മലയാളത്തിൽ ത്രില്ലർ സിനിമകളിലും അതിമനോഹരമായ മെലഡികൾ ഒരുകാലത്ത് ഇറങ്ങിയിരുന്നു. ‘‘സിനിമ ഏതു വിഭാഗത്തിൽപെട്ടതാണെങ്കിലും അതിലെ പാട്ടുകൾ നിലവാരമുള്ളവയായിരിക്കണം എന്ന് നിർമാതാക്കൾക്കും സംവിധായകർക്കും എഴുത്തുകാർക്കും സംഗീതജ്ഞർക്കും ഒരുപോലെ നിർബന്ധമുണ്ടായിരുന്ന ഒരു കാലഘട്ട’’ത്തെപ്പറ്റി എഴുതുന്നു.‘‘സ്നേഹസ്വരൂപിണി മനസ്സിൽ നീയൊരു/മോഹതരംഗമായ് വന്നു/ദാഹിക്കുമെന്റെ കിനാവിന്റെ തീരം/താലോലിച്ചു പുണർന്നു...’’ യേശുദാസ് പാടിയ പ്രശസ്തമായ...
മലയാളത്തിൽ ത്രില്ലർ സിനിമകളിലും അതിമനോഹരമായ മെലഡികൾ ഒരുകാലത്ത് ഇറങ്ങിയിരുന്നു. ‘‘സിനിമ ഏതു വിഭാഗത്തിൽപെട്ടതാണെങ്കിലും അതിലെ പാട്ടുകൾ നിലവാരമുള്ളവയായിരിക്കണം എന്ന് നിർമാതാക്കൾക്കും സംവിധായകർക്കും എഴുത്തുകാർക്കും സംഗീതജ്ഞർക്കും ഒരുപോലെ നിർബന്ധമുണ്ടായിരുന്ന ഒരു കാലഘട്ട’’ത്തെപ്പറ്റി എഴുതുന്നു.
‘‘സ്നേഹസ്വരൂപിണി മനസ്സിൽ നീയൊരു/മോഹതരംഗമായ് വന്നു/ദാഹിക്കുമെന്റെ കിനാവിന്റെ തീരം/താലോലിച്ചു പുണർന്നു...’’ യേശുദാസ് പാടിയ പ്രശസ്തമായ ഈ പ്രണയഗാനം ഒരു ത്രില്ലർ സിനിമയിലുള്ളതാണ്. സിനിമ ഏതു വിഭാഗത്തിൽപെട്ടതാണെങ്കിലും അതിലെ പാട്ടുകൾ നിലവാരമുള്ളവയായിരിക്കണം എന്ന് നിർമാതാക്കൾക്കും സംവിധായകർക്കും എഴുത്തുകാർക്കും സംഗീതജ്ഞർക്കും ഒരുപോലെ നിർബന്ധമുണ്ടായിരുന്ന ഒരു കാലഘട്ടത്തെയാണ് ഈ ഗാനം ഓർമിപ്പിക്കുന്നത്. ‘ഹോട്ടൽ ഹൈറേഞ്ച്’ എന്ന സസ്പെൻസ് ചിത്രം നീലാപ്രൊഡക്ഷൻസിനു വേണ്ടി മെറിലാൻഡ് സ്റ്റുഡിയോയിൽ സംവിധായകനും നിർമാതാവുമായ പി. സുബ്രഹ്മണ്യം സൃഷ്ടിച്ചതാണ്. നാഗവള്ളി ആർ.എസ്. കുറുപ്പ് ചിത്രത്തിന് കഥയും സംഭാഷണവും എഴുതി. വയലാർ എഴുതിയ പാട്ടുകൾക്ക് ദേവരാജനാണ് സംഗീതം നൽകിയത്. യേശുദാസ്, കമുകറ പുരുഷോത്തമൻ, പി. സുശീല, എൽ.ആർ. ഈശ്വരി, ബി. വസന്ത എന്നിവരാണ് ഗായകർ. യേശുദാസ് പാടിയ ‘‘സ്നേഹസ്വരൂപിണി...’’ എന്ന ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു. ‘‘മദിര പകർന്നു പകർന്നു വെച്ചൊരു/മൺചഷകം പോലെ/നിറഞ്ഞ ലഹരിയുമായ് ഞാൻ നിന്നു/നിമിഷത്തുമ്പികൾ പറന്നു -ചുറ്റും/നിമിഷത്തുമ്പികൾ പറന്നു.../മൃദുലവികാരങ്ങൾകൊണ്ടു തീർത്തൊരു/മന്മഥശരംപോലെ/വിരിഞ്ഞ പുളകവുമായ് ഞാൻ നിന്നു/പരിസരമാകെ മറന്നു -നമ്മൾ/പരിസരമാകെ മറന്നു...’’ ‘ഹോട്ടൽ ഹൈറേഞ്ചി’ലെ മറ്റൊരു പ്രേമഗാനം ഇങ്ങനെ തുടങ്ങുന്നു, ‘‘അജ്ഞാതഗായകാ അരികിൽ വരൂ/അരികിൽ വരൂ -രാധികയുടെ/അരികിൽ വരൂ.../അജ്ഞാതഗായകാ.../ആരെയും അനുരാഗവിവശരാക്കും/ആ ഗാനകല്ലോലിനിയിൽ/ഒരു സ്വപ്നഹംസമായ്/ഒരു സ്വർണമത്സ്യമായ്/അലയുമൊരേകാകിനി ഞാൻ/ഏകാകിനി ഞാൻ...’’ പി. സുശീലയാണ് ഈ ഗാനം പാടിയത്. ഗാനത്തിലെ അടുത്ത ചരണവും ഹൃദയഹാരിയാണ്. യേശുദാസും ബി. വസന്തയും പാടിയ യുഗ്മഗാനവും വളരെ പ്രശസ്തം. ‘‘പണ്ടൊരു ശിൽപി -പ്രേമശിൽപി/പമ്പാനദിയുടെ കരയിൽ/ചന്ദനശിലയിൽ കൊത്തിവെച്ച ഒരു കന്യകയുടെ രൂപം...’’ യേശുദാസും ബി. വസന്തയും പാടിയ ഈ പാട്ടിനിടയിൽ വരുന്ന ചോദ്യശകലങ്ങൾ പ്രശസ്ത സ്വഭാവനടിയും ഡബിങ് ആർട്ടിസ്റ്റുമായ ടി.ആർ. ഓമനയുടെ ശബ്ദത്തിലാണ്. കമുകറ പുരുഷോത്തമൻ പാടിയ ‘‘ഗംഗായമുനാസംഗമ സമതല ഭൂമി/സ്വർഗീയ സുന്ദരഭൂമി/സ്വതന്ത്രഭാരതഭൂമി’’ എന്നു തുടങ്ങുന്ന ദേശഭക്തിഗാനവും ഈ സിനിമയിലുള്ളതാണ്. ഈ ഗാനത്തിലെ വയലാറിന്റെ തുടർന്നുള്ള വരികളും ദേശഭക്തി നിറഞ്ഞവതന്നെ, ‘‘കന്യാകുമാരിത്തിരമാലകളിൽ/തൃക്കാൽ കഴുകും ഭൂമി/വിന്ധ്യഹിമാലയ കലാചലങ്ങളിൽ/വിളക്കു വെക്കും ഭൂമി/പുതിയൊരു ജീവിതവേദാന്തത്തിൻ/പുരുഷസൂക്തം പാടി/ഇവിടെ നടത്തുകയല്ലോ നാമൊരു/യുഗപരിവർത്തനയാഗം’’ എന്നിങ്ങനെ തുടരുന്ന ഈ പാട്ട് മലയാളത്തിൽ ഉണ്ടായിട്ടുള്ള മികച്ച ദേശഭക്തിഗാനങ്ങളിലൊന്നാണ്. ‘‘കൈ നിറയെ കൈ നിറയെ/സ്വപ്നങ്ങൾ തന്നത്/കടലാസുപൂവുകളായിരുന്നു/ ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത/കടലാസു പൂവുകളായിരുന്നു’’ എന്ന ദുഃഖഗാനം പാടിയതും പി. സുശീലയാണ്. ‘‘പുതിയ രാഗം പുതിയ താളം...’’ എന്നു തുടങ്ങുന്ന നൃത്തഗാനം പതിവുപോലെ എൽ.ആർ. ഈശ്വരി പാടി. 1968 ജൂൺ 28ാം തീയതി റിലീസ് ചെയ്ത ‘ഹോട്ടൽ ഹൈറേഞ്ച്’ ശരാശരി വിജയം നേടി. ചിത്രത്തിൽ മുന്നിട്ടുനിന്നത് പാട്ടുകളുടെ മേന്മതന്നെ.
