ബോക്സ് ഓഫിസ് ഹിറ്റുകൾ സൃഷ്ടിക്കുന്നതിൽ മുൻനിരയിൽനിന്ന സംവിധായകനായിരുന്നു എൻ.വി. ജോൺ എന്ന ശശികുമാർ. എന്നാൽ, ലക്ഷ്യബോധമുള്ള സിനിമകൾ നിർമിക്കണമെന്ന മോഹം അദ്ദേഹത്തിന്റെ മനസ്സിന്റെ അടിത്തട്ടിൽ എന്നും ഉറങ്ങിക്കിടന്നിരുന്നു എന്ന സത്യം അദ്ദേഹം സംവിധാനംചെയ്ത നാല് സിനിമകളുടെ നിർമാതാവ് കൂടിയായ ഈ ലേഖകന് നന്നായറിയാം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന വിഖ്യാത നോവൽ ശശികുമാറിന്റെ സംവിധാനത്തിൽ ചലച്ചിത്രമായതും അതിന് വേണ്ടത്ര...
ബോക്സ് ഓഫിസ് ഹിറ്റുകൾ സൃഷ്ടിക്കുന്നതിൽ മുൻനിരയിൽനിന്ന സംവിധായകനായിരുന്നു എൻ.വി. ജോൺ എന്ന ശശികുമാർ. എന്നാൽ, ലക്ഷ്യബോധമുള്ള സിനിമകൾ നിർമിക്കണമെന്ന മോഹം അദ്ദേഹത്തിന്റെ മനസ്സിന്റെ അടിത്തട്ടിൽ എന്നും ഉറങ്ങിക്കിടന്നിരുന്നു എന്ന സത്യം അദ്ദേഹം സംവിധാനംചെയ്ത നാല് സിനിമകളുടെ നിർമാതാവ് കൂടിയായ ഈ ലേഖകന് നന്നായറിയാം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന വിഖ്യാത നോവൽ ശശികുമാറിന്റെ സംവിധാനത്തിൽ ചലച്ചിത്രമായതും അതിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയതും ഈ പരമ്പരയിൽ ആ സിനിമയിലെ പാട്ടുകളെക്കുറിച്ചു സംസാരിച്ചപ്പോൾ സൂചിപ്പിക്കപ്പെട്ടുകഴിഞ്ഞു. സാധാരണ ആക്ഷൻ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ രീതിയിൽ ശശികുമാർ സംവിധാനംചെയ്ത സിനിമയാണ് 1967 നവംബർ 17ന് തിയറ്ററുകളിലെത്തിയ 'കാവാലം ചുണ്ടൻ'. ഭഗവതി പിക്ചേഴ്സ് നിർമിച്ച ഈ ചിത്രത്തിന്റെ കഥ സംവിധായകൻ തന്നെയാണ് എഴുതിയത്. തിരക്കഥയും സംഭാഷണവും രചിച്ചത് തോപ്പിൽ ഭാസിയാണ്. സത്യൻ, ശാരദ, പി.ജെ. ആന്റണി, ആറന്മുള പൊന്നമ്മ, എസ്.പി. പിള്ള, അടൂർ ഭാസി, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനയിച്ചു. വയലാർ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു. ചിത്രത്തിൽ ആകെ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ്, പി. സുശീല, എസ്. ജാനകി എന്നിവരാണ് ഗാനങ്ങൾ പാടിയത്. യേശുദാസ് പാടിയ രണ്ടു പാട്ടുകൾ വലിയ ഹിറ്റുകളായി. ''കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ...'' എന്നു തുടങ്ങുന്ന പാട്ടും ''ആമ്പൽപ്പൂവേ... അണിയമ്പൂവേ...'' എന്നു തുടങ്ങുന്ന പാട്ടുമാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. ''കുട്ടനാടൻ പുഞ്ചയിലെ/ കൊച്ചുപെണ്ണേ, കുയിലാളെ/ കൊട്ടു വേണം കുഴൽ വേണം/ കുരവ വേണം/ വരവേൽക്കാനാളു വേണം/ കൊടിതോരണങ്ങൾ വേണം / വിജയശ്രീലാളിതരായ് /വരുന്നു ഞങ്ങൾ...'' എന്ന ഗാനം ഇന്നും നമ്മൾ ആവർത്തിച്ചു കേൾക്കാൻ ഇഷ്ടപ്പെടുന്നു. വള്ളംകളി നടക്കുന്ന പല ഇടങ്ങളിലും ഇന്നും ഈ ഗാനം ഉയർന്നു കേൾക്കാറുണ്ട്. ''ആമ്പൽപ്പൂവേ, അണിയമ്പൂവേ...'' എന്ന ഗാനം ലാളിത്യം തുളുമ്പുന്ന മനോഹരമായ പ്രേമഗാനമാണ്. ''ആമ്പൽപ്പൂവേ അണിയമ്പൂവേ / നീയറിഞ്ഞോ നീയറിഞ്ഞോ / ഇവളെന്റെ മുറപ്പെണ്ണ്... മുറപ്പെണ്ണ്...'' പല്ലവി മാത്രമല്ല, തുടർന്നുവരുന്ന അനുപല്ലവിയും ചരണവും ഇതേ ലാളിത്യവും മനോഹാരിതയും സൂക്ഷിക്കുന്നു. ''കുമാരനല്ലൂർ കാർത്തികനാൾ / കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി/ ഇവൾ വരുമ്പോൾ / തുടിക്കും മാറിൽ ചാർത്തും ഞാനൊരു/ തുളസിമാല -താലിമാല... / വിവാഹനാളിൽ നാണവുമായ് / വിരിഞ്ഞുനിൽക്കും കിനാവുപോലെ / ഇവൾ വരുമ്പോൾ / കവിളിൽ, കണ്ണിൽ, മാറിൽ / അന്നൊരു പ്രണയകാവ്യം ഞാനെഴുതും...'' വയലാർ രചനയിൽ സൂക്ഷിച്ച ലാളിത്യവും സൗന്ദര്യവും സംഗീതത്തിൽ ദേവരാജനും സുസൂക്ഷ്മം സൂക്ഷിച്ചിരിക്കുന്നു. യേശുദാസ് തന്നെ പാടിയ ''അകലുകയോ തമ്മിൽ അകലുകയോ /ആത്മബന്ധങ്ങൾ തകരുകയോ...'' എന്ന ഗാനം കഥാസന്ദർഭത്തെ കൂടുതൽ വികാരതീവ്രമാക്കാൻ സഹായിക്കുന്നു. ''വഞ്ചികൾ പിരിയുന്നു -പമ്പാനദിയുടെ /നെഞ്ചിലൂടെ, നോവും നെഞ്ചിലൂടെ... / പുഞ്ചപ്പാടമാം അക്ഷയപാത്രം/ പങ്കിട്ടു തട്ടിയുടയ്ക്കുന്നു...'' ഇങ്ങനെ തുടരുന്ന ഈ ഗാനം യഥാർഥത്തിൽ തിരക്കഥയുടെ ഭാഗമായി മാറുന്നു. ഈ ചിത്രം കണ്ടിട്ടുള്ളവർക്ക് അത് മനസ്സിലാകും. എസ്. ജാനകി പാടിയ ''ചീകിമിനുക്കിയ പീലിച്ചുരുൾമുടി/ ചിക്കിയഴിച്ചതാര് / മാറിൽ കിടന്നൊരു കാഞ്ചീപുരം സാരി/ കീറിക്കളഞ്ഞതാര്...'' എന്നിങ്ങനെ തുടങ്ങുന്ന 'കളിയാക്കൽ' പാട്ടും സന്ദർഭവുമായി ഇണങ്ങിച്ചേരുന്നു.
പി. സുശീല പാടിയ ഏതാണ്ട് ഒരു താരാട്ടുപോലെയുള്ള ''കന്നിയിളം മുത്തല്ലേ /കടിഞ്ഞൂൽ മുത്തല്ലേ / ചിരിക്കൂ -ഒന്നു ചിരിക്കൂ -എന്റെ /ചിത്തിരമുത്തല്ലേ...'' എന്ന ഗാനവും ഗായികയുടെ ആലാപനശുദ്ധികൊണ്ട് മനോഹരമായി.
നവജീവൻ ഫിലിംസ് നിർമിച്ച 'നാടൻ പെണ്ണ്'' എന്ന ചിത്രമാണ് 'കാവാലം ചുണ്ടന്' തൊട്ടുപിന്നാലെ പുറത്തുവന്നത്. അതായത് 1967 നവംബർ 24ന്. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത 'നാടൻ പെണ്ണ്' ഒരു ശരാശരി സിനിമ മാത്രമായിരുന്നു. എന്നാൽ, വയലാർ രചിച്ച് ദേവരാജൻ ഈണം പകർന്ന ചില നല്ല പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. മറ്റൊരു പ്രത്യേകതകൂടി ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. അത് പലർക്കും അറിയാൻ പാടില്ല. ഈ പരമ്പരയിൽ പാട്ടുകളുടെ ചരിത്രമാണ് പറയുന്നതെങ്കിലും പരോക്ഷമായെങ്കിലും ഇത് മലയാള സിനിമാചരിത്രം കൂടിയാണ്. അതുകൊണ്ടാണ് ചിത്രങ്ങളിലെ നടീനടന്മാരുടെ പേരുകളും സംവിധായകന്റെ പേരും ചിത്രം റിലീസ് ചെയ്ത തീയതിയും മറ്റും സൂചിപ്പിച്ചു മുന്നോട്ടുപോകുന്നത്. പിൽക്കാലത്ത് മലയാളത്തിൽ ചില മികച്ച ചിത്രങ്ങൾ നിർമിച്ച മഞ്ഞിലാസ് എന്ന നിർമാണക്കമ്പനിയുടെ ജനനത്തിനു നാന്ദി കുറിച്ചത് നവജീവൻ ഫിലിംസിന്റെ ജനനമാണ്.
