പാർവതി

19. മടക്കയാത്രമടക്കയാത്ര.തീവണ്ടിയിൽ​െവച്ചു യാദൃച്ഛികമായി പരിചയപ്പെട്ട ഒരു സ്ത്രീയിൽനിന്നാണ് സൗമിനിക്ക് പുതിയൊരു ആശയം വീണുകിട്ടിയത്. എതിർ സീറ്റിൽ ഇരുന്നിരുന്ന അവർ സൗമിനി ആസ്വദിച്ചു കുടിക്കുന്ന ഹെർബൽ കട്ടൻചായ ശ്രദ്ധിക്കുകയായിരുന്നു. ‘‘എന്താ നോക്കുന്നോ?’’ ‘‘തീർച്ചയായും. പുതിയതെന്തും രുചിച്ചു നോക്കാൻ താൽപര്യമുള്ളയാളാണ് ഞാൻ.’’ വേറൊരു നഗരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ് അവർ. ഒരു കമ്പനി എക്സിക്യൂട്ടീവ് ആണെങ്കിലും ഒഴിവുസമയങ്ങൾ ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. അങ്ങനെ ഒരു ചായ ഗ്ലാസിലൂടെ തുടങ്ങിയ പരിചയം...

19. മടക്കയാത്ര

മടക്കയാത്ര.

തീവണ്ടിയിൽ​െവച്ചു യാദൃച്ഛികമായി പരിചയപ്പെട്ട ഒരു സ്ത്രീയിൽനിന്നാണ് സൗമിനിക്ക് പുതിയൊരു ആശയം വീണുകിട്ടിയത്. എതിർ സീറ്റിൽ ഇരുന്നിരുന്ന അവർ സൗമിനി ആസ്വദിച്ചു കുടിക്കുന്ന ഹെർബൽ കട്ടൻചായ ശ്രദ്ധിക്കുകയായിരുന്നു.

‘‘എന്താ നോക്കുന്നോ?’’

‘‘തീർച്ചയായും. പുതിയതെന്തും രുചിച്ചു നോക്കാൻ താൽപര്യമുള്ളയാളാണ് ഞാൻ.’’

വേറൊരു നഗരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ് അവർ. ഒരു കമ്പനി എക്സിക്യൂട്ടീവ് ആണെങ്കിലും ഒഴിവുസമയങ്ങൾ ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു.

അങ്ങനെ ഒരു ചായ ഗ്ലാസിലൂടെ തുടങ്ങിയ പരിചയം സൗമിനിക്കായി പുതിയൊരു വാതായനം തുറന്നിടുന്നത് വിസ്മയത്തോടെ ശ്രദ്ധിക്കുകയായിരുന്നു പാർവതി. ആ സ്ത്രീയുടെ അഭിപ്രായത്തിൽ ചില കാര്യങ്ങൾ മറ്റു കുട്ടികളെക്കാൾ വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാൻ ഇവർക്ക് കഴിയുന്നുണ്ടത്രെ. ഉദാഹരണത്തിനു ചില പ്രത്യേകതരം കൗതുകവസ്തുക്കൾ. അവർ ഉണ്ടാക്കുന്ന ഈ കരകൗശലവസ്തുക്കൾ സംസ്ഥാനത്തി​ന്റെ പല ഭാഗങ്ങളിലും ചെന്നെത്തിയിരിക്കുന്നു.

അവിടത്തെ മാധ്യമങ്ങളുടെ വലിയ പിന്തുണയും ഇവർക്ക് കിട്ടുന്നുണ്ട്. ഇത്തരം കുട്ടികളുടെ കാര്യമായതുകൊണ്ട് ഇപ്പോൾ ചില വിദേശ മാർക്കറ്റുകൾ കണ്ടെത്താനുള്ള സാധ്യതകളും തെളിഞ്ഞുവരുകയാണത്രെ. അവർ ഓരോരുത്തരുടെയും മറഞ്ഞുകിടക്കുന്ന കഴിവുകൾ കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി. അത് സാധിച്ചു കഴിഞ്ഞാൽ ചെറിയൊരു പ്രോത്സാഹനം മാത്രം മതി…

കുറെ കഴിഞ്ഞു അവർ ഇറങ്ങിപ്പോയപ്പോൾ സൗമിനി പറഞ്ഞു;

“അവസരങ്ങൾക്ക് യാതൊരു കുറവുമില്ല ഈ ലോകത്ത്. നമ്മടെ കണ്ണും കാതും സദാ തുറന്നിരിക്കണമെന്ന് മാത്രം. ഒരു വാതിൽ അടയുമ്പോൾ ഒമ്പതെണ്ണം തുറക്കുമെന്ന തിരിച്ചറിവാണ് പ്രധാനം. ‘സ്പെഷ്യൽ ചൈൽഡ്’ എന്ന മുദ്ര കുത്തി അവരെ മാറ്റിനിറുത്താതെ അന്ന് ഞാൻ സൂചിപ്പിച്ച എമ്പതിയോടെ അവരുടെ ചുറ്റുപാടുകളെ കാണാൻ ശ്രമിക്കണം. ഇതൊക്കെ വിധിയാണെന്ന് പറഞ്ഞു നിസ്സഹായതയോടെ കൈ പൊക്കി നിൽക്കുന്ന അച്ഛനമ്മമാരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം.”

“ശരിയാമ്മേ. ഇക്കാര്യത്തിൽ അമ്മേടെ സ്ഥാപനത്തിന് വലിയ ലീഡർഷിപ് കൊടുക്കാൻ കഴിയും.”

“എന്തായാലും അവർ പറഞ്ഞതിൽ വലിയൊരു സാധ്യത ഞാൻ കാണുന്നുണ്ട്. നമ്മുടെ സ്കൂളിനോട് ചേർന്നു കരകൗശല വസ്തുക്കളുടെ ചെറിയൊരു നിർമാണശാല തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.” അൽപം കഴിഞ്ഞു അവർ തുടർന്നു. “നോക്കട്ടെ. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കി കെടക്കണു. പ്രത്യേകിച്ചും കുട്ട്യോൾടെ പാഠങ്ങൾ.”

