സി.എൽ. ജോസിന്റെ പ്രശസ്ത നാടകമായ 'ഭൂമിയിലെ മാലാഖ'യെ അടിസ്ഥാനമാക്കി തോമസ് പിക്ചേഴ്സ് അതേ പേരിൽ നിർമിച്ച സിനിമ 1965 ഒക്ടോബർ ഒമ്പതിന് കേരളത്തിലെ തിയറ്ററുകളിൽ എത്തി. പി.എ. തോമസ് നിർമിച്ച 'കുടുംബിനി'യടക്കമുള്ള മുൻകാല സിനിമകളുടെ സൃഷ്ടിയിൽ ശശികുമാറിന്റെ പ്രതിഭയുടെ പിൻബലമുണ്ടായിരുന്നു. ശശികുമാർ സ്വതന്ത്രസംവിധായകനായതിനുശേഷം പി.എ. തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഭൂമിയിലെ മാലാഖ. പിൽക്കാലത്ത് സംവിധായകനായി മാറിയ എഴുത്തുകാരനും നടനുമായ ജേസിയെ...
സി.എൽ. ജോസിന്റെ പ്രശസ്ത നാടകമായ 'ഭൂമിയിലെ മാലാഖ'യെ അടിസ്ഥാനമാക്കി തോമസ് പിക്ചേഴ്സ് അതേ പേരിൽ നിർമിച്ച സിനിമ 1965 ഒക്ടോബർ ഒമ്പതിന് കേരളത്തിലെ തിയറ്ററുകളിൽ എത്തി. പി.എ. തോമസ് നിർമിച്ച 'കുടുംബിനി'യടക്കമുള്ള മുൻകാല സിനിമകളുടെ സൃഷ്ടിയിൽ ശശികുമാറിന്റെ പ്രതിഭയുടെ പിൻബലമുണ്ടായിരുന്നു. ശശികുമാർ സ്വതന്ത്രസംവിധായകനായതിനുശേഷം പി.എ. തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഭൂമിയിലെ മാലാഖ. പിൽക്കാലത്ത് സംവിധായകനായി മാറിയ എഴുത്തുകാരനും നടനുമായ ജേസിയെ (ജെ.സി. കുറ്റിക്കാട്) പി.എ. തോമസ് ഈ സിനിമയിൽ ഒരു നടനായി ഉൾപ്പെടുത്തിയിരുന്നു. പ്രേംനസീർ, രാജലക്ഷ്മി, തിക്കുറിശ്ശി,സുകുമാരി, മുത്തയ്യ, അടൂർഭാസി തുടങ്ങിയവർ അഭിനയിച്ച 'ഭൂമിയിലെ മാലാഖ' എന്ന ചിത്രത്തിലെ സംഗീതവിഭാഗത്തിൽ ഒരു പുതുമയുണ്ടായിരുന്നു. മൂന്നു സംഗീതസംവിധായകരും അഞ്ചു ഗാനരചയിതാക്കളും 'ഭൂമിയിലെ മാലാഖ'യിൽ ഒത്തുചേർന്നു. പ്രശസ്തരായ ഗാനരചയിതാക്കളെയും സംഗീത സംവിധായകരെയും ഒഴിവാക്കി ആ മേഖലയിൽ നവപ്രതിഭകളെ കൊണ്ടുവരാനുള്ള പി.എ. തോമസിന്റെ ശ്രമം അഭിനന്ദനീയം തന്നെയാണ്. ജയവിജയന്മാർ, വി.എസ്. ദിവാകർ, എം.എ. മജീദ് എന്നിവരായിരുന്നു സംഗീതസംവിധായകർ. ശ്രീമൂലനഗരം വിജയൻ, തോമസ് പാറന്നൂർ, കെ.എം. അലവി, വർഗീസ് വടകര എന്നീ അഞ്ചു പേർ ഗാനരചയിതാക്കളും. പി. ലീല, എസ്. ജാനകി, ലത,സീറോ ബാബു എന്നിവരാണ് ഗാനങ്ങൾ പാടിയത്. അഞ്ചു ഗാനരചയിതാക്കൾ അഞ്ചു ഗാനങ്ങൾ എഴുതി. കെ.എം. അലവി എഴുതി ജയവിജയ സംഗീതം നൽകി എസ്. ജാനകി പാടിയ ''മാടപ്പിറാവല്ലേ, മാണിക്യക്കല്ലല്ലേ - മണ്ണിൽ കിടക്കല്ലേ /മനസ്സിന്റെ മടിയിൽ കിടക്കൂ -എന്റെ മനസ്സിന്റെ മടിയിൽ കിടക്കൂ'' എന്ന ഗാനവും ശ്രീമൂലനഗരം വിജയൻ എഴുതി എം.