പ്രണയം സഹനം ആനന്ദം

ടോൾസ്റ്റോയി എപ്പോഴാണ് എ​ന്റെ ജീവിതത്തിൽ പ്രവേശിച്ചതെന്നെനിക്കോർമയില്ല. എ​ന്റെ പത്താം വയസ്സിലാണ് ഞാൻ ടോൾസ്റ്റോയിയുടെ കുട്ടിക്കാലം എന്ന കൃതി വായിച്ചത്. ഞാൻ അതിൽനിന്നും അനേകം താളുകൾ മനഃപാഠമാക്കി എന്നു പറഞ്ഞാൽ അതിനോടെനിക്കുണ്ടായ താൽപര്യം ഊഹിക്കാമല്ലോ. ടോൾസ്റ്റോയി ഭവനത്തിൽനിന്നും മുപ്പത്തിയഞ്ച് മൈലുകൾക്കകലെയായിരുന്നു എ​ന്റെ അമ്മയുടെ വീട്. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു. അതിനാൽ, കുട്ടിക്കാലത്തുതന്നെ അമ്മ ടോൾസ്റ്റോയിയുമായി പരിചയത്തിലായി. അമ്മക്ക് രണ്ടു വയസ്സിനു മൂപ്പുണ്ടെങ്കിലും അവർക്കിടയിൽ കൗമാരകാല കുതൂഹലമെന്നു...

ടോൾസ്റ്റോയി എപ്പോഴാണ് എ​ന്റെ ജീവിതത്തിൽ പ്രവേശിച്ചതെന്നെനിക്കോർമയില്ല. എ​ന്റെ പത്താം വയസ്സിലാണ് ഞാൻ ടോൾസ്റ്റോയിയുടെ കുട്ടിക്കാലം എന്ന കൃതി വായിച്ചത്. ഞാൻ അതിൽനിന്നും അനേകം താളുകൾ മനഃപാഠമാക്കി എന്നു പറഞ്ഞാൽ അതിനോടെനിക്കുണ്ടായ താൽപര്യം ഊഹിക്കാമല്ലോ. ടോൾസ്റ്റോയി ഭവനത്തിൽനിന്നും മുപ്പത്തിയഞ്ച് മൈലുകൾക്കകലെയായിരുന്നു എ​ന്റെ അമ്മയുടെ വീട്. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു.

അതിനാൽ, കുട്ടിക്കാലത്തുതന്നെ അമ്മ ടോൾസ്റ്റോയിയുമായി പരിചയത്തിലായി. അമ്മക്ക് രണ്ടു വയസ്സിനു മൂപ്പുണ്ടെങ്കിലും അവർക്കിടയിൽ കൗമാരകാല കുതൂഹലമെന്നു വിശേഷിപ്പിക്കാവുന്ന ഒരടുപ്പമുണ്ടായിരുന്നിരിക്കണം. ആ സൗഹൃദംമൂലമാണ് യുവാവായ ശേഷവും ഞങ്ങളെ സന്ദർശിക്കുവാൻ നിരന്തരമെന്നോണം ടോൾസ്റ്റോയി വന്നു പോയിക്കൊണ്ടിരുന്നത് – ഗൗരവശാലിയായ ഒരു കുടുംബസുഹൃത്ത്.

എ​ന്റെ അമ്മ പതിനാലാം വയസ്സിൽ വിവാഹിതയായി. ​െക്രംലിൻ കൊട്ടാരത്തിലെ ഒരു ഡോക്ടറായിരുന്ന വര​ന്റെ പ്രായമോ, മുപ്പത്തിനാല്. അമ്മ പതിമൂന്നുവട്ടം പ്രസവിച്ചതിൽ എട്ടു കുട്ടികളേ അവശേഷിച്ചുള്ളൂ. കൊട്ടാരത്തിൽതന്നെ ഞങ്ങൾക്കു താമസിക്കുവാൻ പ്രത്യേക ഔദ്യോഗികവസതി ഒരുക്കിത്തന്നിരുന്നുവെങ്കിലും ഞങ്ങളുടെ ജീവിതം ഒരിക്കലും മധ്യവർഗത്തിൽപെട്ടവരുടേതിനേക്കാൾ ഉയർന്നതൊന്നുമായിരുന്നില്ല. നാട്ടിൻപുറത്ത് അച്ഛന് സ്വന്തമായി ഒരു വീടുണ്ടായിരുന്നു എന്നതു മാത്രമായിരുന്നു സമ്പാദ്യം.

ടോൾസ്റ്റോയി സൗഹൃദസന്ദർശനത്തിനെത്തിയ ദിനങ്ങൾ ഞങ്ങൾ സഹോദരങ്ങൾ ചേർന്ന് ആഘോഷമാക്കുകയായിരുന്നു പതിവ്. എല്ലാ പ്രായക്കാരോടും അവരവർക്കു ചേർന്നവിധം ഇടപഴകുന്നതിനും എല്ലാവരെയും രസിപ്പിക്കുന്നതിനും ടോൾസ്റ്റോയിക്കു സാമർഥ്യമുണ്ടായിരുന്നുവല്ലോ. സോണിയ എന്നായിരുന്നു വീട്ടിൽ എന്നെ വിളിച്ചിരുന്നത്. മൂത്തസഹോദരി ലൈഡ ഇളയവൾ താനിയ പിന്നെ അഞ്ചു സഹോദരന്മാരും.

സ്വന്തം കാര്യങ്ങൾ താനേ നോക്കിനടത്തുവാൻ പ്രാപ്തരാകുംവിധമായിരുന്നു വീടിനുള്ളിലെ അന്തരീക്ഷം. തയ്യൽപ്പണിയും വീട്ടുജോലികളും പെൺകിടാങ്ങളെ അമ്മ പ്രത്യേകം അഭ്യസിപ്പിച്ചിരുന്നു. കുട്ടിക്കാലം തൊട്ടേ ഞാൻ ചിന്താമൂകയും പക്ഷേ, ഉത്സാഹഭരിതയുമായിരുന്ന​േത്ര. നിഷേധാത്മകചിന്തകളാവും ഏറിയകൂറും എന്നിലുളവാകുക. എന്തിലുമേതിലും വിഷാദാത്മകത ദർശിക്കുന്ന എന്നെ നോക്കി ഒരിക്കൽ അച്ഛൻ ഇങ്ങനെ അഭിപ്രായപ്പെട്ടു, ‘ദൈവമേ! ഈ സോണിയ ഒരിക്കലും ജീവിതത്തിൽ സന്തുഷ്ടി അനുഭവിക്കുവാൻ പോകുന്നില്ലേ?’ ആ നെടുവീർപ്പ് ഞാനിപ്പോഴും കേൾക്കുന്നു.

ഇളയകുട്ടികളെ പോറ്റിവളർത്തുന്നതിലും ഗൃഹഭരണത്തിലും ഞാൻ അമ്മക്ക് വലിയ സഹായമായി. സംഗീതത്തിലും ചിത്രരചനയിലുമുള്ള എ​ന്റെ കഴിവുകൾ അമ്മ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കഥകളും ഡയറിക്കുറിപ്പുകളും എഴുതിത്തുടങ്ങിയ കാലത്താണ് അമ്മ ‘കുട്ടിക്കാലം’ വായിക്കുവാൻ തന്നത്. ഞങ്ങളുടെ വീട്ടിലെ ചെറിയ പുസ്​തകശേഖരത്തിലേക്ക് അതോടെയാണ് എ​ന്റെ ശ്രദ്ധ തിരിഞ്ഞത്.

അച്ഛനും അമ്മയും മരിച്ചുപോയതിനാൽ ടോൾസ്റ്റോയിക്ക് കുടുംബ ജീവിതത്തി​ന്റെ സന്തുഷ്ടി അനുഭവിക്കുവാൻ കഴിഞ്ഞിരുന്നില്ല. പ്രാണനെപ്പോലെ സ്​നേഹിച്ചിരുന്ന ജ്യേഷ്ഠനാകട്ടെ ക്ഷയരോഗ ബാധയാൽ മരണമടയുകയും ചെയ്തു. ബാല്യകാലസഖിയായ എ​ന്റെ അമ്മയെത്തേടി എത്തുന്നതിലൂടെ തനിക്ക് നഷ്ടപ്പെട്ട കുടുംബ ജീവിതത്തി​ന്റെ സന്തുഷ്ടി കാണുകയും ആസ്വദിക്കുകയുമായിരുന്നു അദ്ദേഹത്തി​ന്റെ ലക്ഷ്യം.

