17. മൂന്നു തലമുറകൾക്കിടയിൽ ഒരു പാലം
അച്ചുവേട്ടൻ പതിവുപോലെ സ്റ്റേഷനിൽ കാത്തുനിന്നിരുന്നു. കഴിഞ്ഞ തവണ കണ്ടതിൽനിന്ന് കുറച്ചുകൂടി മെലിഞ്ഞതുപോലെ. മുടിയും നരച്ചുതുടങ്ങിയിരിക്കുന്നു. ജീവിത പ്രയാസങ്ങളായിരിക്കും. എന്നാലും മുഖത്തെ പ്രസരിപ്പിന് ഒട്ടും കുറവില്ല.
“സൗമിനിയേടത്തി വന്നപ്പൊ വണ്ടി സമയത്തിന് മുമ്പന്നെ. മോള് വന്നപ്പൊ ഒരുപാട് വൈകീരുന്നു.”
“അതാ അമ്മേം മോളും തമ്മിലുള്ള വ്യത്യാസം. കൊറേ നാള് കൂടിയുള്ള സൗമിനിയേടത്തിയുടെ വരവന്നെ വല്ല്യൊരു സംഭവല്ലേ?” പാർവതി പറഞ്ഞു.
ഇഷ്ടപ്പെടാത്ത മട്ടിൽ സൗമിനി മുഖം ചുളിക്കുന്നത് കണ്ടു. അയാളെക്കാൾ താഴെയാണെങ്കിലും അച്ചുവേട്ടന് അമ്മ ഏടത്തിതന്നെ. അവർ ടാക്സിയിൽ ഇരിക്കുമ്പോൾതന്നെ വിലാസിനിയുടെ വിളിവന്നു.
“ആ, ഇവടെ എത്തി. സുഖായിട്ട് എത്തി. ഒരു വെഷമോംണ്ടായില്ല. ഓക്കേ. എല്ലാം പറഞ്ഞതുപോലെ.” പാർവതി പറഞ്ഞു.
“വിലാസിനിയായിരിക്കും.” സൗമിനി ചോദിച്ചു.
“ആ...”
“ഒടുവിൽ അവളെന്നെ ഇവിടം വരെ ട്രാക്ക് ചെയ്തു. പിന്നെ നിങ്ങൾ തമ്മിൽ എന്താ ഒരു ഗൂഢാലോചന?”
“ഒരു അട്ടിമറി നടത്തി ഇവടത്തെ ഭരണം പിടിച്ചെടുക്കാൻ.”
പിന്നെ സൗമിനി മിണ്ടിയില്ല. എന്തൊക്കെയോ ഓർത്തുകൊണ്ടു പുറംകാഴ്ചകളിലൂടെ കണ്ണോടിക്കുകയായിരുന്നു. എല്ലാം എന്തു മാറിയിരിക്കുന്നു. അവിടവിടെ പൊട്ടിപ്പൊളിഞ്ഞ പഴയ റോഡിനു പകരം വൃത്തിയായി ടാറിട്ടു മിനുക്കിയ മുഖം. വഴിവക്കിലും ഒരുപാട് തണൽവൃക്ഷങ്ങൾ.
“നമ്മടെ റോഡൊക്കെ ഉഷാറാക്കി അല്ലേ, അച്ചുവേട്ടാ.”
“ഒക്കെ കൊല്ലാവസാനത്തിലുള്ള പതിവു പൂശലന്നെ. മഴക്കാലം കഴിയുമ്പൊ കാണാം ശരിക്കുള്ള കോലം. നിരത്തിലെ കുഴികളില് ചെടി നടണത് അക്കാലത്താ.”
എന്തായാലും, മുമ്പ് പാർവതിയോട് പറഞ്ഞിട്ടുള്ളതു പോലെ മടങ്ങുന്നതിനുമുമ്പ് തന്നെ ഈ വെടിപ്പായ നിരത്തിലൂടെ ഒന്ന് ഞെളിഞ്ഞു നടക്കണം. ഒരു കാലത്ത് നാണംകൊണ്ട് മുഖം കാണിക്കാൻ മടിച്ചിരുന്ന നിരത്ത്. രാത്രിയിൽ തലമൂടി ഒളിച്ചോടിയ നിരത്ത്. നിങ്ങൾക്ക് വേണ്ടാത്ത സൗമിനിയെ ഏറ്റെടുക്കാൻ വേറൊരു നഗരം മുന്നോട്ടുവന്നിരിക്കുന്നു. ഇനിയും ഞാനിവിടെ വരും. വന്നുകൊണ്ടേയിരിക്കും... ഇതേ റോഡിലൂടെ നെഞ്ച് നിവർത്തി നടക്കും. മഴക്കാലമാണെങ്കിൽ കുഴികളിൽ ചെടികൾ നടും. പേരറിയാത്ത, മുഖമറിയാത്ത ആരോടോ ഒക്കെയുള്ള പക... ഉള്ളിൽ എന്തൊക്കെയോ പുകഞ്ഞുകൂടുകയാണ്. അവരുടെ നെഞ്ച് പിടഞ്ഞു.
അൽപം കഴിഞ്ഞപ്പോൾ സൗമിനിക്ക് തന്നെ തെല്ലൊരു കുറ്റബോധം തോന്നി. ഇത്രയേറെ വിവേകവും വിവരവുമുള്ള താൻ ആരോടാണ് പകവീട്ടാൻ നോക്കുന്നത്? അക്കാലത്തു തന്നെപ്പറ്റി അപവാദം പറഞ്ഞു നടന്നിരുന്നവരിൽ ചിലരെങ്കിലും ഇന്നീ ഭൂമുഖത്തു തന്നെയുണ്ടാവില്ല. അല്ലെങ്കിൽ ഈ നാട്ടിലുണ്ടാവില്ല.
ഉമ്മറത്തുതന്നെ അമ്മാമ്മ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“എന്താ വരാത്തേന്ന് നോക്കിനിക്കായിരുന്നു. വണ്ടി വൈകി അല്ലേ?”
“വൈകിയില്ല. കൊറച്ചു നേരത്തെയാ എത്തീത്.”
പാർവതിയെ കെട്ടിപ്പിടിച്ചെങ്കിലും സൗമിനിക്ക് കിട്ടിയത് ഒരു അമർന്ന ചിരി മാത്രം. തുടക്കത്തിൽതന്നെ ഒരു കല്ലുകടി... സൗമിനി പല്ല് ഞെരിച്ചു. മുമ്പത്തെ എരിച്ചിൽ തിരിച്ചുവരുന്നതുപോലെ.
സാരമില്ല ഞാനില്ലേ, എല്ലാം പതുക്കെ ശരിയാക്കാമെന്ന മട്ടിൽ പാർവതി കണ്ണ് കാട്ടി.
ഒരു നനഞ്ഞ ചിരിയോടെ ഈ നാടകമെല്ലാം ശ്രദ്ധിച്ചുനിൽക്കുകയാണ് അച്ചുവേട്ടൻ. ആ തറവാട്ടിലെ ചെറുതും വലുതുമായ എല്ലാ അനക്കങ്ങൾക്കും സാക്ഷിയായ അച്ചുവേട്ടൻ. എല്ലാം അറിയുന്ന അച്ചുവേട്ടൻ.