എ. മജീദ് ഈണം നൽകി പി. ലീലയും സീറോ ബാബുവും ചേർന്നുപാടിയ ''മുണ്ടൊപ്പാടത്ത് കൊയ്ത്തിനു വന്നപ്പ /കണ്ടു നിന്നെ ഞാൻ കാക്കക്കറുമ്പി/വെള്ളപരലിന്റെ ചേലുള്ള കണ്ണും/ വെള്ളരിപ്പൂ പൂത്ത തത്തമ്മച്ചുണ്ടും/കണ്ടു നിന്നെ ഞാൻ കാക്കക്കറമ്പീ'' എന്ന ഗാനവും തോമസ് പാറന്നൂർ എഴുതി വി.എസ്. ദിവാകർ ഈണംപകർന്ന് എസ്. ജാനകി, ലത, സീറോ ബാബു എന്നിവർ പാടിയ ''ആകാശത്തമ്പലമുറ്റത്ത് പെണ്ണുങ്ങൾ/വിളക്കു വെയ്ക്കണതൊളിഞ്ഞു നോക്കി/തപസ്സിരിക്കണ സന്ന്യാസി -പൂച്ചസന്ന്യാസീ...'' എന്ന ഗാനവും വർഗീസ് വടകര എഴുതി ജയവിജയ ഈണം പകർന്ന് എസ്. ജാനകി പാടിയ മുൾമുടി ചൂടിയ ''നാഥാ –നിന്റെ/തിരുമുറിവഞ്ചും ഞാൻ കാണ്മൂ/നിൻ കുരിശിൽ ഞാൻ കണ്ണീരു വീഴ്ത്തി/കഴുകുന്നുയിന്നെന്റെ നാഥാ...'' എന്ന ഗാനവും കെ.സി. മുട്ടുചിറ എഴുതി എം.എ. മജീദ് ഈണം നൽകി സീറോബാബു പാടിയ ''കൈവിട്ടുപോയ കുഞ്ഞാടിനായി/കാടും മലയും കടന്നുവന്നു/കൈകളിൽ കോരിയൊരുമ്മ നൽകി/കാരുണ്യവാനായൊരാട്ടിടയൻ.../നല്ലൊരാട്ടിടയൻ/കല്ലിലും മുള്ളിലും ഏറെ ദൂരം/ അല്ലൽ കൂടാതവൻ തോളിലേറ്റി'' എന്ന ഗാനവുമാണ് 'ഭൂമിയിലെ മാലാഖ' എന്ന സിനിമയിൽ ഉണ്ടായിരുന്നത്.
തിരുമുരുകൻ പിക്ചേഴ്സിന്റെ 'ദാഹം' എന്ന ചിത്രം കെ.എസ്. സേതുമാധവനാണ് സംവിധാനം ചെയ്തത്. ബിലഹരി എഴുതിയ കഥ തികച്ചും വ്യത്യസ്തതയുള്ളതായിരുന്നു. കഥക്ക് സംവിധായകൻതന്നെ തിരക്കഥയെഴുതി. മുതുകുളം രാഘവൻപിള്ളയും ചിത്രത്തിന്റെ സഹസംവിധായകൻ ബി.കെ. പൊറ്റെക്കാടും ചേർന്ന് സംഭാഷണം എഴുതി (മുതുകുളം എഴുതിയ സംഭാഷണം പൂർണമായും പഴയ നാടകശൈലിയിൽ ആയതുകൊണ്ട് എഴുത്തുകാരൻകൂടിയായ ബി.കെ. പൊറ്റെക്കാട് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണുണ്ടായത്). 1965 ഒക്ടോബർ പത്തിന് റിലീസ് ചെയ്ത 'ദാഹ'ത്തിൽ സത്യൻ, ഷീല, കെ.പി. ഉമ്മർ, ബഹദൂർ, കവിയൂർ പൊന്നമ്മ, ബി.കെ. പൊറ്റെക്കാട്, പ്രതാപചന്ദ്രൻ തുടങ്ങിയർ അഭിനയിച്ചു. വയലാർ എഴുതിയ നാല് ഗാനങ്ങൾക്കു ദേവരാജൻ സംഗീതം നൽകി. എ.എം. രാജ, യേശുദാസ്, പി. സുശീല, രേണുക, സി.ഒ. ആന്റോ എന്നിവരാണ് പാട്ടുകൾ പാടിയത്. യേശുദാസ് പാടിയ
''വേദന...വേദന.../തീരാത്ത വേദനയിൽ മുങ്ങി/വേഴാമ്പലുകൾ മയങ്ങി/സ്നേഹത്തിൻ കണ്ണുനീർപാടത്തിൻ കരയിൽ/ദാഹിച്ചു ദാഹിച്ചുറങ്ങി'' എന്ന ഗാനം വയലാറിന്റെ രചനാശക്തികൊണ്ടും ദേവരാജന്റെ സംഗീതസംവിധാന ചാരുതകൊണ്ടും യേശുദാസിന്റെ ആലാപനംകൊണ്ടും അവിസ്മരണീയ ഗാനമായി മാറി. പി. സുശീലയും എ.എം. രാജയും ചേർന്നു പാടിയ ''ഏകാന്ത കാമുകാ നിൻ വഴിത്താരയിൽ/ഏകാകിനിയായ് വരുന്നു ഞാൻ'' എന്ന യുഗ്മഗാനം ശരാശരി നിലവാരം പുലർത്തി. കെ.പി. ഉമ്മറും ഷീലയുമാണ് ഈ പാട്ടിൽ കാമുകീകാമുകന്മാരായി അഭിനയിച്ചത്.