അ​​ങ്ങ​​നെ​​യി​​രി​​ക്കെ സൈ​​നി​​ക​​നാ​​യി​​രു​​ന്ന ടോ​​ൾ​​സ്റ്റോ​​യി​​ക്ക് യു​​ദ്ധ​​മു​​ഖ​​ത്തേ​​ക്ക് പോ​​കേ​​ണ്ടി​​വ​​ന്നു. ഞാ​​ൻ അ​ത്യ​ന്തം ഖി​ന്ന​യാ​യി. പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​പ്പോ​ൾ ഞാ​ൻ പൊ​ട്ടി​പ്പൊ​ട്ടി​ക്ക​ര​ഞ്ഞു. യു​ദ്ധ​മു​ഖ​ത്തേ​ക്ക് ഞാ​നും ഒ​രു ശു​ശ്രൂ​ഷ​ക​യാ​യി പോ​കു​മെ​ന്നും ടോ​ൾ​സ്റ്റോ​യി​യെ ശു​ശ്രൂ​ഷി​ക്കു​മെ​ന്നൊ​ക്കെ ഞാ​ൻ ക​ര​ച്ചി​ലി​നി​ട​യി​ൽ പി​റു​പി​റു​ത്തു. അ​ന്നെ​നി​ക്ക് വെ​റും പ​ത്തു വ​യ​സ്സേ ഉ​ള്ളൂ. എ​​ന്റെ ആ ​മോ​ഹം വി​ധി പി​ന്നീ​ട് സ​ഫ​ലീ​കൃ​ത​മാ​ക്കി. ജീ​വി​താ​ന്ത്യ​ത്തോ​ളം എ​നി​ക്ക് ടോ​ൾ​സ്റ്റോ​യി​യെ ശു​ശ്രൂ​ഷി​ക്കു​വാ​നു​ള്ള ഭാ​ഗ്യം കൈ​വ​ന്നു –മ​ര​ണ​ക്കി​ട​ക്ക​യി​ലൊ​ഴി​ച്ച്.

സൈനിക സേവനത്തിൽനിന്നും വിശ്രമിക്കുമ്പോഴേക്കും ടോൾസ്റ്റോയി സാഹിത്യകാരനെന്ന നിലയിൽ റഷ്യയിൽ പരക്കെ അറിയപ്പെട്ടു കഴിഞ്ഞിരുന്നു. ചക്രവർത്തിപോലും തുടക്കത്തിൽ ടോൾസ്റ്റോയിയുടെ വായനക്കാരനായിരുന്നുവെങ്കിലും പിന്നീട് ടോൾസ്റ്റോയിയുടെ അഭിപ്രായഗതികൾ ഭരണകൂടത്തിനെ ചോദ്യംചെയ്യുമെന്ന നിലയായപ്പോൾ അവർ തമ്മിൽ തെറ്റി. ത​ന്റെ ദൃഷ്ടിയിൽ ദേശ​േദ്രാഹിയായി മാറിയ ടോൾസ്റ്റോയിയെ ഭയന്നാണ് പിന്നീട് ചക്രവർത്തി ജീവിച്ചതെന്നു പറയേണ്ടിവരും. ടോൾസ്റ്റോയി ജീവിതാവസാനം വരെ നിർഭയനായിരുന്നു.

2

ആയിടെ ടോൾസ്റ്റോയി ഒരു വിദേശയാത്ര പോയി. നാലു വർഷത്തിനുശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്. വന്നപാടെ ഞങ്ങളെത്തേടി വന്നു. എന്നെയും സഹോദരിമാരെയും ആദ്യം അദ്ദേഹത്തിനു തിരിച്ചറിയുവാൻ കഴിഞ്ഞില്ല. അത്രയേറെ നാലു വർഷം ഞങ്ങളെ മാറ്റിത്തീർത്തിരുന്ന​േത്ര.

ഇത്തരം നിരന്തര സന്ദർശനങ്ങൾ ആളുകൾക്കിടയിൽ പെട്ടെന്ന് ചർച്ചാവിഷയമായി മനഃക്ലേശങ്ങളിൽനിന്നും രക്ഷനേടാൻ തക്ക ഒരു സൗഹാർദാന്തരീക്ഷം തേടുക എന്നതിലുപരിയായ ലക്ഷ്യങ്ങൾ അദ്ദേഹത്തിനുണ്ടെന്ന് അവർ കുശുകുശുത്തു. മൂത്തപുത്രിയായ ലൈഡയെ വിവാഹം കഴിക്കുവാൻ ടോൾസ്റ്റോയി ആഗ്രഹിക്കുന്നുണ്ടാവാമെന്നാണ് എ​ന്റെ അച്ഛനമ്മമാർ തെറ്റിദ്ധരിച്ചത്. അവർക്കാണെങ്കിൽ ആ ബന്ധം സ്വീകാര്യമാണ് താനും. എന്നാൽ, എന്നെയാണ് ടോൾസ്റ്റോയി നിഗൂഢമായി മോഹിച്ചിരുന്നതെന്ന സത്യം ആരുമേയറിഞ്ഞില്ല –ഞാൻപോലും.

മോസ്​കോ യൂനിവേഴ്സിറ്റിയിൽനിന്നും ഞാൻ ബിരുദം നേടിയതോടെ എ​ന്റെ കൗമാരകാലഘട്ടം അവസാനിച്ചു. പഠനശേഷം ഒരു ചെറിയ ഇടവേള മാത്രമേ എനിക്ക് ലഭിച്ചുള്ളൂ. ആ സമയം ഞാൻ യഥാവിധി ഉപയോഗപ്പെടുത്തിയതാണ് ഇന്നുമെ​ന്റെ മൂലധനം. ഞാൻ കണക്കറ്റ് വായിച്ചു തള്ളി. സംഗീതത്തിലും ചിത്രരചനയിലും ഛായാഗ്രഹണത്തിലുമൊക്കെ സാമാന്യപരിശീലനം നേടുകയുമുണ്ടായി.

എ​ന്റെ വീടിനരികിലുള്ള ഒരിടവഴിയിലൂടെ ടോൾസ്റ്റോയിയോടൊപ്പം നടക്കവെ ഞാൻ ഒരു നോവൽ എഴുതി എന്ന രഹസ്യം അദ്ദേഹത്തെ അറിയിക്കുകയുണ്ടായി. ലജ്ജയോടെ മടിച്ചുമടിച്ചു ഞാനാക്കാര്യം അവതരിപ്പിച്ചു എന്നാണ് പറയേണ്ടത്. ആ നോവൽ തനിക്ക് വായിക്കാൻ തരണമെന്ന് അദ്ദേഹം നിർബന്ധിച്ചുവെങ്കിലും ഞാൻ വഴങ്ങിയില്ല. ഈ സംഭവം അദ്ദേഹത്തെ വല്ലാതെ അസ്വസ്​ഥനാക്കി. താൻ ഒരു വൃദ്ധനായി കഴിഞ്ഞുവെന്നും സോണിയയെ മോഹിച്ചത് തെറ്റായിപ്പോയെന്നും തനിക്കു തോന്നിയെന്ന് പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞു. അതോടെ വീട്ടിലേക്കുള്ള വരവ് അദ്ദേഹം അവസാനിപ്പിച്ചു.

