ജീവിതത്തിന്‍റെ പിടച്ചില്‍ കാണണമെന്നുണ്ടെങ്കില്‍ വൈകുന്നേരത്തെ ഏതാനും മണിക്കൂറുകള്‍ നഗരമധ്യത്തിലെ മെട്രോ സ്റ്റേഷനുകളില്‍ വെറുതെ ചെന്നുനിന്നാല്‍ മതി. എല്ലാ മുക്കിലും മൂലയിലും തിങ്ങിനിറഞ്ഞിരിക്കുന്ന മനുഷ്യര്‍. ധൃതിയാണ് അവരുടെ ശരീരഭാഷ. കറക്കുഗോവണികളിലൂടെ മേലോട്ടും താഴോട്ടും അവര്‍ സഞ്ചരിക്കുന്നു, കമ്പാര്‍ട്മെന്‍റുകളുടെ കവാടങ്ങള്‍ തുറക്കാനായി അക്ഷമയോടെ കാക്കുന്നു, വണ്ടികളില്‍നിന്നും ഇറങ്ങി പുറത്തേക്കു പായുന്നു, കയറുന്നു. വന്നുചേരുന്ന, വിട്ടുപോകുന്ന വണ്ടികളുടെ അറിയിപ്പുകള്‍... വാതിലുകള്‍ അടയുന്ന ശബ്ദം. എവിടെയും അതിദ്രുതചലനങ്ങളിലേക്കു പരാവര്‍ത്തനം ചെയ്യപ്പെട്ട മനുഷ്യര്‍, മനുഷ്യര്‍... എന്തിനാണ് കരക്കു പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ ഇവരെല്ലാം ഇങ്ങനെ പിടഞ്ഞുകൊണ്ടിരിക്കുന്നത്!
അങ്ങനെയൊരു ദിവസം സന്ധ്യക്ക് അപ്രതീക്ഷിതമായി തപോമയിയെ രാജീവ് ചൗക് മെട്രോ സ്റ്റേഷനില്‍വെച്ചു കണ്ടുമുട്ടി. രണ്ടുമൂന്നു സഹപ്രവര്‍ത്തകര്‍ കൂടെയുണ്ടായിരുന്നു. കുറച്ചു വൈകിയാലും സാരമില്ല എന്ന ധാരണയില്‍ ഞങ്ങള്‍ തിരക്കുള്ള ചില വണ്ടികള്‍ കയറാതെ വിട്ടു. നിറഞ്ഞുകവിഞ്ഞെത്തുന്ന കമ്പാർട്മെന്‍റുകളിലേക്ക് വീണ്ടും വീണ്ടും ആളുകള്‍ കയറിക്കൊണ്ടിരുന്നു. ചിലര്‍ പടികളില്‍ നിൽക്കുന്നതുകൊണ്ട് വാതിലടയുന്നില്ല. റെയില്‍വേ ജീവനക്കാര്‍ വന്ന് ഉള്ളിലേക്കു കയറിനിൽക്കാന്‍ അവരോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
അപ്പോള്‍ അതാ, ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും ഒരു ചലനം. എല്ലാവരെയും വകഞ്ഞുമാറ്റിക്കൊണ്ട് ഒരാള്‍ വണ്ടിയില്‍നിന്നും പ്ലാറ്റ്ഫോമിലേക്കു ചാടുന്നു. ഈ സ്റ്റേഷനിലെത്തിയത് അറിയാതെ, ഇറങ്ങാന്‍ മറന്നുപോയതാവണം. ജീവനക്കാര്‍ ശകാരിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അയാള്‍ ഇരുകൈകളും ചേര്‍ത്തു തൊഴുതുകൊണ്ട് അവരെ നോക്കി കണ്ണിറുക്കിക്കാണിച്ചു. പിന്നെ കൈവീശിക്കാണിച്ചുകൊണ്ട് ഞങ്ങളുടെ നേര്‍ക്കുവന്നു. സഹപ്രവര്‍ത്തകന്‍ പറഞ്ഞു: ‘‘ഓ, ഇതു നമ്മുടെ തപോമയിയല്ലേ! ഇയാള്‍ നമ്മളെക്കണ്ടിട്ട് ഇറങ്ങിയതാണോ!’’
അതുതന്നെയായിരുന്നു കാര്യം. ട്രെയിനിന്‍റെ ഉള്ളില്‍ ഇരിക്കുകയായിരുന്നു അയാള്‍. ഞങ്ങള്‍ പുറത്തു നിൽക്കുന്നതു കണ്ടപ്പോള്‍ പെട്ടെന്ന് ഒരു കാര്യം ഓർമവന്നു പോലും. അപ്പോള്‍ത്തന്നെ, ആകെയൊരു കുത്തിത്തിരിപ്പുണ്ടാക്കി ഇറങ്ങി. ആളുകള്‍ ബഹളം വെച്ചിട്ടും ശകാരിച്ചിട്ടും ചിരിച്ചുകൊണ്ടുനിൽക്കുന്നു.
‘‘ഹലോ, റെഫ്യൂജി ദാദാ! ഇതെന്തൊരു കഷ്ടം! ഒരു ട്രെയിനിന് പോകാന്‍പോലും നിങ്ങള്‍ സമാധാനം കൊടുക്കില്ലേ?’’ -കൂടെയുള്ള ഒരാള്‍ ചോദിച്ചു.
‘‘ഇന്ന് അവിടെ വരണം എന്നു കരുതിയതാണ്. പക്ഷേ, മറന്നു. നിങ്ങളെ കണ്ടപ്പോള്‍ വീണ്ടും ഓർമവന്നു. ഇവിടെ ഇറങ്ങിയില്ലെങ്കില്‍പ്പിന്നെ ഞാന്‍ നാളെ വീണ്ടും ആ വഴി വരേണ്ടിവരില്ലേ?’’ -അയാള്‍ ചോദിച്ചു.
‘‘ഫോണ്‍ ചെയ്യരുതോ?’’ -സഹപ്രവര്‍ത്തകന്‍ തിരക്കി.
‘‘ഫോണ്‍ ചെയ്താല്‍ തീരുന്ന സംഗതിയല്ല’’, അയാള്‍ എന്‍റെ നേരേ നോക്കി ചിരിച്ചു.
