പാർവതി

16. തെക്കോട്ടുള്ള തീവണ്ടിഅന്നു രാവിലെ പാർവതി വലിയൊരു പ്രഖ്യാപനം നടത്തി. സാമാന്യം മുഴക്കമുള്ള പ്രഖ്യാപനംതന്നെ. നമ്മൾ രണ്ടു പേരും കൂടി നാട്ടിലേക്ക് പോണു. വർഷങ്ങൾക്കുശേഷം ഒരുമിച്ചുള്ള യാത്ര. ടിക്കറ്റ് കിട്ടുമെങ്കിൽ അടുത്താഴ്‌ചതന്നെ. അല്ലെങ്കിൽ തീവണ്ടിയാപ്പീസ് പറയണപോലെ. ചൂടുകാലമായതുകൊണ്ട് എ.സിയില്ലാതെ പറ്റില്ലല്ലോ.ഒന്നും പറഞ്ഞില്ല സൗമിനി. എതിർത്തില്ല സൗമിനി. മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി. ഒരുപക്ഷേ അമ്മയും അങ്ങനെയൊക്കെ ആലോചിച്ചു കാണുമെന്ന് പാർവതിക്ക് തോന്നി. അന്നു വിലാസിനി ആന്റിയുടെ വിളിക്കുശേഷം അമ്മ ലേശം അയഞ്ഞതുപോലെ. ‘‘അപ്പോൾ എ​ന്റെ ക്ലാസുകളോ?’’ ശബ്ദത്തിന് പഴയ കനമില്ല. ‘‘അമ്മക്ക്...

16. തെക്കോട്ടുള്ള തീവണ്ടി

അന്നു രാവിലെ പാർവതി വലിയൊരു പ്രഖ്യാപനം നടത്തി. സാമാന്യം മുഴക്കമുള്ള പ്രഖ്യാപനംതന്നെ. നമ്മൾ രണ്ടു പേരും കൂടി നാട്ടിലേക്ക് പോണു. വർഷങ്ങൾക്കുശേഷം ഒരുമിച്ചുള്ള യാത്ര. ടിക്കറ്റ് കിട്ടുമെങ്കിൽ അടുത്താഴ്‌ചതന്നെ. അല്ലെങ്കിൽ തീവണ്ടിയാപ്പീസ് പറയണപോലെ. ചൂടുകാലമായതുകൊണ്ട് എ.സിയില്ലാതെ പറ്റില്ലല്ലോ.

ഒന്നും പറഞ്ഞില്ല സൗമിനി. എതിർത്തില്ല സൗമിനി. മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി. ഒരുപക്ഷേ അമ്മയും അങ്ങനെയൊക്കെ ആലോചിച്ചു കാണുമെന്ന് പാർവതിക്ക് തോന്നി. അന്നു വിലാസിനി ആന്റിയുടെ വിളിക്കുശേഷം അമ്മ ലേശം അയഞ്ഞതുപോലെ.

‘‘അപ്പോൾ എ​ന്റെ ക്ലാസുകളോ?’’ ശബ്ദത്തിന് പഴയ കനമില്ല.

‘‘അമ്മക്ക് മാത്രല്ല, മകൾക്കുമുണ്ട് ക്ലാസുകൾ.’’

‘‘ഓ...’’

‘‘സൗമിനി ടീച്ചറുടെ ക്ലാസുകൾക്കുവേണ്ടി ശാന്തിനഗർ മുഴുവനും കാത്തുനിക്കണല്ലോ. എന്നാലെ അൽപം വെയിറ്റ്‌ കിട്ടൂ. പിന്നെ അമ്മ ഇപ്പോൾ അവടത്തെ ഒരു സ്റ്റാർ പെർഫോർമറല്ലേ? പിന്നെ അത്യാവശ്യങ്ങൾക്ക് അവടന്നു ഓൺലൈനുമാകാം.’’

‘‘അതിനവടെ വൈഫൈ കിട്ട്വോ?’’

‘‘കിട്ടിക്കും.’’ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി. “നത്തിങ് ഈസ് ഇമ്പോസിബിൾ ഫോർ പാർവതി…”

“സൗമിനി…” അമ്മ കൂട്ടിച്ചേർത്തു.

‘‘ശരിയാ, അമ്മകൂടി ചേരുമ്പഴല്ലേ പാർവതി പൂർണമാകുന്നത്.’’

“മോള് ചേരുമ്പഴേ അമ്മയും പൂർണമാകൂ.”

അങ്ങനെ അവർ ശാന്തിനഗർ റെയിൽവേ സ്റ്റേഷനിൽ. ആ കെട്ടിടത്തിലേക്ക് കാൽവെച്ചതോടെ സൗമിനിയുടെ കണ്ണുകൾ വിടർന്നു.

‘‘എന്റപ്പാ. ഇതങ്ങു വല്ലാണ്ട് വലുതായല്ലോ.’’

‘‘പിന്നില്ലാണ്ട്. അമ്മ ഈവഴി വന്നിട്ട് കൊല്ലങ്ങളായില്ലേ? ഇപ്പോൾ ശാന്തിനഗർ പണ്ടത്തെ ആപ്പീസൊന്നുവല്ല. പാർവതി പ്ലാറ്റ്ഫോമും കോച്ചു പൊസിഷനും നോക്കീട്ടു വരാം.’’

