എം.എസ്. വിശ്വനാഥനും യേശുദാസും തമ്മിൽ അകന്നു കഴിയുന്ന കാലഘട്ടമായിരുന്നു അത്. ആ കാരണത്താൽ ചിത്രത്തിലെ പ്രധാന ഗാനങ്ങൾ പാടാൻ പി. ജയചന്ദ്രന് അവസരം കിട്ടി. എം.എസ്. വിശ്വനാഥൻ മോഹനരാഗത്തിൽ അതിമനോഹരമായി ചിട്ടപ്പെടുത്തിയ ‘‘സുപ്രഭാതം... സുപ്രഭാതം...’’ എന്ന ഗാനം ജയചന്ദ്രൻ ഭാവമധുരമായി പാടുകയും അതിന് സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു –പാട്ടിന് പിന്നിലെ കഥകൾ അനവധി.
സംവിധായകൻ കെ.എസ്. സേതുമാധവന്റെ കുടുംബസ്ഥാപനമായ ചിത്രകലാ കേന്ദ്രം പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്തിെന്റ വിഖ്യാത നോവൽ ‘പണി തീരാത്ത വീട്’ ചലച്ചിത്രമാക്കി. പാറപ്പുറത്തുതന്നെ ചിത്രത്തിന് തിരക്കഥയും സംഭാഷണവും തയാറാക്കി. പ്രേംനസീർ, നന്ദിതബോസ്, റോജാ രമണി, എൻ. ഗോവിന്ദൻകുട്ടി, ബേബി സുമതി, ബഹദൂർ, വീരൻ, അടൂർ പങ്കജം, എസ്.പി. പിള്ള, ജൂനിയർ ഷീല, ആലുമ്മൂടൻ തുടങ്ങിയവർ അഭിനയിച്ചു. വയലാറിന്റെ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ ഈണം നൽകി. എം.എസ്. വിശ്വനാഥനും യേശുദാസും തമ്മിൽ അകന്നു കഴിയുന്ന കാലഘട്ടമായിരുന്നു അത്. ആ കാരണത്താൽ ചിത്രത്തിലെ പ്രധാന ഗാനങ്ങൾ പാടാൻ പി. ജയചന്ദ്രന് അവസരം കിട്ടി.
എം.എസ്. വിശ്വനാഥൻ മോഹനരാഗത്തിൽ അതിമനോഹരമായി ചിട്ടപ്പെടുത്തിയ ‘‘സുപ്രഭാതം...സുപ്രഭാതം...’’ എന്ന ഗാനം ജയചന്ദ്രൻ ഭാവമധുരമായി പാടുകയും അതിന് സംസ്ഥാന പുരസ്കാരം നേടുകയുംചെയ്തു. വയലാറും എം.എസ്. വിശ്വനാഥനും ചേർന്ന് ‘പണിതീരാത്ത വീടി’നുവേണ്ടി ഒരുക്കിയ എല്ലാ പാട്ടുകളും നന്നായിരുന്നു. എം.എസ്. വിശ്വനാഥൻ തന്നെ ആലപിച്ച ‘‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ...’’ എന്ന ഗാനമാകട്ടെ രചനകൊണ്ടും ഈണംകൊണ്ടും ആലാപനംകൊണ്ടും മലയാളസിനിമയിലെ അനശ്വര ഗാനങ്ങളിലൊന്നായി മാറി. ജയചന്ദ്രനെയും എം.എസ്. വിശ്വനാഥനെയും കൂടാതെ പി. സുശീല, എൽ.ആർ. ഈശ്വരി, ലതാ രാജു എന്നീ ഗായകരും പിന്നണിയിൽ പാടി.
‘‘സുപ്രഭാതം... സുപ്രഭാതം...’’ എന്നാരംഭിക്കുന്ന പ്രശസ്ത ഗാനത്തിലെ വരികൾ ശ്രോതാക്കൾക്ക് സുപരിചിതമാണെങ്കിലും ഇവിടെ ഉദ്ധരിക്കാതെ നിവൃത്തിയില്ലല്ലോ.
