അപ്പറഞ്ഞതു വാസ്തവമായിരുന്നു. പദപ്രശ്നങ്ങളിലും കണക്കിലെ കളികളിലും ചെസു കളിയിലുമൊക്കെ തോന്നാവുന്ന ഒരിഷ്ടം ഇത്തരം മുദ്രകളോടും തോന്നി എന്നുള്ളതാവാം. പിന്നെ മണ്‍മറഞ്ഞുപോയൊരു സംസ്കൃതിയുടെ ഇനിയും തിരിച്ചറിയാനാകാത്ത ലിപികളെയും ഭാഷയെയും കുറിച്ചാവുമ്പോഴുള്ള കൗതുകം.
പഴയ കാലങ്ങളെക്കുറിച്ചു മനസ്സിലാക്കുക എളുപ്പമല്ല. നൂറുകൊല്ലം മുമ്പുള്ള ചരിത്രംപോലും അവ്യക്തമായി മനസ്സിലാക്കപ്പെടുന്ന ഒരു നാടാണ് നമ്മുടേത്. അപ്പോള്‍പ്പിന്നെ നാലയ്യായിരം വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ തര്‍ക്കവിഷയമാവാതെങ്ങനെ! ഭാവനയില്‍ വിഹരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ജനത ചരിത്രത്തെ ഗൗരവത്തോടെ കാണുന്നില്ലെന്നുമാവാം.
പഴയ കഥയാണ്: ഇപ്പോള്‍ പാകിസ്താനിലുള്ള പഞ്ചാബില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം ബ്രിട്ടീഷുകാര്‍ തീവണ്ടിപ്പാളങ്ങള്‍ വിരിക്കുകയായിരുന്നു. അവിടെ ഇഷ്ടികകളുടെ ആവശ്യം വരുമ്പോള്‍ നാട്ടുകാര്‍ ചുട്ട പഴയ മണ്‍കട്ടകള്‍ എടുത്തുകൊണ്ടുപോയി കൊടുത്തിരുന്നത് ഹാരപ്പയില്‍നിന്നായിരുന്നത്രേ. ആദിമമായൊരു സംസ്കൃതിയുടെ മഹിതചിഹ്നങ്ങളാണ് തങ്ങള്‍ വകതിരിവില്ലാത്തവിധം ഉപയോഗിക്കുന്നതെന്ന് അവര്‍ക്കു മനസ്സിലായിരുന്നില്ല.
ഹാരപ്പയും മോഹന്‍ ജോ ദാരോയും അടങ്ങുന്ന സൈന്ധവനാഗരികത കണ്ടുപിടിക്കപ്പെട്ടു തുടങ്ങിയിട്ട് ഈ വര്‍ഷം കൃത്യമായും ഒരു നൂറ്റാണ്ടായി. വര്‍ഷം 1924. അക്കാലത്ത് ഇന്ത്യയുടെ ആര്‍ക്കിയോളജി വകുപ്പിന്‍റെ തലപ്പത്തുണ്ടായിരുന്ന ജോണ്‍ മാര്‍ഷല്‍ എന്ന ബ്രിട്ടീഷുകാരനായിരുന്നു ആ കണ്ടുപിടിത്തങ്ങളുടെ പിറകില്‍. അദ്ദേഹം ഉദ്ഖനനം ചെയ്തെടുത്ത ഒരു മഹാസംസ്കൃതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകം അമ്പരപ്പോടെയാണ് അന്ന് സ്വീകരിച്ചത്. ഇന്നത്തെ പാകിസ്താന്‍റെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലും ഇന്ത്യയിലെ രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ മേഖലകളിലുമായി പടര്‍ന്നുകിടക്കുന്ന വളരെ വിസ്തൃതമായൊരു നാഗരിക സംസ്കാരമായിരുന്നു സൈന്ധവ നദീതട സംസ്കാരം.
ഈജിപ്ത്, സുമേറിയന്‍, അഥീനിയന്‍, ചൈനീസ് സംസ്കാരങ്ങള്‍ക്കൊപ്പമോ അതിനു മുകളിലോ ആണ് ഭൂതകാലത്തില്‍ അതിന്‍റെ സ്ഥാനം. ഹാരപ്പയും മോഹന്‍ ജോ ദാരോവും തമ്മില്‍ നാനൂറു നാഴിക അകലമുണ്ടായിരുന്നുവെങ്കിലും അവിടങ്ങളിലെ നിർമിതികളും മുദ്രകളുമെല്ലാം സമാനമായിരുന്നു. മറ്റു നാഗരികതകളുമായി ഇവര്‍ക്കു വാണിജ്യബന്ധങ്ങളുണ്ടായിരുന്നതിനു തെളിവുണ്ട്. പില്‍ക്കാലത്ത് വിഭജനത്തിനുശേഷവും ഇന്ത്യയിലും പാകിസ്താനിലുമായി നിരവധി ഉദ്ഖനനങ്ങള്‍ നടക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. കൂടുതല്‍ കൂടുതല്‍ വസ്തുക്കള്‍ കണ്ടെടുക്കപ്പെടുന്നു. ഗവേഷകലോകത്തിന്‍റെ ശ്രദ്ധ അവയിലേക്കു തിരിയുന്നു.
