ചിത്രീകരണം: സലീം റഹ്മാൻ

തപോമയിയുടെ അച്ഛൻ

എന്നാല്‍ ചിരിക്കാനാവും എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാള്‍ പര്‍വീണയായിരുന്നുവെന്ന് തപോമയി പിന്നീടൊരിക്കല്‍ എന്നോടു പറഞ്ഞു. പ്രളയത്തിനുശേഷം രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞിരുന്നു. അവള്‍ വീട്ടില്‍ അച്ഛനെ സഹായിക്കാന്‍ വന്നുതുടങ്ങിയിട്ടും കുറച്ചായി. അച്ഛന്‍റെ കാര്യങ്ങള്‍ മാത്രമല്ല, വീട്ടുജോലികള്‍ പലതും ഇപ്പോള്‍ അവള്‍തന്നെയാണ് ചെയ്യുന്നത്. മുമ്പെല്ലാം നേരത്തേയെഴുന്നേറ്റു പാചകം ചെയ്യുകയായിരുന്നു തപോമയിയുടെ ശീലം. ഗോപാല്‍ ബറുവയുടെ ഭക്ഷണത്തില്‍ ഉപ്പും പഞ്ചസാരയുമൊക്കെ നിയന്ത്രണങ്ങളുണ്ട്. പര്‍വീണ അതെല്ലാം എളുപ്പം ശീലിച്ചു. അതുകൊണ്ട് തപോമയിക്ക് ആ സമയംകൂടി തന്‍റെ സംഘടനയുടെ തിരക്കുകളില്‍ മുഴുകാന്‍ സാധിച്ചു. തപോമയി പറയും, പര്‍വീണ വളരെ കരുതലോടെയാണ് അച്ഛനെ ശുശ്രൂഷിക്കുന്നത്. രാജുവിനെപ്പോലെ ശാരീരികമായ ശേഷിയില്ലെങ്കിലും അവള്‍ എല്ലാം വൃത്തിയായി ചെയ്യുന്നുണ്ട്. ഇപ്പോള്‍പ്പിന്നെ ഗോപാല്‍ ബറുവക്ക് ഒരു ഊന്നുവടിയുടെ സഹായത്തോടെ മുറിയുടെ പുറത്തുവരാം. വരാന്തയില്‍ തന്‍റെ ഇഷ്ടസ്ഥലത്തുവന്നിരുന്ന് പുറത്തെ കാഴ്ചകള്‍ കാണാം. സന്ധ്യാസമയങ്ങളില്‍ മുറ്റത്ത് നടക്കാം.

പക്ഷേ, അവള്‍ ആദ്യം വന്ന ദിവസത്തെപ്പോലെയുള്ള ഒരപരിചിതത്വത്തോടുകൂടിത്തന്നെയാണ് ആ വീട്ടില്‍ പെരുമാറുന്നതെന്നു അയാള്‍ക്കു തോന്നാറുണ്ട്. അതായിരുന്നു പ്രയാസം. ചോദിച്ചതിനു മാത്രം ഒറ്റവാക്കുകളില്‍ ഉത്തരം പറഞ്ഞ്, അധികമൊന്നും പുറത്തേക്കു വരാതെ, ഏറക്കുറെ അരണ്ട വെളിച്ചത്തില്‍ അവള്‍ കഴിഞ്ഞു. അനേകം മുറികളുള്ള ആ വീട്ടില്‍ അവള്‍ എവിടെയോ ഉണ്ട്, ഉറങ്ങാതെ, ഓരോ വിളിക്കും കാതോര്‍ത്തുകൊണ്ട്. പക്ഷേ, ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും അവള്‍ അടുത്തു പെരുമാറാന്‍ ശ്രമിച്ചതേയില്ല. ഗോപാല്‍ ബറുവ ഇടക്കെല്ലാം എന്തെങ്കിലും അവളോടു ചോദിക്കും. ഒരു മൂളലോ തലയാട്ടലോ ആയിരുന്നു അവളുടെ മറുപടി.

‘‘യഥാർഥത്തിലുള്ള അവള്‍ എവിടെയോ മറഞ്ഞുനിൽക്കുകയാണ്. പകരം അവളുടെ നിഴല്‍മാത്രം ഇടയ്ക്കിടെ ഈ ഇടനാഴികളിലൂടെ സഞ്ചരിക്കുന്നു’’, തപോമയിയുടെ അച്ഛന്‍ എന്നോടു പറഞ്ഞു. ഗോപാല്‍ ബറുവ ചിലപ്പോഴെങ്കിലും അങ്ങനെ സംസാരിക്കും. പോയകാലത്ത് ആളുകള്‍ കൂട്ടമായിരുന്നു കവിത വായിക്കുന്ന മുശാഹിരകളിലേതുപോലെയുള്ള വാക്യങ്ങള്‍.

അപ്രതീക്ഷിതമായി വീണ്ടും മഴ പെയ്ത ഒരു വൈകുന്നേരമായിരുന്നു അത്. തപോമയിയുടെ വീടിനടുത്തുള്ള ബസാറിലായിരുന്നു അപ്പോള്‍ ഞാന്‍. മഴ ശക്തി പ്രാപിക്കുന്നതിനു മുമ്പ് അയാളുടെ വീട്ടിലെത്താമെന്നു വിചാരിച്ച് ആ വഴി നടന്നു. കുറേ നാളായല്ലോ ഗോപാല്‍ദായെ കണ്ടിട്ട്. സന്താനം അവസാനകാലത്തെഴുതിയ എഴുത്തുകളെക്കുറിച്ചു ചോദിക്കണമെന്നു വിചാരിച്ചിട്ട് കുറച്ചായി. ഞാന്‍ അങ്ങോട്ടു നടക്കുമ്പോള്‍ ഡോക്ടര്‍ തപസ്സ് സര്‍ക്കാര്‍ പാതയിലൂടെ എതിരേ നടന്നുവരുന്നതു കണ്ടു. തണുപ്പുകാലത്ത് ഉപയോഗിക്കുന്നതുപോലെത്തന്നെയുള്ള ഓവര്‍കോട്ടും തലയില്‍ ഒരു തൊപ്പിയുമൊക്കെയുണ്ടായിരുന്നു. ചെറിയൊരു തുകല്‍ ബാഗ് കൈയില്‍ പിടിച്ചിരിക്കുന്നു. (അതെന്താണാവോ!) തപോമയിയുടെ വീട്ടില്‍നിന്നായിരിക്കണം. മഴ ചാറാന്‍ തുടങ്ങിയിരുന്നു. ഞാന്‍ കൈ വീശിയെങ്കിലും ശ്രദ്ധിക്കാതെ, അപരിചിതഭാവത്തോടെ ഡോക്ടര്‍ നടന്നുപോയി. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നു തോന്നി. അതോ അവഗണിച്ചതോ! ഡോക്ടറുടെ കാര്യത്തില്‍ എങ്ങനെയുമാവാമെന്നാണല്ലോ ഗോപാല്‍ ബറുവ പറയാറുള്ളത്.

