിന്നു. ശാന്തഭാവമായിരുന്നു ബാഡ്ജെയെ ഏറ്റവും നല്ല കച്ചവടക്കാരനാക്കിയത്. ഒരു ആയുധ വിൽപനക്കാരന് വേണ്ട ബുദ്ധിയും ക്ഷമാശീലവും ഉണ്ട്. പല സ്ഥലങ്ങളില്‍ പല വേഷങ്ങളില്‍ അയാള്‍ പ്രത്യക്ഷെപ്പട്ടു. അപാരസിദ്ധിയുള്ള സന്ന്യാസിയായി, മറ്റു ചിലപ്പോള്‍ ഫക്കീര്‍ ആയി
ഇറച്ചി വെട്ടുകാരനായി
സിക്ക് കര്‍ഷകനായി
സംഗീതജ്ഞനായി
ആയുധം വില്‍ക്കാനായി പല അവതാരം എടുത്തു. എല്ലാ വേഷവും അയാള്‍ക്ക് നന്നായി ഇണങ്ങുകയും ചെയ്തിരുന്നു. തെൻറ ശരീരംപോലെ ബാഡ്ജെ ആയുധങ്ങളെയും സ്നേഹിച്ചു.
ഒരു നാടോടി സംഗീതജ്ഞനായാണ് ദീക്ഷിത് മഹാരാജിെൻറ വീട്ടില്‍ അയാള്‍ വന്നത്. കൂടെ ജോലിക്കാരനായ പയ്യനും ഉണ്ടായിരുന്നു- കിസ്തയ്യ. അവെൻറ കഴുത്തില്‍ ഒരു വലിയ ഡോലക് തൂക്കിയിട്ടിരുന്നു.
"നാടോടി ഗായകര്‍ക്ക് പൂജാരിയുടെ വീട്ടിലെന്ത് കാര്യം'', ഇവരെ കണ്ടപ്പോള്‍ ആപ്തെക്ക് തോന്നിയതിതാണ്.
വീടിെൻറ അകത്തുവെച്ച് വലിയ ഡോലക്കിെൻറ തോല് കുത്തി കീറിയപ്പോഴാണ് ആപ്തെ ശരിക്കും ഞെട്ടിപ്പോയത്. അതിെൻറ അകത്ത് വടിവാളുകളും നാടന്‍ കഠാരകളും ആയിരുന്നു!
ആയുധങ്ങള്‍ എല്ലാം ഭദ്രമായി സംഗീതോപകരണങ്ങള്ക്കുള്ളില് ഒളിച്ചുെവച്ചാണ് കടത്തിക്കൊണ്ടിരുന്നത്.
''ഇയാള്‍ ചില്ലറക്കാരനല്ല.''
ആപ്തെ തണുത്ത കാപ്പി ഒറ്റവലിക്ക് ഇറക്കി. കപ്പി
െൻറ അടിയില്‍ അലിയാതെ കിടന്ന പഞ്ചസാര ചുഴറ്റി ഒന്നുകൂടി കുടിച്ചു.
''ഡല്‍ഹിയിലേക്കു ഇയാളും പോന്നോട്ടെ.''
ഗോഡ്സെ തീരുമാനം പറഞ്ഞു.
"ബാഡ്ജെ ആവശ്യക്കാരെ വെറും കൈയോടെ മടക്കാറില്ല. ഏതു ആയുധവും സംഘടിപ്പിച്ചു തരും. പൂനയിലെ ആയുധഡിപ്പോയില്‍ ഒക്കെ നല്ല പിടിയാണ്. ബ്രിട്ടീഷ് നിർമിത ഹാന്‍ഡ് ഗ്രനേഡ് പോലും ഒപ്പിച്ചു തരും!" നാരായണ്‍ ആപ്തെ പറഞ്ഞു.
"നമ്മുടെ ആശയത്തോടും അയാള്‍ക്ക് കൂര് ഉണ്ടെന്ന് തോന്നുന്നു. ഹിന്ദു മഹാസഭ പ്രവര്‍ത്തകനല്ലേ. അതും നല്ലതാണ്." ഗോഡ്സെ പറഞ്ഞു.
"നമ്മളെക്കാള്‍ കീഴ്ജാതിയാണ്. അത് കണക്കിലെടുക്കുകയൊന്നും വേണ്ട."
വാതില്ക്കല് ഒരു മെലിഞ്ഞ നിഴല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഗോഡ്സെ തലയേന്തി നോക്കി. ചായക്കാരന് പയ്യന് കപ്പ് എടുക്കാന്‍ വന്നതാണ്. അവന് വാതില്ക്കല് മിഴിച്ചു നില്‍പ്പായിരുന്നു.
"കയറി എടുത്തോണ്ട് പോ..."
അവന് കപ്പെടുത്ത് മേശ തുടച്ചു ഇറങ്ങിയപ്പോള്‍ അവര്‍ ബാഡ്ജെയെ കുറിച്ചുള്ള സംസാരം തുടര്‍ന്നു.
"കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ശാസ്ത്രഭണ്ഡാറില് പോയത്. അയാളുടെ ആയുധപുരയില്‍ ലൈസന്‍സുള്ള സാധനങ്ങളാണ് വില്‍ക്കുന്നത്. അല്ലാത്തത് ഒപ്പിച്ചുകൊടുക്കും. ഞാന്‍ ഒരു സ്റ്റെണ്‍ഗണ്‍ കിട്ടുമോ എന്നറിയാനായിരുന്നു പോയത്. ആവശ്യം കേട്ടതും ബാഡ്ജെ ഞാന്‍ ചെന്ന കാറില്‍ ചാടി കയറി. എനിക്കൊരു പിടിയും കിട്ടിയില്ല. പോകും വഴി ഒരു സ്ഥലത്ത് നിര്‍ത്താന്‍ പറഞ്ഞു. വിചിത്രമായിരുന്നു അയാളുടെ പെരുമാറ്റം. കാറിലേക്ക് അയാള്‍ ഒരാളെ കൂടി കൊണ്ട് വന്നു. ഒരു തടിയന് സര്‍ദാര്‍ജി. കാറിലിരുന്നയാള്‍ പേര് പറഞ്ഞു. ഗുരുദയാല്‍ സിങ്. ബാഡ്ജെ കാറിലിരുന്നു, ഒന്നും സംസാരിച്ചിരുന്നില്ല. കയറുമ്പോള്‍ ഡ്രൈവറോട് ഏര്‍വാഡ ജയില്‍ എന്ന് മാത്രം ഉച്ചരിച്ചു. ഗുരുദയാലും പിന്നെ ഒന്നും മിണ്ടിയിരുന്നില്ല. കാര്‍ ഏര്‍വാഡ ജയില്‍ പരിസരത്ത് ചെന്നു നിന്നു. ഗുരുദയാല്‍ ജയിലിെൻറ പുറകുവശത്തേക്ക് ഇറങ്ങി പോയി. അയാള്‍ വരുന്നത് വരെ ബാഡ്ജെ കാറില്‍ കണ്ണടച്ച് ഇരിപ്പായിരുന്നു. എന്താണ് നടക്കാന്‍ പോകുന്നതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അല്പസമയത്തിനകം ഗുരുദയാല്‍ സിങ് ഒരു പൊതിയുമായി വന്നു കാറില്‍ കയറി. ബാഡ്ജെ പൊതി അഴിച്ച് എനിക്ക് കാണിച്ചു തന്നു. നല്ല പോളിഷ് തിളക്കമുള്ള സ്റ്റണ്‍ഗണ്‍!"
''ആയുധ വിൽപന ആടിനെ മേക്കുന്നപോലുള്ള എളുപ്പപ്പണിയല്ല'', ഗോഡ്സെ ഇടക്ക് കയറി പറഞ്ഞു.
"ഗുരുദയാലിനെ വഴിയിലിറക്കി ഞങ്ങള്‍ ശാസ്ത്രഭണ്ഡാറില് തിരിച്ചെത്തി. അന്ന് എനിക്കയാളോട് വലിയ മതിപ്പ് തോന്നി."
"നിങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ കൂട്ട് എന്താണ്?"
"രഹസ്യം സൗജന്യമല്ല", ബാഡ്ജെ ചിരിച്ചു.
"എന്നിട്ടയാള്‍ എനിക്ക് സ്റ്റണ്‍ഗണ്‍ തന്നു. 1500 രൂപയാണ് ആവശ്യെപ്പട്ടത്. ഞാനത് എണ്ണിക്കൊടുത്തു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് അബദ്ധം മനസ്സിലായത്. സ്റ്റണ്‍ഗണ്‍ കണ്ണും പൂട്ടി ഉപയോഗിക്കാന്‍ കഴിയില്ല. പരിശീലനം വേണം. അത് നേരാംവണ്ണം പിടിക്കാന്‍ പോലും എനിക്കോ കൂട്ടാളികള്‍ക്കോ അറിയില്ലായിരുന്നു!"
"ആയുധങ്ങളെ കുറിച്ചറിവുള്ള ഒരാള്‍ നമ്മള്‍ക്കൊപ്പം ഉള്ളത് നല്ലത് തന്നെ. ഗോപാലും കൂടി സംഘത്തില്‍ ചേരുമ്പോള്‍ കാര്യങ്ങള്‍ എല്ലാം നമുക്കനുകൂലമായി തീരും. പക്ഷേ, ആരാണ് ഇര എന്ന് ബാഡ്ജെയോടിപ്പോള് വെളിപ്പെടുത്തേണ്ട", ഗോഡ്സെ പറഞ്ഞു.
"അയാളെ ഞാന്‍ കൈകാര്യം ചെയ്തോളാം."
നാരായണ്‍ ആപ്തെ മറ്റൊരു സിഗരറ്റ് എടുത്തു കൊളുത്തി. ബാഡ്ജെ ഇരുന്ന കസേരയിലേക്ക് രണ്ടു കാലും നീട്ടിെവച്ചു.
"ഡല്‍ഹിയില്‍ കാര്യങ്ങള്‍ നമുക്ക് അനുകൂലമായിരിക്കുകയാണ്. ചാന്ദിനി ചൗക്കിലെയും ജമാമസ്ജിദിലെയും അഭയാര്‍ഥി ക്യാമ്പുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ക്യാമ്പിലുള്ള ഹിന്ദുക്കള്‍, മുസ്ലിം വീടുകള്‍ കൈയേറി താമസിക്കുന്നുണ്ട്, മുസ്ലിംകള് ഒഴിഞ്ഞുപോയ വീടുകള്‍ സിഖുകാരും ഹിന്ദുക്കളും തങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞു പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു. അധികം വൈകാതെ ഡല്‍ഹി കത്തും'' -ഗോഡ്സെ പറഞ്ഞു.
നാരായണ്‍ ആപ്തെ എല്ലാം കേട്ടിരുന്നു. സിഗരറ്റ് എരിഞ്ഞു തീര്‍ന്നതും അയാള്‍ എഴുന്നേറ്റു.
"അടുത്ത ദിവസം കാണാം. എനിക്കൊന്നു തയ്യല്‍കട വരെ പോകണം. ഗണേഷ് ദാബ്കെയുടെ അടുത്ത് രണ്ടു ജോടി കുപ്പായങ്ങള്‍ തുന്നാന്‍ കൊടുത്തിട്ടുണ്ട്. അത് വാങ്ങണം." നാരായണ്‍ ആപ്തെ പടിയിറങ്ങിപോയതും സഗ്ലിയില് ഒരു തുന്നല്ക്കാരന് എന്ന നിലയിലുള്ള തെൻറ ജീവിതം എത്ര അപമാനകരമായിരുന്നു എന്ന് ഗോഡ്സെ ഓര്‍ത്തു. സ്ത്രീകളുടെ ഉടുപ്പ് തുന്നുന്നതില്‍ പരം അപമാനം വേറെ എന്താണുള്ളത്.
അയാളും ഓഫീസ് പൂട്ടി ഇറങ്ങി തൊട്ടടുത്തുള്ള ഒറ്റമുറി വീട്ടിലേക്ക് നടന്നു. കുറെ കാലമായി അയാള്‍ അവിടെ തനിച്ചാണ് താമസം. സദാ അടഞ്ഞുകിടക്കുന്ന ഒരു ഒറ്റമുറിയായിരുന്നു അയാളുടെ മനസ്സ്.
തുടരും.
നോവൽ മാധ്യമം ആഴ്ചപ്പതിപ്പിൽ തുടരുന്നു. അടുത്ത ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു https://epaper.madhyamam.com/t/15512
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.