എങ്കിലും ഒരു പോരായ്മയുണ്ട്. സൈന്ധവ നാഗരികതയില്‍നിന്നും മറ്റു നാഗരികതകളെ വേര്‍തിരിക്കുന്ന ഒന്നാണ് അതെന്നു പറയാം. അതാണ് ഇപ്പോള്‍ ഗോപാല്‍ ബറുവ എന്നോടു സൂചിപ്പിച്ചത്. ഈജിപ്തിലെയോ മെസപ്പൊട്ടാമിയയിലെയോ സുമേറിയയിലെയോ എഴുത്തുകള്‍, അഥവാ പുരാതന ലിപികള്‍ നിർധാരണം ചെയ്യപ്പെട്ടിട്ടുണ്ട്. ആദിമകാലത്ത് ഫലകങ്ങളില്‍ എഴുതിവെക്കപ്പെട്ട പല ഭാഷകളിലുള്ള സന്ദേശങ്ങളില്‍ ചിലപ്പോള്‍ ആധുനിക ഭാഷകളുടെ ആദിരൂപങ്ങള്‍ കൂടിയുണ്ടായിരുന്നു എന്നതാണ് ഇങ്ങനെ ലിപികള്‍ വായിച്ചു മനസ്സിലാക്കാന്‍ ലോകത്തെ സഹായിച്ചത്.
ഉദാഹരണത്തിന് പുരാതന ഗ്രീക്കുഭാഷകൂടി ഉള്‍പ്പെട്ട ഫലകങ്ങളിലൂടെ പഴയ ചില ലിപികള്‍ വായിച്ചു മനസ്സിലാക്കാനായി. സൈന്ധവ ലിപികളുടെ കാര്യത്തില്‍ക്കൂടി അങ്ങനെവന്നാല്‍, ഇന്നുള്ള ഭാഷകളിലേക്ക് ആ എഴുത്തുകള്‍ വിവര്‍ത്തനം ചെയ്തു മനസ്സിലാക്കാന്‍ സാധിക്കും. ഇപ്പോള്‍ അങ്ങനെ സംഭവിച്ചിട്ടില്ല. സൈന്ധവ ലിപികള്‍ വായിക്കപ്പെട്ടതായി വരുന്ന അവകാശവാദങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും അവയൊന്നും ശാസ്ത്രീയമായ രീതിയില്‍ തെളിയിക്കപ്പെട്ടതല്ല.
‘‘ഞാന്‍ നിങ്ങള്‍ക്ക് ലിപി അറിയില്ലെന്ന മട്ടില്‍ പറഞ്ഞതു ക്ഷമിക്കണം,’’ ഗോപാല്‍ ബറുവ പറഞ്ഞു, ‘‘തപോമയിക്ക് ഇത്തരം കാര്യങ്ങളിലൊന്നും ഒരു താൽപര്യവുമില്ലെന്നും എനിക്കറിയാം. പക്ഷേ, ഇത്രയും കാലം എന്‍റെ കൂടെ ജീവിച്ചതല്ലേ! കേണല്‍ സന്താനത്തെയും അവന് വളരെ ചെറുപ്പം മുതല്‍ അടുത്തു പരിചയമുണ്ട്. ഒരു പക്ഷേ, ഞാനറിയാതെത്തന്നെ ഈ ലിപികള്‍ അവന്‍ മനസ്സിലാക്കിയെടുത്തോ എന്നായിരുന്നു എന്‍റെ സംശയം. സാധാരണ ഇത്തരം ഗൂഢഭാഷകള്‍ അറിയാവുന്നവര്‍ അതൊന്നും പുറത്തുപറയാറില്ല.’’ അങ്ങനെയല്ലല്ലോ എന്നോര്‍ത്തു. ഈ ഭാഷകള്‍ അറിയില്ലെങ്കിലും അവ വായിച്ചു, പഠിച്ചു, മനസ്സിലാക്കി എന്നു വിളിച്ചു പറയാന്‍ ഉത്സാഹിക്കുന്നവരാണ് ഏറെയും.
ചെറിയ ക്ലാസുകളിലുണ്ടായിരുന്ന പാഠപുസ്തകങ്ങളിലൊക്കെ മോഹന്‍ ജോ ദാരൊയിലും ഹാരപ്പയിലുമൊക്കെ ഉപയോഗിച്ചിരുന്ന ചില മുദ്രകളെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. ഒന്നോ രണ്ടോ ചിത്രങ്ങള്‍. പശുപതിയുടെ ചിത്രം. നര്‍ത്തകി, പുരോഹിതനായ രാജാവ്, ചിഹ്നലിപികള്‍... പില്‍ക്കാലത്തെപ്പോഴോ അവയെല്ലാം വായിക്കാന്‍ കഴിഞ്ഞതായി അവകാശപ്പെട്ടുകൊണ്ടുള്ള ഒരാളുടെ ലേഖനം ഒരു ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. അതിനുശേഷമുള്ള ദിവസങ്ങളില്‍ അയാളുടെ വാദത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള നിരവധി കത്തുകള്‍ പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. അവയിലെല്ലാം വാക്കുകളുടെ ഉൽപത്തിയെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നതായി ഓര്‍ക്കുന്നു. പല ഭാഷകളിലേയും വാക്കുകള്‍ തമ്മിലുള്ള ബന്ധം, ലിപിവ്യവസ്ഥകള്‍: ഇവയിലൊക്കെയുള്ള സാദൃശ്യം നാം കരുതുന്നതിനേക്കാള്‍ അത്ഭുതകരമാണ്.
എങ്കിലും പിന്നീട് കുറേക്കാലം അതിനെക്കുറിച്ച് കൂടുതലൊന്നും അറിയാന്‍ സാധിച്ചിരുന്നില്ല. പദപ്രശ്നങ്ങളിലും കണക്കിലെ കളികളിലുമൊക്കെ എനിക്കു പണ്ടേയുള്ള താൽപര്യം ഞാന്‍ തുടര്‍ന്നുകൊണ്ടുപോയി എന്നുമാത്രം.