“ഒടുവിൽ ഞാൻ വീണ്ടും വന്നു.” ആരോടെന്നില്ലാതെ സൗമിനി പറഞ്ഞു.
പെട്ടികൾ ഒതുക്കുന്ന തിരക്കിലായിരുന്ന പാർവതി മുരണ്ടു.
“വരാതെ പറ്റില്ലല്ലോ.”
“നിങ്ങടെ മുറിയൊക്കെ വൃത്തിയാക്കീട്ടുണ്ട്. കൊറേ നാളായിട്ടു തൊറക്കാതെ കെടന്നതോണ്ട് നെറയെ പല്ലിക്കാട്ടായിരുന്നു. പിന്നെ പാറ്റകളുടെ ശല്യവും.” അമ്മാമ്മ പിറുപിറുക്കുന്നത് കേട്ടു.
ചാണകം തളിച്ചു ശുദ്ധമാക്കിയിട്ടുണ്ടാകും ഒരുമ്പെട്ടോളുടെ മുറി. ആ മുറിയിലിരുന്നല്ലേ അന്നത്തെ ഒളിച്ചോട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുക. നാളെ അച്ചുവേട്ടനോട് ചോദിക്കാം, എല്ലാം വിശദമായിതന്നെ. പഴയ ചൊരുക്ക് വീണ്ടും തിരിച്ചുവരുന്നതുപോലെ. കുറെ കഴിഞ്ഞു വിലാസിനിയെ ഒന്നു വിളിക്കണം. കുറെനേരം തുറന്നു സംസാരിക്കണം. അവളോട് സംസാരിക്കുമ്പോഴാണ് കുറച്ച് ആശ്വാസം കിട്ടുക.
“നിങ്ങള് ഊണൊക്കെ കഴിച്ചുകാണുവല്ലോ?” അമ്മാമ്മ ചോദിച്ചത് പേരക്കുട്ടിയോടായിരുന്നെങ്കിലും മറുപടി പറഞ്ഞത് മകളായിരുന്നു.
“ആ, വണ്ടീന്ന് കിട്ടി.”
“എന്നാൽ ഞാൻ കാപ്പി ഉണ്ടാക്കാം.”
“കാപ്പിയല്ല, ഞങ്ങൾക്ക് വേണ്ടത് നല്ല കടുപ്പത്തിലുള്ള ചായ. അത് ഞാൻതന്നെ ഉണ്ടാക്കിക്കോളാം. അമ്മ അടുക്കളയിൽ കേറണ്ട. പഴയ വിറക് അടുപ്പ് തന്ന്യാണോ?” മകൾ ചോദിച്ചു.
“ഹേയ്, അതൊക്കെ എന്നേ പോയി. ഇപ്പൊ നല്ല ഗ്യാസ് അടുപ്പല്ലേ?”
അത് ശരിയായിരുന്നു. അടുക്കളയിൽ കയറിയപ്പോൾ സൗമിനി അന്തംവിട്ടു പോയി. പഴയ കുടുസ്സ് മുറിയാകെ വലുതാക്കി മോഡുലാർ മാതൃകയാക്കി മാറ്റിയിരിക്കുന്നു. പാത്രങ്ങളും മറ്റും അടുക്കിവെക്കാൻ കുറെയേറെ അറകളും ഷെൽഫുകളും. ആകക്കൂടി പന്ത് കളിക്കാനുള്ള സ്ഥലം. ഇതിനു മുമ്പിൽ തന്റെ ശാന്തിനഗറിലെ അടുക്കള എത്രയോ പുറകിൽ. പാർവതി അതെല്ലാം മുമ്പേ കണ്ടുകാണുമെങ്കിലും പറയാതിരുന്നത് മനപ്പൂർവമായിരിക്കും. അമ്മയുടെ മുഖത്തെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ട് അടുത്തുനിൽക്കുമ്പോൾ അവളുടെ മുഖത്തു ചെറിയൊരു കള്ളച്ചിരിയുണ്ട്.
ചായയും പരിപ്പുവടയും കഴിക്കുമ്പോൾ അമ്മാമ്മ പാർവതിയുടെ അടുത്തിരുന്നു നെറുകയിൽ തലോടിക്കൊണ്ടിരുന്നു.
“എന്താ മോള്ടെ ഇനിയത്തെ പരിപാടി?”
“ഇനീം പഠിക്കണം പാർവതിക്ക്. അവടെയല്ല, ദൂരെ.”
“ദൂരേന്നു വച്ചാ?
“പുണെയിലെ ഒരു കോളേജില് അഡ്മിഷൻ ശരിയായിട്ടുണ്ട്. അധികം താമസിയാതെ പോവേണ്ടിവരും. അതിനുമുമ്പേ അമ്മാമ്മെ കണ്ട് അനുഗ്രഹം മേടിക്കണംന്ന് അമ്മക്ക് ഒരേ നിർബന്ധം. അതോണ്ടാ അമ്മേടെ ട്യൂഷൻ ക്ലാസൊക്കെ നിറുത്തി വച്ച് ഇങ്ങോട്ട് തിടുക്കം പിടിച്ചുപോന്നത്.”
പാർവതി തന്റെ കരുക്കൾ സമർഥമായി നീക്കിത്തുടങ്ങിയെന്നു സൗമിനിക്ക് മനസ്സിലായി. അൽപം കഴിഞ്ഞ് എന്തോ ഓർത്തുകൊണ്ട് അമ്മാമ്മ ചോദിച്ചു:
“അവടെയൊക്കെ താമസിച്ചു പഠിക്കാൻ ഒരുപാട് കാശാവില്ലേ? നിങ്ങള് കൂട്യാൽ കൂടുവോ?”
“അതോണ്ട് രാപ്പകൽ ട്യൂഷൻ എടുക്കുവല്ലേ അമ്മ.”
“അതൊന്നും വേണ്ട. അതിനുവേണ്ടി നിങ്ങളാരും കഷ്ടപ്പെടണ്ട. കുട്ടീടെ പഠിത്തത്തിന്റെ കാര്യം അമ്മാമ്മ നോക്കിക്കോളാം. എപ്പഴാ എത്ര്യാ വേണ്ടെന്ന് പറഞ്ഞാമതി. അച്ചൂനെക്കൊണ്ട് അയപ്പിച്ചോളാം. ഇവടെ അടുത്തുള്ള ഒരു കുട്ടി പട്ടണത്തിലെ ബാങ്കിലുണ്ട്. എല്ലാം ശരിയാക്കി കൊടുത്തോളും അവള്.”
അമ്മയെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ ഓരോന്നായി മാറുന്നതുപോലെ.
അൽപം കഴിഞ്ഞ് അമ്മാമ്മ തുടർന്നു.
‘‘അല്ലെങ്കിലും, ഇവടെ ഉള്ളതൊക്കെ നിങ്ങൾക്കുള്ളതന്നെ. തനിച്ചുതാമസിക്കണ എനിക്ക് ആവശ്യങ്ങൾ കൊറവല്ലേ. നിങ്ങൾ രണ്ടു പേർക്കും എന്തുവേണെങ്കിലും വിളിച്ചോളൂ. യാതൊരു മടീം വേണ്ടാ. അല്ലെങ്കിലും കുഴീലേക്ക് കാലും നീട്ടിയിരിക്കണ ഞാനെന്തിനാ ഇതൊക്കെ കെട്ടിപ്പിടിച്ചോണ്ടിരിക്കണേ?’’