പുതുമഴയില്‍ ഇടവഴികളും അഴുക്കുചാലുകളുമെല്ലാം നിറഞ്ഞു. കറുപ്പുരാശി കലര്‍ന്ന ചെമ്മണ്ണിന്‍റെ നിറമുള്ള അഴുക്കുവെള്ളം കണങ്കാലില്‍ മുട്ടിയുരുമ്മിക്കൊണ്ട് ഒഴുകിപ്പോയി. തപോമയിയുടെ വീടിനു മുന്നിലെ വലിയ ഇരുമ്പുകവാടം കനംകൂടി ഒരുവശത്തേക്കു തൂങ്ങിനിൽക്കുന്നതു കണ്ടു. മുറ്റത്തുനിന്നുള്ള വെള്ളം മതിലിലെ ദ്വാരങ്ങള്‍ വഴി കുത്തിയൊലിച്ച് പുറത്തേക്കു പോകുന്നു. വീടിനെ കവിഞ്ഞുനിൽക്കുന്ന ആല്‍മരം നേര്‍ത്ത കാറ്റിനോടൊപ്പം തലയാട്ടുന്നു. വെള്ളത്തുള്ളികള്‍ അതിന്‍റെ ഇലകളില്‍ വീണു പല ദിശകളിലേക്കു ചിതറുന്നു. ഓരോ തവണ ചെല്ലുമ്പോഴും വീടും പരിസരങ്ങളും കൂടുതല്‍ വൃത്തിയായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. പഴയ ചുവരുകളും അടര്‍ന്നുതുടങ്ങിയ ചായക്കൂട്ടുകളുമൊക്കെയാണെങ്കിലും അടിച്ചു തൂര്‍ത്തുവാരിയ മുറ്റവും ദിവസവും നനക്കുന്നതുകൊണ്ട് പച്ച തഴച്ചുനിൽക്കുന്ന ചെടികളും നിത്യവുമുള്ള ശ്രദ്ധയുടെയും ആള്‍പ്പെരുമാറ്റത്തിന്‍റെയും ലക്ഷണങ്ങളായിരുന്നു.

നീണ്ട വരാന്തയുടെ ഒരറ്റത്തുള്ള തന്‍റെ പതിവുസ്ഥലത്ത് ഒരു മരക്കസേരയിലിരുന്ന് ജനാലയിലൂടെ പുറത്തു മഴ പെയ്യുന്നതു നോക്കിയിരിക്കുകയായിരുന്നു ഗോപാല്‍ ബറുവ. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഒന്നു തിരിഞ്ഞെങ്കിലും വീണ്ടും മഴയിലേക്കുതന്നെ നോക്കിനിന്നു. പുറത്തെ വൃക്ഷങ്ങളുടെ നിഴലുകള്‍ ഇടനാഴിയുടെ മങ്ങിയ വെളിച്ചത്തെ ക്ഷീണിപ്പിക്കുന്നുണ്ടെന്നു തോന്നി. ‘‘നിങ്ങള്‍ മഴ തുടങ്ങുന്ന നാട്ടില്‍നിന്നും വരുന്ന ആളല്ലേ? മലകളില്‍ മഴ പെയ്യുന്നതു കണ്ടിട്ടുണ്ടോ?’’ മഴയുടെ ശബ്ദത്തെ അലോസരപ്പെടുത്താത്ത മട്ടിലുള്ളത്രയും നേര്‍ത്ത സ്വരത്തില്‍ ഗോപാല്‍ ബറുവ ചോദിച്ചു. അതു ചോദിക്കുമ്പോഴും അദ്ദേഹം എന്‍റെ നേര്‍ക്കു തിരിഞ്ഞില്ല. മറ്റാരുടെയോ ഒച്ചയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് എനിക്കു തോന്നി.

‘‘ഉവ്വ്. കുന്നുകള്‍ക്കു മുകളില്‍ പുതുമഴ പെയ്തു പന്തലിക്കുന്നതു കാണാന്‍ രസമാണ്’’, ഞാന്‍ പറഞ്ഞു. ‘‘ഞങ്ങളുടേത് മൂന്നു കുന്നുകളുടെ നാടാണ്. ചിലപ്പോള്‍ ഒരു കുന്നില്‍ വെയിലായിരിക്കും. മറ്റു രണ്ടിലും മഴ പെയ്തു തഴച്ചുവെന്നുവരും. മറ്റു ചിലപ്പോള്‍ മേഘങ്ങള്‍ ഇറങ്ങിവന്ന് കുന്നുകളെ തൊടും. ശിരോവസ്ത്രംപോലെ കോട വന്ന് അവയെ മൂടുകയുമാവാം. കുന്നുകള്‍ മാത്രമല്ല, ഞങ്ങളുടേത് വയലുകളുടെയും നാടായിരുന്നു. വയലുകള്‍ക്കപ്പുറത്ത് വിസ്തൃതമായ പാതയാണ്. അതിലൂടെ എപ്പോഴും വലിയ വാഹനങ്ങള്‍പോകും. രാത്രിയിലെ ഇരുട്ടില്‍ വെള്ളം നിറഞ്ഞ വയലുകളിലൂടെ ഈ വാഹനങ്ങളുടെ വെളിച്ചം നീങ്ങിപ്പോകുന്നതു കാണാം. ഇളംകാറ്റടിക്കുമ്പോള്‍ ആ വെളിച്ചങ്ങള്‍ ജലോപരിതലത്തില്‍ നൃത്തം ​െവക്കുമായിരുന്നു.’’