1950 മുതൽ അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സ്, ജയ് മാരുതി പ്രൊഡക്ഷൻസ് എന്നീ നിർമാണക്കമ്പനികളിൽ ടി.ഇ. വാസുദേവൻ എന്ന പ്രശസ്ത നിർമാതാവിന്റെ കീഴിൽ പ്രൊഡക്ഷൻ മാനേജർ ആയി പ്രവർത്തിച്ചിരുന്ന എം.ഒ. ജോസഫ് ഒരു നിർമാതാവായി അരങ്ങേറ്റം കുറിച്ചത് 'നവജീവൻ ഫിലിംസ്' നിർമിച്ച 'നാടൻ പെണ്ണ്' എന്ന സിനിമയിലൂടെയാണ്. ഈ നിർമാണക്കമ്പനിക്കു വേണ്ടി പണം മുടക്കിയത് പി. ബാൽത്തസാർ, എൻ.വി. ജോസഫ് എന്നിവരാണ്. നിർമാണരംഗത്ത് പരിചയസമ്പന്നനായ മഞ്ഞിലാസ് ജോസഫ് (എം.ഒ. ജോസഫ്) വർക്കിങ് പാർട്ണർ ആയി. ഇവരോടൊപ്പം ചേർന്നു. നവജീവൻ ഫിലിംസിന്റെ രണ്ടു ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞാണ് എം.ഒ. ജോസഫ് മറ്റ് രണ്ടു പങ്കാളികളുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തം നിർമാണസ്ഥാപനമായ മഞ്ഞിലാസ് ആരംഭിച്ചത്. ചെമ്പിൽ ജോൺ ആണ് 'നാടൻ പെണ്ണ്' എന്ന ചിത്രത്തിന്റെ കഥയെഴുതിയത്. എസ്.എൽ. പുരം സദാനനന്ദൻ സംഭാഷണമെഴുതി. വയലാർ-ദേവരാജൻ ടീമാണ് പാട്ടുകൾ ഒരുക്കിയത്. ഏഴു പാട്ടുകളുള്ള 'നാടൻ പെണ്ണി'ൽ യേശുദാസ്, ജയചന്ദ്രൻ, പി. സുശീല, എസ്. ജാനകി, ജെ.എം. രാജു എന്നിവർ പിന്നണിയിൽ പാടി. യേശുദാസ് പാടിയ ''ഹിമവാഹിനീ, ഹൃദയഹാരിണീ...'' എന്ന പ്രശസ്തഗാനം ഈ ചിത്രത്തിലുള്ളതാണ്. ഇതേ ഗാനം ചിത്രത്തിലെ മറ്റൊരു സന്ദർഭത്തിൽ പി. സുശീലയുടെ ശബ്ദത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇതും ചേർന്നാൽ ചിത്രത്തിൽ എട്ടു പാട്ടുകളാകും.
''ഹിമവാഹിനീ ഹൃദയഹാരിണീ / നിനക്കോ- എന്റെ പ്രിയമുള്ളവൾക്കോ /മാദകസൗന്ദര്യം..? /നീലക്കടമ്പിൻ പൂക്കൾ ചൂടി /നിലാവു പൊലിവൾ വന്നു / ഈ നുണക്കുഴികൾ പൂന്തേൻചുഴികൾ / നാണംകൊണ്ടു ചുവന്നു...'' ഈ ഗാനത്തിലെ തുടർന്നുള്ള വരികളും കാവ്യസുന്ദരമാണ്. പി. സുശീല പാടിയ ഈ ചിത്രത്തിലെ ക്രിസ്ത്യൻ ഭക്തിഗാനവും വളരെ പ്രസിദ്ധമാണ്. ''ആകാശങ്ങളിലിരിക്കും ഞങ്ങടെ/ അനശ്വരനായ പിതാവേ/ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ / അവിടുത്തെ രാജ്യം വരേണമേ.../ സ്വർഗത്തിലെ പോലെ ഭൂമിയിലും -നിന്റെ / സ്വപ്നങ്ങൾ വിടരേണമേ/ അന്നന്ന് ഞങ്ങൾ വിശന്നു വരുമ്പോൾ /അപ്പം നൽകേണമേ/ ആമേൻ... ആമേൻ...ആമേൻ...''