ഞാന്‍ ആലോചിച്ചു: ക്യാമ്പിലേക്കുള്ള കമ്പിളിപ്പുതപ്പുകളുടെ അപേക്ഷയല്ലേ അയാള്‍ അവസാനം തന്നത്? ആ അപേക്ഷ ഭാഗ്യത്തിന് പെട്ടെന്നുതന്നെ അംഗീകരിക്കപ്പെട്ടതാണല്ലോ. പണം ചിലപ്പോള്‍ കൈമാറിക്കഴിഞ്ഞിട്ടുണ്ടാവില്ല. അതിനു ഫോണ്‍ ചെയ്താലെന്താണ് കുഴപ്പം?
‘‘വേറൊരു സഹായം വേണം’’, അയാളപ്പോള്‍ എന്നോടുപറഞ്ഞു. വേറെയേതെങ്കിലും പദ്ധതികളും മുന്നോട്ടുവെക്കുകയാണോയെന്ന് ഞാന്‍ പേടിച്ചു.
‘‘ഔദ്യോഗികമല്ല. സംതിങ് പെഴ്സണല്‍’’, തപോമയി പറഞ്ഞു. അയാള്‍ തന്‍റെ തോള്‍സഞ്ചിയില്‍ എന്തോ പരതുന്നതുകണ്ടു. പിന്നെ ഷര്‍ട്ടിന്‍റെയും ജീന്‍സിന്‍റെയും കീശകളില്‍, പഴ്സില്‍, വീണ്ടും തോള്‍സഞ്ചിയില്‍. കുറച്ചുനേരം കഴിഞ്ഞപ്പോള്‍, തിരയുന്ന വസ്തു കണ്ടുപിടിക്കാനാവാതെ നിസ്സഹായതയോടെ തപോമയി ഞങ്ങളുടെ നേര്‍ക്കു നോക്കി.
‘‘വീണ്ടും മറന്നു.’’ അയാള്‍ ലജ്ജയോടെ പറഞ്ഞു. ‘‘ഇറങ്ങുമ്പോള്‍ മേശപ്പുറത്തുനിന്നും എടുക്കാന്‍ വിട്ടതാവണം.’’
‘‘എന്താ സംഗതി? ഞങ്ങള്‍ക്കു വല്ല കമീഷനും തരാനുള്ള ഏര്‍പ്പാടാണോ?’’ -അയാളെ ഏറെനാളായി പരിചയമുള്ളതുകൊണ്ടുള്ള സ്വാതന്ത്ര്യത്തില്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ കളിയാക്കി.
‘‘നിങ്ങള്‍ക്കുള്ള കമീഷന്‍ ചരക്കുവണ്ടികളിലാണ് അയച്ചിരിക്കുന്നത്. അതു വഴിയേ വരും’’, തപോമയി ചിരിച്ചു.
അയാള്‍ ഇറങ്ങിയ വണ്ടി പുറപ്പെട്ടു. മുന്നിലെ ഇടനാഴി ശൂന്യമായി. അതിന്‍റെ ആരവം അവസാനിക്കുന്നതുവരെ തപോമയി കാത്തു.
അയാള്‍ പറഞ്ഞു: ‘‘ഇന്നിപ്പോള്‍ ഒരു പേപ്പര്‍ അച്ഛന്‍ തന്നയച്ചിരുന്നു. അതെടുക്കാന്‍ വിട്ടു.’’
‘‘അച്ഛന് ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ പോരേ?’’ എന്‍റെ സഹപ്രവര്‍ത്തകന്‍ തിരക്കി.
‘‘ഹഹഹ, അതിനു കാര്യം എനിക്കു മനസ്സിലായിട്ടുവേണ്ടേ? ബ്ലാക്മാജിക്കാണ് സംഗതി.’’
- എന്‍റെ കൂടെയുള്ളവര്‍ക്കു മനസ്സിലായില്ലെങ്കിലും എനിക്കു പിടികിട്ടി. തപോമയിയുടെ അച്ഛന്‍ ഒരു ഗൂഢസന്ദേശമാണ് എനിക്കു കൊടുത്തയച്ചിരിക്കുന്നത്. വയസ്സന്‍ എന്നെ പരീക്ഷിക്കാനുള്ള ഏര്‍പ്പാടില്‍ത്തന്നെയാണ്.
‘‘ഞാനതു നോക്കിയതുമില്ല. എന്തു കാര്യം!’’ തപോമയി എന്‍റെ നേര്‍ക്കു നോക്കി. ‘‘കേണല്‍ സാറിനെപ്പറ്റി എന്തോ ആണ്. കഴിഞ്ഞ ദിവസം വന്നപ്പോള്‍ ഞങ്ങളുടെ വീട്ടുടമസ്ഥനെക്കുറിച്ചു ചോദിച്ചിരുന്നോ? അദ്ദേഹമാണ് കേണല്‍ സാര്‍. നിങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാമെന്ന് അച്ഛന്‍ പറഞ്ഞു.’’
‘‘അതേയതേ. നിങ്ങളുടെ വീട്ടുടമസ്ഥനെ എനിക്കറിയാം. ഫോട്ടോ കണ്ടപ്പോഴാണ് എനിക്കു മനസ്സിലായത്’’, ഞാന്‍ പറഞ്ഞു.
‘‘റിയലി? നേരിട്ട് അറിയാമെന്നോ? പക്ഷേ, അദ്ദേഹം കുറെ മുമ്പു മരിച്ചുപോയല്ലോ.’’
‘‘നേരിട്ടല്ല, പുസ്തകം വായിച്ചുള്ള പരിചയം.’’
‘‘ഓ, അങ്ങനെ. അച്ഛന്‍റെ മേലധികാരിയായിരുന്നു, അദ്ദേഹം. പട്ടാളത്തില്‍.’’
‘‘തപോമയിയുടെ അച്ഛന്‍ പട്ടാളത്തിലായിരുന്നോ?’’