‘‘എത്ര മനോഹരമാണത്! എനിക്കത് മനസ്സില്‍ കാണാനാവുന്നുണ്ട്. എന്‍റെ ജന്മനാട്ടിലും വലിയ മലകളും വയലുകളുമുണ്ടായിരുന്നു. എന്നാല്‍ വലിയ പാതകളോ വാഹനങ്ങളോ ഇല്ലായിരുന്നു. നേര്‍ത്തുനേര്‍ത്ത വരമ്പുകളിലൂടെ പരസ്പരം കടന്നുപോകാന്‍ പോന്നത്രയും പാവം മനുഷ്യരേ അവിടെയെല്ലാം ഉണ്ടായിരുന്നുള്ളൂ.’’ പുറത്ത് ഇരുട്ടു വ്യാപിച്ചിരുന്നു. ദൂരെനിന്നുള്ള വെളിച്ചങ്ങള്‍ ഒരു മിന്നായംപോലെ ഞാന്‍ കണ്ടു. മറ്റൊന്നും ചോദിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന്‍റെ ഏകാന്തതയെ അലോസരപ്പെടുത്തേണ്ടെന്നു കരുതി. മഴ ഒരൽപം കുറഞ്ഞപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞു. അപ്പോഴാണ് ഗോപാല്‍ ബറുവ അങ്ങനെ പറഞ്ഞത്: ‘‘നോക്കൂ, ഞാന്‍ കാണുന്നത് പുതിയ മഴയല്ല. ഈ ജനലിലൂടെ നോക്കി നിൽക്കുമ്പോഴും ഞാന്‍ ഒരു പഴയ മഴയാണ് കാണുന്നത്. ഒരു പാടുകാലം മുമ്പുള്ള മഴ.’’ ഒരു നഗരത്തില്‍ ദശകങ്ങളോളം ജീവിച്ചിട്ടും ഒരു മഴ കാണുമ്പോള്‍ ജന്മദേശത്തെ ഓർമിക്കുകയും പെയ്യുന്ന മഴ അവിടത്തേതാണെന്നു സങ്കൽപിക്കുകയും ചെയ്യുക എന്നത് വിചിത്രമായി തോന്നുന്നു. ഗൂഢലിപിയില്‍ എഴുതിയെഴുതി അദ്ദേഹം സംഭാഷണത്തിലും അതുപോലൊരു വിചിത്രഭാഷ സംസാരിക്കുകയാണെന്ന് ഞാന്‍ വിചാരിച്ചു.

‘‘നാനാതരം മഴകള്‍! നിങ്ങള്‍ പറഞ്ഞതുപോലെ ചെറുപ്പത്തില്‍ എനിക്കും മഴ കാണാന്‍ ഇഷ്ടമായിരുന്നു. ആളുകളൊക്കെ പറയില്ലേ, മഴയുടെ സംഗീതം എന്നൊക്കെ. പക്ഷേ, അങ്ങനെയല്ലാത്ത ഒരു മഴയുണ്ട്. പേടിപ്പെടുത്തുന്ന ഒന്ന്. മഴയുടെ ആ കോപാകുലമായ മുഖം കാണുന്നത് ഞങ്ങള്‍ വന്നുപെട്ട ദ്വീപില്‍ വെച്ചായിരുന്നു. ഒരിക്കലും തീരാത്ത ആസുരമായ മഴ. ഞങ്ങളെ ആട്ടിപ്പായിക്കുകയായിരുന്നു അതിന്‍റെ ഉന്നം. ശകാരിച്ചും ഭയപ്പെടുത്തിയും അതു പെയ്തുകൊണ്ടേയിരുന്നു. ദിവസങ്ങളോളം. അത്തരം മഴകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ അതു നിങ്ങള്‍ക്ക് ഊഹിക്കാനാവുന്നുണ്ടോ? ഇതാ, ഈ ജനലിലൂടെ നോക്കുമ്പോഴും ഞാന്‍ ആ മഴയാണ് കാണുന്നത്, ഇപ്പോള്‍ പെയ്യുന്ന ഒന്നല്ല. ഏകാന്തമായ ആ ദ്വീപില്‍ നിര്‍ത്താതെ പെയ്ത പ്രാചീനമായ ആ പെരുംമഴ. ആ വലിയ നദി. അതിന്‍റെ കരകള്‍ കവിഞ്ഞൊഴുകുന്നു. വൃക്ഷത്തലപ്പുകള്‍ ഉലയുന്നു. കെട്ടുപാടുകള്‍ വിട്ട് അവയുടെ ചില്ലകള്‍ കുതിക്കുന്നു. അശാന്തമായൊരു ആത്മാവിനെപ്പോലെ, ഒടുങ്ങാത്ത ചൂളംവിളിയോടെ ഒരു കാറ്റ് ദ്വീപില്‍ അലഞ്ഞുതിരിയുന്നു.’’

വളരെക്കാലം കഴിഞ്ഞ് ഗോപാല്‍ ബറുവയുടെ ജീവിതത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് അദ്ദേഹം സൂചിപ്പിക്കുന്നത് ആ ദ്വീപിലെ മഴ പോലുമല്ല എന്നു മനസ്സിലായത്. യഥാർഥത്തില്‍ പുറത്തല്ല, അകത്ത്, മനസ്സിനുള്ളിലെവിടെയോ ആണ് ആ തോരാമഴ. അതു ശമിക്കുന്നില്ല. ഒരു കൊടുംവേനലിലും അദ്ദേഹത്തിന് സംഭീതമായ ആ മഴക്കാലത്തെ സങ്കൽപിക്കാനാവും. ഇറങ്ങുന്നതിനിടയില്‍ കറന്‍റ് നിലച്ചിരുന്നു. വെളിച്ചം കുറഞ്ഞുകുറഞ്ഞു വന്നു. പര്‍വീണ ഒരു ചില്ലുവിളക്കു കത്തിച്ച് വരാന്തയില്‍ കൊണ്ടുവന്നു വെച്ചു. പഴയൊരു ഓട്ടുവിളക്കായിരുന്നു അത്. അതിന്‍റെ പാടകെട്ടിയ വെളിച്ചം ഒട്ടൊരു പേടിയോടെ ചുറ്റുപാടും പ്രസരിച്ചു.

