‘ഭാർഗ്ഗവീനിലയം’ എന്ന സിനിമയിലൂടെ എ. വിൻസെന്റ് സംവിധായകൻ എന്ന നിലയിലും താൻ മറ്റാർക്കും പിന്നിലല്ല എന്നു തെളിയിച്ചു. അങ്ങനെ വളരെ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്‌ത് അദ്ദേഹം മലയാളത്തിലെ സിനിമാ സംവിധായകരുടെ മുൻനിരയിലെത്തി. വ്യത്യസ്തമായ ഒരു കഥ കേട്ടപ്പോൾ എന്തുകൊണ്ട് ആ കഥ സ്വന്തം ചെലവിൽ സിനിമയിൽ പകർത്തിക്കൂടാ എന്ന് അദ്ദേഹം ആലോചിച്ചു. അങ്ങനെ സ്വന്തമായി ഒരു നിർമാണക്കമ്പനി തുടങ്ങി അദ്ദേഹം സ്വയം നിർമിച്ച സിനിമയാണ് ‘ചെണ്ട’ –യാത്ര തുടരുന്നു.
‘നീലക്കുയിൽ’ എന്ന സിനിമയിലെ ഛായാഗ്രഹണത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായിത്തീർന്ന എ. വിൻെസന്റ് എന്ന പ്രതിഭാധനൻ ‘ഭാർഗ്ഗവീനിലയം’ എന്ന സിനിമയിലൂടെ സംവിധായകൻ എന്ന നിലയിലും താൻ മറ്റാർക്കും പിന്നിലല്ല എന്നു തെളിയിച്ചു. അങ്ങനെ വളരെ നല്ല ചിത്രങ്ങൾ സംവിധാനംചെയ്‌ത് അദ്ദേഹം മലയാളത്തിലെ സിനിമാ സംവിധായകരുടെ മുൻനിരയിലെത്തി. വ്യത്യസ്തമായ ഒരു കഥ കേട്ടപ്പോൾ എന്തുകൊണ്ട് ആ കഥ സ്വന്തം ചെലവിൽ സിനിമയിൽ പകർത്തിക്കൂടാ എന്ന് അദ്ദേഹം ആലോചിച്ചു. അങ്ങനെ സ്വന്തമായി ഒരു നിർമാണക്കമ്പനി തുടങ്ങി അദ്ദേഹം സ്വയം നിർമിച്ച സിനിമയാണ് ‘ചെണ്ട’.
നിർമാണക്കമ്പനിയുടെ പേര് സന്മാർഗചിത്ര. ബി.ഇ. രാമനാഥൻ എന്നയാളുടെ ഭാവനയിൽ പിറന്ന കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പിൽ ഭാസിയാണ്. മധുവും ശ്രീവിദ്യയും നായകനും നായികയുമായി. ഒരു പ്രധാന സ്ത്രീ കഥാപാത്രത്തെ നന്ദിതാബോസ് അവതരിപ്പിച്ചു. തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, സുകുമാരി, ബാലൻ കെ. നായർ, സുധീർ, അടൂർ ഭാസി, ശങ്കരാടി, എസ്.പി. പിള്ള, ബഹദൂർ, കുഞ്ചൻ, ശാന്താദേവി, തൃത്താല ശ്രീകുമാർ തുടങ്ങിയവരും അഭിനയിച്ചു, ദേവരാജൻ സംഗീതസംവിധായകനായ ‘ചെണ്ട’യിൽ ആറു ഗാനങ്ങളാണുള്ളത്. യേശുദാസും മാധുരിയും മാത്രമേ പാടിയിട്ടുള്ളൂ. എന്നാൽ, ഗാനരചയിതാക്കൾ നാലുപേരുണ്ട് –പി. ഭാസ്കരൻ, വയലാർ, ഭരണിക്കാവ് ശിവകുമാർ, സുമംഗല എന്നിങ്ങനെ നാലു പേർ.