‘‘ആയിരുന്നെന്നും അല്ലെന്നുമാവാം. അക്കാര്യം പറഞ്ഞില്ല, അല്ലേ! അങ്ങനെയുമുണ്ട് അച്ഛന് ഒരു കഥ. പക്ഷേ, കുറച്ചുകാലം മാത്രം. എന്നാല്‍, പട്ടാളക്കാരനായിട്ടുമല്ല. ഏതോ ഒരു അഡ്മിനിസ്ട്രേഷന്‍ ജോലിയില്‍. കേണല്‍ സാര്‍ അച്ഛനെ കൂടെ ചേര്‍ത്തതാണ്. കുറച്ചുകാലം അവിടെയുണ്ടായിരുന്നു. പക്ഷേ, സന്താനം സര്‍ നേരത്തേ പിരിഞ്ഞപ്പോള്‍ അച്ഛനും കൂടെപ്പോന്നു.’’
‘‘സന്താനത്തെ എനിക്ക് നേരിട്ട് അറിഞ്ഞുകൂടാ. പക്ഷേ, അദ്ദേഹത്തിന്‍റെ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ഞാന്‍ അന്ന് ആ കുറിപ്പടിയുടെ പിറകിലെഴുതിയതു വായിച്ചില്ലേ, അതൊക്കെ ഞാന്‍ പഠിച്ചത് ആ പുസ്തകം വായിച്ചതിനുശേഷമാണ്. ആ നിലക്ക് അദ്ദേഹം എന്‍റെ ഗുരുവാണ് ഒരു ദ്രോണാചാര്യര്‍, ഏകലവ്യന്‍ ലൈന്‍.’’
‘‘അതെന്തോ, ഇപ്പോള്‍ കാലത്തെഴുന്നേറ്റപ്പോള്‍’’ അച്ഛന്‍ പറഞ്ഞു, നിങ്ങള്‍ക്ക് സന്താനം സാറിനെ അറിയാമെന്ന്. അക്കാര്യത്തിലെന്തോ ചോദിക്കാനുണ്ട്. ഓരോരോ വെളിപാടുകള്‍! കുത്തിവരച്ച് ഒരു കടലാസ് എനിക്കുതന്നു. കൊണ്ടുപോയിക്കൊടുക്കണമെന്നു പറഞ്ഞു. പിന്നെയാവാമെന്നു ഞാന്‍, ഇന്നുതന്നെ വേണം എന്ന് അച്ഛന്‍! ഓരോ ദിവസവും ഓരോ വാശിയാണല്ലോ. എല്ലാം ശരിയാക്കിവെച്ചതാണ്. കടലാസ് എടുത്തു എന്നും വിചാരിച്ചു. സത്യം പറഞ്ഞാല്‍ ഞാനക്കാര്യം വിട്ടുപോയി. ഇപ്പോള്‍ ഈ സ്റ്റേഷനില്‍ നിങ്ങളെല്ലാവരും നിൽക്കുന്നതു കണ്ടപ്പോഴാണ് വീണ്ടും ഓര്‍ത്തത്. ഇനി നാളെയും വരേണ്ടിവരുമല്ലോ! മക്കളുടെ കാര്യത്തില്‍ ശ്രദ്ധവെക്കാത്ത അച്ഛന്മാരുടെ ലോകമല്ലേ ഇത്? നിങ്ങള്‍ക്കെന്തു തോന്നുന്നു?’’
‘‘എനിക്കെന്തു തോന്നാന്‍! അതൊരു ഫോട്ടോയെടുത്ത് മെസേജായി വാട്സാപ്പില്‍ അയക്കൂ’’, ഞാന്‍ പറഞ്ഞു.
‘‘ഓ! അതു ശരിയാണല്ലോ. ഞാനക്കാര്യം ഓര്‍ത്തില്ല. അച്ഛന്‍റെ വാശിക്കു കൂട്ടുനിന്ന് ഈയിടെയായി ബുദ്ധിയും പിറകോട്ടാണ്’’, തപോമയി തലയിലിടിച്ചുകൊണ്ടു പറഞ്ഞു.
അന്നു രാത്രിയല്ലെങ്കിലും പിറ്റേന്നു പുലര്‍ച്ചക്കുതന്നെ അയാള്‍ ആ കടലാസ് എനിക്കു ഫോട്ടോയെടുത്ത് അയച്ചുതന്നു. (രാവിലെ മൂന്നു മണിക്കാണ് ആ സന്ദേശം അയച്ചിട്ടുള്ളത് എന്നു കണ്ടു. ഈ ചങ്ങാതിക്ക് ഉറക്കമൊന്നുമില്ലേ?) ഡോക്ടര്‍ തപസ് സര്‍ക്കാറിനെക്കുറിച്ച് ഗോപാല്‍ ബറുവ എഴുതിയ കുറിപ്പു കണ്ടു മനസ്സിലാക്കിയ പരിചയം വെച്ച് ഞാന്‍ വലിയ ബുദ്ധിമുട്ടില്ലാതെ ആ സന്ദേശം വായിച്ചു: Come Alone, Speak എന്നായിരുന്നു അത്. അപ്പോള്‍ ആ രാത്രിയില്‍ അദ്ദേഹത്തെ ആദ്യമായി കണ്ടതും സന്താനത്തെക്കുറിച്ചു സംസാരിച്ചതുമെല്ലാം എനിക്കോർമവന്നു. അതുമാത്രമല്ല, മകന്‍ അരികിലേക്കു വന്ന സമയത്ത് ഗോപാല്‍ദാ ആ സംഭാഷണം പൊടുന്നനെ നിര്‍ത്തുകയും ചെയ്തിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന് അക്കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാനുണ്ടാവണം. അത് മറ്റാരും കേള്‍ക്കരുത് എന്നൊരു നിർബന്ധവും ഈ സന്ദേശത്തിന്‍റെ സൂചന തന്നെ.
