‘മാപ്പുസാക്ഷി’ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ചിത്രമാണ്. ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നു ഗാനങ്ങളും മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നു പാട്ടുകൾ മാത്രമാണ് ബാബുരാജ് ചിട്ടപ്പെടുത്തിയത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനത്തിന് സംവിധായകനായ പി.എൻ. മേനോൻതന്നെ ഈണം നൽകി അദ്ദേഹത്തിന് താൽപര്യമുള്ള ഏതോ പുതിയ ഗായികയെക്കൊണ്ട് പാടിക്കുകയാണുണ്ടായത്.’’ പിന്നണിയിലെ കഥകൾ തുടരുന്നു.എം. കുഞ്ചാക്കോ എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി നിർമിച്ച ‘പോസ്റ്റ്മാനെ കാണാനില്ല’ എന്ന ചിത്രം അതിലെ ഒരു കുളിസീനിന്റെ പേരിൽ കുപ്രസിദ്ധി നേടിയ...
‘മാപ്പുസാക്ഷി’ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ചിത്രമാണ്. ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നു ഗാനങ്ങളും മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നു പാട്ടുകൾ മാത്രമാണ് ബാബുരാജ് ചിട്ടപ്പെടുത്തിയത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനത്തിന് സംവിധായകനായ പി.എൻ. മേനോൻതന്നെ ഈണം നൽകി അദ്ദേഹത്തിന് താൽപര്യമുള്ള ഏതോ പുതിയ ഗായികയെക്കൊണ്ട് പാടിക്കുകയാണുണ്ടായത്.’’ പിന്നണിയിലെ കഥകൾ തുടരുന്നു.
എം. കുഞ്ചാക്കോ എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി നിർമിച്ച ‘പോസ്റ്റ്മാനെ കാണാനില്ല’ എന്ന ചിത്രം അതിലെ ഒരു കുളിസീനിന്റെ പേരിൽ കുപ്രസിദ്ധി നേടിയ പടമാണ്. വിജയശ്രീ എന്ന നടിയുടെ ശരീരഭംഗിയാകെ ഒരു കുളിരംഗത്തിൽ ഒതുക്കി എന്നായിരുന്നു ആരോപണം... സെൻസർ വിട്ടുവീഴ്ച ചെയ്തു എന്നും സെൻസർ ചെയ്യാത്ത ദൃശ്യങ്ങൾ കൂട്ടിച്ചേർത്തു എന്നുമൊക്കെ ആരോപണങ്ങൾ ഉയർന്നു. അന്നത്തെ പ്രധാന സിനിമാപ്രസിദ്ധീകരണങ്ങൾ ആഘോഷമാക്കിയ വാർത്തയായിരുന്നു അത് (ടെലിവിഷനും ചാനലുകളുമൊക്കെ മലയാളികളുടെ സ്വപ്നങ്ങളിൽപോലും പ്രവേശിച്ചിട്ടില്ലാത്ത കാലഘട്ടമായിരുന്നു അത് എന്നും ഓർമിക്കുക).
കുളിരംഗം ചിത്രീകരിച്ചത് സ്റ്റുഡിയോ സെറ്റിലോ നീന്തൽക്കുളത്തിലോ ആയിരുന്നില്ല. നദിയിലായിരുന്നു. ആബാലവൃദ്ധം ജനങ്ങൾ പുഴക്കരയിൽനിന്ന് ഷൂട്ടിങ് കാണുമ്പോൾ. ചിത്രീകരണത്തിനിടയിൽ നടി ഉടുത്തിരുന്ന വസ്ത്രം ആറ്റിലെ ഒഴുക്കിൽ അഴിഞ്ഞുപോയിട്ടും കട്ട് പറയാതെ ഷൂട്ട് തുടർന്നു എന്ന് വിജയശ്രീതന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുകയുണ്ടായി. വിജയശ്രീ എന്ന നടിയുടെ ശരീരഭംഗി ബോക്സ് ഓഫിസ് വിജയത്തിന് സഹായകമാണ് എന്ന ധാരണ നിർമാതാക്കൾക്കിടയിൽ പ്രബലമായത് ഈ ചിത്രത്തോടുകൂടിയാണ്. വിജയശ്രീയുടെ ആത്മഹത്യയിൽ അവസാനിച്ച സുദീർഘ നാടകത്തിന്റെ നാന്ദിവാക്യം ചൊല്ലിയത് ഈ ചിത്രത്തിന്റെ റിലീസോടുകൂടിയായിരുന്നു എന്നും പറയാം.