ദില്ലിയിലെ നാഷനല്‍ മ്യൂസിയത്തിലെ ഹാരപ്പ എന്നുതന്നെ പേരിട്ടിട്ടുള്ള ഒരു വിഭാഗത്തില്‍ വെച്ചിട്ടുള്ള ചില സീലുകളും എഴുത്തുകളും ഞാനും കണ്ടിട്ടുണ്ട്. പ്രതിമകളുടെ പൊട്ടിയ പാതി, കളിമണ്‍പാത്രങ്ങള്‍ക്കുമേല്‍ വരച്ച കോറലുകള്‍... കൂടാതെ, പതിനഞ്ചു വര്‍ഷമെങ്കിലും മുമ്പ് ഒരിക്കല്‍ അഹമ്മദാബാദിനടുത്തുള്ള ലോതള്‍ എന്നൊരു പ്രദേശത്ത് ചില സുഹൃത്തുക്കളോടൊപ്പം ഞാന്‍ പോയിരുന്നു. ഇന്ത്യയില്‍, സിന്ധു നാഗരികതയുമായി ബന്ധപ്പെട്ട് ഉദ്ഖനനം ചെയ്തെടുത്ത പ്രധാനപ്പെട്ട ഒരിടമാണ് അത്. കുളിക്കടവുകളും തോണിയടുപ്പിക്കാനുള്ള സൗകര്യങ്ങളുമൊക്കെയുള്ള പഴയൊരു ഭൂഭാഗം.
വീണ്ടെടുക്കപ്പെട്ട പ്രദേശം ദീര്‍ഘമായൊരു വെയില്‍പ്പാളിപോലെ നീണ്ടു കിടക്കുന്നു. ചുട്ട മണ്‍കട്ടകളുടെ അവശിഷ്ടങ്ങള്‍, അവകൊണ്ടു നിർമിച്ച നിരവധി എടുപ്പുകള്‍, അഴുക്കുചാലുകള്‍, കിണറുകള്‍. അടുത്തുള്ള മ്യൂസിയത്തില്‍ എഴുതിവെച്ചിട്ടുള്ള പലകകളില്‍ ആ ഉദ്ഖനനത്തിന്‍റെ ചരിത്രം വായിക്കാമായിരുന്നു. കളിമണ്ണിലും ലോഹങ്ങളിലുമുള്ള പാത്രങ്ങള്‍ ചില്ലുകൂടുകളില്‍ സൂക്ഷിച്ചിരുന്നു. കുപ്പിവളകള്‍. ആഭരണങ്ങളും നാണയങ്ങളും, ഓട്ടുവളകള്‍, ശിലാഫലകങ്ങള്‍, താമ്രപാളികള്‍, അവിടെയും വരകളും ചിത്രങ്ങളും ചിഹ്നങ്ങളും നിറഞ്ഞ എഴുത്തുകള്‍... അയ്യായിരത്തോളം വര്‍ഷം മുമ്പുണ്ടായിരുന്ന ഒരു സംസ്കാരം അവശേഷിപ്പിച്ച അടയാളങ്ങളാണ് അവയെല്ലാം.
ചുടുകട്ടകളിലും പാത്രങ്ങളിലും കൊത്തിയിട്ടുള്ള പലതരം ചിത്രങ്ങള്‍, സീലുകള്‍. അവയിലെ മുദ്രകളില്‍ മൃഗചിഹ്നങ്ങള്‍. അത്തരം രൂപങ്ങളിലൂടെ തെളിയുന്ന പ്രാചീനജീവിതത്തിന് ഇന്നുകാലത്തെ ജീവിതവുമായി, ആചാരങ്ങളുമായി ചില സാദൃശ്യങ്ങളെങ്കിലും കാണാതിരിക്കുന്നതെങ്ങനെ? അനേകം വര്‍ഷങ്ങള്‍ക്കു മുമ്പു രൂപപ്പെട്ട ഒരു നാഗരികതയുടെ നിഴലുകളെങ്കിലും ഇപ്പോഴും ഈ ഭൂമികയില്‍ ജീവിച്ചിരിക്കുന്നവരില്‍ തുടരുന്നുണ്ടാവില്ലേ എന്ന തോന്നല്‍ അവിടെ നിൽക്കുമ്പോള്‍ എന്നെ വിസ്മയിപ്പിച്ചു. അവരുടെ ഭാഷയില്‍നിന്നുള്ള ചില വാക്കുകളെങ്കിലും ഇപ്പോഴും നമ്മളുപയോഗിക്കുന്ന ഭാഷകളിലും കാണണം. തിരിച്ചറിയാനാവാത്ത വിധത്തില്‍ മാറിപ്പോയിട്ടുണ്ടാവാമെന്നുണ്ടെങ്കിലും നമ്മുടെ വാക്കുകളുടെ വേരുകള്‍ ആ ഭാഷകളില്‍ ഒളിച്ചിരിപ്പുണ്ടാവാം. ആ ഒരു രക്തത്തുടര്‍ച്ച ഇന്നത്തെ മനുഷ്യരിലൂടെയും തുടര്‍ന്നുപോകുന്നു.