അന്നു വ്യാഴാഴ്ചയായിരുന്നു. മറ്റന്നാള്‍ ശനിയാഴ്ച ഉച്ചവരെ മാത്രമേ ജോലിയുള്ളൂ. അതിനുശേഷം തപോമയിയുടെ വീട്ടില്‍ പോയാലോ എന്നാലോചിച്ചു. പകല്‍സമയത്താണെങ്കില്‍ തപോമയി പുറത്തായിരിക്കും. പക്ഷേ, ആ പരിചാരകന്‍ അവിടെയുണ്ടാവില്ലേ? ഗോപാല്‍ ബറുവയുടെ ഭാഷയില്‍ വെളിച്ചം മോഷ്ടിക്കുന്നവന്‍. ഇങ്ങനെയൊക്കെയായിട്ടും എന്തിനാണ് ഇവര്‍ അയാളെ അവിടെ തുടരാന്‍ അനുവദിക്കുന്നതെന്നു മനസ്സിലായില്ല. ഏതായാലും ശനിയാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം മെട്രോയുടെ യെല്ലോ ലൈന്‍ പിടിച്ച്, ചാന്ദ്നിചൗക്കിലിറങ്ങി ഒരു സൈക്കിള്‍ റിക്ഷയില്‍ ഞാന്‍ തപോമയിയുടെ വീട്ടിലേക്കു തിരിച്ചു. വലുപ്പം കുറഞ്ഞ ആ വാഹനം റിക്ഷക്കാരന്‍റെ ശരീരംപോലെയുണ്ടായിരുന്നു. അയാള്‍ എന്നെയും വഹിച്ചുകൊണ്ട് ഇടുങ്ങിയ തെരുവുകളിലൂടെ ഓടുകയാണെന്ന് എനിക്കു തോന്നി.
പകല്‍വെളിച്ചത്തില്‍ കാണുമ്പോള്‍ ആ കെട്ടിടം കൂടുതല്‍ പഴക്കം തോന്നിച്ചു. ഇരുട്ടിന്‍റെ കവചകുണ്ഡലങ്ങള്‍ അഴിച്ചുകളഞ്ഞ് ഭീമാകാരമായ ഒരു കോട്ടപോലെ അതു നിലകൊള്ളുന്നു. കെട്ടിടത്തിനുമേല്‍ ഒരു മഹര്‍ഷിയെപ്പോലെ ധ്യാനിച്ചു പടര്‍ന്നുനിൽക്കുന്ന ആ ആല്‍മരം. ഇലകള്‍ക്കിടയിലൂടെ ചോര്‍ന്ന് ഭയന്നുമാത്രം നിലത്തുപതിയുന്ന വെയില്‍പ്പൊട്ടുകള്‍.
ഞാന്‍ ചെല്ലുമ്പോള്‍ സഹായിയായ പയ്യന്‍ തപോമയിയുടെ അച്ഛന് ഭക്ഷണം കൊടുത്തശേഷം വായ് കഴുകിക്കുകയായിരുന്നു. വൃദ്ധരായ രോഗികളെ സഹായിക്കുന്നതിനായി ഹോം നഴ്സുമാരെ ഏര്‍പ്പെടുത്തിക്കൊടുക്കുന്ന ഒരു സ്ഥാപനത്തില്‍നിന്നും വരുന്നതായിരുന്നു അവന്‍. പൊക്കം കുറഞ്ഞ്, ദേഹം തടിച്ചുരുണ്ട ഒരു രൂപമായിരുന്നു അവന്‍റേത്. ചെറുപ്പം തോന്നിക്കുമെങ്കിലും ശിരസ്സില്‍ മുടി കുറവായിരുന്നു. മുഖരോമങ്ങള്‍ ഒട്ടുമില്ല. അധികമൊന്നും സംസാരിക്കാത്ത, എന്നാല്‍ വിഡ്ഢികളെപ്പോലെ വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതം.
ഗോപാല്‍ ബറുവ എന്നെ തിരിച്ചറിഞ്ഞു. ഇത്തവണ നേരിയൊരു പരിചയത്തിന്റേതായ ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ തെളിഞ്ഞു.
‘‘ഇവിടെ ഒരു കസേര കൊണ്ടിട്ടശേഷം നീ പോയി ഭക്ഷണം കഴിച്ചോ’’, അദ്ദേഹം രാജുവിനോടു പറഞ്ഞു, ‘‘പിന്നെ പുറത്തുപോയി കടയില്‍നിന്നും വാങ്ങാനുള്ളതെല്ലാം വാങ്ങിക്ക്.’’
അദ്ദേഹം അവനെ ഒഴിവാക്കുകയാണെന്ന് എനിക്കു മനസ്സിലായി.
‘‘പുതിയ ഫ്ലാസ്കു വാങ്ങണ്ടേ സാര്‍?’’ -അവന്‍ ചോദിച്ചു.
‘‘എന്തിന്!’’
‘‘പഴയതു കാണാനില്ല. കുറേ നോക്കി’’ -അവന്‍ പറഞ്ഞു, ‘‘ചൂടുവെള്ളമേ കൊടുക്കാവൂ എന്നു ദാദ പറഞ്ഞിരുന്നു.’’
‘‘കാണുന്നില്ലെങ്കില്‍ വേണ്ട. ഇനി പുതിയതു വാങ്ങി, അതു വിറ്റ് നീ കള്ളു കുടിക്കേണ്ട’’, തപോമയിയുടെ അച്ഛന്‍ പറഞ്ഞു. അതുകേട്ട് തന്‍റെ മണ്ടന്‍ചിരി ആവര്‍ത്തിച്ചുകൊണ്ട് രാജു അവിടെനിന്നും പോയി.
കാലിലെ പ്ലാസ്റ്റര്‍ മാറ്റിയിട്ടില്ല. പ്ലാസ്റ്ററിട്ടിരിക്കുന്നതിന്‍റെ അരികുകളില്‍ തൊലി വരണ്ടുണങ്ങിനിൽക്കുന്നതു കണ്ടു. നേരിയ ചെമപ്പുനിറം പടര്‍ന്നിരിക്കുന്നു. കുറേക്കഴിയുമ്പോള്‍ പ്ലാസ്റ്ററിനു ചുറ്റുമുള്ള ഭാഗങ്ങളില്‍ ചൊറിയാനുള്ള പ്രചോദനം വരും. തൊലി പൊട്ടും. അതു കാണുമ്പോഴേ എനിക്ക് അസ്വസ്ഥതയുണ്ടായി.
‘‘നിങ്ങള്‍ വന്നു എന്നതിനർഥം എന്‍റെ സന്ദേശം വായിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണെന്ന് ഞാന്‍ ഊഹിക്കുന്നു’’, അദ്ദേഹം പറഞ്ഞു, ‘‘മറ്റാരും അതു വായിക്കാന്‍ നിങ്ങളെ സഹായിച്ചിട്ടില്ല എന്ന വിശ്വാസത്തില്‍.’’
‘‘അങ്ങനെ ഇത്തരം ലിപികള്‍ വായിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല’’, ഞാന്‍ പറഞ്ഞു.