‘‘അമ്മാമ്മക്കുള്ള കുഴീലേക്ക് ഒരുപാട് ദൂരംണ്ട്. അങ്ങോട്ട് അടുത്തൊന്നും നടന്നെത്താൻ പോണില്ല. ഒരു സെഞ്ച്വറി അടിക്കുമ്പോൾ ഇവിടെ വല്ല്യ ആഘോഷമുണ്ടാവും. കരയടച്ചു ക്ഷണിച്ചുള്ള സദ്യ...’’
‘‘മതി മതി. ഒരു മോഹേള്ളൂ എനിക്ക്. അനായാസേന മരണംന്ന് കേട്ടിട്ടില്ലേ? വല്ല ആസ്പത്രീലും കെടന്ന് നരകിച്ചു മരിക്കാതെ ഇവടത്തെ കെടക്കേൽ കെടന്നന്നെ ഒറക്കത്തില് മരിക്കണം. എനിക്ക് തീരെ വിശ്വാസല്ല്യാ ആസ്പത്രിക്കാരെ. കാശുണ്ടാക്കാൻ വേണ്ടി എന്തും ചെയ്യും അവര്. മരുന്നെന്നു പറഞ്ഞു എന്തൊക്ക്യാ കുത്തിക്കേറ്റണേന്ന് ദൈവത്തിനറിയാം. അതും ഓരോ ഇംഗ്ലീഷ് മരുന്നുകള്. എനിക്ക് വേണ്ട ആയുർവേദ മരുന്നുകള് അച്ചു കൊണ്ടുതരും വൈദ്യശാലേന്നു.” അൽപം കഴിഞ്ഞു എന്തോ ഓർത്തു അമ്മാമ്മ കൂട്ടിച്ചേർത്തു.
“ഭരണിനാളിൽ മരിക്കാനായാൽ അത്രേം പുണ്യം. ജന്മനക്ഷത്രത്തില് മരിക്കണോർക്ക് പിന്നൊരു ജന്മംണ്ടാവില്ലെന്ന് കേട്ടിട്ടുണ്ട്. അങ്ങോര് പോയതും അങ്ങനന്നെ ആയിരുന്നു. അതുമൊരു ജലസമാധി. ഭാഗ്യം ചെയ്ത മനുഷ്യൻ! രാജാവിനെപോലെ ജീവിച്ചു. ആരേം കഷ്ടപ്പെടുത്താതെ പോകേം ചെയ്തു.’’
അതൊക്കെ കേൾക്കുമ്പോൾ ഉള്ളിലെ ചിരിയൊതുക്കുകയാണ് സൗമിനി. പ്രശസ്ത ജ്യോത്സ്യൻ ചേർപ്പ് കുഞ്ഞൻ പണിക്കർ സകലമാന ഗ്രഹങ്ങളെയും കൈപ്പിടിയിലൊതുക്കി, ഒരുപാട് കൂട്ടിക്കിഴിച്ചു തയാറാക്കിയ ജാതകത്തെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. തൊണ്ണൂറ് വയസ്സ് വരെ സമ്പൂർണാരോഗ്യവും സമ്പൽസമൃദ്ധിയും ഉറപ്പ്. ശേഷം ചിന്ത്യം. അതിനർഥം എത്രവേണമെങ്കിലും നീട്ടാമെന്നു തന്നെ. പണിക്കരെ ഗ്രഹങ്ങൾക്കും പേടിയായതുകൊണ്ട് സ്വന്തം ജാതകം എഴുതിക്കാൻ തയാറായില്ല അച്ഛൻ. പിന്നീട് അച്ഛനെ പുഴവെള്ളം കൊണ്ടുപോയപ്പോൾ അമ്മ ഓർത്തതും അതുതന്നെ. പണിക്കർ വിചാരിച്ചാൽ ആ ജന്മം നീട്ടിക്കിട്ടുമായിരുന്നു. കണ്ണുകൾ തുടയ്ക്കുകയാണ് അമ്മാമ്മ.
കഴിഞ്ഞ വരവിൽ അച്ചുവേട്ടനോടൊപ്പം അടുത്തുള്ള കോഓപറേറ്റീവ് ബാങ്കിൽനിന്ന് പണമെടുത്ത കാര്യം ഓർമവന്നു പാർവതിക്ക്. അന്ന് അയാളാണ് പറഞ്ഞത് അമ്മാമ്മേടെ കൈയിൽ ഒരുപാട് കാശുണ്ടെന്ന്. പൂത്ത കാശ് ടൗണിലെ പൊതുമേഖലാ ബാങ്കിലും പൂക്കാത്ത കാശ് നാട്ടിലെ കോഓപറേറ്റീവ് ബാങ്കിലും. അത്യാവശ്യത്തിനു ഓടിച്ചെന്നെടുക്കാൻ സൊസൈറ്റി തന്നെ വേണമെന്ന് അവർ പറയാറുണ്ട്. ഇന്ന് അതൊരു റൂറൽ ബാങ്കാണെങ്കിലും അമ്മാമ്മക്ക് അതിപ്പോഴും മുത്തച്ഛൻ പോകാറുണ്ടായിരുന്ന പഴയ സൊസൈറ്റിതന്നെ. എല്ലാംകൂടി എത്ര കാണുമെന്നു പാർവതി ചോദിച്ചപ്പോൾ ലക്ഷങ്ങൾ കാണുമെന്നു പറഞ്ഞ് തഞ്ചത്തിൽ ഒഴിയാൻ നോക്കി അമ്മാമ്മയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ. അത്തരം കാര്യങ്ങൾ പുറത്തുവിടരുതെന്ന സാമാന്യതത്ത്വം അയാൾക്കറിയാമായിരുന്നു.
അന്ന് രാത്രി മച്ചിട്ട പഴയ മുറിയിലെ ഇരട്ടക്കട്ടിലിൽ അടുത്തടുത്തു കിടക്കുമ്പോൾ പലതും തമ്മിൽ പറയാനുണ്ടായിരുന്നു അവർക്ക്. ഒരുകാലത്ത് ഇത് അമ്മയുടെ കിടപ്പുമുറിയായിരുന്നത്രെ. ഈ മുറിയിൽ കിടന്നായിരിക്കണം അവർ സ്വപ്നങ്ങൾ കണ്ടിരിക്കുക. കൗമാരത്തിലെയും യൗവനത്തിലെയും നിറംകലർത്തിയ സ്വപ്നങ്ങൾ. അക്കാലത്തുതന്നെ അമ്മാമ്മയും ചില സ്വപ്നങ്ങൾ കാണുന്നത് സ്വാഭാവികം. ഡിഗ്രി കഴിയുന്നതോടെ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നവരുടെ കാലം. ഇനി പഠിക്കണമെങ്കിൽ അകലെയുള്ള നഗരത്തിലെ ഹോസ്റ്റലിൽ താമസിക്കണം. പെൺകുട്ടികൾ എളുപ്പത്തിൽ കേടാകാൻ പറ്റിയ ചുറ്റുപാടുകൾ. കുട്ടികൾ പുരനിറഞ്ഞു ഓടുകൾക്കിടയിലൂടെ തല പുറത്തേക്ക് നീട്ടിത്തുടങ്ങുന്ന പ്രായം. ദല്ലാളന്മാർ കേറിയിറങ്ങേണ്ട പ്രായം. അങ്ങനെ അമ്മാമ്മയും പലതും കണക്ക് കൂട്ടാൻ തുടങ്ങിയിരിക്കണം.