ലോതളില്‍ പോയിവന്നതിനുശേഷം ആ വിഷയവുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. സൈന്ധവ നാഗരികത അവശേഷിപ്പിച്ച ചിഹ്നസഞ്ചയത്തെ അത്തരം പുസ്തകങ്ങളില്‍ വീണ്ടും കണ്ടുമുട്ടുകയും ചെയ്തു. ലോതള്‍ യാത്രയുടെ ഓർമകളില്‍നിന്നും ഉണര്‍ന്നുവരുമ്പോള്‍ ഗോപാല്‍ ബറുവ എന്നെത്തന്നെ നോക്കിയിരിക്കുകയാണെന്നു കണ്ടു. തപോമയിയെക്കുറിച്ച് അദ്ദേഹത്തിനുള്ള സംശയം അടിസ്ഥാനരഹിതമാണെന്ന് എനിക്കറിയാം.
‘‘തപോമയിക്ക് അറിയില്ല. ഉണ്ടെങ്കില്‍ ഞാന്‍ വായിച്ചതുകേട്ട് അത്രയും അത്ഭുതപ്പെടില്ലായിരുന്നു,’’ അതിന്‍റെ കാരണമായി ഞാന്‍ പറഞ്ഞു, ‘‘ഇനി അയാളതു പഠിച്ചെങ്കില്‍ത്തന്നെ സ്വന്തം അച്ഛനോടു പറയുന്നതില്‍ എന്താണ് കുഴപ്പം?’’
‘‘കുഴപ്പമുണ്ടായിട്ടല്ല. ഒരുപക്ഷേ, മറ്റുള്ളവരേക്കാള്‍ കൂടുതല്‍ എളുപ്പമായിരിക്കാം അവന് അതൊക്കെ പഠിക്കാന്‍. പക്ഷേ, അവന്‍ വേറൊരു തരത്തിലുള്ള കുട്ടിയായിരുന്നു. പാട്ടു പാടാനും നൃത്തം ചെയ്യാനുമൊക്കെ ഇഷ്ടമുള്ള ഒരാള്‍. അവന്‍റെ അമ്മ അങ്ങനെയാണ് അവനെ വളര്‍ത്തിയത്. അതേസമയം, ചിഹ്നങ്ങളുടെ കാര്യങ്ങളില്‍ അവന്‍ താൽപര്യം കാണിച്ചാല്‍ ഉടന്‍ അവള്‍ പറയും: ‘‘തപോ, നീ പോയി പഠിക്കാന്‍ നോക്ക്.’’ അത്തരം എഴുത്തുകള്‍ പഠിച്ചാല്‍ കുട്ടികള്‍ വഴിതെറ്റിപ്പോകും എന്നൊരു തോന്നല്‍ അവള്‍ക്കുണ്ടായിരുന്നു. കേണല്‍ സന്താനം തന്നെ ഈയൊരു ഇഷ്ടംകൊണ്ടാണ് പട്ടാളത്തിലെ തന്‍റെ വലിയ ജോലി ഉപേക്ഷിച്ചതെന്ന് അവള്‍ ഉദാഹരണമായി പറയും. സന്താനം സാറും ഞാനും ചില ഫലകങ്ങളിലെ മുദ്രകളുമായി മണിക്കൂറുകളോളം ഇരിക്കുന്നത് അവളെ ദേഷ്യംപിടിപ്പിച്ചിരുന്നു.
‘‘ഇതു മയക്കുമരുന്നുപോലെയാണ്. ഒരിക്കല്‍ രുചിച്ചാല്‍ അതില്‍നിന്നും മുക്തിയില്ല. കുട്ടികള്‍ക്കെന്നല്ല ആര്‍ക്കും മയക്കുമരുന്നു കൊടുക്കരുത്,’’ അതായിരുന്നു അവളുടെ ഉപദേശം. അതിനകംതന്നെ ചിഹ്നങ്ങളുടെ അടിമകളായി മാറിയവരെക്കുറിച്ച് അവള്‍ ഒന്നും പറഞ്ഞില്ലെന്നു മാത്രം. ഞാനും അതു സമ്മതിച്ചു. ഒന്നാമത് അവന്‍ ചെറിയ കുട്ടിയാണ്, ഇത്തരം കാര്യങ്ങളിലൊന്നും താൽപര്യമുണ്ടാവേണ്ട പ്രായമായിട്ടില്ല. സ്വന്തം നിലയ്ക്ക് അത്തരമൊരു ഇഷ്ടം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ ആവട്ടെ.
അദ്ദേഹം തുടര്‍ന്നു: ‘‘പിന്നീട് നേരത്തേ പറഞ്ഞതു മാതിരിയുള്ള ചില നേരമ്പോക്കുകളും ആത്മഭാഷണങ്ങളും ഞാന്‍ അത്തരം ലിപികളിലെഴുതാന്‍ തുടങ്ങി. അപ്പോള്‍പ്പിന്നെ അതൊന്നും ആരും വായിക്കരുതെന്നല്ലേ വിചാരിക്കുക? അതുകൊണ്ടാണ് വലുതായപ്പോഴും തപോമയിയെ ചിഹ്നങ്ങള്‍ പഠിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കാതിരുന്നത്. പിന്നെ അവന്‍റെ മേഖല വളരെ മാറിപ്പോയി. വലിയ ശമ്പളമുള്ള കമ്പനി ജോലി കളഞ്ഞിട്ടാണ് അവന്‍ ഈ ക്യാമ്പുകളില്‍ പണിയെടുക്കുന്നത്.’’
‘‘പക്ഷേ, മഹത്തായൊരു കാര്യമല്ലേ തപോമയി ചെയ്യുന്നത്?’’ ഞാന്‍ ചോദിച്ചു.