‘‘ആ പെണ്‍കുട്ടി ഒരഭയാർഥിയാണ്.’’ വാതില്‍പ്പടിയോളം എന്നെ അനുഗമിച്ചുകൊണ്ട് ഗോപാല്‍ ബറുവ പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ഒന്നോര്‍ത്തു: ഓ, ഈ വിവരമല്ലേ തപോമയി അച്ഛനോട് പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടത്? പിന്നെങ്ങനെ അദ്ദേഹത്തിന് അതു മനസ്സിലായി?

‘‘അവളെ കണ്ടപ്പോഴേ എനിക്കു മനസ്സിലായി. ഞാനും അഭയാർഥിയായിരുന്നല്ലോ’’, അദ്ദേഹം ചിരിച്ചു.‘‘ഒരിക്കല്‍ അഭയമന്വേഷിച്ചു നടന്നിരുന്ന ഒരാള്‍ക്ക് ഇപ്പോള്‍ അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന മറ്റൊരാളെ എളുപ്പം തിരിച്ചറിയാനാവും. വേരുകള്‍ക്കു പിടിത്തമില്ലാത്ത ജലസസ്യങ്ങള്‍ പോലെയാണ് എല്ലാവരും. ഇളകുന്നു, ചെറിയ കാറ്റു തട്ടിയാല്‍ പരിഭ്രമിക്കുന്നു. ഒക്കെയും ഭയംകൊണ്ടാണ്.’’

തപോമയി അക്കാര്യം പറഞ്ഞിട്ടില്ലെന്ന് ബറുവ തുടര്‍ന്നു. ഒരിക്കല്‍ ഹോം നഴ്സുമാരുടെ ഏജന്‍സിയില്‍ നിന്നും ഒരു ഫോണ്‍ വന്നിരുന്നു. പൊതുവേ അദ്ദേഹം ഫോണെടുക്കാറില്ല. അന്നുപക്ഷേ, രണ്ടുമൂന്നുതവണ വന്നപ്പോള്‍ എടുത്തതാണ്. പുതിയ ആളെ വേണ്ടേ എന്നവര്‍ തിരക്കി. ഗോപാല്‍ദാക്കു മനസ്സിലായില്ല. ഇവിടെ നിങ്ങള്‍ അയച്ച ഒരാളുണ്ടല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അതവര്‍ക്കും മനസ്സിലായില്ല. അപ്പോള്‍ ഊഹിച്ചു, ഈ വന്നുനിൽക്കുന്നത് തപോമയിയുടെ പരിചയത്തിലുള്ള ആരെങ്കിലുമാവും. മിക്കവാറും ക്യാമ്പില്‍നിന്നുള്ള ഒരാള്‍. ഞാന്‍ കേള്‍ക്കുക മാത്രം ചെയ്തു. പ്രതികരിച്ചില്ല.

‘‘അവന്‍ കൂടുതല്‍ വലിയൊരു ഗിരിധര്‍ റാവുവായി മാറിക്കഴിഞ്ഞു’’, അദ്ദേഹം ചിരിച്ചു. ആളുകളെ സഹായിക്കുന്ന കാര്യം ആ​രെയും അറിയിക്കുന്നത് ഇഷ്ടമല്ല. അതൊരു നല്ല ഗുണം തന്നെയല്ലേ? ഗോപാല്‍ ബറുവ മകനോട് കാര്യങ്ങള്‍ അന്വേഷിച്ചില്ല.

‘‘അവളോടും ചോദിച്ചില്ല. ചോദിച്ചാലും അവള്‍ സംസാരിക്കുകയില്ലെന്നെനിക്കറിയാം, അവളുടെ ഭാഷ ഞാന്‍ തിരിച്ചറിഞ്ഞാലോ എന്നുവച്ചാവും.’’ ഞാന്‍ ഇരുട്ടില്‍നിന്നുകൊണ്ട് അദ്ദേഹത്തിനു നേര്‍ക്ക് കൈവീശിക്കാണിച്ചു.

‘‘ഭാഷ കണ്ടുപിടിച്ചാലോ എന്നൊന്നും വച്ചിട്ടാവില്ല.’’ പിന്നീടൊരിക്കല്‍ തപോമയി എന്നോടു പറഞ്ഞു. പര്‍വീണ ക്യാമ്പില്‍നിന്നുതന്നെയാണെന്ന് അച്ഛന്‍ ഊഹിച്ചിട്ടുണ്ടെന്ന് ഞാന്‍ തപോമയിയെ അറിയിച്ചപ്പോഴായിരുന്നു അത്. അതയാള്‍ക്കും ഊഹമുണ്ട്. പര്‍വീണയോടു ചില കാര്യങ്ങള്‍ അച്ഛന്‍ ചോദിച്ചിരുന്നതായി തപോമയി അറിഞ്ഞു.

‘‘അച്ഛന്‍ അറിയണം എന്നുതന്നെയാണ് എന്‍റെയും ആഗ്രഹം. പക്ഷേ, പതുക്കെ മതി. അവളില്‍നിന്നുതന്നെയാവട്ടെ. പക്ഷേ, ഇനിയും ഒന്നും അവള്‍ പറഞ്ഞിട്ടില്ല. എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല. സ്വന്തം കഥ വിവരിക്കാന്‍ അവള്‍ ഭയക്കുന്നുണ്ട്’’, തപോമയി പറഞ്ഞു. അതെന്തിനാണെന്ന് ഞാന്‍ അയാളോടു ചോദിച്ചു.

‘‘മനുഷ്യര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ജീവിതാനുഭവങ്ങളുണ്ടാവും. അതു മറ്റൊരാളോടു പറയുമ്പോള്‍ വീണ്ടും ആ കാലത്തിലൂടെ സഞ്ചരിക്കുകയാണെന്നു തോന്നും.’’ തപോമയി എന്‍റെ നേര്‍ക്കു നോക്കിക്കൊണ്ടു ചോദിച്ചു: ‘‘വേദനിപ്പിക്കുന്ന ഒരു ഭൂതകാലം വാക്കുകളില്‍ ആവര്‍ത്തിക്കുന്നത് വീണ്ടും അതില്‍ ജീവിക്കുന്നതു പോലെയല്ലേ?’’

