അപ്പുവിന്റെ കൂടെ ഇറങ്ങാൻ തുടങ്ങുന്നതിനുമുമ്പായി അയാൾ ഏടത്തിയെ വിളിച്ചു. ഏടത്തിക്ക് വയസ്സ് ഏറെയായിരുന്നു. അതുകൊണ്ടുതന്നെ നടക്കാനും ഇത്തിരി പ്രയാസമായിരുന്നു.
ഏടത്തി വന്നപ്പോൾ അയാൾ പറഞ്ഞു: ''ഏടത്തിക്ക് ഇയാളെ മനസ്സിലായോ?''
ഏടത്തി കുറച്ചുകൂടി അടുത്തേക്ക് വന്ന് അപ്പുവെ അടിമുടി സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു:
''ഇത് നമ്മുടെ മാളുവിന്റെ മോനല്ലേ!''
ഏടത്തിയുടെ ശബ്ദത്തിൽ സന്തോഷം തുടിച്ചുനിന്നിരുന്നു.
അപ്പുവിന്റെ കൈ പതുക്കെ തലോടിക്കൊണ്ട് ഏടത്തി തുടർന്നു: ''മാളുവിന്റെ മുറിച്ച കഷണം തന്നെ! എത്രകാലായെടോ നിങ്ങളെയൊക്കെ കണ്ടിട്ട്...''
അപ്പോൾ അപ്പു പറഞ്ഞു: ''ഒരാഴ്ചകൂടി ഞാൻ ഇവിടുണ്ടാകും. അതിനുശേഷം ജോലിസ്ഥലത്തേക്ക് മടങ്ങും. പോകുന്നതിനുമുമ്പായി തീർച്ചയായും അമ്മയെയും കൂട്ടിവരാം. അമ്മ ഇനി ഇവിടെ തന്നെയുണ്ടാകും... എന്റെ കൂടെ മടങ്ങുന്നില്ല. അന്യനാടുകളിലെ താമസം മടുത്തുവെന്നാണ് പറയുന്നത്.''
ഏടത്തി പറഞ്ഞു: ''ശരിയാണ്. സ്വന്തം നാടുപോലെയാകുമോ അന്യനാടുകൾ? ഇവൻ എത്ര നിർബന്ധിച്ചിട്ടും ഞാൻ ഇവന്റെ കൂടെ പോയിട്ടില്ലല്ലോ. ഇവിടത്തെ കുളങ്ങളും അമ്പലവും ഉത്സവങ്ങളും... എവിടെയാ കിട്ടുക...''
അയാൾ അപ്പുവെ നോക്കി ചിരിച്ചു.
''ശരിയാ... പിന്നെ, ഏടത്തി പ്രാതലിന് എന്നെ കാക്കേണ്ട; ഞാൻ അവിടെനിന്ന് കഴിച്ചോളും.''
അവർ പുറത്തേക്കിറങ്ങി. പറമ്പിന്റെ അങ്ങേത്തലക്കലെത്തിയപ്പോൾ തെല്ലിടനിന്ന് അപ്പു ആശ്ചര്യത്തോടെ പറഞ്ഞു: ''നിറയെ വലിയ മരങ്ങൾ! എനിക്ക് ഇവയുടെ പേരൊന്നും അറിയില്ല. എങ്കിലും... എന്തൊരു ഭംഗിയാ! മരങ്ങളെ വലിയ ഇഷ്ടമാ അല്ലേ?''
''മരങ്ങളെ മാത്രമല്ല... നായ്ക്കളെയും പൂച്ചകളെയും പക്ഷികളെയുമൊക്കെ. പിന്നെ... മനുഷ്യരെയും ഏറെ ഇഷ്ടമാ...''
ഇത്രയും പറഞ്ഞതിനുശേഷം ഒരു കുസൃതിച്ചിരിയോടെ അയാൾ തുടർന്നു: ''ഈ മനുഷ്യരുടെ ലിസ്റ്റിൽ ആദ്യംതന്നെ അപ്പുവും അപ്പുവിന്റെ അമ്മയും ഉണ്ട്, കേട്ടോ...''
