1971 സെപ്റ്റംബർ 30ന് തിയറ്ററുകളിലെത്തിയ ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന ചിത്രത്തിൽ സത്യന്റെ അഭിനയത്തിനാണ് ഏറെ പ്രശംസ ലഭിച്ചത്. ആ സിനിമയിൽ, ഒ.വി. ഉഷ സിനിമക്ക് എഴുതിയ പ്രഥമഗാനം നല്ല ഭാവഗീതംതന്നെയായിരുന്നു –ആ സിനിയിലെ ഗാനങ്ങളെക്കുറിച്ച് എഴുതുന്നു.‘ഇരുട്ടിന്റെ ആത്മാവ്’ നിർമിച്ച പി.ഐ.എം. കാസിം സോണി പിക്ചേഴ്സിന്റെ പേരിൽ നിർമിച്ച ‘തപസ്വിനി’ എം. കൃഷ്ണൻ നായർ സംവിധാനംചെയ്തു. പ്രേംനസീർ, ഷീല, സുജാത, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ജഗതി എൻ.കെ. ആചാരി എഴുതി. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. 1971 സെപ്റ്റംബർ 3ന് പ്രദർശനമാരംഭിച്ച ‘തപസ്വിനി’യിൽ...
1971 സെപ്റ്റംബർ 30ന് തിയറ്ററുകളിലെത്തിയ ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന ചിത്രത്തിൽ സത്യന്റെ അഭിനയത്തിനാണ് ഏറെ പ്രശംസ ലഭിച്ചത്. ആ സിനിമയിൽ, ഒ.വി. ഉഷ സിനിമക്ക് എഴുതിയ പ്രഥമഗാനം നല്ല ഭാവഗീതംതന്നെയായിരുന്നു –ആ സിനിയിലെ ഗാനങ്ങളെക്കുറിച്ച് എഴുതുന്നു.
‘ഇരുട്ടിന്റെ ആത്മാവ്’ നിർമിച്ച പി.ഐ.എം. കാസിം സോണി പിക്ചേഴ്സിന്റെ പേരിൽ നിർമിച്ച ‘തപസ്വിനി’ എം. കൃഷ്ണൻ നായർ സംവിധാനംചെയ്തു. പ്രേംനസീർ, ഷീല, സുജാത, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ജഗതി എൻ.കെ. ആചാരി എഴുതി. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. 1971 സെപ്റ്റംബർ 3ന് പ്രദർശനമാരംഭിച്ച ‘തപസ്വിനി’യിൽ നാലു ഗാനങ്ങൾ ഉണ്ടായിരുന്നു. പി. സുശീലയും മാധുരിയും ചേർന്ന് പാടിയ ‘‘അമ്പാടിക്കുയിൽക്കുഞ്ഞേ...’’, യേശുദാസ് പാടിയ ‘‘കടലിനു തീ പിടിക്കുന്നു,’’ അദ്ദേഹംതന്നെ പാടിയ ‘‘സർപ്പസുന്ദരീ...’’ മാധുരി പാടിയ ‘‘പുത്രകാമേഷ്ടി...’’ എന്നിങ്ങനെ നാലു പാട്ടുകൾ.
‘‘അമ്പാടിക്കുയിൽക്കുഞ്ഞേ/ അഞ്ജനമണിക്കുഞ്ഞേ/നിൻ തിരുമൊഴിക്കും മിഴിക്കും തൊഴുന്നേൻ /ചെന്തളിർച്ചൊടിക്കും മുടിക്കും തൊഴുന്നേൻ’’ എന്ന പല്ലവിയും തുടർന്നുള്ള ‘‘ഗോവർധനത്തിൻ കുടയുടെ കീഴിലെ/ ഗോപീജനം പോലെ/ നിൻ തിരുമുമ്പിൽ തൊഴുതുണർന്നീടുവാൻ/ ഞങ്ങൾക്കനുഗ്രഹം തരണേ/ അതിനായുസ്സും തരണേ’’ എന്ന ചരണവും ഭക്തിസാന്ദ്രമാക്കാൻ ദേവരാജന്റെ ഈണത്തിനു സാധിച്ചു.
കടലിനു തീ പിടിക്കുന്നു/ കാറ്റിനു പേ പിടിക്കുന്നു വികാരവിവശയാം വിരഹിണി സന്ധ്യ വീണ വായിക്കുന്നു... സന്ധ്യേ മദാലസയാം സന്ധ്യേ/ ഒരു കൈ കൊണ്ട് നീ പിരിയും പകലിനു/ തിലകം ചാർത്തുന്നു/ മറുകൈ കൊണ്ടു നീ അണയും രാത്രിയെ അരികിൽ ചേർക്കുന്നു/ ശാപം -യുഗങ്ങൾ തൻ ശാപം നിന്നെ കാപാലികയാക്കുന്നു...
എന്നിങ്ങനെ തുടരുന്ന ഗാനം വയലാറിന്റെ വ്യത്യസ്ത രചനകളിലൊന്നാണ്. യേശുദാസിന്റെ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു. ‘‘സർപ്പസുന്ദരീ സ്വപ്നസുന്ദരീ/ നൃത്തമാടിയാടി വരിക/ നഗ്നസുന്ദരീ അർധ നഗ്നസുന്ദരീ/ ചിത്രഫണവുമായ് ഈ മുത്തുമണിയുമായ്/ കൊത്തുകെൻ മാറിൽ നീ സ്വർഗനർത്തകീ/ ആ... സ്വർഗനർത്തകീ..’’
മാധുരി പാടിയ ‘‘പുത്രകാമേഷ്ടി...’’ എന്നു തുടങ്ങുന്ന ഗാനം ചിത്രത്തിലെ നാലാമത്തെ ഗാനമാണ്. ‘‘പുത്രകാമേഷ്ടി തുടങ്ങീ പുഷ്പിണിമാസം തൃക്കൈക്കുമ്പിളിൽ തിരുമധുരവുമായ്/ അഗ്നിവന്നു വരം നൽകി/ എല്ലാ സ്ത്രീയിലും അന്തർലീനമാ-ണമ്മയാകാനുള്ള മോഹം/ ആ മോഹവുമായ്, രോമാഞ്ചവുമായ്/ അത്തിരുമധുരം കൈനീട്ടി വാങ്ങിയ/ കൗസല്യയല്ലോ ഞാൻ...’’ എന്നു തുടങ്ങുന്ന ഗാനത്തിൽ വയലാർ ഇത്രയുംകൂടി പറയുന്നു: ‘‘എല്ലാ ചുണ്ടിലും നിന്നു തുടിക്കയാ-/ണുമ്മ നൽകാനുള്ള ദാഹം/ ആ ദാഹവുമായ് ആ സ്വപ്നവുമായ്/ അത്തിരുമധുരം മുത്താക്കി മാറ്റിയ/ മറ്റൊരു വാത്സല്യമല്ലോ ഞാൻ...’’ തിയറ്ററുകളിൽ ശരാശരി വിജയം നേടിയ സിനിമയാണ് ‘തപസ്വിനി’. ‘തപസ്വിനി’ക്കുശേഷം മലയാളത്തിൽ വന്ന ചിത്രം ‘മറുനാട്ടിൽ ഒരു മലയാളി’യാണ്. ‘ജയ് മാരുതി’ക്കു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച ഈ സിനിമ എ.ബി. രാജ് സംവിധാനം ചെയ്തു.
വി. ദേവൻ എന്ന പേരിൽ നിർമാതാവ് തന്നെയാണ് കഥയെഴുതിയത്. എസ്.എൽ. പുരം സദാനന്ദൻ സംഭാഷണവും ശ്രീകുമാരൻ തമ്പി ഗാനങ്ങളും എഴുതി. ദക്ഷിണാമൂർത്തിയായിരുന്നു സംഗീത സംവിധായകൻ, ഹാസ്യത്തിനും സംഘട്ടനത്തിനും പ്രാധാന്യം നൽകി നിർമിച്ച ഈ സിനിമയിൽ സംഗീതത്തിനും തുല്യപ്രാധാന്യമുണ്ടായിരുന്നു. യേശുദാസ്, എസ്. ജാനകി, പി. ലീല, പി. ജയചന്ദ്രൻ എന്നിവർ പിന്നണിയിൽ പാടി. ചിത്രത്തിൽ ആകെ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു. അഞ്ചും ഹിറ്റുകളായി. നവരാത്രി ദിനങ്ങളിൽ കേരളം മുഴുവൻ അലയടിക്കാറുള്ള സരസ്വതീ സ്തുതി യേശുദാസും എസ്. ജാനകിയും പാടി.