അപ്പോഴും വിശ്വാസം വരാതെ ചുറ്റും നോക്കുകയാണ് സൗമിനി. വാസ്തവത്തിൽ താൻ ഈവഴി വന്നിട്ട് വർഷം എത്രയായെന്ന് യാതൊരു പിടിയുമില്ല. വർഷങ്ങൾ ഓർക്കാൻ മറന്നുതുടങ്ങിയിരിക്കുന്നു. കുറെ നാളുകളായി ഓരോന്നും ഓർത്തെടുക്കുന്നത് പാർവതിയുടെ വളർച്ചയുമായി ചേർത്താണ്. അവളെ സ്കൂളിൽ ചേർത്ത കൊല്ലം. അവൾ ആദ്യമായി വയസ്സറിയിച്ച കൊല്ലം. മെട്രിക് പാസായത്, കോളേജിൽ ചേർന്നത്. അവളുമായി കൂട്ടിക്കെട്ടാതെ ഒന്നും അടയാളപ്പെടുത്താനാവില്ല. ത​ന്റെ ജീവിതംതന്നെ അവളുമായി എന്നേ കൂട്ടിക്കെട്ടിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെയെങ്കിൽ എന്നായിരിക്കും ഏറ്റവും ഒടുവിൽ ഈ പ്ലാറ്റ്ഫോം കണ്ടിരിക്കുക?

‘‘ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽതന്നെ. ലോങ് ഡിസ്റ്റൻസ് ആയതോണ്ട് അവടെയാകുമെന്ന്‌ അറിയായിരുന്നു. എന്നാലും ഉറപ്പിക്കല്ലോന്ന് കരുതി, കോച്ചും കണ്ടുപിടിക്കാം. ചാർട്ട് നോക്കിയപ്പോ കൊറെ ദൂരം അടുത്ത രണ്ടു സീറ്റുകളിൽ ആരുമുണ്ടാവില്ല.’’

‘‘മൈ ഗോഡ്! ഇതൊക്കെ കണ്ടുപിടിക്കാൻ പറ്റുവോ?’’

അപ്പോഴേക്കും പാർവതിയുടെ ഫോണി​ന്റെ കിളിയൊച്ച കേട്ടു.

സ്റ്റേഷനിൽ തിരക്ക് തുടങ്ങിയിരുന്നു. കുറെ ട്രോളികളുമായി ഒരു സംഘം തിരക്കിട്ടു കടന്നുപോകുകയാണ്. അൽപം ഒതുങ്ങിനിന്ന് ബാഗിൽനിന്ന് മൊബൈൽ എടുക്കുമ്പോഴേക്കും ശബ്ദം നിലച്ചു. തിരിച്ചുവിളിച്ചപ്പോൾ എൻഗേജ്ഡ്. മൂന്നാമത്തെ വിളിയായപ്പോൾ കിട്ടി.

‘‘നമ്മള് രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും വിളിച്ചുകളിക്കായിരുന്നു, അല്ലേ ആന്റീ?’’

അപ്പുറത്തു വിലാസിനിയുടെ ചിരി.

‘‘സ്റ്റേഷനിലെത്തിയോ?’’ ആകാംക്ഷയോടെ ചോദ്യം.

‘‘എത്തീന്ന് മാത്രല്ല, പ്ലാറ്റ്ഫോമും കോച്ചും കണ്ടുപിടിക്കേം ചെയ്തു. എല്ലാം ക്ലിയർ.’’

‘‘ആശ്വാസായി. ഇനി അവിടെ എത്തിയിട്ട് വിളിക്ക് മോളേ.’’

അടുത്തെത്തിയപ്പോൾ സൗമിനി ചോദിച്ചു.

‘‘ആരാ മോളേ ഇത്രക്ക് അർജന്റ് ആയിട്ട്?’’

‘‘വിലാസിനി ആന്റി. നമ്മള് സ്റ്റേഷനിൽ എത്തിയോന്നറിയണം.’’

‘‘ഈ പെണ്ണി​ന്റെയൊരു കാര്യം! എ​ന്റെ കാരണോത്തിയാകാൻ നോക്കുകയാണവൾ.’’

അപ്പോഴേക്കും ട്രോളി ബാഗുകളും വലിച്ചു. പാർവതി നടക്കാൻ തുടങ്ങിയിരുന്നു.

പുതുക്കിപ്പണിത പ്ലാറ്റ്ഫോം. തൊട്ടപ്പുറത്തുള്ള രണ്ടു പ്ലാറ്റ്ഫോമുകളായി ബന്ധിപ്പിക്കുന്ന ഓവർ ബ്രിഡ്ജ്.

“ഒടുവിൽ വരുമ്പോൾ ഈയൊരു പ്ലാറ്റ്ഫോം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാണെങ്കിൽ ഇത്രക്ക് നീളോം ഉണ്ടായിരുന്നില്ല. അപ്പുറത്തു എന്തൊക്കെയോ പണികൾ നടക്കുന്നുണ്ടായിരുന്നു. പക്ഷേ പുതിയ പ്ലാറ്റ്ഫോമിനു വേണ്ടിയാണെന്ന് മനസ്സിലായില്ല.”

വണ്ടി വന്നു. ആ കോച്ചിൽ വലിയ തിരക്കില്ല. പാർവതി പറഞ്ഞതുപോലെ അടുത്ത രണ്ടു സീറ്റിലും ആളില്ല.

“തൽക്കാലത്തേക്ക് നമുക്കായി ഒരു പ്രൈവറ്റ് മുറി. ഓടുന്ന മുറി.” സൗമിനി ചിരിച്ചു. “അങ്ങനെ ഒന്നര ദിവസത്തോളം.”

“അൽപം സ്വസ്ഥത തോന്നുന്നില്ലേ അമ്മക്ക്?’’

“തീർച്ചയായും.”