''കിഴക്കു കിഴക്കു കിഴക്കൻകാട്ടിലെ/കിങ്ങിണിക്കൂട്ടിലെ തത്തമ്മ/പണ്ടൊരു ചക്കിപ്പരുന്തിന്റെ വീട്ടിൽ/പാട്ടുകച്ചേരിക്ക് പോയി'' എന്ന കഥാഗാനം രേണുക പാടി (പ്രശസ്ത ഗായികയായ അനുരാധാ ശ്രീറാമിന്റെ അമ്മയാണ് രേണുക. കുട്ടികൾക്കു വേണ്ടിയാണ് അവർ അധികവും പാടിയിട്ടുള്ളത്).
''പടച്ചവനുണ്ടെങ്കിൽ/പടച്ചവൻ ഞമ്മളോട്/പിണങ്ങി നടക്കണതെന്താണ്?/കമ്പി പയുപ്പിച്ചു ഖൽബിനകത്തിട്ടു/പമ്പരം കറക്കണതെന്താണ്?'' എന്ന രസകരമായ മാപ്പിളപ്പാട്ട് സി.ഒ. ആന്റോ ആണ് പാടിയത്. 'ദാഹം' എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാക്കളിൽ ഒരാളും സഹസംവിധായകനുമായ ബി.കെ. പൊറ്റെക്കാട് ആണ് ഈ പാട്ടുപാടുന്ന മുസ്ലിം കഥാപാത്രമായി അഭിനയിച്ചത്. 'ദാഹം' പതിവുരീതികളിൽനിന്ന് വളരെ വ്യത്യസ്തമായ സിനിമയായിരുന്നു. കേന്ദ്രകഥാപാത്രമായ സത്യന്റെ ഉജ്ജ്വലമായ അഭിനയമായിരുന്നു ഈ ചിത്രത്തിലെ മുഖ്യ ആകർഷണഘടകം. എന്നാൽ, അർഹിക്കുന്ന സാമ്പത്തിക വിജയം നേടാൻ ഈ ചിത്രത്തിനു കഴിഞ്ഞില്ല. 1965 ഒക്ടോബർ പത്തിനാണ് 'ദാഹം' കേരളത്തിൽ പ്രദർശനം തുടങ്ങിയത്.
വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ ശരിക്കും ഒരു ക്ലാസിക് ഭാവം നൽകിയ സിനിമയാണ് ഉദയാ സ്റ്റുഡിയോയിൽ എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി കുഞ്ചാക്കോ നിർമിച്ച് സംവിധാനം ചെയ്ത 'ശകുന്തള'. തോപ്പിൽ ഭാസി തിരക്കഥയും ലളിതാംബികാ അന്തർജനം സംഭാഷണവും രചിച്ച ശകുന്തളയിൽ പ്രേംനസീർ ദുഷ്യന്തനും കെ.ആർ. വിജയ ശകുന്തളയും ആയി. സത്യൻ, രാജശ്രീ (ഗ്രേസി), തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, ആറന്മുള പൊന്നമ്മ, അടൂർ പങ്കജം, എസ്.പി. പിള്ള, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ശകുന്തളയിൽ വയലാർ എഴുതി ദേവരാജൻ ഈണം പകർന്ന പത്തു ഗാനങ്ങൾ ഉണ്ടായിരുന്നു. ഈ ഗാനങ്ങൾ കേൾക്കാത്ത മലയാളികൾ കേരളത്തിനകത്തും പുറത്തും ഉണ്ടാകാൻ വഴിയില്ല.
വയലാർ എഴുതി ദേശ് രാഗത്തിൽ ദേവരാജൻ ചിട്ടപ്പെടുത്തിയ ''ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ/ശകുന്തളേ, നിന്നെയോർമ വരും/ശാരദസന്ധ്യകൾ മരവുരി/ ഞൊറിയുമ്പോൾ/ശകുന്തളേ നിന്നെയോർമവരും'' (യേശുദാസ്) എന്ന ഗാനം, ''സ്വർണ്ണത്താമരയിതളിലുറങ്ങും/കണ്വ തപോവനകന്യകേ/ആരുടെയനുരാഗമല്ലിക നീ/ആരുടെ സ്വയംവരകന്യക നീ..?'' (യേശുദാസ്) എന്ന ഗാനം, ''മാലിനി നദിയിൽ കണ്ണാടി നോക്കും/മാനേ, പുള്ളിമാനേ/ആരോടും പോയ് പറയരുതിക്കഥ/മാനേ പുള്ളിമാനേ'' എന്ന യുഗ്മഗാനവും (യേശുദാസും പി. സുശീലയും) എല്ലാം വയലാറിന്റെയും ദേവരാജന്റെയും യശസ്സുയർത്തിയ ഗാനങ്ങളാണ്. യേശുദാസിന്റെയും പി. സുശീലയുടെയും ആലാപനവിശുദ്ധിയും ദേവരാജൻ മാസ്റ്ററെ അതിരറ്റു സഹായിച്ചു എന്ന സത്യവും പറയാതെ വയ്യ. പ്രേംനസീറിന്റെയും കെ.ആർ. വിജയയുടെയും നിറഞ്ഞു തുളുമ്പുന്ന ആകാരഭംഗിയും ഈ ദൃശ്യങ്ങളെ അനുഗ്രഹിച്ചു. പി. സുശീല പാടിയ ''പ്രിയതമാ...പ്രിയതമാ...പ്രണയലേഖനം എങ്ങനെയെഴുതണം'' എന്ന ഗാനവും ''മനോരഥമെന്നൊരു രഥമുണ്ടോ മന്മഥനെന്നൊരു ദേവനുണ്ടോ..?'' എന്ന ഗാനവും ഇന്നും നാമെല്ലാം ഓർമിക്കുന്നു.
