തുടർച്ചയായുള്ള പ്രസവങ്ങൾ എന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന കാര്യം ഭർത്താവ് ശ്രദ്ധിച്ചതേയില്ല. കുട്ടികൾക്ക് പാഠഭാഗങ്ങൾ ചൊല്ലിക്കൊടുത്തും ഉടുപ്പുകൾ തുന്നിയും കൈയെഴുത്തു പ്രതികൾ പകർത്തിയെഴുതിയും ഞാൻ സങ്കടങ്ങൾ മറക്കുവാൻ ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. റഷ്യൻ ആശയമണ്ഡലത്തിൽ കുടുംബാസൂത്രണമെന്ന പ്രമേയം ആദ്യം അവതരിപ്പിച്ചത് എന്റെ ഭർത്താവാണെന്നത് ഒരു വിരോധാഭാസമായി കലാശിച്ചു. സ്വയമത് നടപ്പിൽ വരുത്തുവാൻ അദ്ദേഹം തരിമ്പും ശ്രമിച്ചില്ല. ശാന്തമായ ഒരു ആത്മീയജീവിതം കൊതിച്ച എനിക്ക് പ്രസവങ്ങളും കുട്ടികളെ പോറ്റലും എന്നും ആ മോഹസാക്ഷാത്കാരത്തിന് തടസ്സമായി. കുട്ടികളെല്ലാം മുതിർന്നതിനുശേഷമേ അൽപമെങ്കിലും അതിനു കഴിഞ്ഞുള്ളൂ.
വിവാഹിതയായതിനുശേഷം നാഗരിക ജീവിതവുമായുള്ള എന്റെ പൊക്കിൾക്കൊടി ബന്ധം മുറിഞ്ഞുപോയിരുന്നു. ഉപരിവർഗബന്ധങ്ങളും വിരുന്നു സൽക്കാരങ്ങളും നൃത്ത, ഗാനസദസ്സുകളും എന്നും എന്നെ മോഹിപ്പിച്ചിരുന്നു. എനിക്കു മാത്രമല്ല എന്റെ കുട്ടികൾക്കും ആ മനോജ്ഞാവസരങ്ങൾ നഷ്ടപ്പെടുന്നുവല്ലോ എന്ന ഖേദം എന്നെ വന്നു മൂടി.
ഈ പ്രശ്നം ഗൗരവതരമായത് കുട്ടികളുടെ പഠനവിഷയത്തിലാണ്. അതുവരേക്കും ട്യൂഷൻ മാസ്റ്റർമാരെ വെച്ച് പഠിപ്പിച്ചിരുന്ന കുട്ടികൾക്ക് ഉപരിവിദ്യാഭ്യാസത്തിന് നഗരത്തിലേക്ക് പോകേണ്ടിവരുമെന്നായപ്പോഴാണത്. അതിന് നാട്ടിൻപുറത്തു താമസിച്ചാൽപ്പോരാതെ വരും. ടോൾസ്റ്റോയിയാണെങ്കിൽ നഗരജീവിതത്തെ പാടേ വെറുക്കുന്നു. ഒടുക്കം മോസ്കോയിൽ ഒരു താൽക്കാലിക വസതിയിലേക്ക് താമസം മാറുവാൻ ഭർത്താവെനിക്ക് അനുമതി നൽകി; മൗനാനുവാദം.
നഗരജീവിതം ടോൾസ്റ്റോയിയെ മുമ്പേപ്പോഴുമെന്നതിനേക്കാൾ അസ്വസ്ഥനും വെറിപിടിച്ചവനുമാക്കി. എല്ലാ ചുമതലകളും ഏറ്റെടുത്ത് ഞാൻ ധീരമായി മുന്നോട്ടുപോയി. നഗരജീവിതത്തിൽ സമ്പന്നരും അടിത്തട്ടിലുള്ളവരും മധ്യവർഗക്കാരും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമായി കാണപ്പെടും. അടിച്ചമർത്തപ്പെട്ടവരോടുള്ള ഐക്യം പ്രഖ്യാപിച്ച് അമ്മട്ടിൽ ജീവിതശൈലി മാറ്റിയും തന്റെ പ്രതിച്ഛായ രൂപവത്കരിച്ചിരുന്ന ആദർശവാനായ ടോൾസ്റ്റോയിക്ക് ഉള്ളിലുറങ്ങിക്കിടന്നിരുന്ന അപരാധബോധം ആളിക്കത്തുവാൻ ഈ നാഗരിക ജീവിതം കാരണമായി. ഈ കുറ്റബോധം എന്നെയാണ് കൂടുതൽ ബാധിച്ചത്.
ഉച്ചകഴിഞ്ഞാൽ ടോൾസ്റ്റോയി ഒരു തൊഴിലാളിയുടെ വേഷവുമണിഞ്ഞ് പുറത്തേക്കിറങ്ങും. പാവപ്പെട്ടവരുടെ ചേരിയിലേക്കാവും ലക്ഷ്യം. മരം വെട്ടുന്നതിനും തടികൾ ഇറക്കുന്നതിനും മറ്റും അവരെ തനിക്കാവുംവിധം സഹായിക്കുകയും ചെയ്യും. വാർത്ത എന്റെ ചെവിയിലുമെത്തി. അത്തരം യാത്രകൾ ചിലപ്പോൾ യാചകരും വേശ്യകളും ജയിൽ ചാടിയ കുറ്റവാളികളുമൊക്കെ നുരയ്ക്കുന്ന തെരുവിന്റെ അഴുക്കുചാലുകളിലേക്കും ചെന്നെത്താറുണ്ടേത്ര.