പല ദിവസങ്ങളിലും ഞാൻ സായന്തനങ്ങളിൽ ടോൾസ്റ്റോയി വരുമെന്ന പ്രതീക്ഷയിൽ മുഴുകി പൂന്തോട്ടത്തിൽ പോയി കാത്തിരിക്കുമായിരുന്നു. എ​ന്റെ ഉത്കണ്ഠകൾ പെരുകിപ്പെരുകി വന്നു. നൈരാശ്യത്തിലേക്കു പതിക്കുന്നതിനു മുമ്പ് അദ്ദേഹം വന്നെത്തി. സമാരായിലെ ക്ഷയരോഗാശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ആ വരവ്, ത​ന്റെ ജ്യേഷ്ഠനെപ്പോലെ താനും ക്ഷയരോഗ ബാധിതനാകുമോ എന്ന ചിന്ത ടോൾസ്റ്റോയിയെ അലട്ടിയിരുന്നു. പതിവിനു വിപരീതമായി ആരോടും ഒന്നും സംസാരിക്കാതെ ഒരു കോണിൽ മ്ലാനിയായി അദ്ദേഹം ഇരിപ്പുറപ്പിച്ചു. ഭക്ഷണത്തിനുള്ള ക്ഷണം അദ്ദേഹം നിരസിച്ചില്ല. അന്നു രാത്രി ഞാൻ ഏറെ ദുഃഖപരവശയായി അദ്ദേഹത്തിനുവേണ്ടി മുട്ടുകുത്തി പ്രാർഥിച്ചു. താനിയ എ​ന്റെ ഭാവമാറ്റങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അടുത്ത വട്ടം വീട്ടിലേക്കു വരുന്നതിനു മുമ്പേതന്നെ എ​ന്റെ കാര്യത്തിൽ ടോൾസ്റ്റോയി തീരുമാനിച്ചുറപ്പിച്ചിരുന്നു. ഞാനെഴുതിയ നോവൽ വായിക്കണമെന്ന ആഗ്രഹം വീണ്ടും അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ ഞാനാ കൈയെഴുത്തുപ്രതി വികാരവൈവശ്യത്തോടെ കൈമാറി. എ​ന്റെ ഭാവി ഭർത്താവിനാണ് അത് നൽകുന്നതെന്ന ബോധ്യം എനിക്കുണ്ടായിരുന്നുവോ? അന്നു രാത്രി ഒറ്റയടിക്കുതന്നെ അദ്ദേഹം ആ നോവൽ വായിച്ചു തീർത്തു. ആത്മകഥാപരമായ ആ നോവലിലെ നായിക ഞാനും നായകകഥാപാത്രം അദ്ദേഹവുമായിരുന്നു. അക്കാര്യം അദ്ദേഹത്തിന് സുവ്യക്തമായതോടെയാണ് എനിക്കൊരു േപ്രമലേഖനമെഴുതുവാൻ അദ്ദേഹം ധൈര്യപ്പെട്ടത്.

ആ കത്തും കീശയിലിട്ട് മൂന്നുതവണയെങ്കിലും പരിഭ്രമത്തോടെ എന്നെ അദ്ദേഹം സമീപിച്ചിട്ടുണ്ട്. ഒറ്റയടിക്കു നിരസിക്കപ്പെടുമോ എന്ന ഭയമാവും അദ്ദേഹത്തെ അപ്പോഴൊക്കെ പിന്തിരിപ്പിച്ചിരിക്കുക. ഒടുവിൽ ഒരു സന്ധ്യക്ക്, മങ്ങിയ വെളിച്ചത്തിൽ പൂങ്കാവിൽവെച്ച് അത്യന്തം വിറയാർന്ന മനസ്സോടെ ആ കത്ത് അദ്ദേഹം എനിക്കു തന്നു. ആ കത്ത് ഈ മട്ടിലായിരുന്നു. പ്രത്യക്ഷരം ഇന്നും എ​ന്റെ സ്​മരണയിലുണ്ട്. പലതരം സഹനങ്ങളിൽപ്പെട്ട് നിദ്രാരഹിതങ്ങളായ രാത്രികൾ കഴിച്ചുകൂട്ടേണ്ടി വന്നപ്പോഴൊക്കെ ഈ കത്ത് കിട്ടിയ അവസരം എ​ന്റെ ഓർമയിൽ വ്യക്തമായി തെളിഞ്ഞുവരാറുണ്ട്. അത് മാഞ്ഞുപോകാൻ സമയമെടുക്കുകയും ചെയ്യും.

സോഫിയ ആേന്ദ്രവ്ന, എനിക്കിതു ദുഃസ്സഹമായിരിക്കുന്നു. മൂന്നാഴ്ചകളോളമായി ഞാൻ ഇതടക്കിപ്പിടിച്ചു കഴിയുന്നു. എന്നും രാത്രി ഞാൻ ഇവിടെ വന്നുപോകുന്നുണ്ടെങ്കിലും ഭീതിയും പശ്ചാത്താപവും സങ്കടവുമൊക്കെക്കലർന്ന് ഞാൻ ഭഗ്നാശനായിത്തീരുകയാണ് പതിവ്.

ഒരിക്കൽ നിങ്ങളെയൊക്കെ കുട്ടികളെയെന്ന​പോലെ സ്​നേഹിക്കുവാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നു. കുറച്ചുകാലം മുമ്പായിരുന്നുവെങ്കിൽ എനിക്ക് നിങ്ങളൊക്കെയുമായുള്ള ബന്ധം വേർപെടുത്തുന്നതിനും എ​ന്റെ ഏകാന്തതയിലേക്ക് പിൻവലിയുന്നതിനും ക്ലേശമുണ്ടാകുമായിരുന്നില്ല. ഇനി അങ്ങനെ കഴിയുകയില്ല. ഒരു മാന്യനെപ്പോലെയാണ് നിങ്ങൾ എന്നെ കരുതിപ്പോരുന്നത്. ആ സ്വീകരണ സന്നദ്ധതയെ ഞാൻ മലിനമാക്കുകയാണോ എന്നിപ്പോൾ ശങ്കിക്കുന്നു. വലിയ ഒരു ധർമസങ്കടത്തിലാണ് ഞാനകപ്പെട്ടിരിക്കുന്നത്. വിശ്വസ്​തയും നിഷ്കളങ്കയുമായ ഒരു പെൺകിടാവാണ് നീ. ദയവായി ഞാൻ എന്താണിനി ചെയ്യേണ്ടതെന്ന് നെഞ്ചിൽ കൈ ചേർത്തുവെച്ച് നീ പറയുക. നീ എ​ന്റെ ഭാര്യയായിരിക്കുമോ? പൂർണമനസ്സോടെ ‘ഉവ്വ്’ എന്നു പറയാൻ കഴിയുമെങ്കിൽ മാത്രം സമ്മതിക്കുക.

അഥവാ, സംശയത്തി​ന്റെ നേരിയ നിഴലെങ്കിലുമുണ്ടെങ്കിൽ ‘ഇല്ല’ എന്നും പറഞ്ഞേക്കൂ. ആഴത്തിൽ ചിന്തിച്ചശേഷം മാത്രം മതി മറുപടി. നീ എന്നെ തിരസ്​കരിക്കുമെന്ന് ചിന്തിക്കുവാൻപോലും എനിക്കു വയ്യ... എങ്കിലോ, ആ തിരസ്​കാരം താങ്ങുവാനുള്ള ശക്തി എന്നിലുണ്ട് താനും. പക്ഷേ, ഞാൻ നിന്നെ എത്രമേൽ സ്​നേഹിക്കുന്നുവോ അത്രമേൽ നീയുമെന്നെ സ്​നേഹിക്കുന്നില്ലെങ്കിൽ അതാവും ഏറ്റവും ഭയാനകം. ഞാൻ കത്തു വായിച്ചശേഷം മുറിക്കകത്തു കയറി വാതിലടച്ചു. എന്തോ സംഭവിച്ചിരിക്കുന്നുവെന്ന് അമ്മ അതിനകം മണത്തറിഞ്ഞു കഴിഞ്ഞിരുന്നു താനും.

ടോൾസ്റ്റോയിക്കും എ​ന്റെ ചേച്ചി ലൈഡയെ വിവാഹം കഴിച്ചു കൊടുക്കുന്നതിനെപ്പറ്റി മാതാപിതാക്കൾ താൽപര്യപ്പെട്ടിരുന്നുവല്ലോ. ടോൾസ്റ്റോയി തന്നിൽ അനുരക്തനാണെന്നും അദ്ദേഹം അവളെ വിവാഹം കഴിക്കുമെന്നും ആ പാവം വ്യാമോഹിക്കുകയും ചെയ്തിരുന്നു. ടോൾസ്റ്റോയി എന്നോട് വിവാഹാഭ്യർഥന നടത്തിയ വിവരം താനിയതന്നെയാണ് അമ്മയോട് പറഞ്ഞത്. മൂത്ത പുത്രി അവിവാഹിതയായി നിൽക്കുമ്പോൾ ഇളയവളെ വിവാഹം കഴിപ്പിച്ചയക്കാൻ പാരമ്പര്യവാദിയും ജനസമ്മതനുമായ പിതാവിന് കഴിയുമായിരുന്നില്ല.