പ്രേംനസീർ നായകനായ ഈ സിനിമയിൽ വിജയശ്രീയും വിജയനിർമലയും നായികമാരായി. കെ.പി. ഉമ്മർ, അടൂർ ഭാസി, എസ്.പി. പിള്ള, അടൂർ പങ്കജം, എൻ. ഗോവിന്ദൻകുട്ടി, ആലുമ്മൂടൻ, ആര്യാട് ഗോപാലകൃഷ്ണൻ തുടങ്ങിയവരും താരനിരയിൽ ഉണ്ടായിരുന്നു.
ഉദയാ സ്റ്റുഡിയോയിലെ ആസ്ഥാന കഥാകൃത്ത് എന്നറിയപ്പെടുന്ന ശാരംഗപാണിയാണ് ‘പോസ്റ്റ്മാനെ കാണാനില്ല’ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. സിനിമയിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പേരുമായോ ആശയവുമായോ കാര്യമായ ബന്ധമില്ലാത്ത ഒന്നു രണ്ടു മികച്ച ഗാനങ്ങൾ വയലാറിന്റെ സംഭാവനയായി ഉണ്ടായിരുന്നു. അത് ആ മഹാകവിയുടെ മഹത്ത്വമെന്നേ പറയേണ്ടൂ. യേശുദാസ് പാടിയ ‘‘ഈശ്വരൻ ഹിന്ദുവല്ല...’’ എന്നു തുടങ്ങുന്ന ഗാനത്തിനുതന്നെയാണ് ഒന്നാം സ്ഥാനം.
‘‘ഈശ്വരൻ ഹിന്ദുവല്ല ഇസ്‍ലാമല്ല ക്രിസ്ത്യാനിയല്ല/ ഇന്ദ്രനും ചന്ദ്രനുമല്ല’’ എന്ന പല്ലവി കേട്ടാൽ ഗാനം ആശയഗഹനതയുള്ള ഏതോ ചിത്രത്തിലേതാണെന്നേ ആരും കരുതുകയുള്ളൂ. തുടർന്നുള്ള വരികളും പല്ലവിയുടെ ഗഹനത നിലനിർത്തുന്നു.
‘‘വെള്ളപൂശിയ ശവക്കല്ലറയിലെ/ വെളിച്ചപ്പാടുകളേ -നിങ്ങൾ/ അമ്പലങ്ങൾ തീർത്തു/ ആശ്രമങ്ങൾ തീർത്തു/ ആയിരം പൊയ്‌മുഖങ്ങൾ തീർത്തു/ ഈശ്വരനായിരം പൊയ്‌മുഖങ്ങൾ തീർത്തു...’’ അവിടംകൊണ്ട് തീരുന്നില്ല. ഈശ്വരന്മാരെ മാത്രമല്ല, താൻ വിശ്വസിക്കുന്ന മാർക്സിസത്തെപ്പോലും അദ്ദേഹം സ്‌പർശിക്കാതെ പോകുന്നില്ല.
‘‘കൃഷ്ണനെ ചതിച്ചു, ബുദ്ധനെ ചതിച്ചു/ ക്രിസ്തുദേവനെ ചതിച്ചു/ നബിയെ ചതിച്ചു, മാർക്സിനെ ചതിച്ചു/ നല്ലവരെന്നു നടിച്ചു -നിങ്ങൾ/ നല്ലവരെന്നു നടിച്ചു...’’ ഇങ്ങനെ വയലാർ തന്റെ തുറന്ന വിമർശനം തുടരുകയാണ്.
യേശുദാസും മാധുരിയും ചേർന്നു പാടിയ ‘‘ഏനൊരു സ്വപ്പനം കണ്ടേ’’ എന്ന ഗാനവും വ്യത്യസ്തമായിരുന്നു. ‘‘ഏനൊരു സ്വപ്പനം കണ്ടേ/ ഏതാണ്ടൊക്കെ തോന്നണ പ്രായത്തിൽ/ ഏനൊരു സ്വപ്പനം കണ്ടേ.../ മേലൊക്കെ പിരുപിരുത്ത് -അന്ന്/ നാടൊക്കെ കൊതി പെരുത്ത്/ സ്വപ്നത്തിൽ കണ്ടവൻ എന്നോടു ചോദിച്ച/ സ്വകാര്യമോർക്കുമ്പം നാണം.’’
യേശുദാസ് പാടിയ ‘‘ഹിപ്പികളുടെ നഗരം’’ എന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു. ‘‘ഹിപ്പികളുടെ നഗരം -ലഹരി/ ക്കുപ്പികളുടെ നഗരം/ സ്വർഗം ഭൂമിയിൽ സ്വർഗം തിരയും/ സ്വപ്നാടകരുടെ നഗരം/ ലുങ്കിയും ജൂബയും അണിഞ്ഞു നടക്കും/ പെൺകുട്ടികളുടെ നഗരം.../ പ്രേമം നിശാസദനങ്ങളിലാക്കിയ/ കാമുകരുടെ നഗരം -യുവ/ കാമുകരുടെ നഗരം’’ എന്നിങ്ങനെ തുടരുന്ന ഗാനത്തിലെ വരികൾ ഇന്നു നമ്മളിൽ അത്ഭുതമൊന്നും തന്നെയുണർത്തുന്നില്ല. കവിയുടെ ദീർഘദർശനത്തിനു സ്തുതി. ‘കൈതപ്പഴം’ എന്ന വാക്കിൽ ആരംഭിക്കുന്ന പാട്ട് മാധുരിയാണ് പാടിയത്.
എം.എസ്. ബാബുരാജ്,എം.ടി. വാസുദേവൻ നായർ
‘‘കൈതപ്പഴം കൈതപ്പഴം കൈതപ്പഴം/ അന്നദാനക്കൈതപ്പഴം/ അല്ലിയോലക്കൈതപ്പഴം/ അകത്തമൃത് പുറത്തഴക്/ ആരും കണ്ടാൽ കൊതിയ്ക്കും/ അമ്മാനപ്പഴം...’’ തമിഴിൽ എൽ.ആർ. ഈശ്വരി പാടിയ ‘‘എലന്തപ്പഴം... എലന്തപ്പഴം... എലന്തപ്പഴം...’’ എന്ന ഗാനം സൂപ്പർഹിറ്റ് ആയ കാലഘട്ടമായിരുന്നു അത് (ചിത്രം: ‘പണമാ പാശമാ’. രചന: കണ്ണദാസൻ. സംഗീതം: കെ.വി. മഹാദേവൻ).
ദ്വയാർഥ പ്രയോഗങ്ങൾ നിറഞ്ഞ ഗാനം. തുടർന്നുള്ള വരികൾ ശ്രദ്ധിക്കാം. ‘‘അന്തിച്ചന്തയിൽ ചരക്കു വാങ്ങുവാൻ വന്നവരേ/ അടുത്തു നോക്കൂ ഒന്നെടുത്തുനോക്കൂ / കാട്ടുഞാവൽപ്പഴംപോലെ കവർക്കുകില്ല -ഇത്/ നാട്ടുമാവിൻ കനിപോലെ പുളിക്കുകില്ല/ ചൊളനിറയെ തേനാണ് ഇളമണ്ണിൻ പൊന്നാണ്/ തുളച്ചുനോക്കൂ കടിച്ചുനോക്കൂ/ വിലയ്ക്ക് വാങ്ങൂ അന്നദാന കൈതപ്പഴം...’’
തമിഴ്നാട്ടിൽ ‘‘എലന്തപ്പഴം’’ എന്ന പാട്ടു സൃഷ്ടിച്ച ലഹരി മലയാളികളിൽ സൃഷ്ടിക്കാൻ ഈ പാട്ടിനു കഴിഞ്ഞോ എന്ന കാര്യം സംശയമാണ്. യേശുദാസും മാധുരിയും സി.ഒ. ആന്റോയും ചേർന്നു പാടിയ ‘‘പണ്ടൊരുനാളീ പട്ടണനടുവിൽ/ പാതിരനേരം സൂര്യനുദിച്ചു/ പട്ടാപ്പകലു മഹാന്മാരായി/ ചുറ്റിനടന്നവർ കണ്ണ് മിഴിച്ചു.../ സന്മാർഗത്തിൻ കുലപതിമാരാം/ തമ്പ്രാക്കന്മാർ ഞെട്ടിവിറച്ചു/ അവരെ തെരുവിലെ വേശ്യപ്പുരകൾ-/ക്കരികിൽ കണ്ടു ജനങ്ങൾ ചിരിച്ചു...’’ എന്നിങ്ങനെ പോകുന്നു ഈ ആക്ഷേപഹാസ്യ ഗാനം.
യേശുദാസും പി. ജയചന്ദ്രനും പി. സുശീലയും ചേർന്നു പാടിയ ‘‘കാലം കൺകേളീ പുഷ്പങ്ങൾ’’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘കാലം കൺകേളീപുഷ്പങ്ങൾ വിടർത്തും/ കാമോദ്ദീപക ശിശിരം/ രാഗം ചന്ദ്രിക രതിദീപം കൊളുത്തും/ രാഗരേഖാ നദീതീരം...’’ തുടർന്ന് വയലാർ കചനും ദേവയാനിയും തമ്മിലുള്ള പ്രണയത്തിലേക്ക് കടക്കുന്നു.