അയാള്‍ തുടര്‍ന്നു: ഒന്നാമതായി കുട്ടിയായിരുന്നപ്പോള്‍ അവളെ ആരൊക്കെയോ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. അവള്‍ അതു പറഞ്ഞിട്ടല്ല, തപോമയി ജഹാനില്‍നിന്നും അറിഞ്ഞതാണ്. അപ്പോള്‍ അവള്‍ക്കും മനുഷ്യരോടടുത്തു ജീവിച്ചുകൊണ്ടുള്ള ഒരു സമാധാനചികിത്സ ആവശ്യമുണ്ട്. തന്‍റെ അച്ഛനേക്കാള്‍ അതിനു പറ്റിയ ആളില്ലെന്നു അയാള്‍ വിചാരിക്കുന്നു. അതുകൊണ്ട് അവള്‍ അച്ഛനെയല്ല, നേരേമറിച്ച് അച്ഛന്‍ അവളെയാണ് പരിചരിക്കുന്നത്.

തപോമയി പറഞ്ഞു: ‘‘കുഞ്ഞുന്നാളില്‍ എനിക്കു പലപ്പോഴും സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടില്ലായിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ലേ? ചെറിയ സങ്കടങ്ങള്‍ മതി, മൂകനാവാന്‍. ശ്രമിച്ചാലും വാക്കുകള്‍ രൂപം കൊള്ളുകയില്ല. അതിനുവേണ്ടിയുള്ള ആ പിടച്ചില്‍... ചില വൈകുന്നേരങ്ങളില്‍ അച്ഛന്‍ എന്നെ ദൂരെയുള്ള വയലുകള്‍ക്കരികിലേക്കു കൂട്ടിക്കൊണ്ടുപോകുമായിരുന്നു. നദിയുടെ കരയില്‍ കടുകും കാബേജും കോളി ഫ്ലവറും ബ്രൊക്കോളിയുമൊക്കെ വളരുന്ന പാടങ്ങളുണ്ട്. ഇപ്പോഴുമുണ്ട് ആ കൃഷിയിടങ്ങള്‍, ദില്ലിയില്‍ മയൂര്‍വിഹാര്‍ ചില്ല എന്നു പറയും. കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒരു വൈകുന്നേരം നമുക്കു പോകാം. നഗരത്തിനുള്ളിലെ ഗ്രാമങ്ങള്‍. കുറേക്കൂടി വെടിപ്പുള്ള അന്തരീക്ഷം, വിശാലത, ഭംഗിയുള്ള കുടിലുകള്‍... ഇപ്പോള്‍ അതിര്‍ത്തികളില്‍ കൂറ്റന്‍ വൈദ്യുത ടവറുകള്‍ കാണാം. വൈദ്യുതക്കമ്പികള്‍ കടന്നുപോകുന്നു. വലിയ പാലങ്ങള്‍ കെട്ടുന്നു. പണ്ട് അതൊന്നുമില്ല. വിശാലമായ വിജനതയായിരുന്നു എവിടേയും. ആ വിജനതയില്‍നിന്നുകൊണ്ട് ഉറക്കെ ഓളിയിടാന്‍ അദ്ദേഹം പറയും. ഉറക്കെ, കൂടുതല്‍ ഉറക്കെ... ഞാന്‍ എന്‍റെ ഒച്ച കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു... ജലാശയത്തില്‍ പതുക്കെ, പതുക്കെ വളര്‍ന്നു വലുതാവുന്ന വലയങ്ങള്‍ പോലെ ആ ശബ്ദങ്ങള്‍ കടുകുപാടങ്ങളുടെ ഏകാന്തതയിലേക്കു സഞ്ചരിക്കും. അങ്ങനെയാണ് ഞാന്‍ എന്‍റെ ഭാഷ കണ്ടെത്തിയത്. അച്ഛന്‍ വേര്‍തിരിച്ചെടുത്തുതന്ന വാക്കുകളേ ഇപ്പോഴും എനിക്കുള്ളൂ. അപ്പോള്‍പ്പിന്നെ പര്‍വീണയെ എന്‍റെ അച്ഛനല്ലാതെ ആര്‍ക്കു മനസ്സിലാക്കാനാവും?’’

ഞങ്ങള്‍ ഒരു പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു അപ്പോള്‍. നേരിയ ഇരുട്ടു പടര്‍ന്നുതുടങ്ങിയ ഒരു വൈകുന്നേരം. പാര്‍ക്കിനുള്ളിലെ വിളക്കുകള്‍ തെളിഞ്ഞിരുന്നു. കല്ലോടുകള്‍ വിരിച്ച അതിന്‍റെ നടപ്പാതയിലൂടെ നിരവധി ആളുകള്‍ വ്യായാമത്തിനായി നടന്നുകൊണ്ടിരുന്നു. പലരും കൂട്ടുചേര്‍ന്നു സംസാരിക്കുകയോ ഒറ്റക്കു പാട്ടുകേട്ടുകൊണ്ടു നടക്കുകയോ ചെയ്തു. സിംഹങ്ങളെപ്പോലെ വലുപ്പമുള്ള രണ്ടു നായ്ക്കളുമായി ഒരു പെണ്‍കുട്ടി ഞങ്ങളെ കടന്നുപോയി. നായ്ക്കള്‍ രണ്ടും മനുഷ്യരെയാരെയും പരിഗണിക്കുന്നില്ലെന്നതു രസകരമായി തോന്നിച്ചു. നടപ്പാതക്കപ്പുറത്തുള്ള ഊഞ്ഞാലുകളില്‍ കുട്ടികള്‍ തവണ​െവച്ചു കയറുന്നുണ്ടായിരുന്നു.