‘‘നമ്മളിപ്പൊ കെടക്കണ ഈ ഇരട്ടക്കട്ടിലും ആ ഒരുക്കങ്ങളുടെ ഭാഗംതന്നെ. അതിനായി തെക്കേ വേലിയുടെ അടുത്തുള്ള കൂറ്റൻ ഈട്ടിമരം വെട്ടിയത് ഓർമയുണ്ട്. അന്ന് ചെറുപ്പമായിരുന്നു അച്ചുവേട്ടന്. സാധാരണ തെക്കുവശത്തുള്ള മാവ് മുറിക്കണത് ഒരാളെ ദഹിപ്പിക്കാനാന്ന് ഞാൻ തമാശ പറഞ്ഞപ്പൊ അച്ചുവേട്ടൻ ചിരിച്ചില്ല. അമ്മേടെ ഉള്ളിലെ എടങ്ങേറ് കുട്ടിക്ക് അറിയാഞ്ഞിട്ടാ എന്ന് മാത്രം പറഞ്ഞു നിറുത്തി. പിന്നീട് അതെനിക്ക് മനസ്സിലായി. ഞാൻ കോളേജിൽ പഠിക്കുമ്പോഴാ അച്ഛൻ പോയത്. അതോടെ കുടുംബത്തിന്റെ എല്ലാ ഭാരവും തലയിൽ ഏറ്റേണ്ടതിന്റെ വെഷമം.’’
“പാർവതിക്കും മനസ്സിലാവും കൊറേ. പാവം അമ്മാമ്മ.”
“മുറ്റത്തെ കല്യാണപ്പന്തലിനായി പടിഞ്ഞാറേ വേലിക്കടുത്തുള്ള മുളക്കൂട്ടത്തിൽനിന്നു രണ്ടെണ്ണവും കൂടി കണ്ടുവച്ചിട്ടുണ്ടെന്നു മൂപ്പർ പറഞ്ഞതോടെ എനിക്ക് പിടിച്ചുനിൽക്കാനായില്ല. എന്തൊക്കെയോ വിളിച്ചുപറഞ്ഞെന്ന് ഓർമയുണ്ട്. അമ്മ കേൾക്കാത്തത് ഭാഗ്യം. അന്നത്തെ ചോരത്തിളപ്പിൽ മനസ്സിനെ പിടിയിൽ നിറുത്താൻ കഴിയാഞ്ഞതിന് ഞാൻ പിന്നീട് എന്നെത്തന്നെ പലതവണ ശപിച്ചിട്ടുണ്ട്.”
“ഇപ്പോൾ അമ്മാമ്മയോട് മാപ്പ് ചോയ്ക്കണംന്ന് തോന്നണുണ്ടോ?”
“തീർച്ചയായും. ഒരുപക്ഷെ അതിനായിരിക്കണം ഇങ്ങനെയൊരു വരവ്.”
“വിലാസിനി ആന്റിയും പാർവതീം കൂടി ഒരുക്കിയ വരവ്...”
“ങ്ങേ...” സൗമിനി ഞെട്ടി. “എന്താ പറഞ്ഞേ?”
“നേരം ഒരു പാടായി. ലൈറ്റ് കെടുത്തട്ടെ.” അമ്മയുടെ മുഖഭാവങ്ങൾ കാണാതിരിക്കാനായി അവൾ വിളക്കണക്കാൻ ഒരുങ്ങി.
“എന്തായാലും പാലത്തിന്റെ പാതി പണി കഴിഞ്ഞല്ലോ. മറ്റേ പാതി നാളെ.”
“മനസ്സിലാവണില്ല.” ഇരുട്ടിൽനിന്ന് സൗമിനിയുടെ നേർത്ത ശബ്ദം കേട്ടു.
“നാളെ നമ്മൾ ടൗണിൽ പോണു. ഇപ്പഴത്തെ ടൗണും കാണാം, പിന്നെ വേറെ ചിലതും.”
“കടങ്കഥകൾ വേണ്ടാട്ടോ.”
“നമ്മടെയൊക്കെ ജീവിതംതന്നെ ഇപ്പൊ വല്ല്യൊരു കടങ്കഥയായി മാറുകയല്ലേ അമ്മേ.”
മുതിർന്നതിനുശേഷം ആദ്യമായി അമ്മയോട് പറ്റിച്ചേർന്നുകിടക്കുകയാണ് അവൾ. പരസ്പരം കെട്ടിപ്പുണർന്ന് കിടക്കുമ്പോൾ അജ്ഞാതമായൊരു സുരക്ഷിതത്വം തേടുകയായിരുന്നു രണ്ടുപേരും. പരസ്പരം പൂരിപ്പിക്കുന്നതുപോലെ.
തലേന്നത്തെ തീവണ്ടി യാത്രയിൽ ഉറങ്ങാൻ കഴിയാതിരുന്ന പാർവതി പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതിവീണെങ്കിലും ഉറക്കം ഒളിച്ചുകളിക്കുകയായിരുന്നു സൗമിനിയുമായി. അമ്മയോട് കാട്ടിയ തെറ്റുകൾ ദൃശ്യങ്ങളായി മുന്നിൽ നിരയിട്ടു വന്നുകൊണ്ടിരുന്നപ്പോൾ അവർക്ക് തീരെ ഉറങ്ങാനായില്ല. പുലർച്ചക്കോഴി കൂകാൻ തുടങ്ങിയപ്പോഴോ മറ്റോ താനേ കണ്ണുകളടഞ്ഞു.
നന്നെ വൈകിയാണ് രണ്ടുപേരും ഉറക്കമുണർന്നത്. പല്ല് തേച്ചുകൊണ്ട് പാർവതി മുറ്റത്തേക്കിറങ്ങുമ്പോഴേക്കും അച്ചുവേട്ടൻ എത്തിക്കഴിഞ്ഞിരുന്നു. പടിഞ്ഞാറേ വരാന്തയിലിരുന്ന് ദോശ തിന്നുകയാണ് അയാൾ. അടിയാനെപ്പോലെയുള്ള ആ ഇരിപ്പ് അവളെ വല്ലാതെ നോവിച്ചു. എന്തുകൊണ്ട് ഊൺമുറിയിലെ മേശക്കരികിൽ ഇരുന്നുകൂടാ? എന്തായാലും ഇത് നിറുത്തിയേ തീരൂ. കഴിയുന്നതും വേഗംതന്നെ. ഈ വരവിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ കൂട്ടത്തിൽ ഇതും അവൾ കുറിച്ചിട്ടു. ഇതിനും താൻതന്നെ മുൻകൈ എടുത്തേ പറ്റൂ. അമ്മാമ്മയുടെ മുമ്പിൽ ഇപ്പോഴും ഒരു കുറ്റവാളിയുടെ പരുങ്ങലോടെ മാത്രമേ അമ്മക്ക് നിൽക്കാൻ കഴിയുന്നുള്ളൂ.