''വനദേവതമാരേ... വിട നൽകൂ...വിട നൽകൂ... /പോവുകയല്ലോ ഭർതൃഗൃഹത്തിനു/പോവുകയല്ലോ ശകുന്തള...'' എന്ന ഗാനം പാടിയത് പി.ബി. ശ്രീനിവാസും സംഘവുമാണ്. ശകുന്തള കണ്വാശ്രമം വിട്ടുപോകുന്ന അവസരത്തിൽ ഉയരുന്ന പശ്ചാത്തലഗാനമാണിത്. ചിത്രത്തിന്റെ തുടക്കത്തിലുള്ള മേനകയുടെ നൃത്തഗാനം ഇതരഗാനങ്ങളെപ്പോലെ ശ്രദ്ധേയമായില്ല. ''മണിച്ചിലമ്പൊലി കേട്ടുണരൂ/മാറോടു ചേർത്തെന്നെ പുണരൂ'' എന്നാരംഭിക്കുന്ന ഗാനം പാടിയത് എസ്. ജാനകിയാണ്. വയലാർ-ദേവരാജൻ സഖ്യത്തിന്റെ സംഗീതയാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു ശകുന്തള എന്ന ചിത്രം.
ഉദയാ സ്റ്റുഡിയോയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വയലാർ രാമവർമയും പരവൂർ ദേവരാജനും ആദ്യകാലങ്ങളിൽ മെറിലാൻഡ് ചിത്രങ്ങളിൽ പ്രവർത്തിക്കാതിരുന്നത് തികച്ചും സ്വാഭാവികം. ബ്രദർ ലക്ഷ്മൺ, എം.ബി. ശ്രീനിവാസൻ എന്നിവരും അതിനുശേഷം എം.എസ്. ബാബുരാജും മെറിലാൻഡ് (നീലാ പ്രൊഡക്ഷൻസ്) ചിത്രങ്ങളിൽ പ്രവർത്തിച്ചു. എന്നാൽ, കുഞ്ചാക്കോ തന്റെ എല്ലാ സിനിമകളിലും വയലാറിനെ നിലനിർത്തുകയും ചില ചിത്രങ്ങളിൽനിന്ന് ദേവരാജനെ ഒഴിവാക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയാണ് ബാബുരാജ്, കെ. രാഘവൻ, ആർ.കെ. ശേഖർ, വി. ദക്ഷിണാമൂർത്തി എന്നിവരോടൊപ്പം ഉദയാ ചിത്രങ്ങളിൽ വയലാർ പ്രവർത്തിച്ചത്. ദേവരാജൻ മാസ്റ്റർ ആദ്യമായി പ്രവർത്തിച്ച നീലാ പ്രൊഡക്ഷൻസ് സിനിമ 'കളിയോടം' ആണ്. ആ സിനിമക്ക് ബാലമുരളി എന്ന പേരിൽ പാട്ടുകൾ എഴുതിയത് ഒ.എൻ.വി ആയിരുന്നു. അതുകഴിഞ്ഞാണ് വയലാറിനെ ദേവരാജൻ മെറിലാൻഡിൽ കൊണ്ടുവന്നത്. അങ്ങനെ പി. സുബ്രഹ്മണ്യം നിർമാതാവും സംവിധായകനുമായ 'പട്ടുതൂവാല' എന്ന ചിത്രത്തിനുവേണ്ടി വയലാർ ഗാനങ്ങൾ എഴുതി. ദേവരാജൻ മാസ്റ്റർ അവക്കു സംഗീതം നൽകി. അങ്ങനെ വയലാർ-ദേവരാജൻ ടീം നീലാ പ്രൊഡക്ഷന്റെ ചിത്രത്തിൽ ആദ്യമായി പ്രവർത്തിച്ചു. യേശുദാസിന്റെ പ്രവേശനത്തിനു മുമ്പ് എ.എം. രാജ ആയിരുന്നു ദേവരാജന്റെ പ്രിയഗായകൻ. കമുകറ പുരുഷോത്തമന് അദ്ദേഹം അവസരങ്ങൾ നൽകിയിട്ടില്ല. എന്നാൽ, കമുകറയെക്കൊണ്ട് പാടിച്ചേ മതിയാകൂ എന്ന് പി. സുബ്രഹ്മണ്യം നിർബന്ധിച്ചതുകൊണ്ട് 'കളിയോടം' എന്ന സിനിമയിൽ അദ്ദേഹത്തിന് കമുകറക്ക് പാട്ടു കൊടുക്കേണ്ടി വന്നു. 'പട്ടുതൂവാല' എന്ന സിനിമയിലും കമുകറ പുരുഷോത്തമൻ പാടി.