വീട്ടിൽനിന്നും പുറത്തിറങ്ങും മുമ്പ് ചില്ലറ മാറി കീശകൾ നിറച്ചിട്ടുണ്ടാവും. ആ പണം അവിടെ കാണുന്നവർക്കൊക്കെ പങ്കുെവച്ച് ഒരു തനിഭ്രാന്തന്റെ മട്ടിലാവും വീട്ടിൽ തിരിച്ചെത്തുക. എന്റെ കുട്ടികളുടെ ഭാവിയോർത്ത് തീ തിന്നാനേ എനിക്ക് വിധിയുണ്ടായുള്ളൂ.
ഗ്രാമീണ വസതിയിലേക്കുതന്നെ ടോൾസ്റ്റോയി തിരിച്ചുപോയപ്പോൾ ഒരേസമയം എനിക്ക് ആശ്വാസവും വേവലാതിയും തോന്നി. വീട്ടിൽ ആരാണദ്ദേഹത്തിന് വേണ്ടതൊക്കെ ഒരുക്കിക്കൊടുക്കുക? ആരാണ് യഥാവിധി ശുശ്രൂഷിക്കുക?
ഇടക്കിടെ ലിയോക്ക് കത്തുകളെഴുതി ഞാൻ ആശ്വസിച്ചു. സംതൃപ്തനായ ഒരുവൻ പൊടുന്നനെ തന്റെ ജീവിതം ദുസ്സഹമാണെന്ന് കരുതുകയും ജീവിതം നൽകുന്ന നല്ല വസ്തുതകൾക്കെല്ലാമെതിരെ കണ്ണടക്കുകയും ചെയ്യുമ്പോൾ അയാൾ രോഗബാധിതനാവുന്നു. ലിയോയോട് യാഥാർഥ്യം ബോധ്യപ്പെട്ട് ചികിത്സക്കു വിധേയനാകുവാൻ നിരന്തരം ഞാനഭ്യർഥിച്ചു. പട്ടിണിക്കാരും രോഗഗ്രസ്തരും ദുരിതബാധിതരും മാത്രം നിറഞ്ഞതല്ലല്ലോ ഈ ലോകം. സന്തുഷ്ടരും ആരോഗ്യവാന്മാരും നന്മ നിറഞ്ഞവരും ഇവിടെ തന്നെയുണ്ടല്ലോ. എന്റെ സ്നേഹം അദ്ദേഹത്തിനാവശ്യമില്ലാതായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിനെന്താണാവശ്യമെന്നെനിക്ക് തിരിച്ചറിയുവാൻ കഴിയാതെയുമായി.
എന്റെ നിരന്തരമായ പരിദേവനങ്ങൾ ഇടക്കിടെ ടോൾസ്റ്റോയിയെ മോസ്കോയിലേക്കെത്തിച്ചു. കുട്ടികളുടെ പഠനമായിരുന്നു എനിക്ക് മുഖ്യം. എന്റെയും കുട്ടിയുടെയും ജീവിതരീതിയിലുണ്ടായ മാറ്റം അദ്ദേഹത്തെ മടുപ്പിച്ചു. ഭാര്യയും കുട്ടികളും സന്തുഷ്ടരാണെന്നും അവർക്കിടയിൽ ഞാനൊറ്റപ്പെട്ടിരിക്കുന്നുവെന്നും വിഷാദഗ്രസ്തനായിരിക്കുന്നുവെന്നും അദ്ദേഹം ഒരു കുടുംബസുഹൃത്തിനെഴുതി എന്നു ഞാനറിഞ്ഞു. പിന്നീട് ഭൃത്യരുടെ സഹായംപോലും അദ്ദേഹം ആവശ്യപ്പെടാതെയായി.
ഇരുപതിലധികം വലിയ മുറികളുള്ള ആ കൂറ്റൻ ഭവനത്തിൽ പൂർണതയുടെ സാക്ഷാത്കാരത്തിനായുള്ള ക്രിസ്തീയാദർശങ്ങൾ ലാളിച്ചുകൊണ്ട് ടോൾസ്റ്റോയി തപസ്സാധനകളിൽ മുഴുകി. പക്ഷേ, യാതൊന്നും അദ്ദേഹത്തിന്റെ അന്തഃസംഘർഷങ്ങൾ ശമിപ്പിക്കുവാനുതകിയില്ല. വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുത്തുവാൻ ടോൾസ്റ്റോയിക്ക് അവസാനംവരേക്കും കഴിഞ്ഞിട്ടില്ല. ഒരേസമയം ഗൃഹസ്ഥനും സന്യാസിയുമായി ജീവിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു മഹാത്മാവായേ എനിക്ക് കാണാൻ കഴിയൂ. വഴിതെറ്റിക്കുന്ന ശിഷ്യന്മാരിൽനിന്നോ, സ്വയം ഗുരുവാകുവാനുള്ള ആസക്തിയിൽനിന്നോ രക്ഷപ്പെടുവാൻ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞില്ല.
അപ്പോഴേക്കും ‘ടോൾസ്റ്റോയിയനിസം’ എന്ന മതാത്മക സംഘടനയുടെ ആചാര്യനായി എന്റെ ഭർത്താവ് അവരോധിക്കപ്പെട്ടിരുന്നു. അഞ്ചു കൽപനകളുടെ അടിസ്ഥാനത്തിലായിരുന്നു ആ സംഘടന പ്രവർത്തിച്ചത്. ഭരണകൂടത്തിന്റെയും പള്ളിയുടെയും കണ്ണിൽ അതോടെ ഏറ്റവും വലിയ ശത്രുവായി ടോൾസ്റ്റോയി മാറി. മഞ്ഞുകാലത്ത് മോസ്കോ ഭവനത്തിലും വേനൽക്കാലത്ത് നാട്ടിൻപുറത്തുമായി ഞങ്ങൾ മാറി മാറി താമസിച്ചുവെങ്കിലും ഏറിയകൂറും ടോൾസ്റ്റോയി ഗ്രാമവസതിയിൽത്തന്നെ തങ്ങി.