“അച്ചുവേട്ടാ, കൊറേക്കഴിഞ്ഞു നമക്കൊന്നു ടൗണിൽ പോണംട്ടോ...’’
“എന്തിനാ മോളേ, എന്തായാലും അച്ചുവേട്ടൻ മേടിച്ചോണ്ട് വന്നാ പോരേ?”
പുറത്തെ ടാപ്പിൽ വായ കഴുകിക്കൊണ്ട് അവൾ തുടർന്നു.
“ഒരു പ്രത്യേക സാധനംണ്ട്. ഞങ്ങളന്നെ മേടിക്കണം.”
“എന്നാ കാറ് ഏർപ്പാട് ചെയ്തുതരാം.”
“അതു പോരാ, അച്ചുവേട്ടനും കൂടെ വരണം. പിന്നെ കാറ് വേണ്ടാ. നമ്മള് പോണത് ബസ്സിലല്ലേ?”
“നിങ്ങളൊക്കെ ബസ്സിൽ കേറുവോ?”
“അതെന്താ ഞങ്ങളെ കേറ്റില്ലേ?”
“അതോണ്ടല്ല. നിങ്ങക്കൊക്കെ പരിചയം കാണില്ലല്ലോന്ന് കരുതി.”
“പാർവതി കേറീട്ടില്ലെങ്കിലും അമ്മ ഒരുപാട് കേറീട്ടുണ്ടല്ലോ.”
“എന്നാലും?”
“ഒരു എന്നാലൂല്ല്യാ. ഇവടത്തെ ബസ് യാത്രേടെ രസം ഒന്നറിയാല്ലോ.”
അത് കേട്ടുകൊണ്ടാണ് അമ്മാമ്മ അകത്തുനിന്ന് വന്നത്.
“എങ്ങട്ടാ യാത്ര?”
“ടൗണിലേക്ക്. ചെല സാധനങ്ങള് മേടിക്കാനുണ്ട്.”
“അവടെ കിട്ടാത്ത സാധനങ്ങളോ?”
“ഇത് ഇവിടന്നന്നെ മേടിക്കണം പാർവതിക്ക്.”
“ആയിക്കോട്ടെ.”
ബസിലാണ് പോകുന്നതെന്ന് പറയരുതെന്ന് അച്ചുവേട്ടനോട് ചട്ടംകെട്ടി അവൾ അകത്തേക്ക് കടന്നു.
പിന്നീട് ടൗണിലേക്ക് പോകുന്ന കാര്യം പ്രാതലിനിടയിൽ ഓർമിപ്പിച്ചപ്പോൾ തലേന്ന് പറഞ്ഞ കാര്യം സൗമിനി മറന്നുകഴിഞ്ഞിരുന്നു.
“പിന്നീട് പറയാം. സസ്പെൻസ് കളയണ്ടാ.”
“ഏതോ പാലത്തിന്റെ കാര്യം കുട്ടി പറഞ്ഞത് ഇപ്പൊ ഓർമ വന്നു.”
“അതിനുള്ള സിമന്റും കമ്പിയും വാങ്ങണം. മുന്തിയ തരം തന്നെ.”
സൗമിനിയും അമ്മാമ്മയും പകച്ചുനോക്കുന്നത് കണ്ടപ്പോൾ അതിലെ രസികത്തം നന്നായി ആശ്വസിക്കുന്നതുപോലെ പാർവതി വെളുക്കെ ചിരിച്ചു.
“ബാക്കിയൊക്കെ വണ്ടിയിൽ വച്ച്”, അവൾ പിറുപിറുത്തു.
ബസിലാണ് പോകുന്നതെന്ന് പറഞ്ഞത് അമ്മാമ്മ അകത്തേക്ക് പോയശേഷം. ആദ്യമൊന്ന് മടിച്ചെങ്കിലും സൗമിനി പിന്നീട് തലയാട്ടി. വളരെ കാലമായി ഇവിടത്തെ ബസിൽ കയറിയിട്ട്. ഒരു കാലത്ത് സ്കൂളിലും കോളേജിലും പോയിരുന്ന ബസ്. ഒടുവിൽ ഒരു രാത്രിയിൽ തനിയെ ഒളിച്ചോടിയ ബസ്. പക്ഷേ, ഇപ്പോൾ ഇത് വേറൊരു ദിശയിൽ. കൂടെ എന്റെ രക്ഷാകവചമായ മകളും.
ബസിൽ വെച്ച് ഒരു രഹസ്യം പോലെ പാർവതി പറഞ്ഞു.
“ഒരു മൊബൈൽ ഫോൺ വാങ്ങണം. തരക്കേടില്ലാത്ത തരം സാംസങ്.”
“കുട്ടിക്ക് നല്ലൊരു ഐ ഫോൺ മേടിച്ചുതന്നിട്ടുണ്ടല്ലോ ഞാൻ.”
“ഇത് അമ്മാമ്മക്ക്.”
“എന്താ മോളീ പറയണേ. അമ്മാമ്മക്ക് അതൊക്കെ ഉപയോഗിക്കാൻ അറിയ്യോ? വേസ്റ്റ് ആവില്ലേ?”
‘‘അതൊക്കെ പഠിപ്പിക്കാനല്ലേ പാർവതി.”
“കുട്ടിക്ക് പ്രാന്താ. ഇത്തിരി കഴിയുമ്പൊ അമ്മതന്നെ അത് മാറ്റി വയ്ക്കും.”
“അത് അമ്മാമ്മയെപ്പറ്റി ശരിക്ക് അറിയാത്തതുകൊണ്ടാ. അസാധ്യ വിൽപവറാ അമ്മാമ്മക്ക്. പിന്നെ പകരംവയ്ക്കാനാവാത്ത നാടൻ പ്രായോഗിക ബുദ്ധിയും. അതോണ്ടല്ലേ ഈ സാമ്രാജ്യം ഇത്രയും കാലം ഒരു കുഴപ്പവുമില്ലാതെ ഭരിക്കാൻ അവർക്കായത്.”
“എന്നാലും എന്തിനാ അതൊക്കെ?”
“പാലത്തിന്റെ ഒരു പാതിയുടെ കൂടി പണി ബാക്കിയുണ്ടല്ലോ.”
“കടങ്കഥകൾ മടുത്തിരിക്കുന്നുവെനിക്ക്.”
“പക്ഷേ, ഓരോ കടങ്കഥയും പാർവതിയെ വല്ലാണ്ട് രസിപ്പിക്കണുണ്ട്. ഒടുവിൽ നമ്മടെയിടയിൽ പാലം തീർക്കാൻ ഒരു കൊറിയക്കാരൻ വേണ്ടിവരുന്നുവെന്നതാണ് ഇതിലെ ഏറ്റവും വലിയ രസികത്തം.”