മൂന്നു പാട്ടുകൾ എഴുതിയത് പി. ഭാസ്കരനാണ്. അവ മൂന്നും വളരെ മികച്ച രചനകളാണ്. വരികൾ വായിക്കുമ്പോൾതന്നെ നിങ്ങൾ അവ തീർച്ചയായും ഓർമിക്കും.
മാധുരി പാടിയ ‘‘താളത്തിൽ താളത്തിൽ...’’ എന്നു തുടങ്ങുന്ന ഗാനംതന്നെയെടുക്കാം. ‘‘താളത്തിൽ താളത്തിൽ’’ എന്നിങ്ങനെ കവി വരികൾ തുടങ്ങാൻ കാരണമുണ്ട്. നായകൻ (മധു) പ്രശസ്തനായ ഒരു ചെണ്ടവാദകനാണ്. അയാൾ ചെണ്ട വായിക്കുന്നു, നായിക (ശ്രീവിദ്യ) നൃത്തംചെയ്യുന്നു. ഈ പാട്ടിന് ദേവരാജസംഗീതത്തിന്റെ പിന്തുണകൂടി ലഭിച്ചപ്പോൾ അത് ഉത്തുംഗശ്രേണിയിൽ എത്തി.
‘‘താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന\മേളത്തിൽ ചിലങ്കകൾ കിലുങ്ങി...\ഗാനത്തിൻ ഓളത്തിൽ ആനന്ദനടനത്തിൽ\ ചേണുറ്റ മലർമെയ് കുലുങ്ങി...’’ (ചേണുറ്റ –എന്ന വാക്കിനു പകരം ചേലൊത്ത എന്ന വാക്കു ചിലർ പാടാറുണ്ട്. അത് ശരിയല്ല, ചേണുറ്റ എന്നുതന്നെയാണ് വേണ്ടത്. ചേണുറ്റ എന്ന വാക്കിന് ശക്തിയുള്ള എന്നാണ് അർഥം.) ഗാനം ഇങ്ങനെ തുടരുന്നു,
‘‘മാകന്ദവിശിഖന്റെയമ്പലത്തിൽ\ മാധവപുഷ്പിത മണ്ഡപത്തിൽ\ അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നു –ഞാൻ\കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നു...’’
കവി അക്ഷരങ്ങളിലൂടെ സൃഷ്ടിച്ചിരിക്കുന്ന താളത്തിൽ ലയിച്ച് ദേവരാജൻ മാസ്റ്ററുടെ സംഗീത താളം ഒഴുകുന്നു. യേശുദാസ് പാടിയ രണ്ടാമത്തെ ഗാനവും പി. ഭാസ്കരൻ രചിച്ചതാണ്. ആ ഗാനമിതാണ്: ‘‘ചാരുമുഖി ഉഷ മന്ദം മാരലീലാലോലയായി\ തന്നുടെ സുന്ദര മന്ദിരസീമനി\ ചെന്നിതു മന്മഥചിന്തയിൽ മുഴുകി\ പൂത്ത വല്ലിനികുഞ്ജത്തിൽ\ കാത്തിരുന്നിതനിരുദ്ധൻ\ പങ്കജബാണനവൻ ബാണാത്മജ തൻ\ കരപല്ലവമൻപിൽ ഗ്രഹിച്ചു...’’ എന്നിങ്ങനെ ഉഷയും അനിരുദ്ധനും തമ്മിലുള്ള പ്രണയരംഗം വർണിക്കുന്നു (ബാണാത്മജ = ബാണാസുരന്റെ മകൾ = ഉഷ).
പി. ഭാസ്കരൻ എഴുതിയ മൂന്നാമത്തെ ഗാനം പാടിയത് മാധുരിയാണ്. ‘‘സുന്ദരിമാർ കുലമൗലികളേ\പന്തടിച്ചു കളിക്കുക നാം\ ഉർവശിയെവിടെ, മേനകയെവിടെ\ ഉമ്പർകോൻപുരിയിലെ രംഭയെവിടെ..?’’ എന്നു തുടങ്ങുന്നു മനോഹരമായ ഈ നൃത്തഗാനം.