‘‘നീലഗിരിയുടെ സഖികളേ/ ഛായാമുഖികളേ/ ജ്യോതിർമയിയാം ഉഷസ്സിനു/ വെള്ളിച്ചാമരം വീശും മേഘങ്ങളേ/ സുപ്രഭാതം... സുപ്രഭാതം... സുപ്രഭാതം!’’ പിന്നീട് വയലാർ ‘പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്ത പ്രപഞ്ചമന്ദിര’ത്തെക്കുറിച്ചു പറയുന്നു... ‘‘അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി/ അഖിലാണ്ഡമണ്ഡല ശിൽപി/ പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു/ പ്രപഞ്ചമന്ദിരമേ -നിന്റെ/ നാലുകെട്ടിന്റെ പടിപ്പുരമുറ്റത്ത്/ ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ...’’ സംഗീതസംവിധായകൻതന്നെ ആലപിച്ച ഗാനവും വളരെയധികം കീർത്തി നേടി.
‘‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച/ കാവ്യഭാവനേ.../ അഭിനന്ദനം നിനക്കഭിനന്ദനം.../ അഭിനന്ദനം/ വ്യാസനോ കാളിദാസനോ –അതു/ ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ/ അഭിനന്ദനം നിനക്കഭിനന്ദനം...’’
ജയചന്ദ്രൻതന്നെ പാടിയ ‘‘കാറ്റുമൊഴുക്കും കിഴക്കോട്ട്...’’ എന്ന ഗാനത്തിന് ഒരു ഫോക് ടച്ചാണുള്ളത്. ആ പാട്ടും ജയചന്ദ്രൻ നന്നായി പാടി.
‘‘കാറ്റുമൊഴുക്കും കിഴക്കോട്ട്/ കാവേരി വെള്ളം പടിഞ്ഞാട്ട്/ കാറ്റിനെതിരെ ഒഴുക്കിനെതിരെ/ തുഴഞ്ഞാലോ/ കാണാത്ത പൊയ്കകൾ കാണാലോ/ കാണാത്ത തീരങ്ങൾ കാണാലോ...’’ തുടർന്നുള്ള വരികൾ ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നതിലും ആകർഷണീയതയുണ്ട്.
‘‘കാണാത്ത പൊയ്കയിലെന്തൊണ്ട്’’ എന്ന് ചോദ്യം, ‘‘കണ്ടാൽ ചിരിക്കണ പൂവൊണ്ട്...’’ എന്ന് ഉത്തരം. തുടർന്നുള്ള വരികൾ ശുഭകാമനയായി മാറുന്നു.
‘‘പൂവിലൊന്നു പറിക്കാലോ/ പൂക്കാത്ത വള്ളിക്കു കൊടുക്കാലോ/ ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്/ ഒരു പൂക്കാലം കാണാലോ...’’ പി. സുശീല പാടിയ ‘‘അണിയം മണിയം പൊയ്കയിൽ പണ്ടൊരരയന്നമുണ്ടായിരുന്നു...’’ എന്ന കഥാഗാനവും നന്നായി.
‘‘അണിയം മണിയം പൊയ്കയിൽ പണ്ടൊ-/ രരയന്നമുണ്ടായിരുന്നു... –അവൾ/ ഉദയം മുതൽ അസ്തമയം വരെ/ ഉർവശി ചമയുകയായിരുന്നു/ അല്ലിമലർക്കാവിൽ കൂത്തിനു പോയ നാൾ/ അവളൊരു മയിലിനെ കണ്ടു/ നിറമയിൽപ്പീലികൾ കണ്ടു/ തിരുമണിക്കച്ചകൾ കണ്ടു/ നിറുകയിൽ പൂങ്കൊടി കണ്ടു/ അന്നാ മയിലിൻ വർണപ്പീലികൾ/ അവൾ ചെന്നു കടം മേടിച്ചു...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനം പി. സുശീലയുടെ ശബ്ദത്തിൽ മനോഹരമായി. എൽ.ആർ. ഈശ്വരി പാടിയ ഗാനവും സാധാരണയായി അവർ പാടുന്ന പാട്ടുകളിൽനിന്നും വ്യത്യസ്‌തമായിരുന്നു.