ആഭിജാത്യത്തിന് നിരക്കാത്തതാവും ഈ കീഴ്മേൽ മറിച്ചിലെന്നും ഇതി​ന്റെ വരുംവരായ്കകൾ താങ്ങാൻ തനിക്കാവില്ലെന്നും പിതാവ് നീറി. എന്നാൽ, അമ്മ പ്രായോഗികമതിയായിരുന്നു. താനിയക്കുണ്ടായ മോഹഭംഗത്തിൽ അവർ വ്യസനചിത്തയായെങ്കിലും പ്രസിദ്ധനും ധനികനുമായ ടോൾസ്റ്റോയിയെ നിരസിക്കുക ബുദ്ധിയാവില്ലെന്ന് അമ്മ തിരിച്ചറിഞ്ഞു. സമ്പന്നമായ ഒരു ഭാവി ടോൾസ്റ്റോയിയെ കാത്തിരിക്കുന്നുവെന്ന് അവർ ദീർഘദർശനം ചെയ്തിരുന്നു.

രണ്ടോ മൂന്നോ ദിവസത്തെ ഉപദേശനിർദേശങ്ങൾക്കനുസരിച്ച് ലൈഡ വഴങ്ങി. അവൾ പ്രദർശിപ്പിച്ച മഹാമനസ്​കത പിതാവിനെ ആശ്ചര്യപരതന്ത്രനാക്കി. ത​ന്റെ സഹോദരി സന്തോഷമായിക്കഴിയേണ്ടത് ത​ന്റെകൂടി ആഗ്രഹമാണെന്ന് ഹൃദയപൂർവം അവൾ പറഞ്ഞു. ആ ത്യാഗസന്നദ്ധത സകലരെയും കീഴടക്കി. ഈ സമയത്തൊക്കെ ഞാൻ മുറിയടച്ചിരുന്നു കരയുകയായിരുന്നു. എ​ന്റെ കണ്ണീരും അച്ഛന്റെ മാനസാന്തരത്തിന് കാരണമായിട്ടുണ്ടാവാം.

പ്രതീക്ഷിച്ചിരിക്കാത്ത ഒരു തടസ്സം പിന്നെയും വന്നുചേർന്നു. ബിരുദ പഠനകാലത്ത് ഒരു യുവാവ് എന്നോട് പ്രണയാഭ്യർഥനയുമായി പിന്നാലെ കൂടിയിരുന്നു. ഞങ്ങൾക്കിടയിൽ സരളമായ ഒരു സൗഹൃദമാണുണ്ടായിരുന്നത്, പ്രണയമല്ല. പ്രണയാഭ്യർഥന ഞാൻ നിരസിക്കുകയും ചെയ്തിരുന്നു. ടോൾസ്റ്റോയിയുടെ രംഗ പ്രവേശത്തോടെ ആ യുവാവ് സംഭ്രാന്തനായി. നടന്ന കാര്യങ്ങൾ ഞാൻ അയാളെ എഴുതിയറിയിക്കുകയും ചെയ്തിരുന്നു. കത്ത് കിട്ടും മുമ്പേതന്നെ അവൻ ഏതോ മാർഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കി ഓടിക്കിതച്ചു വീട്ടിൽ കയറിവന്നു. അച്ഛൻ അവനെ മാറ്റിനിർത്തി വിശദമായി സംസാരിച്ച് സമാധാനിപ്പിച്ചുവെങ്കിലും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവൻ സ്​ഥലം വിട്ടത്. പിന്നീട് ഒരിക്കലും ഞാനവനെ കണ്ടിട്ടേയില്ല. പോളിനോവ് എന്നായിരുന്നു ആ അനാഗതശ്മശ്രുവി​ന്റെ പേര്.

എത്രയും വേഗം വിവാഹം നടത്തണമെന്ന് ടോൾസ്റ്റോയി ശഠിച്ചു. അന്നേക്ക് അദ്ദേഹത്തിന് മുപ്പത്തിയഞ്ചു വയസ്സായി കാണണം. ഒരു മനുഷ്യായുസ്സിന് അനുഭവിക്കാവുന്നത്ര ആഘോഷങ്ങളിലൂടെ അതിനകം അദ്ദേഹം കടന്നുപൊയ്ക്കഴിഞ്ഞിരുന്നു. സൈന്യസേവനവും സാഹിത്യവൃത്തിയും മാത്രമല്ല നായാട്ടും പരസ്​ത്രീഗമനവുമെന്നു വേണ്ട ടോൾസ്റ്റോയി സഞ്ചരിക്കാത്ത മാർഗങ്ങൾ വിരളമായിരുന്നു. യുദ്ധത്തിൽ അദ്ദേഹം മനുഷ്യരെ വധിച്ചിട്ടുപോലുമുണ്ട​േത്ര. പ്രതിശ്രുതവധു ത​ന്റെ ഭൂതകാലം അറിഞ്ഞിരിക്കണമെന്ന ആശയത്താൽ ത​ന്റെ പഴയ ഡയറികൾ അദ്ദേഹമെനിക്കു വായിക്കാൻ തന്നു.

അപഥസഞ്ചാരങ്ങളും ദുർനടപടികളും അതേപടി തുറന്നെഴുതിയിട്ടുണ്ടായിരുന്നു അവയിൽ. ആ ദിനസരിക്കുറിപ്പുകൾ വായിച്ച് ഞാൻ ഞെട്ടിപ്പോയി. ഒരു മനുഷ്യന് എത്രമാത്രം അധഃപതിക്കുവാൻ കഴിയുമെന്നതിനുള്ള സാക്ഷിപത്രങ്ങളായിരുന്നു ആ കുറിപ്പുകൾ. അന്നുവരേക്കും ഞാൻ പുണ്യപുരുഷനായിക്കരുതിയിരുന്ന മനുഷ്യന് ഒരു ചെകുത്താ​ന്റെ മുഖമുണ്ടായിരുന്നുവെന്ന തിരിച്ചറിവ് എന്നെ തകർത്തുകളഞ്ഞു.

വിവാഹദിനം സമാഗതമായി. അന്നു രാവിലെ പ്രതിശ്രുത വരൻ അത്യന്തം ക്രുദ്ധനായി എ​ന്റെ വീട്ടിലേക്കു വന്നു. പോളിനോവുമായി എനിക്കുണ്ടായിരുന്ന സൗഹൃദം ടോൾസ്റ്റോയിയെ ആരോ ധരിപ്പിച്ചിരിക്കുന്നു. േക്രാധം പുറത്തു പ്രകടിപ്പിക്കാതെ ആ വിഷയം അമ്മയുമായി അദ്ദേഹം ചർച്ചചെയ്തു. തന്നോടുള്ള സ്​നേഹത്തിൽ എന്തെങ്കിലും കലർപ്പുണ്ടെങ്കിൽ സത്യസന്ധമായി തുറന്നു പറയണമെന്ന് എന്നെ നോക്കി മുരളുകയും ചെയ്തു. ഞാൻ പൊട്ടിക്കരഞ്ഞു പോയി. അമ്മയുടെ സകലനിയന്ത്രണങ്ങളും നഷ്ടപ്പെട്ട നിലയായി. കഠിനമായ ശകാരം കേട്ട് ടോൾസ്റ്റോയി സ്​ഥലം വിട്ടു. വൈകീട്ട് വിവാഹം നടന്നു.

 

3

5400 ഏക്കർ വിസ്​താരം വരുന്ന ‘യാസ്​നായ പോള്യാന’ എന്ന ഒരു എസ്റ്റേറ്റിലേക്കാണ് വരൻ എന്നെ കൂട്ടിക്കൊണ്ടുപോയത്. പുരാതന മട്ടിൽ നിർമിച്ച കൊട്ടാരംപോലെയുള്ള ഒരു സൗധമാണ് തറവാട്. ചുറ്റിനും വൻമരങ്ങൾ കരുത്തുറ്റ ശാഖകൾ വിടർത്തി തണൽ പടർത്തി നിൽക്കുന്നു. ഈറനും പഴക്കവും മണക്കുന്ന അന്തരീക്ഷം. മൂന്ന് അമ്മായിമാർ മാത്രമേ ആ രാവണൻ കോട്ടയിലുണ്ടായിരുന്നുള്ളൂ. ഗൃഹഭരണം സാവധാനം അവർ എന്നെയേൽപിച്ചു.