വയലാറും ‘ചെണ്ട’ക്കുവേണ്ടി ഒരു ഗാനം എഴുതി. ‘‘നൃത്യതി നൃത്യതി’’ എന്നാരംഭിക്കുന്ന ഈ ഗാനം യേശുദാസാണ് പാടിയത്. ‘‘നൃത്യതി നൃത്യതി ബ്രഹ്മപദം\നക്ഷത്ര നവഗ്രഹ ഹംസപദം\നൃത്യതി നൃത്യതി ബ്രഹ്മപദം\ അണ്ഡകടാഹങ്ങളലയും\അനന്തമാം ക്ഷീരപഥത്തിൽ\ശബ്ദമായ് രൂപമായ് ജീവനു വിടരാൻ\ സഹസ്രദലങ്ങളായ് മിഴിതുറക്കാൻ\വിശ്വശിൽപിയുടെ പിച്ചളച്ചെണ്ടയിൽ\വിളഞ്ഞു പണ്ടീ താളം\താളം, ആദിതാളം -ഇത്\ധ്വനി പ്രതിധ്വനികൾ തൻ\പ്രണവതാളം...’’
ഒരേയൊരു ഗാനത്തിലൂടെ തന്റെ സാന്നിധ്യത്തിന്റെ മൂല്യം വയലാർ അറിയിച്ചു, ഭരണിക്കാവ് ശിവകുമാർ എഴുതിയ ഒരു പാട്ടും സുമംഗല എഴുതിയ ഒരു പാട്ടുമാണ് ഇനി ചിത്രത്തിൽ അവശേഷിക്കുന്നത്. ശിവകുമാർ എഴുതിയ പാട്ട് ഹിറ്റ് ഗാനമായി മാറി. പലരും അത് വയലാറിന്റെ ഗാനമായി തെറ്റിദ്ധരിച്ചിട്ടുണ്ട്.
‘‘പഞ്ചമിത്തിരുനാൾ\മദനോത്സവത്തിരുനാൾ\ കഞ്ജബാണൻ മലർശരമെയ്യും\കന്മദസൗരഭ ശൃംഗാര നാൾ...’’ തുടർന്ന് വരുന്ന ആദ്യചരണത്തിലെ വരികൾ: ‘‘നാൽപാമരക്കുളിർപൊയ്കയിൽ\നാണിച്ചു വിടരും പൂക്കളേ\ ഇന്നു രാവിൽ പ്രിയനെൻമാറിൽ\ മായാക്ഷതങ്ങൾ ചാർത്തുമ്പോൾ\ എൻ മാറിടമാകെ തരിക്കും\അവന്റെ മെയ്യിൽ പടരും ഒരു\ മലർവള്ളിയായ് ഞാൻ മാറും,\ ഞാൻ ഞാനാകെ തരിക്കും...’’ ഒട്ടും മോശമല്ലാത്ത രചനയാണിത്.
സുമംഗല എഴുതിയ ഗാനവും മാധുരിതന്നെ പാടി. ‘‘അക്കരെയക്കരെ യമ്പലമുറ്റ-\ ത്തശോകമരമൊന്നു നിൽപ്പൂ\ പൂക്കാതെ തീരെ തളിർക്കാതെ\ ചില്ലക്കൈ താഴ്ത്തി തളർന്നു വിവശനായ്’’ എന്നു തുടങ്ങുന്നു. തുടർന്നുള്ള വരികൾ: ‘‘കിങ്കിലം കിങ്കിലം കിങ്കിലം കിലുങ്ങും\തങ്കച്ചിലങ്കയുമായൊരുനാൾ\കൊട്ടാരക്കെട്ടിലെ പാവമാം നർത്തകി\ എത്തിയശോകമരച്ചോട്ടിൽ...’’
