രണ്ട് സിനിമകൾക്കിടയിലെ കാലവും ഗാനങ്ങളും അതിലെ മാറിവരുന്ന അവസ്ഥകളും വിവരിക്കുകയാണ് ഗാനരചയിതാവും ഗാനചരിത്രകാരനുമായ ലേഖകൻ. മലയാളിയുടെ ചുണ്ടുകളിൽ എന്നും തങ്ങിനിൽക്കുന്ന ഗാനങ്ങളിലൂടെ യാത്ര തുടരുന്നു.ശാരദ മലയാളത്തിൽ നായികയായി അഭിനയിച്ച ആദ്യചിത്രം 'ഇണപ്രാവുകൾ' 1965 ഏപ്രിൽ ഒമ്പതിനാണ് റിലീസ് ചെയ്തത്. ഉദയാക്കു വേണ്ടി (എക്സൽ പ്രൊഡക്ഷൻസ്) കുഞ്ചാക്കോ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യനും...
രണ്ട് സിനിമകൾക്കിടയിലെ കാലവും ഗാനങ്ങളും അതിലെ മാറിവരുന്ന അവസ്ഥകളും വിവരിക്കുകയാണ് ഗാനരചയിതാവും ഗാനചരിത്രകാരനുമായ ലേഖകൻ. മലയാളിയുടെ ചുണ്ടുകളിൽ എന്നും തങ്ങിനിൽക്കുന്ന ഗാനങ്ങളിലൂടെ യാത്ര തുടരുന്നു.
ശാരദ മലയാളത്തിൽ നായികയായി അഭിനയിച്ച ആദ്യചിത്രം 'ഇണപ്രാവുകൾ' 1965 ഏപ്രിൽ ഒമ്പതിനാണ് റിലീസ് ചെയ്തത്. ഉദയാക്കു വേണ്ടി (എക്സൽ പ്രൊഡക്ഷൻസ്) കുഞ്ചാക്കോ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യനും പ്രേംനസീറും നായകന്മാർ ആയിരുന്നു. മുട്ടത്തു വർക്കിയുടെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് എഴുതിയത്.വയലാർ എഴുതിയ ഏഴു ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. യേശുദാസ്, പി. ലീല, പി. സുശീല, ജിക്കി, എ.എം. രാജാ, പി.ബി. ശ്രീനിവാസ്, ലത, ആന്റോ എന്നിവർ പാടി. യേശുദാസ് പാടിയ ''കാക്കത്തമ്പുരാട്ടി ...'' എന്ന് തുടങ്ങുന്ന ഗാനം രചനാഗുണംകൊണ്ടും സംഗീതമൂല്യംകൊണ്ടും ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
''കാക്കത്തമ്പുരാട്ടി /കറുത്ത മണവാട്ടി /കൂടെവിടെ -കൂടെവിടെ / കൂട്ടിന്നിണയല്ലേ /കൊഞ്ചും മൊഴിയല്ലേ /കൂടെ വരൂ -കൂടെ വരൂ.''
ഈ പല്ലവിയും തുടർന്നുള്ള വരികളും വയലാറിന്റെ രചനയിലെ ലാളിത്യംകൊണ്ടും സ്വാമിയുടെ സ്വരസജ്ജീകരണംകൊണ്ടും യേശുദാസിന്റെ ആലാപനംകൊണ്ടും എന്നെന്നും നിലനിൽക്കുന്ന ഒരു ഗാനമായി മാറി. യേശുദാസ് പി. സുശീലയുമായി ചേർന്നു പാടിയ കുരുത്തോല പെരുന്നാളിന് /പള്ളിയിൽ പോയ്വരും/കുഞ്ഞാറ്റക്കുരുവികളേ / കണ്ണീരും കൈയുമായ് നാട്ടുമ്പുറത്തൊരു /കല്യാണം നിങ്ങൾക്കു കാണാം എന്ന ശോകഭാവത്തിലുള്ള യുഗ്മഗാനം നല്ല ജനപ്രീതി നേടി.