ഗ്രാമീണജീവിതം എനിക്കപരിചിതമായിരുന്നുവെങ്കിലും പുതിയ സാഹചര്യങ്ങളുമായി ഞാൻ പെട്ടെന്നിണങ്ങി. പുതിയ യജമാനത്തിയായി ഭൃത്യരും കർഷകത്തൊഴിലാളികളും എന്നെ വരവേറ്റു. കൃഷിക്കാരുടെ കുട്ടികൾക്കായുള്ള സ്​കൂളിൽ ഞാൻ ഇടക്കിടെ അധ്യാപികയായി സേവനം ചെയ്യാനും തുടങ്ങി. ചെടികൾ നട്ടുപിടിപ്പിച്ചും പുസ്​തകങ്ങൾ വായിച്ചും തുന്നിയും ഞാൻ സമയം ചെലവഴിച്ചു. കർഷകരുടെ കുട്ടികളുമായി ചിലപ്പോഴൊക്കെ അധികം ദൂരേക്കല്ലാതെയുള്ള വിനോദയാത്രകളും സംഘടിപ്പിച്ചു.

അപ്പോഴൊക്കെയും ഒരു ചിന്ത വിട്ടൊഴിയാതെ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. രണ്ടായിരത്തിലധികം കർഷകത്തൊഴിലാളികളാണ് ആ എസ്റ്റേറ്റിൽ പണിയെടുത്തിരുന്നത്. അവരിൽ ഒരാളായ അക്സീനിയയാണ് ഞാൻ അന്വേഷിച്ചുകൊണ്ടേയിരുന്നത്. അവളെപ്പറ്റി ടോൾസ്റ്റോയിയുടെ ഡയറിയിൽ പരാമർശമുണ്ടായിരുന്നു. സ്വന്തം ഛായയിലുള്ള ഒരു കുട്ടിതന്നെ അവളിൽ ടോൾസ്റ്റോയിക്കു പിറക്കുകയുണ്ടായ​േത്ര. അവളോടുള്ള അഭിനിവേശം ടോൾസ്റ്റോയിയിൽ ഇപ്പോഴും ജ്വലിക്കുന്നുണ്ടോ എന്ന് എനിക്കറിയണമായിരുന്നു.

അവകാശം സ്​ഥാപിക്കുന്നതിനായി അക്സീനിയ കയറിവരുമോ? ഞാനവളെ കണ്ടെത്തി. ദൂരെനിന്നും നിരീക്ഷിച്ചപ്പോൾ അവൾക്കിപ്പോൾ പറയത്തക്ക സൗന്ദര്യമില്ലെന്നും തിരിച്ചറിഞ്ഞു. അതെനിക്കാശ്വാസം നൽകി. പലപ്പോഴും ഞാൻ വേഷപ്രച്ഛന്നയായി ടോൾസ്റ്റോയിയുടെ പിന്നാലെ പോയിട്ടുണ്ടെന്ന് ലജ്ജയോടെ ഓർമിക്കുന്നു. വിവാഹത്തിനുശേഷം അന്യസ്​ത്രീകളെത്തേടി എ​ന്റെ ഭർത്താവ് പോയിട്ടില്ല എന്ന് ആയിടെതന്നെ എനിക്ക് സ്വയം ബോധ്യപ്പെടുവാനും കഴിഞ്ഞു.

മധുവിധു കാലഘട്ടത്തിൽത്തന്നെ ഞങ്ങൾക്കിടയിൽ കലഹമാരംഭിച്ചിരുന്നു. തികഞ്ഞ വ്യക്തിത്വങ്ങൾക്കുടമകളായിരുന്നു ഞങ്ങളിരുവരും എന്നതാണതിനു കാരണം. അഭിപ്രായ ധീരതയും വിശ്വാസദാർഢ്യവും കൈവെടിഞ്ഞു ജീവിക്കുവാൻ എനിക്കാകുമായിരുന്നില്ല. അതേസമയം, ഞങ്ങൾ ശുദ്ധാത്മാക്കളുമായിരുന്നു. വഞ്ചനാപരമായി അഭിനയിക്കുവാൻ എന്നെ ഒരിക്കലും കിട്ടുകയില്ല. എ​ന്റെ ഭർത്താവി​ന്റെ അഭിപ്രായഗതികൾ അംഗീകരിക്കുവാൻ തുടക്കത്തിൽ എനിക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, ആ സ്വഭാവത്തിൽ ഭ്രാന്തി​ന്റെ അംശമുണ്ടോ എന്നുപോലും ഞാനത്ഭുതപ്പെട്ടിട്ടുമുണ്ട്.

അക്സീനിയയെക്കുറിച്ചുള്ള സംശയരോഗം എന്നെ ഇടക്കിടെ വീണ്ടും ബുദ്ധിമുട്ടിച്ചു. ഇതേ പ്രശ്നം എ​ന്റെ ഭർത്താവിലും ഞാൻ കണ്ടു. ആരോടെങ്കിലും ഞാൻ അൽപമെങ്കിലും സ്​നേഹത്തിൽ പെരുമാറുന്നുവെന്നിരിക്കട്ടെ, വേണ്ട –താൽപര്യത്തോടെ നോക്കിപ്പോയാൽപോലും ആൾ വല്ലാതെയാകും, മനസ്സമാധാനം കെടും.

എന്നിൽ വിവാഹത്തിനു മുമ്പ് ഭർത്താവ് ദർശിച്ചിരുന്ന സദ്ഗുണങ്ങൾ ഇപ്പോൾ ദുർഗുണങ്ങളായി അദ്ദേഹം പരിഗണിച്ചു തുടങ്ങി. ഞാൻ നല്ല വേഷഭൂഷകളണിയുന്നതും സംഗീതവും നൃത്തവും ആസ്വദിക്കുന്നതും സരസസംഭാഷണങ്ങളിലേർപ്പെടുന്നതുമൊക്കെ അദ്ദേഹം സാവധാനം വിലക്കിത്തുടങ്ങുകയാണെന്ന് എനിക്കറിവായി. അത്തരം താൽപര്യങ്ങൾ സ്വാഭാവികമായും സ്​ത്രീസഹജമാണ്. അതൊന്നും നിയന്ത്രിച്ചു ജീവിക്കുവാൻ അത്യാവശ്യം സൗകര്യങ്ങളോടെ വളർന്ന ഒരു യുവതിക്കും കഴിയുകയുമില്ല. ആഡംബര ഭ്രമത്തിന് കൂച്ചുവിലങ്ങിടുവാൻ നേരെ തുറന്നുപറഞ്ഞില്ലന്നേയുള്ളൂ.

പോളിനോവിനോടെനിക്കുണ്ടായിരുന്ന സൗഹൃദം അദ്ദേഹത്തി​ന്റെ മനസ്സിനെ അപ്പോഴും അലട്ടിയിരുന്നുവോ? ലളിതജീവിതം നയിച്ചുകൊണ്ട് ഗൃഹകാര്യങ്ങളിൽ മാത്രം മുഴുകി ജീവിക്കുന്ന ഒരു ഭാര്യയെയായിരുന്നു അദ്ദേഹത്തിനാവശ്യം. അത്തരം ചെറുകലഹങ്ങളിൽ നിന്നാരംഭിച്ച് നാൽപത്തിയെട്ടു വർഷം നീണ്ടുനിന്ന ഞങ്ങളുടെ ദാമ്പത്യം ലോകം കണ്ട ഏറ്റവും വലിയ ദാമ്പത്യദുരന്തമായിത്തീർന്നുവെന്നു പറയേണ്ടിവരുന്നു. എ​ന്റെ ഭർത്താവി​ന്റെ പുരുഷാധിപത്യസ്വഭാവവും ശിഷ്യന്മാരുടെ ദുഃസ്വാധീനവും മൂലമാണ് ഞങ്ങളുടെ ദാമ്പത്യത്തിലെ ശൈഥില്യം ഇത്രയും ഭയാനകമായ രൂപത്തിലേക്കെത്തിയത്.