“പുതുക്കിയ സ്റ്റേഷൻ കണ്ടപ്പൊതന്നെ വല്ല്യ സന്തോഷായി. വല്ലാത്തൊരു പരിഭ്രമവുമായി പണ്ടിവിടെ വന്നിറങ്ങിയ കാര്യം ഓർത്തുപോയി. അന്നെന്നെ സഹായിച്ച പൊലീസുകാരൻ പ്രീതംകുമാറിനെയും. അന്നിത് ഒരു കൊച്ചു സ്റ്റേഷനായിരുന്നു.’’ “ശാന്തിനഗർ വല്ലാണ്ട് വലുതായില്ലേ അമ്മേ. മാത്രല്ല, കോർപറേഷൻ ആകാൻ അധികം വേണ്ടാന്നാ സുഷമാജി പറഞ്ഞത്. ആ കസേരയിൽ അവരുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നുവത്രെ.”

“നീ അവരെ വിളിക്കാറുണ്ടോ?’’

“ഹേയ്, അവരെന്നെയാണ് വിളിക്കാറ്. അമ്മേടെ വിശേഷങ്ങളറിയാൻ. അമ്മെപ്പറ്റി ഭയങ്കര അഭിപ്രായമാണവർക്ക്. ശാന്തിനഗറി​ന്റെ ഭാവി അമ്മയെപ്പോലുള്ളവരുടെ കൈയിലാണെന്ന് അവർ ആവർത്തിക്കാറുണ്ട്. പ്രത്യേകിച്ചും അമ്മേടെ ഉത്സാഹത്തിൽ അന്നവടെ നടത്തിയ മുശൈര. അവടത്തെ കൊലകൊമ്പന്മാർക്കൊന്നും തോന്നാത്ത ആശയം.”

‘‘പണ്ടേ ഉർദു ഗസലുകൾ വല്ല്യ ഇഷ്ടായിരുന്നു എനിക്ക്. ഉർദു കുറച്ചൊക്കെ അറിയാവുന്നതുകൊണ്ട് പ്രത്യേകിച്ചും. പണ്ട് ഗുലാം അലി, മെഹ്‌ദി ഹസ്സൻ, ബീഗം അക്തർ, ജഗ്ജിത് സിങ് എന്നിവരിൽ തൊട്ട് പങ്കജ് ഉദാസി​ന്റെ വരെ ഗസലുകളുടെ കാസറ്റുകൾ കൈയിൽ ഉണ്ടായിരുന്നു. പിന്നീട് കാസറ്റുകളുടെ കാലം കഴിഞ്ഞപ്പോൾ കേൾക്കാൻ പറ്റാതായി.’’

‘‘ഇപ്പൊ ചെലതൊക്കെ ഇന്റർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാൻപറ്റും’’

‘‘എനിക്ക് അതൊക്കെ ഒരു പിടീമില്ല. അതൊക്കെ നിങ്ങൾ ചെറുപ്പക്കാരുടെ ലോകം. ഈ മുശൈര അവടത്തെ ലോക്കൽ കവികൾക്ക് ഒരു വേദിയൊരുക്കാനുള്ള ശ്രമമായിരുന്നു. നല്ല തുടക്കമായിരുന്നു അതെന്ന് പലരും പറഞ്ഞു. ഭാവിയിൽ അതൊരു വാർഷിക പരിപാടി ആക്കണം എന്നായിരുന്നു എ​ന്റെ മോഹം.’’ അത് തന്നെയാണ് സുഷമാജിയും പറഞ്ഞത്‌. ഇവിടെതന്നെ ജീവിച്ചിരുന്ന, ഒരു കവിയുടെ ചരമവാർഷികത്തിന് എല്ലാ കൊല്ലവും ഇത് വൻതോതിൽ നടത്താൻ അവർ തീരുമാനിച്ചിരിക്കുന്നുവത്രേ. ഭാവിയിൽ നഗരത്തിനു വെളിയിലുള്ള കവികളെയും ക്ഷണിക്കാനാണ് പരിപാടി. പിന്നെ അമ്മ പറഞ്ഞതുപോലെ ഒരു കവ്വാലി പരിപാടിയും നടത്തുമത്രെ. നമ്മള് മടങ്ങിവന്നിട്ടുവേണം ആദ്യത്തെ ആലോചനായോഗം കൂടാനത്രെ.’’

‘‘അതിനെന്തിനാ നമ്മളൊക്കെ?’’

‘‘അമ്മയാവും അതി​ന്റെ കൺവീനർ. അമ്മയുടെ വരവോടെയാണ് അവടത്തെ സാംസ്‌കാരിക രംഗത്തിന് ഒരു ഉണർവ് കിട്ടാൻ പോണതത്രെ. ഇതൊക്കെ ചെയ്യാനായി തെക്ക് നിന്നൊരു സ്ത്രീ വേണ്ടിവന്നുവെന്നതാണ് അവരുടെ അതിശയം.’’

‘‘ഒരാളെ പൊക്കാൻ അവർ മിടുക്കത്തിയാണ്. രാഷ്ട്രീയത്തിൽനിന്ന് പഠിച്ചതായിരിക്കും.”

“ഏയ്, അവരങ്ങനത്തെ ആളേ അല്ല. ഇത്രക്ക് സിൻസിയർ ആയ ഒരു പൊതുപ്രവർത്തകയെ കണ്ടിട്ടില്ല. പറയുന്നതിൽ നൂറ് ശതമാനം ആത്മാർഥത കാണിക്കുന്നയാൾ.”

“ആയിരിക്കും. പക്ഷേ ചെലപ്പഴൊക്കെ…”

 

“അവർ നല്ലൊരു മോട്ടിവേറ്ററാണ്. പ്രോത്സാഹനം വഴി ഒരാളിൽനിന്ന് അങ്ങേയറ്റം റിസൾട്ടുകൾ നേടിയെടുക്കാമെന്ന് അവർ മനസ്സിലാക്കി കാണും.”