''ഒരു വാക്കു പറയാതെ, ഒരു നോക്കു കാണാതെ പരിഭവിച്ചെവിടെയോ പോയി എല്ലാം പറഞ്ഞൊന്നു മാപ്പു ചോദിക്കുവാൻ എന്നിനിയെന്നിനി കാണും. തമ്മിൽ എന്നിനിയെന്നിനി കാണും?'' എന്നിങ്ങനെ വളരെ ലളിതമായിട്ടാണ് വയലാർ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഗാനം ഹിറ്റ് ആയി മാറി. വയലാർ രചനയിൽ സൂക്ഷിച്ച ലാളിത്യം ദക്ഷിണാമൂർത്തി തന്റെ ഈണത്തിലും നിലനിർത്തുകയുണ്ടായി. സ്വാമി സാധാരണയായി തന്റെ പാട്ടുകളിൽ ഉപയോഗിക്കുന്ന 'ഗമകങ്ങൾ' ഈ പാട്ടിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. എ.എം. രാജാ പാടിയ മികച്ച പാട്ടുകളും 'ഇണപ്രാവുകളി'ൽ ഉണ്ടായിരുന്നു. എ.എം. രാജാ പാടിയ ഗാനങ്ങളിൽ ''അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ/വായോ വായോ വായോ/ നേരം പോയ് /വെള്ളയുടുത്ത് വെളുപ്പാങ്കാലത്ത് /പള്ളിയിൽ പോകും പ്രാവുകളേ പാടിപ്പറക്കാൻ ചിറകു മുളയ്ക്കാത്ത / പച്ചപ്പനങ്കിളി തത്തകളേ/ വായോ....വായോ...വായോ...'' എന്ന ഗാനം എടുത്തുപറയേണ്ടതാണ്.
ജിക്കിയും ലതയും ചേർന്നു പാടിയ ഒരു കുട്ടിപ്പാട്ടും ഇണപ്രാവുകളിൽ ഉണ്ടായിരുന്നു. ഇച്ചിരിപ്പൂവാലൻ അണ്ണാർക്കണ്ണാ/ഇനിച്ചൊരു മാമ്പഴം തായോ/ചാഞ്ചക്കം ചാഞ്ചക്കം കാട്/ചക്കര കൊണ്ടൊരുതൂണ് / തന്നേ തന്നേ ചക്കരേച്ചി /ഞങ്ങക്ക് മാമ്പഴം തായോ...'' എന്നിങ്ങനെ ഒഴുകുന്ന കുഞ്ഞുങ്ങളുടെ ഭാഷയും വയലാറിന്റെ പ്രതിഭയുടെ പ്രകാശമാണ് പ്രസരിപ്പിക്കുന്നത്. പി. സുശീല പാടുന്ന വിരിഞ്ഞതെന്തിന് വിരിഞ്ഞതെന്തിന് / തിരുഹൃദയപ്പൂവേ/ നിറഞ്ഞതെന്തിന് നിറഞ്ഞതെന്തിന്/നീലവർണപ്പൂവേ.. എന്ന ഗാനവും ഹൃദയത്തെ സ്പർശിക്കുന്നതുതന്നെ.
പി.ബി. ശ്രീനിവാസും പി. ലീലയും ചേർന്നു പാടിയ കരിവള തരിവള കുപ്പിവള / കൈ നിറയെ കുപ്പിവള കല്യാണത്തിന് നാത്തൂൻപെണ്ണിനു /കനകത്തരിവള ചിപ്പിവള എന്ന പാട്ടും എൽ.ആർ.ഈശ്വരിയും സി.ഒ. ആന്റോയും ചേർന്നു പാടിയ പത്തുപറ വിത്തു പാകും മണ്ണ് വേണം /കന്നിമണ്ണുവേണം / പത്തര മറ്റുള്ള പൊന്നു വിളയണ മണ്ണ് /പൊട്ടിച്ചിരിക്കണ മണ്ണ് എന്നാരംഭിക്കുന്ന കർഷകഗീതവും 'ഇണപ്രാവുകൾ' എന്ന സിനിമയിൽ ഉണ്ടായിരുന്നു. വയലാർ ദേവരാജനോടൊപ്പമാണ് അധികം പാട്ടുകൾ ഒരുക്കിയിട്ടുള്ളത്. എന്നാൽ അദ്ദേഹം ദക്ഷിണാമൂർത്തിയുമായി ചേരുമ്പോഴും ഹിറ്റ് ഗാനങ്ങൾ പിറക്കുമായിരുന്നു. കാലം മാറുന്നു എന്ന ചിത്രത്തിന് ശേഷം സിനിമയിൽനിന്ന് ദീർഘകാലം വിട്ടുനിന്ന ഒ.എൻ.വി. കുറുപ്പ് 'ബാലമുരളി' എന്ന തൂലികാനാമം സ്വീകരിച്ച് വീണ്ടും സിനിമാവേദിയിൽ പ്രവേശിച്ചതും 1965ൽ തന്നെ; ഏകദേശം പത്ത് വർഷങ്ങൾക്കു ശേഷം! നീലാ പ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'കളിയോടം' ആയിരുന്നു ചിത്രം. പ്രേംനസീർ, ഷീല, മധു, തിക്കുറിശ്ശി, ശാന്തി, എസ്.പി. പിള്ള തുടങ്ങിയവർ അഭിനയിച്ച 'കളിയോട'ത്തിൽ എട്ടു ഗാനങ്ങൾ ഉണ്ടായിരുന്നു. ബാലമുരളിയുടെ (ഒ.എൻ.വി) ഗാനങ്ങൾക്ക് സംഗീതം പകർന്നത് പഴയ കൂട്ടുകാരനായ ദേവരാജൻ തന്നെ. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി. ലീല, പി. സുശീല, എസ്. ജാനകി എന്നിവരായിരുന്നു ഗായകർ. കെ.പി.എ.സി നാടകങ്ങളിലും 'കാലം മാറുന്നു' എന്ന സിനിമയിലും വന്ന പാട്ടുകളിൽനിന്ന് തുലോം വ്യത്യസ്തമായ ഒരു രചനാശൈലിയുമായിട്ടായിരുന്നു ഒ.എൻ.വിയുടെ രണ്ടാം വരവ്. സിനിമയിലെ ഇടവേളസമയത്ത് സാഹിത്യമേഖലയിൽ കവി എന്ന നിലയിൽ ഒ.എൻ.വി ഏറെ മുമ്പോട്ട് പോയിരുന്നു. ഇതിന്റെ പ്രഭാവം ഗാനങ്ങളിൽ പ്രകടമായിരുന്നു. കമുകറ പുരുഷോത്തമൻ പാടിയ മാതള മലരേ മാതള മലരേ / മാരന് നേദിച്ച മുന്തിരിനീരേ/എന്ന ഗാനം മികച്ചു നിന്നു. പൂവേ എന്ന് അഭിസംബോധന ചെയ്തിട്ട് മാതളമലരിനെ മുന്തിരിനീരേ എന്ന് വീണ്ടും അഭിസംബോധന ചെയ്തതിന് വിമർശനങ്ങളുണ്ടായി. എന്നാൽ മാതളമലരിനുള്ളിൽ വീഞ്ഞിന്റെ നിറമാണുള്ളത് എന്ന അറിവ് കവിയുടെ രക്ഷക്കെത്തി.
കമുകറ പുരുഷോത്തമനും പി. സുശീലയും ചേർന്നു പാടിയ 'തങ്കത്തേരിലെഴുന്നള്ളുന്നൊരു തമ്പുരാട്ടി പുത്തൻ മണവാട്ടീ-നിന്റെ/താലികെട്ടിനു കൊട്ടും കുരവേം കേട്ടില്ല/എന്ന് നായകൻ പാടുമ്പോൾ നായിക ഇങ്ങനെ പാടുന്നു:
തിരുമനസ്സിൻ സമ്മതമല്ലാതെന്തു വേണം -എന്റെ /കരൾത്തുടിപ്പിൻ മംഗളവാദ്യം കേട്ടില്ലേ-? എസ്. ജാനകിയും പി. ലീലയും പാടിയ 'കളിയോടം' എന്ന ഗാനത്തിൽ യേശുദാസിന്റെ ഹമ്മിങ് മാത്രമേയുള്ളൂ. കളിയോടം കളിയോടം/കുഞ്ഞോളങ്ങളിൽ ഊഞ്ഞാലാടും/ ഓടം കളിയോടം / ഈറക്കാട്ടിൽ ഒളിച്ചിരുന്ന്. /ഈണം മൂളും കാറ്റേ / മെല്ലെമെല്ലെ കളിയോടം/ തള്ളിത്തരാമോ/ ഓടിവരൂ കൂടെ വരൂ /കുളിർകാറ്റേ... ഈ ഗാനം 'കളിയോടം' എന്ന സിനിമയിലെ ടൈറ്റിൽ ഗാനമായിരുന്നു. പി. ലീല പാടിയ പമ്പയാറൊഴുകുന്ന നാടേ / പണ്ടെന്നോ മുത്തച്ഛന് കടലമ്മ കണിവെച്ച/കണ്ടാലഴകുള്ള നാടേ, കുന്നല നാടേ എന്ന ഗാനവും യേശുദാസ് പാടിയ മുന്നിൽ പെരുവഴി മാത്രം-കൈ/വന്നതു വേദന മാത്രം-നിൻ /കണ്ണീർതുള്ളികളേറ്റു വാങ്ങാൻ/ ഇന്നീ മൺതരി മാത്രം എന്ന ഗാനവും പി. സുശീല പാടിയ ഇല്ലൊരു തുള്ളി പനിനീരുമെൻ കൈയിൽ /പൊള്ളുമീ കണ്ണുനീരല്ലാതെ/ധന്യമാതാവേ നിൻ പുണ്യ പാദങ്ങളീ /കണ്ണീരിൻ ചൂടു പൊറുക്കേണമേ... എന്ന ഗാനവും 'കളിയോടം' എന്ന ചിത്രത്തിലെ കഥാസന്ദർഭങ്ങളുമായി ലയിച്ചുചേരുന്നവയായിരുന്നു.
യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ മുല്ലപ്പൂം തൈലമിട്ടു മുടി ചീകിയ മാരനൊരുത്തൻ /കള്ളക്കൺ താക്കോലിട്ട് കതകു തുറന്നു / കരളിന്റെ നാലുകെട്ടിൽ കള്ളൻ കടന്നു'' എന്നു തുടങ്ങുന്ന യുഗ്മഗാനം കേട്ടപ്പോൾ ഈ ലേഖകനടക്കം പലരും അത്ഭുതത്തോടെ അന്വേഷിച്ചു: ''ആരുടെ ഈണമാണിത്?'' അതുവരെ കേൾക്കാത്ത ശൈലിയിലുള്ള സംഗീതം. പുതുമയുള്ള താളവ്യവസ്ഥ! പുകഴേന്തി എന്ന തമിഴ്നാമം തൂലികാനാമമായി സ്വീകരിച്ച തിരുവനന്തപുരം സ്വദേശി വേലപ്പൻ നായരുടെ ഈണമാണ് അതെന്നു മനസ്സിലാക്കാൻ മലയാളികൾ അൽപം സമയമെടുത്തു. തമിഴിലും തെലുങ്കിലും പ്രശസ്തനായ കെ.വി. മഹാദേവന്റെ സഹായിയായി ദീർഘകാലം പ്രവർത്തിച്ച പുകഴേന്തി സ്വതന്ത്രമായി സംഗീതസംവിധാനം നിർവഹിച്ച പ്രഥമ ചിത്രമായിരുന്നു 'മുതലാളി'. കെ.വി. മഹാദേവനും മലയാളവുമായി ബന്ധമുണ്ട്. നാഗർകോവിലാണ് അദ്ദേഹത്തിന്റെ ജന്മദേശം.
തമിഴിൽ വൻവിജയം കൊയ്ത 'മുതലാളി ' എന്ന ചിത്രം അതേ പേരിൽ മലയാളത്തിൽ നിർമിച്ചത് ബ്രദേഴ്സ് പിക്ചേഴ്സ് ആണ്. എ.കെ. വെങ്കിടരാമാനുജം എഴുതിയ കഥക്ക് തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണമെഴുതി എം.എ.വി. രാജേന്ദ്രൻ ചിത്രം സംവിധാനം ചെയ്തു. പ്രേംനസീർ, ഷീല, മുത്തയ്യ, തിക്കുറിശ്ശി, ആറന്മുള പൊന്നമ്മ, എസ്.പി. പിള്ള തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ എഴുതി പുകഴേന്തി ഈണം പകർന്ന 'മുതലാളി'യിലെ ഒരു പാട്ടും മോശമായിരുന്നില്ല. തമിഴ് ഛായയുള്ള ഈണങ്ങൾ എന്നു ചില നിരൂപകർ പഴിപറഞ്ഞെങ്കിലും പാട്ടുകളിൽ രണ്ടെണ്ണം ഹിറ്റുകളായി. തുടർന്നുള്ള ചിത്രങ്ങളിലെ തന്റെ ഈണങ്ങൾക്ക് മലയാളിത്തം നൽകാനും കൂടുതൽ ക്ലാസിക്ക് സ്വഭാവം പകരാനും പുകഴേന്തി എന്ന വേലപ്പൻ നായർ ശ്രദ്ധിക്കുകയും ചെയ്തു. പിൽക്കാലത്ത് പുകഴേന്തി ഈണം പകർന്ന പി. ഭാസ്കരന്റെ അപാരസുന്ദര നീലാകാശം /അനന്തതേ നിൻ മഹാസമുദ്രം എന്ന ഗാനവും ഈ ലേഖകൻ എഴുതിയ സുന്ദരരാവിൽ ചന്ദനമുകിലിൽ മന്ത്രങ്ങളെഴുതും ചന്ദ്രികേ... എന്ന ഗാനവും ശ്രദ്ധിച്ചാൽ ഈ വസ്തുത നിങ്ങൾക്കും ബോധ്യമാകും. മുല്ലപ്പൂംതൈലമിട്ടു മുടി ചീകിയ മാരനൊരുത്തൻ എന്ന ഡ്യുവറ്റ് മാത്രമല്ല, എസ്. ജാനകി പാടിയ ഏതു പൂവ് ചൂടണം/എന്നോടിഷ്ടം കൂടുവാൻ/ഏതു പാട്ടു പാടണം/ എന്നെയെന്നും തേടുവാൻ -അവൻ എന്നെയെന്നും തേടുവാൻ... എന്ന ഗാനവും ജനശ്രദ്ധ നേടി. എന്നാൽ എസ്. ജാനകി തന്നെ പാടിയ കണിയാനും വന്നില്ല, കവടി വാരിവെച്ചില്ല / കല്യാണത്തിന് നാൾ കുറിച്ചെടി നെല്ലോലക്കുരുവീ എന്ന ഗാനവും യേശുദാസ് പാടിയ പനിനീര് തൂവുന്ന പൂനിലാവേ/പതിനേഴിലെത്തിയ പെൺകിടാവേ /മാനസം കണികാണും മാരിവില്ലേ/ മായല്ലേ നീയെന്റെ ജീവനല്ലേ എന്ന ഗാനവും അവയർഹിക്കുന്ന സ്വീകാര്യത നേടിയില്ല. ജയ് മാരുതിക്കു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച കല്യാണ ഫോട്ടോ എന്ന ചിത്രം ചെമ്പിൽ കെ.എം. ജോണിന്റെ കഥയെ അടിസ്ഥാനമാക്കി തയാറാക്കിയതാണ്. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്തു. നായകനായ മധുവിനൊപ്പം കൊട്ടാരക്കര ശ്രീധരൻ നായർ എന്ന സ്വഭാവനടനെയും പ്രധാന കഥാപാത്രമാക്കി നിർമിച്ച ഈ ചിത്രത്തിൽ അടൂർ ഭാസി, അടൂർ ഭവാനി, പി.എ. തോമസ്, ഫിലോമിന, മണവാളൻ ജോസഫ്, കമലാദേവി, കൊച്ചപ്പൻ തുടങ്ങിയ നടീനടന്മാരും അഭിനയിച്ചു. വയലാർ എഴുതിയ ഗാനങ്ങൾക്ക് കെ. രാഘവൻ ഈണം നൽകി. രഘുനാഥ് എന്ന തൂലികാനാമമാണ് ടൈറ്റിലിൽ കൊടുത്തിട്ടുള്ളത്. യേശുദാസ്, പി. ലീല, എൽ.ആർ. ഈശ്വരി, രേണുക, ഗോമതി എന്നിവർ പിന്നണിയിൽ പാടി. സിനിമ സാമ്പത്തികമായി വിജയിച്ചില്ല. പാട്ടുകൾ എല്ലാം ഭേദപ്പെട്ട നിലവാരം പുലർത്തി എന്നേ പറയാൻ കഴിയൂ. യേശുദാസും പി. ലീലയും ചേർന്ന് പാടിയ യുഗ്മഗാനം കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ- നിന്റെ /പുഞ്ചിരിപ്പൂക്കളെനിക്ക് വേണം / മാനസമഞ്ചലിൽ മാലയും ചൂടിച്ച്/ മാലാഖയെപ്പോലെ കൊണ്ടുപോണം എന്നിങ്ങനെ ആരംഭിക്കുന്നു. പി. ലീലയാണ് ചിത്രത്തിൽ കൂടുതൽ ഗാനങ്ങൾ പാടിയത്. പവിഴമുത്തിനു പോണോ പോണോ/പാതിരാപ്പൂവിന് പോണോ നീ / പമ്പയാറേ പമ്പയാറേ/ പാൽക്കടൽ കാണാൻ പോണോ /എന്ന പാട്ടും കാൽവരി മലയ്ക്ക് പോകും/ കന്നിമേഘമേ /കണ്ടുവരൂ കണ്ടുവരൂ / കാരുണ്യരൂപനെ എന്ന പ്രാർഥനാഗാനവും ഓമനത്തിങ്കൾ കിടാവുറങ്ങൂ... എന്നാരംഭിക്കുന്ന താരാട്ടും പി. ലീലയാണ് പാടിയത്. ഇന്നലെയും ഞാനൊരാളെ /സ്വപ്നം കണ്ടു -ഞാൻ / സ്വപ്നം കണ്ടു / ഒന്നടുക്കൽ വന്നു /ഒരു കൂട്ടം തന്നു /ഒന്നിച്ചിരുന്നു ഞങ്ങൾ കഥ പറഞ്ഞു എന്ന ഗാനം എൽ.ആർ. ഈശ്വരി പാടി. എൽ.ആർ. ഈശ്വരി തന്നെ പാടിയ മറ്റൊരു ഗാനം ഇങ്ങനെ തുടങ്ങുന്നു: മയിലാടും കുന്നിന്മേൽ /അണിയമ്പൂ മണിയമ്പൂ /പൂത്തെടി പെണ്ണേപെണ്ണേ/ പൂത്തെടീ പെണ്ണേ/ പൂവാലിപ്പെണ്ണേ...പെണ്ണേ/പൂവാലിപ്പെണ്ണേ... ഭേദപ്പെട്ട ഒരു കുട്ടിപ്പാട്ടും ഈ സിനിമയിൽ ഉണ്ടായിരുന്നു. തപ്പോ തപ്പോ തപ്പാണി/തപ്പുകുടുക്കേലെന്താണ്/ മുത്തശ്ശി തന്നൊരു മുത്തുണ്ടോ/മുത്തിനു മുങ്ങാൻ തേനുണ്ടോ എന്നാരംഭിക്കുന്ന ഈ ഗാനം രേണുകയും ഗോമതിയും ചേർന്നാണ് പാടിയത്.
പി. ഭാസ്കരൻ-എം.എസ്. ബാബുരാജ് ഒരുക്കിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്നാണ് കണ്മണി നീയെൻ കരം പിടിച്ചാൽ /കണ്ണുകളെന്തിന് വേറെ-എനിക്ക് /കണ്ണുകളെന്തിന് വേറേ.../ കാണാനുള്ളത് കരളിൽ പകരാൻ /ഞാനുണ്ടല്ലോ ചാരെ –കണ്ണായ് / ഞാനുണ്ടല്ലോ ചാരെ... എന്ന് തുടങ്ങുന്ന പ്രശസ്ത യുഗ്മഗാനം. എ.എം. രാജയും പി. സുശീലയും ചേർന്ന് പാടിയ ഈ പാട്ടും മെച്ചപ്പെട്ട മറ്റു ചില പാട്ടുകളും ഉള്ള ചലച്ചിത്രമായിരുന്നു പ്രേംനസീർ അന്ധനായ നായകനായി അഭിനയിച്ച 'കുപ്പിവള'. മുസ്ലിം കുടുംബ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കഥയുടെ രചയിതാവ് ആ രംഗത്ത് സുസമ്മതനായിരുന്ന മൊയ്തു പടിയത്ത് ആണ്. അംബിക പ്രേംനസീറിന്റെ നായികയായി. കോട്ടയം ചെല്ലപ്പൻ, ബഹദൂർ, സുകുമാരി, അബ്ദുൽ റഹ്മാൻ ഹാജി, ബേബി പത്മിനി തുടങ്ങിയവരും അഭിനയിച്ചു. ലോട്ടസ് പിക്ചേഴ്സ് നിർമിച്ച കുപ്പിവള എസ്.എസ്. രാജനാണ് സംവിധാനം ചെയ്തത്. 1965 ജൂലൈ ഏഴിന് 'കുപ്പിവള' തിയറ്ററുകളിൽ എത്തി. എ.എം. രാജാ, യേശുദാസ്, പി. സുശീല, എ.പി. കോമള, എൽ.ആർ. ഈശ്വരി, രേണുക എന്നിവരോടൊപ്പം സംഗീതസംവിധായകനായ ബാബുരാജും പിന്നണിയിൽ പാടി. എ.എം. രാജ പാടിയ കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ /കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ / കൽപ്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ /ഖൽബിന്റെ കണ്ണേയുറങ്ങുറങ്ങ് എന്ന താരാട്ട് മധുരോദാരമാണ്. എത്ര കേട്ടാലും മതിവരാത്ത ഒരച്ഛന്റെ താരാട്ട്. കാണാൻ ഭാഗ്യമില്ലാത്ത സ്വന്തം കുഞ്ഞിനെ ഉറക്കാൻ അന്ധനായ അച്ഛൻ മനമുരുകി പാടുന്ന കണ്ണുനീർപ്പാട്ട്. എത്ര സുന്ദരമായി പി. ഭാസ്കരൻ അത് എഴുതിയിരിക്കുന്നു. യേശുദാസ് പാടിയ കാറ്റുപായ തകർന്നല്ലോ/ കൈത്തുഴ ഒടിഞ്ഞല്ലോ/ കളിയോടം മറിഞ്ഞല്ലോ തോണിക്കാരി /കണ്ണീർത്തിരകളിൽ നീന്തിത്തുടിക്കുന്ന /പെണ്ണേ, മാപ്പിളപ്പെണ്ണേ/ കണ്ണെത്താതുള്ളൊരു കായലിൽ/തള്ളിയിട്ടല്ലോ നിന്നെ-പാഴ്വിധി /തള്ളിയിട്ടല്ലോ നിന്നെ എന്ന പശ്ചാത്തലഗാനം നന്നായിരുന്നു. പി. ലീല പാടിയ പൊട്ടിച്ചിരിക്കല്ലേ പൊന്മകളെ -എന്നും/പൊട്ടിക്കരയേണ്ട ജന്മമല്ലേ/നീയൊരു പെണ്ണായ് പിറന്നില്ലേ...ഇനി/ മയ്യത്താകുംവരെ കരയേണ്ടേ..? എന്ന ഗാനം ഇന്നത്തെ ഒരു ഗാനരചയിതാവിന് എഴുതാൻ കഴിയുമോ? സ്ത്രീസമത്വവാദികൾ അയാളെ വെറുതെ വിടുമോ..?
'കുപ്പിവള' എന്ന ചിത്രത്തിൽ എൽ.ആർ. ഈശ്വരിയും സംഘവും പാടിയ രണ്ടു സംഘഗാനങ്ങളും മേളക്കൊഴുപ്പുള്ളവയായിരുന്നു. മധുരപ്പൂവന പുതുമലർക്കൊടി/ കണക്കു നിൽക്കണ പെണ്ണ് /കഴുത്തിലൊക്കെയും പൊന്ന് / മധുമൊഴികൾ തൻ കളിചിരി കണ്ട് /തളർന്ന താമരക്കണ്ണ് എന്ന ഒപ്പനപ്പാട്ടും കുറുകുറുമെച്ചം പെണ്ണുണ്ടോ /കുഞ്ഞാലിമെച്ചം പെണ്ണുണ്ടോ / സംസറക്കാ പെണ്ണുണ്ടോ/ സുസുക്കാ ബീബീടെ മാരനുക്ക് എന്നു തുടങ്ങുന്ന പാട്ടും ആണ് ഇവിടെ വിവക്ഷിക്കുന്നത്. എ.പി. കോമള പാടിയ കുറുന്തോട്ടിക്കായ പഴുത്തു/കുറുമൊഴിമുല്ല പൂത്തു/കൂട്ടിനുള്ളിൽ മുളങ്കിളി കുയല് വിളിച്ചു / വള്ളിക്കാട്ടിനുള്ളിൽ കൊച്ചുതുമ്പി/തുള്ളിക്കളിച്ചു എന്ന പാട്ടും ആകർഷകമായിരുന്നു. ബാബുരാജ് ഈണം നൽകി അദ്ദേഹം തന്നെ പാടിയ പേരാറ്റിൻ കടവിൽ വെച്ച് /പേരെന്തെന്നു ചോദിച്ചപ്പോൾ /പേരയ്ക്കാ എന്ന് പറഞ്ഞോളേ/വേലിയ്ക്കരികിൽനിന്ന് /മയിലാഞ്ചിക്കൈ കൊണ്ട് / വായയ്ക്കാ വറുത്തത് തന്നോളേ- എന്ന രസകരമായ പാട്ട് യഥാർഥത്തിൽ മെഹ്ബൂബ് പാടേണ്ടതായിരുന്നില്ലേ? 'അച്ചടക്കം' എന്ന വാക്കിനു പ്രാധാന്യം നൽകാതെ ഒഴിഞ്ഞുമാറി നടന്ന മെഹ്ബൂബിന്റെ അസാന്നിധ്യത്തിൽ ബാബുരാജ് ആ പാട്ട് പാടുകയായിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. രേണുക പാടിയ ഇത് ബാപ്പ ഞാനുമ്മ /എൻ പൊന്മകളാണീ ബൊമ്മ / ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താൽ/ ഉമ്മ തരാം പൊന്നുമ്മ എന്ന കുട്ടിപ്പാട്ടും ഇമ്പമുള്ളതായിരുന്നു. 'കുപ്പിവള'യിലെ ഈ പാട്ടുകളൊക്കെ ഇന്നും ഞാൻ ഇടക്കിടെ അറിയാതെ മൂളിപ്പോകുമ്പോൾ ഭാസ്കരൻ മാസ്റ്ററുടെയും ബാബുക്കയുടെയും ഓർമകൾക്ക് മുന്നിൽ നമസ്കരിക്കാതെ മറ്റെന്തു ചെയ്യാൻ?
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.