സുമംഗല സിനിമക്കുവേണ്ടി എഴുതിയ ആദ്യഗാനമാണിതെന്നു തോന്നുന്നു. പിന്നീട് ഈ പേര് സിനിമാ വേദിയിൽ കേട്ടതായി ഓർമയില്ല.
‘ചെണ്ട’ അതിമനോഹരമായ ഒരു സിനിമയായിരുന്നു. ഒരു ചെണ്ടവാദകന്റെയും അവനെ ആത്മാർഥമായി സ്നേഹിക്കുന്ന നർത്തകിയുടെയും കഥ. ചെണ്ടവാദകന്മാർക്കിടയിലെ കിടമത്സരത്തിന്റെയും വഞ്ചനയുടെയും കഥ ചിത്രത്തിന്റെ അന്തർധാരയാകുന്നു. എന്നാൽ, അർഹിക്കുന്ന സ്ഥാനം ബുദ്ധിജീവികൾ ഈ ചിത്രത്തിനു നൽകിയില്ല. ഈ വിഷയത്തിൽ വിൻെസന്റ് മാസ്റ്റർ ദുഃഖിതനായിരുന്നു എന്ന് ഈ ലേഖകൻ മനസ്സിലാക്കിയിട്ടുണ്ട്. 1973 ഏപ്രിൽ 27ന് ‘ചെണ്ട’ തിയറ്ററുകളിലെത്തി.
ഇതേ ദിവസംതന്നെയാണ് പി. ഭാസ്കരൻ സംവിധാനംചെയ്ത ‘വീണ്ടും പ്രഭാതം’ എന്ന സിനിമയും റിലീസ് ചെയ്തത്. കുട്ടിക്കാലത്ത് പിരിഞ്ഞു പോകുന്ന ഒരു സഹോദരിയും രണ്ടു സഹോദരന്മാരും വർഷങ്ങൾക്കു ശേഷം കൂട്ടിമുട്ടുന്ന കുടുംബകഥയാണ് ‘വീണ്ടും പ്രഭാതം’. മികച്ച ഗാനങ്ങൾ, രസകരമായ അനവധി ഹാസ്യരംഗങ്ങൾ, അത്യാവശ്യത്തിനു സംഘട്ടനം –എന്നിങ്ങനെ എല്ലാം തികഞ്ഞ ഒരു ഫാമിലി എന്റർടെയ്നർ ആയിരുന്നു ‘വീണ്ടും പ്രഭാതം’ എന്ന ചിത്രം. പ്രതാപ് ആർട്ട് പിക്ചേഴ്സ് എന്ന ബാനറിൽ തെലുഗു-ഹിന്ദി ചിത്രങ്ങളുടെ നിർമാതാക്കളായ എം.പി. റാവുവും എം.ആർ.കെ. മൂർത്തിയും ചേർന്നാണ് ‘വീണ്ടും പ്രഭാതം’ നിർമിച്ചത്.
ഗാനങ്ങൾ എഴുതി പി. ഭാസ്കരൻ ഈ ചിത്രം സംവിധാനം ചെയ്തു. തെലുഗു കഥയിൽ മലയാളത്തിന് അനുയോജ്യമായ മാറ്റങ്ങൾ വരുത്തി തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്. അതുവരെ ശ്രീകുമാരൻ തമ്പി തിരക്കഥയെഴുതി പി. ഭാസ്കരൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ ഗാനരചന രണ്ടുപേരും പങ്കിടുന്ന പതിവുണ്ടായിരുന്നു. ഗാനങ്ങൾ എഴുതാൻ ശ്രീകുമാരൻ തമ്പിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയതിനാൽ പി. ഭാസ്കരന്റെ ചിത്രങ്ങളിൽ ഗാനങ്ങൾ പങ്കിടുന്നതിൽനിന്ന് ശ്രീകുമാരൻ തമ്പി സ്വയം പിന്മാറി.