“അതൊക്കെ നടക്കുമെന്നേ. അന്ന് പാർവതി പറഞ്ഞതു പോലെ ഇനി പുതിയ ഭാരങ്ങളൊന്നും തലേൽ കേറ്റിവയ്ക്കാതെ നോക്കണം. പാർവതി കൂടി പോയാൽ വല്ല്യ പാടാവും അമ്മക്ക്. ഇതൊക്കെ ഏതു നല്ല ടീച്ചർക്കും ചെയ്യാൻ കഴിയുന്നത്. ഇതിലും വല്ല്യ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് ശാന്തിനഗറിന് വേണ്ടി. ഭാവിയിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന പലതും.”

അവളുടെ വാക്കുകളുടെ വ്യാപ്തി അവിടെ ചെന്നെത്തിയ ദിവസംതന്നെ തെളിഞ്ഞുകിട്ടി. സൗമിനി തിരിച്ചെത്തുന്ന ദിവസം കൃത്യമായി അറിഞ്ഞിട്ടെന്നപോലെ വൈകീട്ട് തന്നെ സുഷമാജിയുടെ വിളി വന്നു.

“ഞങ്ങടെ വരവ് എങ്ങനെ കൃത്യമായറിഞ്ഞു ചെയർപേഴ്‌സൺ?”

“ഞങ്ങൾ പൊതുപ്രവർത്തകർക്ക് ഒരു മൂന്നാംകണ്ണ് കൂടിയുണ്ടെന്ന് കൂട്ടിക്കോളൂ.” അവർ ചിരിച്ചു. “പിന്നെ ഞാനിപ്പോൾ ചെയർപേഴ്‌സനല്ലാ കേട്ടോ. വേണമെങ്കിൽ മുൻ എന്നുകൂടി ചേർക്കാം.”

“ങ്ങേ? കസേര വിട്ടോ?”

“വിട്ടതല്ല. വിടേണ്ടിവന്നു. അന്ന് ഞാൻ സൂചിപ്പിച്ചതുപോലെ ശാന്തിനഗർ ഇപ്പോൾ കോർപറേഷൻ ആയിരിക്കുന്നു. ആ പ്രഖ്യാപനം വന്നതോടെ മുനിസിപ്പൽ കൗൺസിൽ തന്നെ ഇല്ലാതായിക്കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ കൗൺസിൽ ഉണ്ടാകുമ്പോൾ ഒരു മേയർ ഉണ്ടാകും.”

“അസ്സലായി. അപ്പോൾ നഗരത്തിലെ ആദ്യത്തെ മേയർ സുഷമാജി തന്നെ ആവില്ലേ...”

“അതൊന്നും പറയാനാവില്ല. ഇതേവരെ വലിയ വരുമാനമൊന്നും ഇല്ലാത്ത ഈ മുനിസിപ്പാലിറ്റിയിൽ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല മിക്കവർക്കും. മാത്രമല്ല, ഞാൻ ഏറ്റെടുക്കുമ്പോൾ ആകെ കുത്തഴിഞ്ഞു കിടക്കുകയായിരുന്നു അവിടത്തെ ഭരണം. എറെ പാടുപെട്ടാണ് കുറെയൊക്കെ വെടിപ്പാക്കിയത്. കോർപറേഷൻ ആകുമ്പോൾ മത്സരം വേറൊരു തരമാകും.

പുതിയ വാർഡുകൾ ഉണ്ടാകുന്നതോടെ വരുമാനം കൂടും. കൂടുതൽ അധികാരവും. അതോടെ ഇതേവരെ താൽപര്യം കാണിക്കാതിരുന്ന മുഖ്യധാരാ കക്ഷികളും അവരുടെ കേന്ദ്രനേതൃത്വവും രംഗത്തുവരും. പുറകിൽ അവരുടെ കുറെ പിണിയാളുകളും പണച്ചാക്കുകളും. ചുരുക്കത്തിൽ കളിയാകെ മാറുമെന്നർഥം.”

വീണ്ടും ഉറക്കെ ചിരിക്കുകയാണ് സുഷമ. തനിക്ക് ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ.

“അപ്പോൾ ഇനിയൊരു തെരഞ്ഞെടുപ്പിന് ഇല്ലെന്നാണോ?”

“ഒന്നും തീരുമാനിച്ചിട്ടില്ല ഇതേവരെ. ഇന്നലെ ലാലാജി ട്രസ്റ്റിലെ കേണലും വേറെ രണ്ടു മൂന്നു പേരും കൂടി കാണാൻ വന്നിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തുടങ്ങിവച്ച നല്ല കാര്യങ്ങൾ പാതിയിൽ ഉപേക്ഷിച്ചു പിന്മാറുന്നത് ശരിയല്ലെന്ന് അവർ ആവർത്തിച്ചു പറഞ്ഞു. കേട്ടപ്പോൾ കുറെ ശരിയാണെന്ന് എനിക്കും തോന്നി. എത്രയായാലും ഒരു ഭീരുവെന്നു വിളിക്കുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല ഞാൻ. ഇലക്ഷനിൽ കെട്ടിവച്ച പണം നഷ്ടപ്പെട്ടാലും പേടിച്ചു പുറകോട്ട് പോകുന്നയാളല്ല ഈ സുഷമ. അങ്ങനെ പിന്മാറിയിട്ടുമില്ല.”

“പിന്നെ എന്തിനാണിത്ര മടി?”

