മെറിലാൻഡ് സ്റ്റുഡിയോയിൽ നീലാ പ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച് ജി.കെ. രാമു ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച 'മായാവി' എന്ന ചിത്രവും1965ൽ ആണ് പുറത്തുവന്നത്. നീലായുടെ കഥാവിഭാഗം കണ്ടെത്തിയ കഥാബീജത്തെ വികസിപ്പിച്ച് തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീ എന്ന തൂലികാനാമത്തിൽ നാഗവള്ളി ആർ.എസ്. കുറുപ്പ് ആയിരുന്നു. പ്രേംനസീർ, മധു, ഷീല, ശാന്തി, തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ചു, പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് ബാബുരാജ് ഈണം പകർന്നു.
അവർ ഒരുമിക്കുമ്പോൾ സാധാരണയായി ശ്രോതാക്കൾ പ്രതീക്ഷിക്കുന്ന ഉയർന്ന നിലവാരം 'മായാവി'യിലെ പാട്ടുകൾ നൽകിയോ എന്ന് സംശയമുണ്ട്. കമുകറ പുരുഷോത്തമനും കെ.പി. ഉദയഭാനുവും ചേർന്നു പാടിയ ''ഈ ജീവിതമിന്നൊരു കളിയാട്ടം/ഈ യൗവനമാണതിൻ കൈനേട്ടം'' എന്ന ഗാനവും കമുകറയും പി.ലീലയും പാടിയ കണ്ണാരം പൊത്തി പൊത്തി /കൈലേസു കണ്ണിൽ കെട്ടി/ അമ്പിളിയും വെണ്മുകിലും/ കളിയാടുന്നു-ദൂരെ/പവിഴക്കുന്നിൽ പളുങ്കുമലയിൽ പനിനീർപൂങ്കുലകൾ പകലവനന്തിക്കറുത്തു തൂക്കിയ / പനിനീർപ്പൂങ്കുലകൾ... പി. ലീല പാടിയ പണ്ടൊരിക്കൽ ആറ്റുവക്കിൽ/പന്തലിച്ച മാഞ്ചുവട്ടിൽ/ കൊച്ചുകൊച്ചു കമ്പുകൾ കൊണ്ടൊരു / കൊട്ടാരം കെട്ടി...നമ്മൾ/കൊട്ടാരം കെട്ടി/ രാജാവായ് നീയിരുന്നു/റാണിയായ് ഞാനിരുന്നു /കാണാക്കിനാക്കൾ കണ്ടതോർമയുണ്ടോ എന്ന ഗാനവും രചനയിൽ നന്നായെങ്കിലും ഈണത്തിൽ മികച്ചതായില്ല.
കെ.പി. ഉദയഭാനുവും എസ്. ജാനകിയും പാടിയ വളകിലുക്കും വാനമ്പാടീ/ വഴി തെളിക്കാനാരുണ്ട്/ വഴി തെളിക്കാൻ വാനിലൊരു / മണിവിളക്കുണ്ട് എന്ന പാട്ടും എൽ.ആർ. ഈശ്വരിയും സംഘവും പാടിയ കളിവാക്കു ചൊല്ലുമ്പോൾ /പെണ്ണിന്റെ കവിളത്ത് / കാണുന്നതെന്തേ സിന്ദൂരം^പെണ്ണേ /കാണുന്നതെന്തേ സിന്ദൂരം/പണ്ടത്തെ പാട്ടുകൾ കേട്ടപ്പോൾ പെണ്ണിന്റെ /ചുണ്ടത്തു പൂത്തല്ലോ മന്ദാരം... എന്ന സംഘഗാനവും കമുകറ പുരുഷോത്തമനും എൽ.ആർ. ഈശ്വരിയും പാടിയ, വണ്ടാറണികുഴലിമാരണി മൗലിമാലേ പണ്ടേക്കണക്ക് പ്രണയംഹൃദി സാധ്യമല്ല തണ്ടാർശരന്റെ കളിയില്ലിനിയെൻ മനസ്സിൽ രണ്ടാളുമൊത്തു കഴിയാൻ അരുതല്ല മേലിൽ എന്ന ഖവാലിയുടെ ഏകദേശസ്വഭാവമുള്ള ഗാനവും 'മായാവി' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു,
പി. സുബ്രഹ്മണ്യം മെറിലാൻഡിൽ നിർമിച്ച പ്രഥമചിത്രമായ 'ആത്മസഖി' യിലൂടെ തിരക്കഥാകൃത്തും നടനുമായി സിനിമയിൽ പ്രവേശിച്ച കെ.പി. കൊട്ടാരക്കര ഏതാനും വർഷങ്ങൾ എഴുത്തുകാരനായി മെറിലാൻഡിൽ തുടർന്നു, പിന്നീട് മദ്രാസിലെത്തി ചില തമിഴ് സിനിമകൾക്ക് കഥയെഴുതി. അതിനുശേഷം അദ്ദേഹം മലയാളത്തിൽ ചലച്ചിത്രനിർമാണം തുടങ്ങി. കെ.പി. കൊട്ടാരക്കര ഗണേഷ് പിക്ചേഴ്സിന്റെ പേരിൽ നിർമിച്ച ആദ്യചിത്രമായ 'ജീവിതയാത്ര' 1965 സെപ്റ്റംബർ ഒന്നിന് കേരളത്തിലെ തിയറ്ററുകളിലെത്തി. അദ്ദേഹം തന്നെ കഥയും സംഭാഷണവും രചിച്ചു. ശശികുമാർ ഈ ചിത്രം സംവിധാനം ചെയ്തു. പ്രേംനസീർ, മധു, അംബിക, ഷീല, തിക്കുറിശ്ശി, എസ്.പി. പിള്ള, കോട്ടയം ചെല്ലപ്പൻ, ഫ്രണ്ട് രാമസ്വാമി തുടങ്ങിയവർ അഭിനയിച്ച 'ജീവിതയാത്ര'ക്കു വേണ്ടി പി. ഭാസ്കരനും അഭയദേവും പാട്ടുകൾ എഴുതി. പി.എസ്. ദിവാകർ സംഗീതസംവിധാനം നിർവഹിച്ചു. കമുകറ പുരുഷോത്തമൻ, പി. ലീല, പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവർ പിന്നണിഗാനങ്ങൾ പാടി. പി. ഭാസ്കരൻ എഴുതിയ നാലു ഗാനങ്ങൾ 'ജീവിതയാത്ര'യിൽ ഉണ്ടായിരുന്നു. കമുകറ പുരുഷോത്തമനും എസ്. ജാനകിയും സീറോബാബുവും പാടിയ ''പട്ടിണിയാൽ പള്ളയ്ക്കുള്ളിൽ പാണ്ടിമേളം'' എന്ന പാട്ട് എല്ലാവർക്കും ഇഷ്ടമായി.
പട്ടിണിയാൽ പള്ളയ്ക്കുള്ളിൽ പാണ്ടിമേളം -പിന്നെ/ പാട്ടു വരും കൂത്തു വരും വേണ്ടുവോളം / ആട്ടമറിയാത്തവനും ആടിപ്പോകും -വള/ചാട്ടമറിയാത്തവനും ചാടിപ്പോകും എന്നാരംഭിക്കുന്ന ഈ പാട്ടിലെ ഓരോ വരിയും അർഥഗർഭമാണ്. പല്ലവി കേൾക്കുമ്പോൾ തമാശപ്പാട്ടാണ് എന്ന് തോന്നുമെങ്കിലും ഉള്ളിലേക്ക് കടക്കുമ്പോൾ അത് തികച്ചും ജീവിതഗന്ധിയാണ് എന്ന് ബോധ്യമാകും. ഈ പാട്ടിന്റെ ചരണത്തിലെ ഏതാനും വരികൾ ശ്രദ്ധിക്കുക.
ഏതു വേഷം കെട്ടിയാലും ഏതു ഭാഷ ചൊല്ലിയാലും / പാതവക്കിൽ താമസക്കാർ നമ്മുടെ കൂട്ടർ -ഇന്നു / പാരിലേതു വേലയിലും നമുക്ക് നോട്ടം /പാടിയാടി ജീവിതപ്പോരാടിയാടിരാപ്പകലി- / പ്പാതിവയർ സാപ്പിടുവാൻ നമ്മുടെ നോട്ടം / അതിന്നേതു വേഷം കെട്ടിയാലും ഇല്ലതിൽ കോട്ടം...
തെരുവിൽ ചെറുകിട സർക്കസ് കാണിക്കുന്നവരാണ് ഈ പാട്ടു പാടുന്നത് എന്നും ഓർമിക്കുക. എൽ.ആർ. ഈശ്വരി പാടിയ കിളിവാതിലിനിടയിൽ കൂടി/ മലർമാലകൾ നീട്ടുവതാരോ /മധുമാസപ്പൂനിലാവോ മറ്റാരാനോ..? എന്ന പാട്ടും കമുകറ പുരുഷോത്തമനും പി. സുശീലയും പാടിയ പറയട്ടെ ഞാൻ പറയട്ടെ -ഒരു പരമരഹസ്യം പറയട്ടെ /ഇരുചെവി മറുചെവിയറിയാതെ /ഇരവിൽ താരകളറിയാതെ... എന്ന ഗാനവും ശ്രദ്ധേയങ്ങളായി. എൽ.ആർ. ഈശ്വരി പാടിയ അഴകിൻ നീലക്കടലിൽ / അക്കരെയക്കരെയക്കരെ നിന്നും/ അരയന്നപ്പൈങ്കിളി പോലെ / ആടിപ്പാടി വന്നു ഞാൻ... എന്ന പാട്ടും പി. ഭാസ്കരനാണ് എഴുതിയത്. തങ്കക്കുടമേ ഉറങ്ങ് -അമ്മ /താരാട്ടു പാടാം ഉറങ്ങൂ / താലോലം...ഉണ്ണി... താലോലം /താർമിഴി ചിമ്മിയുറങ്ങ് എന്ന താരാട്ട് അഭയദേവാണ് എഴുതിയത്. യേശുദാസും പി. ലീലയും ചേർന്നാണ് ഈ ഗാനം പാടിയത്. അച്ഛനെയാദ്യമായ് കണ്ടപ്പൊഴമ്മ തൻ /കണ്ണിലിരുന്നതു നീയല്ലേ... / കാൽവിരൽകൊണ്ടമ്മ തറയിലന്നെഴുതിയ- / തോമനേ നിന്റെ പേരല്ലേ..? എന്ന ലളിതസുന്ദരമായ വരികൾ പാട്ടിന്റെ ആദ്യചരണമാണ്. 'നീലക്കുയിൽ' മുതൽ 'മൂടുപടം' വരെയുള്ള പല ഉജ്ജ്വലചിത്രങ്ങൾ നിർമിച്ച ചന്ദ്രതാരാ പ്രൊഡക്ഷൻസ് അവരുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആയ ആർ.എസ്. പ്രഭുവിനെ സംവിധായകനാക്കി ജനതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രമാണ് 'രാജമല്ലി'. സംവിധായകൻ പ്രഭുവിന്റെ പിന്നിൽ സാങ്കേതികോപദേഷ്ടാവായി എ. വിൻസന്റ് എന്ന അതികായൻ ഉണ്ടായിരുന്നു. ചെലവ് ചുരുക്കി നിർമിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, ശാരദ, സുകുമാരി, മുത്തയ്യ, കോട്ടയം ചെല്ലപ്പൻ, പി.ജെ. ആന്റണി, ജി.കെ. പിള്ള, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനയിച്ചു. മികച്ച ചിത്രങ്ങളിൽ വന്ന നഷ്ടം നികത്താൻ വേണ്ടിയാണ് ടി.കെ. പരീക്കുട്ടി സ്വന്തം പേര് വെക്കാതെ ഈ സിനിമ നിർമിച്ചത്. ചന്ദ്രതാരാ പിക്ചേഴ്സ് തന്നെ ചിത്രത്തിന്റെ വിതരണം നടത്തി. രാജമല്ലിക്കുവേണ്ടി പി. ഭാസ്കരൻ എഴുതി ബി.എ. ചിദംബരനാഥ് ഈണം നൽകിയ ആറു പാട്ടുകളും മോശമായില്ല. എന്നുതന്നെയല്ല രണ്ടു മൂന്നു പാട്ടുകൾ ഹിറ്റുകളാവുകയുംചെയ്തു. ഈ പാട്ടുകളുടെ ബലത്തിലാണ് പിന്നീട് 'മുറപ്പെണ്ണ്' പോലെയുള്ള സിനിമകളിൽ സംഗീതസംവിധാനം നടത്താൻ ചിദംബരനാഥന് അവസരം ലഭിച്ചത്. എ.എം. രാജ, യേശുദാസ്, പി. ലീല, എസ്. ജാനകി എന്നിവരാണ് പാട്ടുകൾ പാടിയത്. എസ്. ജാനകി പാടിയ കുന്നിന്മേൽ നീയെനിക്കു കുടിലൊന്നു കെട്ടി / കന്നിപ്പെണ്ണായ് കടന്നു ഞാൻ / കല്യാണപ്പൂമാല കണ്ണീരിൽ വാടിയിട്ടും /കണ്ടില്ല പണ്ടത്തെ കളിത്തോഴനെ -ഞാൻ /കണ്ടില്ല പണ്ടത്തെ കളിത്തോഴനെ... എന്ന പാട്ടും എസ്. ജാനകിതന്നെ പാടിയ കർപ്പൂര തേന്മാവിൻ കൊതി തുള്ളും മലയണ്ണാനേ /കാലത്തെ നീയെനിക്കൊരു മാമ്പഴം കൊണ്ടത്തായോ.../ കരിമലക്കാട്ടിനുള്ളിൽ തിന കൊയ്യും കുരുവിപ്പെണ്ണേ /കുറി കൂട്ടാനെനിക്കിത്തിരി ചന്ദനം കൊണ്ടത്തായോ... എന്ന പാട്ടും എ.എം. രാജ പാടിയ കുപ്പിവള കുലുക്കുന്ന കുയിലേ, പെണ്ണേ /കുട്ടിക്കാലം മറക്കല്ലേ -നിന്റെ /കുട്ടിക്കാലം മറക്കല്ലേ/ പൊട്ടിപ്പൊട്ടി ചിരിക്കുന്ന പൊരുളേ, കരളേ / പൊന്നിൻകട്ടേ ചതിക്കല്ലേ -എന്റെ/ പൊന്നിൻ കട്ടേ ചതിക്കല്ലേ എന്ന പാട്ടും ഹിറ്റ്ചാർട്ടിൽ ഇടം നേടിയവയാണെന്നു പറയാം.
യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ജയകാളി ജയകാളി ജയദ വരദ കാളി /മഹിഷാസുരവരമർദിനി കാളി/മക്കൾക്കമ്മ മഹാകാളി എന്ന ഭക്തിഗാനവും എസ്. ജാനകിയും കൂട്ടരും പാടിയ നീലമുകിലുകൾ കാവൽ നിൽക്കും / വാനരാജധാനിയിൽ / മാരിവില്ലുകൾ വേലികെട്ടിയ / മല്ലികപ്പൂവാടിയിൽ / വാവുനാളിൽ പാറിവന്നൊരു /താമരക്കിളിയെങ്ങുപോയ് എന്ന ഗാനവും തെല്ലും മോശമായിരുന്നില്ല.
പി. ലീല പാടിയ കാറ്റേ വാ... പൂമ്പാറ്റേ വാ / വാ...വാ...വാ...വോ...വാവാവോ... / പഞ്ചാരക്കുട്ടന് പങ്ക വലിക്കുവാൻ /മഞ്ചാടിക്കുന്നിലെ കാറ്റേ ...വാ... എന്ന പാട്ടും മനോഹരമാണ്.
ഒ.എൻ.വി. കുറുപ്പിന്റെ മികച്ച സിനിമാഗാനങ്ങളിലൊന്നായി കരുതപ്പെടുന്ന ''മാണിക്യവീണയുമായെൻ...'' എന്നാരംഭിക്കുന്ന ഗാനം അദ്ദേഹം 'ബാലമുരളി' എന്ന തൂലികാനാമത്തിലാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. ഗുരു ഗോപിനാഥന്റെ ശിഷ്യനും പ്രശസ്ത നൃത്തസംവിധായകനുമായ ഡാൻസർ തങ്കപ്പൻ ആദ്യമായി നിർമിച്ച 'കാട്ടുപൂക്കൾ' എന്ന സിനിമയിലെ ഗാനങ്ങളിൽ ഒന്നാണിത്. ഡാൻസർ തങ്കപ്പൻ നൃത്തം പഠിപ്പിച്ച അനവധി നടീനടന്മാർ തെന്നിന്ത്യൻ സിനിമാവേദിയിൽ പ്രശസ്തരായിട്ടുണ്ട്. അവരിൽ പ്രധാനപ്പെട്ട നടിയാണ് തെലുങ്കിലും തമിഴിലും പ്രസിദ്ധി നേടിയ 'ദേവിക' എന്ന നായിക നടി. കമൽഹാസനാണ് മറ്റൊരാൾ. കമൽഹാസൻ തങ്കപ്പൻമാസ്റ്റർ നൃത്തസംവിധാനം ഏറ്റെടുത്ത പല സിനിമകളിലും അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുമുണ്ട്. ഉദയ സ്റ്റുഡിയോയിൽ ഡാൻസർ തങ്കപ്പൻ ഡാൻസ് ഡയറക്ടറായി ജോലിചെയ്ത ചില സിനിമകളിൽ ഗാനചിത്രീകരണ സമയത്ത് കൗമാരക്കാരനായിരുന്ന കമൽഹാസൻ പ്രേംനസീറിന് ചലനങ്ങൾ കാണിച്ചുകൊടുത്തിട്ടുണ്ട് . ഈ കാര്യം കമൽഹാസൻതന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. നസീർസാറും ഇത് സമ്മതിച്ചിട്ടുണ്ട്. നമ്മുടെ സിനിമാചരിത്രത്തിൽ ഇതുപോലെ എത്രയോ അത്ഭുതങ്ങൾ ഉറങ്ങിക്കിടക്കുന്നു. തന്റെ ഗുരുവായ തങ്കപ്പൻമാസ്റ്റർ നിർമിച്ച ആദ്യത്തെ ചിത്രത്തിൽ ദേവിക നായികയായതിന്റെ പശ്ചാത്തലം ഇതാണ്. മധുവായിരുന്നു നായകൻ. ഗിരി മൂവീസിന്റെ പേരിൽ പുറത്തുവന്ന 'കാട്ടുപൂക്കൾ' എന്ന ചിത്രത്തിൽ തിക്കുറിശ്ശി, അടൂർ ഭാസി, നെല്ലിക്കോട്ടു ഭാസ്കരൻ, ഫിലോമിന, നിലമ്പൂർ ആയിഷ തുടങ്ങിയവരും അഭിനയിച്ചു. കാളിദാസ കലാകേന്ദ്രവുമായി ഡാൻസർ തങ്കപ്പനുള്ള അടുപ്പം നിമിത്തം ഒ. മാധവനും ഈ ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. പൊൻകുന്നം വർക്കി സംഭാഷണം എഴുതി. ഒ.എൻ.വി എഴുതിയ ആറു പാട്ടുകൾക്ക് ദേവരാജൻ ഈണമിട്ടു. ഇവയിൽ ഏറ്റവും മികച്ചത് ''മാണിക്യവീണ...'' തന്നെയായിരുന്നു.
മാണിക്യവീണയുമായെൻ /മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ /പാടുകില്ലേ, വീണ മീട്ടുകില്ലേ /നിന്റെ വേദനയെന്നോട് ചൊല്ലുകില്ലേ... ഒന്നും/മിണ്ടുകില്ലേ... എന്ന ഗാനം എല്ലാ അർഥത്തിലും പൂർണമാണ്. യേശുദാസിന്റെ ശബ്ദം കൂടിയായപ്പോൾ സ്വർണത്തിനു സുഗന്ധം വന്നതുപോലെയായി. അത്തപ്പൂ ചിത്തിരപ്പൂ / മല്ലിപ്പൂ മാലതിപ്പൂ / അത്തപ്പൂ ചിത്തിരപ്പൂ അക്കരെയിക്കരെ പൂക്കാലം /മല്ലിപ്പൂ മാലതിപ്പൂ /പുത്തൻ പെണ്ണിന് പൂത്താലം എന്ന പാട്ടു പാടിയത് പി. സുശീല.
കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ/കാടറിയാതെ പിറന്ന കാട്ടുപൂക്കൾ /കണി കാണാനരുതാത്ത കാട്ടുപൂക്കൾ -ആർക്കും / അണിയുവാൻ കൊള്ളാത്ത കാട്ടുപൂക്കൾ എന്ന പാട്ടു പി. ലീലയും കൂട്ടരുമാണ് പാടിയത്.
അന്തിത്തിരിയും പൊലിഞ്ഞല്ലൊ -നിന്റെ /മൺവിളക്കും വീണുടഞ്ഞല്ലോ / എങ്ങും നിറഞ്ഞോരീ കൂരിരുട്ടിൽ -ഒരു / മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ... എന്ന പാട്ട് പി.സുശീല പാടി. പി. ലീല, ഗോമതി, എൽ.ആർ. അഞ്ജലി എന്നിവർ പാടിയ പ്രാർഥനാഗാനവും ആകർഷകമായിരുന്നു.
ദീപം കാട്ടുക നീലാകാശമേ / ദീപംകാട്ടുക നീ... /നിത്യപ്രകാശത്തിൻ കോവിൽ തുറക്കുവാൻ /കാത്തുനിൽക്കുന്നു ഞങ്ങൾ... എന്ന പല്ലവിയിൽ തുടങ്ങുന്ന ഈ ഗീതം രണ്ടാം ചരണത്തിൽ ഇങ്ങനെ അവസാനിക്കുന്നു. കൂപ്പുകൈ നീട്ടുമീ കാട്ടുപുഷ്പങ്ങൾക്കു/കൂട്ടായിരിക്കേണമേ/കൂരിരുൾപ്പാതയിൽ നക്ഷത്രരശ്മിയെ/കൂട്ടിനയക്കേണമേ...
'മണവാട്ടി' എന്ന ചിത്രത്തിനുശേഷം തങ്കം മൂവീസിനു വേണ്ടി രാജു മാത്തൻ നിർമിച്ച ചിത്രമാണ് 'കാത്തിരുന്ന നിക്കാഹ്'. സാധാരണയായി മുസ്ലിം കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി നിർമിക്കുന്ന ചിത്രങ്ങളുടെ സംഗീതസംവിധായകൻ എം.എസ്. ബാബുരാജ് ആയിരിക്കും. ഈ ചിത്രത്തിന്റെ സംവിധായകൻ എം. കൃഷ്ണൻ നായർ ആയിരുന്നു, അദ്ദേഹത്തിന് പ്രിയങ്കരനായ സംഗീതസംവിധായകനും ബാബുരാജ് ആണ്. പക്ഷേ തന്റെ മുൻ ചിത്രമായ 'മണവാട്ടി'യിലെ മുഴുവൻ ഗാനങ്ങളും സൂപ്പർഹിറ്റുകളാക്കിയ വയലാർ-ദേവരാജൻ ടീമിനെയാണ് നിർമാതാവ് ഈ സിനിമയുടെ സംഗീത ചുമതല ഏൽപിച്ചത്. പ്രേംനസീർ, അംബിക, ഷീല, അടൂർ ഭാസി, കോട്ടയം ചെല്ലപ്പൻ, നിലമ്പൂർ ആയിഷ, ഹാജി അബ്ദുൽ റഹ്മാൻ തുടങ്ങിയവർ അഭിനയിച്ച 'കാത്തിരുന്ന നിക്കാഹി'ൽ ആകെ എട്ടു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, ഉദയഭാനു, എ.എം. രാജ, പി. സുശീല, എൽ.ആർ. ഈശ്വരി എന്നിവരാണ് പാട്ടുകൾ പാടിയത്. േയശുദാസ് പാടിയ ''അഗാധനീലിമയിൽ...'' എന്ന ഗാനം ഇന്നും സംഗീതാസ്വാദകർ മറന്നിട്ടില്ല.
അഗാധനീലിമയിൽ /അപാരശൂന്യതയിൽ/കാലം കനകക്കിനാവുകളാലെ/ കടലാസുകൊട്ടകൾ തീർക്കും/അറിയാതെയറിയാതെ അഭിലാഷങ്ങൾ/ അതിനുള്ളിൽ മേഞ്ഞു നടക്കും -മോഹം / മലർമഞ്ചലേറി നടക്കും/ ഒരു കൊടുങ്കാറ്റതു തല്ലിത്തകർക്കും/ വിധിയുടെ മൗനവിനോദം -അതു / വിധിയുടെ മൗനവിനോദം... വയലാറിന്റെ തത്ത്വചിന്താപരമായ പാട്ടുകളിൽ മുൻനിരയിൽ നിൽക്കുന്ന ഒരു ഗാനമാണിത്. എൽ.ആർ. ഈശ്വരിയും കൂട്ടരും പാടിയ കണ്ടാലഴകുള്ള മണവാട്ടി /കവിളത്തു പൂവുള്ള മണവാട്ടി /പൂമണിയറയിലെ പുതുമണവാളന് /പുന്നാര മണവാട്ടി എന്ന ഒപ്പനപ്പാട്ടും എ.എം. രാജ പാടിയ മാടപ്പിറാവേ ...മാടപ്പിറാവേ/ മക്കത്തു പോയൊരു ഹാജിയാരേ / മക്കത്തൂന്നെന്തെല്ലാം കൊണ്ടുവന്നു / മുത്തുണ്ടോ, പെരുത്തു ചിപ്പിയുണ്ടോ... എന്ന ഗാനവും നന്നായി. ഉദയഭാനുവും സംഘവും പാടിയ പച്ചക്കരിമ്പുകൊണ്ട് പടച്ചോൻ തീർത്തൊരു പെണ്ണ് /പതിനേഴു വയസ്സുള്ള പെണ്ണ്/ നിക്കാഹിനളിയന്റെ വരവും കാത്തിരിക്കണ് /നാട്ടുമ്പുറത്തൊരു പെണ്ണ് എന്ന പാട്ട് അത്ര വലിയ ജനശ്രദ്ധ നേടിയെന്നു പറഞ്ഞുകൂടാ. പി. സുശീല പാടിയ നാല് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. മാധുരി എന്ന ഗായികയുടെ രംഗപ്രവേശത്തിനുമുമ്പ് സ്ത്രീശബ്ദത്തിലുള്ള ദേവരാജൻ മാസ്റ്ററുടെ പ്രധാന ഗാനങ്ങൾ പാടിയിരുന്നത് പി. സുശീലയാണ്.
കനിയല്ലയോ...കനിയമൃതല്ലയോ / കണ്ണിനു കണ്ണായ കണിയല്ലയോ/പൂക്കണിയല്ലയോ..? എന്ന ഗാനവും വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത് /വിരുന്നിനെന്തിനു വന്നു / ദാഹത്തിനിത്തിരി യിളനീര് ചോദിച്ചു / വാതിൽക്കലെന്തിനു നിന്നു?/ കാണാൻ ഒന്ന് കാണാൻ -എന്റെ/നാണംകുടുക്കയെ തേടി വന്നു... എന്ന ഗാനവും (എ.എം. രാജയോടൊപ്പം)
നെന്മേനിവാകപ്പൂങ്കാവിൽനിന്നൊരു / പൊന്മാൻ പറന്നുവന്നു/ താമര പൂത്ത തടാകക്കരയിൽ/ തപസ്സിരുന്നു -പൊന്മാൻ തപസ്സിരുന്നു... എന്ന ഗാനവും സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണർത്തുന്ന /സുൽത്താനെ, പൊന്നുസുൽത്താനേ / ഖൽബിൽനിന്നു ഖൽബിലേക്കു / കൺപുരികപ്പീലി കൊണ്ട്/കമ്പിയില്ലാ കമ്പി തന്നതെന്താണ്...എന്ന ഗാനവുമാണ് പി. സുശീല പാടിയത്.
സെന്റ് ജോർജ് മൂവീസിനുവേണ്ടി മാമൻജോർജ് നിർമിച്ച 'കൊച്ചുമോൻ' എന്ന ചിത്രം താരനിർഭരമായിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രേംനസീർ, ഷീല, തിക്കുറിശ്ശി, മുത്തയ്യ, അടൂർ ഭാസി, നെല്ലിക്കോട് ഭാസ്കരൻ, അടൂർ പങ്കജം, ടി.ആർ. ഓമന തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു. തമിഴ് തിരക്കഥാകൃത്തായ പൂവൈകൃഷ്ണൻ തിരക്കഥയും സംവിധായകനായ കെ. പത്മനാഭൻ നായർ സംഭാഷണവും എഴുതി. പി. ഭാസ്കരനോടൊപ്പം പി.ജെ.കെ. ഈഴക്കടവ് എന്നൊരു ഗാനരചയിതാവുകൂടി ഈ സിനിമക്കുവേണ്ടി പാട്ടുകൾ എഴുതി. ആലപ്പി ഉസ്മാൻ എന്ന സംഗീതസംവിധായകനും രംഗത്തുവന്നു. യേശുദാസും പി. സുശീലയും പാടിയ ''മാനത്തെ യമുന തൻ മാണിക്യപ്പടവിങ്കൽ മാടിമാടി വിളിക്കുന്നതാരെ നീ..?'' എന്ന യുഗ്മഗാനവും പി. സുശീല പാടിയ ''തൂമണി ദീപമണഞ്ഞു, താമരമാല കരിഞ്ഞു'' എന്ന ശോകഗാനവും പി.ബി. ശ്രീനിവാസ് പാടിയ ''ഉറ്റവളോ നീ -പെറ്റവളോ നീ ഉറ്റവരെ കൈ വിട്ടവളോ നീ...'' എന്ന ഗാനവും എൽ.ആർ. ഈശ്വരി പാടിയ ''പച്ചപ്പനംതത്ത പാട്ടു കേട്ടപ്പം പാടത്ത് തുള്ളാട്ടം'' എന്ന ഗാനവും പി. ഭാസ്കരനാണ് എഴുതിയത്. പി.ജെ.കെ. ഈഴക്കടവ് എന്ന ഗാനരചയിതാവും നാല് പാട്ടുകൾ എഴുതി. യേശുദാസും പി. സുശീലയും പാടിയ '' ഓടി വരും കാറ്റിൽ - /ഓടിവരും കാറ്റിൽ /പാടിവരും നീയാരാരോ '', എൽ.ആർ. ഈശ്വരി പാടിയ ''പച്ചിലത്തോപ്പിലെ തത്തമ്മ തമ്പ്രാട്ടി വെറ്റില തിന്നു വരുന്നല്ലോ'', യേശുദാസും സംഘവും പാടിയ ''ഇതെന്തൊരു ലോകം റബ്ബേ, ഇതെന്തൊരു ലോകം ഈശോ, ഇതെന്തൊരു ലോകം ദേവോ...'', എസ്. ജാനകി പാടിയ ''മാലാഖമാരേ, മറയല്ലേ വാനിൽ... പാലൊളി ചിന്തിയ പാതിരാപ്പൂക്കളേ...'' എന്നിങ്ങനെ നാല് പാട്ടുകളാണ് പി.ജി.കെ. ഈഴക്കടവ് രചിച്ചത്.
പാട്ടുകളെക്കുറിച്ചു സംസാരിക്കുമ്പോൾ പല സിനിമകളും ഒഴിവാക്കാവുന്നതാണ്. പാട്ടുകളുടെ പേരിൽ ഓർമിക്കപ്പെടാൻ അർഹതയില്ലാത്ത അനവധി സിനിമകൾ മലയാളത്തിൽ വന്നുപോയിട്ടുണ്ട്. എന്നാൽ, ഞാൻ എഴുതുന്നത് ഒരു ചരിത്രരേഖയായതുകൊണ്ടും ഗാനങ്ങളുടെ ചരിത്രം മലയാള സിനിമയുടെ ചരിത്രം കൂടിയാകണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടും മിക്കവാറും എല്ലാ സിനിമകളിലൂടെയും കടന്നുപോകുന്നു എന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.