ഗോപാല്‍ ബറുവ തലയാട്ടി. പിന്നെ പതുക്കെ പറഞ്ഞു: ‘‘അവന് അതു പാരമ്പര്യമാവണം. അവന്‍റെ അമ്മയും ഞാനും അഭയാർഥികളായിരുന്നു. എന്നാല്‍, ആ സാഹചര്യത്തിലല്ല അവന്‍ വളര്‍ന്നത്. അവന്‍ നഗരങ്ങളിലെ സാധാരണ കുട്ടിയായിരുന്നു. ഇംഗ്ലീഷ് റൈമുകളും കമ്പ്യൂട്ടര്‍ ഗെയിമും പ്രസംഗമത്സരങ്ങളും റസ്കിന്‍ ബോണ്ടും സ്കൂള്‍മുറ്റത്തെ ക്രിക്കറ്റ് മത്സരവുമൊക്കെയുമായി നടന്ന ഒരു സാധാരണ കുട്ടി. മാത്രവുമല്ല, ഞങ്ങള്‍ ഭൂതകാലം അധികമൊന്നും സംസാരിക്കാറില്ലായിരുന്നു. പക്ഷേ, അഭയാർഥികള്‍; അതുതന്നെയാണ് ഞങ്ങളുടെ പശ്ചാത്തലം. ഒരു തവണയല്ല, രണ്ടു തവണ നാടുവിട്ടുപോന്നവര്‍. ആദ്യം കിഴക്കന്‍ ബംഗാളിലെ ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന്. പിന്നീട് വന്നു താമസമാക്കിയ ചതുപ്പുകള്‍ നിറഞ്ഞ ഒരു ദ്വീപില്‍നിന്ന്. ആദ്യത്തെ തവണ മനുഷ്യരും പിന്നത്തെ സമയം പ്രകൃതിയും ഞങ്ങളെ നാടുകടത്തി. അതുകൊണ്ട് നാടുവിട്ടുവന്നവരുടെ വേദന എനിക്കറിയാം.’’
ഗോപാല്‍ ബറുവ തുടര്‍ന്നു: ‘‘എന്നാലും അവന് ഇത്തരം പ്രശ്നങ്ങളിലേക്കൊന്നും പോകാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ദില്ലിയിലെ നല്ല കോളജിലാണ് അവന്‍ ബിരുദം പഠിച്ചത്. പോസ്റ്റ് ഗ്രാജ്വേഷന്‍ സോഷ്യല്‍ വര്‍ക്കില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു, ബോംബെയില്‍. പബ്ലിക് ഹെല്‍ത്താണ് അവിടത്തെ സ്പെഷ്യലൈസേഷന്‍. ഏറിവന്നാല്‍ പഠനത്തിന്‍റെ ഭാഗമായി ചില ചേരികളോ മറ്റോ സന്ദര്‍ശിച്ചിട്ടുണ്ടാവാം. പഠനം കഴിയുന്നതിനു മുമ്പേ ഒരു കോര്‍പറേറ്റ് കമ്പനിയിലെ എച്ച്.ആറില്‍ ജോലിക്കു കയറി.’’
‘‘ആ കഥ എനിക്കറിയാം.’’ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ‘‘ഒരു ഗിരിധര്‍ റാവുവല്ലേ തപോമയിയെ കൊണ്ടുപോയത്?’’
‘‘അങ്ങനേയും പറയാം. പക്ഷേ, ഒരു പ്രത്യേക സ്ഥലത്ത് എത്താനുള്ളവര്‍ എങ്ങനെയായാലും അവിടെത്തന്നെ എത്തിച്ചേരും. അതാണ് എന്‍റെ ജീവിതത്തിലെ അനുഭവം. അവന്‍റെ കാര്യത്തില്‍ ഗിരിധര്‍ റാവു എന്നൊരാള്‍ നിമിത്തമായി എന്നേയുള്ളൂ.’’
ഹോം നഴ്സ് തിരിച്ചുവന്നതിന്‍റെ ശബ്ദങ്ങള്‍ കേട്ടു. അൽപം കഴിഞ്ഞ് അവന്‍ എത്തിനോക്കിയെങ്കിലും ഗോപാല്‍ ബറുവ ആംഗ്യം കാണിച്ച് അവനെ മടക്കി. ആ മുറിയില്‍ വെച്ചിരുന്ന ലാൻഡ് ഫോണ്‍ റിങ്ങുചെയ്തുവെങ്കിലും അദ്ദേഹം എടുത്തില്ല. ഫോണ്‍ ഞാനെടുക്കണമോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം കൈയുയര്‍ത്തി വിലക്കി. ‘‘എന്തിന്! എല്ലാം തെറ്റിവരുന്ന കോളുകളാവും. എന്നെ ഫോണ്‍ ചെയ്യേണ്ട ഒരു കാര്യവും ഇപ്പോഴുള്ള ലോകത്തിന് ഉണ്ടെന്നു തോന്നുന്നില്ല.’’ തപോമയി ഒരിക്കലും തന്നെ ഫോണ്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവസത്തില്‍ രണ്ടോ മൂന്നോ നേരം അയാള്‍ ഇവിടെ വന്നുപോകുന്നു. പിന്നെയെന്തിന് ഫോണ്‍ ചെയ്യണം?