ആ കാലഘട്ടത്തിലെ മിക്ക ചിത്രങ്ങളിലും ഒരു പശ്ചാത്തലഗാനവും ഒരു കളിയാക്കൽ പാട്ടും (teasing song ) ഉൾക്കൊള്ളിക്കുന്ന പതിവുണ്ടായിരുന്നു. പ്രണയത്തിൽപെട്ട നായികയെ അവളുടെ കൂട്ടുകാരി കളിയാക്കിപ്പാടും. ഈ പാട്ടിൽ നായികയുടെയും കൂട്ടുകാരിയുടെയും നൃത്തച്ചുവടുകളും ഉൾപ്പെടുത്താൻ കഴിയും. കഥയിലെ ഏറ്റവും വൈകാരികമായ മുഹൂർത്തത്തിൽ എല്ലാ കഥാപാത്രങ്ങളുടെയും അവസ്ഥ ഒരേ സമയം മൊണ്ടാഷ് രീതിയിൽ കാണിക്കുന്നതിന് സംവിധായകൻ ഉപയോഗിക്കുന്ന മാർഗമാണ് പശ്ചാത്തല ഗാനം. 'നാടൻപെണ്ണി'ലും ഒരു കളിയാക്കൽ ഗാനമുണ്ട്. എസ്. ജാനകിയാണ് ആ ഗാനം പാടിയത്.
''ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് / ഇളംകവിളിൽ തുടുതുടുപ്പ് -നെഞ്ചിൽ/ ഇതുവരെയില്ലാത്ത പെടപെടപ്പ് / ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്'' എന്നിങ്ങനെ തുടങ്ങുന്നു ആ ഗാനം. പി. സുശീല പാടിയ മറ്റൊരു നല്ല ഗാനം ഇതാണ്: ''ഇനിയത്തെ പഞ്ചമിരാവിൽ /ഇതൾവിരിയും പൂനിലാവിൽ/ ഇതിലേ ഞാനൊരു ദേവദൂതനെ -/എതിരേൽക്കും -ഞാൻ എതിരേൽക്കും...''
യേശുദാസ് പാടിയ ഒരു ദുഃഖഗാനവും ഈ ചിത്രത്തിലുണ്ട്. ആ ഗാനവും ജനങ്ങളുടെ ഇഷ്ടഗാനമായി മാറിയിട്ടുണ്ടെന്നാണ് ഈ ലേഖകൻ കരുതുന്നത്. ''ഭൂമിയിൽ മോഹങ്ങൾ വിടരുന്നു / ഭൂമിയിൽതന്നെ കൊഴിയുന്നു... / സ്വപ്നങ്ങൾ തകരുന്നു -വിവാഹം/ സ്വർഗത്തിൽ നടക്കുന്നു...'' അടുത്ത വരികൾ ഇങ്ങനെയാണ്. ''ദാഹിക്കുന്നുവോ ദാഹിക്കുന്നുവോ / സ്നേഹസരോവരമേ/ നിന്നിലേക്കൊഴുകിയ പൂന്തേനരുവികൾ/ ഇന്നു മറ്റൊരു വഴിയേ പോയ്...'' മുമ്പ് പറഞ്ഞതുപോലെ വിവിധ കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളുടെ ദൃശ്യഭാഷ ഒരു ഗാനത്തിൽ ഒതുക്കുന്ന തന്ത്രമാണ് ഈ ഗാനത്തിലൂടെ സംവിധായകൻ ചെയ്തിരിക്കുന്നത്. ഒരു പാട്ടു കൂടി 'നാടൻ പെണ്ണ്' എന്ന സിനിമയിൽ ഉണ്ടായിരുന്നു. എന്നാൽ, ആ ഗാനം അത്ര പ്രശസ്തി നേടിയില്ല. ''നാടൻ പ്രേമം നാടോടിപ്രേമം/ നാൽക്കവലപ്രേമം / അടിപിടിപ്രേമം ആപ്പീസ് പ്രേമം / അഞ്ഞൂറുവിധം പ്രേമം -നാട്ടിൽ / അഞ്ഞൂറു വിധം പ്രേമം'' എന്നിങ്ങനെ തുടങ്ങുന്ന ഹാസ്യഗാനത്തിൽ വയലാർ ''ബീഡിക്കു തീയിന് വേലിക്കൽ നിൽക്കുന്ന നാടൻപ്രേമ''ത്തെക്കുറിച്ചും ''നാടക സിനിമാ കൊട്ടകവളപ്പിലെ നാടോടി പ്രേമ''ത്തെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. ജയചന്ദ്രനും ജെ.എം. രാജുവും ചേർന്നാണ് ഈ ഹാസ്യഗാനം പാടിയത്. യഥാർഥത്തിൽ ഒരു സാധാരണ ചിത്രമായ 'നാടൻ പെണ്ണ്' അൽപമെങ്കിലും വ്യത്യസ്തത നേടിയത് അതിലെ മികച്ച പാട്ടുകൾകൊണ്ടാണെന്നു പറയാം.