കടങ്കഥകളുടെ ഇടയിലുള്ള അവളുടെ ഒളിച്ചുകളി മടുത്തിട്ടാകണം സൗമിനി മിണ്ടാതിരുന്നു. പുറത്തു പുറകോട്ടോടിപ്പോകുന്ന കാഴ്ചകൾ. പുതിയ നിരത്തുകൾ. അതിൽനിന്ന് പൊട്ടി മുളക്കുന്ന പുതിയ കൈവഴികൾ. പുതുക്കിയ വണ്ടിപ്പാളയം. മേൽക്കൂരയും ഇരിക്കാനായി പ്ലാറ്റുഫോമുമുള്ള കാത്തിരിപ്പു കേന്ദ്രങ്ങൾ. അതിൽ വലിയ അക്ഷരത്തിൽ അവിടത്തെ എം.എൽ.എയുടെ പേര്. ബസ് നീങ്ങുമ്പോൾ പണ്ടു പഠിച്ച സ്കൂൾ കണ്ടു. അതിന്റെ മതിൽക്കെട്ടും പുതിയത്. ചുമരുകളിൽ അടുത്ത കാലത്തു പൂശിയ ചായം. അകലെ ഒരു കുന്നിൻ ചരിവിലുള്ള കോളേജ് കൂടി കാണാൻ കൊതിച്ചുവെങ്കിലും അത് അസാധ്യമാണെന്ന് അറിയാമായിരുന്നു. അങ്ങോട്ട് തിരിയാനുള്ള വഴിമാത്രം മറന്നിട്ടില്ല. അവിടെ കോളജിന്റെ ലോഗോയുള്ള ഒരു ചൂണ്ടു പലകയും കാണായി. ഓർമകൾ. ഓർമകൾ.
ഓരോ നിരത്തും, എതിരെ വരുന്ന ഓരോ വണ്ടിയും ഒരുപാട് ഓർമകൾ കൊണ്ടുവരുന്നു. നല്ലതും ചീത്തയുമായ ഓർമകൾ... പലപ്പോഴും ഓവർടേക്ക് ചെയ്തു കടന്നുപോകാറുള്ള ചുവന്ന ബസിലെ കോലൻമുടിക്കാരൻ. നീട്ടിവളർത്തിയ മുടി. വല്ലാതെ തിളങ്ങുന്ന കണ്ണുകൾ. വീണ്ടും വീണ്ടും കാണാൻ കൊതിച്ചിരുന്ന മുഖം. പക്ഷേ, അയാൾ പഠിച്ചിരുന്നത് വേറൊരു കോളേജിലായിരുന്നു... ബസ് കടന്നുപോയിരുന്നത് വല്ലപ്പോഴും മാത്രം. കാണാനായത് പാതി മുഖവും. ഒന്നുരണ്ടു തവണ ആ ചുണ്ടുകളിൽ പരിചിതഭാവത്തിൽ ഒരു ചിരി വിരിഞ്ഞുവെന്ന് തോന്നി. ഒരിക്കലെങ്കിലും നേരിൽ കാണാനായെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്. അയാൾ പഠിച്ചിരുന്ന കോളേജ് ഏതാണെന്ന് കണ്ടുപിടിക്കാനായെങ്കിൽ ആ പ്രായത്തിൽ അവിടം വരെ പോകുമായിരുന്നു... പലതും ചോദിച്ചറിയാനുണ്ട്. ആദ്യം അയാളുടെ പേര് തന്നെ. എന്തായിരിക്കും ആ നീണ്ട മുടിക്കും ഇരുനിറത്തിനും ചേരുന്ന പേര്? അന്ന് ഉള്ളിൽ പലതും കുറിച്ചിട്ടിരുന്നു. തന്നെ ആരെങ്കിലും പെണ്ണ് കാണാൻ വരുമെങ്കിൽ ആദ്യം നോക്കുക അയാളുടെ തലയിലേക്കായിരിക്കും. പിന്നെ മുഖത്തേക്കും. കാരണം, വെളുത്തു തുടുത്ത ചൊങ്കന്മാരെ തീരെ ഇഷ്ടമല്ല അവൾക്ക്. ഇരുനിറം തന്നെയാണ് ചേരുക ആണുങ്ങൾക്ക്. പിന്നെ നീട്ടി വളർത്തിയ സമൃദ്ധമായ മുടിയും.
പക്ഷേ, ഒരിക്കലും അങ്ങനെയൊരു പെണ്ണു കാണൽ ഉണ്ടായില്ല. അതിനു മുമ്പ്... അതിനു മുമ്പ്... ജീവിതത്തിന്റെതന്നെ പിടി വിട്ടുപോയ ദിവസം... അതേക്കുറിച്ചൊക്കെ വീണ്ടുമോർക്കാൻ മടിക്കുകയാണ് സൗമിനി.
‘‘അമ്മ ഇപ്പൊ ഇപ്പൊ ഏതു ലോകത്താ?’’ പെട്ടെന്ന് ഞെട്ടിയുണർന്ന സൗമിനി ഓർമകളിൽനിന്ന് വഴുതിമാറി. ബസ് സ്റ്റാൻഡിലെത്തിയിരുന്നു.
‘‘ഇനി എങ്ങട്ടാ?’’ ചോദ്യഭാവത്തിൽ നോക്കുകയാണ് അച്ചുവേട്ടൻ.
‘‘മൊബൈൽ ഫോണുകൾ വിൽക്കണ കടയറിയോ അച്ചുവേട്ടന്?”
“അറിയാല്ലോ. രണ്ടു മൂന്നു കടകളുണ്ട്, അടുത്തടുത്തായി.”
അയാൾ പറഞ്ഞത് ശരിയായിരുന്നു. ആ ചെറിയ ടൗണിലും തൊട്ടു തൊട്ടായി മൂന്ന് കടകൾ. അതിൽ സാമാന്യം കൊള്ളാവുന്ന കടയിൽ കയറിയപ്പോൾ അത്ഭുതമായി പാർവതിക്ക്. പല മോഡലുകളുമുണ്ട് അവിടെ. അതിൽനിന്ന് ഒരു ഇടത്തരം ഫോൺ വാങ്ങി പുറത്തുകടക്കുമ്പോൾ അവൾ പറഞ്ഞു.
“ഇതിപ്പോൾ പഴയ പട്ടണമൊന്നുമല്ല.”
“അതെയതെ. വല്ലാണ്ട് മാറിയിരിക്കണു.”
മറ്റൊരു ഫോൺകടയിൽ അമ്മാമ്മയുടെ ഐഡിയും കൊടുത്തതോടെ ഫോൺ കണക്ഷന്റെ ആദ്യ കടമ്പ കടന്നതുപോലെ. അവരുടെ കൈയിലുള്ള അതേ കമ്പനിയുടെ നമ്പർ.
“ഇനി അമ്മ ഒരു കാര്യം മാത്രം ചെയ്താൽ മതി. ശാന്തിനഗറിലെ ഫോൺ കമ്പനിയിലെ പരിചയക്കാരിയെ വിളിച്ചു ഈ നമ്പർ അമ്മയുടെ ഫാമിലി പ്ലാനിൽ ചേർക്കാൻ പറയണം. ഉടനെ തന്നെ. അതോടെ, അമ്മാമ്മയുടെ ബില്ലെല്ലാം വരണത് നമ്മടെ പ്ലാനിൽ. പിന്നീട് വേണെങ്കിൽ കുറച്ചുകൂടി സൗകര്യള്ള നമ്പർ എടുക്കാല്ലോ.”
ഈ നടപടികളെല്ലാം അവൾ പെട്ടെന്ന് തീർക്കുന്നത് അതിശയത്തോടെ നോക്കിക്കാണുകയാണ് സൗമിനി.