‘‘ദേവദാരുക്കൾ പൂമാല ചാർത്തിയ/ ദേവയാനിയും കചനും/ കാമുകീകാമുകന്മാരായ് കണ്ടു/ ഭൂമീദേവിയും സഖിയും’’ ഇങ്ങനെ തുടങ്ങുന്ന ഒരു നൃത്തനാടകമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് തോന്നുന്നു (‘പോസ്റ്റുമാനെ കാണാനില്ല’ എന്ന ചിത്രം ഈ ലേഖകൻ കണ്ടിട്ടില്ലാത്ത അപൂർവം മലയാള സിനിമകളിലൊന്നാണ്. സദയം ക്ഷമിക്കണം).
സി.ഒ. ആന്റോയും മാധുരിയും പാടുന്ന ഒരു ചീട്ടുകളിപ്പാട്ടും ഈ സിനിമയിലുണ്ട്. ‘‘വെയ് രാജാ വെയ് വച്ചോവച്ചോ/ ഒന്ന് വെച്ചാൽ രണ്ട് ആ/... ഒന്ന് വെച്ചാൽ രണ്ട്/ ആ... പോര്... രണ്ടു വെച്ചാൽ നാല്/ ലക്കിടിപ്പ് ഹ... ലക്കിടിപ്പ്/ വെയ് വെയ്...’’ എന്നിങ്ങനെ തുടങ്ങുന്ന ഈ ശബ്ദകോലാഹലത്തെ ഒരു ഗാനമായി കണ്ടു ചരിത്രരേഖയാക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, ചരിത്രം പറയുമ്പോൾ അതിനെ പൂർണമായി അംഗീകരിക്കാതിരിക്കുന്നതും ന്യായമല്ല. ‘‘കാർണിവൽ... ഇത് കാർണിവൽ/ കളിയുടെ കാഞ്ചനക്കളിപ്പന്തൽ...’’ എന്ന് തുടങ്ങുന്ന വരികളിൽ കഥാസന്ദർഭം വരുന്നുണ്ട്.
‘‘ചെകിട്ടിൽ വീതുളികൃതാവ് നട്ടൊരു/ ചെറുപ്പക്കാരാ... മൊറത്തിൽ കേറി കൊത്താതെ -എന്റെ/ മനസ്സിൽ കേറി കൊത്താതെ...’’ എന്നിങ്ങനെ തുടരുന്നു. ‘പോസ്റ്റുമാനെ കാണാനില്ല’ എന്ന സിനിമ കോലാഹലമുണ്ടാക്കിയ ഒരു ചിത്രമാണ്. ഏതായാലും നിർമാതാവിന് നല്ല ലാഭം കിട്ടി. 1972 ഡിസംബർ 22ന് ചിത്രം പുറത്തുവന്നു.
യുനൈറ്റഡ് പ്രൊഡ്യൂസേഴ്‌സ് നിർമിച്ച ‘മാപ്പുസാക്ഷി’ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ചിത്രമാണ്. പി.എൻ. മേനോൻ ഈ സിനിമ സംവിധാനംചെയ്തു. മധു, ജയഭാരതി, ബാലൻ കെ. നായർ, നെല്ലിക്കോട്ട് ഭാസ്കരൻ, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നു ഗാനങ്ങളും മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. എം.എസ്. ബാബുരാജായിരുന്നു സംഗീതസംവിധായകൻ. ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നു പാട്ടുകൾ മാത്രമാണ് ബാബുരാജ് ചിട്ടപ്പെടുത്തിയത്.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനത്തിന് സംവിധായകനായ പി.എൻ. മേനോൻതന്നെ ഈണം നൽകി അദ്ദേഹത്തിന് താൽപര്യമുള്ള ഏതോ പുതിയ ഗായികയെക്കൊണ്ട് പാടിക്കുകയാണുണ്ടായത്. ഇതിൽ കവിക്ക് ദുഃഖമുണ്ട്. ആ വരികൾ കവി മങ്കൊമ്പ് പോലും വ്യക്തമായി ഓർമിക്കുന്നില്ല. ഗാനത്തിന്റെ തുടക്കം ‘‘അഷ്ടമിതിങ്കൾ താരാട്ടു പാടിയ...’’ എന്നായിരുന്നു എന്നാണ് മങ്കൊമ്പ് പറയുന്നത് (തെറ്റാണെങ്കിൽ വായനക്കാർ സദയം ക്ഷമിക്കുക). അങ്ങേയറ്റം വിശ്വാസ്യതയുള്ള മ്യൂസിക് വെബ്സൈറ്റ് ആയ അമേരിക്കയിലെ മലയാളചലച്ചിത്രം.കോം പോലും തെറ്റായ വിവരമാണ് ഈ ചിത്രത്തെപ്പറ്റി നൽകിയിട്ടുള്ളത്. വിക്കിപീഡിയയും അങ്ങനെതന്നെ.