മുട്ടത്തു വർക്കിയുടെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു 'പട്ടുതൂവാല'. 1965 നവംബർ 20ാം തീയതി തിയറ്ററുകളിൽ എത്തിയ 'പട്ടുതൂവാല' യിൽ മധുവായിരുന്നു നായകൻ, ഷീല നായികയും. ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു. കമുകറ പുരുഷോത്തമൻ, പി. സുശീല, എൽ.ആർ. ഈശ്വരി, എൽ.ആർ. അഞ്ജലി എന്നിവർ പിന്നണിയിൽ പാടി. കമുകറ പുരുഷോത്തമനും പി. സുശീലയും പാടിയ യുഗ്മഗാനം ഇങ്ങനെ: ''ആകാശപ്പൊയ്കയിലുണ്ടൊരു/പൊന്നുംതോണി/അക്കരയ്ക്കോ ഇക്കരയ്ക്കോ/പൊൻമുകിൽ ഓലപ്പായ കെട്ടിയ/പൊന്നും തോണി...'' ശോകരസത്തിൽ ഉള്ള മറ്റൊരു യുഗ്മഗാനവും ജനശ്രദ്ധ നേടി- ''പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു/പട്ടുതൂവാല നീ തന്നു -അന്നൊരു/പട്ടുതൂവാല നീ തന്നു...'' എന്നിങ്ങനെ തുടങ്ങുന്ന ഈ ഗാനവും കമുകറയും പി. സുശീലയും ചേർന്നാണ് പാടിയത്. എൽ.ആർ. ഈശ്വരി പാടിയ ''പൂക്കൾ നല്ല പൂക്കൾ/കടലാസു പൂക്കൾ/വെയിലത്ത് വാടാത്ത/വെള്ളിയലുക്കിട്ട -വർണ/ക്കടലാസുപൂക്കൾ...'', പി. സുശീല പാടിയ ''സപ്തസാഗരപുത്രികളേ /സപ്തകിന്നരകന്യകളേ/നൃത്തമാടൂ നൃത്തമാടൂ/ദേവകുമാരികളേ'' എന്ന ഗാനവും ചിത്രത്തിൽ ഉണ്ടായിരുന്നു.
''മാനത്തെ പിച്ചക്കാരന്/മാണിക്യം വാരിത്തൂകിയ മാളോരേ /താഴത്തെ പിച്ചക്കാരനൊ-/രാഴക്കു മുത്തു തരാമോ മാളോരേ'' എന്ന ഗാനം കമുകറയും എൽ.ആർ. അഞ്ജലിയും ചേർന്നു പാടി.
കണ്ണിൽ നീലക്കായാമ്പൂ/കവിളിൽ താമരയല്ലിപ്പൂ/ചുണ്ടിൽ പുഞ്ചിരി, നെഞ്ചിൽ മുന്തിരി/തുമ്പിയായിരുന്നെങ്കിൽ -ഞാനൊരു /തുമ്പിയായിരുന്നെങ്കിൽ'' എന്ന പാട്ടും 'പട്ടുതൂവാല'യിൽ ഇടംപിടിച്ചിരുന്നു. ഈ ഗാനവും എൽ.ആർ. ഈശ്വരിയാണ് പാടിയത്. പട്ടുതൂവാല എന്ന ചിത്രത്തിൽ യേശുദാസിന്റെ ഒരു ഗാനംപോലുമില്ല. കൽപന പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. തങ്ങൾ നിർമിച്ച 'ചേട്ടത്തി' എന്ന ചിത്രം സാവിത്രി പിക്ചേഴ്സിന്റെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. ''സ്കൂൾ മാസ്റ്റർ '' എന്ന മലയാളചിത്രം സംവിധാനം ചെയ്ത എസ്.ആർ. പുട്ടണ്ണയാണ് 'ചേട്ടത്തി'യുടെ സംവിധായകൻ. അദ്ദേഹം വഴിയാണ് സാവിത്രി പിക്ചേഴ്സിന്റെ സഹായമുണ്ടായത്. എസ്.എൽ പുരം സദാനന്ദൻ കഥയും സംഭാഷണവും എഴുതിയ 'ചേട്ടത്തി'യിൽ സത്യനും പ്രേംനസീറും ജ്യേഷ്ഠാനുജന്മാരായി അഭിനയിച്ചു. ചേട്ടത്തിയുടെ വേഷം അംബിക എന്ന നടിയിൽ ഭദ്രമായിരുന്നു. വെണ്ണീറ ആടൈ നിർമല (ഉഷാകുമാരി), തിക്കുറിശ്ശി, ടി.