‘‘മാറിൽ സ്യമന്തകരത്നം ചാർത്തി/ മറക്കുട ചൂടിയ രാത്രി/ മാതളപ്പന്തലിൽ മാരൻപാട്ടിനു/ മലർക്കളമെഴുതിയ രാത്രി/ ഇതുവഴി ഇതുവഴി/ ഇതുവഴി വരൂ നീ മംഗലാതിരരാത്രി/ ഇളനീർ തുള്ളും മലയാളത്തിൻ/ മാനസപ്രിയപുത്രി...’’ ലതാ രാജു പാടിയ ഗാനമാണ് ‘പണിതീരാത്ത വീട്’ എന്ന സിനിമയിൽ ഇനി അവശേഷിക്കുന്നത്. അത് ഒരു കുട്ടി പാടുന്ന പാട്ടാണ്.
‘‘വാ മമ്മീ വാ വന്നൊരുമ്മ താ മമ്മീ താ.../ ഭൂതത്താൻ മലയിലൊളിച്ചോ -മമ്മി/ പൂവള്ളിക്കുടിലിൽ ഒളിച്ചോ/ തങ്കക്കോലേ തക്കിളിക്കോലേ പറഞ്ഞു താ/ താലിക്കുന്നിലെ തേൻകുയിലമ്മയെ കാണിച്ചു താ...’’ എന്നിങ്ങനെ തുടരുന്നു ഈ കളിപ്പാട്ട്.
കലാപരമായും വാണിജ്യപരമായും വിജയം കൈവരിച്ച ചിത്രമാണ് ‘പണി തീരാത്ത വീട്’. വയലാറും എം.എസ്. വിശ്വനാഥനും ചേർന്നൊരുക്കിയ പാട്ടുകൾ ഈ ചിത്രത്തിന്റെ വിജയത്തിന് ഏറെ സഹായകരമായി എന്നു പറഞ്ഞേ തീരൂ.
കെ.പി കൊട്ടാരക്കര കഥയും സംഭാഷണവും എഴുതി ഗണേഷ് പിക്ചേഴ്സിന്റെ പേരിൽ നിർമിച്ച സിനിമയാണ് ‘അജ്ഞാതവാസം’. എ.ബി. രാജ് ഈ ചിത്രം സംവിധാനംചെയ്തു. പ്രേംനസീർ, വിജയശ്രീ, സുജാത, റാണിചന്ദ്ര, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻകുട്ടി, ശങ്കരാടി, സാധന, പറവൂർ ഭരതൻ, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി-അർജുനൻ ടീം പാട്ടുകളൊരുക്കി. യേശുദാസ്, ജയചന്ദ്രൻ, പി. ലീല, എസ്. ജാനകി, വസന്ത എന്നിവരോടൊപ്പം ബ്രഹ്മാനന്ദൻ, അയിരൂർ സദാശിവൻ, എൽ.ആർ. ഈശ്വരി എന്നിവരും ഗാനങ്ങൾ പാടി.
യേശുദാസ് പാടിയ ‘‘അമ്പിളി നാളം...’’ എന്നു തുടങ്ങുന്ന ഗാനവും പി. ജയചന്ദ്രൻ പാടിയ ‘‘മുത്തുകിലുങ്ങി മണിമുത്തു കിലുങ്ങി’’ എന്ന ഗാനവും ശ്രോതാക്കൾ സ്വീകരിച്ചു. കൂടുതൽ ഹിറ്റ് ആയത് ‘‘മുത്തുകിലുങ്ങി’’ എന്ന ഗാനമാണെന്നു തോന്നുന്നു. യേശുദാസിന്റെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘അമ്പിളി നാളം അംബരമുകിലിന്നാദ്യ ചുംബനമേകി/ ആമ്പൽപൊയ്കകൾ ദീപാവലിയാൽ ആശംസകളേകി...’’ തുടർന്നുവരുന്ന ആദ്യചരണം ഇപ്രകാരമാണ്: ‘‘കതിരിട്ടു നിന്നൊരെൻ കൽപനത്തോപ്പിലെ/ കൽഹാരപുഷ്പദളങ്ങൾ/ കണ്മണീ നിൻ ലജ്ജാലോലമാം/ ദർശനസൗഭഗത്തിൻ കാറ്റിലാടി/ ആർദ്രചിന്തകൾ വന്നെന്നെ മൂടി/ സുന്ദരസ്വർഗങ്ങൾ തേടി.’’
ജയചന്ദ്രൻ പാടിയ ഗാനം ഇങ്ങനെ: ‘‘മുത്തു കിലുങ്ങി മണിമുത്തു കിലുങ്ങി/ മുത്തമൊളിക്കും ചുണ്ടിൽ ചിരി കിലുങ്ങി/ മുന്തിരി തേൻകുടം തുളുമ്പി -എൻ/ ചിന്തയിൽ കവിതകൾ വിളമ്പി -വിളമ്പി.../ ഓമനയൊരുവട്ടം പുഞ്ചിരിച്ചാൽ/ ഒരുനൂറിതളുള്ള പൂ വിരിയും/ ഓരോ പൂവും വസന്തമാകും/ ഓരോ വസന്തവും കഥ പറയും/ കഥ പറയും -പ്രേമകഥ പറയും...’’ എൽ.ആർ. ഈശ്വരി പാടിയ ‘‘പൂ വിൽക്കുന്ന പാട്ട് അർജുനൻ ഭംഗിയായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
‘‘താഴമ്പൂ മുല്ലപ്പൂ താമരപ്പൂ/ തങ്കക്കസവിട്ട കൊങ്ങിണിപ്പൂ/ ജേമന്തി, മന്ദാരം, ചെമ്പരത്തി/ ചെത്തിപ്പൂ, ചെമ്പകം, ചെങ്കദളി/ പൂ വേണോ... പൂ വേണോ.../ ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട്/ ആശിച്ചു നിൽക്കാതടുത്തുവന്നാൽ/ ആകാശനീലിമ കാട്ടിത്തരാം/ ആരും നുകരാത്ത ഗന്ധം തരാം/ ആനന്ദാരോമാഞ്ചക്കൂട് തരാം/ തിന്തിമി താനേ തിന്തിമിത്താനെ/ തിന്തിമി തിന്തിമി തിന്തിമി താനേ.../ പൂ വേണോ... കനകാംബരം.’’
പി. ലീലയും ബ്രഹ്മാനന്ദനും ചേർന്നു പാടിയ ‘‘കാവേരിപ്പൂം പട്ടണത്തിൽ...’’ എന്ന് തുടങ്ങുന്ന നൃത്തഗാനം ശ്രദ്ധേയമായിരുന്നു.
‘‘കാവേരിപ്പൂംപട്ടണത്തിൽ/ വാണരുളും കാമദേവാ/ കന്യക ഞാൻ നിന്നെ മോഹിച്ചു -എൻ കോവിലാ/ കണ്ണകി ഞാൻ നിന്നെ മോഹിച്ചു’’ എന്ന് ഗായിക പാടുമ്പോൾ ഗായകന്റെ മറുപടി ഇങ്ങനെ: ‘‘മാനായ്ക്ക മകളേ എൻ മറുമീൻമിഴിയാളേ/ മാനിനീ നിന്നെ മോഹിച്ചു -എൻ കണ്ണകീ/ മനസ്സാൽ നിന്നെ വരിച്ചു.’’
കണ്ണകിയും കോവിലനുമായി പൊയ്ക്കുതിരയാട്ട വേഷത്തിൽ വരുന്നത് പ്രേംനസീറും അടൂർ ഭാസിയുമാണ്. വില്ലനെ കബളിപ്പിച്ചു കുടുക്കിലാക്കാൻ നായകനും കൂട്ടുകാരനും (കൂട്ടുകാരിയും) വേഷം മാറി വന്നു നൃത്തംചെയ്തു വില്ലന്റെ സങ്കേതത്തിൽ കയറുന്നത് സി.ഐ.ഡി -ആക്ഷൻ സിനിമകളിൽ സർവസാധാരണമാണല്ലോ. ഓർമിക്കുക, അനുഗൃഹീത ഗായികയായ പി. ലീലയാണ് ഇവിടെ അടൂർ ഭാസിയുടെ പെൺവേഷത്തിനു വേണ്ടി ശബ്ദം നൽകിയിരിക്കുന്നത്.
പ്രേംനസീറിനുവേണ്ടി ബ്രഹ്മാനന്ദനും. ഗാനം ഇങ്ങനെ തുടരുന്നു: ‘‘മീനൊക്കും മിഴികളിലും/ തേനൂറും ചൊടികളിലും/ നാണത്തിൻ പൂ വിരിഞ്ഞു/ നല്ലാർകുലമണിയേ’’ എന്ന് കോവിലൻ പാടുമ്പോൾ കണ്ണകിയുടെ മറുപടി: ‘‘ചൊല്ലെഴും ധീരനല്ലേ/ വില്ലാളിവീരനല്ലേ/ കല്യാണരൂപനെന്റെ/ കൺകണ്ട ദൈവമല്ലേ...’’
ചലച്ചിത്ര ഗാനരചന വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ്, ഈ സന്ദർഭത്തിൽ നായകനും കൊമേഡിയനും വേഷം മാറി വന്നു പൊയ്ക്കുതിരയാട്ടം ആടുന്നു. അതിനു പറ്റിയ ഒരു പാട്ടു വേണം എന്നു മാത്രമേ സംവിധായകൻ പറയുകയുള്ളൂ. പൊയ്ക്കുതിരയാട്ടം ഒരു കേരളീയ കലയല്ല. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പാട്ടുകളുടെ രീതി മനസ്സിലാക്കി അതിൽ ഉപയോഗിക്കുന്ന താളം മനസ്സിലാക്കി അതിനനുസരിച്ച് മലയാളത്തിൽ എഴുതിക്കൊടുക്കണം. എഴുതിയതിനുശേഷം ഈണം പകരുന്നതുകൊണ്ട് ഗാനരചയിതാവാണ് സംഗീതസംവിധായകന് താളവ്യവസ്ഥകളും പറഞ്ഞുകൊടുക്കേണ്ടത്.
(ഈ കാലത്തെ കഥയല്ല പറയുന്നത്. ഇന്ന് മ്യൂസിക് ഡയറക്ടർ ട്യൂൺ ഇട്ടതിനു ശേഷമാണ് എല്ലാ പാട്ടെഴുത്തുകാരും വരികൾ എഴുതുന്നത്.)
യേശുദാസും അയിരൂർ സദാശിവനും വസന്തയും സംഘവും ചേർന്ന് പാടിയ ‘‘കൊച്ചുരാമാ, കരിങ്കാലീ...’’ എന്നു തുടങ്ങുന്ന പാട്ടും സാധാരണ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതായിരുന്നു.
‘‘കൊച്ചുരാമാ കരിങ്കാലീ/ ജയരാജാ മുതലാളീ/ കൊച്ചുരാമാ, കുള്ളാ, കള്ളാ/ ഇക്കളി തീക്കളി ഓർമിച്ചോ.../ ജയരാജാ തണ്ടാ മണ്ടാ/ ജീവൻ വേണേൽ ഓടിക്കോ.../ പ്രേമയൂണിയൻ സിന്ദാബാദ്/ പ്രേമവൈരികൾ മൂർധാബാദ്/ കൊച്ചുരാമാ കരിങ്കാലീ/ ജയരാജാ മുതലാളീ...’’
പ്രണയത്തിന്റെ മഹത്ത്വവും പ്രണയികൾ സംഘടിക്കേണ്ടതിന്റെ ആവശ്യകതയും വിവരിക്കുന്ന വരികളുമുണ്ട് ഈ ഗാനത്തിൽ.