തിരുവിതാംകൂർ രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ വിപ്ലവത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഒരു പുതിയ അധ്യായം എഴുതിച്ചേർത്ത ‘പുന്നപ്ര-വയലാർ’ സമരത്തെ അടിസ്ഥാനമാക്കി എസ്.എൽ. പുരം സദാനന്ദൻ കഥയും സംഭാഷണവും എഴുതി ഉദയാ സ്റ്റുഡിയോയിൽ എക്സെൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ നിർമിച്ച് സംവിധാനംചെയ്ത സിനിമയാണ് ‘പുന്നപ്ര വയലാർ’. ഈ ചിത്രത്തിനുവേണ്ടി വയലാർ രാമവർമ പാട്ടുകൾ എഴുതി. ഈ വിഖ്യാതസമരം ആദ്യമായി കാവ്യവിഷയമാക്കിയ കവി പി. ഭാസ്കരൻ ആണല്ലോ. ‘വയലാർ ഗർജിക്കുന്നു’ എന്ന വിപ്ലവകാവ്യം എഴുതുമ്പോൾ ആ കവി കൗമാരത്തിൽനിന്ന് യൗവനത്തിലേക്ക് കടക്കുന്നതേയുള്ളൂ. വയലാർ രാമവർമയാണ് ‘വയലാർ ഗർജിക്കുന്നു’ എന്ന കാവ്യം എഴുതിയതെന്നു വിശ്വസിക്കുന്ന അനേകമാളുകൾ ഇന്നും കേരളത്തിലുണ്ട്. 18ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത കവിയാണ് പി. ഭാസ്കരൻ. കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ ഒളിവിൽ കഴിയുന്ന സഖാക്കൾക്ക് സന്ദേശങ്ങൾ കൈമാറുന്ന അപകടകരമായ ജോലിയാണ് പാർട്ടി പി. ഭാസ്കരനെ ഏൽപിച്ചിരുന്നത്. അദ്ദേഹം പിടിക്കപ്പെടുകയും പൊലീസിന്റെ കഠിനപീഡനങ്ങൾക്ക് ഇരയാവുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു, എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവം പുലർത്തുകയും വിപ്ലവഗാനങ്ങൾ എഴുതുകയും ചെയ്ത വയലാറും ഒ.എൻ.വി. കുറുപ്പും ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ജയിലിൽ പോയിട്ടില്ല.
വയലാർ എഴുതിയ പാട്ടുകളോടൊപ്പം പി. ഭാസ്കരന്റെ ‘വയലാർ ഗർജിക്കുന്നു’ എന്ന കവിതയിലെ ഏതാനും വരികളും ഈ സിനിമയിൽ ഉപയോഗിക്കുകയുണ്ടായി. അങ്ങനെ പി. ഭാസ്കരനും വയലാറും രചിച്ച വരികൾക്ക് രഘുനാഥ് എന്ന തൂലികാനാമത്തിൽ കെ. രാഘവൻ ഈണം പകർന്നു. ‘‘ഉയരും ഞാൻ നാടാകെ പടരും ഞാനൊരു പുത്തൻ/ഉയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും/അലയടിച്ചെത്തുന്ന തെക്കൻ കൊടുങ്കാറ്റിൽ/അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ/എവിടെയും മൃത്യുവെ വെന്നു ശയിക്കുന്നി-/തവശർക്കായ് പോർ ചെയ്ത ധീരധീരർ/ അവരുടെ രക്തത്താലൊരു പുത്തനഴകിന്റെ- /യരുണിമ കൈക്കൊണ്ടു മിന്നി ഗ്രാമം...’’