‘‘അവരുടെ വീടുകളും സാധനങ്ങളുമൊക്കെ നോക്കിയിരിക്കേത്തന്നെ ഇല്ലാതായതു കണ്ടില്ലേ?’’ തപോമയി ചോദിച്ചു. ‘‘എനിക്കുള്ള വിഷമംപോലും അവര്‍ക്കാര്‍ക്കുമില്ലായിരുന്നു. സ്വന്തം ജീവിതത്തില്‍ കൂടുതല്‍ വലിയ ദുരന്തങ്ങള്‍ കണ്ടുവന്ന മനുഷ്യരെ സംബന്ധിച്ച് അതൊന്നും അത്ര കാര്യമുള്ളതായിരുന്നില്ല. പര്‍വീണയെപ്പോലെ പലരുടെയും കുറച്ചു പണം പോയി. മേല്‍വിലാസം കാണിക്കാവുന്ന രേഖകള്‍ പോയി, അല്ലെങ്കില്‍ കലങ്ങളും പാത്രങ്ങളും ഉടുപ്പുകളും പോയി. ചിലര്‍ക്കു ചെറുതായി തീപ്പൊള്ളി. ചിലര്‍ക്കു നനഞ്ഞു പനിപിടിച്ചു. അത്രയല്ലേ ഉള്ളൂ എന്നായിരുന്നു എല്ലാവരുടേയും ഭാവം.’’

ആ വൈകുന്നേരമാണ് തപോമയി എന്നോട് പര്‍വീണയുടെ കഥ പറഞ്ഞത്. കളിക്കുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന കുഞ്ഞുകുട്ടികളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയിലിരുന്നുകൊണ്ട് ഞാന്‍ അയാളുടെ പതിഞ്ഞ വാക്കുകള്‍ കേട്ടു. അത്തരമൊരു കഥ കേള്‍ക്കാനുള്ള അന്തരീക്ഷമായിരുന്നില്ല അതെന്നു പിന്നീടു തോന്നി.

‘‘ബലാത്സംഗം എന്നു ഞാന്‍ പറഞ്ഞില്ലേ, പക്ഷേ അവളുടെ കഥയില്‍ അതൊരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ. കുറേക്കൂടി വേദനാജനകമായ കഥ അതിനും മുമ്പേയുണ്ട്.’’ എന്നു പറഞ്ഞുകൊണ്ടാണ് അയാള്‍ ആരംഭിച്ചത്. ഇന്ത്യയുടെ അതിര്‍ത്തി കടക്കുമ്പോള്‍ പര്‍വീണക്ക് ഒമ്പതു വയസ്സായിരുന്നു പ്രായം. അമ്മയും ആറു കുട്ടികളും. കുട്ടികള്‍ക്ക് അച്ഛനുണ്ടായിരുന്നില്ല. നദിയിലൂടെയോ കാവല്‍ക്കാരുള്ള അതിര്‍ത്തികളിലൂടെ​േയാ ആയിരുന്നില്ല അവരുടെ സഞ്ചാരം. വടക്ക്, ദൂരെ, ഇരുമ്പുവേലികളില്ലാത്ത ഒരു പർവതപ്രദേശത്തുനിന്നും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്കൊപ്പം അവര്‍ പോയി. പർവതം കടന്നു, അതിര്‍ത്തിയിലെ ഒരു ഗ്രാമമായി. പിന്നെ ചെറിയ തോണികളില്‍ ഒഴുക്കുള്ള ഒരു നദി കടന്നു.

ഇനിയും ചെറിയൊരു കുന്നു കയറിയിറങ്ങണമായിരുന്നു. കുന്നിന്‍റെ ഉച്ചിയില്‍നിന്നു നോക്കുമ്പോള്‍ നെല്‍പ്പാടങ്ങളുടെ വലിയ വിസ്തൃതി കാണാമായിരുന്നു. എവിടെ​െവച്ച് ഒരു രാജ്യം തീരുന്നു, മറ്റൊന്ന് ആരംഭിക്കുന്നു എന്നു പറയാവുന്ന വിഭജനങ്ങളൊന്നുമില്ല. അവര്‍ അതിര്‍ത്തി കടന്നോ എന്നു ചോദിച്ചാല്‍ ഉവ്വ്. പക്ഷേ, ആ കടക്കുന്നത് കണ്ടുപിടിക്കപ്പെട്ടു. കഷ്ടകാലത്തിന് അവരുടെ നീക്കം കേട്ടറിഞ്ഞു വന്ന പോലീസ് ഉണ്ടായിരുന്നു അവിടെ. കുറേ പേരെ അവര്‍ തിരികേ ആട്ടിയോടിച്ചു. കുറേ പേരെ അറസ്റ്റു ചെയ്തു. അപൂര്‍വം ചിലര്‍ കൂട്ടത്തില്‍നിന്നും ഓടിരക്ഷപ്പെട്ട് വനത്തിലേക്കു പോയി. കുട്ടികള്‍ക്കൊപ്പം കുന്നിറങ്ങുകയായിരുന്നു പര്‍വീണയുടെ അമ്മ. അവര്‍ നേരേ പോലീസിന്‍റെ വലയില്‍ ചെന്നുപെട്ടു. കുട്ടികള്‍ ചിതറിയോടി. അമ്മയില്‍നിന്നും വേര്‍പെട്ടു.

കുട്ടികളുടെ കൂട്ടത്തില്‍ മുതിര്‍ന്ന ചിലരെ പോലീസ് വഴിയില്‍ ഉപേക്ഷിച്ചു. കുറേ പേരെ കൊല്‍ക്കത്താ നഗരത്തിലെ ഒരു ബാലസദനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. നരകംപോലെ ഇരുട്ടുനിറഞ്ഞ ആ ബാലസദനത്തിലായിരുന്നു പര്‍വീണയുടെ ബാല്യം. അവളെപ്പോലെ വന്ന നിരവധി കുട്ടികള്‍, പട്ടിണി, കഠിനമായ ശിക്ഷകള്‍. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ, ആരേയും സ്കൂളിലയക്കുകയോ പഠിപ്പിക്കുകയോ ഉണ്ടായില്ല. സദനത്തിലെ പരിചാരകരും കാവല്‍ക്കാരും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ട തടവുകള്‍, പീഡനങ്ങള്‍...