‘‘നമ്മള്‍ എന്താണ് പറഞ്ഞുവന്നത്? ലിപികളെക്കുറിച്ചോ, അതോ അഭയാർഥികളെക്കുറിച്ചോ? ഒന്നോര്‍ത്താല്‍, എനിക്കങ്ങനെ വേര്‍തിരിച്ചു കാണാനാവുകയില്ല. രണ്ടിലും എന്‍റെ ജീവിതമുണ്ട്. അവയെക്കുറിച്ച് എന്തെല്ലാമോ എഴുതി ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഡയറികള്‍, ചില കഥകള്‍, കത്തുകള്‍: അങ്ങനെ. ഈ വീട്ടില്‍ എവിടെയെങ്കിലുമൊക്കെ കാണും. ഇപ്പോഴുള്ള കാര്യം അവയെല്ലാം എവിടെയാണെന്ന് എനിക്കു കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. എവിടെയോ ഉണ്ട്. ഞാന്‍ കുറേ പരതി. അത്തരമൊരു തിരച്ചിലിലാണ് സ്റ്റൂളില്‍നിന്നു വീണു പരിക്കുപറ്റിയതും,’’ അദ്ദേഹം പറഞ്ഞു, ‘‘ഇനി അതെല്ലാം കണ്ടുകിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായിരിക്കുന്നു.’’
‘‘ആ ലിപികളില്‍ത്തന്നെയാണോ എഴുതിയിരിക്കുന്നത്?’’
‘‘മുഴുവനായിട്ടും അല്ല. ചിലതൊക്കെ ചിഹ്നഭാഷയില്‍ കാണും. പലപ്പോഴും കലര്‍ത്തി എഴുതിയിരിക്കുകയാണ്. പല കാലങ്ങളിലെ എഴുത്തുകളല്ലേ! പണ്ടും ഞാന്‍ ഭാഷകള്‍ മാറിമാറി ഉപയോഗിക്കുമായിരുന്നു. ചിഹ്നഭാഷകളുമതേ. പല ലിപികളില്‍, പല മാതൃകകളില്‍. നേരുപറഞ്ഞാല്‍, സന്താനം സാര്‍ മരിച്ചതിനുശേഷം ഈ ഗൂഢലിപി മറക്കാതിരിക്കാന്‍ തുടങ്ങിയതാണ്. പിന്നെ അതൊരു ആശ്വാസമായി. ഒറ്റക്കിരുന്ന് സ്വയം സംസാരിക്കുന്നതുപോലെ തോന്നും.’’
‘‘ഡയറിക്കുറിപ്പുകളാണോ?’’
‘‘അങ്ങനെയല്ല. പഴയ പല കാര്യങ്ങളും... ഓർമവരുന്നതെല്ലാം പകര്‍ത്തിവെക്കുമായിരുന്നു. അല്ലെങ്കില്‍ത്തന്നെ അതൊക്കെ മറക്കുന്നതെങ്ങനെ! പുതിയ ഡയറികളിലൊന്നുമാവില്ല. ആരെങ്കിലും സമ്മാനിച്ച, ചിലപ്പോള്‍ പഴയ വര്‍ഷങ്ങളിലെ ഉപയോഗിക്കാതെ കിട്ടുന്ന ഡയറികള്‍... അതിലെഴുതുന്ന കാര്യങ്ങള്‍ക്കാവട്ടെ, പിന്നേയും പഴക്കം കാണും. പക്ഷേ, എന്താണെഴുതുന്നത്? എന്തും. ഓർമക്കുറിപ്പുകള്‍ എന്നുപറയാം. വിട്ടുപോന്ന ദേശങ്ങള്‍, മനുഷ്യര്‍, എത്തിച്ചേര്‍ന്ന ഭൂമി, വിട്ടുപോയതും എത്തിപ്പിടിച്ചതുമായ ജീവിതം. എല്ലാം തന്‍റെ സ്വന്തം വിചാരങ്ങളാണ്. നിങ്ങളെന്തിനാണ് ഫിലോസഫി പറയുന്നത് എന്ന് പണ്ട് സന്താനം സാര്‍ ചോദിക്കുമായിരുന്നു. അങ്ങനെ വലിയ ഫിലോസഫിയായിട്ടല്ല, ഓരോന്നോര്‍ക്കുമ്പോള്‍ അങ്ങനെയെന്നു തോന്നുന്നതാവാം. ആത്മകഥ, പാവപ്പെട്ട മനുഷ്യന്‍ രചിക്കുന്ന ചരിത്രമാണെന്ന് ആരോ എഴുതിയിട്ടുണ്ട്.
സങ്കടകരമായ ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് ഗോപാല്‍ ബറുവ തുടര്‍ന്നു. അത്തരം കാലങ്ങള്‍ പലര്‍ക്കുമുണ്ടായിരിക്കുമല്ലോ. പക്ഷേ, മനുഷ്യര്‍ എന്തിന് മറ്റുള്ളവരെ അതെല്ലാം അറിയിക്കണം? ഒരുപക്ഷേ, ആ പഴയ കാലത്തെയോര്‍ത്ത് മറ്റാരും വേദനിക്കാന്‍ പാടില്ലെന്ന് ഗോപാല്‍ ബറുവ വിചാരിക്കുന്നുണ്ടാവണം. എന്നാലും ഓര്‍ത്തെടുക്കാതെ വയ്യ. ആരോടും പറയേണ്ടതില്ലെന്നു തോന്നിയതുകൊണ്ട് എല്ലാം എഴുതി, തനിക്കുമാത്രം വായിക്കാവുന്ന രീതിയില്‍ സൂക്ഷിച്ചു. ആ പ്രച്ഛന്നമായ ഭാഷ അതിനുവേണ്ടിയായിരുന്നു. പക്ഷേ, ഇപ്പോള്‍ വയസ്സായപ്പോള്‍ ഓർമക്കുറവായി. ഗൂഢലിപികളിലെഴുതിയ പലതും കാണാനില്ല. ഓർമകള്‍ ഇടറുന്നു, കാലഗണന തെറ്റുന്നു.