പി. ഭാസ്കരൻ എഴുതിയ ‘വയലാർ ഗർജിക്കുന്നു’ എന്ന കാവ്യത്തിൽനിന്നുള്ള ഈ വരികൾ യേശുദാസ് പാടി (ഗൂഗിളിലും മറ്റും ഈ വരികളുടെ രചയിതാവായി വയലാർ എന്ന് തെറ്റായി കൊടുത്തിട്ടുണ്ട്). ‘‘വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ/വില കാണാനാവാത്ത കാവ്യമത്രേ /അഴകുറ്റ വേണാടിന്നഴിയുന്ന ചുരുൾമുടി-/ത്തഴകണക്കലയുമാകായലിങ്കൽ/മഹിതമാം കാലം തൻ കരതാരാൽ ചൂടിച്ച/മലരുപോലങ്ങെഴും ദ്വീപു കണ്ടോ/പണി ചെയ്തു നൂറ്റാണ്ടായ് പശി തിന്നുമവിടുത്തെ/ജനതതിയൊരു ദിനം മർത്യരായി... /ചിരി തൂകും പൊന്നണിപ്പാടങ്ങളൊക്കെയും/അരികൾക്കു പട്ടടക്കാടുകളായ് തലതാഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും/മനുജാഭിലാഷത്തിൻ കോട്ടയായി...’’ എന്നീ വരികളും പി. ഭാസ്കരന്റെ ‘വയലാർ ഗർജിക്കുന്നു’ എന്ന കാവ്യത്തിൽനിന്നെടുത്തതാണ്. ഈ വരികൾ ആലപിച്ചത് പ്രശസ്ത കർണാടക സംഗീതജ്ഞനായ ഡോ. എം. ബാലമുരളീകൃഷ്ണയാണ്. വയലാർ എഴുതിയ ‘‘സഖാക്കളേ മുന്നോട്ട്’’ എന്ന ഗാനം യേശുദാസ് പാടി. ‘‘സഖാക്കളേ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്/തൊഴിലാളികളേ തൊഴിലാളികളേ, മനസ്സിൽ വിപ്ലവത്തിരകളിരച്ചിടുമലയാഴികളേ.../വസന്തപുഷ്പാഭരണം ചാർത്തിയ വയലേലകളിൽ/വിയർപ്പുമുത്തുകൾ നമ്മൾ ചാർത്തിയ പണിശാലകളിൽ /നമ്മളുയർത്തുക നമ്മളുയർത്തുക നമ്മുടെ ധീരപതാക...’’ എന്നിങ്ങനെ ആവേശം പകരുന്ന ഒരു വിപ്ലവഗാനമായി വരികൾ തുടരുന്നു. പി. സുശീല പാടിയ ‘‘കന്നിയിളം കിളി കതിരുകാണാക്കിളി/ കോലോത്തും പാടത്ത് കൊയ്യാൻ പോയ് എന്ന ഗാനവും അങ്ങേക്കരയിങ്ങേക്കരെ/ അത്തപ്പൂന്തോണി തുഴഞ്ഞവനിന്നലെ വന്നു/ ഒരു പൂ തന്നു -അവനൊരു ചുവന്ന പൂ തന്നു അന്തിമലരിപ്പൂവല്ല, ആമ്പൽപ്പൂവല്ല മനസ്സിലെ/ അനുരാഗപ്പൂ, അല്ലിപ്പൂ, അഞ്ചിതൾപ്പൂ’’ എന്ന ഗാനവും വയലാർ എഴുതിയതുതന്നെ. രേണുക പാടിയ ‘‘അങ്ങൊരു നാട്ടില് പൊന്നുകൊണ്ടൊരു പൂത്തളിക/ഇങ്ങൊരു നാട്ടില് മണ്ണുകൊണ്ട് പൂത്തളിക/അങ്ങൊരു പെൺകൊടിക്കു വെള്ളി മേഞ്ഞ മണിമേട/ഇങ്ങൊരു പെൺകൊടിക്കു പുല്ലുമേഞ്ഞ പുൽമാടം’’ എന്ന ഗാനവും വയലാർ എഴുതിയതാണ്. ഗാനങ്ങൾ എല്ലാംതന്നെ ശ്രദ്ധേയങ്ങളായിരുന്നെങ്കിലും ജനങ്ങൾ ഏറ്റു പാടിയത് യേശുദാസിന്റെ ശബ്ദത്തിലുള്ള ‘‘സഖാക്കളേ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്’’ എന്ന മുദ്രാവാക്യ ഗാനമാണ്.