ആദ്യം തൊട്ടേ അത്തരം പിടിവാശികളും ശാഠ്യങ്ങളും ആരംഭിച്ചു. പ്രസവത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ അധികരിച്ചതിനാൽ ഒരു ‘മുലയൂട്ടമ്മ’യെ വാടകക്കെടുക്കുവാൻ ഡോക്ടറായ എ​ന്റെ പിതാവുതന്നെയാണ് ടോൾസ്റ്റോയിയോട് നിർദേശിച്ചത്. ടോൾസ്റ്റോയി ആ നിർദേശത്തെ തുറന്നെതിർത്തു. പ്രസംഗിക്കുവാനും സാഹിത്യം കൈകാര്യം ചെയ്യുവാനും സമർഥനായ ശ്വശുരൻ ജീവിതത്തി​ന്റെ പ്രായോഗികവശം കാണുന്നതിൽ വലിയ പരാജയമാണെന്ന് എ​ന്റെ അച്ഛൻ തിരിച്ചറിഞ്ഞു. എനിക്കു ദേഹസുഖമില്ലെന്ന യാഥാർഥ്യം അംഗീകരിക്കുവാൻ ആദർശ​േപ്രമിയായ ടോൾസ്റ്റോയിക്കു കഴിഞ്ഞില്ല.

താൻ വീണ്ടും സൈന്യസേവനത്തിന് പോകുമെന്ന ഭീഷണി ടോൾസ്റ്റോയി പ്രകടിപ്പിച്ചു. ചക്രവർത്തിക്കെതിരായി പോളണ്ടിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു ആ കാലത്ത്. ഉള്ളിൽ ഭയം തോന്നിയെങ്കിലും ഞാൻ പുറമേക്ക് കാണിച്ചില്ല. ഉത്തരവാദിത്തരാഹിത്യവും ഭ്രാന്തുമാണ് ആ തീരുമാനത്തിനു പിന്നിലെന്ന് ഞാൻ വാദിച്ചു. ദൈവഗത്യാ, ആ തീരുമാനത്തിൽ നിന്നും ടോൾസ്റ്റോയി പിൻവാങ്ങി.

ആദ്യത്തെ തവണ ഗർഭിണിയായിരിക്കുമ്പോഴുണ്ടായ തിക്താനുഭവങ്ങൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുവാൻ എന്നെ േപ്രരിപ്പിച്ചു. പോരാ, ചിലപ്പോൾ ഭർത്താവിനെ കൊന്നുകളഞ്ഞാ​േലാ എന്നും മനപ്പോരാട്ടമുണ്ടായി.

തുടങ്ങിവെക്കുന്ന പല രചനകളും ടോൾസ്റ്റോയി മുഴുമിപ്പിക്കുന്നില്ല എന്നെനിക്ക് അറിയാമായിരുന്നു അതുമൂലം ‘യുദ്ധവും സമാധാനവും’ എഴുതിത്തുടങ്ങിയപ്പോൾ ഞാൻ കാര്യമായി ശ്രദ്ധിക്കുവാനോ സഹായിക്കുവാനോ നിന്നില്ല. പക്ഷേ, അദ്ദേഹത്തി​ന്റെ രചനയിലുള്ള അസ്​ഥിരപ്രകൃതി ഇല്ലാതായിരിക്കുന്നതായും പുതിയ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നതായും പോകപ്പോകെ എനിക്കനുഭവമായി.

സാറിസ്റ്റ് ഏകാധിപത്യത്തിനെതിരായി പോരാടി രക്തസാക്ഷിത്വമനുഭവിച്ച റഷ്യൻ സൈന്യാധിപൻമാരായ പ്രഭുക്കന്മാരെ ഡിസംബറിസ്റ്റുകൾ എന്നാണ് പിന്നീട് വിശേഷിപ്പിച്ചിരുന്നത്. ജനാധിപത്യത്തിനുവേണ്ടി സ്വയം രക്തസാക്ഷികളായി തീർന്നവരാണ് ആ പുരോഗമനവാദികൾ. ഡിസംബറിസ്റ്റുകളെപ്പറ്റി ഒരു നോവലെഴുതുകയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യലക്ഷ്യം. ഒരു വർഷത്തോളം ആയതിനുള്ള രേഖകൾ പരിശോധിച്ച് കുറിപ്പുകളെടുക്കുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെയാണ് മേൽക്കൂര പൊളിഞ്ഞുവീഴുംപോലെ ‘യുദ്ധവും സമാധാനവും’ എന്ന നോവലി​ന്റെ ബീജം ആ മഹാസാഹിത്യകാര​ന്റെ പ്രജ്ഞയിൽ വന്നുവീണത്. ഡിസംബറിസ്റ്റുകൾക്കുവേണ്ടി വന്ന വായനയിൽ നെപ്പോളിയനെതിരായ യുദ്ധങ്ങളെയും തുടർസംഘർഷങ്ങളെയുംപ്പറ്റി അനവധി വായിച്ചുതള്ളിയിരുന്നുവല്ലോ അദ്ദേഹം. ആ വായനയും മനനവുമെല്ലാം എത്തിച്ചേർന്നത് ‘യുദ്ധവും സമാധാനവും’ എന്ന ബൃഹദ് രചനയിലേക്കായി എന്നതാണ് വാസ്​തവം. ആ ഏകാഗ്ര തപസ്സിന് ഒരു കാരണവശാലും ഭംഗം വരാതിരിക്കുവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

പലവട്ടം ​ൈകയെഴുത്തു പ്രതികൾ പകർത്തിയെഴുതി. സംശോധനവും നിർവഹിച്ചു. എസ്റ്റേറ്റു ഭരണം, കൃഷിയിടത്തിലെ പ്രവർത്തനങ്ങൾ, വീട്ടുഭരണത്തി​ന്റെ നൂലാമാലകൾ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതി​ന്റെ ചുമതല, അവരെ വളർത്തുന്നതിനുള്ള ക്ലേശങ്ങൾ എന്നിങ്ങനെ സർവഭാരങ്ങളും ചുമന്നു കൊണ്ടായിരുന്നു ഈ സഹകരണം. പ്രസിദ്ധനായ സാഹിത്യകാര​ന്റെ ജീവിതസഖിയായിരിക്കുക എന്നതായിരുന്നുവല്ലോ ഒരുകാലത്ത് എ​ന്റെ ജീവിതംലക്ഷ്യം.

 

4

ഒരു വിദേശ പര്യടനം നടത്തുവാൻ ഞാൻ ആഗ്രഹിച്ചത് മുമ്പൊരിക്കൽ എപ്പോഴോ അദ്ദേഹം അത്തരമൊരു വാഗ്ദാനം നൽകിയതിനാലായിരുന്നു. ഞാൻ അതിനുമുമ്പൊരിക്കലും അത്തരം യാത്രകൾക്ക് പോയിട്ടേയില്ല. യാസ്​നായ പോള്യാന (ടോൾസ്റ്റോയി വസതി) വിട്ട് എവിടേക്കും പോകുന്നതിൽ വിമുഖനായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ടോൾസ്റ്റോയി. എന്നിട്ടും യാത്രച്ചെലവിനെച്ചൊല്ലി ഭാര്യയുടെ ആഗ്രഹം അദ്ദേഹം ഒടുവിൽ നിഷേധിച്ചു.

സമാറയിൽ താൻ വാങ്ങിയിരുന്ന എസ്റ്റേറ്റിലേക്കുവേണ്ടി മുന്നൂറു കുതിരകളെ വാങ്ങിയ ടോൾസ്റ്റോയി അവക്കുവേണ്ടി ശിക്ഷകന്മാരെയും നിയമിച്ചു. കുതിരലായങ്ങളും പണിതു. പിന്നീട് ശരിയായി നോക്കിനടത്താത്തതിനാൽ ആ കുതിരകളിലേറെയും ചത്തടിയുകയാണുണ്ടായത്. ‘അന്ന ക​രെനീന’ക്കു ലഭിച്ച പ്രതിഫലംകൊണ്ടാണ് സമാറയിൽ പതിനായിരത്തിയെണ്ണൂറേക്കറോളം ഭൂമി വാങ്ങിച്ചുകൂട്ടിയത്. അധികം വൈകാതെ ഭൗതികമായ നേട്ടങ്ങളോടെല്ലാം വിരക്തി ബാധിച്ച് ടോൾസ്റ്റോയി ആത്മാന്വേഷണത്തിലേക്ക് പൂണ്ടുപോകുകയുണ്ടായി.