“പോട്ടെ, നമുക്ക് വേറെ വല്ലതും പറയാം.” സൗമിനി വിഷയം മാറ്റാൻ നോക്കി.

തോൾസഞ്ചിയിലെ ഫ്ലാസ്കിൽനിന്ന് രണ്ടു ഗ്ലാസുകളിലായി കട്ടൻ ചായ പകർന്നു. നല്ല ഉണർവുണ്ടാക്കുന്ന ഹെർബൽ ചായ. എപ്പോഴും ഈ ഫ്ലാസ്കുമായാണ് സൗമിനി സ്കൂളിൽ പോകാറ്. ക്ലാസുകൾക്കിടയിൽ ക്ഷീണം തീർക്കുന്നത് ഈ ചായയിലൂടെയാണ്. പിന്നീട് കുമുദം ടീച്ചർക്കും ഇതൊരു പതിവായി. പാർവതിയും കുടിക്കുന്നത് ഇത് തന്നെ. അവൾക്കാണെങ്കിൽ പഞ്ചസാരയും വേണ്ട.

മുറിയിൽ സുഖകരമായ ഇളം തണുപ്പ്. പുറത്താണെങ്കിൽ ചുവന്ന മണ്ണി​ന്റെ ആവിയായി പൊങ്ങുന്ന ചുടുനിശ്വാസങ്ങൾ. വെന്തുരുകുകയാണ് ശാന്തിനഗറും. ഇക്കുറി ചൂടും കൂടുതലാണ്. വേനൽ ഇതിലും കനക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തന്നിട്ടുണ്ട്. പുഴകളും കിണറുകളും വറ്റിത്തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനംതന്നെ പ്രധാന കാരണം. ഈ വേനൽക്കാലത്തു നഗരത്തി​ന്റെ പാർശ്വഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുകയാണത്രെ സുഷമാജി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ ചുറ്റുപാടിൽ പുഴകളും പച്ചപ്പുമുള്ള കേരളത്തെക്കുറിച്ച് ഓർക്കുന്നതുതന്നെ ഉള്ളിൽ കുളിര് കോരുന്നതു പോലെ…

“അമ്മ എന്താ ആലോചിക്കണത്?”

“ഓർക്കാൻ ഒരു പാടുണ്ട് മോളെ, മറക്കാൻ ശ്രമിക്കുന്തോറും താനെ പൊങ്ങിവരണ കൊറേ വേണ്ടാത്ത ഓർമകൾ. ഇപ്പൊ പൊറത്തെ ചുട്ടമണ്ണിൽനിന്ന് ആവി പൊങ്ങണത് കണ്ടപ്പൊ നമ്മടെ നാടിനെപ്പറ്റി ഓർത്തുപോയി.”

“ഒടുവിൽ അമ്മയ്ക്കും ആ നാട് ഇഷ്ടായി തൊടങ്ങിയോ?”

“ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, അന്നത്തെ ചുറ്റുപാടുകൾ… അതൊക്കെ പറഞ്ഞാൽ നിങ്ങടെ തലമുറക്ക് മനസ്സിലാവില്ല. ഇപ്പോൾ കാലം മാറിപ്പോയില്ലേ. ഇതൊന്നും വല്ല്യ സംഭവങ്ങളല്ല ഇന്ന്. പക്ഷേ, വല്ലാത്തൊരു കാലമായിരുന്നു അത്. നാട്ടുകാർക്കും വീട്ടുകാർക്കും പോക്കണംകേടായി ഒരു പെണ്ണ്. അവളുടെ വീർത്തുവരുന്ന വയറ്. അയൽക്കാരുടെ കൂർത്ത നോട്ടങ്ങൾ. അവരുടെ നോട്ടങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയേണ്ടത് നി​ന്റെ അമ്മാമ്മയാണ്. അന്നത്തെ അവരുടെ മനപ്രയാസങ്ങൾ ഇപ്പൊ എനിക്ക് കൊറെയൊക്കെ മനസ്സിലാവണുണ്ട്.”

കേട്ടുകൊണ്ടിരിക്കുകയാണ് പാർവതി. ശാന്തിനഗറിലെ പരിചിതമായ അന്തരീക്ഷത്തിൽനിന്ന് മാറുമ്പോൾ അമ്മക്ക് കുറേക്കൂടി എളുപ്പത്തിൽ മനസ്സി​ന്റെ ജാലകങ്ങൾ തുറന്നിടാൻ കഴിയുന്നു.

“സത്യത്തിൽ ആ നാട് ഇഷ്ടമല്ലാത്തത് കൊണ്ടല്ല ഞാൻ അവിടന്നു ഓടിപ്പോന്നത്... എനിക്ക് നിൽക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു അന്നവടെ. ഞാനൊരു ഭാരമായിരുന്നു വീട്ടുകാർക്ക്. നാട്ടുകാർക്കാണെങ്കിൽ പറഞ്ഞുരസിക്കാൻ പറ്റിയ ഒരു കഥാപാത്രവും, അറിയപ്പെടുന്ന തറവാടായതുകൊണ്ട് പ്രത്യേകിച്ചും. മാത്രമല്ല, ഫ്യൂഡൽ പ്രതാപകാലത്തു പൂർവികന്മാർ പലരെയും വല്ലാതെ ദ്രോഹിച്ചിരിക്കും. നാട്ടിൻപുറങ്ങളിൽ ഒരു ചൊല്ലുണ്ട്. ആരാ​ന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ രസമാണെന്ന്. വല്ലാത്തൊരു സാഡിസം. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നൊക്കെ പാടുന്നവർ ഇങ്ങനത്തെ ചുറ്റുപാടുകളിൽ പെടണവരുടെ സങ്കടം കാണണില്ല. എ​ന്റെ അമ്മയുടെ അന്നത്തെ ധർമസങ്കടവും നിസ്സഹായതയും ഒക്കെ അസ്സലായി മനസ്സിലാവണുണ്ട് എനിക്കിപ്പോൾ. പക്ഷേ…” പെട്ടെന്ന് നിറുത്തി സൗമിനി കണ്ണ് തുടച്ചു. അൽപം കഴിഞ്ഞു ഒരു കപ്പ് ചായകൂടി കുടിച്ചു അവർ തുടർന്നു:

“ഇന്നാണെങ്കിൽ പട്ടണത്തിലെ ഏതെങ്കിലും ആസ്പത്രിയിൽ പോയി രഹസ്യമായി എല്ലാം കളയാമായിരുന്നു. ആരും അറിയുകയേയില്ല. പക്ഷേ അന്നതിനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഇന്നും ചെയ്യില്ല.”

“ഓ, മൈ ഗോഡ്. അങ്ങനെയൊന്നും പറയല്ലേ അമ്മേ.” പാർവതി അമ്മയുടെ വായ പൊത്തി.

“വേറൊന്നുകൂടി. അന്ന് എല്ലാം തുറന്നുപറഞ്ഞു മനസ്സിലെ ഭാരമൊഴിക്കാൻ ആരുമില്ലായിരുന്നു. വീട്ടിൽ നിത്യവും വരണ അച്ചുവേട്ടൻ എല്ലാം കാണണുണ്ടായിരുന്നു, അറിയണുണ്ടായിരുന്നു. പക്ഷേ, ഇതൊക്കെ പറഞ്ഞു ആ പാവത്തിനെകൂടി എടങ്ങേറിലാക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അന്ന് ആ വിലാസിനി ഉണ്ടായിരുന്നെങ്കിൽ ഞാനാ ദുർഘടത്തിൽ ചെന്നുപെടില്ലായിരുന്നു. എല്ലാം മുമ്പേ കണ്ടറിഞ്ഞു കൃത്യസമയത്തു മുന്നറിയിപ്പ് തരാനുള്ള കഴിവുണ്ടായിരുന്നു അവൾക്ക്. ലക്ഷ്മണ രേഖകൾ കണിശമായി വരയ്ക്കാനറിയാം അവൾക്ക്.”

‘‘നോ അമ്മാ”, പാർവതി കരച്ചിലി​ന്റെ വക്കത്തായിരുന്നു. “അന്ന് ആന്റി അങ്ങനെ തടഞ്ഞിരുന്നെങ്കിൽ ഇന്നീ പാർവതി ഉണ്ടാകില്ലായിരുന്നു. പാർവതി പുറംലോകത്തി​ന്റെ വെളിച്ചം കാണില്ലായിരുന്നു. നോ അമ്മാ, എനിക്ക് പിറക്കണം ഈ അമ്മയുടെ വയറ്റിൽതന്നെ പിറക്കണം. ലോകത്തെ ഏറ്റവും നല്ല അമ്മ.” അമ്മയെ കെട്ടിപ്പിടിച്ചു കവിളുകളിൽ ഉമ്മ വെക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ആ കോച്ചിൽ ആൾത്തിരക്കില്ലായിരുന്നതുകൊണ്ട് അവർ പറയുന്നതൊന്നും ശ്രദ്ധിക്കാൻ ആരുമില്ലാതിരുന്നു.

“മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. ശരിക്കും ശ്വാസം മുട്ടിയിരുന്നു. അല്ലാതെ അക്കാലത്തു പുറംലോകം കാണാത്ത എന്നെ സംബന്ധിച്ചോളം അതൊരു ഒരുമ്പെട്ട ഒളിച്ചോട്ടമായിരുന്നു. അടുത്ത റെയിൽവേ സ്റ്റേഷൻ എവിടെയാണെന്നോ അവടന്ന് ടിക്കറ്റ് എടുക്കണത് എങ്ങനെയാണെന്നോ എന്നൊന്നും അന്നറിയില്ലായിരുന്നു. പക്ഷേ വല്ലാത്തൊരു നിയോഗം എന്നെ എങ്ങനെയോ ശാന്തിനഗറിൽ തന്നെയെത്തിച്ചു. അതിവേഗം വളരുന്ന ശാന്തിനഗർ. എത്തിപ്പെടുന്ന അഗതികളായ പരദേശികളെ കുടിയിരുത്തണ, വളരാൻ അനുവദിക്കണ ശാന്തിനഗർ. ഇവിടത്തെ മണ്ണിന് അത്രക്ക് വളക്കൂറുണ്ടെന്ന് മനസ്സിലായത് പിന്നീടാണ്.”