തുടർന്നും പി. ഭാസ്കരൻ ചിത്രങ്ങൾക്കുവേണ്ടി ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും എഴുതുകയുണ്ടായി. പക്ഷേ, ആ സിനിമകളിലെ എല്ലാ ഗാനങ്ങളും പി. ഭാസ്കരൻതന്നെയാണ് എഴുതിയത്. പ്രേംനസീർ, ശാരദ, വിജയശ്രീ, അടൂർ ഭാസി, ടി.എസ്. മുത്തയ്യ, ജോസ് പ്രകാശ്, പ്രേമ, ശോഭ, ബഹദൂർ, വീരൻ, ടി.പി. രാധാമണി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. വർഷങ്ങളായി പ്രേംനസീറിന്റെ കാമുകിയായും ഭാര്യയായും അഭിനയിച്ചുകൊണ്ടിരുന്ന ശാരദ അദ്ദേഹത്തിന്റെ ചേച്ചിയായും അടൂർ ഭാസി അവരുടെ രണ്ടുപേരുടെയും അനുജനായും അഭിനയിച്ചാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയം തിരക്കഥാകൃത്തിനും സംവിധായകനും ഉണ്ടായിരുന്നു. എന്നാൽ, ‘വീണ്ടും പ്രഭാതം’ എന്ന ചിത്രം സൂപ്പർഹിറ്റ് ആയി. വിജയശ്രീ പ്രേംനസീറിന്റെ നായികയാകുന്ന സിനിമയിൽ പ്രേംനസീറിന്റെ ചേച്ചിയായി അഭിനയിക്കാൻ മുന്നോട്ടുവന്ന ശാരദയുടെ കലാദർശനത്തിനു സ്തുതി.
‘വീണ്ടും പ്രഭാത’ത്തിലെ ഗാനങ്ങളും ഹിറ്റുകളായി. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയത്. പി. സുശീല പാടിയ ‘‘ഊഞ്ഞാലാ... ഊഞ്ഞാലാ...’’ എന്ന ഗാനം വളരെ പ്രശസ്തമാണ്. ഇതേ വരികൾ അമ്പിളി എന്ന ഗായികയും പാടിയിട്ടുണ്ട്. വീണ്ടും യേശുദാസും സുശീലയും ചേർന്നും പാടുന്നു. ഗാനത്തിന്റെ പല്ലവി മാത്രം ചിത്രത്തിൽ പല രംഗങ്ങളിലും ആവർത്തിക്കപ്പെടുന്നു.
‘‘ഊഞ്ഞാലാ ഊഞ്ഞാലാ\ ഓമനക്കുട്ടന്നോലോലംകുളങ്ങരെ\ താമരവളയം കൊണ്ടൂഞ്ഞാല\ താനിരുന്നാടും പൊന്നൂഞ്ഞാല...’’ ഈ പല്ലവി വരികളിലെ ലാളിത്യംകൊണ്ടും ദക്ഷിണാമൂർത്തി സ്വാമിയുടെ ഇമ്പമേറിയ ഈണംകൊണ്ടും അതിമനോഹരമായി.
ആദ്യചരണം ഇങ്ങനെ: ‘‘പകലാം പൈങ്കിളി പോയ് മറഞ്ഞു \ പടിഞ്ഞാറേ കുന്നത്ത് പോയ് മറഞ്ഞു\ അമ്പിളിത്തുമ്പിക്കും\ മക്കൾക്കും മാനത്തെ\ തുമ്പക്കുടത്തിന്മേൽ ഊഞ്ഞാലാ\ ഊഞ്ഞാലാ ഊഞ്ഞാലാ...’’
യേശുദാസ് പാടിയ രണ്ടു മൂന്നു പ്രണയഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. അവയെല്ലാംതന്നെ ഹിറ്റുകളായി.