‘‘ഉദയസൗഭാഗ്യതാരകയോ...’’ എന്നു തുടങ്ങുന്ന വരികൾ സിനിമയിലെ ഒരു അന്തർനാടകത്തിന്റെ തുടക്കമാണ്. ഉഷയും അനിരുദ്ധനും തമ്മിലുള്ള പ്രണയകഥയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. കെ.പി കൊട്ടാരക്കരയുടെ ശൈലിയിൽ ഇതും ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ബാണാസുരന്റെ മകൾ ഉഷ, അവളുടെ സഖിയായ ചിത്രലേഖ, അനിരുദ്ധൻ, ഉഷയുടെ പിതാവ് ബാണാസുരൻ (ശ്രീകൃഷ്ണന്റെ പൗത്രനാണ് അനിരുദ്ധൻ) എന്നിവരാണ് ഈ സംഗീതശിൽപത്തിൽ വരുന്ന കഥാപാത്രങ്ങൾ).
അനിരുദ്ധൻ ഉഷയോടു പറയുന്ന വരികളിലാണ് ഗാനം തുടങ്ങുന്നത്, ‘‘ഉദയസൗഭാഗ്യ താരകയോ -എൻ/ ഉഷയോ പ്രേമത്തിൻ ഉഷസ്സോ നീ.../ പ്രമദഹൃദയവിപഞ്ചിയിലുണരും/ പ്രണയസാരംഗമോ..?’’
ഇതിന് ഉഷ നൽകുന്ന മറുപടിയിങ്ങനെ: ‘‘സഖി ചിത്രലേഖ തൻ തൂലികത്തുമ്പിലായ്/ സർവാംഗ സൗന്ദര്യം ഒഴുകിവീണു.../ ജന്മജന്മങ്ങളായ് ഞാൻ കാത്തിരുന്നൊരാ/ പുണ്യം നിൻ ആകാരമാർന്നുണർന്നു...’’
ചിത്രലേഖ അസാധാരണ പ്രതിഭയുള്ള ചിത്രകാരിയാണ്, ചിത്രലേഖ വരച്ച ചിത്രത്തിലൂടെയാണ് അനിരുദ്ധനെ ഉഷ കാണുന്നത്. തന്റെ മായാജാലത്താൽ അനിരുദ്ധനെ ഉഷയുടെ അന്തപ്പുരത്തിൽ കൊണ്ടുവരുന്നതും സഖിയായ ചിത്രലേഖയാണ്, ഈ അന്തർനാടകത്തിൽ ഉഷയുടെ പിതാവായ ബാണാസുരനും വരുന്നുണ്ട്. ബാണാസുരനും പാടുന്നു, ആ വരികൾ ഇങ്ങനെ:
‘‘ആരിഹ വന്നതെടാ പടുനിശയിലെൻ/ പ്രാണസൂത തൻ അറയിൽ/ മർക്കട മൂഢ വിടാ ഷഡകീടാ/ കാക്കുക നിൻ പതനം/ ഉച്ചി പിളർന്നു ഞാൻ ഭക്ഷണമാക്കിടും/ ഇക്ഷണം നിൻ രുധിരം -രുധിരം/ ആരിഹ വന്നതെടാ...’’ തുടർന്ന് സ്വരങ്ങൾ വരുന്നുണ്ട്. ഈ ഭാഗം പാടിയത് അയിരൂർ സദാശിവനാണ്.
പ്രണയം, സംഘട്ടനം, ഹാസ്യം, പാട്ടുകൾ എല്ലാം നിറഞ്ഞ ‘അജ്ഞാതവാസം’ എന്ന ചിത്രം ഒരു ബോക്സ് ഓഫിസ് ഹിറ്റ് ആയിരുന്നു.