“അന്നത് വല്ല്യ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നില്ലേ നാട്ടിൽ? പോലീസ്…”

“മോൾടെ ഈ ചോദ്യം ഞാൻ തീർച്ചയായും പ്രതീക്ഷിച്ചതാണ്. ഒച്ചപ്പാടല്ല, കോളിളക്കം തന്നെ. അറിയപ്പെടുന്ന തറവാടായതുകൊണ്ട് പലരും ആകാവുന്നത്ര ചെളിവാരിയെറിയാൻ നോക്കിയെന്ന് പിന്നീട് പറഞ്ഞത് അച്ചുവേട്ടനായിരുന്നു. ആ കുടുംബത്തി​ന്റെ എല്ലാ കയറ്റയിറക്കങ്ങളുടെയും സാക്ഷിയായ അച്ചുവേട്ടൻ. ടൗണിലെ പോലീസ് സ്റ്റേഷനിൽ പോയി ഈ സംഭവം റിപ്പോർട്ട് ചെയ്താലുണ്ടാക്കുന്ന പോക്കണംകേട് സഹിക്കാനാകുമായിരുന്നില്ല ആർക്കും. ഇങ്ങനെ പേര് കേൾക്കാത്ത പട്ടണത്തിൽ ഞാൻ എത്തിപ്പെടുമെന്നു അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതുകൊണ്ട് കേരളത്തിലെ ചില പ്രധാന നഗരങ്ങൾ, മദിരാശി, ബോംബെ എന്നിവിടങ്ങളിൽ ചെന്നെത്തി നിന്നു അവരുടെ അന്വേഷണങ്ങൾ. അവടെയൊക്കെ ബന്ധുക്കളും പരിചയക്കാരും ഉണ്ടായിരുന്നല്ലോ. അതോടൊപ്പം ഞാൻ സ്വന്തം ജാതിയിൽപ്പെട്ട ഒരു കാമുകനോടൊപ്പമാണ് ഒളിച്ചോടിയതെന്ന കഥയും പരത്തി. അത്തരം സംഭവങ്ങൾ അപൂർവമല്ലല്ലോ നാട്ടിൻപുറങ്ങളിൽ. നാണക്കേടി​ന്റെ കനവും കുറയും. എന്തായാലും, കൃത്യസമയത്തുതന്നെ അവിടം വിട്ടത് നന്നായെന്ന് അച്ചുവേട്ടൻ സൂചിപ്പിച്ചു. പിന്നീടൊരിക്കൽ വിലാസിനിയും. അത്തരം കുഴഞ്ഞ ചുറ്റുപാടുകളിൽ നാട്ടിൻപുറങ്ങളിൽ കഴിയുക അത്ര സുഖമുള്ള ഏർപ്പാടല്ല.”

രാവിരുളുന്നത്‌ വരെ അവരങ്ങനെ സംസാരിച്ചുകൊണ്ടേയിരുന്നു. അപ്പോൾ അമ്മക്ക് മകൾ നല്ലൊരു കൂട്ടുകാരിയായി, കൂടപ്പിറപ്പായി. ഒരു പക്ഷേ വീട്ടിൽവെച്ചു എടുക്കാൻ മടിയുള്ള സ്വാതന്ത്ര്യം. ഒടുവിൽ പാർവതിക്ക് ത​ന്റെ ചില രഹസ്യങ്ങളും അമ്മയോട് തുറന്നുപറയണമെന്ന് തോന്നി. പുണെയിൽ പഠിക്കാൻ പോകുന്നതിനു മുമ്പ് തന്നെ പറയണമെന്ന് ഉറപ്പിച്ചിരുന്ന, പിന്നീട് മടിച്ചിരുന്ന ചില സ്വകാര്യങ്ങൾ. അങ്ങനെ അവർക്കിടയിലേക്ക് നേരിൽ കാണാത്ത ഒരു ബിശ്വജിത് കടന്നുവന്നു.

അവൾ പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ടിരുന്നശേഷം സൗമിനി പറഞ്ഞു:

‘‘എനിക്കും കൊറേ സംശയങ്ങളുണ്ടായിരുന്നു ആദ്യമൊക്കെ. നി​ന്റെ ഇടക്കുള്ള വൈകിവരവും ഓരോ കാരണങ്ങൾ പറയുമ്പോഴുള്ള പരുങ്ങലും… ഏതമ്മക്കും സാധാരണ തോന്നണ സംശയങ്ങള്.”

“അതൊക്കെ അന്നേ തീർന്നില്ലേ.”

“എന്തായാലും നന്നായി മോളെ, കേട്ടിടത്തോളം അയാൾ നല്ലവനാണ്. ഒരു പെൺകുട്ടിയെ ചതിക്കുഴിയിൽ വീഴ്ത്താൻ താൽപര്യമില്ലാത്തവൻ. കലാഹൃദയമുള്ളയാൾ. അന്നയാൾ ഇറുക്കിപ്പിടിച്ചിരുന്നെങ്കിൽ നീയല്ല ഏതു പെൺകുട്ടിയും വീണു പോകുമായിരുന്നു. തക്ക സമയത്തന്നെ ആ കെട്ട് മുറിച്ചുകളയാൻ പറ്റിയല്ലോ. അമ്മയെപ്പോലെ പൊട്ടത്തരം കാട്ടിയില്ലല്ലോ…”

“അങ്ങനന്നെ പറഞ്ഞു നീലിമയും.”

“പഠിക്കാൻ പോകുമ്പോൾ അവളും കൂടെയുണ്ടാവുമല്ലോയെന്ന ആശ്വാസമുണ്ട് അമ്മക്ക്. നല്ല താൻപോരിമയുള്ളവൾ. ആദ്യമൊക്കെ എനിക്കവളെ ഇഷ്ടമല്ലായിരുന്നു. പിന്നെപ്പിന്നെ അത് താനേ മാറി. നിനക്ക് ചേർന്ന മറ്റൊരു വിലാസിനി.”

അതിനിടയിൽ പടിഞ്ഞാറേ മാനം ചുവന്നുകൊണ്ടിരുന്നു. അതി​ന്റെ മങ്ങിയ ചുവപ്പ് കട്ടിച്ചില്ലിലൂടെ കാണാമായിരുന്നു.

“ഇതൊക്കെ നാട്ടിലെ പൊഴവക്കത്തിരുന്നു കാണാൻ നല്ല രസാണ്.” പാർവതി പറഞ്ഞു.