അപ്രായോഗികങ്ങളായ ആശയങ്ങൾ എന്റെ കുട്ടികൾക്കുമേൽ അടിച്ചേൽപിക്കുവാൻ ഞാനനുവദിക്കുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിനെ സ്വന്തം രീതികളിൽ നിന്നോ ആശയഗതികളിൽനിന്നോ പിന്മാറ്റുവാൻ ഞാൻ ഒരിക്കലും ശ്രമിച്ചതുമില്ല. അദ്ദേഹം അനുഭവിക്കുന്ന ധാർമികവ്യസനത്തിന്റെ മർമമെന്തെന്ന ചിന്ത ബോധപൂർവം ഞാൻ പരിത്യജിച്ചു. വലിയ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ എന്റെ സ്വപ്നജീവിതത്തെ എന്നേ തകർത്തെറിഞ്ഞിരുന്നു!
ഭർത്താവ് ഒരിടത്തും ഭാര്യ മറ്റൊരിടത്തുമായുള്ള ജീവിതം ഞങ്ങൾക്കിടയിലുണ്ടായിരുന്ന സംഘർഷങ്ങൾ വർധിപ്പിച്ചു. ഞങ്ങൾ തമ്മിൽ അകലുകയാണെന്ന അറിവ് ഇരുവരെയും നീറ്റി. പലപ്പോഴും വലിയ പൊട്ടിത്തെറികളും സംഭവിച്ചു. പക്ഷേ, ഞങ്ങൾക്കിടയിൽ അപ്പോഴും സ്നേഹമുണ്ടായിരുന്നതിനാലാവാം ഓരോരുത്തരും അവനവന്റെ വഴിക്കു ജീവിച്ചുകൊള്ളട്ടെ എന്നു കരുതുവാൻ പരസ്പരം അനുവദിച്ചതുമില്ല.
ആത്മീയ വിഷയങ്ങളെപ്പറ്റി അനവധി ലേഖനങ്ങളും പുസ്തകങ്ങളും ആയിടെ അദ്ദേഹം എഴുതിക്കൂട്ടി. അവയെല്ലാം പാഴ്വേലയാണെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. തന്റെ സാഹിത്യരചനയിലൂടെ സ്വന്തം സന്ദേശങ്ങൾ പരോക്ഷമായി ജനതയിലേക്കെത്തിക്കുകയല്ലേ ഒരു സാഹിത്യകാരന്റെ ധർമം? ഒരു ക്രിസ്തുവോ ബുദ്ധനോ ആയിത്തീരുവാൻ ടോൾസ്റ്റോയിയെപ്പോലെയുള്ള ഒരെഴുത്തുകാരന് കഴിയുമോ? എന്റെ ഇത്തരം വാക്കുകൾ ഒരിക്കലും അദ്ദേഹം ചെവിക്കൊണ്ടതേയില്ല.
ആയിടെ തുർഗനേവ് ഫ്രാൻസിൽനിന്നും ടോൾസ്റ്റോയിക്കൊരു കത്തയച്ചു. തുർഗനേവ് ചരമശയ്യയിലായിരുന്നു. നട്ടെല്ലിനായിരുന്നു രോഗം. ടോൾസ്റ്റോയിയേക്കാൾ രണ്ടു വയസ്സിന് മൂപ്പുണ്ട് ആ മനുഷ്യന്. അവർക്കിടയിൽ മുമ്പ് ഒരു കലഹമുണ്ടായിട്ടുണ്ടെങ്കിലും പിന്നീട് അവർ പരസ്പരം ആദരിക്കുന്നവരായിത്തീർന്നു. ആ വഴക്ക് ഒരു ദ്വന്ദ്വയുദ്ധത്തിലേക്കുപോലും വഴിതെളിച്ചിരുന്നു. ഒടുവിൽ ടോൾസ്റ്റോയിയാണ് പിന്മാറിയത്. തന്റെ സുഹൃത്ത് സാഹിത്യരചനയിലേക്ക് മടങ്ങിവരണമെന്നായിരുന്നു തുർഗനേവിന്റെ കത്തിന്റെ താൽപര്യം. ആ കത്ത് ടോൾസ്റ്റോയിയെ കൊടിയ ദുഃഖത്തിലാഴ്ത്തി. ഒരു മറുപടി എഴുതുവാൻ കഴിഞ്ഞുമില്ല.
അധികം വൈകാതെ മരണവാർത്ത എത്തിയപ്പോൾ ടോൾസ്റ്റോയി കുറ്റബോധത്താലും നീറി. അതോടെ, തുർഗനേവിന്റെ കൃതികൾ വായിക്കുവാനും അദ്ദേഹത്തെ ആരാധനാപാത്രമായംഗീകരിക്കുവാനും ടോൾസ്റ്റോയി തയാറായി. ഫ്രാൻസിൽനിന്നും റഷ്യയിലേക്കെത്തിച്ച തുർഗനേവിന്റെ ശവശരീരം സംസ്കരിക്കുന്ന ചടങ്ങിൽ സംസാരിക്കുന്നതിന് ടോൾസ്റ്റോയി ക്ഷണിക്കപ്പെട്ടു.