‘‘ഞാനുമതേ. അതുകൊണ്ടാണ് ഡോക്ടര്‍ തപസ് സര്‍ക്കാറിനെക്കുറിച്ച് ഒരു തമാശ എഴുതിയതു നിങ്ങള്‍ വായിച്ചു എന്നു തപോമയി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിക്കാതിരുന്നതും’’, അദ്ദേഹം നേരിയ ജാള്യത്തോടെ എന്നെ നോക്കി.
‘‘വായിച്ചു എന്നാണ് എന്‍റെയും വിചാരം’’, ഞാന്‍ പറഞ്ഞു. പിന്നെ ആലോചിച്ചു: എന്നാലും വായിച്ചതു ശരിയാണ് എന്ന് ഉറപ്പു പറയാമോ? വിശേഷിച്ചും ഇക്കാര്യത്തിലെല്ലാം കൂടുതല്‍ അറിവുള്ള ആളുകള്‍ക്കു മുമ്പില്‍?
‘‘ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ്. ഡോക്ടര്‍ ഒഴിവുള്ളപ്പോള്‍ ഇവിടെ ചീട്ടുകളിക്കാന്‍ വരും. എനിക്കുള്ള ചികിത്സയൊക്കെ അതിന്‍റെയിടക്കുള്ള നേരമ്പോക്കുമാത്രമാണ്. അത്ര കാര്യമുള്ളതല്ല.’’
‘‘അതൊരു ഫലിതമാണെന്നേ ഞാനും വിചാരിച്ചിട്ടുള്ളൂ’’, ഞാന്‍ പറഞ്ഞു.
അപ്പോള്‍ അദ്ദേഹം മറ്റൊരു കടലാസ് എന്‍റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു: ‘‘കസേര കുറച്ച് അടുത്തേക്കിടൂ. എന്നിട്ട് ബുദ്ധിമുട്ടാവില്ലെങ്കില്‍ ഇതെല്ലാം ഒന്നു വായിക്കൂ. കേള്‍ക്കട്ടെ.’’ സ്വയം എഴുതിയത് വായിച്ചുകേള്‍ക്കാനുള്ള താൽപര്യമല്ല, പകരം ആ ലിപികള്‍ ശരിക്കും എനിക്കു വായിക്കാനറിയുമോ എന്ന് അദ്ദേഹം പരീക്ഷിക്കുകയാണെന്നു ഞാന്‍ സംശയിച്ചു.
ആ കടലാസില്‍ എനിക്കു പരിചയമുള്ള അപൂർവം ചില ചിഹ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. കുറേക്കൂടി ദുര്‍ഗ്രഹമായ ഒരെഴുത്തുരീതിയായിരുന്നു അത്. എഴുതിയ മൂന്നു വരികളില്‍ അവസാനത്തെ ചില വാക്കുകള്‍ ഞാനൂഹിച്ചുവെങ്കിലും മൊത്തത്തില്‍ അതെനിക്കു മനസ്സിലായില്ല. ഒരു ദ്വീപിനെക്കുറിച്ചുള്ള പരാമര്‍ശം അവസാനത്തെ വരിയിലുണ്ടായിരുന്നു എന്നു തോന്നി. ഞാനതു സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘‘അതു ശരിയാണ്, ആ ദ്വീപിലെ ചെടികളെക്കുറിച്ച് എഴുതിയതാണ്.’’ ആ സൂചനയില്‍നിന്നും ഞാന്‍ ആദ്യത്തെ വരി ശ്രമിച്ചുനോക്കി. അതിലെ രണ്ടു വാക്കുകള്‍ എനിക്കു കിട്ടി. പുഴ, പിന്നെ ഒരുതരം വലിയ മത്സ്യം. ഇടക്കുള്ള വരി എനിക്ക് ഒട്ടും വായിക്കാന്‍ സാധിച്ചില്ല.
‘‘ഇടയിലുള്ള വരി തീരെ പറ്റുന്നില്ല’’, ഞാന്‍ പറഞ്ഞു.
‘‘അതും വലത്തുനിന്നും ഇടത്തോട്ടു വായിച്ചു അല്ലേ?’’ കുറച്ചുനേരം ആലോചിച്ച ശേഷം, മടിച്ചുമടിച്ച് അദ്ദേഹം ചോദിച്ചു.
‘‘അങ്ങനെയല്ലേ?’’
‘‘അല്ല’’, അദ്ദേഹം പറഞ്ഞു. ‘‘ഇടവിട്ട് ദിശമാറുന്ന രീതിയിലാണ് ഈ എഴുത്ത്. സൈന്ധവലിപിയില്‍ പലപ്പോഴും അങ്ങനെയാണ്. ആദ്യത്തെ വരി വലത്തുനിന്നും ഇടത്തോട്ട്, അടുത്ത വരി ഇടത്തുനിന്നും വലത്തോട്ട്, മൂന്നാമത്തെ വരി തിരിച്ചും.’’
അക്കാര്യം എനിക്കോർമ വന്നു. ഡോക്ടര്‍ സന്താനത്തിന്‍റെ പുസ്തകത്തിലുണ്ട് അത്. ബാസ്ട്രോഫീഡന്‍ (boustropheden) മാതൃക എന്നു പറയും. ഞാനക്കാര്യം അദ്ദേഹത്തോടു പറഞ്ഞു.
‘‘ശരിയാണ്.’’ ആ പദം ഗ്രീക്ക് ഭാഷയില്‍നിന്നും വന്നതാണ്. bous എന്നാല്‍ കാള, strophos എന്നാല്‍ വളവ് അല്ലെങ്കില്‍ തിരിവ് എന്നർഥം. കാളകള്‍ നിലമുഴുന്നതു കണ്ടിട്ടില്ലേ? ഇടത്തുനിന്നും വലത്തോട്ടുപോയി, പിന്നെ അവിടെനിന്നും തിരിച്ച് ഇടത്തോട്ടുതന്നെ... അങ്ങനെ ഇരട്ടദിശയിലുള്ള എഴുത്താണ്.’’