അവരുടെ അമ്മ കുറേനാള്‍ കുട്ടികള്‍ തിരിച്ചുവരുമെന്നു കരുതി അവിടെത്തന്നെ തുടരുകയായിരുന്നു. പോലീസ് അവരെ ബാലസദനത്തിലേക്കു കൊണ്ടുപോയ കാര്യം അവര്‍ക്കറിയില്ലായിരുന്നു. ഏതാനും നാളുകള്‍ക്കകം പോലീസുകാര്‍ അവിടെനിന്നും അവരെ അടിച്ചോടിച്ചു. മാസങ്ങള്‍ക്കുശേഷം എങ്ങനെയൊക്കെയോ യാത്ര ചെയ്ത് ദൂരെ മറ്റൊരു പട്ടണത്തിലെത്തി. അവിടെ നാട്ടുകാരായ കുറച്ചുപേര്‍ താൽക്കാലിക ടെന്‍റുകളില്‍ താമസിക്കുന്നുണ്ടായിരുന്നു. അവരില്‍നിന്നാണ് ചെറിയ കുട്ടികളെ ബാലസദനത്തിലേക്കു കൊണ്ടുപോയിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കിയത്. അവര്‍ അവിടേക്കു തിരിച്ചു. എങ്ങനെ, ഏതു വഴിക്കു പോകണമെന്നൊന്നും ആ സാധുസ്ത്രീക്ക് അറിയില്ലായിരുന്നു. നാളുകള്‍ നീണ്ട യാത്രക്കൊടുവിലാണ് അവര്‍ കൊല്‍ക്കത്തയിലെ പോലീസുകാര്‍ക്കടുത്തെത്തുന്നത്.

‘‘കൊല്‍ക്കത്തയിലെ പോലീസ് ബംഗാളിലെ മറ്റു പോലീസുകാരില്‍നിന്നും വ്യത്യസ്തരാണെന്നു പറയും’’, തപോമയി പറഞ്ഞു. ‘‘അവരുടെ ഉടുപ്പിലും നടപ്പിലും പഴയ ബ്രിട്ടീഷ് തലസ്ഥാനത്തിന്‍റെ അവശേഷിപ്പുകളുണ്ട്. അവരുടെ പെരുമാറ്റത്തിലെ ബഹുമാനം ഞാനും അനുഭവിച്ചിട്ടുണ്ട്, പലപ്പോഴും. പക്ഷേ, തീരെ അബലരായ മനുഷ്യരോട് ആളുകള്‍ കര്‍ക്കശമായി പെരുമാറുന്നു. കുട്ടികളെ അന്വേഷിച്ചുവന്ന ആ സ്ത്രീയെ അവര്‍ നിർദയം മർദിച്ചു. വീണ്ടും ചെന്നപ്പോള്‍ അവരുടെ നായാട്ടുപട്ടികളെ അവര്‍ക്കുനേരേ അഴിച്ചുവിട്ടു. ആ സ്ത്രീക്ക് കുട്ടികളുണ്ടെന്ന് അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. കുട്ടികളെ വിലയ്ക്കു വിൽക്കാന്‍ ഇന്ത്യയിലേക്കു വന്നതാണ് അവളെന്നായിരുന്നു അവരുടെ ആരോപണം.’’

ബാലികാസദനത്തിലേക്കു പോകാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പോലീസിന്‍റെ രേഖകളില്ലാതെ അതിനുള്ളിലേക്കു കടക്കുകയും അസാധ്യമായിരുന്നു. ലൈംഗികവ്യാപാരത്തില്‍ ഏര്‍പ്പെടുന്നു എന്നു ചാര്‍ജു ചെയ്ത് അവര്‍ അവളെ തടവിലാക്കി. ഡംഡമിലെ ജയിലില്‍. വിചാരണത്തടവ്. ജാമ്യമെടുക്കാനോ കേസു നടത്താനോ ആരുമില്ല. അമ്മയും മക്കളും ഒരേ നഗരത്തിലെ വിഭിന്ന ഭാഗങ്ങളില്‍ പരസ്പരം കാണാതെ, അറിയാതെ തടവില്‍ കിടന്നു. പര്‍വീണ പതിനേഴുവയസ്സുവരെ –നീണ്ട എട്ടുവര്‍ഷങ്ങള്‍ –ആ സദനത്തിലായിരുന്നു. പകല്‍ മുഴുവന്‍ കരഞ്ഞു കഴിച്ചുകൂട്ടിയ അവളുടെ ദിവസങ്ങള്‍ ജഹാന്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ കൈകൊണ്ടു തകര്‍ത്ത് ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കൂടുതല്‍ ശിക്ഷയിലേക്കും യാതനയിലേക്കും അവള്‍ സഞ്ചരിച്ചു. പലരും കത്തിമുനയില്‍ നിര്‍ത്തി അവരുടെ ലൈംഗികദാഹം തീര്‍ത്തു.

ഒരിക്കല്‍ ആശുപത്രിയില്‍നിന്നാണ് അവള്‍ ഓടിപ്പോയത്. പതിനേഴു വയസ്സുള്ളപ്പോള്‍. തലയില്‍ തുന്നിക്കെട്ടുമായി ഓടിവരുന്ന അവളെ ഒരു തെരുവുഗായകസംഘം സ്വീകരിച്ചു. നാടോടികളായ ബാവുല്‍ പാട്ടുകാരുടെ കൂട്ടമായിരുന്നു അത്. പര്‍വീണക്കു പാടാനറിയാമെന്ന് അവരാണ് കണ്ടുപിടിച്ചത്. ഏകതാരക്കൊപ്പം അവളും പാടി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള ഒരു ഗായകന്‍ അവളെ വിവാഹം കഴിച്ചു. പല നാടുകളില്‍ യാത്ര ചെയ്ത് ഒരിക്കല്‍ അവിചാരിതമായി അവള്‍ തന്‍റെ അതേ ഭാഷ സംസാരിക്കുന്ന ചിലരെ കണ്ടുമുട്ടി.