“പണ്ടു ഞാനും വിലാസിനീം കൂടി അവടെ പോയി ഇരിക്കാറുണ്ട്.” സൗമിനി ഓർത്തു.

രാത്രിയായി. പുറത്തെ ചൂട് കുറഞ്ഞപ്പോൾ അകത്തെ തണുപ്പ് ലേശം കൂടി.

“ഷാൾ വേണോ അമ്മക്ക്.”

“ഇപ്പൊ വേണ്ട. രാത്രി കെടക്കുമ്പൊ വേണ്ടിവരും.

“എന്തായാലും റെയിൽവേക്കാരുടെ കമ്പിളി വേണ്ടാട്ടോ. വേറൊരു കമ്പിളി കരുതീട്ടുണ്ട് പാർവതി.”

“ആയിക്കോട്ടെ.”

ഒരു മകളുടെ കരുതൽ. സൗമിനിക്ക് ചിരിവന്നു.

“ഇത് വളരെ വിലപ്പെട്ടൊരു ദിവസം. രണ്ടുപേർക്കും മനസ്സ് തുറക്കാൻ തോന്നിയ ദിവസം. ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല. അതി​ന്റെ നിറവാണു അമ്മയുടെ ഉള്ളിൽ.” സൗമിനിയുടെ നേർത്ത ശബ്ദം കേട്ടു. “ഇപ്പോൾ എനിക്കൊരു കവിത ചൊല്ലാൻ തോന്നണു. വൈലോപ്പിള്ളിയുടെ പഴയൊരു കവിത.”

“അങ്കണത്തൈമാവിൽ…” അമ്മ ഈണത്തിൽ ചൊല്ലുന്നത് അത്ഭുതത്തോടെ കേട്ടിരിക്കുകയാണ് പാർവതി. ആദ്യമായാണ് അവർ ഒരു മലയാള കവിത ചൊല്ലുന്നത് കേൾക്കുന്നത്.

“ഇത് ചെറുപ്പത്തിൽ കേട്ട കവിതയാണ്. ഇന്നത്തെ കവിതയൊക്കെ വളരെയധികം മാറിയിരിക്കും. ഹിന്ദിയിൽതന്നെ അങ്ങനെയാണെന്ന് കേട്ടിട്ടുണ്ട്. അതിനെപ്പറ്റി കാര്യമായ പിടിയില്ല എനിക്ക്.”

“അമ്മ കവിത എഴുതണമായിരുന്നു.”

‘‘കവിത എഴുതുന്നതിനേക്കാൾ പ്രധാനം ഒരു കവി മനസ്സുണ്ടാകുകയാണെന്നു എനിക്ക് തോന്നാറുണ്ട്.”

കുറച്ചുകഴിഞ്ഞു ആഹാരം വന്നു. പതിവുള്ള ചപ്പാത്തിയും ഇത്തിരി ചോറും കറികളും. പതിയെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ സൗമിനി പറഞ്ഞു.

“ഇപ്പോൾ നമ്മൾ വീണ്ടും തെക്കോട്ട് പോകുകയാണ്. ഒടുവിൽ പോകേണ്ട തെക്ക്.”

“മനസ്സിലായില്ല.”

“എവിടെയൊക്കെ കഴിഞ്ഞാലും എന്തൊക്കെ ചെയ്താലും ഒടുവിൽ നാട്ടിലെ മണ്ണിൽ തന്നെ ഉറങ്ങണം എനിക്ക്. അതൊക്കെ വിശദമായി എഴുതി വയ്ക്കും.”

മനസ്സിലാവാതെ മിഴിച്ചുനോക്കുകയാണ് പാർവതി.

ഭക്ഷണം കഴിഞ്ഞു കൈ കഴുകി വരുമ്പോൾ സൗമിനി പറഞ്ഞു:

“ഇന്നെനിക്ക് കൊറച്ചു നേരത്തെ കെടക്കണം. വല്ലാത്ത ക്ഷീണം തോന്നണു. ഞാൻ മോളിൽ കേറിക്കൊള്ളാം. നീ ലോവർ ബെർത്ത് എടുത്തോ.”

“ആയിക്കോട്ടെ. ഇപ്പഴേ കെടക്ക വിരിക്കണോ?”

“അതൊന്നും വേണ്ട. പതിവിലും നേരത്തെ എന്നാ പറഞ്ഞത്.”

“ശരി. ആവുമ്പോൾ കെടന്നോളൂ. രാത്രിയാകുമ്പോ എവടന്നോ രണ്ടു സ്ത്രീകള് കേറും. അവര് ലൈറ്റൊക്കെ ഇട്ടെന്ന് വരും.”

“സാരല്ല്യ. അതൊക്കെ സാധാരണല്ലേ. കേറണോർക്കും ഇറങ്ങണോർക്കും ഉള്ളതല്ലേ തീവണ്ടികൾ!”

സാധാരണ പത്തു പത്തരക്ക് കിടക്കാറുള്ള സൗമിനി അന്ന് ഒമ്പതരക്ക് തന്നെ കിടക്കാനൊരുങ്ങി. പാർവതി കിടക്കയൊക്കെ വിരിച്ചു തയാറാക്കിയിരുന്നു. തണുപ്പുണ്ടായിരുന്നു. രാത്രിയാകുമ്പോൾ ഇനിയും കൂടിയേക്കും. പരിചയക്കുറവുള്ളതുകൊണ്ട് അമ്മ കോണിയിലൂടെ ബെർത്തിൽ കേറിയത് നന്നെ ക്ലേശിച്ചാണ്... അവൾ പുതപ്പൊക്കെ വലിച്ചു നേരെയാക്കി. മലർന്നു കിടക്കുന്ന അമ്മയുടെ ശാന്തമായ മുഖം കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു സ്നേഹം തോന്നി. പാവം, തനിക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടിരിക്കുന്നു...