പലതും സംസാരിച്ചുകൊണ്ട് അവർ ഇടവഴിയിലൂടെ നടന്നു. അയാൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വഴിയായിരുന്നു അത്. അപ്പു ജനിക്കുന്നതിന് ഏറെ മുമ്പ്, അപ്പുവിന്റെ അമ്മയെ കാണാനായി മാത്രം... ഓർമകളിൽ പൂർണമായും മുഴുകിനടക്കുമ്പോൾ അപ്പു പൊടുന്നനെ പറഞ്ഞു:
''അങ്കിൾ, പറയുന്നതിൽ എന്തെങ്കിലും അനൗചിത്യമുണ്ടെങ്കിൽ ക്ഷമിക്കണം. പറയാതിരിക്കാനും വയ്യ. അതുകൊണ്ടാണ്... ഇന്നലെ വൈകുന്നേരമാണ് നമ്മൾ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. പക്ഷേ, എനിക്ക് അങ്കിളിനെ നല്ലതുപോലെ അറിയാം. അങ്കിളിനെക്കുറിച്ച് അമ്മ പറയാത്ത ദിവസമേയില്ല. എന്തുപറഞ്ഞാലും അത് ചെന്നെത്തുന്നത് അങ്കിളിലായിരിക്കും... അച്ഛനെക്കുറിച്ച് അമ്മ ഒരിക്കലും ഒന്നും പറയുന്നത് കേട്ടിട്ടില്ല. അച്ഛൻ മരിക്കുമ്പോൾ അമ്മ ഏഴുമാസം ഗർഭിണിയായിരുന്നു. അച്ഛന്റെ മരണശേഷം അമ്മ ജീവിച്ചത് മുഴുവൻ എനിക്കുവേണ്ടിയായിരുന്നു. എനിക്ക് അമ്മ നല്ലൊരു വിദ്യാഭ്യാസം നൽകി. ഞാൻ നല്ല ഒരു വിദ്യാർഥിയുമായിരുന്നു. അതുകൊണ്ട് കാമ്പസ് സെലക്ഷനിൽ എനിക്ക് നല്ല ഒരു ജോലിയും കിട്ടി. ഞാൻ വെളിയിലേക്ക് പോയപ്പോൾ അമ്മയും ഒപ്പം വന്നു. ന്യൂയോർക്ക്, ലണ്ടൻ... അപ്പോഴൊക്കെ അമ്മയും ഒപ്പം വന്നു. സത്യത്തിൽ അമ്മക്കും പുറംനാടുകളിലെ ജീവിതമൊന്നും ഇഷ്ടമായിരുന്നില്ല. എന്നിട്ടും എനിക്കുവേണ്ടി...'' അപ്പു നിർത്തി.
അൽപനേരം ഒന്നും പറയാതെ നിന്നതിനുശേഷം അയാളെ തറപ്പിച്ചുനോക്കിക്കൊണ്ട് അപ്പു ചോദിച്ചു: ''അങ്കിൾ, എന്റെ അമ്മയെ കല്യാണം കഴിക്കാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ? നിങ്ങൾ തമ്മിൽ ഗാഢമായ പ്രണയത്തിലായിരുന്നുവെന്ന് എനിക്കറിയാം. അമ്മയുടെ വാക്കുകളിൽനിന്ന് എനിക്കത് മനസ്സിലായിട്ടുണ്ട്. എന്റെ പാവം അമ്മ! അമ്മക്ക് എല്ലാമുണ്ടായിരുന്നു. വിദ്യാഭ്യാസം, സ്വഭാവശുദ്ധി, സൗന്ദര്യം, കുടുംബമഹിമ... എന്നിട്ടും...''
പിന്നീട് അയാളുടെ കൈകൾ ബലമായി പിടിച്ച്, യാചിക്കുന്നതുപോലെ അപ്പു ചോദിച്ചു: ''നിങ്ങൾക്ക് എന്റെ അമ്മയെ കല്യാണം കഴിച്ചുകൂടേ? ഇനിയെങ്കിലും...''
ഓർക്കാപ്പുറത്തുള്ള ചോദ്യത്തിൽ അയാൾ ഞെട്ടി.
അയാൾക്ക് തെല്ലുനേരത്തേക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. വീടെത്തിയിരുന്നു.
അവരെയും കാത്ത് മാളു വരാന്തയിൽ അന്നുമുണ്ടായിരുന്നു. അപ്പു പറഞ്ഞു: ''നിങ്ങൾ സംസാരിച്ചിരിക്ക്... ഞാൻ അടുക്കളയിൽ പോയി അവിടത്തെ കാര്യങ്ങൾ എത്രത്തോളമായി എന്ന് നോക്കട്ടെ.''
അപ്പു പോയപ്പോൾ മാളു പറഞ്ഞു: ''നമുക്ക് അകത്ത് ചെന്നിരിക്കാം...''
ആദ്യം അവരിരുവരും ഒന്നും സംസാരിക്കാതെ പരസ്പരം നോക്കിയിരിക്കുക മാത്രം ചെയ്തു. പിന്നീട് മാളു പറഞ്ഞു: ''ഇന്നലെ കല്യാണ റിസപ്ഷന് വന്നത് സത്യത്തിൽ ഇയാളെ കാണാൻവേണ്ടി മാത്രമായിരുന്നു. കണ്ടു, പക്ഷേ വേണ്ടുവോളം കാണാനോ സംസാരിക്കാനോ ഒന്നും കഴിഞ്ഞതുമില്ല. എന്നാലും സമാധാനമുണ്ട്... ഏറെക്കാലത്തിനുശേഷം ഒന്ന് കാണാനും ഏതാനും മിനിറ്റുകൾ അടുത്തിരുന്ന് സംസാരിക്കാനും കഴിഞ്ഞല്ലോ. പിന്നെ, മോനെ പരിചയപ്പെടുത്താനും കഴിഞ്ഞു...''