‘അന്വേഷിച്ചു; കണ്ടെത്തിയില്ല’ എന്ന ചിത്രത്തിനുശേഷം കൊല്ലം ജനറൽ പിക്ചേഴ്സിനു വേണ്ടി കെ. രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച ‘ലക്ഷപ്രഭു’ പി. ഭാസ്കരൻ സംവിധാനംചെയ്തു. അദ്ദേഹംതന്നെയാണ് പാട്ടുകളും എഴുതിയത്. എം.എസ്. ബാബുരാജ് ആയിരുന്നു സംഗീതസംവിധായകൻ. മലയാറ്റൂർ രാമകൃഷ്ണനാണ് ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത്. യേശുദാസ്, എസ്. ജാനകി, ജയചന്ദ്രൻ, സി.ഒ. ആന്റോ എന്നിവർ പിന്നണിയിൽ പാടി. ആകെ അഞ്ചു പാട്ടുകളാണ് ‘ലക്ഷപ്രഭു’വിൽ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ ‘‘കരയും കടൽത്തിരയും/കിളിമാസു കളിക്കും നേരം/ഈ ഹൃദയം -എൻ ഹൃദയസഖീ നിൻ പിറകേയോടിവരുന്നു.../ മുകളിൽ -വെണ്മുകിലിൽ/ വാൽക്കണ്ണാടി നോക്കി സന്ധ്യ/എൻ മിഴികൾ നിൻ മിഴിയിൽ നോക്കി/ സ്വപ്നവിഭൂഷകൾ ചാർത്തി’’ എന്ന ഗാനം രചനയിലും ഈണത്തിലും വ്യത്യസ്തത പുലർത്തിയെന്നു പറയാം. ജയചന്ദ്രൻ പാടിയ ‘‘മന്മഥനാം ചിത്രകാരൻ മഴവില്ലിൻ തൂലികയാലെ കിളിവാതിലിലെഴുതിച്ചേർത്ത/മധുരചിത്രമേ -മന്നിൽ/മലരിട്ട താരുണ്യത്തിൻ/പുതിയ പുഷ്പമേ’’ എന്ന ഗാനവും രചനയിൽ മികച്ചുനിന്നു. ഈ ഗാനത്തിലെ തുടർന്നുള്ള വരികളിലും മനോഹരബിംബങ്ങളുണ്ട്. ഭാസ്കരൻ മാസ്റ്ററുടെ രചനയുടെ മഹത്ത്വവും ആ വിഷ്വലുകൾതന്നെയാണല്ലോ. ‘‘വെണ്ണിലാവിൽ കുഴച്ചുതീർത്ത/പ്രതിമാശില്പമേ/കണ്ണിണകൾ കാത്തിരുന്ന/സുരഭീ സ്വപ്നമേ/ പ്രേമയമുനാ നദിയിൽ നീന്തും/സുവർണമത്സ്യമേ –നിനക്കു/ താമസിക്കാൻ താമരയല്ലിക്കൂട് തരാം ഞാൻ.../ഞാനറിയാതെന്നിലുള്ള വീണക്കമ്പികളിൽ/ ഗാനധാര മീട്ടിടുന്നു നിന്റെ കണ്മുനകൾ/കാൽച്ചിലമ്പൊലി വീശിവന്ന/കവിതാശകലമേ -നീ /കാൽക്ഷണത്തിൽ അണിയറ പൂകാൻ/ കാരണമെന്തേ..?’’ എന്നിങ്ങനെ ഒഴുകുന്നു ആ കാവ്യബിംബപ്രവാഹിനി. എസ്. ജാനകി പാടിയ ‘‘വെണ്ണിലാവിനെന്തറിയാം/ വെറുതേ വെറുതേ ചിരിക്കാൻ/ വസന്തത്തിനെന്തറിയാം/ വരയ്ക്കാനും മായ്ക്കാനും/ വാടി വീണ പൂവിന്റെ/ വനരോദനമാരു കേൾക്കാൻ..?’’ എന്ന ഗാനവും ‘‘സ്വർണവളകളിട്ട കൈകളാൽ മെല്ലെ/ പൗർണമിരാത്രിയെന്നെ വിളിച്ചുണർത്തി/ നിദ്രാസമുദ്രത്തിൽ നീന്താനിറങ്ങിവന്ന / സ്വപ്നസുന്ദരിയപ്പോൾ പിണങ്ങിപ്പോയി എന്ന ഗാനവും ഗാനാസ്വാദകർ ഇന്നും ഓർമിക്കുന്നുണ്ട്.