പിന്നീട്, മുകളിലെ ലൈറ്റൊക്കെ കെടുത്തി വായിക്കാനുള്ള വെളിച്ചം മാത്രം ഒരുക്കി പാർവതി ഒരു ഇംഗ്ലീഷ് വാരികയിലേക്കൊതുങ്ങി. വളരെ കാലമായി മുടങ്ങി കിടന്നിരുന്ന സ്വസ്ഥമായ വായന.

അൽപം കഴിഞ്ഞപ്പോഴേക്കും മുകളിൽനിന്ന് അമ്മയുടെ കൂർക്കംവലി കേട്ടു. ഉറക്കത്തി​ന്റെ ആഴങ്ങളിലേക്ക് വഴുതിവീണതി​ന്റെ അടയാളം.

രാവിലെ പതിവുള്ള സമയത്തുതന്നെ പാർവതി ഉണർന്നു നിത്യകർമങ്ങൾ തീർക്കാനൊരുങ്ങുമ്പോൾ എതിരെയുള്ള സീറ്റിലെ രണ്ടു പെൺകുട്ടികൾ പരിചയഭാവത്തിൽ ചിരിക്കുന്നത് കണ്ടു.

 

നന്നെ വൈകിയാണ് സൗമിനി കണ്ണ് തുറന്നത്. അപ്പോഴേക്കും പുറത്ത് വെയിൽ പരന്നിരുന്നു. തിടുക്കത്തിൽ താഴെയിറങ്ങാൻ നോക്കുമ്പോൾ എതിരെയിരിക്കുന്ന ചുവന്ന ചുരിദാറിട്ട പെൺകുട്ടി പറഞ്ഞു:

‘‘ആന്റി പതുക്കെ… ഞാൻ പിടിക്കണോ?’’

കോളേജിലോ മറ്റോ പഠിക്കുന്ന കുട്ടികൾ.

‘‘ആന്റിക്ക് ഉറക്കം സുഖമായോ? ഞങ്ങള് ലൈറ്റൊക്കെ ഇട്ട് ശല്യപ്പെടുത്തിയോ? ഇടാതിരിക്കാൻ കുറെ ശ്രമിച്ചതാ. പക്ഷേ ലഗ്ഗേജ് വയ്ക്കാനായിട്ട്…’’

‘‘സാരല്ല്യാ കുട്ട്യോളെ, നിങ്ങൾക്കും പോണ്ടതല്ലേ.’’

സൗമിനി തയാറായി വരുമ്പോഴേക്കും ചായക്കാരൻ വന്നു പോയിരുന്നു.

‘‘സാരല്ല്യാ. അല്ലെങ്കിലും എനിക്കിവരുടെ പാൽച്ചായ തീരെ പറ്റില്ല. ഭയങ്കര മധുരവും. എ​ന്റെ പതിവ് ഒരു പ്രത്യേക കട്ടനാണ്.’’ ഫ്ലാസ്ക് തുറന്നു ഹെർബൽ ചായ കപ്പിൽ പകരുമ്പോൾ പാർവതി ചോദിച്ചു:

‘‘ചീത്തയായില്ല അല്ലേ.’’

‘‘ഹേയ്…’’

‘‘ആന്റിയെപ്പറ്റി ഈ ചേച്ചി കുറെയൊക്കെ പറഞ്ഞുതന്നു.’’ എതിരെയിരിക്കുന്ന ചുരുണ്ട മുടിക്കാരി പറഞ്ഞു.

‘‘അവള് പറയണത് മുഴുവോനും വിശ്വസിക്കണ്ടാട്ടോ.’’

‘‘ആന്റി അവിടത്തെ ഏറ്റവും നല്ല കണക്ക് ടീച്ചറാണെന്ന്. എനിക്കാണെങ്കിൽ കണക്കിനെ ഭയങ്കര പേടിയാണ്.’’

‘‘എനിക്കും.’’ അടുത്തിരിക്കുന്ന കുട്ടി പിന്താങ്ങി.

‘‘എനിക്കും പേട്യായിരുന്നു ഒരു കാലത്ത്. ഈ കണക്കെന്നു പറേണത് എളുപ്പത്തിൽ മെരുങ്ങാത്ത കുതിരയാണ്. അതിനെ സ്നേഹത്തോടെ തൊട്ടു തലോടി മെരുക്കാൻ നോക്ക്യാൽ മിക്കവാറും എണങ്ങിക്കിട്ടും.’’

അപ്പോഴേക്കും ആ കുട്ടികൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയിരുന്നു. അവർ കൈവീശി യാത്രപറയുമ്പോൾ സൗമിനി പറഞ്ഞു.

‘‘ഓൾ ദ ബെസ്റ്റ്. കുതിരയെ മെരുക്കാൻ നോക്ക്.’’

‘‘അങ്ങനെ സൗമിനി ടീച്ചർക്ക് രണ്ടു ആരാധകരെ കൂടി കിട്ടി, അതും തെക്കോട്ടോടുന്ന വണ്ടീന്ന്!’’

“നാട്ടിലായിരുന്നെങ്കിൽ കിട്ടാൻ സാധ്യത കുറവ്.”

‘‘എന്തേ?’’

“മുറ്റത്തെ മുല്ലക്ക് മണമില്ല, അത്രന്നെ.”

(ചിത്രീകരണം: സതീഷ്​ ചളിപ്പാടം)

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT