പി.ഐ.എം. കാസിം എന്ന നിർമാതാവ് സോണി പിക്ചേഴ്സിന്റെ പേരിൽ ആദ്യമായി നിർമിച്ച മലയാള സിനിമയാണ് 'ഇൻസ്പെക്ടർ'. എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായത് ഉദയചന്ദ്രിക എന്ന നടിയാണ്. കന്നട സിനിമകളിൽ അക്കാലത്ത് സാമാന്യം പ്രശസ്തി നേടിയ നടിയായിരുന്നു ഉദയചന്ദ്രിക. 'മുറപ്പെണ്ണ്' എന്ന സിനിമയിലൂടെ ശാലീനസുന്ദരിയായി പ്രത്യക്ഷപ്പെട്ട്...
പി.ഐ.എം. കാസിം എന്ന നിർമാതാവ് സോണി പിക്ചേഴ്സിന്റെ പേരിൽ ആദ്യമായി നിർമിച്ച മലയാള സിനിമയാണ് 'ഇൻസ്പെക്ടർ'. എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായത് ഉദയചന്ദ്രിക എന്ന നടിയാണ്. കന്നട സിനിമകളിൽ അക്കാലത്ത് സാമാന്യം പ്രശസ്തി നേടിയ നടിയായിരുന്നു ഉദയചന്ദ്രിക. 'മുറപ്പെണ്ണ്' എന്ന സിനിമയിലൂടെ ശാലീനസുന്ദരിയായി പ്രത്യക്ഷപ്പെട്ട് അവർ മലയാളികളുടെ ഇഷ്ടതാരമായി. ജ്യോതിലക്ഷ്മി എന്ന തെലുങ്ക് നടി അപ്പോഴേക്കും തന്റെ മാദകത്വം പ്രദർശിപ്പിച്ച് തെന്നിന്ത്യൻ സിനിമയിലെ ഒരു സെക്സ് ബോംബ് ആയി മാറിക്കഴിഞ്ഞിരുന്നു. ഉദയചന്ദ്രിക കഴിഞ്ഞാൽ 'ഇൻസ്പെക്ടർ' എന്ന സിനിമയിലെ പ്രധാന നടി ജ്യോതിലക്ഷ്മി ആയിരുന്നു. തിക്കുറിശ്ശി, കെ.പി. ഉമ്മർ, ജി.കെ. പിള്ള, സുകുമാരി, അടൂർ ഭാസി, പ്രമീള തുടങ്ങിയവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ. ബാലാജി എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണം എഴുതി. 1968 ഏപ്രിൽ 26ന് റിലീസ് ചെയ്ത 'ഇൻസ്പെക്ടർ' എന്ന പടത്തിൽ പി. ഭാസ്കരനാണ് ഗാനങ്ങൾ എഴുതിയത്. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. യേശുദാസ് പാടിയ ''ആയിരമായിരം കന്യകമാർ...'' എന്നാരംഭിക്കുന്ന ഗാനവും യേശുദാസും എസ്. ജാനകിയും പാടിയ ''പതിനേഴാം ജന്മദിനം'' എന്ന് തുടങ്ങുന്ന യുഗ്മഗാനവും എസ്. ജാനകി മാത്രം പാടിയ ''കനവിൽ ഞാൻ തീർത്ത വെണ്ണക്കൽ കൊട്ടാരം...'' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ''ആയിരമായിരം കന്യകമാർ/അനുരാഗമലർവനസുന്ദരിമാർ/ജീവിതയാത്രയിൽ എന്നരികത്തായ്/ ഈ വഴിയെന്നും വന്നു.../അതിലൊരുത്തി മാത്രം/അനുവാദമില്ലാതെ വിരുന്നിനെത്തി /സങ്കൽപസീമയിലെ മുന്തിരിക്കുടിലിങ്കൽ /സംഗീതം മൂളി മൂളി വിരുന്നിനെത്തി... ''
''പതിനേഴാം ജന്മദിനം'' എന്ന പാട്ടിന്റെ പല്ലവിയിങ്ങനെ: ''പതിനേഴാം ജന്മദിനം –നിന്റെ/ പതിനേഴാം ജന്മദിനം പറന്നു വന്നു –ഇന്ന്/ മധുമാസം നിന്റെ മെയ്യിൽ വിരുന്നു വന്നു...'' പിറന്നാൾ ആഘോഷിക്കുന്ന നായികക്ക് അനേകം സമ്മാനങ്ങൾ കിട്ടി. പി. ഭാസ്കരൻ എന്ന കവിയുടെ ഭാവനയുടെ ചിറകുകൾ ഇങ്ങനെയൊക്കെ കാണുന്നു. ''മൂവന്തിമാനമൊരു പാവാട തന്നു/പൂങ്കാവുകളോ പൂവ് തുന്നിയ ദാവണി തന്നു /വാർമഴവില്ലോടി വന്നു വർണമാലയായ്/കാമിനി ഞാൻ നിനക്കെന്തു സമ്മാനം നൽകും ? എന്ന് കാമുകൻ ചോദിക്കുമ്പോൾ ഒറ്റവരിയിൽ കാമുകി മറുപടി പറയുന്നു: ''വിലയേറും സമ്മാനം നിന്നനുരാഗം...'' യേശുദാസും പി. സുശീലയും പാടിയ ഒരു യുഗ്മഗാനവും ചിത്രത്തിലുണ്ട്. ''കറുത്ത വാവാം സുന്ദരി തന്റെ /കമ്മലിലൊമ്പതു കല്ലുണ്ട് –പൊൻ/കമ്മലിലൊമ്പതു കല്ലുണ്ട് / നീലാകാശക്കടവിങ്കൽ –അവൾ/നീന്താനോടിച്ചെന്നപ്പോ/ കമ്മലിലുള്ളൊരു മാണിക്യം/ കാണാതൂഴിയിൽ വീണല്ലോ'' എന്നിങ്ങനെ ഒഴുകുന്ന ഭാവനാസുന്ദരമായ വരികൾ.
എ. വിൻസെൻറ്, ഉദയചന്ദ്രിക
എസ്. ജാനകി പാടിയ ശോകഗാനവും ഹൃദയസ്പർശിയാണ്. ''കനവിൽ ഞാൻ തീർത്ത വെണ്ണക്കൽകൊട്ടാരം/കളിമണ്ണിൻ കോട്ടയായിരുന്നു/സുന്ദരയമുനയെന്നോർത്തതെൻ തോരാത്ത/കണ്ണുനീർ ചാലുകളായിരുന്നു...'' ഈ വരികളെ തുടർന്നു വരുന്ന അടുത്ത ചരണത്തിലെ വരികളും ഭാവനാസുന്ദരമാണ്. ''കളിയാടാൻ കിട്ടിയ കനകപ്രതീക്ഷയോ/കടലാസുതോണിയായിരുന്നു/നറുമുത്തെന്നോർത്തു ഞാൻ മാലയിൽ കോർത്തത്/ എരിയും കനൽക്കട്ടയായിരുന്നു...''
''മധുവിധു ദിനങ്ങൾ, മാതള വനങ്ങൾ/വിളിക്കുന്നു വിളിക്കുന്നു ഹൃദയങ്ങളെ/കൊതിക്കുന്ന ശലഭങ്ങളെ/പകലും രാവും വിരിയുന്നതവിടെ/ പരാഗസുരഭില പുഷ്പങ്ങൾ/ വിണ്ണിൽനിന്നു പറന്നുവന്നൊരു/ വിവാഹജീവിതസ്വപ്നങ്ങൾ'' എന്ന പാട്ട് യേശുദാസും സി.എം. ലക്ഷ്മിയും ചേർന്നാണ് പാടിയത്. എൽ.ആർ. ഈശ്വരി പാടിയ പ്രത്യേകതയുള്ള ഒരു നൃത്തഗാനവും 'ഇൻസ്പെക്ടർ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. ''ജനുവരി ഫെബ്രുവരി മാർച്ച്/ഏപ്രിൽ മെയ് ജൂൺ ജൂലൈ ആഗസ്റ്റ് സെപ്റ്റംബർ/ഒക്ടോബർ നവംബർ/ദാറ്റ് നവംബർ യൂ റിമംബർ'' എന്നിങ്ങനെയാണ് പാട്ടു തുടങ്ങുന്നത്.