സി.ഒ. ആന്റോ പാടിയ അർഥസമ്പുഷ്ടമായ ഒരു സറ്റയർ പാട്ടും ഈ സിനിമയിൽ ഉണ്ടായിരുന്നു. ‘‘പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ /മനുഷ്യർക്ക് പൊന്തിച്ച് പന്താടും വീരൻ/പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ/പൈസായല്ലേ കലിയുഗഭഗവാൻ/പറയൂ പറയൂ നിങ്ങൾക്കു പറയൂ/തൂസാങ്ങരെ -അരെ- തൂസാങ്ങരെ...’’ ഇതിലെ ‘തൂസാങ്ങരെ’ എന്ന പദം കൊങ്ങിണി ഭാഷയിലുള്ളതാണ്. (തൂ എന്നാൽ നീ: സാങ്ങരെ എന്നാൽ പറയൂ -തൂസാങ്ങരെ- എന്നാൽ നീ പറയൂ എന്നർഥം) പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, പി.ജെ. ആന്റണി, ജി.കെ. പിള്ള, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, സുകുമാരി, ഖദീജ, മീന തുടങ്ങിയവർ അഭിനയിച്ച ‘ലക്ഷപ്രഭു’ 1968 ജൂലൈ 12ന് കേരളത്തിൽ പ്രദർശനം തുടങ്ങി. ഈ സിനിമ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.
ശശികുമാർ സംവിധാനംചെയ്ത ‘ലവ് ഇൻ കേരള’ എന്ന ചിത്രം ഗണേഷ് പിക്ചേഴ്സിനുവേണ്ടി കെ.പി. കൊട്ടാരക്കര എഴുതി നിർമിച്ചതാണ്. പ്രേംനസീറും ഷീലയും തന്നെയായിരുന്നു ഈ ചിത്രത്തിലും പ്രധാന വേഷങ്ങളിൽ. കെ.പി. ഉമ്മർ, അടൂർഭാസി, എൻ. ഗോവിന്ദൻകുട്ടി, ജോസ് പ്രകാശ്, ഫ്രണ്ട് രാമസ്വാമി, ആറന്മുള പൊന്നമ്മ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. കുറ്റാന്വേഷണത്തിനും സംഘട്ടനങ്ങൾക്കും ഹാസ്യത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിൽ പാട്ടുകൾക്ക് വലിയ സ്ഥാനമില്ല. എങ്കിലും ‘ലവ് ഇൻ കേരള’ എന്ന സിനിമയിൽ ആകെ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പി പാട്ടുകൾ എഴുതി. ബാബുരാജ് ആ ഗാനങ്ങൾ ചിട്ടപ്പെടുത്തി. ചൈനയിൽ സാംസ്കാരികവിപ്ലവത്തിന്റെ കാലമായിരുന്നു അത്. ഇന്ത്യ - ചൈന യുദ്ധത്തിന്റെ മുറിവുകൾ അപ്പോഴും ഉണങ്ങിയിരുന്നില്ല. അതുകൊണ്ട് ഞാൻ എഴുതിയ ഒരു പല്ലവി ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. യേശുദാസ് പാടിയ ‘‘നൂറു നൂറു പൂവുകൾ വിരിയട്ടെ...’’ എന്ന ഗാനത്തിനാണ് ഈ അവസ്ഥ നേരിട്ടത്. ആ വരികൾ ചൈനയിലെ ‘സാംസ്കാരിക വിപ്ലവ’ത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു തൊട്ടു മുമ്പ് യേശുദാസിനെ സ്റ്റുഡിയോയിൽ വരുത്തി പാട്ടിന്റെ ആദ്യവരിയിലെ പൂവുകൾ എന്ന പദം ‘‘പുലരികൾ’’ എന്നു മാറ്റി. അങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. പക്ഷേ ഗ്രാമഫോൺ കമ്പനി (H.M.V) അതിനു മുമ്പ് തന്നെ പാട്ടുകളുടെ ഗ്രാമഫോൺ ഡിസ്കുകൾ മാർക്കറ്റിൽ ഇറക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് ജനങ്ങൾ കേട്ടത് ‘‘നൂറു നൂറു പൂവുകൾ വിരിയട്ടെ’’ എന്ന വരിതന്നെയാണ്. ‘‘നൂറു നൂറു പൂവുകൾ വിരിയട്ടെ/നൂറു നൂറു കരളുകൾ കുളിരട്ടെ/നൂറു പാനപാത്രങ്ങൾ നിറയട്ടെ/നൂപുരമണിനാദമുയരട്ടെ...’’ എന്നിങ്ങനെയാണ് പല്ലവി. സത്യത്തിൽ ഇതിൽ രാഷ്ട്രീയത്തിന്റെ ഗന്ധംപോലുമില്ല. നൃത്തച്ചുവടുകൾക്കു പ്രാധാന്യമുള്ള ഒരു പ്രണയഗാനം തന്നെയാണിത്. അവസാനത്തെ വരിയിലേ അത് വെളിവാവുകയുള്ളൂ. പാട്ടിന്റെ അനുപല്ലവിയും ചരണവും ഇങ്ങനെ: ‘‘നീലനിയോൺ ദീപമാല മേലേ/നിത്യവർണ സ്വപ്നമേള നീളേ/മദനരാഗപല്ലവങ്ങൾ പോലെ/മന്ദമാടും യുവപദങ്ങൾ നീളേ /ദാഹഗീതമൊഴുകിടുന്ന രാവിൽ/ഡാലിയാ ചിരിച്ചിടുന്ന രാവിൽ/നിന്റെ മന്ദഹാസമായി വിടരാൻ/എന്റെ ചുംബനം കൊതിക്കും രാവിൽ...’’ എന്നിങ്ങനെ അവസാനിക്കുന്ന പാട്ടിൽ ‘‘നൂറു നൂറു പൂവുകൾ വിരിയട്ടെ’’ എന്ന പ്രയോഗത്തെ എന്തിനു സംശയിക്കണം? എസ്. ജാനകി പാടിയ ‘‘അതിഥീ... അതിഥീ.../ അജ്ഞാത നവാതിഥീ/ ആരെ തേടി തേടി വരുന്നു/ അല്ലിമലർതാഴ്വരയിൽ?’’ എന്ന ഗാനവും ജയചന്ദ്രനും ബി. വസന്തവും ചേർന്നു പാടിയ ‘‘മധു പകർന്ന ചുണ്ടുകളിൽ/ മലർ വിടർന്ന ചുണ്ടുകളിൽ/മറന്നുെവച്ചു പോയീ ഞാൻ/ മധുരമധുരമൊരു ഗാനം’’ എന്ന യുഗ്മഗാനവും ജനങ്ങൾ ഇഷ്ടപ്പെട്ടു. അതിലെ വരികൾ ഇങ്ങനെ തുടരുന്നു. ‘‘മധു കവർന്ന ചുണ്ടുകളിൽ/മലരമർന്ന ചുണ്ടുകളിൽ/മറന്നുെവച്ചുപോയീ ഞാൻ/ മധുരമധുരമെൻ നാണം.../പിടയും നെഞ്ചിലമരുമ്പോൾ/ പിരിയുമെന്നതാരോർക്കും/ അലിഞ്ഞലിഞ്ഞു ചേരുമ്പോൾ /അകലുമെന്നതാരോർക്കും/ ഇനിയുമെന്നു നിന്നധരം/ തിരിച്ചു നൽകുമാ ഗാനം/ എന്റെ നാണം കവർന്നവനേ/ എനിക്കു വേണം നിൻ ഗാനം...’’