അപ്പോൾ അയാൾ പറഞ്ഞു: ''അപ്പു ഒരാഴ്ച കഴിഞ്ഞ് പോകുമ്പോൾ ഒന്നിച്ച് പോകുന്നില്ല എന്ന് കേട്ടല്ലോ. ശരിയാണോ?''
മാളു ചിരിച്ചുകൊണ്ട് ചോദിച്ചു: ''ഞാൻ പോകണമെന്നുണ്ടോ?''
അയാൾ ധൃതിയിൽ പറഞ്ഞു: ''അയ്യോ! അങ്ങനെയൊന്നുമില്ല. ഞാൻ വെറുതെ അറിയാൻ ചോദിച്ചുവെന്ന് മാത്രം... മാളു ഇവിടെയുണ്ടാകുന്നത് ഏറെ സന്തോഷമുള്ള കാര്യമല്ലേ...''
മാളു പറഞ്ഞു: ''സത്യം പറഞ്ഞാൽ അന്യനാടുകളിലെ ഈ വാസവും യാത്രകളുമൊക്കെ... മടുത്തു. ഇനി വയ്യ... പിന്നെ... ഇനി അവന് അവന്റേതായ ഒരു ജീവിതം കെട്ടിപ്പടുക്കണമല്ലോ! അവന് അത് തീർച്ചയായും കഴിയും. അതുകൊണ്ടുകൂടിയാണ്...''
അപ്പോൾ അയാളും പറഞ്ഞു: ''ശരിയാണെടോ... എനിക്കും മടുത്തിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് അഞ്ചുകൊല്ലങ്ങൾക്കുമുമ്പ് എല്ലാം മതിയാക്കി ഞാൻ ഇവിടത്തേക്ക് വന്നത്. വീട്, ഏടത്തി, ഏതാനും പണിക്കാർ, പറമ്പിലെ മരങ്ങൾ, പിന്നെ അത്യാവശ്യം വായനയും എഴുത്തും യാത്രകളും. ചങ്ങാതികളെന്നു പറയാൻ ഇവിടെ ഇപ്പോൾ അധികം പേരൊന്നുമില്ല. പിന്നെ, ചിലപ്പോഴൊക്കെ തോന്നാറുണ്ട്, ഇപ്പോഴത്തെ എന്റെ ജീവിതം യാഥാർഥ്യങ്ങളിൽനിന്നൊക്കെയുള്ള ഒരു ഭീരുവിന്റെ ഒളിച്ചോട്ടമല്ലേയെന്ന്...''
മാളു അപ്പോൾ ചോദിച്ചു: ''ഒരു കല്യാണം കഴിച്ചുകൂടേ?''
അയാൾ പറഞ്ഞു: ''ഈ നാൽപത്തഞ്ചുകാരനോ?''
പിന്നീട്, ഒരു രണ്ടാം വിചാരത്തിലെന്നോണം അയാൾ ഇത്രയുംകൂടി പറഞ്ഞു: ''എന്റെ വയസ്സൊക്കെ ഒരാൾ എത്ര കൃത്യമായി ഓർക്കുന്നു!''
മാളു അപ്പോൾ പറഞ്ഞു: ''വയസ്സ് മാത്രമല്ല... മലയാളമാസവും നാളുമൊക്കെ... പിറന്നാളും കഴിക്കാറുണ്ട്. ആയുസ്സും ആരോഗ്യവുമൊക്കെ കൊടുക്കേണമേ എന്ന് പ്രാർഥിച്ചുകൊണ്ട്...''
അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
മാളു അയാളെ തെല്ലുനേരം നോക്കിനിന്ന ശേഷം പറഞ്ഞു: ''ഞാനൊരു കാര്യം ചോദിച്ചാൽ എന്നോട്, സത്യം പറയണം. കളവ് പറയില്ല എന്ന് എനിക്കറിയാം... എന്നാലും. എന്താണ് ഇത്രയും കാലം കല്യാണം കഴിക്കാതെ നിന്നത്?''
ആദ്യം അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. കരച്ചിൽ വരുന്നതുപോലെയുണ്ടായിരുന്നു. പിന്നീട് പതുക്കെ തന്നോടെന്നപോലെ പറഞ്ഞു: ''മനസ്സിൽ എന്നും നീയായിരുന്നു.''
അപ്പോൾ മാളു പറഞ്ഞു: ''എന്നിട്ട്..?''
അയാൾ എന്തെങ്കിലും പറയുന്നതിന് മുമ്പായി അപ്പു അവിടെയെത്തി.
''നിങ്ങൾ ഇങ്ങനെ സംസാരിച്ചിരുന്നാൽ... ബ്രേക്ക്ഫാസ്റ്റൊക്കെ എടുത്തുവെച്ചിട്ടുണ്ട്...''
അപ്പുവിന്റെ കൂടെ അടുക്കളയിലേക്ക് അവർ നടന്നു. ഒരു ഘട്ടത്തിൽ അയാൾ കണ്ടു:
പഴയ കൂട്ടുകാരിയുടെ അത്യന്തം മൃദുലമായ കൈ അയാളുടെ വലതുകൈയിലായിരുന്നു -ദൃഢമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.