'ഇൻസ്പെക്ടർ' എന്ന സിനിമ ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യമുള്ള ഒരു കുടുംബചിത്രമായിരുന്നു. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടില്ല. അതുകൊണ്ട് പി.ഐ.എം. കാസിം നിർമാണരംഗത്ത് തുടരുകയും 'ഇരുട്ടിന്റെ ആത്മാവ്' പോലെയുള്ള ഉജ്ജ്വല ചിത്രങ്ങൾ നിർമിക്കാൻ പ്രാപ്തനാവുകയും ചെയ്തു. 'ഇൻസ്പെക്ടറി'ലെ പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ രണ്ടു മൂന്നു പാട്ടുകൾ സംഗീതപ്രിയർ ഏറ്റുപാടി എന്നതും നല്ലകാര്യമാണ്. 'ഇൻസ്പെക്ടർ' എന്ന ചിത്രത്തിനു ശേഷം കേരളത്തിലെ തിയറ്ററുകളിലെത്തിയത് ഒരു ഹോളിവുഡ് സിനിമയെ അനുകരിച്ച് നിർമിക്കപ്പെട്ട സസ്പെൻസ് സിനിമയാണ്. പേരു തന്നെ തികച്ചും വ്യത്യസ്തം. 'ഡയൽ ഡബിൾ ടു ഡബിൾ ഫോർ (ഡയൽ 2244 )'' ഛായാഗ്രാഹകനായി തെന്നിന്ത്യൻ സിനിമയിൽ പ്രവേശിച്ച് സംവിധായകനും നിർമാതാവുമായി മാറിയ ആർ.എം. കൃഷ്ണസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹംതന്നെയാണ് നിർമിച്ചത്. കഥാകൃത്തായി കല്യാണസുന്ദരി എന്ന പേര് ടൈറ്റിലിൽ കൊടുത്തിരുന്നു. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരൻ എഴുതിയ അഞ്ചു ഗാനങ്ങൾക്ക് ഈണം പകർന്നത് ആദ്യകാല സംഗീതസംവിധായകനായ ജി.കെ. വെങ്കിടേഷ് ആണ്. (ഇളയരാജ തന്റെ ഗുരുവായി അംഗീകരിച്ചിട്ടുള്ള സംഗീതജ്ഞനാണ് ജി.കെ. വെങ്കിടേഷ്.) പ്രേംനസീർ, രാജശ്രീ, സച്ചു, സുകുമാരി, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, ടി.കെ. ബാലചന്ദ്രൻ, പ്രതാപചന്ദ്രൻ തുടങ്ങിയവർ അഭിനയിച്ച ഉദയഭാനു ഫിലിംസിന്റെ 'ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ' 1968 മേയ് മൂന്നാം തീയതിയാണ് തിയറ്ററുകളിലെത്തിയത്. ഗാനങ്ങൾക്ക് പ്രാധാന്യം അധികമില്ലാത്ത ഈ സസ്പെൻസ് ചിത്രത്തിൽ പശ്ചാത്തല സംഗീതത്തിനായിരുന്നു മുൻതൂക്കം. എ.പി. കോമള, എൽ.ആർ. ഈശ്വരി, ജമുനാറാണി, രേണുക, ലതാരാജു എന്നീ ഗായികമാർ മാത്രമേ ഈ സിനിമയിൽ പാടിയിട്ടുള്ളൂ. പുരുഷശബ്ദത്തിൽ ഒരു ഗാനംപോലുമില്ല. ജി.കെ. വെങ്കിടേഷിന്റെ ഇഷ്ടഗായിക എ.പി. കോമളയായിരുന്നു. അദ്ദേഹം തമിഴിലും കന്നടയിലും അപൂർവമായി മാത്രം പ്രവർത്തിച്ചിട്ടുള്ള മലയാളത്തിലും എ.പി. കോമളക്കു പാട്ടുകൾ നൽകുമായിരുന്നു. തികച്ചും വ്യത്യസ്തതയുള്ള ശബ്ദമായിരുന്നു എ.പി. കോമളയുടേത്. (വയലാർ- ദേവരാജൻ ടീമിന്റെ ''ചക്കരപ്പന്തലിൽ തേന്മഴപൊഴിയും ചക്രവർത്തികുമാരാ...'' എന്ന പ്രശസ്ത നാടകഗാനം ഗ്രാമഫോൺ ഡിസ്ക് ആയപ്പോൾ പാടിയത് എ.പി. കോമളയാണ്. 'കുട്ടിക്കുപ്പായം' എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ ''വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ വേലിക്കൽ നിന്നവനേ'' എ.പി. കോമള പാടിയതാണ്). ഈ ചിത്രത്തിലെ ഏറ്റവും മികച്ച ഗാനവും എ.പി. കോമളയാണ് പാടിയത്. ''ജീവിതക്ഷേത്രത്തിൻ ശ്രീകോവിൽ നിൻ കുടുംബം/നീയാണീ സന്നിധിയിൽ പൂജാബിംബം/കുടുംബിനിയെന്നാൽ നിന്റെ പൂജാരിണി–എന്നും/ഒടുങ്ങാത്ത പ്രേമത്തിൻ കുളിർവാഹിനി'' എന്നു തുടങ്ങുന്നു ആ ഗാനം. ''യ്യയ്യോ അഴകിൻ കനി ഞാൻ/ആഹഹാ മധുരക്കനി ഞാൻ/കാമുകന്മാർ കണ്ണു വയ്ക്കും/താമരക്കനി ഞാൻ'' എന്ന ഗാനം എൽ.ആർ. ഈശ്വരിയും രേണുകയും ചേർന്നു പാടി. കണ്ടാലോ സുന്ദരൻ/കണ്ണിണയാൽ കഥ പറയും/കല്യാണധാമൻ/കാമുകാ വരൂ വരൂ വേഗം/ മധുരക്കിനാക്കളാലെ/ മലർമാലയേകി നേത്രം/ആനന്ദപാനപാത്രം/ പകരും ഭവാനു മാത്രം'' എന്ന ഗാനവും ഈശ്വരിതന്നെയാണ് പാടിയത്. ''വാ വാ വാ എന്നു കണ്ണുകൾ/ നോ നോ നോ എന്നു ചുണ്ടുകൾ /വിളിച്ചിടുന്നു വിലക്കിടുന്നു/ മതി, ഭയമെന്റെ കളിത്തോഴാ'' എന്ന ഗാനം ജമുനാറാണി എന്ന പഴയ ഗായിക പാടി. എം.എസ്. വിശ്വനാഥൻ എൽ.ആർ. ഈശ്വരിയെ സോളോ പാടുന്ന ഗായികയായി അവതരിപ്പിക്കുന്നതിനു മുമ്പ് ഈശ്വരി പാടുന്ന തരത്തിലുള്ള പാട്ടുകൾ തമിഴിൽ പാടിയിരുന്നത് ജമുനാറാണിയാണ്. എൽ.ആർ. ഈശ്വരി മുന്നേറിയതോടെ ജമുനാറാണി പിന്നിലായി. ''മന്ദാരപ്പൂവനത്തിൽ മലർ നുള്ളാൻ പോയ നേരം പുന്നാരക്കാരനൊരുത്തൻ പുറകേ വന്നു -തന്റെ/കണ്ണാകും തൂലികയാലാ കത്തും തന്നു'' എന്നു തുടങ്ങുന്ന ഗാനം ലതാരാജുവും രേണുകയും പാടി.
'നാലുകെട്ടി'നു ശേഷം എം.ടി. വാസുദേവൻ നായർ എഴുതിയ പ്രശസ്ത നോവലാണ് 'അസുരവിത്ത്'. 'മുറപ്പെണ്ണ്', 'നഗരമേ, നന്ദി' എന്നീ ചിത്രങ്ങൾക്കു ശേഷം എം.ടിയുടെ തിരക്കഥയിൽ എ. വിൻസെന്റ് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് 'അസുരവിത്ത്'. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയങ്ങളായ സിനിമകളിലൊന്നായി 'അസുരവിത്തി'നെ കണക്കാക്കാമെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. മനോജ് പിക്ചേഴ്സിനു വേണ്ടി മാധവൻകുട്ടി നിർമിച്ച ഈ ചിത്രത്തിൽ പ്രേംനസീർ നായകനും ശാരദ നായികയുമായി. പി.ജെ. ആന്റണി, കവിയൂർ പൊന്നമ്മ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ശാന്താദേവി, ശങ്കരാടി, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, നിലമ്പൂർ ബാലൻ, കുഞ്ഞാവ തുടങ്ങിയവർ അഭിനയിച്ച 'അസുരവിത്തി'ൽ പാട്ടുകൾക്ക് അമിതപ്രാധാന്യമുണ്ടായിരുന്നില്ല. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ ഈണം നൽകിയ ഒരു ലഘുകവിതയും ഒരു പഴയ നാടൻപാട്ടും പി. ഭാസ്കരൻതന്നെ എഴുതിയ ഒരു മാപ്പിളപ്പാട്ടുമാണ് 'അസുരവിത്തി'ൽ ഉണ്ടായിരുന്നത്. പി. ജയചന്ദ്രനും രേണുകയും ചേർന്നു പാടിയ ''ഞാനിതാ തിരിച്ചെത്തി/മൽസഖീ പൊയ്പോയൊരെൻ/ഗാനസാമ്രാജ്യത്തിന്റെ/വീഥിയിൽ ഭിക്ഷക്കായി/വീണ്ടുമെൻ നാദത്തിന്റെ/ശക്തിയാലീ സാമ്രാജ്യം/വീണ്ടെടുക്കുവാനെനി–/ക്കാശയില്ലെന്നാകിലും/ഞാനൊരു പരദേശിയായിട്ടീ/സ്വർഗത്തിന്റെ/കോണിലൊരരയാലിൻ/ ഛായയിൽ ശയിച്ചോട്ടെ...'' എന്നിങ്ങനെയാണ് ഈ കവിത ആരംഭിക്കുന്നത്. പശ്ചാത്തലസംഗീതത്തിന്റെ ബഹളങ്ങൾ ഒന്നുമില്ലാതെ കവിതയായി തന്നെയാണ് കെ. രാഘവൻ മാസ്റ്റർ സാമാന്യം ദീർഘമായ ഈ കവിത അവതരിപ്പിച്ചിട്ടുള്ളത്. രണ്ടു പുതുമുഖങ്ങളാണ് ഈ രംഗത്ത് പ്രത്യക്ഷപ്പെടുന്നത് -പിന്നീട് 'അനാഥശില്പങ്ങൾ' എന്ന ചിത്രത്തിലൂടെ നായികയായി വന്ന സരസ്വതിയും രാജൻ മാമ്പിള്ളി എന്ന യുവനടനും. ''കുന്നത്തൊരു കാവുണ്ട് കാവിനടുത്തൊരു മരമുണ്ട്..." എന്ന നാടൻപാട്ട് സി.ഒ. ആന്റോയും പി. ലീലയും ചേർന്നു പാടി. ''കുന്നത്തൊരു കാവുണ്ട്/കാവിനടുത്തൊരു മരമുണ്ട്/മരത്തിൽ നിറയെ പൂവുണ്ട്/പൂ പറിക്കാൻ പോരുന്നോ/പൂങ്കുയിലേ പെണ്ണാളേ...'' എന്ന് പുരുഷശബ്ദം പാടുമ്പോൾ സ്ത്രീശബ്ദം ഇങ്ങനെ പാടുന്നു. ''കുന്നത്തൊരു കാവുണ്ടോ/കാവിനടുത്തൊരു മരമുണ്ടോ/പൂ പറിക്കാൻ പോരാം ഞാൻ/അച്ഛൻ കാവല് പോയാല്...'' അതിമനോഹരമായ ഈണം നൽകി കെ. രാഘവൻ ഈ നാടൻപാട്ടിനെ അനശ്വരമാക്കി. സി.ഒ. ആന്റോയും പി. ലീലയും ചേർന്ന് ഈ നാടൻപാട്ട് അതിമനോഹരമായി പാടുകയും ചെയ്തു. പി. ഭാസ്കരൻ പഴയ മാപ്പിളപ്പാട്ടു ശൈലിയിൽ എഴുതിയ ''പകലവനിന്നു മറയുമ്പോൾ...'' എന്ന ഗാനം സംഗീതസംവിധായകൻ കെ. രാഘവൻ തന്നെയാണ് പാടിയത്. പി. ഭാസ്കരന്റെ വരികൾ ഇങ്ങനെ തുടങ്ങുന്നു: ''പകലവനിന്നു മറയുമ്പോൾ/അകില് പുകച്ച മുറിക്കുള്ളിൽ/പനിമതിബിംബമുദിച്ച പോൽ/പുതുമണവാട്ടി – ഏഴാം/ബഹറിനകത്തൊരു ഹൂറിയാകും/മണിമറിമാൻകുട്ടി...'' ഒരു മാപ്പിളപ്പാട്ടിലൂടെ കാലഘട്ടം കൊണ്ടുവരാൻ പി. ഭാസ്കരൻ എന്ന ഗാനരചയിതാവിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. ഈ പാട്ടിലെ തുടർന്നുള്ള ചില വരികൾകൂടി കേൾക്കുക. ''തരിവളയിട്ട കരംകൊട്ടി/തരമൊടു കിസ്സകൾ പലതും കെട്ടി /കളിചിരിയോടെ മൊഞ്ചു കലർന്ന/കളമൊഴിമാരെത്തി –പലപല/കുളിരണി വിശറികളത്തറിൽ മുക്കി/പുതുമകൾ കാട്ടീടും...'' എന്നിങ്ങനെ തുടരുന്നു പ്രതിഭ തിളങ്ങുന്ന വരികൾ. ഈണം നൽകിയ കെ. രാഘവനാണ് അതിമനോഹരമായ ഈ മാപ്പിളപ്പാട്ടിന് ശബ്ദവും നൽകിയത്. 'നീലക്കുയിലി'ലെ ''കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി" എന്ന മരണമില്ലാത്ത മാപ്പിളപ്പാട്ട് പാടിയതും കെ. രാഘവൻ തന്നെയാണല്ലോ.
നടനും നിർമാതാവും സംവിധായകനുമായ പി.എ. തോമസിന്റെ കീഴിൽ ദീർഘകാലം സംവിധാനസഹായിയായും പിന്നീട് സഹസംവിധായകനായും പ്രവർത്തിച്ചതിനു ശേഷം ഒ. രാമദാസ് സ്വന്തമായി നിർമിച്ച് സംവിധാനംചെയ്ത ചിത്രമാണ് 'വഴി പിഴച്ച സന്തതി'. എം. പരമേശ്വരൻ നായർ കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രത്തിൽ സത്യൻ, അംബിക, മധു, കമലാദേവി, കെ.പി. ഉമ്മർ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ശങ്കരാടി, ടി.ആർ. ഓമന, മണവാളൻ ജോസഫ്, സി.ഐ. പോൾ തുടങ്ങി ഒരു വൻതാരനിര തന്നെയുണ്ടായിരുന്നു. പി. ഭാസ്കരൻ എഴുതിയ അഞ്ചു ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ് ആണ് സംഗീതം നൽകിയത്. യേശുദാസ്, ജയചന്ദ്രൻ, പി. ലീല, ബി. വസന്ത എന്നിവരായിരുന്നു പ്രധാന ഗായകർ. പി. ലീല പാടിയ ''അല്ലിയാമ്പൽ പൂവുകളേ കണ്ടുവോ/മുല്ലമലർ ബാണനെന്നെ/തല്ലിയതും നുള്ളിയതും/അല്ലിയാമ്പൽ പൂവുകളെ കണ്ടുവോ/അന്തിവെയിൽപൊന്നലയിൽ നീന്തിവന്നെന്റെ/അന്തികത്തിൽ വന്നണഞ്ഞു കണ്ണുകൾ പൊത്തി'' എന്ന ഗാനവും ''താരുണ്യപൊയ്കയിൽനിന്നൊരു/താമരമലർ നുള്ളിയെടുത്തു/ മാരന്റെ മാറ് നോക്കി മലരമ്പെയ്തു'' എന്ന ഗാനവും പി. ലീലയാണ് പാടിയത്. ''പങ്കജദള നയനേ, മാനിനി, മൗലേ/മംഗലാംഗൻ മാവേലിയും വന്നല്ലോ തൈ തൈ/കരിമുകിൽനിരനീങ്ങി കുളുർമാനം തെളിഞ്ഞു / മലയാളത്തെളിമണ്ണു മലരാടയണിഞ്ഞു.../ആറുകൾ തെളിഞ്ഞു ആവണിയണഞ്ഞു /അത്തപ്പൂക്കളം എവിടെയും നിരന്നു'' എന്ന ഗാനം പി. ലീല, ബി. വസന്ത, ശ്രീലത എന്നിവർ ചേർന്നു പാടി. ''ഹരികൃഷ്ണ കൃഷ്ണ ഹരികൃഷ്ണ/ചരണപങ്കജയുഗളം ഞങ്ങൾക്ക് /ശരണമെന്നെന്നും മുകിൽവർണാ/കൃഷ്ണാ കൃഷ്ണാ കൃഷ്ണാ...'' എന്ന ഭക്തിഗാനം പി. ജയചന്ദ്രൻ, പി. ലീല, വസന്ത, ശ്രീലത, ബി. സാവിത്രി എന്നിങ്ങനെ അഞ്ചു ഗായകർ ചേർന്നാണ് പാടിയത്. യേശുദാസ് പാടിയ ''ഓളത്തിലൊഴുകുന്നൊരാലിലയെ പോലെ താളം തെറ്റിയ ജീവിതമേ/എന്തെല്ലാം വേഷങ്ങൾ/എന്തെല്ലാം ഭാവങ്ങൾ/ നിൻ ചുറ്റും കാണുന്നു നാടകത്തിൽ...'' എന്ന ഗാനവും ചിത്രത്തിലുണ്ടായിരുന്നു. എല്ലാ ഗാനങ്ങളും ഭേദപ്പെട്ടവയായിരുന്നു. എങ്കിലും ഏറ്റവുമധികം ജനപ്രീതി നേടിയെടുത്ത മലയാള സിനിമാഗാനങ്ങളുടെ നിരയിൽ നിൽക്കാൻ പ്രാപ്തിയുള്ള ഒരു ഗാനം സംഭാവനചെയ്യാൻ 'വഴി പിഴച്ച സന്തതി' എന്ന സിനിമക്ക് സാധിച്ചില്ല. 1968 മേയ് 17ന് തിയറ്ററുകളിലെത്തിയ 'വഴി പിഴച്ച സന്തതി' സാമ്പത്തികവിജയം നേടിയില്ല. പിന്നീട് ഒ. രാമദാസിന് സ്വന്തമായി സിനിമ നിർമിക്കാനും കഴിഞ്ഞില്ല. തന്റെ ഗുരുവായ പി.എ. തോമസിന്റെ വിവിധ സിനിമകളിലും സ്വന്തം സിനിമയിലും അഭിനയിച്ച കമലാദേവി എന്ന നടിയെ രാമദാസ് വിവാഹം കഴിച്ചു. ആ ദാമ്പത്യം നിലനിൽക്കുകയും ചെയ്തു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.