ആ അനുസ്മരണ ചടങ്ങിൽ സംസാരിക്കുവാൻ, പതിവിന് വിപരീതമായി ടോൾസ്റ്റോയി സമ്മതം മൂളിയെങ്കിലും ടോൾസ്റ്റോയിയുടെ പ്രഭാഷണം ജനങ്ങൾക്കിടയിൽ എത്തരം പ്രതികരണമാണുളവാക്കുകയെന്ന് ഭയപ്പെട്ട ചക്രവർത്തി ആ അനുസ്മരണ ചടങ്ങുതന്നെ നിരോധിച്ചുകളഞ്ഞു. എനിക്കേറ്റവും അത്ഭുതകരമായി തോന്നിയത് ആ നിരോധനം ടോൾസ്റ്റോയിക്ക് സമാധാനമാണ് പകർന്നതെന്നാണ്. ജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിനെ അത്രയേറെ അദ്ദേഹം വെറുത്തുകഴിഞ്ഞിരുന്നു.
ടോൾസ്റ്റോയിയുടെ കൈയക്ഷരം വളരെ മോശമായിരുന്നു. അക്ഷരങ്ങൾ അവ്യക്തമായിരുന്നു എന്നുമാത്രമല്ല, ചിലപ്പോൾ വാചകങ്ങൾ പൂർത്തീകരിക്കാതെ വിട്ടെന്നുമിരിക്കും. ആ വിട്ടു പോയ ഇടങ്ങൾ ശരിയാക്കി സംയോജിപ്പിച്ച് ഏഴു തവണയോളം ഞാൻ യുദ്ധവും സമാധാനവും പകർത്തിയെഴുതിയെന്ന വസ്തുത ഇന്നെനിക്കുപോലും അവിശ്വസനീയമായാണനുഭവപ്പെടുന്നത്. ഒരിക്കൽ എഴുതിയത് തിരുത്തുന്ന സ്വഭാവവും എന്റെ ഭർത്താവിനുണ്ടായിരുന്നു. ക്ഷമയോടും കൃതാർഥതയോടും കൂടി ആ ജോലി ഏറ്റെടുക്കുവാനെന്നെ േപ്രരിപ്പിച്ചതെന്താവാം? കലയോടുള്ള അഭിനിവേശമാണോ അതോ ഭർത്താവിനോടുള്ള കൂറാണോ? എന്തായാലും എന്റെ ആത്മാർഥതയും നിരന്തര പരിശ്രമങ്ങളും ഫലവത്തായതിൽ എന്തെന്നില്ലാത്ത സന്തോഷമെനിക്കുണ്ടായി.
മാക്സിം ഗോർക്കി എന്റെ ത്യാഗമനഃസ്ഥിതിയെയും േപ്രാത്സാഹനത്തെയും അഭിനന്ദിച്ചെഴുതിയ മാസിക കുറെക്കാലം ഞാൻ സൂക്ഷിച്ചുവെച്ചിരുന്നു. മോസ്കോ വാസം കഴിഞ്ഞയിടക്ക് ആ മാസിക നഷ്ടപ്പെട്ടിരിക്കണം. സ്വന്തം കുഞ്ഞിനെ അന്യനു വിൽക്കുമ്പോഴത്തെ വേദനയാണ് പ്രസാധകനെ ‘യുദ്ധവും സമാധാനവും’ ഏൽപിക്കുമ്പോൾ ഞാനും അനുഭവിച്ചത്.
ദാമ്പത്യത്തിന്റെ ആദ്യകാലങ്ങളിൽ ടോൾസ്റ്റോയി സാഹിത്യരചനക്കു പുറമെ പന്നിവളർത്തൽ, മദ്യനിർമാണം, തോട്ടകൃഷി എന്നിവയിലൊക്കെ വ്യാപൃതനായിരുന്നു. യൗവനത്തിൽ ചൂതാട്ടഭ്രാന്തനായിരുന്ന ടോൾസ്റ്റോയിക്ക് വളരെ വലിയ തുകകളും പൈതൃകമായി കിട്ടിയ ഒരു കൂറ്റൻ ബംഗ്ലാവും നഷ്ടപ്പെട്ടിട്ടുണ്ട്. നോട്ടക്കുറവുകൊണ്ട് പാപ്പരായിപ്പോയ പല പ്രഭുകുടുംബങ്ങളുടെ കഥകളും അദ്ദേഹത്തിനറിയാമായിരുന്നു താനും. ‘യുദ്ധവും സമാധാനവും’ എഴുതിയശേഷം അദ്ദേഹം ഗൃഹഭരണത്തിലോ ധനസമാഹരണത്തിലോ കുട്ടികളെ വളർത്തുന്നതിലോ ശ്രദ്ധിക്കാതെയായി. മനസ്സിനും ഹൃദയത്തിനും ഏതോ ബാധ അനുഭവപ്പെട്ടതായപോലെ. അത്തരം സങ്കീർണതകളിൽനിന്നും രക്ഷപ്പെടാനാണ് അദ്ദേഹം തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളിലേക്ക് തലപൂഴ്ത്തിയത്. ആ പോക്ക് വിപൽക്കരമായിരുന്നു. അപ്പോഴേക്കും ഞാൻ നാലു കുട്ടികളുടെ മാതാവായിക്കഴിഞ്ഞിരുന്നു.