“ഈ മല്ലന്മാരുടെ ഇടയിൽ കിടന്ന് ഗുസ്തി പിടിക്കാൻ താൽപര്യമില്ല, അത്ര തന്നെ. ഒരു ഘട്ടത്തിൽ അത് വൃത്തികെട്ട ചില കളികളിലേക്കും വിഴുപ്പലക്കലിലേക്കും കടന്നുചെന്നേക്കും. അതിലൊന്നും തീരെ താൽപര്യമില്ലെനിക്ക്. എ​ന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്കും മറ്റും കടക്കാൻ ഞാൻ ആരെയും അനുവദിക്കാറില്ല. എ​ന്റെ ഭർത്താവിനും മകൾക്കും അവരുടേതായ ലോകമുണ്ട്. എന്റെ ലോകത്തേക്ക് അവരും എത്തിനോക്കാറില്ല. എന്തായാലും, ഇതേവരെ സ്വന്തം വസ്ത്രങ്ങളിൽ ചളി പുരളാതെ നോക്കിയിട്ടുണ്ട്. ഒടുവിൽ നാട്ടുകാരെക്കൊണ്ട് മാറ്റിപ്പറയിക്കാതെ രംഗം വിടുകയല്ലേ നല്ലത്?” ഒന്ന് നിറുത്തിയിട്ട് എന്തോ ഓർത്ത് അവർ തുടർന്നു.

“പക്ഷേ ഇതേവരെ ഒന്നുമായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പോലുമില്ല. അതുകൊണ്ട് ആലോചിക്കാമെന്ന് പറഞ്ഞു പിണക്കാതെ വിട്ടു. പക്ഷേ, ഒരുകാര്യം മാത്രം ഞാൻ ആദ്യമേ സൂചിപ്പിച്ചു. സാമാന്യം വലിപ്പമുള്ള ഒരു കോർപറേഷൻ ആകുമ്പോൾ, പഴയപോലെ ഇഷ്ടപ്പെട്ട കുറച്ചുപേരെ മാത്രം കൂടെ നിറുത്തി മുന്നോട്ട് പോകാനാകില്ല. യാതൊരു കറയും വീഴാത്ത സ്വഭാവശുദ്ധിയുള്ള വേറെ ചിലരെക്കൂടി ഒപ്പം നിറുത്താനാകണം. പൂർണമായും വിശ്വസിക്കാവുന്നവർ. അതേപ്പറ്റി ആലോചിച്ചു പോയപ്പോൾ ആദ്യം ഓർമവന്നത് സൗമിനി ടീച്ചറുടെ പേരാണ്.’’

‘‘ഹേയ്, അതൊന്നും വേണ്ട. രാഷ്ട്രീയമെന്ന് കേൾക്കുമ്പഴേ പേടിയാണ്. ഏബ്രഹാം ലിങ്ക​ന്റെ പഴയ നിർവചനത്തിന് ഇപ്പോൾ എന്തു പ്രസക്തി? Of the പാർട്ടി by the പാർട്ടി and for the പാർട്ടി. പാർട്ടിക്കാർക്ക് വേണ്ടി പാർട്ടികൾ നടത്തുന്ന ഭരണം. അങ്ങനെയല്ലേ ഇപ്പോഴത്തെ സമവാക്യം? അത്രയേറെ സ്വാർഥതയും പക്ഷപാതിത്വവും എല്ലാറ്റിലും…’’

‘‘കുറെ ശരിയാണെങ്കിലും മുഴുവനും ശരിയല്ല. അവിടെയും കുറെ നല്ലവരുണ്ട്. ജനനന്മക്കായി പ്രവർത്തിക്കുന്നവരുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തെ പൂർണമായും തള്ളിക്കളയാൻ ഞാൻ തയാറല്ല. ഈ സിസ്റ്റത്തെ മാറ്റുക എളുപ്പമെങ്കിലും അതിനായുള്ള ചെറിയൊരു കാൽവെപ്പ്… അത്രയേ ഉള്ളൂ…’’

‘‘കേൾക്കാൻ രസമാണ്. പക്ഷേ നടപ്പിൽ വരുത്തൽ…’’

‘‘ഇത്ര വേഗം നിരാശപ്പെടല്ലേ. രണ്ടര വർഷം മുമ്പ് ഈ രംഗത്തേക്ക് ഇറങ്ങുന്ന ഘട്ടത്തിൽ പലരും ഇങ്ങനെയൊക്കെ എന്നോടും പറഞ്ഞിരുന്നു. എന്നിട്ടും ഈ കാലയളവിൽ ചിലതൊക്കെ ചെയ്യാൻ കഴിഞ്ഞില്ലേ? അങ്ങനെ തന്നെയാണ് ആ പൂർണിമയും പറഞ്ഞത്‌.’’

‘‘പൂർണിമ വിളിച്ചിരുന്നോ?’’

‘‘ആദ്യം വിളിച്ചത് അവളായിരുന്നു. കാര്യം ഒട്ടും എളുപ്പമല്ലെങ്കിലും പാതിവഴിയിൽ ഇട്ടേച്ചു പോകരുതെന്നാണ് അവൾ വാശിയോടെ പറഞ്ഞത്. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സാന്നിധ്യം അറിയിക്കാൻ ഉറപ്പായും കഴിഞ്ഞേക്കും. ഇവിടത്തെ ജനങ്ങളുടെ പൾസ് നമ്മെക്കാൾ നന്നായറിയുന്നവരാണ് ഈ പത്രക്കാർ.’’

‘‘എന്തായാലും, ഇപ്പോൾ അതേപ്പറ്റിയൊന്നും ആലോചിച്ചു മെനക്കെടാൻ വയ്യ.’’

‘‘തൽക്കാലം ഇത് മറന്നേക്കൂ. തക്ക സമയം വരുമ്പോൾ ആലോചിക്കാം.’’