ഉദയാ സ്റ്റുഡിയോയിൽ എക്സെൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ സംവിധാനംചെയ്തു നിർമിച്ച 'കസവുതട്ടം' എന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും തോപ്പിൽ ഭാസിയാണ് രചിച്ചത്. വയലാർ-ദേവരാജൻ ടീം പാട്ടുകൾ ഒരുക്കി. യേശുദാസ്, പി.ബി. ശ്രീനിവാസ്, എ.എം. രാജാ, പി. സുശീല എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രേംനസീർ, ശാരദ, കൊട്ടാരക്കര ശ്രീധരൻ നായർ, പങ്കജവല്ലി, എസ്.പി. പിള്ള, അടൂർ ഭാസി, ബഹദൂർ, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനയിച്ചു. 1967 ഡിസംബർ ഒന്നിനാണ് 'കസവുതട്ടം' തിയറ്ററുകളിൽ എത്തിയത്. യേശുദാസ് പാടിയ ''പാൽക്കാരീ... പാൽക്കാരീ...'' എന്ന ഗാനവും ''കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ...'' എന്ന ഗാനവും ഏറ്റു പാടാൻ പാകത്തിലുള്ളവയാണെങ്കിലും ''പാൽക്കാരീ...'' എന്ന പാട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
''പാൽക്കാരീ പാൽക്കാരീ/കാട്ടിലാടിനെ മേച്ചുനടക്കും/കസവുതട്ടക്കാരീ...കസവുതട്ടക്കാരീ / പൊന്മലയിൽ പുൽമേട്ടിൽ/ പൂമരത്തണലിൽ -ഞാൻ/നിനക്കു നല്ലൊരു പച്ചിലമാടം/പണിഞ്ഞു നൽകും -ഒരുനാൾ/ പണിഞ്ഞു നൽകും'' എന്നിങ്ങനെ പോകുന്നു ആ ഗാനം. യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം എഴുതപ്പെട്ടത് ഈ കാലഘട്ടത്തിലായിരുന്നെങ്കിൽ സ്ത്രീ ആക്ടിവിസ്റ്റുകൾ വയലാർ രാമവർമക്കെതിരെ തിരിഞ്ഞേനെ. സംശയമില്ല, കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ/കണ്ണീരിൽ അലിയാത്ത മണ്ണുകൊണ്ടോ / അല്ലാഹു പണ്ടു മെനഞ്ഞെടുത്തു / ആദിയിൽ ഹവ്വ തൻ ഹൃദയം? എന്നാണ് പല്ലവി. അനുപല്ലവിയിലും ചരണത്തിലും ഇതേ ആശയം തന്നെയാണ് വിടർന്നുലയുന്നത്. ''ആയിരമായിരം ഇരുട്ടറകൾ -അതിൽ/അജ്ഞാതപാതാള ഗുഹകൾ / ബാഷ്പതടങ്ങൾ താജ്മഹലുകൾ / പ്രേമയമുനകൾ പ്രേതാലയങ്ങൾ /ആരു കണ്ടു ആരു കണ്ടു /അവ -ആരു കണ്ടു..?'' യഥാർഥത്തിൽ പ്രണയിനിയാൽ താൻ വഞ്ചിക്കപ്പെട്ടു എന്നു കരുതുന്ന ഒരു പുരുഷ കഥാപാത്രത്തിന്റെ താൽക്കാലിക ചിന്തമാത്രമാണിത്, അല്ലാതെ കവിയുടെ അഭിപ്രായമല്ല. ഈ സത്യം ചലച്ചിത്രഗാനങ്ങളെ വിമർശിക്കുന്ന നിരൂപകർ ഓർത്തിരിക്കേണ്ടതാണ്. ഇവിടെ കവി സ്വതന്ത്രനല്ല. മറിച്ച് ഇവിടെ ഗാനരചയിതാവ് ആ കഥാപാത്രമായി മാറുകയാണ്. അതുതന്നെയാണ് ഒരു നല്ല ഗാനരചയിതാവിന്റെ ധർമം. ഒരു കവിതയിൽ തെളിയുന്നത് കവിയുടെ ജീവിതദർശനമാണ്. എന്നാൽ, ഒരു ചലച്ചിത്രഗാനത്തിലെ ആശയം ആ കഥാപാത്രത്തിന്റെ ഒരു പ്രത്യേക സന്ദർഭത്തിലെ തോന്നലുകൾ മാത്രമാണ്. കുഞ്ചാക്കോയുടെയും ദേവരാജൻ മാസ്റ്ററുടെയും ഇഷ്ടഗായകനായ എ.എം. രാജായും 'കസവുതട്ട'ത്തിൽ പാടിയിട്ടുണ്ട്. പി. സുശീലയുമായി ചേർന്ന് പാടിയ ഒരു യുഗ്മഗാനമാണത്. ചോദ്യവും ഉത്തരവുമായി വരുന്ന ഈ പാട്ടിലെ വരികൾ വയലാർ നന്നായി എഴുതിയിട്ടുണ്ട്. ആ പാട്ട് മനോഹാരിത നിറഞ്ഞ പ്രണയഗാനമാണു താനും. വരികളും ഈണവും നന്ന്.
''മയിൽപ്പീലിക്കണ്ണുകൊണ്ട് / ഖൽബിന്റെ കടലാസിൽ/മാപ്പിളപ്പാട്ടു കുറിച്ചവനേ / പാട്ടിന്റെ ചിറകിന്മേൽ/ പരിമളം പൂശുന്ന/ പനിനീർപ്പൂവിന്റെ പേരെന്ത്..?'' എന്ന പി. സുശീലയുടെ ചോദ്യത്തിന് ''മൊഹബ്ബത്ത്'' എന്നു മാത്രം എ.എം. രാജാ ഉത്തരം നൽകുന്നു. അതുപോലെ ''വാകപൂന്തണലത്ത് / പകൽക്കിനാവും കണ്ട് / വാസനപ്പൂ ചൂടി നിന്നവളേ / പൊന്നിന്റെ നൂല് കൊണ്ടു / പട്ടുറുമാലിൽ നീ /പാതിതുന്നിയ പേരെന്ത്...'' എന്ന എ.എം. രാജായുടെ ചോദ്യത്തിന് പി. സുശീല ''പറയൂല്ല'' എന്ന ഒറ്റ വാക്കിൽ മറുപടി പറയുന്നു. ആ കാലത്ത് പുതുമയുള്ളതെന്നു തോന്നിച്ച ഒരു പ്രണയഗാനം.
പി.ബി. ശ്രീനിവാസ് പാടിയ ''ധൂമരശ്മി തൻ തേരിൽ വന്നുവോ/ ഭൂമിയിൽ വീണ്ടും ആമിന.../ മൂടൽമഞ്ഞിൽ അലിഞ്ഞുചേർന്നൊരു/മൂകജീവിത വേദന'' എന്ന ഗാനത്തിൽ ഗായികമാരുടെ സംഘം വരികളിലെ അവസാന വാക്കു മാത്രം ഏറ്റുപാടുന്നതും അക്കാലത്ത് ഒരു പുതുമയായിരുന്നു. പി. സുശീല പാടിയ രണ്ടു പാട്ടുകൾകൂടി 'കസവുതട്ടം' എന്ന സിനിമയിൽ ഇടം പിടിച്ചിരുന്നു. ''ആലുവാപ്പുഴയിൽ മീൻ പിടിക്കാൻ പോകും/ അഴകുള്ള പൊന്മാനേ... /നാളെയുമീ വഴി നീ വരുമോ നീല പൊന്മാനേ ...'' എന്ന ഗാനവും ''പണ്ടു മുഗൾകൊട്ടാരത്തിൽ / പവിഴമല്ലിപ്പൂവനത്തിൽ/ രണ്ടു പഞ്ചവർണക്കിളികൾ/ വിരുന്നു വന്നു -ഒരു / പൊന്നശോകവൃക്ഷക്കൊമ്പിൽ / പറന്നിരുന്നു...'' എന്ന ഗാനവും. ഈ രണ്ടു പാട്ടുകളും കഥാസന്ദർഭങ്ങളുമായി ഇണങ്ങുന്നതായിരുന്നു. എന്നാൽ, അവ ഹിറ്റുകളായില്ല.