കെ. ബാലചന്ദ്രൻ, അടൂർ ഭാസി, കോട്ടയം ചെല്ലപ്പൻ തുടങ്ങിയവരും അഭിനയിച്ചു. വയലാറും ബാബുരാജുമാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തത്. ബാബുരാജിന്റെ സൂപ്പർഹിറ്റ് ഈണങ്ങളിലൊന്നായി കരുതപ്പെടുന്ന ''ആദിയിൽ വചനമുണ്ടായി...'' എന്ന യേശുദാസ് ഗാനം ഈ ചിത്രത്തിലാണുള്ളത്. ഈ ഗാനത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. വയലാറാണ് ഈ ഗാനം പാടുന്ന ഗായകനായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. യേശുദാസിനെ കൂടാതെ പി.ബി. ശ്രീനിവാസ്, പി. സുശീല, എസ്. ജാനകി, പ്രേമ എന്നിവരും ഗാനങ്ങൾ പാടി. പി.ബി. ശ്രീനിവാസും എസ്. ജാനകിയും ചേർന്നു പാടിയ ''വീടായാൽ വിളക്കു വേണം/വിളക്കിനു തിരി വേണം/ വാതിൽക്കൽ കൊളുത്തിവെക്കാൻ / വള കിലുങ്ങണ കൈ വേണം'' എന്ന ഗാനം ചിത്രം ഇറങ്ങിയ കാലത്ത് എവിടെയും കേൾക്കാമായിരുന്നു. യേശുദാസും പ്രേമ എന്ന പുതിയ ഗായികയും പാടിയ ''പതിനാറു വയസ്സ് കഴിഞ്ഞാൽ /പുളകങ്ങൾ പൂത്തുവിരിഞ്ഞാൽ /പതിവായി പെൺകൊടിമാരൊരു/ മധുരസ്വപ്നം കാണും -ഒരു /മധുരസ്വപ്നം കാണും'' എന്ന യുഗ്മഗാനം ചിത്രത്തിൽ പ്രേംനസീറും നിർമലയും (ഉഷാകുമാരി) ആണ് പാടി അഭിനയിച്ചിട്ടുള്ളത്. ''ഈ പ്രേമപഞ്ചവടിയിൽ/ഈ വസന്തപഞ്ചമിയിൽ/ഇന്നാദ്യമായെന്നാഭിലാഷങ്ങൾ/ഇക്കിളിയിട്ടു വിടർന്നു...'' എന്ന ഗാനം പാടിയത് എസ്. ജാനകിയാണ്. ചിത്രത്തിൽ മനോഹരമായ ഒരു താരാട്ടു പാട്ടുമുണ്ട്. അതും എസ്. ജാനകിതന്നെയാണ് പാടിയത്. ''കണ്ണനാമുണ്ണീയുറങ്ങൂ/കായാമ്പൂവർണനുറങ്ങൂ/കാൽവിരലുണ്ടു കിനാവും കണ്ട്/കൺമണിക്കുട്ടനുറങ്ങൂ...'' ചേട്ടത്തിയും അനുജനും തമ്മിലുള്ള നിഷ്കളങ്കമായ ബന്ധത്തെപ്പറ്റി ഒരു നുണയൻ അപവാദം പറഞ്ഞുപരത്തുമ്പോൾ ഭർത്താവ് ഭാര്യയെയും അനുജനെയും സംശയിക്കുന്നു. ഈ സമയത്താണ് നായിക കുഞ്ഞിനെയുറക്കുവാൻ ഈ താരാട്ടു പാടുന്നത്. ഇനി ഈ താരാട്ടിലെ അടുത്ത വരികൾകൂടി ശ്രദ്ധിക്കുക: ''താരാട്ടു പാടും മനസ്സിന്റെ വേദന/തങ്കക്കുടത്തിനറിഞ്ഞുകൂടാ/താലോലമാട്ടുന്ന തെന്നലിൻ നൊമ്പരം /താമരപ്പൂവിനറിഞ്ഞുകൂടാ...'' ചുരുക്കിപ്പറഞ്ഞാൽ 'ചേട്ടത്തി'യിലെ പാട്ടുകൾ എല്ലാംതന്നെ ശ്രദ്ധേയങ്ങളും ചിത്രത്തിന്റെ വിഷയവുമായി ലയിച്ചുചേരുന്നവയും ആയിരുന്നു.