പിറ്റേന്ന് വൈകീട്ട് കേണലി​ന്റെ വിളി വന്നപ്പോൾ അതിശയമായി സൗമിനിക്ക്. ഇവരൊക്കെ ത​ന്റെ വരവിനുവേണ്ടി കാത്തിരിക്കുകയായിരുന്നോ? ആരുമല്ലാത്ത ത​ന്റെ സാന്നിധ്യം അത്രയേറെ പ്രധാനപ്പെട്ടതാണോ ഇവർക്ക്? സാധാരണ സെക്രട്ടറി വിളിച്ചു ഫോൺ അദ്ദേഹത്തിന് കൊടുക്കാറാണ് പതിവെങ്കിലും ഇത്തവണ അദ്ദേഹം നേരിട്ട് വിളിക്കുകയായിരുന്നു.

അതും വീട്ടിൽനിന്ന്. പൊതുവെ ഓഫീസ് കാര്യങ്ങൾക്കായി അദ്ദേഹം ആരേയും വീട്ടിൽനിന്ന് ബന്ധപ്പെടാറില്ലെന്ന് കേട്ടിട്ടുണ്ട്. എല്ലാറ്റിലും വലിയ കണിശക്കാരനാണ് അദ്ദേഹം. പക്ഷേ ഈ വിളി വേറൊരു കാര്യത്തിനായിരുന്നു. പിറ്റേന്നത്തെ അത്താഴത്തിനുള്ള ക്ഷണം. കൂടെ മോളെയും കൊണ്ടുവരണം. യാതൊരു ഒഴികഴിവും പറയരുത്. അതു കഴിഞ്ഞു ഫോൺ ഭാര്യക്ക് കൈമാറിയത് സൗമിനിയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാനായിരുന്നു.

“വിളിച്ചത് നന്നായി മാഡം. ഞാനൊരു തനി പച്ചക്കറിക്കാരിയാണ്. പക്ഷേ എല്ലാറ്റിലും കൂടിക്കോളും എ​ന്റെ മോള് പാർവതി.” സൗമിനി പറഞ്ഞു.

“ഈ കുടുംബവും അങ്ങനെ തന്നെയായിരുന്നു. പക്ഷേ പട്ടാളജീവിതത്തിൽ ചിലതൊക്കെ ഒഴിവാക്കാനാവില്ലല്ലോ. പിന്നെ എന്തെങ്കിലും പ്രത്യേക ചോയ്‌സ്?”

“ഹേയ്, എന്തായാലും കുഴപ്പമില്ല.”

തീരെ കാക്കാതെയുള്ള ഈ വിളിയിൽ സൗമിനി ആദ്യം അന്തിച്ചുനിന്നെങ്കിലും ഒട്ടും പരിഭ്രമമില്ലായിരുന്നു പാർവതിക്ക്. അവൾ പ്രതീക്ഷിച്ചതായിരുന്നത്രെ ഇതുപോലെ എന്തെങ്കിലും. അത്താഴവിരുന്നിനുള്ള ക്ഷണമല്ലെങ്കിലും അവരുടെ ഓഫീസിൽ തനിച്ചൊരു കൂടിക്കാഴ്ചയെങ്കിലും. നിനക്ക് ത്രികാലജ്ഞാനമുണ്ടോ എന്നു അമ്മ ചോദിക്കുന്നതിനു മുമ്പ് തന്നെ അവൾ ഇടപെട്ടു.

 

‘‘സൊ സിമ്പിൾ മൈ ഡിയർ സൗമിനി ടീച്ചർ! അവരൊക്കെ പുതിയ തലമുറയല്ലേ? പഴയ ലാലാജിയുടെ കാലത്തെ ഉദ്ദേശ്യശുദ്ധിയൊന്നും കാണില്ല പിൻതലമുറക്ക്. ഇടപെടുന്ന എന്തിലും ഏതിലും പ്രയോജനം കിട്ടണം. അത്രന്നെ. ശുഭ് ലാഭ് എന്നല്ലേ അവരുടെ മോട്ടോ. പിന്നെ കൊറെക്കാലം പട്ടാളത്തിൽ ഉണ്ടായിരുന്നതുകൊണ്ട് ഈ കേണൽ കൊറച്ചൊക്കെ മാറിക്കാണും.”

“നമുക്കൊരു ഊണ് തന്നതുകൊണ്ട് എന്ത് പ്രയോജനമാണ് അവർക്ക് കിട്ടാൻ പോണത്?” തീരെ മനസ്സിലാകുന്നില്ല സൗമിനിക്ക്.’’

“ഇമേജ് ബിൽഡിങ്! പ്രതിച്ഛായ നന്നാക്കൽ തന്നെ. കാശ് കൊടുത്താൽ കിട്ടാത്തത്. എന്തു വല്ല്യ കച്ചവട സാമ്രാജ്യം കൊണ്ടുനടന്നാലും, അതുകൊണ്ട് കുറെ പേർക്ക് തൊഴിൽ കൊടുത്താലും അതിലൊന്നും വീഴാൻ പോണില്ല സാധാരണ ജനം. അതുകൊണ്ട് തന്നെയാണ് ഇങ്ങനത്തെ കൊറേ ധർമസ്ഥാപനങ്ങൾ കൊണ്ടുനടക്കണത്. അതായത് ഈ സമൂഹത്തിൽനിന്ന് ഉണ്ടാക്കുന്ന ലാഭത്തി​ന്റെ ഒരു ചെറിയ ശതമാനം തിരിച്ചുകൊടുക്കുക. അത്രന്നെ. മിക്ക കച്ചവട കുടുംബങ്ങളും ചെയ്യണത് അതന്നെ. അക്കൂട്ടത്തിൽ ഇവർ ചെറിയ പാർട്ടികളാണെന്ന് മാത്രം.”അപ്പോഴും സംശയമുണ്ട് സൗമിനിയുടെ മുഖത്ത്.

“അവരുടെ ഏതെങ്കിലുമൊരു സംരംഭവുമായി സൗമിനി ടീച്ചറെ ബന്ധപ്പെടുത്താനായിരിക്കണം ഈ അത്താഴ ഊട്ട്. പൊതുവെ അവരുടെ സാമ്രാജ്യത്തിലേക്ക് പുറത്തുനിന്നാരെയും കടത്താറില്ലെന്നാ കേട്ടിരിക്കണേ. അമ്മയാകുമ്പൊ ശാന്തിനഗറിൽ അൽപം സ്വീകാര്യതയുണ്ട്, ഒരു ശല്യവുമില്ലാതെ കൊണ്ടുനടക്കുകേം ചെയ്യാം. ആ കുടുംബത്തി​ന്റെ ഇത്രേം കാലം അടഞ്ഞുകെടന്ന വാതിൽ തുറന്നുകൊടുത്തതി​ന്റെ ഗമയും കാട്ടാം. മുമ്പൊരിക്കൽ ഞാനിതിനെപ്പറ്റി സൂചിപ്പിച്ചിരുന്നില്ലേ?”

“ഓ. അതൊക്കെ ഞാൻ അന്നേ മറന്നുകഴിഞ്ഞിരുന്നു.”

“ഒന്നും എളുപ്പത്തിൽ മറക്കുന്നയാളല്ല പാർവതി. എന്തേ ഈ വിളി ഇത്ര വൈകിയെന്നതിൽ മാത്രേ അതിശയമുള്ളൂ. കൂട്ടത്തിൽ രണ്ടൂന്ന് കാര്യങ്ങൾ പറഞ്ഞോട്ടെ. കേണൽ ഇത്തരം വിഷയങ്ങൾ കൊണ്ടുവരുമ്പൊ യാതൊരു അതിശയവും കാട്ടരുത്. സന്തോഷവും വേണ്ട. മുടക്കവും പറയരുത്. ഇതൊക്കെ എത്രയോ അർഹിക്കുന്നതാണെന്ന മട്ടിൽ ഒരു ചെറുചിരിയോടെ സ്റ്റൈലിൽ അങ്ങനെ ഇരുന്നാൽ മതി. ആലോചിച്ചു പറയാം എന്നോ മട്ടിൽ ഒരു കാച്ച് കാച്ചിക്കൊള്ളൂ, ഒട്ടും കുറയ്ക്കണ്ട.”

“ബ്രിങ്കിങ്‌ അപ് ഫാദർ എന്ന കാർട്ടൂൺ പരമ്പരയെപ്പറ്റി ഓർത്തുപോയി.” ചിരി വരുന്നുണ്ട് സൗമിനിക്ക്. “ഇവടെ ബ്രിങ്കിങ്‌ അപ് മദർ ആയെന്ന് മാത്രം.”

പിറ്റേന്ന് വൈകീട്ട് ഏഴര ആയപ്പോഴേക്കും അവരെ കൊണ്ടു പോകാൻ കേണലിന്റെ കാർ വന്നു. ഓട്ടോയിൽ ചെല്ലാമെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചു അവരുടെ വണ്ടിതന്നെ അയക്കുകയായിരുന്നു. മാരുതിയുടെ സ്വിഫ്റ്റ് കാർ കണ്ടപ്പോൾ അതിശയമായി പാർവതിക്ക്. ഇടത്തരക്കാര​ന്റെ, യാതൊരു കെട്ടിക്കാഴ്ചയുമില്ലാത്ത സാധാരണ വണ്ടി.

ആതിഥേയയായി കേണലി​ന്റെ ഭാര്യ ഉപചാരപൂർവം നിന്ന പ്പോൾ പകച്ചുപോയി സൗമിനി. മുടി കഴുത്തോളം മുറിച്ച പരിഷ്കാരി.

“ഭക്ഷണത്തിന് മുമ്പ് കുടിക്കാൻ എന്തെങ്കിലും?” അവർ ഭവ്യതയോടെ ചോദിച്ചു.

“ഇല്ല. ശീലമില്ല എനിക്ക്.”

“എന്നാലും ഒരു കമ്പനിക്ക് വേണ്ടി അൽപം വൈൻ. അല്ലെങ്കിൽ ജിൻ?”

“ഒന്നും വേണ്ട.”

“എന്നാൽ ബിയർ ആവാം. എല്ലാമുണ്ട് ഇവിടെ. എനിക്ക് ഭക്ഷണത്തിന് മുമ്പ് എന്തെങ്കിലും ചെറുതായി വേണം. പട്ടാളത്തിൽ നിന്ന് കിട്ടിയ ശീലം. സത്യത്തിൽ ലാലാജി കുടുംബത്തിലെ റെബലുകൾ ആണ് ഞങ്ങളൊക്കെ…”

ഇതൊക്കെ കണ്ടു രസിച്ചുകൊണ്ടിരുന്ന കേണൽ പെട്ടെന്ന് ഇടപെട്ടു.

“എന്നാലും ദാദാജിയുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒരു തരത്തിലും മായം ചേർക്കാൻ ഞങ്ങൾ അനുവദിക്കാറില്ല. പിന്നെ ഇതൊക്കെ ഞങ്ങളുടെ ചില സ്വകാര്യ ഇഷ്ടങ്ങൾ മാത്രം. കുടുംബത്തിലെ പുതിയ തലമുറക്കും അവരവരുടേതായ ചില അഭിരുചികൾ കാണും. ഞങ്ങളുടേത് വലിയൊരു കൂട്ടുകുടുംബമാണെന്ന് അറിയാമല്ലോ. എല്ലാവരും താമസിക്കുന്നത് ഈ കോമ്പൗണ്ടിലെ വെവ്വേറെ വീടുകളിൽ. പക്ഷേ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും പഴയ തറവാട്ടിലെ ഊൺമേശക്ക് ചുറ്റുമായി കുടുംബം മുഴുവനും ഒത്തുകൂടാറുണ്ട്. ദാദാജിയുടെ കാലത്തെ ഈ പഴക്കം ഇന്നും മുടങ്ങാതെ കൊണ്ടുനടക്കുന്നുണ്ട് ഞങ്ങൾ. പകൽസമയത്തു പലരും പുറത്തായിരിക്കും. അതുകൊണ്ട് അത്താഴത്തിനെങ്കിലും ഞങ്ങൾ ഒരുമിച്ചുണ്ടാവും. പൊതുവായ കാര്യങ്ങൾ ചർച്ചചെയ്യുന്നത് അപ്പോഴാണ്. ഇന്നത്തെപ്പോലെ ചില പ്രധാന അതിഥികൾ വരുമ്പോൾ മാത്രം ഞങ്ങൾ ഇവിടെ വേറെ…”

പിന്നീട് പാർവതി തന്നെ സൗമിനിയുടെ ഗ്ലാസിലേക്ക് അൽപം ചുവന്ന വൈൻ പകർന്നുകൊടുത്തു. പാർവതിക്കാണെങ്കിൽ തിരഞ്ഞെടുക്കാൻ പലതരം പാനീയങ്ങളുണ്ടായിരുന്നു.

കുറെ കഴിഞ്ഞു കസേര അടുപ്പിച്ചിട്ടു കേണൽ ചില പ്രധാന കാര്യങ്ങളിലേക്ക് കടന്നു. ഇതേവരെ ലാലാജി ചാരിറ്റബിൾ ട്രസ്റ്റിലെ അംഗങ്ങളായി ആ കുടുംബത്തിലുള്ളവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇത് കുറച്ചുകൂടി വിശാലമാക്കാൻ കുറെ നാളുകളായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലാലാജി സ്വപ്നം കണ്ട തരത്തിൽ പല മേഖലകളെയും ഉൾപ്പെടുത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ആകുമ്പോൾ അതി​ന്റെ ഇപ്പോഴത്തെ ഘടന പോരെന്ന് തോന്നി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, ധർമാശുപത്രികൾ തുടങ്ങി വ്യത്യസ്തമായ പലതും. അതുകൊണ്ട് പല മേഖലകളിലുമുള്ള പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച ചിലരെക്കൂടി ചേർക്കാതെ വയ്യ.

ട്രസ്റ്റി​ന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിൽ തങ്ങളുടെ കുടുംബത്തിൽനിന്നുള്ളവരെ മാത്രമേ ഇതിൽ ചേർക്കാവൂവെന്ന നിബന്ധനയൊന്നുമില്ലതാനും. വ്യവസായ വ്യാപാര സ്ഥാപനങ്ങളുടെ തലപ്പത്തു മികച്ച പ്രഫഷനലുകളെ കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പക്ഷേ ഇത് അങ്ങനെയല്ലല്ലോ. അങ്ങനെ ആലോചിച്ചു പോയപ്പോൾ മിക്കവരുടെയും ഉള്ളിൽ ആദ്യം കടന്നുവന്ന പേര് സൗമിനി ടീച്ചറുടേതാണ്. അക്കാര്യത്തിൽ യാതൊരു എതിരഭിപ്രായവുമില്ല കുടുംബത്തിലെ ആർക്കും. അന്നത്തെ പൊതുയോഗത്തിന് ശേഷം തന്നെ ഇക്കാര്യത്തിൽ ഏതാണ്ടൊരു തീരുമാനത്തിൽ എത്തിയിരുന്നെങ്കിലും ടീച്ചർ നാട്ടിൽനിന്ന് മടങ്ങിയെത്തിയിട്ട് സമ്മതം ചോദിക്കാമെന്ന് കരുതി.

പാർവതി പറഞ്ഞതുപോലെ ഒരു ചെറുചിരിയോടെ എല്ലാം കേട്ടിരുന്നശേഷം പിന്നീട് പറയാമെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു സൗമിനി. ശീലമില്ലാത്തതുകൊണ്ടാകാം, നിർദോഷിയായ വീഞ്ഞു കെട്ടിവരിയാൻ തുടങ്ങിയപ്പോൾ കഴിയുന്നതും വേഗം അവിടന്ന് രക്ഷപ്പെടാനായിരുന്നു സൗമിനിക്ക് തിടുക്കം.

“അടുത്താഴ്ചയോ മറ്റോ ആണ് ഇവരുടെ അടുത്ത യോഗം. അതിനു മുമ്പ് പറഞ്ഞാൽ അവിടെവച്ചു ഔപചാരികമായി തീരുമാനമെടുത്തു ടീച്ചറെ അകത്തേക്ക് ക്ഷണിക്കാമായിരുന്നു.” അങ്ങനെ പറഞ്ഞത് കേണലി​ന്റെ ഭാര്യയായിരുന്നു.

“അതെയതെ.” കേണൽ തലയാട്ടി.

“ആയിക്കോട്ടെ.” സൗമിനിയുടെ അലസമായ മറുപടി.

മടങ്ങുമ്പോൾ ഒരുപാട് പറയാനുണ്ടായിരുന്നു പാർവതിക്ക്. വണ്ടിയിൽവച്ച് മലയാളത്തി​ന്റെ പിൻബലമാകാമല്ലോ.

 

“അഭിനയത്തി​ന്റെ കാര്യത്തിൽ അവരെ കടത്തിവെട്ടി എ​ന്റെ അമ്മ.” ചിരി നിർത്താനാവുന്നില്ല അവൾക്ക്. “കേണലി​െന്റയും ഭാര്യയുടെയും വിനയത്തിനെ കടത്തിവെട്ടുന്ന പെർഫോമൻസ്.”

സൗമിനിയും തലയാട്ടി.

“എന്തായാലും, അടുത്തുതന്നെ സൗമിനി ടീച്ചറുടെ തൊപ്പിയിൽ രണ്ടു തൂവലുകൾ കേറാൻ പോകുകയാണ്.”

“രണ്ടാമത്തേത് ഏതാ മോളേ?”

“ശാന്തിനഗറിലെ കോർപറേറ്റർ. കൗൺസിലിലെ വിശാൽനഗറി​ന്റെ പ്രതിനിധി. ഇലക്​ഷൻ പ്രകടനം കാണാൻ പാർവതി ഉണ്ടാവില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി. എന്തായാലും അടുത്ത വർഷം നാട്ടിൽ ചെന്നിറങ്ങുന്നത് പുതിയൊരു അവതാരമായിരിക്കും, തീർച്ച.”

“ഒരുപാട് അർമാദിക്കല്ലേ പെണ്ണേ.”

“വേണെങ്കിൽ നോക്കിക്കോളൂ. പാർവതിക്ക്‌ മൂന്നാം കണ്ണുണ്ടെന്ന് അമ്മ തന്നെ പറയാറില്ലേ? എന്തായാലും അമ്മാമ്മക്ക് വാക്ക് കൊടുത്തുകഴിഞ്ഞു.”

വീട്ടിലെത്തിയിട്ടും കേണൽ പറഞ്ഞതിൽ പലതും താഴോട്ടിറങ്ങാൻ മടിക്കുകയാണ്. ഒരിക്കലും മരിക്കാത്ത കുറെ ഓർമകൾ. ഉണങ്ങാത്ത വ്രണത്തിൽ വീണ്ടും വീണ്ടും പറന്നെത്തുന്ന ഈച്ചയെപ്പോലെ… വ്രണങ്ങളിലേക്കും പഞ്ചസാരത്തുണ്ടുകളിലേക്കും പറന്നിറങ്ങുന്നത് ഒരേ ഈച്ച തന്നെ. ഏതോ കാലത്ത് ഏതോ നേരത്ത് ആരോടും പറയാതെ വീട് വീട്ടിറങ്ങാൻ തോന്നിയ പൊട്ടബുദ്ധിയെ ഒരുപാട് ശപിച്ചിട്ടുണ്ട് പിന്നീട്. എന്തെങ്കിലുമൊരു ചെറിയ ജോലിക്കായി ഇവിടത്തെ പല ഫാക്ടറികളിലും കടകളിലും കയറിയിറങ്ങി ഒരു രക്ഷയുമില്ലാതെ നിന്ന ഒരു കാലമുണ്ടായിരുന്നു. വലിയൊരു പരീക്ഷണഘട്ടം.

അന്നൊക്കെ സ്വന്തമായി ഒരു പേരില്ലാത്ത ഞാൻ പേരില്ലാത്ത ഒരു നഗരത്തിലെ ഏതൊക്കെയോ തെരുവുകളിലൂടെ അലഞ്ഞു നടക്കുന്നതായി തോന്നിയിട്ടുണ്ട്. വല്ലാത്തൊരു അപരിചിതത്വം. വിചിത്രമായൊരു പരിചയക്കേട്. മുമ്പ് ചെയ്‌ത എല്ലാ തെറ്റുകൾക്കുമുള്ള ശിക്ഷ. പിടിയിൽ നിൽക്കാത്ത മനസ്സുമായി നടക്കുമ്പോൾ ആത്മഹത്യയെക്കുറിച്ച് വരെ ആലോചിച്ചിരുന്നു. അന്ന് റെയിൽപാളങ്ങളെയും പുഴവക്കുകളെയും പോലും പേടിയായിരുന്നു. അപ്പോഴൊക്കെ മോളുടെ നിഷ്കളങ്കമായ മുഖമാണ് പിന്തിരിപ്പിച്ചുകൊണ്ടിരുന്നത്. അവൾക്ക് വേണ്ടിയെങ്കിലും ജീവിക്കാതെ വയ്യ. ത​ന്റെ തെറ്റുകൾക്കുള്ള ശിക്ഷ അവൾ ഏറ്റുവാങ്ങുന്നത് എന്തിന്?

സത്യത്തിൽ തൂപ്പുപണി വരെ ചെയ്യാൻ തയാറായിരുന്നു അന്ന്. എങ്ങനെയെങ്കിലും രണ്ടു വയറുകൾ നിറക്കണമെന്നത് മാത്രമായിരുന്നു അന്നത്തെ മോഹം. അങ്ങനെ എല്ലാ വഴികളും അടഞ്ഞുനിൽക്കുമ്പോഴാണ് അവസാനം ഒരു നിയോഗംപോലെ ആ സ്കൂളി​ന്റെ വാതിൽക്കൽ മുട്ടാൻ തോന്നിയത്. അന്നാ വാച്ച്മാൻ ആദ്യം ഗേറ്റ് തുറക്കാൻ മടിച്ചതായിരുന്നു. എന്തു പറഞ്ഞിട്ടും അകത്തേക്ക് കടത്തിവിട്ടില്ല. ഇതുപോലെ ജോലി തേടി പലരും വന്നു കാണണം. ഹെഡ് മാസ്റ്റർ തിരക്കിലാണ്, അപേക്ഷയുണ്ടെങ്കിൽ തപാലിൽ അയക്കാനാണ് അയാൾ പറഞ്ഞത്.