6
സ്വതേ സംഘർഷഭരിതമായിരുന്ന ഞങ്ങളുടെ ദാമ്പത്യത്തിലേക്ക് ഇക്കാലത്താണ് ചെർത്കോവ് എന്ന പിശാച് കടന്നുവരുന്നത്. കോടതിയുമായി ബന്ധപ്പെട്ട ഒരു പ്രഭുത്തറവാട്ടിലായിരുന്നു അയാളുടെ ജനനം. അതിവേഗം അയാൾ ടോൾസ്റ്റോയിയുടെ ശിഷ്യസംഘത്തിന്റെ നേതാവായിത്തീർന്നു. ടോൾസ്റ്റോയിയുടെ ആത്മീയരചനകളിലുള്ള താൽപര്യം ടോൾസ്റ്റോയിയെ ബോധ്യപ്പെടുത്തുന്നതിൽ ആ വ്യാജപ്രതിഭ വിജയിച്ചു. പരിചയപ്പെട്ട ദിവസം രാത്രി വളരെ വൈകിയാണ് അവർ പിരിഞ്ഞത്. ടോൾസ്റ്റോയിയേക്കാൾ ഇരുപത്തഞ്ചു വയസ്സിനെങ്കിലും ഇളപ്പമുണ്ട് ചെർത്കോവിന്. അഹിംസയെപ്പറ്റി താൻ എഴുതിക്കൊണ്ടിരുന്ന ഒരു പുസ്തകം ആയിടെ ടോൾസ്റ്റോയി ചെർത്കോവിനെ വായിച്ചു കേൾപ്പിച്ചു.
കുടുംബാംഗങ്ങളടക്കം തന്റെ ചിന്താഗതികളോടും ആത്മീയഗ്രന്ഥങ്ങളോടും മുഖംതിരിക്കുമ്പോൾ ഈ സുന്ദരനായ യുവാവ് തന്നോട് പുലർത്തുന്ന ആഭിമുഖ്യത്തിൽ ടോൾസ്റ്റോയി മോഹിച്ചു വീണുപോയി. സർവസമർപ്പണമായിരുന്നു അയാളുടെ നാട്യം. ഒരു ഒഴിയാബാധപോലെ പിന്നാലെ കൂടിയ ചെർത്കോവ് പോകപ്പോകെ ടോൾസ്റ്റോയിയെ നിയന്ത്രിക്കുവാൻപോലും പ്രാപ്തനായി. മിലിട്ടറി അക്കാദമിയിൽ നിന്നും ബിരുദം നേടിയ ചെർത്കോവ് കുറെക്കാലം ചക്രവർത്തിയുടെ ചാരസംഘടനയിൽ പ്രവർത്തിച്ചിരുന്നു. ചക്രവർത്തിക്കുണ്ടായ ഒരു ജാരസന്തതിയാണ് ചെർത്കോവ് എന്നും പറഞ്ഞുകേട്ടിരുന്നു.
ലോകഭോഗങ്ങൾ വർജിക്കണമെന്ന ആദർശം പ്രസംഗിക്കുവാനല്ലാതെ നടപ്പിൽ വരുത്തുവാൻ ടോൾസ്റ്റോയിക്കു കഴിയുമായിരുന്നില്ല. പക്ഷേ, അതിനുവേണ്ടി അദ്ദേഹം അത്യന്തം ക്ലേശിച്ചു. ചെർത്കോവിനും ടോൾസ്റ്റോയിക്കുമിടയിൽ നിലനിന്നിരുന്ന ബന്ധത്തിനുപിന്നിൽ അത്തരം കാരണങ്ങൾ ചിലരെങ്കിലും ആരോപിച്ചിരുന്നു. എന്തിന്? വീട്ടിനുള്ളിൽത്തന്നെ അത് പലപ്പോഴും ചർച്ചാവിഷയമായി. ടോൾസ്റ്റോയിയെ നേരിട്ട് ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമുണ്ടായിരുന്നിട്ടില്ല. ചെർത്കോവിനെ ആദ്യം കണ്ടപ്പോൾത്തന്നെ ഞാൻ വരാനിരിക്കുന്ന കലുഷതകളെ മണത്തു എന്നു പറയട്ടെ. മനുഷ്യനിൽ അത്തരം ചില കഴിവുകൾകൂടി ദൈവം നിക്ഷേപിച്ചിട്ടുണ്ട് എന്നുറപ്പാണ്.
ദുഃസൂചനകൾ ഉണ്ടായെങ്കിലും ഭർത്താവിനുവേണ്ടി ഞാനയാളെ ഹാർദമായി സ്വാഗതംചെയ്തു. ആദ്യഘട്ടങ്ങളിലൊക്കെ തികഞ്ഞ മര്യാദയോടെ പെരുമാറി. ആപൽക്കരമാംവിധം ശിഷ്യന്റെ സ്വാധീനം ഗുരുവിനെ ചുറ്റിപ്പടർന്നപ്പോഴെല്ലാം എല്ലാറ്റിനും സാക്ഷിയായി ഒന്നും മിണ്ടാനാവാതെ ഞാൻ സഹിച്ചു. ഒടുവിലൊടുവിൽ എനിക്കയാളെക്കുറിച്ച് കേൾക്കുന്നതേ കലിയായി. ഗൂഢോദ്ദേശ്യങ്ങളുമായെത്തിയ ഒരു ചെകുത്താനാണ് ചെർത്കോവെന്ന് അയാളുടെ ഓരോ നടപടിയും വ്യക്തമാക്കി. എന്റെ കുടുംബാംഗങ്ങളെല്ലാം അയാളെ നഖശിഖാന്തം വെറുത്തു. രാജകൊട്ടാരത്തിൽ ഉന്നതബന്ധങ്ങളുള്ള അയാളെ നേരിടാനോ ഒളിയമ്പെയ്തു വീഴിക്കുവാനോ ആരും ധൈര്യപ്പെട്ടില്ല. രാപ്പകൽ വ്യത്യാസമില്ലാതെ സ്വച്ഛന്ദം ഈ വീട്ടിൽക്കയറിവരാനും തോന്നുംപടി പ്രവർത്തിക്കാനുമുള്ള ധൈര്യം ചെർത്കോവിനെങ്ങനെ ലഭിച്ചു?