“നീ അമ്മേടെ ഐഡി എങ്ങനെ സംഘടിപ്പിച്ചു?”
“അതല്ലേ പറയാറ് പാർവതി വേണംന്ന് വച്ചാ നടക്കാത്തത് ഒന്നൂല്ല്യാന്ന്. ഇനി എവടെയെങ്കിലും കയറി ഒരു ചായ കുടിച്ചാലോ? ഈ സമയത്തു ഒരു ചായ ശീലായിപ്പോയി പാർവതിക്ക്.”
അങ്ങനെ അച്ചുവേട്ടൻ ചൂണ്ടിക്കാണിച്ച ഒരു ഹോട്ടലിൽ കയറി മസാല ദോശയും ചായയും. മസാല സൗമിനിക്ക്, നെയ്റോസ്റ്റ് പാർവതിക്കും. ഒരുപാട് കാലത്തിന് ശേഷം നാടൻ ദോശയുടെ സ്വാദ് ആസ്വദിക്കുകയായിരുന്നു അവർ. അച്ചുവേട്ടനും പതിവില്ലാത്ത ആഹാരം.
‘‘ഇനി മടങ്ങിയാലോ?’’പാർവതി ചോദിച്ചു.
“ഇനി എനിക്കും ഒരു കാര്യമുണ്ടെങ്കിലോ?”
അങ്ങനെ ഒരു കൈത്തറി തുണിക്കടയിൽ കയറി. അമ്മാമ്മക്ക് ഒരു കസവു സെറ്റുമുണ്ടു വാങ്ങിയ ശേഷം സൗമിനി ചോദിച്ചു.
“അച്ചുവേട്ടന് ഏതുതരം കരയാണിഷ്ടം?”
“അയ്യേ, എനിക്കീ മുണ്ടോന്നും വേണ്ടേ. എനിക്കവടെ ആവശ്യത്തിനുള്ള കൈലിയുണ്ടല്ലോ.”
“വീട്ടിലേക്കല്ല. ഉത്സവത്തിനൊക്കെ പോവുമ്പോ ഇത്തിരി സ്റ്റൈലൊക്കെ ആവാം.”
അങ്ങനെ അച്ചുവേട്ടനും അമ്മൂട്ടിക്കും മുണ്ടുകളും ഇന്ദിരക്കൊരു കുപ്പായവും വാങ്ങിയിറങ്ങുമ്പോൾ സൗമിനി ഒരു ചെറുചിരിയോടെ പറഞ്ഞു.
“അമ്മക്കുമുണ്ട് ഒരു പ്ലാൻ.”
“എന്തു പ്ലാൻ?”
“അവടെ ചെന്നിട്ട് പറയാം. ഇത്തിരി സസ്പെൻസ് എനിക്കുമാവാം.”
ശരിയായിരുന്നു. ആ കസവുമുണ്ട് കൊടുത്തു അമ്മയുടെ കാല് തൊട്ട് നെറുകയിൽ വെക്കുമ്പോൾ സൗമിനിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പ്രത്യേകിച്ചൊന്നും പറയാനായില്ലെങ്കിലും അതിന്റെ അർഥം പെട്ടെന്ന് മനസ്സിലാക്കാനായി അമ്മാമ്മക്ക്. അവളുടെ നെറുകയിൽ കൈവെച്ചു അനുഗ്രഹിക്കുമ്പോൾ അവർ പറഞ്ഞു:
“നന്നായി വരട്ടെ.”
മുഖം താഴ്ത്തി അവരങ്ങനെ നിന്നു. വിപരീതദിശകളിലൂടെ സഞ്ചരിക്കുകയാണ് അപ്പോൾ അവരുടെ മനസ്സുകൾ. പലതും മറക്കാനും പൊറുക്കാനുമുണ്ടായിരുന്നു രണ്ടുപേർക്കും. പോയ വർഷങ്ങളിലെ നീറ്റലും വിങ്ങലും. ആധികളും ആശങ്കകളും. എത്ര കഴുകിയാലും മായാത്ത കറകൾ. വെട്ടിത്തിരുത്താനാവാത്ത തെറ്റുകൾ... പശ്ചാത്താപത്തിലും മാപ്പ് കൊടുക്കലിലും മൂടാത്ത വിടവുകൾ.
കുറച്ചു നേരം അവരാ നിൽപ് തുടർന്നപ്പോൾ പാർവതി അവിടന്ന് ഒഴിഞ്ഞുമാറി. അച്ചുവേട്ടനോട് ചിലതൊക്കെ ചോദിച്ചറിയാനുണ്ടായിരുന്നു അവൾക്ക്. ഇന്ദിരയെപ്പറ്റി. അവളുടെ ചികിത്സയെപ്പറ്റി. ഈ വരവിലെ ബാക്കിനിൽക്കുന്ന ദൗത്യം.
അപ്പോഴേക്കും പുതിയ ഫോൺ കിണുങ്ങി. ശാന്തിനഗറിലെ കമ്പനിയിൽനിന്നായിരുന്നു. പുതിയ നമ്പർ ശരിയാക്കിക്കഴിഞ്ഞു. അതിൽ വാട്സ്ആപ്പ് ഒരുക്കിയതോടെ വലിയൊരു കടമ്പ കടന്ന ആശ്വാസമായിരുന്നു പാർവതിക്ക്.
“വൈഫൈയോ...” സൗമിനി ചോദിച്ചു.
“ഹം ഹേ നാ (ഞാനില്ലേ?)” പറച്ചിലുകൾക്കിടയിൽ പലപ്പോഴും കടന്നുവരുന്ന വാക്കുകൾ. വടക്കൻ മേഖലയിൽ പിറന്നു വളർന്ന കുട്ടികൾക്ക് ഒഴിവാക്കാനാവാത്ത വാക്കുകൾ.
പിന്നീട് ഹോട്സ്പോട്ടിൽകൂടി ഇന്റർനെറ്റും ഒത്തു. തരക്കേടില്ലാത്ത സ്പീഡുമുണ്ട്.
ഇനി ഇതൊന്നു ഉദ്ഘാടനം ചെയ്യണമല്ലോ. പാർവതി തലചൊറിഞ്ഞു. അതിനല്ലേ വിലാസിനി ആന്റി, ഉടനെ മനസ്സ് പറഞ്ഞു.
ആദ്യത്തെ ശ്രമത്തിൽതന്നെ വിലാസിനിയെ വീഡിയോ കോളിൽ കിട്ടി. അവർ ഇതിനായി കാത്തിരുന്നപോലെ. ഫോണിൽ അവരെ കണ്ടതോടെ അമ്മാമ്മ പകച്ചുപോയി.
“എന്റീശ്വരാ, ഈ കുട്ടിയെങ്ങനെ ഇതിനകത്തു”, അത്ഭുതംകൊണ്ട് മൊഴിമുട്ടുകയാണ് അമ്മാമ്മക്ക്.
അതിന് മറുപടി പറഞ്ഞത് വിലാസിനി തന്നെയായിരുന്നു. പിന്നീട് കുറെനേരം അവർ സംസാരിച്ചുകൊണ്ടേയിരുന്നു. അതുകഴിഞ്ഞു സൗമിനി ഏറ്റെടുത്തു.