അവരില്‍നിന്നാണ് അമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ അവള്‍ അറിയുന്നത്. ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ അവള്‍ അമ്മയെ കാണാന്‍ ശ്രമിച്ചു. അതിന് ആദ്യം എന്തെങ്കിലും രേഖകള്‍ വേണമായിരുന്നു. ആരുടെ കൈയിലും ഒന്നുമില്ല. വിലാസംപോലും ഇല്ലാത്ത നാടോടികള്‍ക്കൊപ്പമായിരുന്നു അവളും. ഒടുവില്‍ ഒന്നോ രണ്ടോ വര്‍ഷത്തെ പരിശ്രമത്തിനുശേഷം ജയിലില്‍ പോയി പത്തു മിനിട്ട് അമ്മയെ കാണാനുള്ള അനുമതി അവള്‍ക്കു കിട്ടി. ഒരു ചുമരിന്‍റെ ഇരുവശത്തുമായി അമ്മയും മകളും പരസ്പരം നോക്കിനിന്നു. അമ്മയുടെ ചിത്രംപോലും കണ്ട ഓർമ അവള്‍ക്കില്ലായിരുന്നു. ഉടഞ്ഞുപോയ ഒരു ശിൽപംപോലെ, പ്രായമെത്തും മുമ്പേ നരച്ചു വയസ്സിയായിത്തീര്‍ന്ന ഏതോ ഒരു സ്ത്രീ, അങ്ങനെ മാത്രമേ പര്‍വീണക്കു തോന്നിയുള്ളൂ. എന്നിട്ടും അവള്‍ അവരെ വിളിച്ചു, സ്വന്തം പേരു പറഞ്ഞു. ആ കണ്ണുകള്‍ ശൂന്യമായിരുന്നു. ഓർമകളുടെ വിചാരണത്തടവില്‍നിന്നും ആ സ്ത്രീ എപ്പോഴേ സ്വതന്ത്രയായി. അമ്മ മകളെ തിരിച്ചറിഞ്ഞില്ല.

‘‘അവള്‍ ദില്ലിയില്‍ വന്നതെങ്ങനെയാണ്?’’ ഞാന്‍ ചോദിച്ചു.

‘‘അതെനിക്കറിഞ്ഞുകൂടാ’’, തപോമയി പറഞ്ഞു, ‘‘അലഞ്ഞുതിരിഞ്ഞു വന്നതാവണം. പര്‍വീണയുടെ കഥയില്‍ വേറേയും ഒരു വഴിത്തിരിവുണ്ട്. അവളുടെ ഭര്‍ത്താവായ ഗായകന്‍ മരിച്ചു. ചെറിയൊരു പനിയായിരുന്നു തുടക്കം. അയാളതു വകവച്ചില്ല. അലച്ചിലുകളും പാട്ടുകളും തുടര്‍ന്നു. ഒടുവില്‍ പാടിക്കൊണ്ടിരിക്കേ, തെരുവില്‍ തളര്‍ന്നുവീണു. ദിവസങ്ങളോളം ആശുപത്രിയിലെ തിരക്കുപിടിച്ച ഒരു വാര്‍ഡിന്‍റെ വെറുംനിലത്ത് അയാള്‍ കിടന്നു. അവള്‍ അയാള്‍ക്കു കൂട്ടിരുന്നു. ഗായകന്‍ ജീവിതത്തിലേക്കു മടങ്ങിവന്നില്ല. നാടോടികള്‍ അവരെ ഉപേക്ഷിച്ചു യാത്രയായിരുന്നു. അയാള്‍ മരിച്ച ദിവസം എന്തുചെയ്യണമെന്നറിയാതെ അവള്‍ നിന്നു. ആ ജഡം എന്തുചെയ്യണമെന്ന് അവള്‍ക്കറിയില്ലായിരുന്നു. അറിഞ്ഞാലും അധികൃതര്‍ അതവള്‍ക്കു കൈമാറാനിടയുണ്ടായിരുന്നില്ല. മരിച്ചവനും കൂട്ടിരുന്നവള്‍ക്കും രേഖകളില്ലായിരുന്നു.’’

‘‘ചിലപ്പോള്‍ തോന്നും പുതിയകാലത്ത് ഏതാനും കടലാസുകളാണ് മനുഷ്യരെ ജീവിപ്പിച്ചുനിര്‍ത്തുന്നത് എന്ന്. അവയെ മുറുകെപ്പിടിച്ചുകൊണ്ടാണ് മനുഷ്യര്‍ ശ്വസിക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, യാത്ര ചെയ്യുന്നതും’’, അയാള്‍ പറഞ്ഞു.

 

കഴിഞ്ഞ വര്‍ഷമാണ് തപോമയി അവളെ കാണുന്നത്. ജഹാന്‍ കൂട്ടിക്കൊണ്ടുവന്നതായിരുന്നു. അയാളുടെ ചോദ്യങ്ങള്‍ക്കൊന്നും അവള്‍ മറുപടി പറഞ്ഞില്ല. അറിയാവുന്ന ഭാഷകളിലൊക്കെ ശ്രമിച്ചു. അവള്‍ തലതാഴ്ത്തി നിന്നതേയുള്ളൂ. ചെറുപ്പത്തിലുണ്ടായിരുന്ന തപോമയി എന്ന, വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന ഒരു കുട്ടിയെപ്പോലെയാണ് അവളെന്ന് അയാള്‍ക്കു പെട്ടെന്നു മനസ്സിലായി. ഒരു വിസ്തൃതിയില്‍ കൊണ്ടുനിര്‍ത്തി അവളോട് സ്വതന്ത്രമായി സംസാരിക്കൂ എന്നു പറയാന്‍ ആരുമുണ്ടായിരുന്നില്ല. അല്ലെങ്കില്‍, തന്‍റെ ഒച്ചകള്‍ക്കു സഞ്ചരിക്കാന്‍ പോന്നത്രയും വിശാലത ഭൂമിയിലെവിടെയും അവള്‍ക്കു കണ്ടെത്താനായിട്ടുണ്ടാവില്ല. തപോമയി അവളെ നിർബന്ധിച്ചില്ല.

‘‘ഒരാളുടെ പൊയ് പ്പോയ ഭാഷ തിരിച്ചുപിടിക്കുക എന്നതിനേക്കാള്‍ ദുഷ്കരമായി മറ്റൊന്നും തന്നെയില്ല’’, അയാള്‍ എന്നോടു പറഞ്ഞു.

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT