യൂസഫലി കേച്ചേരി മുഴുവൻ പാട്ടുകളും എഴുതിയ പ്രഥമചിത്രം 'അമ്മു'വാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത, 'മൂടുപടം'എന്ന ചിത്രത്തിൽ ഒരു ഗാനം മാത്രം രചിച്ചുകൊണ്ട് മലയാളസിനിമയിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ച കാര്യം നേരത്തേ വിശദമായി പറഞ്ഞുകഴിഞ്ഞു. പി.എ. വാര്യരുടെ 'ചവിട്ടിക്കുഴച്ച മണ്ണ്' എന്ന കൃതിയാണ് എൻ.എൻ. പിഷാരടിയുടെ സംവിധാനത്തിൽ 'അമ്മു' എന്ന ചലച്ചിത്രമായി മാറിയത്. വാസന്തിചിത്രയുടെ ബാനറിൽ എം. കേശവൻ നിർമിച്ച ഈ സിനിമയിൽ സത്യൻ, മധു, അംബിക, സുകുമാരി,...
യൂസഫലി കേച്ചേരി മുഴുവൻ പാട്ടുകളും എഴുതിയ പ്രഥമചിത്രം 'അമ്മു'വാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത, 'മൂടുപടം'എന്ന ചിത്രത്തിൽ ഒരു ഗാനം മാത്രം രചിച്ചുകൊണ്ട് മലയാളസിനിമയിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ച കാര്യം നേരത്തേ വിശദമായി പറഞ്ഞുകഴിഞ്ഞു. പി.എ. വാര്യരുടെ 'ചവിട്ടിക്കുഴച്ച മണ്ണ്' എന്ന കൃതിയാണ് എൻ.എൻ. പിഷാരടിയുടെ സംവിധാനത്തിൽ 'അമ്മു' എന്ന ചലച്ചിത്രമായി മാറിയത്. വാസന്തിചിത്രയുടെ ബാനറിൽ എം. കേശവൻ നിർമിച്ച ഈ സിനിമയിൽ സത്യൻ, മധു, അംബിക, സുകുമാരി, പ്രേംജി, പ്രേംനവാസ്, അടൂർ ഭാസി, ഇന്ദിര തമ്പി തുടങ്ങിയവർ അഭിനയിച്ചു. പി.എ. വാര്യർ തന്നെയാണ് തിരനാടകവും സംഭാഷണവും എഴുതിയത്. യൂസഫലി രചിച്ച എട്ടു പാട്ടുകൾ 'അമ്മു'വിൽ ഉണ്ടായിരുന്നു. എം.എസ്. ബാബുരാജ് ആയിരുന്നു സംഗീതസംവിധായകൻ. ഉദയഭാനു, പി. ലീല. പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവരോടൊപ്പം തമ്പി, തങ്കം എന്നീ പുതിയ ഗായകരും 'അമ്മു'വിനു വേണ്ടി ഗാനങ്ങൾ പാടി. എസ്. ജാനകി പാടിയ ''തേടുന്നതാരേ ശൂന്യതയിൽ ഈറൻ മിഴികളേ..?'' എന്ന ഗാനമാണ് രചനയിലും സംഗീതത്തിലും മുന്നിട്ടുനിന്നത്. നീലനിലാവിന്റെ ഗദ്ഗദ ധാരകൾ / നീളെ തുളുമ്പുമീ രാവിൽ/ശോകത്തിൻ സാഗരതീരത്തിലേകയായ്/ കണ്ണീരണിഞ്ഞു ഞാൻ നിൽപ്പൂ.../ തേടുന്നതാരേ...തേടുന്നതാരേ.... എന്ന ഗാനം ഇന്നും ശ്രദ്ധേയമാണ്.
''ആറ്റിനക്കരെ ആലിൻകൊമ്പിലെ/തത്തമ്മ പെണ്ണിന് കല്യാണം'' എന്ന ഗാനം പുതിയ ഗായകരായ തമ്പിയും തങ്കവും ചേർന്നു പാടി. കെ.പി. ഉദയഭാനുവും എസ്. ജാനകിയും ചേർന്നു പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: കൊഞ്ചിക്കൊഞ്ചി പാട്ടു പാടും പൂങ്കുയിലേ /നെഞ്ചിന്നുള്ളിൽ കൂടുവെച്ചതെന്തിന്നോ നീ? ഈ വരികൾ പാടുന്നത് പുരുഷനാണ്. ഇതിനു മറുപടിയായി പല്ലവിയിൽ വരുന്ന സ്ത്രീയുടെ വരികൾ ഇങ്ങനെ:
കൂട്ടീന്നഴി കളിത്തോഴൻ തുറന്നാലും/വീണമീട്ടിയിണക്കിളി തപസ്സിരിക്കും ഉദയഭാനുവും തങ്കവും ചേർന്നു പാടിയതാണ് താഴെ പറയുന്ന പാട്ട്.
തുടികൊട്ടി പാടാം ഞാൻ തുയിലുണര് /അറിവുള്ള മാളോരേ തുയിലുണര് /തുയിലുണര് തുയിലുണര് ... തങ്കം എന്ന ഗായിക തനിച്ചു പാടിയ പുള്ളിയുടുപ്പിട്ടു കൊഞ്ചിക്കുഴയുന്ന പൂമ്പാറ്റേ / ചൂളം വിളിക്കാൻ പൂങ്കുയിലുണ്ടേ/ താളം പിടിക്കാൻ പൂവാലനുണ്ടേ/തുള്ളിക്കളിക്കാൻ വന്നാട്ടെ ...ഒന്നിച്ചൊന്നിച്ച് /തുള്ളിക്കളിക്കാൻ വന്നാട്ടെ. പി.സുശീല പാടിയ അമ്പിളിമാമാ വാ...വാ.../അൻപോടരികിൽ വാ വാ /തംബുരു മീട്ടി താരാട്ടു പാടാൻ/ തങ്കനിലാവേ വാ...വാ... എന്ന പാട്ടും പി. ലീല പാടിയ മായക്കാരാ മണിവർണാ/നന്ദകുമാരാ എൻ കണ്ണാ... / മുരളിയുമായെന്നരികിൽ വന്നാൽ /നൽകാം നിറയെ തൂവെണ്ണ...എന്ന പാട്ടും 'അമ്മു' എന്ന സിനിമയിൽ ഇടംപിടിച്ചിരുന്നു.
തെയ്യന്നം താരോ...താരോ...തെയ്യന്നം താരോ/കുഞ്ഞിപ്പെണ്ണിന് കണ്ണെഴുതാൻ/ മയ്യൊരുക്കി മാനം/ മണ്ണിൻ മാറിലെ ദാഹം മാറ്റാൻ /തണ്ണീരിത്തിരി തന്നാട്ടേ...എന്ന് തുടങ്ങുന്ന സംഘഗാനം എസ്. ജാനകി, എൽ.ആർ. ഈശ്വരി, എം.എസ്. ബാബുരാജ്, മച്ചാട് വാസന്തി, തമ്പി എന്നിവർ ചേർന്നാണ് പാടിയത്. 1965 മേയ് ഏഴിനാണ് അമ്മു എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രം സാമ്പത്തികവികവിജയം നേടിയില്ല. യൂസഫലിയും ബാബുരാജും ചേർന്നൊരുക്കിയ പാട്ടുകളിൽ ''തേടുന്നതാരേ ശൂന്യതയിൽ ഈറൻമിഴികളേ..?'' എന്ന ഗാനം വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികളുടെ ഓർമയിൽ നിലനിൽക്കുന്നു. 'കുട്ടിക്കുപ്പായ'ത്തിന്റെ പിന്നാലെ വന്ന സുബൈദ, കുപ്പിവള എന്നീ ചിത്രങ്ങളെപോലെ മുസ്ലിം കുടുംബങ്ങളുടെ കഥപറയുന്ന മറ്റൊരു ചിത്രംകൂടി രൂപംകൊണ്ടു. ഇക്ബാൽ പിക്ചേഴ്സിനു വേണ്ടി എച്ച്.എം. യൂസഫ് സേട്ട് നിർമിച്ച 'തങ്കക്കുടം' എന്ന ചിത്രം 1965 മേയ് 28നാണ് പ്രദർശനത്തിനെത്തിയത്. മൊയ്തു പടിയത്ത് കഥയും സംഭാഷണവും എഴുതിയ 'തങ്കക്കുടം' എസ്.എസ്. രാജൻ സംവിധാനം ചെയ്തു. നടൻ സത്യൻ മാസ്റ്ററുടെ അനുജനായ എം.എം. നേശൻ ഈ ചിത്രത്തിന്റെ സഹസംവിധായകൻ ആയിരുന്നു. പി. ഭാസ്കരൻ -ബാബുരാജ് ടീമിന്റെ ഗാനങ്ങൾതന്നെയായിരുന്നു ഈ ചിത്രത്തിന്റെയും പ്രധാന ആകർഷണ ഘടകം. പ്രേംനസീർ, അംബിക, ഷീല, എസ്. മുത്തയ്യ, അടൂർ ഭാസി, ഹാജി അബ്ദുൽറഹിമാൻ, നിലമ്പൂർ അയിഷ, മീന, ഫിലോമിന തുടങ്ങിയ നടീനടന്മാർ അഭിനയിച്ച 'തങ്കക്കുട'ത്തിലെ പിന്നണിഗായകർ കമുകറ പുരുഷോത്തമൻ, യേശുദാസ്, പി. സുശീല, എസ്. ജാനകി, ഉദയഭാനു, എൽ.ആർ. ഈശ്വരി, മെഹബൂബ് എന്നിവർ ആയിരുന്നു. എസ്. ജാനകി പാടിയ താരാട്ട് വളരെ മനോഹരമാണ്. രാരീരം രാരീരം രാരീരം രാരാരോ.../ മധുരിക്കും മാതളപ്പഴമാണ് –നിന്നെ/ മറ്റാർക്കും തിന്നാൻ കിട്ടൂല്ല/ മണമുള്ള മന്ദാരമലരാണ്... /മാലയിൽ കോർക്കാൻ പറ്റൂല്ല. യേശുദാസ് പാടിയ ഗാനവും നൂതനത്വമുള്ളതായിരുന്നു. പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ/ പറന്നു പറന്നു പാറും കുരുവികളേ/പണ്ടൊരിക്കൽ ഞാനും നിങ്ങൾ/ കളിക്കുമാ ബാല്യത്തിന്റെ / പരിശുദ്ധ മലർക്കാവിൽ കളിച്ചിരുന്നു... ഉദയഭാനു പാടിയ ഗാനവും ശരാശരിക്ക് മുകളിൽ തന്നെ. പഞ്ചാരപ്പുഞ്ചിരി പൂക്കൾ നിറച്ചൊരു /പുന്നാരതങ്കക്കുടമല്ലേ... /കണ്ണെഴുത്തെന്തിന് / കനകവളയെന്തിന് /കണ്ടാലാരും കൊതിക്കുമല്ലോ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം.
മുസ്ലിം കുടുംബത്തിന്റെ കഥ പറയുന്ന 'തങ്കക്കുടം' എന്ന സിനിമയിൽ കമുകറ പുരുഷോത്തമനും പി. സുശീലയും ചേർന്നു പാടിയ ഒരു ക്രിസ്ത്യൻ ഭക്തിഗാനവും ഇടംപിടിച്ചു. യേശുനായകാദേവാ/സ്നേഹഗായകാ / പറുദീസാ തന്നിലെ പട്ടൊളിമെത്തയിൽ / പരിപൂതമാക്കിയ മശിഹായെ /പാരിനെ രക്ഷിക്കാൻ/പശുവിൻ തൊഴുത്തിലെ /പാഴ്പുല്ലിൻ മേലെ കിടന്നു നീ ... എന്നിങ്ങനെ തുടരുന്ന ഗാനം മികച്ച ഭക്തിഗാനം തന്നെ. എൽ.ആർ. ഈശ്വരിയും സംഘവും പാടിയ 'തങ്കക്കുട'ത്തിലെ മറ്റൊരു ഗാനം വളരെ പ്രശസ്തമാണ്.
മലയാളത്തിൽ പെണ്ണില്ലാഞ്ഞ് /മറുദേശത്തും പെണ്ണില്ലാഞ്ഞ് /ബഹറിന്റെ അക്കരെ നിന്നൊരു/ മണവാട്ടി പെൺകൊടി വന്നേ... പല്ലവി കേൾക്കുമ്പോൾ തന്നെ ഈ ഗാനം പൂർണമായും എന്റെ ഓർമയിലെത്തും. തുടർന്നുള്ള വരികൾ ഇങ്ങനെ: മണവാട്ടിപ്പെണ്ണിനിണങ്ങിയ/മാപ്പിളയെ കിട്ടാഞ്ഞിട്ട് /ജന്നത്തിൽനിന്നും നല്ലൊരു / പുന്നാരമാരൻ വന്നേ... മാരൻ വന്നേ... ഭാസ്കരൻ മാസ്റ്ററുടെ നർമബോധമികവിന് ഉത്തമ ദൃഷ്ടാന്തമാണ് ഇനിയുമുള്ള വരികൾ. മേലാകെ പൊന്നണിയിക്കാൻ /ഭൂലോകത്തിൽ പൊന്നില്ലാഞ്ഞ് /അമ്പിളി തൻ നാട്ടിൽ ചെന്ന് / പൊൻപവനും വാങ്ങിയൊരുക്കി/മാങ്കണ്ണിൽ മയ്യെഴുതിക്കാൻ/മന്നിതിലെ മഷി പോരാഞ്ഞ് / നക്ഷത്രചെപ്പിൽനിന്നും/നാലുതോണ്ടു മയ്യും വാങ്ങി എന്നിങ്ങനെ തുടരുന്നു പാട്ടിലെ വരികൾ. നക്ഷത്രചെപ്പിൽനിന്ന് നാല് തോണ്ടു മഷി എന്ന പ്രയോഗത്തിൽ എത്ര സൂക്ഷ്മതയോടെയാണ് കവി എഴുതുന്നതെന്നു കാണാം. കണ്ണെഴുതാനുള്ള മഷി വിരൽ കൊണ്ട് തോണ്ടിയെടുക്കയാണല്ലോ പതിവ്. കെ.പി. ഉദയഭാനു പാടിയ മന്ദാരപുഞ്ചിരിപൂക്കൾ നിറച്ചൊരു/പുന്നാര തങ്കക്കുടമല്ലേ /കണ്ണെഴുത്തെന്തിനു കനകവളയെന്തിന് / കണ്ടാലാരും കൊതിക്കുമല്ലോ എന്ന ഗാനവും നന്നായിരുന്നു. മെഹബൂബ് പാടിയ ഹോട്ടൽ ഭക്ഷണപ്പാട്ട് തങ്കക്കുടം എന്ന സിനിമ പുറത്തു വന്ന കാലത്ത് പെട്ടെന്ന് പ്രസിദ്ധമായി. കോയിക്കോട്ടങ്ങാടീലെ/കോയാക്കാന്റെ കടയിലെ/കോയീന്റെ കറിയുടെ ചാറ്...ഹ...ഹ.../ബായക്കാ ബറുത്തതും ജോറ് /കൊച്ചീലങ്ങാടീലുള്ള / കൊച്ചിക്കാന്റെ ഹോട്ടലില്- / ബെച്ചുള്ള കരിമീന്റെ ചാറ്--മുന്നില് /ബെച്ചാലോ മാറും നമ്മടെ മോറ് ഇങ്ങനെ വിവിധ സ്ഥലങ്ങളിലുള്ള പലതരം ഭക്ഷണസാധനങ്ങൾ പാട്ടിനു വിഷയമാകുന്നു. മെഹ്ബൂബിന്റെ ആലാപനം ഈ പാട്ട് ഏറെ രസകരമാക്കുന്നു.
'റോസി' എന്ന മലയാള ചിത്രത്തെക്കുറിച്ചു കേൾക്കുമ്പോൾ തന്നെ നമ്മുടെ ഓർമയിൽ എത്തുന്നത് യേശുദാസ് ആദ്യകാലത്തു പാടിയ അതിമനോഹരമായ ഒരു പ്രണയഗാനമാണ്. പി. ഭാസ്കരൻ എഴുതി ജോബ് എന്ന സംഗീതസംവിധായകൻ ഈണമിട്ട ആ പാട്ടിനെക്കുറിച്ച് കേൾക്കാത്ത മലയാളികൾ ഉണ്ടാകാൻ വഴിയില്ല. വൃന്ദാവൻ പിക്ചേഴ്സിന്റെ വിലാസത്തിൽ മണി എന്ന മണിസ്വാമി നിർമിച്ച 'റോസി' എന്ന സിനിമയുടെ കഥാകൃത്തും സംവിധായകനും അക്കാലത്ത് കലാസംവിധായകൻ എന്ന നിലയിലും പോസ്റ്റർ ഡിസൈനർ എന്ന നിലയിലും പ്രശസ്തനായ പി.എൻ. മേനോൻ ആയിരുന്നു. സ്റ്റുഡിയോ സെറ്റുകളിൽനിന്ന് മലയാള സിനിമയെ സാധാരണ വീടുകളിലേക്കും പ്രകൃതിയിലേക്കും കൊണ്ടുവരുന്നതിന് മുൻകൈ എടുത്തത് അതുവരെ സ്റ്റുഡിയോയിൽ സെറ്റുകൾ നിർമിക്കുന്നതിന് നേതൃത്വം വഹിച്ച ഒരു കലാസംവിധായകൻ ആയിരുന്നു എന്നത് ചിന്തനീയമായ കാര്യമാണ്. ഇ.എൻ. ബാലകൃഷ്ണൻ ആണ് റോസിയുടെ ഛായാഗ്രഹണം നിർവഹിച്ചത്.
പ്രേംനസീർ ചിത്രത്തിൽ അഭിനയിച്ചു. എങ്കിലും 'റോസി'യിലെ പ്രധാന കഥാപാത്രമായ തോമായെ അവതരിപ്പിച്ചത് പി.ജെ. ആന്റണിയായിരുന്നു. അതുപോലെ വിജയനിർമല എന്ന നടി ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രമായ 'റോസി'യായി അഭിനയിച്ചത് അന്ന് വളരെ ചെറുപ്പമായിരുന്ന കവിയൂർ പൊന്നമ്മയാണ്. ചിത്രത്തിലെ പ്രധാന പുരുഷ കഥാപാത്രമായ തോമായെ അവതരിപ്പിച്ച പി.ജെ. ആന്റണിയാണ് 'റോസി'യുടെ തിരക്കഥയും സംഭാഷണവും എഴുതിയത്. 'റോസി'യിലെ എല്ലാ പാട്ടുകളും നന്നായിരുന്നു. യേശുദാസ് പാടിയ ''അല്ലിയാമ്പൽക്കടവിൽ'' തീർച്ചയായും ഒന്നാംസ്ഥാനത്തുതന്നെ. അതേസമയം എൽ.ആർ. ഈശ്വരി പാടിയ ''ചാലക്കുടിപുഴയും വെയിലിൽ ചന്ദനച്ചോലയെടീ'' എന്ന പാട്ടും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതാണ്. യേശുദാസും സംഘവും പാടിയ വെളുക്കുമ്പം പുഴയോരു കളിക്കുട്ടി/വെള്ളാരങ്കല്ലെടുത്ത് വെള്ളമണൽത്തിട്ടകളിൽ/ തുള്ളിക്കളിക്കണ കളിക്കുട്ടി / ആഹാ--കളിക്കുട്ടി എന്ന പാട്ടും സഹൃദയപിന്തുണ നേടി. എൽ.ആർ. ഈശ്വരിയും ഉദയഭാനുവും ചേരുന്ന ഒരു ഗാനം കൂടി 'റോസി'യിൽ ഉണ്ടായിരുന്നു. ഇതിൽ ഉദയഭാനുവിന്റെ ചോദ്യരൂപത്തിലുള്ള ചില വാക്കുകൾ മാത്രമേയുള്ളൂ. മുഴുവൻ വരികളും പാടുന്നത് ഈശ്വരിയാണ്. കണ്ണിലെന്താണ് കണ്ണിലെന്താണ് /കനകക്കിനാവ്ന്റെ മയ്യ്/ മയ്യിലെന്താണ് -മറ്റാർക്കും കാണാൻ / വയ്യാത്ത സ്നേഹത്തിൻ തയ്യ് എന്ന ഗാനവും വ്യത്യസ്തതയുള്ളതായിരുന്നു. പി. ലീല പാടിയ നാടൻശൈലിയിലുള്ള ''എങ്കിലോ പണ്ടൊരു കാലം...'' എന്നാരംഭിക്കുന്ന ഗാനം സന്ദർഭവുമായി അലിഞ്ഞൊഴുകിയെന്നതും സത്യം... / എങ്കിലോ പണ്ടൊരു കാലം /മംഗലാംഗൻ രാമദേവൻ/ പതിനാലാണ്ടു കാട്ടിൽ പാർക്കാൻ/ വ്രതമെടുത്ത് പോകുംനേരം/ഗുണവതിയാം സീതാദേവി/ കണവൻ തന്റെ കൂടെ ചെന്നാൾ...
'റോസി' എന്ന സിനിമ ഒരു മികച്ച സംവിധായകന്റെ (പി.എൻ. മേനോൻ) വരവറിയിക്കുന്ന ചിത്രമായിരുന്നു. 1965 ജൂൺ നാലിനാണ് റോസി എന്ന ചിത്രം പുറത്തു വന്നത്. ചിത്രത്തിന്റെ നിർമാതാവായ എം.കെ. വെങ്കിടാദ്രി എന്ന മണിസ്വാമി റോസിയായി അഭിനയിച്ച കവിയൂർ പൊന്നമ്മയെ വിവാഹം കഴിച്ചു. 'റോസി'യിലെ മികച്ച പാട്ടുകൾ ഒരുക്കിയ ജോബ് എന്ന സംഗീതസംവിധായകന് എന്തുകൊണ്ടോ മലയാളത്തിലെ സംഗീതസംവിധായകരുടെ മുൻനിരയിലേക്ക് വരാൻ സാധിച്ചില്ല, ഏതാനും ചിത്രങ്ങൾക്ക് കൂടി അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചു. എന്നാൽ ജോബ് എന്ന പേര് കേൾക്കുമ്പോൾ സംഗീതത്തെ സ്നേഹിക്കുന്നവർ ''അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം'' എന്ന വരികളേ ആദ്യം ഓർമിക്കുകയുള്ളൂ. ഉദയാ സ്റ്റുഡിയോയുടെ എക്സെൽ പ്രൊഡക്ഷൻസ് നിർമിച്ച 'കാട്ടുതുളസി' എന്ന സിനിമ സംവിധാനം ചെയ്തത് എം. കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടകവിയായ വയലാറും ഉറ്റ സുഹൃത്തായ എം.എസ്. ബാബുരാജും തന്നെ ആ ചിത്രത്തിന് പാട്ടുകളൊരുക്കി, സംഗീതപ്രധാനമായ ആ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമായിരുന്നു. മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമുള്ള ''സൂര്യകാന്തീ, സൂര്യകാന്തീ സ്വപ്നം കാണുവതാരെ?'' എന്ന എസ്. ജാനകി പാടിയ ഗാനം ഈ ചിത്രത്തിലാണുള്ളത്. പി. സുശീല പാടിയ ''ഗംഗയാറൊഴുകുന്ന നാട്ടിൽനിന്നൊരു ഗന്ധർവനീ വഴി വന്നു...''എന്ന ഗാനവും ഈ ചിത്രത്തിലുള്ളതാണ്.
ഗംഗയാറൊഴുകുന്ന നാട്ടിൽനിന്നൊരു/ ഗന്ധർവനീവഴി വന്നു/പണ്ടൊരു/ഗന്ധർവനീ വഴി വന്നു. /അന്നാരംപുന്നാരം കാട്ടിനകത്തൊരു / പെണ്ണിനെ മോഹിച്ചു നിന്നു-അവനൊരു /പെണ്ണിനെ മോഹിച്ചു നിന്നു/ ഗന്ധർവനവളുടെ താമരവിരലിൽ /കല്യാണമോതിരമണിയിച്ചു/ഒന്നിച്ചിരുന്നവർ പാട്ടുകൾ പാടീ /കണ്ണെഴുത്തും പൂക്കൾ ചൂടി... രചനയിലും സംഗീതത്തിലും ഉന്നതമായ സ്ഥാനം നേടിയ ഈ പാട്ടുകളെപ്പറ്റി ആർക്കാണ് അറിഞ്ഞുകൂടാത്തത്? കുഞ്ചാക്കോ നിർമിച്ച 'കാട്ടുതുളസി'യിൽ സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ശാരദ, ഉഷാകുമാരി (വെണ്ണീറആടൈ നിർമല), അടൂർ ഭാസി, എസ്.പി. പിള്ള തുടങ്ങിയവർ അഭിനയിച്ചു. 1965 ജൂലൈ ഒമ്പതാം തീയതി പുറത്തുവന്ന ഈ ചിത്രത്തിൽ ആകെ എട്ടു പാട്ടുകൾ ഉണ്ടായിരുന്നു. സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ –ആരേ/സ്വപ്നം കാണുവതാരേ/പ്രേമപൂജാ പുഷ്പവുമായ് നീ / തേടുവതാരേ...ആരേ /എന്ന ഗാനം രചനയിലും ഈണത്തിലും അസാധാരണമായ ഔന്നത്യം വഹിക്കുന്നു. ആരുടെ കനകമനോരഥമേറി/ആരുടെ രാഗപരാഗം തേടി /നീലഗഗനവനവീഥിയിൽ നിൽപ്പൂ / നിഷ്പ്രഭനായ് നിൻ നാഥൻ എന്നീ വരികളിൽ ഗാനം അവസാനിക്കുമ്പോൾ ശ്രോതാക്കൾക്കുണ്ടാകുന്ന അനുഭൂതി അവർണനീയംതന്നെ. യേശുദാസ് പാടിയ വെള്ളിച്ചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ് /വള്ളുവനാടൻ പെണ്ണ് –എന്റെ/വള്ളിക്കുടിലിനുള്ളിലിന്നലെ/വിരുന്നു വന്നു –വെറുതേ/വിരുന്നു വന്നു എന്ന ഗാനവും പി.ബി. ശ്രീനിവാസ് പാടിയ തുളസീ...തുളസീ വിളി കേൾക്കൂ/ഇണക്കുയിലേ ഇണക്കുയിലേ/ഇനിയെവിടെ കൂടുകൂട്ടും / ഇണക്കുയിലേ... എന്ന ഗാനവും മാത്രമല്ല, 'കാട്ടുതുളസി'യിലെ പാട്ടുകളെല്ലാം തന്നെ മികച്ചവയായിരുന്നു എന്ന് നിസ്സംശയം പറയാം. നാലു മൊഴികുരവയുമായ്/നാടോടിപ്പാട്ടുമായ് / നാണം കുണുങ്ങി വരും തേനരുവി /നാടെവിടെ വീടെവിടെ തേനരുവി എന്ന പാട്ടും ആരാരോ ആരാരോ /ആരാരോ ആരാരോ/ പൊന്നമ്പലമേട്ടിന്നുള്ളിൽ/ പൂനുള്ളാൻ പോരണതാരോ ആരാരോ ആരാരോ... /കൂട്ടിലടച്ച കിടാത്തി - ഞാനൊരു / കൊളുന്തു നുള്ളണ പൂക്കാരി /കാട്ടിലെ കറമ്പികൾ മൈനകളല്ലോ /കൂട്ടുകാരികൾ -എന്റെ കൂട്ടുകാരികൾ എന്ന പാട്ടും ജിക്കിയാണ് പാടിയത്. യേശുദാസിന്റെ ഹമ്മിങ്ങിനോടൊപ്പം ജിക്കി മനോഹരമായി പാടിയ മഞ്ചാടിക്കിളി മൈന/മയിലാഞ്ചിക്കിളി മൈന/ മൈന വേണോ മൈന/ മൈന മൈന .../ പാട്ടു പാടാനറിയാം/ മയിലാട്ടമാടാനറിയാം/പനയോലക്കൂട്ടിലിരുന്നു/വിരുന്നു വിളിക്കാനറിയാം/വല വീശി കിട്ടിയതല്ല--/ മലവേടൻ മുത്തിയതല്ല /വനദേവത പെറ്റു വളർത്തിയ /നീലപ്പൈങ്കിളിയാണേ എന്ന പാട്ടും 'കാട്ടുതുളസി'യെ ഒരു നല്ല സംഗീതചിത്രമാക്കി. എന്തായാലും എസ്. ജാനകി പാടിയ 'സൂര്യകാന്തീ സൂര്യകാന്തീ' എന്ന പാട്ട് ബാബുരാജിന്റെ മാസ്റ്റർപീസുകളിൽ ഒന്നായി മാറി. വയലാറിന്റെ രചനയിലെ നവഭാവുകത്വം അതിനു സഹായകരവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.