‘‘മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്/മായാമോഹിനി സരസ്വതീ /നാകസദസ്സിലെ നവരത്നവീണയിൽ/നാദം തുളുമ്പുമീ നവരാത്രിയിൽ’’ എന്ന് തുടങ്ങുന്ന ഈ ഗാനം ദക്ഷിണാമൂർത്തി ഒരു രാഗമാലികയായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
‘‘നവനവമോഹങ്ങൾ നർത്തനം ചെയ്യുന്ന/നാദമനോഹരലയരാവിൽ/നിൻ മന്ദഹാസമാം ബോധനിലാവിൽ/എൻ മനക്കണ്ണുകൾ വിടരട്ടെ...’’ അക്ഷരദേവത കലകളുടെയും ഭാഷയുടെയും ദേവതയാണ്. മാത്രമല്ല, ഏതു തൊഴിൽ ചെയ്യുന്നവർക്കും അവളെ ആരാധിക്കാം. അതുകൊണ്ടാണ് ആയുധപൂജയും അതിന്റെ ഭാഗമായത്.
‘‘പുസ്തകരൂപത്തിൽ ആയുധരൂപത്തിൽ /പുണ്യവതീ നിന്നെ കൈ തൊഴുന്നേൻ.../അഴകായ്, വീര്യമായ്, ആത്മസംതൃപ്തിയായ് അ/വിടുന്നടിയനിൽ നിറഞ്ഞാലും.’’ ‘പ്രവൃത്തിയാണ് ദൈവം’ എന്ന ആശയമാണ് ഇവിടെ തെളിയുന്നത്. യേശുദാസ് പാടിയ ‘‘അശോകപൂർണിമ’’ എന്ന ഗാനം ഏറ്റവുമധികം പ്രശസ്തി നേടി.
‘‘അശോകപൂർണിമ വിടരും വാനം/അനുഭൂതികൾ തൻ രജനീയാമം /അലയുകയായെൻ അനുരാഗകൽപന/ആകാശത്താമര തേടി...’’ ദക്ഷിണാമൂർത്തിയുടെ ഇഷ്ടരാഗമായ ഖരഹരപ്രിയയിലാണ് ഈ പാട്ടും സ്വരപ്പെടുത്തിയിട്ടുള്ളത്.
‘‘പ്രസാദകളഭം വാരിത്തൂവും/പ്രകാശചന്ദ്രിക പോൽ ചിരി തൂകി /ഒരു സ്വപ്നത്തിൻ പനിനീർക്കാറ്റിൽ/ഒഴുകി വരുന്നവളേ/ഒരു പൂവിതൾ തരുമോ/തിരുമധുരം തരുമോ..?’’ എന്നിങ്ങനെ തുടരുന്നു ലളിതമായ ഈ ഗാനം. മീനമാസത്തിലെ വെളുത്തവാവിനാണ് ‘അശോകപൂർണിമ’ എന്നു പറയുന്നത്. ഈ സിനിമക്കുവേണ്ടി എസ്. ജാനകി പാടിയ നൃത്തഗാനവും പ്രശസ്തം.
‘‘ഗോവർധനഗിരി കൈയിലുയർത്തിയ.../ഗോപകുമാരൻ വരുമോ തോഴീ/കാളിയമർദന നർത്തനമാടിയ /കമനീയാംഗൻ വരുമോ തോഴീ...’’ എന്നു പല്ലവി. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘സാഗരചുംബനമേറ്റു തളർന്നു / സന്ധ്യ നഭസ്സിൽ മാഞ്ഞുകഴിഞ്ഞു /നീലനിലാവിൻ നിറമാലയുമായ് /നിർമലയാമിനി വന്നു’’ കഴിഞ്ഞ് അടുത്ത ചരണം ‘‘ചിന്താമലരുകൾ മുള്ളുകളായ്...’’ എന്നു തുടങ്ങുന്നു.
പി. ലീല പാടിയ ‘‘സ്വർഗവാതിൽ ഏകാദശി വന്നു/സ്വപ്നലോലയായ് ഞാനുണർന്നു /ഹരിനാമകീർത്തനത്തിൻ സ്വരധാരയിൽ /ഗുരുവായൂർ ദേവനെ കണികണ്ടു ഞാൻ’’ എന്ന ഗാനവും പി. ജയചന്ദ്രനും പി. ലീലയും സംഘവും പാടിയ കാളീ ഭദ്രകാളീ/ കാത്തരുളൂ ദേവീ /മായേ മഹാമായേ/മാരിയമ്മൻ തായേ...’’ എന്നു തുടങ്ങുന്ന ഗാനവും മിഴിവുള്ള ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്.
‘‘അമ്മൻകുടമേന്തി/ആടിയാടി വന്നേൻ/പമ്പമേളം കൊട്ടി /പാടിപാടി വന്നേൻ/നിന്റെ പാദപങ്കജങ്ങൾ /തേടിത്തേടി വന്നേൻ/കുങ്കുമവും കുരുന്നിലയും/മഞ്ഞളുമായ് വന്നേൻ’’ സെമി ക്ലാസിക്കൽ ഗാനങ്ങൾ സൃഷ്ടിക്കുന്ന വി. ദക്ഷിണാമൂർത്തിയുടെ ഒരു ഫാസ്റ്റ് നമ്പറാണിത്.
പ്രേം നസീർ, വിജയശ്രീ, ശങ്കരാടി, അടൂർ ഭാസി, ആലുമ്മൂടൻ, എൻ. ഗോവിന്ദൻ കുട്ടി, സാധന തുടങ്ങിയവർ അഭിനയിച്ച ‘മറുനാട്ടിൽ ഒരു മലയാളി’ എ.ബി. രാജ് സംവിധാനം ചെയ്തു. 1971 സെപ്റ്റംബർ 24ന് തിയറ്ററുകളിൽ എത്തിയ ‘മറുനാട്ടിൽ ഒരു മലയാളി’ നല്ല പ്രദർശനവിജയം നേടി.
‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന ചിത്രം സംവിധായകൻ കെ.എസ്. സേതുമാധവന്റെ സ്വന്തം നിർമാണക്കമ്പനിയായ ചിത്രാഞ്ജലിയാണ് (നിർമാതാവ് സേതുമാധവന്റെ അനുജൻ കെ.എസ്.ആർ. മൂർത്തി) നിർമിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് നായകനായ സത്യന് അസുഖം വർധിച്ച് മദ്രാസിലെ കെ.ജെ ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയത്. രക്താർബുദം അധികരിച്ച് സത്യൻ അന്തരിച്ചു.
പുന്നപ്ര-വയലാർ സമരം പശ്ചാത്തലമാക്കി നിർമിച്ച ഈ സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ആ സമരത്തിന് സാക്ഷിയായിരുന്ന കമ്യൂണിസ്റ്റുകാരൻ എസ്.എൽ. പുരം സദാനന്ദനാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവായ സഖാവ് പി. കൃഷ്ണപിള്ളയെ പാമ്പ് കടിച്ചപ്പോൾ അദ്ദേഹത്തെ വിഷവൈദ്യന്റെയടുത്തേക്കു കൊണ്ടുപോയവരിലൊരാൾ എസ്.എൽ. പുരം സദാനന്ദൻ ആയിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം പതിനെട്ട്.
‘ഇൻക്വിലാബ് സിന്ദാബാദി’നു ഗാനങ്ങൾ രചിച്ചത് വയലാർ രാമവർമയും ഒ.വി. ഉഷയുമാണ്. ഒ.വി. വിജയന്റെ അനുജത്തിയായ ഉഷയുടെ ആദ്യത്തെ സിനിമാഗാനം ഇതാണ്. വയലാറിന്റെയും ഉഷയുടെയും വരികൾക്ക് ദേവരാജനാണ് സംഗീതം നൽകിയത്. സത്യൻ, മധു, ഷീല, ജയഭാരതി, പ്രേമ, ജി.കെ. പിള്ള, ശങ്കരാടി, ജനാർദനൻ, ബേബി ശോഭ തുടങ്ങിയവർ അഭിനയിച്ചു.
വയലാർ എഴുതിയത് മൂന്നു പാട്ടുകളാണ്. കെ.പി. ബ്രഹ്മാനന്ദനും മാധുരിയും ചേർന്നു പാടിയ ‘‘അലകടലിൽ കിടന്നൊരു നാഗരാജാവ്/പുറകടലിൽ കിടന്നൊരു നാഗകന്യ/പാല പൂക്കും കാവുകളിൽ ഇരതേടി പോയി പോൽ/നൂലും മാലേം ചാർത്തിയൊരു നാഗകന്യ’’ എന്ന ഗാനം ഒരു പുള്ളുവൻപാട്ടിന്റെ ഓർമയുണർത്തുന്നു. ആ രീതിയിലാണ് ദേവരാജൻ വരികൾക്ക് ഈണം നൽകിയിട്ടുള്ളതും. യേശുദാസ് പാടിയ ഗാനമിതാണ്.
‘‘പുഷ്യരാഗ മോതിരമിട്ടൊരു/പുലരിക്കതിര് പോലെ/ സ്വർഗവാതിൽ തുറന്നുവരുന്നൊരു /സ്വപ്നകല പോലെ/ഉറങ്ങുമെന്നിലെയെന്നെ/ചുംബിച്ചുണർത്തി നിൻ ഗാനം/മനസ്സിൽ മായാ നിർവൃതി പാകിയ /മയൂരസന്ദേശം...’’ എന്നു തുടങ്ങുന്ന പ്രേമഗാനം മികച്ചതാണെങ്കിലും എന്തുകൊണ്ടോ ഒരു ഹിറ്റ് ഗാനമായില്ല.
ജയചന്ദ്രനും സംഘവും പാടിയ ‘‘ഇൻക്വിലാബ് സിന്ദാബാദ് /ഇൻക്വിലാബ് സിന്ദാബാദ് /ഇന്ത്യൻ സമരഭടന്മാർ ആദ്യമുയർത്തിയ /മുദ്രാവാക്യം /സ്വന്തം ചോരയിൽ മർദിത/കോടികളെഴുതിയ മുദ്രാവാക്യം /ഇൻക്വിലാബ് സിന്ദാബാദ്’’ എന്ന സംഘഗാനം ശ്രദ്ധേയമായി.
ഒ.വി. ഉഷ എഴുതിയ ഗാനം ദേവരാജന്റെ ഈണത്തിൽ പി. ലീലയാണ് പാടിയത്. ‘‘ആരുടെ മനസ്സിലെ ഗാനമായി -ഞാൻ /ഏതൊരു ഹൃദയത്തിൻ ധ്യാനമായി /ധ്യാനമായി... (ആരുടെ മനസ്സിലെ...)/ ഏതൊരു പൊയ്കയിലെ /തെളിനീരിന്നലകളിൽ/ നെയ്തലാമ്പലായ് ഞാൻ വിരിഞ്ഞുപോയി/ ഏതു നീലവാനിലെ ഇന്ദ്രനീലക്കാട്ടിലെ / പീലി നിവർത്തി നിൽക്കും മയൂരമായി.../(ആരുടെ മനസ്സിലെ...)/ഏതൊരു പുഷ്പത്തിന്റെ രാഗപരാഗമായി / മദകരമധുമയഗന്ധമായി / ചന്ദനക്കാട്ടിലെയേതല്ലിമലർക്കാവിൽ / ഏതു ചെറുകൂട്ടിലെ കിളിയായി..?/(ആരുടെ മനസ്സിലെ...’’)
യഥാർഥത്തിൽ ഒ.വി. ഉഷ സിനിമക്കുവേണ്ടിയെഴുതിയ പ്രഥമഗാനം ഒരു നല്ല ഭാവഗീതംതന്നെയായിരുന്നു. 1971 സെപ്റ്റംബർ 30ന് തിയറ്ററുകളിലെത്തിയ ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന ചിത്രത്തിൽ സത്യന്റെ അഭിനയത്തിനാണ് ഏറെ പ്രശംസ ലഭിച്ചത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.