ഒടുവിൽ, അത്ഭുതങ്ങൾ എപ്പോഴും സംഭവിക്കാമല്ലോ, എനിക്കും രാമാനന്ദനും ജാമ്യമനുവദിച്ചതായും ഞങ്ങൾ ദേശീയസുരക്ഷക്ക് ഭീഷണിയാണെന്ന് തെളിയിക്കാൻ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും വിധ്വംസകമെന്ന് പറയാവുന്ന ഒന്നും ഞങ്ങളിൽനിന്നും കണ്ടെടുക്കപ്പെട്ടിട്ടില്ലെന്നും ദീർഘകാലത്തെ തടവ് അന്യായമായിരുന്നുവെന്നും കോടതി പ്രഖ്യാപിച്ചു. അങ്ങനെയൊരു പ്രഖ്യാപനം, ഉള്ളതു പറഞ്ഞാൽ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ മനസ്സിൽ ശൂന്യതയായിരുന്നു. കുരുന്നുപച്ചകളൊന്നും അതിൽ കിളുത്തില്ല. ആകെ വരണ്ട ഒരു മൺതടമായി മനസ്സ് മാറിയിരുന്നു. തടവിൽനിന്നും ഞങ്ങളെ സ്വതന്ത്രരാക്കാൻ മരണം മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് നെഞ്ഞു പിളർന്നു.
ഞാനും രാമാനന്ദനും വിധിപ്രസ്താവം കേട്ടയുടനെ ന്യായാധിപൻ കാൺകെ ചിരിച്ചുകൊണ്ടു പരസ്പരം ആശ്ലേഷിച്ചു. ഇങ്ങനെയൊരു സന്ദർഭം ഞങ്ങളുടെ ജീവിതത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഒരേ സെല്ലിൽ കഴിയുമ്പോൾ ഞങ്ങൾക്ക് വേണമെങ്കിൽ ഏതുനേരത്തും ആശ്ലേഷിക്കാമായിരുന്നു. പക്ഷേ, ഞങ്ങളതിന് പ്രേരിതരായില്ല. ഇതൊരു സവിശേഷ സാഹചര്യമാണ്. സ്വാതന്ത്ര്യമെന്നത് വളരെ വിലപിടിപ്പുള്ളതാണ്. നിർഭാഗ്യവശാൽ അത് വിലകൊടുത്ത് വാങ്ങാവുന്നതുമല്ല.
ജാമ്യം അനുവദിക്കപ്പെട്ടുവെന്നത് ശരിതന്നെ. പക്ഷേ, അതുപ്രകാരം പുറത്തിറങ്ങുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അവ പൂർത്തിയാക്കാൻ സമയമെടുക്കും. നിയമം ഒരു കുരുക്കാണ്. അഴിച്ചെടുക്കുക എളുപ്പമല്ല.
ഞങ്ങൾ സെല്ലിൽ തിരിച്ചെത്തിയതും എങ്ങുനിന്നോ ചോർക്കി പാഞ്ഞുവന്നു. ജാമ്യം ലഭിച്ചുവെന്ന വാർത്ത അറിഞ്ഞുവെന്നതുപോലെ അത് സോത്സാഹം ഒച്ചയിട്ടു. ഞാനതിന്റെ മുതുക് തടവി സ്നേഹം കാട്ടി.
''നമ്മള് പോയാല് ചോർക്കിക്ക് പിന്നെ ആരുണ്ട്?'' രാമാനന്ദൻ ചോദിച്ചു.
അതേക്കുറിച്ച് ഞാൻ ആലോചിച്ചിരുന്നില്ല. പെട്ടെന്ന് തോന്നുന്ന പരിഹാരം ചോർക്കിയെ കൂടെ കൊണ്ടുപോവുകയെന്നതാണ്. ചോർക്കി അതിനോട് യോജിക്കണമെന്നില്ല. അത് കാരാഗൃഹത്തിന്റേതാണ്. ഞങ്ങൾ പോയ്ക്കഴിഞ്ഞാൽ ഇവിടെയുള്ള മറ്റ് അന്തേവാസികളുമായി ചാർച്ച സാധിക്കാവുന്നതാണ്, അവരിലാരും ജീവന് ഭീഷണിയാവില്ലെങ്കിൽ. എന്നു മാത്രമല്ല, അവരതിനെ നരകത്തിൽനിന്നും വരുന്ന വവ്വാലുകളിൽനിന്ന് സംരക്ഷിക്കുകയും വേണം. അപകടസാധ്യതകൾ ഏറെയാണ്. സദാ കരുതിയിരിക്കേണ്ടതുണ്ട്.
മുന്നറിയിപ്പ് ഉൾക്കൊള്ളുന്നുവെന്നപോലെ ഒച്ചയുണ്ടാക്കി, പതിവുള്ള പ്രസരിപ്പ് കാട്ടാതെ ചോർക്കി അഴികൾക്കിടയിലൂടെ പുറത്തേക്ക് നീങ്ങി. ജയിൽവളപ്പിൽ വെയിൽ ചാഞ്ഞു.
അത്താഴനേരമായപ്പോൾ രാമാനന്ദൻ പറഞ്ഞു:
''ഇത് ഒരുപക്ഷേ ജയിലിലെ അവസാനത്തെ അത്താഴമായിരിക്കും.''
പാത്രത്തിൽ പരുപരുത്ത ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു. ഞാനവയോട് നീതിപുലർത്താനുള്ള ശ്രമമായി. മുരിങ്ങപ്പൂ തോരനോ, ഒളോർ മാങ്ങയിട്ട മത്തിക്കറിയോ മുരിങ്ങക്കായയും പരിപ്പും ചേർത്ത മൊളീഷ്യമോ തേങ്ങാപ്പാലൊഴിച്ച കൊമ്പൻ ചിരങ്ങയോ ഉണക്കച്ചെമ്മീനിട്ട പടവലങ്ങയോ കാച്ചിലും തുവരയും ചേർന്ന പുഴുക്കോ, വറുത്ത കല്ലുമ്മക്കായയോ ഒന്നും ഗൃഹാതുരത്വമായി എന്നെ അലട്ടാറില്ല. അത്തരം കൂട്ടാനുകൾ ജയിലിന് വെളിയിൽ കാത്തിരിക്കുന്നുണ്ടെന്ന് ഇപ്പോൾ ഓർമയായി. അവതന്നെയുമല്ല, മറ്റെന്തൊക്കെയോകൂടി പുറത്തുണ്ട്. എത്രയോ മനുഷ്യർ നടന്നുപോയ വഴികൾ. ആ വഴികളിൽ നിഴൽവിരിച്ച് വൃക്ഷങ്ങൾ. അദൃശ്യസാന്നിധ്യമായ കാറ്റുകൾ. തെളിനീരുറവകൾ. മധുരനാരങ്ങകൾ. മുന്തിരികൾ. അത്തിപ്പഴങ്ങൾ. പൂക്കളിൽനിന്ന് പൂക്കളിലേക്ക് പറക്കുന്ന മഞ്ഞത്തേൻകിളികൾ. പാടങ്ങളിലെ കൈത്തോടുകളിൽ നീന്തുന്ന കുഞ്ഞുമീനുകൾ. മണ്ണുരുട്ടുന്ന കറുത്ത വണ്ടുകൾ. തളിരിലകൾ തേടുന്ന പച്ചക്കുതിരകൾ. മണ്ണിൽ അക്ഷരങ്ങൾ കുറിക്കുന്ന പുഴുക്കൾ. അതിലോലങ്ങളായ ചിറകുകളുള്ള ശലഭങ്ങൾ. അവയെല്ലാം, ഇനിയുമെന്തൊക്കെയോ, വെളിയിലുണ്ട്. അവ കാത്തിരിക്കുകയാണ്. ഇരുൾക്കണ്ണുള്ള ഈ രാത്രി വെളുത്തോട്ടെ.
''ഉറക്കം വരുന്നില്ലേ?''
ഞാനൊന്ന് അമ്പരന്നു. അത് രാമാനന്ദന്റെ ശബ്ദമായിരുന്നില്ല. സെല്ലിൽ അടയ്ക്കപ്പെട്ടത് ഞാനും രാമാനന്ദനും മാത്രമാണുതാനും.
''ആരാണ്?''
എന്റെയടുത്തായി ഒരു രൂപം: പുകമഞ്ഞിലെന്നപോലെ.
ആരാണെന്ന ചോദ്യം ഒരിക്കൽക്കൂടി നാവിലുയർന്നു.
പുകമഞ്ഞിലെന്നപോലെ കാണപ്പെട്ട ആകാരം, അതൊരു മനുഷ്യന്റേതുതന്നെ, ഞാൻ കിടക്കുന്നതിനു സമീപത്തിരുന്നു. അതാരായാലും സെല്ലിലേക്ക് പ്രവേശിച്ചത് വാതിൽ തുറക്കാതെ പഴക്കമേറിയ ഇരുമ്പഴികൾക്കിടയിലൂടെയാണ്. സുരക്ഷാവീഴ്ചയെന്നുതന്നെ പറയണം. സാധാരണഗതിയിൽ സുരക്ഷാവീഴ്ചകൾ സംഭവിക്കുക ഉന്നതപദവികളിലുള്ളവരുടെ കാര്യത്തിലാണ്. അങ്ങനെ സംഭവിച്ചാൽ കുറെ തലകൾ ഉറപ്പായും ഉരുളും.
''ഞാൻ സത്യത്തിന്റെ ഒരു സുഹൃത്താണ്.''
''സത്യത്തിന്റെയോ?''
''അതെ.''
''പക്ഷേ, സത്യത്തിന് അധികം സുഹൃത്തുക്കളുണ്ടാവില്ലല്ലോ. ആരെങ്കിലും ഉണ്ടോ എന്നുതന്നെ സംശയമാണ്.''
''മാഷുടെ സംശയം അസ്ഥാനത്തല്ല. സത്യത്തിന് സുഹൃത്തുക്കൾ വളരെ കുറവാണ്. വലിയൊരു സുഹൃദ്‍വലയമൊന്നും തീർച്ചയായും ഇല്ല.''
''എന്റെ ധാരണ സത്യം ഏകാകിയാണെന്നാണ്.''
''ഉവ്വ്, പലപ്പോഴും.''
''അപ്പോൾ, നിങ്ങളെങ്ങനെ..?''
''സുഹൃത്തായെന്നല്ലേ?''
''എന്റെ പേർ മോഹൻദാസ് കരംചന്ദ് ഗാന്ധി.''
''ജയിൽമുറ്റത്തെ പ്രതിമ?''
''വെടിയേറ്റ് മരിച്ചതിനുശേഷം എന്റെ വിധി പ്രതിമകളായി മാറാനായിരുന്നു. ഞാൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതി. പക്ഷേ, ലണ്ടനിൽപോലും എന്റെ പ്രതിമയുണ്ട്.''
''എനിക്ക് ജെയിംസ് ജോയ്സ് എഴുതിയതോർമ വരുന്നു.''
''ആ ഐറിഷ് എഴുത്തുകാരൻ നമ്മുടെയെല്ലാം ആദരവർഹിക്കുന്നു.''
''അദ്ദേഹമെഴുതിയത് ചരിത്രം ഒരു പേടിസ്വപ്നമാണെന്നും താനതിൽനിന്ന് ഉണരാൻ യത്നിക്കുകയാണെന്നുമാണ്.''
''ചരിത്രം ഒരു പേടിസ്വപ്നമാണെന്ന നിരീക്ഷണത്തോട് ഞാൻ യോജിക്കുന്നു. നമുക്കതിൽനിന്ന് ഉണരാൻ കഴിഞ്ഞേക്കില്ല.''
''എന്തായാലും, ഈയൊരു സാഹചര്യത്തിലായാൽതന്നെയും കണ്ടതിൽ സന്തോഷം തോന്നുന്നു. വന്നത് എന്തിനാണാവോ?''
''ക്ഷമാപണത്തിന്.''
''മനസ്സിലായില്ല.''
''തെറ്റു ചെയ്തത് ഭരണകൂടമാണ്. അതിന് കണ്ണില്ല, ഹൃദയമില്ല, വികാരങ്ങളില്ല. ഭരണകൂടം ഒരു വായാടിച്ചെകുത്താനാണ്.''
''ആ ചെകുത്താനുവേണ്ടി പാവം മോഹൻദാസ് കരംചന്ദ് ഗാന്ധി ക്ഷമാപണം നടത്തേണ്ടതുണ്ടോ?''
''നിങ്ങളെ അന്യായമായി അടച്ചിട്ട ഈ തടവറയുടെ പുറത്ത് എന്നെ കാവൽ നിർത്തിയിരിക്കയല്ലേ?''
''അങ്ങ് ഇതിന്റെ കാവൽക്കാരനല്ലെന്ന് എനിക്കറിയാം.''
''പക്ഷേ, എല്ലാവർക്കും അറിയില്ല. ഇതിനുള്ളിൽ മനുഷ്യത്വം തീണ്ടാത്ത കൊടുംകുറ്റവാളികളുണ്ട്. മനുഷ്യരെ പച്ചജീവനോടെ അരിഞ്ഞു തുണ്ടുകളാക്കിയവരും പിഞ്ചുകുഞ്ഞുങ്ങളിൽപോലും കാമാസക്തി തീർത്തവരും സർപ്പങ്ങളെപ്പോലെ വിഷം ചീറ്റുന്നവരും ചോരകണ്ട് അറപ്പു മാറിയവരും തടവറയെ ഭയപ്പെടാത്തവരും. ഇതാണവരുടെ വാഗ്ദത്ത ഭൂമി. ഞാനതിനു മുന്നിൽ സുസ്മേരവദനനായി നിൽക്കുന്നു. എന്തൊരു ഗതികേട്!''
''അങ്ങ് എന്നും ദുഃഖിച്ചിട്ടേയുള്ളൂ.''
''നേര്.''
ഞാൻ തുടർന്നെന്തോ പറയാനോങ്ങുമ്പോഴേക്കും ഇരുൾ കൂടുതൽ കനത്തു. എന്റെയടുത്തുണ്ടായിരുന്ന രൂപം ഇരുളിൽ കലർന്നു. പുറത്തെങ്ങോ ഒരു മൂങ്ങ ഒച്ചയിട്ടു. എന്തൊരു രാത്രിയാണിത്! ഞാൻ കണ്ണുകൾ ഇറുകെ ചിമ്മി. എനിക്ക് ഉറങ്ങണമെന്നുണ്ടായിരുന്നു. മനസ്സും ശരീരവും അത്രക്ക് തളർന്നിരുന്നു. ഉറങ്ങാൻ പറ്റാത്ത വിധത്തിൽ തീക്ഷ്ണമായ വെളിച്ചം മുഖത്തേക്ക് വീഴ്ത്തിയും ജലം ചീറ്റിയും തലകീഴായി തൂക്കിയിട്ടും എന്റെ കുറ്റസമ്മതം നേടിയെടുക്കുന്നതിനായി അധികൃതർ തുനിഞ്ഞപ്പോഴൊക്കെയും ഞാൻ ചെറുത്തുനിന്നിട്ടുണ്ട്. മരണത്തെ പേടിയില്ലെങ്കിൽ മറ്റെന്തിനെയാണ് പേടിക്കുക? മരിക്കാൻ എനിക്ക് പേടിയില്ലായിരുന്നു. എന്നായാലും അത് സംഭവിക്കും. അതിൽ ദുഃഖിക്കാനില്ല. തന്റെ മരണത്തിൽ മോഹൻദാസ് കരംചന്ദ് ഗാന്ധി ദുഃഖിച്ചിരിക്കില്ല. അതൊരു ഫലിതമായി ആസ്വദിച്ചിരിക്കാനാണ് സാധ്യത. ദുഃഖിച്ചിട്ടുള്ളത് മറ്റു പലതിനെച്ചൊല്ലിയുമാണ്. ആ ദുഃഖമാകട്ടെ, മരണത്തിൽ അവസാനിക്കുന്നതല്ല.
പിറ്റേന്ന് ഞാനും രാമാനന്ദനും യാത്രയായി. വെളിയിൽ ആരും കാത്തുനിൽപുണ്ടായിരുന്നില്ല. ഇരുമ്പുകവാടത്തിനപ്പുറം ഗാന്ധിയുടെ പ്രതിമക്കു മുന്നിൽ വെളുത്ത ഖദർ ജുബ്ബയും ഗാന്ധി തൊപ്പിയും ധരിച്ച ഏഴെട്ടുപേർ മുട്ടുകുത്തിനിന്നു.
''എല്ലായിടത്തും ഗാന്ധിനിന്ദ നടക്കുന്നു. അതിൽ ക്ഷമ ചോദിക്കയാണ്.'' ഞങ്ങളോടൊപ്പമുണ്ടായിരുന്ന ജയിൽ ജീവനക്കാരൻ വിശദീകരിച്ചു. നഗരത്തിലെ എല്ലാ ഗാന്ധിപ്രതിമകൾക്കു മുന്നിലും ഇതേ ചടങ്ങ് ആവർത്തിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. തുടക്കം സെൻട്രൽ ജയിലിലെ പ്രതിമക്കു മുന്നിൽനിന്ന്.
''ഞാനിന്നലെ രാത്രി ഗാന്ധിയെ കണ്ടിരുന്നു.'' രാമാനന്ദനോട് ഞാൻ പറഞ്ഞു.
''ഗാന്ധി ജീവിക്കാൻ തുടങ്ങിയത് മരിച്ചതിനു ശേഷമാണ്.'' രാമാനന്ദൻ അങ്ങനെയൊരു വിലയിരുത്തൽകൊണ്ട് എന്നെ അത്ഭുതപ്പെടുത്തി. പിന്നെ ഒരു കൂട്ടിച്ചേർക്കലുണ്ടായി: ''വെറും പാവാര്ന്നു.''
പാതയുടെ ഓരം ചേർന്ന് ഞങ്ങൾ നടന്നു. പാതക്കും ചോലമരങ്ങൾക്കും മീതെയായി വെളുത്ത മേഘങ്ങളും സൂര്യനും. എതിരെനിന്ന് കാറ്റുകൾ വീശിയെത്തി ഞങ്ങളെ കടന്നുപോയി. ഞങ്ങൾ മറ്റാരും സഞ്ചരിക്കാത്ത ഏതോ പാതയിലായിരുന്നു. ഒരുപക്ഷേ, സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിൽ. ഇതിന്റെയറ്റത്ത് സ്വതന്ത്രരായ മനുഷ്യർ മാത്രം പാർക്കുന്ന, ആരുടെ കാലിലും ചങ്ങലയില്ലാത്തതും ഇരുണ്ട നിഴലുകളില്ലാത്തതുമായ ഒരു നാടുണ്ടാവാം.
വരൂ എന്നു പറഞ്ഞ് ഞങ്ങളെ വരവേൽക്കാൻ അവിടെയാരെങ്കിലും നിൽപുണ്ടാവാം.
''മാഷ് ആ മരം കണ്ടോ?'' രാമാനന്ദൻ നേരെ മുന്നിലേക്ക് കൈചൂണ്ടി.
ഞാൻ അങ്ങോട്ട് നോക്കി. അതൊരു റൗഡെഡെൻഡ്രെനായിരുന്നു. കടുംപച്ച കട്ടിയിലകളും വലിയ ബഹുവർണ പുഷ്പങ്ങളും നിറഞ്ഞതുമായ ഒരു ചോരപ്പൂവരശ്. അതിന്റെ ചോട്ടിൽ വിശ്രമിക്കാമെന്ന രാമാനന്ദന്റെ നിർദേശം എനിക്ക് വളരെ സ്വീകാര്യമായി. നടന്ന് ഞാനും തളർന്നിരുന്നു.
ഞങ്ങൾ വൃക്ഷത്തിന്റെ കാരുണ്യത്തിലായി. തണൽപ്പാടിൽ മലർന്നുകിടന്ന് ഞങ്ങൾ മുകളിലേക്ക് നോക്കി. ഞങ്ങൾക്ക് കിട്ടിയത് മനോഹരമായ കാഴ്ചയാണ്. കാഴ്ചയുടെ ചാരുതയിൽ കൺപോളകൾ കനംതൂങ്ങി.
അന്നേരത്ത് രാമാനന്ദൻ പറഞ്ഞു:
''മാഷ് ഉറങ്ങിക്കോളൂ. പക്ഷേ, അത് മഹത്തായ ഒരു സ്വപ്നം കാണാനായിരിക്കണം.''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.