ആദ്യത്തെ കൗതുകം തീർന്നപ്പോൾ അമ്മാമ്മ ചോദിച്ചു.
“ഈ കുന്ത്രാണ്ടം എവിടന്നു കിട്ടി?”
“വിൽക്കണ കടകളുണ്ട് അടുത്തുള്ള ടൗണിൽ. അമ്മാമ്മക്കുള്ള ഓണസമ്മാനം.’’
‘‘അതിന് ഓണം ആയിട്ടില്ലല്ലോ...”
‘‘ആവൂല്ലോ.’’
‘‘ഒടുവിൽ ഇതൊരു പൊതിയാത്തേങ്ങയായി...’’
‘‘അതിനല്ലേ പാർവതി.’’
“ഒരുപാട് വിലയായി കാണും.”
“സാരല്ല്യാ.”
“എന്നാലും പറഞ്ഞോളൂ. നിങ്ങള് ജോലിചെയ്ത് ഉണ്ടാക്കണ കാശൊക്കെ ഇതിന്...”
“സാരല്ല്യാന്നേ.”
“സാരമുണ്ട്. എത്രയാന്ന് പറഞ്ഞോളൂ.”
“ഏതാണ്ട് ഇരുപതിനായിരത്തിൽ താഴെ.”
“ആയ്ക്കോട്ടെ. നാളെ അച്ചൂനെക്കൊണ്ട് എടുപ്പിക്കാം.”
പാർവതി അമ്മയുടെ നേർക്ക് നോക്കി കണ്ണിറുക്കി.
“പിന്നേയ്, ഇത് പൊട്ടിത്തെറിക്കണ സൈസൊന്നുമല്ലല്ലോ?”
“ഹേയ്. അങ്ങനെ പേടിക്കൊന്നും വേണ്ട. ഒക്കെ പാർവതി പറഞ്ഞുതരണുണ്ട്.”
അത്ഭുതമില്ല പാർവതിക്ക്. അത്യാവശ്യം വേണ്ട ലോകവിജ്ഞാനമുണ്ട് ആ പഴയ പത്താം ക്ലാസുകാരിക്ക്. പൂമുഖത്തെ ടീപ്പോയിയിൽ രണ്ടു പത്രങ്ങൾ കണ്ടു. പുലർച്ചക്കേ എഴുന്നേൽക്കുന്ന അവർ ഈ പത്രങ്ങൾ വായിച്ച ശേഷമായിരിക്കും മറ്റു പണികൾ തുടങ്ങുക. എവിടെയോ ഒരു മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച വാർത്ത കണ്ടു കാണും.
‘‘ഇനി ഇത് വച്ചു ഇടക്കൊക്കെ അമ്മയോട് സംസാരിക്കാല്ലോ. സമയം കിട്ടുമ്പോ പുണെയിൽനിന്ന് പാർവതീം വിളിക്കും. അങ്ങനെ കൊറെ ഇടമതിലുകൾ പതുക്കെ ഇടിഞ്ഞുവീഴട്ടെ.’’
തെല്ലൊരു ആരാധനയോടെ മകളുടെ നേർക്ക് നോക്കുകയാണ് സൗമിനി.
“പിന്നൊരു കാര്യംണ്ട് അമ്മാമ്മേ, ഈ സൗമിനി ടീച്ചർ ഇപ്പൊ പഴയ പോല്യല്ല. അവടത്തെ ഒരു താരമാണ്. ഒരുപാട് ചടങ്ങുകളുള്ളതുകൊണ്ട് ഇനി ആളെ ഫോണിൽ കിട്ടാനും പാടാകും.”
സൗമിനി തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും എന്തൊക്കെയോ ശ്രമിക്കുകയായിരുന്നു പാർവതി. അപ്പോഴേക്കും അമ്മാമ്മ ഇടപെട്ടു.
“അത് പിന്നില്ലാണ്ടിരിക്ക്യോ എന്റെ മോളല്ലേ അവള്?”
എന്റെ മോള്... സൗമിനിയുടെ മനസ്സ് കുളിർത്തു. എത്രയോ കാലമായി കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ.
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം. ഇങ്ങനെയൊരു ദിവസം എന്നെങ്കിലും വരുമെന്ന് ഒരിക്കൽപോലും മനസ്സിൽ കണ്ടിരുന്നില്ല. താങ്ക്യൂ മോളെ. താങ്ക്യൂ ഫോർ എവരിതിങ്.
ഉറങ്ങാൻ കിടക്കുമ്പോൾ സൗമിനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല.
“വാസ്തവത്തിൽ അമ്മെ ഞാൻ ഒരുപാട് തെറ്റിദ്ധരിച്ചു. ഒക്കെ എന്റെ പൊട്ടത്തരം.” സൗമിനി തുടർന്നു. “ഇന്ന് എന്റെ മോള് എന്ന് പറയണ കേട്ടപ്പോ ഏതാണ്ടൊക്കെ തോന്നി.”
“എല്ലാറ്റിനും ഒരു സമയോം കാലോം ഉണ്ടെന്ന് പറയാറില്ലേ? ഇത്രണ്ട് എളുപ്പത്തില് ഇതൊക്കെ ശരിയാവുംന്ന് പാർവതീം കരുതീരുന്നില്ല. പിന്നെ എവടെയോ വായിച്ചിട്ടുണ്ട്, കമ്യൂണിക്കേഷൻ മുറിയുമ്പോഴാണ് ബന്ധങ്ങളും അയയുന്നതെന്ന്. അതിനായി രണ്ടിലൊരാൾ അൽപം വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അവടെയാണ് പ്രശ്നം. നമ്മളെയൊക്കെ പൊറകോട്ട് വലിക്കണ ഈഗോ എന്ന ഭൂതം. മുന്നോട്ട് വച്ച കാല് ആരാദ്യം പൊറകോട്ടെടുക്കണം എന്ന പ്രശ്നം. ബുദ്ധികൊണ്ടല്ലാതെ ഹൃദയംകൊണ്ട് സംസാരിക്കാൻ നോക്കുമ്പഴാ അടുപ്പം സാധ്യമാകണത്രെ.”
പാർവതി തുടർന്നു: “ഇനി ചെലകാര്യങ്ങൾ കൂടി ബാക്കീണ്ട്. അതൊക്കെ നാളെ. എന്തായാലും പാലത്തിന്റെ പണി ഒരു കുഴപ്പോമില്ലാതെ കഴിഞ്ഞല്ലോ. പാർവതി അമർത്തി ചവിട്ടി നടന്നും നോക്കി. നല്ല ഉറപ്പ്.”
“നാളെ?”
“അച്ചുവേട്ടന്റെ ചെല കാര്യങ്ങള്. മൂപ്പര് പറയാൻ മടിക്കണ കാര്യങ്ങള്.”
“ചെലതൊക്കെ ഞാനും ഓർത്തിരുന്നു.”
“ഓക്കേ. നാളെ. അമ്മ സുഖായി ഉറങ്ങിക്കോളൂ. അമ്മാമ്മ ഒമ്പതരയായപ്പോഴേക്കും കെടന്നു കഴിഞ്ഞു.”
(തുടരും)
(ചിത്രീകരണം: സതീഷ് ചളിപ്പാടം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.