മലയാള സിനിമയിൽ തികച്ചും സ്വാഭാവികമായ അഭിനയശൈലി അവതരിപ്പിച്ച നായകനടനാണ് സത്യൻ എന്ന സത്യനേശൻ നാടാർ. അദ്ദേഹത്തിന്റെ അനുജൻ എം.എം. നേശൻ ദീർഘകാലം മലയാള സിനിമയിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് മൂത്തസഹോദരനായ സത്യന്റെ സഹായത്തോടെ എം.എം. നേശൻ ഒരു സിനിമ നിർമിക്കുകയുണ്ടായി. അദ്ദേഹംതന്നെ ആ സിനിമ സംവിധാനംചെയ്തു. ആ ചിത്രമാണ് 'ചെകുത്താന്റെ കോട്ട'. നേശന്റെ സ്വന്തം നിർമാണക്കമ്പനിയുടെ പേര് സതീഷ് ഫിലിംസ് എന്നായിരുന്നു. സത്യൻ മാസ്റ്ററുടെ മൂത്ത പുത്രന്റെ പേര് സതീഷ് സത്യൻ എന്നാണല്ലോ. നടനും നാടകകൃത്തും ഗാനരചയിതാവുമായ പി.ജെ. ആന്റണിയാണ് 'ചെകുത്താന്റെ കോട്ട' എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾ, ബി.എ. ചിദംബരനാഥ് നൽകിയ ഈണങ്ങൾ, സത്യൻ, അംബിക, മധു, പി.ജെ. ആന്റണി, ശങ്കരാടി, എസ്.പി.പിള്ള, ബഹദൂർ തുടങ്ങിയവരുടെ അഭിനയം. എല്ലാ രീതിയിലും ശ്രദ്ധേയമാകേണ്ടിയിരുന്ന സിനിമ എന്തുകൊണ്ടോ പൂർണവിജയം നേടിയില്ല. അതേസമയം, 1967 ഡിസംബർ 22നു പുറത്തു വന്ന ഈ ചിത്രം പാടേ അവഗണിക്കപ്പെടേണ്ടതുമല്ല. രചനകൊണ്ടും ഈണംകൊണ്ടും മലയാളികൾ എന്നെന്നും ഓർമിക്കുന്ന ചില ഗാനങ്ങൾ ഈ ചിത്രം സമ്മാനിക്കുകയുണ്ടായി. പി. ഭാസ്കരൻ മാസ്റ്ററുടെ ഏറ്റവും നിലവാരമുള്ള രചനയായി കവിഹൃദയമുള്ളവർ അംഗീകരിച്ചിട്ടുള്ള ''മന്ദമന്ദം നിദ്ര വന്നെൻ മാനസത്തിൻ മണിയറയിൽ ചിന്ത തന്റെ പൊൻവിളക്കിൻ തിരി താഴ്ത്തുന്നു...'' എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലുള്ളതാണ്. യേശുദാസ് ആണ് ഈ ഗാനം പാടിയത്. ''മന്ദമന്ദം നിദ്ര വന്നെൻ /മാനസത്തിൻ മണിയറയിൽ/ ചിന്ത തന്റെ പൊൻവിളക്കിൽ /തിരി താഴ്ത്തുന്നു.../ ലോലമായ പാണി നീട്ടി - / യാരുമാരുമറിയാതെ/നീലമിഴി തൻ ജാലകങ്ങൾ/അടച്ചീടുന്നു...'' എത്ര മനോഹരവും ചിന്താദീപ്തവുമായ ഭാവന! ഈ ശൈലി ഭാസ്കരൻ മാസ്റ്റർക്കു മാത്രം സ്വന്തം. തുടർന്നുള്ള വരികളുടെ പ്രയോഗചാരുതയിലും നമുക്ക് അഭിരമിക്കാം. ''ചന്ദ്രശാലയിൽ വന്നിരിക്കും / മധുരസ്വപ്നമേ -ഞാൻ/ നിൻ മടിയിൽ തളർന്നൊന്നു മയങ്ങീടട്ടെ.../ ചേതനതൻ ദ്വാരപാലകർ ഉറങ്ങുന്നു / ഹൃദയഭാരവേദനകൾ, /വിരുന്നുകാർ, പിരിഞ്ഞുവല്ലോ... / പ്രേമസാഗരദേവതയാം / മണിക്കിനാവേ -എന്നെ /താമരക്കൈവിരലിനാൽ തഴുകിയാട്ടെ...'' ഈ ക്ലാസിക് ഭാവനയെ തഴുകിയൊഴുകുന്നുണ്ട് ചിദംബരനാഥിന്റെ സ്വരവിന്യാസം എന്നുകൂടി പറയണം. ആലാപനത്തിലൂടെ യേശുദാസും ഈ ഗാനത്തിന്റെ മഹത്ത്വം നിലനിർത്തുകയുണ്ടായി. യേശുദാസ് പാടിയ മറ്റൊരു ഗാനം ''ഒരു മലയുടെ താഴ്വരയിൽ...'' എന്നു തുടങ്ങുന്നു.