എന്റെ പന്ത്രണ്ടു പ്രസവങ്ങൾ ആരോഗ്യമാകെ തകർത്തുകളഞ്ഞു. ഇതിനിടെ മൂന്നു കുട്ടികൾ മരണമടയുകയുമുണ്ടായി. പല പ്രായങ്ങളിലായുള്ള അനേകം കുട്ടികളെ പോറ്റിവളർത്തിയും കുടുംബ ചെലവുകൾക്കുള്ള പണം കണ്ടെത്തിയും പ്രസവം സംബന്ധിച്ച വലിയ അഗ്നിപരീക്ഷകളെ നേരിട്ടും ഞാൻ തകർന്നടിഞ്ഞിരുന്നു. എന്റെ ഭർത്താവാകട്ടെ തത്ത്വജ്ഞാനവും വിളമ്പി ശിഷ്യസംഘങ്ങൾക്കിടയിൽ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടു തുറിച്ചുനോക്കിയിരിക്കുകയുമാണ്.
പന്ത്രണ്ടാമത്തെ പ്രസവം നടന്ന ദിവസം ഞങ്ങൾ ഏതോ നിസ്സാരസംഗതിയെച്ചൊല്ലി വഴക്കായി. നോട്ടക്കുറവുകൊണ്ട് ഒരു കുതിര മരിച്ചുപോയതായിരുന്നു വിഷയം. അദ്ദേഹം ക്ഷുഭിതനായി വീടുവിട്ടിറങ്ങിപ്പോയി. രാത്രി വളരെ വൈകി തിരിച്ചെത്തിയപ്പോൾ ഞാൻ പ്രസവവേദനയെടുത്തു പുളയുകയായിരുന്നു. കരുണയുള്ള ഒരു വാക്കുപോലും ആ നാവിൽനിന്നുണ്ടായില്ല. ഞാൻ സാഷയെ പ്രസവിച്ചു. സാഷ പിന്നീട് പിതൃപക്ഷവാദിയാകുകയും ഒടുവിൽ വീടുവിട്ടിറങ്ങിപ്പോകുന്നതിനുപോലും പിതാവിനെ സഹായിക്കുകയും ചെയ്തു. എത്ര സങ്കീർണമായ ശിരോലിഖിതം!
ഇത്തവണയും ഒരു മുലയൂട്ടമ്മയെ എനിക്ക് ആവശ്യമായിത്തീർന്നു. എന്റെ ഭർത്താവ് ഇക്കാര്യം ചെർത്കോവുമായി ആലോചിച്ചുപോലും. അതായത് ശിഷ്യനിൽനിന്നും ഒന്നുംതന്നെ മറച്ചുവെക്കുവാൻ അദ്ദേഹത്തിനു കഴിയാതെയായി എന്നർഥം. അതോടെ ഞാൻ അദ്ദേഹത്തിന്റെ ദിനസരിക്കുറിപ്പുകൾ വീണ്ടും തപ്പിയെടുത്തു. എന്നെക്കുറിച്ച് എന്തെന്തൊക്കെ പരാതികളും പരിഭവങ്ങളുമാണ് ആ കുറിപ്പുകളിൽ കുത്തിനിറച്ചിരുന്നത്. തീർച്ചയായും ചെർത്കോവിനെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും അതിന്റെ പിന്നിലുണ്ടാവും. ചെർത്കോവിന് എന്നെക്കുറിച്ചുണ്ടായ അഭിപ്രായം ‘ഗുരു ചുമക്കുന്ന കുരിശ്’ എന്നായിരുന്നേത്ര.
അദ്ദേഹം കൃഷിയിടങ്ങൾ തീരെ ശ്രദ്ധിക്കാതെയായപ്പോൾ എല്ലാം നഷ്ടത്തിൽ കലാശിച്ചു. പുതിയ സാഹിത്യസൃഷ്ടികൾക്കായി പത്രാധിപന്മാരും പ്രസാധകരും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആ വക ഒന്നും തന്നെ എഴുതാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. വരുമാനം തീരെ കുറഞ്ഞു വന്നപ്പോൾ ചെലവുകൾ അധികരിക്കുകയായിരുന്നു. അദ്ദേഹം സസ്യഭക്ഷണം ശീലമാക്കിയതിനാൽ വീട്ടിൽ രണ്ട് അടുക്കളകളായി. അനേകം ഭൃത്യന്മാർക്കും മറ്റു ജോലിക്കാർക്കും നിരന്തരം കയറിയിറങ്ങുന്ന സന്ദർശകർക്കും ഭക്ഷണം കൊടുക്കുവാൻ മുമ്പൊരിക്കലും അനുഭവപ്പെടാത്തത്ര ബുദ്ധിമുട്ടായി.
വീട്ടാവശ്യങ്ങൾക്കും ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ട്യൂട്ടർമാർക്കുമുള്ള ശമ്പളത്തിനും വഴി കാണാതാവുമോ എന്ന് ഭയപ്പെടേണ്ട ദിക്കെത്തി. ഭാര്യ, അമ്മ, ഗൃഹനാഥ, ആതിഥേയ എന്നീ ഭാരങ്ങൾ പേറിപ്പേറി ഞാൻ അനുകമ്പാർഹമായ സ്ഥിതിയിലായി. വല്ലപ്പോഴും സന്ദർശനത്തിനെത്തുമായിരുന്ന സഹോദരിമാർ മാത്രമാണ് എന്റെ സ്ഥിതി മനസ്സിലാക്കി സഹാനുഭൂതി പ്രദർശിപ്പിച്ചത്.