‘‘ആരെങ്കിലും പഴയ കടലാസുകളെന്നു കരുതി എടുത്തു വിറ്റുകാണുമോ?’’ ഞാന്‍ ചോദിച്ചു.
‘‘സാധ്യതയുണ്ട്. പക്ഷേ, അത്തരം കടലാസുകള്‍ക്കൊക്കെ എന്തു വില കിട്ടാനാണ്! ഉവ്വ്, മറ്റെന്തെങ്കിലും കൊടുക്കുന്ന കൂട്ടത്തില്‍ കൊടുത്തുപോയിക്കാണും.’’
‘‘ആരോടെങ്കിലും പറഞ്ഞാല്‍ മൊത്തത്തില്‍ ഒന്നു പരിശോധിക്കുമല്ലോ,'’ ഞാന്‍ നിർദേശിച്ചു. അദ്ദേഹം മറുപടി പറഞ്ഞില്ല.
എനിക്കു തോന്നി: ഇനി മറ്റുള്ളവര്‍ തന്‍റെ കുറിപ്പുകള്‍ കണ്ടെടുത്ത് ഏതെങ്കിലും നിലയ്ക്കു വായിച്ചാലോ എന്ന ഭീതിയാവും. സ്വന്തം നിസ്സാരതകള്‍ മറ്റുള്ളവര്‍ വായിച്ചുചിരിക്കുമോ എന്ന മനഃപ്രയാസം. ഒരുപക്ഷേ, മകന്‍തന്നെയാവാം അദ്ദേഹത്തിന്‍റെ പ്രധാന സംശയം.
‘‘ഈ പഴയ കടലാസുകള്‍ കിട്ടുന്നവര്‍ എന്തുചെയ്യുമെന്നാണ് നിങ്ങള്‍ക്കു തോന്നുന്നത്?’’ ഗോപാല്‍ ബറുവ ചോദിച്ചു.
ആയിരക്കണക്കിനു കടലാസുകള്‍ക്കിടയില്‍നിന്നും ഗോപാല്‍ ബറുവയുടെ ദുരൂഹഭാഷ ആരു നോക്കാന്‍! ഞാന്‍ പറഞ്ഞു: ‘‘അതു അരച്ചു പള്‍പ്പാക്കും എന്നാണ് എന്‍റെ തോന്നല്‍.’’
‘‘ഒരാളുടെ അനുഭവങ്ങളെ തേച്ചരച്ചുകളയുന്നു എന്നുപറയാം അല്ലേ? ശരിയാണ്. മനുഷ്യര്‍ ഒന്നും ശ്രദ്ധിക്കുകയില്ല. പഴയ നാഗരികതകളില്‍ അവശേഷിച്ച ഇഷ്ടികകള്‍ കൊണ്ടുപോയി മതിലു കെട്ടിയവരും അടുപ്പു പണിതവരുമൊക്കെ ഉണ്ടായിരുന്നു.’’ കുറച്ചുനേരത്തെ മൗനത്തിനുശേഷം അദ്ദേഹം തുടര്‍ന്നു: ‘‘പക്ഷേ, എന്‍റെ കുറിപ്പുകളുടെ കാര്യത്തില്‍ അങ്ങനെയാണെങ്കില്‍ നന്നായിരുന്നു.’’
ഇത്രയും മുന്‍കരുതലുകള്‍ എടുക്കാന്‍മാത്രം ഈ മനുഷ്യന്‍ എന്തൊക്കെ കുസൃതികളാവാം ആ ലിപികളില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്! ദേഷ്യം വരുന്ന മുറക്ക് ഡോക്ടര്‍ സര്‍ക്കാറിനെപ്പോലെയുള്ള എത്രയോ പേരെ ശപിച്ചിരിക്കാം! സത്യത്തില്‍ അദ്ദേഹം എഴുതിയ ഡയറികള്‍ ഒന്നു വായിച്ചുനോക്കിയാല്‍ കൊള്ളാമെന്ന് എനിക്കപ്പോള്‍ തോന്നി.
വിഷയം മാറ്റാനായി ഞാന്‍ ചോദിച്ചു: ‘‘ഗോപാല്‍ദാ, അങ്ങ് പട്ടാളത്തിലായിരുന്നു എന്ന് കേട്ടു. പക്ഷേ, എങ്ങനെയാണ് പട്ടാളത്തില്‍ ജോലിചെയ്തിരുന്ന ഒരാള്‍ ഇത്തരം വിചിത്രമായൊരു മേഖലയിലേക്കു വന്നത്?’’
അദ്ദേഹം എന്നെ സൂക്ഷിച്ചുനോക്കി. ആ ചോദ്യം അദ്ദേഹത്തിന് ഇഷ്ടമായിട്ടില്ലെന്നു വരുമോ?
‘‘ഞാന്‍ പട്ടാളത്തിലായിരുന്നു എന്ന് ആരാണ് പറഞ്ഞത്?’’
‘‘തപോമയി. അതു ശരിയായിരുന്നില്ലേ?’’ അദ്ദേഹം ഒന്നും മിണ്ടിയില്ല.