‘‘നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടിൽ\ നളനാണ് ഞാൻ –പുത്തൻ നളനാണ് ഞാൻ...\ അനുരാഗലേഖനമെൻ ദമയന്തി\ക്കേകി വരാൻ\അരയന്നമില്ലല്ലോ -ദൂത് ചൊല്ലാൻ\ അരയന്നമില്ലല്ലോ, താമരത്തളിർമെത്ത നീർത്തി\ ഓമലാളെ കാത്തിരിക്കാൻ\പൂമരത്തിൻ തണലില്ലല്ലോ –എന്റെ ചുറ്റും\ പൂമരത്തിൻ തണലില്ലല്ലോ’’ എന്ന ഗാനവും ‘‘ആലോലനീലവിലോചനങ്ങൾ\ ചാലിച്ച നീലച്ച മഷിയിൽ മുക്കി\ മന്മഥനിന്നൊരു കാവ്യമെഴുതി\മനസ്സിലെ താമരത്തളിരിൽ’’ എന്ന് തുടങ്ങുന്ന ഗാനവും ‘‘കുമുദിനികൾ കളഭം പൂശി\ പ്രമദവനം പൂമണം വീശി\ കുസുമശരൻ കാത്തു നിൽപ്പൂ\ രാധികേ...\ രാഗവിവശനാകും യദുനാഥൻ നിന്നെ\ രാസനടനത്തിനു വിളിക്കുന്നു\ കാലിലെ ചിലങ്കയും കബരീപുഷ്പങ്ങളും\ നീലനിചോളവുമണിയൂ\ വേഗമണിയൂ സഖീ’’ എന്ന ഗാനവും ഒന്നിനൊന്നു മികച്ചതായി. ‘‘എന്റെ വീടിനു ചുമരുകളില്ല\ എൻ മനസ്സിനു മതിലില്ല\ എന്റെ വയലിനു വേലികളില്ല\ എൻ ധനത്തിന്നളവില്ല...’’ എന്നു തുടങ്ങുന്ന ഗാനം എസ്.ടി. ശശിധരൻ എന്ന ഗായകനാണ് പാടിയത്. ‘ഭാര്യയില്ലാത്ത രാത്രി’ എന്ന ചിത്രത്തിലെ ‘‘അഭിലാഷമോഹിനീ അമൃതവാഹിനീ...’’ എന്ന ഗാനത്തിലൂടെ (രചന: ശ്രീകുമാരൻ തമ്പി) ദേവരാജൻ മാസ്റ്റർ മലയാള സിനിമയിൽ അവതരിപ്പിച്ച ഗായകനാണ് എസ്.ടി. ശശിധരൻ. അദ്ദേഹം പിന്നെ തന്റെ പേര് ശ്രീകാന്ത് എന്ന് മാറ്റി.
ഈ ചിത്രത്തിൽ ചില പരമ്പരാഗത ഗാനങ്ങളുടെ ചെറു ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘‘രാധാസമേതാ കൃഷ്ണാ’’ എന്ന് തുടങ്ങുന്ന ഗാനം ഉദാഹരണം. ഈ ഭാഗം വി. ദക്ഷിണാമൂർത്തി തന്നെയാണ് പാടിയത്. ഇതുപോലെ യേശുദാസ് പാടിയ ഒന്നുരണ്ടു ശാസ്ത്രീയഗാന പല്ലവികളുമുണ്ട്. ഈ ഗാനശകലങ്ങൾക്കു പശ്ചാത്തലസംഗീതത്തിന്റെ സ്ഥാനം നൽകിയാൽ മതി. പ്രദർശിപ്പിച്ച മിക്കവാറും തിയറ്ററുകളിൽ നൂറുദിവസം പ്രദർശനം തുടർന്ന സൂപ്പർഹിറ്റ് സിനിമയാണ് ‘വീണ്ടും പ്രഭാതം’.
ജി.പി. ബാലൻ ചന്തമണി ഫിലിംസിന്റെ പേരിൽ നിർമിച്ച ‘ആരാധിക’ എന്ന ചിത്രത്തിന്റെ സംവിധായകൻ ബി.കെ. പൊറ്റെക്കാട് ആണ്. മികച്ച നടൻകൂടിയായ ബി.കെ. പൊറ്റെക്കാടിനെക്കുറിച്ച് ഈ പരമ്പരയിൽ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. അർഹതക്കൊപ്പം മലയാള സിനിമയിൽ ഉയരാൻ കഴിയാതെ പോയ നടനും എഴുത്തുകാരനും സംവിധായകനുമാണ് അദ്ദേഹം. എൻ. ഗോവിന്ദൻകുട്ടിയാണ് ‘ആരാധിക’ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. ശ്രീകുമാരൻ തമ്പിയും എം.എസ്. ബാബുരാജും ചേർന്ന് പാട്ടുകളൊരുക്കി.
യേശുദാസ്, പി. സുശീല, പി. ലീല, എൽ.ആർ. ഈശ്വരി, ബി. വസന്ത എന്നിവർ ഗാനങ്ങൾ പാടി. ജയഭാരതി, രാഘവൻ, വിൻെസന്റ്, റാണിചന്ദ്ര, അടൂർ ഭാസി, ശ്രീലത, ഫിലോമിന, നിലമ്പൂർ ബാലൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
‘ആരാധിക’യിൽ ആറ് ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ\ അർച്ചനാവേദി തൻ രോമാഞ്ചമേ’’ എന്ന ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘തെളിയും പത്മരാഗം ഒളി തൂവും നിൻ ചൊടിയിൽ\ ഒരു പ്രേമവസന്തത്തിൻ ദ്രുതകവനം\ ആ മുഖകാമന തൻ അലങ്കാരകന്ദളങ്ങൾ\ അബലനാമെന്നെയും കവിയാക്കി \ ഒരു പ്രേമകവിത ഞാൻ എഴുത്തിടട്ടെ –നിൻ\ അധരത്തിലെന്നുമതു ശ്രുതിയിടട്ടെ...’’
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനവും ബാബുരാജിന്റെ ഈണത്തിൽ ശ്രദ്ധേയമായി, ‘‘കാമദേവന്റെ ശ്രീകോവിലിൽ’’ എന്നു തുടങ്ങുന്ന ഗാനം. ‘‘കാമദേവന്റെ ശ്രീകോവിലിൽ\ കാലം നേദിച്ച പഞ്ചാമൃതം\ കാമിനീ നിൻ മന്ദഹാസം\ കാവ്യവാസന്ത സുപ്രഭാതം...’’ ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ: ‘‘സ്നേഹസാഗരതീരങ്ങളിൽ\ മോഹം വളർത്തും പൂവനങ്ങൾ\ കാമിനീ നിൻ ഭാവനകൾ\ കാവ്യസുന്ദര കാമനകൾ...’’ പി. ലീലയും ബി. വസന്തവും ചേർന്നു പാടിയ ‘‘സംഗീതം ആത്മാവിന് സൗഗന്ധികം’’ എന്നു തുടങ്ങുന്ന ഒരു സെമി ക്ലാസിക്കൽ ഗാനമാണ് അടുത്തത്:
‘‘സംഗീതം ആത്മാവിൻ സൗഗന്ധികം\ സപ്തസ്വരങ്ങൾ തൻ ലയസംഗമം...\ ഒഴുകുമീ നാദത്തിൻ മധുനിർഝരി\ പകരുന്നു സ്നേഹത്തിൻ മലർമഞ്ജരി’’ എന്ന് പല്ലവി. വരികൾ ഇങ്ങനെ തുടരുന്നു: ‘‘വിടരാത്ത ഹൃദയങ്ങളുണ്ടോ –പാട്ടിൽ\ തെളിയാത്ത വദനങ്ങളുണ്ടോ -സഖീ\ ഉണരാത്ത വസന്തങ്ങളുണ്ടോ\ വർണമറിയാത്ത ഭാവങ്ങളുണ്ടോ –സഖീ...’’ പി. സുശീല പാടിയ ഗാനം ‘‘താമരമലരിൻ തങ്കദളത്തിൽ’’ എന്നാരംഭിക്കുന്നു.