തപോമയിയുടെ അച്ഛന്‍ എന്തോ ആലോചിച്ച് പതിയെ തലയാട്ടിയശേഷം എന്നെ നോക്കിക്കൊണ്ടു പറഞ്ഞു: ‘‘മുമ്പ് ഞാനും സന്താനം സാറും ഈ രീതിയില്‍ പരസ്പരം കത്തുകള്‍ കൈമാറുമായിരുന്നു. പക്ഷേ, അദ്ദേഹം എഴുതുന്നതു പിന്നെപ്പിന്നെ മനസ്സിലാക്കാന്‍ കഴിയാതെ വന്നു. അതു വേറൊരു കഥയാണ്.’’
‘‘പക്ഷേ, ഈ ദിശ എങ്ങനെ മനസ്സിലാക്കും എന്നതാണ് എന്‍റെ സംശയം’’, ഞാന്‍ പറഞ്ഞു.
‘‘അതിന് ചില വഴികളുണ്ട്. വാക്യങ്ങള്‍ അവസാനിപ്പിക്കുന്ന ചിഹ്നങ്ങള്‍, ഉദാഹരണത്തിന് ഫുള്‍ സ്റ്റോപ്പ്, ആശ്ചര്യചിഹ്നങ്ങള്‍... അങ്ങനെ ചിലതുണ്ട്. അതൊക്കെ നോക്കാം. പിന്നെ ഒരു വരിയില്‍ ബാക്കിവരുന്ന അക്ഷരങ്ങള്‍ അറ്റത്തായി തൊട്ടുതാഴെ കൊടുക്കുന്നതു കാണുമ്പോള്‍... അങ്ങനെ. ചിലപ്പോള്‍ തനിക്കുമാത്രം വായിക്കാവുന്ന ഒരു ലിപി കണ്ടുപിടിക്കണം എന്ന് ആളുകള്‍ക്കു തോന്നുകയില്ലേ?’’
അതെന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. പുരാതന നാഗരികതകളിലെ നിവാസികളും പരസ്പരം വിനിമയം ചെയ്യാനുള്ള ഭാഷയും ലിപിയുമാണല്ലോ ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്തുള്ള ആളുകള്‍ക്ക് അതു വായിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാലും ആര്‍ക്കും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ഒരു ദുരൂഹഭാഷ സംവിധാനം ചെയ്യുന്നതെന്തിനാണ്? അങ്ങനെയാണെങ്കില്‍ ഭാഷയുടെതന്നെ ആവശ്യമുണ്ടോ?
‘‘നിങ്ങള്‍ ആലോചിക്കുന്നത് എനിക്കു മനസ്സിലാവും’’, ഗോപാല്‍ ബറുവ പറഞ്ഞു. ‘‘പരസ്പരം സന്ദേശങ്ങള്‍ കൈമാറുകയാണ് ഭാഷയുടെ പ്രാഥമികമായ ലക്ഷ്യം. മനുഷ്യര്‍ നായാട്ടുകാരും പെറുക്കികളുമായി ജീവിച്ചിരുന്ന കാലത്ത് ഭാഷ രൂപപ്പെട്ടത് അങ്ങനെയായിരുന്നു. നായാട്ടുകാരന്‍റെ വിളിയില്‍നിന്നുമാണ് അതിന്‍റെ തുടക്കം. അയാള്‍ കൂട്ടുകാരനു നൽകാനായി ഉയര്‍ത്തിയ കൂവലായിരുന്നു അർഥമുള്ള ആദ്യത്തെ മൊഴി.
പില്‍ക്കാലത്ത് മനുഷ്യര്‍ വളര്‍ന്നു. സംസ്കാരവും നാഗരികതകളുമുണ്ടായി. പല ഭാഷകള്‍ രൂപപ്പെട്ടു. എന്നാലും എല്ലാ മനുഷ്യര്‍ക്കും സ്വന്തം മനസ്സില്‍, സ്വന്തം ജീവിതം ഒളിപ്പിച്ചുവെക്കാവുന്ന ഒരു സമ്പ്രദായം കാണും. ഉടുപ്പുകള്‍ നഗ്നത മറയ്ക്കുന്നതുപോലെ, പെരുമാറ്റംകൊണ്ടും നിശ്ശബ്ദതകള്‍കൊണ്ടും ആളുകള്‍ തങ്ങളുടെ ആന്തരികജീവിതം മറച്ചുപിടിക്കുന്നു.’’
അദ്ദേഹം സംസാരം തുടര്‍ന്നില്ല. കട്ടിലില്‍ കുത്തനെ വെച്ച തലയണയിലേക്കു ചാരി ശരീരം ഒട്ടാകെ ഉലച്ചുകൊണ്ട് നിവര്‍ന്നിരുന്നു.
‘‘പ്ലാസ്റ്റര്‍ വെട്ടാറായില്ലേ?’’ -ഞാന്‍ ചോദിച്ചു.
‘‘ആറാഴ്ചയാണ് കണക്ക്. ആവുന്നതേയുള്ളൂ. പക്ഷേ, തൊലി വരണ്ടുപൊട്ടുന്നു. തപസ് വരുമ്പോള്‍ ചോദിക്കണം’’ -അദ്ദേഹം പറഞ്ഞു.
‘‘അയാള്‍ എന്നും വരും. ചീട്ടുകളിക്കാനാണ് വരുന്നത്. കളിയില്‍ ചില സൂത്രങ്ങള്‍ കാണിക്കും. മഹാവിരുതനാണ്, അക്കാര്യത്തില്‍. കണ്ണൊന്നു തെറ്റിയാല്‍ ചീട്ടു മാറ്റും. അതു പിടിച്ചാലോ, ഭയങ്കര വഴക്കാവും. ഞങ്ങള്‍ കുട്ടികളെപ്പോലെ തല്ലുകൂടും. അങ്ങനെ തല്ലുകൂടുന്ന ദിവസം എഴുതുന്ന മരുന്നുകള്‍ക്ക് ഇരട്ടി കയ്പുണ്ടാകും. ആ ദേഷ്യത്തിന് ഞാനെഴുതിയതാണ് അതെല്ലാം.’’
‘‘എന്നിട്ട് ഈ മരുന്നു മുഴുവന്‍ കഴിക്കുകയാണോ?’’ -ഞാന്‍ ചോദിച്ചു.