''ഒരു മലയുടെ താഴ്വരയിൽ/ ഒരു കാട്ടാറിൻ കരയിൽ/ താമസിക്കാൻ മോഹമെനിക്കൊരു / താപസനെപോലെ... / ആയിരം പൂക്കൾ തൻ സൗരഭപൂരം /ആയിരം കിളികൾ തൻ പ്രേമഗാനം/ അലതല്ലുമ്പോൾ ആ വനഭൂവിൽ/അലയാനെനിക്കൊരു മോഹം...'' ഈ പാട്ട് താരതമ്യേന ദ്രുതതാളത്തിലുള്ളതാണ്. ഈണം ലളിതവുമാണ്.
''പ്രേമസ്വപ്നത്തിൻ ദേഹമടക്കിയ/ പ്രേതകുടീരത്തിൻ വാതിലിൽ/ പൊട്ടിക്കരയുന്ന ശ്രാവണചന്ദ്രിക / പുഷ്പം വിതറുവാൻ വന്നു... വീണ്ടും / പുഷ്പം വിതറുവാൻ വന്നു.../ കൂപ്പുകൈമൊട്ടുമായ് നക്ഷത്രകന്യകൾ / വീർപ്പടക്കി നോക്കുമ്പോൾ / പാതിരാപ്പക്ഷി തൻ ഗദ്ഗദം മാത്രമീ /പാരും വാനും കേട്ടില്ല...'' എന്നിങ്ങനെയൊഴുകുന്ന ഈ മധുരഗീതം ലതാരാജു ആണ് പാടിയത്. ലത എന്ന ഗായിക കുട്ടികൾക്കുവേണ്ടിയാണ് അധികവും പാടിയിട്ടുള്ളത്. ഈ വ്യത്യസ്ത ഗാനത്തിന്റെ ആലാപനം ലതയുടെ മാതാവായ പ്രശസ്ത ഗായിക ശാന്ത പി. നായരെ ഓർമിപ്പിക്കും. രചനകൊണ്ടും സംഗീതംകൊണ്ടും ആലാപനംകൊണ്ടും ഏറെ ശ്രദ്ധേയമായിട്ടുണ്ട് ഈ ഗാനം. എസ്. ജാനകി പാടിയ ''കാനനസദനത്തിൻ / മണിമുറ്റത്തലയുന്ന / കല്യാണസൗഗന്ധികമലരേ -മലരേ/ ഏതൊരു മാമുനി തൻ/ ശാപത്താൽ നീയിരുളിൽ /ഏകാന്ത കാമുകിയായ് കരയുന്നു...'' എന്ന പാട്ടും പി. ലീല പാടിയ ''സ്വപ്നം വന്നെൻ കാതിൽ ചൊല്ലിയ/കൽപിത കഥയിലെ രാജകുമാരാ / നീലക്കാടുകൾ പൂത്തപ്പോൾ/നീയിന്നു വരുമെന്നറിഞ്ഞു ഞാൻ'' എന്ന പാട്ടും 'ചെകുത്താന്റെ കോട്ട'യിൽ ഉണ്ടായിരുന്നു. ഇതേ ഗാനംതന്നെ പി. ലീല ദുഃഖഗാനമായും പാടിയിട്ടുണ്ട്. അത് ചിത്രത്തിൽ മറ്റൊരു സന്ദർഭത്തിൽ ഉപയോഗിച്ചിരിക്കുന്നു. ''സ്വപ്നം വന്നെൻ കാതിൽ ചൊല്ലിയ'' എന്ന വരി ''സ്വപ്നം എന്നുടെ കാതിൽ ചൊല്ലിയ'' എന്ന് മാറ്റിയിട്ടുണ്ട്. ''സ്വപ്നം എന്നുടെ കാതിൽ ചൊല്ലിയ/ കൽപിതകഥയിലെ രാജകുമാരാ /നീലക്കാടുകൾ പൂത്തപ്പോൾ / നീയിന്നു വരുമെന്നറിഞ്ഞു ഞാൻ... /അനുരാഗയമുന തൻ കൽപടവിൽനിന്നും/ അവിടത്തെ തോണി തൻ വരവ് കണ്ടു / വീട്ടിലെ തത്തമ്മ വിളിച്ചു പറഞ്ഞപ്പോൾ / വിരുന്നു വരുമെന്നറിഞ്ഞു ഞാൻ...'' ഈ ഗാനവും മികച്ചത് തന്നെ. എങ്കിലും ഭാസ്കരൻ മാസ്റ്ററുടെ വിശിഷ്ട രചനകളിലൊന്നായ ''മന്ദമന്ദം നിദ്ര വന്നെൻ മാനസത്തിൻ മണിയറയിൽ...'' എന്ന വരികൾ അന്നും ഇന്നും സ്വരരാഗമധുവായി ഓർമകളിൽ മധുരം തളിക്കുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.