ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശിൽപഗോപുരം തുറന്നു...

ബാലനടിയായി അഭിനയിച്ചുകൊണ്ടിരുന്ന ബേബി റോജാരമണിയെ ശോഭന എന്ന പേരിൽ നായികയാക്കിയും മധുവിനെ ഒരു സ്വഭാവനടനായി ‘ചെമ്പരത്തി’യിൽ ഉൾപ്പെടുത്തിയും നടത്തിയ പരീക്ഷണം വിജയമായിത്തീർന്നത് മലയാള സിനിമാവ്യവസായത്തിൽ പുതിയ ചലനമുണ്ടാക്കി. ഈ സമയത്ത് ചില ബുദ്ധിജീവികൾ പ്രേംനസീറിനെ പരിഹസിച്ചുകൊണ്ട് ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു -‘ചെമ്പരത്തി’, ‘അച്ഛനും ബാപ്പയും’, ‘ഒരു സുന്ദരിയുടെ കഥ’ എന്നീ സിനിമകളിലെ പാട്ടുകളിലൂടെ യാത്ര തുടരുന്നു.‘മലയാളനാട്’ വാരികയുടെ ഉടമസ്ഥനും പ്രശസ്ത വ്യവസായിയുമായ എസ്.കെ. നായർ പി.എൻ. മേനോനെ സംവിധായകനാക്കി നിർമിച്ച ‘ചെമ്പരത്തി’ എന്ന സിനിമ പല രീതികളിൽ വ്യത്യസ്തത...

ബാലനടിയായി അഭിനയിച്ചുകൊണ്ടിരുന്ന ബേബി റോജാരമണിയെ ശോഭന എന്ന പേരിൽ നായികയാക്കിയും മധുവിനെ ഒരു സ്വഭാവനടനായി ‘ചെമ്പരത്തി’യിൽ ഉൾപ്പെടുത്തിയും നടത്തിയ പരീക്ഷണം വിജയമായിത്തീർന്നത് മലയാള സിനിമാവ്യവസായത്തിൽ പുതിയ ചലനമുണ്ടാക്കി. ഈ സമയത്ത് ചില ബുദ്ധിജീവികൾ പ്രേംനസീറിനെ പരിഹസിച്ചുകൊണ്ട് ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു -‘ചെമ്പരത്തി’, ‘അച്ഛനും ബാപ്പയും’, ‘ഒരു സുന്ദരിയുടെ കഥ’ എന്നീ സിനിമകളിലെ പാട്ടുകളിലൂടെ യാത്ര തുടരുന്നു.

‘മലയാളനാട്’ വാരികയുടെ ഉടമസ്ഥനും പ്രശസ്ത വ്യവസായിയുമായ എസ്.കെ. നായർ പി.എൻ. മേനോനെ സംവിധായകനാക്കി നിർമിച്ച ‘ചെമ്പരത്തി’ എന്ന സിനിമ പല രീതികളിൽ വ്യത്യസ്തത പുലർത്തി. ന്യൂ ഇന്ത്യ ഫിലിംസിന്റെ ബാനറിൽ തയാറായ ‘ചെമ്പരത്തി’ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് മലയാറ്റൂർ രാമകൃഷ്‌ണൻ ആണ്.

മലയാള സിനിമയിലെ സ്ഥിരം നായകന്മാരെയും നായികമാരെയും ഒഴിവാക്കി വളർന്നുകൊണ്ടിരുന്ന രണ്ടു പുതിയ യുവനടന്മാരെ നായകന്മാരാക്കിയും* (രാഘവനും സുധീറും) ബാലനടിയായി അഭിനയിച്ചുകൊണ്ടിരുന്ന ബേബി റോജാരമണിയെ ശോഭന എന്ന പേരിൽ നായികയാക്കിയും മധുവിനെ ഒരു സ്വഭാവനടനായി ചിത്രത്തിൽ ഉൾപ്പെടുത്തിയും നടത്തിയ പരീക്ഷണം വിജയമായിത്തീർന്നത് മലയാള സിനിമാവ്യവസായത്തിൽ പുതിയ ചലനമുണ്ടാക്കി.