തകഴിയുടെ ‘ഏണിപ്പടികൾ’ എന്ന നോവൽ കെ.പി.എ.സി ഫിലിംസ് ചലച്ചിത്രമാക്കി. തോപ്പിൽ ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതി സിനിമ സംവിധാനം ചെയ്തത്. മധു നായകനായി അഭിനയിച്ചു. ശാരദ, ജയഭാരതി, കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, അടൂർ ഭാസി, എസ്.പി. പിള്ള, ശങ്കരാടി, ബഹദൂർ, ആലുമ്മൂടൻ തുടങ്ങിയവർ മറ്റു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
വയലാറിന്റെ ഗാനങ്ങളോടൊപ്പം സ്വാതി തിരുനാളും ഇരയിമ്മൻ തമ്പിയും രചിച്ച കൃതികളും ജയദേവരുടെ വരികളും (അഷ്ടപദി) ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ജി. ദേവരാജനാണ് ‘ഏണിപ്പടികളു’ടെ സംഗീതസംവിധായകൻ. യേശുദാസ് പാടിയ ‘‘ഒന്നാം മാനം പൂമാനം...’’ എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചു.
‘‘ഒന്നാം മാനം പൂമാനം/ പിന്നത്തെ മാനം പൊന്മാനം/ പൂമാനത്തിനും പൊൻമാനത്തിനും മീതേ/ ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി...’’ പല്ലവിയുടെ ഭംഗി വയലാർ ചരണത്തിലും നിലനിർത്തുന്നുണ്ട്.
പി. ലീലയും സംഘവും പാടിയ ‘‘പങ്കജാക്ഷൻ കടൽവർണൻ/ പഞ്ചശരരൂപൻ കൃഷ്ണൻ/ പണ്ടൊരു നാൾ കാളിന്ദി തൻ/ കരയിലെത്തി’’ എന്നു തുടങ്ങുന്ന പാട്ടിൽ യമുനയിൽ കുളിച്ചുകൊണ്ടിരുന്ന ഗോപസ്ത്രീകളുടെ ചേലകളുമെടുത്ത് മരത്തിൽ കയറിയിരുന്ന കള്ളക്കണ്ണന്റെ വികൃതികളെക്കുറിച്ചാണ് പറയുന്നത്.
‘‘ചന്ദനക്കൽപടവിങ്കൽ/ ചേലയെല്ലാമഴിച്ചിട്ട്/ ചഞ്ചല മിഴിമാർ മുങ്ങിക്കുളിക്കും നേരം/ പട്ടുചേല കട്ടുവാരി/ പൊന്നരയാൽക്കൊമ്പിലേറി/ കുത്തഴിച്ചു ചുളി നീർത്തി/ മടക്കിത്തൂക്കി...’’
ഈ ഗാനത്തിലെ ഏറ്റവും സുന്ദരമായ വരികൾ ഇനി ഉദ്ധരിക്കാം: ‘‘എങ്ങുനിന്നെന്നറിയാതെ/ യമുനയിലൂടെയൊരു/ യദുകുലകാംബോജിയന്നൊഴുകിവന്നു/ മുട്ടിനോളം നീരിൽ മുങ്ങി/ മുടിയുലമ്പും കന്യകമാർ/ മുത്തുവളക്കയ്യുകളാൽ/ മാറിടം പൊത്തി/ കന്യകമാർ കൈകൾ നീട്ടി/ കള്ളനവൻ ചേല നൽകി/ വെണ്ണിലാവിലവരുടെ/ നാണം തിളങ്ങി...’’
ജയചന്ദ്രനും മാധുരിയും പാടിയ ‘‘ജയ് ബോലോ ഭാരതമാതാ കീ ജയ്’’ എന്നാരംഭിക്കുന്ന ഗാനം വയലാർ എഴുതിയതുതന്നെ.