കൂടുതൽ അർഥം തേടിയുള്ള ഒരന്വേഷണമായി മാറി ടോൾസ്റ്റോയിയുടെ ജീവിതം. അതേസമയം, സംശയവും വിശ്വാസവും തമ്മിലുള്ള സംഘർഷകേന്ദ്രമായി മനസ്സ്. ഭർത്താവി​ന്റെ ഈ അമ്പരപ്പോടെയേ എനിക്ക് നിരീക്ഷിക്കുവാനാകുമായിരുന്നുള്ളൂ. മതപരമായ അനുഷ്ഠാനങ്ങൾ ചിട്ടപ്പടി ഞാൻ പാലിച്ചിരുന്നാൽ ഭർത്താവി​ന്റെ അഭിപ്രായഗതികളിലും പെരുമാറ്റത്തിലുമുണ്ടായ മാറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കാൻ പോന്നതാണെന്ന് കണ്ട് ഞാൻ ഞെട്ടിപ്പോയി.

പാരമ്പര്യ മതവിശ്വാസിയായി അത്രയും കാലം ജീവിച്ച ടോൾസ്റ്റോയി യുദ്ധത്തിനെയും വധശിക്ഷയെയും ന്യായീകരിക്കുന്ന മതം തനിക്കുവേണ്ടെന്നു വെട്ടിത്തുറന്നു വാദിച്ചു. മത വിമർശകനായ ടോൾസ്റ്റോയി അത്യന്തം അപകടകാരിയാണെന്ന് ചക്രവർത്തിയും മതാധികാരികളും മണത്തു. രാഷ്ട്രീയത്തിൽ മതം ഇടപെട്ടുകൂടാ എന്നും ടോൾസ്റ്റോയി ശഠിച്ചു. അങ്ങനെ ഒരേസമയം പള്ളിക്കും ഗവൺമെന്റിനും അദ്ദേഹം അനഭിമതനായി. നിരന്തരമായ വായനയിലും എഴുത്തിലും മുഴുകി സ്വന്തം മതത്തിനെയും മതപരമായ സിദ്ധാന്തങ്ങളെയും ഖണ്ഡിക്കുവാനായി അദ്ദേഹത്തി​ന്റെ പിന്നീടുള്ള ശ്രമം.

ഭർത്താവെഴുതുന്ന സാഹിത്യത്തിൽ സഹകരിക്കുവാൻ മാത്രമേ എനിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളൂ. മതപരമായ ഇത്തരം രചനകളിൽ ആർക്കും താൽപര്യമുണ്ടാവില്ല എന്നും ഞാൻ തിരിച്ചറിഞ്ഞിരുന്നു. അസ്​ഥിര പ്രകൃതിയായ ഭർത്താവ് സാഹിത്യരചനയിലേക്ക് തിരിച്ചുവരുമെന്നുതന്നെ ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, സ്വന്തം ആത്മീയ സമസ്യകളിൽനിന്നും ജീവിതാന്ത്യം വരേക്കും പുറത്തുകടക്കുവാൻ ടോൾസ്റ്റോയിക്കു സാധിച്ചിട്ടില്ല. പിന്നീടുള്ള ദശകങ്ങളിൽ വളരെ വിരളമായേ അദ്ദേഹം സാഹിത്യരചനക്കു മുതിർന്നുള്ളൂ. ‘ഉയിർത്തെഴുന്നേൽപ്’, ‘ഇവാൻ ഇലീച്ചി​ന്റെ മരണം’, ‘ഫാദർ സെർജിയസ്’​, ‘ഹാജി മുറാദ്’, ‘ക്രൂയിറ്റ്സർ സൊണാറ്റ്’ എന്നിങ്ങനെ ചില കൃതികൾ മാത്രം. അവയിൽ ‘ഉയിർത്തെഴുന്നേൽപ്’ മാത്രമാണ് ബൃഹദ്കൃതി.

ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ മതാധികാരികൾ ടോൾസ്റ്റോയിയെ മതത്തിൽനിന്നും പുറംതള്ളുവാൻ നീക്കങ്ങൾ ആരംഭിച്ചു. പോകപ്പോകെ അദ്ദേഹം സ്വന്തം കുടുംബത്തിലും ത​ന്റെ അപ്രായോഗികമായ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ഞാൻ നഖശിഖാന്തം എതിർത്തു. മുമ്പ് ത​ന്റെ കുട്ടികൾക്ക് യൂറോപ്യൻ മട്ടിൽ ഉന്നതവിദ്യാഭ്യാസം നൽകണമെന്ന് ഉറച്ചിരുന്ന ടോൾസ്റ്റോയി ഇപ്പോൾ ചുവടുമാറ്റി. കുടുംബാംഗങ്ങളുടെ ലൗകികമായ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയുമായി. മോസ്​കോയിലേക്ക് മാറിത്താമസിച്ചാൽ കൂടുതൽ സൗകര്യങ്ങളോടെ ജീവിക്കാമെന്ന അവരുടെ പ്രതീക്ഷ ആയിടെയൊന്നും സഫലമായില്ല. പെൺമക്കൾ പുറത്ത് സമൂഹസദസ്സുകളിൽ പങ്കെടുക്കുകയോ നൃത്തം ചെയ്യുകയോ ചെയ്യുന്നതും വിലക്കി. എല്ലാ ധൂർത്തും ഒഴിവാക്കണമെന്നും സാധാരണക്കാരെപ്പോലെ ജീവിക്കണമെന്നും അദ്ദേഹം നിർബന്ധം പിടിക്കുകയും ചെയ്തു.

പ്രശസ്​തിയുടെ കൊടുമുടിയിൽ നിൽക്കേ സംഭവിച്ച ഈ ദിശാവ്യതിയാനം അദ്ദേഹത്തി​ന്റെ രചനയെയും സ്വഭാവത്തെയും കാഴ്ചപ്പാടുകളെയും കീഴ്മേൽ മറിച്ചു. കുട്ടികളുടെ രക്ഷാകർത്തൃത്വം ഞാൻ ഒറ്റക്ക് ഏറ്റെടുക്കേണ്ടിവരുമോ എന്നായി എ​ന്റെ ഭയം. വീണ്ടും പ്രസവിക്കേണ്ടിവന്നപ്പോൾ ഇനിയൊരിക്കൽക്കൂടി ഗർഭം ധരിക്കുവാൻ തനിക്കുവയ്യ എന്ന് ഞാൻ സഹോദരിക്കെഴുതി. സ്വന്തം സ്വാതന്ത്ര്യവും അഭിരുചികളും ബലികഴിക്കേണ്ടിവരുകയാണല്ലോ എന്ന് പരിതപിച്ച് ഞാനെ​ന്റെ സന്തോഷം വറ്റിത്തീരുകയാണെന്ന് കണ്ടു. പുരാതന ജീവിതചര്യകൾ പിന്തുടർന്ന് ഒരു താപസിയെപ്പോലെ കഴിയുവാൻ എനിക്കെങ്ങനെ കഴിയും?

ടോൾസ്റ്റോയി കൂടുതൽ ഉൾവലിയുകയും എല്ലാറ്റിൽനിന്നും ഒറ്റപ്പെടാൻ ശ്രമിക്കുകയും ചെയ്തു. വളരെക്കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. ഈ ലോകവുമായി ബന്ധമില്ലാത്തവനെപ്പോലെ പെരുമാറുകയും ചെയ്തു. യാതനാനിർഭരമായ ഒരാത്മീയ തീർഥാടനമായിരുന്നു അത്.

പരസ്​പരം പൊരുത്തമില്ലാത്ത ഭിന്നവ്യക്തിത്വമുള്ള ഒരാളിനെയാണ് ഭർത്താവായി ലഭിച്ചതെന്നും അദ്ദേഹത്തോടൊപ്പമുള്ള ജീവിതം കുരിശു ചുമക്കലാവുമെന്നും ആദ്യദിനങ്ങളിൽത്തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. എന്നാൽ, സകലതിനെയും സദാചാരപരതയുടെയും കോൺപാഞ്ഞ ധാർമികതയുടെയും മാനദണ്ഡങ്ങളാൽ അളന്നുകാണുന്ന ഈ പുത്തൻ രീതി അവളുടെ സ്വരം കെടുത്തി.