ഈ സമയത്ത് ചില ബുദ്ധിജീവികൾ പ്രേംനസീറിനെ പരിഹസിച്ചുകൊണ്ട് ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയുംചെയ്തു. എന്നാൽ, പരിചയസമ്പന്നരായ നിർമാതാക്കൾ പറഞ്ഞു. ഒരു ചക്ക വീണു, മുയൽ ചത്തു –അതുകൊണ്ട് ചക്ക വീഴുമ്പോഴെല്ലാം മുയൽ ചാകണമെന്നില്ല. ‘ചെമ്പരത്തി’യെ തുടർന്ന് ‘ചായം’, ‘മഴക്കാർ’ എന്നീ സിനിമകൾകൂടി നിർമിച്ചപ്പോൾ എസ്.കെ. നായർക്കും സിനിമാവ്യവസായം എന്താണെന്ന് മനസ്സിലായി. അതവിടെ നിൽക്കട്ടെ. നമുക്ക് ‘ചെമ്പരത്തി’യിലെ പാട്ടുകളെപ്പറ്റി സംസാരിക്കാം.

 

‘ചെമ്പരത്തി’ എന്ന സിനിമയെക്കുറിച്ചു കേൾക്കുമ്പോൾ ഗാനാസ്വാദകരുടെ ഓർമയിൽ ആദ്യമായി ഉയർന്നു കേൾക്കുന്നത് വയലാറും ദേവരാജനും ചേർന്നൊരുക്കിയ ‘‘ചക്രവർത്തിനീ, നിനക്കു ഞാനെന്റെ ശിൽപഗോപുരം തുറന്നു’’ എന്ന ഗാനമായിരിക്കും. യേശുദാസിന്റെ അനന്യസുന്ദരം എന്ന് വിശേഷിപ്പിക്കാവുന്ന ആലാപനവും രാഘവന്റെ അഭിനയവും ഇപ്പോഴും ഓർമയിൽ നിൽക്കുന്നുണ്ട്. ഈ ഗാനം മാധുരിയുടെ സ്വരത്തിലും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘‘ചക്രവർത്തിനീ നിനക്കു ഞാനെന്റെ/ ശിൽപഗോപുരം തുറന്നു/പുഷ്പപാദുകം പുറത്തു വക്കൂ നീ/ നഗ്നപാദയായ് അകത്തു വരൂ.../സാലഭഞ്ജികകൾ കൈകളിൽ കുസുമ/ താലമേന്തി വരവേൽക്കും/പഞ്ചലോഹമണിമന്ദിരങ്ങളിൽ/ മൺവിളക്കുകൾ പൂക്കും/ദേവസുന്ദരികൾ കൺകളിൽ പ്രണയ -/ദാഹമോടെ നടമാടും/ ചൈത്ര പത്മദല മണ്ഡപങ്ങളിൽ/ രുദ്രവീണകൾ പാടും -/താനേ പാടും.’’

ഇങ്ങനെ അനായാസം ഒഴുകുന്ന കാൽപനികതയുടെ സൗന്ദര്യത്തെ പുകഴ്‌ത്താൻ വാക്കുകളില്ല. ‘‘ചക്രവർത്തിനീ’’ എന്ന ഗാനകവിത കഴിഞ്ഞാൽ ‘ചെമ്പരത്തി’യിലെ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത് പാരമ്പര്യശൈലിയിൽ ദേവരാജൻ ഈണം നൽകിയ ‘‘ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...’’ എന്ന ഗാനമാണ്. സ്വന്തം നാടായ പരവൂരിൽ പോയി പഴയ ഭജനപ്പാട്ടുകാരുമായി സംസാരിച്ച് അവർ ഭജന പാടുന്ന വിവിധ രീതികൾ കേട്ടു മനസ്സിലാക്കിയതിനു ശേഷമാണ് ദേവരാജൻ മാസ്റ്റർ ‘‘ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...’’ എന്ന ഗാനത്തിന് അവസാനരൂപം തയാറാക്കിയത് എന്ന് കേട്ടിട്ടുണ്ട്. മാധുരി പാടിയ ‘‘കുണുക്കിട്ട കോഴീ കുളക്കോഴീ’’ എന്ന പാട്ടും മികച്ച ഗാനമായിരുന്നു.

‘‘കുണുക്കിട്ട കോഴീ കുളക്കോഴീ/കുന്നും ചരിവിലെ വയറ്റാട്ടീ/നീ കേട്ടോ നീ കേട്ടോ/കളിപ്പാൻകുളങ്ങരെ കടിഞ്ഞൂൽ പെറ്റു/ കന്നി ചെമ്പരത്തി...’’ മാധുരിയുടെ ആദ്യകാല ഹിറ്റുകളിലൊന്നായ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘കാവളം കിളികൾ കുരവയിട്ടു -അന്ന്/ കാവതിക്കാക്കകൾ ആർപ്പിട്ടു/ പഞ്ചമി മലയിലെ പുള്ളുവപ്പെൺകൊടി/ പൊന്നും വയമ്പും കൊണ്ടുവന്നു...’’

മാധുരി തന്നെ പാടിയ ‘‘അമ്പാടി തന്നിലൊരുണ്ണി’’ എന്ന ഗാനവും ജനങ്ങളുടെ ഇഷ്ടഗാനമായി മാറി. ‘‘അമ്പാടി തന്നിലൊരുണ്ണി/ അഞ്ജനക്കണ്ണനാമുണ്ണി/ ഉണ്ണിക്കു നെറ്റിയിൽ ഗോപിപ്പൂ / ഉണ്ണിക്കു മുടിയിൽ പീലിപ്പൂ/ ഉണ്ണിക്കു തിരുമാറിൽ വനമാല/ ഉണ്ണിക്കു തൃക്കയ്യിൽ മുളമുരളി/ അരയിൽ കസവുള്ള പീതാംബരം/ അരമണിക്കിങ്ങിണി അരഞ്ഞാണം/ ഉണ്ണീ വാ ഉണ്ണാൻ വാ കണ്ണനാമുണ്ണീ വാ...’’ ഇങ്ങനെ ഒഴുകുന്ന വരികളിലൂടെ ഉണ്ണിക്കണ്ണന്റെ മനോഹരമായ രൂപം വരച്ചിടുന്നു മഹാനായ വയലാർ.

‘‘പൂവേ പൊലി പൂവേ...’’ എന്ന് തുടങ്ങുന്ന ഒരു സംഘഗാനം കൂടി ഈ സിനിമയിൽ ഉണ്ടായിരുന്നു. മാധുരിയും സംഘവുമാണ് ഈ ഗാനം പാടിയത്.

‘‘പൂവേ പൊലി പൂവേ പൊലി പൊലി പൂവേ/ പൂവേ പൊലി പൂവേ പൊലി പൊലി പൂവേ/ തുമ്പപ്പൂവേ പൂത്തിടണേ നാളേയ്ക്കൊരു വട്ടി പൂ തരണേ/ ആക്കില പൂക്കില ഇളംപടി പൂക്കില/ആയിരമായിരം പൂ തരണേ...’’ എന്നിങ്ങനെ തുടങ്ങുന്ന ഈ പാട്ട് ഒരു പഴയ നാടൻപാട്ടിന്റെ ചാരുത പകരുന്നു കഥയിലെ വ്യത്യസ്തതകൊണ്ടും സംഗീതമേന്മകൊണ്ടും സംവിധാനമികവുകൊണ്ടും വിജയിച്ച സിനിമയാണ് ‘ചെമ്പരത്തി’. 1972 ജൂലൈ ഏഴിനാണ് ‘ചെമ്പരത്തി’ പുറത്തുവന്നത്.

കെ.ടി. മുഹമ്മദിന്റെ പ്രശസ്ത നാടകമായ ‘അച്ഛനും ബാപ്പയും’ എം.എസ് പ്രൊഡക്ഷൻസ് ചലച്ചിത്രമാക്കിയതും ഇതേ കാലഘട്ടത്തിലാണ്. അവർ നിർമിച്ച പ്രഥമ ചിത്രമായ ‘തെറ്റ്’ സംവിധാനംചെയ്ത കെ.എസ്. സേതുമാധവൻതന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്തത്. മതസൗഹാർദം വിഷയമാക്കി കെ.ടി. മുഹമ്മദ് രചിച്ച ഈ നാടകം മനോഹരമായ ഒരു സിനിമയാക്കാൻ സേതുമാധവന് സാധിച്ചു.

വയലാർ-ദേവരാജൻ കൂട്ടുകെട്ടിന്റെ മികച്ച ഏതാനും പാട്ടുകളും ഈ ചിത്രത്തിലുണ്ടായിരുന്നു. ഈ സിനിമക്കുവേണ്ടി വയലാർ എഴുതിയ ‘‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചനക്ക് വയലാർ രാമവർമക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് ലഭിച്ചു.

ജയഭാരതി, വിൻസെന്റ്, കൊട്ടാരക്കര ശ്രീധരൻ നായർ, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, മീന, ശ്രീമൂലനഗരം വിജയൻ, ഫിലോമിന, ബേബി സുമതി, മാസ്റ്റർ രഘു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വയലാറിന് പുരസ്കാരം നേടിക്കൊടുത്ത ഗാനം മലയാള സിനിമാഗാന ശേഖരത്തിലെ വിലയേറിയ രത്നമത്രേ.

‘‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു/മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു/ മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി/ മണ്ണു പങ്കുവെച്ചു... മനസ്സു പങ്കുവെച്ചു/മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.../ഹിന്ദുവായി മുസൽമാനായി/ ക്രിസ്ത്യാനിയായി/ നമ്മളെ കണ്ടാലറിയാതായി.../ ലോകം ഭ്രാന്താലയമായി/ ആയിരമായിരം മാനവഹൃദയങ്ങൾ/ ആയുധപ്പുരകളായി/ ദൈവം തെരുവിൽ മരിക്കുന്നു/ ചെകുത്താൻ ചിരിക്കുന്നു/ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...’’

പി.ബി. ശ്രീനിവാസും മാധുരിയും സംഘവും പാടിയ ‘‘ഒരു മതം ഒരു ജാതി...’’ എന്നാരംഭിക്കുന്ന ഗാനവും കഥയുടെ മതേതരസ്വഭാവം വ്യക്തമാക്കുന്നു.

‘‘ഒരു മതമൊരു ജാതി മനുഷ്യർ-/ക്കൊരു കുലമൊരു ദൈവം/ ശിവഗിരിയുടെ ശബ്ദം/ ചിന്താവിപ്ലവശബ്ദം.../ മണ്ണിൽനിന്ന്‌ മനുഷ്യനെ വാർത്തൊരു/ മഹർഷിയുടെ ശബ്ദം...’’ രതിസ്പർശമുള്ള പ്രണയഗാനങ്ങളും ഈ ചിത്രത്തിലുണ്ട്.

യേശുദാസ് പാടിയ ഈ ഗാനം ശ്രദ്ധിക്കുക: ‘‘കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു നിന്റെ/ കുളിരിൻമേൽ കുളിർ കോരുമഴക് / ഇല നുള്ളി തിരി നുള്ളി നടക്കുമ്പോളൊരു/ ചുവന്ന കാന്താരിമുളക് -നീയൊരു/ ചുവന്ന കാന്താരിമുളക്...’’

ഈ ഗാനത്തിലെ തുടർന്നുള്ള വരികൾക്കും ഇതേ ഭാവമാണുള്ളത്. ഇതേ സ്വഭാവമുള്ള ഒരു പാട്ട് പി. സുശീലയും പാടിയിട്ടുണ്ട്. ആ ഗാനം ഹിറ്റായി എന്നതും ശ്രദ്ധേയം.

‘‘കണ്ണിനും കണ്ണാടിക്കും/ കാണാത്തിടത്തൊരു/ കസ്തൂരിമറുകുള്ള വർണക്കിളി/ മാറത്തു കൊടിയുള്ള/ പെരുന്നാൾ പൂംപിറപോലെ/ മാനത്തു വളരേണ്ട സ്വർണക്കിളി -നീ സ്വർണക്കിളി...’’ മാധുരിയും സംഘവും പാടിയ ഒപ്പനപ്പാട്ട് ഇങ്ങനെ തുടങ്ങുന്നു:

‘‘പൊന്നിന്റെ കൊലുസുമിട്ടു/നീയൊരുങ്ങുമ്പോൾ/ പുത്തൻ മണവാട്ടിപ്പെണ്ണ്/ പൂണാര പൂങ്കുളിർപോലെ/പുതുമാരന് തേൻകനിപോലെ/ നാണിച്ചു ചുവക്കുന്ന പെണ്ണ്...’’ ഒപ്പനപ്പാട്ടു കേൾക്കുമ്പോൾ മാത്രം നമ്മൾ പി. ഭാസ്കരൻ എഴുതിയിരുന്നെങ്കിൽ എന്ന് ഓർത്തുപോകും.

‘‘ദൈവമേ കൈതൊഴാം ദൈവമേ/ സർവ ചരാചര ചൈതന്യ സാരമേ/ സച്ചിദാനന്ദസ്വരൂപമേ/ ദൈവമേ കൈതൊഴാം ദൈവമേ...’’ യേശുദാസ് പാടിയ ‘‘മോഹത്തിന്റെ മുഖം ഞാൻ കണ്ടു...’’ എന്ന ഗാനവും ഒരു നല്ല പാട്ടാണ്.

 

‘‘മോഹത്തിന്റെ മുഖം ഞാൻ കണ്ടു/ മുഷിഞ്ഞിരിക്കുന്നു -പ്രേമ/ ദാഹത്തിന്റെ സ്വരം ഞാൻ കേട്ടു/ തളർന്നിരിക്കുന്നു’’ എന്ന് തുടങ്ങുന്ന പാട്ടും ഹൃദയത്തിൽ തൊടുന്നതാണ്.

1972 ജൂലൈ 21ന്‌ ‘അച്ഛനും ബാപ്പയും’ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം കിട്ടി. എന്നാൽ, ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. തുടർന്ന് എം.എസ് പ്രൊഡക്ഷൻസ് അവരുടെ ഇഷ്ടസംവിധായകനെ ഒഴിവാക്കി അടുത്ത സിനിമയുടെ സംവിധായകനായി ഹിറ്റ്‌മേക്കർ ശശികുമാറിനെ നിശ്ചയിച്ചു. ‘പ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള കുറെ ചിത്രങ്ങൾ അവർ തുടർച്ചയായി നിർമിച്ച് ആദ്യ സിനിമകളിൽ വന്ന നഷ്ടം നികത്തി. എല്ലാ സിനിമകളിലും പ്രേംനസീർ നായകനും വിജയശ്രീ നായികയും. ആക്ഷൻ, കോമഡി, മികച്ച പാട്ടുകൾ... ആ പടങ്ങളെല്ലാം സൂപ്പർഹിറ്റുകളായി. ആ സിനിമകളിലെ പാട്ടുകളെക്കുറിച്ച് വഴിയേ പറയാം.

തിരക്കഥാകൃത്തായ തോപ്പിൽ ഭാസിതന്നെ സംവിധാനവും നിർവഹിച്ച ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമ നിർമിച്ചത് ഉദയാ സ്റ്റുഡിയോയുടെ കുഞ്ചാക്കോ ആണ്. പി. കേശവദേവ് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചത്. കഥാനായികയായി ജയഭാരതി വന്നു. പ്രേംനസീർ, കെ.പി. ഉമ്മർ, മാവേലിക്കര എൻ. പൊന്നമ്മ, ജേസി, എസ്.പി. പിള്ള, കെ.പി.എ.സി ലളിത, അടൂർ ഭാസി, അടൂർ പങ്കജം, ഒ. മാധവൻ, ആലുമ്മൂടൻ, ബിയാട്രിസ്, ജോൺസൺ തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീമിന്റെ അഞ്ചു പാട്ടുകൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. യേശുദാസ് ആലപിച്ച ‘‘വെണ്ണ തോൽക്കുമുടലോടെ’’ എന്ന് തുടങ്ങുന്ന ഗാനമാണ് ഹിറ്റായത്.

‘‘വെണ്ണ തോൽക്കുമുടലോടെ -/ഇളം വെണ്ണിലാവിൻ തളിർപോലെ/ രാഗിണീ മനോഹാരിണീ/ രാത്രി രാത്രി വിടരും നീ/ അനുരാഗപുഷ്‌പിണീ/ വെണ്ണ തോൽക്കുമുടലോടെ...’’ എന്ന പല്ലവി പോലെ തന്നെ ആകർഷകമാണ് ചരണങ്ങളും. ആദ്യ ചരണം ഇങ്ങനെ:

‘‘മാർ വിരിഞ്ഞ മലർ പോലെ/ പൂമാരനെയ്ത കതിർ പോലെ / മഞ്ഞിൽ മുങ്ങി ഈറൻ മാറും/ മന്ദഹാസത്തോടെ/ എന്റെ മോഹം തീരുംവരെ നീ/ എന്നെ വന്നു പൊതിയൂ -പൊതിയൂ...’’ അടുത്ത ചരണവും നന്ന്. യേശുദാസ് പാടിയ അടുത്ത ഗാനം ഇങ്ങനെ ആരംഭിക്കുന്നു:

‘‘അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ/ അണിവൈരക്കമ്മലിട്ട പെണ്ണേ/ ആടി വാ തുള്ളിയാടി വാ/ ആടിമാസപ്പുലരിപ്പെണ്ണേ ...’’ പി. സുശീല പാടിയ ‘‘നവമീ മഹാനവമീ’’ എന്ന ഗാനമാണ് അടുത്തത്‌.

‘‘നവമീ മഹാനവമീ/നർമദാ നദിക്കരയിൽ/നവരാത്രി വളർത്തും കാമസുരഭീ/ അമൃത വർഷിണികൾ സ്വരദേവതകൾ/ ആരാധികമാരല്ലോ -ദേവി നിൻ ആരാധികമാരല്ലോ/ സഖികളാമവരുടെ കരവല്ലകിയിലെ/ ശങ്കരാഭരണമായ്‌ ഉണരേണം...’’

പി. സുശീല പാടിയ മറ്റൊരു ഗാനം ‘‘സീതപ്പക്ഷീ...’’ എന്ന് തുടങ്ങുന്നു.

 

‘‘സീതപ്പക്ഷീ സീതപ്പക്ഷീ നിന്റെ/ശ്രീവല്ലഭനെന്നു വരും ശ്രീതിലകപ്പക്ഷീ/ സീതപ്പക്ഷീ.../കല്യാണവില്ലു കുലയ്ക്കും/ കർണികാരമാലയിടീക്കും/ഒരുനാൾ ആ കൈവല്ലികളിൽ/നാഥൻ നിന്നെ കോരിയെടുക്കും/പീതാംബര മാലയഴിഞ്ഞു/പീലിച്ചുരുൾ കൂന്തലഴിഞ്ഞു/ നിന്നെ വെളുപ്പിന് കണികണ്ടാൽ/ നിത്യതാരുണ്യം/ ഗ്രാമസുന്ദരിമാർക്കെല്ലാം/ നിത്യതാരുണ്യം...’’

ജയചന്ദ്രനും സംഘവും പാടിയ ഒരു ഹാസ്യഗാനവും ‘ഒരു സുന്ദരിയുടെ കഥ’ എന്ന ചിത്രത്തിലുണ്ട്.

‘‘പാവനമധുരാനിലയെ/ പങ്കജാക്ഷിനിലയെ മാടനെന്ന/ധീരവീര ഘോരശൂരനൊരുവൻ/ മാലയിട്ട പ്രേമനാടകം’’ എന്നിങ്ങനെ ആ പാട്ടു തുടങ്ങുന്നു.

1972 ജൂലൈ 28ന് ‘ഒരു സുന്ദരിയുടെ കഥ’ തിയറ്ററുകളിൽ എത്തി. ചിത്രത്തിന് ശരാശരി വിജയം നേടാനേ കഴിഞ്ഞുള്ളൂ.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.