‘‘അതാണ് എന്‍റെ കളി. അയാള്‍ ചീട്ടു മാറ്റുന്നു. ഞാന്‍ മരുന്നും’’, അദ്ദേഹം കണ്ണിറുക്കിക്കാണിച്ചുകൊണ്ടു ചിരിച്ചു: ‘‘എനിക്കിഷ്ടപ്പെട്ട മരുന്നേ ഞാന്‍ കുടിക്കൂ!’’
- ഞാന്‍ ചിരിച്ചു. പുതിയൊരു കുട്ടിക്കാലത്തിന്‍റെ പേരാണ് വാർധക്യം.
അന്നു രാത്രി വന്നതുപോലല്ല, ഇപ്പോള്‍ പകല്‍വെളിച്ചത്തില്‍ ആ മുറി കൂടുതല്‍ വ്യക്തമായി കാണാമായിരുന്നു. മുഷിഞ്ഞ ചുവരുകള്‍, ചുവരുകള്‍ക്കുമേല്‍ അന്നു നിരനിരയായി കണ്ട പലരുടെയും ഫോട്ടോകള്‍ കുറേക്കൂടി വ്യക്തമാണ്. തൂക്കുവിളക്കുകള്‍ക്കും പ്രതിമകള്‍ക്കും വലിയ പഴക്കം തോന്നിച്ചു. ഒന്നും മാറ്റം വരുത്താതെ തുടരണമെന്നുള്ളതാണല്ലോ സന്താനത്തിന്‍റെ നിർദേശം. മുകളില്‍ മരംകൊണ്ടു പണിത മച്ചാണ്. അതില്‍ ഭംഗിയുള്ള പൂക്കള്‍ കൊത്തിയിരിക്കുന്നു. സാമാന്യത്തിലധികം വലുപ്പമുള്ള ഒരു പങ്ക താഴേക്കു തൂങ്ങിക്കിടക്കുന്നു. തണുപ്പുകാലമായതുകൊണ്ട് അതു നിശ്ചലമാണ്. ഗോപാല്‍ ബറുവ കിടക്കുന്ന കട്ടിലിനും പഴക്കമുണ്ടാവണം. അതിന്‍റെ താഴെയുള്ള അറകള്‍ തുറക്കാനുള്ള പിടികള്‍ വിട്ടുപോയിരിക്കുന്നതായി കണ്ടു. കട്ടിലിന്‍റെ തലഭാഗത്ത് വ്യാളീമുഖങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു.
‘‘സന്താനം സാറെഴുതിയ പുസ്തകം നിങ്ങള്‍ക്കെവിടെ നിന്നാണ് കിട്ടിയത്?’’ -ഗോപാല്‍ ബറുവ ചോദിച്ചു. അദ്ദേഹം അതുതന്നെ ആലോചിച്ചുകൊണ്ടിരിക്കുകയാണല്ലോ എന്നതില്‍ എനിക്കു കൗതുകം തോന്നി.
‘‘എനിക്ക് വഴിയോരത്തെ ഒരു സെക്കൻഡ് ഹാൻഡ് ബുക്സെല്ലറില്‍നിന്നും കിട്ടിയതാണ്. ഹൈദ്രാബാദിലെ സണ്‍ഡേ മാര്‍ക്കറ്റില്‍നിന്നും.’’
‘‘എത്ര കാലമായി?’’
‘‘ആറോ ഏഴോ വര്‍ഷം.’’
ഗോപാല്‍ ബറുവ എന്തോ മനസ്സില്‍ കണക്കുകൂട്ടുകയാണെന്നു തോന്നി.
‘‘പുസ്തകം വായിച്ചാലും ആരുടെയെങ്കിലും സഹായമില്ലാതെ ആ ലിപി പഠിക്കാന്‍ കഴിയുമോ എന്നു സംശയമാണ്. നിങ്ങള്‍ അതു വായിച്ചു എന്നു പറഞ്ഞല്ലോ. സത്യത്തില്‍ അന്നു ഞാന്‍ വിശ്വസിച്ചില്ല. കഴിഞ്ഞതവണ വന്നപ്പോള്‍ അക്കാര്യത്തെക്കുറിച്ചു ചോദിക്കാതിരുന്നത് അതുകൊണ്ടാണ്’’, അദ്ദേഹം ഒന്നുനിര്‍ത്തിയ ശേഷം എന്‍റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: ‘‘ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?’’
അദ്ദേഹത്തിന്‍റെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ തെല്ലൊന്ന് അമ്പരന്നു. അല്ലെങ്കില്‍ത്തന്നെ, ഈയൊരു കാര്യത്തില്‍ എന്തിനാണ് ഞാന്‍ നുണ പറയുന്നത്? നിഗൂഢലിപിയാണെന്നുണ്ടെങ്കിലും ഞാന്‍ നുണപറയേണ്ടുന്നതിനുമാത്രം എന്തു നിഗൂഢതയാണ് ഈ എഴുത്തുകളിലെല്ലാമുള്ളത്? ആദ്യത്തേതില്‍ ഡോക്ടര്‍ തപസ്സിനെക്കുറിച്ചുള്ള പരിഹാസം, രണ്ടാമത്തേതില്‍ ഏതോ ഒരു ദ്വീപിലെ ആവാസവ്യവസ്ഥ.
‘‘ഇതെല്ലാം നിങ്ങള്‍ക്ക് തപോമയി പഠിപ്പിച്ചുതന്നതല്ലേ?’’ -അദ്ദേഹം ചോദിച്ചു. ആ ശബ്ദം ഒരു രഹസ്യം സംസാരിക്കുന്നതുപോലെ താഴ്ന്നിരുന്നു. എനിക്കു തമാശ തോന്നി. അദ്ദേഹത്തെ ചീട്ടുകളിയില്‍ ഡോക്ടര്‍ പറ്റിക്കുന്നു, അല്ലെങ്കില്‍ അങ്ങനെയാണെന്ന് അദ്ദേഹം സംശയിക്കുന്നു. ഇപ്പോള്‍, ഈ കാര്യത്തില്‍ അച്ഛന്‍ എഴുതിയ കുറിപ്പ് മകന്‍ വായിച്ച് എനിക്കു പറഞ്ഞുതന്നതായി സംശയിക്കുന്നു. ഗൂഢഭാഷ വായിച്ചും പഠിച്ചും ഗോപാല്‍ ബറുവയുടെ തലയില്‍ എപ്പോഴും ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നുണ്ടോ!
എന്‍റെ കാര്യത്തിലാണെങ്കില്‍, ഈ ഭാഷയിലൊന്നും എനിക്കത്ര അഗാധമായ അറിവുകളില്ല. പക്ഷേ, കുറച്ചു വര്‍ഷങ്ങളായി പലതരം പ്രാചീനഭാഷകളെക്കുറിച്ച് വായിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. വായിക്കുക മാത്രം. മണ്‍മറഞ്ഞുപോയ നാഗരികതകള്‍ എന്നെ ആകര്‍ഷിക്കുന്നു. ഭൂമി കുഴിച്ചുവരുമ്പോള്‍ കണ്‍തെളിയുന്ന പ്രാചീനജീവിതവും അവര്‍ പലപ്പോഴും എഴുതി ഉപേക്ഷിച്ചുപോയ ലിഖിതങ്ങളും ഒരു ലഹരിപോലെ എന്നെ ആ വായനകളിലേക്ക് കൊണ്ടുപോകുന്നു. മനുഷ്യന്‍ നിർമിച്ച ഭാഷകള്‍ എന്നനിലക്ക് ഏതെങ്കിലും വിധത്തില്‍ പുതിയകാലത്തെ മനുഷ്യനും അതു വായിക്കാന്‍ സാധിക്കേണ്ടതല്ലേ? സന്താനത്തിന്‍റെ പുസ്തകം ആ താൽപര്യത്തിനു പുറത്താണ് ഞാന്‍ വാങ്ങിച്ചതും. അങ്ങനെ താൽപര്യമുള്ള വേറെയും പലരും കാണും എന്നാണ് എന്‍റെ ധാരണ. അങ്ങനെ ആരെയും എനിക്കു കണ്ടുമുട്ടാനായിട്ടില്ലെങ്കിലും.
‘‘നിങ്ങള്‍ക്കറിയാമോ, ഈ എഴുതിയിരിക്കുന്നത് പുരാവസ്തു രേഖകള്‍ പരിശോധിച്ച് കേണല്‍ സന്താനം രൂപീകരിച്ച ഒരു ആദിമഭാഷയുടെ കോഡുകളാണ്. ഇന്നത്തെ നിലയില്‍ പല കാര്യങ്ങളും എഴുതാന്‍ ആ ഭാഷകൊണ്ടു സാധിച്ചിരുന്നില്ല. അപ്പോള്‍ അദ്ദേഹം തന്‍റേതായ ചില കോഡുകള്‍കൂടി അതിനോടു ചേര്‍ത്തു’’ -ഗോപാല്‍ ബറുവ പറഞ്ഞു.
‘‘പക്ഷേ, അവസാനകാലത്ത് അവയൊക്കെ ഓർമിക്കാനുള്ള ശേഷി അദ്ദേഹത്തിന് കൈമോശം വന്നിരുന്നു. ജീവിതത്തിലുണ്ടായ വലിയൊരു ദുരന്തം അദ്ദേഹത്തിന്‍റെ മാനസികനില തെറ്റിച്ചു. മനസ്സും യുക്തിചിന്തയും ഒത്തുപോയില്ല. പഴയകാലത്തെ വീണ്ടെടുപ്പുകളും ചിഹ്നങ്ങളുംകൊണ്ട് സ്വയം നിർമിച്ച ഒരു ലോകത്തിന്‍റെ തടവില്‍ അദ്ദേഹം കഴിഞ്ഞു. അതിനുവേണ്ടി പല പ്രാചീന ലിപികളില്‍നിന്നും എടുത്ത് സ്വന്തമായി രൂപീകരിച്ച ഭാഷയിലായി അദ്ദേഹത്തിന്‍റെ വിനിമയങ്ങള്‍. അവയാകട്ടെ, നിര്‍ഭാഗ്യവശാല്‍ എനിക്കു മാത്രമേ ഏറക്കുറെ വായിക്കാനാകുമായിരുന്നുള്ളൂ.’’
‘‘ഇത് ആ പുസ്തകത്തിലുണ്ടോ?’’ -ഞാന്‍ ചോദിച്ചു.
‘‘ഇല്ല. പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷമാണ് അങ്ങനെയുള്ള അവസ്ഥയിലേക്ക് അദ്ദേഹം മാറിയത്. എങ്കിലും ആ പുസ്തകത്തിലെ ചിഹ്നങ്ങളില്‍ കുറേയൊക്കെ ഇവിടെയും സാധുവാണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ ലിഖിതം വായിക്കാന്‍ കഴിഞ്ഞത്.’’
‘‘ഏതു ഭാഷയായിരുന്നു അത്?’’ -ഞാന്‍ ചോദിച്ചു.
‘‘ഏറെക്കുറെ സൈന്ധവ ലിപികളില്‍നിന്നുള്ള ഒന്ന്.’’ അദ്ദേഹം ഒരുനിമിഷം നിര്‍ത്തിയശേഷം പറഞ്ഞു. ‘‘എന്നാല്‍ സൈന്ധവ ചിഹ്നങ്ങളുടെ അർഥം ആര്‍ക്കും കൃത്യമായി വേര്‍തിരിക്കാനായിട്ടില്ല. അതു ഭാഷ തന്നെയാണോ എന്നുള്ളതാണ് ഗവേഷകര്‍ക്കിടയിലുള്ള തര്‍ക്കം.’’
അക്കാര്യം ഞാനും കേട്ടിട്ടുണ്ട്. വളരെ കുറച്ചു തെളിവുകളും കൂടുതല്‍ ഊഹങ്ങളുമാണ് പലരുടെയും വായനകള്‍ക്കു പിന്നില്‍.
തപോമയിയുടെ അച്ഛന്‍ ചോദിച്ചു: ‘‘ആവട്ടെ, എന്‍റെ സംശയം ഇതാണ്: നിങ്ങളെപ്പോലെ വ്യത്യസ്തമായ ഒരു മേഖലയില്‍ ജോലിചെയ്യുന്ന, ഇത്തരം കാര്യങ്ങളിലൊന്നും ഒരു ബന്ധവുമുണ്ടാവേണ്ടതില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഈ വിഷയത്തിലേക്കു വരുന്നത്?’’
‘‘അതിനു പിന്നില്‍ വെറും കൗതുകം മാത്രമേയുള്ളൂ,’’ ഞാന്‍ പറഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.