നിന്ദിതരോടും പീഡിതരോടുമുള്ള ആഭിമുഖ്യം വർധിക്കുകയാൽ ടോൾസ്റ്റോയി തടങ്കൽപ്പാളയങ്ങളും ജയിലറകളും കോടതികളും സന്ദർശിക്കുവാനാരംഭിച്ചു. സമ്പന്നരും സന്തുഷ്ടരുമായവരോടെല്ലാം തന്നെ ത​ന്റെ നിഷേധാത്മക സമീപനം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിലെ ദുഃഖങ്ങൾ കാണുവാൻ മനുഷ്യരാശിയുടെ സങ്കടങ്ങൾക്കു പരിഹാരം തേടവെ ആ മഹാമനീഷി മറന്നുപോയി.

ഭർത്താവിനെപ്പോലെ അമൂർത്തമായ പ്രശ്നപരിഹാരങ്ങളിൽ തീരെ വിശ്വസിക്കാത്തവളായിരുന്നതിനാൽ എ​ന്റെ മുന്നിലെത്തുന്ന ഓരോ വിഷയത്തെയും പ്രായോഗികബുദ്ധിയോടെയാണ് ഞാൻ സമീപിച്ചത്. ആവലാതിയുമായി വരുന്നവരെ ആരെയും വെറും കൈയുമായി മടക്കിയയച്ചില്ല. കരുണയോടും കരുതലോടുംകൂടി പെരുമാറി. വീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ദരിദ്ര കർഷകർക്ക് ചികിത്സയും മരുന്നും നൽകി. എ​ന്റെ ഇമ്മട്ടിലുള്ള പ്രവർത്തനങ്ങളെ ടോൾസ്റ്റോയി പരിഹസിക്കുകയാണ് ചെയ്തത്.

ചിലപ്പോൾ അയൽഗ്രാമങ്ങളിൽച്ചെന്ന് സൂതികർമിണിയായിപ്പോലും ഞാൻ പ്രവർത്തിച്ചു. മനുഷ്യരോടുള്ള കനിവ് എനിക്ക് എപ്പോഴുമുണ്ടായിരുന്നു. യേശുക്രിസ്​തുവി​ന്റെ വചനങ്ങളെ സ്വജീവിതത്തിലൂടെ പകർത്താൻ ശ്രമിക്കുന്ന എ​ന്റെ ഭർത്താവിനെ അതിനാൽത്തന്നെ വെറുക്കുവാനെനിക്ക് കഴിഞ്ഞുമില്ല.

ടോൾസ്റ്റോയി ആദർശഭ്രാന്ത് മൂർച്ഛിച്ച് സ്വന്തം ധനവും മറ്റു നേട്ടങ്ങളും പരിത്യജിക്കുവാനായുള്ള നീക്കങ്ങളിലായി. ശിഷ്യസംഘമാകട്ടെ അദ്ദേഹത്തെ വാഴ്ത്തി ഉത്തേജിപ്പിക്കുന്നവരുമായിരുന്നു. ഭരണകൂടത്തി​ന്റെ എല്ലാവിധ സ്​ഥാപനങ്ങളെയും ത​ന്റെ ശിഷ്യർ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്രത്തോളമെത്തിയപ്പോൾ ആളുകൾ സധൈര്യം യാസ്​നായ പോള്യാനയിൽക്കടന്ന് സ്വന്തം മുതലെന്നപോലെ ഓരോന്ന് കടത്തിക്കൊണ്ടുപോകാൻ തുടങ്ങി.

തത്ത്വാനുസാരിയായ ആ ജീവിതം വലിയ പ്രത്യാഘാതങ്ങൾക്കു വഴിവെക്കുമെന്ന എ​ന്റെ ദീർഘദൃഷ്ടി യാഥാർഥ്യമായിത്തീർന്നു. എസ്റ്റേറ്റിൽനിന്നും കന്നുകാലികളെയും കുതിരകളെയും കർഷകർ കൂട്ടംകൂട്ടമായെത്തി കടത്തിക്കൊണ്ടുപോയി. സംഭരിച്ചുവെച്ചിരുന്ന വിത്തും തൊടിയിൽനിന്നിരുന്ന വൻവൃക്ഷങ്ങളും കവർച്ചചെയ്യപ്പെട്ടു. ഈ ദൃശ്യങ്ങൾ എന്നെ വിറളി പിടിപ്പിച്ചു. ദാനം നിയന്ത്രിക്കണമെന്ന അപേക്ഷയുമായി ഭർത്താവിനെ ഞാൻ സമീപിച്ചപ്പോൾ ‘ഉള്ളവൻ ഇല്ലാത്തവനു കൊടുക്കട്ടെ’ എന്നായിരുന്നു മറുപടി. തത്ത്വശാസ്​ത്രപരമായ തീവ്രവാദം ടോൾസ്റ്റോയിയെ ഭ്രാന്തനാക്കി എന്ന് ഞാൻ സ്വസഹോദരിക്കെഴുതി.

അനേകായിരങ്ങൾ അശാന്തരായും ദുരിതബാധിതരായും ജീവിക്കുമ്പോൾ താൻ ഒരു പ്രഭുവായി ജീവിക്കുന്നുവെന്ന കുറ്റബോധമായിരുന്നു ടോൾസ്റ്റോയിയുടെ ജീവിതരീതികളെ മാറ്റിമറിച്ചത്. ഒരു മനുഷ്യനെയും േദ്രാഹിച്ചുകൂടാ എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. പ്രഭുകുലജാതരായി പിറന്നുവളർന്ന എ​ന്റെ കുട്ടികളെ മറ്റൊരു ജീവിതശൈലിയിലേക്കു പറിച്ചുനടുകയെന്നത് എനിക്ക് സങ്കൽപിക്കാൻപോലും കഴിയുമായിരുന്നില്ല. സ്വന്തം അടിമകളെ മുഴുവനും സ്വതന്ത്രരാക്കുവാൻ ടോൾസ്റ്റോയി നിശ്ചയിച്ചതോടെ റഷ്യ മുഴുവനും കുലുങ്ങിപ്പോയെങ്കിൽ എ​ന്റെ സ്​ഥിതി പറയാനില്ലല്ലോ. ചക്രവർത്തിനിക്കും സ്വൈരംകെട്ടു. ബുദ്ധിജീവികളുടെ ഇടയിൽ മാത്രമല്ല ജീവിതത്തി​ന്റെ എല്ലാ തുറകളിലുമുള്ളവർക്ക് സമാരാധ്യനായിക്കഴിഞ്ഞിരുന്ന ടോൾസ്റ്റോയിയെ നേരിട്ടെതിർക്കുവാൻ ആർക്കും കഴിയുമായിരുന്നില്ല.

അടിമകൾ പണിയെടുത്തിരുന്ന ഭൂമി അടിമകൾക്കു ടോൾസ്റ്റോയി തുറന്നുകൊടുത്തതോടെ ഒരു വലിയ സാമൂഹ്യവിപ്ലവത്തിനാണ് തിരികൊളുത്തപ്പെട്ടത്. കേവലം രണ്ടു വർഷത്തിനുള്ളിൽ ചക്രവർത്തിക്ക് അടിമത്തസമ്പ്രദായം നിരോധിക്കേണ്ടതായി വന്നു. മേലിൽ താൻ സ്വകാര്യസ്വത്ത് കൈവശംവെക്കുകയില്ലെന്ന വ്രതമെടുത്ത ടോൾസ്റ്റോയി ത​ന്റെ ഭൂസ്വത്തും കൂറ്റൻ ബംഗ്ലാവും കെട്ടിട സമുച്ചയങ്ങളും പുസ്​തകങ്ങളുമെല്ലാം എ​ന്റെ പേരിലേക്ക് മാറ്റി. ഇത് ശിഷ്യന്മാർക്കിടയിൽ പ്രശ്നമായി. അവർ ഒന്നടങ്കം എനിക്കെതിരായി മാറി.

(തുടരും)

(ചിത്രീകരണം: തോലിൽ സുരേഷ്)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.