ടി.ഇ. വാസുദേവൻ അദ്ദേഹത്തിന്റെ ജയ് മാരുതി പ്രൊഡക്ഷൻസിന്റെ മേൽവിലാസത്തിൽ നിർമിച്ച 'കാവ്യമേള' എന്ന സിനിമ ദേശീയ അവാർഡ് നേടുകയുണ്ടായി. ജയദേവൻ എന്ന അന്ധനായ കവിയുടെ കഥയാണ് ഈ ചിത്രം. 'കാവ്യമേള' എന്നത് ജയദേവൻ എഴുതിയ കവിതാസമാഹാരത്തിന്റെ പേരാണ്. വിക്രമൻ എന്നയാൾ ഈ കവിതകൾ തന്റേതാണെന്നു പ്രസാധകനെ വിശ്വസിപ്പിക്കുകയും വിക്രമദാസ് എന്നപേരിൽ ഈ പുസ്തകത്തിലൂടെ കവിയായി പ്രശസ്തി നേടുകയും ചെയ്യുന്നു. ഒടുവിൽ ജയദേവനെ ആരാധിക്കുന്ന ശ്രീദേവിയുടെയും ബാലൻ എന്ന കഥാപാത്രത്തിന്റെയും സഹായത്തോടെ എല്ലാം കലങ്ങിത്തെളിയുന്നു. വയലാർ എഴുതി വി. ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായി. തമിഴ് സാഹിത്യകാരനും നിർമാതാവും മദ്രാസിലെ അരുണാചലം സ്റ്റുഡിയോയുടെ സ്ഥാപകനുമായ എ.കെ. വേലൻ ആണ് 'കാവ്യമേള'യുടെ കഥാകൃത്ത്. ഹിന്ദിയിലെ ക്ലാസിക് സിനിമകളിലൊന്നായ 'പ്യാസാ' എന്ന സിനിമയുടെ കഥയുമായി ഇതിനു ചെറിയ സാമ്യമുണ്ട്. വിഖ്യാതനായ ''ഗുരുദത്ത്'' സംവിധാനം ചെയ്ത ചിത്രമാണ് പ്യാസാ. നായകനും ഗുരുദത്ത് തന്നെയായിരുന്നു. കാവ്യമേളയിലെ ഗാനങ്ങൾ പാടിയത് യേശുദാസും പി. ലീലയുമാണ്. ഇവർ ഒരുമിച്ചു പാടിയ ''സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ/സ്വർഗ്ഗകുമാരികളല്ലോ /നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ/നിശ്ചലം ശൂന്യമീ ലോകം...'' എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഗാനാമൃതംതന്നെയാണ്. ദക്ഷിണാമൂർത്തിസ്വാമി ഈ വരികളെ അതിമനോഹരമായ ഒരു രാഗമാലികയാക്കി മാറ്റിയിരിക്കുന്നു. സാക്ഷാൽ അമൃതം പകരുന്ന കവിതയും സംഗീതവും! യേശുദാസും പി. ലീലയും ചിത്രത്തിലെ രണ്ടു മുഹൂർത്തങ്ങളിൽ പാടുന്ന ''ദേവീ ശ്രീദേവി/തേടിവരുന്നൂ ഞാൻ -നിൻ/ദേവാലയവാതിൽ/ തേടിവരുന്നൂ ഞാൻ'' എന്ന ഗാനവും യേശുദാസ് പാടിയ രണ്ടു കീർത്തനങ്ങളും മനോഹരങ്ങളാണ്. ''ജനനീ ജഗദ്ജനനീ/ജനനമരണദുഃഖനിവാരിണീ /ജയജയ നിത്യപ്രകാശിനീ'' എന്ന ഗാനവും ''സ്വരരാഗരൂപിണി സരസ്വതീ/സ്വർണ്ണസിംഹാസനമെവിടെ...'' എന്നഗാനവും ലളിതമനോഹരങ്ങളായ സരസ്വതീസ്തുതികൾ തന്നെയാണ്. ഉത്തമൻ എന്ന ഗായകൻ പാടിയ 'കാവ്യമേള'യിലെ ക്ലൈമാക്സ് ഗാനവും രചനയിൽ ഉന്നതനിലവാരം പുലർത്തി.
''ഈശ്വരനെ തേടി തേടി പോണവരേ /ശാശ്വതമാം സത്യം തേടി പോണവരേ -നിങ്ങൾ/മനുഷ്യപുത്രനു കൊണ്ടുവരുന്നതു/മരക്കുരിശല്ലോ- ഇന്നും/മരക്കുരിശല്ലോ...'' ഈ പാട്ടും ഇതിലെ ആശയവും ഇന്നും പ്രസക്തമാണ്. കാവ്യമേളയിലെ എല്ലാ ഗാനങ്ങളും ജനങ്ങൾ പൂർണമനസ്സോടെ ഏറ്റുവാങ്ങി. പാട്ടുകളുടെ മേന്മയും ഈ സിനിമയുടെ വിജയത്തിന് വലിയ പിന്തുണ നൽകി.
എം.ടി. വാസുദേവൻ നായർ ഒരു തിരക്കഥാകൃത്തായി സിനിമയിൽ പ്രവേശിച്ചത് രൂപവാണി എന്ന ബാനറിൽ ശോഭന പരമേശ്വരൻ നായർ നിർമിച്ച 'മുറപ്പെണ്ണ്' എന്ന സിനിമയിലൂടെയാണ്. എ. വിൻസന്റ് സംവിധാനം ചെയ്ത ഈ ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മുറപ്പെണ്ണിലെ ഗാനങ്ങളും വളരെ നന്നായിരുന്നു. കെ. രാഘവൻ മാസ്റ്ററെ ഓർമിപ്പിക്കുന്ന ഈണങ്ങളുമായി ബി.എ. ചിദംബരനാഥ് സംഗീത സംവിധായകനായി. പി. ഭാസ്കരന്റെ വരികളും ലളിതസുന്ദരവും അതേസമയം അർഥവ്യാപ്തിയുള്ളവയുമായിരുന്നു. ബന്ധങ്ങളുടെ അടുപ്പത്തെയും അകൽച്ചയെയും സുസൂക്ഷ്മം അപഗ്രഥിക്കുന്ന ''കരയുന്നോ പുഴ ചിരിക്കുന്നോ..? എന്ന ഗാനം ഈ ചിത്രത്തിലാണുള്ളത്. ''കരയുന്നോ പുഴ ചിരിക്കുന്നോ/കണ്ണീരുമൊലിപ്പിച്ചു/കൈവഴികൾ പിരിയുമ്പോൾ/കരയുന്നോ പുഴ ചിരിക്കുന്നോ...?'' ഈ ഗാനത്തിലെ ഓരോ വരിയും മലയാളികൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്.പാട്ടിലെ ഓരോ വരിയും നമ്മെ ചിന്തിപ്പിക്കുന്നു. ''മറക്കാൻ പറയാനെന്തെളുപ്പം-മണ്ണിൽ /പിറക്കാതിരിക്കലാണതിലെളുപ്പം'' എന്ന വരികൾ വളരെ ലളിതം. പക്ഷേ, അവയുയർത്തുന്നത് എത്രയോ വലിയൊരു ചിന്താമണ്ഡലത്തെയാണ്! എസ്. ജാനകിയും ശാന്ത പി. നായരും ചേർന്നു പാടിയ ''കടവത്ത് തോണിയടുത്തപ്പോൾ പെണ്ണിന്റെ/കവിളത്ത് മഴവില്ലിൻ നിഴലാട്ടം ...ഇന്ന്/കടവത്ത് തോണിയടുത്തപ്പോൾ പെണ്ണിന്റെ/കവിളത്ത് മഴവില്ലിൻ നിഴലാട്ടം/കാലൊച്ച മുറ്റത്ത് കേട്ടപ്പോൾ ഒരുവൾക്കു/കനകക്കിനാവിന്റെ കളിയാട്ടം'' എന്ന ഗാനം സുപ്രസിദ്ധമാണ്. ശാന്ത പി. നായർ ഒരു ഇടവേളക്കുശേഷം പാടിയ ഗാനമാണിത്. എസ്. ജാനകി പാടിയ ''കളിയാക്കി -എന്നെ കളിയാക്കി -എന്റെ കളിത്തോഴിമാരെന്നെ കളിയാക്കി/ഇടതുകണ്ണിടയ്ക്കിടെ യിന്നലെ തുടിച്ചപ്പോൾ/കളിയാക്കി -എന്നെ കളിയാക്കി -എന്റെ/കളിത്തോഴിമാരെന്നെ കളിയാക്കി'' എന്ന ഗാനവും മികച്ചതായിരുന്നു. ''ഒന്നാനാം മരുമലയ്ക്കു/ഓരായിരം കന്യമാര്/കന്യമാരും ഭഗവാനും/കൂടിയാടി പൂവിറുത്തു'' എന്നിങ്ങനെ ആരംഭിക്കുന്ന നാടൻപാട്ട് (കൈകൊട്ടിക്കളിപ്പാട്ട്) ശാന്ത പി. നായരും സംഘവും പാടി.
''കണ്ണാരം പൊത്തി പൊത്തി /കടയ്ക്കാടം കടല് കടന്നു/കാണാത്ത പിള്ളേരൊക്കെ/കണ്ടും കൊണ്ടോടിവായോ...'' എന്ന മറ്റൊരു നാടൻ പാട്ട് ലത രാജുവും സംഘവും പാടിയതാണ്. പാടിപ്പതിഞ്ഞ പഴയ നാടൻപാട്ടുകൾ ആയതിനാലാവാം ഈ രണ്ടു ഗാനങ്ങൾ പി. ഭാസ്കരൻ തന്റെ രചനകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്തായാലും ''മുറപ്പെണ്ണ്'' എന്ന നല്ല സിനിമയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് ''കണ്ണീരുമൊലിപ്പിച്ച് കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ...'' എന്ന വരികളായിരിക്കും; സംശയമില്ല. മലയാള സിനിമയും മലയാള സിനിമാഗാനങ്ങളും ഉയർച്ചയിലേക്കു നീങ്ങുന്നുവെന്ന് സിനിമകളുടെ എണ്ണംകൊണ്ടും നിലവാരംകൊണ്ടും ഗാനങ്ങളുടെ സൗന്ദര്യംകൊണ്ടും തെളിയിച്ച വർഷമായിരുന്നു 1965. ഡിസംബർ 24ന് ആ കൊല്ലത്തെ ഒടുവിലത്തെ ചിത്രമായി തിയറ്ററുകളിൽ എത്തിയ 'മുറപ്പെണ്ണ്' എന്ന മികച്ച സിനിമ ഈ അഭിപ്രായത്തിന് അടിവരയിട്ടു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.