-ഞങ്ങള്‍ അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുന്നുണ്ട് എന്ന അറിവായിരിക്കാം, അദ്ദേഹത്തെ നിശ്ശബ്ദനാക്കിയതെന്നു തോന്നി.
‘‘ക്ഷമിക്കണം, ഒരു കൗതുകംകൊണ്ടു ചോദിച്ചതാണ്.’’ ^അൽപ നേരത്തെ നിശ്ശബ്ദതക്കുശേഷം ഞാന്‍ പറഞ്ഞു.
‘‘ഏയ്, ഇപ്പോള്‍ അതു പറയുന്നതുകൊണ്ടൊന്നും കുഴപ്പമില്ലാതായിരിക്കുന്നു. കാലം കുറേയായില്ലേ!’’ -അദ്ദേഹം പറഞ്ഞു, ‘‘നിങ്ങളുടെ ചോദ്യത്തിന് ആണെന്നും അല്ലെന്നും ഉത്തരം പറയാം. സൈന്യത്തിന്റെ ഔദ്യോഗിക രേഖകളിലൊന്നിലും എന്‍റെ പേര് കാണാനാവില്ല. പക്ഷേ, ഞാന്‍ കുറേക്കാലം അതിന്‍റെ ഭാഗമായിരുന്നു. സൈന്യത്തിന്റെ എന്നതിനേക്കാളുപരി സന്താനം സാറിന്റെ കൂടെയായിരുന്നു എന്‍റെ ജോലി. പൊതുവേ ആര്‍ക്കും അറിയുന്ന കാര്യങ്ങളല്ല.’’
‘‘അദ്ദേഹത്തിന്‍റെ കീഴില്‍ മിലിട്ടറി ഇന്‍റലിജന്‍സിലായിരുന്നു എനിക്കു പണി. രഹസ്യവിഭാഗം,’’ അദ്ദേഹം തുടര്‍ന്നു. ‘‘എന്നാല്‍ ഞാനൊരിക്കലും പട്ടാളത്തിന്‍റെ ഭാഗമാണെന്നു സ്വയം കരുതിയിട്ടില്ല. സന്താനത്തിന്‍റെ കൂടെ, അദ്ദേഹം ജോലിചെയ്യുന്നിടത്തൊക്കെ പിന്തുടരുകയായിരുന്നു ഞാന്‍. സന്താനം എന്ന വലിയൊരു വകുപ്പിലെ സാധാരണ ജീവനക്കാരനായി...’’
ഒരു ഫലിതംപോലെയാണ് ഗോപാല്‍ ബറുവ അക്കാര്യം പറഞ്ഞത്. ഒപ്പം അദ്ദേഹം ചിരിക്കുകയുംചെയ്തു. പക്ഷേ, എങ്ങനെയാണ് അദ്ദേഹം സന്താനത്തിന്‍റെ കൂടെ ജോലിചെയ്യാനിടയായത് എനിക്കു പിടികിട്ടുന്നില്ല. കിഴക്കന്‍ ബംഗാളില്‍നിന്നുള്ള ഒരഭയാർഥി ഇന്ത്യന്‍ സൈന്യത്തിലെ വലിയൊരു ഓഫീസറുടെ നിഴലായി, ഇന്‍റലിജന്‍സ് വിഭാഗത്തില്‍ ജോലിചെയ്യുക. അദ്ദേഹം പിരിഞ്ഞുപോന്നപ്പോള്‍ കൂടെപ്പോരുക. പിന്നീട് അദ്ദേഹം വ്യാപരിച്ച മേഖലകളില്‍ തുടരുക. എല്ലാം കുറച്ചു വിചിത്രമായി തോന്നുന്നുണ്ട്. ലിപികള്‍ പോലെത്തന്നെ രഹസ്യാത്മകമാവണം ആ ബന്ധവും.
‘‘ഏയ്, അതില്‍ അത്ര രഹസ്യമൊന്നുമില്ല.’’ എന്‍റെ മനസ്സു വായിച്ചതുപോലെ, തെല്ലുനേരം ആലോചിച്ചതിനുശേഷം ഗോപാല്‍ ബറുവ തുടര്‍ന്നു. ‘‘എന്നാലും ആകസ്മികതകളുണ്ട്. എത്താനുള്ളവര്‍ അതതിടങ്ങളില്‍ എത്തിച്ചേരും എന്നു ഞാന്‍ തപോമയിയുടെ ഉദാഹരണം പറഞ്ഞില്ലേ? എന്‍റെ കാര്യത്തിലും അതു ശരിയായിരുന്നു.’’
തീര്‍ച്ചയായും ഗോപാല്‍ ബറുവയുടെ കഥ കേള്‍ക്കാന്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍, അതിലുപരി സന്താനത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കണമെന്ന് കുറച്ചായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ പുസ്തകം രൂപമെടുക്കുന്നത് എങ്ങനെയായിരുന്നു എന്നറിയാനുള്ള ജിജ്ഞാസ. സന്താനത്തിന്‍റെ പുസ്തകത്തിലൂടെ കടന്നുപോയവരും പഴയ ലിപികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരുമായ ഏവര്‍ക്കും ആ ഒരു താൽപര്യം കാണുമെന്നുതന്നെയാണ് എന്‍റെ വിശ്വാസം. ഞാന്‍ ഗോപാല്‍ ബറുവയെ നോക്കി, കസേര കുറച്ചുകൂടി അടുത്തേക്കു വലിച്ചിട്ട് ആ കഥ കേള്‍ക്കാനുള്ള ആഗ്രഹത്തില്‍ ഇരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.