ചെലവുകൾക്കുള്ള പണമില്ല എന്നു പലവട്ടം ഉണർത്തിച്ചപ്പോൾ തന്റെ സമാഹൃതകൃതികൾ ഒരു പതിപ്പുമാത്രം പ്രസിദ്ധീകരിച്ചു കൊള്ളുവാൻ ഭർത്താവ് സമ്മതിച്ചു. ഞാൻതന്നെ മുൻകൈയെടുത്ത് അച്ചടിയും വിതരണവും നിർവഹിച്ചാൽ ലാഭം പലവഴിക്കു വീതിക്കേണ്ടിവരില്ല എന്നു കരുതിയാണ് അതിനു തുനിഞ്ഞത്. ടോൾസ്റ്റോയിയുടെ ചില സുഹൃത്തുക്കളുമായി ഇക്കാര്യം ഞാൻ ചർച്ചചെയ്തു. അഭ്യുദയകാംക്ഷിയായ ഒരാൾ പറഞ്ഞു, ഈ വഴിക്കു മുമ്പേതന്നെ സഞ്ചരിച്ച ഒരുവളുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന്. അന്നാ ദസ്തയേവ്സ്കിയെയാണ് അയാൾ സൂചിപ്പിച്ചത്. ആദ്യം വേണ്ടെന്നു തോന്നിയെങ്കിലും ഞാൻ മകളോടൊപ്പം പീറ്റേഴ്സ്ബർഗിലേക്കു യാത്രയായി.
മോസ്കോ വസതിയിലേക്കാണ് യാത്ര എന്നാണ് വീട്ടിലറിയിച്ചത്. ദസ്തേയവ്സ്കിയുടെ വീട് കണ്ടുപിടിക്കുവാൻ കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നു. ദസ്തയേവ്സ്കിയുടെ ഭാര്യയായ അന്ന, ദസ്തയേവ്സ്കിയുടെ ‘ഭൂതാവിഷ്ടർ’ എന്ന നോവൽ സ്വയം പ്രസിദ്ധീകരിച്ച് വലിയ വിജയം നേടിയ കഥ സാഹിത്യമണ്ഡലത്തിൽ മുമ്പേതന്നെ പ്രചരിച്ചിരുന്നു. ഞാനും അതേപ്പറ്റി കേട്ടിരുന്നു. അത്തരം വഴിക്ക് തിരിയേണ്ടിവരുമെന്ന് അന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജീവിതം എങ്ങോട്ടൊക്കെയാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്!
ഞാൻ അന്നയെ സന്ദർശിക്കുമ്പോഴേക്കും അവർ ഒരു മുദ്രണാലയവും പ്രസാധനസ്ഥാപനവും സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. വളരെ ഹാർദമായി ആ സ്ത്രീ എന്നെ സ്വീകരിച്ചു. ദസ്തയേവ്സ്കി സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം ആ കൃതികൾ വായിക്കുമ്പോഴൊക്കെ എന്നിൽ ഉദിച്ചിരുന്നു. അന്നയുമായുള്ള കൂടിക്കാഴ്ച എനിക്ക് േപ്രാത്സാഹകമായി അനുഭവപ്പെട്ടു. ആത്മവിശ്വാസത്തോടെ ഞാൻ പ്രവർത്തനങ്ങളാരംഭിക്കുവാൻ തുടങ്ങി. ഒരുകാര്യം എനിക്കുറപ്പായി –പല കൃതികളും ഗവൺമെന്റ് നിരോധിച്ചിരിക്കുകയാണെന്നതിനാൽ സെൻസർമാരുമായി തീരാത്ത ചർച്ചകളിലേർപ്പെടേണ്ടിവരും.
ദസ്തയേവ്സ്കി പ്രസിദ്ധീകരണ വിഷയത്തിൽ തന്റെ ഭാര്യയെ സഹായിച്ചുവെങ്കിൽ എന്റെ ഭർത്താവ് ആദ്യഘട്ടത്തിൽത്തന്നെ ശിഷ്യന്മാർക്കുവേണ്ടി എന്റെ പ്രവർത്തനങ്ങൾക്ക് ഇടങ്കോലിടുവാനാണ് ശ്രമിച്ചത്. ഞാനാണെങ്കിൽ ഒരു ചുവടു മുന്നോട്ടുവെക്കുകയും ചെയ്തു. അദ്ദേഹം തന്റെ തീരുമാനത്തിൽനിന്നും പിന്മാറി എനിക്കു നൽകിയ സമ്മതം പിൻവലിക്കുകയാണെന്നു കണ്ടപ്പോൾ ഞാൻ പൊട്ടിത്തെറിച്ചു.
ഭാര്യയെക്കൊണ്ട് അച്ചടിപ്പിച്ചു സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ജനങ്ങളിൽനിന്നും പണം പറ്റുന്നത് ഗുരുവിന്റെ ആദർശസംഹിതകൾക്ക് ചേർന്നതല്ലെന്ന് ചെർത്കോവ് ഉണർത്തിച്ചതാണ് ആ പിന്മാറ്റത്തിനു കാരണം. അതിനകം അച്ചടിച്ചു തുടങ്ങിയ സമാഹൃതകൃതികൾ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ അച്ചുപിഴ തിരുത്തുന്നതിനും ആമുഖമെഴുതി നൽകുന്നതിനും ടോൾസ്റ്റോയി തയാറായിരുന്നുവെന്നറിയണം. അത്യന്തം ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന ഒരു ദുരന്തത്തിലേക്കും ചെർത്കോവ് ഗുരുവിനെ നയിച്ചു. ടോൾസ്റ്റോയിയുടെ എല്ലാ കൃതികളുടെയും പകർപ്പവകാശം റഷ്യൻ ജനതക്ക് വിട്ടുകൊടുക്കുക എന്നതായിരുന്നു ആ നിർദേശം. ഗുരുവിന്റെ പ്രഖ്യാപിതാദർശങ്ങൾക്ക് അനുപൂരകമാവുംതാനും അത്തരമൊരു പ്രഖ്യാപനം.
