1960കളുടെ ഒടുവിൽ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ‘അഞ്ചു സുന്ദരികളു’ടെ പിന്നണി കഥകൾ എഴുതുന്നു. ‘െപങ്ങൾ’, ‘അപരാധിനി’ സിനിമകളിലെ പാട്ടുകൾ ഉണർത്തിയ ഒാളങ്ങളെപ്പറ്റിയും വിവരിക്കുന്നു. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അഞ്ചു സുന്ദരികൾ’ എന്ന ചിത്രം സോണി പിക്ചേഴ്സിനു വേണ്ടി പി.ഐ.എം. കാസിം ആണ് നിർമിച്ചത്. ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. ഒരു ഇടവേളക്കുശേഷം യൂസഫലി കേച്ചേരി എഴുതിയ ആറു ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസ്, പി. സുശീല, എസ്....
1960കളുടെ ഒടുവിൽ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ‘അഞ്ചു സുന്ദരികളു’ടെ പിന്നണി കഥകൾ എഴുതുന്നു. ‘െപങ്ങൾ’, ‘അപരാധിനി’ സിനിമകളിലെ പാട്ടുകൾ ഉണർത്തിയ ഒാളങ്ങളെപ്പറ്റിയും വിവരിക്കുന്നു.
എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അഞ്ചു സുന്ദരികൾ’ എന്ന ചിത്രം സോണി പിക്ചേഴ്സിനു വേണ്ടി പി.ഐ.എം. കാസിം ആണ് നിർമിച്ചത്. ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. ഒരു ഇടവേളക്കുശേഷം യൂസഫലി കേച്ചേരി എഴുതിയ ആറു ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസ്, പി. സുശീല, എസ്. ജാനകി എന്നിവർ ഈ ഗാനങ്ങൾ ആലപിച്ചു. ആറു പാട്ടുകളിൽ നാലും യേശുദാസാണ് പാടിയത്. അദ്ദേഹം പാടിയ ‘‘അമൃതും തേനും എന്തിനു വേറെ/അരികിലെന്നോമനേ നീയില്ലേ’’ എന്ന ഗാനം ശീർകാഴി ഗോവിന്ദരാജൻ തമിഴിൽ പാടിയ ‘‘അമുദും തേനും ഏതർക്ക് -ഉൻ/അരുകിനിൽ ഇരുക്കയിലേ -എനക്ക്’’ എന്ന ഗാനപല്ലവിയുടെ പദാനുപദ പരിഭാഷയായിരുന്നു. സ്വാഭാവികമായും ഇത് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. നിർമാതാവിന്റേയോ ബന്ധപ്പെട്ട മറ്റാരുടെയെങ്കിലുമോ സമ്മർദം അതിന്റെ പിന്നിലുണ്ടാവാം. ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്. എങ്കിലും ആ ഗാനം പൂർണരൂപത്തിൽ മനോഹരമായിരുന്നു. തുടർന്നുള്ള വരികളിലെല്ലാം യൂസഫലി തന്റെ സ്വത്വം കാത്തുസൂക്ഷിച്ചു എന്ന യാഥാർഥ്യം മറക്കരുതല്ലോ. ‘‘അമൃതും തേനും എന്തിനു വേറേ/അരികിലെന്നോമനേ നീയില്ലേ’’ എന്ന രണ്ടു വരികൾ കഴിഞ്ഞാൽ പിന്നെ ‘‘പപമ ഗരി നിരിസ...’’ എന്ന് തുടങ്ങുന്ന സ്വരങ്ങൾ ആണ്. അനുപല്ലവിയും ചരണവും ഇങ്ങനെ: ‘‘മണിയറദീപങ്ങൾ കണ്ണുകൾ പൊത്തിയ /മാദക മധുവിധുരാത്രിയിൽ/പറയാൻ കഴിയാത്ത സ്വർഗീയലഹരി/പകർന്നുതന്നു നീ കണ്മണി/വീണയിൽ ഉയരും നാദം നിൻമൊഴി/വാനിൽ വിരിയും താരം നിൻമിഴി/കുസുമിതസുരഭില ലതയീ മേനി/രാഗമനോഹര സുഖവാഹിനി...’’ ഒരു കർണാടക കീർത്തനത്തിന്റെ ഛായയിലാണ് ബാബുരാജ് ഈ ഗാനം ഒരുക്കിയിട്ടുള്ളത്. ബാബുരാജിന് ഉത്തരേന്ത്യൻ സംഗീതമേ വഴങ്ങുകയുള്ളൂ എന്നു പുലമ്പുന്നവർ തീർച്ചയായും ഈ പാട്ടു കേട്ടിരിക്കണം. യേശുദാസ് തന്നെ പാടിയ ‘‘സിന്ദൂരച്ചെപ്പിലും കണ്ടില്ല/മൂവന്തിച്ചോപ്പിലും കണ്ടില്ല/നിൻ കവിൾകൂമ്പിലെ മാദകത്വം/മുന്തിരിച്ചാറിലും കണ്ടില്ല’’ എന്ന ഗാനവും മികച്ചതായിരുന്നു. ഗാനം ഇങ്ങനെ തുടരുന്നു: ‘‘കാർവരി വണ്ടിലും കണ്ടില്ല/കൂരിരുൾചാർത്തിലും കണ്ടില്ല.../നിൻ ചുരുൾമൂടിയിലെ ഭംഗി ഞാൻ മാനത്തെ/നീലമേഘത്തിലും കണ്ടില്ല’’ എന്നിങ്ങനെ തുടരുന്നു ആ ഗാനം. യേശുദാസ് പാടിയ മൂന്നാമത്തെ പാട്ട് ‘‘അഞ്ചു സുന്ദരികൾ...’’ എന്നു തുടങ്ങുന്നു. ‘‘അഞ്ചു സുന്ദരികൾ അഞ്ചു സുന്ദരികൾ/മാറിലെയ്യാൻ മാരൻ തൊടുക്കും/ അഞ്ചു പൂവമ്പുകൾ -നിങ്ങൾ/അഞ്ചു സുന്ദരികൾ...’’ യേശുദാസ് പാടിയ നാലാമത്തെ പാട്ട് ഇങ്ങനെയാണ്. ‘‘മായാജാലച്ചെപ്പിനുള്ളിലെ /മാണിക്യക്കല്ലാണ് പ്രേമം -ഒരു/മാണിക്യക്കല്ലാണ് പ്രേമം/കണ്ടാൽ മിന്നണ കല്ല്–അതു/കൈയിലെടുത്താൽ കണ്ണാടിച്ചില്ല്.../താരുണ്യവനിയിൽ തളിരിട്ടു നിൽക്കും /ഓമനപ്പൂമുല്ലവല്ലികളിൽ/പുളകങ്ങൾ പുൽകിയുണർത്താനണയും/മധുമാസമാണീയനുരാഗം...’’ പി. സുശീല പാടിയ ‘‘പാട്ടുപാടി പാട്ടു പാടി/ പാട്ടിലാക്കി മാനസം/പാട്ടുകാരാ പാവമെന്നോ-/ടെന്തിനാണീ നീരസം’’ എന്ന ഗാനവും എസ്. ജാനകി പാടിയ ‘‘പതിനേഴിലെത്തിയ പരുവം/കണ്ടാൽ കൊതിയ്ക്കുന്ന പരുവം/ആടാത്ത മനവും തേടാത്ത മിഴിയും/കൂടെ പോരുന്ന പരുവം...’’ എന്ന ഗാനവുമാണ് ‘അഞ്ചു സുന്ദരികൾ’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേംനസീർ, ജയഭാരതി, ഉദയചന്ദ്രിക, റാണി ചന്ദ്ര, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ജി.കെ. പിള്ള, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനയിച്ച ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമ 1968 ഒക്ടോബർ 11ന് തിയറ്ററുകളിൽ എത്തി. സിനിമ സാമ്പത്തികമായി വിജയിച്ചു. എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ഭൂരിപക്ഷം കമേഴ്സ്യൽ സിനിമകളും അക്കാലത്ത് സാമ്പത്തിക വിജയം നേടിയിരുന്നു.
സത്യൻ എന്ന നടൻ മികച്ച ചിത്രങ്ങളിൽ നായകനാകുമ്പോഴും മികച്ച എഴുത്തുകാരുടെയും സംവിധായകരുടെയും പിന്തുണയില്ലാത്ത ചില മോശം സിനിമകളിലും അദ്ദേഹത്തിന് അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. ‘‘നിലനിൽപിനുവേണ്ടിയുള്ള വിട്ടുവീഴ്ചകൾ’’ എന്ന് ഇതിനെ കാണാം. ഇന്നത്തെപോലെ ഒരു സിനിമയുടെ മുടക്കുമുതലിൽ ഏതാണ്ട് മൂന്നിലൊന്നു ഭാഗവും നായകന്റെ പ്രതിഫലമായി ഒഴുകുന്ന കാലമായിരുന്നില്ല അത്. രണ്ടു ലക്ഷം രൂപ മൊത്തം മുടക്കുമുതൽ വരുന്ന ഒരു സിനിമയിൽ അഭിനയിക്കുന്നതിന് അതിന്റെ പത്ത് ശതമാനംപോലും അക്കാലത്ത് നായകനടന് പ്രതിഫലമായി ലഭിച്ചിരുന്നില്ല. വെറും പതിനായിരം രൂപയാണ് 1968-1970 കാലഘട്ടങ്ങളിൽ സത്യനും പ്രേംനസീറും നായകനായി അഭിനയിക്കുന്നതിന് പ്രതിഫലമായി വാങ്ങിയിരുന്നത്. എഴുപതുകളിലാണ് ആ പ്രതിഫലം പതിനയ്യായിരവും ഇരുപതിനായിരവുമൊക്കെയായി വളർന്നത്. സത്യൻ നായകനായി അഭിനയിച്ച ‘പെങ്ങൾ’ എന്ന സിനിമ എല്ലാവിധത്തിലും ഒരു പരാജയമായിരുന്നു. മധുമതി, ചിത്രാദേവി എന്നിവരാണ് ഈ സിനിമയിൽ നായികമാരായി വന്നത്. മുത്തയ്യ, കോട്ടയം ചെല്ലപ്പൻ, എസ്.പി. പിള്ള, ബഹദൂർ, മീന തുടങ്ങിയവരും താരനിരയിൽ ഉണ്ടായിരുന്നു. റിനൗൺഡ് ഫിലിംസ് ലിമിറ്റഡ് നിർമിച്ച ‘പെങ്ങൾ’ കഥയെഴുതി സംവിധാനംചെയ്തത് എ.കെ. സഹദേവൻ എന്നയാളാണ്. ശാന്തകുമാർ, എം.പി. സുകുമാർ എന്നിങ്ങനെ രണ്ടുപേരാണ് പാട്ടുകൾ എഴുതിയത്. രണ്ടു ഗാനരചയിതാക്കൾ ഉണ്ടെന്നല്ലാതെ ഒരാൾ ഏതൊക്കെ പാട്ടുകൾ എഴുതി എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പാട്ടു പുസ്തകത്തിലും അത് രേഖപ്പെടുത്തിയിട്ടില്ല. ജോബും ജോർജും ചേർന്ന് ആ ഗാനങ്ങൾക്ക് സംഗീതം നൽകി. ജോബ്-ജോർജ് ടീം ആ കാലത്ത് കൊച്ചിപ്രദേശങ്ങളിലെ നാടകരംഗത്ത് അറിയപ്പെടുന്ന സംഗീതസംവിധായകർ ആയിരുന്നു. ചില ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്കും അവർ ഈണംപകർന്നിരുന്നു. യേശുദാസ്, പി. ലീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ തുടങ്ങിയ പ്രശസ്ത ഗായകർ പാടിയിട്ടും ‘പെങ്ങൾ’ എന്ന സിനിമയിലെ പാട്ടുകൾ എന്തുകൊണ്ടോ കാര്യമായ ചലനം സൃഷ്ടിച്ചില്ല.
സി.ഒ. ആന്റോ പാടിയ ‘‘തേടുകയാണെല്ലാരും പക്ഷേ/നേടുവതെന്താണുലകത്തിൽ..?’’ എന്ന ഗാനത്തിൽ ഒരു ദാർശനികതലം ഉണ്ടായിരുന്നു. തുടർന്നുള്ള വരികളും ശ്രദ്ധിക്കുക. ‘‘തമസ്സിനുള്ളിൽ തപസ്സിരിക്കും/താമര, കിരണം തേടുന്നു/കൊറ്റിനു വഴിയില്ലാത്തോരൊരുപിടി/വറ്റും തേടി പൊരിയുന്നു/ വേരുകൾ വെള്ളം തേടുന്നു/വണ്ടുകൾ തേന്മലർ തേടുന്നു/ഇണയെ തേടി അലയും മാനിനെ/ഇരയാക്കുന്നു മൃഗരാജൻ..!’’
‘കണ്ണുപൊത്തിക്കളിക്കണ പെണ്ണേ-നിന്റെ/കണ്ണിലിരിക്കണതാരാ-നിന്റെ/കരളിലൊളിപ്പവനാരാ..?/പ്രണയക്കുറിപ്പുമായി വന്ന്- എന്നെ/ കെണി വെച്ചിരിപ്പവനാരാ -എന്നെ/വല വെച്ചിരിപ്പവനാരാ..?’’ എന്ന യുഗ്മഗാനം യേശുദാസും എൽ.ആർ. ഈശ്വരിയും ചേർന്നു പാടി. യേശുദാസ് പാടിയ ‘‘വ്യാമോഹം വ്യാമോഹം വ്യാമോഹം/ഭൂമിയിലെങ്ങും വ്യാമോഹം/ മണ്ണിൽ മണ്ണായ് മറയും നമ്മുടെ/കണ്ണീരൂറിയതീ ലോകം/തെളിനീരിന്നു മരീചിക നോക്കി/കുതിച്ചു പായും വ്യാമോഹം...’’ എന്ന ഗാനവും മോശമായിരുന്നില്ല. പി. ലീല പാടിയ ‘‘കാർമുകിലൊളിവർണാ -കണ്ണാ/കാമദമൃദുശീലാ/മാധവാ മനോഹരാ വാസുദേവാ കാർമുകിലൊളിവർണാ’’ എന്ന പ്രാർഥനാഗീതവും എസ്. ജാനകി പാടിയ ‘‘രാരാരോ രാരിരാരോ/ ഓമനക്കുഞ്ഞേ രാരാരോ/ താമരക്കുഞ്ഞേ രാരാരോ’’ എന്നിങ്ങനെ തുടങ്ങുന്ന താരാട്ടും ‘പെങ്ങൾ’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. രണ്ടു ഗാനരചയിതാക്കളും നവാഗതരായിരുന്നെങ്കിലും രചന മോശമായിരുന്നു എന്നു പറഞ്ഞുകൂടാ. സംഗീതസംവിധായകരായ കെ.വി. ജോബും ജോർജും സൃഷ്ടിച്ച ഈണങ്ങളും ഭേദപ്പെട്ടവയായിരുന്നു. ജോർജ് ക്രമേണ രംഗത്തുനിന്നു പിന്മാറിയെങ്കിലും കെ.വി. ജോബ് തനിച്ച് സംഗീതസംവിധായകനായി മലയാള സിനിമയിൽ തുടരുകയും പിൽക്കാലത്ത് ചില മികച്ച ഈണങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയായ വർഗീസ് തോലത്ത് സംഭാഷണം എഴുതി. 1968 ഒക്ടോബർ 25ന് ‘പെങ്ങൾ’ എന്ന ചിത്രം പ്രദർശനം ആരംഭിച്ചു. ചിത്രം സാമ്പത്തികമായും തികഞ്ഞ പരാജയമായിരുന്നു. 1968 നവംബർ 7ന് പുറത്തുവന്ന ‘അപരാധിനി’ എന്ന ചിത്രം ഗാനങ്ങൾ എഴുതി സംവിധാനംചെയ്തത് പ്രഗല്ഭനായ പി. ഭാസ്കരൻ ആണ്. തെന്നിന്ത്യൻ സിനിമാരംഗത്ത് പ്രശസ്തനായ അതികായൻ ബി.എസ്. രംഗ നിർമിച്ച ചിത്രമാണിത്. ഛായാഗ്രാഹകനും സംവിധായകനും നടനും നിർമാതാവുമായ ബി.എസ്. രംഗയാണ് മദ്രാസിൽ ഏറെക്കാലം നിലനിന്ന വിക്രം സ്റ്റുഡിയോയുടെയും വിക്രം ലബോറട്ടറിയുടെയും സ്ഥാപകൻ. ഏകദേശം എൺപത്തേഴു സിനിമകളുടെ സംവിധായകനും നിർമാതാവുമാണ് ബി.എസ്. രംഗ. കന്നട, തമിഴ്, തെലുഗു ഭാഷകളിലാണ് അദ്ദേഹം കൂടുതൽ ചിത്രങ്ങൾ നിർമിച്ചത്. കന്നട സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർതാരമായ രാജ്കുമാറിനെ നായകനാക്കി 18 സിനിമകൾ അദ്ദേഹം കന്നട ഭാഷയിൽ മാത്രം നിർമിച്ചിട്ടുണ്ട്. സത്യൻ, ശാരദ, അംബിക, പദ്മിനി കോൽഹാപുരി, സുകുമാരി, തിക്കുറിശ്ശി, അടൂർ ഭാസി, ബഹദൂർ, ബേബി രജനി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു. ബി.എസ്. രംഗ കന്നടയിൽ നിർമിച്ച ഒരു സിനിമയുടെ റീമേക്ക് ആയിരുന്നു ‘അപരാധിനി’. മോഹൻ എഴുതിയ കഥക്ക് പ്രശസ്ത നോവലിസ്റ്റായ പാറപ്പുറത്ത് തിരക്കഥയും സംഭാഷണവും തയാറാക്കി. പി. ഭാസ്കരൻ എഴുതിയ അഞ്ചു ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസനാണ് ഈണം നൽകിയത്. യേശുദാസ്, പി.ബി. ശ്രീനിവാസ്, പി. സുശീല, എസ്. ജാനകി എന്നിവർ ആ പാട്ടുകൾ പാടി. യേശുദാസ് പാടിയ ‘‘ജീവിതത്തിലെ നാടകമോ/നാടകത്തിലെ ജീവിതമോ/ഏതോ സത്യം എല്ലാം വ്യർഥം/ എന്തിനാണീ മൂടുപടം?’’ എന്നു തുടങ്ങുന്ന ഗാനം ഭാസ്കരഗീതങ്ങളുടെ നിലവാരം പുലർത്തുന്നതു തന്നെയായിരുന്നു. ‘‘വിധിയാണിവിടെ കളിയാശാൻ/നടനാം നീയൊരു കരുമാത്രം/കളി നടക്കുമ്പോൾ കൽപന പോലെ/കരയണം ചിരിക്കണം, അതുമാത്രം.../അഭിനയമധ്യത്തിൽ വിളക്കുകളെല്ലാം/അണഞ്ഞു, വേദിയിൽ ഇരുൾ മാത്രം/അടുത്ത രംഗമേതെന്നാരറിഞ്ഞു/അവസാന രംഗമെന്തെന്നാരറിഞ്ഞു...’’ യേശുദാസും എസ്. ജാനകിയും പാടിയ യുഗ്മഗാനവും പ്രശസ്തി നേടി. ‘‘കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ/മുട്ടിവിളിക്കുന്ന റാണിയാരോ?’’ എന്നു നായകൻ ചോദിക്കുമ്പോൾ ‘‘റാണിയല്ല ഞാൻ റാണിയല്ല/ യാചകി, പ്രേമയാചകി’’ എന്നു നായിക മറുപടി പറയുന്നു. വീണ്ടും നായകൻ ചോദിക്കുന്നു: ‘‘വാടിക്കരിഞ്ഞ മരുഭൂവിൽ പൂങ്കുല/ചൂടിച്ച വാസന്തദേവിയാരോ...’’ അപ്പോൾ നായികയുടെ മറുപടിയിങ്ങനെ: ‘‘ദേവിയല്ല, ഞാൻ രാജവീഥിയിൽ/പൂവുകൾ വിൽക്കും പൂക്കാരി...’’ രസകരമായ ചോദ്യവും മറുപടിയും തുടരുന്നു. ‘‘ഗോപുരവാതിലിൽ സങ്കൽപമാലയാൽ/ദീപം കൊളുത്തിക്കഴിഞ്ഞില്ല ഞാൻ/ഏകയാമെൻ കയ്യിലുണ്ടല്ലോ/സ്നേഹദീപത്തിൻ കൈത്തിരി’’ എന്നു നായിക മൊഴിയുമ്പോൾ നായകൻ ‘‘വേഗം വിരിക്കട്ടെ ദേവീ, നിനക്കായി/മോഹനമന്ദാര പുഷ്പതലം...’’ അപ്പോൾ നായിക വീണ്ടും വിനീതയാകുന്നു. ‘‘പാദപൂജയ്ക്കായി ഞാനിരുന്നീടാം/പാഴ്നിലമിതിലെന്നുമേ...’’
എസ്. ജാനകി പാടിയ ‘‘രാജഹംസമേ -എൻ രാജഹംസമേ/പ്രേമപുഷ്പവനത്തിൽ വളർന്നൊരു/ രാജഹംസമേ .../എൻ കാമദേവനു കേൾക്കാനായെൻ/കഥകൾ ചൊല്ലുമോ/ എൻ കഥകൾ ചൊല്ലുമോ...’’ എന്ന പാട്ടും പി. സുശീല പാടിയ വിവാഹമണ്ഡപത്തിലാളൊഴിയും/വിരുന്നുകാർ കൈ കൂപ്പി പിരിഞ്ഞുപോകും/ അണിയറയിൽ -നിന്റെ മണിയറയിൽ നീയും/മണവാളച്ചെറുക്കനും മാത്രമാകും’’ എന്ന കളിയാക്കൽ ഗാനവും പി.ബി. ശ്രീനിവാസും പി. സുശീലയും ചേർന്നു പാടിയ ‘‘ദേവയാനീ...ദേവയാനീ...’’ എന്നാരംഭിക്കുന്ന ഗാനവും ഉണ്ടായിരുന്നു. ‘‘ദേവയാനീ... ദേവയാനീ/കുമുദിനി പ്രിയതമനുദിച്ചില്ല/ കൂട്ടിലേക്കിളംകിളി മടങ്ങിയില്ല/മൂവന്തി വന്നില്ല- മുല്ലപ്പൂ ചൂടിയില്ല/പോവാൻ തിടുക്കമെന്തേ-ദേവയാനീ’’ എന്ന ഗാനം ഒരു അന്തർനാടകത്തിലുള്ളതാണ്. വിഷയം -കചദേവയാനി. പ്രണയമധുരമായ നല്ല വരികൾ ഈ ഗാനത്തിലുണ്ട്. ‘‘പുഷ്പാഞ്ജലിമാല കോർത്തില്ല /പൂജയ്ക്കു ചന്ദനമരച്ചില്ല/ കസ്തൂരിമാനിനും കറുക കൊടുത്തില്ല/കർപ്പൂരതുളസിക്കു നനച്ചില്ല/അനുരാഗപൂജയിതു തീരും മുമ്പേ കൺകൾ/അമൃതാഭിഷേകം ചെയ്തു കഴിയും മുമ്പേ/മടങ്ങല്ലേ മടങ്ങല്ലേ മത് സവിധം വിട്ടു നീ/മദനന്റെ നാട്ടിലെ മാരിവില്ലേ...’’ കചന്റെ അഭ്യർഥനക്ക് ദേവയാനി ഇങ്ങനെ മറുപടി നൽകുന്നു, ‘‘അകലെ പോയാലും എൻ മാനസരഥത്തിൽ/അവിടുത്തെ കൂടെ ഞാൻ കൊണ്ടുപോകും/രാവും പകലുമെൻ സങ്കല്പക്ഷേത്രത്തിൽ/രാഗപുഷ്പാഞ്ജലി ഭവാനു മാത്രം..!’’
പി. ഭാസ്കരന്റേതു മാത്രമായ രചനാശൈലിയുടെ മുദ്രകൾ ‘അപരാധിനി’യിലെ എല്ലാ ഗാനങ്ങളിലുമുണ്ടായിരുന്നു. എം.ബി. ശ്രീനിവാസന്റെ സംഗീതശൈലിയും തികച്ചും വ്യത്യസ്തം. എങ്കിലും പി. ഭാസ്കരൻ ദീർഘകാലം നിലനിർത്തിയ ഒന്നാംസ്ഥാനത്തിനു ഭംഗം നേരിടുകയും വയലാർ രാമവർമ ചിത്രങ്ങളുടെ എണ്ണത്തിൽ മുന്നിലെത്തുകയും ചെയ്യുന്ന അവസ്ഥ അടുത്തു കഴിഞ്ഞിരുന്നു. സംവിധാനത്തിൽ ഒപ്പം നിൽക്കുന്ന പി. ഭാസ്കരനെ പഴയ മിത്രങ്ങളായ എ. വിൻസെന്റ്, കെ.എസ്. സേതുമാധവൻ, എം. കൃഷ്ണൻ നായർ തുടങ്ങിയ സംവിധായകർ തുടർച്ചയായി ഒഴിവാക്കിയതും വയലാറിന്റെ മുന്നേറ്റത്തിന് സഹായകരമായി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.