‘‘താമരമലരിൻ തങ്കദളത്തിൽ\ തപസ്സിരിക്കും രാഗപരാഗം\ ആത്മാവിലണിയാൻ മടി കാണിക്കും\ അരുണോദയമുണ്ടോ...’’ ഈ പല്ലവിക്കു ശേഷം വരുന്ന വരികളും ശ്രദ്ധിക്കേണ്ടതാണ്.
‘‘വീണാതന്ത്രിയിലമരും മുമ്പേ\ വിരലിൽ രാഗം ഉറങ്ങുംപോലെ\ അധരപ്പൂവിൽ പടരാൻ, അടിയാൻ\ അലിയുന്നു മനസ്സിൽ –ഒരു മോഹം\ ഉറങ്ങുന്നു മനസ്സിൽ...’’ എൽ.ആർ. ഈശ്വരി സാധാരണ പാടുന്ന ഗാനങ്ങളിൽനിന്ന് വ്യത്യസ്തതയുള്ള ഒരു പാട്ട് ‘ആരാധിക’ക്കു വേണ്ടി പാടുകയുണ്ടായി. ചോറ്റാനിക്കര ഭഗവതിയെക്കുറിച്ചുള്ള ഭക്തിഗാനമാണ് അത്.
‘‘ചോറ്റാനിക്കര ഭഗവതീ\ കാത്തുകൊള്ളണമെന്നെ നീ\ നോറ്റ നൊയമ്പുകൾ പാഴിലാക്കാ-\തേറ്റുകൊള്ളണമെന്നെ നീ...\അമ്മേ നാരായണാ... അമ്മേ നാരായണാ...’’
ഇങ്ങനെയൊരു പല്ലവി അതിനുമുമ്പ് എൽ.ആർ. ഈശ്വരി മലയാളത്തിൽ പാടിയിട്ടില്ല. പാട്ടിന്റെ പ്രഥമ ചരണം ഇങ്ങനെ:
‘‘ദുഷ്ടനിഗ്രഹേ ഇഷ്ടരക്ഷകേ –ദുർഗേ\ കനിവിൻ മിഴി തുറക്കൂ \ അഗ്നിപരീക്ഷയിലെരിയുമീ മകളെ\ അമ്മേ, കരകയറ്റൂ\ നീയേ കുമാരി നീയേ ത്രിമൂർത്തി\ നീയേ കല്യാണി നീയേ രോഹിണി\ കാളി ഭദ്രകാളി...’’ ഗാനത്തിൽ ഒരു ചരണംകൂടിയുണ്ട്.
എ. വിൻസെന്റ്,പി. ഭാസ്കരൻ,വയലാർ
എൽ.ആർ. ഈശ്വരി പാടുന്ന രണ്ടാമത്തെ ഗാനം ‘‘ഉണരൂ വസന്തമേ...’’ എന്നു തുടങ്ങുന്നു.
‘‘അയ്യയ്യയ്യാ...\ ഉണരൂ വസന്തമേ\ ഉണരൂ സാരംഗമേ\ നിറയൂ ഹൃദന്തമേ –താളം\ ചൊരിയൂ തബലകളേ\ നിറഞ്ഞ ലഹരിയിൽ നീന്തും മീനുകൾ\ നീലനേത്രങ്ങൾ -എൻ\ നീലനേത്രങ്ങൾ\ പുളഞ്ഞു പായുമീ മത്സ്യങ്ങളെ ചൂണ്ടലിടുവാൻ വാ\ ആരാധകരേ വാ... ആരാധകരേ വാ...’’
1973 മേയ് 11ന് ‘ആരാധിക’ എന്ന ചിത്രം പുറത്തുവന്നു. ഭേദപ്പെട്ട ചിത്രമെന്ന് അഭിപ്രായം നേടിയ ‘ആരാധിക’ സാമാന്യവിജയം നേടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.