ഞാനതിനനുവദിക്കുകയില്ല എന്ന ഭയം ടോൾസ്റ്റോയിയെ കൊടിയ അസ്വസ്ഥതയിലേക്കാണ് വലിച്ചെറിഞ്ഞത്. എന്റെ നേരെയുള്ള രോഷം കൂടിക്കൂടി വന്നു. ആദർശങ്ങൾക്ക് വിരുദ്ധമായ ജീവിതം തന്നെ ഒരു പിത്തലാട്ടക്കാരനായി കണക്കാക്കുവാൻ ജനതയെ േപ്രരിപ്പിക്കുമെന്ന് പരിഭ്രമിച്ച് അന്തംവിട്ട തീരുമാനങ്ങളിലേക്ക് ആ മനുഷ്യൻ എടുത്തുചാടി. പാരിസിലേക്കോ അമേരിക്കയിലേക്കോ രക്ഷപ്പെടാനായിരുന്നു ആദ്യത്തെ തീരുമാനം. പക്ഷേ, വളരെ പെട്ടെന്ന് അത് തിരുത്തി. കാരണം ഏതെങ്കിലും വിദേശത്തേക്ക് ടോൾസ്റ്റോയി പോകുവാൻ കാത്തിരിക്കുകയായിരുന്നു ചക്രവർത്തി. തിരിച്ചുവരാൻ അനുവദിക്കാതെയിരുന്നാൽ ചക്രവർത്തിക്ക് ടോൾസ്റ്റോയിയെക്കൊണ്ടുള്ള ശല്യം എെന്നന്നേക്കുമായി ഒഴിഞ്ഞുകിട്ടും. മറ്റാരേക്കാളും ഇക്കാര്യം അറിയാവുന്നത് ടോൾസ്റ്റോയിക്കായിരുന്നു. തൽക്കാലം നാട്ടിൻപുറത്തെ സുഹൃത്തുക്കളുടെ വസതിയിലേക്കാക്കി മാറ്റി ആ പര്യടനം. ഞാൻ ഒട്ടും വഴങ്ങിയില്ല.
പന്ത്രണ്ടു വോള്യങ്ങളായി സമാഹൃതകൃതികൾ ഇറക്കുവാൻ ഭാരിച്ച സാമ്പത്തിക ചെലവുകളാണുണ്ടായത്. ഞാൻ തന്നെ ഒരിട അതുപേക്ഷിച്ചു പോയാലോ എന്ന് ശങ്കിക്കുകയുമുണ്ടായി. ഒരു കുടുംബസുഹൃത്തും എന്റെ അമ്മയും സഹായസന്നദ്ധരായി. ഇരുപത്തയ്യായിരം റൂബിൾ അവർ സംഘടിപ്പിച്ചു തന്നു. വളരെ അരിഷ്ടിച്ചാണ് ഞാൻ ആ തുക ചെലവാക്കിയത്. എണ്ണൂറു റൂബിൾ ലാഭിക്കുന്നതിനായി അച്ചുപിഴ തിരുത്തലും ഒത്തുവായനയും ഞാൻതന്നെ നേരിട്ടു ചെയ്തുതീർത്തു.
തെറ്റുതിരുത്തുന്നതിനിടയിൽ ഞാൻ ആദ്യം വായിച്ച ‘കുട്ടിക്കാലം’ കണ്ടപ്പോൾ കണ്ണീരടക്കുവാനായില്ല. ‘യുദ്ധവും സമാധാനവും’ വായിച്ചപ്പോൾ അതിൽ പുതിയ അർഥതലങ്ങളും കാണാനായി. ആ നോവലിന്റെ രചനാവേളയിൽ കൃതിയുടെ പാഠം പകർത്തിയെഴുതിയിരുന്ന താൻ എത്രമാത്രം മടയിയായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. ചിന്തയും ജീവിതാനുഭവങ്ങളും അത്രയേറെ എന്നെ മാറ്റിമറിച്ചിരുന്നു. ഞാൻ ഒരുപാട് പരിണാമങ്ങളിലൂടെ കടന്നുപോയിരുന്നു.
ഇത്തരം നൂലാമാലകൾക്കെല്ലാമിടയിൽ കുട്ടികളെ സംരക്ഷിച്ചു നിർത്തുവാൻ എനിക്കു കഴിഞ്ഞു. മിക്കവാറും എല്ലാ ദിവസങ്ങളിലും ഭർത്താവിന് കത്തെഴുതുകയും ചെയ്തു. കുട്ടികളെ ഞാൻ ഭ്രാന്തമായി സ്നേഹിച്ചു. എന്റെ ജീവിതത്തേക്കാൾ ഞാനവരുടെ ജീവിതത്തിന് പ്രാധാന്യം നൽകി. കുട്ടികളുടെ ഭാവിയിൽ കരിനിഴൽ വീഴുന്നതിനെപ്പറ്റി എനിക്കു ചിന്തിക്കുവാനേ കഴിയുമായിരുന്നില്ല.
(ചിത്രീകരണം: തോലിൽ സുരേഷ്)
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.