ഒടുവിൽ ത​ന്റെ തളർന്നു വലഞ്ഞ മുഖവും തെളിഞ്ഞ ഹിന്ദുസ്ഥാനിയുമാണ് ഹെഡ് മാസ്റ്ററുടെ അടുത്തുവരെ എത്തിച്ചത്. അദ്ദേഹമായിരുന്നു അലഞ്ഞുതിരിഞ്ഞു വന്ന ത​ന്റെ ആദ്യത്തെ വഴികാട്ടി. സയൻസിൽ ബിരുദമെടുത്തിട്ടുണ്ടെന്നു പറഞ്ഞപ്പോൾ കണക്ക് എടുക്കാമോ എന്നാണ് ആദ്യം ചോദിച്ചത്. ഏറ്റവും കൂടുതൽ കുട്ടികൾ തോറ്റിരുന്നത് ആ വിഷയത്തിലായിരുന്നത്രെ. പണ്ട് രാമചന്ദ്രൻ മാഷ് തെളിയിച്ച കണ്ണുകൾ പിന്നീട് ത​ന്റെ വഴികാട്ടിയായി മാറി. കണക്കി​ന്റെ കുരുക്കുകൾ അഴിക്കുന്ന ടീച്ചർ എന്ന പേര് കിട്ടി. അങ്ങനെ ഒടുവിൽ ആ നഗരംതന്നെ എന്നെ നെഞ്ചോട് ചേർത്തുപിടിക്കുകയായിരുന്നു. അങ്ങനെ ഒരു നീണ്ട യാത്ര… മായ്ച്ചാലും മായാത്ത പോയ കാലം.

ഒരുകാലത്ത് ആദ്യത്തെ കൈത്താങ്ങിനായി മുന്നോട്ട് വന്ന ലാലാജി ട്രസ്റ്റി​ന്റെ വിവിധ സ്ഥാപനങ്ങൾ. ആതുരാലയം. ധർമാശുപത്രി തുടങ്ങി പലതും. ഒടുവിൽ ചില സ്കൂളുകളും. ചുരുക്കത്തിൽ ആദ്യം സഹായിച്ചവർ ഇപ്പോൾ ത​ന്റെ സഹായം തേടുന്നു. ഒരുകാലത്ത് ഒരു ജോലിക്കായി കെഞ്ചിയ സ്കൂളി​ന്റെ ഭരണസമിതിയിൽ അംഗമാകുമ്പോൾ കാലചക്രം ഒരു മുഴുവൻ വട്ടവും കറങ്ങിയതുപോലെ. ഒരുകാലത്തു പാർവതിയുടെ പിഞ്ചുമുഖമാണ് തന്നെ മുന്നോട്ട് നയിച്ചിരുന്നതെങ്കിൽ മുതിർന്നതിന് ശേഷം അവൾ തന്നെ മുന്നിൽനിന്ന് നയിക്കുകയായിരുന്നു.

ഉതവിക്കായി ഒരു ആൺപാതിയില്ലാത്ത തനിക്ക് കിട്ടിയത് കരുത്തുള്ള ഒരു പെൺപാതി. ചാരാൻ ഒരു ചുമലില്ലാത്ത തനിക്ക് കിട്ടിയത് കരുത്തുള്ള ഒരു പെൺചുമൽ. വീട്ടിലെത്തിയിട്ടും കാറിൽനിന്നിറങ്ങാതെ എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്ന അമ്മയെ കണ്ടപ്പോൾ പാർവതിക്ക് ചോദിക്കാതിരിക്കാനായില്ല.

“എന്തേ ഇറങ്ങണ്ടേ? വീടെത്തി…”

സ്വപ്നത്തിലെന്നോണം പടവുകൾ കയറുകയാണ്. ആ കെട്ടിടത്തിലെ ലോബിയിലെ സോഫയിൽ ഇരിക്കുന്ന ആരൊക്കെയോ കൈ വീശിയതും കണ്ടില്ല. ലിഫ്റ്റിൽ ​െവച്ചാണ് തൊണ്ടയനക്കാനായത്.

“എന്തൊക്കെയോ ഓർത്തുപോയി.”

“പോയ കാലം തന്നെ വീണ്ടും..?”

“ആ…”

“ക്ലോക്കി​ന്റെ സൂചിപോലെ തിരിച്ചു​െവക്കാനാവില്ലല്ലോ അതൊക്കെ.”

“അറിയാത്തതല്ല. എന്നാലും ചെല ഓർമകൾ വിടാതെ പിന്തുടരുന്നു.”

”ഓർമകളില്ലാതെ ജീവിതമില്ലല്ലോ അമ്മേ. ഓർമകൾ ഇല്ലാതാകുമ്പഴാ അറിയാ ഓർമകളുടെ വെല.”

“ആ…” അലസമായ മറുപടി.

മാറിമറിയുകയാണ് രാപ്പകലുകൾ. ത​ന്റെ ഊഴം കഴിഞ്ഞതോടെ വെണ്മയുടെ കുപ്പായമഴിച്ചു രാജ്യഭാരം രാവിനു കൈമാറുമ്പോൾ പകൽ തേങ്ങി:

“ഇരുളേ, തെല്ലൊരു മടിയോടെയാണ് ഞാനിത് നിനക്ക് കൈമാറുന്നത്. നീയൊരു നീചനാണെന്ന് മാലോകർക്കെല്ലാം അറിയാം. നി​ന്റെ മറവിൽ എത്രയോ കുറ്റകൃത്യങ്ങളും വേണ്ടാതീനങ്ങളും നടക്കുന്നു. അവക്കെല്ലാം തിരശ്ശീലയൊരുക്കുന്നത് നി​ന്റെ ക്രൂരവിനോദം. എന്തായാലും അത്തരം കടുംകൈകളിൽനിന്ന് ശാന്തിനഗർ എന്ന ഈ പുണ്യഭൂമിയെ ദയവ് ചെയ്തു ഒഴിവാക്കുക. മഹാത്മജി ആശീർവദിച്ച, ലാലാജി സ്വപ്നം കണ്ട പുണ്യഭൂമി.”

നിത്യവും നടക്കാറുള്ള ആചാരങ്ങൾ. കണ്ടു പഴകിയ വെച്ചുമാറലുകൾ. ഔപചാരികമായ ദണ്ഡ് കൈമാറലുകൾ.

(ചിത്രീകരണം: സതീഷ്​ ചളിപ്പാടം)

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.