പി.എൻ. മേനോൻ,മങ്കൊമ്പ് ഗോപാലകൃഷ്ണൻ
യേശുദാസ് പാടിയ ‘‘ഉദയം കിഴക്കുതന്നെ’’ എന്ന പാട്ട് ശ്രീകുമാരൻ തമ്പി എഴുതിയതാണ്. ഇതിന്റെ രചയിതാവായി മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ പേരാണ് എല്ലാ സൈറ്റുകളിലും കൊടുത്തിട്ടുള്ളത്. ബന്ധപ്പെട്ടവർ ദയവായി ആ തെറ്റ് തിരുത്തുക. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനത്തിന്റെ പൂർണരൂപം താഴെ കൊടുക്കുന്നു.
‘‘ഉദയം കിഴക്കു തന്നെ/ ഭൂലോകം ചിരിച്ചാലും/ ഭൂലോകം കരഞ്ഞാലും/ ഉദയം കിഴക്കു തന്നെ.../ മരുഭൂമി തളിർത്താലും/ മലർവാടി കരിഞ്ഞാലും/ വാനം മുകളിൽതന്നെ / സ്വർഗത്തിൽ പോയാലും/ നരകത്തിൽ പോയാലും/ മരണം മണ്ണിൽതന്നെ.../ ഒന്നിച്ചു കഴിഞ്ഞാലും/ ഭിന്നിച്ചു പിരിഞ്ഞാലും/ സ്നേഹം തടവിൽ തന്നെ.../ കരയുന്ന കണ്ണിലും/ ചിരിക്കുന്ന ചുണ്ടിലും/ കാവ്യം കദനം തന്നെ...’’
പി. ജയചന്ദ്രൻ പാടിയ ‘‘പകലുകൾ വീണു...’’ എന്ന ഗാനത്തിന്റെ തുടക്കം ഇങ്ങനെ: ‘‘പകലുകൾ വീണു/ വീണു തകർന്നു/ പാവം നിന്റെ മനോരാജ്യത്തിൻ/ പാഴ്‍ചക്രവാളത്തിൽ/ സന്ധ്യകൾ നിന്നു നിന്നു ചിരിച്ചു/ നിന്നന്ധകാരനിശാഗോപുരത്തിൻ/ നിദ്രാവാതിലിൽ...’’ എസ്. ജാനകി പാടിയ ‘‘വൃശ്ചികക്കാർത്തികപ്പൂ വിരിഞ്ഞു’’ എന്ന ഗാനവും ശ്രീകുമാരൻ തമ്പി രചിച്ചതുതന്നെ.
‘‘വൃശ്ചികക്കാർത്തികപ്പൂ വിരിഞ്ഞു/ വീടായ വീടെല്ലാം പൊന്നണിഞ്ഞു/ ആ ദീപഗംഗയിൽ ആറാടി നിന്നപ്പോൾ / ആ ഗാനമെന്നെയും തേടിവന്നു...’’ ഇങ്ങനെ ആരംഭിക്കുന്ന ഗാനത്തിന്റെ ആദ്യചരണം താഴെ കൊടുക്കുന്നു: ‘‘അനുരാഗപുഷ്പത്തിൻ ആദ്യത്തെ ഗന്ധമായ്/ ആ ഗാനമെന്നിൽ അലിഞ്ഞുചേർന്നു/ ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ/ വിടരുമെൻ ഭാവന പാറിച്ചെന്നു...’’
പി. ജയചന്ദ്രൻ,സി.ഒ. ആന്റോ
എം.ടി. വാസുദേവൻ നായർ സ്ക്രിപ്റ്റ് എഴുതി പി.എൻ. മേനോൻ സംവിധാനംചെയ്ത ചിത്രമെന്ന നിലയിൽ ‘മാപ്പുസാക്ഷി’ നിരൂപകശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, അതൊരു ബോക്സോഫിസ് വിജയമായില്ല. 1972 ഡിസംബർ 27നു പുറത്തുവന്ന ‘മാപ്പുസാക്ഷി’ ആ വർഷം പുറത്തുവന്ന അവസാനത്തെ ചിത്രമായിരുന്നു. ഇനി നമുക്ക് 1973ലേക്ക് പ്രവേശിക്കാം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.