എം.കെ. അർജുനൻ, ശ്രീകുമാരൻ തമ്പി
‘‘സ്വാതന്ത്ര്യം ജന്മാവകാശം/ സ്വാതന്ത്ര്യം നമ്മുടെ സ്വർഗം/ പുറത്തു പോകൂ പരദേശീ/ പുറത്തു പോകൂ പരദേശീ/ പുറത്തു പോകൂ പരദേശീ/ ഭാർഗവരാമന്റെ നാടല്ല/ ശ്രീപത്മനാഭന്റെ നാടല്ല/ വഞ്ചിഭൂമി വഞ്ചിഭൂമി/ ഇന്നിതു ജനകോടികളുടെ/ മോചനവിപ്ലവരണഭൂമി/ മഹാത്മാ ഗാന്ധി കീ ജയ്/ ജവഹർലാൽ നെഹ്‌റു കീ ജയ്...’’
കഥ നടക്കുന്ന കാലഘട്ടത്തിന്റെ സ്‌പന്ദനം രേഖപ്പെടുത്താൻ വേണ്ടിയാണ് സംവിധായകൻ ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മാധുരി മാത്രം പാടിയ മറ്റൊരു ഗാനം ഇതാണ്: ‘‘കനകക്കുന്നിൽനിന്നു/ കവടിയാർക്കുന്നിലേക്കു/ കളഭവുമായ് വന്ന പൗർണമാസീ/ ശംഖമുദ്ര പതിപ്പിച്ചു തമ്പുരാൻ തന്നൊരു/ തങ്കപ്പതക്കമിട്ട പൗർണമാസീ/ ധന്യവാദം ധന്യവാദം ധന്യവാദം...’’
കാവ്യഗുണത്താൽ പ്രശസ്തിയും ശൃംഗാര രസാധിക്യത്താൽ കുപ്രസിദ്ധിയും നേടിയ ‘‘പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ’’ എന്നു തുടങ്ങുന്ന ഇരയിമ്മൻ തമ്പിയുടെ കൃതി ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ഇഷ്ടഗായികയായ മാധുരിക്കാണ് ഈ അപൂർവ സുന്ദരമായ കൃതി ആലപിക്കാൻ ദേവരാജൻ മാസ്റ്റർ അവസരം നൽകിയത്.
ഈ ഗാനം പ്രക്ഷേപണംചെയ്യാൻ ആകാശവാണിയിലെ ചില ഉദ്യോഗസ്ഥർ വൈമുഖ്യം കാണിച്ചതും ആസ്വാദകവൃന്ദം അതിനെ എതിർത്തതും മറ്റും അക്കാലത്ത് വാർത്തയായിരുന്നു. എം.ജി. രാധാകൃഷ്ണനും നെയ്യാറ്റിൻകര വാസുദേവനും ചേർന്നു പാടിയ സ്വാതി തിരുനാൾ കൃതിയും ചിത്രത്തിലുണ്ടായിരുന്നു. കല്യാണി രാഗത്തിലുള്ള ‘‘സാരസ സുവദന മഹനീയചരിത ജയ ജയ/ സകലവിബുധവര പരിണിത...’’ എന്നാരംഭിക്കുന്ന പ്രശസ്ത കീർത്തനം ചിത്രത്തിലുണ്ട് (‘ഏണിപ്പടികൾ’ നിർമിക്കുന്ന കാലത്ത് എം.ജി. രാധാകൃഷ്ണനും നെയ്യാറ്റിൻകര വാസുദേവനും ഒരുമിച്ചാണ് സംഗീത കച്ചേരികൾ നടത്തിയിരുന്നത്).
അഷ്ടപദിയിലെ ‘‘യാഹി മാധവ യാഹി കേശവ മാവദ കൈതവവാദം’’ എന്ന പദവും മാധുരിയും സംഘവും ചേർന്നാണ് പാടിയത്. 1973 ഫെബ്രുവരി ഒമ്പതിന് ‘ഏണിപ്പടികൾ’ തിയറ്ററുകളിലെത്തി. നാടകരംഗത്ത് വെന്നിക്കൊടി പാറിച്ച കെ.പി.എ.സി സിനിമാ നിർമാണരംഗത്തും അവരുടെ പ്രഭാവം നിലനിർത്തുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ, ഒരു സിനിമ കൂടി നിർമിക്കാനേ അവർക്കു കഴിഞ്ഞുള്ളൂ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.