എൽ.ആർ. ഈശ്വരിയും സംഘവും പാടിയ ‘‘ലവ് ഇൻ കേരളാ’’ എന്ന ടൈറ്റിൽ ഗാനം ഇങ്ങനെ, ‘‘ലവ് ഇൻ കേരളാ ലവ് ഇൻ കേരള/ലവ് ലവ് ലവ് ഇൻ കേരളാ.../കരയുടെ മാറിൽ കടലിൻ കൈകൾ/ കാമലീലകൾ കാട്ടുന്നു/ തെങ്ങോലക്കാറ്റിൻ തേനൂറും നാവിൽ/ ശൃംഗാരകവിതകൾ നിറയുന്നു/ നീലക്കടലിൻ തീരത്തു നിൽക്കെ/ നിന്റെ കണ്ണുകൾ മിന്നുന്നു /പതിനേഴുകാരി പെണ്ണിനെപ്പോലെ/ പടിഞ്ഞാറൻമാനം തുടുക്കുന്നു...’’ പി. ലീല പാടിയ ‘‘പ്രേമിക്കാൻ മറന്നുപോയ പെണ്ണെ -നിൻ/ പേടമാൻമിഴികളിലെ പേടിക്കെന്തു കാരണം?’’ എന്ന കളിയാക്കൽ പാട്ടും ഈ സിനിമയിൽ ഉണ്ടായിരുന്നു. സി.ഒ. ആന്റോയും സംഘവും പാടിയ ‘‘അമ്മേ, മഹാകാളിയമ്മേ/ കൊടുങ്ങല്ലൂരമ്മേ ...ഭഗവതിയമ്മേ/ അമ്മൻകുടമെടുത്തേ- തെയ്യത്തോം/ അമ്മാനച്ചെപ്പെടുത്തേ/ അഴകു കൈകളില് -തെയ്യത്തോം/ അരുമവേലെടുത്തേ...’’ എന്നിങ്ങനെ തുടങ്ങുന്ന സംഘനൃത്തഗാനം ചിത്രത്തിന്റെ ൈക്ലമാക്സിന്റെ സ്വഭാവത്തിന് ഇണങ്ങുന്നതായിരുന്നു. ഇതുപോലെയുള്ള ചിത്രങ്ങളിൽ സംഘട്ടനങ്ങൾക്കു മുമ്പായി വരുന്ന നൃത്തഗാനങ്ങളിൽ കാവ്യമൂല്യം നിലനിർത്തുകയെന്നത് അസാധ്യമായ കാര്യമാണ്. അങ്ങനെ എഴുതിയാൽ തന്നെ നിർമാതാവും സംവിധായകനും വരികൾ മാറ്റിയെഴുതാൻ പറയും. സ്വന്തം അച്ചടക്കത്തിൽ വിശ്വസിച്ച് സംവിധായകനെയും പിണക്കാതെ വരികൾ എഴുതുക മാത്രമാണ് കരണീയം. 1968 ആഗസ്റ്റ് ഒമ്പതാം തീയതി കേരളത്തിലെ തിയറ്ററുകളിലെത്തിയ ‘ലവ് ഇൻ കേരള’ സൂപ്പർഹിറ്റ് ആയി. കവിയുടെ കൽപന പോലെയല്ല ഭൂരിപക്ഷം പ്രേക്ഷകരുടെയും മനസ്സ് എന്ന സത്യം ‘ലവ് ഇൻ കേരള’ എന്ന സിനിമയുടെ കലക്ഷൻ റിപ്പോർട്ടുകൾ ഒരിക്കൽകൂടി ഈ ലേഖകനെ പഠിപ്പിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.